നരകത്തിലും വര്‍ണ്ണ വിവേചനമുണ്ട്
(സെനഗലീസ്
നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പിന്റെ At Night All Blood Is Black: A Novel ബുക്കര്‍ ഇന്റര്‍നാഷണല്‍
പുരസ്കാരം നേടിയ നോവലാണ്. ഒരു നൂറ്റാണ്ടിനിപ്പുറം
ഒന്നാം ലോക യുദ്ധത്തിലെ കിടങ്ങുകളില്‍ അടിഞ്ഞു പോയ ജീവിതങ്ങളുടെ കഥയിലേക്ക്
തികച്ചും വ്യത്യസ്തവും നൂതനവുമായ ഒരു വീക്ഷണത്തില്‍ കടന്നു ചെല്ലുകയാണ്
നോവലിസ്റ്റ് ഇവിടെ.)
യുദ്ധത്തെ ‘എല്ലാവരുടെയും പിതാവ്, എല്ലാവരുടെയും രാജാവ്’ (‘the father
of all and the king of all’) എന്ന് നിര്‍വ്വചിച്ചത് ഗ്രീക്ക് തത്വ ചിന്തകന്‍
ഹെരാക്ലിറ്റസാണ്. ആ വീക്ഷണത്തില്‍ നാം നശ്വര മനുഷ്യര്‍ യുദ്ധത്തിന്റെ അസന്തുഷ്ടരായ
മക്കളും പ്രജകളുമാണ്. ലോകോത്തര സാഹിത്യ കൃതികളുടെ കാര്യത്തിലും ഇതുതന്നെ ശരി എന്നു
പറയാം. ഇന്ത്യന്‍, യവന, റോമന്‍, ഹീബ്രു
പുരാണങ്ങള്‍, ഇതിഹാസ കാവ്യങ്ങള്‍, ചരിത്രാഖ്യായികകള്‍
എന്നിവയെല്ലാം യുദ്ധങ്ങളെ ചുറ്റിപ്പറ്റിയോ അവയെ കേന്ദ്രീകരിച്ചോ
രചിക്കപ്പെട്ടവയാണ്. മഹാഭാരതം, ഇലിയഡ്, ഒഡീസ്സി, തുടങ്ങിയവയെല്ലാം ആ അര്‍ഥത്തില്‍
“യുദ്ധ സാഹിത്യം” (war literature) തന്നെയാണ്. “പുരാതന പാശ്ചാത്യ
സാഹിത്യത്തില്‍ മുഴുവന്‍ ട്രോജന്‍ യുദ്ധം ചെലുത്തിയ സ്വാധീനം കേന്ദ്രസ്ഥാനീയമാണ്,
ആദ്യകാല പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് ആകെയുള്ള ഏറ്റവും
പ്രധാനപ്പെട്ട ഒറ്റവിഷയം തെരഞ്ഞെടുത്താല്‍ അത് അതുതന്നെയാണ്” *(1). മധ്യകാല സാഹിത്യത്തെ അടയാളപ്പെടുത്തുന്ന ‘റൊമാന്‍സ്’ (medieval romances) കൃതികള്‍ എല്ലാം തന്നെ യുദ്ധവും പ്രണയവുമെന്ന
ദ്വന്ദ്വത്തിലാണ് കേന്ദ്രീകരിക്കുന്നത്. ആധുനിക സാഹിത്യത്തിന്റെ തന്നെയും സ്ഥിതി
വ്യത്യസ്തമല്ല. ടോള്‍സ്റ്റോയിയുടെ War and Peace, ഡിക്കന്‍സിന്റെ A Tale of Two Cities പോലുള്ള ക്ലാസ്സിക്കുകള്‍
സാക്ഷ്യപ്പെടുത്തുന്ന ഈ പാരമ്പര്യത്തിലേക്ക് രണ്ടു ലോക യുദ്ധങ്ങള്‍, വിയറ്റ്നാം, കംബോഡിയ, ബര്‍മ്മ, കൊറിയ, തുടങ്ങിയ
ചരിത്ര സംഘര്‍ഷങ്ങള്‍ വിഷയമാക്കിയ ഒട്ടേറെ കൃതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ഇക്കൂട്ടത്തില്‍ ഒന്നാം ലോക യുദ്ധം ഇവിടെ സാന്ദര്‍ഭികമായി കൂടുതല്‍ പ്രസക്തമാണ്.
റബേക്ക വെസ്റ്റ് (The
Return of the Soldier-2018), ഐസക് ബാബേല്‍ (Red Cavalry – 1926), ഹെമിംഗ് വെ (A
Farewell to Arms-1929), എറിക് മരിയ റമാര്‍ക്ക് (All Quiet on the Western Front-1929), തുടങ്ങിയ അതികായര്‍ മുതല്‍
സെബാസ്റ്റ്യന്‍ ഫോക്സ് (Birdsong- 1993), പാറ്റ് ബാര്‍ക്കര്‍ (Regeneration Trilogy-1991-1994), ജെരോസ്ലാവ് ഹാസെക് (The Good Soldier Švejk- 2005) തുടങ്ങിയ സമകാലികരായ എഴുത്തുകാര്‍ വരെ ഫിക് ഷനില്‍ നിബന്ധിക്കുന്ന ഈ
തീക്കാലത്തെ തികച്ചും വ്യത്യസ്തവും അപൂര്‍വ്വവുമായ ഒരു വീക്ഷണകോണില്‍
ആവിഷ്കരിക്കുന്ന കൃതിയാണ് സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പ് രചിച്ച At
Night All Blood Is Black. ‘യുദ്ധകഥയും ദൃഷ്ടാന്തകഥയും മിത്തും സമന്വയിപ്പിക്കുന്ന’ ‘ബിബ്ലിക്കല്‍
അനുരണനങ്ങള്‍ ഉള്ള പ്രതികാര കഥ’ എന്നു വിവരിക്കപ്പെട്ട *(2) തന്റെ പ്രഥമ നോവലില്‍ ലോക യുദ്ധത്തില്‍ അധിനിവേശ ശക്തികള്‍ക്കു വേണ്ടി
പോരാടിയ ആഫ്രിക്കക്കാരായ കഥാപാത്രങ്ങളെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്; അതുവഴി ഫ്രഞ്ച് കൊളോണിയല്‍ ചരിത്രത്തില്‍ ഒട്ടുമുക്കാലും
തമസ്കരിക്കപ്പെട്ട, വടക്കന്‍ ഫ്രാന്‍സിലെ
യുദ്ധഭൂമികളില്‍ പതിനായിരങ്ങള്‍ ഹോമിക്കപ്പെട്ട ചരിത്രത്തിലെ ഭീകരമായ ഒരനുഭവ
കാണ്ഡം ആവിഷ്കരിക്കുകയുമാണ്.
കലാ
സിദ്ധാന്തങ്ങളില്‍ യുദ്ധം ഇടപെടുന്നു..
പത്തു മില്ല്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഒന്നാം ലോകയുദ്ധം യൂറോപ്പ്യന്‍ ആയുധസാങ്കേതികതയെ മാത്രമല്ല കലാതത്വങ്ങളെ തന്നെയും അടിമുടി മാറ്റിക്കളഞ്ഞു. യന്ത്രവല്‍കൃത പൈശാചികതയുടെ മുമ്പില്‍ പഴയ യഥാതഥവാദം കാലഹരണപ്പെട്ടതിന്റെ ഫലമായി പുതിയ ആവിഷ്കാര രീതികള്‍ ആവശ്യമായി വന്നു. ...............
തുടര്‍ വായനയ്ക്ക്:
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 330-341)
To purchase, contact
ph.no: 8086126024
No comments:
Post a Comment