Featured Post

Sunday, August 4, 2024

Washington Black by Esi Edugyan

 

അടിമത്തത്തെ വീണ്ടും വായിക്കുമ്പോള്‍



(കനേഡിയന്‍ നോവലിസ്റ്റ് എസി എദുഗ് യാന്‍ രചിച്ച വാഷിങ്ടണ്‍ ബ്ലാക്ക് എന്ന നോവലിനെ കുറിച്ച്. 2018-ലെ മാന്‍ ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച നോവല്‍ കറുത്തവന്റെ അനുഭവത്തെ അതിന്റെ അടിവേരായ അടിമത്ത സമ്പ്രദായത്തിലൂടെ പരിശോധിക്കുന്നു.)

 

ഹോളോകോസ്റ്റും കറുത്തവന്റെ അനുഭവങ്ങളും – സാഹിത്യത്തെ നിരന്തരം വേട്ടയാടിയ രണ്ടു പ്രമേയങ്ങള്‍. പ്രവാസികളായ ഘാനിയന്‍ മാതാപിതാക്കളുടെ മകളായി ജനിച്ച എസി എദുഗ്യാന്‍ എന്ന പ്രതിഭാധനയായ യുവ കനേഡിയന്‍ നോവലിസ്റ്റ് ഈ രണ്ടു മാനുഷിക ദുരന്ത പര്‍വ്വങ്ങളെയും തന്റെ സര്‍ഗ്ഗപരമായ ഉത്കണ്ഠയായി പിന്തുടര്‍ന്നിട്ടുണ്ട്. പ്രഥമ നോവലില്‍ (The Second Life of Samuel Tyne-2004) ഓക്സ്ഫോര്‍ഡിലെ സമുജ്ജ്വല വിജയത്തെ തുടര്‍ന്ന് സ്വദേശമായ ഗോള്‍ഡ്‌ കോസ്റ്റിലെ ദുരിതപൂര്‍ണ്ണമായ ജീവിതം ഉപേക്ഷിച്ചു അമ്മാവനോടൊപ്പം കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയായ കാനഡയില്‍ കുടിയേറുന്ന സാമുവേല്‍ ടിനെയെന്ന നവയുവാവിന്റെ ജീവിതവും നൈരാശ്യങ്ങളും അയാളുടെ വ്യക്തിപരമായ പരിമിതികളുടെയും വംശീയ മാനങ്ങളുള്ള തിരിച്ചടികളുടെയും പശ്ചാത്തലങ്ങളില്‍ പരിശോധിക്കുന്നു. കറുത്ത വര്‍ഗ്ഗക്കാരായ എഴുത്തുകാര്‍ക്കുള്ള പുരസ്കാരമായ ഹേസ്റ്റന്‍ / റൈറ്റ് ലഗസി അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവല്‍ സാമൂഹിക – ചരിത്ര പശ്ചാത്തലങ്ങളില്‍ എഴുത്തുകാരികയെന്ന നിലയില്‍ എസി എദുഗ് യാനിനുള്ള താല്‍പ്പര്യം തുടക്കത്തിലേ വ്യക്തമാക്കി. നാസി കാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകം വരെ നീളുന്ന, ജര്‍മ്മനിയും പാരീസും യു. എസ്സും ദേശ പശ്ചാത്തലങ്ങളാകുന്ന അവരുടെ രണ്ടാമത് നോവല്‍, അവരുടെ അന്വേഷണപരിധികളെ വികസിപ്പിച്ചു. നാസി ജര്‍മ്മനിയിലെ സാക്സെന്‍ഹോസെന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അടക്കപ്പെടുന്ന നവയുവായ ആഫ്രോ ജര്‍മ്മന്‍ ജാസ് പ്രതിഭയുടെ പീഡാനുഭവത്തിന്റെ കഥ പറഞ്ഞ ‘ഹാഫ് ബ്ലഡ്‌ ബ്ലൂസ്’ എന്ന നോവലിലൂടെ (2011) ഹോളോകോസ്റ്റ് സാഹിത്യത്തില്‍ കറുത്തവന്റെ ദുരന്തം അടയാളപ്പെടുത്തിയ യുവ നോവലിസ്റ്റ്, കറുത്തവന്റെ അനുഭവത്തെ അതിന്റെ അടിവേരായ അടിമത്ത സമ്പ്രദായത്തിലൂടെ തന്നെ നേരിട്ട് സമീപിക്കുന്ന നോവലാണ്‌ ‘വാഷിംഗ്ടണ്‍ ബ്ലാക്ക്’ (2018).

‘സ്ലേവ് നരേറ്റീവ്’

കൊളോണിയല്‍ അടിമക്കച്ചവടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഗോള്‍ഡ്‌ കോസ്റ്റ് എന്നത് കൊണ്ടാവാം, ഘനാ പശ്ചാത്തലമുള്ള എഴുത്തുകാര്‍ക്ക് ആ അനുഭവങ്ങള്‍ അവരുടെ സഞ്ചിത സ്മൃതികളിലെ തീക്ഷ്ണ സാന്നിധ്യങ്ങളാണ്. ഗോള്‍ഡ്‌ കോസ്റ്റിലെ അനോമാബോ അടിമച്ചന്തയില്‍ വെച്ച് ആറര വയസ്സുള്ളപ്പോള്‍ വില്‍ക്കപ്പെട്ട വെഞ്ചൂറെ സ്മിത്തിന്റെ ആത്മകഥാവിഷ്കാരം (1798) മുതല്‍ 2016-ല്‍ പുറത്തിറങ്ങിയ യാ ജ്യാസിയുടെ ‘Homegoingവരെ നീളുന്ന slave / neo slave / run-away slave narrative കൃതികള്‍ വരെ ഉദാഹരണങ്ങളാണ്. അടിമത്തകാലത്തെ പശ്ചാത്തലമാക്കി അടിമകളായ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ ആഖ്യാനം നടത്തപ്പെടുന്ന സമകാലിക സാഹിത്യ സൃഷ്ടികളെ വിവരിക്കാന്‍ അമേരിക്കന്‍ സാഹിത്യകാരനും എഡിറ്ററും പബ്ലിഷറുമായ ഇഷ്മയില്‍ റീഡ് ഉപയോഗിച്ച പദമാണ് 'നിയോ സ്ലേവ് നരേറ്റീവ്'. ടോണി മോറിസന്റെ 'Beloved' , ഒക്റ്റെവിയ ബട്ട്‌ലറുടെ Kindred, മാര്‍ലന്‍ ജെയിംസിന്റെ The Book of Night Women, യാ ജ്യാസിയുടെ Homegoing, കോള്‍സണ്‍ വൈറ്റ്ഹെഡ് രചിച്ച 2017-ലെ പുലിറ്റ്സര്‍ പുരസ്കാരം നേടിയ The Underground Railroad തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നു. ഈ കൃതികള്‍ ഹാരിയെറ്റ് ആന്‍ ജേക്കബ്സിന്റെ 'Incidents in the Life of a Slave Girl', ഒലൊദാഹ് എക്വിയാനോയുടെ 'The Life of Olaudah Equiano', സോളമന്‍ നോര്‍ത്തെപിന്റെ '12 Years a Slave', ഫ്രഡറിക്ക് ഡഗ്ലസിന്റെ 'The Narrative of Frederick Douglass' തുടങ്ങിയ ആദ്യ കാല അടിമ ആഖ്യാനങ്ങളുടെ യഥാര്‍ത്ഥ പാരമ്പര്യത്തെ പിന്‍ പറ്റുന്നു. അമേരിക്കയില്‍, ‘അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്‌’ എന്ന് വിളിക്കപ്പെട്ട അതിസങ്കീര്‍ണ്ണവും അപകടം നിറഞ്ഞതുമായ സംവിധാനങ്ങളിലൂടെ ഫ്രീ സ്റ്റേറ്റുകളിലേക്ക് രക്ഷപ്പെട്ട അടിമകളുടെ കൂട്ടത്തില്‍ ഒരിതിഹാസ സംഭവമായി മാറിയ ഹെന്‍റി 'ബോക്സ്' ബ്രൌണ്‍ എന്ന കറുത്ത വര്ഗ്ഗക്കാരന്റെ രക്ഷപ്പെടലിന്റെ പശ്ചാത്തലത്തില്‍ പില്‍ക്കാലം സംഭവിക്കാനിരിക്കുന്ന സമാന ശ്രമങ്ങളെ കുറിച്ച് പെനിസില്‍വേനിയായിലെ ആന്റി സ്ലേവറി സൊസൈറ്റി ആക്റ്റിവിസ്റ്റ് ജെയിംസ് മില്ലര്‍ മക് കിം അന്നേ (1849) നടത്തിയ ഒരു പ്രവചനമുണ്ടായിരുന്നു. “ഇന്ന് ഏതാനും കൊടിയ അബോളിഷനിസ്റ്റുകള്‍ ഒഴിച്ച് മറ്റാരും ഒട്ടും കാര്യമാക്കേണ്ടതില്ലാത്തതെന്നു കരുതുന്നുവെങ്കിലും, ഈ ഉദാത്ത ധീരതയുടെ പ്രവര്‍ത്തികള്‍, അത്യുന്നതമായ ആത്മ ത്യാഗങ്ങള്‍, ക്ഷമാപൂര്‍ണ്ണമായ രക്ത സാക്ഷിത്തങ്ങള്‍, ഈ മനോഹരമായ ദൈവിക ഇടപെടലുകള്‍, ഈ നൂലിഴ വ്യത്യാസത്തിലുള്ള രക്ഷപ്പെടലുകള്‍, ഭയാനക അപകടങ്ങള്‍, ഇവയെല്ലാം ഈ നാടിന്റെ ജനകീയ സാഹിത്യത്തിന്റെ പ്രമേയങ്ങളാകും, അവ അത്ഭുതാദരങ്ങളെ,  വരാനിരിക്കുന്ന തലമുറകളുടെ ആരാധനയെ, ധാര്‍മ്മിക രോഷത്തെ എല്ലാം ഉദ്ദീപിപ്പിക്കും" ('Derailed' എന്ന ലേഖനത്തില്‍ കാതറിന്‍ ഷൂള്‍സ് ഉദ്ധരിച്ചത്, The New Yorker, August, 22, 2016).

( More by Esi Edygyan:

Half Blood Blues by Esi Edugyan

https://alittlesomethings.blogspot.com/2024/08/half-blood-blues-by-esi-edugyan.html )


മാന്‍ ഫ്രൈഡേയുടെ ചിറകുകള്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളുടെ -1830 മുതല്‍ 1836 വരെ കാലഘട്ടത്തിന്റെ- പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കൃതിയാണ് വാഷിങ്ങ്ടന്‍ ബ്ലാക്ക്. ബാര്‍ബഡോസിലെ ‘ഫെയ്ത്ത് പ്ലാന്റെഷന്‍’ എന്ന കരിമ്പ് തോട്ടത്തിലെ അടിമ സമൂഹത്തിലെ അംഗം പതിനൊന്നുകാരനായ വാഷിങ്ങ്ടന്‍ ബ്ലാക്ക് എന്ന വാഷ് ആണ് നോവലിലെ ആഖ്യാതാവ്. പതിനെട്ടു വയസ്സ് വരെയുള്ള കാലത്ത് അവന്‍ നേരിടേണ്ടി വരുന്ന ജീവിതാനുഭവങ്ങളും നടത്തേണ്ടി വരുന്ന സാഹസിക യാനങ്ങളുമാണ് പിക്കാറസ്ക് സ്വഭാവമുള്ള നോവലിന്റെ ഇതിവൃത്തം. ബിഗ്‌ കിറ്റ് എന്ന് വിളിക്കുന്ന മുതിര്‍ന്ന സ്ത്രീ അവനു മാതൃ തുല്യയോ അതിനപ്പുറമോ ആണ്. ക്രൂരതക്ക് പേര് കേട്ട തോട്ടമുടമകളില്‍ ഏവരെയും അതിശയിക്കുന്ന കൊടും ക്രൂരതയായിരുന്നു യജമാനന്‍ എറാസ്മസ് വൈല്‍ഡിന്റെ മുഖമുദ്ര. വാഷിനെ അമ്പരപ്പിച്ചുകൊണ്ടാണ് യജമാനന്റെ സഹോദരന്‍ ക്രിസ്റ്റൊഫര്‍ വൈല്‍ഡ് അവനെ തന്റെ സഹായിയായി കൂട്ടുന്നത്‌. ചകിതനും നിസ്സഹായനുമായി പുതിയ യജമാനന്റെ അരികിലെത്തുന്ന ബാലന് പക്ഷെ താന്‍ കരുതിയതില്‍ നിന്ന് വ്യത്യസ്തനായ ഒരാളെയാണ് കാണാനാകുന്നത്. ടിച്ച് എന്ന് വിളിക്കുന്ന ക്രിസ്റ്റഫര്‍ ഒരു പ്രകൃതിശാസ്ത്രജ്ഞാനായിരുന്നു. പൊടി വട്ടുള്ളവന്‍, പര്യവേഷകന്‍. കണ്ടുപിടുത്തക്കാരന്‍, ഒപ്പം ഒരു അടിമത്വ വിമോചക പ്രവര്‍ത്തകനും (abolitionist)- ചുരുക്കത്തില്‍ സഹോദരന്‍ എറാസ്മസ് എന്തായിരുന്നുവോ അതിന്റെ നേര്‍വിപരീതം. ബലൂണ്‍ യാത്രയിലൂടെ ദേശാന്തര പര്യവേഷണങ്ങള്‍ക്കായി അയാള്‍ ഒരുക്കിക്കൊണ്ടിരിക്കുന്ന ‘മേഘ ഭേദകന്‍’ (cloud-cutter) എന്ന് പേരിട്ട യന്ത്ര സംവിധാനത്തിലേക്ക് ശരീര ഭാരം കുറഞ്ഞ സഹായിയെ വേണം അയാള്‍ക്ക്. ചങ്ങലയില്‍ പിറന്നവര്‍ക്ക് പോലും അനന്തമായ സ്വാതന്ത്ര്യത്തിന്റെ സാധ്യതയാണ് അതെങ്കിലും എല്ലാം അവിശ്വസനീയമാം വിധം നല്ലതായത്‌ കൊണ്ട് വാഷ് ഇപ്പോഴും ചകിതനാണ്. എന്നാല്‍ ഒരു ദൌത്യവുമായി എത്തുന്ന ടിച്ചിന്റെ വിഷാദരോഗിയായ കസിന്‍, വാഷിനെ സാക്ഷിയാക്കി ആത്മഹത്യ ചെയ്യുന്ന അപ്രതീക്ഷിതമായ ഒരു സംഭവത്തെ തുടര്‍ന്ന്, ഒരു വെള്ളക്കാരന്റെ മരണവുമായി ബന്ധപ്പെട്ടവന്‍ എന്ന ഏക കാര്യത്തില്‍ എറാസ്മസിന്റെ കൊപത്തിനിരയാകാന്‍ സാധ്യതയുള്ള വാഷിന്റെ ജീവന്‍ രക്ഷിക്കേണ്ട സാഹചര്യം ഉരുത്തിരിയുന്നതോടെ ചിന്തിച്ചു നില്‍ക്കാന്‍ നേരമില്ലാത്ത വിധം സാഹസിക യാനം ഉടന്‍ തുടങ്ങേണ്ടി വരികയാണ് ഇരുവര്‍ക്കും. അത് സുദീര്‍ഘമായ ലോകയാത്രകളുടെ തുടക്കമാകുന്നു. അമേരിക്കന്‍ തീര പ്രദേശങ്ങളിലൂടെ ആര്‍ട്ടിക്കിലെക്കും, കരീബിയന്‍ ദ്വീപുകളില്‍ നിന്ന് വടക്കന്‍ ആഫ്രിക്കയിലേക്കും മൊറോക്കന്‍ മരുഭൂമികളിലെക്കും ലണ്ടനിലേക്കുമെല്ലാം നീളുന്ന ഒരു യാത്രകളുടെ നൈരന്തര്യമാകും അത്. ആദ്യം, എന്തൊക്കെയോ ദുരൂഹ ദൌത്യങ്ങളില്‍ ഏര്‍പ്പെട്ട രണ്ടു ജര്‍മ്മന്‍ സഹോദരങ്ങള്‍ നയിക്കുന്ന ഒരു കപ്പലില്‍ ഇടിച്ചിറങ്ങുന്ന ക്ലൌഡ് കട്ടര്‍ അപരിചിതര്‍ക്കിടയിലെ അതിജീവനമെന്ന ശൈലി തുടങ്ങിവെക്കുന്നു. തുടര്‍ന്നു വിര്‍ജീനിയയില്‍ എത്തിപ്പെടുന്ന യാത്രികര്‍, മിസ്റ്റര്‍ ഗോഫ് എന്ന വയോധികനായ ഫോറെന്‍സിക്ക് പതോളജിസ്റ്റിനെയും മകളുടെയും കണ്ടുമുട്ടുന്നു. ഡോ. ഗോഫ് അണ്ടര്‍ഗ്രൌണ്ട് റെയില്‍ റോഡ്‌ പ്രസ്ഥാനത്തിലെ സഹകാരിയായ അബോളിഷനിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നതിനുള്ള മറയായാണ് തന്റെ ജോലിയെ കാണുന്നത്. മരിച്ചു പോയെന്ന മുന്‍ ധാരണകള്‍ തെറ്റിച്ചു കൊണ്ട്, ആര്‍ട്ടിക് മേഖലയിലുള്ള ഏതോ പരീക്ഷണ കേന്ദ്രത്തില്‍ ജീവിച്ചിരിപ്പുണ്ടെന്നു സൂചനകള്‍ ലഭിച്ച റോയല്‍ സൊസൈറ്റി ഫെല്ലോയും ഉന്നത ശാസ്ത്രപുരസ്കാര ജേതാവുമായ പിതാവിനെ അന്വേഷിച്ചു പോകാനൊരുങ്ങുന്ന ടിച്ച്, വാഷിനെ ഡോ. ഗോഫിന്റെ സഹായത്തോടെ ഫ്രീ സ്റ്റേറ്റുകളിലേക്ക് കടക്കാന്‍ അനുവദിച്ച് വിട പറയാന്‍ ശ്രമിക്കുന്നു. എന്നാല്‍, പിതാവ് മരിച്ചുവെന്ന ധാരണയുമായി പൊരുത്തപ്പെടാന്‍ പാടുപെട്ട അതേ പോലെ ഇപ്പോള്‍ പുതിയ അറിവുമായി പൊരുത്തപ്പെടാന്‍ പാടുപെടുന്നതിനു പിന്നില്‍ ടിച്ചിനു പിതാവുമായുണ്ടായിരുന്ന സംഘര്‍ഷ പൂര്‍ണ്ണമായ ബന്ധത്തിന്റെ കഥകള്‍ അറിയാവുന്ന വാഷിനു അയാളെ തനിയെ വിടാന്‍ വയ്യ. “ഇഷ്ടമുള്ളയിടത്തേക്ക് പോകാന്‍ കഴിയുക” എന്നതാണത് എന്ന ബിഗ്‌ കിറ്റിന്റെ വാക്കുകളാണ് സ്വാതന്ത്ര്യമെന്നതിനെകുറിച്ചുള്ള വാഷിന്റെ നിര്‍വ്വചനമെങ്കിലും ടിച്ചിനോട് പിരിയുക എന്നത് “കിരാതമായ ഒരു വേദന, എന്നോട് തന്നെ എന്തോ മൃഗീയമായ പ്രവര്‍ത്തി ചെയ്യാന്‍, എന്റെ കഴുത്തു മുറിക്കാന്‍ ആവശ്യപ്പെട്ടപോലെ” അവനു അനുഭവപ്പെടുന്നു. ഫെയ്ത്തില്‍ അവന്‍ പലവുരു സാക്ഷ്യം വഹിച്ച തരം കൊടിയ പീഡനമായി അവനതിനെ കാണുന്നു. കിരാതമായ അധികാരം മാത്രമല്ല മനുഷ്യരെ പരസ്പരം ബന്ധിക്കുകയെന്ന് ഒരു പതിമൂന്നുകാരന്‍ മനസ്സിലാക്കുകയാണ്. ബിഗ്‌ കിറ്റില്‍ ഒരു മാതൃ രൂപത്തെ തേടിയിരുന്ന പോലെ ടിച്ചില്‍ അവനൊരു പിതൃസ്വരൂപത്തെ തേടിയിരുന്നു എന്ന് വരാം.

സ്വാതന്ത്ര്യത്തിന്റെ ഉത്കണ്ഠകള്‍

എസി എദുഗ്യാന്റെ കൃതികളില്‍ പരിശോധിക്കപ്പെടുന്ന ഒരു പ്രധാന പ്രമേയമാണ് അസാമാന്യ വൈഭവമുള്ള നവ യുവാക്കളുടെ പ്രതിഭ സാഹചര്യങ്ങളോട് മല്ലിടെണ്ടി വരുന്ന അവസ്ഥ. പ്രഥമ നോവലിലെ സാമുവേല്‍ ടിനെ ഓക്സ്ഫോര്‍ഡില്‍ തിളക്കമാര്‍ന്ന വിജയത്തിന് ശേഷമാണ് വലിയ മോഹങ്ങളോടെ മറ്റൊരു ജീവിതത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ഹീരോ (ഹാഫ് ബ്ലഡ്‌ ബ്ലൂസ്) ഒരു ട്രമ്പെറ്റ് വാടകനെന്ന നിലയില്‍ സാക്ഷാല്‍ ലൂയി ആംസ്ട്രോങ്ങിനെ വിസ്മയിപ്പിച്ചു കൊണ്ടാണ് രംഗത്ത് വരുന്നത്. വാഷിന്റെ കാര്യത്തില്‍, അവന്റെ കൂര്‍മ്മ ബുദ്ധിയും രേഖാചിത്രങ്ങള്‍ തയ്യാറാക്കാനുള്ള അസാമാന്യ കഴിവും ടിച്ചിനു വളരെ പെട്ടെന്ന് ബോധ്യമാവുകയും തന്റെ പഠനത്തിനും പരീക്ഷണങ്ങള്‍ക്കും അത് പ്രയോജനപ്പെടുമെന്ന് അയാള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഹീരോക്ക് തന്റെ പ്രകടനം കൊണ്ട് നാസി ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി തുറന്നു കിട്ടുമ്പോഴും അതേ കലാ പ്രദര്‍ശന വേളകളില്‍ തന്നെപ്പോലുള്ളവര്‍ വേട്ടയാടപ്പെടുന്നതിന്റെ അനുഭവങ്ങള്‍ക്ക് സാക്ഷിയാകുന്നുണ്ട്. കൊടുമുടിയില്‍ വെച്ച് ടിച്ചിനു വേണ്ടിയുള്ള സ്കെച്ചുകള്‍ തയ്യാറാക്കുന്നതിനിടെ പ്രസവം കഴിഞ്ഞയുടനെ കരിമ്പു തോട്ടത്തില്‍ പണിക്കിറങ്ങേണ്ടി വരുന്ന അടിമയുടെ നവജാത ശിശുവിന്റെ കരച്ചില്‍ വാഷിന്റെ കാതുകളിലെത്തുന്നുണ്ട്. ബിഗ്‌ കിറ്റ്‌ വിശ്വസിച്ചിരുന്ന പോലെ ആ മനുഷ്യര്‍ക്ക് മരണാനന്തരം മാത്രമേ മോചനത്തെ കുറിച്ച് ചിന്തകളുള്ളൂ എന്നത് തനിക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രകൃതത്തെ കുറിച്ച് അവനില്‍ സന്ദേഹങ്ങള്‍ ഉയര്‍ത്തുന്നു. സ്വാതന്ത്ര്യം എന്ന സമസ്യയുടെ നാനാര്‍ത്ഥങ്ങള്‍ നോവലിസ്റ്റ് ആഴത്തില്‍ പരിശോധിക്കുന്ന പ്രമേയമാണ്. ആരും ആത്യന്തികമായി സ്വതന്ത്രല്ല എന്ന നിലപാട് വെള്ളക്കാരുടെ കാര്യത്തിലും ശരിയാണ്. തിച്ചും സഹോദരനും തമ്മിലുള്ള ബന്ധത്തിലെ സംഘര്‍ഷങ്ങളാണ് അവരെ പൊടുന്നനെയുള്ള യാത്രയിലേക്ക് തള്ളിവിടുന്ന ഒരു ഘടകം. ടിച്ചിനു പിതാവുമായുള്ള ബന്ധവും സങ്കീര്‍ണ്ണമായിരുന്നു എന്നും അവര്‍ക്കിടയിലും ഒരു രക്ഷപ്പെടല്‍ മനോഭാവം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും സൂചനയുണ്ട്. വാഷ് ആകട്ടെ, കറുത്തവനാണ് എന്ന ഏക കാരണം കൊണ്ട് തന്നെ സ്വാതന്ത്ര്യം എന്നത് അപ്രാപ്യമായ ഒന്നായി അനുഭവപ്പെടുന്നു. ഒരു കറുത്ത വര്‍ഗ്ഗക്കാരന് ഏതു തലം വരെ ഉയരം എന്നൊരു ചോദ്യവും അടിമത്ത കാലത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ മുന്നോട്ടു വെക്കുന്നുണ്ട്: അയാള്‍ ഒരു ശാസ്ത്രജ്ഞനായിത്തീരുമോ? അഥവാ ജീവിതത്തില്‍ കൊള്ളാവുന്ന എന്തെങ്കിലും? അതോ, അയാള്‍ക്ക് ഒരു സഹായി എന്നതിലപ്പുറം മുതിരാന്‍ സാധ്യതകളില്ല എന്ന് വരുമോ? ഒരു ‘മാന്‍ ഫ്രൈഡേ’ എന്നതിനപ്പുറം അധികമൊന്നും വാഷ് മുന്നോട്ടു പോകുന്നില്ല. ബന്ധങ്ങളിലെ രാഗ-ദ്വേഷ ഭാവങ്ങളും നോവലിലെ ഉത്കണ്ഠയാണ് എന്ന് കാണാം. വാഷും ടിച്ചും തമ്മിലുള്ള ബന്ധത്തില്‍ ഹക്ക് ഫിന്‍- ടോം സമവാക്യം തിരിച്ചിട്ടതായി നിരീക്ഷിക്കാം. എന്നാല്‍, ഹക്ക് പ്രതിനിധാനം ചെയ്യുന്ന കൃസ്തു സമാനമായ ഔന്നത്യമൊന്നും ടിച്ചിനുണ്ടെന്നു പറയാനാവില്ല. അയാള്‍ സമൂഹ മധ്യത്തിലല്ല, വിജന മേഖലകിലേക്കുള്ള പര്യവേഷണത്തിലാണ് വാഷിനു രക്ഷ നല്‍കുന്നത്. തന്നെയല്ല, ഹക്ക്-ടോം ബന്ധത്തിലെ സാര്‍ത്ഥലേശമില്ലാത്ത ധാര്‍മ്മിക ബോധ്യത്തിന്റെ സ്ഥാനത്തു ടിച്ച്-വാഷ് ബന്ധത്തിന് ഒരു ഉപയുക്തതാ മുഖമുണ്ട്. 

ഹാഫ് ബ്ലഡ് ബ്ലൂസില്‍ നിന്ന് പ്രകടമായ വളര്‍ച്ച ഒരു നോവലിസ്റ്റ് എന്ന നിലയില്‍ എദുഗ് യാന്‍ പുതിയ കൃതിയില്‍ നേടിയെടുത്തിട്ടുണ്ട് എന്നും ഭാഷാപ്രയോഗത്തിലും പാത്ര സൃഷ്ടിയിലും ഇത് പ്രകടമാണ് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിരിക്കിലും കറുത്തവന്റെ പീഡാനുഭവത്തിന്റെ ഏറ്റവും തീക്ഷ്ണ മുഖമായിരുന്ന അടിമത്ത സമ്പ്രദായത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിന്ന് സമീപിക്കുന്ന എഴുത്തുകാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന പുതിയ ഉള്‍ക്കാഴ്ചകളിലേക്ക് നോവലിനെ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും ഒരു സാഹസിക കഥയുടെ പിരിമുറുക്കവും അടിമ ആഖ്യാനങ്ങളുടെ സ്വഭാവങ്ങളും വേണ്ടത്ര പ്രകടിപ്പിക്കുമ്പോഴും ഒരു ചരിത്ര നോവലിന്റെ സാധ്യതകള്‍ സമകാലികമായി ഉപയോഗിക്കുന്നതില്‍ പുസ്തകം വലിയ വിജയമല്ല എന്നും വിമര്‍ശക മതവുമുണ്ട്.

 

 More by Esi Edygyan:

Half Blood Blues by Esi Edugyan

https://alittlesomethings.blogspot.com/2024/08/half-blood-blues-by-esi-edugyan.html


 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 356-360)

No comments:

Post a Comment