Featured Post

Saturday, December 6, 2025

Joji (2021)


ജോജിയും ബേബിയും പിന്നെ മാക്ബത്തും


    നിശ്ശബ്ദനായിരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം എന്ന് നിരന്തരം പ്രകോപിപ്പിച്ച രാഷ്ട്രീയ അന്തരീക്ഷത്തില്‍ കഴിഞ്ഞ കുറെയേറെ നാളുകളോട് കിട്ടിയ ഇടങ്ങളിലൂടെ പ്രതകരിച്ച മാസങ്ങളുടെ ഉഷ്ണദിനങ്ങള്‍ക്ക്‌ അവധി കൊടുക്കാന്‍ മലയാളിക്കു കിട്ടിയ ഒന്നാന്തരം വേറിട്ടുപോക്കായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യപ്പെട്ട ദിലീഷ് പോത്തന്‍- ശ്യാം പുഷ്കര്‍- ഫഹദ് ഫാസില്‍ ടീമിന്റെ ‘ജോജി’. വിചിത്ര വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും ക്ഷണിച്ചു വരുത്തിയ ചിത്രം, ഏറെ തുലനം ചെയ്യപ്പെട്ടത് മലയാളത്തിലെ ലക്ഷണമൊത്ത  സോക്കോളജിക്കല്‍ ത്രില്ലര്‍ ക്ലാസ്സിക് ആയ കെ.ജി.ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന ചിത്രവുമായാണ്. ഒന്നിനെ ഇകഴ്ത്തിയേ മറ്റൊന്നിനെ അംഗീകരിക്കാനാവൂ എന്ന പരിമിത വിഭവന്മാരുടെ മുട്ടാപ്പോക്കുകകള്‍ക്കപ്പുറം ഈ സമാനതകള്‍/ വൈചാത്യങ്ങള്‍ പഠനം അര്‍ഹിക്കുന്നുണ്ട്.

    ഇരകൾ മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് തന്നെ. അതിനു പ്രധാന കാരണം ആ ചിത്രത്തിന്റെ പ്രമേയം ഒരു കാലഘട്ടത്തിന്റെ റിബൽ ആന്റി ഹീറോ പ്രതീകത്തെ സത്യസന്ധമായും ചടുലമായും അന്നത്തെ ചലച്ചിത്ര പരമായ പരിമിതികൾ മറികടന്നു അവതരിപ്പിക്കാൻ കെ ജി ജോർജ്ജ് എന്ന അപൂർവ്വ പ്രതിഭയുടെ ക്രാഫ്റ്റിന് സാധിച്ചു എന്നതാണ്. ബേബി പ്രതിനിധാനം ചെയ്യുന്ന അസന്തുഷ്ടനും മെരുങ്ങാ പ്രകൃതിയുമായ ചെറുപ്പക്കാരൻ 'രോഷാകുലനായ ചെറുപ്പക്കാരന്‍’ (‘angry young man') കാലഘട്ടത്തിന്റെ ഋണാത്മക പതിപ്പാണ്. അഥവാ, അസ്തിത്വവാദ സമീപനത്തിന്റെ ദാര്‍ശനിക വശം ഉള്‍ക്കൊണ്ട മൂല്യബോധം അതിന്റെ പ്രതിബദ്ധമായ വഴിയിലല്ല ബേബിയെ സ്വാധീനിക്കുന്നത്, മറിച്ചു അയാളിലെ പ്രാകൃത ചോദനകളുമായി ചേര്‍ന്നാണ് അത് പ്രകാശിതമാകുന്നത് എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആത്മഹത്യക്കും കൊലക്കും ഇടയിൽ അസ്തിത്വ പ്രതിസന്ധിക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ച ഒരു തലമുറയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ് അയാള്‍. വിശദമാക്കാം: “നിനക്ക് നിന്റെ അപ്പനെയും അമ്മയെയും സ്നേഹമില്ലേ?” എന്ന ബന്ധുകൂടിയായ പാതിരിയുടെ ചോദ്യത്തിന് തികഞ്ഞ നിസ്സംഗതയോടെ, വികരശൂന്യനായി “ഇല്ല.!” എന്ന് ശങ്കിക്കാതെ പറയുന്ന, “നീ എവിടെ പോയതായിരുന്നു?” എന്ന ഏട്ടത്തിയമ്മയുടെ ചോദ്യത്തിന് ‘ഒരാളെ കൊല്ലാന്‍ പോയതാ..” എന്ന് നിസ്സാരമായി മറുപടി പറയുന്ന ബേബിയില്‍ പ്രതിഫലിക്കുന്ന കല്ലിച്ച ഭാവശൂന്യതക്ക് “അമ്മ ഇന്നലെ മരിച്ചു. അതോ, ഇന്നോ? എനിക്കുറപ്പില്ല.” എന്നു ആഖ്യാനം തുടങ്ങുന്ന, പ്രത്യേകിച്ചൊരു പ്രകോപനവും കൂടാതെ ഒരു പരിചയമോ ശത്രുതയോ ഒന്നുമില്ലാത്ത ഒരു കൊളോണിയല്‍ ദേശവാസിയെ നിസ്സംഗമായി കൊല്ലുന്ന മെഴ്സോളിനോളം (The Outsider – Albert Camus) പഴക്കമുണ്ട്. എന്നാല്‍, മെഴ്സോളിന്റെ ബോധപൂര്‍വ്വമായ ധൈഷണിക അന്വേഷങ്ങള്‍ തീര്‍ത്തും അന്യമായ ബേബിക്ക് സമൂഹത്തിലെ മൂല്യച്യുതി എന്നതൊന്നും വിഷയമല്ല. ദാര്‍ശനികമായ ശൂന്യത നേരിടുന്ന നിഹിലിസ്റ്റ് അല്ല ബേബി. പണക്കൊഴുപ്പും മദ്യവും ലൈംഗികാസക്തിയും കെട്ടുപിണയുന്ന ധാര്‍മ്മിക/ പാരമ്പര്യ മൂല്യങ്ങളുടെ കുഴമറിച്ചിലും അടയാളപ്പെടുത്തുന്ന കുടുംബ ചുറ്റുപാടുകളില്‍ ഒരു സൈക്കോപാത്ത് ആയിത്തീരുകയാണ് അയാള്‍. ഒരു കാര്യത്തിലും ഒരു ബദലും അയാളുടെ ഉത്കണ്ഠയേ ആകുന്നുമില്ല. അയാള്‍ കഞ്ചാവു വലിക്കുകയും വേശ്യാഗമനം നടത്തുകയും ചെയ്യുന്നുണ്ട് എന്നു മാത്രമല്ല, കളിക്കൂട്ടുകാരിയില്‍ ആസക്തി തീര്‍ക്കുന്നുമുണ്ട്. അവളോടായാലും വീട്ടിലെ മനം മടുപ്പിക്കുന്ന കൃതൃമ ആര്‍ഭാടങ്ങള്‍ക്കു ബദലായി സാന്ത്വനവും സ്നേഹവും വിളമ്പുന്ന കളിക്കൂട്ടുകാരനോടായാലും ആരോടും അയാള്‍ക്ക് കടപ്പാടില്ല; സ്ഥായിയായ ഹൃദയ ബന്ധവും. എവിടെയും കീഴ്പ്പെടുത്തി അടിപ്പെടുത്തുക എന്നതാണ് അയാളുടെ രീതി, അതിനു മെരുങ്ങാത്തതിനെ ഇല്ലാതാക്കലും. ഗൃഹാതുരമായ സ്നേഹപാശത്തിന്റെ സ്പര്‍ശമായി അറിയുന്ന മുത്തച്ഛനെ പോലും, അയാളുടെ നിരര്‍ത്ഥകമായി നീണ്ടുപോകുന്ന ജീവിത ദുരിതവും ഒറ്റപ്പെടലും അവസാനിപ്പിക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും, കൊന്നുകളയാന്‍ അയാള്‍ ചിന്തിക്കുന്ന നിമിഷങ്ങളുണ്ട്‌. പാട്രിയാര്‍ക്കിയുടെ നീരാളിപ്പിടുത്തങ്ങളില്‍ നിശ്ശബ്ദ സഹനത്തിന്റെ മാതൃ ദുഃഖം മാത്രമായി ഒതുങ്ങിപ്പോവുന്ന അമ്മയോട് പോലും അയാള്‍ക്ക് ഹൃദയബന്ധമില്ല. പ്രണയത്തിനും രതിക്കും ഇടയിലെ അതിര്‍വരമ്പ് തീരെ നേര്‍ത്തുപോകുന്ന ആദിമപ്രകൃതക്കാരന്‍ (elemental man) എന്ന നിലയില്‍ കാമുകിയോടുള്ള അയാളുടെ ബന്ധവും ഉടമസ്ഥ ഭാവത്തിനും കീഴടക്കല്‍ ഭാവത്തിനും അപ്പുറം എന്തെങ്കിലും ആവുന്നില്ല. കളിക്കൂട്ടുകാരനെ പോലും വകവരുത്താന്‍ അയാളെ പ്രേരിപ്പിക്കുന്നത് വന്യമായ ഈ ഇരട്ട ഭാവങ്ങള്‍ തന്നെയാണ്.

    സാമ്പത്തിക അരക്ഷിതാവസ്ഥയോ പരാധീനതയോ ബേബിയുടെ അനുഭവ മണ്ഡലത്തില്‍ വിദൂര നിഴല്‍ പോലും വീഴ്ത്തുന്നില്ല. എന്നാല്‍, ബേബിയില്‍ നിന്ന് എല്ലാംകൊണ്ടും വ്യത്യസ്തനായ ജോജിയുടെ പ്രധാന പ്രശ്നം ഇവിടെയാണ്‌. ബേബിയില്‍ പ്രകടമായ പ്രണയ ഭംഗമോ രതിയോ ആസക്തിയോ മെരുങ്ങാപ്രകൃതത്തിന്റെ അന്യവല്‍ക്കരണമോ ജോജിയുടെ പ്രശ്നങ്ങളല്ല. അപ്പന്റെ സമ്പാദ്യത്തിൽ പങ്കുകിട്ടാതെ അങ്കലാപ്പിലാകുന്ന, നിലനിൽപ്പിന്റെ പുറമ്പോക്കിൽ ഇടറി നിൽക്കേണ്ടി വരുന്ന, ആജാനുബാഹുവും അടക്കി ഭരിക്കുന്നവനുമായ അപ്പന്റെ ശാരീരിക കരുത്തിനു മുന്നിൽ താൻ വെറും അശുവാണ് എന്നു തിരിച്ചറിയുന്നതിന്റെ അപകർഷം കടുംകൈ പരിഹാരങ്ങളിലേക്ക് വലിച്ചിഴക്കുന്ന ജോജി, ബേബിയുടെ കൂടപ്പിറപ്പേ അല്ല. ജോജി സ്വന്തം വഴികളിലെ ഭാഗ്യാന്വേഷണം പരാജയപ്പെട്ടു ജീവിതം കരുപ്പിടിപ്പിക്കാൻ അറ്റകൈ വഴികൾ തേടുന്ന ദുർബ്ബലനാണ്. ബേബിയുടെ ചങ്കൂറ്റമല്ല ജോജിയുടെ ഇടറിയിടറിയുള്ള കരുനീക്കങ്ങൾ. ഒരു ലക്ഷണമൊത്ത മാക്ക്യവെല്ലിയന്‍ കഥാപാത്രത്തിന്റെ ചങ്കുറപ്പോ, ചിന്തിച്ചുറച്ച നിഗ്രഹ/ വൈര നിര്യാതന ഭാവമോ ജോജിയില്‍ കണ്ടെത്താനാവില്ല. അയാള്‍ ദുര്‍ബ്ബലന്മാരുടെ മുന്നില്‍ മാത്രം ധൈര്യം കാണിക്കും. കൊച്ചു പയ്യനായ പോപ്പിയെ ‘ധൈര്യമുണ്ടോ തടയാന്‍?’ എന്ന് വെല്ലുവിളിക്കും. സ്ത്രീയെന്ന ശാരീരിക പരിമിതിയില്‍ ധൈര്യപ്പെട്ടു “ചെറ്റത്തരം പറഞ്ഞാല്‍..” എന്ന് ബിന്‍സിയെ ഭീഷണിപ്പെടുത്തും. അപ്പന്‍ തളര്‍ന്നു പോയി എന്നുറപ്പുള്ളപ്പോള്‍ ചലനമറ്റ കയ്യില്‍ കയറിപ്പിടിച്ചും സുരക്ഷിത അകലത്തില്‍ നിലയുറപ്പിച്ചും സര്‍ക്കാസം വിളമ്പും. എന്നാല്‍ തന്നെക്കാള്‍ പോന്നവരുടെ മുന്നില്‍ ചിലപ്പോള്‍ വിധേയപ്പെടും: ഉദാഹരണത്തിന് അപ്പന്റെ മുമ്പില്‍. ചിലപ്പോള്‍ മുട്ടാപ്പോക്കായി ചതിപ്രയോഗം നടത്തും. ജോമോന്റെ മുന്നില്‍ ഇത് കാണാം. വലിയ വീട്ടിലെ ആളെന്ന നിലയില്‍ തന്നെ ഭയപ്പെടുന്നുണ്ടാവും എന്ന ധാരണയില്‍ ജോലിക്കാരനോട് തട്ടിക്കയറുന്നത് അയാള്‍ നെഞ്ചു വിരിക്കുന്നതോടെ അടങ്ങും. എല്ലാത്തിലും അപകര്‍ഷ ബോധമുള്ള ഒരാളുടെ ഗൂഡമായ കരുനീക്കങ്ങളാണ് അയാളുടെ അറ്റകൈ പ്രയോഗങ്ങള്‍. എന്നാല്‍ എല്ലായിപ്പോഴും അയാളുടെ പ്രതികരണങ്ങളില്‍ ഒരു ഉടന്തടി സ്വഭാവമുണ്ട്: ആ നൈരന്തര്യമില്ലായ്മയാണ് അയാളുടെ നൈരന്തര്യം. ഇതിനു പിന്നിലെ ആത്യന്തിക ലക്ഷ്യം എന്നിടത്താണ് അയാളുടെ ആര്‍ത്തിയെന്ന ഘടകം കടന്നുവരുന്നത്‌. ബേബിയില്‍ കാണാവുന്ന കൂസലില്ലായ്മ, ആരൊക്കെ അറിഞ്ഞാലും കാര്യമാക്കുന്നില്ല എന്ന നിസ്സംഗത ജോജിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ‘ഐ ഡു നോട്ട് ഡിസെര്‍വ് ദിസ് എന്നൊക്കെ നിഷ്കളങ്കന്‍ കളിക്കാന്‍ അവസാന നിമിഷവും അയാള്‍ ശ്രമിക്കുന്നത് ബിന്‍സി മുമ്പൊരിക്കല്‍ പറയുന്ന ആ മാസ്ക്ക് അയാളുടെ സ്ഥായീഭാവം ആയിത്തീര്‍ന്നതു കൊണ്ടാണ്. അയാള്‍ക്ക് പ്രത്യക്ഷങ്ങള്‍ (appearances) സൂക്ഷിച്ചേ പറ്റൂ. അത് തകരുന്ന നിമിഷം അയാള്‍ ഇല്ലാതാകുന്നു. ‘ജോജി, മതി..!’ എന്ന ബിന്‍സിയുടെ രണ്ടു വാക്കുകളില്‍ അയാളുടെ മുഖംമൂടി അഴിഞ്ഞു പോകുന്നത് അതുകൊണ്ടാണ്. പിന്നെ ജെയ്സനെ ബ്ലാക്ക്മെയില്‍ ചെയ്തു വരുതിയില്‍ നിര്‍ത്താന്‍ അയാള്‍ നടത്തുന്ന ഒരവസാന ശ്രമം മറ്റൊരു അറ്റകൈ കുതറിപ്പിടച്ചില്‍ ആയേ കാണേണ്ടതുള്ളൂ. ‘ഇതാണെന്റെ റിയാലിറ്റി..!’ എന്ന് സ്വയം വെളിപ്പെടുത്തുന്നത് അയാളെ വീര പരിവേഷത്തിലേക്ക് ഉയര്‍ത്തുന്നതിനു പകരം അതയാളെ ഇല്ലാതാക്കണം എന്നതു കാവ്യനീതി.

ചുരുക്കത്തില്‍, ബേബി ഒരു കാലഘട്ടത്തിന്റെ സാമൂഹിക ദാര്‍ശനിക അന്തരീക്ഷം സ്വാംശീകരിച്ച ചലച്ചിത്രകാരന്റെ സൃഷ്ടി എന്ന നിലയില്‍ ഒരു ക്ലാസ്സിക് ആയിത്തീര്‍ന്നപ്പോള്‍, ‘ജോജി ഒരാദി ചോദനയുടെ വിളയാട്ടങ്ങളില്‍ കരുവായിപ്പോകുന്ന മനുഷ്യപ്രകൃതിയുടെ ആവിഷ്കാരമാണ്. തെറ്റ് ചെയ്യുന്നവരില്‍ ചിലര്‍ മാത്രം വിലയൊടുക്കുകയും ഒരു തെറ്റും ചെയ്യാത്തവരും ബാലിയാടാവുകയും ചെയ്യുന്ന ദുരന്തങ്ങളുടെ ആത്യന്തിക നിയതത്വമില്ലായ്മ എന്ന പ്രമേയത്തില്‍ ഊന്നുന്നു എന്നതാണ് ‘ജോജിയിലെ ഷേക്സ്പിയറിയന്‍ സ്വാധീനം എന്നു നിരീക്ഷിക്കാം. ജോജിയുടെ ആവശ്യവും ബിൻസിയുടെ ആവശ്യവും ഏറിയോ കുറഞ്ഞോ മറ്റുള്ളവരുടെ ആഗ്രഹങ്ങളും, പ്രത്യേകിച്ചു ന്യായീകരിക്കാവുന്ന ആവശ്യം ഒന്നുമില്ലാഞ്ഞിട്ടും ‘കോടീശ്വരാ..!’ എന്ന ഒറ്റവിളിയിലൂടെ മക്ബത്തിലെ മൂന്നു ദുര്‍മ്മന്ത്രവാദിനികളെ പോലെ ബന്ധുവായ ഡോ. ഫെലിക്സ് (ഷമ്മി തിലകന്‍) പാകുന്ന പ്രലോഭനത്തിന്റെ സമ്മര്‍ദ്ദവും ഒരേ ട്രജക്റ്ററിയിൽ വന്നു മുട്ടുന്നു എന്നിടത്താണ് ചിത്രത്തിലെ മക്ബത് സൂചകങ്ങൾ പ്രസക്തമാകുന്നത്. ആര്‍ത്തിയുടെ/ ആഗ്രഹ ചിന്ത അങ്കുരിപ്പിക്കുന്നതിന്റെ ഘടകങ്ങൾ അതാണ്. ജോമോനിലൂടെ പ്രകടമാകുന്ന ധാർമ്മിക ശരിയുടെ പ്രതിനിധാനം തീരെ ദുർബ്ബലമോ ഫലപ്രാപ്തി ഇല്ലാത്തതോ ലക്ഷ്യം തെറ്റിയതോ ആണ് എന്നതാണ് ജോജിയുടെ വളഞ്ഞവഴിക്ക് താൽക്കാലിക വിജയം നൽകുന്നത്. ‘അപ്പന്റെ മരണം ചേട്ടനും ആഗ്രഹിച്ചതല്ലേ..?” എന്ന ബിന്‍സിയുടെ ചോദ്യത്തിനു മുന്നില്‍ ജെയ്സനും ഉത്തരം മുട്ടുന്നുണ്ട്. അഭിമാനിക്കാൻ ഒന്നുമില്ലാത്ത വിജയം, ആരും ഒന്നും നേടാത്ത തികഞ്ഞ പരാജയം എന്ന ദുരന്തബോധത്തിലാണ് 'ജോജി' നിലയുറപ്പിക്കുന്നത്.

    പിതൃ-പുത്ര ദുരന്ത ക്ലാസിക്കുകളുടെ തീക്ഷ്ണ വഴിയില്‍ മറ്റൊരു സ്വാധീനം കൂടി അബോധത്തിലെങ്കിലും രചയിതാക്കളെ ബാധിച്ചിട്ടുണ്ട് എന്ന് ഈ ലേഖകന്‍ കരുതുന്നു. നിധികാക്കുന്ന ഭൂതമായ പനച്ചേല്‍ കുട്ടപ്പനെന്ന (പി. എന്‍. സണ്ണി) നിരാര്‍ദ്ര പിതൃ ബിംബത്തില്‍ ഫയദോര്‍ പാവലോവിച് കരമസോവിന്റെ ജനിതകം വ്യക്തമാണ്‌ എന്നാണ് എന്റെ തോന്നല്‍. ചിത്രത്തിന്‍റെ ക്രെഡിറ്റില്‍ മക്ബെത് മാത്രം സൂചിതമാകുമ്പോഴും സഹോദരങ്ങളുടെ പാത്രസൃഷ്ടികളിലും കരമസോവ് സഹോദരങ്ങളുടെ സ്വാധീനം പ്രകടമാണ് എന്ന് പറയാം. എന്നാല്‍, കടപ്പാടിന്റെയോ കടമെടുപ്പിന്റെയോ മടുപ്പില്ലാതെ സ്വതന്ത്രരായിരിക്കാന്‍ കഴിയും വിധം കഥാപരിസരത്തിനും കഥാപാത്രങ്ങള്‍ക്കും ദേശകാല യഥാതഥത്വം നല്‍കാന്‍ സംവിധായകനും രചയിതാവിനും കഴിഞ്ഞിട്ടുണ്ട്: ലേഡി മാക്ബത്തിന്റെ ചാര്‍ച്ചക്കരിയായ ബിന്‍സിയുടെയും (ഉണ്ണിമായ പ്രസാദ്‌), നിഷ്ഫല ആദര്‍ശവാദിയായ (‘മനസ്സാക്ഷിയാണ് ജോമോന്റെ മാനിഫെസ്റ്റോ) ജോമോന്റെയും (ബാബുരാജ്) പാത്രസൃഷ്ടികളില്‍ ഇത് തെളിഞ്ഞുകാണാം.

    കരമസോവ് സഹോദരങ്ങളുടെയും മാക്ബെത്തിന്റെയും സമാനമായ പിതൃ-പുത്ര ദുരന്ത ക്ലാസിക്കുകളുടെയും തീക്ഷ്ണ വഴിയില്‍ മികച്ചൊരു ദുരന്ത കഥ എന്ന് ‘ജോജി’യെ വിളിക്കാം. അന്യനാക്കപ്പെടുന്നതിന്റെ അനാഥത്വവും അപകര്‍ഷ ബോധവും സൃഷ്ടിക്കുന്ന പ്രതികാരവാഞ്ചയും ശാരീരിക പരിമിതിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ കടുംകൈകളിലേക്ക് തിരിയാന്‍ നിര്‍ബന്ധിതനാകുന്ന ജോജിയായി ഫഹദ് ഫാസില്‍ ഒരിക്കല്‍ കൂടി സ്വയം മത്സരിക്കുന്നു: ഫഹദ് എന്ന നടനു മുന്നില്‍ തല്‍ക്കാലം അയാള്‍ മാത്രമേയുള്ളൂ. എന്നാല്‍ അഭിനയ മികവില്‍ ഒന്നിനൊന്നു മികച്ച പ്രടനങ്ങളുമായി ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്‌, ജോജി മുണ്ടക്കയം, ബാസില്‍ ജോസഫ്, പി.എന്‍. സണ്ണി തുടങ്ങിയവരും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കൊവിഡ് സാഹചര്യം സൃഷ്ടിച്ച തിരക്കില്ലായ്മയും പ്രൊഫഷനില്‍ മുഴുകാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന ആര്‍ട്ടിസ്റ്റുകളുടെ അദമ്യമായ മോഹവും തങ്ങളുടെ വേഷങ്ങളില്‍ ആണ്ടുമുഴുകാന്‍ ഓരോരുത്തരെയും അങ്ങേയറ്റം പ്രേരിപ്പിച്ചു എന്ന് തോന്നും അവരുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍. ജസ്റ്റിന്‍ വര്‍ഗ്ഗീസ് ഒരുക്കിയ പശ്ചാത്തല സംഗീതത്തെ കുറിച്ച് ‘ഹാറ്റ്സ് ഓഫ് എന്നേ പറയാനുള്ളൂ. സ്ക്രിപ്റ്റിംഗിലെ ഡറ്റൈലിംഗ് ഇത്തിരി കൂടിപ്പോയോ എന്ന സന്ദേഹം ആദ്യഭാഗത്തു തോന്നിക്കുമെങ്കില്‍ പോകെപ്പോകെ കുടുംബ ബന്ധങ്ങളില്‍ മൂടിക്കിടക്കുന്ന അസുഖകരമായ രഹസ്യങ്ങള്‍ സൂക്ഷ്മമായി വെളിപ്പെടുന്നത് അതിനെ തികച്ചും ന്യായീകരിക്കുന്നുണ്ട്. ശ്യാം പുഷ്കരന്‍ ദുര്‍മ്മേദസ്സില്‍ അഭിരമിക്കുന്ന തിരക്കഥാകൃത്തല്ല എന്നു വീണ്ടും തെളിയിക്കുന്നു. ‘മഹേഷും’ ‘തൊണ്ടിമുതലും’ മുമ്പേ സാക്ഷ്യപ്പെടുത്തിയിട്ടുള്ള പോലെ, ലാന്‍ഡ്‌സ്കേപ്പിനെ കഥാഗതിയുടെ ഭാഗമാക്കുന്ന ആ പോത്തേട്ടന്‍ ബ്രില്ല്യന്‍സ് കുറേകൂടി ദീപ്തമായി ഇവിടെ കാണാം. ‘ഇരക’ളോടും ഫോളിയോ എഡിഷന്‍ മക്ബത്തിനോടും ചേര്‍ത്തുവെച്ചു ‘ഹോ, ആ ഗംഭീര പൌരാണികം..!’ എന്നു നെടുവീര്‍പ്പിടുന്ന സ്വയം പുതുക്കാന്‍ തയ്യാറില്ലാത്ത പഴമ ഭക്തന്മാരോട് ഇതേ പറയാനുള്ളൂ: ക്ലാസ്സിക്കുകൾ അവിടെ ഉണ്ടാവും. എന്നുവെച്ച് ഇനിയങ്ങോട്ട് ആരും നിലതെറ്റിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൂടാ എന്നൊക്കെ പറയുന്നത് കുരുടൻ ആനയെ കാണുന്ന സാഹിത്യകുറ്റാന്വേഷമാണ്.


No comments:

Post a Comment