Featured Post

Thursday, August 14, 2025

Theft by Abdulrazak Gurnah

 ഗുര്‍നാ കൃതികളിലെ ദിശാമാറ്റം




(നോബല്‍ പുരസ്കാര ലബ്ധിക്കു ശേഷം അബ്ദുല്‍ റസാഖ് ഗുര്‍നായുടെതായി പുറത്തിറങ്ങിയ ആദ്യനോവല്‍ ‘Theft’ എന്ന കൃതിയെ കുറിച്ച്. ഗുര്‍നാ കൃതികളിലെ പ്രമേയ പരവും ശൈലീപരവുമായ ദിശാമാറ്റത്തെ അടയാളപ്പെടുത്തുന്ന നോവല്‍, പോസ്റ്റ്‌കൊളോണിയല്‍, ഹിസ്റ്റോറിക്കല്‍ ഫിക് ഷന്‍ പരിമിതികള്‍ക്കപ്പുറം ആഫ്രിക്കന്‍ സാഹിത്യത്തിലെ തന്നെ പുതിയ കാലത്തിന്റെ നാന്ദിയാണ്.)

ഫസല്‍ റഹ് മാന്‍

2021ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ടാന്‍സാനിയന്‍ - ബ്രിട്ടീഷ് നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍നക്ക് നല്‍കുമ്പോള്‍ പുരസ്കാര സമിതി എടുത്തു പറഞ്ഞത് “കൊളോണിയലിസത്തിന്റെ ആഘാതങ്ങളെയും സംസ്കാരങ്ങള്‍ക്കും വന്‍കരകള്‍ക്കും ഇടയില്‍ പെട്ടുപോകുന്ന അഭയാര്‍ഥിയുടെ വിധിയെയും അനുതാപപൂര്‍ണ്ണവും വിട്ടുവീഴ്ചയില്ലാതെയും നിരീക്ഷിക്കുന്നതില്‍” അദ്ദേഹത്തിനുള്ള പാടവമായിരുന്നു. ഗുര്‍നായുടെ അന്നുവരെയുള്ള പത്തു നോവലുകളും ഇതര രചനകളും ഈ വിശാലമായ നിര്‍വ്വചനത്തോട് ചേര്‍ന്നു പോകുന്നവ തന്നെയായിരുന്നു എന്നത് വ്യക്തവുമാണ്. എന്നാല്‍, നോബല്‍ പുരസ്കാരത്തെ തുടര്‍ന്നുണ്ടായ സാഹിതീയ, സാംസ്കാരിക സമ്പര്‍ക്കങ്ങളുടെ തിരക്ക് തനിക്കേറെ പ്രിയപ്പെട്ട ഫിക് ഷന്‍ രചനയില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തിയതിനെ കുറിച്ച് പില്‍ക്കാലം പലപ്പോഴും അദ്ദേഹം പറയുകയുണ്ടായി. നാലുവര്‍ഷക്കാലത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന പുതിയ നോവല്‍ ‘Theft’ പക്ഷെ, ആ ഇടവേള വലിയൊരു കുതിച്ചു ചാട്ടത്തിലേക്ക്, അഥവാ വികാസത്തിലെക്കു തന്നെ, വഴിതെളിയിച്ചു എന്ന് കരുതാന്‍ ന്യായം നല്‍കുന്നതാണ്.

നോബേല്‍ പുരസ്കാര ലബ്ധിക്കു ശേഷം നല്‍കിയ ഒരഭിമുഖത്തില്‍, പതിമൂന്നാം വയസ്സില്‍ ടോള്‍സ്റ്റോയിയുടെ ‘അന്നാ കരേനിന’ വായിച്ചതിന്റെ വൈകാരികാനുഭാവത്തെ കുറിച്ച് അബ്ദുല്‍ റസാഖ് ഗുര്‍ന എടുത്തു പറയുകയുണ്ടായി. ഈ ഓര്‍മ്മയെ നേരിട്ടു ബന്ധപ്പെടുത്താവുന്ന പാത്രസൃഷ്ടിയാണ് പോയ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലെ ടാന്‍സാനിയ പശ്ചാത്തലമാക്കി ഗുര്‍ന എഴുതിയ പുതിയ  Theft (2025) എന്ന നോവലിലെ മുഖ്യ കഥാപാത്രമായ റയായുടെ പാത്രസൃഷ്ടി.

കഥാപാത്രങ്ങളും പ്രമേയ ധ്വനികളും

നോവല്‍ ആരംഭിക്കുന്നത് വിചിത്രമായ ഒരു പശ്ചാത്തലത്തിലായിരുന്നു: ‘റയായുടെ വിവാഹം ഒരു ചകിതാവസ്ഥയിലാണ് സംഭവിച്ചത് ‘(“Raya’s marriage happened in a panic.” - കൊളോണിയല്‍ ടാന്‍സാനിയയില്‍ പരിവര്‍ത്തനങ്ങള്‍ അരങ്ങേറുന്ന കാലത്ത്, ഒരു വിപ്ലവകാരിയുടെ താല്പര്യത്തിനു അവള്‍ പാത്രമായിരിക്കുന്നു എന്നറിയുന്ന ഘട്ടത്തില്‍ യാഥാസ്ഥിതിക, പുരുഷാധികര, ദുരഭിമാന സംരക്ഷണ ത്വരയില്‍ കുടുംബം കണ്ടെത്തിയ എളുപ്പവഴി. ബകാരി അബ്ബാസ് അവളെക്കാള്‍ ഏറെ പ്രായമുള്ളവനായിരുന്നു. എങ്ങനെയാണ് ആദ്യം അയാളെയും പിന്നീട് മൂന്നു വയസ്സുള്ള മകനെയും ഉപേക്ഷിച്ച് അവള്‍ മറ്റൊരു വഴി കണ്ടെത്തുന്നത് / തെരഞ്ഞെടുക്കുന്നത് എന്ന നോവലിന്റെ അന്വേഷണമാണ്  കൃത്യമായും അന്നയെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍, അന്നയില്‍ നിന്ന് വ്യത്യസ്തമായി, ദുരന്താനുഭവമായല്ല, പുതിയൊരു വിമോചിതാവസ്ഥയിലെക്കാണ് റയാ എത്തിപ്പെടുക.

പത്രസൃഷ്ടിയുടെ ആഴംതന്നെയാണ് നോവലില്‍ എടുത്തുപറയേണ്ട കാര്യങ്ങളില്‍ ഒന്ന്. തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ബദര്‍, കരീം, ഫൌസിയ, റയാ എന്നിവര്‍. എല്ലാവരിലും പരിണാമം സംഭവിക്കുന്നുമുണ്ട്. അനാഥനായി വളര്‍ന്ന ബദര്‍, മോഷണക്കുറ്റം ചാര്‍ത്തപ്പെടുന്നതു പോലുള്ള അനുഭവങ്ങളിലൂടെ Paradise -ലെ യുസുഫിനെ ഓര്‍മ്മിപ്പിക്കുന്നു- ഒപ്പം ആ കഥാപാത്രത്തിനും പുരാണ മാതൃകയായ ബിബ്ലിക്കല്‍/ ഖുറാനിക് യുസുഫ് (നബി) നെയും. ക്ലാസിക്കല്‍ ആര്‍ക്കിടൈപ്പൂകളോടുള്ള ഗുര്‍നയുടെ താല്‍പര്യവും ഇവിടെ കാണാം. അതുപോലെ, ഫൌസിയക്കും കരീമിനും ഇടയിലും, റയാക്കും ബകാരി അബ്ബാസിനും ഇടയിലും ഉണ്ടാകുന്ന വിവാഹ/കുടുംബ ജീവിത സംഘര്‍ഷങ്ങള്‍ Admiring Silence, Gravel Heart എന്നീ നോവലുകളെയും ഓര്‍മ്മിപ്പിക്കുന്നു. ഇവിടെയെല്ലാം പുരുഷാധിപത്യ മൂല്യങ്ങളും സാംസ്കാരിക മുന്‍വിധികളില്‍ ഊന്നിയ പ്രതീക്ഷകളുടെ ഭാരങ്ങളും തന്നെയാണ് സമ്മര്‍ദ്ദഘടകങ്ങള്‍ ആവുന്നതും.

കഥാപാത്രങ്ങള്‍ക്ക് ആഴവും വൈകാരിക സങ്കീര്‍ണ്ണതയും നല്‍കുന്നതില്‍ ഗുര്‍നയുടെ തഴക്കം തികച്ചും വ്യക്തമാകുന്നത്, വയ്യക്തിക ചരിത്രങ്ങളെ ഐഡന്റിറ്റി, കര്‍തൃത്വം, സാമൂഹിക നിയന്ത്രണങ്ങള്‍ തുടങ്ങിയ കൂടുതല്‍ വലിയ പ്രമേയങ്ങളുമായി കണ്ണിചേര്‍ക്കുന്നതിലാണ്. ഉദാഹരണത്തിന്, കരീം ഒരേസമയം ബദറിന് ഒരു എതിര്‍ പതിപ്പും ഒപ്പം ഒരു പൂരകവുമാണ് എന്ന് കാണാം – ആദ്യ ഘട്ടത്തില്‍ അയാള്‍ ബദറിന് ഒരു ഉറച്ച സുഹൃത്താണ്, എന്നാല്‍ പിന്നീട് വൈവാഹിക ജീവിതത്തിലും അസ്തിത്വാന്വേഷണത്തിലും സ്വയം നേരിടുന്ന പ്രതിസന്ധികള്‍ അയാളെ വെറുമൊരു ഉപകഥാപാത്രം എന്നതിലേറെ നോവലിന്റെ കേന്ദ്രത്തില്‍ സ്ഥാപിക്കുന്നു.

പ്രതീക്ഷയും കര്‍തൃത്വവും – ഗുര്‍നാ നോവലുകളിലെ സ്വരഭേദം

 Paradise -ലെ യുസുഫിന്റെ ഇരയും നിസ്സഹായനുമെന്ന അവസ്ഥയെ ഭേദിക്കുന്നതാണ് ബദറിന്റെ ജീവിതം. അത് നിശ്ചയദാര്‍ഡ്യത്തിന്റെയും സൗഹൃദത്തിന്റെയും ചിത്രം കൂടിയാണ്. കരീമിന്റെ പിന്തുണ അയാള്‍ കടുത്ത അനുഭവങ്ങളുടെ ഘട്ടത്തിലും ഒരിക്കലും ഒറ്റപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നു. ഈ ഊന്നല്‍മാറ്റം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും കര്‍തൃത്വം സ്ഥാപിക്കുന്ന, പ്രതീക്ഷാനിര്‍ഭരമായ ആഖ്യാന സാധ്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. അതുപോലെ, വിവാഹബന്ധങ്ങളിലെ വിള്ളലുകള്‍ക്ക് പുരുഷാധികര മൂല്യങ്ങള്‍ തന്നെയാണ് കാരണമാകുന്നതെങ്കിലും, ഗുര്‍നയുടെ മുന്‍കൃതികളെ പോലെ ഇവിടെ പ്രവാസത്തിന്റെയോ പറിച്ചെറിയപ്പെടലിന്റെയോ പരിണതികള്‍ സംഭവിക്കുന്നില്ല. പ്രതീക്ഷാനിര്‍ഭരതയിലേക്കുള്ള  ഈ പരിവര്‍ത്തനത്തിന്റെ കൃത്യമായ അടയാളങ്ങള്‍ നോവലന്ത്യത്തില്‍ കാണാം – ഫൌസിയക്കും ബദറിനുമിടയില്‍ പാരസ്പര്യത്തില്‍ അധിഷ്ടിതമായ ഒരുമിക്കലിന്റെ വഴി തുറന്നു വന്നിരിക്കുന്നു; കരീമിന് വെള്ളക്കാരിയായ യുവതിയോടുള്ള രഹസ്യബന്ധം, പൊരുത്തപ്പെടാനാകാത്ത ദാമ്പത്യത്തില്‍ നിന്ന് അയാള്‍ക്കൊരു വിമോചന സാധ്യത നല്‍കിയിരിക്കുന്നു. പരമ്പരാഗത നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി, അടിച്ചമര്‍ത്തുന്ന ഏതു ഘടനയില്‍ നിന്നും – അടിമത്തം, അടിച്ചേല്‍പ്പിക്കപ്പെട്ട ദാമ്പത്യം, സാമൂഹിക പ്രതീക്ഷകള്‍ - വിട്ടുപോകുന്നത് സാര്‍ത്ഥക ജീവിതത്തിനുള്ള സാധ്യത നല്കിയേക്കാം എന്നുതന്നെയാണ് നോവല്‍ മുന്നോട്ടു വെക്കുന്നത്. ഗുര്‍നയുടെ മുന്‍ നോവലുകളില്‍ ദുരനുഭവങ്ങളുടെയും നഷ്ടങ്ങളുടെയും ചാക്രികതയില്‍ പെട്ടുപോകുന്ന കഥാപാത്രങ്ങളാണല്ലോ നിറഞ്ഞുനില്‍ക്കുന്നത്. ഉദാഹരണത്തിന് By the Sea യിലെ സാലിഹ് ഒമര്‍ നഷ്ടബോധത്തിലും ഗൃഹാതുരതയിലും കുരുങ്ങിപ്പോകുന്ന കഥാപാത്രമാണ്. എന്നാല്‍ Theft, സ്വയം പുതുക്കലിലേക്ക് ഉറ്റുനോക്കുന്നു. പരിണമിക്കാനുള്ള സാധ്യതയിലേക്ക്‌ തുറന്നിരിക്കുന്ന വൈയ്യക്തിക പോരാട്ടങ്ങളില്‍ നിരന്തര ശ്രമം എന്നത് നിതാന്ത നൈരാശ്യത്തിലേക്കല്ല, മറിച്ച് സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്നതിന്റെ മാര്‍ഗ്ഗമായിത്തീരുകയാണ്. 

‘ചോരണം, കുരുങ്ങിപ്പോകല്‍, വിമോചനം

തലക്കെട്ട്‌ സൂചിപ്പിക്കുന്ന ‘ചോരണം എന്ന പ്രമേയം തന്നെയും മുന്‍സൂചിത പരിണാമ സാധ്യതയിലേക്ക് കടക്കുന്നു എന്നുകാണാം. Paradise- ലെ യൂസുഫ് നേരിടുന്നത് അസൂയയില്‍ നിന്നുരുത്തിരിയുന്ന ഒരു കുറ്റാരോപണമാണ്. ബദര്‍ അനുഭവിക്കുന്ന മോഷണാരോപണത്തിനു കൂടുതല്‍ ആഴമുണ്ട് – പണ്ടെന്നോ ഉസ്മാന്‍ അമ്മാവന്റെ വീട്ടില്‍ ബദറിന്റെ പിതാവ് നടത്തിയ മോഷണത്തിന്റെ ഭാരമാണ് ‘വേലക്കാര്‍ തരം കിട്ടിയാല്‍ മോഷ്ടിക്കും എന്ന വാര്‍പ്പു മാതൃകാ മുന്‍വിധിയായി ബദറില്‍ പതിക്കുന്നത്. ദുഷ്കര്‍മ്മങ്ങളുടെയും അനീതിയുടെയും ചരിത്രങ്ങള്‍ തലമുറകളിലൂടെ പിന്തുടരുകയും വ്യക്തികളുടെ വിധിയെ അവര്‍ക്കു മനസ്സിലാക്കാനാകാത്ത വിധം വേട്ടയാടുകയും ചെയ്യുമെന്ന സൂചനയാണിത്. എന്നാല്‍ ഈ വിധിവാദ / നിര്‍ണ്ണയവാദ ചാക്രികത ഭേദിക്കാനാകും എന്നതാണ്, ബദറിന്റെ പാത്രസൃഷ്ടിയുടെ പരിണാമം സൂചിപ്പിക്കുന്നത്. പൈതൃകമായി കിട്ടിയ ദുര്‍വ്വിധിയുടെ ഭാരം കുടഞ്ഞുകളയാനും സ്വന്തമായൊരു ജീവിതപ്പാത കണ്ടെത്താനും വ്യക്തികള്‍ക്ക് സാധ്യമായേക്കും.

ബദര്‍ നേരിടുന്ന തലമുറകളിലൂടെയുള്ള കുരുങ്ങിപ്പോകല്‍ എന്ന അവസ്ഥ മറ്റു രീതികളില്‍ റയായും ഫൌസിയായും നേരിടുന്നുണ്ട്. ബദറിനെ സംബന്ധിച്ച് അയാളുടെ കുട്ടിക്കാലത്തെ അനാഥത്വവും പ്രകൃത്യാ ഉള്ള കീഴടങ്ങല്‍ പ്രകൃതവുമാണ് അത് സൃഷ്ടിക്കുന്നതെങ്കില്‍, പുരുഷാധികാര മൂല്യങ്ങളാണ് റയായുടെയും ഫൌസിയയുടെയും ദുരനുഭവങ്ങളുടെ പ്രഭവം. ഹാജിയുമായുള്ള ബന്ധത്തിലൂടെ പിതൃഅധികാര ഘടന തനിക്കായി ഒരുക്കിയ കെണിയില്‍ നിന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും റയാ സ്വതന്ത്രയാകുന്നു. ഫൌസിയയാകട്ടെ, കരീമിനെ മടുപ്പിക്കുന്നത് അവള്‍ പങ്കുപറ്റുന്ന ഒരു ഭയത്തിലൂടെയാണ് – കുട്ടിക്കാലത്ത് അവള്‍ക്കുണ്ടായിരുന്ന അപസ്മാരം അവളുടെ മക്കളിലേക്കും പകരുമെന്ന ഉമ്മ ഖദീജയുടെ ഭയം. ‘പിതൃക്കളുടെ പാപം മക്കളെ പിന്തുടരും’ എന്ന മട്ടില്‍ തലമുറകളെ വേട്ടയാടുന്ന കുരുങ്ങിപ്പോകല്‍ എന്ന പ്രമേയത്തില്‍ നോവലിസ്റ്റ് വരുത്തുന്ന മാറ്റമാണ് നോവലിന് അതിന്റെ പുതുമ -freshness- നല്‍കുന്നത് : പഴയ തലമുറ ആ കുരുങ്ങിപ്പോകലിനു നിന്നുകൊടുക്കുമ്പോള്‍ അടുത്ത തലമുറ അത് ഭേദിക്കുന്നു എന്നതാണ് നിര്‍ണ്ണായകം.

ഒരു വശത്ത്‌ കുരുങ്ങിപ്പോകലിന്റെ പ്രതീകമായ വിവാഹം എന്നത്, മറുവശത്ത്‌ ഒരു വിമോചന സ്ഥലിയായി മാറുന്ന നോവല്‍ സന്ദര്‍ഭങ്ങള്‍ ഇതിന്റെ തുടര്‍ച്ചയായി കാണാം. സ്നേഹാംശം ഒട്ടുമേയില്ലാത്ത, റയായുടെ സമൃദ്ധമായ ഉടല്‍ സൗന്ദര്യം മാത്രം നിരന്തരം അനുഭവിക്കുന്ന പുരുഷാധികാര വിളംബരത്തില്‍ അഭിരമിക്കുന്ന ബകാരിയെ ഉപേക്ഷിച്ചു മൂന്നു വയസ്സുള്ള മകനുമായി കുടുംബ വീട്ടിലേക്കു മടങ്ങുക എന്ന, പരമ്പരാഗത അര്‍ത്ഥത്തില്‍ നാണംകെട്ട കാര്യം, റയാ ചെയ്യുന്നത് ആ തകിടംമറിക്കലിന്റെ ധീരമായ ചുവടുവെപ്പാണ്. ആ ബന്ധത്തിന്റെ തുടക്കം തന്നെയും പിതാവിന്റെ കര്‍ശന തീരുമാനത്തിന് ഒരിക്കല്‍ പ്രതിഷേധ ലേശമെന്യേ കീഴടങ്ങിയതിലൂടെ ആയിരുന്നല്ലോ. അഥവാ പെണ്‍ജീവിതമെന്നത്‌ പിതൃ അധികാര ഘടനയുടെയും പാരമ്പര്യത്തിന്റെയും തിട്ടൂരങ്ങളാല്‍ നിര്‍ണ്ണിതമാണ് എന്ന ആശയത്തിന്റെ പ്രഘോഷണം. എന്നാല്‍ ആ വിട്ടുപോരലും ഹാജിയുമായുള്ള വിവാഹവും ദാര്‍ അസ്സലാമിലെ ജീവിതവും അവള്‍ക്ക് ആത്മസംസ്ഥാപന സാധ്യത നല്‍കുന്നു. ഫൗസിയയാകട്ടെ, പ്രസവാനന്തര വിഷാദ രോഗവും കരീം അതിനോടു പുലര്‍ത്തുന്ന നിസ്സംഗ അവഗണനയും താങ്ങാനാകാതെ ഉപേക്ഷിച്ചു പോരുന്നത്, ബദറുമായുള്ള അര്‍ത്ഥപൂര്‍ണ്ണമായ സഹജീവന സാധ്യതയിലേക്കുമാണ്.

കോളണിയനന്തരതക്കുമപ്പുറം

ശിഥില ദാമ്പത്യം കൂടുതല്‍ ആഴത്തിലുള്ള സാമൂഹിക ശൈഥില്യങ്ങളിലേക്ക് നയിക്കും എന്നതാണ് പോസ്റ്റ്‌കൊളോണിയല്‍ ആഖ്യാനങ്ങളില്‍ പതിവായ സമീപനം. എന്നാല്‍, വ്യക്തിസത്തയുടെ സംസ്ഥാപനം എന്ന ഊന്നലിലേക്ക് അതിനെ പരിവര്‍ത്തിപ്പിക്കുകയാണ് ഗുര്‍ന പുതിയ കൃതിയില്‍ എന്ന് നിരീക്ഷിക്കാനാകും. ഇത് വൈകാരികവും സാംസ്കാരികവുമായ ചേരായ്മയുടെ ചാക്രികതയില്‍ കുരുങ്ങിപ്പോകുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹത്തിന്‍റെ തന്നെ മുന്‍ കൃതികളില്‍ നിന്നുള്ള വേറിട്ടുപോക്കും കൂടിയാണ്.  Theft’ മുന്നോട്ടു വെക്കുന്ന പരിണാമ സാധ്യതയെന്ന പ്രമേയം കൂടുതല്‍ വലിയ മറ്റൊരു തലത്തിലേക്കു കൂടി ഇവിടെ വികസിപ്പിക്കപ്പെടുന്നുണ്ട് – ബന്ധങ്ങള്‍ എന്നത് തളംകെട്ടി നില്‍ക്കുന്ന ദുരിതാവസ്ഥയാണ് എന്ന നിര്‍ണ്ണായകത്വത്തിന്റെ സ്ഥാനത്ത് സ്വയം കണ്ടെത്തലിനുള്ള സക്രിയ വേദിയാണ് എന്ന അടിസ്ഥാനപരമായ ഊന്നല്‍ മാറ്റമാണ് അത്. ദുസ്സഹ ദാമ്പത്യം പിറകിലുപേക്ഷിച്ച്, കര്‍തൃത്വം തിരിച്ചുപിടിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്യുന്ന സ്ത്രീകളെ ചിത്രീകരിക്കുന്നതിലൂടെ സഹനത്തിന്റെയും ഇരസ്ഥാനീയതയുടെയും ആഖ്യാനങ്ങളെ ഗുര്‍ന നിഷേധിക്കുന്നു. ഒരുവളേ, ആഫ്രിക്കന്‍ ഫെമിനിസ്റ്റ് – കൂടുതല്‍ വ്യക്തമായി ‘വുമനിസ്റ്റ് - ചിന്തകളില്‍നിന്ന് കൃത്യമായ ഒരു വിച്ഛേദം നോവലില്‍ കാണാനാകും : ആഫ്രിക്കന്‍ സ്ത്രീപക്ഷ ചിന്ത സാമൂഹിക ഐക്യപ്പെടല്‍, ഒത്തുപോകല്‍, ലിംഗ അനുപൂരകത്വം (communal cohesion, reconciliation, and gender complementarity) എന്നിവയില്‍ ഊന്നുന്ന ഉള്‍ചേര്‍ക്കല്‍ (inclusivity)ആശയത്തിലാണ് നിലയുറപ്പിക്കുന്നത്. എന്നാല്‍ റയായും ഫൌസിയയും അത്തരം ഐക്യപ്പെടലിനോ ലിംഗപരമായ അനുപൂരകത്വത്തിനോ കീഴ്പ്പെടുന്നതിനു പകരം,സമൂഹത്തിന്റെ ഘടനാപരമായ പ്രതീക്ഷകളില്‍ നിന്നും ദാമ്പത്യത്തില്‍ നിന്നും, ഒരുവളേ മാതൃത്വ സിംബലിസത്തില്‍ നിന്നുപോലും, പിന്‍ വാങ്ങുന്നതിലൂടെ സ്വന്തം അസ്ഥിത്വം സ്ഥാപിക്കുകയാണ്.

“എനിക്ക് ഇനിയുമവിടെ നില്‍ക്കാന്‍ കഴിയില്ലായിരുന്നു. ഞാന്‍ അപ്രത്യക്ഷയായേനെ, ഒറ്റയടിക്കല്ല, പതിയെ പതിയെ. ഞാന്‍ എന്റെ സ്വന്തം ചിന്തകള്‍ ചിന്തിക്കുന്നത് നിന്നുപോയേനെ. അതില്‍ വെറുപ്പ്‌ അശേഷമില്ലായിരുന്നു – ഞാന്‍ മായ്ച്ചുകളയപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു എന്ന് എനിക്ക് കാണാനായി. എനിക്ക് ജീവിക്കേണ്ടിയും ഇരുന്നു.” (Abdulrazak Gurnah, Theft, Bloomsbury, 2024, p. 219)

ഇത്തരം വാക്കുകള്‍, വിട്ടുപോകുന്നതിനു പിന്നിലെ റയായുടെ വൈകാരിക സുവ്യക്തത സാക്ഷ്യപ്പെടുത്തുകയാണ് – അവള്‍ക്ക് ഏറ്റുമുട്ടലിലോ ആളെ നന്നാക്കിക്കളയാം എന്ന വങ്കന്‍ ശുഭാപ്തിയിലോ താല്പര്യമേതുമില്ല. ‘ഒരു വുമനിസ്റ്റ്, പുരുഷന്മാരോടൊപ്പം, അവര്‍ക്കെതിരെയല്ല, പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നു... തന്റെ ജനതയുടെ അതിജീവനത്തില്‍ പ്രതിബദ്ധയാണ്, പുരുഷന്മാരുടെ ഉന്മൂലനത്തിലല്ല’ (Ogunyemi 64). ആഫ്രിക്കന്‍ ‘വുമനിസ്റ്റ് നിലപാടിന്റെ ഇത്തരം ഉള്‍ ചേര്‍ക്കല്‍ സമീപനത്തെ സൗമ്യമായി നിരാകരിക്കുന്ന റയായുടെ  പ്രവര്‍ത്തികള്‍, പ്രമേയപരമായി, പാശ്ചാത്യ ഫെമിനിസ്റ്റ് സമീപനങ്ങളിലെ സ്വത്വ പ്രഘോഷണത്തിലെ എക്കാലത്തെയും മാതൃകയായ  ഇബ്സന്റെ നോറയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് – ആ വെല്ലുവിളിയുടെ കൊടുങ്കാറ്റ് ഇവിടെയില്ലെങ്കിലും. വിമോചനത്തെ ബന്ധങ്ങളിലെ ഒരു പദ്ധതി എന്നതിലേറെ ആന്തരികമായ ഒരാവശ്യമായി ഗുര്‍ന കണ്ടെത്തുകയാണ് എന്നു പറയാം. ഇതിലൂടെ  ആഫ്രിക്കന്‍ സ്ത്രീപക്ഷ സംവാദങ്ങളില്‍ ഒരു വികാസഘട്ടത്തെയാണ് ഗുര്‍ന തുറന്നിടുന്നത്. ദാമ്പത്യത്തില്‍ നിന്നുള്ള പിന്‍ വാങ്ങല്‍ എന്നത് എന്നെന്നേക്കുമായി നൈരാശ്യത്തിലേക്കും എകാന്തതയിലേക്കുമുള്ള കൂപ്പുകുത്തലായല്ല, മറിച്ച് ഏതൊരു പുതുക്കലിനും തുടക്കം കുറിക്കുന്ന ഒരു വിച്ഛേദമായാണ് നോവല്‍ സങ്കല്‍പ്പിക്കുന്നത്.

പോസ്റ്റ്‌കൊളോണിയല്‍ ആഖ്യാനങ്ങളിലെ ‘വലിയ ചിത്രങ്ങള്‍’ (larger pictures) എന്ന നിലയില്‍ ആഫ്രിക്കന്‍ സാഹിത്യത്തിലെ പ്രമേയ പ്രതീക്ഷകള്‍  - കൊളോണിയല്‍/ പോസ്റ്റ്‌കൊളോണിയല്‍ സംഘര്‍ഷങ്ങള്‍, രക്തസ്നാനങ്ങള്‍ (African horror/tragedy pornography) – ഇവിടെ നോവലിസ്റ്റിനെ ബാധിക്കുന്നില്ല. ഇക്കാര്യത്തിലും മുന്‍ കൃതികളില്‍ നിന്നുള്ള വേറിട്ടു പോക്ക് കാണാം എന്നുമാത്രമല്ല ‘പോസ്റ്റ്‌ - പോസ്റ്റ്കൊളോണിയല്‍ എന്ന വിവരണം ഭാഗികമായെങ്കിലും നോവലിന് ചേര്‍ത്തു വെക്കാവുന്നതുമാണ്. പോസ്റ്റ്‌കൊളോണിയല്‍ സന്ദിഗ്ധതകള്‍ ഇല്ലെന്നല്ല, മറിച്ച് അവ പശ്ചാത്തലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, പരാജയപ്പെടുന്ന കുടിയേറ്റങ്ങള്‍, സാമൂഹികമായ വിട്ടുവീഴ്ച്ചയില്ലായ്മ, വൈകാരിക അന്യവല്കരണം തുടങ്ങിയ ഘടനാപരമായ ശക്തികളായാണ് വര്‍ത്തിക്കുന്നത്.  അതേസമയം പിതൃ അധികാര സംഘര്‍ഷങ്ങള്‍, വൈയ്യക്തിക കര്‍തൃത്വം, ദാമ്പത്യം തുടങ്ങിയ ഗാര്‍ഹിക പ്രശ്നങ്ങളാണ് ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്. അതുപോലെ സാംസ്കാരിക തലങ്ങളും തൊട്ടറിയാവുന്ന വിധം നോവലിന്റെ സവിശേഷ ഭൂമികയില്‍ അനുഭവവേദ്യമാണ് – രുചിക്കൂട്ടുകള്‍ മുതല്‍ ജീവിത രീതികളില്‍ വരെ അത് പ്രകടവുമാണ്‌. സാന്‍സിബാരി മാമൂലുകള്‍, കുടുംബഘടനകള്‍, സാമൂഹിക പ്രതീക്ഷകള്‍ - ഇവയുടെയെല്ലാം സൂക്ഷതലങ്ങള്‍ ചിത്രീകരിക്കുന്നതിലൂടെയാണ് നോവലിനെ വൈയ്യക്തിയ കഥയായും ഒപ്പം വിശാല സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്കാരമായും ഗുര്‍ന പരിവര്‍ത്തിപ്പിക്കുന്നത്. പ്രമേയങ്ങളുടെ സാര്‍വ്വലൗകികത, വൈയ്യക്തികാംശങ്ങളെ ദുര്‍ബ്ബലപ്പെടുത്തുകയല്ല, മറിച്ച് വൈയ്യക്തിക കാലുഷ്യങ്ങള്‍ ഭൗമ, സാംസ്കാരിക അതിരുകള്‍ മറികടക്കുന്നവയാണ് എന്ന് അടിവരയിടുകയാണ് നോവല്‍ ചെയ്യുന്നത് – അഥവാ, സാര്‍വ്വലൗകിക പ്രമേയങ്ങളെ സവിശേഷ ഭൂമികയില്‍ സമഞ്ജസമായി മേളിപ്പിക്കുകയാണ് നോവലിസ്റ്റ് എന്നുപറയാം.

‘പോസ്റ്റ്‌ - പോസ്റ്റ്കൊളോണിയല്‍ എന്നപോലെത്തന്നെ, ‘പോസ്റ്റ്‌- ഹിസ്റ്റോറിക്കല്‍’ എന്ന വിവരണവും ഇതിന്റെ തന്നെ തുടര്‍ച്ചയായി നോവലിന് ബാധകമാകുന്നുണ്ട്. ചരിത്രപരമായ വമ്പന്‍ സംഭവഗതികള്‍ ‘ദ്രശ്യ’(spectacle) പ്പെടുത്തുകയും പിന്‍പറ്റുകയും ചെയ്യുന്ന ‘ഹിസ്റ്റോറിക്കല്‍ ഫിക് ഷന്‍ ശൈലിയിലേറെ ‘സോഷ്യല്‍ റിയലിസ’ത്തിന്റെ പ്രകൃതമാണ് നോവലില്‍ കാണാനാകുക. ചരിത്രസന്ദര്‍ഭങ്ങള്‍ അവയുടെ വൈകാരിക പ്രക്ഷിപ്തങ്ങള്‍ (emotional residue) എന്ന നിലയില്‍ ഓര്‍മ്മകളിലും സാമൂഹിക ബന്ധങ്ങളിലും നിഴല്‍ വിരിക്കുകയും വ്യക്തിജീവിതങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യുകയാണ് ഇവിടെ. സാമ്രജ്യത്വാനന്തര കാലത്തെ അസ്ഥിത്വപരവും നൈതികവും ഗാര്‍ഹികവുമായ സംഘര്‍ഷങ്ങളില്‍ ഊന്നുന്നതിലൂടെ പോസ്റ്റ്‌കൊളോണിയല്‍ ഫിക് ഷന്റെ സാധ്യതകളെ ചരിത്രത്തിന്റെ നിര്‍ണ്ണായകതത്വത്തിനും അപ്പുറത്തേക്ക് സംവാദാത്മകമായി വികസിപ്പിക്കുകയാണ് ഗുര്‍ന.  

ഗുര്‍നയെ മുമ്പും വായിച്ചിട്ടുള്ളവരെ സംബന്ധിച്ച് Theft അദ്ദേഹത്തിന്‍റെ രചനാലോകത്തില്‍ ഒരു പുതിയ ദിശാബോധത്തിന്റെ പിറവിയാണ്. പ്രവാസം, പറിച്ചെറിയപ്പെടല്‍, കൊളോണിയല്‍ ബാധ്യതകള്‍, തുടങ്ങിയ പ്രമേയങ്ങളാണ്‌ അദ്ദേഹത്തിന്‍റെ മുന്‍ കൃതികളെല്ലാം പരിശോധിച്ചതെങ്കില്‍, ഇവിടെയുള്ളത് സ്വകാര്യവും വൈയ്യക്തികവുമായ സംഘര്‍ഷങ്ങളുടെ യുദ്ധഭൂമിയാണ് – അത് പ്രതീക്ഷാ നിര്‍ഭരതയുടെയും കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള  പരിവര്‍ത്തന സാധ്യതയുടെയും തെളിച്ചം നല്‍കുകയും ചെയ്യുന്നു. പുതുതായി ഗുര്‍നയെ വായിക്കുന്നവര്‍ക്ക് ഇതൊരു മികച്ച തുടക്കമാകാം – എന്നിരിക്കിലും Memory of Departure, Admiring Silence, Paradise എന്നിവയിലൂടെ ഇങ്ങോട്ടെത്തുന്നത് ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ശൈലീവികാസത്തിന്റെ ഘട്ടങ്ങളെ കുറിച്ചും കൂടുതല്‍ വ്യക്തത നല്‍കും എന്നുകൂടി കൂട്ടിച്ചേര്‍ക്കണം. ഒടുവില്‍, നോബല്‍ പുരസ്കാരം ഒരാളുടെ ‘മുഴുവന്‍ കൃതികള്‍ക്കുമാണ് എന്ന, അയാളുടെ വളര്‍ച്ച/ വികാസം എന്നത് ഭൂതകാലമായിക്കഴിഞ്ഞു എന്ന പൊതുധാരണയ്ക്കും അപ്പുറത്താണ് ഗുര്‍ന എന്നും, കഥാകാരന്‍ എന്ന നിലയില്‍ അദ്ദേഹം ഇനിയും മുന്നോട്ടാണ് എന്നുംകൂടി ഓര്‍മ്മിപ്പിക്കുന്ന കൃതിയാണ് ‘ചോരണം. ഭൌമാതിരുകളെ മാത്രമല്ല, പ്രമേയാതിരുകളെയും ആഹ്ളാദകരമാം വിധം ഉല്ലംഘിക്കുന്ന ഒരു സാഹിതീയ സ്വരം എന്ന നിലയില്‍ ഗുര്‍നയുടെ രചനാലോകത്തില്‍ ഒരു സവിശേഷ ചേര്‍ത്തുവെപ്പായി തീരുകയാണ് ഈ കൃതി.

അവലംബംങ്ങള്‍ :

1.       https://www.nobelprize.org/prizes/literature/2021/gurnah/189897-gurnah-interview-april-2022/. Accessed 25 June 2025.

2.       https://www.kirkusreviews.com/book-reviews/abdulrazak-gurnah/theft-3/

3.       Mphuthumi Ntabeni. ‘PenAfrican: Theft by Abdulrazak Gurnah – a book review’, 03.03.2025, https://www.litnet.co.za/penafrican-theft-by-abdulrazak-gurnah-a-book-review/. Accessed 15.03.2025

4.       Paul Genders. ‘A Life More Ordinary – Theft’, Literary Review, March, 2025, https://literaryreview.co.uk/a-life-more-ordinary.  Accessed 15.03.2025

5.       Ogundipe‑Leslie, Molara. Re‑Creating Ourselves: African Women & Critical Transformations. Trenton, N.J.: Africa World Press, 1994.

6.       Nnaemeka, Obioma. “Nego‑Feminism: Theorizing, Practicing, and Pruning Africa’s Way.” Signs: Journal of Women in Culture and Society, vol. 29, no. 2, 2004, pp. 357–385.

7.       Chikwenye Okonjo Ogunyemi, “Womanism: The Dynamics of the Contemporary Black Female Novel in English,” Signs, vol. 11, no. 1, 1985, p. 64.

 

No comments:

Post a Comment