ഹുദാ ബറകാത് വരയ്ക്കുന്ന ശ്വാനദിനങ്ങള്‍
ലബനോനിലെ മാരോനൈറ്റ് ക്രിസ്ത്യന്‍ പട്ടണമായ
ബഷാരെയില്‍ ജനിച്ചു വളര്‍ന്ന ഹുദ ബരകാത് (ജനനം: 1952), ആഭ്യന്തര യുദ്ധം
പൊട്ടിപ്പുറപ്പെട്ട 1975ല്‍ പാരീസില്‍ ഗവേഷണ പഠനത്തിലായിരുന്നുവെങ്കിലും സംഘര്‍ഷത്തിന്റെ
പശ്ചാത്തലത്തില്‍ അതവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. സംഘര്‍ഷത്തിന്റെ
മുഴുവന്‍ കാലവും നാട്ടില്‍ത്തന്നെ കഴിച്ചുകൂട്ടിയ ഘട്ടത്തിലാണ് അവര്‍ തന്റെ
കൃതികളെല്ലാം എഴുതിയത്. പാര്‍ട്ടിയോ ദേശീയ പശ്ചാത്തലമോ നോക്കാതെ മാനുഷിക
ദുരിതങ്ങളെയും അടിച്ചമര്‍ത്തലിനെയും കുറിച്ചു സത്യം പറയുന്നതില്‍ ഊന്നുക എന്നതാണ്
ബുദ്ധിജീവികളുടെ കടമ എന്ന എഡ് വാര്‍ഡ് സൈദിന്റെ നിലപാടാണ് ഹുദാ ബറകാതിന്റെ
എഴുത്തിന്റെ നാഴികക്കല്ലെന്നും അവര്‍ തന്നെത്തന്നെയും തന്റെ കഥാപാത്രത്തെയും
ബോധപൂര്‍വ്വം അന്യവല്‍ക്കരിക്കുകയും അതുവഴി ഭൂതകാലത്തിലേക്ക് ഊളിയിടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
സ്വത്വത്തെ സൂക്ഷ്മപഠനത്തിനു വിധേയമാക്കുന്നു ചെയ്യുന്നു എന്നും ഫാത് മ താഹര്‍
നിരീക്ഷിക്കുന്നു (1). 1975ല്‍ പൊട്ടിപ്പുറപ്പെട്ട ലബനീസ് ആഭ്യന്തര യുദ്ധം പതിനാല് വര്‍ഷം
നീണ്ടുനില്‍ക്കുകയും ഒരു ലക്ഷത്തോളം പേരെ കൊന്നൊടുക്കുകയും ചെയ്തു. യുദ്ധത്തിന്റെ
ഭീകര നിമിഷങ്ങളേയും അതുണ്ടാക്കിയ മനശാസ്ത്രപരമായ ആഘാതങ്ങളെയും ചരിത്രപരവും
സാമൂഹികവും നരവംശ ശാസ്ത്രപരവും ജീവശാസ്ത്രപരവുമായ വീക്ഷണങ്ങളില്‍ ഒട്ടേറെ എഴുത്തുകാര്‍
അവതരിപ്പിച്ചു. ഇത്തരം
സാഹചര്യത്തില്‍ എഴുത്ത് ബുദ്ധിജീവികളുടെ ചെറുത്തുനില്‍പ്പു രൂപമായിത്തീരുന്നതിന്റെ
ശക്തമായ മാതൃകയാണ് ഹുദാ ബറകാതിന്റെ രചനാലോകം. അവര്‍ വ്യക്തിയുടെ വിധിയെ
പുരുഷാധികാര ധാരണകളിലും വൈരുധ്യങ്ങളിലും രൂഢമായ സമൂഹിക ഭാഗധേയത്തിന്റെ അവിഭാജ്യ ഘടകമായി
ആവിഷ്കരിക്കുന്നു; യുദ്ധം ആ ധാരണകളുടെ നികൃഷ്ട വശങ്ങളെ പുറത്തുകൊണ്ടുവന്നു. “അവരുടെ
കൃതികള്‍ യുദ്ധത്തെ, തുടര്‍ന്നുണ്ടായ നശീകരണത്തെ, ജനജീവിതത്തില്‍ അതുണ്ടാക്കിയ
മാറ്റങ്ങളെ നിശിതമായും സമഗ്രമായും
പ്രതിഫലിപ്പിക്കുന്നു” (Fatma H. Taher).
ബറകാതിന്റെ
നിലപാടുകളുടെ കൃത്യമായ ആവിഷ്കാരം കാണാനാകുന്ന കൃതിയാണ് 2001ല്‍ പുറത്തിറങ്ങിയ The
Tiller of Waters. ആഭ്യന്തര
സംഘര്‍ഷത്തിലെ ബോംബിങ്ങില്‍ തകര്‍ന്ന ബൈറൂത്ത്, ബാക്കിയായ ദേശവാസികളെല്ലാം പലായനം
ചെയ്തതിനെ തുടര്‍ന്നു വിജനമായിരിക്കുന്നു. ഓര്‍മ്മകള്‍ ഇടമുറിയുകയും ഒളിച്ചു
കളിക്കുകയും ചെയ്യുന്ന നിഖുല മിത്രിയെന്ന അമ്പതിലെത്തിയ വസ്ത്ര വ്യാപാരി തെരുവുകളില്‍
പിന്തുടരുന്നത് പൊയ്പ്പോയ ജീവിതങ്ങള്‍ മാത്രമല്ല, സ്വന്തം ഓര്‍മ്മകളെ കൂടിയാണ്.
ഏതുനിമിഷവും ഉടലില്‍ തുളഞ്ഞിറങ്ങിയേക്കാവുന്ന വെടിയുണ്ടകളുടെ ശബ്ദം കേള്‍ക്കാം
അയാള്‍ക്ക്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ കുടുംബ സുഹൃത്തിന്റെ
വീട്ടിലായിരുന്ന നിഖുല തിരിച്ചെത്തുമ്പോഴേക്കും അഭയാര്‍ഥികള്‍ വീടു കയ്യടക്കിയത്
മൂലം ഇപ്പോള്‍ അയാളുടെ അഭയസ്ഥാനം, മുമ്പ് തന്റെ പിതാവിന്റെ സമ്പാദ്യമായ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ
ഗോ ഡൌണ്‍ ആയിരുന്ന, മനോഹര തുണിത്തരങ്ങള്‍ നിറഞ്ഞ നിലവറയാണ്. അവിടെ അയാള്‍
വൈവിധ്യത്തിന്റെയും വര്‍ണ്ണ രാജികളുടെയും ആഢംബരത്തില്‍ സന്തുഷ്ടനാണ്.
പുറത്തിറങ്ങുമ്പോള്‍ തെരുവുകള്‍ കീഴടക്കിയ നായ്ക്കളുടെ കൂട്ടം ഭീഷണ സാന്നിധ്യമായി
അവിടെയുണ്ട്. സ്വന്തം മൂത്രം കൊണ്ട് സംരക്ഷണ വലയം തീര്‍ത്തു അയാള്‍ രക്ഷ തേടുന്നു.
സുദീര്‍ഘവും ഗഹനവുമായ ആഖ്യാനങ്ങളിലൂടെ തന്റെ മാതാപിതാക്കളുടെയും പ്രണയിനിയായിരുന്ന
കുര്‍ദിഷ് പരിചാരിക ഷംസയുടെയും കഥകളോടൊപ്പം തുണിത്തരങ്ങളുടെയും നൂല്‍നൂല്‍പ്പിന്റെയും
ഉത്ഭവ,
വികാസ ചരിത്രവും അയാള്‍ ആവിഷ്കരിക്കുന്നു. ബൈസന്റൈന്‍, ഓട്ടോമന്‍, പേര്‍ഷ്യന്‍, ഇന്ത്യന്‍ ചരിത്രങ്ങളും സാംസ്കാരിക
സ്മൃതികളും നിറയുന്ന ഇത്തരം ദീര്‍ഘാഖ്യാനങ്ങള്‍ പൊയ്പ്പോയ കാലത്തെയും എല്ലാം
നഷ്ടപ്പെട്ട വര്‍ത്തമാനത്തെയും ഗൃഹാതുരതയുടെ അതിഭാവുകത്വമില്ലാത്ത ന്യൂനോക്തിയില്‍
വൈരുദ്ധ്യത്തില്‍ നിര്‍ത്തുന്നുണ്ട്. പുറത്തെ ചൂടും തണുപ്പും കാലുഷ്യങ്ങളും
പ്രവേശനമില്ലാത്ത നിലവറയില്‍ വൃത്തിയും പുതുമയുടെ ഗന്ധവുമുള്ള തുണിത്തരങ്ങളില്‍
പുതച്ചും അവയുടെ ഗന്ധം ശ്വസിച്ചും കഴിയുന്ന കഥാപാത്രം ഒരര്‍ത്ഥത്തില്‍ ആദിപിതാവിന്റെ
ഏകാന്തതയും സ്വച്ഛതയും അനുഭവിക്കുന്നുണ്ട്. തന്റെതായ ഒരു സുരക്ഷിത ഇടം (haven/ retreat) ഉണ്ടാക്കിയെടുക്കുകയാണ് അയാള്‍: ഹെമിംഗ് വേയുടെ യുദ്ധമുറിവേറ്റ (war-wound) കഥാനായകന്മാരെ പോലെ ഇത്തരം ‘പിന്മടക്ക’ത്തിനു സാഹിത്യത്തില്‍ ഒട്ടേറെ
മാതൃകകള്‍ ഉണ്ട്. അതുപക്ഷേ ആത്യന്തികമായി അവരെയാരെയും രക്ഷിക്കുകയില്ല; ആന്‍ ഫ്രാങ്കിന്റെ മച്ചുംപുറം (attic) പോലെ ദേശവിധിയുടെ ബലിക്കല്ല് അവരെ
തേടിയെത്തുന്നതിനിടയിലെ ഇടവേളകള്‍ മാത്രാകാം അത്. നിഖുലയുടെ വിധിയും
വ്യത്യസ്തമല്ല. യുദ്ധം പട്ടണത്തിന്റെ ബാഹ്യഭൂമിക മുഴുവന്‍ തകര്‍ത്തുകളയുമ്പോള്‍ അയാള്‍
തന്റെ പട്ടണത്തിന്റെ ചരിത്രം കഥകളിലൂടെ പുനസൃഷ്ടിക്കുന്നു. എന്നാല്‍ കഥകള്‍
പറഞ്ഞുതീരും മുമ്പ് ഏതുരൂപത്തിലെന്നു തീര്‍ച്ചയില്ലാതെ അതേ തെരുവുകളില്‍ അയാള്‍
കൊല്ലപ്പെടുന്നു; തന്റെ മരണം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യമായി അയാളുടെ സ്വരം തന്റെ
പിതാവിന് നേരെ ഉയരുന്നു, അത് തെരുവുകളുടെ നശീകരണ ബഹളങ്ങളില്‍ മുങ്ങിപ്പോവുന്നു: “പിതാവേ, ആരാണ് എന്നെ കൊന്നത്? ആരാണ് എന്നെ കൊന്നത്? കാരണം ഞാന്‍ സ്വാഭാവിക മരണത്തിലല്ല
ഇല്ലാതായത്” (P.173). അയാള്‍ എല്ലാ സാധ്യതകളും പരിഗണിച്ചു
തള്ളിക്കളയുന്നു: അത് വിഷം കഴിച്ചയിരുന്നില്ല. മരണത്തിന്റെ മാലാഖയെ നേരിടാന്‍
തയ്യാറെടുത്തിട്ടായിരുന്നില്ല. ബുള്ളറ്റ്, കുഴിബോംബ്, പടയാളികള്‍, അങ്ങനെ എല്ലാസാധ്യതകളും അയാള്‍
സന്ദേഹിക്കുന്നു. “ഇടയ്ക്കിടെ എന്റെ മഞ്ഞളിച്ചു പോയ കണ്ണുകള്‍ ഇഷ്ടിക പതിച്ച വിശാല
വഴിയാകെ പ്രശാന്തമായ ജലപാളികളില്‍ മൂടിപ്പോകുന്നത് കാണുന്നു, അതുകൊണ്ട് എനിക്ക്
ആകാശവും തിളക്കമാര്‍ന്ന സെപ്തംബര്‍ ചന്ദ്രനും അതില്‍ പ്രതിഫലിക്കുന്നത് കാണാം. ആ
കാഴ്ച എന്റെ കസേരയില്‍ നിന്നെഴുന്നെല്‍ക്കാനും എല്ലാ ദിശകളിലേക്കും ഓടാനും എന്നില്‍
ആഗ്രഹാമുണ്ടാക്കുന്നു. അതിനെ നന്നായി ഉഴാന്‍. അപ്പോള്‍ ഞാന്‍ എന്നോട് തന്നെ
ചോദിക്കുന്നു,
ഞാനെന്തിനു അതിലേക്കു തിരികെ പോകാന്‍ ആഗ്രഹിക്കണം!. ഞെനെന്റെ ജീവിതം മുഴുവന്‍
ജലത്തില്‍ ഉഴുതുകൊണ്ടല്ലേ ചെലവഴിച്ചത്? അതല്ലേ, താത, നാം ഇപ്പോഴും ചെയ്തുകൊണ്ടിരുന്നത്?” ജീവിതത്തിന്റെ ആത്യന്തിക നിരര്‍ത്ഥകതയില്‍
ചെന്നു തൊടുന്ന ഈ അസ്തിത്വ സമസ്യയിലാണ് നോവല്‍ അവസാനിക്കുന്നത്. എന്നാല്‍, ഇത് ചോദിക്കുന്നയാള്‍ ജീവിതത്തിനും
മരണത്തിനും ഇടയില്‍ കുരുങ്ങിക്കിടപ്പല്ല എന്നതും ഇപ്പോള്‍ അയാളെ മഥിക്കുന്ന ചോദ്യം
താനെങ്ങനെ മരിച്ചു എന്നതുമാണ് എന്ന് കാണുമ്പോള്‍ വായനക്കാരില്‍ ഒരു നടുക്കം
സാധ്യമാണ്: അഥവാ, നാം കേട്ടുകൊണ്ടിരുന്ന ആഖ്യാനം നടത്തുന്നയാള്‍
ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ ഏതു ലോകത്തായിരുന്നു എന്നൊരു സംത്രാസം
നോവലന്ത്യത്തില്‍ സംഗതമാണ്.
തുണിത്തരങ്ങളുടെയും
നൂലുകളുടെയും സില്‍ക്കിന്റെയും പഠനം അയാള്‍ക്ക് ഒരു ആദിമ സ്മൃതിയുടെ പുനര്‍നിര്‍മ്മിതി
കൂടിയാണ്: “വസ്ത്രങ്ങളുടെ കെട്ടുകളും മുറുകിയ ബോള്‍ട്ടുകളും അവയുടെ സ്പൂളുകളില്‍
അഴിച്ചെടുത്തപ്പോള്‍ ഞാനെന്റെ ഭാവനയെ പ്രവര്‍ത്തന നിരതമാക്കി. വീട് ഫര്‍ണിഷ്
ചെയ്യുന്നതില്‍ എന്നെ നയിക്കാന്‍ അദമ്യമായ ആനന്ദത്താല്‍ പ്രചോദിതമായ എന്റെ
അഭിലാഷങ്ങളെ അനുവദിച്ചു” (P.40). ആഭ്യന്തര യുദ്ധം പ്രേതനഗരമാക്കിയ
പട്ടണത്തില്‍ അയാള്‍ ആരുമായും സമ്പര്‍ക്കം ആഗ്രഹിച്ചില്ല. സ്വയം വരിച്ച അന്യവല്‍ക്കരണത്തിലൂടെ
തിന്മകളുടെ ബാഹ്യലോകത്തെ അകറ്റി നിര്‍ത്തുന്ന കഥാപാത്രങ്ങള്‍ ആധുനിക സാഹിത്യത്തില്‍
ഒട്ടേറെയുണ്ട്. നോവലിലെ അതേ സാഹചര്യത്തില്‍, അതേ ബൈറൂത്തില്‍, സ്വന്തം വീട്ടില്‍ പുസ്തകങ്ങളുടെ ലോകത്ത്
സ്വയം പരിമിതപ്പെടുത്തിക്കഴിയുന്ന ആലിയ സാലിഹ് എന്ന എഴുപത്തിരണ്ടുകാരിയാണ് റാബിഹ്
അലമെദ്ദീന്‍ രചിച്ച ‘An Unnecessary Woman’ എന്ന നോവലിലെ നായിക. അങ്കോളന്‍
ആഭ്യന്തര യുദ്ധത്തിന്റെ ഭീകര കാലത്ത് യുദ്ധത്തോടൊപ്പം തുറസ്സുകളോടുള്ള ഭയവും (agoraphobia) മൂലം ഇഷ്ടികകള്‍ കൊണ്ടു സ്വയം തീര്‍ത്ത കുടുസ്സിനുള്ളില്‍
മുപ്പതുകൊല്ലക്കാലം തന്നെത്തന്നെ അടക്കിയ ലുഡോ എന്ന സ്ത്രീയെ പിന്തുടരുന്ന ഹോസെ
എദുവാര്‍ദോ അഗുവാലൂസയുടെ A General Theory of Oblivion മറ്റൊരു ഉദാഹരണമാണ്. യുദ്ധം
നേരിട്ടവതരിപ്പിക്കുക എന്നത് ഈ എഴുത്തുകാര്‍ ആരും തങ്ങളുടെ ദൌത്യമായി കാണുന്നില്ല.
നിഖുല പോരാളികളെയോ ഗുണ്ടകളെയോ അല്ല, തെരുവുകള്‍ കയ്യടക്കിയ ഭീഷണ
പ്രകൃതത്തിലേക്ക് മാറിയ ശ്വാന സംഘത്തെയാണ് കാണുന്നത്. അവയും അവയുടെ സ്വത്വം
മറക്കുകയും ചെന്നയ്ക്കളായി രൂപം മാറുകയും ചെയ്തിരിക്കുന്നു. “അവ ചെന്നയ്ക്കളാണ്, ഞാന്‍ എന്നോട് തന്നെ പറഞ്ഞു, അവ
കടിപിടിയില്‍ കൊല്ലപ്പെട്ട അവയുടെ കൂട്ടത്തില്‍ പെട്ട ഒന്നിന്റെ ഉടല്‍ തന്നെയാകും
പിച്ചിച്ചീന്തുന്നത് എന്ന ധാരണയില്‍. എന്നാല്‍ ഉരുണ്ടു പോയ, എന്റെ നേരെ വന്ന തല
ഒരു ശ്വാനന്റെത് ആയിരുന്നില്ല. അതൊരു മനുഷ്യന്റെത് ആയിരുന്നു” (P.50). ഈ ഭാഗം ക്രിസ് അബാനിയുടെ Song
for Night എന്ന
നോവെല്ലയില്‍ യുദ്ധം നരഭോജികളാക്കിയ സ്ത്രീകളുടെ നടുക്കുന്ന രംഗത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്; ഒപ്പം, വനാതിരുകളില്‍ ചിതറിക്കിടന്ന
കൊല്ലപ്പെട്ട സിവിലിയന്മാരുടെ ഉടലുകള്‍ തിന്നുശീലിക്കുകയും മനുഷ്യരും മൃഗങ്ങളും
തമ്മിലുള്ള സനാതന ഉടമ്പടി ലംഘിക്കുകയും നരഭോജികള്‍ ആയിത്തീരുകയും ചെയ്യുന്ന
സിംഹങ്ങളെ കുറിച്ചു Confessions of the Lioness എന്ന നോവലില്‍ മൊസാംബിക്കന്‍
നോവലിസ്റ്റ് മിയാ കൂട്ടോ നടത്തുന്ന നിരീക്ഷണങ്ങളെയും. എന്നാല്‍ ഒരു ഘട്ടത്തില്‍ നിഖുല
കണ്ടെത്തുന്നുണ്ട്, യജമാന്മാരെ നഷ്‌ടമായ ശ്വാനന്‍ തന്നില്‍ ഒരു പുതിയ യജമാനനെ
തേടുകയായിരുന്നു എന്ന്.
നിഖുലയുടെ
കഥയ്ക്കും സില്‍ക്ക് വസ്ത്രത്തിന്റെ കഥയും എന്നതിനൊപ്പം സമാന്തരമായി നോവലില്‍ വികസിക്കുന്ന
മറ്റൊരു സുപ്രധാന കഥ ഷംസയുടെതാണ്. കുര്‍ദ് ചരിത്രത്തിലെ ചതികളുടെയും വഞ്ചനകളുടെയും
കഥകള്‍ ഷംസയുടെ വാക്കുകളില്‍ നോവലില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. സുദീര്‍ഘമായ
തുര്‍ക്ക് – കുര്‍ദ് സംഘര്‍ഷങ്ങള്‍, അതാ തുര്‍ക്കിന്റെയും കേണല്‍
ബില്ലിന്റെ കീഴിലുള്ള ഇംഗ്ലീഷുകാരുടെയും മാറിമാറിയുള്ള ചതികളുടെയും കുര്‍ദ്
കൂട്ടക്കുരുതികളുടെയും പലായനങ്ങളുടെയും കഥ അവളുടെ ഓര്‍മ്മകളില്‍ സ്വന്തം പിതൃ
പരമ്പരയുടെ ദുരന്തങ്ങളായി പതിഞ്ഞു കിടപ്പുണ്ട്. അതിനുമപ്പുറം, കുര്‍ദുകളുടെ ഉത്ഭവത്തെ കുറിച്ച്
നോവലില്‍ വിവരിക്കപ്പെടുന്ന മിത്ത് സുലൈമാന്‍ രാജാവിന്റെ (സുലൈമാന്‍ നബി)
`കഥയുമായി ബന്ധപ്പെട്ടു നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്. നോട്ടത്തില്‍ തന്നെ ഒരു
സ്ത്രീയെ മുച്ചൂടും അറിയാനുള്ള സിദ്ധിയുണ്ടായിരുന്ന സോളമന്‍ രാജാവിന് തദ്ഫലമായി
ബാധിച്ച വിരക്തി മറികടക്കാനായി പടിഞ്ഞാറു നിന്നും കൊണ്ടുവരപ്പെട്ട എല്ലാം തികഞ്ഞ
നാനൂറു കന്യകമാരില്‍ ആ കഥ തുടങ്ങുന്നു. സുന്ദരിമാരില്‍ ആകൃഷ്ടരായ നാനൂറു ജിന്നുകള്‍
അവരുടെ വഴിതടയാന്‍ അനുവദിക്കണമെന്നു ജിന്നു രാജാവ് ജസാദിനോട് അഭ്യര്‍ഥിച്ചു.
സോളമന്‍ രാജാവിനു ദൈവം നല്‍കിയ സിദ്ധികളില്‍ അസൂയാലുവായ ജിന്നു രാജന്‍ ആവശ്യത്തില്‍
കൂടുതല്‍ അനുവദിക്കുകയും അതെ തുടര്‍ന്ന് സുന്ദരന്മാരായ രാജകുമാരന്മാരായി വേഷം
മാറിയ ജിന്നുകള്‍ അതിമനോഹരമായ വേഷ ഭൂഷകളോടും മനംമയക്കുന്ന ഗീതങ്ങളുമായി കന്യകമാരെ
വശീകരിക്കുകയും രാത്രി അവരോടൊപ്പം കഴിയുകയും ചെയ്തു. പിറ്റേന്ന് പുലര്‍ച്ചെ
മരുഭൂമിയില്‍ സ്വയം നഗ്നരായി കണ്ടെത്തിയ നാനൂറു സുന്ദരികള്‍ കന്യകമാര്‍ അല്ലാതായിക്കഴിഞ്ഞിരുന്നതുകൊണ്ട്
സോളമന്‍ രാജാവ് അവരെ തള്ളിക്കളഞ്ഞു – ‘കറാദ’ (karada) എന്ന പദം തള്ളിക്കലയലിനെ
സൂചിപ്പിച്ചു, ‘കുര്‍ദ്’ എന്നാല്‍ തള്ളിക്കളയപ്പെട്ടവര്‍ എന്നും. എന്നാല്‍, ഇതിനു വിപരീതമായി മറ്റൊരു
വ്യാഖ്യാനവും ഷംസ മുന്നോട്ടു വെക്കുന്നു. കുര്‍ദിഷ് ഭാഷയില്‍ ‘ധീരനായ വീരന്‍’ എന്നാണ് ‘കുര്‍ദ്’ എന്ന പദം അര്‍ത്ഥമാക്കുന്നത്.
‘ചെന്നായ’
എന്നോ ‘കാട്ടു പൂച്ച’ എന്നോ അര്‍ഥം വരുന്ന ‘കര്‍ഘ്’ (‘kargh’) ആവാം അതിന്റെ പദമൂലം എന്നും അവള്‍
അഭിപ്രായപ്പെടുന്നു. എന്തായാലും, നിഖുലയുടെ ജീവിതത്തിനു അര്‍ത്ഥവും നിറവും ജീവിതാശയും
പകര്‍ന്നവളായിരുന്നു ഷംസ: “ഷംസ, വളരെ കുറച്ചു ജനാലകള്‍ മാത്രമുണ്ടായിരുന്ന, അവ തന്നെയും ഭദ്രമായി അടക്കപ്പെട്ട
നിലയിലായിരുന്ന എന്റെ ജീവിതത്തെ പ്രകാശമാനമാക്കിയവള്‍” (P.42) എന്നു അയാള്‍ നിരീക്ഷിക്കുന്നുണ്ട്.
ഗാര്‍ഹിക
വേലക്കാരായ വിദേശി കുടിയേറ്റക്കാരുടെ ജീവിതാവസ്ഥകള്‍ മിഡില്‍ ഈസ്റ്റ്
സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെടുന്നതില്‍ ഹുദാ ബരകാത് ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുണ്ട്
എന്ന് നിരീക്ഷിക്കപ്പെടുന്നു (2). ലബനീസ് സംഘര്‍ഷങ്ങള്‍ ആഖ്യാനം
ചെയ്യുന്ന എഴുത്തുകാരില്‍ മിക്കയാളുകളും ‘ദേശത്തിന്റെ ആഭ്യന്തര വിഭജനങ്ങളും ലബനന്‍കാരുടെയും
പലസ്തീനികളുടെയും മേല്‍ യുദ്ധ ഭീകരതയുടെ ഫലങ്ങളും’ അവതരിപ്പിക്കുകയും
‘ഔദ്യോഗികമായി രാജ്യത്തിന്റെ ഭാഗമല്ലാത്ത ന്യൂനപക്ഷങ്ങളെ’ അവഗണിക്കുകയും ചെയ്തപ്പോള്‍ ബരകാത്
തന്റെ കൃതികളില്‍ സാങ്കേതികമായി മാത്രം ‘അന്യ’രായ ഈ വിഭാഗത്തില്‍
ശ്രദ്ധയൂന്നുന്നുണ്ട്. നാല് മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള നാട്ടില്‍ ഒന്നര ലക്ഷം
കുടിയേറ്റ ഗാര്‍ഹിക വേലക്കാരികളുണ്ടായിരുന്നു. കുടുംബാന്തരീക്ഷത്തില്‍ അസംതൃപ്തനായ
ഒരംഗം അവളുമായി പ്രത്യേക ബന്ധം സ്ഥാപിക്കുക എന്ന ഇതിവൃത്ത ഘടകത്തിലൂടെ കഥയെ ഗൃഹ
കേന്ദ്രിത നാടകീയതകളുടെ ഇടമാക്കി പരിവര്‍ത്തിപ്പിക്കാനും രാഷ്ട്രീയ അന്തര്‍
നാടകങ്ങകങ്ങളെ ഒട്ടൊന്നു പശ്ചാത്തലത്തിലേക്ക് ഒതുക്കാനും ഒപ്പം ദേശീയാഖ്യാനങ്ങളില്‍
ഈ കുടിയേറ്റ ഗാര്‍ഹിക വേലക്കാരികളുടെ പങ്ക് എന്ന സമകാലിക മിഡില്‍ ഈസ്റ്റ്
പ്രമേയത്തില്‍ സ്പര്‍ശിക്കാനും നോവലിസ്റ്റിനു കഴിയുന്നു. അമിതമായി ലാളിക്കപ്പെട്ട,
അലസ ജീവിതം നയിക്കുന്ന അടുപ്പില്‍ തീപൂട്ടി ശീലമില്ലാത്ത അമ്മയുടെ രീതികളുമായി
നേരെ എതിര്‍ ഭാവത്തിലാണ് കുഞ്ഞുന്നാളിലേ മധ്യവര്‍ഗ്ഗ ക്രിസ്ത്യന്‍ കുടുംബത്തില്‍
പരിചാരികയായി എത്തുന്ന ഷംസ അവതരിപ്പിക്കപ്പെടുന്നത്. തീരെ ചെറുപ്പമാണെങ്കിലും
ശാരീരിക വശ്യതയുടെ ഭാഷയിലാണ് ഷംസയെ ആഖ്യാതാവ് അവതരിപ്പിക്കുന്നത് എന്നതില്‍ ഗാര്‍ഹിക
വേലക്കാരികളോടുള്ള സമീപനത്തിന്റെ പതിവുകള്‍ കാണാം. അവള്‍ ആദ്യം മമ്മയുടെയും
പിന്നീട് നിഖുലയുടെയും ക്ഷമാശീലയായ ശ്രോതാവാണ്. സംഘര്‍ഷ ബാധിതമായ നഗരത്തില്‍, പുറത്തിറങ്ങാന്‍ കഴിയാത്ത ഡെക്കാമെറോണ്‍/
ഷെഹറെസാദ് സാഹചര്യത്തില്‍ അതൊരു വലിയ ഉത്തരവാദിത്തമാണ് താനും. എന്നാല്‍, തന്റെ ജനതയുടെ കഥ പോലുള്ള
ആഖ്യാനത്തിലേക്ക് അവള്‍ സ്വയം കടക്കുന്നു; ആഖ്യാതാവിനോട് കഥകള്‍ പറയാന്‍
ആവശ്യപ്പെടുകയും ചെയ്യുന്നു. ഇളംപ്രായക്കാരിയായ തന്റെ ജീവന്റെ പ്രകാശത്തെ തന്നില്‍
ചേര്‍ത്തു നിര്‍ത്താന്‍ പാകത്തില്‍, അടുത്ത ദിനത്തിലും അവളുടെ സാമീപ്യം
ഉറപ്പുവരുത്താന്‍ പാകത്തില്‍ കഥ പറച്ചില്‍ ക്രമപ്പെടുത്തുന്നതോടെ നിഖുല സ്വയം ഒരു
ഷെഹറെസാദ് രൂപം ആയിത്തീരുന്നു.
എന്നാല്‍
ഷംസയിലൂടെ അവതരിപ്പിക്കപ്പെടുന്ന ഗാര്‍ഹിച്ച വേലക്കാരികളുടെ പ്രസക്തി എന്ന പ്രമേയ പരിചരണത്തില്‍
ഒട്ടേറെ പരിമിതികള്‍ നോവലില്‍ ഉണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു: അഭ്യന്തര
യുദ്ധാനന്തര ലബനോനില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്ന ശ്രീലങ്കന്‍/ എത്യോപ്യന്‍/
ഫിലിപ്പിന കുടിയേറ്റക്കാരികള്‍ക്കു പകരം കുര്‍ദിഷ് സിറിയന്‍ വേലക്കാരി എന്ന സങ്കല്‍പ്പനത്തില്‍
നിലയുറപ്പിക്കുന്നതിലൂടെ വര്‍ണ്ണ, ഭാഷാ വൈരുദ്ധ്യങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുകയാണ് (Rebecca
Dyer). തൊഴില്‍/
ശമ്പളം സംബന്ധമായി ഷംസ നേരിട്ടിരിക്കാന്‍
ഇടയുള്ള പ്രയാസങ്ങളോ അമ്പതു പിന്നിട്ട നിഖുലയുമായി ശാരീരിക ബന്ധത്തിന് അവള്‍
തയ്യാറാകുന്നതിന്റെ പിന്നാമ്പുറങ്ങളോ സ്പര്‍ശിക്കപ്പെടാത്തത് തൊഴില്‍
തേടിയെത്തുന്നതിന്റെ അടിസ്ഥാന പരമായ ഉദ്ദേശവുമായി ഒത്തുപോകുന്നതല്ല; അഥവാ ആ തലം
അവഗണിക്കപ്പെടുന്നതിലൂടെ, ഷംസക്ക് ആഖ്യാനത്തില്‍ കേന്ദ്ര സ്ഥാന തുല്യത നല്‍കുമ്പോഴും, ഫലത്തില്‍, നോവല്‍ കുടിയേറ്റ ഗാര്‍ഹിക വേലക്കാരിയെ
ഭാഗികമായ മൌനം കൊണ്ട് തന്നെയാണ് അടയാളപ്പെടുത്തുന്നത് എന്ന് നിരീക്ഷിക്കാം. ഷംസ
വിട്ടുപോയി എന്ന ഇരുട്ടില്‍ അവസാനിപ്പിക്കുന്ന അവളുടെ കഥ അപൂര്‍ണ്ണമാണ് എന്നതും
ഇതോടു ചേര്‍ത്തു കാണാം. കുര്‍ദിഷ് വേലക്കാരിയെന്ന നിലയില്‍ അവളുടെ വീട് അടുത്താണ്
എന്ന ചിന്ത ഒരു കുറ്റബോധ വിമോചനമായി നോവലിസ്റ്റിനെ/ ആഖ്യാതാവിനെ
ആശ്വസിപ്പിക്കുന്നുണ്ടോ എന്ന് സന്ദേഹിക്കാം; അങ്ങകലെ എത്യോപ്യയിലോ ശ്രീലങ്കയിലോ
ആയിരുന്നു തിരികെയെത്തേണ്ടിയിരുന്നതെങ്കില്‍ അവള്‍ക്കത് ദുസ്സാധ്യമാകുമായിരുന്നു. അതേസമയം, എഴുപതുകളില്‍ ശക്തമായിരുന്ന കുര്‍ദ്
വിരുദ്ധ വികാരത്തിന്റെ സൂചനകളും നോവലിസ്റ്റ് ആഖ്യാനത്തില്‍ ഉള്‍ചേര്‍ത്തിട്ടുള്ളത്
പ്രധാനമാണ്. നിഖുലയുടെ കുടുംബം ഈജിപ്തില്‍ നിന്ന് ‘അമ്മയുടെ പൂര്‍വ്വികരുടെ നാടായ’ ലബനോനില്‍ എത്തുമ്പോള്‍ നിഖുല ഗര്‍ഭസ്ഥ
ശിശുവായിരുന്നു. അവരുടെ മാതൃദായ സ്വത്തുക്കള്‍ സംരക്ഷിതവും അവര്‍ സ്വാഗതം
ചെയ്യപ്പെട്ടവരും ആയിരുന്നു. എന്നാല്‍, ഷംസയുടെ ജനത തീര്‍ത്തും
അന്യരായിരുന്നു. ആഭ്യന്തര യുദ്ധം ഈ വിദ്വേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. ചന്തയില്‍
തൊഴില്പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനൊക്കെയും പഴിപറയാന്‍ ‘കുര്‍ദുകളും അവരുടെ
കൂട്ടരും’,
നാട്ടുകാരായ ബൈറൂത്തികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വിദേശ ഇറക്കുമതി’കളും എന്ന് പ്രയോഗിക്കപ്പെടുന്ന സന്ദര്‍ഭം
നോവല്‍ ആരംഭത്തില്‍ തന്നെ വിവരിക്കുന്നുണ്ട്.
ഒരു ഘട്ടത്തില്‍, തന്റെ കൊഴുത്ത ശരീരപ്രകൃതം ദേശമില്ലായ്മക്കുള്ള പകരംവെപ്പാണ് എന്നു
ഷംസ നിരീക്ഷിക്കുന്നുണ്ട്: “ഞാന്‍ തടിച്ചിയാണ്.. കാരണം എനിക്ക് ദേശമില്ല. ഞാന്‍
ഏറെ ഭക്ഷിക്കുന്നു, അങ്ങനെ എന്റെ ഉടല്‍ വളരട്ടെ, അതുകൊണ്ട് എനിക്കെന്റെ ഭാരം ഭൂമിയില്‍
ഉറപ്പിച്ചു നിര്‍ത്താനാകും” (P.72). തടി കുറക്കാന്‍ വ്രതം നിര്‍ദ്ദേശിക്കുന്ന
നിഖുലയെ അനുസരിച്ച് മെലിഞ്ഞുപോകുന്ന ഷംസയുടെ പരിണാമം അവളുടെ അഭയാര്‍ഥി അവസ്ഥയുടെ
രൂപകം കൂടിയായിത്തീരുന്നു. ഈ അവസാന കൂടിക്കാഴ്ചയില്‍ ഷംസ തന്റെ
മാതാവിന്റെ ചെറുപ്പത്തിലെ ഇരട്ടയാണ് എന്ന് നിഖുലക്ക് തോന്നുന്നയിടത്തു
ഉച്ചനീചത്വത്തിന്റെ സൂക്ഷ്മമായ നിരാസം വായിച്ചെടുക്കാം. എന്നാല്‍ ഇത്തരം ഒരു
തിരിച്ചറിവല്ല ആഖ്യാതാവിനെ ഭരിക്കുന്നത്. പഴയനിയമത്തിലെ വര്‍ഗ്ഗ സങ്കലന വിരുദ്ധ
വിലക്കുകള്‍ അയാള്‍ ഓര്‍മ്മിപ്പിക്കുന്നു: “... ചില കാര്യങ്ങള്‍ ഒരുമിച്ചു ചേര്‍ക്കുന്നത്...
ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥപ്രകാരം നിഷിദ്ധമാണ്.. ഒരു കാളയെയും കഴുതയെയും
ഒരുമിച്ചു നുകത്തില്‍ കെട്ടി ഉഴുന്നത്.. വ്യത്യസ്ത മൂലങ്ങളില്‍ നിന്നുള്ള രണ്ടു
നൂലുകള്‍ കൊണ്ടുണ്ടാക്കിയ തുണി കൊണ്ടുള്ള വസ്ത്രം ധരിക്കല്‍... ദൈവം രണ്ടായി
സൃഷ്ടിച്ചവയെ ഒരുമിപ്പിക്കുന്നത് ഒഴിവാക്കല്‍ .. അനിശ്ചിതഫലം ഉണ്ടായേക്കാവുന്ന ഒരു
സംരഭം ..” (P.39,40) ഒഴിവാക്കേണ്ടതാണ് എന്ന നിലപാട് അയാള്‍
വീണ്ടും ആവര്‍ത്തിക്കുക ഷംസയുമായി ഒടുവില്‍ പിരിയുന്ന ഘട്ടത്തില്‍ കൂടിയാണ്: “
രണ്ടു ശുദ്ധ ഇനങ്ങളുടെ ആത്യന്തിക മാതൃകകള്‍ക്കിടയില്‍ കൃത്യമായി വരക്കപ്പെട്ട അവ്യക്ത
അതിരുകള്‍ ഏതുരീതിയില്‍ മായ്ക്കപ്പെടുന്നതും ലോകത്തിലെ വ്യവസ്ഥക്കുമേല്‍ വിനാശം
കൊണ്ടുവരും,
ദുഷ്ട ശാപങ്ങള്‍ വിജയിക്കും” (P.171).
ഈ വൈരുധ്യം നോവലിസ്റ്റിന്റെ നിലപാടിനും
ആഖ്യാതാവിന്റെ നിലപാടിനും ഇടയിലെ വൈരുധ്യത്തെയാവാം സൂചിപ്പിക്കുന്നത്. കുര്‍ദിഷ്
കഥാപാത്രത്തെ നോവലില്‍ അവതരിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി താന്‍
വളര്‍ന്നുവന്ന ലബനോനിലെ കുര്‍ദ് വിരുദ്ധ വികാരത്തെ കുറിച്ച് നോവലിസ്റ്റ്
നിരീക്ഷിക്കുകയുണ്ടായി: അവര്‍ തീര്‍ത്തും പാര്‍ശ്വവല്‍കൃതരും അന്യരുമായിരുന്നു, ഏറ്റവും ദരിദ്രരായ ലബനന്‍കാരെക്കള്‍
കഷ്ടമായിരുന്നു അവരുടെ അവസ്ഥ. ഷംസയെപ്പോലെ കടും ചായത്തിലുള്ള വസ്ത്രങ്ങള്‍
ധരിക്കുമായിരുന്ന ഒരു കുര്‍ദ് പരിചാരിക തന്റെ വീട്ടിലും ഉണ്ടായിരുന്നുവെന്നും അവര്‍
കൂട്ടിച്ചേര്‍ത്തു. ബഹുവര്‍ണ്ണ വസ്ത്രങ്ങളോടുള്ള പ്രതിപത്തി പോലെ, കുര്‍ദ് ആഘോഷങ്ങളെ കുറിച്ചും
സംസ്കാരത്തെ കുറിച്ചുമുള്ള വിവരണങ്ങളും ചേര്‍ന്ന് ലബനോനിന്റെ പലപ്പോഴും
അവഗണിക്കപ്പെട്ട വംശീയ വൈവിധ്യങ്ങള്‍ക്കൂടി നോവലില്‍ ഇടം കണ്ടെത്തുന്നുവെന്നു
നിരീക്ഷിക്കപ്പെടുന്നു (Rebecca Dyer).
References:
(1). (Fatma H. Taher, ‘Hoda Barakat’s Tiller of the Waters and
The Stone of Laughter: A Reflection on Gender and Sexism in Times of Wars’,
Pertanika J. Soc. Sci. & Hum. 21 (S): 173 - 186 (2013)).
(2). (Rebecca Dyer, ‘Representations of the Migrant
Domestic Worker in Hoda Barakat’s Harith Al-Miya and Danielle Arbid’s Maarek
Hob’, College Literature 37.1 [Winter 2010]).
No comments:
Post a Comment