Featured Post

Tuesday, December 16, 2025

Hamnet (2025) Direction- Chloé Zhao (125 min) (USA)

 




If the novel shattered your heart, the movie will numb you in unspeakable grief.

ഒരു സിനിമ കണ്ടു ഇതുപോലെ ഉറഞ്ഞുപോയ അനുഭവം ഈ അടുത്ത കാലത്തില്ല. മാഗി ഓഫെരലിന്റെ നോവല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വായിച്ചത്. ഇതൊരു സിനിമയാകുന്നെങ്കില്‍ അതിനെങ്ങനെയാണ് നോവലിന്റെ അഗാധതയോട് നീതി പുലര്‍ത്താനാകുക എന്ന് ഓര്‍ത്തുപോയിരുന്നു അന്നേ.. പക്ഷെ ചലച്ചിത്രകലയുടെ മര്‍മ്മം അറിയാവുന്ന ഒരു സംവിധായിക (Chloé Zhao - Songs My Brothers Taught Me (2015), The Rider (2017), Nomadland (2020)) തുനിഞ്ഞിറങ്ങുമ്പോള്‍ അത് ഉജ്ജ്വലമായി സംഭവിക്കും. എനിക്ക് ഈ ചിത്രത്തില്‍ എല്ലാം സ്വപ്നതുല്യമായാണ് അനുഭവപ്പെട്ടത്: പതിനേഴാം നൂറ്റാണ്ടിന്റെ ഇംഗ്ലീഷ് നാട്ടുമ്പുറത്തിന്റെയും അതിരുടുന്ന കാടോരത്തിന്റെയും നിഗൂഡവും വന്യവുമായ മിസ്റ്റിക് സൌന്ദര്യത്തോടൊപ്പം ചിത്രത്തിന്‍റെ അടിയൊഴുക്കാകുന്ന, ചകിതാവസ്ഥ പടര്‍ത്തുന്ന അന്തരീക്ഷവും ‘സംഭവ വികാസവുംഒപ്പം ലണ്ടന്‍ തിയേറ്റര്‍ സാഹചര്യത്തിന്റെ ബഹളവും, പ്രേക്ഷകരും അഭിനേതാക്കളുമെന്ന അതിര്‍വരമ്പ് നേരത്ത് പോകുന്ന അക്കാലത്തെ  സ്റ്റേജ് സാഹചര്യവും എന്നിങ്ങനെ എതിരറ്റങ്ങളില്‍ നിലയുറപ്പിക്കുന്ന ലോകം ഒപ്പിയെടുക്കുന്ന ക്യാമറ ആദ്യ ഷോട്ടില്‍ത്തന്നെ എന്താണ് കാത്തുവെക്കുന്നത് എന്ന സൂചന നല്‍കുന്നുണ്ട് –മുഖ്യ കഥാപാത്രത്തെ പ്രകൃതിയുടെ മടിയില്‍ ഒരു fetal position-ല്‍ കാണിക്കുന്ന ആ ആദ്യ ഷോട്ട് ‘എപിക് എന്ന് വിളിക്കാം. അത് ആ കഥാപാത്രത്തെ കുറിച്ചുള്ള വാചാലമായ ഒരു സമ്മറി ആയിരുന്നു എന്ന് ചിത്രം കണ്ടു തുടങ്ങുമ്പോള്‍ ബോധ്യപ്പെടും. ഭിന്ന ലോകങ്ങളിലൂടെ, അജഗജാന്തരമുള്ള മാനസിക വ്യാപരങ്ങളിലൂടെ, കൊടുങ്കാറ്റു പിടിച്ച അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പാത്രസൃഷ്ടികളും പശ്ചാത്തലവും അനുഭവിപ്പിക്കുന്നതില്‍ പശ്ചാത്തലസംഗീതം പകരുന്ന കരുത്തും എടുത്തു പറയണം. ‘പീരിയഡ് ഡ്രാമ ഴോനറില്‍ വസ്ത്രാലങ്കാരം പോലുള്ള ഘടകങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ബന്ധപ്പെട്ട വിഭാഗങ്ങളും അടുത്ത ഓസ്കാര്‍ പരിഗണനയില്‍ തീര്‍ച്ചയായും മുന്നിലുണ്ടാകും. അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരം സംവിധായികയും നോവലിസ്റ്റും ചേര്‍ന്നെഴുതിയ തിരക്കഥക്ക് ലഭിച്ചാല്‍ അതൊരു അര്‍ഹിച്ച അംഗീകാരം മാത്രമായിരിക്കും. ഒപ്പം ചിത്രം കണ്ടവര്‍ക്ക് മറക്കാനാകാത്ത സ്റ്റെര്‍ലിംഗ് പെര്‍ഫോമന്‍സുകള്‍ കൊണ്ടാണ് ഈ ചിത്രം ചരിത്രമായേക്കുക. മഹാമേരുവായ, എന്നാല്‍ കുടുംബത്തില്‍ ഇടതുകൈ മാത്രമായ ഭര്‍ത്താവിന്റെ അഭാവത്തില്‍ കുടുംബഭാരത്തിനും ആകാവുന്നതെല്ലാം ചെയ്തിട്ടും അത് വേണ്ടപ്പോള്‍ വേണ്ടപോലെ തികയാതെ പോയതിന്റെ കുറ്റബോധത്തിനും ഇടയില്‍ നീറുന്ന ആന്‍യിസ് എന്ന അമ്മയും കുടുംബിനിയുമായി നിറഞ്ഞാടുന്ന ജെസ്സി ബക്ക് ലിയുടെ പ്രകടനം മികച്ച നടിക്കുള്ള പുരസ്‌കാരം നേടണം എന്നുതന്നെ ആഗ്രഹിക്കുന്നു. വില്‍ ആയി പോള്‍ മെസ്കല്‍, കൊച്ചു ഹാമ്നെറ്റ് ആയി ജെകൊബി ജുപേ, ഹാംലെറ്റ് ആയി നോവാ ജുപേ തുടങ്ങിയവരും അവിസ്മരണീയ പ്രകടനം നടത്തുന്നുണ്ട്.

മുന്നറിയിപ്പ്: ചിത്രാന്ത്യത്തിലെ ഏതാണ്ട് ഇരുപതു മിനിറ്റോളം നിങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയവും കണ്ണീരും പിടിച്ചു നിര്‍ത്താന്‍ കഴിയണം; എന്നെപ്പോലെ കണ്ണീര് അത്ര ലജ്ജാകരം ഒന്നുമല്ലെന്ന് കരുതുന്നവര്‍ക്ക് വിശേഷിച്ചും...

നോവലിനെ കുറിച്ച്:  

ഷേക് സ്പിയറെ പോലെ ഒരു മഹാമേരുവിനെ പിന്‍ നിരയില്‍ നിര്‍ത്തി ലോകമറിയാത്ത / ലോകത്തെ അറിയാത്ത അദ്ദേഹത്തിന്റെ ഭാര്യയെ ആഖ്യാന കേന്ദ്രത്തില്‍ കൊണ്ടുവരികകാലഘട്ടത്തിന്റെ അജ്ഞതകളും അര്‍ദ്ധജ്ഞാനങ്ങളും കൊണ്ട് ദുരന്തത്തിലേക്ക് നടന്നു നീങ്ങുന്ന കുടുംബത്തെ അവതരിപ്പിക്കുകലോകമറിയുന്ന നാടകകാരനെ പരാജയപ്പെട്ട/ വിശ്വസ്തനല്ലാത്ത  കാമുകനും ഭര്‍ത്താവും പിതാവുമായി അവതരിപ്പിക്കുകജീവിതം തുടങ്ങുക മാത്രം ചെയ്ത നിഷ്കളങ്കനായ ഒരു കൌമാരക്കാരനെ അവക്കെല്ലാമിടയില്‍ ബലിയാടാക്കി പാത്രസൃഷ്ടി നടത്തുക... ഒരാദ്യ രചനയില്‍ ഒരെഴുത്തുകാരിക്ക് ഏറ്റെടുക്കാന്‍ അത്രക്കങ്ങു സുരക്ഷിതമല്ലാത്ത വെല്ലുവിളികള്‍ ആണ് ഇവയെല്ലാം. എന്നാലോഅവിടെയും ഒതുങ്ങുന്നുമില്ല. ലണ്ടനിലെ നാടകവേദിയുടെയും ഒരു ഭാര്യക്കും പൊറുക്കാനാകാത്ത അഗമ്യഗമന ജീവിത രീതികളുടെയും തിരക്കുകളില്‍ ഒരിക്കലും കുഞ്ഞുമക്കളുടെ വിളിപ്പുറത്ത് ഇല്ലാതിരുന്നിട്ടും ആ കുഞ്ഞുമകനും സഹോദരിയും തമ്മിലുള്ള ആത്മൈക്യം തന്റെ നാടകങ്ങളിലെ വിഖ്യാത ഇരട്ടകള്‍ക്ക് പ്രൊടോടൈപ്പുകള്‍ ആക്കി ആഘോഷിക്കുകഅതും പോരാഞ്ഞ് അതേ കുഞ്ഞിന്റെ ദുരന്തത്തെ പ്രചോദനമാക്കി തന്റെ ഏറ്റവും വിഖ്യാതമായ കൃതി രചിക്കുകയും ലോക നാടകാചാര്യ പദവി സ്വായത്തമാക്കുകയും ചെയ്യുക -  ഒരമ്മയ്ക്കും സഹിക്കാനാകാത്ത ഇത്തരം പ്രൊഫഷനല്‍ ഒറ്റുകളാണോ ഷേക് സ്പിയര്‍ എന്ന അതികായനെ സൃഷ്ടിച്ചത്?

അതോ,

തനിക്കു കൂട്ടിരിക്കാനാകാത്ത കുഞ്ഞുമക്കളെ നിരന്തരം കൂടെ നിര്‍ത്താനുള്ള അയാളുടെ ഉപായമായിരുന്നോ വയോലയേയും സെബാസ്റ്റ്യനേയും പോലെ തമ്മില്‍ മാറിപ്പോകാവുന്ന ഇരട്ടകള്‍?

അഥവാ, കുഞ്ഞുമകനെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്നതിന്റെ പ്രായശ്ചിത്തമായിരുന്നോമകന്‍ (ഹംനെറ്റ്) ഇല്ലാത്ത കാലത്ത് നാടകത്തിലൂടെ അവനെ (ഹാംലെറ്റ്) ഉയിര്‍പ്പിക്കുകയും അവന്റെ ദയക്കുവേണ്ടി ജന്മാന്തരങ്ങള്‍ കടന്നെത്തുന്ന പിതാവിനെ ചിത്രീകരിക്കുകയും ചെയ്യുന്നതിലൂടെ ചെയ്തുവെച്ചത്‌?

പിതാവിന്റെ അഭാവത്തിലും കുഞ്ഞുമക്കളെ ചിറകിനടിയില്‍ ഒതുക്കാന്‍ പാടുപെട്ടു തോറ്റുപോകുന്ന ജനനിയുടെ ദുഖത്തിന്റെ ആഴമാണ് ഉടലിലും ആത്മാവിലും അവരനുഭവിക്കുന്ന അപചയമായി നോവലിസ്റ്റ് വരച്ചുവെച്ചത്.  മഹാമാരികള്‍ക്കുമുന്നില്‍ തളര്‍ന്നു പോകുമ്പോഴും അതിലേറെ അവരെ വേദനിപ്പിക്കുക കുറ്റബോധമാണ്: ഗണികയുടെ തൃക്കണ്ണ് ഉണ്ടായിട്ടും, ആത്മാവിന്റെ കൂടെപ്പിറപ്പായ സഹോദരിയുടെ അതിജീവനത്തിനു പകരമായി വിധിയുടെ മൂര്‍ത്തികള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ സ്വന്തം ഉയിരുകൊടുത്ത കുഞ്ഞുമകന്റെ ദുരന്തം വരുന്നത് അറിയാനായില്ലല്ലോ എന്നതിന്റെ.

മനോവിജ്ഞാനീയ തലങ്ങളില്‍ വായിക്കപ്പെടേണ്ട ഒട്ടേറെ തലങ്ങളുള്ള നോവലാണ്‌ ‘Hamnet.’

നോവലിനെ കുറിച്ചുള്ള എന്റെ ലേഖനം ഇവിടെ വായിക്കാം... 

https://alittlesomethings.blogspot.com/2024/07/hamnet-by-maggie-ofarrell.html


No comments:

Post a Comment