Featured Post

Showing posts with label Post-postcolonial. Show all posts
Showing posts with label Post-postcolonial. Show all posts

Saturday, October 25, 2025

Ngũgĩ wa Thiong'o - A Tribute

 

ങ്ഗൂഗി വാ തിയോങ്ഗോ: കലയും കാലവും കലാപവും.’- ഫസല്‍ റഹ്മാന്‍

https://www.youtube.com/watch?v=v8H167Dc8M0


1938ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ കെനിയയിലെ ലിമൂറുവില്‍ കികുയു വംശീയ വിഭാഗത്തില്‍ ‘ജയിംസ് ങ്ഗൂഗി’ എന്ന മാമോദീസ പേരോടെ ജനിച്ച ങ്ഗൂഗി വാ തിയോങ്ഓസ്വാതന്ത്ര്യ പ്രസ്ഥാനമായിരുന്ന മോ മോ കലാപത്തില്‍ പങ്കെടുത്തു കൊടിയ പീഡനങ്ങളും രക്തസാക്ഷിത്തവും വരെ സഹിച്ച കുടുംബ പാരമ്പര്യത്തിന്റെ അവകാശിയായിരുന്നു. ഉഗാണ്ടയിലെ മകരേരെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്ന നാളുകളികലാണ് അദ്ദേഹം എഴുത്തിന്റെ വഴിയിലേക്ക് തിരിയുന്നത്. 1962ല്‍ മകരേരെയില്‍ സംഘടിപ്പിക്കപ്പെട്ട ആഫ്രിക്കന്‍ എഴുത്തുകാരുടെ സമ്മേളനത്തില്‍ അദ്ദേഹം എഴുതിയ ആദ്യ നാടകംThe Black Hermit അവതരിപ്പിച്ചതും അവിടെവെച്ചുതന്നെ ആദ്യ കാല നോവലുകളുടെ കയ്യെഴുത്തുപ്രതി സാക്ഷാല്‍ ചിനുവ അച്ചബെക്ക് കൈമാറാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരവായി. അച്ചബെയുടെ മുഖവുരയോടെ 1962-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഹെയ്ന്‍മാന്‍ ആഫ്രിക്കന്‍ സിരീസിലെ ആദ്യ കൃതികളുടെ കൂട്ടത്തില്‍ അവ ഇടം പിടിച്ചു. എണ്‍പത്തിയേഴാം വയസ്സില്‍ ഇക്കഴിഞ്ഞ മേയ് 28നു അദ്ദേഹം അന്തരിക്കുമ്പോള്‍, കെനിയ പോലൊരു കൊളോണിയല്‍/ പോസ്റ്റ്‌കൊളോണിയല്‍ ദേശത്തെ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ ഉത്തുംഗത്തില്‍ എത്തിക്കുകയും ലോകസാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തുകയും ചെയ്ത ഏറ്റവും വലിയ പ്രതിഭയാണ് കടന്നു പോകുന്നത്.

യൂറോപ്പല്ല ലോകത്തിന്റെ കേന്ദ്രമെന്ന് കാണിച്ചു കൊടുക്കുക എന്നത് കൂടി ലക്ഷ്യമാക്കിയിരുന്ന ഒരാള്‍ എന്ന നിലയില്‍ കെനിയ കറുത്തവന്റെതാണ് എന്നും കൊളോണിയലിസം ആഫ്രിക്കയുടെ സ്വയംഭോഗമല്ലമറിച്ച് ബലാല്‍ക്കാരവും ഒരു കുറ്റകൃത്യവും ആണെന്നും തദ്ദേശീയമായ സംസ്കൃതികളെ തകര്‍ത്തുകൊണ്ടാണ് കൊളോണിയല്‍ സംസ്കൃതിയും നിര്‍മ്മിത ചരിത്രവും സ്ഥാപിതമായത് എന്നുമുള്ള തിരിച്ചറിവായിരുന്നു ങ്ഗൂഗിയുടെ കരുത്ത്. ആഫ്രിക്കയും ഏഷ്യയും ലാറ്റിന്‍ അമേരിക്കയും സാംസ്കാരിക ലോകത്തിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്നു വന്ന പുതിയ കാലത്തിന്റെ പ്രവാചകനായി ഫ്രാന്‍സ് ഫാനന്‍ നിലക്കൊണ്ടു. എന്നാല്‍ ഇംഗ്ലീഷ് വിധേയത്വത്തിന്റെ കാര്യത്തില്‍ ഈ മാറ്റങ്ങളൊന്നും അക്കാദമിക് ലോകത്ത് ഒരു അനുരണനവും സൃഷ്ടിച്ചില്ല എന്ന് നെയ്റോബി യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നുണ്ടായ അനുഭവങ്ങളില്‍ നിന്ന് അദ്ദേഹം മനസ്സിലാക്കി. എഴുത്തിന്റെ ഭാഷ ഏതാവണം എന്ന കാര്യത്തില്‍ ഒരു പുതിയ തിരിച്ചറിവിലേക്ക് അദ്ദേഹം നീങ്ങുന്നത്‌ അങ്ങനെയാണ്. ആദ്യമൊക്കെ ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയ അദ്ദേഹം, കൊളോണിയല്‍ ഭാരം കയ്യൊഴിയാന്‍ മനസ്സുകളെ കൂടി കോളണിമുക്തമാക്കേണ്ടതുണ്ട് എന്നും അതിനു ഭാഷാപരമായ കൊളോണിയല്‍ പാരമ്പര്യത്തെ കൂടി കയ്യൊഴിക്കേണ്ടതുണ്ട് എന്നുമുള്ള നിലപാടില്‍ പില്‍ക്കാലത്ത് ഗികുയു ഭാഷയില്‍ എഴുതിയശേഷം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക എന്ന രീതി സ്വീകരിച്ചു. അതുവരെ സ്റ്റാറ്റസ് സിംബല്‍ പോലെ അന്താരാഷ്‌ട്ര വേദികളില്‍ എടുത്തുകാട്ടിയിരുന്ന എഴുത്തുകാരന്‍ അതോടെ അധികൃതര്‍ക്ക് അനഭിമതനായി.  ഇത് ഭാഷയുടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ങ്ഗൂഗിയുടെ നിലപാടിന് കൃത്യമായ സാധൂകരണവുമായിരുന്നു. കൊള്ളേണ്ടിടത്തു കൊള്ളും വരെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഭരണകൂടങ്ങള്‍ക്ക് പ്രിയങ്കരരാണ്.

Weep Not, Child (1964), The River Between (1965), A Grain of Wheat (1967) എന്നീ മൂന്നു നോവലുകളെയും ചേര്‍ത്ത് ങ്ഗൂഗിയുടെ ആദ്യ നോവല്‍ ത്രയം എന്ന് വിളിക്കുന്നു........ 

https://www.fazalrahman.com/essays/article/ngg-wa-thiongo-a-tribute


Thursday, August 14, 2025

Theft by Abdulrazak Gurnah

 ഗുര്‍നാ കൃതികളിലെ ദിശാമാറ്റം




(നോബല്‍ പുരസ്കാര ലബ്ധിക്കു ശേഷം അബ്ദുല്‍ റസാഖ് ഗുര്‍നായുടെതായി പുറത്തിറങ്ങിയ ആദ്യനോവല്‍ ‘Theft’ എന്ന കൃതിയെ കുറിച്ച്. ഗുര്‍നാ കൃതികളിലെ പ്രമേയ പരവും ശൈലീപരവുമായ ദിശാമാറ്റത്തെ അടയാളപ്പെടുത്തുന്ന നോവല്‍, പോസ്റ്റ്‌കൊളോണിയല്‍, ഹിസ്റ്റോറിക്കല്‍ ഫിക് ഷന്‍ പരിമിതികള്‍ക്കപ്പുറം ആഫ്രിക്കന്‍ സാഹിത്യത്തിലെ തന്നെ പുതിയ കാലത്തിന്റെ നാന്ദിയാണ്.)


2021ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ടാന്‍സാനിയന്‍ - ബ്രിട്ടീഷ് നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍നക്ക് നല്‍കുമ്പോള്‍ പുരസ്കാര സമിതി എടുത്തു പറഞ്ഞത് “കൊളോണിയലിസത്തിന്റെ ആഘാതങ്ങളെയും സംസ്കാരങ്ങള്‍ക്കും വന്‍കരകള്‍ക്കും ഇടയില്‍ പെട്ടുപോകുന്ന അഭയാര്‍ഥിയുടെ വിധിയെയും അനുതാപപൂര്‍ണ്ണവും വിട്ടുവീഴ്ചയില്ലാതെയും നിരീക്ഷിക്കുന്നതില്‍” അദ്ദേഹത്തിനുള്ള പാടവമായിരുന്നു. ഗുര്‍നായുടെ അന്നുവരെയുള്ള പത്തു നോവലുകളും ഇതര രചനകളും ഈ വിശാലമായ നിര്‍വ്വചനത്തോട് ചേര്‍ന്നു പോകുന്നവ തന്നെയായിരുന്നു എന്നത് വ്യക്തവുമാണ്. എന്നാല്‍, നോബല്‍ പുരസ്കാരത്തെ തുടര്‍ന്നുണ്ടായ സാഹിതീയ, സാംസ്കാരിക സമ്പര്‍ക്കങ്ങളുടെ തിരക്ക് തനിക്കേറെ പ്രിയപ്പെട്ട ഫിക് ഷന്‍ രചനയില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തിയതിനെ കുറിച്ച് പില്‍ക്കാലം പലപ്പോഴും അദ്ദേഹം പറയുകയുണ്ടായി. നാലുവര്‍ഷക്കാലത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന പുതിയ നോവല്‍ ‘Theft’ പക്ഷെ, ആ ഇടവേള വലിയൊരു കുതിച്ചു ചാട്ടത്തിലേക്ക്, അഥവാ വികാസത്തിലെക്കു തന്നെ, വഴിതെളിയിച്ചു എന്ന് കരുതാന്‍ ന്യായം നല്‍കുന്നതാണ്.

നോബേല്‍ പുരസ്കാര ലബ്ധിക്കു ശേഷം നല്‍കിയ ഒരഭിമുഖത്തില്‍, പതിമൂന്നാം വയസ്സില്‍ ടോള്‍സ്റ്റോയിയുടെ ‘അന്നാ കരേനിന’ വായിച്ചതിന്റെ വൈകാരികാനുഭാവത്തെ കുറിച്ച് അബ്ദുല്‍ റസാഖ് ഗുര്‍ന എടുത്തു പറയുകയുണ്ടായി. ഈ ഓര്‍മ്മയെ നേരിട്ടു ബന്ധപ്പെടുത്താവുന്ന പാത്രസൃഷ്ടിയാണ് പോയ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലെ ടാന്‍സാനിയ പശ്ചാത്തലമാക്കി ഗുര്‍ന എഴുതിയ പുതിയ  Theft (2025) എന്ന നോവലിലെ മുഖ്യ കഥാപാത്രമായ റയായുടെ പാത്രസൃഷ്ടി.

കഥാപാത്രങ്ങളും പ്രമേയ ധ്വനികളും

........................

https://www.fazalrahman.com/essays/article/theft-by-abdulrazak-gurnah