Featured Post

Showing posts with label Kenyan Literature. Show all posts
Showing posts with label Kenyan Literature. Show all posts

Wednesday, September 17, 2025

Coming to Birth by Marjorie Oludhe Macgoye

 പിറവിയായി വിമോചനവും സ്വാതന്ത്ര്യവും




ജനം കൊണ്ട് ബ്രിട്ടീഷുകാരിയായ മാര്‍ജോറി ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ മെഷിനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കെനിയയില്‍ എത്തിയതെങ്കിലും മനസ്സുകൊണ്ട് കെനിയക്കാരിയായി മാറുകയായിരുന്നു. ലുവോ മെഡിക്കല്‍ ഓഫീസര്‍ ഡാനിയല്‍ ഒലൂദേ മക്‌ഗോയെയെ വിവാഹം കഴിച്ച മാര്‍ജോറി, 1963ല്‍ കെനിയ സ്വതന്ത്ര റിപ്പബ്ലിക് ആയതോടെ അവിടത്തെ പൌരത്വം നേടി. ജന്മം കൊണ്ടല്ലാതെ സ്വന്തം തെരഞ്ഞെടുപ്പിലൂടെ കെനിയക്കാരിയായിത്തീര്‍ന്ന എഴുത്തുകാരിയെന്ന നിലയില്‍ ആഫ്രിക്കന്‍ സാഹിത്യത്തിലെ നിയാമക കള്ളികളില്‍ അവരുടെ അംഗത്വം പ്രശ്നമുള്ളതാണ്. പൊതുവേ കികുയു ആധിപത്യമുള്ള കെനിയന്‍ സാഹിത്യത്തില്‍ ലുവോ സമൂഹവുമായുള്ള ആത്മൈക്യം അവരെ വേറിട്ടൊരു പാന്ഥാവിന്റെ അഗ്രഗാമിയായി കണക്കാക്കാന്‍ പര്യാപ്തമാക്കി. ങ്ഗൂഗി വാ തിയോങ്ഗോഗ്രേസ് ഒഗോട്ട്ഒകൊറ്റ് പിബിറ്റെക് തുടങ്ങിയ കെനിയന്‍ സാഹിത്യത്തിലെ അതികായന്മാരുടെ ഇടയില്‍ സ്ഥാനം ഉറപ്പിക്കാനും ‘കെനിയന്‍ സാഹിത്യത്തിന്റെ ‘മാതൃ സ്വരൂപവും മഹദ് സാന്നിധ്യവും’ ‘ദേശീയ സമ്പത്തും’ (‘the mother or grandmother figure—even the “doyenne”—of the country’s literature’.. national treasure”   qtd by J. Roger Kurtz in ‘Afterword’ ) ആയി അംഗീകാരം നേടാനും അവര്‍ക്കു കഴിഞ്ഞു. കെനിയന്‍ സമൂഹത്തിലെ ഒരു ഗണ്യവിഭാഗം തന്നെയായ വെള്ളക്കാരന്റെ പ്രിവിലേജ് ഉപയോഗിച്ച് കാരെന്‍ ബ്ലിക്സനെയോ (Karen Blixen- ‘Out of Africa’), എല്‍സ്പെത് ഹക്സ് ലി (Elspeth Huxley- ‘The Flame Trees of Thika’ etc.)യെയോ പോലെ കൊളോണിയല്‍ ഡയസ്‌പോറ മനോനിലയുടെ സാഹിത്യം രചിക്കാന്‍ ശ്രമിക്കുന്നില്ലമക്‌ഗോയെ. പരിവര്‍ത്തനപ്പെടുന്ന നാട്ടിലെ മനുഷ്യര്‍വിശേഷിച്ചും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ആവിഷ്കരിക്കുകയെന്നതാണ് കൊളോണിയല്‍ - പോസ്റ്റ്‌കൊളോണിയല്‍ കെനിയയുടെ പശ്ചാത്തലത്തില്‍ അവരെ പ്രചോദിപ്പിക്കുന്ന അന്വേഷണം. ചലനംപലായനംസാമൂഹിക പരിവര്‍ത്തനം എന്നിവ മനുഷ്യ സംസ്കാരത്തിന്റെ നിതാന്ത സ്വഭാവമാണ് എന്ന് അവര്‍ കരുതുന്നു. ജനിച്ചുവളര്‍ന്ന തൊഴിലാളി വര്‍ഗ്ഗ പാരമ്പര്യം, വിദ്യാഭ്യാസത്തിന്റെ വിമോചക ശക്തിയെ കുറിച്ചുള്ള സ്വാനുഭവ ബോധ്യംസാമൂഹികപ്രതിബദ്ധമായ കൃസ്തീയ സങ്കല്പം എന്നിങ്ങനെ മൂന്നു ഘടകങ്ങള്‍ അവരുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായിരുന്നു എന്ന് റോജര്‍ കുര്‍ട്ട്സ് നിരീക്ഷിക്കുന്നു.

കൊളോണിയല്‍ ഭരണത്തില്‍ നിന്ന് പുറത്തു കടക്കുന്ന ദേശത്തിന്റെ ചരിത്രവും പുരുഷാധിപത്യത്തില്‍ നിന്നു പുറത്തുകടക്കുകയും കര്‍തൃത്വത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ചുവടു വെക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മുതിര്‍ന്നു വരവും ഒരേ സമയത്തു പരസ്പരം ഇഴകോര്‍ക്കുന്ന ‘പിറവിയായി സങ്കല്‍പ്പിക്കപ്പെട്ടു രചിക്കപ്പെട്ട നോവലാണ്‌ മക്ഗോയെയുടെ ‘Coming to Birth.’ പുസ്തകത്തിന്റെ ടെക്സ്റ്റില്‍ അനുബന്ധങ്ങളായി ചേര്‍ത്തിട്ടുള്ള റോജര്‍ കുര്‍ട്ട്സ് (Afterword by J. Roger Kurtz) എഴുതിയ മുന്‍ സൂചിത ലേഖനവുംഴാങ് ഹേയുടെ ചരിത്ര പശ്ചാത്തല ലേഖനവും (Historical Context by Jean Hay) അനിവാര്യ വായനകള്‍ ആയിത്തീരുന്നത് ദേശ ചരിത്രവും ഫിക് ഷനും അതീവ ഇഴയടുപ്പത്തോടെ ബന്ധിതമായിരിക്കുന്ന നോവലിന്റെ പ്രകൃതം കൊണ്ടാണ്. പതിനാറുകാരിയായ പോളിന പശ്ചിമ കെനിയയിലെ തന്റെ ഗ്രാമം വിട്ടു ട്രെയിന്‍ മാര്‍ഗ്ഗം നൈറോബിയിലേക്ക് പോകുന്നത് അവിടെ വ്യവസായിക തൊഴിലാളിയും തന്റെ ഭര്‍ത്താവുമായ ഇരുപത്തിമൂന്നുകാരന്‍ മാര്‍ട്ടിനോടു ചേരാന്‍ വേണ്ടിയാണ്. കാലം 1956. മോമോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഏര്‍പ്പെടുത്തിയ എമര്‍ജന്‍സിയുടെയും കിരാതമായ അടിച്ചമര്‍ത്തലിന്റെയും നാളുകള്‍. ഗര്‍ഭിണിയായ കൌമാരക്കാരി തനിക്കൊരു പിടിപാടുമില്ലാത്ത മഹാനഗരത്തിലെത്തുമ്പോള്‍ തീര്‍ത്തും പകച്ചു പോകുന്നുണ്ട്. നഗരജീവിതത്തെ കുറിച്ചോതീരെ കുറഞ്ഞ കാലം കൂടെയുണ്ടായിരുന്ന ഭര്‍ത്താവുമൊത്ത്‌ കഴിഞ്ഞ അനുഭവം മാത്രമുള്ളത് കൊണ്ട് വൈവാഹിക/ കുടുംബ ജീവിതത്തെ കുറിച്ചോ ഭര്‍ത്താവിന്റെ പ്രകൃതത്തെ കുറിച്ചോ ..................

https://www.fazalrahman.com/essays/article/coming-to-birth-by-marjorie-oludhe-macgoye

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – വോള്യം -1

പേജ് 231 – 238

To purchase: contact ph.no:  8086126024)

 

 

Thursday, May 29, 2025

Early Trilogy - Ngũgĩ wa Thiong'o

സ്വാതന്ത്ര്യത്തിന്‍റ കെനിയന്‍ കനല്‍ച്ചിത്രങ്ങള്‍


ആഫ്രിക്കന്‍ സാഹിത്യത്തിന്‍റെ ഊര്‍ജ്ജ പ്രഭവമായി മൂന്നു ഘടകങ്ങളെ ബെന്‍ ഒക്രിചൂണ്ടിക്കാണിക്കുന്നു: അഗോചരം അഥവാ മിത്തുകള്‍ , ഗോചരം അഥവാ യാഥാര്‍ത്ഥ്യം, വാമൊഴി പാരമ്പര്യം എന്നിവയാണവ. ഇതില്‍ത്തന്നെ മിത്തിക്കല്‍ സ്വാധീനത്തെ ഏറ്റവും പ്രധാനപ്രഭവമായി അദ്ദേഹം വേര്‍തിരിക്കുന്നു. ആഫ്രിക്കന്‍ സാഹിത്യത്തിലെ ക്ലാസിക്കുകള്‍ ആയ ആമോസ് ടുടുവോലായുടെ 'ദി പാം വൈന്‍ ഡ്രിങ്കാര്‍ഡ്', ചിനുവ അച്ചബെയുടെ 'തിംഗ്സ് ഫാള്‍ അപ്പാര്‍ട്ട്' , കമാറ ലായെയുടെ 'ദി ആഫ്രിക്കന്‍ ചൈല്‍ഡ്' തുടങ്ങിയവയെ അദ്ദേഹം ഈ ഗണത്തില്‍ അഗ്രഗാമികളായി വിലയിരുത്തുന്നു. ബെന്‍ ഒക്രിയുടെ തന്നെ 'ദി ഫാമിഷ്ഡ് റോഡ്‌' തീര്‍ച്ചയായും ഈ ഗണത്തില്‍ വരുന്നതാണെന്നും നമുക്ക് പറയാം. അമ്പതുകളുടെ കൊളോണിയല്‍ വിരുദ്ധ ഉണര്‍വ്വുകളുടെ കാലത്ത് പാരമ്പര്യത്തിനും ഒപ്പം തന്നെ കലുഷമായ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്കും ചെവികൊടുത്ത്‌ എഴുതിയ എഴുത്തുകാരെ നിരീക്ഷിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യം ബെന്‍ ഒക്രി എടുത്തുപറയുന്നു: ആധുനിക ആഫ്രിക്കന്‍ സാഹിത്യം കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പ്പായല്ല തുടങ്ങിയത്, മറിച്ച് കൊളോണിയളിസം ഒരു ആവിഷ്കാര രീതിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സ്വാഭാവിക പുരോഗതിയുടെ രൂപത്തില്‍ അതിനു ഒരു പുതിയ മാനം, ഒരു പുതിയ ഊന്നല്‍ നല്‍കുകയായിരുന്നു. മോശം കാലത്ത് ആളുകള്‍ മോശം കാലത്തെ കുറിച്ച് പാടുക സ്വാഭാവികം. എന്നാല്‍ അത് പ്രാതിനിധ്യ സ്വഭാവമുള്ളതല്ല, കാരണം മോശം കാലത്തെ കുറിച്ചുള്ള പാട്ടുകളില്‍ നല്ല കാലങ്ങളെ കുറിച്ചുള്ള സൂചകമായി ആത്മാവിന്റെ ചൈതന്യം പ്രഘോഷിക്കപ്പെടുന്നു. പാരമ്പര്യത്തിന്റെ അഗാധതകളില്‍ നിന്നും ഒപ്പം കലുഷമായ വര്‍ത്തമാനത്തിന്റെ പ്രവചന സ്വരങ്ങളില്‍നിന്നും ഉരുവം കൊണ്ട ഒരു മഹത്തായ സൂചക കൃതിയായി അദ്ദേഹം എന്‍ഗൂഗി വാ തിയോംഗോ യുടെ ആദ്യ പ്രസിദ്ധീകൃത നോവലായ 'കുഞ്ഞേ, കരയരുത് ' എന്ന പുസ്തകത്തെ അടയാളപ്പെടുത്തുന്നു. (പെന്‍ഗ്വിന്‍ ക്ലാസിക് പതിപ്പിന്റെ ആമുഖം: ബെന്‍ ഒക്രി).
ഒരു എഴുത്തുകാരന്റെ/കാരിയുടെ പ്രഥമകൃതി അദ്ദേഹത്തിന്റെ/അവരുടെ രചനാലോകത്തിന്റെ മൊത്തം സൂചകമായിത്തീരുന്ന തരത്തില്‍ ആ പ്രമേയപരമായ ഉത്കണ്ഠകള്‍ ഉള്‍കൊള്ളുന്നതാവാം എന്ന് നിരീക്ഷണം സാധൂകരിക്കും വിധം, കുറെയേറെ കഥകള്‍ക്കും, 'ദി റിവര്‍ ബിറ്റ് വീന്‍' എന്ന പിന്നീട് മാത്രം പ്രസിദ്ധീകരിക്കപ്പെട്ട നോവലിനും ശേഷം ഇരുപത്തിയെട്ടാം വയസ്സില്‍ എന്‍ഗൂഗി എഴുതിയ 'കുഞ്ഞേ, കരയരുത് ' അദ്ദേഹത്തിന്റെ രചനാ ലോകത്തേക്കുള്ള തുറവുതന്നെ ആകുന്നുണ്ട്. അക്കാലത്ത് ആഫ്രിക്കന്‍ എഴുത്തുകാരില്‍ പതിവായിരുന്ന രീതിയില്‍ തന്റെ മാമോദീസാ പേരായ ജെയിംസ്‌ എന്‍ഗൂഗി എന്ന പേരിലാണ് അന്നത് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും വൈകാതെ ആ കൊളോണിയല്‍ ഭാരം നോവലിസ്റ്റ് കയ്യൊഴിയുകയായിരുന്നു . പില്‍ക്കാലം, ആഫ്രിക്കന്‍ സ്വത്വത്തെ കുറിച്ചും ഭാഷാപരമായ തനിമയെ കുറിച്ചുമുള്ള തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ രചനാരീതികളെയും മാറ്റിമറിച്ചു. 'കുഞ്ഞേ, കരയരുത് ' ആദ്യം ഇംഗ്ലീഷില്‍ എഴുതിയ നോവലിസ്റ്റ്, പില്‍ക്കാലം ഗികുയു, സ്വാഹിലി ഭാഷകളില്‍ എഴുതിയ ശേഷം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്ന രീതിയിലേക്ക് മാറി. ഒരു ഘട്ടത്തില്‍ ഇനി മുതല്‍ ഗികുയുവില്‍ മാത്രമേ എഴുതുകയുള്ളൂ എന്നും അദ്ദേഹം തീരുമാനിച്ചു. 1987-ല്‍ പുറത്തിറങ്ങിയ 'മാതിഗാരി' എന്ന നോവലിന് ശേഷം 2006-ല്‍ 'വിസാര്‍ഡ് ഓഫ് ദി ക്രോ' എന്ന ബൃഹദ് നോവല്‍ വരെയുള്ള ഏകദേശം രണ്ടു പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ രചനകളെല്ലാം ഗികുയു ഭാഷയില്‍ ആയിരുന്നു.

കനലില്‍ പിച്ചവെക്കുന്നവര്‍

ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി കൊളോണിയല്‍ യുദ്ധത്തെ കികുയു കാഴ്ചപ്പാടില്‍ ഫിക് ഷനില്‍ ആവാഹിച്ച ആദ്യ ആഫ്രിക്കന്‍ എഴുത്തുകാരനാണ് എന്‍ഗൂഗി. 1952 - '60 -കാലഘട്ടത്തിലെ 'കെനിയന്‍ അടിയന്തരാവസ്ഥ' എന്നും 'മോ മോ' കലാപം എന്നും അറിയപ്പെട്ട കെനിയന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് കൗമാരം പിന്നിടുന്ന ന്യൊറോഗി എന്ന ബാലന്റെ മുതിര്‍ന്നു വരവിന്റെ കഥയാണ് 'കുഞ്ഞേ, കരയരുത്' എന്ന ആദ്യ നോവലില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്‌. കൊളോണിയല്‍ ആധിപത്യത്തിനെതിരായ തീക്ഷ്ണ പ്രതികരണമായി ഗറില്ലാ പോരാട്ടം നാടെങ്ങും പടരുന്ന കാലം..................



Saturday, May 24, 2025

The Promised Land by Grace Ogot

        വാഗ്ദത്ത ഭൂമിയിലെ സര്‍പ്പസാന്നിധ്യം.




കെനിയന്‍ സാഹിത്യത്തിന്റെ മാതാവ് എന്ന അപരനാമമുള്ള ഗ്രേസ് ഒഗോട്ട്, ങ്ഗൂഗി വാ തിയോങ്ഗോയെ പോലുള്ള അതികായരുടെ സമകാലികയും കെനിയയില്‍ നിന്ന് മികച്ച സാഹിത്യമുണ്ടാകുമെന്നു ലോകത്തെ കാണിച്ചു കൊടുത്തവരില്‍ മുന്‍നിരക്കാരിയുമാണ്. 1962ല്‍ സംഘടിപ്പിക്കപ്പെട്ട ആഫ്രിക്കന്‍ സാഹിത്യ സംഗമത്തില്‍ ഈസ്റ്റ് ആഫ്രിക്കയെ പ്രതിനിധാനം ചെയ്ത ഏകവ്യക്തി താനായിരുന്നു എന്നതാണ് തന്റെ തന്റെ പാരമ്പര്യത്തിന്റെ കഥകള്‍ പറഞ്ഞുതുടങ്ങാന്‍ അവര്‍ക്ക് പ്രചോദനമായത്. തൊട്ടടുത്ത വര്‍ഷം ബ്ലാക്ക് ഓര്‍ഫിയൂസ് ജേണലില്‍ ‘A Year of Sacrifice’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ച ഒഗോട്ടിന്റെ വിഖ്യാത നോവല്‍ The Promised Land 1966-ല്‍ പുറത്തിറങ്ങിയപ്പോള്‍, അതേ ദശകത്തില്‍ തന്നെ അവരുടെ ‘Land Without Thunder’ (1968)  എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടു. 1964-ല്‍ ആണ് കെനിയന്‍ സാഹിത്യത്തിലെ ആദ്യ സുപ്രധാന നോവല്‍ Weep Not, Child (ങ്ഗൂഗി വാ തിയോങ്ഗോ) പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് പ്രസക്തമാണ്. ഒഗോട്ടിന്റെ രചനകളുടെ പ്രധാന ശ്രദ്ധാകേന്ദ്രം സ്വന്തം ജീവിത സാഹചര്യങ്ങളുടെ കൂടി ഭൂമികയായ ലുവോ സമൂഹമാണ്. കെനിയ, ടാന്‍സാനിയ സംഗമ പ്രദേശങ്ങളിലായി അധിവസിക്കുന്ന ക്രിസ്തീയ - പാഗന്‍ വിശ്വാസ ക്രമങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഈ സമൂഹം ആധുനികതയെയും പാരമ്പര്യത്തെയും സമന്വയിപ്പിക്കുന്ന, ഒപ്പം അവയുടെ സംഘര്‍ഷങ്ങള്‍ നേരിടുന്ന ജീവിത രീതി പിന്തുടര്‍ന്നു. ആധുനിക വൈദ്യ ശാസ്ത്രത്തെ അനിവാര്യ ഘട്ടങ്ങളില്‍ ആശ്രയിക്കുമ്പോഴും പഴയ മാന്ത്രിക – നാട്ടു ചികിത്സാ രീതികള്‍ മുറുകെ പിടിക്കുന്ന രീതി ഇതിന്റെ ഭാഗമാണ്. ലിംഗ നീതിയിലും പരമ്പരാഗത മൂല്യങ്ങള്‍ പിന്തുടരുന്ന രീതിയിലും കുട്ടികളുടെയും കുടുംബത്തിന്റെയും സംരക്ഷണം സ്ത്രീയുടെ ബാധ്യതയായി കണക്കാക്കുന്ന പുരുഷാധിപത്യ ക്രമത്തെ അവര്‍ ക്രിസ്തീയ ക്രമവുമായി കണ്ണി ചേര്‍ത്തു. ഇതേ മൂല്യ വ്യവസ്ഥയെ പിന്‍പറ്റുന്ന ഒഗോട്ടിന്റെ സമീപനം സ്ത്രീപക്ഷ വിമര്‍ശകരില്‍ അവരെ കുറിച്ചു ഭിന്ന സ്വരങ്ങള്‍ക്കു കാരണമായതും സ്വാഭാവികം. ലുവോ നാടോടി കഥാ സമ്പ്രദായവും പുരാണങ്ങളും വാമൊഴി പാരമ്പര്യവും വേണ്ടുവോളം ഉപയോഗപ്പെടുത്തന്ന ഒഗോട്ടിന്റെ രചനകളില്‍ കോളനി പൂര്‍വ്വ ഈസ്റ്റ് ആഫ്രിക്കന്‍ സാമൂഹികാവസ്ഥയുടെ ശക്തമായ പ്രതിഫലനത്തോടൊപ്പം ഗോത്ര വിദ്വേഷങ്ങള്‍, ഭൌതിക നേട്ടങ്ങള്‍ക്കായുള്ള മദമാത്സര്യങ്ങള്‍, ഭാര്യയുടെ കടമകള്‍ പോലുള്ള പരമ്പരാഗത സ്ത്രീ സങ്കല്പങ്ങള്‍ തുടങ്ങിയ വിഷയങ്ങളും സാമാന്യ പ്രമേയങ്ങള്‍ ആയിത്തീരുന്നു.

 

ഒഗോട്ടിന്റെ ആദ്യ നോവല്‍ ‘വാഗ്ദത്ത ഭൂമി’, കെനിയയിലെ തങ്ങളുടെ പൂര്‍വ്വിക ഗ്രാമമായ ന്‍യാന്‍സാ പ്രദേശത്തു നിന്ന് ഫലഭൂയിഷ്ടമായ ഭൂമിയും സാമ്പത്തും തേടി ടാങ്കനിക്ക തടാകം കടന്ന് വടക്കന്‍ ടാന്‍സാനിയയിലെത്തുന്ന ലുവോ പ്രവാസി കുടുംബം നേരിടുന്ന ജീവിത സംഘര്‍ഷങ്ങളില്‍ കേന്ദ്രീകരിക്കുന്നു. അക്കാലത്ത് പതിവായിരുന്ന കുടിയേറ്റത്തിന്റെ ഭാഗമായി, കന്നി മണ്ണില്‍ നൂറുമേനി കാത്തു സ്ഥലത്തെത്തുന്ന ലുവോ ഗോത്രജരുടെ എല്ലാവരുടെയും സംരക്ഷകനും പിതൃ തുല്യനുമായ ഒകേച്ചിന്റെയും മാതൃ നിര്‍വ്വിശേഷമായ സ്നേഹത്തോടെ കൂടെയെത്തുന്ന അദ്ദേഹത്തിന്റെ ഭാര്യ  സൌന്ദര്യ ലക്ഷണമായ നീണ്ട കഴുത്തിന്റെ പേരില്‍ അതിഗ (‘ജിറാഫിനെ പോലെ നീണ്ട കഴുത്തുള്ളവള്‍’) എന്ന് വിളിപ്പേരുള്ള ന്‍യാബോറോയും ഉള്ളഴിഞ്ഞ സഹായത്തോടെ ഒചോലയും ഭാര്യ ന്‍യാപോളും അതില്‍ വിജയിക്കുന്നുമുണ്ട്. രണ്ടാം പ്രസവത്തിലെ ഇരട്ടകള്‍ ഉള്‍പ്പടെ മൂന്നു മക്കളും അളവറ്റ ധന-ധാന്യ-കാലി സമ്പത്തും ആര്‍ജ്ജിച്ച, കഠിനാധ്വാനവും ഉത്സാഹവും അടയാളപ്പെടുത്തിയ ഏതാനും വര്‍ഷങ്ങളുടെ സ്വപ്ന തുല്യമായ നേട്ടങ്ങള്‍ക്കു ശേഷം അശാനിപാതങ്ങള്‍ ഒന്നൊന്നായി ആരംഭിക്കുന്നത് പ്രദേശത്തെ ആദിമ ഗോത്രജനും കുടിയേറ്റക്കാരോട് കടുത്ത അസഹിഷ്ണുത ഉള്ളവനും നിഗൂഡതകള്‍ നിറഞ്ഞ പ്രകൃതക്കാരനും സര്‍പ്പങ്ങളുടെയും ദുരത്മാക്കളുടെ സഹാവാസിയും ദുര്മ്മുഖനുമായ വൃദ്ധന്‍ അയല്‍ക്കാരന്റെ ക്രോധത്തിന് ഒചോല ഇരയാകുന്നതോടെയാണ്. ഒചോല ഒരു നിഗൂഡമായ ത്വക് രോഗത്തിന് അടിപ്പെടുകയും ഒട്ടേറെ പാരമ്പര്യ/ മാന്ത്രിക വൈദ്യന്മാര്‍ പരാജയപ്പെടുകയും ചെയ്യുന്നതോടെ വെള്ളക്കാരന്റെ വൈദ്യം പോലും പരീക്ഷിക്കാന്‍ കുടുംബം തയ്യാറാകുന്നു. എന്നാല്‍, കൊടിയ ശാപത്തിനു മുന്നില്‍ അതും പരാജയപ്പെടുന്നത്, കടുത്ത നൈരാശ്യത്തിലേക്ക്‌ ഒചോലയെ എടുത്തെറിയുമ്പോഴാണ്‌ ഒരു രണ്ടാമൂഴം പരീക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പോടെ മുമ്പ് വിജയിക്കാന്‍ കഴിയാതെ പോയതുകൊണ്ട് പ്രതിഫലം പോലും വാങ്ങാതെ തിരികെ പോയിരുന്ന മഗുംഗു എന്ന അത്ഭുത സിദ്ധികളുള്ള പാരമ്പര്യ വൈദ്യന്‍ വീണ്ടുമെത്തുക. മരണ വക്ത്രത്തില്‍ നിന്ന് ഒചോലയെ രക്ഷിക്കുന്ന മഗുംഗു അന്ത്യശാസനം നല്‍കുന്നു: ഇനിയൊരു രാത്രി പോലും ഒചോല ശപിക്കപ്പെട്ട ഈ നാട്ടില്‍ ഉറങ്ങരുത്, ഉടന്‍ തന്റെ പൂര്‍വ്വികരുടെ മണ്ണിലേക്ക് തിരികെ പോകണം, എല്ലാം ഉപേക്ഷിച്ച്, ഒരു നിമിഷം പാഴാക്കാതെ. ഒട്ടും സ്വാഗതാര്‍ഹാമല്ലാത്ത ഈ അന്ത്യശാസനം നിറവേറ്റപ്പെടുക അതീവ ദുഃഖത്തോടെയും നിരാശതയോടെയുമാണ്. കുടുംബത്തില്‍ കുട്ടികളും ഒരംഗത്തെ പോലെത്തന്നെയായിരുന്ന കാവല്‍നായയും ഉള്‍പ്പടെ നേരിടേണ്ടി വന്ന മരണത്തിന്റെ വക്കോളം എത്തിയ ശാപത്തിന്റെ ദുരന്തങ്ങളില്‍ മനം മടുത്തു തിരിച്ചു പോകാന്‍ എപ്പോഴും ഒചോലയെ നിര്‍ബന്ധിക്കുമായിരുന്ന ന്‍യാപോളിനു പോലും നിറഞ്ഞ പത്തായങ്ങളും ധാന്യം നിറഞ്ഞ വയലുകളും സമൃദ്ധമായ കാലിസമ്പത്തും സമ്പന്ന ഗൃഹവും ഒരൊറ്റ ഞൊടികൊണ്ട് ഉപേക്ഷിച്ചു പോകുക എളുപ്പമായിരുന്നില്ല: “ഒചോലയുടെ ഉടല്‍ തീര്‍ച്ചയായും സീമിലേക്ക് തിരികെ പോവുകയായിരുന്നു. എന്നാല്‍ അയാളുടെ ആത്മാവ് എന്നുമെന്നും ടാങ്കനിക്കയിലെ വസതിയില്‍ നിലനില്‍ക്കും.” ജനിച്ചു വളര്‍ന്ന വീട് വിട്ടു പോകുന്ന ‘പൂര്‍വ്വികരുടെ നാട്’ എന്ന ആശയം കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകുന്നതും ആയിരുന്നില്ല. നോവലന്ത്യത്തില്‍ രായ്ക്കുരാമാനം എല്ലാം പിറകില്‍ വിട്ടു പടിയിറങ്ങുമ്പോള്‍, എങ്കില്‍ പിന്നെ വൃദ്ധ പിതാവിന്റെ കേണുപറച്ചിലും കുടുംബാംഗങ്ങളുടെ എതിര്‍പ്പുമെല്ലാം അവഗണിച്ചു എന്തിനു വേണ്ടിയായിരുന്നു തന്റെ പലായനം തന്നെ എന്ന വ്യര്‍ത്ഥബോധം സ്വാഭാവികമായും ഒചോലയെയും ന്‍യാപോളിനെയും വേട്ടയാടുന്നുണ്ട്

 

കുടിയേറ്റക്കാരന്റെ മനശാസ്ത്രത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് നോവലിസ്റ്റ്. കെനിയന്‍ സമൂഹത്തില്‍ ഭൂമിയുടെ മേലുള്ള അവകാശമെന്ന ശക്തമായ ആശയം ങ്ഗൂഗി വാ തിയോങ്ഗോയെ പോലുള്ള എഴുത്തുകാരും ഏറെ കൈകാര്യം ചെയ്തിട്ടുള്ളതാണ്‌. ഒചോലയെ പറഞ്ഞുകേട്ട സമ്പന്നതയുടെ കുടിയേറ്റത്തിന് വാഗ്ദത്ത ഭൂമിയിലേക്ക്‌ പ്രലോഭിപ്പിക്കുന്നത് അയല്‍വാസി ഒക്വോന്യോയുടെ വീട്ടില്‍ വിരുന്നിനെത്തുന്ന ടാങ്കനിക്കന്‍ കുടിയേറ്റക്കാരായ സ്വന്തം ഗോത്രക്കാരാണ്. “നിനക്ക് കൃഷിചെയ്യാനാവുന്നത്രയും ഏക്കറുകള്‍ നിനക്കെടുക്കാം. ന്‍യാന്‍സായിലെ ജീവിതത്തില്‍ അയാള്‍ മടുത്തു തുടങ്ങിയിരുന്നു, അവിടത്തെ തത്വദീക്ഷയില്ലാത്ത നികുതി പിരിവുകാര്‍, അല്‍പ്പന്മാരായ ഏകാധിപതികള്‍, അവിടത്തെ കലഹങ്ങള്‍. ഒരാള്‍ക്ക് നേടാനാവുന്ന പണം മുഴുവന്‍ സ്കൂള്‍ ഫീസ്‌, ഹോസ്പിറ്റല്‍ ഫീസ്‌, എന്നൊക്കെ ചിലവാകും. ഉപമൂപ്പന്മാര്‍ പതിവായി നിര്‍ബന്ധിത വേലയ്ക്കു ആളുകളെ പൊതു പദ്ധതികളില്‍ റിക്രൂട്ട് ചെയ്യും.” മറ്റൊരിടത്തെ വാഗ്ദത്ത ഭൂമിയെ പ്രണയിക്കാന്‍ ഏതൊരു കുടിയേറ്റക്കാരനും ഇതൊക്കെത്തന്നെ പതിവ് കാരണങ്ങള്‍. പിതാവ് വൃദ്ധനാണ് എന്നതോ സഹോദരന്‍ അബീറോ കൂടെക്കൂടെ നാട്ടില്‍ വരാനാവാത്ത വിധം പട്ടണത്തില്‍ ജോലി ചെയ്യുന്നവനാണ് എന്നതോ, ഇളംപ്രായക്കാരിയായ നവവധു ഭാര്യക്ക് കൂട്ടരേ ഉപേക്ഷിച്ചു പോകാന്‍ വയ്യ എന്നതോ ഒന്നും അയാളുടെ ആണ്‍പോരിമയെ പിന്തിരിപ്പിക്കുന്നില്ല. “ഈ നാടുവിട്ടുപോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? നമ്മുടെ പൂര്‍വ്വികര്‍ ഈ നാടിനു വേണ്ടി പൊരുതി മരിച്ചവരാണ്‌. നന്ദി (സുലു രാജമാതാവ്) ഈ താഴ്വരകളിലും മലകളിലും  ആണ് ജീവിച്ചത്, അവര്‍ താഴെയുള്ള നദികളില്‍ നിന്നാണ് ദാഹം തീര്‍ത്തത്.” അവള്‍ ഓര്‍മ്മിപ്പിക്കുന്നു: “എനിക്ക് അപരിചിതര്‍ക്കിടയില്‍ ജീവിക്കണ്ട.” എന്നാല്‍ ഒചോല പ്രഖ്യാപിക്കുന്നു: അത് തീരുമാനിച്ചു കഴിഞ്ഞു.” നോവലില്‍ ഉടനീളം കാണാവുന്ന പുരുഷാധിപത്യ മൂല്യക്രമവുമായി ഇതിനെ ചേര്‍ത്തുവെക്കാം. എന്നാല്‍ അമ്മയെ അടക്കിയ മണ്ണുവിട്ടുപോകുക അയാള്‍ക്കും എളുപ്പമല്ല. വാസ്തവത്തില്‍, പരമ്പരാഗത മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസമുണ്ട്‌ അയാള്‍ക്ക്. ആഴ്ചകളോളം ഒകേചിന്റെ അതിഥിയായി കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍, പരമ്പരാഗത രീതിയില്‍, പുല്ലുകൊണ്ട് മോതിരവളയമുണ്ടാക്കി അതിരിട്ടു സ്വന്തമാക്കുന്ന പുതിയ പുരയിടത്തില്‍ സ്വന്തമായി വീട് വെച്ച് മാറുമ്പോള്‍ ആദ്യ ദിനത്തില്‍ ഭര്‍ത്താവിന്റെ കൂടെ അന്തിയുറങ്ങാമെന്ന അതിഗയുടെ നിര്‍ദ്ദേശം ഭാര്യ മുന്നോട്ടു വെക്കുന്നത് അയാളെ ഞെട്ടിക്കുന്നത് അതുകൊണ്ടാണ്: “നാളെ രാത്രി, ശരി. പക്ഷെ ഇന്നില്ല... മറ്റൊരിടത്തേക്ക് പോയാല്‍ ആളുകള്‍ തങ്ങളുടെ പാരമ്പര്യം ഉപേക്ഷിക്കണം എന്ന് ചിന്തിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്നത് എന്താണ്? .. നമ്മുടെ പൂര്‍വ്വികരുടെ കണ്ണുകള്‍ നമ്മെ എല്ലായിടത്തും പിന്തുടരുന്നുണ്ട്.. ഗോത്രത്തിന്റെ വിധിവിലക്കുകള്‍ മറികടന്നാല്‍ ഒടുവില്‍ നീ ശിക്ഷിക്കപ്പെടും” സമൂഹത്തിന്റെ വിലക്കുകള്‍ മറികടക്കുന്നവരെ ശിക്ഷിക്കുന്നതില്‍ പൂര്‍വ്വികരുടെ കൈകള്‍ ഫാദര്‍ എല്ലിസിന്റെ ദൈവത്തിന്റെത് പോലെ കര്‍ക്കശക്കാരാണ് എന്ന് ന്‍യാപോളും കണ്ടെത്തുന്നു. പുരുഷാധിഷ്ടിത മൂല്യവിചാരത്തെ കുറിച്ച് നോവലിസ്റ്റിന്റെ സമീപനം മറ്റിടങ്ങളിലും അത്ര ഋജുവല്ല എന്ന് കാണാം. പലപ്പോഴും പ്രതിഷേധ മുദ്രകള്‍ കണ്ടെടുക്കാനാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. ‘വയലില്‍ കാര്യക്ഷമതയുള്ള, കള പറിച്ചു മാറ്റാന്‍ വേഗതയുള്ള, ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ വേണ്ട ഊഷരതയുള്ള, നന്നായി ബിയര്‍ വാറ്റാന്‍ കഴിയുന്ന’ എന്നൊക്കെ ന്‍യാപോളിന്റെ ഭാര്യാസഹജമായ ഗുണങ്ങള്‍ കണ്ടെത്തുന്ന ഒചോല പ്രതിനിധാനം ചെയ്യുന്ന മൂല്യ വിചാരം നാട്ടിലെ മുസ്ലിം സമൂഹത്തിലെ സ്ത്രീകള്‍ ഇതര പുരുഷന്മാര്‍ക്ക് മുന്നില്‍ മുഖം മറക്കുകയും ഭര്‍ത്താവിനു സമ്പൂര്‍ണ്ണ വിധേയത്വം പുലര്‍ത്തുകയും ചെയ്യുന്ന രീതിയിലും പ്രകടമാണ്. കൂടോത്രക്കാരന്‍ അയല്‍വാസിയുടെ ഭാര്യ അയാളെ പേടിച്ചു കഴിയുന്ന, ഹൃദയം തുറക്കാന്‍ ഒരു പെണ്‍സൗഹൃദം ആശിച്ചു കഴിയുന്ന നിസ്സഹായയാണ്: “അയാളെ കല്യാണം കഴിച്ച നാള്‍ മുതല്‍ ഒരു പേടിസ്വപ്നമാണ്, സര്‍പ്പങ്ങളും ദുരാത്മാക്കളും ആവേശിച്ച ഒരു വീട്ടില്‍ കഴിയേണ്ടി വരിക. വിവാഹം എന്നത് ഒരു ചൂതാട്ടമാണ്.”

 

അതെ, ഇതാണെന്റെ കാനാന്‍, ഇതാണെന്റെ ‘വാഗ്ദത്ത ഭൂമി’. ഇത് പോലെ മറ്റൊരിടം എനിക്കിനി ഉണ്ടാവില്ല” എന്ന് അത്യാഹ്ലാദത്തോടെ കണ്ണഞ്ചിക്കുന്ന ഭൂപകൃതിയുള്ള പുതുദേശത്തെ വരവേല്‍ക്കുന്ന  കുടിയേറ്റക്കാരന്റെ വീക്ഷണകോണ്‍ ഒചോലയിലൂടെ ആവിഷ്കരിക്കുമ്പോള്‍, സര്‍പ്പധാരിയായ ശത്രു കേവലം ഒരു സാത്താനിക സാന്നിധ്യം മാത്രമല്ല. കുടിയേറ്റത്തിന്റെ മറുവശം ഹ്രസ്വമെങ്കിലും അതിതീക്ഷ്ണമായിത്തന്നെ അയാളിലൂടെ നോവലില്‍ ആവിഷ്കരിക്കുന്നുണ്ട്: “നിങ്ങള്‍ യജമാനമാരായി വന്നു ഞങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്നു, ഞങ്ങളെ നിങ്ങളുടെ ജോലിക്കാരാക്കുന്നു, എന്നാല്‍ നിങ്ങളുടെ കുട്ടികളെ ഞങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യിക്കില്ല നിങ്ങള്‍. നിങ്ങള്‍ സ്വയം മൂപ്പന്മാരായി നിയോഗിക്കുന്നു, നിങ്ങളുമായി ഒരു തര്‍ക്കവും ഇല്ലാത്തവരെ അടിച്ചമര്‍ത്തുന്നു..” വലിയ സൗഹൃദം നടിക്കുമ്പോഴും നാട്ടുകാര്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങുന്ന നിമിഷം ലുവോ ഗോത്രക്കാരുടെ സൗഹൃദം അവസാനിക്കുന്നു എന്ന് അയാള്‍ നിരീക്ഷിക്കുന്നു. അങ്ങനെ സ്വത്വം നഷ്ടപ്പെട്ടവരുടെ ഉദാഹരണമായി സന്‍ഗാസി ഗോത്രത്തെ അയാള്‍ ചൂണ്ടിക്കാട്ടുന്നു. ലുവോ സ്ത്രീകളെ വിവാഹം ചെയ്യാനായി മതം മാറുകയും ചേലാകര്‍മ്മം ചെയ്യുന്നത് നിര്‍ത്തുകയും ചെയ്ത  സന്‍ഗാസി പുരുഷന്മാര്‍ അവരുടേതായി തീര്‍ന്നു. കുട്ടികള്‍ ലുവോ ഗോത്രജര്‍ ആയി മാറി.

 

കൊളോണിയല്‍ ശക്തി സംസ്ഥാപനത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ചിഹ്നങ്ങള്‍ നോവലില്‍ പരന്നു കിടപ്പുണ്ട്. ന്‍യാപോളിന്റെ ഓര്‍മ്മകളില്‍ സഹോദരി ആപ്പിയോയെ ലൈംഗിക കയ്യേറ്റത്തിന് മുതിര്‍ന്ന ഫാദര്‍ എല്ലിസിനെ കുറിച്ചും തുടര്‍ന്ന് അയാളുടെ ദൈവത്തെ അതിന്റെ പാട്ടിനു വിട്ടേക്കാന്‍ അവളെ ഉപദേശിച്ചതും എന്നും തെളിഞ്ഞു നില്‍ക്കും. മറുവശത്ത്‌ എല്ലാവരും കയ്യൊഴിഞ്ഞ ഒചോലയുടെ അറപ്പുളവാക്കുന്ന രോഗാവസ്ഥയില്‍ നിരുപാധികം ചികിത്സിക്കാന്‍ തയ്യാറായ ഇവാന്‍ജലിസ്റ്റ് ഡോക്റ്റര്‍ തോംസനും മറ്റെല്ലാ ആശുപത്രി നേഴ്സുമാരും പിന്മാറിയ ഘട്ടത്തില്‍ സഹായിയായി എത്തിയ ഡോക്റ്ററുടെ ഭാര്യ ആനബേലും ഉണ്ട്. തീര്‍ത്തും ഹതാശമായ ഒരു നിമാഷത്തില്‍ നടത്തപ്പെടുന്ന “അയാളെ സുഖപ്പെടുത്തുന്നത്‌ ദൈവത്തിനു ഇഷ്ടമല്ല!” എന്ന ഒകേചിന്റെ നിരീക്ഷണത്തിലെ മനുഷ്യവിരുദ്ധനായ ദൈവം എന്ന ചിന്ത പോലും ഉറച്ച ദൈവ വിശ്വാസിയായ ഡോക്റ്ററെ വേദനിപ്പിക്കുന്നു. ആഫ്രിക്കക്കാര്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോഴും അവരുടെ പരമ്പരാഗത വിശ്വാസങ്ങളും ഭയങ്ങളും ഉപേക്ഷിക്കാറില്ല എന്ന വസ്തുത നിഗൂഡ രോഗത്തോടുള്ള അവരുടെ ഭയപ്പാടിന്റെ കാരണമാകുന്നു. ‘രോഗമുണ്ടാക്കുന്ന ദുരാത്മാക്കളും മരണകാരണമായ ദൃഷ്ടിദോഷവും’ പോലുള്ള ക്രിസ്തീയ വിരുദ്ധമായ വിശ്വാസങ്ങള്‍ അവര്‍ നിലനിര്‍ത്തുന്നുണ്ട്. ഈ സമീപന രീതിയെ കുറിച്ച് ഒഗോട്ട് നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്: “ഞാന്‍ പറഞ്ഞ കഥകളില്‍ അധികവും നിത്യജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഉള്ളവയാണ്.. അന്തിമ വിശകലനത്തില്‍ ചര്‍ച്ചും ആശുപത്രിയും പരാജയപ്പെടുമ്പോള്‍ ആളുകള്‍ എപ്പോഴും അവര്‍ക്ക് വിശ്വാസമുള്ള എന്തിലെക്കെങ്കിലും തെന്നിപ്പോകും, അവരുടെ തന്നെ സാംസ്കാരിക പശ്ചാത്തലത്തിലുള്ള എന്തിലെക്കെങ്കിലും. നമുക്കവ വെറും അന്ധവിശ്വാസമായി തോന്നാം, എന്നാല്‍ അവയില്‍ വിശ്വസിക്കുന്നവര്‍ക്ക് അതുകൊണ്ട് ശമനം കിട്ടും. കനിയയിലെ ചില സമൂഹങ്ങളില്‍ നിത്യ ജീവിത സാഹചര്യങ്ങളില്‍ ആധുനിക ചികിത്സയും പാരമ്പര്യ വൈദ്യവും ഒരുമിച്ചു നിലനില്‍ക്കുന്നു.” (Quoted from Bernth Lindfors "Interview with Grace Ogot", 1979, in World Literature Written in English 18(1), pp. 60–62.)

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ഭാഗം ഒന്ന്

പേജ് 238-244)


Thursday, May 22, 2025

The River Between by Ngũgĩ wa Thiong'o

 ചേര്‍ത്തണച്ചും പകുത്തകറ്റിയും



എന്‍ഗൂഗി വാ തിയോങ്ഓയുടെ ആദ്യം പ്രസിദ്ധീകരിച്ച നോവല്‍ 'കുഞ്ഞേ, കരയരുത്' ആയിരുന്നെങ്കിലും അതിനും മുമ്പേ എഴുതപ്പെട്ടതും കൂടുതല്‍ മുമ്പുള്ള ഒരു കാലഗണനയുള്ളതുമായ നോവലാണ്‌ 'ഇരു തടങ്ങള്‍ക്കിടയിലെ നദി'. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ , കൊളോണിയല്‍ ആധിപത്യം ബൈബിള്‍ ആയുധമാക്കിയിരുന്ന കാലമാണ് നോവലിന്റെ പശ്ചാത്തലം. ഗ്രാമീണ പശ്ചാത്തലത്തില്‍ 'രോഗമുക്തി, അഥവാ, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരല്‍ ' എന്നര്‍ത്ഥമുള്ള ഹോനിയ നദി, കമേനോയെയും മകുയുവിനെയും വേര്‍തിരിച്ചു ഒഴുകുന്നു. കികുയു സങ്കല്‍പ്പത്തിലെ പുരാണപ്രോക്തമായ ഉല്പത്തി ദേശമായ ഇവിടെയാണ്‌ മുറുംഗോ ദേവന്‍ ആദിപുരുഷനും സ്ത്രീയുമായ കികുയുവിനെയും മുംബിയെയും സൃഷ്ടിച്ചത്. തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്യരെ അറിയിക്കാതെ ഗോത്രം കൈകാര്യം ചെയ്തുവന്ന ഇവിടം കമേനോയുടെ പാരമ്പര്യനിലപാടുകളും പുതുതായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട മകുയു ഗോത്രവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതോടെ അസ്വസ്ഥമാകുന്നു. ആദ്യകാല ഇംഗ്ലീഷ് പര്യവേഷകന്‍റെ പേരുള്ള റവ: ലിവിംഗ്സ്റ്റന്‍റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് കുടിയേറ്റക്കാര്‍ സിറിയാനി മിഷന്‍ സ്കൂള്‍ സ്ഥാപിക്കുകയും മതഭ്രാന്തനായ പുത്തന്‍കൂറ്റുകാരന്‍ ജോഷ്വയേ ഉപയോഗിച്ച് ക്രിസ്ത്യന്‍ മേധാവിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുരാണ നായകനായ മുഗോയുടെ പാരമ്പര്യത്തില്‍ നിന്നുള്ള ഗ്രാമത്തലവന്‍ ചിഗെ, വെള്ളക്കാരുടെ അധിനിവേശത്തെ കുറിച്ചുള്ള പിതാമഹന്റെ പ്രവചനത്തെ ഗോത്രജനത അവഗണിക്കുന്നതില്‍ ഖിന്നനാണ്‌. കികുയു ഐക്യം നിലനിര്‍ത്തേണ്ട ബാധ്യത തനിക്കുണ്ടെന്ന് വിശ്വസിക്കുന്ന ചിഗെ, തനിക്കു ശേഷം ആ ദൌത്യം മകന്‍ വയാകി തുടരണമെന്ന് ആഗ്രഹിക്കുന്നു. ഒരു സ്വാഭാവിക നായകന്‍റെ ഗുണഗണങ്ങള്‍ ഉള്ള വയാകിയെ അയാള്‍ കൊച്ചിലേ അതിനു പാകപ്പെടുത്തുന്നുണ്ട്. പാരമ്പര്യത്തെയെന്നപോലെ വെളുത്തവര്‍ഗ്ഗക്കാരന്റെ രീതികളും അറിയുന്ന, മലകളില്‍ നിന്നുള്ള ഒരു വീരനാണ് തന്റെ ജനതയുടെ മോചകനാകുക എന്ന പ്രവചനം ഓര്‍ത്തുകൊണ്ട്‌ കുഞ്ഞായ വയാകിയെ അയാള്‍ പര്‍വ്വതത്തില്‍ മുറുംഗോയുടെ വിശുദ്ധ വൃക്ഷം കാണിച്ചു കൊടുക്കുകയും മുഗോയുമായുള്ള പാരമ്പര്യ ബന്ധം ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം, പുതിയ കാലത്തിന്റെ വെല്ലുവിളികളും ഏറ്റെടുക്കാന്‍ മകനെ സിറിയാനി സ്കൂളിലെ വിദ്യാഭ്യാസത്തിനും അയക്കുന്നത്, ഒരു വേള, ഗോത്രാംഗങ്ങളുടെ വിമര്‍ശത്തിനും ഇടയാക്കുന്നുണ്ട്. പ്രവചനത്തെ കുറിച്ചറിയാവുന്ന മറ്റൊരാളായ കബോന്‍യി, ജോഷ്വായെപ്പോലെ മതം മാറിയവനാണ്. ഗോത്രത്തില്‍ ചിഗേക്ക് പിറകെ രണ്ടാമനായിപ്പോയ പോലെ പുതിയ സമൂഹത്തില്‍ ജോഷ്വാക്ക് പിറകില്‍ രണ്ടാമനാവാനേ അത്രതന്നെ വാചാലനല്ലാത്ത കബോന്‍യിക്ക് കഴിയുന്നുള്ളൂ. അധിനിവിഷ്ട വിശ്വാസവും പാരമ്പര്യവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭൂമിക ഈ വിധം സമഗ്രമായി സ്ഥാപിച്ചതിനു ശേഷമാണ് നോവല്‍ ഇതിവൃത്തത്തിന്റെ പിരിമുറുക്കത്തിലേക്ക് നീങ്ങുന്നത്‌.


ക്രിസ്തു മതവിശ്വാസപ്രകാരം നിഷിദ്ധവും ഗോത്രാചാരത്തിന്റെ അടിസ്ഥാന ഘടകവുമായ ചേലാകര്‍മ്മം, അതും പെണ്‍ചേലാകര്‍മ്മം, എന്ന ആചാരം അച്ഛനോടുള്ള പ്രതിഷേധമായിത്തന്നെ മകള്‍ മുതോനി ഏറ്റെടുക്കുന്നത് ജോഷ്വാക്ക് വലിയ അപമാനമാകുകയും തുടര്‍ന്നു പഴുപ്പ് ബാധിച്ചു അവള്‍ മരിക്കാന്‍ ഇടയാകുന്നത് കികുയു ഗോത്രത്തില്‍ത്തന്നെ ആ വിഷയത്തില്‍ ഭിന്നത ഉടലെടുക്കുന്നതിന് കാരണമാകുകയും ചെയ്യുന്നത് ഒരു വേള ചിഗേയുടെ ശിക്ഷണം, ഒടുവില്‍ , ഒരു വൃദ്ധന്റെ ജല്‍പ്പനം മാത്രമോ എന്ന സംശയം വയാക്കിയില്‍ ഉണ്ടാക്കുന്നുണ്ട് . പ്രാകൃതരായ കികുയു വിഭാഗത്തിനുമേലുള്ള സാത്താനിക സ്വാധീനമാണ് എല്ലാത്തിനും കാരണം എന്ന് കമേനോ ഗോത്രം നിലപാടെടുക്കുകയും പെണ്‍ചേലാകര്‍മ്മം തള്ളിപ്പറയുന്നവര്‍ക്ക് മാത്രമേ മിഷനറി സ്കൂളില്‍ പ്രവേശനം നല്‍കൂ എന്ന് അധികൃതര്‍ തീരുമാനിക്കുകയും ചെയ്യുന്നത് അസ്വാസ്ഥ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണം മകുയുവിനു മേല്‍ 'കുടില്‍ നികുതി' ഏര്‍പ്പെടുത്തുകയും ഭൂമി കണ്ടുകെട്ടുകയും തുടര്‍ന്നു വാസ്തുഹാരകളാവുന്ന ഗോത്രജരെ സ്വന്തം ഭൂമിയില്‍ കര്‍ഷകത്തൊഴിലാളികള്‍ എന്ന നിലയിലേക്ക് താഴ്ത്തുകയും ചെയ്യുന്നത് , 'കുഞ്ഞേ കരയരുത്' എന്ന കൃതിയിലേത് പോലെ, പില്‍ക്കാല കലാപ നാളുകള്‍ക്ക് വഴിമരുന്നിടും. സന്ദേഹങ്ങളില്‍ ഉഴലുന്ന വയാകി തന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമോ എന്ന ശങ്കയോടെയാണ് ചിഗെ മരിക്കുക. അവസരം മുതലെടുക്കുന്ന കബോന്‍യി ക്രിസ്തുമതം ഉപേക്ഷിക്കുകയും ഗോത്രത്തിന്റെ സ്വയം പ്രഖ്യാപിത മിശിഹയായി തന്നെത്തന്നെ അവരോധിക്കുകയും, കികുയു സംസ്കൃതിയുടെ മൗലികതക്കും ഗോത്ര ഭൂമി തിരിച്ചു പിടിക്കുന്നതിനും വേണ്ടി 'കിയാമ' എന്ന രഹസ്യ സമൂഹം ഉണ്ടാക്കുകയും ചെയ്യുന്നു. ജോമോ കെനിയാറ്റയുടെ മുന്‍ കൈയ്യില്‍ 1925-ല്‍ നിലവില്‍ വന്ന കെനിയന്‍ സെന്‍ട്രല്‍ അസോസിയേഷന്റെ മാതൃകയായ കിയാമാക്ക് സമാന്തരമായി , 1920-കളില്‍ നിലവില്‍ വന്ന കികുയു സ്വതന്ത്ര സ്കൂള്‍ അസോസിയേഷനെ ഓര്‍മ്മിപ്പിക്കുന്ന 'മാരിയോഷോണി' എന്ന സ്കൂളുമായി ഗോത്രത്തിനു നിഷേധിക്കപ്പെട്ട വിദ്യാഭ്യാസ മേഖലയിലേക്ക് വയാക്കിയും സുഹൃത്തുക്കളും കടന്നു വരുന്നു. 'കിയാമ'യിലെ അംഗമായിരിക്കുമ്പോഴും രാഷ്ട്രീയ മാര്‍ഗ്ഗങ്ങളെക്കാള്‍ വിദ്യാഭ്യാസമാണ് ഇരുഗോത്രങ്ങളെയും യോജിപ്പിക്കുക എന്ന നിലപാടാണ് വ്യക്തിസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന വയാക്കിക്കുള്ളത്.


ജോഷ്വായുടെ രണ്ടാമത്തെ മകള്‍ നിയാംബുരുവുമായുള്ള വയാക്കിയുടെ പ്രണയം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്ത നിയാംബുരയെ സ്വന്തമാക്കാനായി ഗോത്രക്കാര്‍ക്കു മുന്നില്‍ നുണ പറഞ്ഞിട്ടും അയാളുടെ പ്രണയം സ്വീകരിക്കുമ്പോഴും അച്ഛനെയോര്‍ത്ത് അവള്‍ വിവാഹാഭ്യര്‍ഥന നിരസിക്കുന്നത്‌ അയാളുടെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന അതേ സാഹചര്യത്തിലാണ് , കിയാമയുടെ വര്‍ദ്ധിച്ചു വരുന്ന ആക്രമണോത്സുകതയില്‍ മനം മടുത്തു പ്രസ്ഥാനത്തില്‍ നിന്ന് അയാള്‍ രാജിവെക്കുന്നതും. കബോന്‍യി നിരത്തുന്ന ആരോപണങ്ങളില്‍ വയാക്കി സ്വയം പ്രതിരോധിക്കാനാവാതെ പെട്ടുപോകുന്നു: തന്റെ സ്കൂളിലേക്ക് അധ്യാപകരെ കണ്ടെത്താന്‍ നടത്തിയ ശ്രമം മിഷനറിമാരുമായുള്ള ഗോത്ര വിരുദ്ധ സഹകരണമായി വ്യാഖ്യാനിക്കപ്പെടുന്നു; സ്ത്രീയുടെ മൃതദേഹം തൊടരുതെന്ന ഗോത്ര വിലക്ക് മിതോനിയുടെ മരണസമയത്ത് അയാള്‍ അവിടെ ഉണ്ടായിരുന്നോ എന്നത് പോലും സംശയാസ്പദമായിരിക്കെ, അയാള്‍ ലംഘിച്ചതായി ആരോപിക്കപ്പെടുന്നു, യഥാര്‍ഥത്തില്‍ അയാള്‍ നിയാംബുരയെ കാണാന്‍ പോയതായിരുന്നു എന്നിരിക്കെ, ജോഷ്വയുടെ പ്രാര്‍ഥനയില്‍ അയാള്‍ പങ്കെടുത്തായി ആരോപിക്കപ്പെടുന്നു. കബോന്‍യിയുടെ മകന്‍ കമാവുവിനു നിയാംബുരയോടു നിരസിക്കപ്പെട്ട പ്രണയത്തിന്റെ നീരസമുള്ളതും കാര്യങ്ങള്‍ വഷളാക്കുന്നു. ജോഷ്വായെയും കൂട്ടാളികളെയും അപായപ്പെടുത്താനുള്ള കിയാമയുടെ പദ്ധതി നിയാംബുരയെ ഓര്‍ത്ത്‌ വെളിപ്പെടുത്തുന്നത് അവിശ്വാസിയുടെ ജല്‍പ്പനമായി ജോഷ്വാ തള്ളിക്കളയുന്നുവെങ്കിലും അതും വയാക്കിയെ പ്രതിസ്ഥാനത്താക്കുന്നു. ഇതൊക്കെയാണെങ്കിലും നിയാംബുരയോടുള്ള പ്രണയം നിഗൂഡമാക്കിത്തന്നെ വെക്കേണ്ടതുള്ളത് കൊണ്ട് അയാള്‍ക്ക് ഒന്നിനെയും പ്രതിരോധിക്കാനാവുന്നുമില്ല. സന്ദര്‍ഭം മുതലെടുത്ത്‌ 'പ്രവചിക്കപ്പെട്ട' രക്ഷകനായി സ്വയം അവരോധിച്ച കബോന്‍യി വിചാരണക്കായി വയാക്കിയെ കിയാമക്ക് മുന്നില്‍ വിളിപ്പിക്കുന്നു. പാരമ്പര്യവാദികളും പുത്തന്‍കൂറ്റുകാരും ഉള്‍പ്പെടുന്ന ആളുകളോട് സംസാരിക്കാന്‍ അവസരം അഭ്യര്‍ഥിക്കുന്ന ബഹുമാന്യനായ 'ടീച്ചറു'ടെ ആവശ്യം കബോന്‍യിക്ക് നിരസിക്കാനാവുന്നില്ല.


ക്രിസ്മസ് ആഘോഷത്തിനോടൊപ്പം ചേര്‍ന്ന് വരുന്ന ചേലാകര്‍മ്മ ചടങ്ങിനു തൊട്ടു മുമ്പ്, ആളുകളെ അഭിസംബോധന ചെയ്യും മുമ്പായി, വിശുദ്ധ തോട്ടത്തിലേക്ക് ഒരു പ്രഭാത തീര്‍ത്ഥാടനം നടത്തുന്ന വയാക്കിക്ക് ഉണ്ടാവുന്ന അതീന്ത്രിയ അനുഭവമാണ് നോവലിന്റെ കാതലായ തിരിച്ചറിവിലേക്ക് അയാളെ എത്തിക്കുക. പുരാതന പ്രവചനത്തെയും ഗോത്രത്തിന്റെ ഐക്യത്തെയും കുറിച്ച് ധ്യാനത്തിലേര്‍പ്പെടുന്ന വയാക്കിക്ക് ആത്മീയവും രാഷ്ട്രീയവുമായ ഒരു വെളിപാടുണ്ടാവുന്നു. വിദ്യാഭ്യാസം മാത്രം മതിയാവില്ല തന്റെ ജനതയുടെ ഐക്യത്തിനെന്നും, ഐക്യം രാഷ്ട്രീയ പ്രക്രിയയിലേക്ക് വളരണം എന്നും അത് അവരെ ഗോത്രഭൂമിയുടെ നഷ്ടത്തില്‍ നിന്നും, അടിമ ജോലിയില്‍ നിന്നും, വിദേശ സര്‍ക്കാരിന് നല്‍കുന്ന അനാവശ്യ നികുതികളില്‍ നിന്നും മോചിപ്പിക്കണം എന്നും അയാള്‍ അറിയുന്നു. വിശുദ്ധ മലയില്‍ നിന്ന് ഇറങ്ങിവരുന്ന വയാക്കി വാചാലവും പ്രചോദിതവുമായ പ്രസംഗത്തിലൂടെ ആളുകളെ മുഗ്ദ്ധരാക്കവേ, തട്ടിക്കൊണ്ടുവന്ന നിയാംബുരയെ മുന്നില്‍ നിര്‍ത്തി അവളെ അവിശുദ്ധയായി പ്രഖ്യാപിക്കാന്‍ കബോന്‍യി അയാളെ വെല്ലുവിളിക്കുന്നു. പ്രണയത്തെ വിശുദ്ധിക്കുമേല്‍ സ്ഥാപിക്കുന്ന വയാക്കിയെയും നിയാംബുരയെയും വിധികല്‍പ്പിക്കാന്‍ കിയാമക്ക് വിട്ടുകൊടുത്തു ആളുകള്‍ പിരിയുന്നു. വൈകിമാത്രം സാധ്യമായ തിരിച്ചറിവിന് തന്റെയും നിയാംബുരയുടെയും വിധി മാറ്റാനാവില്ലെന്ന് വയാക്കി ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവണം.


കൊളോണിയലിസത്തിന്റെ ആദ്യനാളുകളില്‍ ഗികുയു സമൂഹം നേരിട്ട അനിവാര്യ ദുരന്തത്തെയാണ് ഇരുതടങ്ങള്‍ക്കിടയിലെ നദിയെന്ന രൂപകത്തിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌. ഒരു നദിയുടെ ഇരുകരകളില്‍ പാര്‍ത്തുവന്ന രണ്ടു സമൂഹങ്ങള്‍ക്കിടയില്‍ വെളുത്തവന്റെ വരവ് ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിലൂടെ ഒരു പുതിയ ലോക ക്രമത്തെ/ പ്രതിനിധാനത്തെ ഉള്‍ച്ചേര്‍ക്കണോ അതോ അതിന്റെ അസ്തിത്വത്തെ കണ്ടില്ലെന്നു വെക്കണോ എന്ന ചോദ്യത്തെ അന്ന് വരെ സഹകരിച്ചു നിന്ന രണ്ടു വിഭാഗങ്ങള്‍ സമീപിക്കുന്ന വ്യത്യസ്തമായ രീതിയെയാണ് നോവല്‍ പ്രശ്നവല്‍ക്കരിക്കുന്നത്. ഒരു കര തങ്ങളുടെ പഴയ ക്രമത്തെ നിരാകരിച്ച് വെളുത്തവന്റെ മതവും ക്രമവും സ്വീകരിച്ചപ്പോള്‍ , ഇതര വിഭാഗം പഴയ ഗോത്ര മൂല്യങ്ങളുടെ സ്വതന്ത്ര നിലനില്‍പ്പില്‍ വിശ്വസിച്ചു. അങ്ങനെ ഒരിക്കല്‍ ഇരുകരകളെയും ബന്ധിപ്പിച്ച നദി ഇപ്പോള്‍ വിഭജനത്തിന്റെ നദിയായി - ഇരു തടങ്ങള്‍ക്കിടയിലെ നദി. പാരമ്പര്യത്തിന്റെയും പുതുവിശ്വാസത്തിന്റെയും സമ്മര്‍ദ്ദങ്ങളില്‍ ബലിയാടാവുന്ന നിസ്സഹായതയുടെ പ്രതീകമായി നോവലില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത് മിതോനിയുടെ അന്ത്യമാണ്. ഗോത്രാചാരത്തിന്റെ നെടുംതൂണായ ചേലാകര്‍മ്മം അവളുടെ അന്ത്യത്തിന് കാരണമാകുന്നത് വ്യാഖ്യാനിക്കപ്പെടുന്നത് എങ്ങനെയാണ് എന്നത് പ്രധാനമാണ്. പുതുമതത്തിന്റെ വരവ് ഗോത്ര മൂര്‍ത്തികളെ അരിശം കൊള്ളിച്ചതിന്റെ പ്രത്യാഘാതമായി പാരമ്പര്യവാദികള്‍ വിലയിരുത്തുമ്പോള്‍, പാഗന്‍ സംസ്കാരത്തിന്റെ സാത്താനിക സ്വാധീനമായി പുതുമതക്കാര്‍ അതിനെ കാണുന്നു. ഒരു ലോകക്രമത്തെ നിരാകരിക്കാതെത്തന്നെ അപരക്രമത്തെ സ്വാംശീകരിക്കുക അസാധ്യമാണെന്ന, സൂചനയാണ് ഇത് നല്‍കുന്നത്.

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് –79-83)

Saturday, November 9, 2024

Weep Not, Child by Ngũgĩ wa Thiong'o

 

സ്വാതന്ത്ര്യത്തിന്റെ കെനിയന്‍ കനല്‍ച്ചിത്രങ്ങള്‍



ആഫ്രിക്കന്‍ സാഹിത്യത്തിന്‍റെ ഊര്‍ജ്ജ പ്രഭവമായി മൂന്നു ഘടകങ്ങളെ ബെന്‍ ഒക്രി ചൂണ്ടിക്കാണിക്കുന്നു: അഗോചരം അഥവാ മിത്തുകള്‍ , ഗോചരം അഥവാ യാഥാര്‍ത്ഥ്യം, വാമൊഴി പാരമ്പര്യം എന്നിവയാണവ. ഇതില്‍ത്തന്നെ മിത്തിക്കല്‍ സ്വാധീനത്തെ ഏറ്റവും പ്രധാനപ്രഭവമായി അദ്ദേഹം വേര്‍തിരിക്കുന്നു. ആഫ്രിക്കന്‍ സാഹിത്യത്തിലെ ക്ലാസിക്കുകള്‍ ആയ ആമോസ് ടുടുവോലായുടെ 'ദി പാം വൈന്‍ ഡ്രിങ്കാര്‍ഡ്', ചിനുവ അച്ചബെയുടെ 'തിംഗ്സ് ഫാള്‍ അപ്പാര്‍ട്ട്' , കമാറ ലായെയുടെ 'ദി ആഫ്രിക്കന്‍ ചൈല്‍ഡ്' തുടങ്ങിയവയെ അദ്ദേഹം ഈ ഗണത്തില്‍ അഗ്രഗാമികളായി വിലയിരുത്തുന്നു. ബെന്‍ ഒക്രിയുടെ തന്നെ 'ദി ഫാമിഷ്ഡ് റോഡ്‌' തീര്‍ച്ചയായും ഈ ഗണത്തില്‍ വരുന്നതാണെന്നും നമുക്ക് പറയാം. അമ്പതുകളുടെ കൊളോണിയല്‍ വിരുദ്ധ ഉണര്‍വ്വുകളുടെ കാലത്ത് പാരമ്പര്യത്തിനും ഒപ്പം തന്നെ കലുഷമായ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്കും ചെവികൊടുത്ത്‌ എഴുതിയ എഴുത്തുകാരെ നിരീക്ഷിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യം ബെന്‍ ഒക്രി എടുത്തുപറയുന്നു: ആധുനിക ആഫ്രിക്കന്‍ സാഹിത്യം കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പ്പായല്ല തുടങ്ങിയത്, മറിച്ച് കൊളോണിയളിസം ഒരു ആവിഷ്കാര രീതിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സ്വാഭാവിക പുരോഗതിയുടെ രൂപത്തില്‍ അതിനു ഒരു പുതിയ മാനം, ഒരു പുതിയ ഊന്നല്‍ നല്‍കുകയായിരുന്നു. മോശം കാലത്ത് ആളുകള്‍ മോശം കാലത്തെ കുറിച്ച് പാടുക സ്വാഭാവികം. എന്നാല്‍ അത് പ്രാതിനിധ്യ സ്വഭാവമുള്ളതല്ല, കാരണം മോശം കാലത്തെ കുറിച്ചുള്ള പാട്ടുകളില്‍ നല്ല കാലങ്ങളെ കുറിച്ചുള്ള സൂചകമായി ആത്മാവിന്റെ ചൈതന്യം പ്രഘോഷിക്കപ്പെടുന്നു. പാരമ്പര്യത്തിന്റെ അഗാധതകളില്‍ നിന്നും ഒപ്പം കലുഷമായ വര്‍ത്തമാനത്തിന്റെ പ്രവചന സ്വരങ്ങളില്‍നിന്നും ഉരുവം കൊണ്ട ഒരു മഹത്തായ സൂചക കൃതിയായി അദ്ദേഹം ങ്ഗൂഗി വാ തിയോംഗോ യുടെ ആദ്യ പ്രസിദ്ധീകൃത നോവലായ 'കുഞ്ഞേ, കരയരുത് ' എന്ന പുസ്തകത്തെ അടയാളപ്പെടുത്തുന്നു. (പെന്‍ഗ്വിന്‍ ക്ലാസിക് പതിപ്പിന്റെ ആമുഖം: ബെന്‍ ഒക്രി).

ഒരു എഴുത്തുകാരന്റെ/കാരിയുടെ പ്രഥമകൃതി അദ്ദേഹത്തിന്റെ/അവരുടെ രചനാലോകത്തിന്റെ മൊത്തം സൂചകമായിത്തീരുന്ന തരത്തില്‍ ആ പ്രമേയപരമായ ഉത്കണ്ഠകള്‍ ഉള്‍കൊള്ളുന്നതാവാം എന്ന് നിരീക്ഷണം സാധൂകരിക്കും വിധം, കുറെയേറെ കഥകള്‍ക്കും, 'ദി റിവര്‍ ബിറ്റ് വീന്‍' എന്ന പിന്നീട് മാത്രം പ്രസിദ്ധീകരിക്കപ്പെട്ട നോവലിനും ശേഷം ഇരുപത്തിയെട്ടാം വയസ്സില്‍ എന്‍ഗൂഗി എഴുതിയ 'കുഞ്ഞേ, കരയരുത് ' അദ്ദേഹത്തിന്റെ രചനാ ലോകത്തേക്കുള്ള തുറവുതന്നെ ആകുന്നുണ്ട്. അക്കാലത്ത് ആഫ്രിക്കന്‍ എഴുത്തുകാരില്‍ പതിവായിരുന്ന രീതിയില്‍ തന്റെ മാമോദീസാ പേരായ ജെയിംസ്‌ എന്‍ഗൂഗി എന്ന പേരിലാണ് അന്നത് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും വൈകാതെ ആ കൊളോണിയല്‍ ഭാരം നോവലിസ്റ്റ് കയ്യൊഴിയുകയായിരുന്നു . പില്‍ക്കാലം, ആഫ്രിക്കന്‍ സ്വത്വത്തെ കുറിച്ചും ഭാഷാപരമായ തനിമയെ കുറിച്ചുമുള്ള തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ രചനാരീതികളെയും മാറ്റിമറിച്ചു. 'കുഞ്ഞേ, കരയരുത് ' ആദ്യം ഇംഗ്ലീഷില്‍ എഴുതിയ നോവലിസ്റ്റ്, പില്‍ക്കാലം ഗികുയു, സ്വാഹിലി ഭാഷകളില്‍ എഴുതിയ ശേഷം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്ന രീതിയിലേക്ക് മാറി. ഒരു ഘട്ടത്തില്‍ ഇനി മുതല്‍ ഗികുയുവില്‍ മാത്രമേ എഴുതുകയുള്ളൂ എന്നും അദ്ദേഹം തീരുമാനിച്ചു. 1987-ല്‍ പുറത്തിറങ്ങിയ 'മാതിഗാരി' എന്ന നോവലിന് ശേഷം 2006-ല്‍ 'വിസാര്‍ഡ് ഓഫ് ദി ക്രോ' എന്ന ബൃഹദ് നോവല്‍ വരെയുള്ള ഏകദേശം രണ്ടു പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ രചനകളെല്ലാം ഗികുയു ഭാഷയില്‍ ആയിരുന്നു.


കനലില്‍ പിച്ചവെക്കുന്നവര്‍

ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി കൊളോണിയല്‍ യുദ്ധത്തെ കികുയു കാഴ്ചപ്പാടില്‍ ഫിക് ഷനില്‍ ആവാഹിച്ച ആദ്യ ആഫ്രിക്കന്‍ എഴുത്തുകാരനാണ് ങ്ഗൂഗി വാ തിയോംഗോ. 1952 - '60 -കാലഘട്ടത്തിലെ 'കെനിയന്‍ അടിയന്തരാവസ്ഥ' എന്നും 'മോ മോ' കലാപം എന്നും അറിയപ്പെട്ട കെനിയന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് കൗമാരം പിന്നിടുന്ന ന്യൊറോഗി എന്ന ബാലന്റെ മുതിര്‍ന്നു വരവിന്റെ കഥയാണ് 'കുഞ്ഞേ, കരയരുത്' എന്ന ആദ്യ നോവലില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്‌. കൊളോണിയല്‍ ആധിപത്യത്തിനെതിരായ തീക്ഷ്ണ പ്രതികരണമായി ഗറില്ലാ പോരാട്ടം നാടെങ്ങും പടരുന്ന കാലം. ദുരിതങ്ങളില്‍ തകര്‍ന്നു പോയിട്ടുണ്ടെങ്കിലും വിട്ടുപോയിട്ടില്ലാത്ത സൗന്ദര്യത്തിന്റെ ഉടമയായ മമ്മ ന്യോകാബി, മകനു സ്കൂളില്‍ പോകാനുള്ള അപൂര്‍വ്വ അവസരം വാഗ്ദാനം ചെയ്യുന്നത്, അതീവ സന്തോഷത്തോടെയാണ് അവന്‍ സ്വീകരിക്കുക. ആശാരിപ്പണി പഠിക്കുന്ന അര്‍ദ്ധ സഹോദരന്‍ കമാവു അനിയനെ അനുമോദിക്കുന്നു; അവര്‍ മികച്ച ഭാവി സ്വപ്നം കാണുന്നു. ഒരു കാലത്ത് തങ്ങളുടെ സ്വന്തമായിരുന്ന ഭൂമിയില്‍ ഇപ്പോള്‍ അതിന്റെ ബ്രിട്ടിഷ് ഭൂവുടമ മി. ഹോലാന്‍ഡ്സിന് വേണ്ടി കര്‍ഷകത്തൊഴില്‍ ചെയ്യുന്ന പപ്പ എന്‍ഗോതോ, കുടുംബത്തില്‍ ആദ്യം സ്കൂളില്‍ പോവുക തന്റെ മകനായിരിക്കുമെന്ന അഭിമാനത്തിലാണ്. സ്കൂളിലെ കഠിനമായ ആദ്യ ദിനങ്ങളില്‍ അവനു കൂട്ടാവുക ധനികനായ ഗികുയു കര്‍ഷകനും തങ്ങളുടെ കിടപ്പാടത്തിന്റെ ഉടമയുമായ ജകൊബോയുടെ മകള്‍ മ്വിഹാകി ആയിരിക്കും.


ഒരു സായാഹ്നത്തില്‍ , എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ ഗികുയു ദേശം സ്വന്തമാക്കിയതെന്ന കഥ പപ്പ തന്റെ ഭാര്യമാരോടും കോറി, ബോറോ, കമാവു, ന്യൊറോഗി എന്നീ മക്കളോടും പറയുന്നത് എല്ലാവരെയും അസ്വസ്ഥരാക്കുന്നുവെങ്കിലും, രണ്ടാം ലോക യുദ്ധത്തിനിടെ തന്റെ സഹോദരനെ നഷ്ടമായ ബോറോയിലാണ് അത് കൂടുതല്‍ രോഷം സൃഷ്ടിക്കുക. ഇംഗ്ലീഷ് പരിജ്ഞാനം നേടിയെടുക്കുന്ന ന്യൊറോഗി തന്റെ ബൈബിള്‍ പഠനത്തിനിടെ, ഗികുയു പോരാട്ടങ്ങളും ഇസ്രയേല്യരുടെ പീഡനവും തമ്മില്‍ സാമ്യം കണ്ടെത്തുന്നു. കമാവുവാകട്ടെ, തന്റെ ആശാന്‍ എന്‍ഗാനയുടെ മെല്ലെപ്പോക്കില്‍ മടുത്തുപോയിരിക്കുന്നു. ആഫ്രിക്കന്‍ ജനതക്ക് കൂടുതല്‍ അധികാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സമരം ആരംഭിക്കുന്നതിനെ കുറിച്ച് കേള്‍ക്കാനിടയാവുന്ന എന്‍ഗോതോക്ക് അതില്‍ പങ്കെടുക്കണം എന്നുണ്ടെങ്കിലും മി. ഹോലാന്‍ഡ്സ് തന്നെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്ന് അയാള്‍ ഭയപ്പെടുന്നു. ഇതിനോടകം പ്രസ്ഥാനത്തില്‍ ഒരു നേതാവായി ഉയര്‍ന്നു വന്നിരിക്കുന്ന ബോറോ, മറ്റു ചിലരോടൊപ്പം യോഗത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൊളോണിയല്‍ കാലത്ത് സ്വന്തമായി ഭൂമി ഉടമസ്ഥതയില്‍ വെക്കാനും കൃഷിനടത്താനും അവകാശമുള്ള ചുരുക്കം തദ്ദേശീയരില്‍ ഒരാള്‍ എന്ന നിലയില്‍ നാട്ടുപ്രമാണിയായ ജകൊബോയെ മുന്നില്‍ നിര്‍ത്തി സമരം പൊളിക്കാന്‍ പോലീസ് ശ്രമിക്കുന്നതില്‍ പ്രകോപിതനാവുന്ന എന്‍ഗോതോ സ്റ്റേജില്‍ കയറി അയാളെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. കലാപം ഉടനടി അടിച്ചമര്‍ത്തപ്പെടുന്നെങ്കിലും, ഭയപ്പെട്ടപോലെ, എന്‍ഗോതോയും കുടുംബവും അതിനു കനത്ത വില നല്‍കേണ്ടി വരുന്നു. മി. ഹോലാന്‍ഡ്സ് അയാളെ പിരിച്ചു വിടുകയും, ജകൊബോ അവരെ കുടിയിറക്കുകയും ചെയ്യുന്ന സന്ദിഗ്ധ ഘട്ടത്തില്‍ എന്‍ഗാന അവര്‍ക്ക് അഭയം നല്‍കുന്നു.


'മോമോ' പ്രസ്ഥാനത്തിലെ മിതസ്വരത്തിന്റെ പ്രതീകവും ന്യൊറോഗിയുടെ നായകനുമായ ജോമോ കെനിയാറ്റ അറസ്റ്റ് ചെയ്യപ്പെടുന്നതോടെയാണ് രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആഖ്യാനം പുരാരംഭിക്കുന്നത്. പ്രസ്ഥാനത്തിലെ തീവ്ര വിഭാഗം കടുത്ത മാര്‍ഗ്ഗങ്ങളിലേക്ക് തിരിഞ്ഞതിന്റെ ഫലങ്ങള്‍ ഹിംസാത്മകമായ തിരിച്ചടികളായി നാടെങ്ങും അനുഭവപ്പെട്ടു തുടങ്ങുന്നു. പോലീസിനെയും കലാപകാരികളെയും ജനങ്ങള്‍ ഒരുപോലെ ഭയപ്പെടേണ്ട സാഹചര്യം. ഒരു വശത്ത്‌ കൊറോയും ബോറിയും പോലീസുമായി ഇടയ്ക്കിടെ കൊമ്പു കോര്‍ക്കുന്നു. അതേ സമയം, മി. ഹോലാന്‍ഡ്സും ജകൊബോയും കൈകോര്‍ത്തു എന്‍ഗോതോയെ അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിക്കുന്നു. കോറിയും എന്‍ഗോതോയുടെ ആദ്യ ഭാര്യ എന്‍യേരിയും അറസ്റ്റിലാവുന്നു. ഇത്തരം കാലുഷ്യങ്ങള്‍ക്കെല്ലാം ഇടയിലും കമാവുവിന്റെ ഉപദേശ പ്രകാരം കലാപകാരികളുടെ ഭീഷണി അവഗണിച്ചു ന്യൊറോഗി സ്കൂളില്‍ പോകുന്നത് തുടരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഗ്രാമത്തില്‍ തിരിച്ചെത്തുന്ന മ്വിഹാകിയും ന്യൊറോഗിയും സൗഹൃദം പുതുക്കുന്നുവെങ്കിലും, തങ്ങളുടെ സാമൂഹ്യ നിലകളിലെ അന്തരം മ്വിഹാകിയെ ഉലക്കുന്നു. അതിനോടൊപ്പം, ന്യൊറോഗിക്ക് ഹൈ സ്കൂള്‍ പഠനത്തിനു അവസരം ഒരുങ്ങുമ്പോള്‍ ഗ്രേഡുകള്‍ മോശമായ മ്വിഹാകിക്ക് ടീച്ചിംഗ് കോളേജില്‍ പോകേണ്ടിയും വരുന്നു. സ്കൂളില്‍ വെച്ച് മി. ഹോലാന്‍ഡ്സിന്റെ മകന്‍ സ്റ്റീഫനുമായി അപൂര്‍വ്വമായ ഒരു സൗഹൃദത്തിലേക്കു ന്യൊറോഗി എത്തിച്ചേരുന്നു. കുട്ടിക്കാലത്ത് പരസ്പരം സംസാരിക്കാന്‍ ഭയമായിരുന്നെങ്കിലും രണ്ടുപേര്‍ക്കും പൊതുവായി പലതുമുണ്ടെന്ന് സുഹൃത്തുക്കള്‍ കണ്ടെത്തുന്നു. പ്രതീക്ഷകളുടെ നാളുകള്‍ക്ക് പക്ഷെ അല്‍പ്പായുസ്സാണെന്ന് തെളിയിച്ചുകൊണ്ട്‌ , പത്തൊമ്പതാം വയസ്സില്‍ , ജകൊബോയുടെ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുക്കപ്പെടുന്ന ന്യൊറോഗി ഭീകരമായി പീഡിപ്പിക്കപ്പെടുന്നു.


യഥാര്‍ഥത്തില്‍ ജക്കൊബോയുടെ വധം കുടുംബത്തിന്റെ സമൂലമായ ദുരന്തത്തിനു കാരണമായിത്തീരുമെങ്കിലും ന്യോറോഗിയോ എന്‍ഗോതോയോ അല്ല അതിനുത്തരവാദിയെന്നു സുവ്യക്തമാണ്. മി. ഹോലാന്‍ഡ്സും ജകൊബോയും ചേര്‍ന്ന് അച്ഛനെ അറസ്റ്റ് ചെയ്യിക്കുന്നതിനെ തുടര്‍ന്നു ബോറോയാണ് ജകൊബോയെ കൊല്ലാന്‍ പദ്ധതിയിടുന്നത് . തടവില്‍ എന്‍ഗോതോ കുറ്റ സമ്മതം നടത്തിയിട്ടുണ്ടെന്നും അയാളെ വന്ധ്യംകരിച്ചിരിക്കുന്നു എന്നും പോലീസ് വ്യക്തമാക്കുന്നു. വിശ്വസ്തനായ കുടിയാനെ ഇത്തിരി വൈകിയാണെങ്കിലും മനസ്സാക്ഷിയുടെ കുത്തല്‍ സഹിക്കാനാവാതെ മി. ഹോലാന്‍ഡ്സ് ജയില്‍ മോചിതനാക്കുന്നു. കസ്റ്റഡിയില്‍ പെട്ടുപോയിരുന്ന കമാവുവിനെ രക്ഷിക്കാന്‍ വേണ്ടി എന്‍ഗോതോ കുറ്റം എല്‍ക്കുകയായിരുന്നു എന്നും യഥാര്‍ഥത്തില്‍ സഹോദരന്റെ മരണത്തിനു പ്രതികാരമെന്നോണം അത് ചെയ്തത് ബോറോ ആയിരുന്നു എന്നും വ്യക്തമാവുന്നു. പീഡനത്തിന്റെ ബാക്കിപത്രമായി എന്‍ഗോതോ വൈകാതെ മരിക്കുന്നതോടെ, അയാളുടെ നിരപരാധിത്തം അറിഞ്ഞിട്ടും അതിനു വിട്ടുകൊടുത്ത മി. ഹോലാന്‍ഡ്സിനെ, അയാളുടെ വസതിയില്‍ വെച്ചുതന്നെ ബോറോ വധിക്കുകയായിരുന്നു . എന്‍ഗോതോയുടെ മരണ ശേഷം കുടുംബഭാരം ഏല്‍ക്കേണ്ടി വരുന്ന ന്യൊറോഗി പഠനം നിര്‍ത്തി ഒരു ഡ്രസ്സ്‌ ഷോപ്പില്‍ ജോലി നോക്കാന്‍ നിര്‍ബന്ധിതനാവുന്നു. തനിക്കുള്ള ഒരേയൊരു ആശ്വാസമായ മ്വിഹാകിയെ അയാള്‍ തേടിയെത്തുന്നുവെങ്കിലും, ഇരുവരും തങ്ങളുടെ പ്രണയം ഏറ്റുപറയുന്നെങ്കിലും, പിതാക്കള്‍ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അവര്‍ ഒരുമിക്കുന്നത് അസാധ്യമാക്കിയിരിക്കുന്നുവെന്നു തിരിച്ചറിയുന്നു. ആത്മഹത്യക്ക് ശ്രമിക്കുന്ന ന്യൊറോഗിയേ പിന്തിരിപ്പിച്ചു മമ്മ ന്യോകാബി വീട്ടിലേക്കു കൊണ്ടുവരുന്നു.


മണ്ണിന്റെ ഉടമസ്ഥത എന്നത് പവിത്രമായ ഒരു അവകാശമായിക്കണ്ടിരുന്ന ഗികുയു സംസ്കൃതിയില്‍ ബ്രിട്ടീഷ് ഭൂസ്വത്ത് നിയമങ്ങള്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. അക്രമകാരികളായ കൊളോണിയലിസ്റ്റുകള്‍ വന്‍ തോതില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനും, ചിരപുരാതനമായി അന്തസ്സോടെ സ്വന്തം ഭൂമിയില്‍ കഴിഞ്ഞുവന്നവരെ അവിടെത്തെ തന്നെ അടിയാന്മാരാക്കി മാറ്റുന്നതിനും ഈ ഇടപെടലുകള്‍ നിമിത്തമായി. എന്‍ഗോതോയുടെ ജീവിതം ഈ പരിതോവസ്തയുടെ പ്രതീകമാണ്. രണ്ടാം ലോക യുദ്ധത്തില്‍ ബ്രിട്ടന് വേണ്ടി നിര്‍ബന്ധിത സൈനിക വൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ട യുവാക്കളുടെ ജീവത്യാഗങ്ങള്‍ വിലമതിക്കപ്പെടാതെ പോയതും അമര്‍ഷം രൂക്ഷമാക്കിയ ഘടകമായിരുന്നു. നാല്‍പ്പതുകളില്‍ ആരംഭിച്ച 'കെനിയ ആഫ്രിക്കന്‍ യൂണിയന്‍ ' , ജോമോ കേനിയാറ്റയുടെ നേതൃത്വത്തില്‍ മിതവാദസമീപനങ്ങളിലൂടെ സ്വാതന്ത്ര്യ സമര സന്ദേശം ഏറ്റെടുത്തെങ്കിലും 1952-ല്‍ , ഗോത്ര സംസ്കൃതിയില്‍ പവിത്രമായി കണക്കാക്കപ്പെടുന്ന രഹസ്യസ്വഭാവവും 'പ്രതിജ്ഞ'യെടുക്കലും അടിസ്ഥാനമാക്കി രൂപമെടുത്ത മോ മോ പ്രസ്ഥാനം യൂറോപ്പ്യന്‍ വംശജര്‍ക്കും 'ഒറ്റുകാര്‍ ' എന്ന് മുദ്രചാര്‍ത്തപ്പെട്ട തദ്ദേശീയര്‍ക്കുതന്നെയും എതിരെ കടുത്ത ആക്രമണ സ്വഭാവങ്ങളുള്ള കടന്നു കയറ്റങ്ങളിലൂടെ സ്വാതന്ത്ര്യ സമരങ്ങളുടെ നേതൃത്വം കയ്യടക്കി. 1956 ആവുമ്പോഴേക്കും ഭീകര മര്‍ദ്ദനമുറകളിലൂടെ കലാപം ഏതാണ്ട് പൂര്‍ണ്ണമായും അടിച്ചമര്‍ത്തപ്പെട്ടിരുന്നെങ്കിലും1960വരെ അടിയന്തിരാവസ്ഥ തുടര്‍ന്നു. 1960-ല്‍ തുടങ്ങിയ അധികാരക്കൈമാറ്റപ്രക്രിയ 1962-ലെ സ്വാതന്ത്ര്യപ്രാപ്തിവരെ തുടര്‍ന്നു. അധികാരക്കൈമാറ്റ പ്രക്രിയയുടെ കാലം 'കുഞ്ഞേ, കരയരുത്' പശ്ചാത്തലത്തിലേക്കെടുക്കുന്നില്ല.


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 73-78

A Grain of Wheat by Ngũgĩ wa Thiong'o

 നിണത്തില്‍ തിടം വെക്കുന്ന വിത്തുകള്‍




കെനിയന്‍ സമൂഹത്തിലെ അനീതികളെ നിശിതമായി വിമര്‍ശിച്ചു ഗികുയു ഭാഷയില്‍ എഴുതിയ 'ഐ വില്‍ മാറി വെന്‍ ഐ വാണ്ട് ' എന്ന നാടകത്തിന്റെ രചനയെ തുടര്‍ന്നു 1977- '78 കാലത്ത് തീവ്ര സുരക്ഷാ തടവറയില്‍ ജയില്‍വാസം അനുഷ്ടിക്കേണ്ടിവന്നതും, ആഫ്രിക്കന്‍ എഴുത്തുകാര്‍ കൊളോണിയലിസ്റ്റ് ഭാഷയായ ഇംഗ്ലീഷ് ഉപേക്ഷിച്ചു ഹൃദയങ്ങളെ കൂടി 'ഡി കോളനൈസ്' ചെയ്യേണ്ടതിനെ കുറിച്ച് നടത്തിയ കാംപെയ്നുകളും എന്‍ഗൂഗിയെ കെനിയന്‍ ചെറുത്തുനില്‍പ്പിന്റെ ധൈഷണിക പ്രതീകമായി ഉയര്‍ത്തിയിരുന്നു. 'എ ഗ്രെയ്ന്‍ ഓഫ് വീറ്റ്‌' അദ്ദേഹത്തിന്റെ രചനാരീതിയില്‍ സംഭവിച്ചുകൊണ്ടിരുന്ന വിപ്ലവകരമായ മാറ്റത്തിനും തുടക്കം കുറിച്ചു. മുന്‍ നോവലുകളില്‍നിന്നു വ്യത്യസ്തമായി ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളില്‍ ഊന്നുന്നതിനു പകരം, എപ്പിക് സ്വഭാവമുള്ള, വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ പല കഥാപാത്രങ്ങളിലേക്കും കാലങ്ങളിലേക്കും ഊന്നുന്ന സാമൂഹിക കഥാഖ്യാനത്തിലേക്ക് ഈ നോവലോടെ അദ്ദേഹം മാറിത്തുടങ്ങിയെന്നു അബ്ദുറഹിമാന്‍ ഗുര്‍നാ നിരീക്ഷിക്കുന്നു. (നോവലിന്റെ പെന്‍ഗ്വിന്‍ പതിപ്പിനുള്ള ആമുഖം.) ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ് തീസിസ് മുഴുവനാക്കുന്നതിനു പകരം പരന്ന വായനയിലേക്ക് തിരിഞ്ഞ 1964-'66 കാലഘട്ടത്തിലാണ് എന്‍ഗൂഗി നോവല്‍ രചന നടത്തിയത്. ഫ്രാന്‍സ് ഫാനന്റെ 'ദി റച്ച്ഡ് ഓഫ് ദി എര്‍ത്ത്', മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലേഖനങ്ങള്‍ , ജോസഫ് കോണ്‍റാഡിന്‍റെ നോവലുകള്‍ എന്നിവയാണ് അദ്ദേഹത്തെ അക്കാലത്ത് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. നോവലില്‍ ആ സ്വാധീനം സുവ്യക്തവുമാണ്.


കെനിയയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച കലാപനാളുകളിലും അതിനു മുമ്പുമായാണ് 'വീപ് നോട്, ചൈല്‍ഡ്' , 'ദി റിവര്‍ ബിറ്റ് വീന്‍' എന്നീ നോവലുകളുടെ കാല പശ്ചാത്തലമെങ്കില്‍ 1963 - ലെ സ്വാതന്ത്ര്യ ('ഉഹൂറു')ദിനത്തിന് തൊട്ടുമുമ്പുള്ള നാലുദിവസങ്ങളിലായാണ് 'എ ഗ്രൈന്‍ ഓഫ് വീറ്റ്‌' എന്ന നോവലിന്റെ കഥാകാലം. എന്നാല്‍ നോവലിന്റെ ഇതിവൃത്തത്തില്‍ ഏറ്റവും പ്രധാനമായ സംഭവങ്ങള്‍ അമ്പതുകളുടെ കലാപനാളുകളിലാണ് സംഭവിക്കുന്നത്‌ എന്ന നിലക്ക് പ്രസ്തുത നോവലുകളുമായി ചേര്‍ത്ത് 'ഒരു മണി ഗോതമ്പ്' നോവലിസ്റ്റിന്റെ ആദ്യകാല നോവല്‍ ത്രയം (early trilogy) പൂര്‍ത്തിയാക്കുന്നു എന്ന് പറയാം. തുടര്‍ന്നു രചിക്കപ്പെട്ട പെറ്റല്‍സ് ഓഫ് ബ്ലഡ്‌ , ഡെവിള്‍ ഓണ്‍ ദി ക്രോസ്സ്, മാതിഗാരി എന്നിവ കൊളോണിയല്‍ അനന്തര കാലഘട്ടത്തെയാണ് ആവിഷ്കരിക്കുന്നത് എന്ന വസ്തുതയും സംഗതമാണ്. 1952-ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ, നാലുവര്‍ഷത്തെ കിരാതനടപടികള്‍ കൊണ്ടുതന്നെ കലാപത്തെ ഒതുക്കിയിരുന്നെങ്കിലും, 1960 വരെയും തുടര്‍ന്നു. കലാപനാളുകളിലെ പീഡനങ്ങളുടെയും സ്പര്‍ദ്ധകളുടെയും ഒറ്റുകളുടെയും അനുഭവങ്ങള്‍ എഴാണ്ടുകല്‍ക്കിപ്പുറവും മനസ്സുകളില്‍ വടുകെട്ടി നിന്നു. ഗികുയു ജനതയെ കുടിയൊഴിപ്പിച്ചും സ്വന്തം മണ്ണില്‍ കുടിയാന്മാരാക്കിയും 1930 -കള്‍ മുതല്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ സ്ഥാപിച്ചു തുടങ്ങിയ കുടിയേറ്റ മേഖലകള്‍ എന്‍ഗൂഗിയുടെ മാര്‍ക്സിസ്റ്റ്‌ വായനകളുടെ തിരിച്ചറിവുകളെ ഏറെ ഉദ്ദീപിപ്പിച്ചു. മോ മോ കലാപകാരികളോട് ചേര്‍ന്ന ഒരു സഹോദരനും മൂകനും ബധിരനുമായ കാരണം സൈനികരുടെ ആജ്ഞ മനസ്സിലാക്കാനാവാതെ വെടിയേറ്റു മരിച്ച മറ്റൊരു സഹോദരനും എന്‍ഗൂഗിക്ക് ഉണ്ടായിരുന്നു. ഈ രണ്ടാമനാണ് നോവലിലെ ഗിതോനോയുടെ ആദിരൂപം.


കുട്ടിക്കാലത്തെ അനാഥത്തത്തിന്റെയും രണ്ടാനമ്മയുടെ സ്നേഹരഹിതമായ പെരുമാറ്റത്തിന്റെയും ഓര്‍മ്മകളില്‍ അന്തര്‍മുഖനും ആത്മവിശ്വാസമില്ലാത്തവനുമായി വളര്‍ന്ന, 'തലതാഴ്ത്തി, ചുറ്റും നോക്കാന്‍ ലജ്ജാലുവെന്ന മട്ടില്‍ ' നടക്കുന്ന മുഗോയിലാണ് നോവല്‍ ആരംഭിക്കുന്നത്. എന്നാല്‍ തബായി സമൂഹം, കൊളോണിയല്‍ സൈനികരുടെ കൊടിയ പീഡനങ്ങളിലും ഉറച്ചു നില്‍ക്കുകയും നിരാഹാര സമര മുറകള്‍ പോലുള്ളവക്ക് നേതൃത്വം നല്‍കുകയും ചെയ്ത നായക പരിവേഷമുള്ള പോരാളിയായാണ് അയാളെ കാണുന്നത്. ദൈവികമായ സന്ദേശങ്ങള്‍ക്ക് കാതോര്‍ക്കുകയും തന്റെ ജനതയുടെ മോചകനാവുന്നതിനെ കുറിച്ച് സ്വപ്‌നങ്ങള്‍ കാണുകയും ചെയ്യുന്ന മുഗോയില്‍ 'ഇരു തടങ്ങള്‍ക്കിടയിലെ നദി'യിലെ വയാകിയുടെയും കബോന്‍യിയുടെയും സ്വഭാവങ്ങളുടെ വിചിത്ര സമ്മേളനം കണ്ടെത്താനാവും. ഏറ്റുപറച്ചിലുകള്‍ക്കും സവിശേഷ സന്ദര്‍ഭങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കുന്നതിനും എല്ലാവരും ഉറ്റുനോക്കുന്ന മുഗോ പക്ഷെ, തന്റെയുള്ളില്‍ ഒരു ഇരുണ്ട രഹസ്യത്തിന്റെ ഭാരവും കുറ്റബോധവും പേറുന്നവനാണ്. മുഗോയുടെ വ്യക്തിത്വത്തിന്റെ പരിമിതികള്‍ക്ക് നേരെ എതിരറ്റമാണ് രാഷ്ട്രീയ, സാമൂഹിക ബോധ്യങ്ങള്‍ തുറന്നു പറയുകയും ശരിയായ സമയത്ത് തനിക്കേറെ പ്രിയപ്പെട്ട കുടുംബത്തെയും സൌഹൃദങ്ങളെയും വിട്ടു കലാപകാരികളോട് ചേരുകയും ചെയ്യുന്ന കിഹികെ. ധീരനും, സ്വാഭാവിക സമര നായകനുമായി വളര്‍ന്നു വരുന്ന കിഹികെ, ദുരൂഹമായ രീതിയില്‍ സൈനികരുടെ പിടിയിലാവുകയും കൊളോണിയല്‍ ഭരണത്തെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള താക്കീതായി പരസ്യമായി തൂക്കിലേറ്റി പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. 'ഉഹൂറു' ദിനത്തില്‍ , കിഹികെയെ ഒറ്റിക്കൊടുത്തവനെന്നു സംശയിക്കപ്പെടുന്ന കരാന്യയെ വിചാരണ ചെയ്തു ശിക്ഷിക്കണം എന്ന് തബായി സമൂഹ പ്രമുഖര്‍ തീരുമാനിക്കുകയും ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍വ്വധാ യോഗ്യനായി അംഗീകരിക്കപ്പെടുന്ന മുഗോയെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. മുഗേയെപ്പോലെത്തന്നെ ആറു വര്‍ഷത്തെ കാരാഗൃഹവാസവും കൊടിയ പീഡനങ്ങളും കഴിഞ്ഞെത്തിയ മറ്റൊരു പ്രമുഖ കഥാപാത്രമാണ് ഗികോന്‍യൊ. കിഹികെയുടെ സഹോദരിയും അനുപമ സൌന്ദര്യവതിയുമായ മുംബിയെ വിവാഹം ചെയ്ത കിഗോന്‍യൊ, അവളോട്‌ ഒന്നിക്കാനുള്ള തീവ്രമായ കൊതികൊണ്ട് , മുഗോയേ പോലുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, കൊളോണിയല്‍ അധികൃതരുടെ 'പ്രതിജ്ഞ' ചൊല്ലാന്‍ തയ്യാറായവനാണ്; അതുകൊണ്ട് പ്രയോജനം ഒന്നുമുണ്ടായില്ലെങ്കിലും. എന്നാല്‍ , മോചനം കഴിഞ്ഞെത്തുന്ന ഗികോന്‍യൊ സ്ഥബ്ധനായിപ്പോവുന്നത് മുംബി, കരാന്‍യയുടെ കുഞ്ഞിന്റെ മാതാവായിരിക്കുന്നു എന്നറിയുമ്പോഴാണ്‌. അതയാളെ സ്വന്തം വീട്ടില്‍ ഒരന്യനാക്കുന്നു.


സമാന്തരമായോ ഇടഞ്ഞോ കൊമ്പു കോര്‍ക്കുന്ന ഈ കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ ഇഴകോര്‍ക്കുകയും നാടിന്റെ വിധിയുമായി കെട്ടുപിണയുകയും ചെയ്യുന്നത് പ്രധാനമായും ചില ഏറ്റുപറച്ചിലുകളുടെ രൂപത്തിലാണ് നോവലില്‍ ആവിഷ്കരിക്കുന്നത്. ഈ ഏറ്റുപറച്ചിലുകള്‍ക്കും പരിഹാരങ്ങള്‍ക്കും എല്ലാവരും ഉറ്റുനോക്കുന്നത് മുഗോയിലേക്കാണ് എന്നതില്‍ അന്തര്‍ലീനമായിരിക്കുന്ന തീക്ഷ്ണ വൈരുധ്യം പിന്നീടാണ് വെളിവാകുക, സവിശേഷ സാഹചര്യങ്ങളിലുള്ള മുഗോയുടെ വിചിത്രമായ ഉള്‍വലിയലില്‍ അതിന്റെ സൂചനകള്‍ ഉണ്ടെങ്കിലും. മുംബിയുമായുള്ള തന്റെ വിവാഹ ജീവിതത്തിന്‍റെ ശൈഥില്യം സംഭവിച്ചത് എങ്ങനെയാണെന്ന് മുഗോയോട് മാത്രമാണ് ഗികോന്‍യൊ വെളിപ്പെടുത്തുക. മുംബിയാവട്ടെ, ഗികോന്‍യോയേ മാത്രം ധ്യാനിച്ച്‌ ജീവിതം തള്ളിനീക്കിയിരുന്ന കാലം അയാളോട് കുമ്പസാരിക്കും. എന്നെങ്കിലും തന്റെ ഭര്‍ത്താവ് മോചിതനാകുമെന്നു, പ്രായോഗികമായി അതിനു യാതൊരു സാധ്യതയുമില്ലെന്നും, കൊളോണിയല്‍ തടവറകളിലെ പതിവുപോലെ അയാള്‍ അവിടെ ഒടുങ്ങുമെന്നും യുക്തിബോധം ബോധ്യപ്പെടുത്തുമ്പോഴും, പ്രാര്‍ത്ഥനയുമായിക്കഴിഞ്ഞ നാളുകളിലൊന്നില്‍ , അത് സംഭവിക്കാന്‍ പോകുന്നു എന്ന് ആദ്യമായി തന്നെ അറിയിച്ച കരാന്യക്ക് മുന്നില്‍ ഒരു നിമിഷം ദുര്‍ബ്ബലയായിപ്പോയ കഥ. മുംബിയുടെ സൗന്ദര്യത്തെ എന്നും നോട്ടമിട്ടിരുന്ന കരാന്യ അവസരം മുതലെടുക്കുകയായിരുന്നു. മുംബിയുടെ കുമ്പസാരം നിനച്ചിരിക്കാത്ത ഒരര്‍ത്ഥത്തിലാണ് മുഗോയെ സ്വാധീനിക്കുക. ഹൃദയഭാരം ഇറക്കിവെക്കാനുള്ള ഒരു വെളിപാടായാണ് അയാള്‍ക്കത് അനുഭവപ്പെടുക. അങ്ങനെയാണ്, എല്ലാത്തിനും മുമ്പേ തന്റെ മനസ്സിനെ വേട്ടയാടുന്ന പാപം അയാളും ഏറ്റുപറയുക; ആദ്യം മുംബിയോടും, പിന്നീട് സമൂഹത്തോട് തന്നെയും. അത് താനെങ്ങനെയാണ് കിഹികയെ ഒറ്റിക്കൊടുത്തത് എന്നതിനെ കുറിച്ചാണ്. ബ്രിട്ടീഷ് മേധാവി റോബ്സന്റെ രാഷ്ട്രീയ വധത്തിനു ശേഷം, നിഷ്പക്ഷനായി അറിയപ്പെട്ട മുഗോയുടെ അരികില്‍ അഭയം തേടുകയായിരുന്നു കിഹികെ. കലാപകാരികളുടെ ആക്രമണോത്സുകതയോടുള്ള എതിര്‍പ്പും വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന പ്രതിഫലത്തിന്‍റെ പ്രലോഭനവും അയാളെ അതിലേക്കു നയിച്ചിരിക്കാം. സഹോദരന്റെ അന്ത്യത്തില്‍ മുഗോക്കുള്ള പങ്ക് വ്യക്തമാവുമ്പോഴും ഇനിയും രക്തച്ചൊരിച്ചിലിന് കാരണമാവാന്‍ വയ്യെന്ന നിലപാടില്‍ അതൊരു രഹസ്യമാക്കി വെക്കാന്‍ തയ്യാറാവുന്ന മുംബിയുടെ നിലപാടും ഈ ഹിംസാത്മക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടുള്ള പ്രതിഷേധമായിക്കാണണം . കലാപകാരികള്‍ നടപ്പിലാക്കിയ ത്യാഗപൂര്‍ണ്ണമെങ്കിലും മനുഷ്യത്വ ഹീനമായ നടപടികളാണ് സ്വാതന്ത്ര്യത്തിന്റെ വില എന്നത്, കുരുതികളിലൂടെ സാക്ഷാത്കരിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും വൈരുധ്യം തുറന്നു കാട്ടുന്നു. നിണത്തില്‍ തിടം വെക്കുന്ന വിത്തുകളാണ് , നോവലിന്റെ തലക്കെട്ടായ ബിബ്ലിക്കല്‍ സൂചനയിലേത് പോലെ, കിഹികയെ പോലുള്ളവര്‍ .


കോണ്‍റാഡിന്‍റെ കുര്‍ട്ട്സിനെ (ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്നസ്സ് ) ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രമാണ് ഡി. . ജോണ്‍ തോംസണ്‍ . ആദര്‍ശവാനായി തുടങ്ങി കിരാത നടപടികളിലൂടെ കൊളോണിയല്‍ ദുരയുടെ മലീമസ പ്രതീകമായി ഒടുങ്ങിയ കുര്‍ട്ട്സിനെ പോലെ “എല്ലാ മനുഷ്യരും തുല്യരായിസൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന ആശയത്തില്‍ അധിഷ്ടിതമായി എല്ലാ മതങ്ങളെയും വര്‍ണ്ണങ്ങളെയും ഉള്‍കൊള്ളുന്ന ഒരൊറ്റ ബ്രിട്ടീഷ് സാമ്രാജ്യം " എന്ന ആദര്‍ശത്തില്‍ പ്രചോദിതനായി മാനവ വംശത്തിന്റെ പുരോഗമനം സ്വപ്നം കണ്ടുകൊണ്ടാണ് അയാളും തുടങ്ങുന്നത്. എന്നാല്‍ പിന്നീട് അയാള്‍ നടത്തുക, കിരാതമായ അടിച്ചമര്‍ത്തലിന്റെ തേരോട്ടമാണ് . “എല്ലാ പ്രാകൃതരെയും ഒടുക്കിക്കളയുക" (“Exterminate all the brutes!”) എന്ന കുര്‍ട്ട്സിന്റെ അതേ സ്വരത്തില്‍ "എല്ലാ കൃമികളെയും ഒടുക്കുക" (“Eliminate all the vermin!”) എന്ന് അയാള്‍ തന്റെ 'പ്രോസ്പെരോ ഇന്‍ ആഫ്രിക്ക ' എന്ന മാനിഫെസ്റ്റോയില്‍ നോട്ടു കുറിക്കുന്നു. പീഡന ക്യാമ്പുകളില്‍ അയാളുടെ അത്യാചാരങ്ങള്‍ അതിരുകടക്കുകയും പതിനൊന്നു വിചാരണത്തടവുകാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ അയാള്‍ സ്ഥലം മാറ്റപ്പെടുന്നു. അയാള്‍ക്ക് പിന്നീടെന്തു സംഭവിച്ചു എന്നത് നോവലിസ്റ്റിന്റെ ഉത് കണ്ഠയാവാത്തതിനു കാരണം, കൊളോണിയലിസ്റ്റ് ലോകക്രമം എന്നതില്‍ അയാള്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നതിനപ്പുറം അയാളുടെ വ്യക്തിത്വത്തിലോ പാത്ര സൃഷ്ടിയിലോ നോവല്‍ ഊന്നുന്നില്ല എന്നതുകൊണ്ടാവാം.


'ഇരുതടങ്ങല്‍ക്കിടയിലെ നദി'യില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വക്താവായി രാഷ്ട്രീയ പ്രക്രിയയുടെ പ്രസക്തി തിരിച്ചറിയുന്നതില്‍ വല്ലാതെ വൈകിപ്പോവുന്ന വയാകിയേ കുറിച്ച് വെളിപാടിന്റെ മുഹൂര്‍ത്തത്തില്‍ നോവലിസ്റ്റ് നിരീക്ഷിക്കുന്നുണ്ട്: “ഇപ്പോള്‍ അയാള്‍ക്കറിയാമായിരുന്നു ഇനിയൊരവസരം കിട്ടിയാല്‍ താനെന്താവും അവരോടു പറയുക എന്ന്. വിദ്യാഭ്യാസം ഐക്യത്തിന്, ഐക്യം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു...”. പ്രസ്തുത കൃതിയുടെ ഒടുവിലായി എത്തുന്ന തിരിച്ചറിവിന്റെ ആ സൂചനയില്‍നിന്നാണ് 'എ ഗ്രെയ്ന്‍ ഓഫ് വീറ്റ്‌" ആരംഭിക്കുന്നത് എന്ന് പറയാം. മുഗോ, ഗികോന്‍യൊ, കരാന്‍യാ, മുംബി എന്നീ പ്രാധാന കഥാപാത്രങ്ങളെല്ലാം ഓരോരോ രീതിയില്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തെ ഓരോരോ ഘട്ടത്തില്‍ ഒറ്റിക്കൊടുക്കുന്നുണ്ട് . എന്നാല്‍ മറ്റൊരു ഘട്ടത്തില്‍ ഒരു പുതിയ തിരിച്ചറിവിലെന്നോണം അവരില്‍ ജീവിതം തിരിച്ചുകിട്ടുന്നവരിലൊക്കെയും ഒരു പുനരുഥാന സാധ്യത തെളിയുകയും ചെയ്യുന്നു. വയാകിയുടെതില്‍ നിന്ന് വ്യത്യസ്തമായി വീണ്ടും സമൂഹവുമായി കണ്ണിചേര്‍ക്കപ്പെടുന്നതിന്റെ സൂചനകളിലാണ് മുഗോയും മുംബിയും ഗികോന്‍യോയും നോവലിന്റെ ഇതിവൃത്തത്തില്‍ സ്ഥിതപ്പെടുന്നത്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെയും പുതിയ, കൊളോണിയല്‍ അനന്തര ജീവിതക്രമത്തിന്റെയും അനിവാര്യമായ ഹിംസാത്മക സംഘര്‍ഷങ്ങള്‍ എന്ന ഇരുണ്ട പ്രവചനസ്വരം നോവലില്‍ മുഴങ്ങുന്നുണ്ടെന്നും നിരീക്ഷിക്കാം. എന്‍ഗൂഗി ഏറെ താല്‍പര്യത്തോടെ കണ്ടിരുന്ന ജോമോ കെനിയാറ്റ തന്നെയാണ് അദ്ദേഹത്തിന്റെ കാരാഗൃഹ വാസത്തിനും, അതുവഴി പ്രവാസത്തിനും ഇടയാക്കിയത് എന്നത് ഇതോടു ചേര്‍ത്തു കാണാം. ജനകീയമല്ലാത്ത ഇംഗ്ലീഷില്‍ എഴുതിയിരുന്ന കാലത്ത് ഒരു ഘട്ടത്തില്‍ തന്റെ രചനകളെ ഉയര്‍ത്തിക്കാട്ടിയിരുന്ന കെനിയാറ്റ, തീക്ഷ്ണ സാമൂഹ്യ വിമര്‍ശനം ഉള്‍കൊള്ളുന്ന ഒരു നാടകം ഗികുയു ഭാഷയില്‍ തന്നെ രചിച്ചതോടെ അദ്ദേഹത്തെ ദേശ ശത്രുവായി മുദ്രകുത്തുകയായിരുന്നു. പില്‍ക്കാല രചനകളായ 'പെറ്റല്‍സ് ഓഫ് ബ്ലഡ്‌', 'ഡെവിള്‍ ഓണ്‍ ദി ക്രോസ്സ്', 'മാതിഗാരി' തുടങ്ങിയവയില്‍ തന്റെ ഭയങ്ങള്‍ അസ്ഥാനത്തായിരുന്നില്ല എന്ന് നോവലിസ്റ്റിനു ബോധ്യമായതായിത്തന്നെയാണ് വായനക്കാരനും അനുഭവപ്പെടുക.

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 84-89)