‘യുദ്ധം, പിന്നെയും യുദ്ധം’: ആവർത്തന കാലഘട്ടത്തിലെ സാക്ഷി
‘യുദ്ധം, പിന്നെയും യുദ്ധം’ എന്ന നോവലില്‍, ലാസ്ലോ ക്രാസ്നഹോർകായ് ‘മൊറാലിറ്റി’ കഥയെ ചരിത്രപരമായ ആവർത്തനത്തിന്റെ ഒരു ആഖ്യാനനമായി പുനർനിർമ്മിക്കുന്നു. പ്രതിരോധത്തിലൂടെയല്ല, മറിച്ച് സാക്ഷ്യം വഹിക്കുകയെന്ന (act of bearing witness) ദുർബലമായ പ്രവൃത്തിയിലൂടെയാണ് വിമോചനം
ഇവിടെ സങ്കല്‍പ്പിക്കപ്പെടുന്നത്. മുഖ്യകഥാപാത്രമായ ഗ്യോർഗി കോറിൻ ഒരു വിമോചകനല്ല
- അയാള്‍ ഒരു പകര്‍പ്പെഴുത്തുകാരനാണ്- അയാളുടെ കയ്യില്‍ വന്നുചേരുന്ന ഒരപൂര്‍വ്വ
കൈയെഴുത്തുപ്രതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാൽ വലയുന്ന ഒരു മനുഷ്യൻ.
ചരിത്രത്തിലെ യുദ്ധ കാലഘട്ടങ്ങളിലൂടെയുള്ള നാല് മനുഷ്യരുടെ അനന്തമായ പലായനങ്ങളെ
വിവരിക്കുന്ന കൃതി, അതിന്റെ വിചിത്രമായ ഉള്ളടക്കത്തിന്റെ സന്ദിഗ്ധത കൊണ്ട് അയാളെ മഥിക്കുന്നു. അത്
സംരക്ഷിക്കാനുള്ള മാര്‍ഗ്ഗം തേടി ഹംഗറിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അയാളുടെ
യാത്ര വീരോചിതമല്ല, മറിച്ച് ഭ്രാന്തമാണ്; ‘വിമോചക’മല്ല, മറിച്ച് ‘ആര്‍ക്കൈവലാ’ണ് (not redemptive but archival). ആ കൈയെഴുത്തുപ്രതി
രക്ഷയിലേക്കുള്ള ഒരു താക്കോലല്ല, മറിച്ച് ആവർത്തനത്തിന്റെ ഒരു
രേഖയാണ്; നിരാശയുടെ ഒരു പുനർലിഖിതം (palimpsest) ആണ്. ഈ പുനർനിർമ്മാണത്തിൽ ധാർമ്മിക അനിവാര്യത, പ്രവർത്തിക്കുക
എന്നതില്‍നിന്ന് ഓർമ്മിക്കുക എന്നതായി മാറുന്നു.
പുരാതന ക്രീറ്റ്, മധ്യകാല വെനീസ്, റോമ സാമ്രാജ്യം, ആധുനിക യൂറോപ്പ് എന്നിവിടങ്ങളിലെ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന നാല്
പുരുഷന്മാരുടെ പലായനം വിവരിക്കുന്ന കൈയെഴുത്തുപ്രതിയുടെ ഘടന ഭ്രാന്തിൽ നിന്നും വിസ്മൃതിയിൽ
നിന്നുമുള്ള കോറിന്റെ സ്വന്തം പാലായനത്തെ പ്രതിഫലിപ്പിക്കുന്നു. ഓരോ അധ്യായവും അതേ
വ്യക്തികളെ പുതിയ ചരിത്ര സന്ദര്‍ഭങ്ങളിലേക്ക് കൊണ്ടുപോകുന്നു. എന്നാല്‍ ഫലം മാറ്റമില്ലാതെ തുടരുന്നു: യുദ്ധം തിരിച്ചെത്തുന്നു, മാസ്റ്റെമാൻ പിന്തുടരുന്നു, സമാധാനം മാറ്റിവയ്ക്കപ്പെടുന്നു. ഈ
ആവർത്തനം ഒരു അതിഭൗതികക്ഷീണത്തിനു (metaphysical exhaustion) വഴിവെക്കുന്നു. ചരിത്രം രേഖീയമല്ലെന്നും, മറിച്ച്
ചാക്രികമാണെന്നും, പുരോഗമനപരമല്ലെന്നും, എന്നാൽ
ആവർത്തനത്തിന് വിധിക്കപ്പെട്ടതാണെന്നും ഉള്ള ഒരു ബോധമാന് ഇവിടെ കാതല്‍.
കൈയെഴുത്തുപ്രതി ഡിജിറ്റൈസ് ചെയ്യാനുള്ള കോറിന്റെ തീരുമാനം പിൻതലമുറയെ
വിശ്വാസത്തിലെടുക്കുന്ന ഒരവസാനത്തെ പന്തയമാണ് - ആരെങ്കിലും എവിടെയെങ്കിലും സ്വീകരിക്കുകയും ഓർമ്മിക്കുകയും ചെയ്തേക്കുമെന്ന
ഒരു വിശ്വാസം. ഒരു വിമർശകൻ സൂചിപ്പിക്കുന്നത് പോലെ, കൈയെഴുത്തുപ്രതി
"രക്ഷപ്പെടലിന്റെ നിരർത്ഥകതയെയും സംഘർഷത്തിന്റെ അനിവാര്യതയെയും
പ്രതിനിധീകരിക്കുന്നു".
കൈയെഴുത്തുപ്രതിയിലെ
യാത്രക്കാരെ വേട്ടയാടുന്ന നിഴൽ രൂപമായ മാസ്റ്റെമാൻ വെറുമൊരു വില്ലനല്ല, മറിച്ച് ഒരു മിത്തിക് എതിരാളിയാണ് - ഭാഗികമായി സാത്താൻ, ഭാഗികമായി പ്രലോഭകൻ, ഭാഗികമായി യുദ്ധത്തിന്റെ മൂർത്തീഭാവം. ആ പേര് ദൈവവിരുദ്ധകലാപത്തിന്റെയും
വിഘടനത്തിന്റെയും പ്രതിനിധാനങ്ങളായ ആയ മെഫിസ്റ്റോഫെലിസിനെയും മാസ്റ്റെമയെയും
പ്രതിധ്വനിപ്പിക്കുന്നു. ‘ദി മാസ്റ്റർ ആൻഡ് മാർഗരിറ്റ’യിലെ ബുൾഗാക്കോവിന്റെ വോലണ്ടിനെ പോലെ, മാസ്റ്റെമാനും നൈതികനിശ്ചിതത്വങ്ങളെ
അസ്ഥിരപ്പെടുത്തുന്നു. നേരിട്ട് എന്തിനെയെങ്കിലും നശിപ്പിക്കാനല്ല, വഞ്ചിക്കാനും വശീകരിക്കാനും അസ്വസ്ഥമാക്കാനുമാണ്
അയാളുടെ അവതാരം. സ്വേച്ഛാധിപത്യ നിയന്ത്രണം പിടിമുറുക്കിയ ഒരു സമൂഹത്തിൽ കാപട്യം
തുറന്നുകാട്ടുകയും മറഞ്ഞിരിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരു
പൈശാചിക സാന്നിധ്യമാണ് വോലണ്ടും. രണ്ട് കഥാപാത്രങ്ങളും നാശങ്ങളുടെ മനഃശാസ്ത്രപരമായ
കാരണക്കാര്‍ എന്നതിലേറെ അതിഭൗതിക (metaphysical) ശക്തികളായി വർത്തിക്കുകയും, ഒരു അഭയസ്ഥാനവും ഒരിക്കലും
യഥാർത്ഥത്തിൽ സുരക്ഷിതമല്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ന്യൂയോർക്കിലേക്കുള്ള
കോറിന്റെ തീർത്ഥാടനം ഒരു സങ്കേതം തേടലല്ല, മറിച്ച് സുസ്ഥിരത തേടലാണ്. ലോകത്തിന്റെ
കേന്ദ്രമായ മഹാനഗരത്തില്‍ ഡിജിറ്റൽ സംവിധാനങ്ങള്‍ക്ക് തന്റെ മരണത്തിനപ്പുറവും
കൈയെഴുത്തുപ്രതി സംരക്ഷിക്കാൻ കഴിയുമെന്ന് അയാള്‍ വിശ്വസിക്കുന്നു. ന്യൂയോർക്ക്
ഒരു മതേതര ജറുസലേമായി മാറുന്നു –ഭാവനയില്‍ കാണുന്ന തുടർച്ചയുടെ കേന്ദ്രം.
എന്നാല്‍ നഗരം നിസ്സംഗതയും, കുഴപ്പവും, കെണികളും വഞ്ചനകളും നിറഞ്ഞതാണ്. അപ്‌ലോഡ് ചെയ്യുക എന്ന പ്രവൃത്തി ഒരു സെക്കുലര്‍
പ്രാർത്ഥനയായി മാറുന്നു, പൊരുള്‍ സ്വീകരിക്കാനുള്ള ഭാവിയുടെ
കഴിവിലുള്ള വിശ്വാസമര്‍പ്പിക്കുന്ന ഒരു പ്രവര്‍ത്തി. എന്നാൽ നോവൽ ചോദിക്കുന്നു:
എന്ത് ഭാവി?
ഏത് വായനക്കാരൻ? ഏത് ഓർമ്മ? കൈയെഴുത്തുപ്രതിയുടെ സംരക്ഷണം ഒരു വിജയമല്ല - അത് നിരര്‍ത്ഥകതക്കെതിരായ, വിസ്മൃതിക്കെതിരായ
ഒരു ദുർബലമായ പ്രതീക്ഷയാണ്.
മോക്ഷത്തെക്കാൾ
സാക്ഷ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, "വാർ ആൻഡ് വാർ" എന്ന പുസ്തകം ‘സാക്ഷി
സാഹിത്യ’ത്തിന്റെ (Witness Literature) ഒരു പരമ്പരയോടു ചേരുന്നു - എലി
വീസൽ, പ്രിമോ ലെവി, ഹാൻ കാങ് തുടങ്ങിയവരിലൂടെ - ഇവിടെ ധാർമ്മികദൌത്യം
പ്രതിരോധമല്ല, ഓർമ്മയാണ്. ലെവിയുടെ "ഇഫ് ദിസ് ഈസ് എ മാൻ"
എന്ന നോവല്‍ അപമാനവീകരണത്തിനിടയിൽ മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാനുള്ള
ഓർമ്മയുടെയും ഭാഷയുടെയും ശക്തിയും പ്രാധാന്യവും ഊന്നിപ്പറയുന്നു. “സഞ്ചിത
സ്മൃതിയുടെ ഭാഗമാകേണ്ട ഒരു ഭൂതകാലത്തെ വരുംതലമുറയ്ക്ക് അപ്രാപ്യമാക്കാന്‍ ആര്‍ക്കും
അധികാരമില്ല” എന്ന ഏലീ വീസലിന്റെ നിരീക്ഷണം (‘Night’) സാക്ഷ്യസാഹിത്യത്തിന്റെ നൈതിക അടിസ്ഥാനമാണ്. ഗ്വാങ്ജു
പ്രക്ഷോഭത്തെ കേന്ദ്രീകരിക്കുന്ന ഹാൻ കാങ്ങിന്റെ "ഹ്യൂമൻ ആക്റ്റ്സ്", ഭിന്നവീക്ഷണകോണുകളിലൂടെ ട്രോമയെ നിരീക്ഷിക്കുന്നു, പൂർണ്ണമായ മനസ്സിലാക്കലിന്റെ അസാധ്യതയും നിശബ്ദരെ
പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നു. ലെവിയെയും കാങ്ങിനെയും
പോലെ, ക്രാസ്നഹോർക്കായിയുടെ കോറിൻ, മായ്ച്ചുകളഞ്ഞതിനെ പുനരുജ്ജീവിപ്പിക്കാനുള്ള
പ്രതീക്ഷയോടെ നിശബ്ദതയിലേക്ക് എഴുതുന്നു. കൈയെഴുത്തുപ്രതി ഒരു പരിഹാരമല്ല, മറിച്ച് ഒരു അടയാളമാണ്, പൂര്‍ണ്ണമായി മനസ്സിലാക്കാൻ
കഴിയാത്തപ്പോൾപോലും സംരക്ഷിക്കപ്പെടേണ്ട ഓര്‍മ്മകളുടെ ഒരു രേഖയാണ്.
സ്വീകരണത്തിന്റെ
ധാർമ്മികത: സാക്ഷിയായി വായിക്കൽ
വായന തന്നെ ഒരു നൈതികവൃത്തിയായി
മാറുന്നതാണ് നോവലിന്റെ ഫലശ്രുതി. കോറിന്റെ കൈയെഴുത്തുപ്രതി സ്വീകരിക്കുക എന്നാല്‍
ഓർമ്മയുടെ ഭാരം സ്വീകരിക്കുകയും, പരിഹരിക്കാനാവാത്ത ദുരന്തങ്ങൾക്ക്
ഇടം നൽകുകയും ചെയ്യുക എന്നതാണ്. ഡാറ്റയും നേരമ്പോക്കുകളും നിറഞ്ഞ ഒരു ലോകത്ത്, ഡിജിറ്റൽ സ്ഥിരത മാത്രം മതിയാവില്ലെന്ന് നോവൽ നമ്മെ ഓർമ്മിപ്പിക്കുന്നു -
പ്രധാനം ശ്രദ്ധാപൂർവ്വമായ സ്വീകരണമാണ്. വായനക്കാരൻ ഒരു നിഷ്ക്രിയ ഉപഭോക്താവല്ല, മറിച്ച് അർത്ഥത്തിന്റെ ദുർബലമായ തുടര്‍പ്രക്ഷേപണം ഏൽപ്പിക്കപ്പെട്ട ഒരു
സഹസാക്ഷിയാണ്. ഈ ധാർമ്മികത സാഹിത്യത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു: ചരിത്രം, സാക്ഷ്യം, ഡിജിറ്റൽ ആർക്കൈവുകൾ എന്നിവയുമായുള്ള നമ്മുടെ
ഇടപെടലിൽ, ആഖ്യാനപൂര്‍ത്തിക്കല്ല, തുടർച്ച തേടിയാണ് നാം ക്ഷണിക്കപ്പെടുന്നത്.
‘യുദ്ധം, പിന്നെയും യുദ്ധം’ വായിക്കുക
എന്നാല്‍ കരുതലിന്റെ ഒരു ഉടമ്പടിയിൽ പ്രവേശിക്കുക എന്നതാണ്, അവിടെ ഓർമ്മിക്കൽ എന്ന പ്രവർത്തനം മായ്ക്കപ്പെടലിനെതിരായ പ്രതിരോധമാണ്.
No comments:
Post a Comment