Featured Post

Thursday, November 20, 2025

Yajnaseni: The Story of Draupadi by Pratibha Ray/ Pradip Bhattacharya

 ‘യജ്ഞസേനി’ : ധര്‍മ്മ നീതിയുടെ തമോഗര്‍ത്തങ്ങള്‍



(പ്രതിഭ റായിയുടെ ‘യജ്ഞസേനി’ ദ്രൗപദിയുടെ തീക്ഷ്ണമായ ആത്മപരിശോധനാ ചിത്രം അവതരിപ്പിക്കുന്നു. അതിന്റെ ധാർമ്മിക വ്യക്തതയും ദാർശനിക ആഴവും സ്ത്രീവാദദര്‍ശനത്തില്‍ ഊന്നിയ ബന്ധുത്വ നൈതികത, ആത്മീയ കര്‍തൃത്വം, പുരുഷാധിപത്യ അനീതിക്കെതിരായ പ്രതിരോധം എന്നിവയിൽ നിലയുറപ്പിക്കുന്നു. എന്നാല്‍, വന്ധ്യവും വ്യക്തിനിരപേക്ഷവുമായ ധർമ്മത്തോടുള്ള നോവലിന്റെ ആത്യന്തികമായ കൂറ് ഈ സാധ്യതയെ ദുർബലപ്പെടുത്തുന്നു.  അത്, ദ്രൗപദിയുടെ ചെറുത്തുനിൽപ്പിനെ മോചനമില്ലാത്തതും പീഡാനുഭവങ്ങളെ അനുഷ്ടാനവുമാക്കുന്നു. ഫെമിനിസ്റ്റ് സൂചനകള്‍ ഉണ്ടായിരുന്നിട്ടും, ഇതിഹാസത്തെ സമകാലികവും ധാർമ്മികമായി പരിവർത്തനാത്മകവുമായ രീതിയിൽ പുനർസങ്കൽപ്പിക്കുന്നതിൽ ‘യജ്ഞസേനി’ വിജയിക്കാതെ പോകുന്നുവെന്നും, ഒരു വിമോചക മണ്ഡലം എന്ന നിലയിൽ ധർമ്മത്തിന്റെ പരിമിതികളും സ്ത്രീവാദ സാധ്യതയുടെ ദാരുണമായ തകർച്ചയും വെളിപ്പെടുത്തുന്നു എന്നും ലേഖനം നിരീക്ഷിക്കുന്നു).

 

മഹാഭാരതത്തിലെ ദ്രൗപദിയുടെ കഥയെ പുനരാഖ്യാനിക്കുന്ന കൃതികളില്‍ പ്രധാനമായ ഒന്നാണ്  ജ്ഞാനപീഠ ജേതാവായ ഒഡിയ നോവലിസ്റ്റ് പ്രതിഭ റായിയുടെ ‘യജ്ഞസേനി: ദി സ്റ്റോറി ഓഫ് ദ്രൗപദി’ (1984). അഗ്നിയിൽ നിന്ന് ജനിച്ച സ്ത്രീ എന്നാണ് യജ്ഞസേനി എന്ന വാക്കിന്റെ അർത്ഥം. പാണ്ഡവപത്നിയായി എത്തുന്ന ദ്രൗപദിയുടെയും ഭർത്താക്കന്മാരുടെയും ബന്ധങ്ങളുടെയും സാമൂഹിക പ്രതീക്ഷകളുടെയും സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുന്ന ജീവിതമാണ് നോവൽ ആവിഷ്കരിക്കുന്നത്. പരമ്പരാഗത പുരുഷാധിപത്യ ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്ന ദ്രൗപദിയുടെ അനുഭവങ്ങൾ, മഹാഭാരതത്തിലെ പുരുഷാധിപത്യ ആഖ്യാനങ്ങളെ അപനിര്‍മ്മിക്കുകയും പെണ്‍കര്‍തൃത്വം, ശാക്തീകരണം തുടങ്ങിയ സ്ത്രീപക്ഷ മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ദ്രൗപദി: ധര്‍മ്മ പരിപാലനവും വ്യക്തിത്വ സംസ്ഥാപനവും

ഇതിഹാസ കഥയെ ദ്രൗപദിയുടെ ഒരു സാങ്കൽപ്പിക ആത്മകഥയാക്കി മാറ്റുകയാണ് നോവലിസ്റ്റ്. എഴുതപ്പെട്ടിരിക്കുന്നതാകട്ടെ, മഹാപ്രസ്ഥാന ഘട്ടത്തില്‍ അഞ്ചു ഭര്‍ത്താക്കന്മാരോടൊപ്പം ഹിമാലയം കയറുന്ന ദ്രൗപതി, വീണു പോകുകയും ‘ധര്‍മ്മ പരിപാലക’രും വിജയികളും വീരന്മാരുമായ ഭര്‍ത്താക്കന്മാര്‍ അഞ്ചുപേരും പിന്തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ മുന്നോട്ടു പോകുകയും ചെയ്യുന്ന അന്ത്യ നിമിഷങ്ങളില്‍, നിതാന്ത സുഹൃത്തായ  കൃഷ്ണനെ അഭിസംബോധന ചെയ്ത ഒരു വിപുലമായ ആഖ്യാനത്തിന്റെ രൂപത്തിലുമാണ്. ഈ ‘എപ്പിസ്റ്റലറി’ ഘടന, ഇതിഹാസത്തിന്റെ കാലക്രമം പിന്തുടരുന്നതില്‍ സ്വാതന്ത്ര്യം എടുക്കാനും ഓര്‍മ്മകളെയും അനുഭവങ്ങള്‍ അവശേഷിപ്പിക്കുന്ന വൈകാരിക സമ്മര്‍ദ്ദങ്ങളെയും വിശകലനം ചെയ്യാനും നോവലിസ്റ്റിനു അവസരം നല്‍കുന്നു. ദ്രൗപതി ഉൾപ്പെടുന്ന സംഭവങ്ങളില്‍ ഊന്നിക്കൊണ്ട് അവരുടെ കര്‍തൃത്വത്തെയും ശാക്തീകരണത്തെയും എടുത്തുകാണിക്കാൻ കഴിയുന്ന സൂക്ഷ്മമായ വഴിത്തിരിവുകൾ (digressions) നോവലിസ്റ്റ് തെരഞ്ഞെടുക്കുന്നു. ഒപ്പം ഇതിഹാസ ഗാത്രത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ നോവലിസ്റ്റിനു കഴിയുന്നുമുണ്ട്.

സ്വയമൊരു ഭാര്യ, അമ്മ, ധര്‍മ്മ സംരക്ഷക എന്നിങ്ങനെ സ്വാനുഭവത്തിനപ്പുറം സ്ത്രീജന്മത്തിന്റെ ദുരിതങ്ങളിലേക്ക് വെളിച്ചം വീശുന്നതില്‍ ജെന്റര്‍ ബോധ്യം  ദ്രൌപദിയെ നയിക്കുന്നു. പുരുഷാധികാര ഘടനയില്‍ സ്ത്രീയുടെ വസ്തുവല്‍ക്കരണവും ചൂഷണവും അവരുടെ ബഹുമാനത്തെയും അന്തസ്സിനെയും ഹനിക്കുന്നതെങ്ങനെ എന്ന നിരീക്ഷണം അതിന്റെ കാതലാണ്. ദ്രൗപദിയുടെ കഥാപാത്രത്തെ പുനർവ്യാഖ്യാനിക്കുന്നത്തിലൂടെ നോവല്‍, ബഹുഭർതൃത്വത്തെ ചുറ്റിപ്പറ്റി അവള്‍ നേരിടുന്ന പരിഹാസങ്ങളും, സാമൂഹിക സമ്പ്രദായങ്ങളില്‍ സ്ത്രീ മാത്രം ഭേദ്യം ചെയ്യപ്പെടുന്നതിലെ വൈരുധ്യവും തുറന്നുകാട്ടുന്നു. ദ്രൗപദിയുടെ ആന്തരിക ലോകത്തിലേക്ക് തിരിയുന്ന ആഖ്യാനം ഇതിഹാസത്തിന്റെ മൂലപാഠത്തിലൊന്നും ഇടം പിടിക്കുന്നില്ലാത്ത  അവളുടെ വികാരങ്ങൾ, സ്വപ്നങ്ങൾ, വേദനകൾ എന്നിവ വെളിപ്പെടുത്തുന്നു. ദ്രൗപദിയെ മാത്രമല്ല, സത്യവതി, അംബ, മാദ്രി, ഗാന്ധാരി, ഉത്തര തുടങ്ങിയ നിരവധി സ്ത്രീ കഥാപാത്രങ്ങളുടെ കഷ്ടപ്പാടുകൾക്ക് ശബ്ദം നൽകുന്നതിലൂടെ നോവലിസ്റ്റ് സ്ത്രീപക്ഷ വീക്ഷണം വെളിപ്പെടുത്തുന്നു.

ധർമ്മം നിലനിർത്തുക എന്ന പ്രവചിത ദൗത്യവുമായി പിറന്നവളാണ് ദ്രൗപദി. ആ നിലയില്‍, കൃഷ്ണൻ നിരസിച്ചതിന്റെ വൈകാരിക വേദന സഹിക്കുകയും ആ പരാജയബോധത്തില്‍ അവള്‍ അർജുനനെ മനസാ വരിച്ചു. അരക്കില്ലത്തിലെ പാണ്ഡവരുടെ ‘മരണവാർത്ത’ അറിയുമ്പോൾ, സ്വയംവരം തടയാൻ ശ്രമിക്കുന്നത് പരാജയപ്പെടുന്നത് ഒരു തുടക്കമാണ്‌: നോവലിന്റെ വലിയ ചോദ്യങ്ങളില്‍ ഒന്ന് ഇവിടെ ആരംഭിക്കുന്നു: അവിവാഹിതയായി, കന്യകയായി തന്നെ തുടരുമായിരുന്നു എന്ന ദ്രൗപദിയുടെ താല്പര്യം രാജ്യ താല്പര്യവുമായി ഏറ്റുമുട്ടുന്നു. ഫലം – ധര്‍മ്മ സംരക്ഷണത്തിനു മുന്നില്‍ തന്റെ വ്യക്തി താല്പര്യത്തിനു പ്രസക്തിയില്ലെന്ന്, ഇനിയെന്നും തന്റെ ജീവിതത്തിന്റെ ആകെത്തുക ആയിമാറുന്ന തിരിച്ചറിവിന്റെ ആരംഭം. സ്വയംവരത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന ശക്തരായ രാജാക്കന്മാരെ അപമാനിച്ചുകൂടാ. സ്വയംവരം നടക്കണം. ആ പേരുതന്നെ അസംബന്ധം ആയിമാറുന്ന വിപര്യയത്തെ (absurd irony) നോവല്‍ പക്ഷെ അത്രയൊന്നും പിന്തുടരുന്നില്ല.

യുദ്ധ വിമുഖമായ സ്ത്രീപക്ഷത

യുദ്ധത്തിന്റെ വിവരണത്തിനായി ഏതാനും പുറങ്ങള്‍ മാത്രമേ നോവലിസ്റ്റ് നീക്കിവച്ചിട്ടുള്ളൂ. യുദ്ധം പുരുഷ കേന്ദ്രീകൃതമാണെന്ന കാഴ്ചപ്പാട് ഈ പ്രാധാന്യക്കുറവില്‍ പ്രകടമാണ്. ദ്രൗപതിയിലൂടെ യുദ്ധത്തോടുള്ള തന്റെ അനിഷ്ടം അവർ വെളിപ്പെടുത്തുന്നു. വസ്ത്രാക്ഷേപ (stripping) ഘട്ടം പോലുള്ള സന്ദര്‍ഭങ്ങളില്‍ ദ്രൗപദിയെ യുദ്ധദാഹിയായ ഒരു സ്ത്രീയായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും, അവസാനം, ദ്രൗപതിയിലൂടെ യുദ്ധത്തിന്റെ നിരർത്ഥകത നോവലിസ്റ്റ് പ്രകടിപ്പിക്കുന്നു. പ്രതിഭ റായിയുടെ ദ്രൗപതി സാർവത്രിക ഐക്യം, സാഹോദര്യം, വംശീയ സൗഹൃദം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ആര്യന്മാരുടെയും ആനാര്യന്മാരുടെയും സംയോജനത്തിന്റെ ആവശ്യകതക്കായി അവര്‍ വാദിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനും വേണ്ടി അവര്‍ പ്രവർത്തിക്കുകയും ചെയ്യുന്നു. സമ്പത്ത് കുന്നുകൂട്ടുന്നതിന്റെ നിരർത്ഥകത മനസ്സിലാക്കിയ, മനുഷ്യക്ഷേമത്തിനായി എല്ലാ ആഭരണങ്ങളും സമ്പത്തുകളും നിരസിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയായും അവരെ ചിത്രീകരിച്ചിരിക്കുന്നു. കാടുകളും ഹസ്തിനപുരി നഗരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റോഡ് നിർമ്മിക്കണമെന്ന് നിർദ്ദേശിക്കുന്നതിലൂടെ അവരുടെ ഭരണപരമായ ജ്ഞാനം പ്രകടമാണ്. കുബേരനോട് സമ്പത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കാൻ ദ്രൗപദി അഭ്യർത്ഥിക്കുന്നതായി കാണാം.

നൈതിക ശൂന്യതകള്‍ 

യജ്ഞസേനി അതിന്റെ സ്ത്രീപക്ഷ സമീപനത്തില്‍ ഇതിഹാസത്തെ പുനര്‍ നിരീക്ഷിക്കുന്നതില്‍ ആധുനിക സംവേദനത്വം പ്രകടിപ്പിക്കുമ്പോഴും ഒട്ടേറെ പഴുതുകള്‍ വിട്ടുവെക്കുന്നു എന്നാണു അനുഭവപ്പെട്ടത്. ‘ധര്‍മ്മ പരിപാലനം എന്നത് ജന്മലക്ഷ്യം തന്നെയായവളാണ് യജ്ഞസേനി. പാണ്ഡവരും അതുതന്നെയാണ് അവകാശപ്പെടുന്നതും. എന്നാല്‍ പ്രസ്തുത ധര്‍മ്മം വന്ധ്യമാണ് എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അത് ഒട്ടും നൈതികമാകുകയോ എന്തെങ്കിലും ഫലപ്രദമായി നേടുകയോ ചെയ്യുന്നില്ല എന്ന വസ്തുത. വിശേഷിച്ചും അതിന്റെ ഭാരത്തില്‍ ദുരിതങ്ങള്‍ പേറുന്നവര്‍ക്ക്, അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ അതിനായി ജനിച്ച ദ്രൌപതിക്ക്. നോവലില്‍ ഉടനീളം പ്രസ്തുത ധര്‍മ്മം അതീതവും വ്യക്തിനിരപേക്ഷവും (transcendent, impersonal) ആയ ഒരു ശക്തിയാണ്: ദ്രൗപതിയോട് എപ്പോഴും ഉള്ളൊതുങ്ങാന്‍ (containment) ആവശ്യപ്പെടുന്ന, ഒരിക്കലും തുറന്നുവിടാത്ത ഒന്ന്. അങ്ങേയറ്റം ദാര്‍ശനിക ഉള്‍ക്കാഴ്ചയും ധാര്‍മ്മിക തെളിച്ചവും ഉണ്ടെങ്കിലും സഹിക്കുക, കീഴൊതുങ്ങുക, ത്യജിക്കുക എന്നുതന്നെയാണ് അത് അവളോട്‌ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് – എല്ലാം പ്രപഞ്ച വ്യവസ്ഥയുടെ (cosmic order) പേരില്‍. ഒരു തെറ്റും ചെയ്തിട്ടില്ലാത്തവരെ പോലും രക്ഷിക്കുന്നതില്‍ അത് പരാജയപ്പെടുന്നു - അഭിമന്യു, കര്‍ണ്ണന്‍, ഉപപാണ്ഡവന്‍മാര്‍ തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍. ഹിംസാത്മകതയെയും അക്രമത്തെയും അത് ന്യായീകരിക്കുന്നു – യുധിഷ്ടിരന്റെ നിസ്സംഗത, ഹിംസകളിലെ അര്‍ജ്ജുനനന്റെ പങ്കാളിത്തം തുടങ്ങിയവ ഇതിനുദാഹരണങ്ങള്‍. അതിജീവനത്തെയാണ്, അല്ലാതെ നീതിയെ അല്ല അത് പ്രതിഫലം നല്‍കി സംരക്ഷിക്കുന്നത് – ആ അതിജീവനമാകട്ടെ, കുരുക്ഷേത്രാന്ത്യം കൃത്യമായും പ്രതിഫലിപ്പിക്കുന്ന പോലെ തികച്ചും പൊള്ളയാണ്‌. ഈ ധര്‍മ്മം സ്വരത്തില്‍ വൈദികമായിരിക്കുമ്പോഴും ഫലത്തില്‍ ഒട്ടുമേ വിമോചനാത്മകമല്ല. അത് കര്‍മ്മ ബദ്ധമാണ്, മാനുഷിക വികാരങ്ങള്‍ ഉള്ളതല്ല.

ദ്രൌപതിയുടെ ചെറുത്തുനില്‍പ്പ് തുളഞ്ഞിറങ്ങുന്ന ഉള്‍ക്കാഴ്ച പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒട്ടേറെ ഉണ്ടെങ്കിലും, അത് ഫലത്തില്‍ വിമോചനത്മകമാകാനുള്ള ശക്തി നേടുന്നേയില്ല. പുരുഷാധികാര പദ്ധതികളെ കൃത്യമായും മനസ്സിലാക്കുകയും തന്റെ ഭര്‍ത്താക്കന്മാരെയും ഗുരുകാരണവന്മാരെയും കൃഷ്ണനെ തന്നെയും വിളിച്ചു അതൊക്കെ ബോധിപ്പിക്കുകയും ചെയ്യുമ്പോഴും ഫലത്തില്‍ അതെല്ലാം ആത്മഭാഷണങ്ങള്‍ ആവുന്നതേയുള്ളൂ. താന്‍ ഭേദ്യം ചെയ്യുന്ന അതേ ഘടനകളില്‍ മുഗ്ധയാണ് ദ്രൗപദി - ഭാര്യ, രാജ്ഞി, ധാര്‍മ്മിക നങ്കൂരം എന്നീ വേഷങ്ങളില്‍ കുരുങ്ങിപ്പോയവള്‍. അവരുടെ മരണം എന്തെങ്കിലും സ്ഥാപിക്കുന്നില്ല, മറിച്ചു അതൊരു മായ്ച്ചു കളയലാണ്‌ - ശാന്തവും ഒരു താവഴിയും ബാക്കിവെക്കാത്തതുമായ ഒരു ഇല്ലാതാകല്‍. ഇത്, പാത്രസൃഷ്ടിയുടെ പരാജയമല്ല. മറിച്ച് ശരിക്കും പരിവർത്തനാത്മകമായ ഒരു ‘ധര്‍മ്മത്തെ വിഭാവനം ചെയ്യുന്നതില്‍ നോവലിന്റെ മര്‍മ്മത്തില്‍ സംഭവിച്ച പരാജയം തന്നെയാണ്. പാണ്ഡവരുടെ ചിത്രീകരണത്തിലും ഈ ‘കര്‍മ്മ ബദ്ധത നൈതികതയുടെ അപചയത്തില്‍ കലാശിക്കുന്നു – അവര്‍ വീര നായകരല്ല, മറിച്ച് അനുസരണയും കര്‍മ്മവും കൊണ്ട് അടയാളപ്പെടുന്ന, മാനുഷിക വൈകാരികതയോ, മനനഭാവമോ ഇല്ലാത്ത ‘ഭാരവാഹികള്‍ (functionaries) മാത്രമാണ്. യുധിഷ്ടിരന്റെ സന്മാര്‍ഗ്ഗ നിഷ്ഠ നൈതികമല്ല – അത് നിയമപരമാണ് (legalistic, not ethical). അര്‍ജ്ജുനന്റെ സംത്രാസങ്ങള്‍ കൃഷ്ണന്‍ പരിഹരിക്കുന്നത് സ്വന്തം ചെയ്തികളുടെ ഉത്തരവാദിത്ത പൂര്‍ണ്ണതയിലൂടെ (accountability) അല്ല, മറിച്ച് ദാര്‍ശനിക അമൂര്‍ത്തതകളിലൂടെയാണ്. ഭീമന്റെ രോഷമാകട്ടെ, മാനുഷിക ഭാവമുള്ളതല്ല – അതൊരു ആയുധം മാത്രമാണ്. അവരെല്ലാം അതിജീവിക്കുന്നുണ്ടെന്നത് ശരി – പക്ഷെ അതിജീവിതാര്‍ഹത ഉണ്ടായിരുന്നവരുടെയെല്ലാം വിനാശത്തിന്റെ വിലയാണ് അവരുടെ അതിജീവനം. 

‘വുമനിസ്റ്റ് / ‘ഫെമിനിസ്റ്റ്’ വീക്ഷണങ്ങളില്‍ ...

പുരുഷാധികാര കടന്നു കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും സ്ത്രീയെന്ന നിലയിലുള്ള അസ്ഥിത്വസ്ഥാപനത്തിലും അന്തസ്സ് തിരിച്ചു പിടിക്കുന്നതിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുമ്പോഴും സാമൂഹിക, ധാര്‍മ്മിക അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നു തന്നെയാണ് ദ്രൗപതി അതെല്ലാം ചെയ്യുന്നത്. ഈ അര്‍ഥത്തില്‍ അടിസ്ഥാനപരമായി പാശ്ചാത്യമായ ഒരു റാഡിക്കല്‍ റിബലിന്റെ ഫെമിനിസ്റ്റ് ധാരണകളെക്കാള്‍ ബ്ലാക്ക്, ‘മൂന്നാം ലോക ‘വുമനിസ്റ്റ് വീക്ഷണത്തിലാണ് നോവലിന്റെ സ്ത്രീപക്ഷ സമീപനത്തെ വിശദീകരിക്കാനാകുക. പാശ്ചാത്യ ഫെമിനിസം വ്യക്തിയുടെ സ്വത്വസ്വാതന്ത്ര്യം (individual autonomy), പൌരാവകാശാധിഷ്ടിത ചെറുത്തുനില്‍പ്പ്‌ (rights-based resistance), പിതൃ അധികാര ഘടനയെ സെക്കുലര്‍ രീതിയില്‍ വെല്ലുവിളിക്കല്‍ എന്നിവയില്‍ അധിഷ്ടിതമാണ്. എന്നാല്‍ ‘വുമനിസ്റ്റ്’ സമീപനം ഒന്നുകില്‍ ചെറുത്തുനില്‍പ്പ് അല്ലെങ്കില്‍  കീഴടങ്ങല്‍ എന്ന ദ്വന്ദ്വത്തെ നിരാകരിക്കുന്നു. അത് പാരസ്പര്യത്തിന്റെ നൈതികത (relational ethic), ആത്മീയ കര്‍തൃത്വം (spiritual agency), അടിച്ചമര്‍ത്തുന്ന ക്രമത്തിലെ അതിജീവനം (survival in repressive systems) തുടങ്ങിയ മൂല്യങ്ങള്‍ മുന്നോട്ടു വെക്കുന്നു. പ്രതിഭാ റായിയുടെ ദ്രൗപതി പുരുഷാധികാര അനീതികളെ വെല്ലുവിളിക്കുമ്പോഴും ധര്‍മ്മം, ബന്ധങ്ങളുടെ സംരക്ഷണം തുടങ്ങിയവക്ക് സ്വയം സമര്‍പ്പിക്കുന്നു. അവരുടെ ചെറുത്തുനില്‍പ്പ് പാരമ്പര്യത്തിന്റെ നിഷേധമല്ല. അതിനുള്ളില്‍ത്തന്നെ അന്തസ്സ് തിരിച്ചു പിടിക്കല്‍, മുറിവുണക്കല്‍, പെണ്‍സൗഭ്രാത്രം, സാംസ്കാരികബോധ്യങ്ങള്‍ ഉള്ള കര്‍തൃത്വം എന്നിങ്ങനെ ‘വുമനിസ്റ്റ്’ സമീപനങ്ങളുടെ ഉത്തമ മാതൃകയാണ്. എന്നാല്‍, ഈ പരിപ്രേക്ഷ്യത്തില്‍ പോലും നോവലിലെ സ്ത്രീപക്ഷത പൂര്‍ത്തീകരണത്തെയല്ല, വാഗ്ദാനത്തെ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത് – അവയെല്ലാം ആഗ്രഹ ചിന്ത എന്നതിനപ്പുറം യാഥാര്‍ത്ഥ്യമാകുന്നില്ല. ജൈവമായ ഒരു ‘ധര്‍മ്മ’ സങ്കല്പം അനുഭാവാധിഷ്ടിതവും പാരസ്പര്യ ബദ്ധവും (relational) ആയ ഒന്നാവേണ്ടാതായിരുന്നു. നിയമങ്ങള്‍ക്കു പകരം സംരക്ഷണത്തെ (care over code) കേന്ദ്രീകരിക്കുന്ന ഒന്ന്, വിജയത്തിന് മേല്‍ ഓര്‍മ്മകളെ മാനിക്കുന്ന ഒന്ന് (memory over victory), ഹെയറാര്‍ക്കിയേക്കാള്‍ മുറിവുണക്കലില്‍ (healing over hierarchy) ശ്രദ്ധിക്കുന്ന ഒന്ന്. മഹാശ്വേത ദേവിയുടെ ‘ദ്രൗപതിയിലും (“Draupadi” (1978) – Ed: Gayatri Chakravorty Spivak in “Breast Stories”) ചിത്ര ബാനര്‍ജി ദിവാകരുനിയുടെ ‘മായക്കൊട്ടാര’ത്തിലും (The Palace of Illusions (2008) - Chitra Banerjee Divakaruni), ആര്‍. രാജശ്രീയുടെ ‘ആത്രേയകത്തിലും കാണാവുന്ന വിമോചകാത്മക നൈതികത നിറഞ്ഞതും വിഗ്രഹഭജ്ഞക ഭാവമുള്ളതുമായ തലങ്ങള്‍ മുന്നോട്ടു വെക്കുന്ന ബദല്‍ ആഖ്യാന സാധ്യതകള്‍ ഇവിടെ തീര്‍ത്തും അന്യമാണ്.   

Read English version here:

https://alittlesomethings.blogspot.com/2025/11/yajnaseni-story-of-draupadi-by-pratibha_20.html


 

No comments:

Post a Comment