പാത്ര
സൃഷ്ടി ഉയിരെടുക്കുമ്പോള്‍

കൃതഹസ്തനായ
ഒരെഴുത്തുകാരന്‍ ജീവിച്ചിരിക്കുന്നവരോ
മരിച്ചവരോ ആയ ആരെയും വിശേഷാല്‍
മാതൃകയാക്കാതെ ഒരു സര്‍ഗ്ഗ
രചന നടത്തുക,
കഥാ
സന്ദര്‍ഭം ആവശ്യപ്പെടുന്ന
ദുരന്തപൂര്‍ണ്ണമായ അന്ത്യം
കഥാപാത്രത്തിന് നല്‍കുക,
ജീവിതമെന്ന
പ്രഹേളികയുടെ ആവിഷ്കാരമെന്ന
നിലയില്‍ പുസ്തകം ആഘോഷിക്കപ്പെടുക-
ഇതൊക്കെ
മികച്ച എഴുത്തുകാരുടെ
കാര്യത്തില്‍ ഒട്ടും അസാധാരണമല്ല.
എന്നാല്‍,
ഒരു
സുപ്രഭാതത്തില്‍,
വാക്കുകള്‍ക്ക്
അറം പറ്റിയ പോലെ തന്‍റെ
കഥാപാത്രത്തെ നേര്‍ക്കുനേര്‍
കാണേണ്ടി വരിക,
താന്‍
നല്‍കിയ പേര് മുതല്‍ വരച്ചു
വെച്ച ജീവിത പശ്ചാത്തലവും
ജീവിത മുഹൂര്‍ത്തങ്ങളും
ഉള്‍പ്പടെ ഏതാണ്ടെല്ലാം
അയാളുടേതും കൂടിയാണ് എന്ന്
തിരിച്ചറിയേണ്ടി വരിക,
തന്‍റെ
രചന അയാളില്‍ നിന്നാണോ
തിരിച്ചാണോ ഉരുവപ്പെട്ടത്
എന്ന് അങ്കലാപ്പില്‍ ആകേണ്ടി
വരിക,
ഭാവനയുടെ
സൃഷ്ടി എന്ന് സ്വയം കരുതിയ
രചന ഒരു ജീവചരിത്രമാണ് എന്ന്
തിരിച്ചറിവിനു മുന്നില്‍
പകച്ചു പോകുക -
ഇതെപ്പോഴും
സംഭവിക്കുന്ന കാര്യമല്ല.
കഥാപാത്രത്തിന്
നല്‍കിയ ദുരന്തം അയാള്‍ക്കും
അറം പറ്റുമോ എന്ന ചിന്ത
കുറ്റബോധമായി വേട്ടയാടാന്‍
തുടങ്ങുമ്പോള്‍ എഴുത്തുകാരന്‍
സംരക്ഷക സിദ്ധികളില്ലാത്ത
ദൈവത്തിന്‍റെ സംത്രാസം
അനുഭവിക്കേണ്ടി വരും.
എഴുത്തിന്‍റെ
പ്രകൃതവും ഭാവനാലോകവുമായും
യഥാര്‍ത്ഥ ലോകവുമായും അതിനുള്ള
രാഗ-ദ്വേഷ
ബന്ധവും ഇത്തരം ഒരു രചനയുടെ
സ്വാഭാവിക അന്വേഷണ വിഷയങ്ങളാവുകയും
ചെയ്യും.
അറബ്
ഭാഷയില്‍ എഴുതുന്ന സുഡാനീസ്
നോവലിസ്റ്റ് അമീര്‍ താജ്
അല്‍സീറിന്‍റെ പുതിയ നോവല്‍
Telepathy
എന്ന
കൃതിയെ സമീപിക്കുമ്പോള്‍
ഇതൊക്കെയാണ് പരിഗണനാ വിഷയങ്ങള്‍
ആകുക.
1960-ല്‍
വടക്കന്‍ സുഡാനില്‍ ജനിച്ചു
ഇജിപ്തിലും ബ്രിട്ടനിലുമായി
മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി
കുറെയേറെ വര്‍ഷങ്ങള്‍ ഒരു
ഗൈനക്കൊളജിസ്റ്റ് ആയി
ജന്മനാട്ടില്‍ ജോലി ചെയ്ത
ശേഷം ദോഹയിലേക്ക് മാറിയ
അല്‍സീര്‍ കവിതാരചനയിലൂടെ
സാഹിത്യലോകത്തെത്തിയ
എഴുത്തുകാരനാണ്.
അറബ്
ഫിക്ഷന്‍ രചയിതാക്കള്‍ക്കിടയില്‍
ഒരു മഹാരഥനായി കണക്കാക്കപ്പെടുന്ന,
എഴുത്തില്‍
ധാരാളിയായ അല്‍സീറിന്‍റെ
പത്തോളം നോവലുകളില്‍ The
Grub Hunter (2010), The Witches' Resort (2017) എന്നിവ
അറബ് സാഹിത്യത്തിനുള്ള
അന്താരാഷ്ട്ര പുരസ്കാരമായ
കജഅഎ-ന്‍റെ
അന്തിമ ലിസ്റ്റികളില്‍ ഇടം
പിടിച്ചപ്പോള്‍ '366'
എന്ന
നോവല്‍ ഇതേ പുരസ്കാരത്തിനുള്ള
(2014)
ലോംഗ്
ലിസ്റ്റില്‍ ഉള്‍പ്പെടുകയും
അറബിക് നോവലിനുള്ള കതാറ
പുരസ്കാരം നേടുകയും ചെയ്തു.
ഗ്രബ്ബ്
ഹണ്ടറിലെ നായകനായ രഹസ്യാന്വേഷകന്‍
അബ്ദുല്ലാ ഹര്‍ഫാഷ് ഒരു കാല്‍
നഷ്ടപ്പെടുന്ന ഘട്ടത്തില്‍
എടുക്കുന്ന ഒരു തീരുമാനം
വെളിപ്പെടുത്തുന്നതാണ്
പ്രസ്തുത നോവലിന്‍റെ ആദ്യവാചകം
തന്നെ:
'ഞാനൊരു
നോവലെഴുതും.
ഉവ്വ്,
ഞാനത്
ചെയ്യും.'
തുടര്‍ന്ന്
അയാള്‍ തന്‍റെ ഗുരുവും
വഴികാട്ടിയുമായ 'ഏ.
ടി.'
യെ
കണ്ടെത്തുന്ന യാത്രയില്‍
വായനക്കാരെ കൂടെ കൂട്ടുന്നു.
ഗുരുവിന്‍റെ
ചെറു നോവല്‍ തന്നെയും
ടെക്സ്റ്റില്‍ നാം
കണ്ടെത്തുന്നുമുണ്ട്.
Telepathy യില്‍ എത്തുമ്പോള്‍ ഇതില്‍
പല ഘടകങ്ങളും ആവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍
ഇവിടെ ആഖ്യാതാവ്,
അല്‍സീറിനെ
പോലെത്തന്നെ,
ഏറെ
പ്രശസ്തനായ സുഡാനീസ് നോവലിസ്റ്റ്
ആണ്.
ഖാര്‍ത്തൂമിന്‍റെ
പശ്ചാത്തലത്തില്‍ വികസിക്കുന്ന
നോവലില്‍ ആദ്യ ഭാഗത്ത് തന്നെ
നോവലിസ്റ്റായ ആഖ്യാതാവ്
ഏറ്റുപറയുന്നുണ്ട്:
'എന്നെ
ഒട്ടും ഉള്‍കൊള്ളുന്നില്ലാത്ത
അനുഭവങ്ങളെ കുറിച്ച് ഞാന്‍
എഴുതാറെയില്ല.'
എന്നാല്‍
അതൊരു വെറും പരാവര്‍ത്തനം
ആകാന്‍ താന്‍ അനുവദിക്കാറില്ലെന്നും
അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു:
'.. ഞാന്‍
യാഥാര്‍ത്ഥ്യത്തില്‍ നിന്ന്
പ്രചോദനം കണ്ടെത്തുമ്പോഴും
അത് ഉള്ളത് പോലെ എഴുതിവെക്കാറില്ല
ഞാന്‍.
പകരം
അതാരെയും നോവിക്കാതിരിക്കാനായി
മാറ്റങ്ങള്‍ വരുത്താറുണ്ട്.
യാഥാര്‍ത്ഥ്യത്തെ
തന്‍റെ ഇടം സ്ഥാപിക്കുന്നതിന്
ഞാന്‍ അനുവദിക്കാറില്ല.'
ആഖ്യാതാവിന്‍റെ
ഭാഷയില്‍ 'ഒട്ടു
മിക്കപ്പോഴും ..
എന്‍റെ
എഴുത്ത് യാഥാര്‍ത്ഥ്യത്തിന്‍റെയും
ഭാവനയുടെയും ഒരു മിശ്രിതമായിരുന്നു
എന്‍റെ ചുറ്റുപാടുകള്‍
പ്രചോദിപ്പിച്ച ചിലത്,
ഞാന്‍
കണ്ടു പിടിച്ച ചിലതും.'
ഈ
രീതി തന്നെയാണ് തന്‍റെ പുതിയ
പുസ്തകമായ 'വിശപ്പിന്‍റെ
പ്രതീക്ഷകള്‍'
എന്ന
നോവലിലും അയാള്‍ അവലംബിച്ചത്.
തന്‍റെ
മുന്‍ കൃതികളില്‍ നിന്ന്
വ്യത്യസ്തമായി അതിവേഗത്തില്‍
'ഒരു
റോഡ് ബ്ലോക്കും'
ഇല്ലാതെയാണ്
'അതിശക്തമായ
പ്രചോദനത്താല്‍ നയിക്കപ്പെട്ട്'
അത്
രചിച്ചതെന്നു അയാള്‍
വ്യക്തമാക്കുന്നുണ്ട്.
എന്നിരിക്കിലും
അത് തന്‍റെ സൃഷ്ടി മാത്രമാണെന്നും
ആരും 'ആ
കഥാപാത്രം താനാണ്'
എന്ന്
പറയാന്‍ ഇടവരില്ലെന്നും
അയാള്‍ക്ക് ഉറപ്പുണ്ട്.
എന്നാല്‍
ഈ വിശ്വാസം തകര്‍ത്ത് കൊണ്ട്
കുഴപ്പം പിടിച്ച ഒരാള്‍
എത്തിച്ചേരുന്നു:
പുകയിലക്കറ
പിടിച്ച പല്ലുകളും ഉടല്‍
നീളമുള്ള കുപ്പായവും തൊപ്പിയും
ആട്ടിന്‍ തോല്‍ പാദുകങ്ങളുമായി
തന്‍റെ സ്വകാര്യങ്ങള്‍
അറിയാവുന്ന ഒരാള്‍.
അയാളുടെ
പേര് തന്‍റെ നോവലിലെ
കഥാപാത്രത്തിന്‍റെ അതേ പേരാണ്.
പൊതുവേ
ആരും ഉപയോഗിക്കാന്‍ ഇടയില്ലാത്ത,
ഒരെഴുത്തുകാരന്‍റെ
സര്‍ഗ്ഗ പ്രക്രിയയില്‍ മാത്രം
സാധാരണ ഗതിയില്‍ ഉരുത്തിരിയാന്‍
ഇടയുള്ള ഒന്ന്:
നിഷാന്‍
ഹംസ നിഷാന്‍.
'ഇത്തരമൊരു
അപൂര്‍വ്വ നാമം ആര്‍ക്കുമില്ല,
ഏറ്റവും
ചുരുങ്ങിയത് സംഭവ്യമായ
തിരിച്ചടികള്‍ ഒഴിവാക്കാനായി
ഞാന്‍ ഏറെ പാടുപെട്ട്
രൂപപ്പെടുത്തിയ ആ ചേരുവയില്‍.'
എന്നാല്‍
നോവലിലെ നിഷാനും യഥാര്‍ത്ഥ
ജീവിതത്തിലെ അതേ പേരുകാരനും
ഒരാള്‍ തന്നെയോ എന്ന സന്ദേഹം
അയാളില്‍ പിടി മുറുക്കിത്തുടങ്ങുകയും
യഥാര്‍ത്ഥ വ്യക്തി ടെലിപ്പതിയിലൂടെ
തന്നോട് സംവദിക്കുകയായിരുന്നോ
എന്ന് ചിന്തിച്ചു തുടങ്ങുകയും
ചെയ്യുന്നതോടെ എഴുത്തുകാരന്‍
എന്ന നിലയില്‍ തന്‍റെ
സൃഷ്ടിയോടുള്ള ഉത്തരവാദിത്തം
എന്ന സമസ്യ അയാളെ ചൂഴ്ന്നു
തുടങ്ങുന്നു.
പുസ്തകത്തിലെ
നിഷാന്‍ ചികിത്സയില്ലാത്ത
ഗ്ലാന്‍ഡ് ക്യാനസറിനു
അടിമയാണെന്ന ചിന്ത അയാളില്‍
ഒരു വിറയലായി പടരുന്നു.
'ദരിദ്രനും,
നിസ്സഹായനും
പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവനും'
ആയ
ആ പാവം മനുഷ്യന് 'കൃതിയില്‍
നല്‍കിയതിനേക്കാള്‍ മെച്ചപ്പെട്ട
ഒരു വിധി'
നല്‍കുക
തന്‍റെ കടമയാണെന്ന നിലപാടില്‍
അയാളെ എത്തിക്കുന്നു.
യഥാര്‍ത്ഥ
നിഷാന്‍ ആവട്ടെ,
ചില
പ്രത്യേക കാലങ്ങളില്‍
സ്കിസോഫ്രീനിയയുടെ പിടിയില്‍
പെട്ട് പോകുകയും സഹായിക്കാന്‍
ശ്രമിക്കുന്നവരെയും
അകറ്റിക്കളയുകയും ചെയ്യുന്ന,
പ്രവചനാതീത
വ്യക്തിത്വത്തിന്‍റെ ഉടമയുമാണ്.
നോവലിന്‍റെ
തുടര്‍ന്നുള്ള ഭാഗങ്ങളില്‍
ആഖ്യാതാവ് ഒരേ സമയം അയാളില്‍
നിന്ന് ഓടിയകലാനും അതേ സമയം
അയാളെ രക്ഷിക്കാനുമുള്ള
വ്യഗ്രതയിലാണ്.
ഒപ്പം,
ഒരിക്കലും
താന്‍ കണ്ടിട്ടില്ലാത്ത
ഒരാള്‍ എങ്ങനെയാണ് അയാളുടെ
കഥ തന്നിലേക്ക് സംവേദനം
നടത്തിയത് എന്ന് മനസ്സിലാക്കാനുള്ള
ശ്രമത്തിലും.
കഥാപാത്രമായ
നിഷാനും യഥാര്‍ത്ഥ വ്യക്തിയും
തമ്മിലുള്ള പൊതുവായ സാമ്യങ്ങള്‍
സ്വാഭാവികമാക്കാന്‍ പാകത്തില്‍
അല്‍സീറിന്‍റെ ആഖ്യാനത്തില്‍
ചരിത്രം ഉണര്‍ന്നിരിക്കുന്ന
മുഹൂര്‍ത്തങ്ങള്‍ ശക്തമാണ്.
നിഷാന്‍
ഹംസ നിഷാന്‍ അറുപതുകളുടെ
തുടക്കത്തില്‍ ഫ്രാന്‍സ്വാ
ടോംബാല്‍ബായെയുടെ ഏകാധിപത്യ
നാളുകളില്‍ ഛാഡിലെ എന്‍ജെമീനെയില്‍
നിന്ന് ഓടിപ്പോന്ന കുടുംബത്തിലെ
അംഗമാണ്.
ഖാര്‍തൂമിലെ
ഒരു സ്വകാര്യ ഭവന നിര്‍മ്മാണ
കമ്പനിയില്‍ ഗാര്‍ഡ് ആയിരുന്ന
അയാളുടെ പിതാവ്,
മകനെ
അവന്‍റെ പത്താം വയസ്സില്‍
ഒരു പ്രാഥമിക സ്കൂളിലെ
ശിപായിപ്പണിക്ക് ചേര്‍ത്തു.
മുപ്പതു
വയസ്സ് പിന്നിട്ടിട്ടാണ്
അയാള്‍ പ്രാഥമിക പഠനം ആരംഭിച്ചത്.
മനോരോഗ
ആശുപത്രിയില്‍ നിഷാനിനെ
ശുശ്രൂഷിക്കുന്ന നേഴ്സ്
യകൂത്ത അയാളുമായി
പ്രണയത്തിലാകുന്നുണ്ടെങ്കിലും
ഒരു തിരോധാനത്തിനു ശേഷം
ഗദ്ദാഫിയുടെ പതനത്തിനു
ശേഷമുള്ള ലിബിയയില്‍ റാനിം
എന്ന പേരില്‍ വീണ്ടും
പ്രത്യക്ഷപ്പെടുന്നു.
കോലാലമ്പൂരില്‍
വെച്ച് പരിചയപ്പെടുന്ന
വിക്റ്റര്‍ ഗാരിലാന്‍ഡ് എന്ന
ഇടതു പക്ഷക്കാരനായ അമേരിക്കന്‍
ബുദ്ധിജീവി അമേരിക്കന്‍
അധിനിവേശങ്ങളുടെ,
വിശേഷിച്ചും
അഫ്ഘാന്‍,
ഇറാഖ്,
എന്നിവിടങ്ങളിലെയും
വിയറ്റ്നാമിലെയും,
കടുത്ത
വിമര്‍ശകനാണ്.
ഹോഷി
ഹിസോക എന്ന പേര് സ്വീകരിച്ച
അദ്ദേഹം ഒരു ജാപ്പനീസ്
സ്ഥാപനത്തില്‍ സംഗീതാധ്യാപകനും
മികച്ച ഗിറ്റാരിസ്റ്റുമാണ്.
കാലികവും
പ്രാദേശികവും എന്ന പോലെ
അന്തര്‍ദേശീയയവുമാണ് നോവലിലെ
രാഷ്ട്രീയ സാമൂഹിക സൂചനകള്‍.
ഖാര്‍ത്തൂമിലെ
തെരുവുകളിലൂടെ നമ്മെ
കൂട്ടിക്കൊണ്ടു പോകുന്ന
നോവലിസ്റ്റ് വിചിത്ര സ്വഭാവികളായ
കുറെയേറെ കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നുണ്ട്.
എഴുത്തുകാരിയായി
പേരെടുക്കാന്‍ ആഗ്രഹിക്കുന്ന
യുവതിയായ നജ്മ ഭാവനാശാലിയെങ്കിലും
എഴുത്തിന്‍റെ ശൈലീപരമായ
പാഠങ്ങള്‍ വായനയിലൂടെ
വികസിപ്പിച്ചെടുക്കേണ്ടതുണ്ട്
എന്ന് ആഖ്യാതാവ് കരുതുന്നു.
പട്ടാള
അട്ടിമറിയും ഭൂകമ്പവും പോലുള്ള
ദുരന്തങ്ങള്‍ പ്രവചിക്കാന്‍
കഴിയുന്ന ആടിനെ കുറിച്ചുള്ള
നജ്മയുടെ കഥ 'എന്‍റെ
അയല്‍വാസിയുടെ ആട്'
അതാണ്
അയാളെ ബോധ്യപ്പെടുത്തുക.
പ്രശസ്ത
നോവലിസ്റ്റ് കൂടിയായ ആഖ്യാതാവിനോട്
ഉപദേശങ്ങള്‍ തേടുക മാത്രമല്ല
അയാളെ വിവാഹം ചെയ്യാനും അവള്‍
ആഗ്രഹിക്കുന്നുണ്ട്.
അതറിയുമ്പോള്‍
ആഖ്യാതാവ് അവളില്‍ നിന്ന്
അകലാനും ശ്രദ്ധിക്കുന്നു.
ആരാധികയായ
മറ്റൊരു അജ്ഞാത വായനക്കാരിയെ
നേരില്‍ കാണുമ്പോള്‍
ഇച്ഛാഭംഗമുണ്ടാവുന്ന
അനുഭവവുമുണ്ട്.
മുമ്പ്
ഗണിതാധ്യാപകനായിരുന്ന
ആഖ്യാതാവ് ഒരിക്കല്‍ കണ്ടു
മുട്ടുന്ന പഴയ വിദ്യാര്‍ഥി
പക്ഷെ അയാളുടെ എഴുത്തുകാരന്‍
എന്ന സ്വത്വത്തെ കുറിച്ച്
തീര്‍ത്തും അജ്ഞനാണ്.
തന്‍റെ
ഉമ്മയുടെ സുഹൃത്തും റിട്ടയര്‍
ചെയ്ത മിഡ് വൈഫുമായിരുന്ന
മലികാത് അല്‍ ദാര്‍ എന്ന
ഉമ്മയെ തന്‍റെ ആത്മീയ മാതാവ്
എന്നാണു അയാള്‍ വിവരിക്കുക.
കുഞ്ഞുന്നാള്‍
മുതല്‍ ആഖ്യാതാവിന് മാതൃ
തുല്യയായിരുന്ന ഉമ്മു സലാമ
എന്ന പ്രായം ചെന്ന വിധവയും
അവരുടെ കുസൃതികളായ കൗമാരക്കാരായ
രണ്ടു മക്കളും അയാള്‍ക്ക്
പ്രിയപ്പെട്ടവരാണ്.
നിഴല്‍
എന്ന് വിളിപ്പേരുള്ള നാടകകൃത്ത്
അബ്ദ് അല്‍ഖാവി ആഖ്യാതാവിന്‍റെ
ചില മുന്‍ രചനകള്‍ നാടകമാക്കിയിട്ടുണ്ട്.
'നിഴലി'ന്‍റെ
മകള്‍ ലിന്‍ഡ,
നിഷാന്‍
താമസിക്കുന്ന ചേരിയിലെ ഇമാമായ
ഹജ്ജ് അല്‍ ബൈത്ത് തുടങ്ങിയവരും
ഇതിവൃത്തത്തില്‍ പ്രാധാന്യമുള്ളവരാണ്.
നിന്നുള്ളവരാണ്.
ഒരാള്‍
ഉന്നതവിദ്യാഭ്യാസം നേടിയവനും
മധ്യവര്‍ഗ്ഗ സുരക്ഷിതത്വം
അനുഭവിക്കുന്നവനും നഗരത്തിലെ
പരിഷ്കൃത വിഭാഗങ്ങള്‍ക്കിടയില്‍
കഴിയുന്നവനുമാണെങ്കില്‍
അപരന്‍ തികച്ചും വ്യത്യസ്തമായ
ചുറ്റുപാടുകളില്‍ നിന്നാണ്.
നാല്‍പ്പത്തിയഞ്ചാം
വയസ്സില്‍ സെക്കണ്ടറി
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ
നോവലിലെ നിഷാനിനെ പോലെ,
ദരിദ്ര
ബാല്യത്തിന്‍റെ ഗതികേടുകളില്‍
വളരെയേറെ വൈകി മാത്രം അക്ഷരാഭ്യാസം
നേടാനായവന്‍,
ചേരി
നിവാസി.
നോവലിലെ
നിഷാനിനും യൂനിവേഴ്സിറ്റിയില്‍
ചേര്‍ന്ന് നിയമം പഠിച്ചു
ജഡ്ജിയാവണം എന്ന മോഹത്തിന്
വിലങ്ങുതടിയാവുന്നത്
വര്‍ഷത്തില്‍ ഒന്നോ രണ്ടോ
മാസക്കാലം അയാളില്‍ പിടിമുറുക്കുന്ന
ചിത്തഭ്രമം തന്നെയാണ്.
ആഖ്യാതാവ്
ആദ്യത്തെ അങ്കലാപ്പ് വിട്ടുമാറിയ
ശേഷം ഏതാണ്ടൊരു രക്ഷിതാവിനെ
പോലെ യഥാര്‍ത്ഥ നിഷാനിനെ
സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്;
എല്ലായിപ്പോഴും
അത് വിജയിക്കുന്നില്ലെങ്കിലും.
എന്നാല്‍
ഒരു അതീന്ദ്രിയ തലത്തില്‍
ഉന്നത ശീര്‍ഷനായ എഴുത്തുകാരനുമായി
ആത്മീയമായി ഐക്യപ്പെടാന്‍
മാത്രം നിഷാന്‍ ഹംസയില്‍
എന്തോ ഉണ്ട് എന്നും കാണാനാവും.
ഒരേ
സമയം നോവലിലെ കഥാപാത്രവും
അതിന്‍റെ അപരനും എന്ന രീതിയിലും
ഒപ്പം നോവലിസ്റ്റിന്‍റെ
തന്നെ അപര സാന്നിധ്യം എന്ന
നിലയിലും നിഷാന്‍ എന്ന യഥാര്‍ത്ഥ
വ്യക്തിയുടെ പാത്ര സൃഷ്ടി
ഇരു തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
ഒരു ദ്വന്ദ്വ പ്രതിഭാസമായി
കണ്ണിചേര്‍ക്കാന്‍ അല്‍സീര്‍
ശ്രമിക്കുന്നുണ്ട്.
എങ്കിലും
അതെത്രമാത്രം വിജയിക്കുന്നുവെന്നത്
സംശയാസ്പദമാണ് എന്ന് പറയേണ്ടി
വരും.
മെറ്റാഫിക്ഷന്‍റെ
തലങ്ങളില്‍ ഈ ദ്വന്ദ്വപ്രതിഭാസത്തെ
വേണ്ടും വിധം വികസിപ്പിക്കാനോ
അങ്ങേയറ്റം ശ്രേണീബദ്ധമായ
ഒരു സമൂഹത്തില്‍ തികച്ചും
ഭിന്ന ധ്രുവങ്ങളിലുള്ള രണ്ടു
കഥാപാത്രങ്ങള്‍ക്കിടയില്‍
ടെലിപ്പതിക് വിനിമയ സാധ്യതകളുടെ
സങ്കീര്‍ണ്ണതകള്‍ പരിശോധിക്കാനോ
നോവലിസ്റ്റ് ശ്രമിക്കുന്നില്ല
എന്നത് പ്രക്ഷേപിത ലക്ഷ്യത്തിലേക്ക്
നോവലിനെ അടുപ്പുക്കുന്നതില്‍
പരിമിതിയായിത്തീരുന്നുണ്ട്
(1).
ആഖ്യാതാവിന്‍റെയും
നിഷാനിന്‍റെയും മുഖാമുഖത്തില്‍
സംഭവ്യമായിരുന്ന ശത്രുതയെയോ
ഭയപ്പാടിനെയോ,
ഒരു
വേള,
യാഥാര്‍ത്ഥ്യത്തിനും
ഭാവനക്കും ഇടയില്‍
പ്രതീക്ഷിക്കാമായിരുന്ന
ശൈഥില്യത്തെയോ നേരിടുന്നതിനു
പകരം നിഷാന്‍ അപ്രത്യക്ഷനാകുന്ന
കഥാന്ത്യം സര്‍ഗ്ഗപരമായി
നിരാശാ ജനകമായി അനുഭവപ്പെടാം.
ഇരു
കഥാപാത്രങ്ങളും വായനക്കാരില്‍
വലിയ ചലനങ്ങളൊന്നും
ഉണ്ടാക്കുന്നുമില്ല എന്നതും
ഇതോടു ചേര്‍ത്തു കാണണം.
പലപ്പോഴും
ബോധപൂര്‍വ്വം ആളുകളെ
ഒഴിവാക്കുന്നവനെങ്കിലും
ഒരെഴുത്തുകാരനെ സംബന്ധിച്ച്
അത്ര സ്വാഭാവികമല്ലാത്ത വിധം
എപ്പോഴും ബഹിര്‍മുഖനും ഒട്ടേറെ
കാര്യങ്ങളില്‍ മുഴുകുന്നവനുമാണ്
ആഖ്യാതാവ് എന്നതും ഒരുതരം
രസക്കേടായി അനുഭവപ്പെടുന്നുണ്ട്.
ഖാര്‍ത്തൂം
നിവാസികളുടെ ജീവിതത്തിന്‍റെ
പരിഛേദങ്ങള്‍ കടന്നു വരുന്നത്
ഈ സമ്പര്‍ക്കങ്ങളിലാണ്
എന്നിരിക്കിലും അത്തരം
വിനിമയങ്ങളില്‍ സ്വാഭാവികമായും
കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരുന്ന
കഥാപാത്രങ്ങളിലോ സന്ദര്‍ഭങ്ങളിലോ
നോവലിസ്റ്റ് ഒട്ടും ഊന്നുന്നില്ല.
ആഖ്യാതാവിന്‍റെ
പ്രശസ്തിയും എഴുത്തുകാരന്‍
എന്ന നിലയിലുള്ള മികവും
നോവലിലെ കഥാപാത്രങ്ങള്‍
ഇടയ്ക്കിടെ ഊന്നിപ്പറയുന്നുണ്ടെങ്കിലും
അത്തരം ആരാധനാ ഭാവം വായനക്കാരില്‍
ഉണ്ടാവുന്നില്ല എന്നതും
ശ്രദ്ധേയമാണ്.
പകരം
തെളിഞ്ഞു വരുന്നത് തന്നില്‍ത്തന്നെ
മുഴുകിയ ഒരു ഒരാളുടെ ചിത്രമാണ്.
നോവലിലെ
ഭാഷയും ഒരു മികച്ച എഴുത്തുകാരനായ
കഥാപാത്രത്തെ ന്യായീകരിക്കുന്നതല്ല
എന്നും അതൊരു വേള വിവര്‍ത്തനത്തില്‍
നഷ്ടപ്പെട്ടതും കൂടിയാവാമെന്നും
(ഹീെേ
ശി ൃമേിഹെമശേീി)
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
(ചമവമൃമശി
മഹങീൗമെംശ).
എന്തായാലും,
ഒരു
തുറന്ന അറ്റമായി നോവല്‍
മുന്നോട്ടു വെക്കുന്ന ചോദ്യം
ഇതാണ്:
ഒരെഴുത്തുകാരന്‍
തന്‍റെ രചനയുടെ പ്രസിദ്ധീകരണത്തിനു
ശേഷം എത്രമാത്രം അതിന്‍റെ
സൂചനകള്‍ക്കോ ധ്വനികള്‍ക്കോ
ഉത്തരവാദിയാണ്?
അഥവാ,
അതിന്‍റെ
സാമൂഹിക ആഘാതക്ഷമതക്ക് അയാള്‍
ശരിക്കും ഉത്തരവാദി തന്നെയാണോ?
References:
1. Nahrain al-Mousawi,
‘An author and his doubles’, Qantara.de.
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 236-242)
To purchase, contact
ph.no: 8086126024