Featured Post

Thursday, April 24, 2025

Season of Migration to the North by Tayeb Salih / Denys Johnson-Davies

 അശാന്തിയുടെ ഉത്തരാടനം




വിവിധങ്ങളായ സംഘര്‍ഷങ്ങള്‍ പുകയുന്ന കാലത്തെയും ദേശത്തെയും ഫിക് ഷന്റെ ധ്വനിസാന്ദ്രതയിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ അതില്‍ വന്നു നിറയുന്ന ശബ്ദങ്ങളും പരിപ്രേക്ഷ്യങ്ങളും പാത്ര വൈപുല്യവും പ്രമേയ പരമായ ഉത്കണ്ഠകളും സൂക്ഷ്മ വായനയുടെ അനുവാചക ധ്യാനമാവും ആവശ്യപ്പെടുക . ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങള്‍ അറബ് ലോകത്തിനു പൊതുവിലും കൊളോണിയല്‍ ഭരണത്തില്‍നിന്നുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുമ്പോഴും ആഭ്യന്തര സംഘര്‍ഷങ്ങളുടെ നെരിപ്പോടില്‍ ചുട്ടുപഴുത്തുകൊണ്ടിരുന്ന സുഡാനിന് പ്രത്യേകിച്ചും അങ്ങേയറ്റം കലുഷമായ കാലമായിരുന്നു. ആഫ്രിക്കയെ കുറിച്ചും കറുത്ത മനുഷ്യരെ കുറിച്ചുമുള്ള കൊളോനിയളിസ്റ്റ്‌ നിര്‍മ്മിതികള്‍, പാന്‍ അറേബ്യന്‍ ദേശീയതയുടെ ഉണര്‍വ്വുകളുടെ കാലത്തു അതിനു സമാന്തരമായോ അനുപൂരകമായോ ശക്തി പ്രാപിച്ച പരമ്പരാഗത യാഥാസ്ഥിതിക ഇസ്ലാമിന്റെ പുരോഗമന വിരുദ്ധവും സ്ത്രീവിരുദ്ധവുമായ കടും പിടുത്തങ്ങള്‍ തുടങ്ങിയവ ഒരു വശത്തും യൂറോപ്പ്യന്‍ വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രചിന്തയുടെയും സ്വാധീനം , സ്വാതന്ത്ര്യ സമരങ്ങള്‍ അഴിച്ചു വിട്ട ഊര്‍ജ്ജ പ്രവാഹം പോലുള്ള സ്വാധീനങ്ങള്‍ മറുവശത്തുമായി സങ്കീര്‍ണ്ണമായിത്തീര്‍ന്ന സുഡാനീസ് ധൈഷണിക പ്രതികരങ്ങണളെ കൂടി അടയാളപ്പെടുത്തുന്ന തയ്യിബ് സാലിഹിന്റെ 'ഉത്തരാടന കാലം' (Season of Migration to the North) എന്ന കൃതി ഈയര്‍ത്ഥത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.

കോണ്‍റാഡ് - സാലിഹ്

കൊളോണിയലിസ്റ്റ്‌ ഭൂമികയില്‍ നിന്ന് 'ഇരുണ്ട ഭൂഖണ്ഡ'ത്തിന്റെ ഹൃദയമായ കോംഗോയിലേക്ക് 'വെളുത്തവന്റെ ഭാര'മായ (white man's burden) സാംസ്കാരിക വല്‍ക്കരണ (civilizing the savages) ലക്ഷ്യവുമായി പോകുന്ന ആദര്‍ശ പ്രചോദിതനായ ചെറുപ്പക്കാരന് 'ഇരുട്ടിന്റെ ഹൃദയ'ത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് പരിശോധിക്കുന്ന ജോസഫ്‌ കോണ്‍റാഡിന്റെ Heart of Darkness 1889ല്‍ ആണ് പുറത്തിറങ്ങുന്നത് . അതേ വര്‍ഷമാണ് സുഡാന്‍ ബ്രിട്ടീഷ്‌ ആധിപത്യത്തില്‍ ആവുന്നത് എന്നത് യാദൃശ്ചികമാവാം. ഒരു മോഡേണിസ്റ്റ് മാസ്റ്റര്‍പീസ്‌ എന്ന് നിസ്സംശയം വിലയിരുത്തപ്പെട്ടിട്ടുള്ള ഈ കൃതിക്ക് പല പില്‍ക്കാല വായനകളും ഉണ്ടായിട്ടുണ്ട്. പോസ്റ്റ്‌ കൊളോണിയല്‍ സാഹിത്യ വിമര്‍ശനത്തിന്റെ ഭാഗമായ ഇത്തരം പുനര്‍ വായനകളില്‍ ഏറ്റവും ശ്രദ്ധേയവും, സാഹിത്യാസ്വാദക ലോകത്തെ ഏറ്റവും ആകര്‍ഷിച്ചതും സുഡാനീസ് എഴുത്തുകാരനായ തയിബ്‌ സലിഹ് രചിച്ച 'ഉത്തരാടന കാലം' (Season of Migration to the North) എന്ന കൃതിയാണ്. എഡ്വാര്‍ഡ് സെയ്ദിനെ പോലുള്ള ക്രാന്ത ദര്‍ശികള്‍ നോവലിനെ അറബി സാഹിത്യത്തില്‍ പോയ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ കൃതികളില്‍ ഒന്നായി വിലയിരുത്തിയിട്ടുണ്ട് .

എഡ്വാര്‍ഡ് സെയ്ദ്‌ നിരീക്ഷിച്ചത് പോലെ സാലിഹിന്റെ കൃതി കോണ്‍റാഡിന്റെ കൃതിയുടെ ആഫ്രിക്കന്‍ അറബ് പശ്ചാത്തലത്തിലുള്ള ഒരു പൊളിച്ചെഴുത്താണ്. കോണ്‍റാഡിന്റെ കഥാപാത്രം യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് പോകുമ്പോള്‍ സാലിഹിന്റെ കഥാപാത്രം ആഫ്രിക്കയുടെ തന്നെ ഭാഗമായ സുഡാനില്‍ നിന്ന് കൊളോണിയലിസത്തിന്റെ നിയന്ത്രണ സിരാകേന്ദ്രമായ ലണ്ടനിലേക്ക് കുടിയേറുന്നു. ആദ്യത്തേത് തെക്കോട്ടെങ്കില്‍ ഇത് വടക്കോട്ട്. ................

https://www.fazalrahman.com/essays/article/season-of-migration-to-the-north-by-tayeb-salih-denys-johnson-davies

(കഥകൊണ്ടു നേരിട്ട യുദ്ധങ്ങള്‍, ലോഗോസ് ബുക്സ്, പേജ്: 132-138)

To purchase, contact ph.no:  8086126024




No comments:

Post a Comment