Featured Post

Showing posts with label War. Show all posts
Showing posts with label War. Show all posts

Saturday, May 10, 2025

A Golden Age by Tahmima Anam

 

1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തി ഘട്ടത്തില്‍ വിഭജനത്തിലൂടെ രണ്ടു രാഷ്ട്രങ്ങള്‍ പിറവിയെടുത്തപ്പോള്‍ അതിലൊന്നായ പാക്കിസ്താന്‍ അപ്പോഴേ സ്വതേ വിഭജിതമായിരുന്നു.  രാഷ്ട്രീയവും സൈനികവുമായി വ്യക്തമായ മേല്‍കയ്യുള്ള പശ്ചിമ പാകിസ്ഥാനും ഭാഷകൊണ്ടും പാരമ്പര്യങ്ങളും മതാനുഷ്ടാനങ്ങളും കൊണ്ടും തികച്ചും മറ്റൊരസ്തിത്വം ഉണ്ടായിരുന്ന പൂര്‍വ്വ പാകിസ്താനും അവക്കു മധ്യേ ഭൂമിശാസ്ത്രപരമായി രണ്ടിനെയും ഉപഭൂഖണ്ഡത്തിന്റെ കൊമ്പുകള്‍ പോലെ വേര്‍പെടുത്തി ഉത്തരപൂര്‍വ്വ ഇന്ത്യന്‍ പ്രദേശങ്ങളും നിലക്കൊണ്ടപ്പോള്‍ അതൊരു അയഥാര്‍ത്ഥവും നിലനില്‍ക്കാനാവാത്തതുമായ ഏകത്വ നാട്യമായിത്തീരുക സ്വാഭാവികമായിരുന്നു.  ജനസംഖ്യയെപ്പോലെത്തന്നെ വെള്ളപ്പൊക്കവും സൈക്ലോണുകളും സമൃദ്ധമായി ആവേശിച്ച അസമനായ കൂടെപ്പിറപ്പിന് അര്‍ഹിച്ച വിഹിതമൊന്നും രാഷ്ട്രീയ വല്യേട്ടന്‍ ഒരു ഘട്ടത്തിലും നല്‍കിയതുമില്ലവ്യക്തമായ മുസ്ലിം മേധാവിത്തമുണ്ടായിരുന്ന പശ്ചിമ പാകിസ്താനില്‍ നിന്ന് വ്യത്യസ്തമായി കല്കത്തയുടെ സാമീപ്യമുണ്ടായിരുന്ന ധാക്ക മുസ്ലിം - ഹിന്ദു സാംസ്കാരിക വിനിമയങ്ങളില്‍ നിന്നാണ് സാമൂഹിക നിലപാടുകള്‍ രൂപപ്പെടുത്തിയത്. 1971-ല്‍ ഷെയ്ഖ് മുജീബുറഹ്മാന്റെ അവാമി ലീഗ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയെങ്കിലും ഇസ്ലാമാബാദ് ആ വിജയം ഫലത്തില്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലപകരംസ്വന്തം നാട്ടിലേക്ക് പട്ടാള അധിനിവേശം നടത്തിയാണ് ഇസ്ലാമാബാദ് അതിനോട് പ്രതികരിച്ചത്. 1971 മാര്‍ച്ച് ഏഴിന് ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗത്തിലൂടെ 'ബംഗ ബന്ധുമുജീബുറഹ്മാന്‍ബംഗ്ലാ ദേശിന്റെ സ്വാതന്ത്ര്യസമരം ആരംഭിച്ചതായി പ്രഖ്യാപിച്ചുഅതേ മാസം 26- നു 'ഓപ്പറേഷന്‍ സേര്‍ച്ച്‌ ലൈറ്റ്എന്ന കിരാത പട്ടാള നടപടി ആരംഭിക്കുകയും ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാന്‍മുജീബിനെ അറസ്റ്റ് ചെയ്തു പാകിസ്താനിലെ എകാന്തതടവിലേക്ക് കൊണ്ടുപോവുകയും ചെയ്തുതുടര്‍ന്ന് അരങ്ങേറിയ 'ബംഗ്ലാ ദേശ് വംശഹത്യ'യുടെ നാളുകളില്‍ 'ബംഗാളിന്റെ കശാപ്പുകാരന്‍' (The Butcher of Bengal) എന്നറിയപ്പെട്ട ജനറല്‍ ടികാ ഖാന്റെ കീഴില്‍ ധാക്കാ തെരുവുകള്‍ വിദ്യാര്‍ഥികള്‍ബുദ്ധി ജീവികള്‍സിവിലിയന്മാര്‍വിമതസൈനികര്‍ തുടങ്ങിയവരുടെ ജടങ്ങള്‍ കൊണ്ട് നിറഞ്ഞു.  എന്നാല്‍ഡിസംബര്‍ മൂന്നിന് പുതുരാഷ്ട്രത്തോട് ഐക്യപ്പെട്ട്‌ ഇന്ത്യ കൂടി യുദ്ധത്തില്‍ നേരിട്ടിടപെട്ട് തുടങ്ങിയതോടെ പാകിസ്താന്‍ അനിവാര്യമായ പരാജയത്തിലേക്ക് കൂപ്പുകുത്തി തുടങ്ങിഒടുവില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ 1971 ഡിസംബര്‍ പതിനാറിന് പാകിസ്താന്‍ കീഴടങ്ങിയതോടെ യുദ്ധം അവസാനിച്ചുഒരു ദേശത്തിന്റെ പിറവിയുടെ ഈ നാഴികക്കല്ലുകള്‍ ഏതാണ്ട് കൃത്യമായിത്തന്നെ അടയാളപ്പെടുത്തി രചിക്കപ്പെട്ട നോവല്‍ എന്ന നിലയില്‍ ഒരു ചരിത്ര നോവലിന്റെ മുഴുവന്‍ ഗരിമയും അവകാശപ്പെടാവുന്ന കൃതിയാണ് യുവ ബ്രിട്ടീഷ് ബംഗ്ലാ ദേശി എഴുത്തുകാരി തഹ് മിമ അനമിന്റെ പ്രഥമ കൃതിയായ 'എ ഗോള്‍ഡന്‍ എയ്ജ് '. 1975-ല്‍ ധാക്കയില്‍ ജനിച്ച തഹ് മിമ അനം വളര്‍ന്നതും വിദ്യാഭ്യാസം ചെയ്തതും പാരീസ്ന്യൂ യോര്‍ക്ക് , ബാങ്കോക്ക് , ലണ്ടന്‍ എന്നിവിടങ്ങളിലാണ്താന്‍ ജനിക്കും മുമ്പേ നടന്ന കാര്യങ്ങളായത് കൊണ്ട് സ്വാഭാവികമായും കുടുംബത്തില്‍ മുതിര്‍ന്നവരുടെ ആഖ്യാനങ്ങളിലൂടെയാണ് ജന്മ നാടിന്റെ തീക്കാലത്തിന്റെ അനുഭവങ്ങളൊക്കെ അവരുടെ സര്‍ഗ്ഗ സൃഷ്ടിയുടെ പ്രഭവമായത്നോവലിലെ കേന്ദ്ര കഥാപാത്രത്തിന് തന്റെ മുത്തശ്ശിയുടെതന്നെ അനുഭവങ്ങളും വ്യക്തിത്വ സവിശേഷതകളും പകര്‍ന്നു കൊടുത്തിട്ടുണ്ടെന്ന് നോവലിസ്റ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്ഇതര കഥാപാത്രങ്ങളിലും അത്തരം സമാനതകള്‍ പ്രകടമാണ്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക:

https://www.fazalrahman.com/essays/article/a-golden-age-by-tahmima-anam

 

Friday, May 9, 2025

Black Mamba Boy by Nadifa Mohamed

വാഴ്ത്തുഗീതം - മകനായിരുന്ന പിതാവിന് 





“'tis nobler in the mind to suffer
The slings and arrows of outrageous fortune..”
-(Hamlet, Act III, Sc. I)

"ഞാന്‍ എന്റെ അച്ഛന്റെ പാണനാണ്ഇത് അദ്ദേഹത്തിനുള്ള സ്തുതിഗീതവും. ഞാന്‍ നിങ്ങളോട് ഈ കഥ പറയുന്നത് എനിക്കെന്റെ പിതാവിന്റെ ഭൗതിക ശേഷിപ്പുകളൊക്കെയുംഅദ്ദേഹത്തിന്റെ അമ്മ അദ്ദേഹത്തില്‍ എന്തൊക്കെ മാന്ത്രികത ഉള്‍ച്ചേര്‍ത്തുവോ അതൊക്കെയുംചരിത്രമാക്കി മാറ്റാന്‍ വേണ്ടിയാണ്. അദ്ദേഹത്തെ ഒരു നായകനാക്കാന്‍പൊരുതുന്നവനോ കാല്‍പ്പനികനോ ആയിട്ടല്ല, മറിച്ചു ശരിക്കും ഉള്ള രീതിയില്‍നാണം കെട്ട വിധിയുടെ ഓരോ അമ്പും കവണയേറും അതിജീവിച്ചു പട്ടിണികിടന്ന കുട്ടിയായിഎന്നിട്ടിപ്പോള്‍ ചാരിയിരുന്ന് അങ്ങനെ അതിജീവിക്കാന്‍ കഴിയാതെ പോയ എല്ലാവരുടെയും കഥ പറയാനാവുന്ന ഒരാള്‍ഞാനീ കഥ പറയാംകാരണം മറ്റാരും ഇത് പറയില്ലനമുക്ക് എറിത്രിയന്‍ പര്‍വ്വതങ്ങളില്‍ മുസ്സോലിനിക്ക് വേണ്ടി വിഡ്ഢിത്ത പൂര്‍ണ്ണമായി പൊരുതിയ ആ ഒമ്പതിനായിരം കുട്ടികളുടെ ആത്മാക്കളെ ആവാഹിക്കാംഅവരെന്റെ അച്ഛനെ പോലിരുന്നുഅദ്ദേഹത്തെ പോലെ ജീവിച്ചുപക്ഷെ അവരുടെ ജീവിതം മൂര്‍ച്ചയേറിയ കോടാലികളാല്‍ ഛേദിക്കപ്പെട്ടുപട്ടിണി കിടന്നു മരിച്ചവര്‍ചിത്തഭ്രമം പിടിച്ചവര്‍വെറുതെയങ്ങു കാണാതായവര്‍ഷിദാനെ ബോഖോറിനെ പോലുള്ള ആണ്‍കുട്ടികള്‍ഞങ്ങളുടെ ക്രൌര്യമുള്ള പയ്യന്‍ഞങ്ങളുടെ ടിന്‍ ഭക്ഷണ മോഷ്ടാവ്ഞങ്ങളുടെ മരിച്ച കുട്ടിഅവന്റെ സ്വര്‍ഗ്ഗാരോഹണത്തിനായി ദീപം തെളിക്കുകഅവന്റെ നിഴല്‍ അവന്റെ പീഡകരെ എപ്പോഴും വേട്ടയാടട്ടെതങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ അവര്‍ ഷബേലേയിലും ജൂബായിലും അനന്തകാലം നീരാടട്ടെ.”

- (ബ്ലാക്ക് മാംബ ബോയ്‌പേജ്ഒന്ന് )

 

വിഖ്യാത സോമാലിയന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് നദീഫാ മുഹമ്മദ്‌ സാഹിത്യ ലോകത്തേക്കുള്ള വരവറിയിച്ചത് 1930-കളുടെ പശ്ചാത്തലത്തില്‍ കൊളോണിയല്‍ ഈസ്റ്റ് ആഫ്രിക്കയിലെ മുസോളിനിയുടെ പടയോട്ടക്കാലത്തെ ജീവിതം തന്റെ പിതാവിന്റെ തന്നെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ പകര്‍ത്തുന്ന "ബ്ലാക്ക് മാംബാ ബോയ്‌" (2009) എന്ന വിഖ്യാത നോവലുമായാണ്തുടര്‍ന്നിറങ്ങിയ 'നഷ്ടാത്മാക്കളുടെ ഉദ്യാന'ത്തില്‍ സോമാലിയയുടെ ചരിത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണവും ദുരന്തപൂര്‍ണ്ണവുമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 1987-88 കാലത്തെ പശ്ചാത്തലമാക്കുന്നതോടൊപ്പം, സമൂഹത്തില്‍ ലിംഗ വിവേചനാടിസ്ഥാനത്തിലുള്ള ദുരിതങ്ങള്‍ കൂടി പേറേണ്ടി വരുന്നവരാണ് മുഖ്യ കഥാപാത്രങ്ങള്‍ എന്നത് കൊണ്ടുതന്നെ പ്രകടമായ ഒരു ഇരുള്‍ച്ചയുണ്ട്എന്നാല്‍ പ്രഥമകൃതിയിലെ പൊരുതി മുന്നേറുന്ന പിക്കാറസ്ക് സ്വഭാവമുള്ള 'കറുത്ത മാംബാ പയ്യന്‍', അതിജീവനത്തിന്റെ പരുക്കന്‍ തലങ്ങളിലൂടെ ശക്തമായ ജീവിതോന്മുഖതയാണ് പ്രകടിപ്പിക്കുന്നത്യമനിലെ ഏദനില്‍ തുടങ്ങി ജിബൂട്ടിഎരിത്രിയസുഡാന്‍ , ഈജിപ്ത്പലസ്തീന്‍,മാര്‍സെയ്ല്‍ഹാംബര്‍ഗ്വെയ്ല്‍സ് എന്നീ ഇടങ്ങളിലൂടെ 1930-കളുടെയും നാല്പ്പതുകളുടെയും സംഘര്‍ഷ ഭരിതമായ പൂര്‍വ്വ ആഫ്രിക്കന്‍യൂറോപ്യന്‍ സാഹചര്യങ്ങള്‍ ഇടറിയും മുറിഞ്ഞും തടഞ്ഞുവീണും അതിജീവിച്ച് ഒടുവില്‍നൂറ്റാണ്ടൊടുവില്‍ ലണ്ടനിലെ സ്വച്ഛമായ ജീവിത സായാഹ്നത്തില്‍ താന്‍ പിന്നിട്ട കനല്‍ വഴികളെയും കൂട്ടും തണലുമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ച് അകാലത്തില്‍ പൊലിഞ്ഞു പോയ സഹയാത്രികരെയും കുറിച്ചും ഓര്‍ത്തെടുക്കുന്ന വയോധികന്‍

 

കടലിനേക്കാള്‍ കൊടുങ്കാറ്റു പിടിച്ചവള്‍ - അമ്മ

എല്ലാ നാവികരുടെയും അമ്മയാവേണ്ടത് കടലാണ്എന്നാല്‍ അമ്പാരോ അതിനേക്കാള്‍ ശക്തയായിരുന്നുകൂടുതല്‍ കൊടുങ്കാറ്റുള്ളവള്‍ഏതൊരു വെള്ളക്കെട്ടിനെക്കാളും ജീവദായിണിഅവര്‍ വീണ്ടും വീണ്ടും എന്റെ അച്ഛന് ജീവന്‍ നല്‍കിവീനസ് ഏനീസിനെഎന്ന പോലെ അദ്ദേഹത്തെ കാത്തു.”..........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/black-mamba-boy-by-nadifa-mohamed

Thursday, May 8, 2025

The Orchard of Lost Souls by Nadifa Mohamed

കലാപ ഭൂമിയിലെ പെണ്ണിടങ്ങള്‍



"അവളുടെ തോട്ടത്തില്‍ മരങ്ങള്‍ മൃതിയില്‍ നിന്നുയിര്‍ക്കൊണ്ടവ. അവളിലൂടെ കടന്നുപോയ കുഞ്ഞുങ്ങളെ അടയാളപ്പെടുത്തി അവ അവരുടെ അസ്ഥികളില്‍ നിന്ന് വളര്‍ന്നു വന്നു. അവയില്‍ നിന്ന് വീണ പഴങ്ങള്‍ അവള്‍ എടുത്തതേയില്ല, അതൊരുതരം നരഭോജനമാണെന്നു അവള്‍ കരുതി, എന്നാല്‍ ഈ പേലവമായ, ആകൃതിയില്ലാത്ത രൂപങ്ങളില്‍ നിന്ന് നീണ്ടു കരുത്തുറ്റ പരുക്കന്‍ കാതലുള്ള മരങ്ങള്‍ വളര്‍ന്നു. അവ പുഷ്പിക്കുകയും കിളികളെ അവയുടെ ശിഖരങ്ങളിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. തോട്ടത്തിന്റെ മതിലിനപ്പുറം പുറം ലോകത്തേക്ക് അവ പന്തലിച്ചു. തോട്ടത്തിലെ ഓരോ കുഞ്ഞിനും പേരുകള്‍ ഉണ്ടായിരുന്നു. ലിംഗ ഭേദങ്ങള്‍ ചിലപ്പോള്‍ വ്യക്തവും ചിലപ്പോള്‍ അവ്യക്തവും സാങ്കല്‍പ്പികവും. അതിലേറ്റവും വലുത് ഇബ്രാഹിം ആയിരുന്നു, ഏതാണ്ട് പൂര്‍ണ്ണനായ ആണ്‍കുട്ടി, തന്റെ ആകൃതിയൊത്ത ഇലാസ്തിക അവയവങ്ങളില്‍ വിളറിയ മുടിയുണ്ടായിരുന്നവന്‍. ഏഴുമാസം തന്റെ കഠിനഗര്‍ഭത്തില്‍ അവന്‍ കഴിഞ്ഞിരുന്നു. (നഷ്ടാത്മാക്കളുടെ ഉദ്യാനം, പേജ്: 167)

1930-കളുടെ പശ്ചാത്തലത്തില്‍ കൊളോണിയല്‍ ഈസ്റ്റ് ആഫ്രിക്കയിലെ മുസോളിനിയുടെ പടയോട്ടക്കാലത്തെ ജീവിതം തന്റെ പിതാവിന്റെ തന്നെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ പകരുത്തുന്ന "ബ്ലാക്ക് മാംബാ ബോയ്‌" (2009) എന്ന വിഖ്യാത നോവലുമായാണ് സോമാലിയന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് നദീഫാ മുഹമ്മദ്‌ സാഹിത്യ ലോകത്തേക്കുള്ള വരവറിയിച്ചത്. തന്റെ രണ്ടാമത് നോവല്‍ The Orchard of Lost Souls ആവട്ടെ, ഒന്നിന് പകരം മൂന്നു കഥാപാത്രങ്ങളെ പിന്‍തുടരുന്നു. അതും മൂന്നു സ്ത്രീകഥാപാത്രങ്ങള്‍ . പിക്കാറസ്ക് സ്വഭാവമുള്ള 'കറുത്ത മാംബാ പയ്യന്‍', അതിജീവനത്തിന്റെ പരുക്കന്‍ തലങ്ങളിലൂടെ പ്രകടിപ്പിക്കുന്ന ജീവിതോന്മുഖതയെ അപേക്ഷിച്ച് 'നഷ്ടാത്മാക്കളുടെ ഉദ്യാനം' കൂടുതല്‍ ഇരുണ്ടു പോയതിനു ഒരു കാരണവും ഇതാവാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: സോമാലിയയുടെ ചരിത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണവും ദുരന്തപൂര്‍ണ്ണവുമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 1987-88 കാലഘട്ടത്തെ പശ്ചാത്തലമാക്കുന്നതോടൊപ്പം, സമൂഹത്തില്‍ ലിംഗ വിവേചനാടിസ്ഥാനത്തിലുള്ള ദുരിതങ്ങള്‍ കൂടി പേറേണ്ടി വരുന്നവരാണ് മുഖ്യ കഥാപാത്രങ്ങള്‍ . പെണ്‍കുട്ടികളെ സംബന്ധിച്ച്, 'നാണക്കേട്‌ അവരുടെ മുലകളോടും നിതംബങ്ങളോടും ഒപ്പം വളരുകയും ഒരു ആവശ്യമില്ലാത്ത സുഹൃത്തിനെ പോലെ പിന്തുടരുകയും ചെയ്യും' എന്ന്, ഓര്‍മ്മകളിലെ ആദ്യവാക്കായി 'നാണക്കേട്‌' എന്നതിനെ തിരിച്ചറിയുന്ന, നോവലിലെ ഏറ്റവും ഇളയ നായികാ കഥാപാത്രം ഒമ്പത് വയസ്സുകാരി ഡെക്കോ മനസ്സിലാക്കുന്നുണ്ട്. .............
തുടര്‍ വായനയ്ക്ക്:

Friday, April 25, 2025

The Garden of Evening Mists by Tan Twan Eng

ഓര്‍മ്മകള്‍ക്കൊരു പൂന്തോപ്പ് - ദുരന്തങ്ങള്‍ക്കും.


അധിനിവേശം അത്ര വലിയ ഒരു സംഭവമായിരുന്നു – എന്റെ നോട്ടത്തില്‍ കൊളോണിയല്‍ കാലത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ സംഭവംഎന്നാല്‍ ഇതൊരു വ്യത്യസ്തമായ കോളനിവല്‍ക്കരണമായിരുന്നുഒരു അന്യദേശ ശക്തിയുടെ ബലം പ്രയോഗിച്ചുള്ള കീഴ്പ്പെടുത്തല്‍ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂഒരു ദിവസം നിങ്ങള്‍ ഉണരുമ്പോള്‍ പെട്ടെന്ന് ആളുകള്‍ പറയുന്നു “അതെനിങ്ങള്‍ ഇനി മുതല്‍ ജപ്പാന്‍ ഭാഷയില്‍ സംസാരിക്കണം!”. അതൊരു ഭയങ്കര ആഘാതമായിരുന്നു.”

-(ടാന്‍ ട്വാന്‍ എംഗ് – ഒരു അഭിമുഖത്തില്‍ നിന്ന്.)

"മേഘങ്ങള്‍ക്ക് മുകളിലുള്ള ഒരു പര്‍വ്വതത്തില്‍ ഒരിക്കല്‍ ഒരാള്‍ ജീവിച്ചിരുന്നു. അയാള്‍ ജപ്പാനിലെ ചക്രവര്‍ത്തിയുടെ തോട്ടക്കാരന്‍ ആയിരുന്നുയുദ്ധത്തിനു മുമ്പ് അയാളെ അധികമാര്‍ക്കും അറിയാമായിരുന്നില്ലപക്ഷെ എനിക്കറിയാമായിരുന്നുഉദയ സൂര്യന്റെ വളയങ്ങള്‍ക്കടുത്തുണ്ടായിരുന്ന തന്റെ വീട് വിട്ടാണ് അയാള്‍ മലയായുടെ മധ്യ ഭാഗത്തെ മലമ്പ്രദേശത്ത് എത്തിയത്എന്റെ സഹോദരി അയാളെ കുറിച്ച് എന്നോട് പറയുമ്പോള്‍ എനിക്ക് പതിനേഴു വയസ്സായിരുന്നുഅയാളെ കാണാനായി ഞാന്‍ മലകളിലേക്ക് യാത്ര ചെയ്യുക ഒരു പതിറ്റാണ്ട് കഴിഞ്ഞാണ്.

"എന്റെ സഹോദരിയോടും എന്നോടും അയാളുടെ നാട്ടുകാര്‍ ചെയ്തതിനൊന്നും അയാളെന്നോട് മാപ്പുപറഞ്ഞില്ലഞാങ്ങളാദ്യം കണ്ട ആ മഴയില്‍ കുതിര്‍ന്ന പ്രഭാതത്തില്‍ അതുണ്ടായില്ലമറ്റൊരിക്കലും ഉണ്ടായില്ലഏതു വാക്കുകള്‍ക്കാണ് എന്റെ വേദന ഭേദമാക്കാനാവുകഎന്റെ സഹോദരിയെ തിരികെ തരാനാവുകഒന്നിനുമില്ലഅയാള്‍ക്ക് അതറിയാമായിരുന്നുഅധികമാര്‍ക്കും അറിയില്ലായിരുന്നു.”

മിത്തിക്കല്‍-ഫോക്‌ ലോര്‍ സൗന്ദര്യമിയന്ന പ്രകൃതി വീക്ഷണത്തോടൊപ്പം ചരിത്രവും ഓര്‍മ്മകളും ഗൃഹാതുരത്വവും വ്യര്‍ത്ഥബോധവും വേദനയും മുറ്റിനില്‍ക്കുന്ന ഈ വരികളോടെയാണ് മലേഷ്യന്‍ നോവലിസ്റ്റ് ടാന്‍ ട്വാന്‍ എംഗ് തന്റെ രണ്ടാമത് കൃതിയായ ‘സായാഹ്ന മഞ്ഞിന്റെ തോട്ടം’ (The Garden of Evening Mists) ആരംഭിക്കുന്നത്. 2012- ല്‍ മാന്‍ ബുക്കര്‍ പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവല്‍ആ വര്‍ഷത്തെ ‘മാന്‍ ഏഷ്യന്‍ സാഹിത്യ പുരസ്ക്കാരവും, 2013-ല്‍ ചരിത്ര നോവലിനുള്ള വാള്‍ട്ടര്‍ സ്കോട്ട് പുരസ്ക്കാരവും നേടുകയുണ്ടായിതന്റെ പ്രഥമ കൃതിയായ The Gift of Rain ലെന്നപോലെ തന്നെ ആധുനിക മലേഷ്യന്‍ ചരിത്രത്തിലെ ഏറ്റവും ദുരന്ത പൂര്‍ണ്ണമായ അധ്യായമായ ജപ്പാന്‍ അധിനിവേശവും അതിന്റെ തിക്തഫലങ്ങളും തന്നെയാണ് ‘മഞ്ഞിന്റെ തോട്ട’ ത്തിന്റെയും പ്രമേയ കേന്ദ്രം.

ഓര്‍മ്മമറവിഇരട്ടകളുടെ കഥയരങ്ങ്

ഓര്‍മ്മക്കൊരു ദേവതയുണ്ട്നെമോസൈനിഎന്നാല്‍ മറവിക്ക് ഒന്നില്ല. പക്ഷെ അതുണ്ടാവണംകാരണം അവര്‍ രണ്ടും ഇരട്ട സഹോദരിമാരാണ്ഇരട്ട ശക്തികള്‍, നമ്മുടെ ഇരു വശങ്ങളിലായി നടക്കുന്നവര്‍നമ്മുടെ മേലും നമ്മളാരാണ് എന്നതിന്റെ പേരിലും നമുക്ക് മേല്‍ ആധിപത്യത്തിനായി നമ്മുടെ മരണം വരെയും തര്‍ക്കിക്കുന്നവര്‍" -..............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-garden-of-evening-mists-by-tan-twan-eng



(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 96-107)

To purchase, contact ph.no:  8086126024


Wednesday, April 16, 2025

The Bird Tattoo by Dunya Mikhail

യസീദി സമൂഹത്തിനൊരു സ്നേഹഗീതം



(വിമത ഇറാഖി കവിയും ആക്റ്റിവിസ്റ്റുമായ ദുനിയാ മിഖൈലിന്റെ പ്രഥമ നോവല്‍ The Bird Tattoo, അറബ് ഫിക് ഷനുള്ള അന്താരാഷ്‌ട്ര പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതിയാണ്. യസീദി സമൂഹത്തിനായി രചിക്കപ്പെട്ട ഹൃദയദ്രവീകരണ ശക്തിയുള്ള ഒരു സ്നേഹഗീതമെന്നു നിരീക്ഷിക്കപ്പെടുന്ന നോവല്‍ ഒരു പ്രണയകഥ പശ്ചാത്തലമാക്കി സമൂഹം നേരിടുന്ന വംശീയ ദുരന്തം ആവിഷ്കരിക്കുന്നു.) 

നാദിയ മുറാദ്, ഫരീദ ഖല്ലാഫ് തുടങ്ങിയവരുടെ ആത്മകഥാ ആഖ്യാനങ്ങളിലൂടെ ലോകവായനാ സമൂഹം മനസ്സിലാക്കിയിട്ടുള്ളതാണ് യസീദി സമൂഹത്തിന്റെ ദുര്‍വ്വിധിയുടെ സമകാലിക പാഠങ്ങള്‍. പ്രസ്തുത ദുരന്തത്തിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണം, ഇസ്ലാമിക സമൂഹത്തിന്റെ വികാസ കാലത്തില്‍ തന്നെ ചെന്ന് മുട്ടുന്നുവെന്നു പഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കുര്‍ദിസ്താന്‍ മേഖലയില്‍ അധിവസിച്ചുവന്ന, മുഖ്യമായും കുര്‍മാന്‍ജി ഭാഷ സംസാരിക്കുന്ന ഈ പുരാതന സമൂഹംഅവരുടെ വിശ്വാസാചാരആരാധനാ രീതികളില്‍ വിഗ്രഹാരാധനയെ വര്‍ജ്ജിച്ച ഇസ്ലാമിക സമൂഹത്തിന്റെ മുന്നില്‍ വെറുക്കപ്പെട്ടവര്‍ ആയിത്തീര്‍ന്നതിനു കാരണമുണ്ട്: സ്വയം ഏകദൈവാരാധനയില്‍ വിശ്വസിക്കുമ്പോഴും‘തവൂസി മെലെക് (Tawûsî Melek)’ എന്ന് വിളിക്കപ്പെട്ട മയില്‍ രൂപി ഉള്‍പ്പടെ ഏഴു ദൈവിക സങ്കല്‍പ്പങ്ങളെ ചുറ്റിപ്പറ്റിയാണ് യസീദി വിശ്വാസക്രമങ്ങള്‍ വികസിച്ചത്. സഫാവിദ്ഓട്ടോമന്‍ കാലഘട്ടങ്ങളില്‍‘ഗ്രന്ഥം നല്‍കപ്പെട്ടവര്‍ (അഹ് ലു കിതാബ്) എന്ന പേരില്‍ ക്രിസ്തീയജൂത സമൂഹത്തിനു നല്‍കപ്പെട്ട പരിഗണനകള്‍ക്കും വെളിയില്‍ യസീദി സമൂഹം വേട്ടയാടപ്പെടാന്‍ ഇത് നിമിത്തമായി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ‘സോഫ്റ്റ്‌ ടാര്‍ഗറ്റ്’ ആയി അവര്‍ കണക്കാക്കപ്പെട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ ‘അബ്രഹാമിക്’ മതങ്ങളുടെയും (ജൂതക്രിസ്തീയഇസ്ലാമിക മതങ്ങള്‍), സൊരാഷ്ട്രിയന്‍ മതം പോലുള്ള പേര്‍ഷ്യന്‍ ദര്‍ശനങ്ങളുടെയും എന്ന പോലെ സൂഫി പാരമ്പര്യങ്ങളുടെ പോലും സങ്കരമാണ് യസീദി ക്രമങ്ങള്‍ എന്ന് വിവരിക്കപ്പെടുന്നു (1). 

................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-bird-tattoo-by-dunya-mikhail


Friday, March 7, 2025

The Tiller of Waters by Hoda Barakat/ Marilyn Booth

 ഹുദാ ബറകാത് വരയ്ക്കുന്ന ശ്വാനദിനങ്ങള്‍



ലബനോനിലെ മാരോനൈറ്റ് ക്രിസ്ത്യന്‍ പട്ടണമായ ബഷാരെയില്‍ ജനിച്ചു വളര്‍ന്ന ഹുദ ബരകാത് (ജനനം: 1952), ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട 1975ല്‍ പാരീസില്‍ ഗവേഷണ പഠനത്തിലായിരുന്നുവെങ്കിലും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. സംഘര്‍ഷത്തിന്റെ മുഴുവന്‍ കാലവും നാട്ടില്‍ത്തന്നെ കഴിച്ചുകൂട്ടിയ ഘട്ടത്തിലാണ് അവര്‍ തന്റെ കൃതികളെല്ലാം എഴുതിയത്. പാര്‍ട്ടിയോ ദേശീയ പശ്ചാത്തലമോ നോക്കാതെ മാനുഷിക ദുരിതങ്ങളെയും അടിച്ചമര്‍ത്തലിനെയും കുറിച്ചു സത്യം പറയുന്നതില്‍ ഊന്നുക എന്നതാണ് ബുദ്ധിജീവികളുടെ കടമ എന്ന എഡ് വാര്‍ഡ്‌ സൈദിന്റെ നിലപാടാണ് ഹുദാ ബറകാതിന്റെ എഴുത്തിന്റെ നാഴികക്കല്ലെന്നും അവര്‍ തന്നെത്തന്നെയും തന്റെ കഥാപാത്രത്തെയും ബോധപൂര്‍വ്വം അന്യവല്‍ക്കരിക്കുകയും അതുവഴി ഭൂതകാലത്തിലേക്ക് ഊളിയിടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്വത്വത്തെ സൂക്ഷ്മപഠനത്തിനു വിധേയമാക്കുന്നു ചെയ്യുന്നു എന്നും ഫാത് മ താഹര്‍ നിരീക്ഷിക്കുന്നു (1). 1975ല്‍ പൊട്ടിപ്പുറപ്പെട്ട ലബനീസ് ആഭ്യന്തര യുദ്ധം പതിനാല് വര്‍ഷം നീണ്ടുനില്‍ക്കുകയും ഒരു ലക്ഷത്തോളം പേരെ കൊന്നൊടുക്കുകയും ചെയ്തു. യുദ്ധത്തിന്റെ ഭീകര നിമിഷങ്ങളേയും അതുണ്ടാക്കിയ മനശാസ്ത്രപരമായ ആഘാതങ്ങളെയും ചരിത്രപരവും സാമൂഹികവും നരവംശ ശാസ്ത്രപരവും ജീവശാസ്ത്രപരവുമായ വീക്ഷണങ്ങളില്‍ ഒട്ടേറെ എഴുത്തുകാര്‍ അവതരിപ്പിച്ചു. ഇത്തരം സാഹചര്യത്തില്‍ എഴുത്ത് ബുദ്ധിജീവികളുടെ ചെറുത്തുനില്‍പ്പു രൂപമായിത്തീരുന്നതിന്റെ ശക്തമായ മാതൃകയാണ് ഹുദാ ബറകാതിന്റെ രചനാലോകം. അവര്‍ വ്യക്തിയുടെ വിധിയെ പുരുഷാധികാര ധാരണകളിലും വൈരുധ്യങ്ങളിലും രൂഢമായ സമൂഹിക ഭാഗധേയത്തിന്റെ അവിഭാജ്യ ഘടകമായി ആവിഷ്കരിക്കുന്നു; യുദ്ധം ആ ധാരണകളുടെ നികൃഷ്ട വശങ്ങളെ പുറത്തുകൊണ്ടുവന്നു. “അവരുടെ കൃതികള്‍ യുദ്ധത്തെ, തുടര്‍ന്നുണ്ടായ നശീകരണത്തെ, ജനജീവിതത്തില്‍ അതുണ്ടാക്കിയ മാറ്റങ്ങളെ നിശിതമായും സമഗ്രമായും  പ്രതിഫലിപ്പിക്കുന്നു” (Fatma H. Taher).

ബറകാതിന്റെ നിലപാടുകളുടെ കൃത്യമായ ആവിഷ്കാരം കാണാനാകുന്ന കൃതിയാണ് 2001ല്‍ പുറത്തിറങ്ങിയ The Tiller of Waters. ആഭ്യന്തര സംഘര്‍ഷത്തിലെ ബോംബിങ്ങില്‍ തകര്‍ന്ന ബൈറൂത്ത്, ബാക്കിയായ ദേശവാസികളെല്ലാം പലായനം ചെയ്തതിനെ തുടര്‍ന്നു വിജനമായിരിക്കുന്നു. ഓര്‍മ്മകള്‍ ഇടമുറിയുകയും ഒളിച്ചു കളിക്കുകയും ചെയ്യുന്ന നിഖുല മിത്രിയെന്ന അമ്പതിലെത്തിയ വസ്ത്ര വ്യാപാരി തെരുവുകളില്‍ പിന്തുടരുന്നത് പൊയ്പ്പോയ ജീവിതങ്ങള്‍ മാത്രമല്ല, സ്വന്തം ഓര്‍മ്മകളെ കൂടിയാണ്. ഏതുനിമിഷവും ഉടലില്‍ തുളഞ്ഞിറങ്ങിയേക്കാവുന്ന വെടിയുണ്ടകളുടെ ശബ്ദം കേള്‍ക്കാം അയാള്‍ക്ക്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ കുടുംബ സുഹൃത്തിന്റെ വീട്ടിലായിരുന്ന നിഖുല തിരിച്ചെത്തുമ്പോഴേക്കും അഭയാര്‍ഥികള്‍ വീടു കയ്യടക്കിയത് മൂലം ഇപ്പോള്‍ അയാളുടെ അഭയസ്ഥാനം, മുമ്പ് തന്റെ പിതാവിന്റെ സമ്പാദ്യമായ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗോ ഡൌണ്‍ ആയിരുന്ന, മനോഹര തുണിത്തരങ്ങള്‍ നിറഞ്ഞ നിലവറയാണ്. അവിടെ അയാള്‍ വൈവിധ്യത്തിന്റെയും വര്‍ണ്ണ രാജികളുടെയും ആഢംബരത്തില്‍ സന്തുഷ്ടനാണ്. പുറത്തിറങ്ങുമ്പോള്‍ തെരുവുകള്‍ കീഴടക്കിയ നായ്ക്കളുടെ കൂട്ടം ഭീഷണ സാന്നിധ്യമായി അവിടെയുണ്ട്. സ്വന്തം മൂത്രം കൊണ്ട് സംരക്ഷണ വലയം തീര്‍ത്തു അയാള്‍ രക്ഷ തേടുന്നു. സുദീര്‍ഘവും ഗഹനവുമായ ആഖ്യാനങ്ങളിലൂടെ തന്റെ മാതാപിതാക്കളുടെയും പ്രണയിനിയായിരുന്ന കുര്‍ദിഷ് പരിചാരിക ഷംസയുടെയും കഥകളോടൊപ്പം തുണിത്തരങ്ങളുടെയും നൂല്‍നൂല്‍പ്പിന്റെയും ഉത്ഭവ, വികാസ ചരിത്രവും അയാള്‍ ആവിഷ്കരിക്കുന്നു. ബൈസന്റൈന്‍, ഓട്ടോമന്‍, പേര്‍ഷ്യന്‍, ഇന്ത്യന്‍ ചരിത്രങ്ങളും സാംസ്കാരിക സ്മൃതികളും നിറയുന്ന ഇത്തരം ദീര്‍ഘാഖ്യാനങ്ങള്‍ പൊയ്പ്പോയ കാലത്തെയും എല്ലാം നഷ്ടപ്പെട്ട വര്‍ത്തമാനത്തെയും ഗൃഹാതുരതയുടെ അതിഭാവുകത്വമില്ലാത്ത ന്യൂനോക്തിയില്‍ വൈരുദ്ധ്യത്തില്‍ നിര്‍ത്തുന്നുണ്ട്. പുറത്തെ ചൂടും തണുപ്പും കാലുഷ്യങ്ങളും പ്രവേശനമില്ലാത്ത നിലവറയില്‍ വൃത്തിയും പുതുമയുടെ ഗന്ധവുമുള്ള തുണിത്തരങ്ങളില്‍ പുതച്ചും അവയുടെ ഗന്ധം ശ്വസിച്ചും കഴിയുന്ന കഥാപാത്രം ഒരര്‍ത്ഥത്തില്‍ ആദിപിതാവിന്റെ ഏകാന്തതയും സ്വച്ഛതയും അനുഭവിക്കുന്നുണ്ട്. തന്റെതായ ഒരു സുരക്ഷിത ഇടം (haven/ retreat) ഉണ്ടാക്കിയെടുക്കുകയാണ് അയാള്‍: ഹെമിംഗ് വേയുടെ യുദ്ധമുറിവേറ്റ (war-wound) കഥാനായകന്മാരെ പോലെ ഇത്തരം ‘പിന്മടക്ക’ത്തിനു സാഹിത്യത്തില്‍ ഒട്ടേറെ മാതൃകകള്‍ ഉണ്ട്. അതുപക്ഷേ ആത്യന്തികമായി അവരെയാരെയും രക്ഷിക്കുകയില്ല; ആന്‍ ഫ്രാങ്കിന്റെ മച്ചുംപുറം (attic) പോലെ ദേശവിധിയുടെ ബലിക്കല്ല് അവരെ തേടിയെത്തുന്നതിനിടയിലെ ഇടവേളകള്‍ മാത്രാകാം അത്. നിഖുലയുടെ വിധിയും വ്യത്യസ്തമല്ല. യുദ്ധം പട്ടണത്തിന്റെ ബാഹ്യഭൂമിക മുഴുവന്‍ തകര്‍ത്തുകളയുമ്പോള്‍ അയാള്‍ തന്റെ പട്ടണത്തിന്റെ ചരിത്രം കഥകളിലൂടെ പുനസൃഷ്ടിക്കുന്നു. എന്നാല്‍ കഥകള്‍ പറഞ്ഞുതീരും മുമ്പ് ഏതുരൂപത്തിലെന്നു തീര്‍ച്ചയില്ലാതെ അതേ തെരുവുകളില്‍ അയാള്‍ കൊല്ലപ്പെടുന്നു; തന്റെ മരണം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യമായി അയാളുടെ സ്വരം തന്റെ പിതാവിന് നേരെ ഉയരുന്നു, അത് തെരുവുകളുടെ നശീകരണ ബഹളങ്ങളില്‍ മുങ്ങിപ്പോവുന്നു: “പിതാവേ, ആരാണ് എന്നെ കൊന്നത്? ആരാണ് എന്നെ കൊന്നത്? കാരണം ഞാന്‍ സ്വാഭാവിക മരണത്തിലല്ല ഇല്ലാതായത്” (P.173). അയാള്‍ എല്ലാ സാധ്യതകളും പരിഗണിച്ചു തള്ളിക്കളയുന്നു: അത് വിഷം കഴിച്ചയിരുന്നില്ല. മരണത്തിന്റെ മാലാഖയെ നേരിടാന്‍ തയ്യാറെടുത്തിട്ടായിരുന്നില്ല. ബുള്ളറ്റ്, കുഴിബോംബ്, പടയാളികള്‍, അങ്ങനെ എല്ലാസാധ്യതകളും അയാള്‍ സന്ദേഹിക്കുന്നു. ഇടയ്ക്കിടെ എന്റെ മഞ്ഞളിച്ചു പോയ കണ്ണുകള്‍ ഇഷ്ടിക പതിച്ച വിശാല വഴിയാകെ പ്രശാന്തമായ ജലപാളികളില്‍ മൂടിപ്പോകുന്നത് കാണുന്നു, അതുകൊണ്ട് എനിക്ക് ആകാശവും തിളക്കമാര്‍ന്ന സെപ്തംബര്‍ ചന്ദ്രനും അതില്‍ പ്രതിഫലിക്കുന്നത് കാണാം. ആ കാഴ്ച എന്റെ കസേരയില്‍ നിന്നെഴുന്നെല്‍ക്കാനും എല്ലാ ദിശകളിലേക്കും ഓടാനും എന്നില്‍ ആഗ്രഹാമുണ്ടാക്കുന്നു. അതിനെ നന്നായി ഉഴാന്‍. അപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു, ഞാനെന്തിനു അതിലേക്കു തിരികെ പോകാന്‍ ആഗ്രഹിക്കണം!. ഞെനെന്റെ ജീവിതം മുഴുവന്‍ ജലത്തില്‍ ഉഴുതുകൊണ്ടല്ലേ ചെലവഴിച്ചത്‌? അതല്ലേ, താത, നാം ഇപ്പോഴും ചെയ്തുകൊണ്ടിരുന്നത്?” ജീവിതത്തിന്റെ ആത്യന്തിക നിരര്‍ത്ഥകതയില്‍ ചെന്നു തൊടുന്ന ഈ അസ്തിത്വ സമസ്യയിലാണ് നോവല്‍ അവസാനിക്കുന്നത്. എന്നാല്‍, ഇത് ചോദിക്കുന്നയാള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കുരുങ്ങിക്കിടപ്പല്ല എന്നതും ഇപ്പോള്‍ അയാളെ മഥിക്കുന്ന ചോദ്യം താനെങ്ങനെ മരിച്ചു എന്നതുമാണ്‌ എന്ന് കാണുമ്പോള്‍ വായനക്കാരില്‍ ഒരു നടുക്കം സാധ്യമാണ്: അഥവാ, നാം കേട്ടുകൊണ്ടിരുന്ന ആഖ്യാനം നടത്തുന്നയാള്‍ ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ ഏതു ലോകത്തായിരുന്നു എന്നൊരു സംത്രാസം നോവലന്ത്യത്തില്‍ സംഗതമാണ്.  

തുണിത്തരങ്ങളുടെയും നൂലുകളുടെയും സില്‍ക്കിന്റെയും പഠനം അയാള്‍ക്ക് ഒരു ആദിമ സ്മൃതിയുടെ പുനര്‍നിര്‍മ്മിതി കൂടിയാണ്: “വസ്ത്രങ്ങളുടെ കെട്ടുകളും മുറുകിയ ബോള്‍ട്ടുകളും അവയുടെ സ്പൂളുകളില്‍ അഴിച്ചെടുത്തപ്പോള്‍ ഞാനെന്റെ ഭാവനയെ പ്രവര്‍ത്തന നിരതമാക്കി. വീട് ഫര്‍ണിഷ് ചെയ്യുന്നതില്‍ എന്നെ നയിക്കാന്‍ അദമ്യമായ ആനന്ദത്താല്‍ പ്രചോദിതമായ എന്റെ അഭിലാഷങ്ങളെ അനുവദിച്ചു” (P.40). ആഭ്യന്തര യുദ്ധം പ്രേതനഗരമാക്കിയ പട്ടണത്തില്‍ അയാള്‍ ആരുമായും സമ്പര്‍ക്കം ആഗ്രഹിച്ചില്ല. സ്വയം വരിച്ച അന്യവല്‍ക്കരണത്തിലൂടെ തിന്മകളുടെ ബാഹ്യലോകത്തെ അകറ്റി നിര്‍ത്തുന്ന കഥാപാത്രങ്ങള്‍ ആധുനിക സാഹിത്യത്തില്‍ ഒട്ടേറെയുണ്ട്. നോവലിലെ അതേ സാഹചര്യത്തില്‍, അതേ ബൈറൂത്തില്‍, സ്വന്തം വീട്ടില്‍ പുസ്തകങ്ങളുടെ ലോകത്ത് സ്വയം പരിമിതപ്പെടുത്തിക്കഴിയുന്ന ആലിയ സാലിഹ് എന്ന എഴുപത്തിരണ്ടുകാരിയാണ്‌ റാബിഹ് അലമെദ്ദീന്‍ രചിച്ച ‘An Unnecessary Woman’ എന്ന നോവലിലെ നായിക. അങ്കോളന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകര കാലത്ത് യുദ്ധത്തോടൊപ്പം തുറസ്സുകളോടുള്ള ഭയവും (agoraphobia) മൂലം ഇഷ്ടികകള്‍ കൊണ്ടു സ്വയം തീര്‍ത്ത കുടുസ്സിനുള്ളില്‍ മുപ്പതുകൊല്ലക്കാലം തന്നെത്തന്നെ അടക്കിയ ലുഡോ എന്ന സ്ത്രീയെ പിന്തുടരുന്ന ഹോസെ എദുവാര്‍ദോ അഗുവാലൂസയുടെ A General Theory of Oblivion മറ്റൊരു ഉദാഹരണമാണ്. യുദ്ധം നേരിട്ടവതരിപ്പിക്കുക എന്നത് ഈ എഴുത്തുകാര്‍ ആരും തങ്ങളുടെ ദൌത്യമായി കാണുന്നില്ല. നിഖുല പോരാളികളെയോ ഗുണ്ടകളെയോ അല്ല, തെരുവുകള്‍ കയ്യടക്കിയ ഭീഷണ പ്രകൃതത്തിലേക്ക് മാറിയ ശ്വാന സംഘത്തെയാണ് കാണുന്നത്. അവയും അവയുടെ സ്വത്വം മറക്കുകയും ചെന്നയ്ക്കളായി രൂപം മാറുകയും ചെയ്തിരിക്കുന്നു. “അവ ചെന്നയ്ക്കളാണ്, ഞാന്‍ എന്നോട് തന്നെ പറഞ്ഞു, അവ കടിപിടിയില്‍ കൊല്ലപ്പെട്ട അവയുടെ കൂട്ടത്തില്‍ പെട്ട ഒന്നിന്റെ ഉടല്‍ തന്നെയാകും പിച്ചിച്ചീന്തുന്നത് എന്ന ധാരണയില്‍. എന്നാല്‍ ഉരുണ്ടു പോയ, എന്റെ നേരെ വന്ന തല ഒരു ശ്വാനന്റെത് ആയിരുന്നില്ല. അതൊരു മനുഷ്യന്റെത് ആയിരുന്നു” (P.50). ഈ ഭാഗം ക്രിസ് അബാനിയുടെ Song for Night എന്ന നോവെല്ലയില്‍ യുദ്ധം നരഭോജികളാക്കിയ സ്ത്രീകളുടെ നടുക്കുന്ന രംഗത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്; ഒപ്പം, വനാതിരുകളില്‍ ചിതറിക്കിടന്ന കൊല്ലപ്പെട്ട സിവിലിയന്മാരുടെ ഉടലുകള്‍ തിന്നുശീലിക്കുകയും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സനാതന ഉടമ്പടി ലംഘിക്കുകയും നരഭോജികള്‍ ആയിത്തീരുകയും ചെയ്യുന്ന സിംഹങ്ങളെ കുറിച്ചു Confessions of the Lioness എന്ന നോവലില്‍ മൊസാംബിക്കന്‍ നോവലിസ്റ്റ് മിയാ കൂട്ടോ നടത്തുന്ന നിരീക്ഷണങ്ങളെയും.  എന്നാല്‍ ഒരു ഘട്ടത്തില്‍ നിഖുല കണ്ടെത്തുന്നുണ്ട്, യജമാന്മാരെ നഷ്‌ടമായ ശ്വാനന്‍ തന്നില്‍ ഒരു പുതിയ യജമാനനെ തേടുകയായിരുന്നു എന്ന്.   

നിഖുലയുടെ കഥയ്ക്കും സില്‍ക്ക് വസ്ത്രത്തിന്റെ കഥയും എന്നതിനൊപ്പം സമാന്തരമായി നോവലില്‍ വികസിക്കുന്ന മറ്റൊരു സുപ്രധാന കഥ ഷംസയുടെതാണ്. കുര്‍ദ് ചരിത്രത്തിലെ ചതികളുടെയും വഞ്ചനകളുടെയും കഥകള്‍ ഷംസയുടെ വാക്കുകളില്‍ നോവലില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. സുദീര്‍ഘമായ തുര്‍ക്ക് – കുര്‍ദ് സംഘര്‍ഷങ്ങള്‍, അതാ തുര്‍ക്കിന്റെയും കേണല്‍ ബില്ലിന്റെ കീഴിലുള്ള ഇംഗ്ലീഷുകാരുടെയും മാറിമാറിയുള്ള ചതികളുടെയും കുര്‍ദ് കൂട്ടക്കുരുതികളുടെയും പലായനങ്ങളുടെയും കഥ അവളുടെ ഓര്‍മ്മകളില്‍ സ്വന്തം പിതൃ പരമ്പരയുടെ ദുരന്തങ്ങളായി പതിഞ്ഞു കിടപ്പുണ്ട്. അതിനുമപ്പുറം, കുര്‍ദുകളുടെ ഉത്ഭവത്തെ കുറിച്ച് നോവലില്‍ വിവരിക്കപ്പെടുന്ന മിത്ത് സുലൈമാന്‍ രാജാവിന്റെ (സുലൈമാന്‍ നബി) `കഥയുമായി ബന്ധപ്പെട്ടു നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്. നോട്ടത്തില്‍ തന്നെ ഒരു സ്ത്രീയെ മുച്ചൂടും അറിയാനുള്ള സിദ്ധിയുണ്ടായിരുന്ന സോളമന്‍ രാജാവിന് തദ്ഫലമായി ബാധിച്ച വിരക്തി മറികടക്കാനായി പടിഞ്ഞാറു നിന്നും കൊണ്ടുവരപ്പെട്ട എല്ലാം തികഞ്ഞ നാനൂറു കന്യകമാരില്‍ ആ കഥ തുടങ്ങുന്നു. സുന്ദരിമാരില്‍ ആകൃഷ്ടരായ നാനൂറു ജിന്നുകള്‍ അവരുടെ വഴിതടയാന്‍ അനുവദിക്കണമെന്നു ജിന്നു രാജാവ് ജസാദിനോട് അഭ്യര്‍ഥിച്ചു. സോളമന്‍ രാജാവിനു ദൈവം നല്‍കിയ സിദ്ധികളില്‍ അസൂയാലുവായ ജിന്നു രാജന്‍ ആവശ്യത്തില്‍ കൂടുതല്‍ അനുവദിക്കുകയും അതെ തുടര്‍ന്ന് സുന്ദരന്മാരായ രാജകുമാരന്മാരായി വേഷം മാറിയ ജിന്നുകള്‍ അതിമനോഹരമായ വേഷ ഭൂഷകളോടും മനംമയക്കുന്ന ഗീതങ്ങളുമായി കന്യകമാരെ വശീകരിക്കുകയും രാത്രി അവരോടൊപ്പം കഴിയുകയും ചെയ്തു. പിറ്റേന്ന് പുലര്‍ച്ചെ മരുഭൂമിയില്‍ സ്വയം നഗ്നരായി കണ്ടെത്തിയ നാനൂറു സുന്ദരികള്‍ കന്യകമാര്‍ അല്ലാതായിക്കഴിഞ്ഞിരുന്നതുകൊണ്ട് സോളമന്‍ രാജാവ് അവരെ തള്ളിക്കളഞ്ഞു – ‘കറാദ’ (karada) എന്ന പദം തള്ളിക്കലയലിനെ സൂചിപ്പിച്ചു, ‘കുര്‍ദ് എന്നാല്‍ തള്ളിക്കളയപ്പെട്ടവര്‍ എന്നും. എന്നാല്‍, ഇതിനു വിപരീതമായി മറ്റൊരു വ്യാഖ്യാനവും ഷംസ മുന്നോട്ടു വെക്കുന്നു. കുര്‍ദിഷ് ഭാഷയില്‍ ‘ധീരനായ വീരന്‍ എന്നാണ് ‘കുര്‍ദ് എന്ന പദം അര്‍ത്ഥമാക്കുന്നത്. ‘ചെന്നായ എന്നോ ‘കാട്ടു പൂച്ച എന്നോ അര്‍ഥം വരുന്ന ‘കര്‍ഘ് (‘kargh’) ആവാം അതിന്റെ പദമൂലം എന്നും അവള്‍ അഭിപ്രായപ്പെടുന്നു. എന്തായാലും, നിഖുലയുടെ ജീവിതത്തിനു അര്‍ത്ഥവും നിറവും ജീവിതാശയും പകര്‍ന്നവളായിരുന്നു ഷംസ: “ഷംസ, വളരെ കുറച്ചു ജനാലകള്‍ മാത്രമുണ്ടായിരുന്ന, അവ തന്നെയും ഭദ്രമായി അടക്കപ്പെട്ട നിലയിലായിരുന്ന എന്റെ ജീവിതത്തെ പ്രകാശമാനമാക്കിയവള്‍” (P.42) എന്നു അയാള്‍ നിരീക്ഷിക്കുന്നുണ്ട്.   

ഗാര്‍ഹിക വേലക്കാരായ വിദേശി കുടിയേറ്റക്കാരുടെ ജീവിതാവസ്ഥകള്‍ മിഡില്‍ ഈസ്റ്റ് സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെടുന്നതില്‍ ഹുദാ ബരകാത് ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു (2). ലബനീസ് സംഘര്‍ഷങ്ങള്‍ ആഖ്യാനം ചെയ്യുന്ന എഴുത്തുകാരില്‍ മിക്കയാളുകളും ‘ദേശത്തിന്റെ ആഭ്യന്തര വിഭജനങ്ങളും ലബനന്‍കാരുടെയും പലസ്തീനികളുടെയും മേല്‍ യുദ്ധ ഭീകരതയുടെ ഫലങ്ങളും’ അവതരിപ്പിക്കുകയും ‘ഔദ്യോഗികമായി രാജ്യത്തിന്റെ ഭാഗമല്ലാത്ത ന്യൂനപക്ഷങ്ങളെ അവഗണിക്കുകയും ചെയ്തപ്പോള്‍ ബരകാത് തന്റെ കൃതികളില്‍ സാങ്കേതികമായി മാത്രം ‘അന്യരായ ഈ വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്നുണ്ട്. നാല് മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള നാട്ടില്‍ ഒന്നര ലക്ഷം കുടിയേറ്റ ഗാര്‍ഹിക വേലക്കാരികളുണ്ടായിരുന്നു. കുടുംബാന്തരീക്ഷത്തില്‍ അസംതൃപ്തനായ ഒരംഗം അവളുമായി പ്രത്യേക ബന്ധം സ്ഥാപിക്കുക എന്ന ഇതിവൃത്ത ഘടകത്തിലൂടെ കഥയെ ഗൃഹ കേന്ദ്രിത നാടകീയതകളുടെ ഇടമാക്കി പരിവര്‍ത്തിപ്പിക്കാനും രാഷ്ട്രീയ അന്തര്‍ നാടകങ്ങകങ്ങളെ ഒട്ടൊന്നു പശ്ചാത്തലത്തിലേക്ക് ഒതുക്കാനും ഒപ്പം ദേശീയാഖ്യാനങ്ങളില്‍ ഈ കുടിയേറ്റ ഗാര്‍ഹിക വേലക്കാരികളുടെ പങ്ക് എന്ന സമകാലിക മിഡില്‍ ഈസ്റ്റ് പ്രമേയത്തില്‍ സ്പര്‍ശിക്കാനും നോവലിസ്റ്റിനു കഴിയുന്നു. അമിതമായി ലാളിക്കപ്പെട്ട, അലസ ജീവിതം നയിക്കുന്ന അടുപ്പില്‍ തീപൂട്ടി ശീലമില്ലാത്ത അമ്മയുടെ രീതികളുമായി നേരെ എതിര്‍ ഭാവത്തിലാണ് കുഞ്ഞുന്നാളിലേ മധ്യവര്‍ഗ്ഗ ക്രിസ്ത്യന്‍ കുടുംബത്തില്‍ പരിചാരികയായി എത്തുന്ന ഷംസ അവതരിപ്പിക്കപ്പെടുന്നത്. തീരെ ചെറുപ്പമാണെങ്കിലും ശാരീരിക വശ്യതയുടെ ഭാഷയിലാണ് ഷംസയെ ആഖ്യാതാവ് അവതരിപ്പിക്കുന്നത്‌ എന്നതില്‍ ഗാര്‍ഹിക വേലക്കാരികളോടുള്ള സമീപനത്തിന്റെ പതിവുകള്‍ കാണാം. അവള്‍ ആദ്യം മമ്മയുടെയും പിന്നീട് നിഖുലയുടെയും ക്ഷമാശീലയായ ശ്രോതാവാണ്. സംഘര്‍ഷ ബാധിതമായ നഗരത്തില്‍, പുറത്തിറങ്ങാന്‍ കഴിയാത്ത ഡെക്കാമെറോണ്‍/ ഷെഹറെസാദ് സാഹചര്യത്തില്‍ അതൊരു വലിയ ഉത്തരവാദിത്തമാണ് താനും. എന്നാല്‍, തന്റെ ജനതയുടെ കഥ പോലുള്ള ആഖ്യാനത്തിലേക്ക് അവള്‍ സ്വയം കടക്കുന്നു; ആഖ്യാതാവിനോട് കഥകള്‍ പറയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇളംപ്രായക്കാരിയായ തന്റെ ജീവന്റെ പ്രകാശത്തെ തന്നില്‍ ചേര്‍ത്തു നിര്‍ത്താന്‍ പാകത്തില്‍, അടുത്ത ദിനത്തിലും അവളുടെ സാമീപ്യം ഉറപ്പുവരുത്താന്‍ പാകത്തില്‍ കഥ പറച്ചില്‍ ക്രമപ്പെടുത്തുന്നതോടെ നിഖുല സ്വയം ഒരു ഷെഹറെസാദ് രൂപം ആയിത്തീരുന്നു.

 

എന്നാല്‍ ഷംസയിലൂടെ അവതരിപ്പിക്കപ്പെടുന്ന ഗാര്‍ഹിച്ച വേലക്കാരികളുടെ പ്രസക്തി എന്ന പ്രമേയ പരിചരണത്തില്‍ ഒട്ടേറെ പരിമിതികള്‍ നോവലില്‍ ഉണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു: അഭ്യന്തര യുദ്ധാനന്തര ലബനോനില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്ന ശ്രീലങ്കന്‍/ എത്യോപ്യന്‍/ ഫിലിപ്പിന കുടിയേറ്റക്കാരികള്‍ക്കു പകരം കുര്‍ദിഷ് സിറിയന്‍ വേലക്കാരി എന്ന സങ്കല്‍പ്പനത്തില്‍ നിലയുറപ്പിക്കുന്നതിലൂടെ വര്‍ണ്ണ, ഭാഷാ വൈരുദ്ധ്യങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുകയാണ് (Rebecca Dyer). തൊഴില്‍/ ശമ്പളം  സംബന്ധമായി ഷംസ നേരിട്ടിരിക്കാന്‍ ഇടയുള്ള പ്രയാസങ്ങളോ അമ്പതു പിന്നിട്ട നിഖുലയുമായി ശാരീരിക ബന്ധത്തിന് അവള്‍ തയ്യാറാകുന്നതിന്റെ പിന്നാമ്പുറങ്ങളോ സ്പര്‍ശിക്കപ്പെടാത്തത് തൊഴില്‍ തേടിയെത്തുന്നതിന്റെ അടിസ്ഥാന പരമായ ഉദ്ദേശവുമായി ഒത്തുപോകുന്നതല്ല; അഥവാ ആ തലം അവഗണിക്കപ്പെടുന്നതിലൂടെ, ഷംസക്ക് ആഖ്യാനത്തില്‍ കേന്ദ്ര സ്ഥാന തുല്യത നല്‍കുമ്പോഴും, ഫലത്തില്‍, നോവല്‍ കുടിയേറ്റ ഗാര്‍ഹിക വേലക്കാരിയെ ഭാഗികമായ മൌനം കൊണ്ട് തന്നെയാണ് അടയാളപ്പെടുത്തുന്നത് എന്ന് നിരീക്ഷിക്കാം. ഷംസ വിട്ടുപോയി എന്ന ഇരുട്ടില്‍ അവസാനിപ്പിക്കുന്ന അവളുടെ കഥ അപൂര്‍ണ്ണമാണ് എന്നതും ഇതോടു ചേര്‍ത്തു കാണാം. കുര്‍ദിഷ് വേലക്കാരിയെന്ന നിലയില്‍ അവളുടെ വീട് അടുത്താണ് എന്ന ചിന്ത ഒരു കുറ്റബോധ വിമോചനമായി നോവലിസ്റ്റിനെ/ ആഖ്യാതാവിനെ ആശ്വസിപ്പിക്കുന്നുണ്ടോ എന്ന് സന്ദേഹിക്കാം; അങ്ങകലെ എത്യോപ്യയിലോ ശ്രീലങ്കയിലോ ആയിരുന്നു തിരികെയെത്തേണ്ടിയിരുന്നതെങ്കില്‍ അവള്‍ക്കത് ദുസ്സാധ്യമാകുമായിരുന്നു. അതേസമയം, എഴുപതുകളില്‍ ശക്തമായിരുന്ന കുര്‍ദ് വിരുദ്ധ വികാരത്തിന്റെ സൂചനകളും നോവലിസ്റ്റ് ആഖ്യാനത്തില്‍ ഉള്‍ചേര്‍ത്തിട്ടുള്ളത് പ്രധാനമാണ്. നിഖുലയുടെ കുടുംബം ഈജിപ്തില്‍ നിന്ന് ‘അമ്മയുടെ പൂര്‍വ്വികരുടെ നാടായ ലബനോനില്‍ എത്തുമ്പോള്‍ നിഖുല ഗര്‍ഭസ്ഥ ശിശുവായിരുന്നു. അവരുടെ മാതൃദായ സ്വത്തുക്കള്‍ സംരക്ഷിതവും അവര്‍ സ്വാഗതം ചെയ്യപ്പെട്ടവരും ആയിരുന്നു. എന്നാല്‍, ഷംസയുടെ ജനത തീര്‍ത്തും അന്യരായിരുന്നു. ആഭ്യന്തര യുദ്ധം ഈ വിദ്വേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. ചന്തയില്‍ തൊഴില്പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനൊക്കെയും പഴിപറയാന്‍ ‘കുര്‍ദുകളും അവരുടെ കൂട്ടരും, നാട്ടുകാരായ ബൈറൂത്തികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വിദേശ ഇറക്കുമതികളും എന്ന് പ്രയോഗിക്കപ്പെടുന്ന സന്ദര്‍ഭം നോവല്‍ ആരംഭത്തില്‍ തന്നെ  വിവരിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍, തന്റെ കൊഴുത്ത ശരീരപ്രകൃതം ദേശമില്ലായ്മക്കുള്ള പകരംവെപ്പാണ്‌ എന്നു ഷംസ നിരീക്ഷിക്കുന്നുണ്ട്: “ഞാന്‍ തടിച്ചിയാണ്.. കാരണം എനിക്ക് ദേശമില്ല. ഞാന്‍ ഏറെ ഭക്ഷിക്കുന്നു, അങ്ങനെ എന്റെ ഉടല്‍ വളരട്ടെ, അതുകൊണ്ട് എനിക്കെന്റെ ഭാരം ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്താനാകും” (P.72). തടി കുറക്കാന്‍ വ്രതം നിര്‍ദ്ദേശിക്കുന്ന നിഖുലയെ അനുസരിച്ച് മെലിഞ്ഞുപോകുന്ന ഷംസയുടെ പരിണാമം അവളുടെ അഭയാര്‍ഥി അവസ്ഥയുടെ രൂപകം കൂടിയായിത്തീരുന്നു. ഈ അവസാന കൂടിക്കാഴ്ചയില്‍ ഷംസ തന്റെ മാതാവിന്റെ ചെറുപ്പത്തിലെ ഇരട്ടയാണ് എന്ന് നിഖുലക്ക് തോന്നുന്നയിടത്തു ഉച്ചനീചത്വത്തിന്റെ സൂക്ഷ്മമായ നിരാസം വായിച്ചെടുക്കാം. എന്നാല്‍ ഇത്തരം ഒരു തിരിച്ചറിവല്ല ആഖ്യാതാവിനെ ഭരിക്കുന്നത്‌. പഴയനിയമത്തിലെ വര്‍ഗ്ഗ സങ്കലന വിരുദ്ധ വിലക്കുകള്‍ അയാള്‍ ഓര്‍മ്മിപ്പിക്കുന്നു: “... ചില കാര്യങ്ങള്‍ ഒരുമിച്ചു ചേര്‍ക്കുന്നത്... ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥപ്രകാരം നിഷിദ്ധമാണ്.. ഒരു കാളയെയും കഴുതയെയും ഒരുമിച്ചു നുകത്തില്‍ കെട്ടി ഉഴുന്നത്.. വ്യത്യസ്ത മൂലങ്ങളില്‍ നിന്നുള്ള രണ്ടു നൂലുകള്‍ കൊണ്ടുണ്ടാക്കിയ തുണി കൊണ്ടുള്ള വസ്ത്രം ധരിക്കല്‍... ദൈവം രണ്ടായി സൃഷ്ടിച്ചവയെ ഒരുമിപ്പിക്കുന്നത് ഒഴിവാക്കല്‍ .. അനിശ്ചിതഫലം ഉണ്ടായേക്കാവുന്ന ഒരു സംരഭം ..” (P.39,40)  ഒഴിവാക്കേണ്ടതാണ് എന്ന നിലപാട് അയാള്‍ വീണ്ടും ആവര്‍ത്തിക്കുക ഷംസയുമായി ഒടുവില്‍ പിരിയുന്ന ഘട്ടത്തില്‍ കൂടിയാണ്: “ രണ്ടു ശുദ്ധ ഇനങ്ങളുടെ ആത്യന്തിക മാതൃകകള്‍ക്കിടയില്‍ കൃത്യമായി വരക്കപ്പെട്ട അവ്യക്ത അതിരുകള്‍ ഏതുരീതിയില്‍ മായ്ക്കപ്പെടുന്നതും ലോകത്തിലെ വ്യവസ്ഥക്കുമേല്‍ വിനാശം കൊണ്ടുവരും, ദുഷ്ട ശാപങ്ങള്‍ വിജയിക്കും” (P.171). ഈ വൈരുധ്യം നോവലിസ്റ്റിന്റെ നിലപാടിനും ആഖ്യാതാവിന്റെ നിലപാടിനും ഇടയിലെ വൈരുധ്യത്തെയാവാം സൂചിപ്പിക്കുന്നത്. കുര്‍ദിഷ് കഥാപാത്രത്തെ നോവലില്‍ അവതരിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി താന്‍ വളര്‍ന്നുവന്ന ലബനോനിലെ കുര്‍ദ് വിരുദ്ധ വികാരത്തെ കുറിച്ച് നോവലിസ്റ്റ് നിരീക്ഷിക്കുകയുണ്ടായി: അവര്‍ തീര്‍ത്തും പാര്‍ശ്വവല്‍കൃതരും അന്യരുമായിരുന്നു, ഏറ്റവും ദരിദ്രരായ ലബനന്‍കാരെക്കള്‍ കഷ്ടമായിരുന്നു അവരുടെ അവസ്ഥ. ഷംസയെപ്പോലെ കടും ചായത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമായിരുന്ന ഒരു കുര്‍ദ് പരിചാരിക തന്റെ വീട്ടിലും ഉണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബഹുവര്‍ണ്ണ വസ്ത്രങ്ങളോടുള്ള പ്രതിപത്തി പോലെ, കുര്‍ദ് ആഘോഷങ്ങളെ കുറിച്ചും സംസ്കാരത്തെ കുറിച്ചുമുള്ള വിവരണങ്ങളും ചേര്‍ന്ന് ലബനോനിന്റെ പലപ്പോഴും അവഗണിക്കപ്പെട്ട വംശീയ വൈവിധ്യങ്ങള്‍ക്കൂടി നോവലില്‍ ഇടം കണ്ടെത്തുന്നുവെന്നു നിരീക്ഷിക്കപ്പെടുന്നു (Rebecca Dyer).   

 

References:

(1). (Fatma H. Taher, ‘Hoda Barakat’s Tiller of the Waters and The Stone of Laughter: A Reflection on Gender and Sexism in Times of Wars’, Pertanika J. Soc. Sci. & Hum. 21 (S): 173 - 186 (2013)).

(2). (Rebecca Dyer, ‘Representations of the Migrant Domestic Worker in Hoda Barakat’s Harith Al-Miya and Danielle Arbid’s Maarek Hob’, College Literature 37.1 [Winter 2010]).

 

Friday, November 15, 2024

They Die Strangers (1971) Mohammad Abdul-Wali (Yemen) / Abubaker Bagader & Deborah Akers

മൃതിയിലും അന്യരായി : അബ്ദുല്‍ വാലിയുടെ യമന്‍



യമനി സാഹിത്യം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്നും അതില്‍ത്തന്നെ കഥാഖ്യാന വിഭാഗം അതീവപ്രാധാന്യം നേടിയെടുത്തുകൊണ്ടിരിക്കുന്നു എന്നും സമകാലിക വികാസങ്ങള്‍ മുന്‍ നിര്‍ത്തി നിരീക്ഷിക്കപ്പെടുന്നു. യമനി കവിതക്ക് പതിറ്റാണ്ടുകളുടെ ഊര്‍ജ്ജസ്വലമായ പാരമ്പര്യം ഉണ്ടെങ്കിലും, ഇതര അറബ് ദേശങ്ങളെ പോലെത്തന്നെ, ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് ചെറുകഥയും നോവലും യമനി കവിതയോടൊപ്പം പ്രാധാന്യം നേടിയെടുത്തു തുടങ്ങിയത്. യമനില്‍  നോവലിന്റെ വികാസം പിന്നെയും വൈകി 1960-കളോടെയാണ് ശക്തമാകുന്നത്. വടക്കന്‍ യമനില്‍ ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന മതാധിപത്യം അവസാനിപ്പിച്ച 1962-ലെ വിപ്ലവാനന്തര കാലവും, അറുപതുകളില്‍ ആദേനില്‍ (Aden) ശക്തമായ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പ്പും ആധുനിക കഥാഖ്യാന സംസ്കാരത്തെ പോഷിപ്പിച്ച ഘടകങ്ങളായിരുന്നു. ആധുനിക അറബ് ആഖ്യാന പാരമ്പര്യം യൂറോപ്യന്‍ സാഹിത്യത്തിന്റെ അനുരണനം ആയിരുന്നതുകൊണ്ട് കൊളോണിയല്‍ ശക്തിയെന്ന നിലയില്‍ പാശ്ചാത്യ സ്വാധീനം നിലനിന്ന ആദേന്‍ പോലുള്ള ഇടങ്ങളില്‍ അതിന്റെ വളര്‍ച്ച ശക്തമായത് സ്വാഭാവികവുമായിരുന്നു. കൊളോണിയല്‍/ ബ്രിട്ടീഷ് വിരുദ്ധ ഉള്ളടക്കം ആദ്യം മുതലേ യമനി സാഹിത്യത്തിന്റെ പ്രഭവം ആയിത്തീര്‍ന്നതും അതുകൊണ്ട് തന്നെ (1.)

യമനി സംഘര്‍ഷം സംബന്ധിച്ച ‘വിഭാഗീയതാ മാതൃക’ (sectarian paradigm) അതിനെ സുന്നി-ഷിയാ സംഘര്‍ഷമെന്ന ലളിത യുക്തിയില്‍, ഏതാണ്ട് ‘സംസ്കാരങ്ങളുടെ സംഘര്‍ഷ സിദ്ധാന്തത്തെ പോലെ, വിവരിക്കുന്നുവെന്നും നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന സാംസ്കാരിക വിഭജനത്തില്‍ സംഘര്‍ഷത്തെ സമൂലമായി നിബന്ധിക്കുന്നു എന്നും സൗദിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബോംബിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരു മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ലേഖനം നിരീക്ഷിച്ചു (2.). പ്രസ്തുത പശ്ചാത്തലത്തില്‍, യമനി സാഹിത്യത്തിന്റെ സമകാലിക അവസ്ഥയെ കുറിച്ച് ലേഖനം നടത്തുന്ന നിരീക്ഷണങ്ങള്‍ അതീവ ശ്രദ്ധേയമാണ്: പ്രസിദ്ധീകരണ സൌകര്യങ്ങളുടെ പരിതാപകരമായ അവസ്ഥ എന്ന യാഥാര്‍ത്ഥ്യം ഇരിക്കിലും, യമനി സഹിത്യം കാലങ്ങളായി ദേശം നേരിട്ട അധിനിവേശം, ആഭ്യന്തര യുദ്ധം, അഴിമതി, ദാരിദ്ര്യം തുടങ്ങി, മീഡിയ നിരന്തരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആ ലളിത വല്‍ക്കരണത്തിനും അപ്പുറത്തുള്ള ദേശീയ പരിതോവസ്ഥകളുടെ ഒരു പ്രിസം ആയി വര്‍ത്തിക്കുന്നു. 2014 മുതല്‍ യമനി നോവല്‍ സാഹിത്യത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടം ഇരുപതാം നൂറ്റാണ്ടുമുതല്‍ ഇതര അറബ് ദേശങ്ങളില്‍ കഥ, നോവല്‍ സാഹിത്യ ശാഖകളില്‍ ഉണ്ടായ ഉണര്‍വ്വിന്റെ വൈകിയ തുടര്‍ച്ചയായി വിലയിരുത്തപ്പെടുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം എട്ടു നോവലുകള്‍ മാത്രം പിറന്ന രാജ്യത്ത് ആ വര്‍ഷം  ഇരുപതു നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു; മൊത്തം അന്ന് വരെ രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പത്തു ശതമാനം. സര്‍വ്വാധിപത്യം, ചെറുത്തുനില്‍പ്പ്, രാഷ്ട്രാന്തരീയ ബന്ധങ്ങള്‍, ലിംഗ പദവി യാഥാസ്ഥിതികതയുടെ വിമര്‍ശനം എന്നതൊക്കെ ഈ പുതിയ സാഹിത്യം പ്രതിഫലിപ്പിച്ചു.

കൊളോണിയല്‍/ പോസ്റ്റ്‌കൊളോണിയല്‍ ദേശീയ പ്രമേയങ്ങളില്‍ നിന്ന് കലാരൂപമെന്ന രീതിയിലേക്ക് എഴുത്തിനെ പരിവര്‍ത്തിപ്പിക്കുന്നതില്‍ അഗ്രഗാമിയായിത്തീര്‍ന്ന, അതീവ സജീവമെങ്കിലും ഹ്രസ്വ ജീവിതത്തിന്റെ ഉടമയായിപ്പോയ മുഹമ്മദ്‌ അബ്ദുല്‍വാലി (1941-1973) രചിച്ച ഏതാനും ചെറുകഥകളും രണ്ടു നോവലുകളും യമനി സാഹിത്യത്തില്‍ ഏറെ പ്രാധാന്യമുള്ളവയാണ്. 1990ല്‍ തെക്കന്‍ യമനുമായി യോജിച്ചു റിപ്പബ്ലിക് ഓഫ് യമന്‍ രൂപീകരിക്കും വരെ വടക്കന്‍ യമനിന്റെ ഭരണം കയ്യാളിയ ഹമ്മാദ് അല്‍ ദീനിന്റെ ഏകാധിപത്യ ഇമാമത്തിനെതിരെ പോരാടിയ ആദ്യകാല റിപ്പബ്ലിക്കന്‍ വിപ്ലവകാരിയായിരുന്നു അബ്ദുല്‍ വാലിയുടെ പിതാവ്. അദ്ദേഹം എത്യോപ്യയിലേക്ക് കുടിയേറി അവിടത്തുകാരിയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് ‘പാതി അറബ് ആയാണ് അബ്ദുല്‍ വാലി ജനിച്ചതും വളര്‍ന്നതും. മോസ്കോയിലെ ഗോര്‍ക്കി ഭവനില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം കമ്യൂണിസ്റ്റ് ആയിത്തീര്‍ന്നു. അദ്ദേഹത്തിന്റെ സാഹിത്യ സപര്യയില്‍ വലിയൊരു പങ്ക് യമനി കുടിയേറ്റക്കാരുടെയും യമനി-ആഫ്രിക്കന്‍ വിവാഹത്തിലെ സന്തതികളുടെയും അവസ്ഥകളെ ആവിഷ്കരിക്കുന്നതാണ്. ഈ സമീപനങ്ങളുടെ ഉറവിടം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണെന്നു വ്യക്തമാണ്‌. കവിയുടെ സ്ഥായിയായ ഭാവം ‘എല്ലായിപ്പോഴും, എല്ലായിടത്തും അസ്വസ്ഥത നിറഞ്ഞതാണ്‌ എന്ന ചെസ്ലാവ് മിലോചിന്റെ നിരീക്ഷണത്തിന് അബ്ദുല്‍ വാലിയുടെ ജീവിതം തന്നെ മികച്ച ഉദാഹരണമാണ് എന്നു ഗ്രിഗറി ജോണ്‍സണ്‍ നിരീക്ഷിക്കുന്നു (3).  ദീര്‍ഘ കാലം കാത്തിരുന്നതിന് ശേഷം പ്രിയപ്പെട്ട ജന്മനാട്ടിലേക്കുള്ള തിരിച്ചുപോക്ക് യാഥാര്‍ത്ഥ്യമാകുന്നതിനു തൊട്ടുമുമ്പ് സംഭവിക്കുന്ന കഥാനായകന്‍ അബൂ സഈദിന്റെ മരണം “മിഡില്‍ ഈസ്റ്റ്, തെക്കന്‍ യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍ എങ്ങും ചിതറിപ്പോയ മില്ല്യന്‍ കണക്കിന് യമനി കുടിയേറ്റക്കാരുടെ തീര്‍ത്തും സാധാരണമായ വിധിയാണ്” (4).

ഇമാമത്തിനു കീഴിലെ കിരാത ഭരണത്തിന്റെ അന്ത്യ ദശകങ്ങള്‍ ആഭ്യന്തര യുദ്ധത്തിനും വ്യാപകമായ അസ്വാസ്ഥ്യങ്ങള്‍ക്കും തുടക്കം കുറിച്ചതോടെ ഫിക് ഷന്‍ രചന ദുസ്സാധ്യമാകുന്ന സാഹചര്യമുണ്ടായത് കവിതയുടെ അപ്രമാദിത്തത്തിലേക്ക് നയിച്ചു. എന്നാല്‍ ആഭ്യന്തര യുദ്ധം അവസാനിച്ചതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ‘യമനി നോവലിന്റെ സുവര്‍ണ്ണ കാല’ത്തിനു തുടക്കം കുറിച്ചു. മുഹമ്മദ്‌ അബ്ദുല്‍ വാലിയുടെ They Die Strangers (1971) യമനിലെ ജനപ്രിയ സാഹിത്യത്തിന്റെ ഉദയം അടയാളപ്പെടുത്തി. ഇമാമത്ത് ഭരണം ഈ കൃതിയിലും പ്രകടമാകുന്നത്, അടിച്ചമര്‍ത്തലും ദാരിദ്ര്യവും തന്നെയാണ് മുഖ്യകഥാപാത്രത്തിന്റെ കുടുംബത്തെ പോലുള്ളവര്‍ ചെങ്കടല്‍ കടന്നു എത്യോപ്യയിലേക്കും മറ്റും യമനി കുടിയേറുന്നതിനു കാരണം എന്ന പശ്ചാത്തലത്തിലാണ്. കുടിയേറ്റക്കാര്‍ ജന്മദേശത്തോട് അങ്ങേയറ്റം കൂറു പുലര്‍ത്തുകയും Free Yemeni Party യുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ക്കു കയ്യയച്ചു സഹായം ചെയ്യുകയും ചെയ്യുന്നുണ്ട്. യമനി പിതാവിന്റെയും എത്യോപ്യന്‍ മാതാവിന്റെയും മകനായ അബ്ദുല്‍ വാലിയുടെ കൃതിയില്‍ യമനും ഈസ്റ്റ് ആഫ്രിക്കയും തമ്മിലുള്ള സാമൂഹിക സാമ്പത്തിക ബന്ധങ്ങള്‍ മാത്രമല്ല അന്വേഷിക്കപ്പെടുന്നത്. പ്രസ്തുത സമൂഹം നേരിടുന്ന കറുത്തവര്‍ഗ്ഗക്കര്‍ക്കെതിരായ വംശീയ വിരോധവും സങ്കര സന്തതികളുടെ ദുരന്തങ്ങളും ആഴത്തില്‍ നിരീക്ഷിക്കപ്പെടുന്നു. 

അബ്ദുല്‍ വാലിയുടെ ഏറ്റവും ശക്തമായ രചനയായി കണക്കാക്കപ്പെടുന്ന "They Die Strangers" (ഇംഗ്ലീഷ് വിവര്‍ത്തനം-2002- They Die Strangers: A Novella and Stories from Yemen) എന്ന അമ്പതു പേജോളം വരുന്ന ഒരു നോവെല്ല പുസ്തകത്തിലെ ഏറ്റവും ആത്മകഥാപരമായ രചനയാണ്. “എത്യോപ്യയില്‍ പശ്ചാത്തലമാക്കുന്ന കഥ ഒരേസമയം സഫലീകരിക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതുമായ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും കഥയാണ്, എന്നാല്‍ അതിനപ്പുറം അത് സ്വത്വാന്വേഷണത്തിന്റെയും സംസ്കാരങ്ങള്‍ക്കിടയില്‍ കഴിയുന്ന മനുഷ്യര്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങളുടെയും കഥയാണ്” (Johnsen & Johnson). “സെക്രട്ടറി ഒരു വേരില്ലാത്ത വൃക്ഷം പോലെയായിരുന്നു; അയാള്‍ ആരുമായിരുന്നില്ല. അതേ, ആരുമായിരുന്നില്ല” (പേജ്: 56) എന്ന നോവലിലെ പാത്ര വിവരണം നോവലിസ്റ്റിനെ കുറിച്ചും ശരിയാണ്. “അയാള്‍ ആരായിരുന്നു? എല്ലാവരും അയാളെ ‘മുവല്ലദ്’ എന്ന് വിളിച്ചു, ‘പാതി സങ്കരം’. അയാളുടെ ദേശം എവിടെയായിരുന്നു? ആരായിരുന്നു അയാളുടെ ജനത?” (പേജ്. 56). നോവല്‍ അന്ത്യത്തില്‍ ഒരു ശ്മശാനത്തില്‍ വെച്ചു സെക്രട്ടറി മറ്റൊരു ‘മുവല്ലദ്’ ബാലകനോട് ചോദിക്കുന്നു: “എവിടെയാണ് നമ്മുടെ ദേശം? നാം അവരെക്കാള്‍ അന്യരാണ്. നമുക്കു ദേശമില്ല. നമ്മളാണ് എല്ലാത്തിലും വെച്ച് നഷ്ടപ്പെട്ടവര്‍” (പേജ്: 65).

പ്രവാസാനുഭവത്തിന്റെ ഏറ്റവും വിശദമായ വിവരണം എന്നു കണക്കാക്കപ്പെടുന്ന നോവെല്ല (5). (The complete review's Review), പത്തുവര്‍ഷമായി അദീസ് അബാബയില്‍ ഒരു കടയുടമയായി പ്രവര്‍ത്തിക്കുന്ന അബ്ദുസഈദ് എന്ന യെമനി പ്രവാസിയുടെ കഥ പറയുന്നു. അയാളെ കുറിച്ചോ എങ്ങനെയാണു അയാള്‍ അയാള്‍ അവിടെയെത്തി കച്ചവടം തുടങ്ങിയത് എന്നതിനെ കുറിച്ചോ ആര്‍ക്കും കാര്യമായ അറിവില്ല. എന്നാല്‍ അയാള്‍ പൊതുവേ ജനസമ്മതനാണ്, സ്ത്രീകള്‍ക്കു പ്രിയങ്കരനാണ്, അയാള്‍ക്ക് നല്ല വ്യാപാരവുമുണ്ട്. എന്നാല്‍ അയാളുടെ കയ്യില്‍ അത്ര പണമുണ്ട് എന്ന സൂചനയൊന്നും അയാളുടെ ജീവിത രീതിയിലില്ല. സത്യത്തില്‍ അയാള്‍ക്ക് യമനില്‍ ഭാര്യയും മകനുമുണ്ട്. അങ്ങോട്ടാണ് അയാളുടെ സമ്പാദ്യം പോകുന്നതും. അവിടെ തന്റെ അഭാവത്തില്‍ താന്‍ അയക്കുന്ന പണം കൊണ്ട് ഉയരുന്ന വമ്പന്‍ വീട്ടില്‍ തിര്കെയെത്തി കുടുംബത്തോടൊപ്പം ജീവിക്കുക എന്നതാണ് അയാളുടെ സ്വപ്നം. അതേസമയം, അയാളെ തേടിയെത്തുന്ന പെണ്‍സൌഹൃദങ്ങളെ വേണ്ടുവോളം അയാള്‍ ആസ്വദിക്കുന്നുമുണ്ട് എന്നതാണ് അദീസ് അബാബയിലെ അയാളുടെ നേരമ്പോക്ക്. അയാളുടെ ചായയുള്ള കുട്ടികള്‍ പരിസരങ്ങളില്‍ ഉണ്ടെന്നതും രഹസ്യമല്ല. അതിലൊരുത്തി ഒരു കുഞ്ഞിനെ അനാഥനാക്കി മരണമടയുമ്പോള്‍ അതൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ പ്രാദേശിക മുസ്ലിംകള്‍ അയാളോട് അഭ്യര്‍ഥിക്കുന്നു: അല്ലാത്ത പക്ഷം ഒരു മുസ്ലിം ബാലകന്‍ ക്രിസ്ത്യന്‍ സംരക്ഷണത്തില്‍ വളരുകയും അവന്റെ ആത്മാവ് ദൈവനിഷേധത്തിന്റെ പാപത്തില്‍ പതിക്കുകയും ചെയ്യില്ലേ? “നമുക്കീ മുസ്ലിം കുട്ടികളെ നര്കത്തിലക്കെ പോകാന്‍ വിടാനവുമോ?

അബ്ദുസഈദിന്റെ ജീവിതപ്രതിസന്ധികളും ജന്മദേശത്തേക്കു തിരകെ പോകാനുള്ള അഭിലാഷവും മുതല്‍ അക്കാലത്തു അദീസ് അബാബയില്‍ ജീവിച്ച സങ്കരവര്‍ഗ്ഗ കുഞ്ഞുങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ വരെ ഒട്ടേറെ സാമൂഹിക ഉത്കണ്ഠകള്‍ ചുരുങ്ങിയ പേജുകളില്‍ കേന്ദ്രീകരിക്കുന്നതിലൂടെ രാഷ്ട്രീയ സാംസ്കാരിക തലങ്ങളിലേക്ക് പുസ്തകത്തിന്റെ വലിപ്പത്തിനപ്പുറമുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന ഒന്നായി നോവെല്ല മാറുന്നുണ്ട്. പ്രവാസത്തെ സുരക്ഷിതവഴിയായി തെരഞ്ഞെടുക്കുകയും അതേസമയം നാടിന്റെ മോചനസ്വപ്നങ്ങളെ കുറിച്ച് വാചാലരാകുകയും ചെയ്യുന്നത്തിലെ ഇരട്ടത്താപ്പിനെ കുറിച്ചു ‘സങ്കരസന്തതികളുടെ’ സംഘടനയുടെ സെക്രട്ടറി നടത്തുന്ന  നിരീക്ഷണം കുറിക്കു കൊള്ളുന്നതാണ്:

“ഇല്ല, സാര്‍, നിങ്ങള്‍ നിങ്ങളുടെ വിമോചന ലക്ഷ്യവുമായൊന്നുമല്ല വന്നത്. നിങ്ങള്‍ ഇമാമിന്റെ പ്രേതത്തെ ഭയന്ന് രക്ഷപ്പെട്ടു വന്നതാണ്‌. നിങ്ങള്‍ ഭീരുവായിരുന്നു. ശരിക്കും നാടിനെ മോചിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിചിരുന്നുവെങ്കില്‍, എനിനാണ് നിങ്ങള്‍ വിവാഹം കഴിക്കുയും പിതവകുകയും ചെയ്തത്? ഞാന്‍ തുറന്നു പറയാം, നിങ്ങളൊരിക്കലും നിങ്ങളുടെ നാടിന്റെ മോചകരാകുകയില്ല. അത് വിമോചിതമാകുനുവെങ്കില്‍, അതവിടെ നിന്നവരെകൊണ്ടായിരിക്കും, അല്ലെങ്കില്‍ ഞങ്ങളിലൂടെ.”

പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിനു വേണ്ടി എഴുതിയ ആമുഖത്തില്‍, 1962 മുതല്‍ 1970 വരെ വടക്കന്‍ യെമനിനെ പ്രക്ഷുബ്ധമാക്കിയ ആഭ്യന്തര യുദ്ധത്തെ കുറിച്ചു ഷെലാഗ് വിയെര്‍ (Shelagh Weir)  ചര്‍ച്ച ചെയ്യുന്നുണ്ട്. ലേഖനം, നോവലിലെ ആത്മകഥാംശത്തെ കൃത്യമായും സൂചിപ്പിക്കുന്നുമുണ്ട്. സുന്നി മേധാവിത്തമുള്ള ഗവര്‍മെന്റും ഹൂതി, ഷിയാ റിബല്‍ ഗ്രൂപ്പുകളും സജീവമായ യമനിലെ സംഘര്‍ഷങ്ങളുടെ ചരിത്ര സമാന്തരങ്ങള്‍ ഇന്നും പ്രസക്തമാണ്. അബ്ദുല്‍ വാലി തന്നെയും നേരിട്ട പ്രതിസന്ധി, നോവെല്ലയിലെ കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകളില്‍ കാണാം. യമനില്‍ ജനിച്ചുവെങ്കിലും ഏതാണ്ടു മുഴുവന്‍ ജീവിതകാലവും എത്യോപ്യയില്‍ കഴിഞ്ഞ അദ്ദേഹത്തെ എത്യോപ്യന്‍ സമൂഹം അന്യനായിക്കണ്ടു. താന്‍ ജീവിക്കുന്ന ചുറ്റുപാടിലും സംസ്കാരത്തിലും അന്യനായി കണക്കാക്കപ്പെടുക എന്ന പ്രമേയം അബ്ദുല്‍വാലിയുടെ കൃതികളില്‍ ഉടനീളം പ്രകടമാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു (6). യമനി രാഷ്ട്രീയവും എഴുത്തുകാരന്റെ ജീവിതവും തമ്മിലുള്ള അകലത്തെ കുറിച്ചു നോവലിലെ നിരീക്ഷണവും അബ്ദുല്‍ വാലിയെ സംബന്ധിച്ച് കൃത്യമാണ്. ഒരു സ്വീഡിഷ് വനിതയെ വിവാഹം ചെയ്തതിനെ കുറിച്ചും ഏവിയേഷന്‍ അതോറിറ്റിയില്‍ ഉന്നത പദവി അലങ്കരിക്കുന്നതിനെ കുറിച്ചും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ രണ്ടുവര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നതിനെ കുറിച്ചുമുള്ള വിവരണങ്ങളും തികച്ചും ആത്മാശം ഉള്ളവ തന്നയാണ്. 1973ല്‍ ആദേനില്‍ നിന്ന് ഹദര്‍മൌത്തിലെക്കുള്ള യാത്രക്കിടെ വിമാനം തകര്‍ന്നു മരിക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ആയി, തന്റെ യെമനി ഭാര്യയുടെ മരണ ശേഷം വിവാഹം ചെയ്ത സ്വീഡന്‍കാരിയായ ഭാര്യയും കുറെയേറെ മക്കളും ഉണ്ടായിരുന്നു അബ്ദുല്‍ വാലിക്ക്.

References:

(1.)                Günther Orth, ‘Young Yemeni Literature Is Looking for Its Place’, Neue Zürcher Zeitung, 12 June 2004, https://en.qantara.de/content/background-gunther-orth-young-yemeni-literature-is-looking-for-its-place. Accessed 05.02.21

(2.)                Middle East Monitor, ‘Yemen through its literature: A nation besieged’, May 5, 2015, https://www.middleeastmonitor.com/20150505-yemen-through-its-literature-a-nation-besieged/. Accessed 05.02.21

(3.)                Johnsen, Gregory D., and Gregory D. Johnson. The Arab Studies Journal, 12/13, no. 2/1, 2004, pp. 194–196. JSTOR, www.jstor.org/stable/27933915. Accessed 5 Feb. 2021

(4.)                Richard Michelet Grimsrud, ‘Phoenix Rising from Desert Sands: the Modern Arabic Novella in the Arab Spring’, Academia.edu, P. 96

(5.)                https://www.complete-review.com/reviews/arab/abdulwm.htm

(6.)                Marco Palladino. ‘“They Die Strangers” Book Analysis’,OurPolitics.net, 17.05-4.2017, https://ourpolitics.net/they-die-strangers-book-analysis-2/. Accessed 5 Feb. 2021