Featured Post

Showing posts with label Horror. Show all posts
Showing posts with label Horror. Show all posts

Tuesday, December 16, 2025

Hamnet (2025) Direction- Chloé Zhao (125 min) (USA)

 




If the novel shattered your heart, the movie will numb you in unspeakable grief.

ഒരു സിനിമ കണ്ടു ഇതുപോലെ ഉറഞ്ഞുപോയ അനുഭവം ഈ അടുത്ത കാലത്തില്ല. മാഗി ഓഫെരലിന്റെ നോവല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വായിച്ചത്. ഇതൊരു സിനിമയാകുന്നെങ്കില്‍ അതിനെങ്ങനെയാണ് നോവലിന്റെ അഗാധതയോട് നീതി പുലര്‍ത്താനാകുക എന്ന് ഓര്‍ത്തുപോയിരുന്നു അന്നേ.. പക്ഷെ ചലച്ചിത്രകലയുടെ മര്‍മ്മം അറിയാവുന്ന ഒരു സംവിധായിക (Chloé Zhao - Songs My Brothers Taught Me (2015), The Rider (2017), Nomadland (2020)) തുനിഞ്ഞിറങ്ങുമ്പോള്‍ അത് ഉജ്ജ്വലമായി സംഭവിക്കും. എനിക്ക് ഈ ചിത്രത്തില്‍ എല്ലാം സ്വപ്നതുല്യമായാണ് അനുഭവപ്പെട്ടത്: പതിനേഴാം നൂറ്റാണ്ടിന്റെ ഇംഗ്ലീഷ് നാട്ടുമ്പുറത്തിന്റെയും അതിരുടുന്ന കാടോരത്തിന്റെയും നിഗൂഡവും വന്യവുമായ മിസ്റ്റിക് സൌന്ദര്യത്തോടൊപ്പം ചിത്രത്തിന്‍റെ അടിയൊഴുക്കാകുന്ന, ചകിതാവസ്ഥ പടര്‍ത്തുന്ന അന്തരീക്ഷവും ‘സംഭവ വികാസവുംഒപ്പം ലണ്ടന്‍ തിയേറ്റര്‍ സാഹചര്യത്തിന്റെ ബഹളവും, പ്രേക്ഷകരും അഭിനേതാക്കളുമെന്ന അതിര്‍വരമ്പ് നേരത്ത് പോകുന്ന അക്കാലത്തെ  സ്റ്റേജ് സാഹചര്യവും എന്നിങ്ങനെ എതിരറ്റങ്ങളില്‍ നിലയുറപ്പിക്കുന്ന ലോകം ഒപ്പിയെടുക്കുന്ന ക്യാമറ ആദ്യ ഷോട്ടില്‍ത്തന്നെ എന്താണ് കാത്തുവെക്കുന്നത് എന്ന സൂചന നല്‍കുന്നുണ്ട് –മുഖ്യ കഥാപാത്രത്തെ പ്രകൃതിയുടെ മടിയില്‍ ഒരു fetal position-ല്‍ കാണിക്കുന്ന ആ ആദ്യ ഷോട്ട് ‘എപിക് എന്ന് വിളിക്കാം. അത് ആ കഥാപാത്രത്തെ കുറിച്ചുള്ള വാചാലമായ ഒരു സമ്മറി ആയിരുന്നു എന്ന് ചിത്രം കണ്ടു തുടങ്ങുമ്പോള്‍ ബോധ്യപ്പെടും. ഭിന്ന ലോകങ്ങളിലൂടെ, അജഗജാന്തരമുള്ള മാനസിക വ്യാപരങ്ങളിലൂടെ, കൊടുങ്കാറ്റു പിടിച്ച അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പാത്രസൃഷ്ടികളും പശ്ചാത്തലവും അനുഭവിപ്പിക്കുന്നതില്‍ പശ്ചാത്തലസംഗീതം പകരുന്ന കരുത്തും എടുത്തു പറയണം. ‘പീരിയഡ് ഡ്രാമ ഴോനറില്‍ ...................

https://www.fazalrahman.com/movies/article/hamnet-2025



Wednesday, April 23, 2025

At Night All Blood is Black by David Diop / Anna Moschovakis

 നരകത്തിലും വര്‍ണ്ണ വിവേചനമുണ്ട്



(സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പിന്റെ At Night All Blood Is Black: A Novel  ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം നേടിയ നോവലാണ്‌. ഒരു നൂറ്റാണ്ടിനിപ്പുറം ഒന്നാം ലോക യുദ്ധത്തിലെ കിടങ്ങുകളില്‍ അടിഞ്ഞു പോയ ജീവിതങ്ങളുടെ കഥയിലേക്ക്‌ തികച്ചും വ്യത്യസ്തവും നൂതനവുമായ ഒരു വീക്ഷണത്തില്‍ കടന്നു ചെല്ലുകയാണ് നോവലിസ്റ്റ് ഇവിടെ.)

 

യുദ്ധത്തെ ‘എല്ലാവരുടെയും പിതാവ്എല്ലാവരുടെയും രാജാവ്’ (‘the father of all and the king of all’) എന്ന് നിര്‍വ്വചിച്ചത് ഗ്രീക്ക് തത്വ ചിന്തകന്‍ ഹെരാക്ലിറ്റസാണ്. ആ വീക്ഷണത്തില്‍ നാം നശ്വര മനുഷ്യര്‍ യുദ്ധത്തിന്റെ അസന്തുഷ്ടരായ മക്കളും പ്രജകളുമാണ്. ലോകോത്തര സാഹിത്യ കൃതികളുടെ കാര്യത്തിലും ഇതുതന്നെ ശരി എന്നു പറയാം. ഇന്ത്യന്‍യവന, റോമന്‍, ഹീബ്രു പുരാണങ്ങള്‍, ഇതിഹാസ കാവ്യങ്ങള്‍, ചരിത്രാഖ്യായികകള്‍ എന്നിവയെല്ലാം യുദ്ധങ്ങളെ ചുറ്റിപ്പറ്റിയോ അവയെ കേന്ദ്രീകരിച്ചോ രചിക്കപ്പെട്ടവയാണ്. മഹാഭാരതംഇലിയഡ്‌ഒഡീസ്സിതുടങ്ങിയവയെല്ലാം ആ അര്‍ഥത്തില്‍ “യുദ്ധ സാഹിത്യം” (war literature) തന്നെയാണ്. “പുരാതന പാശ്ചാത്യ സാഹിത്യത്തില്‍ മുഴുവന്‍ ട്രോജന്‍ യുദ്ധം ചെലുത്തിയ സ്വാധീനം കേന്ദ്രസ്ഥാനീയമാണ്, ആദ്യകാല പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് ആകെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒറ്റവിഷയം തെരഞ്ഞെടുത്താല്‍ അത് അതുതന്നെയാണ്” *(1).  മധ്യകാല സാഹിത്യത്തെ അടയാളപ്പെടുത്തുന്ന ‘റൊമാന്‍സ്’ (medieval romances) കൃതികള്‍ എല്ലാം തന്നെ യുദ്ധവും പ്രണയവുമെന്ന ദ്വന്ദ്വത്തിലാണ് കേന്ദ്രീകരിക്കുന്നത്. ആധുനിക സാഹിത്യത്തിന്റെ തന്നെയും സ്ഥിതി വ്യത്യസ്തമല്ല. ടോള്‍സ്റ്റോയിയുടെ War and Peace, ഡിക്കന്‍സിന്റെ A Tale of Two Cities പോലുള്ള ക്ലാസ്സിക്കുകള്‍ സാക്ഷ്യപ്പെടുത്തുന്ന ഈ പാരമ്പര്യത്തിലേക്ക് രണ്ടു ലോക യുദ്ധങ്ങള്‍വിയറ്റ്നാംകംബോഡിയബര്‍മ്മകൊറിയതുടങ്ങിയ ചരിത്ര സംഘര്‍ഷങ്ങള്‍ വിഷയമാക്കിയ ഒട്ടേറെ കൃതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒന്നാം ലോക യുദ്ധം ഇവിടെ സാന്ദര്‍ഭികമായി കൂടുതല്‍ പ്രസക്തമാണ്. റബേക്ക വെസ്റ്റ് (The Return of the Soldier-2018)ഐസക് ബാബേല്‍ (Red Cavalry – 1926)ഹെമിംഗ് വെ (A Farewell to Arms-1929)എറിക് മരിയ റമാര്‍ക്ക് (All Quiet on the Western Front-1929)തുടങ്ങിയ അതികായര്‍ മുതല്‍ സെബാസ്റ്റ്യന്‍ ഫോക്സ് (Birdsong- 1993)പാറ്റ് ബാര്‍ക്കര്‍ (Regeneration Trilogy-1991-1994), ജെരോസ്ലാവ് ഹാസെക് (The Good Soldier Švejk- 2005) തുടങ്ങിയ സമകാലികരായ എഴുത്തുകാര്‍ വരെ ഫിക് ഷനില്‍ നിബന്ധിക്കുന്ന ഈ തീക്കാലത്തെ തികച്ചും വ്യത്യസ്തവും അപൂര്‍വ്വവുമായ ഒരു വീക്ഷണകോണില്‍ ആവിഷ്കരിക്കുന്ന കൃതിയാണ് സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പ് രചിച്ച At Night All Blood Is Black‘യുദ്ധകഥയും ദൃഷ്ടാന്തകഥയും മിത്തും സമന്വയിപ്പിക്കുന്ന’ ‘ബിബ്ലിക്കല്‍ അനുരണനങ്ങള്‍ ഉള്ള പ്രതികാര കഥ’ എന്നു വിവരിക്കപ്പെട്ട *(2) തന്റെ പ്രഥമ നോവലില്‍ ലോക യുദ്ധത്തില്‍ അധിനിവേശ ശക്തികള്‍ക്കു വേണ്ടി പോരാടിയ ആഫ്രിക്കക്കാരായ കഥാപാത്രങ്ങളെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്അതുവഴി ഫ്രഞ്ച് കൊളോണിയല്‍ ചരിത്രത്തില്‍ ഒട്ടുമുക്കാലും തമസ്കരിക്കപ്പെട്ടവടക്കന്‍ ഫ്രാന്‍സിലെ യുദ്ധഭൂമികളില്‍ പതിനായിരങ്ങള്‍ ഹോമിക്കപ്പെട്ട ചരിത്രത്തിലെ ഭീകരമായ ഒരനുഭവ കാണ്ഡം ആവിഷ്കരിക്കുകയുമാണ്‌.

കലാ സിദ്ധാന്തങ്ങളില്‍ യുദ്ധം ഇടപെടുന്നു..

പത്തു മില്ല്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഒന്നാം ലോകയുദ്ധം യൂറോപ്പ്യന്‍ ആയുധസാങ്കേതികതയെ മാത്രമല്ല കലാതത്വങ്ങളെ തന്നെയും അടിമുടി മാറ്റിക്കളഞ്ഞു. യന്ത്രവല്‍കൃത പൈശാചികതയുടെ മുമ്പില്‍ പഴയ യഥാതഥവാദം കാലഹരണപ്പെട്ടതിന്റെ ഫലമായി പുതിയ ആവിഷ്കാര രീതികള്‍ ആവശ്യമായി വന്നു. ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/at-night-all-blood-is-black-by-david-diop-anna-moschovakis

   

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 330-341)

To purchase, contact ph.no:  8086126024



Saturday, February 22, 2025

Bramayugam (2024) / Rahul Sadasivan

 

ഭ്രമയുഗം – ഴോണര്‍ തനിമയുടെ വിജയം



(ഭ്രമയുഗമെന്ന ചിത്രം ഹൊറര്‍ ഴോനറിന്റെ കലര്‍പ്പില്ലാത്ത തനിമ നിലനിര്‍ത്തുന്നതിലൂടെ പ്രസ്തുത വിഭാഗത്തിലെ ക്ലാസിക്കുകളോട് ചേര്‍ന്ന് നില്‍ക്കുകയും ചരിത്രബദ്ധവും രാഷ്ട്രീയപ്രബുദ്ധവുമായ ഒന്നായി ചിത്രത്തിന്റെ തലങ്ങളെ ബഹുമുഖമാക്കുകയും ചെയ്യുന്നു.)

 

ഫസല്‍ റഹ്മാന്‍

 

മലയാള സിനിമ, സിനിമയുടെ സൗന്ദര്യാത്മകത്തനിമ തിരിച്ചുപിടിക്കാനുള്ള ഗൗരവപൂർണ്ണമായ ശ്രമങ്ങൾ നടത്തിത്തുടങ്ങുന്നു എന്നത് ഏറെ ആഹ്ലാദകരമാണ്. പ്രാഥമികമായി ദൃശ്യമാധ്യമം എന്ന നിലയിൽ സിനിമയുടെ സാധ്യതകൾ ഉപയോഗിക്കുന്നതോടൊപ്പം ശബ്ദമിശ്രണം, ബി ജി എം തുടങ്ങിയ ഘടകങ്ങളെ കൃതൃമത്വമില്ലാതെ പ്രമേയഗാത്രത്തിൽ വിളക്കിചേർക്കുന്നതിൽ പുതിയ ചലച്ചിത്രകാരന്മാർ ഏറെ ശ്രദ്ധചെലുത്തുന്നുണ്ട്. പ്രാസംഗികമായ ആശയപ്രകാശനം എന്ന ബാധ്യതയൊന്നും അവരെ ഭ്രമിപ്പിക്കുന്നില്ല എന്നത് സിനിമയോടുള്ള കലാപരമായ സമീപനത്തെ വെളിവാക്കുന്നു. സര്‍ഗ്ഗോന്മാദത്തിന്റെ സാക്ഷാത്കാരത്തിന് മറ്റൊരു പരിഗണനയും തടസ്സമാകരുത് എന്ന് കരുതുന്ന  ചലച്ചിത്രകാരന്മാര്‍ ഏറിവരുന്നു. ഫാസ്റന്റസിക്കും റിയാലിറ്റിക്കും ഇടയിൽ പാലം പണിയുന്നതിന്റെ സൗന്ദര്യലഹരി ഈ ചലച്ചിത്രസൃഷ്ടാക്കളെ സിനിമയുടെ മഹദ്പൈതൃകങ്ങളുടെ നേരവകാശികൾ ആക്കുന്നുണ്ട്‌. പ്രമേയപരമായ ഉള്ളടക്കമാണ് പ്രധാനം എന്നു നിഷ്കർഷിക്കുന്ന പ്രതിബദ്ധസമീപനങ്ങൾ മറുവശത്ത് തുടരുന്നതും കാണാമെങ്കിലും അവിടെയും വിട്ടുവീഴ്ച്ച കൂടാതെ പ്രകോപനപരമായ സത്യസന്ധതയോടെ സിനിമ എടുക്കുന്നവരുടേതാണ് പുതിയ കാലം. സ്ത്രീപക്ഷ/ ഭിന്നരതി താലപര്യപ്രമേയങ്ങൾ, വനിതാ സംവിധായകരുടെ കടന്നുവരവ് തുടങ്ങിയ മുന്നേറ്റങ്ങളും ഇതോടു ചേർത്തുപറയാം.

 https://wtplive.in/Niroopanam-Vimarshanam/fazal-rahman-about-bhramayugam-movie-as-a-success-of-genre-fidelity-5658

തനിമ / പാക്കേജ്

 

ഭ്രമയുഗം സിനിമ ഭ്രമിപ്പിക്കുന്നത് കുറെയേറെ സിനിമാറ്റിക് ഘടകങ്ങളുടെ അളന്നുമുറിച്ച പ്രയോഗം സാധ്യമായത് കൊണ്ടാണ്. അതിൽ എടുത്തു പറയേണ്ടത് ഴോണറുകളോട് സത്യസന്ധത (genre fidelity) സൂക്ഷിക്കുന്നു എന്നതാണ്. ചലച്ചിത്ര സംസ്കാരത്തനിമയിലേക്കുള്ള തിരിച്ചുപോക്കിന്റെ ആഹ്ലാദകരമായ അടയാളം കൂടിയാണ് പുതിയ സിനിമാ പ്രതിഭകൾ ഴോണറുകളോട് പുലർത്തുന്ന സത്യസന്ധത. ലോക ക്ലാസിക്കുകൾ നിരീക്ഷിച്ചാൽ വ്യക്തമാകുന്ന കാര്യം നല്ല സിനിമ എപ്പോഴും ഴോണർ സത്യസന്ധത നിലനിർത്തും എന്നതാണ്. മ്യൂസിക്കൽ / കോമഡി / ആക്ഷൻ / മെലോഡ്രാമ / സെന്റിമെന്റൽ / ത്രില്ലർ എന്നുവേണ്ട 'എല്ലാം ചേർന്ന എന്റെർറ്റൈനെർ പാക്കേജ്' എന്ന അവിയൽകൂട്ടാണ് ഇന്ത്യൻസിനിമയെ എക്കാലവും ലോകസിനിമയിൽ പടിക്കു പുറത്തു നിർത്തിയത്. മലയാള സിനിമയിൽ ഈയടുത്ത കാലത്ത് ഈ പ്രവണതക്ക് മാറ്റം വരുന്നുണ്ട് എന്നതിന്റെ മികച്ച ഉദാഹരണമാണ് രാഹുൽ സദാശിവൻ. ബ്ലെയർവിച്ച് പ്രോജക്റ്റ് പോലുള്ള സ്വാധീനങ്ങൾ പ്രകടമായ റെഡ് റെയ്ന്‍  ഇന്ന് കാണുമ്പോൾ, ഹോളിവുഡ് സ്കെയിലില്‍ മാത്രം സാക്ഷാത്കരിക്കാനാകുന്ന അന്യഗ്രഹജീവി ആക്രമണം പോലുള്ള തീം കൈകാര്യം ചെയ്യാനുള്ള ശ്രമത്തില്‍ സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലർ എന്ന നിലയില്‍ അമേച്ചർ ആയിപ്പോയതായി തോന്നാം. ഭൂതകാലത്തിലെത്തുമ്പോൾ മികച്ച കൈയ്യടക്കമുള്ള സംവിധായകൻ ആയി മാറിയ ചലച്ചിത്രകാരനെ കാണാം. എഡ്ഗാര്‍ അല്ലന്‍ പോയുടെ The Fall of the House of Usher, ഹെന്‍ റി ജെയിംസിന്റെ The Turn of the Screw തുടങ്ങിയ ക്ലാസിക്കുകകളുടെ മികച്ച ചലച്ചിത്രഭാഷ്യങ്ങളെ ഓര്‍മ്മിപ്പിച്ചു ഭൂതകാലം. ഭ്രമയുഗത്തില്‍ എത്തുമ്പോള്‍ കുറേക്കൂടി ആഴത്തില്‍ ഹൊറർ ത്രില്ലർ ഴോണറിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്ന ഒരു ചലച്ചിത്രകാരനെ ആണ് നാം കാണുന്നത്.

ഴോണറിനോട് സത്യസന്ധത പുലർത്തുമ്പോൾ ആ വിഭാഗത്തിലെ ക്ലാസിക്കൽ പാരമ്പര്യത്തോടു ചേർന്ന് നിൽക്കാനും ഒപ്പം തന്റേതായ രീതിയില്‍ പ്രസ്തുത സാധ്യതകളില്‍ പരീക്ഷണങ്ങള്‍ നടത്താനും അതിന്റെ അതിരുകളെ വികസിപ്പിക്കാനും (explore & extend)  ചലച്ചിത്രകാരന് ഒരു വഴി തുറന്നു കിട്ടുകയാണ്. മുർനോയുടെ Nosferatu , Faust തുടങ്ങിയവ പോലെ ജർമൻ എക്സ്പ്രഷനിസ്റ്റ് മാസ്റ്റർപീസുകൾ തീർച്ചയായും ഭ്രമയുഗത്തില്‍ ഓർമ്മിക്കപ്പെടുന്നുണ്ട്. ബോധപൂർവ്വമായ പിന്തുടരൽ എന്നതിലേറെ, ഴോണറിൽ ലയിച്ചു ചേർന്ന തനതു ബിംബകൽപ്പനകൾ, നിഴലും വെളിച്ചവും കൊണ്ട് തീർക്കപ്പെടുന്ന കറുപ്പും വെളുപ്പും മാജിക് തുടങ്ങിയ രൂപത്തിലാണ് ഈ സ്വാധീനങ്ങൾ പ്രവർത്തിക്കുന്നത്. കാലഗണനാ സൂചന എന്നത് മാത്രമല്ല ചിത്രം ബ്ലാക്ക് & വൈറ്റില്‍ സാക്ഷാത്കരിച്ചതിനു കാരണം എന്നും ഇതില്‍നിന്നു വ്യക്തമാകുന്നു. ഇവിടെയെല്ലാം ഴോണർ സത്യസന്ധത എന്നത്, സിനിമയുടെ സൗന്ദര്യാത്മക (cinema aesthetics) തനിമ തിരിച്ചുപിടിക്കാനുള്ള ഗൗരവപൂർണ്ണമായ ശ്രമത്തിന്റെ ഭാഗമാണ്.

 

ചരിത്രവും രാഷ്ട്രീയവും

 https://wtplive.in/Niroopanam-Vimarshanam/fazal-rahman-about-bhramayugam-movie-as-a-success-of-genre-fidelity-5658

അതേസമയം, തന്റെ മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് ചരിത്രബദ്ധവും രാഷ്ട്രീയപ്രബുദ്ധവുമായ ഒന്നായി പുതിയ ചിത്രത്തിന്റെ തലങ്ങളെ ബഹുമുഖമാക്കാനും ചലച്ചിത്രകാരന് കഴിയുന്നു എന്നത് മേല്‍പ്പറഞ്ഞ genre അതിരുകളെ വികസിപ്പിക്കുന്നതിന്റെ നിദര്‍ശനമാണ്. മറ്റു വാക്കുകളില്‍, ഴോണർ സത്യസന്ധത എന്നത് ഒരേസമയം പൂര്‍വ്വസൂരികള്‍ തെളിച്ച വഴി പിന്തുടരുകയെന്ന താരതമ്യേന പ്രവചനീയമായ മാര്‍ഗ്ഗമാണ്, ഒപ്പം, അതിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമം എന്ന നിലയില്‍ ശ്ലാഘനീയമായ മുന്നോട്ടുപോക്കും.

അടിമച്ചന്തയില്‍ നിന്ന് ഒളിച്ചോടുന്ന അധ:സ്ഥിതരായ മനുഷ്യരിലൂടെ തുടങ്ങുന്ന ചിത്രം അതിന്റെ ചരിത്രപരമായ പക്ഷപാതിത്തം തുടക്കത്തിലേ വെളിപ്പെടുത്തുന്നുണ്ട്. കേരളീയ പൊതുബോധം സാമാന്യേന തമസ്കരിച്ചിട്ടുള്ള ഇരുണ്ട ഭൂതകാലചരിത്രത്തെ ആഖ്യാനത്തില്‍ കൊണ്ടുവരുന്നതിലൂടെ, ആഫ്രിക്കന്‍ അടിമക്കച്ചവട ചരിത്രത്തെ കുറിച്ചൊക്കെ അങ്ങേവീട്ടിലെ അത്യാഹിതംപോലെ വാചാലനാകുന്ന പ്രബുദ്ധമലയാളി 'തെരഞ്ഞെടുത്ത/ കൂട്ട മറവി'യില്‍ (selective/ collective amnesia) അടച്ചിട്ട ഒരു 'ഭീകരതയുടെ അറ' (chamber of horrors) യിലേക്കാണ് ചിത്രം കടന്നുചെല്ലുന്നത്. പക്ഷെ രക്ഷ തേടി ഓടുന്നവര്‍ എത്തിച്ചേരുന്നത് സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്കൊന്നുമല്ല. ഇരുണ്ട ദുഷ്ടശക്തികള്‍ പ്രലോഭനങ്ങളും വഴിമുടക്കികളും മരണവുമായി കാത്തിരിക്കുന്ന വന്യതയിലേക്കും കാലഘട്ടത്തിന്റെ അധികാരമേല്‍ക്കോയ്മയുടെ കാവലാളായ ദുര്‍ഭൂതത്തിന്റെ കോട്ടയിലേക്കുമാണ്. കോട്ട പ്രതിനിധാനം ചെയ്യുന്ന ജീര്‍ണ്ണത കേവലം ബാഹ്യപ്രത്യക്ഷമല്ല എന്നര്‍ത്ഥം. ദുഷ്ടശക്തികളുടെ ഉപാസകന്‍ (devil worshipper) എന്ന പതിവു ദുര്‍മ്മന്ത്രവാദ കള്ളികള്‍ക്കപ്പുറം പോകുന്ന കോട്ടയുടമ, നന്മ-തിന്മാ പ്രതീകവല്‍ക്കരണത്തിന്റെ ആദിരൂപമായ ദൈവം - സാത്താന്‍ സങ്കല്‍പ്പത്തിലേക്കു തന്നെ കടന്നിരിക്കുകയും ഉപാസകന്‍ എന്നതില്‍ നിന്നു തിന്മയുടെ മൂര്‍ത്തി (Devil incarnate) തന്നെയായി അവതരിക്കുകയും ചെയ്യുന്നു. പാശ്ചാത്യവും പൌരസ്ത്യവുമായ ദര്‍ശനങ്ങളിലെല്ലാം പോറ്റിയുടെ വന്‍പാപങ്ങള്‍ വ്യക്തമാണ്‌: അധികാരപ്രമത്തത, താന്‍പോരിമ, ദൈവത്തെ വെല്ലുവിളിക്കല്‍ (power obsession, megalomania, aspiring godhead) . "ദൈവമല്ലല്ലോ, ഞാനല്ലേ തന്നെ രക്ഷിച്ചത്‌...!" എന്ന അയാളുടെ വെല്ലുവിളി ആത്മീയമായിത്തന്നെ തേവനെ ദൈവസന്നിധിയില്‍ നിന്ന് തന്റെ സാത്താനിക സാമ്രാജ്യത്തിലേക്ക് കൂട്ടാനുള്ള തുടക്കമാണ്. അവിടെ, അയാളുടെ ചതുരംഗക്കളിയില്‍ നിസ്വനായ വഴിപോക്കന് ആയുസ്സു മാത്രമാണ് പണയവസ്തു. സുഖലോലുപതക്കുള്ള ആര്‍ത്തിയില്‍ ആയുസ്സ് ദുഷ്ടമൂര്‍ത്തിക്ക് പണയം വെക്കുകയെന്ന ഫോസ്റ്റിയന്‍ സമവാക്യത്തെ, തേവന്റെ തല്‍സമയ അതിജീവനത്തിന്റെ ഗതികേടിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് പോറ്റി. കിരാതമൂര്‍ത്തിയുടെ കോട്ട ഭേദിക്കുകയെന്ന ദുസ്സാധ്യമായ ദൗത്യനിര്‍വ്വഹണം അയാള്‍ക്ക് അതിജീവനത്തിനുള്ള ഏകമാര്‍ഗ്ഗമായി പരിണമിക്കുന്നു. മടുപ്പുബാധിച്ച, ദുര്‍മ്മുഖനായ വെപ്പുകാരന്‍ അയാളെ സഹായിക്കാനെത്തുന്നത് അയാളും അതേവിധിയില്‍ ബന്ധിതനാണ് എന്നതുകൊണ്ടാണ്. എന്നാല്‍, അതിജീവനവും അധികാരവും ഒന്നായി പരിണമിക്കുകയും രണ്ടിന്റെയും ഉത്പന്നം ഹിംസാത്മകത മാത്രമാകുകയും ചെയ്യുന്നിടത്ത്  ഇരയും വേട്ടക്കാരനുമെന്നത് സ്ഥായിയായ സ്വത്വങ്ങളല്ലെന്നും അവ ഏതുനിമിഷവും പരസ്പരം പ്രച്ഛന്നപ്പെട്ടേക്കാമെന്നും ചിത്രം സൂചിപ്പിക്കുന്നു. അധ:സ്ഥിതന്റെ കുനിഞ്ഞ ശിരസ്സില്‍ നിന്ന് ചിത്രാന്ത്യത്തിലെ തേവന്റെ ശരീരഭാഷയില്‍ സംഭവിക്കുന്ന പ്രകടമായ മാറ്റം, ഇടതു ചെവിയിലെ കടുക്കന്‍ വലതു ചെവിയിലേക്ക് മാറുന്നതു പോലെത്തന്നെ, ഈ വെച്ചുമാറലിന്റെ സൂചനയാകാം. ഏതു കലാപവും മോചനമാര്‍ഗ്ഗം എന്നതുപോലെ പുത്തന്‍ അധികാരിവര്‍ഗ്ഗത്തിന്റെയും അവരുടെ കയ്യിലെ ഹിംസാത്മകതയുടെയും ഉയര്‍ച്ചക്കും കാരണമാകാം. നാടുവാഴിത്തവും ബ്രാഹ്മണ മേധാവിത്തവും കൊളോണിയല്‍ അധിനിവേശത്തിനു വഴിമാറുന്നത്‌ സൂചിപ്പിച്ചു വെക്കുന്ന ചിത്രം, ഇനിയൊരു അധ:സ്ഥിത മുന്നേറ്റമുണ്ടായാലും സംഭവിക്കുക ഹിംസാത്മകതയിലേക്ക് അതേ അധ:സ്ഥിതന്റെ പരകായമായിരിക്കും എന്ന് പറഞ്ഞുവെക്കുകയാവാം. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം ലഭിക്കുകയെന്നും അതുകൊണ്ട് പാട്ടുകാരനായ പാണന് അയിത്തം ബാധകമല്ല എന്നുമെല്ലാം വലിയവായില്‍ തത്വം പറയുന്ന പോറ്റി, തന്റെ അധികാര അപ്രമാദിത്തത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഇപ്പറഞ്ഞ പാണനോടും കാണിക്കുന്നില്ല എന്നത് എല്ലാം, ഒടുവില്‍, അധികാര സമവാക്യത്തിലാണ് കുടിക്കൊള്ളുന്നത് എന്ന് കാണിക്കുന്നു. തിരക്കഥാ രചനയില്‍ സംവിധായകനോടൊപ്പം പങ്കാളിയായ കൃതഹസ്തനായ എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണനെ പോലെ ഒരാളുടെ ആറ്റിക്കുറുക്കിയ സംഭാഷണ ശകലങ്ങള്‍ ചരിത്രത്തിന്റെ ഐറണിയെ സംബന്ധിച്ച ഈ ഉത്കണ്ഠകളെല്ലാം ന്യൂനോക്തിയില്‍ ധ്വനിപ്പിക്കുന്നുണ്ട്.

 https://wtplive.in/Niroopanam-Vimarshanam/fazal-rahman-about-bhramayugam-movie-as-a-success-of-genre-fidelity-5658

ഴോണർ പാരമ്പര്യത്തിലേക്ക്..

 

ചിത്രത്തിലെ ഇതിനോടകം പലരും വ്യക്തമാക്കിയ റഫറന്‍സുകള്‍, നേരത്തെ സൂചിപ്പിച്ച ഴോണർ സത്യസന്ധത എന്ന വിഷയവുമായി ബന്ധപ്പെടുത്തി കാണാവുന്നതാണ്. അടിമ ആഖ്യാനങ്ങളില്‍ (Slave narratives) സാധാരണമായ തുടക്കമാണ് വനത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കല്‍. എന്നാല്‍ ഇവിടെ അതിനെ സംക്രമിപ്പിക്കുന്നത് പുരുഷസംഹാരിണിയായ ഒരു പ്രകൃത്യതീത വശീകരണക്കാരിയുടെ (supernatural seductress/ vamp / femme fatale )  തദ്ദേശീയ പതിപ്പായ യക്ഷിയുടെ ഇടത്തിലേക്കാണ്. വഴിപോക്കരുടെ/ അധ:സ്ഥിത യുവാവിന്റെ നാശത്തിനു കാരണമാകുന്ന ഇതേ യക്ഷിയെ പോറ്റിയുടെ അവിശുദ്ധ ബാന്ധവത്തിന്റെ പങ്കാളിയായും നാം കാണുന്നു. ഡ്രാക്കുള കോട്ടയേയും കഥാപാത്രത്തെയും വ്യക്തമായും ഓര്‍മ്മിപ്പിക്കുന്ന പാത്രസൃഷ്ടിയും പശ്ചാത്തലസൃഷ്ടിയും ഇവിടെ വ്യക്തമാണ്‌. പോറ്റി, തേവനെ സ്വാഗതം ചെയ്യുന്ന രംഗവും രീതിയും കപ്പോളയുടെ ചിത്രത്തില്‍ (Bram Stoker's Dracula-1992-  Francis Ford Coppola) ഡ്രാക്കുള പ്രഭു ആദ്യമായി ജോനാതാന്‍ ഹാര്‍ക്കറെ തന്റെ കോട്ടയില്‍ സ്വീകരിക്കുന്ന രംഗത്തെ ശരിക്കും ഓര്‍മ്മിപ്പിക്കുന്നുണ്ട്. "എന്റെ വീട്ടിലേക്ക് സ്വാഗതം. താങ്കളുടെ സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രനായി അകത്തു വരിക. എന്നിട്ട് താങ്കള്‍ കൊണ്ടുവരുന്ന സന്തോഷത്തില്‍ അല്‍പ്പം ഇവിടെ വിട്ടേച്ചു പോവുക. (Welcome to my home. Enter freely of your own will and leave some of the happiness you bring.)" എന്നാല്‍, ഗാരി ഓള്‍ഡ്‌മാന്‍ അവതരിപ്പിക്കുന്ന ഡ്രാക്കുള പ്രഭുവിന്റെ മറ്റേതോ ലോകത്തുനിന്നെന്ന പോലുള്ള ശബ്ദസാന്നിധ്യവും സൂക്ഷ്മപരിഹാസം വമിക്കുന്ന ഭാവവും ഇവിടെയും പ്രകടമാണെങ്കിലും, ബ്ലീച്ചു ചെയ്തപോലുള്ള മുഖവും നിര്‍ണ്ണയിക്കാനാവാത്ത പ്രായാധിക്യവും മെടഞ്ഞിട്ട നീണ്ട തലമുടി നല്‍കുന്ന എന്നോ പോയ്മറഞ്ഞ കാലത്തിന്റെ സൂചനയും ചേരുന്ന നരകപ്രത്യക്ഷം (hellish appearance) പോറ്റിയുടെ കഥാപാത്രത്തില്‍ അവസാന അനാവരണഘട്ടം വരെയും ദൃശ്യമല്ല. പകരം അയാളുടേത് പരുക്കനും കരുത്താര്‍ന്നതുമായ മധ്യവയസ്കന്റെ ശരീരഭാഷയാണ്. ഇടിഞ്ഞുപൊളിഞ്ഞ ജീര്‍ണ്ണമായ മനയില്‍ തങ്ങിനില്‍ക്കുന്ന പിടികിട്ടാത്ത ദുരൂഹ അന്തരീക്ഷസൃഷ്ടിയില്‍ കപ്പോളയുടെ ശബള പൌരാണികതയെക്കാള്‍ മുര്‍നോ ക്ലാസ്സിക്ക് (Nosferatu), ഹെര്‍സോഗ് ക്ലാസിക് (Nosferatu the Vampyre - Werner Herzog) എന്നിവയിലെ വികാരശൂന്യമായ മിനിമല്‍ സമീപനങ്ങളാണ് കാണാനാകുക.

പോറ്റിയുടെ കഥാപാത്ര സൃഷ്ടിയില്‍ ലീനമായ അധികാരപ്രമത്തതയും താന്‍പോരിമയും ദൈവതുല്യ/ എതിരാളി ഭാവവും മനസ്സില്‍ കൊണ്ടുവന്ന അനുരണനങ്ങളില്‍ ഏറ്റവും പ്രധാനമായി ഈ ലേഖകന് അനുഭവപ്പെട്ടിട്ടുള്ളത്‌ ആല്‍പച്ചിനോയുടെ ജോണ്‍ മില്‍ട്ടന്‍ (The Devil's Advocate- 1997), ഒട്ടേറെ മികച്ച ചലച്ചിത്ര ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുള്ള ബുള്‍ഗാക്കോവിന്റെ പ്രൊഫസര്‍ വോലണ്ട് (The Master and Margarita - Mikhail Bulgakov) എന്നീ കഥാപാത്രങ്ങളാണ്. ബുള്‍ഗാകോവ് ക്ലാസിക്കിന് 2005ല്‍ പുറത്തിറങ്ങിയ റഷ്യന്‍ മിനി സിരീസ് (Vladimir Bortko), 1972ല്‍ പുറത്തിറങ്ങിയ സെര്‍ബോ-ക്രോയേഷ്യന്‍ അനുകല്‍പ്പനം (Aleksandar Petrović) എന്നിവ പ്രത്യേകം ഓര്‍ക്കുന്നു. ആല്‍പച്ചിനോയുടെ പകര്‍ന്നാട്ടത്തിലെ ഉന്മത്താവസ്ഥ അതിഗംഭീരമായി തന്റെതായ ശൈലിയില്‍ മമ്മൂട്ടിയും അവതരിപ്പിക്കുന്നത്‌ ചിത്രത്തിന്‍റെ സബ് ടൈറ്റിലിനെ ന്യായീകരിക്കുന്നു: 'ഉന്മാദത്തിന്റെ കാലം (the age of madness)'. ഉപശീര്‍ഷകത്തിന്റെ രാഷ്ട്രീയ ധ്വനികള്‍ നേരത്തെ സൂചിപ്പിച്ചു.

 

അതീതാനുഭവങ്ങള്‍ പകരാനുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ അപാരസാധ്യതകള്‍ സംവിധായകന്റെ ഉള്ളറിഞ്ഞ് പ്രയോജനപ്പെടുത്തിയ ശഹ്നാദ് ജലാലിന്റെ ക്യാമറ, ദുരൂഹത തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തിന്റെ വീര്‍പ്പുമുട്ടലും ഏതു നിമിഷവും എവിടെയും പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുഴക്കങ്ങളും ശ്രാവ്യ ചിഹ്നങ്ങളും അനുഭവിപ്പിക്കുന്ന ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ചിത്രത്തെ എത്തിക്കുന്ന ഔന്നത്യങ്ങള്‍ ചെറുതല്ല. ക്യാമറ ആങ്കിളുകള്‍ നിര്‍ണ്ണയിച്ച രീതി അതീവ ഹൃദ്യമായി അനുഭവപ്പെട്ട ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്: പോറ്റിയും തേവനും ആദ്യമായി കാണുന്ന ഘട്ടം ഇതിനുദാഹരണമാണ്: പോറ്റി നില്‍ക്കുന്ന ഉയര്‍ന്ന പ്രതലവും താഴെ മണ്ണില്‍ ചവിട്ടിയുള്ള തേവന്റെ പ്രതലവും ഇരുവരും തമ്മിലുള്ള സാമൂഹിക അന്തരം സൂചിപ്പിക്കുന്നതോടൊപ്പം പോറ്റി ഈ ലോകത്തില്‍ തന്നെയാണോ അധിവസിക്കുന്നത് എന്ന സന്ദേഹം പ്രേക്ഷകരില്‍ ഉണര്‍ത്താനും പര്യാപ്തമാണ്. അടഞ്ഞ അറകളുടെ ക്ലോസ്ട്രോഫോബിക് അന്തരീക്ഷവും പ്രേത/ പാതള/ അപരലോകമെന്ന പ്രതീതിയുണര്‍ത്തുന്ന ശബ്ദ വിന്യാസങ്ങളും പോറ്റിയെയും അയാളുടെ ഭൂതകാലത്തെയും കുറിച്ചുള്ള അനാവരണങ്ങള്‍ക്ക് പ്രേക്ഷകരെ പാകപ്പെടുത്തുന്നു.

മമ്മൂട്ടിയെന്ന മഹാമേരുവിനോടൊപ്പം തുല്യപ്രഭാവത്തോടെ തിളങ്ങിനിന്ന അര്‍ജ്ജുന്‍ അശോകന്റെയും സിദ്ധാര്‍ഥ്‌ ഭരതന്റെയും പ്രകടനങ്ങളും ഇതിനോടകം ഒരേസ്വരത്തില്‍ എല്ലാവരുടെയും പ്രശംസ നേടിയെടുത്തുകഴിഞ്ഞു. അടക്കിപ്പിടിച്ച രോഷവും അര്‍ത്ഥശൂന്യമായ ജീവിതത്തിന്റെ മടുപ്പും ശരീരഭാഷയില്‍ ആവാഹിച്ച സിദ്ധാര്‍ഥ്‌ ഭരതനാണ് ശരിക്കും പ്രകടനത്തില്‍ കറുത്ത കുതിരയായത് എന്നാണ് ഈ ലേഖകന്റെ പക്ഷം.

 

ചിത്രത്തെ കുറിച്ച് തോന്നിയ വിയോജിപ്പ്‌ അന്ത്യഭാഗത്തെ അനാവരണ ദൃശ്യങ്ങളുടെ സ്ഥൂലതയോടാണ്. അറുപതുകളിലും എഴുപതുകളിലും വരെ ഹോളിവുഡില്‍ പോലും ഹൊറര്‍ ഴോണറില്‍ പ്രകടമായിരുന്ന ധ്വനിപ്പിക്കല്‍ രീതിക്കു പകരം ജുഗുപ്സയുണര്‍ത്തുന്ന സ്ഥൂലപ്രത്യക്ഷങ്ങളും കൃതൃമ ഗ്രാഫിക് ഡിസൈനുകളും അരങ്ങു വാഴാന്‍ തുടങ്ങിയതാണ് ഴോണറിനു പില്‍ക്കാലം സംഭവിച്ച അപചയം. നിഴലിനു സൃഷ്ടിക്കാനാകുന്ന ഭയം/ ഭീതി, രൂപത്തിന് സൃഷ്ടിക്കാനാകില്ല എന്നിടത്ത് ഇതിന്റെ വിശദീകരണം കാണാം. ഭാവനയിലാണ് (anticipation), തുറന്നുകാട്ടലില്‍ (exposing) അല്ല ഭീതിയുടെ താക്കോല്‍ എന്ന ഹിച്ച്കോക്കിന്റെ നിരീക്ഷണം horror/ mystery ഴോണറുകളുടെ അന്ത:സത്തയാണ്.

https://wtplive.in/Niroopanam-Vimarshanam/fazal-rahman-about-bhramayugam-movie-as-a-success-of-genre-fidelity-5658




Monday, June 24, 2024

Frankenstein in Baghdad by Ahmed Saadawi / Jonathan Wright

 സൃഷ്ടിയുടെ കൈത്തെറ്റായി അതിമാനുഷന്‍



(ഇറാഖി നോവലിസ്റ്റ് അഹമദ് സഅദാവിയുടെ ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ് എന്ന നോവലിനെ കുറിച്ച്. അമേരിക്കന്‍ അധിനിവേശാനന്തര ഇറാഖിന്റെ ദൈന്യവും അസംബന്ധവും ചൂഴ്ന്നു നില്‍ക്കുന്ന ദുരന്തം ആവിഷ്കരിക്കുന്ന നോവല്‍ 2014-ലെ അറബ് ബുക്കര്‍ പുരസ്കാരം സ്വന്തമാക്കുകയും മാന്‍ ബുക്കര്‍ പുരസ്കാത്തിനു ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

    മേരി ഷെല്ലിയുടെ മുനുഷ്യ നിര്‍മ്മിത ഭീകര രൂപിക്ക് രണ്ടു നൂറ്റാണ്ടിനിപ്പുറം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തന്നെ പശ്ചാത്തലത്തില്‍ ലോകത്തില്‍ ഏറ്റവും സംഘര്‍ഷ പൂരിതമായ ഒരു ഭൂപ്രദേശത്ത്‌ ഒരു പുനരവതാരം ഉണ്ടാകുകയാണ് ഇവിടെ. എന്നാല്‍ നോവലിന്റെ പശ്ചാത്തലം ഗോഥിക് ഹൊറര്‍ ചുറ്റുവട്ടങ്ങളിലേക്കല്ല, തികച്ചും കാഫ്കേയസ്ക് അന്തരീക്ഷത്തിലേക്കാണ് അനുവാചകനെ കൂട്ടിക്കൊണ്ടു പോകുന്നത്.) 

    അമേരിക്കന്‍ അധിനിവേശാനന്തര ഇറാഖിന്റെ ദൈന്യവും അസംബന്ധവും ചൂഴ്ന്നു നില്‍ക്കുന്ന ദുരന്തം ആവിഷ്കരിക്കുന്നതിന് ശവപ്രദര്‍ശനം എന്ന രൂപകം തെരഞ്ഞെടുക്കുന്നത് വിഖ്യാത ഇറാഖി എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഹസ്സന്‍ ബ്ലാസിം ആണ്. ശവപ്രദര്‍ശനവും മറ്റു ഇറാഖി കഥകളും എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും സര്‍വ്വനാശത്തിന്റെയും ശൈഥില്യത്തിന്റെയും പ്രതീക്ഷയറ്റ പാഴ്ഭൂമിയില്‍ കണ്ടും കൊണ്ടും മടുത്ത, അപമാനവീകരിക്കപ്പെട്ട കഥാപാത്രങ്ങളുടെ വികാരശൂന്യമായ മൃത്യുന്മാദമാണ് അവതരിപ്പിക്കുന്നത്‌. തലക്കെട്ട്‌ സൂചിപ്പിക്കുന്ന ആദ്യ കഥയിലെത് പോലെ മനുഷ്യ ഹത്യയെന്നത് ഒരു കലാകാരന് തന്റെ സര്‍ഗ്ഗപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന ഉന്മാദം പകരുന്ന, മികച്ച കൈയ്യടക്കവും സൗന്ദര്യ ദീക്ഷയും ആവശ്യമുള്ള, അനുവാചക ലോകത്തെ മുഗ്ധമാക്കാന്‍ കഴിയേണ്ട സാധനയായി മാറുന്ന വിപര്യയം ഹിംസയെ ഏതാണ്ട് കുലീനവും നിഷ്ഠബദ്ധവും തന്നെയായ ആഘോഷമാക്കി മാറ്റുന്നു. ഹസന്‍ ബ്ലാസിമിനെ ഇറാഖി കാഫ് കയെന്നു വിളിക്കാമെങ്കില്‍ ഇറാഖി ബെക്കറ്റ് എന്നു വിളിക്കപ്പെട്ട എഴുത്തുകാരനായ സമകാലിക ഇറാഖി സാഹിത്യത്തിലെ മറ്റൊരു വലിയ സാന്നിധ്യമായ സിനാന്‍ അന്തൂന്‍ രചിച്ച ‘ദി കോര്‍പ്സ് വാഷര്‍’ എന്ന നോവലിലും കുലത്തൊഴിലായ മയ്യിത്ത് കുളിപ്പിക്കല്‍ ജോലിയില്‍ സംഭവിക്കുന്ന പരിണാമങ്ങളാണ് മരണം അടക്കിവാഴുന്ന പുതുകാല ബാഗ്ദാദിനെ ചിത്രീകരിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നത്. മുമ്പ് വിസ്തരിച്ചും അചാരബദ്ധമായും ചെയ്തുവന്ന ജോലി പുതിയ സാഹചര്യത്തില്‍ അതിവേഗത്തിലും തിരക്കിട്ടും ചെയ്യേണ്ടി വരുന്നത് കുളിപ്പിക്കാനുള്ള മേശയിലേക്ക്‌ എത്തിച്ചേരുന്ന മയ്യിത്തുകളുടെ എണ്ണത്തിലുള്ള പെരുപ്പവും പലപ്പോഴും തിരിച്ചറിയാനോ നിശ്ചിത ആകാരത്തില്‍ നിലനിര്‍ത്താനോ കഴിയാത്ത അവലക്ഷണം പിടിച്ച ചിഹ്ന ഭിന്നമായ അവസ്ഥയും കാരണമാണ്. മൊഹ്സിന്‍ അല്‍ റംലിയുടെ ഡേറ്റ്സ് ഓണ്‍ മൈ ഫിംഗേഴ്സ് എന്ന നോവലിലെത്തുമ്പോള്‍ സ്നേഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഓര്‍മ്മകള്‍ കാരക്കയുടെ രുചിയുമായി ബന്ധപ്പെട്ടാണ് പ്രവാസിയായ നായകന്‍ ഓര്‍ത്ത്‌ വെക്കുന്നതെങ്കില്‍, ഇറാഖിന്റെ തന്നെ പ്രതീകമായിത്തീരുന്നത് അപാരമായ ഒരു പ്രതികാരവാഞ്ചയുടെ കൂടി ഓര്‍മ്മപ്പെടുത്തലായി അയാളുടെ പിതാവ് സൂക്ഷിക്കുന്ന ഒരു വെടിയുണ്ടയാണ്. മരണത്തിനു ഒരിക്കലും മതിവരാത്ത അര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ദേശത്തെ അടയാളപ്പെടുത്താന്‍ ഈ എഴുത്തുകാര്‍ കണ്ടെടുക്കുന്ന രൂപകങ്ങളിലും ചോര പുതഞ്ഞിട്ടുണ്ട് എന്ന് പറയാം.

 

മേരി ഷെല്ലിയില്‍ നിന്ന് കാഫ്കയിലേക്ക്  

 

    അധിനിവിഷ്ട ഇറാഖിനെ തരിപ്പണമായിക്കഴിഞ്ഞ ബാഗ്ദാദിന്റെ പശ്ചാത്തലത്തില്‍ നിശിതമായി ചിത്രീകരിക്കുന്ന നോവലാണ്‌ 2014-ലെ അറബ് ബുക്കര്‍ പുരസ്കാരം സ്വന്തമാക്കിയ ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ്. ചലച്ചിത്രകാരന്‍ കൂടിയായ അഹമദ് സഅദാവിയുടെ സര്‍റിയലിസ്റ്റിക് പ്രകൃതമുള്ള നോവല്‍, സയന്‍സ് ഫിക് ഷന്റെയും ഗോഥിക്, ഹൊറര്‍ ജോനറുകളുടെയും രീതികള്‍ യഥേഷ്ടം അവലംബിക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ മേരി ഷെല്ലിയുടെ മുനുഷ്യ നിര്‍മ്മിത ഭീകര രൂപിക്ക് രണ്ടു നൂറ്റാണ്ടിനിപ്പുറം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തന്നെ പശ്ചാത്തലത്തില്‍ ലോകത്തില്‍ ഏറ്റവും സംഘര്‍ഷ പൂരിതമായ ഒരു  ഭൂപ്രദേശത്ത്‌, കൊലയാളികള്‍ 'കര്‍ഷകന്റെ മണ്‍ വെട്ടി പോലെ' റൈഫിളുകള്‍ ചുമക്കുന്ന ഇടത്തില്‍ഒരു പുനരവതാരം ഉണ്ടാവുക കൂടിയാണ് നോവലില്‍ സംഭവിക്കുന്നത്‌. എന്നാല്‍ ഗോഥിക് ഹൊറര്‍ ജോനറിന്റെയൊ സര്‍റിയലിസ്റ്റ്/ മാജിക്കല്‍ റിയലിസ്റ്റ് ഫിക് ഷന്റെയൊ കള്ളികള്‍ക്കപ്പുറം തൊട്ടറിയാവുന്ന വിധം യഥാതഥവുമാണ് നോവലിലെ ബാഗ്ദാദ്. അവിടെ ജേണലിസ്റ്റുകളും സര്‍ക്കാര്‍ അധികാരികളും നൊവോടെല്‍ ആഡംബര ഹോട്ടലില്‍ സന്ധിക്കുകയും സാമൂഹികാവസ്ഥകള്‍ അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ട്; ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ ലക്ഷ്യത്തിലെത്താന്‍ ടാക്സിയാണോ ബസ്സാണോ നല്ലതെന്ന് ആളുകള്‍ തര്‍ക്കിക്കുന്നുണ്ട്; ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ഇരകളെ കൊരുത്തെടുക്കുന്നുണ്ട്; അല്ലെങ്കില്‍ അവരെത്തേടി ആവശ്യക്കാരെത്തുന്നുണ്ട്; ദിവസത്തെ മുഴുവന്‍ ബദ്ധപ്പാടുകള്‍ വാറ്റുചാരായത്തിന്റെ ലഹരിയില്‍ മുക്കിക്കൊല്ലുന്ന പുരുഷന്മാര്‍ തെറിക്കഥകളും ഗോസ്സിപ്പുകളും ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ഇവക്കൊപ്പം, ആളുകള്‍ കാന്‍വാസ് ചാക്കുകളുമായി സ്ഫോടന സ്ഥലങ്ങളില്‍ പോവുകയും ചിതറിത്തെറിച്ച യാത്രികരുടെ ഉടല്‍ ഖണ്ഡങ്ങള്‍ അവയില്‍ സംഭരിക്കുകയും ചെയ്യുന്നുമുണ്ട് എന്നതാണ് പുതിയ ബാഗ്ദാദിനെ ഒരു ഭീകര ദുസ്വപ്ന ഭൂമികയാക്കി മാറ്റുന്നത്. ഹിംസയുടെ ചാക്രികതയും അപ്പോഴും തുടരുന്ന അസംബന്ധ പൂര്‍ണ്ണമായ കറുത്ത ഹാസ്യവും ചേര്‍ന്ന് മേരി ഷെല്ലിയെക്കാള്‍ സഅദാവിയുടെ നോവല്‍ ചേര്‍ന്നു നില്‍ക്കുക കാഫ്കയോടാണെന്ന് വ്യക്തമാക്കുന്നുണ്ട്.

    ആര്‍ക്കും മതിപ്പില്ലാത്ത കുടിയനും യഥേഷ്ടം നുണകള്‍ പറയുന്നവനുമായ ആക്രിക്കച്ചവടക്കാരന്‍ ഹാദി തെരുവില്‍ കണ്ടെത്തുന്ന ഒരു നാസിക തന്റെ വീടിനരികിലെ ഷെഡില്‍ എത്തിക്കുന്നത് ഒരു തുന്നിച്ചേര്‍ക്കലിനാണ്. അവിടെ തന്റെ തൊഴിലിന്റെ ഭാഗമായ പാഴ് വസ്തുക്കള്‍ക്ക് മദ്ധ്യേ കിടക്കുന്ന പല ഉടലുകളില്‍ നിന്ന് തുന്നിക്കൂട്ടിയെടുത്ത ആള്‍രൂപത്തിന് – “നഗ്നനായ ഒരു മനുഷ്യന്റെ ജഡം, മങ്ങിയ നിറമുള്ള, ഒട്ടുന്ന സ്രവം ഉടല്‍ഭാഗങ്ങളില്‍ നിന്ന് ഒഴുകുന്ന” – അതാവശ്യമുണ്ട്. ബാഗ്ദാദിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ വിഭാഗീയ സംഘര്‍ഷങ്ങളുടെ ഇരയായ അയാള്‍ക്ക് ശരിയായ ഉടല്‍ നല്‍കുന്നതിലൂടെ അയാള്‍ക്കൊരു മാന്യമായ ഖബറടക്കം ലഭിക്കുമെന്ന് ഹാദി വിശ്വസിക്കുന്നു. 'ഞാനതിനെ സമ്പൂര്‍ണ്ണമാക്കി, അതുകൊണ്ട് ഇനിയത് വെറും ചവറെന്ന രീതിയില്‍ കൈകാര്യം ചെയ്യപ്പെടില്ല' എന്നാണു അയാള്‍ പറയുക. ‘എന്താണതിന്റെ പേര്’ (Whatsitsname) എന്നാണു അയാള്‍ തന്റെ വീരസ്യാപദാന ഘട്ടങ്ങളില്‍ തന്റെ സൃഷ്ടിയെ വിളിക്കുക. ഇതേ സമയം, തൊട്ടപ്പുറത്ത് തെരുവില്‍ ഒരു വലിയ ഓഫീസിനു വെളിയില്‍ നടക്കുന്ന സ്ഫോടനത്തില്‍ കൊല്ലപ്പെടുന്ന ഗേറ്റ് പാറാവുകാരനായ ഹസീബ് മുഹമ്മദ്‌ ജാഫര്‍ എന്ന നവയുവാവിന്റെ ആത്മാവ് എന്ത് സംഭവിച്ചു എന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഒരു ജോഡി പുകയുന്ന ചെരിപ്പുകള്‍ക്കപ്പുറം തന്റെ ജടത്തിന്റെതായി  ഒന്നും കണ്ടെത്താനാവാതെ അന്തം വിടുന്ന ഹസീബിന്റെ ആത്മാവിനോട് സെമിത്തേരിയിലെ മറ്റൊരു ടീനെജുകാരന്റെ ആത്മാവ് ഉപദേശിക്കുന്നു: പറ്റിയ ഒരു ഉടല്‍ കണ്ടെത്തുക, ഇല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും. പൊടുന്നനെ, ഒട്ടും തയ്യാറില്ലാത്ത രീതിയില്‍ മരിച്ചു പോകുന്ന ആളുടെ ആത്മാവ് സ്ഥലജല വിഭ്രാന്തിയോടെ പകച്ചു നില്‍ക്കുമെന്നും താനിപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന നിലയില്‍ പെരുമാറുമെന്നുമുള്ള ആശയം ക്രിസ് അബാനിയുടെ സോംഗ് ഫോര്‍ നൈറ്റ് പോലുള്ള ആഫ്രിക്കന്‍ നോവലുകളില്‍ കടന്നുവരുന്നുണ്ട്. ജോര്‍ജ്ജ് സോണ്ടെഴ്സിന്റെ ലിങ്കന്‍ ഇന്‍ ദി ബാര്‍ദോയിലും സമാന രംഗമുണ്ട്. വര്‍ക്ക് ഷെഡില്‍ തിരികെയെത്തുന്ന ഹാദി തന്റെ സൃഷ്ടിയെ കാണാനാവാതെ അങ്കലാപ്പിലാകുന്നതോടെ വായനക്കാര്‍ പരിചിതമായ ആ കഥാ പരിസരം പ്രതീക്ഷിച്ചു തുടങ്ങുന്നു. എന്നാല്‍ തുടര്‍ന്ന് നോവലിസ്റ്റിന്റെ ശ്രദ്ധ പതിയുന്നത്, സാറാ പെറി (ദി ഗാര്‍ഡിയന്‍) നിരീക്ഷിക്കുന്നത് പോലെ, മധ്യകാല മൊറാലിറ്റി സമ്പ്രദായത്തിലേത് പോലുള്ള ഒരസംബന്ധ ദൃഷ്ടാന്ത കഥയുടെ (absurdist morality fable ) രൂപത്തില്‍ വിഭാഗീയ സംഘര്‍ഷങ്ങളില്‍ ശിഥിലമാകുന്ന നാടിന്റെ ആവിഷ്കാരത്തിലാണ്.

 

പാത്രസൃഷ്ടിയിലെ അനന്ത ലോകം

     നോവലിന്റെ ഇതിവൃത്ത ധാരയില്‍ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. അതിലേറ്റവും പ്രധ സ്ഥാനീയയായി വരുന്നത് അസീരിയന്‍ ക്രിസ്ത്യന്‍ വിധവയായ എലിഷ് വാ മുത്തശ്ശിയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയി കാണാതായ മകന്‍ ഡാനിയേലിനെ കാത്തിരിക്കുന്ന മറവിരോഗം ബാധിച്ചു തുടങ്ങിയ വയോധിക. മെല്‍ബണില്‍ കുടിയേറിയ പെണ്‍മക്കള്‍ ഹില്‍ഡയും മെറ്റില്‍ഡയും നിര്‍ബന്ധിച്ചിട്ടും അവരോടൊപ്പം പോകാതെ ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ബാഗ്ദാദില്‍ പാരമ്പര്യ വീട്ടില്‍ തനിച്ചു കഴിയുന്നത്‌ മകന്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ്. പുറപ്പാടുകള്‍ വിഷയമാകുന്ന കൃതികളില്‍ പിറന്ന ദേശം വിട്ടു പോകാന്‍ വിസമ്മതിക്കുന്ന വയോധിക കഥാപാത്രങ്ങള്‍ സാധാരണമാണ്. സ്റ്റെയ്ന്‍ ബെക്കിന്റെ ‘ഗ്രേയ്പ്സ് ഓഫ് റാത്തി’ലെ ഗ്രാന്‍ഡ്‌പാ ജോഡ്, ചിമമാന്‍ഡാ അദീചിയുടെ ‘ഹാഫ് ഓഫ് എ യെല്ലോ സണ്‍’ എന്ന നോവലിലെ മമ്മ തുടങ്ങി ഒട്ടേറെ മാതൃകകളുണ്ട് ഇക്കാര്യത്തില്‍. കാഴ്ച ശക്തിയും ദുര്‍ബ്ബലമായ എലിഷ് വാ മുത്തശ്ശി ഹാദിയുടെ സത്വത്തെ ദാനിയേല്‍ തിരികെ വന്നതായി തെറ്റിദ്ധരിക്കുകയും ജുഗുപ്സയുനര്‍ത്തുന്ന ആരൂപത്തില്‍ അസ്വാഭാവികതയൊന്നും കാണാതിരിക്കുന്നതിലും ഫലിതോക്തി കലര്‍ന്നതെങ്കിലും സ്വാഭാവികതയുണ്ട്. മുമ്പ് ബാത്തിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്ന അബു സൈദൂനിനോട് അവര്‍ക്ക് പൊറുക്കാനാവാത്തത് അയാളാണ് ഡാനിയേലിനെ സൈന്യത്തില്‍ ചേര്‍ക്കാന്‍ കാരണക്കാരന്‍ എന്നതാണ്. റിയാല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ ഫറാജ് അവരുടെ പഴമയുള്ള തറവാട്ടു വീട്ടില്‍ കണ്ണ് വെച്ച് ഏറെ പരലോഭാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു തപസ്യപോലെ തന്റെ കാത്തിരിപ്പ് തുടരുന്ന എലിഷ് വാ മുത്തശ്ശി അതിശയകരമായ പാത്ര സൃഷ്ടിയാണ്. ഹില്‍ ഡയുടെ മകന്‍ ഡാനിയേല്‍ ജൂനിയര്‍ അമ്മാവനുമായുള്ള രൂപ സാദൃശ്യത്തിലൂടെ വയോധികയെ തിരിച്ചെത്തിയ തന്റെ മകന്‍ തന്നെ എന്ന് ബോധ്യപ്പെടുത്തുന്ന ഘട്ടത്തില്‍ ഫറാജിനു തന്നെ വീടിന്റെ വില്‍പ്പന നടത്താന്‍ എലിഷ് വാ മുത്തശ്ശി തയ്യാറാകുന്നത് അവരോടെ മുന്‍ ഗണനകള്‍ മുതലും വീടും മാത്രമല്ല എന്ന് തെളിയിക്കുന്നു. ആണ്‍മക്കളെയും ഭര്‍ത്താക്കന്മാരെയും നഷ്ടപ്പെട്ട സ്ത്രീകളെ ആവിഷ്കരിക്കുന്നതിലാണ് നോവലിസ്റ്റിന്റെ കയ്യടക്കം ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത് എന്ന് പറയാം. അവരുടെ ദുഃഖപര്‍വ്വത്തിലൂടെയാണ് അരനൂറ്റാണ്ടിന്റെ ഇറാഖ് അടയാളപ്പെടുന്നത് എന്നത് ചരിത്രമാണല്ലോ.

 

കൈവിട്ടു പോകുന്ന വിജിലാന്റിസം 

     എന്താണതിന്റെ പേര്’ ഒരു ദൗത്യം ഏറ്റെടുക്കുന്നതോടെ ആരംഭിക്കുന്ന ദുരൂഹമായ കൊലകള്‍ ഒരു പ്രശ്നമായിത്തീരുന്നതോടെ കുറ്റാന്വേഷണത്തിന്റെയും മനുഷ്യ വേട്ടയുടെയും (manhunt) തലങ്ങളൊക്കെ ഇതിവൃത്തത്തില്‍ കടന്നു വരുനുണ്ട്. ബാഗ്ദാദിനെ കുരുതിക്കളമാക്കിയവരെ തെരഞ്ഞുപിടിച്ച് കൊല്ലുക എന്ന ‘വിജിലാന്റിസ്റ്റ്’ പ്രതികാര രീതി അധികാരികളെ അങ്കലാപ്പിലാക്കുന്നു. പരസ്പരം കഴുത്തുഞ്ഞെരിച്ചെന്നോണം കൊല്ലപ്പെട്ട നിലയില്‍ നാലു യാജകര്‍ കാണപ്പെടുന്നു. തന്റെ ശരീര ഭാഗങ്ങള്‍ ആരുടെതോക്കെയാണോ അവര്‍ക്കൊക്കെ വേണ്ടി പ്രതികാരം ചെയ്യുന്നതിലൂടെ സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായ വിഭാഗീയ ഗ്രൂപ്പ് നേതാക്കള്‍, അമേരിക്കന്‍ സൈനികരുടെ പിണിയാളുകള്‍ തുടങ്ങിയവരൊക്കെ കൊല്ലപ്പെടുന്നു. ശരീര ഭാഗങ്ങള്‍ അഴുകിത്തുടങ്ങുന്നതോടെ പുതിയ ഭാഗങ്ങള്‍ക്കായി സത്വം ഹാദിയുടെ ഷെഡില്‍ അഭയം പ്രാപിക്കുന്നു. സമൂഹത്തില്‍ വേരോടിയ പ്രതികാര ബോധത്തിന് മൂര്‍ത്തരൂപം നല്‍കുന്ന ശക്തിയെന്ന നിലയില്‍ പ്രതിനായകനില്‍നിന്നും നായക പരിവേഷം വന്നു ചേരുന്ന ‘എന്താണതിന്റെ പേരി’ന് വേണ്ടി തങ്ങളുടെ തന്നെ ഉടല്‍ ഭാഗങ്ങള്‍ നല്‍കി മരിക്കാന്‍ തയ്യാറാകുന്ന ഒരു ആരാധക വൃന്ദം ഉണ്ടായിവരുന്നു. തങ്ങളുടെ വിഭാഗീയ പക്ഷപാതിത്തങ്ങള്‍ക്കനുസരിച്ചു അത്ഭുത ജീവിയെ തങ്ങളുടെതാക്കാന്‍ ആളുകള്‍ മത്സരിക്കുന്നു,

"അയാള്‍ ഒരു വാഹബിയാണെന്നു സദറില്‍ ആളുകള്‍ പറഞ്ഞപ്പോള്‍ അദാമിയയില്‍ അയാളെ ഷിയാ തീവ്രവാദിയാക്കി.. അയാളെ കുറിച്ചുള്ള കൃത്യമായ ചിത്രം ഭയവും നൈരാശ്യവും ചേര്‍ന്നു ആളുകളുടെ തലയില്‍ രൂപപ്പെടുത്തിയതെന്തോ അതായിരുന്നു."

 പോകെപ്പോകെ, നിരപരാധരെ പോലും തനിക്കാവശ്യമായ അവയവങ്ങള്‍ക്കായി കൊല്ലുന്ന അവസ്ഥയില്‍ അയാള്‍ എത്തിച്ചേരുന്നതോടെ കൊലയാളിക്കും ഇരക്കുമിടയിലെ അതിര്‍വരമ്പുകള്‍ മാഞ്ഞു തുടങ്ങുന്നത്, "ഈ ഇരകള്‍ക്ക് വേണ്ടി ആരുടെ നേരെയാണ് താന്‍ പ്രതികാരം ചെയ്യുക?" എന്ന സ്വയം പ്രതിയാകുന്നതിന്റെ സംത്രാസം അയാളുടെ നൈതിക ധാരണകളെ തകിടം മറിക്കുന്നു:

“തികച്ചും നിരപരാധികളായ നിരപരാധികളില്ല, തികച്ചും കുറ്റവാളികളായ കുറ്റവാളികളും... താന്‍ കൊന്നു കളഞ്ഞ കൊലയാളികളില്‍ ഓരോരുത്തരും ഇരയുമായിരുന്നു.”

യുദ്ധത്തിന്റെ അസംബന്ധത്തെ അടിവരയിടുന്നതോടൊപ്പം ഗോത്രീയത, അഴിമതി, പാളിപ്പോവുന്ന സൈനിക തന്ത്രങ്ങള്‍, ഉന്നതങ്ങളില്‍ പിടി മുറുക്കിയ അഹന്തയും അധികാര ദുര്‍വ്വിനിയോഗവും തുടങ്ങി വെറും അശ്രദ്ധ കൊണ്ടു പോലും ചിതറിത്തെറിക്കുന്ന ജീവിതങ്ങളുടെ നിസ്സഹായത വരെ ബാഗ്ദാദ് ദുരന്തത്തിന്റെ നേര്‍ സാക്ഷ്യങ്ങളില്‍ ഏറെയുണ്ട്.

     എന്നാല്‍ സഅദാവിയുടെ സ്വരം ചിലപ്പോഴൊക്കെ ഹാസ്യാത്മകമാണെങ്കിലും അദ്ദേഹത്തിന്റെ ലക്‌ഷ്യം അങ്ങേയറ്റം ഗൌരവപൂര്‍ണ്ണമാണ്. അമേരിക്കന്‍ അധിനിവേശത്തിനു പിറകെ തുടല്‍ പൊട്ടിച്ച വംശീയ സംഘര്‍ഷങ്ങളുടെയും കൊടും ക്രൂരതകളുടെയും ഒരു ആലിഗറി രചിച്ചിരിക്കുകയാണ് നോവലിസ്റ്റ് ഇവിടെ. ഇറാഖില്‍ മരിച്ചവര്‍ തിരിച്ചെത്തുന്ന അനുഭവം അമ്മമാരുടേയും ഭാര്യമാരുടെയും ജീവിതങ്ങളിലെ ഏക പ്രതീക്ഷയായി പലപ്പോഴും നിലനിന്നിട്ടുണ്ട്. ‘ബാഗ്ദാദിലെ ഫ്രാങ്കന്‍സ്റ്റെയ്ന്‍’ ഒരു ഭീകര രൂപിയെ കുറിച്ചുള്ള നോവല്‍ എന്ന രീതിയിലല്ല പ്രസക്തമാകുന്നത്. യുദ്ധം മൂലം നിരാധാരമായിപ്പോവുന്ന ഇടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ കണ്ടെത്തുന്ന ഇടത്തട്ടുകാരും സ്തോഭ ജനകമായ യുദ്ധകാല കഥകള്‍ തേടുന്ന ജേണലിസ്റ്റുകളും ജ്യോതിഷക്കാരും ചലചിത്രകാരന്മാരും അതിന്റെ ഭൂമികയിലുണ്ട്. ഒരു കേന്ദ്ര കഥാപാത്രം തന്നെയും സത്വത്തിന്റെ കഥ തേടിയിറങ്ങുന്ന സംശയാലുവായ എഡിറ്റര്‍ ആണ്. 'എന്താണതിന്റെ പേര്' തന്നെ കുറിച്ച് നടത്താനിടയുള്ള വെളിപ്പെടുത്തലുകള്‍ റെക്കോര്ഡ് ചെയ്യുന്നതിനായി ഹാടിക്കും ബ്രിഗേഡിയര്‍ മാജിദിനും ടേപ്പ് റെക്കോര്‍ഡറുകള്‍ നല്‍കുന്നത് അയാളാണ്. മഹമൂദ് തന്റെ മാഗസിനില്‍ എഴുതുന്ന ലേഖനത്തിലൂടെയാണ് സ്വത്വത്തെ കുറിച്ച് ജനങ്ങള്‍ അറിയുന്നതുതന്നെ. തുടര്‍ന്ന് പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ നിര്‍മ്മിക്കപ്പെടുകയും വ്യാപിക്കുകയും ചെയ്യുന്നു. ചിലര്‍ അത് വെറുമൊരു സങ്കല്‍പ്പ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നു. അതേ സമയം, മേരി ഷെല്ലിയുടെ വിഖ്യാത സത്വത്തെ പോലെ ഹാദിയുടെ കൈത്തെറ്റും താന്‍ തെറ്റിദ്ധരിക്കപ്പെട്ടവനാണെന്നു വിശ്വസിക്കുന്നു. താന്‍ ചീത്തയല്ലെന്നും വെറുതെ തോന്നും പോലെ കൊല്ലുകയല്ല; മറിച്ച് ഒരു ലക്ഷ്യത്തിനായി കൊല നടത്തുന്ന വിശുദ്ധ യോദ്ധാവ് (crusader)  ആണെന്നും തെളിയിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍.

 

അതിമാനുഷനോ കൈത്തെറ്റോ?

 

"ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും സഹായത്തോടെ ഞാന്‍ എല്ലാ കുറ്റവാളികളോടും പ്രതികാരം ചെയ്യും. ഒടുവില്‍ ഞാന്‍ ഭൂമിയില്‍ നീതി നടപ്പിലാക്കും, പിന്നെയാര്‍ക്കും സ്വര്‍ഗ്ഗത്തിലോ മരണാനന്തരമോ വരാനുള്ള നീതിക്കായി കാത്തിരിക്കേണ്ടി വരില്ല"

അയാള്‍ ഹാദിയുടെ ടേപ്പ് റെക്കോര്‍ഡറില്‍ പറയുന്നുണ്ട്. എങ്കിലും എല്ലാത്തിന്റെയും കാരണ ഭൂതരായ ജോര്‍ജ്ജ് ബുഷിലെക്കോ ടോണി ബ്ലെയറിലെക്കോ അയാളുടെ പ്രതികാര ദാഹം നീങ്ങുന്നില്ലെന്നും ആഗോള തലത്തില്‍ ചിന്തിക്കുന്നുണ്ടെങ്കിലും അയാളുടെ പ്രവര്‍ത്തിമണ്ഡലം പ്രാദേശികമാണെന്നും നിരീക്ഷിക്കപ്പെടുന്നത് (nytimes.com) നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്. ആദ്യമൊക്കെ പ്രതികാരത്തിനു വേണ്ടി ശുദ്ധീകരണപ്രക്രിയയായി നടത്തുന്ന കൊലകള്‍ കുറ്റവാളികളുടെ ഉടല്‍ ഭാഗങ്ങള്‍ അതിവേഗം അഴുകിത്തുടങ്ങും എന്നതിനാല്‍ മികച്ച അവയവങ്ങള്‍ക്കായി പിന്നീട് നിരപരാധരിലേക്കും നീളുന്നത് സ്വയം നിര്‍ണ്ണിത നൈതികത (self-righteousness) എന്നത് അതിവേഗം അമിതാധികാര പ്രവണതയിലെക്കും നശീകരണ സ്വഭാവത്തിലെക്കും പരിണമിക്കും എന്തിന്റെ തെളിവാണ്. ആരാണ് തെറ്റുകളുടെ ഭാഗമാല്ലാത്തത് എന്ന മുട്ടാപ്പോക്ക് ചോദ്യത്തിലൂടെ തന്റെ ചെയ്തിയുടെ ഉത്തരവാദിത്തം അത് സൌകര്യപൂര്‍വ്വം അവഗണിക്കുകയാണ്. മീഡിയയുടെ ശ്രദ്ധാകേന്ദ്രമായിത്തീരുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സത്വം താനാണ് യഥാര്‍ത്ഥ ഇറാഖിന്റെ പ്രതീകം എന്നും അവകാശപ്പെടുന്നത് ഇതോടു ചേര്‍ത്തു കാണാം:

“വ്യത്യസ്ത വംശീയതകള്‍, ഗോത്ര വിഭാഗങ്ങള്‍, സാമൂഹിക വിഭാഗങ്ങള്‍, എന്നിങ്ങനെ ഭിന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുടെ ശരീര ഭാഗങ്ങള്‍ കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ കഴിഞ്ഞ കാലത്ത് ഒരിക്കലും സാധിക്കാതെ പോയ ആ അസാധ്യ മിശ്രിതത്തെ ഞാന്‍ പ്രതിനിധാനം ചെയ്യുന്നു. ഞാനാണ് ആദ്യത്തെ യഥാര്‍ത്ഥ ഇറാഖി.”

ആന്തരാ വിഭാജിതമായ ജനസാമാന്യത്തിനിടയില്‍ ജീവിതത്തില്‍ സാധിക്കാതെ പോയ സങ്കലനം തെരുവില്‍ ചിന്തപ്പെട്ട കട്ടപിടിച്ച രക്തത്തില്‍ മാത്രം സാധ്യമാകുന്ന ഒരു ദേശത്തിന് സൃഷ്ടിക്കാനാകുന്ന ഏറ്റവും വാചാലമായ പ്രതീകം തന്നെയാണ് ആക്രിക്കച്ചവടക്കാരന്റെ കൈത്തെറ്റില്‍ രൂപമെടുക്കുകയും  ചിതറിത്തെറിച്ച നവയുവാവിന്റെ അന്ധാളിച്ച ആത്മാവില്‍ ഉയിരു നേടുകയും മരണം ഉന്മാദ നൃത്തം ചവിട്ടുന്ന നഗരവീഥികളില്‍ പുഷ്ടിപ്പെടുകയും ചെയ്യുന്ന സത്വം. ചലിക്കും പ്രേതങ്ങളും അലയുന്ന ആത്മാക്കളും കൂടോത്രക്കാരും ജ്യോതിഷികളും ഇതിഹാസ ദുഃഖങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്ന മനുഷ്യരും സൈക്കൊപാത്ത് കൊലയാളി സംഘങ്ങളും കുരുതികളില്‍ അഭിരമിക്കുന്ന ഗോത്ര- മത ഗ്രൂപ്പുകളും സര്‍വ്വോപരി കൊന്നു തിന്നുമ്പോഴും രക്ഷകന്‍ ചമയുന്ന അധിനിവേശ ദുരയും ഇടകലരുന്ന ഇത്തരമൊരു കഥ പറയാന്‍ റിയലിസ്റ്റിക് രീതികള്‍ മതിയാവില്ലെന്ന തിരിച്ചറിവിലാണ് റോബിന്‍ യാസിന്‍ കസബിന്റെ വാക്കുകളില്‍ (newstatesman.com) ഒരു 'ആഘാതാനന്തര മാജിക്കല്‍ റിയലിസവും (traumatized version of magical realism)' കറുത്ത ഹാസ്യവും ഇടകലരുന്ന രീതി നോവലിസ്റ്റ് അവലംബിക്കുന്നത്.

 

കറുത്ത ഹാസ്യവും തീക്ഷ്ണ ഗൗരവവും

     അഹമദ് സഅദാവിയുടെ രചനാരീതി കറുത്ത ഹാസ്യത്തെയും ഗൌരവത്തെയും അപ്രതീക്ഷിത രീതിയില്‍ സംയോജിപ്പിക്കുന്നുണ്ട്. ‘എന്താണതിന്റെ പേരി’ന്റെ ചീഞ്ഞു പോവുന്ന ഉടല്‍ ഭാഗങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ അഴുകിവീഴുമ്പോള്‍ ‘അയാള്‍ക്ക് ചില ഗുരുതരമായ അഴുകല്‍ പ്രശ്നങ്ങളുണ്ട്’ എന്ന് നോവലിസ്റ്റ് വിവരിക്കുന്നു. തുടര്‍ച്ചയായി അരങ്ങേറുന്ന ദുരൂഹ കൊലകള്‍ക്ക് സത്വമാണ് ഉത്തരവാദിയെന്ന ധാരണയില്‍ അതിനെ കണ്ടെത്താനുള്ള സൂചകങ്ങള്‍ ഒന്നുമില്ലാത്ത അധികൃതര്‍ ബാഗ്ദാദില്‍ കാണപ്പെടുന്ന വിരൂപരായ ആളുകളെയെല്ലാം ആട്ടിപ്പിടിക്കുന്നു. അന്ധവിശ്വാസങ്ങളും കെട്ടുകഥകളും ഔപചാരികവും ഔദ്യോഗികവുമായ പരിവേഷം ആര്‍ജ്ജിക്കുന്നതും ഹാസ്യാത്മകമായിത്തന്നെ വിവരിക്കപ്പെടുന്നുണ്ട്. ബുദ്ധിമാനല്ലാത്ത ബ്രിഗേഡിയര്‍ മാജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാധാരണ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി (Tracking and Pursuit Department) മുത്തശ്ശിക്കഥകളെയും ജ്യോതിഷികളെയും ആശ്രയിക്കുന്നു. ഒരു മാന്ത്രികനും ഒരു താര്‍ക്കികനും മഹമൂദിനും ബ്രിഗേഡിയര്‍ക്കുമൊപ്പം സത്വത്തെ തേടിയിറങ്ങുന്നു. പരേതാത്മാക്കള്‍ പാലങ്ങള്‍ക്ക് മേല്‍ തമ്പടിക്കുന്നു. അവിടെ തിക്കിലും തിരക്കിലും പെട്ട് പൊയ് അപായ സൂചനാ ഘട്ടത്തില്‍ അനേകര്‍ കൊല്ലപ്പെടുന്നു. ഈ സംഭവം പക്ഷെ 2005 ഏപ്രിലില്‍ ഇമാം പാലത്തിലുണ്ടായ ഒരപകടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. അന്ന് ആയിരത്തോളം ആളുകള്‍ ഒരു ബോംബ്‌ സ്ഫോടന കിംവദന്തിയെ തുടര്‍ന്ന് തിക്കിലും തിരക്കിലും കൊല്ലപ്പെട്ട സംഭവം ഉണ്ടായി. നാലു യാചകരുടെ മൃദ ദേഹങ്ങള്‍ പരസ്പരം കഴുത്തു ഞെരിക്കുന്ന രീതിയില്‍ അവലക്ഷണം പിടിച്ച നിശ്ചല ചിത്രം പോലെ കാണപ്പെടുമ്പോള്‍ മന്ദബുദ്ധിയായ ബ്രിഗേഡിയര്‍ ഉറപ്പിക്കുന്നു: "അത് തീര്‍ച്ചയായും ഒരു സന്ദേശമായി അയക്കപ്പെട്ടതാണ്." ഒരു സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വെളിപാട് പുസ്തകത്തിലെ അന്തികൃസ്തുവിനെ ഓര്‍മ്മിപ്പിക്കും വിധം '666' ആണെന്ന് കാണാനാവുന്നു. സെല്‍ ഫോണിന്റെ പ്രകമ്പനം ആത്മാവുകളുമായി സംവദിക്കാന്‍ അടയാളമായി ഉപയോഗിക്കുന്നതിന്റെ അസംബന്ധം സഅദാവിയുടെ 'ഗോഥിക്' കഥ മധ്യകാലഘട്ടത്തിന്റെ മട്ടിലല്ല, മറിച്ച്  തികച്ചും സമകലികകമാണ് എന്നതിന്റെ തെളിവാണ്.

     സഅദാവി തന്റെ ആഖ്യാനത്തെ പരസ്പരം അതിലംഘിക്കുന്ന വ്യത്യസ്ത ധാരകളിലൂടെ പിന്തുടരുകയും കഥക്കുള്ളില്‍ കഥയായി, കഥക്കുള്ളിലെ കഥാകാരനെത്തന്നെ കഥാപാത്രമാക്കി നിര്‍ത്തുകയും ചെയ്യുന്ന രീതി അവലംബിക്കുന്നത് പരിണാമഗുപ്തിയുടെ സാധ്യതയിലല്ല നോവലിസ്റ്റിന്റെ താല്പര്യം എന്ന് വ്യക്തമാക്കുന്നുണ്ട്. സത്വം കൂടെക്കൂടെ നീണ്ട കാലത്തേക്ക് അപ്രത്യക്ഷകനാകുന്നത് ഹിംസയുടെ അനുസ്യൂതിയുള്ള ഇതിവൃത്ത വികാസത്തില്‍ ഭംഗം വരുത്തുന്നത് ഇതിന്റെ ഭാഗമാണ്.  സഅദാവി ലക്ഷ്യമാക്കുന്നത് അധിനിവേശാനതര ഇറാഖിന്റെ നേര്‍ക്കാഴ്ചകളുടെ ഒരു ആലിഗറിയാന് എന്നിരിക്കെ, അദ്ദേഹത്തിനു സാധാരണ ഇറാഖി ജനത നേരിടുന്ന ജീവിത സന്ധികളിലേക്ക് പേര്‍ത്തും പേര്‍ത്തും ശ്രദ്ധയൂന്നെണ്ടതുണ്ട്. തകര്‍ന്നു പോകുന്ന കെട്ടിടം പുരാവസ്തു നിധിപേടകങ്ങളിലേക്ക് വഴി തുറക്കും പോലെ ടെലിവിഷനിലും യുദ്ധ മേഖലയില്‍ നിന്നുള്ള തത്സമയ സംപ്രേഷണമെന്ന പേരില്‍ 'എംബെഡഡ് ജേണലിസംഇറാഖ് യുദ്ധകാലത്ത് വിളമ്പിയിരുന്ന നിര്‍മ്മിത സത്യങ്ങള്‍ക്കുമപ്പുറം ഒരു റിപ്പോര്‍ട്ടിംഗിലും വെളിവാക്കപ്പെട്ടിട്ടില്ലാത്ത മറ്റൊരു ബാഗ്ദാദിന്റെ/ ഇറാഖിന്റെ തന്നെ സത്യം ആഖ്യാനത്തിന്റെ ഓരോ അടരിലും വെളിവാക്കപ്പെടുകയുമാണ്. അധിനിവേശാനന്തര ഇറാഖില്‍ തുടല്‍പൊട്ടിച്ച വംശീയതയും നിരുത്തരവാദപരമായ സൈനിക നീക്കങ്ങളും ഉന്നതങ്ങളില്‍ പിടിമുറുക്കിയ അഴിമതിയും അധികൃതരുടെ അഹന്തയും കുറ്റവാസനയും വെറും അശ്രദ്ധ കൊണ്ടു സംഭാവിക്കാനിടയാകുന്ന നിരപരാധരുടെ കുരുതികളും ചേര്‍ന്നു സൃഷ്ടിക്കുന്ന നരക ചിത്രം നേരിട്ടനുഭവിച്ചവരുടെ കാഴ്ചപ്പാടില്‍ ഇത്രയും തീക്ഷണമായി മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് സഅദാവിയുടെ പുസ്തകത്തെ ഒരു അനിവാര്യ വായനയാക്കി മാറ്റുന്നത്. ജോനര്‍ ഫിക് ഷന്റെ അതിര്‍ വരമ്പുകള്‍ പൂര്‍ണ്ണമായും ഭേദിക്കുകയും 'ലിറ്റററി ഫിക് ഷന്‍ എന്ന നിലയില്‍ ഉത്തമ സാഹിതീയ മാനങ്ങളിലേക്ക് വളരുകയും ചെയ്യുന്നതിലൂടെ ഇതുവരെ തേടിയെത്തിയ അംഗീകാരങ്ങള്‍ക്ക് കൃത്യമായും അര്‍ഹമാകുക മാത്രമല്ല, കൂടുതല്‍ സഹൃദയ അനുവാചക ലോകത്തിലേക്ക് കുതിക്കുക കൂടിയാണ് ജോനതാന്‍ റൈറ്റിന്റെ ഏറെ പ്രശംസിക്കപ്പെട്ട ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെ ഈ വര്‍ഷത്തെ (2018) മാന്‍ ബുക്കര്‍ പുരസ്കാര ഷോര്‍ട്ട് ലിസ്റ്റിലും ഇടം പിടിച്ച ഫ്രാങ്കന്‍സ്റ്റെയ്ന്‍ ഇന്‍ ബാഗ്ദാദ്.

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍ - അമ്പതു ലോകനോവലുകള്‍ - കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്- പേജ് 243-250)

 

 


For more on Iraqi experience:

The Corpse Exhibition: And Other Stories of Iraq Book by Hassan Blasim

https://alittlesomethings.blogspot.com/2016/11/blog-post_30.html

The Corpse Washer by Sinan Antoon

https://alittlesomethings.blogspot.com/2018/01/blog-post_20.html

The Baghdad Clock by Shahad Al Rawi

https://alittlesomethings.blogspot.com/2024/08/the-baghdad-clock-by-shahad-al-rawi.html

Dates on My Fingers by Muhsin al-Ramli

https://alittlesomethings.blogspot.com/2018/03/07.html


(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 243-250)