‘ജാതി ചോദിക്കുന്ന കാലം’/ ഷാജി പുല്‍പ്പള്ളി
ജാതിയും മതവും തീവ്ര
രാഷ്ട്രീയവും ഫാസിസ്റ്റ് ചിന്തകളും കൂടുതല്‍ കരുത്തോടെ മടങ്ങിവരുന്ന, ‘ഇരുണ്ട
യുഗ’ത്തിന്റെ രണ്ടാംവരവുപോലെ കാലത്തിന്റെ കോടിയ മുഖം എന്ന് വര്‍ത്തമാനാവസ്ഥകളെ
നിരീക്ഷിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി
ചോദിക്കുന്ന കാലം’ എന്ന ഇരുപത്
ലേഖനങ്ങളുടെ പുസ്തകം. ‘കാലത്തെ ക്രൗര്യത്തോടെ വലിച്ചുകീറാനുള്ള ഊര്‍ജ്ജമൊന്നും
ഈ കുറിപ്പുകളില്‍ സംഭരിച്ചിട്ടുണ്ടെന്നു കരുതുന്നില്ല’ എന്ന്
ലേഖകന്‍ വിനീതനാകുന്നുണ്ടെങ്കിലും അതങ്ങനെയല്ലെന്നും നിരീക്ഷണങ്ങളെ അവയുടെ
തനിമയിലും സമഗ്രതയിലും അവതരിപ്പിക്കാന്‍ പുസ്തകത്തിനു കഴിയുന്നുണ്ടെന്നും
ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാര്‍ക്ക് ബോധ്യമാകും.
ഭിന്ന വിഷയങ്ങള്‍
നിരീക്ഷിക്കുന്ന ലേഖനങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. സമകാലിക രാഷ്ട്രീയം, സാഹിത്യം, വിദ്യാഭ്യാസം, കേരള ചരിത്രം, ആത്മകഥ/ ഓര്‍മ്മക്കുറിപ്പ്, പരിസ്തിതി, ഗോത്രജീവിതം, തുടങ്ങി
വ്യത്യസ്ത മേഖലകളെ അവ സ്പര്‍ശിക്കുന്നു. കെട്ടിലും മട്ടിലും തികഞ്ഞ പ്രൊഫഷനല്‍
മികവു പുലര്‍ത്തുന്ന നിര്‍മ്മിതിയും പുസ്തകത്തെ പ്രിയങ്കരമാക്കുന്ന ഘടകമാണ്.
പുസ്തകത്തിലേക്ക് ...
സാഹിത്യ നിരൂപണ സംബന്ധിയായ ഒരു ലേഖനമാണ്
ആദ്യത്തേത്. പഠന വിധേയമാക്കുന്ന കൃതിക്ക് ടിപ്പണിയെഴുതുകയെന്ന പാഴ്വേലയില്‍ നിന്ന്
‘അര്‍ത്ഥത്തിന്റെ പുനരുല്‍പ്പാദനത്തിലൂടെ വിമര്‍ശനത്തെ സര്‍ഗ്ഗാത്മക കലയാക്കി
മാറ്റുന്ന’ ഇടപെടലെന്നു കെ പി അപ്പന്റെ വിമര്‍ശന രീതിയെ നിരീക്ഷിക്കുന്ന
‘ക്ഷോഭിക്കുന്ന സുവിശേഷങ്ങള്‍’ എന്ന ലേഖനത്തില്‍
ലേഖകന്റെ സമീപനത്തിന്റെ ലളിത ഗാംഭീര്യം വ്യക്തമാണ്. ടി. പദ്മനാഭന്റെ ‘മരിച്ചില്ല’ എന്ന കഥയെയും സുഭാഷ് ചന്ദ്രന്റെ ‘പറുദീസാനഷ്ടം’ എന്ന കഥയെയും ചേര്‍ത്തുവെച്ചു
പരിഗണിക്കുന്ന ‘സംഖ്യയുടെ ഇരുവശത്തും പൂജ്യത്തെ ചേര്‍ക്കുമ്പോള്‍’ എന്ന ലേഖനം തലമുറകള്‍ക്കിടയില്‍ ‘വ്യവസ്ഥാപിതമായ നിഗൂഡനിഗമനങ്ങള്‍ തകിടം
മറിയുകയും ഒപ്പം ചില പുതുസൂചനകള്‍ കഥയില്‍ രൂപപ്പെട്ടുവരുന്നതായും കാണാന്‍
കഴിയു’മെന്ന് നിരീക്ഷിക്കുന്നു. ലേഖകനെ നിരീക്ഷണത്തില്‍,
മലയാള കഥാസാഹിത്യശാഖയുടെ കുലപതികളില്‍ ഒരാളായ പദ്മനാഭനെ സംബന്ധിച്ച് ദയനീയമായ ഒരു
പരിമിതപ്പെടലാണ് ‘മരിച്ചില്ല’ എന്ന കഥയെങ്കില്‍, മറുവശത്ത്, പുതിയ ആവേഗങ്ങളുടെ കാലത്ത് ‘ആള്‍ക്കൂട്ടത്തിന്റെ
തള്ളയില്ലായ്മയിലേക്ക്’ പരുവപ്പെടുന്ന ജീവിതാവസ്ഥയുടെ ആലിഗറി
തീര്‍ക്കുന്ന സുഭാഷ് ചന്ദ്രന്റെ കഥ പുതിയ കഥാസാഹിത്യത്തിന്റെ കരുത്തിനെ
വിളിച്ചോതുന്നു.
‘കാലം തന്നെ കാവ്യോല്‍പ്പാദക
കേന്ദ്രമായി പരിവര്‍ത്തിക്കുന്നതിന്റെ സര്‍ഗ്ഗാത്മക കൗശലം’ ദര്‍ശിക്കാനാകുന്ന ഒന്നായി സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ
ജീവിതം നിരീക്ഷിക്കുന്ന ‘കാലം മാറ്റിവരച്ച ഭൂപടങ്ങള്‍’, ‘വക്രീകരണങ്ങളും
വലിച്ചുനീട്ടലുകളും’ കൂടാതെത്തന്നെ വായനക്കാരുടെ ഹൃദയത്തില്‍ പോറലുകള്‍ വീഴ്ത്താന്‍
കഴിയുന്ന ആത്മാവിഷ്കാരം തന്നെയായി ആ കവിതകളെ വിലയിരുത്തുന്നു. അശ്രഫ് ആഡൂരിന്റെ കഥകളുടെ സ്ഫോടനാത്മകമായ
പ്രഹരശേഷി കെട്ടകാലത്തിന്റെ പോസ്റ്റ്മോര്‌ട്ടം നടത്തുന്നതെങ്ങനെ എന്നു
നിരീക്ഷിക്കുന്ന ‘കലാപഭാഷയുടെ കഥാരൂപങ്ങള്‍’ എന്ന ലേഖനം
മിനിക്കഥാരൂപത്തിന്റെ ശക്തിയും വര്‍ത്തമാനകാലത്ത് അതിന്റെ പ്രസക്തിയും
ഊന്നിപ്പറയുന്നു. സമാനമായ രീതിയില്‍, പി കെ പാറക്കടവിന്റെ കഥകളെ വിലയിരുത്തുന്ന ലേഖനം (‘ശിലകള്‍ പിളര്‍ക്കപ്പെടുന്നു’), പ്രതിഭയുടെ മികവില്‍ എന്നതിനോടൊപ്പം ക്രാഫ്റ്റിന്റെ മേലുള്ള ശക്തമായ
നിയന്ത്രണത്തിലും പാറക്കടവിന്റെ എഴുത്ത് മികച്ചുനില്‍ക്കുന്നു എന്ന്
നിരീക്ഷിക്കുന്നു.
നിരൂപണ ലേഖനങ്ങളില്‍ വേറിട്ട
വായനാനുഭവമായി തോന്നിയത് എം സുകുമാരന്റെ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാതെപോയ ‘ജനിതകം’ എന്ന നോവലെറ്റിനെ കുറിച്ചുള്ള ‘ചരിത്രം ഭാവിയെ വായിക്കുന്ന
വിധം’ എന്ന ലേഖനമാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കേരളീയ
സംഘര്‍ഷങ്ങളും ജനിതക ലബ്ധമായ ദൈവ വിശ്വാസവും ഇടകലരുന്ന പാത്രസൃഷ്ടികളിലൂടെ ആദര്‍ശ
പ്രചോദിതമായ ഒരു കാലത്തിന്റെ എഴുത്തുകാരന്‍ കൂടിയായിരുന്ന നോവലിസ്റ്റ്
അദ്ദേഹത്തിന്‍റെ തന്നെ സംത്രാസങ്ങളാണ് അവതരിപ്പിച്ചത്. സുചിത്രയുടെ പാത്രസൃഷ്ടിയില്‍
ഒരു പെണ്‍പക്ഷവായനയുടെ സാധ്യതയും നോവലിസ്റ്റ് നല്‍കുന്നുണ്ടെന്ന് ലേഖകന്‍
കരുതുന്നു. ഇടതുപക്ഷ വീക്ഷണം കൊണ്ടുമാത്രമല്ല,
ഇടതുപക്ഷത്തിനകത്തെ ആന്തരിക പ്രതിസന്ധികളെപ്പറ്റി വേറിട്ട അന്വേഷണം എഴുത്തിന്റെ ലാവണ്യാംശത്തെ
ബലികൊടുക്കാതെ തന്നെ സാധ്യമാക്കിയ എഴുത്തുകാരന്‍ എന്നതുകൊണ്ട് കൂടിയാണ് എം
സുകുമാരന്‍ ഇന്നും പ്രസക്തനായിരിക്കുന്നതെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.
സാഹിത്യ നിരൂപണമെന്ന നിലയില്‍
വായിക്കാവുന്ന മറ്റൊരു ലേഖനം എം. മുകുന്ദന്റെ ‘ഒരു ദളിത് യുവതിയുടെ കദനകഥ’ എന്ന നോവലിനെ കുറിച്ചുള്ള ‘ഉടലിന്റെ പ്രതിരോധ സാധ്യതകള്‍’ ആണ്. ആധുനികതയുടെ ആദ്യകാല പ്രയോക്താവും അതിനെ മറികടന്നു സ്വയം
പുതുക്കുന്നതിലും സമകാലീനന്‍ ആയിരിക്കുന്നതിലും ഒരുപോലെ വിജയിച്ച എഴുത്തുകാരന്‍ എന്നും
മുകുന്ദനെ ലേഖകന്‍ വിലയിരുത്തുന്നു. ‘കാലാതീതമായി പീഡിപ്പിക്കപ്പെടുന്ന ദളിത്
സ്ത്രീത്വം’ എന്ന പ്രമേയത്തെ സത്യസന്ധവും സ്ഫോടനാത്മകവുമായ
രീതിയില്‍ അവതരിപ്പിക്കുന്ന കൃതിയില്‍ കൃത്യമായ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുണ്ട്
എന്നും എന്നാല്‍ സ്ത്രീപക്ഷം എന്ന് തോന്നിക്കുമെങ്കിലും അതത്ര കൃത്യമായ വായനയല്ല
എന്നും ലേഖകന്‍ കരുതുന്നു. വസുന്ധരയുടെ ഉടല്‍, അന്തിമമായി, ആണ്‍ നോട്ടത്തിന്റെ ‘ദൃശ്യ’വും ഉപകരണവും ആയിത്തീരുക തന്നെയാണ് എന്നാണ്
ലേഖകന്റെ പക്ഷം.
അധ്യാപകവൃത്തിയുടെ
അനുഭവങ്ങളിലൂടെ എഴുതപ്പെട്ട ലേഖനങ്ങളുണ്ട്. അതിലൊന്നായ കേരള വികസന മാതൃകയിലെ
തമോഗര്‍ത്തങ്ങള്‍ അന്വേഷിക്കുന്ന ‘തിരിച്ചറിവിന്റെ ബോധനശാസ്ത്രം’, ‘യാഥാര്‍ത്ഥ്യങ്ങള്‍ പുറംകാഴ്ച്ചകളിലാണ് ബലപ്പെടുന്നതെന്ന
സൈദ്ധാന്തിക നിരക്ഷരതയെ വര്‍ത്തമാനകാല സമൂഹം അതിന്റെ പൊതുതത്വമായി
വികസിപ്പിച്ചെടുത്തിരിക്കുന്നു’ എന്നും ഇതേ ഉപരിപ്ലവതയാണ്
കലാലയങ്ങളെ ബാധിച്ചിരിക്കുന്നതെന്നും നിരീക്ഷിക്കുന്നു. സെന്‍സസ് പ്രക്രിയയുടെ
ഭാഗമായി വീടുകള്‍ കേറിയിറങ്ങുമ്പോള്‍ നേരിടുന്ന ‘ജീവിതത്തിന്റെ നവരസഭാവങ്ങളെ’ ആവിഷ്കരിക്കുന്ന, ‘പച്ചയായ ജീവിതങ്ങളെ സ്പര്‍ശിക്കാനുള്ള നഗ്നമായ അവസര’ത്തെ കുറിച്ചാണ് ‘ജാതി ചോദിക്കുന്നു ഞാന്‍ സോദരീ...’ എന്ന ലേഖനം
പറയുന്നത്. ജാതി ചോദിക്കുന്നത് തെറ്റാണ്’ എന്ന പുരോഗമന ആശയം
കൊണ്ടുണ്ടാകുന്ന പൊല്ലാപ്പ് മുതല്‍ ‘ടോയ് ലെറ്റ് പി സി’ എന്ന്
വിളിക്കാവുന്നത്രയും മോശമായ ‘ടാബ് ലെറ്റ് പി സി’ പ്രതിനിധാനം ചെയ്യുന്ന സാങ്കേതിക
പരാധീനതകള്‍ വരെ ഹാസ്യാത്മകമായി വിവരിക്കുന്ന ലേഖനം, പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും
അവതരിപ്പിക്കുന്നു. മൈസൂര്‍ കല്യാണത്തിന്റെ ചതി പറ്റിയ ഉമ്മയെ കണ്ടതിന്റെ വേദനപോലെ, ഗോത്രജീവിത ദൈന്യത്തിന്റെ ചിത്രങ്ങളിലും
ലേഖകന്‍ പതറിപ്പോകുന്നു: ‘ഇന്ത്യയെ ആഴത്തിലറിയാന്‍ ഗ്രാമങ്ങളിലേക്കല്ല ആദിവാസി
കോളനികളിലേക്കാണ് പോകേണ്ടതെന്നു വ്യക്തമായി നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു’ എന്ന നിരീക്ഷണത്തിലേക്ക്
ലേഖകന്‍ എത്തിച്ചേരുന്നു.
ഓര്‍മ്മകളുടെ ആവിഷ്കാരത്തില്‍, പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന മലയാളത്തിന്റെ പ്രിയങ്കരനായ
എഴുത്തുകാരന്‍ വയനാട്ടില്‍ താമസമാക്കിയ കാലത്തെയും അക്കാലത്ത് സ്നേഹാരാധനയോടെ
അദ്ദേഹത്തെ കണ്ടതുമെല്ലാം വിവരിക്കുന്ന ലേഖകന്റെ സൃതിദലമാണ് ‘മലമുകളിലെ വലിയ
അബ്ദുള്ള’. ‘ജീവിതത്തിലും എഴുത്തിലും സര്‍ഗ്ഗാത്മകത മാത്രമല്ല സത്യസന്ധത കൂടി
മികവോടെ പുലര്‍ത്തിയ എഴുത്തുകാരന്‍’ എന്ന് പ്രിയപ്പെട്ട കഥാകാരന്‍ ഓര്‍മ്മിക്കപ്പെടുന്നു.
ആത്മകഥാപരമായ മറ്റൊരോര്‍മ്മയാണ് അധ്യാപന വൃത്തിയുടെ ആദ്യനാളുകളിലെ ഒരു പെരുംമഴക്കാലത്ത്
സാക്ഷിയാകേണ്ടിവന്ന ഗോത്ര വിഭാഗ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹതയെ കുറിച്ച്
പറയുന്ന ‘വ്യാകരണമില്ലാത്ത മരണം.’ ഉത്തരങ്ങളോ വിശദീകരണങ്ങളോ നല്‍കുന്നതല്ല, അനുഭവത്തിന്റെ പൊള്ളല്‍ പങ്കുവെക്കുന്ന ഒന്ന്. അല്ലെങ്കിലും ‘കോളനി
ജീവിതത്തിന്റെ അപര്യാപ്തതയിലൂടെ മരണകാരണസാധ്യതകള്‍’ എന്ന
സാമാന്യവല്ക്കരണത്തിനപ്പുറം അതില്‍ ആരെന്തു പറയാന്‍! അധ്യാപനകാലത്തെ പരിഹാസ്യമായ
ഒരു ആത്മാനുഭവത്തെ കുറിച്ചുള്ള തുറന്നെഴുത്താണ് ‘എന്റെ പിഴ! എന്റെ വലിയ പിഴ!’ എന്ന
ചെറുലേഖനം. പുതുതായി സര്‍വ്വീസില്‍ കയറിയതിന്റെ ആത്മവിശ്വാസത്തില്‍ സര്‍വ്വജ്ഞഭാവത്തോടെ
ക്ലാസിലെത്തിയ അധ്യാപകനെ സാമൂഹ്യ പാഠത്തിലെ ചോദ്യത്തില്‍ കുരുക്കിയിട്ട കുട്ടിയെ,
ഉത്തരം അറിയില്ല എന്ന ലളിത സത്യം മറച്ചുവെക്കാന്‍ കൈകാര്യം ചെയ്ത കഥ. ‘എന്റെ
അറിവില്ലായ്മയോടും അഹങ്കാര ധാര്‍ഷ്ട്യത്തോടും നീ സ്നേഹത്തോടെ പൊറുക്കുക’ എന്ന ഏറ്റുപറച്ചിലിന് ഒരു ജീവിതകാലത്തിന്റെ മുഴുവന്‍ വിനയം
വേണ്ടിവരുന്നു.
ഒരു കഥാകാരന്‍ എന്ന നിലയില്‍
തന്റെ എഴുത്തില്‍ നിഴല്‍ വിരിചിട്ടുള്ള മരണത്തിന്റെ ചന്ദന ഗന്ധമാണ് ‘പാപനാശിനി’ എന്ന കഥയെ മുന്‍ നിര്‍ത്തി ‘മരണചിന്തകള്‍ക്ക് ഒരാമുഖം’ എന്ന ലേഖനം വിവരിക്കുന്നത്. തിരുനെല്ലിയിലെ പാപനാശിനിക്കരികില്‍ ഒരിക്കല്‍
കാണാനിടയായ ഇരുപതു കടന്നിട്ടില്ലാത്ത ഒരു യുവ വിധവയുടെയും കുഞ്ഞിന്റെയും ചിത്രം
തിരുമുറിവായി തന്റെ ഹൃദയത്തെ വേട്ടയാടിയതിനെ കുറിച്ചാണ് ആര്‍ദ്രമായ ഭാഷയില്‍
ലേഖകന്‍ കുറിക്കുന്നത്. ‘ചൂണ്ടക്കൊളുത്തിലെ ഇരയെപ്പോലെ’ അതിന്നും
ഉള്ളില്‍ പിടയുന്നുവെന്ന് ലേഖകന്റെ സാക്ഷ്യം.
സ്വാതാന്ത്ര്യാനന്തര അപചയങ്ങളില്‍
അഴുകിപ്പോയ മതേതര ചിന്തകള്‍ ഫാസിസവും തീവ്ര ഹിന്ദുത്വവും പിടിമുറുക്കുന്ന
ഇന്നെത്തിനില്‍ക്കുന്ന അവസ്ഥയെ നിര്‍ദ്ധാരണം ചെയ്യുന്ന ടൈറ്റില്‍ ലേഖനം ‘ജാതി
ചോദിക്കുന്ന കാലം’, സാമൂഹിക
മാനവികതയുടെ ഉത്കണ്ഠകളാണ് പങ്കുവെക്കുന്നത്. ഇതോടു ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു
ലേഖനം കൂടിയുണ്ട്. ‘ഗോമാംസവും ഗോത്രമാംസവും’ എന്ന ലേഖനം പേര് സൂചിപ്പിക്കുമ്പോലെ ഘര്‍ വാപസിക്കാലത്തെ സദാചാരപ്പോലീസിംഗ്, മതനാമങ്ങളുടെ പുനരധിനിവേശം, തുടങ്ങിയ സമകാലിക
പ്രതിഭാസങ്ങള്‍ പരിശോധിക്കുന്നു. ചുംബനസമരത്തിന്റെ ആദ്യഘട്ടത്തിലെ പുരോഗമന വശം അംഗീകരിക്കുമ്പോള്‍ത്തന്നെ അത്
പിന്നീട് കാപട്യരൂപം കൈക്കൊണ്ടു എന്ന് കരുതുന്ന ലേഖകന്‍ ബീഫ് ഫെസ്റ്റ് നടത്തിയവര്‍ക്ക്
നൊയമ്പുകാലത്ത് ഹോട്ടലുകള്‍ അടപ്പിക്കുന്നവര്‍ക്ക് എതിരെ ‘ബിരിയാണി ഫെസ്റ്റ്’
നടത്താനുള്ള ധൈര്യമുണ്ടാകുമോ എന്ന ഹമീദ് ചെന്നമംഗല്ലൂരിന്റെ ചോദ്യം ആവര്‍ത്തിക്കുന്നു. കൂടും വീടും
ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത, മതം മാറിയ ദലിതന് എന്ത്
ഘര്‍ വാപസി എന്ന് ലേഖനം കൌതുകപ്പെടുന്നു. ഹിന്ദുത്വ ഫാസിസത്തിനെതിരെ മുറവിളി
കൂട്ടുന്ന ന്യൂനപക്ഷ പണ്ഡിതര്‍ അവരുടെ മതത്തിന് അധികാരമുള്ള മേഖലകളില്‍ നടക്കുന്ന
സമാന ഭീകരതളില്‍ മൌനം പാലിക്കുന്നതും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിവിട്ട
സംവാദങ്ങളും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്
ആ സംവാദങ്ങളെയെല്ലാം പരിഹാസ്യമാക്കിയതും നിരീക്ഷിക്കുന്ന ലേഖനമാണ് ‘പശ്ചിമ
ഘട്ടത്തിന്റെ രാഷ്ട്രീയം’ എന്ന ലേഖനം. എസ്.
സതീഷ്‌ചന്ദ്രന്‍, എന്‍.എ. നസീര്‍, ഇ. ഉണ്ണി, ഡോ.സി.ടി.എസ്. നായര്‍ തുടങ്ങിയ എഴുത്തുകാരുടെ നിരീക്ഷണങ്ങള്‍ ഓര്‍മ്മിക്കുന്ന
ലേഖനം മരിച്ചവരെ സംസ്കരിക്കാന്‍ ഇടമില്ലാത്ത ആദിവാസിയുടെ അവസ്ഥ എഴുതുന്ന ഡോ. കെ.
പി. നിതീഷ്കുമാറിന്റെ ലേഖനത്തെയും സൂചിപ്പിക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ
ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ മറുപടി ഡോ. എ. അച്യുതന്‍ നല്‍കുന്നതും
ലേഖകന്‍ എടുത്തുപറയുന്നു. ‘പ്രകൃതിയും മനുഷ്യനും വികസനവും പരസ്പരവിരുദ്ധമായി
ശത്രുപക്ഷത്തു നില്‍ക്കേണ്ടവയല്ല’ എന്ന ഓര്‍മ്മപ്പെടുത്തലിലാണ്
ലേഖനം അവസാനിക്കുന്നത്.
പുസ്തകത്തിലെ അവസാന ലേഖനമായ ‘ഗോത്രമനുഷ്യരെ
കേരളം കൈകാര്യം ചെയ്യുന്ന വിധം’ എന്ന ലേഖനം, കെ. അജിതയുടെ ‘ഓര്‍മ്മക്കുറിപ്പുകളി’ല്‍ നിന്നും സി.കെ. ജാനുവിന്റെ ‘അടിമമക്ക’യില്‍ നിന്നുമുള്ള സ്തോഭജനകമായ കാക്കിഭീകരതയുടെ ഓരോ വിവരണങ്ങളില്‍
ആരംഭിക്കുന്നു. രണ്ടാമത് പറഞ്ഞ പുസ്തകത്തിന്റെ ലഘു നിരൂപണമാണ് ലേഖനത്തിന്റെ
ഉള്ളടക്കം. ജാനുവിന്റെ പശ്ചാത്തലവും രാഷ്ട്രീയ ആക്റ്റിവിസവും അതിന്റെ വ്യത്യസ്ത
ഘട്ടങ്ങളിലൂടെ വിവരിക്കുന്ന പുസ്തകത്തെ വിലയിരുത്തുമ്പോള്‍, തന്റെ
സമൂഹത്തിന്റെ നിലനില്‍പ്പിനായി വിട്ടുവീഴ്ച കൂടാതെ പൊരുതിയ പോരാളിയെന്ന നിലയില്‍
അവരെ ലേഖകന്‍ അംഗീകരിക്കുന്നു. ജാനുവിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പലതും
ആദിവാസി/ഗോത്ര ജനത ഏതെങ്കിലും വിധത്തില്‍ നിവര്‍ന്നുനില്‍ക്കുന്നതിനു നേരെയുള്ള
സവര്‍ണ്ണ അസഹിഷ്ണുതയില്‍ നിന്നുണ്ടാകുന്നതാണ് എന്ന് നിരീക്ഷിക്കുമ്പോഴും ‘പൂച്ചയെ പേടിച്ച്
പുലിമടയില്‍’ ചേക്കേറുന്നത് പോലുള്ള അബദ്ധമായിരുന്നു അവരുടെ എന്‍.ഡി.എ. ബാന്ധവം
എന്ന് ലേഖകന്‍ തുറന്നെഴുതുകയും ചെയ്യുന്നുണ്ട്. ‘ആശയത്തിന്റെയും ആദര്‍ശത്തിന്റെയും
പേരില്‍ ജാനുവിനെയും ജാനുവിന്റെ പ്രവര്‍ത്തനങ്ങളെയും നമുക്ക് അകറ്റി നിര്‍ത്താം.
എന്നാല്‍ ജാനു ഉന്നയിക്കുന്ന ചോദ്യങ്ങളുടെ മൂര്‍ച്ചയെ പ്രതിരോധിക്കാനുള്ള ശേഷി
പൊതു സമൂഹത്തിന്റെ അധികാര കെട്ടിപ്പൊക്കലുകള്‍ക്കില്ല എന്നതാണ് ബലമുള്ള സത്യം’.
ആത്മകഥകളുടെ പൊതുഭാവമായ ആത്മരതി എന്നതിനു പകരം ഗോത്രജീവിതത്തിന്റെ പരിഛേദം
തന്നെയായി മാറുന്നു എന്നതാണ് ‘അടിമമക്ക’യുടെ പ്രസക്തി എന്ന്
ലേഖകന്‍ വിലയിരുത്തുന്നു.
No comments:
Post a Comment