ആന്ദ്രേ ഷദീദ് - ഉണരുന്ന സ്ത്രീത്വത്തിന്റെ നോവല്‍ ഭാഷ്യം
ലബനീസ് – സിറിയന്‍ മാതാപിതാക്കളുടെ മകളായി
കൈറോയില്‍ നൈല്‍ നദീതീരത്തു ജനിച്ച (1920-2011) ആന്ദ്രേ ഷദീദ്, പാരീസില്‍ സെക്കണ്ടറി സ്കൂള്‍
വിദ്യാഭ്യാസവും തുടര്‍ന്ന് കൈറോയിലെ അമേരിക്കന്‍
യൂനിവേഴ്സിറ്റിയില്‍ ജേണലിസവും പഠിച്ചതിനു ശേഷം ലൂയി ഷദീദിനെ വിവാഹം കഴിക്കുകയും
1946ല്‍ പാരീസില്‍ സ്ഥിരതാമസം ആക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും
പ്രശസ്തയായ ഫ്രഞ്ച്
എഴുത്തുകാരികളില്‍
ഒരാളായി അംഗീകാരം നേടിയ ആന്ദ്രേ ഷദീദിന്റെ സപര്യ “അരനൂറ്റാണ്ടിലേറെ കാലമായി
ഫ്രഞ്ച്,
മിഡില്‍ ഈസ്റ്റ് സംസ്കാരങ്ങള്‍ക്കിടയില്‍ പാലം പണിതിട്ടുണ്ട്” എന്ന്
നിരീക്ഷിക്കപ്പെടുന്നു. കവിതയിലും നോവലിലും നാടകങ്ങളിലും ചെറുകഥാ സാഹിത്യത്തിലും
ഒരുപോലെ തിളങ്ങിയിട്ടുള്ള ഷദീദിന്റെ രചനകളുടെ കൊടിയടയാളം സാര്‍വ്വജനീനതയാണെന്നും
ചിത്രീകരിക്കുന്ന ഭൂമിക യൂറോപ്പോ മിഡില്‍ ഈസ്റ്റോ ഏതായാലും മനുഷ്യകുലവുമായുള്ള
ഐക്യവും ഉത്തരവാദിത്തവുമാണ് അവര്‍ വിളംബരപ്പെടുത്തുന്നതെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു.
Return to Beirut പോലുള്ള കൃതികളില്‍ കൈകാര്യം ചെയ്യപ്പെടുന്നതും
ഷദീദിന്റെ മറ്റൊരു നിതാന്ത പ്രമേയവുമായി വര്‍ത്തിക്കുന്നത് യുദ്ധവും അതിന്റെ
ഫലമായി ദേശവും ദേശീയരും അനുഭവിക്കുന്ന ജീവിതാവസ്ഥകളും എന്നതാണ്. അവരുടെ കൃതികളില്‍
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകളാണ് സമാധാനം നേടിയെടുക്കാനാവശ്യമായ ഹൃദയ
വിശാലതയും മുന്‍കൈയ്യും കാഴ്ചപ്പാടും പ്രകടിപ്പിക്കുന്നത്. വൈയ്യക്തിക ഓര്‍മ്മകളുടെയോ
അനുഭവ കഥകളുടെയോ എന്നതിലേറെ സഞ്ചിത സ്മൃതികളുടെ സാര്‍വ്വജനീനതയിലാണ് അവരുടെ
കൃതികള്‍ വേരുറപ്പിക്കുന്നത്. പ്രഥമ കൃതിയായ Le Sommeil délivré (1952)
(From Sleep Unbound- 1983) എന്ന നോവലിനെ കുറിച്ച് നോവലിസ്റ്റ് വിവരിച്ചത് “എനിക്കുള്ളില്‍
ജീവിക്കുന്ന മനുഷ്യജീവിയുടെ വേദന മുറ്റിയ വിലാപം, ഒരു പക്ഷെ ഈ വിലാപം അറബ് സ്ത്രീയുടെ
ശബ്ദത്തെ പ്രതിനിധീകരിക്കാനാണ് അവിടെയുള്ളത്.. ഞാനെന്റെ കുട്ടിക്കാലം കഴിഞ്ഞത്
ഈജിപ്റ്റിലാണ്,
ഇങ്ങനെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെ ഞാന്‍ കണ്ടു.” എന്നായിരുന്നു. “ആന്ദ്രേ ഷദീദിന്റെ
രചനകളുടെ പ്രഭവത്തിലുള്ളത് ഒരു വര്‍ഗ്ഗത്തിനോ ജെന്‍ഡറിനോ മറ്റൊന്നിന്റെ മേലുള്ള
(മേല്‍ക്കോയ്മയെ) കുറിച്ചുള്ള ഉത്കണ്ഠയല്ല, മറിച്ചു എല്ലാ മനുഷ്യരുടെയും ആത്മീയ
വിമോചനത്തിനും സാക്ഷാത്കാരത്തിനും വേണ്ടിയുള്ളതാണ്.” (Judy Cochran and Anne D, Craver,
‘Andree Chedid’, Multicultural Writers since 1945, An A-toZ Guide, Edited by Alba Amonia and Bettina L. Knapp, Greenwood
Press, London, 2004, P. 150-154). ആന്ദ്രെ ഷദീദ് സ്ഥലകാലങ്ങളുടെ അതിരുകളില്‍
വിശ്വസിക്കുന്നില്ലെന്നും തന്റെ ഈജിപ്ത്യന്‍ പശ്ചാത്തലത്തെ സ്ത്രീജീവിതത്തിന്റെ കൂടുതല്‍
സാര്‍വ്വലൌകികമായ അനുഭവങ്ങള്‍ ആവിഷ്കരിക്കുവാന്‍ ഉപയോഗിക്കുകയാണ് എന്നും
നിരീക്ഷിക്കപ്പെടുന്നു. അവര്‍ ഫ്രാന്‍സില്‍ കഴിയുന്നത് പലായനമായിരുന്നില്ല, മറിച്ചു സ്വന്തം
തെരഞ്ഞെടുപ്പായിരുന്നു. “.. സ്ത്രീകള്‍ക്കും പൊതു മനുഷ്യകുലത്തിനും ഇടയില്‍ അവര്‍
പാലം കണ്ടെത്തുന്നു. അവര്‍ മൌലികവാദത്തെ, ഹിംസയെ, യുദ്ധത്തെ, അവ പ്രത്യക്ഷമാകുന്നിടത്തെല്ലാം വെറുക്കുന്നു”
(Cahrlotte H. Bruner (Ed), The Heinemann Book of
African Women’s Writing, P. 150)
“കവി, നാടകകൃത്ത്, ഗദ്യകാരി, നോവലിസ്റ്റ്, ഭാര്യ, അമ്മ, മുത്തശ്ശി – ആന്ദ്രെ ഷദീദ് ഫ്രാന്‍സിലെ
സമുന്നത സാഹിത്യ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. അവരുടെ മാര്‍ഗ്ഗം ആഴമുള്ളതും
സംവേദനത്വമുള്ളതുമാണ്, അവരുടെ ദര്‍ശനം അതിന്റെ ആദിരൂപ ചിത്രീകരണത്തില്‍ പുതുമയാര്‍ന്നതാണ്, അവരുടെ കലാദര്‍ശനം ഭാവഗീതാത്മകവും
സാന്ദ്രവും പ്രതീകാത്മകവുമാണ് – യഥാര്‍ത്ഥത്തിന്റെയും അയഥാര്‍ത്ഥത്തിന്റെയും, പടിഞ്ഞാറിന്റെയും മിഡില്‍
ഈസ്റ്റിന്റെയും ഒരു മിശ്രണം. അവരുടെ നോവലുകളിലെ കഥാപാത്രങ്ങള്‍ ഒരു സാര്‍വ്വ ജനീന
മൂശയില്‍ നിന്ന് ഉരുവമെടുക്കുന്നു; അവര്‍ അവരുടെ മനശാസ്ത്രപരവും ദാര്‍ശനികവുമായ
സമ്മിശ്രങ്ങളില്‍ കലാതീതരാണ്- അവര്‍ സ്വപ്നത്തില്‍ നിന്ന് പൂര്‍ണ്ണാകാരത്തില്‍
ജീവിതത്തിലേക്ക് ഇറങ്ങിയവരാണ്.” പ്രഥമ നോവലിന്റെ ഇംഗ്ലീഷ് പതിപ്പിന് (From
Sleep Unbound)
ബെറ്റിന എല്‍. നാപ്പ് എഴുതിയ ആമുഖത്തിന്റെ ആദ്യഖണ്ഡിക ആന്ദ്രേ ഷദീദിന്റെ രചനാ
ലോകത്തെ കുറിച്ച് ഏറ്റവും ദീപ്തവും
കൃത്യവുമായ നിരീക്ഷണം നടത്തുന്നു (Bettina
L. Knapp, ‘Forward’ to From Sleep Unbound, Swallow Press edition, 1983).
............
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/from-sleep-unbound-by-andre-chedid-sharon-spencer
(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് രണ്ടാം ഭാഗം - പേജ് 145-153
Logos Books. )
To purchase, contact ph.no: 8086126024
No comments:
Post a Comment