Featured Post

Sunday, November 2, 2025

Baron Wenckheim's Homecoming (2016) László Krasznahorkai / Ottilie Mulzet

 

‘ബാരൺ വെൻക്ഹൈമിന്റെ തിരിച്ചുവരവ്‌’ - മഴത്തുള്ളികൾ മുകളിലേക്ക്: ആഖ്യാനത്തിന്റെ അവസാനത്തിൽ

 


“ഞാന്‍ ഒരായിരം തവണ പറഞ്ഞിട്ടുണ്ട് ഒരൊറ്റ പുസ്തകം എഴുതാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചതെന്ന്. ആദ്യത്തേതില്‍ ഞാന്‍ സംതൃപ്തനായിരുന്നില്ല, അതുകൊണ്ടാണ് ഞാന്‍ രണ്ടാമത്തേത് എഴുതിയത്. രണ്ടാമത്തെതുകൊണ്ട് സംതൃപ്തനകാത്തത് കൊണ്ട് മൂന്നാമത്തേതും. അങ്ങനെ പോയി. ഇപ്പോള്‍ ബാരന്‍ എഴുതിയതോടെ എനിക്കീ കഥ അവസാനിപ്പിക്കാം. ഈ നോവലോടെ ഞാനെന്റെ ജീവിതത്തില്‍ ഒരൊറ്റ പുസ്തകമാണ് എഴുതിയതെന്ന് എനിക്ക് തെളിയിക്കാം. ഇതാണ് ആ പുസ്തകം – സെയ്റ്റന്‍ടാംഗോ, മെലങ്കളി, വാര്‍ ആന്‍ഡ് വാര്‍, പിന്നെ ബാരനും. ഇതാണെന്റെ ഒറ്റ പുസ്തകം.”

-       ലാസ്ലോ ക്രാസ്നഹോര്‍കായി : ആഡം തേല്‍വെല്‍ പാരീസ് റിവ്യുവിനു വേണ്ടി നടത്തിയ അഭിമുഖം

അധികാരം എന്നത് എപ്പോഴും കൂട്ടായി പ്രവര്‍ത്തിക്കുന്ന ആളുകളില്‍ നിന്നാണ് വരികയെന്നും ഇതിനു വിപരീതമായി എല്ലാവരെയും പരസ്പരം തമ്മിലടിപ്പിക്കുന്നതിലൂടെ കൂട്ടായ പ്രവര്‍ത്തനം അസാധ്യമാകുന്നിടത്താണ് ഏകാധിപത്യം വരികയെന്നും, പ്രവര്‍ത്തനത്തിനുള്ള കഴിവേ ഇല്ലാതാകുന്നതാണ് അതിന്റെ അടയാളമെന്നും ഹന്നാ ആറന്റ്റ് നിരീക്ഷിക്കുന്നു. ഹംഗറിയുടെ കാര്യത്തില്‍ ഈ രണ്ടാമതു പറഞ്ഞതാണ് നിലവിലെ പ്രധാനമന്ത്രി വിക്റ്റര്‍ ഓര്‍ബാന്റെ വരവോടെ സംഭവിച്ചത്. സര്‍ക്കാര്‍ വിരുദ്ധ എന്‍.ജി.ഓ-കള്‍, സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റി, തുടങ്ങിയവയെ പുറത്താക്കിയും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന നിയമ നിര്‍മ്മാണങ്ങളിലൂടെയും ഫണ്ടുകള്‍ സര്‍ക്കാര്‍ അനുകൂലികളായ ബ്യൂറോക്രാറ്റുകള്‍ക്ക് യഥേഷ്ടം കയ്യിട്ടുവാരാന്‍ പാകത്തില്‍ വിതരണം ചെയ്തും എല്ലാവരെയും പിന്‍വാതില്‍ കോമാളികള്‍ ആക്കിത്തീര്‍ക്കുന്ന അവസ്ഥ. കൂട്ടായ ചെറുത്തുനില്‍പ്പിനു പകരം ഏവരും സര്‍ക്കാരിന്റെ കോടാലിക്കൈ തങ്ങളില്‍ പതിക്കാതെ നോക്കുന്നതില്‍ മാത്രം ബദ്ധശ്രദ്ധരായ ഈ പരിതോവസ്ഥ ആണ് Baron Wenckheim’s Homecoming എന്ന വലിയ നോവലിന്റെ ഭൂമിക. പേരു പറയുന്നില്ലെങ്കിലും നോവലിസ്റ്റിന്റെ തന്നെ ദേശമായ ഗുല്യയെ എളുപ്പം തിരിച്ചറിയാവുന്ന ഹംഗേറിയന്‍ ചെറുപട്ടണത്തില്‍ അരങ്ങേറുന്ന കഥ, ആറന്റിന്റെ കൂട്ടായ പ്രവര്‍ത്തനം സംബന്ധിച്ച ദര്‍ശനത്തെ തിരിച്ചിടുന്നു*1. ഗുല്യ വെറുമൊരു പശ്ചാത്തലമല്ല - യഥാർത്ഥത്തില്‍ നോവലിലെ  മുഖ്യകഥാപാത്രം തന്നെയാണ്: അവസരസേവ, ഹിംസാത്മകത, ബ്യൂറോക്രാറ്റിക് അപചയം എന്നിവയാൽ ശൂന്യമായിപ്പോയ ഒരു പട്ടണം. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ ട്രോമയുടെ വിചിത്രമായ പ്രതിധ്വനിയാണ് ഗുല്യ - പ്രത്യയശാസ്ത്രം കുടിയൊഴിഞ്ഞെങ്കിലും ഇപ്പോഴും അപകടകരമായ ഇടം, പൊരുളിന്റെ അന്ത്യമായ ഒരു പട്ടണം.

നോവലിസ്റ്റിന്റെ സമപ്രായക്കാരനായ (അറുപത്തിനാല് വയസ്സ്) ബാരന്‍ ബെലാ വെന്‍ക്ഹൈം ദീര്‍ഘകാലത്തെ ബ്യൂണസ് അയേഴ്സ് വാസത്തിനു ശേഷം വമ്പിച്ച ചൂതാട്ട ബാധ്യതയെ തുടര്‍ന്ന് പാപ്പരായി നാട്ടിലേക്ക് തിരികെ വരികയാണ്‌. ബാരന്‍ ഉള്‍പ്പടെ ക്രാസ്നഹോര്‍കായിയുടെ മിഷ്കിന്‍ സമാന (Prince Myshkin of The Idiot by Dostoevsky) നിഷ്കളങ്ക കഥാപാത്രങ്ങള്‍ വിശുദ്ധിയുടെ പ്രതീകങ്ങള്‍ ആയിരിക്കുമ്പോഴും, മൃതിയിലേക്കും വിനാശതയിലേക്കും കുതിക്കുന്നവരാണ് *2. പ്രഭുകുടുംബാംഗത്തിന്റെ തിരിച്ചു വരവിന്റെ യഥാര്‍ത്ഥ കാരണം അറിയാത്ത പട്ടണവാസികള്‍, മേയറും, അയാളുടെ വലംകൈക്കാരായി വര്‍ത്തിക്കുന്ന നിയോ നാസി ബൈക്കര്‍ ഗാങ്ങും ബ്യൂറോക്രാറ്റുകളും എന്നിവരെല്ലാം ഉള്‍പ്പെടുന്ന അവസരസേവകര്‍ വമ്പിച്ച സ്വീകരണ പരിപാടി ഒരുക്കുന്നത് സൗഹാര്‍ദ്ദത്തിന്റെ ഊഷ്മളതയിലല്ല, അട്ടകളെ പോലെ തങ്ങള്‍ക്കു ശീലമുള്ള അവസരമായാണ്. യാത്ര തുടങ്ങുമ്പോഴേ തീവണ്ടിയിലെ കണ്ടക്റ്റര്‍ ബുഡാപെസ്റ്റ് റെയില്‍വേ സ്റ്റേഷനിലെ ജിപ്സി അഭയാര്‍ഥികളെ കുറിച്ച് മേലനങ്ങാന്‍ മടിയുള്ള പരാതിപറച്ചില്‍ക്കാര്‍ എന്ന മട്ടില്‍ വംശീയ വെറി പ്രകടിപ്പിക്കുന്നതും, മുമ്പ് ഇതൊന്നും ഇല്ലായിരുന്നുവെന്നു പഴയ കമ്യൂണിസ്റ്റ് നൊസ്റ്റാള്‍ജിയ അയവിറക്കുന്നതും കാണാം. ഒടുവില്‍ ഇവിടെ എല്ലാം തീയിലൊടുങ്ങും എന്ന് അയാള്‍ ശാപവചസ്സ് ഉരുവിടുന്നു. എന്നാല്‍, ഹോളി ചെയ്സ് നിരീക്ഷിക്കുന്ന പോലെ അതുതന്നെ അക്ഷരാര്‍ഥത്തില്‍ നോവല്‍ ഒടുവില്‍ സംഭവിക്കുകയും ചെയ്യുന്നു.  

ബാരൺ ബേല വെൻക്ഹൈം ഒരു രക്ഷകനായിട്ടല്ല, മറിച്ച് ഒരു പ്രക്ഷേപം (projection) ആയിട്ടാണ് എത്തുന്നത് - രക്ഷകനായി തെറ്റിദ്ധരിക്കപ്പെട്ട പാപ്പരായ പ്രഭു. തന്റെ കൗമാര പ്രണയിനിയായ മരീകയോടുള്ള അദ്ദേഹത്തിന്റെ മോഹം പ്രണയപരമല്ല, മറിച്ച് അതിഭൌതികമാണ്: സന്ധിബന്ധങ്ങളറ്റ ഒരു ലോകത്ത് പൊരുളിന്റെ പൊയ്പ്പോയ അച്ചുതണ്ടിന്റെ പ്രതിനിധാനമാണ് അവള്‍. വിശ്വാസം കൊണ്ടല്ല, മറിച്ച് മറ്റൊന്നും സാധ്യമല്ലാത്ത പരിതോവസ്ഥയിലാണ് പട്ടണം അയാളുടെ സാംഗത്യത്തെ ഊതിവീര്‍പ്പിക്കുന്നത്. പ്രതീക്ഷിച്ചതൊന്നും ബാരനില്‍ നിന്ന് കിട്ടാനില്ല എന്നറിയുന്നതോടെ, തങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളും വമ്പന്‍ സ്വാഗത പ്രസംഗങ്ങളും ഇച്ഛാഭംഗത്തോടെ മറക്കാന്‍ ശ്രമിക്കുന്ന ഔദ്യോഗിക, പട്ടണവാസി പ്രതികരണങ്ങള്‍ നമുക്ക് കാണാം. ബാരന്‍ സ്വയം പിന്‍വാങ്ങുകയും പട്ടണം അയാളെ വിസ്മരിക്കുകയും ചെയ്യും. അയാള്‍ ഇറിമിയാസിനെയും (സെയ്റ്റന്‍ടാംഗോ), രാജകുമാരനെയും, വലുസ്കയെയും ഭിന്നതലങ്ങളില്‍ ഓർമ്മിപ്പിക്കുന്നു, പക്ഷേ അവരുടെ വ്യക്തിപ്രഭാവം, ഭീഷണഭാവം അല്ലെങ്കിൽ ശാലീനത – ഒന്നും തന്നെ അയാള്‍ക്കില്ല. അയാള്‍ ഒരു നായകനല്ല, മറിച്ച് ഒരു ലക്ഷണമാണ്, പൊള്ളയായ പ്രതീക്ഷയുടെ ഒരു ചിഹ്നം. അയാളുടെ അപ്രത്യക്ഷമാകൽ ഒരു ഇതിവൃത്ത ഘട്ടമല്ല, മറിച്ച് ഒരു അതിഭൌതിക നിഷേധചലനമാണ് (metaphysical shrug). ടെട്രാലജിയിലെ വ്യാജ മിശിഹാമാരുടെ പരമ്പരയിൽ, അയാള്‍ അന്തിമ സ്വരൂപമാണ് - സൗമ്യനും, ആശയക്കുഴപ്പത്തിലായവനും, ഒടുവിൽ ഉപേക്ഷിക്കപ്പെട്ടവനും. ഒരിക്കൽ പാരഡി ചെയ്യപ്പെട്ട മോചനം ഇപ്പോൾ അസാധ്യമാണ്.

ഇതേസമയം, ഒരിക്കല്‍ പട്ടണത്തിന്റെ അഭിമാനമായിരുന്ന, ലോകപ്രശസ്ത പായല്‍ പഠിതാവായിരുന്ന പ്രൊഫസര്‍, വലിയ അക്കാദമിക സദസ്സുകളില്‍നിന്നു കാടോരത്തെ മുൾക്കാട്ടിലേക്ക് (Thorn Bush) പിൻവാങ്ങുന്നത് ചെറുത്തുനിൽക്കാനല്ല, മറിച്ച് ചിന്താശീലത്തിനെതിരെ സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കാനാണ്. അദ്ദേഹത്തിന്റെ "ചിന്താ-പ്രതിരോധ വ്യായാമങ്ങൾ (thought-immunization exercises)" വ്യക്തതയുടെ പ്രവൃത്തികളല്ല, മറിച്ച് നിയന്ത്രണമാണ് - തനിക്ക് വ്യാഖ്യാനിക്കാനാവാത്ത യാഥാർത്ഥ്യത്തിനെതിരെ സ്വയം സംരക്ഷിക്കാനുള്ള ഒരു ശ്രമം. അയാള്‍ എസ്റ്ററിനെയും (Melancholy) കോറിനെയും (War on War) ഓർമ്മിപ്പിക്കുന്നു, പക്ഷേ അവരുടെ ദാരുണമായ അന്തസ്സ് അദ്ദേഹത്തിനു അവകാശപ്പെടാനാകില്ല. ഒരു ടിവി ക്രൂവിനൊപ്പം എത്തുന്ന അദ്ദേഹത്തിന്റെ വേർപിരിഞ്ഞ മകള്‍ - മകള്‍ തന്നെയോ എന്ന് ഉറപ്പില്ല - ആശയസംഘര്‍ഷങ്ങള്‍ക്കും പ്രകടനപരമായ പ്രതിരോധത്തിനും കാരണമാകുന്നു. നവ-നാസി ബൈക്കർമാര്‍ക്ക് കുറഞ്ഞൊരു കാലം സ്വീകാര്യനാകുന്ന പ്രൊഫസർ, പൊരുത്തക്കേടിന്റെ ഒരു ചിഹ്നമായി മാറുന്നു. ആത്മരക്ഷയുടെ ഭാഗമായി ബൈക്കര്‍ ഗാംഗ് ലെഫ്റ്റ്നന്റിനെ വെടിവെക്കാന്‍ ഇടയാകുന്ന പ്രൊഫസര്‍, സ്വന്തം മരണം അഭിനയിച്ചു പട്ടണത്തില്‍നിന്നു പലായനം ചെയ്യുന്നു. നോവലില്‍ നിന്നുതന്നെ തീര്‍ത്തും അപ്രത്യക്ഷനാകും മുമ്പ് അയാളൊരു ഭ്രാന്തമായ സ്വഗതഭാഷണം നടത്തുന്നുണ്ട്: അയാള്‍ ദീര്‍ഘമായി നടത്തിവന്ന ‘ചിന്താ പ്രതിരോധ’ പ്രക്രിയ ‘ഒരു വ്യര്‍ത്ഥശ്രമം (“In vain is the endeavor to annihilate thought,... the consistent, dreadful, awful, the rigorous attention with which we must continuously prevent ourselves from arriving at some result in thinking.”) ആണെന്ന ബോധ്യമാണ് അത്. ചിന്തയെ നിഷ്കാസനം ചെയ്യാനുള്ള ശ്രമം പോലെ ചിന്ത ആവശ്യപ്പെടുന്ന മറ്റൊന്നില്ലെന്ന തിരിച്ചറിവിന് ഹെമിങ് വെയിലും ബെക്കറ്റിലും അനുരണനങ്ങള്‍ കണ്ടെത്താനാകും. ഏതാനും പേജുകള്‍ക്കുള്ളില്‍ അനന്തതയുടെ ആശയം, സംസ്കാരങ്ങളുടെ ഉറവിടം ഭയമാണെന്ന ആശയം, നിരീശ്വരവാദത്തിന്റെ ഭീരുത്വം, മാനുഷിക മിഥ്യകളുടെ വ്യാപനം തുടങ്ങി ഒട്ടേറെ പ്രമേയങ്ങള്‍ അയാള്‍ ചര്‍ച്ച ചെയ്യുന്നു. ലോകം ഒരു സംഭവത്തെക്കാള്‍ കൂടുതല്‍ ഒന്നുമല്ല – ഭ്രാന്ത്, ബില്ല്യന്‍ കണക്കിന് സംഭവങ്ങളുടെ ഭ്രാന്ത്.. ഒന്നും സ്ഥിരതയുള്ളതല്ല, ഒന്നും ഒതുക്കമുള്ളതല്ല, ഒന്നും മനസ്സിലാക്കാനാകുന്നതല്ല, നാം പിടിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം തെന്നിമാറിപ്പോകുന്നവയാണ് എല്ലാം.” ഇതേ അനിശ്ചിതത്വത്തെ കുറിച്ചുള്ള തിരിച്ചറിവുതന്നെയാണ്, ഒടുവില്‍ ബാരന്റെ തിരിച്ചുവരവിനെയും നിരര്‍ത്ഥകമാക്കുക: “നേരത്തെ ഉണ്ടായിരുന്ന ലോകത്തില്‍ നിന്ന് ഒന്നുമേ ഇവിടെ ശേഷിച്ചിട്ടില്ല... ട്രെയിന്‍ സ്റ്റേഷനുകള്‍, റോഡുകള്‍, ആശുപത്രികള്‍, കോട്ടകള്‍, മാളികകള്‍, ഒന്നും ആ പഴയവ ആയിരുന്നില്ല, അവ മുമ്പുണ്ടായിരുന്ന അതേ ഇടങ്ങളില്‍ നില്‍ക്കാന്‍ ഇടയായി എന്നുമാത്രമേ ഉള്ളൂ.” അയാള്‍ സാമൂഹിക കടമകള്‍ തള്ളിക്കളയുന്നു, മരീകയുടെ മുന്നില്‍ അവളെ തിരിച്ചറിയാനാകാതെ പരിഭ്രമിക്കുന്നു. ഒടുവില്‍, കാടോര റെയില്‍വേ ട്രാക്കിലൂടെ നിലാവത്ത് നടക്കവേ, ഒരുതരം ആത്മീയ പരീക്ഷണം നേരിടുന്നു: ജീവിച്ചിരിക്കണോ അതോ സ്വയം ഇല്ലാതാക്കണോ?

കുറഞ്ഞൊരു കാലം പ്രൊഫസറെ കൊണ്ടാടുന്ന നവ നാസി ബൈക്കര്‍മാര്‍, അവരെയും അഴിമതിയില്‍ മുങ്ങിയ പോലീസ് - ബ്യൂറോക്രാറ്റ് പ്രഭൃതികള്‍ എന്നിവരെയും ഉപയോഗിച്ച് ഭരിക്കുന്ന മേയര്‍, ബാരന്റെ വരവിനെ തുടര്‍ന്ന് വെളിയിലിറക്കപ്പെടുന്ന അനാഥശാലാ അന്തേവാസികള്‍, ചൈനീസ് വെയര്‍ഹൌസ് ഉടമ, ഒരു ‘കാമിയോ പ്രത്യക്ഷത്തില്‍ യുവാവായ പോപ്‌ ഫ്രാന്‍സിസ്, ലൈബ്രറി ഡയറക്ടറും സഹായിയും, സന്ദര്‍ശകരില്ലാത്ത പട്ടണത്തിലെ ടൂറിസ്റ്റ് ഓഫീസിലെ രണ്ടു ജോലിക്കാരികള്‍, ഔദ്യോഗികമായി ഡീസല്‍ വിതരണം ചെയ്യുന്നില്ലാത്ത ഗ്യാസ് സ്റ്റേഷനിലെ അറ്റന്റന്റ്, ഫുട്ബാള്‍ കളിക്കാരന്‍ ഡാന്റെയുടെ പേരുള്ള ഒരു ലോക്കല്‍ ഗുണ്ട... അങ്ങനെ നീണ്ട നിരയുണ്ട് കഥാപാത്ര പട്ടികയില്‍.

ഈ കഥാപാത്ര ലോകത്തിലെ അതിപ്രധാനമായ ഒരംഗം ‘ദുഷ്ടവും രോഗാതുരനും സര്‍വ്വശക്തനും (Evil—evil, sick, omnipotent”) എന്നു വിവരിക്കപ്പെടുന്ന ഒരു നിഗൂഡ കഥാപാത്രമാണ്‌: അത് രണ്ടു തവണ ഒരു കറുത്ത വാഹനവ്യൂഹമായി പട്ടണത്തിലൂടെ കടന്നുപോകുന്നു. അത് സംഭവിക്കുമ്പോള്‍ ബീയര്‍ കോപ്പകളും മഴത്തുള്ളികള്‍ പോലും തണുത്തുറഞ്ഞുപോകുന്നു. പട്ടണത്തെ അടയാളപ്പെടുത്തുന്ന ‘പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനപരമായ കഴിവില്ലായ്മയുടെ പിറകിലെ നിഗൂഡ ശക്തി ഇതാണ്. ‘അയാള്‍ ദുഷ്ടതയായിരുന്നു എന്നുമാത്രം നോവല്‍ അതെക്കുറിച്ച് വിവരിക്കുമ്പോള്‍ പോയ നൂറ്റാണ്ടിന്റെ ക്രൂരമായ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്വരൂപമെന്നതുമുതല്‍ വിക്റ്റര്‍ ഓര്‍ബാന്റെ തന്നെ അവതാരമെന്നുവരെ ഭിന്നമായ വ്യാഖ്യാനങ്ങള്‍ക്ക് ആ രൂപം കാരണമായിട്ടുണ്ട്. ഈ നാരകീയ സ്വരൂപം (Infernal Figure) ക്രാസ്നഹോർകായിയുടെ വ്യാജ പ്രവാചകന്മാരുടെ - ഇറിമിയാസ്, ‘രാജകുമാരൻ’, മാസ്റ്റെമാൻ - പരമ്പരയുടെ പര്യവസാനമാണ്. അയാളെ കുറിച്ച് ഒന്നും തീര്‍ച്ചയില്ല. അയാളെ ആരും ഓർമ്മിക്കുന്നില്ല, വിവരിക്കുന്നില്ല, അഭിമുഖീകരിക്കുന്നില്ല. നോവലിസ്റ്റ് പ്രസ്തുത രൂപത്തെ നിര്‍വ്വചിക്കാന്‍ വിസമ്മതിക്കുന്നത്‌, തിന്മയെ ജീവശാസ്ത്രത്തിലേക്കോ ആശയപദ്ധതികളിലേക്കോ ചുരുക്കാനാവില്ലെന്നും മറിച്ച് അത് അതിഭൌതികവും എങ്ങും വലയം ചെയ്യുന്നതും സത്താപരവും ആണെന്നും ഏതെങ്കിലും ഇടത്തിലോ കാലത്തിലോ ബദ്ധമല്ല എന്നുമുള്ള ആഴത്തിലുള്ള ദാര്‍ശനിക നിലപാടിനെ സൂചിപ്പിക്കുന്നു. നോവല്‍ ചത്വരത്തിലെ ഇതര കൂടെപ്പിറപ്പുകള്‍ - ഇറിമിയാസ്, ‘രാജകുമാരൻ’, മാസ്റ്റെമാൻ - ആഖ്യാനസാധ്യതയുള്ളവര്‍ ആയിരുന്നെങ്കില്‍ ഈ ഒടുവിലെ രൂപം അതിനും വഴങ്ങാത്തതാണ് എന്നും ഒരു കഥാപാത്രം എന്നല്ല ഒരവസ്ഥ എന്നുവേണം അതിനെ മനസ്സിലാക്കാന്‍ എന്നും നോവല്‍ സൂചിപ്പിക്കുകയാണ്- പൊരുള്‍ പരാജയപ്പെട്ട ലോകത്തിന്റെ ഒരവശേഷിപ്പ്.

നോവലന്ത്യത്തില്‍, പട്ടണവും പട്ടണവാസികളും സര്‍വ്വനാശകാരിയായ (apocalyptic) അത്യാഹിതത്തില്‍ ഒടുങ്ങുമ്പോള്‍, തന്റെ വിധിയുമായി സമരസപ്പെടാത്ത ഒരു പരുക്കന്‍ ഗാംഭീര്യം ബാരനു കൈവരുന്നുണ്ടെന്നും അത് ദസ്തയവ്സ്കിയുടെ കരമസോവ് സഹോദരങ്ങളെ അനുസ്മരിപ്പിക്കുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Dustin Illingworth). പ്രസ്തുത അശനിപാതത്തിലൂടെ നോവലിന്റെ ഭീതിദമായ അന്ത്യത്തെ – ‘ശുദ്ധീകരണ തീനാളങ്ങളുടെ ഒരു ഹോളോകോസ്റ്റ് (Illingworth) – ആവാഹിച്ചുവരുത്തുന്നത് നേരത്തെ സൂചിപ്പിച്ച അന്തികൃസ്തു സമാന ദുരൂഹ സ്വരൂപമാകാം. സാഹിത്യ ഭാവനയെ നിരന്തരം വേട്ടയാടുന്ന ജോസഫ് കോണ്‍റാഡിന്റെ ‘ഹാർട്ട് ഓഫ് ഡാർക്ക്നെസി’ലെ കുർട്ട്സിന്റെ അവസാന വാക്കുകൾ -  “ഭയാനകം! ഭയാനകം! (The horror, the horror !)ഓര്‍മ്മിപ്പിക്കുന്ന ‘ദുഷ്ടം, രോഗാതുരം, സര്‍വ്വശക്തം (evil, sick and omnipotent’) എന്ന വാക്യം നോവലിന്റെ ഹൃദയത്തിലുള്ള നിഹിലിസ്റ്റ് വലയങ്ങളുടെ ആഴങ്ങളിൽ മുഴങ്ങുന്നുണ്ട്. അത് തിന്മയുടെ സാന്നിധ്യത്തെ മാത്രമല്ല, യാഥാർത്ഥ്യത്തിന്റെ തകർച്ചയെയും അടയാളപ്പെടുത്തുന്നു.

മിശിഹാ എത്താന്‍ പരാജയപ്പെട്ട ശേഷവും, ചിന്തകൻ പിൻവാങ്ങിയതിനു ശേഷവും, ഭീകരത കടന്നുപോവുകയും ഒരു സൂചനയും അവശേഷിപ്പിക്കാതാവുകയും ചെയ്തതിനും ശേഷവും എന്താണ് അവശേഷിക്കുന്നത്? നാശമല്ല, മറിച്ച് ആവർത്തനം. ഓർമ്മയല്ല, മറിച്ച് മറക്കല്‍. ക്രാസ്നഹോർകൈയുടെ ടെട്രാലജിയുടെ പശ്ചാത്തലത്തിൽ, ഉത്തരങ്ങളല്ല, മറിച്ച് വ്യാഖ്യാനത്തെ ചെറുക്കുന്ന ഒരു മൌനമാണ് അവശേഷിക്കുന്നത്. “നമുക്ക് എന്തുകൊണ്ട് ചരിത്രം മനസ്സിലാകുന്നില്ല?” എന്ന പ്രൊഫസറുടെ ചോദ്യം പോലും ഇനി പ്രതിധ്വനിക്കാത്ത ഒരു നിശബ്ദതയില്‍ ഒടുങ്ങുന്നു. പട്ടണം മാത്രം അവശേഷിക്കുന്നു, അതിപ്പോഴും അവിടെയുണ്ട്, ഇപ്പോഴും കാത്തിരിക്കുന്നു, ഇപ്പോഴും മറന്നുപോകുന്നു. ഒരുപക്ഷേ അതാണ് അവസാന ഭീകരത: അത് പൊരുള്‍ തകരുന്നു എന്നതല്ല, ലോകം അതില്ലാതെ തുടരുന്നു എന്നതാണ്.  

1.    Holly Case, ‘László Krasznahorkai’s Catastrophic Harmonies’, Boston Review, 11.12.2019, https://www.bostonreview.net/articles/holly-case-laszlo-krasznahorkai/)

2.    Dustin Illingworth, ‘The Obsessive Fictions of László Krasznahorkai’, Paris Review, 18.09.2019, https://www.theparisreview.org/blog/2019/09/18/the-obsessive-fictions-of-laszlo-krasznahorkai/

No comments:

Post a Comment