Featured Post

Tuesday, November 4, 2025

മീസാന്‍ കല്ലിലെ അരണ

 




    നെരിപ്പോടായ  ഒരു ദീര്‍ഘ ജന്മത്തിന്‍റെ സങ്കടക്കടല്‍ കടന്നു പോയ മാതൃതുല്യയായ ഒരു ബന്ധുവിന്‍റെ ഖബറടക്കത്തിനു വേണ്ടിയാണ്  ജനിച്ചുവളര്‍ന്ന ഗ്രാമത്തിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിക്കാട്ടിലേക്ക്  കഴിഞ്ഞ ദിവസം പോയത്. പടയോട്ടങ്ങളും വെള്ളപ്പൊക്കവും വറുതിയും വസൂരിയും കടന്നെത്തിയ തലമുറകള്‍ക്ക് കന്മഷമേതുമില്ലാതെ ആതിഥ്യമൊരുക്കിയ ശ്മശാനഭൂമി. പൂര്‍വ്വസൂരികളായ പിതാമാഹന്മാരും  മുത്തശ്ശിമാരും പ്രമാണിമാരും നിസ്വരും ഉച്ചനീചത്വമേതും കൂടാതെ കഴിയുന്ന വിശ്രാന്തി. പുരുഷമേധാവിത്തത്തിന്‍റെ സീല്‍ക്കാരങ്ങളോ  സഹന പര്‍വ്വങ്ങളുടെ പെണ്‍ ഗദ്ഗദങ്ങളോ അകാലത്തില്‍ മൂകമായിപ്പോയ ബാല കുതൂഹലങ്ങളുടെ ചിണുങ്ങലോ പ്രണയ ഭംഗങ്ങളുടെ നെഞ്ചുരുക്കങ്ങളോ ഇവിടെയിപ്പോള്‍ കലമ്പുന്നില്ലഅഥവാ ഉണ്ടെങ്കില്‍ത്തന്നെ,  വ്യാവഹാരിക കര്‍ണ്ണപുടങ്ങളുടെ തുച്ഛമണ്ഡലത്തിലേക്ക് ആ അതീതസങ്കടങ്ങള്‍ സ്വരസാന്നിധ്യങ്ങളാവുന്നില്ല. ഉമ്മ പറഞ്ഞുകേട്ട കഥകളില്‍ കലാപ നാളുകളിലെ വീര പരിവേഷത്തോടെ തിളങ്ങിയ കാരണവന്മാരും കലുഷ കാലങ്ങളെ മറയാക്കി നാടു വിറപ്പിച്ചു നടന്ന തെമ്മാടികളും പള്ളിക്കാടിന്‍റെ ഏറെ പിന്‍ഭാഗങ്ങളില്‍ കാടുമൂടിയ ഇടങ്ങളില്‍ മൃഗയാ വിനോദങ്ങളുടെ പടം മടക്കി വെച്ച് വിശ്രമിക്കുന്നു. ഏറെ പഴയതല്ലാത്ത കാടിന് ചുവടെ ഉമ്മയും തൊട്ടടുത്ത് ബാപ്പയുമുണ്ട്;  ഇത്തിരിക്കൂടി ഉള്ളോട്ടു നീങ്ങി ഏറെ ദൂരെയല്ലാതെ കാര്‍ക്കശ്യക്കാരനായിരുന്ന അമ്മാവനും. ഈ അമ്മാവന്‍ തന്നെയാണ് 'പത്തായപ്പുരയുടെ നിഴലില്‍ വിരുന്നുകാരിയോടു കുസൃതി കാട്ടിയ കുറുമ്പന്‍ പ്രണയത്തെചൂരല്‍ക്കഷായം കൊണ്ട് ചികിത്സിച്ചത്. ('വീട് വിട്ടു പോവുകയാണ്') കാട് നീക്കി ഉമ്മയോടും ബാപ്പയോടും ഒന്ന് അടുത്തുപോയി   മിണ്ടേണ്ടതുണ്ടോ?  വേണ്ടെന്നു വെച്ചു,  ഇടനെഞ്ചിലാണല്ലോ അവരെ അടക്കേണ്ടത്,  അതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നെ സന്ദര്‍ശനത്തിനു എന്ത് പ്രസക്തി?


    ഖബറിടങ്ങള്‍ക്കിടയിലൂടെ കഷ്ടിച്ച് കാലടിവെക്കാന്‍ മാത്രം ഇടമുള്ള ചവിട്ടു വഴിയിലൂടെ പുതിയ ഖബര്‍ സ്ഥാനത്തേക്ക് നീങ്ങുമ്പോള്‍ പഴക്കമില്ലാത്തൊരു മീസാന്‍ കല്ലിനു മുകളിലാണ് വിചിത്രമായ ആ ധ്യാനം കണ്ടത്: പള്ളിക്കാടിന്‍റെ വന്യസമ്പന്നതയില്‍ തടിച്ചു കൊഴുത്ത അവന്‍ പ്രാചീനമായ ശിരസ്സുയര്‍ത്തി എന്തോ ചെവിയോര്‍ത്തെന്നോണം മൂകനായി നിശ്ചലം നില്‍ക്കുന്നു. മീസാന്‍ കല്ലില്‍ അടയാളപ്പെടുത്തിയത് അപ്പോഴാണ്‌ ശ്രദ്ധിച്ചത്. നാലുമാസമേ കഴിഞ്ഞിട്ടുള്ളൂ അടക്കിയിട്ട്. ഒരു അഞ്ചുവയസ്സുകാരിയെന്നു തീയതികള്‍ കാണിച്ചു. ശിശുമരണങ്ങള്‍ അത്ര പതിവല്ലാത്ത ഇക്കാലത്ത് എന്താവാം അവളെ കുരുന്നിലേ കൊണ്ടുപോയത്?  അടക്കത്തിന്‍റെ കര്‍മ്മങ്ങള്‍ നടക്കുന്ന സമയത്തിന്‍റെ നല്ലൊരു പങ്ക് ഞാന്‍ അവനെ നോക്കിക്കൊണ്ടിരുന്നു. അവന്‍ ചെവിടോര്‍ക്കുക തന്നെയാണ്. പറക്കമുറ്റാത്ത സങ്കടങ്ങള്‍ അവള്‍ പറഞ്ഞുതീര്‍ക്കുകയാണോ?  ആര്‍ക്കറിയാം. പിന്നെ,  മൂന്നുപിടി മണ്ണ് എന്ന എന്‍റെ വിഹിതം കഴിഞ്ഞു കുനിഞ്ഞു നിവര്‍ന്നു വീണ്ടും ഞാനാ അപൂര്‍വ്വമായ വെളിപ്പെടുത്തലിന്‍റെ  അരങ്ങിലേക്ക് നോക്കി. ആ നിമിഷങ്ങളിലെപ്പോഴോ ഒരിക്കല്‍,  ഇളം മുറക്കാരിയുടെ സങ്കടങ്ങളൊക്കെയും ഏറ്റുവാങ്ങി ഉരഗ പിതാമഹന്‍ തന്‍റെ തട്ടകത്തിലേക്ക് പിന്‍ വാങ്ങിയിരുന്നു. യാതനകളുടെ   ജീവിതകാണ്ഡം മുഴുവന്‍ കടന്നെത്തിയ പുതിയ അതിഥിയോട് ഏറെ കേള്‍ക്കാനുണ്ടാവുമല്ലോ അവന്.


    ഇന്ന്,  ഏറെ നാളായി അടുത്തതാവട്ടെ,  അടുത്തതാവട്ടെ എന്ന് ഞാന്‍ മാറ്റിവെച്ച ഒരു പുസ്തകം വായിക്കാനെടുത്തപ്പോള്‍  വിചിത്രമായ ഒരാകസ്മികത എന്നെ അത്ഭുതപ്പെടുത്തുന്നു. ഹോസെ എദുവാര്‍ദോ അഗുവാലൂസയുടെ 'ദി ബുക്ക് ഓഫ് കമേലിയന്‍സ്എന്ന നോവലില്‍ കഥ പറയുന്നത് ഒരു ഉരഗമാണ് -  ഫെലിക്സ് വെഞ്ചൂറായുടെ വീട്ടിലെ ചുമരില്‍ കഴിയുന്നതലമുറകളിലേക്ക് പരകായ പ്രവേശം സാധ്യമാകുന്ന,  അംഗോളയുടെ സംഘര്‍ഷ ഭരിതമായ പോസ്റ്റ്‌ കൊളോണിയല്‍ കാലത്തെ ആഖ്യാനത്തിലേക്ക് ആവാഹിക്കുന്ന ഒരു ഉരഗ പിതാമഹന്‍.  സാക്ഷാല്‍ ബോര്‍ഹെസിന്റെ പുനരവതാരം.


    എന്‍റെ ആ പഴയ പള്ളിക്കാടിന്‍റെ സങ്കടങ്ങള്‍ എല്ലാം കേട്ട ആ സാക്ഷിയോട് ഒന്ന് രേഖപ്പെടുത്താന്‍ കഴിയുന്ന ഒരാള്‍ എന്‍റെ ഗ്രാമത്തില്‍ നിന്ന് എന്നെങ്കിലും വരുമായിരിക്കുംഞാനും എന്‍റെ ഔത്സുക്യങ്ങളും അന്ന് അവിടെ,  അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരിടത്ത് പഞ്ചഭൂതങ്ങളില്‍ ലയിച്ചു കാതോര്‍ത്തിരിക്കുമ്പോഴെങ്കിലും….

 

(ഓഗസ്റ്റ്‌ 03, 2013)

 


No comments:

Post a Comment