Featured Post

Sunday, November 2, 2025

The Melancholy of Resistance (1989) by László Krasznahorkai / George Szirtes

 

‘പ്രതിരോധത്തിന്റെ വിഷാദം’ - തിമിംഗലവും മൂടൽമഞ്ഞും: അപ്പോക്കലിപ്റ്റിക് ആലിഗറിയിലെ പ്രതിരോധത്തിന്റെ പ്രതിധ്വനികൾ



‘പ്രതിരോധത്തിന്റെ വിഷാദം’ എന്ന കൃതിയിൽ, ലാസ്ലോ ക്രാസ്നഹോർക്കൈ ഭയത്തിന്റെ സാവധാനത്തിലുള്ള കടന്നുകയറ്റത്തിലൂടെ സമ്പൂര്‍ണ്ണ പതനത്തിന്റെ വക്കിലെത്തിയ ഒരു ലോകത്തെ ആവാഹിക്കുന്നു. ശൈത്യത്തില്‍ മുങ്ങിയ ഒറ്റപ്പെട്ട ചെറിയ പട്ടണം ഈസ്റ്റേൺ ബ്ലോക്ക് അശാന്തിയുടെ ഒരു മൈക്രോകോസം ആയിമാറുന്നു, അതിനു ബാധിച്ചിരിക്കുന്ന തളര്‍ച്ച സര്‍വ്വാധിപത്യ ഭരണകൂടങ്ങളുടെ ശിഥിലീകരണത്തെ പ്രതിഫലിപ്പിക്കുന്നു. നിഗൂഢതയിലും മൂടൽമഞ്ഞിലും അമര്‍ന്നതും, അദൃശ്യനും വികൃതനുമായ "രാജകുമാരനെ" വഹിക്കുന്നതുമായ ‘സർക്കസി’ന്റെ വരവ്, ദിശാബോധമില്ലാത്ത അനിവാര്യതയായി ഒരു അക്രമ തരംഗത്തെ അഴിച്ചുവിടുന്നു. ഒരിക്കലും വെളിപ്പെടുന്നില്ലാത്ത ‘രാജകുമാരൻ’ അങ്കലാപ്പുണ്ടാക്കുന്ന നിഗൂഡതയുടെ ഒരദൃശ്യസാന്നിധ്യമായി വർത്തിക്കുന്നു: കാലം ചെല്ലവേ ശൂന്യമാക്കപ്പെടുന്ന ഒരു സര്‍വ്വാധിപത്യ ചിഹ്നം പോലെ, കര്‍തൃത്വമില്ലാതെ, നേരിട്ട് ഇടപെടാതെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന, മിത്തിക് ജിജ്ഞാസ ഉണര്‍ത്തുന്ന ഒരു സ്വരൂപം. സർക്കസ് മാസ്റ്റർ തന്നെ ഒരു ഘട്ടത്തില്‍ രാജകുമാരനെ തള്ളിപ്പറയുന്നത് ‘സെയ്റ്റന്‍ടാംഗോ’യിലെ ഇറിമിയാസും പെട്രീനയും തമ്മിലുള്ള ഭിന്നിപ്പിനെ ഓര്‍മ്മിപ്പിക്കുന്നു, ഭിന്നിപ്പുകളുടെ ശിൽപ്പികൾക്ക് പോലും അവർ അഴിച്ചുവിടുന്ന ശക്തികളെ നിയന്ത്രിക്കാൻ കഴിയില്ലെന്നതിന്റെ സൂചനയാണ് ഇത്.  

പോസ്റ്റ് ഓഫീസ് ജോലിക്കാരായ പെൺകുട്ടികളുടെ ബലാത്സംഗം, ചെരുപ്പുകുത്തി ലാജ്‌റ്റോസിന്റെ മരണം, കുറ്റകൃത്യങ്ങളില്‍ ടുണ്ടെക്കുണ്ടാകുന്ന പങ്കാളിത്തം എന്നിവയിൽ കലാശിക്കുന്ന അക്രമപരമ്പരകള്‍ വെറും ധാർമ്മിക തകർച്ചയല്ല, മറിച്ച് ചരിത്രത്തിന്റെ ട്രോമ തന്നെയാണ് ഉളവാക്കുന്നത്. പട്ടികകള്‍ തയ്യാറാക്കിയുള്ള ശുദ്ധീകരണങ്ങളിലൂടെ (purges) മുന്നേറുന്ന "ശുചീകരണ" പദ്ധതി (“clean-up” project), യൂജെനിക്‌സിന്റെയും ഹോളോകോസ്റ്റ് യുക്തിയുടെയും തണുത്തുറഞ്ഞ പ്രതിധ്വനികൾ ഉള്ളതാണ്. അതേസമയം നഗരവാസികളുടെ രോഷം നങ്കൂരം നഷ്ടപ്പെട്ടതാണ്: എന്തിനോടാണ് രോഷം കൊള്ളുന്നതെന്നുപോലും അവർക്കറിയില്ല. ന്യായീകരണങ്ങൾ ദ്രവിച്ചുപോയതിനുശേഷവും അക്രമം നിലനിൽക്കുന്ന പ്രത്യയശാസ്ത്രാനന്തര (post-ideological) സമൂഹങ്ങൾക്കുള്ള ഒരു വിലാപഗാനം പോലെയാണ് അത്. സാറ്റാന്റാങ്കോയിലെ മിസ്സിസ് ഷ്മിഡിന്റെ ധാർമ്മിക അധഃപതനം പോലെ, പോലീസ് മേധാവിയുമായുള്ള ടുണ്ടെയുടെ ബന്ധം, ബ്യൂറോക്രാറ്റിക് ഉപരിതലത്തിനടിയിലേക്ക് ആഴ്ന്നിറങ്ങുന്ന ഏറ്റവും സ്വകാര്യമായ അപചയത്തെ പ്രതിഫലിപ്പിക്കുന്നു. ഇവ വെറും വ്യക്തിപരമായ വഞ്ചനകളല്ല - അവ ധാർമ്മിക അടിത്തറ നഷ്ടപ്പെട്ട ഒരു വ്യവസ്ഥയുടെ ലക്ഷണങ്ങളാണ്.

ഗ്രാമവിഡ്ഢിയും ഹാർമോനിസ്റ്റ് ആകാൻ സാധ്യതയുള്ളവനുമായ ജാനോസ് വലുസ്ക ദുർബലമായ ഒരു മറുവശമായി നിലകൊള്ളുന്നു. സംഗീതത്തിലൂടെയും രൂപകത്തിലൂടെയും പ്രപഞ്ച ക്രമം പുനഃസ്ഥാപിക്കാനുള്ള അയാളുടെ ശ്രമങ്ങൾ ദാരുണമാംവിധം വ്യർത്ഥമാണ്. പട്ടികയിൽ ഉണ്ടെന്ന് മുന്നറിയിപ്പ് ലഭിക്കുന്ന വലൂസ്ക ഒടുവില്‍ ഒരു അഭയകേന്ദ്രത്തിലെ കൂടുപോലുള്ള കട്ടിലില്‍ ഒടുങ്ങുന്നു – ഈ കൂടുപോലുള്ള കട്ടില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് ചിത്രങ്ങളുടെ നടുക്കുന്ന പ്രതിധ്വനികള്‍ ആവാഹിക്കുന്നത് വായനക്കാര്‍ക്ക് കാണാതിരിക്കാനാകില്ല. വലൂസ്കയുടെ ദർശനസിദ്ധി അയാള്‍ക്ക് ശിക്ഷയാകുന്നു, നിഷ്കളങ്കത രോഗവസ്ഥയായി മനസ്സിലാക്കപ്പെടുന്നു. ഒരിക്കൽ സംഗീതത്തിലൂടെ പരിഷ്കരണം ആഗ്രഹിച്ച ബുദ്ധിജീവിയായ ഗ്യോര്‍ഗി എസ്റ്റര്‍ പുറത്താക്കപ്പെടുന്നു, പക്ഷേ ‘ശുദ്ധീകരണ’ത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. അഥവാ, അദ്ദേഹത്തിന്റെ അതിജീവനം വിജയം എന്നല്ല തിരസ്കാരമായാണ് അടയാളപ്പെടുന്നത്. നോവലിന്റെ അവസാന ദൃശ്യത്തിൽ, എസ്റ്റർ നശിപ്പിക്കപ്പെട്ട തെരുവുകളിലൂടെ നടക്കുന്നു: അയാള്‍ക്ക്‌ കാണാനാകുന്നത് ഒരിക്കൽ അത്ഭുതത്തിന്റെയും കൌതുകത്തിന്റെയും പ്രതീകമായിരുന്ന തിമിംഗലബിംബത്തിന്റെ മൂടൽമഞ്ഞിൽ പുതഞ്ഞുപോയ അഴുകുന്ന ജഡം മാത്രമാണ്. അഥവാ, പ്രവചിത അന്ത്യവിധി (apocalypse) സംഭവിക്കുന്നത്‌ ക്രമരാഹിത്യം (entropy) ആയാണ്. ‘സെയ്റ്റന്‍ടാംഗോ’യിലെ സാത്താനെ പോലെ തിമിംഗലം പ്രലോഭനത്തിന്റെ രൂപമല്ല, അത് വെളിപ്പെടുത്തലിന്റെ ഒരു രൂപമാണ്: അത് പട്ടണത്തിന്റെ ധാർമ്മിക തകർച്ചയെയും ചെറുത്തുനിൽക്കാനുള്ള അതിന്റെ കഴിവില്ലായ്മയെയും തുറന്നുകാട്ടുന്നു.

എസ്റ്റെർ ദമ്പതികളും പോലീസ് മേധാവിയും ചേരുന്ന അവിശുദ്ധ ത്രയം, ഷ്മിഡ്റ്റ് ദമ്പതികളും ഫുടാക്കിയും ചേരുന്ന അവിശുദ്ധ കൂട്ടിനെ പ്രതിഫലിപ്പിക്കുന്നു. രണ്ടു കൃതികളില്‍ കഥാപാത്രങ്ങളുടെ ആവര്‍ത്തനം, അപചയങ്ങളുടെ അനുസ്യൂതിയെ പ്രതിനിധാനം ചെയ്യുന്നു.  ഒന്നും ഒറ്റപ്പെട്ട കഥകളല്ല, മറിച്ച് ഒരേ പ്രമേയത്തിലെ വ്യതിയാനങ്ങളാണ്: ചെറുത്തുനിൽപ്പിന്റെ പരാജയം, തിന്മയില്‍ പങ്കാളിയാകുന്നതിന്റെ വശീകരണം, വ്യവസ്ഥയുടെ അഴുകലിനു മുന്നിൽ കലയുടെ നിരർത്ഥകത. ഇറിമിയാസിന്റെ വരവ് പോലെ സർക്കസും മോക്ഷമല്ല - അത് മ്ലേച്ഛപ്പെടുത്തലാണ്. അത് പരിവർത്തനം വാഗ്ദാനം ചെയ്യുന്നു, പക്ഷേ നാശം നൽകുന്നു. രണ്ട് നോവലുകളിലും, ക്രാസ്നഹോർകായ് ‘അപ്പോക്കലിപ്സി’നെ ഒരു കാഴ്ച (spectacle) ആയിട്ടല്ല, മറിച്ച് പതുക്കെ ചുരുളഴിയുന്ന ഒരവസ്ഥയായാണ് അവതരിപ്പിക്കുന്നത്. മൂടൽമഞ്ഞ് കട്ടിയാകുന്നു, ഹാര്‍മണി പിഴക്കുന്നു, തിമിംഗലം ഭൂമിയിലേക്ക് താഴുന്നു. അവശേഷിക്കുന്നത് പ്രതീക്ഷയല്ല, ഒരിക്കൽ വിശ്വസിച്ചതിന്റെ വിഷാദമാണ്.

ശാലീനം, അവലക്ഷണം: ഗുന്തര്‍ ഗ്രാസ് vs. ക്രാസ്നഹോർകായ്

ഗുന്തർ ഗ്രാസിന്റെ ‘ദി ടിൻ ഡ്രമ്മി’ൽ, വിചിത്രമായത് (grotesque) മാനവികവൽക്കരിക്കപ്പെടുന്നത് (humanise) എങ്ങനെ എന്നത് ക്രാസ്നഹോർകായുടെ ശൈലിയുമായി ചേര്‍ത്തു പരിഗണിക്കുന്നത് കൌതുകകരമാണ്. സർക്കസ് ട്രൂപ്പിലെ കുള്ളനും കുള്ളത്തിയുമായ ബെബ്ര, റോസ്വിത (Tin Drum) തുടങ്ങിയ കഥാപാത്രങ്ങളെ ഊഷ്മളത, അന്തസ്സ്, വൈകാരിക സങ്കീർണ്ണത എന്നിവയോടെയാണ് ഗ്രാസ് ചിത്രീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ച് റോസ്വിത ഓസ്‌കാറിന്റെ ആർദ്രമായ പ്രണയിനിയായി മാറുന്നു, സഖ്യകക്ഷികളുടെ ബോംബാക്രമണത്തിലെ അവളുടെ മരണം ദുരന്തഗാംഭീര്യം മുറ്റിയ ‘കാഴ്ച’യേക്കാൾ ഒരു ഏറ്റവും സ്വകാര്യമായ വേദനയായി ആവിഷ്കരിക്കപ്പെടുന്നു. ഈ "ചെറിയ മനുഷ്യരുടെ" ചിത്രീകരണം കാരിക്കേച്ചര്‍വല്‍ക്കരണ പ്രലോഭനത്തെ ചെറുക്കുന്നു; അവർ അതിജീവിച്ചവരും കലാകാരന്മാരും പ്രണയികളുമാണ്, ചരിത്രത്തിന്റെ ഭാരം അന്തസ്സോടെ വഹിക്കുന്നവര്‍. ഗ്രാസിന്റെ കൈകളില്‍ വൈകല്യം എന്നത് സ്ഥൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും ഒരു ഇടമായി മാറുന്നു.

വിചിത്രത്തെ ‘ദ മെലങ്കളി ഓഫ് റെസിസ്റ്റൻസി’ല്‍ കൈകാര്യം ചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണ്. അദൃശ്യനും പേരില്ലാത്തവനുമായ ‘രാജകുമാരൻ’ ഒരു കഥാപാത്രമല്ല, മറിച്ച് ഒരു രഹസ്യമാണ് - നഗരം അതിന്റെ ഭയങ്ങളും വിദ്വേഷങ്ങളും പ്രതീകപ്പെടുത്തുന്ന ഒരു ശൂന്യാക്ഷരം/ കോഡ് (cipher). കര്‍തൃത്വമില്ലാതെത്തന്നെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന അയാള്‍, ഒടുവിൽ സർക്കസ് മാസ്റ്ററാൽ നിരസിക്കപ്പെടുന്നു, സെയ്റ്റന്‍ടാംഗോയില്‍ ഇറിമിയാസ് പെട്രീനയെ ഒറ്റിക്കൊടുത്തതുപോലെ. മാനുഷിക അർത്ഥത്തിലല്ല രാജകുമാരൻ വിചിത്രനായിരിക്കുന്നത്; മറിച്ച് അഭാവം പോലെ, മിത്ത് പോലെ, ഭയം പോലെ അയാള്‍/ അത് വിചിത്രനാണ്. സർക്കസ് പരിവാരങ്ങൾ, അതിന്റെ കുള്ളന്മാര്‍ ഉൾപ്പെടെയുള്ളവർ മുഖമില്ലാത്തവരും, അശുഭകാരികളും, ഗുന്തര്‍ ഗ്രാസ് തന്റെ കലാകാരന്മാർക്ക് നൽകുന്ന ഊഷ്മളതയില്ലാത്തവരുമാണ്. സർക്കസ് അഭയം നൽകുന്നില്ല - അത് മ്ലേച്ഛപ്പെടുത്തല്‍ (desecration) സാധിക്കുന്നു.

അതേസമയം, ക്രാസ്നഹോർകൈ ഗ്രാമവിഡ്ഢിയായ ജാനോസ് വലുസ്കയ്ക്ക് നിഗൂഢത നൽകുന്നു, അവൻ പ്രപഞ്ച ഐക്യമെന്ന – ‘ഹാര്‍മണി എന്നതിന്റെ അതീത തലം- ആശയത്തിന്റെ ദുർബലനായ ഒരു വാഹകനായി മാറുന്നു. വിചിത്രനായ രാജകുമാരൻ ഭീകരതയിലേക്ക് അമൂർത്തമാക്കപ്പെടുന്നിടത്ത്, വലുസ്ക ‘കൃപ’യുടെ(grace) മൂര്‍ത്തവല്‍ക്കരിക്കപ്പെട്ട രൂപമായിത്തീരുന്നു, ഒട്ടുമേ ഫലപ്രാപ്തി സാധ്യമല്ലാത്തവന്‍ എന്നിരിക്കിലും. തന്റെ ദർശനത്തിന് ശിക്ഷിക്കപ്പെടുകയും ഒരു അഭയകേന്ദ്രത്തിൽ കൂട്ടിലടയ്ക്കപ്പെടുകയും ചെയ്യുന്നുവെങ്കിലും അയാള്‍ക്ക്  ഒരിക്കലും അന്തസ്സ് നഷ്ടപ്പെടുന്നില്ല. ഈ വിപരീതത്തിൽ, ക്രാസ്നഹോർകായ് സൂചിപ്പിക്കുന്നത്, മോചനം വികലതയിലോ കാഴ്ചയിലോ അല്ല, മറിച്ച് ചുരുളഴിയുന്ന ഒരു ലോകത്തിൽ ക്രമം പുനഃസ്ഥാപിക്കാനുള്ള മണ്ടത്തരം പോലുമായ ശ്രമത്തിലാണ് എന്നാണ്. ‘വിചിത്ര’മായത് ഒരു സ്ഥിരതയുള്ള വിഭാഗമല്ല - അത് ഓരോ എഴുത്തുകാരന്റെയും ലോകത്തിന്റെ ധാർമ്മിക ചിത്രീകരണത്തിന്റെ കണ്ണാടിയാണ്.

ഉപസംഹാരം: അവശേഷിക്കുന്ന മൂടൽമഞ്ഞ്

Melancholy of Resistance’ല്‍തിമിംഗലം എത്തുന്നത് സൃഷ്ടിയുടെ ഗംഭീര്യമായല്ല, മറിച്ച് അതിന്റെ അഴുകിക്കൊണ്ടിരിക്കുന്ന അവശിഷ്ടമായാണ്. ‘ദൈവത്തിന്റെ സൃഷ്ടി ഗാംഭീര്യത്തിന്റെ ചിഹ്ന’മായി വലൂസ്ക അതിനെ വിശേഷിപ്പിക്കുന്നത് ബൈബിളിലെ ലെവിയാതനെ ഓര്‍മ്മിപ്പിക്കുന്നു, അവിടെ അത് ദൈവീക പ്രഭാവത്തിന്റെ ഉദാത്തചിഹ്നമായ ഭീമന്‍ ജീവിയാണ്, അതിന്റെ ഭയാനക സൗന്ദര്യം (terrifying beauty) മനുഷ്യ ശക്തിയുടെ പരിമിതിയും പ്രപഞ്ച വ്യവസ്ഥയുടെ (cosmic order) സമന്വയത്തെയും സ്ഥിരീകരിക്കുന്നു. ദൈവീക ക്രമത്തിന്റെ അതീത ഗാംഭീര്യത്തില്‍ നിന്നുള്ള അസ്തിത്വ വിഛേദം ആയിരുന്നു മെല്‍വില്ലിന്റെ തൂവെള്ള ഭീമന്‍ മോബിഡിക്ക് – ക്യാപ്റ്റന്‍ ആഹാബ് തന്റെ മേഗലോമാനിക് രോഷം പ്രക്ഷേപിക്കുന്ന, ദുർജ്ഞേയമായ ഒരാവിഷ്കാരം.  എന്നാല്‍ ലെവിയാതനില്‍ നിന്നും മോബിഡിക്കില്‍ നിന്നും വ്യത്യസ്തമായി ക്രാസ്നഹോര്കായിയുടെ തിമിംഗലം ഒരു ദൈവശാസ്ത്രാധിഷ്ടിത വ്യവസ്ഥയുടെ ഭാഗമല്ല. അത് വിശുദ്ധികളറ്റ കാലത്തിന്റെ, അതീത തലങ്ങള്‍ ഒന്നുമില്ലാത്ത, ധാര്‍മ്മിക ശൂന്യതയിലേക്ക് അഴുകിക്കൊണ്ടിരിക്കുന്ന അവസ്ഥയുടെ പ്രതീകമാണ്‌. അത് ആഹാബിന്റെ നിഷേധവൃത്തിയുടെ ഒടുവില്‍ ബാക്കിയാകുന്നതെന്തോ അതാണ്‌ - നിഗൂഡതയല്ല, മറിച്ച് അവശിഷ്ടം; ഭീതിയല്ല, മറിച്ച് മരവിപ്പ്. ഒരുമിച്ചെടുക്കുമ്പോള്‍ ഈ മൂന്നു തിമിംഗല ബിംബങ്ങള്‍ ഒരു ധാരയുടെ ഭിന്ന ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു: ദൈവീകപ്രഭാവത്തിന്റെ സര്‍വ്വാശ്ലേഷിതാവസ്ഥ, അതീത തലത്തിലുള്ള, പരാജയം വിധിക്കപ്പെട്ട ഒരു നിഷേധം, ഒടുവില്‍ സര്‍വ്വനാശാനനതര നിശ്ചലത - പൊരുളിന്റെ മണ്ണൊലിപ്പിലെ മൂന്നു ഘട്ടങ്ങള്‍.   

ക്രാസ്നഹോർക്കിയുടെ പ്രപഞ്ചത്തിൽ, പ്രതിരോധം വീരോചിതമല്ല - അത് വിഷാദാത്മകമാണ്. വിഡ്ഢിയുടെ നോട്ടത്തിലും, ഉപേക്ഷിക്കപ്പെട്ട സംഗീതത്തിലും, തിമിംഗലത്തിന്റെ മന്ദഗതിയിലുള്ള ജീർണ്ണതയിലും അത് മിന്നിമറയുന്നു. വിചിത്രമായത് (the grotesque) ഭയപ്പെടേണ്ടതോ സഹതാപം തോന്നേണ്ടതോ ആയ ഒരു കാഴ്ചയല്ല - അത് അതിന്റെ മെറ്റാഫിസിക്കൽ സന്ധിബന്ധങ്ങള്‍ നഷ്ടപ്പെട്ട ഒരു ലോകത്തിന്റെ ലക്ഷണമാണ്. ഒരു അഭയകേന്ദ്രത്തിൽ കൂട്ടിലടച്ചിരിക്കുന്ന വലുസ്കയുടെ അന്തിമചിത്രം ദുരന്തപരം മാത്രമല്ല, ചരിത്രത്തിന്റെ ഭാരം പേറുന്ന ഒന്നാണ്. അത്, നേരത്തെ സൂചിപ്പിച്ചപോലെ, ഹോളോകോസ്റ്റ് ഭീകരതയുടെ ദൃശ്യവ്യാകരണത്തെ ഉണർത്തുന്നു: സ്ഥാപനവൽക്കരിക്കപ്പെട്ട ശരീരം, ഇല്ലായ്മ ചെയ്യപ്പെട്ട അന്തസ്സ്, ദുരനുഭവങ്ങളുടെ ദൃശ്യത (spectacle). ഹോളോകോസ്റ്റ് ഓർമ്മയുടെ നിഴലിൽ, ഭയം അടിച്ചേൽപ്പിക്കുക മാത്രമല്ല, പ്രദർശിപ്പിക്കുകയും ചെയ്ത ക്യാമ്പുകളുടെയും ക്ലിനിക്കുകളുടെയും മനുഷ്യത്വരഹിതമായ സംവിധാനങ്ങളെ ആ ‘കൂടു കട്ടില്‍ ഓർമ്മിപ്പിക്കുന്നു. ക്രാസ്നഹോർകായ് അക്രമത്തെ ‘നാടകീയ’മാക്കുന്നില്ല; പകരം ദൈനംദിന ജീവിതത്തിന്റെ വാസ്തുവിദ്യയിൽ (architecture of daily life) അതിനെ ഉൾച്ചേർക്കുന്നു. മൂടൽമഞ്ഞ്, തിമിംഗലം, കിടക്ക - അവ ഭീകരതയുടെ പ്രതീകങ്ങളല്ല, അവ ഭീകരതയാണ്, അവ ലൗകികമാക്കപ്പെടുകയാണ്. ‘സെയ്റ്റന്‍ടാംഗോയുടെ ലെൻസിലൂടെ 'ദി മെലങ്കളി ഓഫ് റെസിസ്റ്റൻസ്' വായിക്കുന്നതിലൂടെ, ‘തകരച്ചെണ്ടയില്‍ നിന്ന് വ്യത്യസ്തമായി, ധാർമ്മിക തകർച്ചയുടെയും, സൗന്ദര്യാത്മക പരാജയത്തിന്റെയും, വിശ്വാസത്തിന്റെ വേട്ടയാടുന്ന അസ്ഥിരതയുടെയും ഒരു സങ്കരത്തെ നമുക്ക് കാണാൻ കഴിയും. മൂടൽമഞ്ഞ് നീങ്ങുന്നില്ല. പക്ഷേ അതിന്റെ ഭാരത്തിൽ, നമ്മൾ അതിനുള്ളിലൂടെയും കാണാൻ പഠിക്കുന്നു.

No comments:

Post a Comment