നിള (2023) സംവിധാനം : ഇന്ദു ലക്ഷ്മി
അപകടത്തിൽ ചലനശേഷി താൽക്കാലികമായോ സ്ഥിരമായോ നഷ്ടപ്പെടുന്ന അവസ്ഥയിൽ മുകളിൽ മച്ചിന്റെ ശൂന്യതയിലേക്ക് നോക്കി കിടക്കേണ്ടി വരുന്നത് വലിയൊരു അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കാവുന്ന സാഹചര്യമാണ്. സ്നേഹ സാന്നിധ്യമായ കുടുംബാംങ്ങങ്ങളും അടുപ്പക്കാരും ഒരു പരിധിവരെ ആ ദുസ്സഹ ഏകാന്തതക്കും വേദനകൾക്കും ആശ്വാസമാകാം. എന്നാൽ നഗരത്തിലെ ഫ്‌ളാറ്റിൽ ഒറ്റപ്പെട്ടുപോകുന്ന അത്തരം അവസ്ഥയിൽ ഓർമ്മകൾ തന്നെയായിരിക്കും ഒരാൾക്ക് അഭയമാകുക. അവിടേക്ക് പ്രായത്തിന്റെ പ്രാരാബ്ധങ്ങൾ അരിച്ചെത്തുന്ന മറവിരോഗത്തിന്റെ രൂപത്തിൽ അധിനിവേശം തുടങ്ങുമ്പോൾ ഭ്രമ ചിന്തകൾക്കും യാഥാർഥ്യത്തിനും ഇടയിൽ അതിരുകൾ നേർത്തുപോകാം. പേടിസ്വപ്നങ്ങൾ പതിവായിത്തുടങ്ങാം. ആളൊരു ഡോക്റ്റർ കൂടിയാവുമ്പോൾ തനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് തിരിച്ചറിയുന്നതിന്റെ വിഹ്വലതയും അവസ്ഥ സങ്കീർണ്ണമാക്കും. തന്റെ അനുഭവങ്ങൾ തോന്നലുകൾ മാത്രമാണ് എന്ന ചിന്ത മറ്റുള്ളവരെപോലെ ആ വ്യക്തിയെതന്നെ സന്ദേഹിയാക്കും. മറ്റുള്ളവരുടെ, വിശേഷിച്ചും ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ താൻ ഇടപെട്ടിരുന്ന സ്ത്രീസമൂഹത്തിന്റെ, വേദനകളിൽ കൈത്താങ്ങായിരുന്ന ഭൂതകാലം ഇടയ്ക്കിടെ അവരെ തേടിയെത്താം. അത്തരമൊരു സാഹചര്യത്തിലേക്ക് തന്റെ സഹായം അങ്ങേയറ്റം ആവശ്യമുള്ള അവസ്ഥയിലുള്ള ഒരു യുവതിയുടെ ദുരൂഹ സാന്നിധ്യം സംഭവിക്കുമ്പോൾ, ശയ്യാവലംബിയായ വയോധികക്ക് എന്ത് ചെയ്യാനാകും ..?
വികാരതീവ്രമായ
ഒരാവിഷ്കാരത്തിനു പാകമായ അത്തരമൊരു ഇതിവൃത്തമാണ് ഇന്ദു ലക്ഷ്മിയുടെ നിള
അവതരിപ്പിക്കുന്നത്. ആർദ്രമായ ഒരു ചെറുകഥയുടെ ഒതുക്കവും മികച്ച ശബ്ദവിന്യാസങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയുമായി സംവിധായിക തന്റെ കന്നി
സംരഭത്തിന് ചാരുത പകർന്നിട്ടുണ്ട്. ശാന്തികൃഷ്ണ ഉജ്ജ്വലമായി അവതരിപ്പിച്ച, ശയ്യാവലംബി ആയിരിക്കുമ്പോഴും വിഷാദത്തിനു
കീഴടങ്ങാൻ തയാറില്ലാത്ത, പ്രായമായ ഡോക്റ്റർ തന്നെയാണ്
ചിത്രത്തിൻറെ നട്ടെല്ല്. ചിത്രത്തിന്റെ സ്ത്രീപക്ഷ വീക്ഷണം, വളരെ
പതിഞ്ഞ താളത്തിലെങ്കിലും, സ്ത്രീകൾക്കായുള്ള അവരുടെ സാമൂഹിക
സേവന ഭൂതകാലത്തിന്റെ സൂചനകളിലാണ് വ്യക്തമാക്കപ്പെടുന്നത്. സംഭവിച്ച അപകടത്തിനുപിന്നിൽപോലും അത്തരം ആക്റ്റിവിസ്റ്റ് ഭൂതകാലത്തിന്റെ നിഴൽ വീണുകിടപ്പുണ്ടോ എന്ന
സന്ദേഹം, സ്ഥിരീകരിക്കപ്പെടാതെ കിടപ്പുണ്ട്. ഈ അനിശ്ചിതത്വം
വാസ്തവിക ലോകവുമായി ഇടറിത്തുടങ്ങുന്ന ഡോക്റ്ററുടെ അവസ്ഥയുമായി ചേർന്നു പോകുന്നുണ്ട്. ഒരിക്കൽക്കൂടി ആ പഴയ സന്നദ്ധ പ്രവർത്തകയായ പോരാളിയിലേക്കുള്ള
ഒരന്തിമ തിരികെ പോക്കോടെ അവരുടെ കർമ്മകാണ്ഡം ഒരാവൃത്തി പൂർത്തീകരിക്കുകയും
ചെയ്യുന്നു . അതൊരു പിറവിയിൽ ഒടുങ്ങുന്നു എന്നത് വലിയ അർത്ഥങ്ങളിലേക്ക്
വായിച്ചെടുക്കാനുമാകും. ഒട്ടുമുക്കാലും ശബ്ദ സാന്നിധ്യമായ പുതിയ കഥാപാത്രമായ
യുവതിയും ഗാർഹിക പീഡനത്തിന്റെ ഇര എന്ന നിലയിൽ ചിത്രത്തിന്റെ സ്ത്രീപക്ഷ സമീപനവുമായി
ചേർന്ന് പോകുന്നു. ഡോക്റ്ററുടെ ഇടപെടലിന്റെ സക്രിയത അവരുടെ അപ്പോഴത്തെ അവസ്ഥയിലും
തുടരുന്നതാണ് അവളിലൂടെ പ്രകടമാകുന്നത്.
നിസ്സഹായയായ
വയോധികയുടെ മച്ചിലേക്കു നോക്കിയുള്ള കിടപ്പിനെ അനുധാവനം ചെയ്തുകൊണ്ട് ആരംഭിക്കുന്ന
ക്യാമറയുടെ ചലനങ്ങൾ, ചുവരുകൾക്കുള്ളിൽ
കുരുങ്ങിപ്പോവുന്നതിന്റെ ഏകാന്തത ഒപ്പിയെടുക്കുന്നതിൽ മികച്ച കയ്യടക്കം
കാണിക്കുന്നു. സംവിധായിക തന്നെ രചിച്ച വരികളും ബിജിബാലിന്റെ സംഗീതവും ചിത്രത്തെ
വലിയ തോതിൽ പുന്തുണച്ചിട്ടുമുണ്ട്. പ്രകടനങ്ങളിൽ ശാന്തികൃഷ്ണയോടൊപ്പം
എടുത്തുപറയേണ്ടത് വിനീത്, മാമുക്കോയ എന്നിവരെയാണ് .
ചലചിത്ര വികസന
കോർപ്പറേഷനിൽ നിന്നുണ്ടായ തിക്താനുഭവങ്ങളെ കുറിച്ച് സംവിധായിക ഏറെ വിഷമത്തോടെ
പറയുന്നത് കേട്ടു. അതങ്ങനെയാണ്: ഈ പ്രപഞ്ചത്തിലെ മുഴുവൻ സദുദ്ദേശങ്ങളോടെയും
ആവിഷ്കരിക്കുന്ന പദ്ധതികൾ ഓരോന്നിനും അള്ളുവെക്കാൻ എവിടെയും ചില തുരപ്പന്മാർ
ഉണ്ടാവും, ഒരു
മിത്രകീടത്തെ കൊണ്ടും ഈ പരീശന്മാർ കുറ്റിയറ്റു പോകില്ല , അതിന്
പ്രാപ്തമായ ശുദ്ധികലശങ്ങളൊന്നും അത്ര സംഭാവ്യവുമല്ല.
More like this:
Ullozhukku
(2024) (Cinema) by Christo Tomy
https://alittlesomethings.blogspot.com/2024/08/ullozhukku-2024-cinema-by-christo-tomy.html
B 32 Muthal
44 Vare (2023) (ബി 32 മുതൽ 44 വരെ) (Cinema) by Shruthi Sharanyam
https://alittlesomethings.blogspot.com/2024/08/b-32-muthal-44-vare-2023-32-44-cinema.html
No comments:
Post a Comment