Featured Post

Sunday, November 2, 2025

László Krasznahorkai

ക്രാസ്നഹോര്‍കായിയുടെ കപട മിശീഹമാര്‍: ഗതിമുട്ടിയ ‘അതിമാനവന്‍’



(Satantango (19850, The Melancholy of Resistance (1989), War and War (1999), Baron Wenckheim’s Homecoming (2016) എന്നിവ അടങ്ങുന്ന നോവല്‍ ചത്വരത്തിലൂടെയും The Turin Horse (2011) എന്ന ബെലാ ടാര്‍ ചിത്രത്തിലൂടെയും ക്രാസ്നഹോര്‍കായിയുടെ ലോകത്തെ സമീപിക്കുമ്പോള്‍.)

“ഞാന്‍ ഒരായിരം തവണ പറഞ്ഞിട്ടുണ്ട് ഒരൊറ്റ പുസ്തകം എഴുതാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചതെന്ന്. ആദ്യത്തേതില്‍ ഞാന്‍ സംതൃപ്തനായിരുന്നില്ല, അതുകൊണ്ടാണ് ഞാന്‍ രണ്ടാമത്തേത് എഴുതിയത്. രണ്ടാമത്തെതുകൊണ്ട് സംതൃപ്തനകാത്തത് കൊണ്ട് മൂന്നാമത്തേതും. അങ്ങനെ പോയി. ഇപ്പോള്‍ ബാരന്‍ എഴുതിയതോടെ എനിക്കീ കഥ അവസാനിപ്പിക്കാം. ഈ നോവലോടെ ഞാനെന്റെ ജീവിതത്തില്‍ ഒരൊറ്റ പുസ്തകമാണ് എഴുതിയതെന്ന് എനിക്ക് തെളിയിക്കാം. ഇതാണ് ആ പുസ്തകം – സെയ്റ്റന്‍ടാംഗോ, മെലങ്കളി, വാര്‍ ആന്‍ഡ് വാര്‍, പിന്നെ ബാരനും. ഇതാണെന്റെ ഒറ്റ പുസ്തകം.”

-           ലാസ്ലോ ക്രാസ്നഹോര്‍കായി : ആഡം തേല്‍വെല്‍ പാരീസ് റിവ്യുവിനു വേണ്ടി നടത്തിയ അഭിമുഖം

“സര്‍വ്വനാശസാധ്യതയുടെ ഭീകരതയ്ക്കിടയിലും കലയുടെ ശക്തി ഉറപ്പിക്കുന്ന തീക്ഷ്ണവും ദർശനാത്മകവുമായ രചനാ സഞ്ചയത്തിന്” എന്ന വിവരണത്തോടെ 2025 സാഹിത്യ നോബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കായിക്ക് സമ്മാനിക്കുമ്പോള്‍ നോബല്‍ കമ്മിറ്റി ആദരിച്ചത് ലോക സാഹിത്യത്തില്‍ അണ മുറിയാത്ത ഒരു സവിശേഷ ദര്‍ശനധാരയെ കൂടിയാണ്: ഒട്ടും പ്രസന്നമല്ലാത്ത ഒന്ന്, സര്‍വ്വവ്യാപിയായ ഇരുട്ടിനെയും നൈതിക നൈരാശ്യത്തെയും അടയാളപ്പെടുത്തുന്ന, നല്ലതെല്ലാം വ്യര്‍ത്ഥമാക്കുന്ന ദൈവശൂന്യവും നിരാശ്രയവും നിരാദ്രവുമായ ഒരു ലോകത്തെ ആവിഷ്കരിക്കുന്ന, അതിനായി ഭാഷയുടെ സാധ്യതകളെ ഭ്രാന്തമായി അപരിമേയമാക്കുന്ന ഒന്ന്. ചുഴികള്‍ക്കുള്ളില്‍ ചുഴികളായി വര്‍ത്തിക്കുന്ന ഋണാത്മകതയുടെ ആറാട്ടുപോലെ, വ്യാകരണത്തിലും വ്യാപ്തിയിലും പിടിതരാതെ മുന്നോട്ടായുന്ന അതിദൈര്‍ഘ്യമുള്ള വാക്യഘടനകള്‍ ഒരിക്കല്‍ അകപ്പെട്ടാല്‍ പുറത്തുകടക്കാനാകാത്ത ശൈലീപരമായ ചതുപ്പുകള്‍ തീര്‍ക്കുന്നു.

1954-ൽ കിഴക്കന്‍ ഹംഗറിയിലെ ഗ്യുലയിൽ മധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച നിയമവും ഹംഗേറിയന്‍ സാംസ്‌കാരിക പഠനവുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് 1983-ലാണ്. അദ്ദേഹത്തിന്‍റെ പിതാവ് തന്റെ ജൂത പൈതൃകം മകന് പതിനൊന്നു വയസ്സാകുന്നതുവരെ അവനില്‍ നിന്നും മറച്ചുവെച്ചു. ആദ്യ കൃതിയായി കണക്കാക്കപ്പെടുന്നത് 1977ല്‍ പ്രസിദ്ധീകരിക്കപ്പെട്ട "Tebenned hittem" ("I Believed in You") എന്ന ചെറുകഥയാണ്. ആദ്യനോവലായ ‘സെയ്റ്റന്‍ടാംഗോ’ 1985ല്‍ പുറത്തിറങ്ങിയതോടെ ഉത്തരാധുനിക സാഹിത്യ ലോകത്തെ ഒരു അതികായനായി അയാള്‍ ഉയര്‍ന്നുവന്നു. കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് ബ്ലോക്കിന്റെ പതനത്തിലേക്ക് നയിച്ച അപചയങ്ങളുടെ പശ്ചാത്തലത്തില്‍ (ബെര്‍ലിന്‍ മതില്‍ തകര്‍ച്ച - November 9, 1989; സോവിയറ്റ് യൂണിയന്‍ പിരിച്ചുവിടല്‍ 12/1999; പോളണ്ട്, ഈസ്റ്റ് ജര്‍മ്മനി, ചെക്കൊസ്ലോവാക്യ എന്നിവയെപ്പോലെ ഹംഗറിയിലും1989 കമ്യൂണിസ്റ്റ് ഭരണം അവസാനിക്കുന്നു) രചിക്കപ്പെട്ട പ്രസ്തുത നോവലിനൊപ്പം ഒരു പ്രമേയപരമായ നോവല്‍ ചത്വരം പൂര്‍ത്തിയാക്കുന്ന The Melancholy of Resistance (1989), War and War (1999) and Baron Wenckheim’s Homecoming (2016) എന്നിവ കൂടാതെ The Prisoner of Urga (1992), Destruction and Sorrow Beneath the Heavens (2004), Seiobo There Below (2008), Herscht 07769 (2021), Zsömle odavan (2024) എന്നിങ്ങനെ ഒമ്പത് നോവലുകള്‍, കുറെയേറെ ചെറുകഥാ സമാഹാരങ്ങള്‍, തിരക്കഥകള്‍, തുടങ്ങിയവ ചേര്‍ന്നതാണ് അദ്ദേഹത്തിന്‍റെ രചനാലോകം. വിഖ്യാത സംവിധായകന്‍ ബെലാ ടാറുമായി ചേര്‍ന്ന് എഴുതിയ തിരക്കഥകളില്‍ സവിശേഷ സ്ഥാനമുണ്ട് ഏഴു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘സെയ്റ്റന്‍ടാംഗോ’യുടെ ചലച്ചിത്ര ആവിഷ്കാരത്തിന്. ആ കൂട്ടുകെട്ടില്‍ പിറന്ന ഇതര ചിത്രങ്ങള്‍  Damnation (1988), Werckmeister Harmonies (2000), The Turin Horse (2011) എന്നിവയാണ്.

നീണ്ട, വിരാമമില്ലാത്ത വാക്യങ്ങൾ, പ്രാപഞ്ചിക വൈരുധ്യത്തിനും അതിഭൌതിക ഭയത്തിനും (cosmic irony and metaphysical dread) ഇടയിൽ പെന്‍ഡുലംപോലെ ചലിക്കുന്ന ആഖ്യാന സ്വരം, തകർച്ചയുടെ വക്കിൽ ആടിയുലയുന്ന കഥാപാത്രങ്ങൾ എന്നിങ്ങനെ തട്ടിപ്പുകാരും നിരാശരുമായ മനുഷ്യര്‍ നിറഞ്ഞ കുതിർന്ന ഒരു ഗ്രാമത്തിന്റെ ഇരുണ്ടതും ചെളിയില്‍ പുതഞ്ഞ കഥയായ ‘സെയ്റ്റന്‍ടാംഗോ’ അദ്ദേഹത്തിന്റെ വ്യക്തിമുദ്രയായ ശൈലി അവതരിപ്പിച്ചു. വിരാമചിഹ്നം ദൈവത്തിനു ചേര്‍ന്നതാണെന്നു കരുതിയ ക്രാസ്നഹോർകായിയുടെ അനന്തമായ വലയങ്ങളില്‍ കറങ്ങിത്തിരിയുന്ന കാലവും മനുഷ്യരുമെന്ന ദര്‍ശനം, വിധികല്‍പ്പനാ സ്വരത്തിന് പകരം സാക്ഷ്യത്തിന്റെ നൈതികതയിലാണ് (ethical witnessing) നിലയുറപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തുടർന്നുള്ള നോവലുകൾ - ഈ ദർശനത്തെ വികസിപ്പിക്കുന്നു. അവിടെയെല്ലാരും അനന്തത, ഭ്രാന്ത്, അസ്തിത്വത്തിന്റെ അസംബന്ധം എന്നിവയില്‍ കുരുങ്ങിപ്പോയവരാണ്. ഭ്രാന്തമായ മോണോലോഗുകളിലൂടെ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍  ദാർശനിക ഭ്രമത്തിലേക്ക് നീങ്ങുന്നു. വിമർശകർ അദ്ദേഹത്തെ ബെക്കറ്റ്, കാഫ്ക, ഗോഗോൾ എന്നിവരുമായി ഉപമിച്ചപ്പോൾ സൂസൻ സോണ്ടാഗ് അദ്ദേഹത്തെ "അപ്പോക്കലിപ്സിന്റെ (സര്‍വ്വനാശസാധ്യതയുടെ) ഹംഗേറിയൻ മാസ്റ്റർ" എന്ന് വിശേഷിപ്പിച്ചു. സാക്ഷ്യത്തിന്റെ നൈതികതയില്‍ത്തന്നെ ചുവടുറപ്പിച്ച ഇംറേ കര്‍ട്ടിസിന് ശേഷം ഹംഗറിയിലേക്ക് വീണ്ടും നോബല്‍ പുരസ്കാരം എത്തുന്നതും ഇതാദ്യമാണ്. ആ നിലക്ക് സാഹിത്യം നുണ പറയുകയോ ഇല്ലാത്ത ആശ്വാസ വീരസ്യം പ്രകടിപ്പിക്കുകയോ ചെയ്യേണ്ടതില്ല എന്ന ഉത്തരാധുനികാനന്തര (post-postmodern) ബോധ്യത്തിനുള്ള അംഗീകാരം കൂടിയാണോ അക്കാദമി വെളിപ്പെടുത്തുന്നത് എന്നും ചിന്തിക്കാനാകും.

സെയ്റ്റന്‍ടാംഗോ: മിഥ്യാദര്‍ശനങ്ങളുടെ ടാംഗോ നൃത്തം

ക്രാസ്നഹോർകായിയുടെ വിശാലമായ പ്രപഞ്ചത്തിലേക്ക്, വിശേഷിച്ച്, ഒരേ ദാർശനിക കാതലില്‍ നിന്ന് പുറത്തേക്ക് സർപ്പിളമായി പോകുന്ന ആദ്യനോവല്‍ ചത്വരത്തിലേക്ക് ഒരു സ്പ്രിംഗ്‌ബോർഡായി ‘സെയ്റ്റന്‍ടാംഗോ’ വര്‍ത്തിക്കുന്നു. ധാര്‍മ്മിക ക്രമരാഹിത്യത്തിലേക്കുള്ള (moral entropy) മഴയില്‍ കുതിര്‍ന്നൊരു അവരോഹണം എന്ന് ‘സെയ്റ്റന്‍ടാംഗോ’യെ  വിശേഷിപ്പിക്കാം. കമ്യൂണിസ്റ്റ് ഉടോപിയയുടെ ഭാഗമായിരുന്ന കൂട്ടുകൃഷിക്കളത്തിന്റെ തകർച്ചയ്ക്ക് ശേഷം, കാലം വര്‍ത്തുളമാകുകയും തുടങ്ങിയേടത്തുതന്നെ വീണ്ടും വീണ്ടും എത്തുകയും ചെയ്യുന്ന, ഭാഷ വഞ്ചനാത്മകവും, പ്രത്യാശ കിംവദന്തിയും ആയി മാറുന്ന ഒരു ഇടമാണ് നോവലിന്റെ ഭൂമിക. ഒരു ടാംഗോ നൃത്തത്തിലെന്നോണം, ആറ് ചുവടുകൾ മുന്നോട്ട്, ആറ് ചുവടുകൾ പിന്നോട്ട് എന്ന മോഹനിദ്രാ താളത്തിൽ കുരുങ്ങിയ ഗ്രാമീണർ, വീണ്ടെടുപ്പിലേക്കല്ല, മറിച്ച് മിഥ്യയിലേക്കു നീങ്ങുന്നു. നോവലിന്റെ തലക്കെട്ട്‌ സൂചിപ്പിക്കുന്ന ടാംഗോ ഘടന കേവലം ബാഹ്യഘടനയല്ല - അതൊരു ദാര്‍ശനിക അവസ്ഥയാണ്: ആവർത്തനത്തിന്റെയും വൈരുധ്യത്തിന്റെയും നാശത്തിന്റെയും നൃത്തം- നര്‍ത്തകന്റെ (സാത്താന്‍) ഐഡന്റിറ്റി തന്നെ നിര്‍വ്വചിക്കുന്നപോലെ. തലക്കെട്ടിലെ ‘സാത്താന്‍ ആകട്ടെ, കൃതൃമത്വം, അലങ്കോലം, വഞ്ചന, എന്നതിന്റെയെല്ലാം സര്‍വ്വനശീകരണോന്മുകമായ അരൂപപ്രതീകമാണ്‌ (disembodied, apocalyptic spirit of manipulation, chaos and deception). മായികമായ ആവർത്തനത്തിന്റെ, മുന്നോട്ടു പോകുന്നതിനുപകരം വര്‍ത്തുളമായി ചലിക്കുന്നതിന്റെ താളം ഗ്രാമീണരുടെ ജീവിതത്തിന്റെ ഒരു രൂപകമായി മാറുന്നു: അവർ നീങ്ങുന്നു, അവർ പ്രതീക്ഷിക്കുന്നു, അവർ നിരാശരാണ് - പക്ഷേ അവർ പരിണമിക്കുന്നില്ല. അരങ്ങേറുന്ന നൃത്തമാകട്ടെ, പ്രണയപരവുമല്ല - അത് ഏതാണ്ട് ശവസംസ്കാരസന്ദര്‍ഭത്തെപ്പോലെ അനുഷ്ഠാനസമാനമാണ്.

read article on Satantango here:

https://alittlesomethings.blogspot.com/2025/11/satantango-1985-by-laszlo-krasznahorkai.html

‘പ്രതിരോധത്തിന്റെ വിഷാദം’: അപ്പോക്കലിപ്റ്റിക് ആലിഗറിയിലെ പ്രതിരോധത്തിന്റെ പ്രതിധ്വനികൾ

‘പ്രതിരോധത്തിന്റെ വിഷാദം’ എന്ന കൃതിയിൽ, ലാസ്ലോ ക്രാസ്നഹോർക്കൈ ഭയത്തിന്റെ സാവധാനത്തിലുള്ള കടന്നുകയറ്റത്തിലൂടെ സമ്പൂര്‍ണ്ണ പതനത്തിന്റെ വക്കിലെത്തിയ ഒരു ലോകത്തെ ആവാഹിക്കുന്നു. ശൈത്യത്തില്‍ മുങ്ങിയ ഒറ്റപ്പെട്ട ചെറിയ പട്ടണം ഈസ്റ്റേൺ ബ്ലോക്ക് അശാന്തിയുടെ ഒരു മൈക്രോകോസം ആയിമാറുന്നു, അതിനു ബാധിച്ചിരിക്കുന്ന തളര്‍ച്ച സര്‍വ്വാധിപത്യ ഭരണകൂടങ്ങളുടെ ശിഥിലീകരണത്തെ പ്രതിഫലിപ്പിക്കുന്നു. നിഗൂഢതയിലും മൂടൽമഞ്ഞിലും അമര്‍ന്നതും, അദൃശ്യനും വികൃതനുമായ "രാജകുമാരനെ" വഹിക്കുന്നതുമായ ‘സർക്കസി’ന്റെ വരവ്, ദിശാബോധമില്ലാത്ത അനിവാര്യതയായി ഒരു അക്രമ തരംഗത്തെ അഴിച്ചുവിടുന്നു. ഒരിക്കലും വെളിപ്പെടുന്നില്ലാത്ത ‘രാജകുമാരൻ’ അങ്കലാപ്പുണ്ടാക്കുന്ന നിഗൂഡതയുടെ ഒരദൃശ്യസാന്നിധ്യമായി വർത്തിക്കുന്നു: കാലം ചെല്ലവേ ശൂന്യമാക്കപ്പെടുന്ന ഒരു സര്‍വ്വാധിപത്യ ചിഹ്നം പോലെ, കര്‍തൃത്വമില്ലാതെ, നേരിട്ട് ഇടപെടാതെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന, മിത്തിക് ജിജ്ഞാസ ഉണര്‍ത്തുന്ന ഒരു സ്വരൂപം. സർക്കസ് മാസ്റ്റർ തന്നെ ഒരു ഘട്ടത്തില്‍ രാജകുമാരനെ തള്ളിപ്പറയുന്നത് ‘സെയ്റ്റന്‍ടാംഗോ’യിലെ ഇറിമിയാസും പെട്രീനയും തമ്മിലുള്ള ഭിന്നിപ്പിനെ ഓര്‍മ്മിപ്പിക്കുന്നു, ഭിന്നിപ്പുകളുടെ ശിൽപ്പികൾക്ക് പോലും അവർ അഴിച്ചുവിടുന്ന ശക്തികളെ നിയന്ത്രിക്കാൻ കഴിയില്ലെന്നതിന്റെ സൂചനയാണ് ഇത്.  

ക്രാസ്നഹോർക്കിയുടെ പ്രപഞ്ചത്തിൽ, പ്രതിരോധം വീരോചിതമല്ല - അത് വിഷാദാത്മകമാണ്. വിഡ്ഢിയുടെ നോട്ടത്തിലും, ഉപേക്ഷിക്കപ്പെട്ട സംഗീതത്തിലും, തിമിംഗലത്തിന്റെ മന്ദഗതിയിലുള്ള ജീർണ്ണതയിലും അത് മിന്നിമറയുന്നു. വിചിത്രമായത് (the grotesque) ഭയപ്പെടേണ്ടതോ സഹതാപം തോന്നേണ്ടതോ ആയ ഒരു കാഴ്ചയല്ല - അത് അതിന്റെ മെറ്റാഫിസിക്കൽ സന്ധിബന്ധങ്ങള്‍ നഷ്ടപ്പെട്ട ഒരു ലോകത്തിന്റെ ലക്ഷണമാണ്. ഒരു അഭയകേന്ദ്രത്തിൽ കൂട്ടിലടച്ചിരിക്കുന്ന വലുസ്കയുടെ അന്തിമചിത്രം ദുരന്തപരം മാത്രമല്ല, ചരിത്രത്തിന്റെ ഭാരം പേറുന്ന ഒന്നാണ്.

read article on The Melancholy of Resistance here:

https://alittlesomethings.blogspot.com/2025/11/the-melancholy-of-resistance-1989-by.html

 

‘യുദ്ധം, പിന്നെയും യുദ്ധം’: ആവർത്തന കാലഘട്ടത്തിലെ സാക്ഷി

‘യുദ്ധം, പിന്നെയും യുദ്ധം എന്ന നോവലില്‍, ലാസ്ലോ ക്രാസ്നഹോർകായ് ‘മൊറാലിറ്റി കഥയെ ചരിത്രപരമായ ആവർത്തനത്തിന്റെ ഒരു ആഖ്യാനനമായി പുനർനിർമ്മിക്കുന്നു. പ്രതിരോധത്തിലൂടെയല്ല, മറിച്ച് സാക്ഷ്യം വഹിക്കുകയെന്ന (act of bearing witness) ദുർബലമായ പ്രവൃത്തിയിലൂടെയാണ് വിമോചനം ഇവിടെ സങ്കല്‍പ്പിക്കപ്പെടുന്നത്. മുഖ്യകഥാപാത്രമായ ഗ്യോർഗി കോറിൻ ഒരു വിമോചകനല്ല - അയാള്‍ ഒരു പകര്‍പ്പെഴുത്തുകാരനാണ്- അയാളുടെ കയ്യില്‍ വന്നുചേരുന്ന ഒരപൂര്‍വ്വ കൈയെഴുത്തുപ്രതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാൽ വലയുന്ന ഒരു മനുഷ്യൻ. ചരിത്രത്തിലെ യുദ്ധ കാലഘട്ടങ്ങളിലൂടെയുള്ള നാല് മനുഷ്യരുടെ അനന്തമായ പലായനങ്ങളെ വിവരിക്കുന്ന ആ കൃതി, അതിന്റെ വിചിത്രമായ ഉള്ളടക്കത്തിന്റെ സന്ദിഗ്ധത കൊണ്ട് അയാളെ മഥിക്കുന്നു. അത് സംരക്ഷിക്കാനുള്ള മാര്‍ഗ്ഗം തേടി ഹംഗറിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അയാളുടെ യാത്ര വീരോചിതമല്ല, മറിച്ച് ഭ്രാന്തമാണ്; ‘വിമോചക’മല്ല, മറിച്ച് ‘ആര്‍ക്കൈവലാ’ണ് (not redemptive but archival). ആ കൈയെഴുത്തുപ്രതി രക്ഷയിലേക്കുള്ള ഒരു താക്കോലല്ല, മറിച്ച് ആവർത്തനത്തിന്റെ ഒരു രേഖയാണ്; നിരാശയുടെ ഒരു പുനർലിഖിതം (palimpsest) ആണ്. ഈ പുനർനിർമ്മാണത്തിൽ, ധാർമ്മിക അനിവാര്യത പ്രവർത്തിക്കുക എന്നതില്‍നിന്ന്‌ ഓർമ്മിക്കുക എന്നതായി മാറുന്നു.

‘മൊറാലിറ്റി’ കഥയെ ചരിത്രപരമായ ആവർത്തനത്തിന്റെ ഒരു കഥയായി പുനർനിർമ്മിക്കുന്നതിൽ, നോവല്‍ വായനക്കാരന്റെ പങ്ക് പുനര്‍വിന്യസിക്കുന്നു. നാം വിധികർത്താക്കളോ, വ്യാഖ്യാതാക്കളോ, രക്ഷകരോ അല്ല. കോറിന്റെ സാക്ഷ്യം സ്വീകരിക്കുക എന്ന ദുർബലമായ ദൗത്യം ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഹസാക്ഷികളാണ് നാം. നോവൽ നമ്മോട് ആവശ്യപ്പെടുന്നത് അതിന്റെ നിഗൂഢതകൾ പരിഹരിക്കാനല്ല, മറിച്ച് അവയെ പിടിച്ചുനിർത്താനും, ഓർമ്മിക്കാനും, അവ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ്. ഇവിടെ നോവലിസ്റ്റ് ശാന്തവും ഒപ്പം അതിതീക്ഷ്ണവുമായ ഒരു ധാർമ്മികതദൗത്യമാണ്‌ മുന്നോട്ടുവെക്കുന്നത്: യുദ്ധം തിരിച്ചുവരുന്ന, മാസ്റ്റെമാൻ പിന്തുടരുന്ന, വിമോചനം പരാജയപ്പെടുന്ന ഒരു ലോകത്ത്, സാക്ഷ്യം വഹിക്കുകയെന്ന പ്രവൃത്തി പവിത്രമാണ്.

read article on War & War here:

https://alittlesomethings.blogspot.com/2025/11/war-war-1999-by-laszlo-krasznahorkai.html

 

‘ബാരൺ വെൻക്ഹൈമിന്റെ തിരിച്ചുവരവ്‌’: മഴത്തുള്ളികൾ മുകളിലേക്ക്: ആഖ്യാനത്തിന്റെ അവസാനത്തിൽ

അധികാരം എന്നത് ഇപ്പോഴും കൂട്ടായി പ്രവര്‍ത്തിക്കുന്ന ആളുകളില്‍ നിന്നാണ് വരികയെന്നും ഇതിനു വിപരീതമായി എല്ലാവരെയും പരസ്പരം തമ്മിലടിപ്പിക്കുന്നതിലൂടെ കൂട്ടായ പ്രവര്‍ത്തനം അസാധ്യമാകുന്നിടത്താണ് ഏകാധിപത്യം വരികയെന്നും, പ്രവര്‍ത്തനത്തിനുള്ള കഴിവേ ഇല്ലാതാകുന്നതാണ് അതിന്റെ അടയാളമെന്നും ഹന്നാ ആറന്റ്റ് നിരീക്ഷിക്കുന്നു. ഹംഗറിയുടെ കാര്യത്തില്‍ ഈ രണ്ടാമതു പറഞ്ഞതാണ് നിലവിലെ പ്രധാനമന്ത്രി വിക്റ്റര്‍ ഓര്‍ബാന്റെ വരവോടെ സംഭവിച്ചത്. സര്‍ക്കാര്‍ വിരുദ്ധ എന്‍.ജി.ഓ-കള്‍, സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റി, തുടങ്ങിയവയെ പുറത്താക്കിയും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന നിയമ നിര്‍മ്മാണങ്ങളിലൂടെയും ഫണ്ടുകള്‍ സര്‍ക്കാര്‍ അനുകൂലികളായ ബ്യൂറോക്രാറ്റുകള്‍ക്ക് യഥേഷ്ടം കയ്യിട്ടുവാരാന്‍ പാകത്തില്‍ വിതരണം ചെയ്തും എല്ലാവരെയും പിന്‍വാതില്‍ കോമാളികള്‍ ആക്കിത്തീര്‍ക്കുന്ന അവസ്ഥ. കൂട്ടായ ചെറുത്തുനില്‍പ്പിനു പകരം ഏവരും സര്‍ക്കാരിന്റെ കോടാലിക്കൈ തങ്ങളില്‍ പതിക്കാതെ നോക്കുന്നതില്‍ മാത്രം ബദ്ധശ്രദ്ധരായ ഈ പരിതോവസ്ഥ ആണ് Baron Wenckheim’s Homecoming എന്ന വലിയ നോവലിന്റെ ഭൂമിക. പേരു പറയുന്നില്ലെങ്കിലും നോവലിസ്റ്റിന്റെ തന്നെ ദേശമായ ഗുല്യയെ എളുപ്പം തിരിച്ചറിയാവുന്ന ഹംഗേറിയന്‍ ചെറുപട്ടണത്തില്‍ അരങ്ങേറുന്ന കഥ, ആറന്റിന്റെ കൂട്ടായ പ്രവര്‍ത്തനം സംബന്ധിച്ച ദര്‍ശനത്തെ തിരിച്ചിടുന്നു. ഗുല്യ വെറുമൊരു പശ്ചാത്തലമല്ല - യഥാർത്ഥത്തില്‍ നോവലിലെ  മുഖ്യകഥാപാത്രം തെന്നെയാണ്: അവസരസേവ, ഹിംസാത്മകത, ബ്യൂറോക്രാറ്റിക് അപചയം എന്നിവയാൽ ശൂന്യമായിപ്പോയ ഒരു പട്ടണം. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ ട്രോമയുടെ വിചിത്രമായ പ്രതിധ്വനിയാണ് ഗുല്യ - പ്രത്യയശാസ്ത്രം കുടിയൊഴിഞ്ഞെങ്കിലും ഇപ്പോഴും അപകടകരമായ ഇടം, പൊരുളിന്റെ അന്ത്യമായ ഒരു പട്ടണം.

മിശിഹാ എത്താന്‍ പരാജയപ്പെട്ട ശേഷവും, ചിന്തകൻ പിൻവാങ്ങിയതിനു ശേഷവും, ഭീകരത കടന്നുപോവുകയും ഒരു സൂചനയും അവശേഷിപ്പിക്കാതാവുകയും ചെയ്തതിനും ശേഷവും എന്താണ് അവശേഷിക്കുന്നത്? നാശമല്ല, മറിച്ച് ആവർത്തനം. ഓർമ്മയല്ല, മറിച്ച് മറക്കല്‍. ക്രാസ്നഹോർകൈയുടെ ടെട്രാലജിയുടെ പശ്ചാത്തലത്തിൽ, ഉത്തരങ്ങളല്ല, മറിച്ച് വ്യാഖ്യാനത്തെ ചെറുക്കുന്ന ഒരു മൌനമാണ് അവശേഷിക്കുന്നത്. “നമുക്ക് എന്തുകൊണ്ട് ചരിത്രം മനസ്സിലാകുന്നില്ല?” എന്ന പ്രൊഫസറുടെ ചോദ്യം പോലും ഇനി പ്രതിധ്വനിക്കാത്ത ഒരു നിശബ്ദതയില്‍ ഒടുങ്ങുന്നു. പട്ടണം മാത്രം അവശേഷിക്കുന്നു, അതിപ്പോഴും അവിടെയുണ്ട്, ഇപ്പോഴും കാത്തിരിക്കുന്നു, ഇപ്പോഴും മറന്നുപോകുന്നു. ഒരുപക്ഷേ അതാണ് അവസാന ഭീകരത: അത് പൊരുള്‍ തകരുന്നു എന്നതല്ല, ലോകം അതില്ലാതെ തുടരുന്നു എന്നതാണ്.

read article on Baron Wenckheim's Homecoming here:

https://alittlesomethings.blogspot.com/2025/11/baron-wenckheims-homecoming-2016-laszlo.html

 

ദ ടൂറിൻ ഹോഴ്സ് (2011) ദൈവാനന്തര ശൈഥില്യത്തിന്റെ സാക്ഷ്യവൃത്തി

ലാസ്ലോ ക്രാസ്നഹോർകൈയുമായി ചേര്‍ന്നെഴുതി ബേല ടാര്‍ സംവിധാനം ചെയ്ത ദി ടൂറിൻ ഹോഴ്സ്, പരമ്പരാഗത അർത്ഥത്തിലുള്ള ഒരു സിനിമയല്ല - ഇതൊരു മെറ്റാഫിസിക്കൽ ആചാരമാണ്, ഒരു ചലച്ചിത്ര വിലാപഗാനം. ഒരു കുതിരയെ ചാട്ടവാറടിക്കുന്നത് കണ്ടതിനുശേഷം ടൂറിനിൽ ഫ്രെഡറിക് നീചേക്ക് സംഭവിച്ചതെന്നു കരുതപ്പെടുന്ന മാനസിക തകർച്ചയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കപ്പെട്ട ഈ സിനിമ സംഭവത്തെയല്ല, മറിച്ച് അതിന്റെ അനന്തരഫലത്തെയാണ് അവതരിപ്പിക്കുന്നത്: ദൈവമരണം സംഭവിച്ച, തല്‍സ്ഥാനത്ത് പുതിയ മൂല്യങ്ങളൊന്നും ഉയർന്നുവന്നിട്ടില്ലാത്ത ഒരു ലോകത്തില്‍ അർത്ഥത്തിന്റെയും ചൈതന്യത്തിന്റെയും ഘടനയുടെയും സാവധാനത്തിലുള്ള അപചയമാണ് ചിത്രം അവതരിപ്പിക്കുന്നത്‌. പ്രേക്ഷകന് വിനോദമോ കഥാര്‍സിസോ വാഗ്ദാനം ചെയ്യുന്ന ചിത്രമല്ല ഇത് – ‘തകർച്ച’യുടെ ഘടന, എൻട്രോപ്പിയുടെ താളം, പ്രവചനനാന്തര നിശബ്ദത എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുകകയാണ് അയാള്‍.

സിനിമയിലെ നീഷിയന്‍ പ്രതിധ്വനികൾ സുവ്യക്തമാണ്: കാര്യമായി ഒന്നും ‘സംഭവിക്കുന്നില്ലാത്ത’ ചിത്രത്തില്‍ വയോധികനായ പിതാവും മകളും സര്‍വ്വനാശത്തെ പ്രതിഫലിപ്പിക്കുന്ന (post-apocalyptic), കടുത്ത മഞ്ഞുകാറ്റ് അടിച്ചു വീശിക്കൊണ്ടേയിരിക്കുന്ന കുന്നിന്‍ മുകളില്‍ ‘ലോകത്തിന്റെ അറ്റത്ത് എന്നോണം അര്‍ത്ഥ ശൂന്യതയെ നിസ്സാരമായ പതിവുകള്‍ കൊണ്ട്, നിരര്‍ത്ഥകമായ ഒരു ആചാരത്തിലെന്നോണം, മറികടക്കാന്‍ ശ്രമിക്കുന്നു: ഒന്നും ചെയ്യാനില്ല, ആരും വരാനില്ല, എങ്ങോട്ടും പോകാനില്ല എന്നൊരു ‘ബെക്കറ്റിയന്‍’ ശൂന്യത തൊട്ടറിയാനാവും വിധം ശക്തമാണ്.

read article on The Turin Horse here:

https://alittlesomethings.blogspot.com/2025/10/the-turin-horse-2011-laszlo.html

read in English:

https://alittlesomethings.blogspot.com/2025/10/the-turin-horse-2011-laszlo_28.html

 

നീഷിയന്‍ അതിമാനവന്‍ മരിച്ചുപോയ ദൈവത്തെ മനുഷ്യപ്രതിരൂപമായി റിസൈക്കിള്‍ ചെയ്യുന്നു. എന്നാല്‍ ക്രാസ്നഹോര്‍കായിയുടെ ലോകത്ത് അയാള്‍ അതിമാനവന്റെ വാക്കുകള്‍ ഉരുവിടുന്നതേയുള്ളൂ, അവന്റെ വാഗ്ദാനമായ വിമോചനം നല്‍കുന്നില്ല.

ഇറമിയാസിന്റെ (സെയ്റ്റന്‍ടാംഗോ) സ്വരത്തിന് പ്രവാചകതാളമുണ്ട്, അയാളുടെ പ്രസംഗം പുതുക്കലിന്റെ വാഗ്ദാനം നിറഞ്ഞതുമാണ്‌, എന്നാല്‍ അയളുടെ ദര്‍ശനം നാശത്തിലേക്കും ചിതറലിലേക്കും മാത്രമാണ് നയിക്കുന്നത്. ബാരന്‍ വെന്‍ക്ഹൈമും പ്രേതസാന്നിധ്യമായ ഒരു രക്ഷകന്റെ രൂപത്തിലാണ് വരവറിയിക്കുക, വിചിത്രമായ വമ്പന്‍ സ്വീകരണത്തോടെ സ്വീകരിക്കപ്പെടുകയും ചെയ്യും, എന്നിട്ട് അയാള്‍ ധാര്‍മ്മികമായി ക്ഷയിച്ച് ഇല്ലാതാകുന്നു. ‘ടൂറിന്‍ ഹോഴ്സ് എന്ന ചലചിത്രത്തിലെ അയല്‍ക്കാരന്‍ ഇവരുടെയൊന്നും വ്യക്തിപ്രഭാവമില്ലാതെ പ്രാപഞ്ചിക വ്യര്‍ത്ഥതയെ കുറിച്ച്, നിശൂന്യതയുടെ ഒരന്തിമ പ്രഭാഷണമായി ദീര്‍ഘമായ ഭാഷണത്തില്‍ ഏര്‍പ്പെടുന്നു. ഇവരൊക്കെയും ‘അതിമാനവ’ന്റെ നാക്കുകൊണ്ടാണ് സംസാരിക്കുന്നത്, എന്നാല്‍ അതെങ്ങും എത്തുന്നതല്ല, അവരുടെ സ്വരം ചാരത്തിലും മൌനത്തിലും പ്രതിധ്വനിക്കുന്നു, വിശ്വാസം നഷ്ടപ്പെട്ട ലോകത്ത് മോക്ഷത്തിനു പാരഡി ചമയ്ക്കുന്നു. ഇറെമിയാസില്‍ നിന്നും വെന്‍ക്ഹൈമില്‍ നിന്നും വ്യസ്ത്യസ്ഥമായി കോറിന്‍ (വാര്‍ & വാര്‍) അനുയായികളെ കൂട്ടുകയോ മോക്ഷം പാരഡി ചെയ്യുകയോ ചെയ്യുന്നില്ല. അയാള്‍ക്ക് വ്യക്തിപ്രഭാവമോ ആളുകളെ വിശ്വസിപ്പിക്കാനുള്ള കഴിവോ ഇല്ല. എങ്കിലും ആരും വായിക്കുന്നില്ലാത്ത ഒരു കയ്യെഴുത്തുപ്രതി നിലനിര്‍ത്താനുള്ള നിര്‍ബന്ധബുദ്ധിയോടെയുള്ള അയാളുടെ യാത്രക്ക് ഒരു പരാജയപ്പെട്ട, ശാന്തമായ മെസിയാനിക് ദൌത്യത്തിന്റെ പ്രകൃതമുണ്ട്. വെളിപാടാകാത്ത പൊരുളിന്റെ ഭാരമാണ് അയാളുടേത് – ശ്രോതാക്കളില്ലാത്ത മോക്ഷം. അയാളില്‍ ‘അതിമാനവന് വാക്കുകള്‍ നഷ്ടപ്പെടുന്നു – ഉള്ളത് വിറയ്ക്കുന്ന കൈ മാത്രം, അതുകൊണ്ട് അയാള്‍ പേജുകള്‍ ശൂന്യതയിലേക്ക് അപ്‌ലോഡ്‌ ചെയ്യുന്നു.

ഇവരില്‍ നിന്ന് വ്യത്യസ്തമായി സാന്നിധ്യത്തിന്റെ മൂക സമ്മര്‍ദ്ദത്തിലൂടെ ഇതേ ദൌത്യം നിര്‍വ്വഹിക്കുന്ന ഇതര കഥാപാത്രങ്ങളും ഉണ്ട്. അവര്‍ പ്രഭാഷണം നടത്തുന്നില്ല. തിമിംഗലം (‘മെലങ്കളി) നോവലിലെ ദൃശ്യങ്ങളിലൂടെ ഒഴുകുന്നു, അപാരവും ദുര്‍ജ്ഞേയവുമയി. വലിയ ഔപചാരികതയോടെ എത്തുന്ന ‘രാജകുമാരന്‍ (അതേ നോവല്‍) വൈകാരികമായി വന്ധ്യവും നൈതികമായി നിശ്ചേതനനുമാണ്. പേരില്ലാത്ത, നങ്കൂരമില്ലാത്ത ദുരൂഹ സാന്നിധ്യമായി കടന്നുപോകുന്ന ‘ബാരന്‍ വെന്‍ക്ഹൈമി’ലെ രൂപം ഒരു അതീത നടുക്കം പോലെ പട്ടണത്തിലൂടെ നീങ്ങുന്നു. ഇവയെല്ലാം മൂകമാണ്, എന്നാല്‍ അവയുടെ സാന്നിധ്യം സംസാരിക്കുന്നു - വാക്കുകളിലൂടെയല്ല, അന്തരീക്ഷ സൃഷ്ടിയിലൂടെ, ഭീതിയിലൂടെ, മാറ്റിവെച്ച പൊരുളിന്റെ ഗുരുത്വാകര്‍ഷണത്തിലൂടെ. അവരും കപട മിശീഹാ രൂപഭേദങ്ങളാണ് - സന്ദേശങ്ങളില്ലാത്ത, മൗനം ദൈവീകപ്രഭാഷണത്തിന്റെ സ്ഥാനം ഏറ്റെടുത്ത ഒരു ലോകത്തിന്റെ പ്രതീകങ്ങള്‍.


No comments:

Post a Comment