Featured Post

Sunday, December 7, 2025

KALAMKAVAL (2025)/ Jithin K. Jose

 

മമ്മൂട്ടിക്കമ്പനി നിര്‍മ്മിച്ച ‘കളംകാവല്‍’ കാലം തിയെറ്റരുകളില്‍ നിറഞ്ഞാടുകയാണല്ലോ. സാധാരണ പ്രേക്ഷകരും റിവ്യൂവര്‍മാറും ഒരുപോലെ ചിത്രത്തെ കൊണ്ടാടുന്നുമുണ്ട്. അത് തികച്ചും ന്യായമാണ് എന്നാണു എന്റെ പക്ഷ. ചിത്രത്തിന്‍റെ അരങ്ങിലും അണിയറയിലും ശരിക്കും ക്ലാസ് എന്ന് പറയാവുന്ന പ്രതിഭാസംഗമങ്ങള്‍ വ്യക്തമാണ്‌. സംവിധായകന്‍ ജിതിന്‍ കെ. ജോസ് ജിഷ്ണു ശ്രീകുമാറിനോടൊപ്പം ചേര്‍ന്നെഴുതിയ തിരക്കഥ, സാങ്കേതിക ഡിപ്പാര്‍ട്ട്മെന്റ്, ഫൈസല്‍ അലിയുടെ ക്യാമറ, ബി.ജി.എം, ഈണങ്ങള്‍, .. എല്ലാത്തിലുമുപരി എല്ലാ അഭിനേതാക്കളും നല്‍കിയ മികച്ച പ്രകടനങ്ങള്‍, പ്രത്യേകിച്ചും മുഖ്യ കഥാപാത്ര ദ്വയങ്ങളായി വന്ന മമ്മൂട്ടി, വിനായകന്‍ എന്നിവരുടെ പ്രകടനം... ചിത്രം ശരിക്കും മലയാള സിനിമാ ചരിത്രത്തില്‍ സ്വയമൊരു ഇടം നേടുക തന്നെ ചെയ്യും എന്നുറപ്പിക്കാം.

സ്ക്രിപ്റ്റ് രചനക്ക് മുമ്പില്‍ ഒരു വമ്പന്‍ വെല്ലുവിളി ഉണ്ടായിരുന്നിരിക്കും എന്നത് തീര്‍ച്ചയാണ്: പബ്ലിക് ഡോമെയ്നില്‍ മുഴുവന്‍ വിവരങ്ങളും ലഭ്യമായ ഒരു തുടര്‍ ഭീകര സംഭവത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുക, അതേസമയം സൂക്ഷ്മതലങ്ങളില്‍ പാത്രസൃഷ്ടിയുടെ സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുക, ഒപ്പം പ്രേക്ഷകരുടെ രസച്ചരട് മുറിയാതെ കാക്കുക .. ഇതിനൊക്കെയപ്പുറം തങ്ങളുടെ ദൌത്യത്തെ അങ്ങേയറ്റം സങ്കീര്‍ണ്ണമാക്കിയ മറ്റൊരു കാര്യം സിനിമാസ്വാദനത്തിന്റെ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ടതാണ്: മലയാളം കണ്ട എക്കാലത്തെയും ഏറ്റവും മഹാനായ നടനെ പൈശാചികതയുടെ ആള്‍രൂപമായി അവതരിപ്പിക്കുക, അതും അയാളെ/ പൈശാചത്തെ ഒരു ഘട്ടത്തിലും മഹത്വവല്‍ക്കരിക്കാതെ ചെയ്യുക എന്നത്.. അതൊരു ചെറിയ വെല്ലുവിളി ആയിരുന്നില്ല. സ്ക്രിപ്റ്റും സംവിധാനവും ആ വെല്ലുവിളിയില്‍ തീര്‍ച്ചയായും വിജയിക്കുന്നുണ്ട്. ചെകുത്താന്റെ പാത്രസൃഷ്ടിയില്‍ അനാവശ്യമായ പൂര്‍വ്വകാല കഥ സൃഷ്ടിച്ചെടുക്കാനോ, അയാളുടെ ധാര്‍മ്മിക ശൈഥില്യത്തിന് ഏതെങ്കിലും വിധത്തിലുള്ള ന്യായീകരണം ചമക്കാനോ ഇവിടെ ശ്രമിക്കുന്നില്ല എന്നത് ചിത്ര ശില്‍പ്പികളുടെ മികവായി കാണണം. എം.ടി.യെ പോലുള്ള അതികായന്മാര്‍ പോലും ധൈര്യപ്പെട്ടിട്ടില്ലാത്ത കാര്യമാണ് അത് : ഉദാഹരണത്തിന് ‘ഉയരങ്ങളില്‍ (1984)’ (സംവിധാനം ഐ.വി.ശശി) ഓര്‍ക്കുക.

എങ്കിലും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകേട്ടു.. അതില്‍ പലതും ചിത്രം അര്‍ഹിക്കുന്നവയല്ല എന്നും ചിത്രം ശരിയായ രീതിയില്‍ മനസ്സിലാക്കപ്പെടാത്തതിന്റെ പ്രശ്നമാണ് എന്നും തോന്നി...

ശരാശരി ചിത്രങ്ങള്‍ക്കു നേരെ പ്രയോഗിച്ചു കേള്‍ക്കാറുള്ള ‘ഒരു വട്ടം കാണാവുന്നത്‌’ എന്നൊരു ലോജിക് ചിലര്‍ ആവര്‍ത്തിക്കുന്നത് കണ്ടു. ഇത് സാധാരണയായി സ്ക്രിപ്റ്റില്‍ പ്രവചനാതീതമായി ഒന്നുമില്ല എന്നൊരു വിമര്‍ശനത്തില്‍ നിന്ന് ഉരുത്തിരിയുന്ന ഒരു വിമര്‍ശനമാണ്. എന്നാല്‍ ഇവിടെ ഇത് രണ്ടു കാരണങ്ങള്‍കൊണ്ട് അപ്രസക്തമാണ് എന്ന് തോന്നുന്നു. ഒന്ന്, ‘ഒരിക്കലൊന്നു കണ്ടുനോക്കാവുന്നത്’ തത്വം ഇതിവൃത്ത പ്രധാനമായ ചിത്രങ്ങള്‍ക്കാണ് ചേരുക. ഇവിടെ ചോദ്യം ‘അടുത്തെന്തു സംഭവിക്കും’, ‘എങ്ങനെയാണ് ചിത്രത്തിലെ സംഘര്‍ഷങ്ങള്‍ ക്ലൈമാക്സിലേക്ക് വികസിക്കുക’ എന്നതൊക്കെയാണ്. വേണ്ടത്ര ആഴമില്ലാത്ത ചിത്രങ്ങളില്‍ അത് ഒരിക്കല്‍ കാണുന്നതോടെ ആ ആകാംക്ഷ തീരും. എന്നാല്‍ പാത്രസൃഷ്ടിയോ പ്രമേയ ദീക്ഷയോ പ്രധാനമാകുന്ന ചിത്രങ്ങളില്‍ ഇതിന്റെ നേര്‍വിപരീതമാണ് പ്രസക്തമാകുക. അതോരോ ‘സ്ലോ ബേണ്‍’ പ്രക്രിയയാണ്, പൊടുന്നനെയുള്ള ഞെട്ടലിനോ ആഡ്രിനാലിന്‍ തള്ളിച്ചക്കോ ഇവിടെ പ്രസക്തിയില്ല. ആന്തരിക മനോവ്യാപാരങ്ങളും വിശദീകരിക്കാനാകാത്ത വ്യക്തിത്വഭ്രംശങ്ങളുമെല്ലാം ഇവിടെ പ്രധാനമായിരിക്കും. മറ്റൊന്ന്, അറിയാവുന്ന കഥയോ സംഭവങ്ങളോ കഥാപാത്രങ്ങളോ ആണ് ആഖ്യാന കേന്ദ്രമെങ്കില്‍, ‘ഇനിയെന്ത്’ എന്ന ചോദ്യമേ അസ്ഥാനത്താണ്. ഇവിടെ പാത്ര സൃഷ്ടിയുടെ തലങ്ങള്‍, പ്രകടന സാധ്യതകള്‍, പ്രമേയ പരമായ ഭിന്നതലങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കല്‍ എന്നതൊക്കെയാണ് പ്രധാനം. ആവശ്യമായ നിഗൂഡത നിലനിര്‍ത്തിക്കൊണ്ട് തന്നെ, എന്നാല്‍ സ്പൂണ്‍ ഫീഡിംഗ് ഒഴിവാക്കി, ചിത്രം അത് നന്നായി ചെയ്യുന്നുണ്ട് എന്നാണു അനുഭവപ്പെട്ടത്. അതിന്റെ ഹൃദ്യമായ ഒരു ഉദാഹരണം എസ്.ഐ. രാജന്‍ അബ്രഹാമിന്റെ (വിനായകന്‍) ‘നത്ത്’ പരകായത്തിന്റെ ജനിതകത്തെ കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളിലൂടെയുള്ള സൂചനകളാണ്.

മറ്റൊരു നിരീക്ഷണം വിനായകന്റെ പ്രകടനത്തെ കുറിച്ചാണ്. ഈ വിമര്‍ശനം പങ്കുവെച്ചവരില്‍ പൊതുവേ സിനിമയെ ഗൌരവമായി കാണുന്ന ചിലരും ഉള്‍പ്പെട്ടുകണ്ടത് അതിവിചിത്രമായിത്തോന്നി. വിനായകന്‍ ക്ഷീണിതനും പരാജിത ഭാവമുള്ളവനുമായി കാണപ്പെട്ടുവെന്നും കഥാപാത്രം ആവശ്യപ്പെടുന്ന ഡൈനമിക് വ്യക്തിത്വം ഇല്ലെന്നുമാണ് വിമര്‍ശനത്തിന്റെ കാതല്‍. എന്നാല്‍, അങ്ങനെ കരുതുന്നവര്‍ ആ കഥാപാത്രത്തിന്റെ അന്തസ്സത്ത കാണാതെ പോകുന്നു എന്ന് പറയേണ്ടി വരും.

അയാളുടെ പെരുമാറ്റത്തില്‍ പുറമേക്ക് കാണാവുന്ന ബലക്കുറവും വീരോചിത ധൈര്യപ്രകടനത്തിന്റെ അഭാവവും തന്നെയാണ് ആ പാത്രസൃഷ്ടിയുടെ കാമ്പ്. അയാള്‍ സിനിമാ പോലീസുകാരുടെ പതിവ് ആണത്ത പ്രഘോഷകനേ അല്ല. പകരം തന്റെതായ വ്യക്തിപരവും തൊഴില്‍ പരവുമായ അരക്ഷിതാവസ്ഥയും അനിശ്ചിതത്വങ്ങളും ഉള്ളവനും തികച്ചും സാധാരണക്കാരനുമായ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ്. എന്നാലോ, അതങ്ങനെ മാത്രമാണ് എന്ന് തോന്നിക്കുന്നത് അയാളുടെ തന്ത്രവുമാണ്. ആ ക്ഷീണഭാവത്തിനു ചുവടെ അയാള്‍ തന്റെ ഇരട്ടപ്പേരിനെ സാധൂകരിക്കുന്നമ ക്ഷമയോടെ കാത്തിരിക്കുകയും, തക്കസമയത്ത് വിട്ടുവീഴ്ച കൂടാതെ തിരിച്ചടിക്കുകയും ചെയ്യുന്ന തന്ത്രശാലിയാണ്. അയാളുടെ ശക്തി ‘പ്രകടനം’ അല്ല, യഥാര്‍ത്ഥവും യാഥാര്‍ത്ഥ്യ ബോധമുള്ളതും ആന്തരവല്‍ക്കരിച്ചതും ആണ്.

വിനായകന്‍ ആ പരകായത്തില്‍ തീര്‍ത്തും അനുയോജ്യനായിരുന്നു.

സ്ത്രീ കഥാപാത്രങ്ങളിൽ ചുരുക്കം ചിലർക്ക് മാത്രമേ പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ടത്ര സ്‌ക്രീൻ സമയം ഉള്ളൂ. എന്നുവെച്ച് ആരും വെറും അലങ്കാരങ്ങളല്ല, പക്ഷേ അവരുടെ സംഭാവനകൾ പൂർണ്ണമായി മനസ്സിലാക്കാൻ രണ്ടാമതൊരു കാഴ്ച വേണ്ടിവന്നേക്കാം. അവരിൽ, സെൻസിറ്റീവ് മുഖവും പേലവത്വവും കൊണ്ട്, ഗായത്രി അരുണ്‍ തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചു. അതുപോലെ, വിശ്വസിക്കുന്ന കാമുകനില്‍ എല്ലാം അര്‍പ്പിച്ചു സന്ദേഹങ്ങള്‍ ഏതുമില്ലാതെ പഴകുന്ന കാമുകിയായി ശ്രുതി രാമചന്ദ്രനും, കുഴിച്ചുമൂടാന്‍ ആഗ്രഹിക്കുന്ന ഹൃദയ മുറിവുകളുമായി രജിഷ വിജയനും, ദൈനംദിന വരുമാനക്കാരിയുടെ കഷ്ടപ്പെട്ട് നേടിയെടുത്ത ആത്മവിശ്വാസ നാട്യത്തോടെ നിസയും, മോഹ പ്രതീക്ഷയോടെ കാമുകനെ പിന്തുടരുന്ന അതിനിഷ്കളങ്ക ഇരയായി ധന്യ അനന്യയും മികച്ച  പ്രകാടനം കാഴ്ചവെക്കുന്ന കൂട്ടത്തിലുണ്ട്...

ജിബിൻ ഗോപിനാഥും അസീസ് നെടുമങ്ങാട്ടും ബിജു പപ്പനും ചെറിയ വേഷത്തില്‍ വന്ന കുഞ്ചനും തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

മുജീബ് മജീദ് തന്റെ സംഗീതം 'വേറിട്ടു' നിൽക്കാതെ, ചിത്രഗാത്രത്തില്‍ ലയിച്ചു ചേരുംവിധം ചെയ്തു.. ടെമ്പോ, കാഡൻസ്, നിശബ്ദത എന്നിവയിലൂടെ സിനിമ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ സംഗീതം. ഇത്തിരി കുസൃതിയാണെങ്കിലും ആ ഇളയരാജ പ്രതിധ്വനികൾ തീർച്ചയായും മികച്ചതും... സമയബന്ധിതവുമായിരുന്നു...

രണ്ടാം പകുതിയിലെ പൂച്ച-എലി കളി കുറച്ചുകൂടി നീണ്ടുനിൽക്കണമായിരുന്നു എന്നും അതായിരുന്നു ആവശ്യമുള്ള ഇമ്പാക്റ്റ് സൃഷ്ടിക്കുക എന്നും ചിലർ പറയുന്നു... ഇതിൽ, എനിക്ക് ഉറപ്പില്ല, പക്ഷേ രണ്ട് വഴികളിലും ഉറപ്പില്ല... എന്നാല്‍ രണ്ടു കാര്യങ്ങളുണ്ട്: ഒന്ന്, ചിത്രത്തിന് ഇപ്പോഴേ 144 മിനിറ്റ് എന്ന ആവശ്യത്തിനുള്ള ദൈര്‍ഘ്യമുണ്ട് . മറ്റൊന്ന്, പാത്രസൃഷ്ടിയെ കൃത്യമായും പിന്തുടര്‍ന്നാല്‍, ‘നത്ത്’ അയാളുടെ ഉള്ളില്‍ ആവശ്യത്തിനു ക്യാറ്റ് ആന്‍ഡ് മൌസ് കളി നടത്തിയിട്ടുണ്ട് ആ ഒടുവിലത്തെ ഏറ്റുമുട്ടലിന് തയ്യാറെടുപ്പായി എന്നുറപ്പിക്കാം...

ഒരിക്കലും തിയേറ്ററില്‍ നഷ്ടപ്പെടുത്താൻ കഴിയാത്ത ഒരു സിനിമാ അനുഭവമാണിത് എന്ന് ചുരുക്കം... ഇരപിടിയന്മാരുടെ കഥ മികച്ച സിനിമാനുഭാവങ്ങളിലെക്ക് പരകായപ്പെടുന്നു എന്നത് കലയുടെ ക്രൂരമായ ഐറണി.


No comments:

Post a Comment