Featured Post

Thursday, March 27, 2025

Loot by Tania James

 കടുവക്കണ്ണിലെ കൊളോണിയല്‍ ദൃശ്യങ്ങള്‍



(കേരളത്തില്‍ വേരുകളുള്ള അമേരിക്കന്‍ നോവലിസ്റ്റ് ടാനിയ ജെയിംസ് എഴുതിയ Loot എന്ന നോവല്‍, ടിപ്പുവിന്റെ കൊളോണിയല്‍ വിരുദ്ധ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അധിനിവേശ ചൂഷണത്തിന്റെയും കലയിലൂടെയുള്ള അതിജീവനത്തിന്റെയും കഥ പറയുന്നു. പോസ്റ്റ്‌കൊളോണിയല്‍ - ദേശാന്തരീയ മാനങ്ങളുള്ള നോവല്‍, ചടുലവും നാടകീയവുമായ വിധത്തില്‍ ചരിത്രസ്മാരകങ്ങള്‍ക്കു പിറകിലെ കൊളോണിയല്‍ കൊള്ളയുടെ മറുവശം ചികയുന്നു.)


അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ വംശജയായ എഴുത്തുകാരിയാണ് ടാനിയ ജെയിംസ്. കുമരകത്തുകാരനാണ് തന്റെ പിതാവ് എന്ന് ഒരഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കുന്നു. 2006-ല്‍ പിതാവിന്റെ നാട് സന്ദര്‍ശിച്ചപ്പോള്‍, പൂട്ടിക്കിടക്കുന്ന വീട് അവിടെ ജീവിച്ച തലമുറകളെ കുറിച്ചുള്ള നഷ്ടബോധം ഉള്ളില്‍ നിറച്ചതിനെ കുറിച്ച് അവര്‍ വിവരിച്ചു. ‘കുടുംബ ചരിത്രവും വ്യക്തി ബന്ധവും കാരണം ഞാനാ സ്ഥലത്തോട് ആകൃഷ്ടയായി, എന്നാല്‍ വര്‍ത്തമാന കാലത്ത് സ്ഥിതിചെയ്യുന്ന ഒരു കുമരകത്തെ കുറിച്ചാണ് എനിക്ക് എഴുതേണ്ടിയിരുന്നത്, അല്ലാതെ പിതാവിന്റെ കുടുംബക്കാര്‍ പറഞ്ഞ കഥകളില്‍ മാത്രമുള്ള ഒരിടത്തെ കുറിച്ചായിരുന്നില്ല’ എന്ന് പ്രഥമ നോവലിന്റെ രചനയിലേക്ക് നയിച്ച പശ്ചാത്തലത്തെ കുറിച്ച് അവര്‍ പറഞ്ഞു (randomhouse.com). പോസ്റ്റ്‌കൊളോണിയലിസം, ഐഡന്റിറ്റി, ആഗോളീകൃത സമൂഹത്തിലെ സങ്കീര്‍ണ്ണതകള്‍ തുടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതികളാണ് യുവ നോവലിസ്റ്റിന്റെത്. ആദ്യനോവല്‍ Atlas of Unknowns (2009), മുകളില്‍ സൂചിപ്പിച്ച അഭിമുഖത്തില്‍ കാണാവുന്നപോലെ, പ്രവാസം, സാംസ്കാരിക സംഘര്‍ഷങ്ങള്‍, അത്തരം സാഹചര്യങ്ങളിലെ വ്യക്തിവികാസത്തിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയകേരളത്തിലും ന്യു യോര്‍ക്കിലുമായി രണ്ടു ക്രിസ്ത്യന്‍ സഹോദരിമാരിലൂടെ അവതരിപ്പിച്ചു. ആദ്യകൃതിയുടെ പരിമിതികള്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള നോവല്‍, മികച്ചൊരു എഴുത്തുകാരിയിലേക്കുള്ള സൂചനകള്‍ നല്‍കുന്നത് എന്ന രീതിയില്‍ ശ്രദ്ധേയമായിരുന്നു. വന്യജീവി സംരക്ഷണം, വനമേഖലാ ടൂറിസത്തിന്റെ നൈതികത, മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, വിശേഷിച്ചും ആനവേട്ടയുടെ ദുരന്തങ്ങള്‍ തുടങ്ങിയവ നിരീക്ഷണ വിധേയമാക്കിയ The Tusk That Did the Damage (2015) ആണ് രണ്ടാമത്തേത്. ഭിന്ന വീക്ഷണങ്ങളിലൂടെ നൈതികസംഘര്‍ഷങ്ങളുടെ വ്യത്യസ്തതലങ്ങളിലേക്ക് ഉറ്റുനോക്കുന്ന രീതി ഇവിടെ കാണാം. ടാനിയയുടെ മൂന്നാമതു നോവല്‍ Loot ( 2023), പ്രസ്തുത പ്രമേയങ്ങളുടെയും ശൈലിയുടെയും കൂടുതല്‍ സമഗ്രവും വികസിതവുമായ പാത പിന്തുടരുന്ന ഇതിഹാസമാനമുള്ള ചരിത്ര നോവലാണ്‌.

‘ലൂട്ട്’: കൊളോണിയല്‍ ചൂഷണത്തിന്റെ കഥ

കൊളോണിയലിസത്തിന്റെ ശേഷിപ്പുകളെ കുറിച്ചുള്ള സമകാലിക സംവാദങ്ങളില്‍ സുപ്രധാനമായ ആശയമാണ് പ്രകൃതി വിഭവചൂഷണം, കീഴടക്കപ്പെട്ട ദേശത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളുടെയോ സ്മാരകങ്ങളുടെയോ കടത്തിക്കൊണ്ടു പോക്ക് തുടങ്ങിയവയെ സൂചിപ്പിക്കുന്ന extraction colonialism എന്ന സംജ്ഞ. ഫ്രാന്‍സ് ഫാനന്‍ (The Wretched of the Earth), വാള്‍ട്ടര്‍ റോഡ്‌നി (How Europe Underdeveloped Africa), അക്കിലെ മ്ബേംബെ (On the Postcolony), റോബ് നിക്സന്‍ (Slow Violence and the Environmentalism of the Poor) തുടങ്ങിയ പോസ്റ്റ്‌കൊളോണിയല്‍, പാരിസ്തിതിക ചിന്തകര്‍ യൂറോപ്യന്‍ കൊളോണിയല്‍ പദ്ധതികളുടെ ഭാഗമായി കൊളോണിയല്‍ ദേശങ്ങള്‍ നേരിട്ട അപമാനവീകരണത്തിന്റെയും (dehumanizing) അവികസിതാവസ്ഥയുടെയും പ്രകൃതി/ പാരിസ്തിതിക വിനാശതയുടെയും വസ്തുതകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യ പോലുള്ള മധ്യകാല വന്‍ശക്തികള്‍ എങ്ങനെയാണ് പില്‍ക്കാലം പിറകോട്ടുപോയത് എന്ന ചോദ്യത്തിന്റെ ഉത്തരവും നാനാവിധത്തില്‍ അരങ്ങേറിയ കൊളോണിയല്‍ കൊള്ളയുടെ ചരിത്രത്തിലാണ്‌ ചെന്നുമുട്ടുക. അക്കൂട്ടത്തില്‍, കോഹിനൂര്‍ രത്നം പോലെ, വിലമതിക്കാനാകാത്ത സാംസ്കാരിക നീക്കിവെപ്പുകള്‍ കടത്തിക്കൊണ്ടു പോയതിന്റെ ഒട്ടേറെ കഥകളുണ്ട്. അത്തരം ഒരു കടത്തിക്കൊണ്ടു പോകലിന്റെയും അതിനു നിമിത്തമായ രാഷ്ട്രീയ പരിതോവസ്തകളുടെയും അതില്‍ കുരുങ്ങിപ്പോയ വ്യക്തികളുടെയും കഥയിലൂടെ പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളെ പശ്ചാത്തലമാക്കി മൈസൂര്‍ ഇന്ത്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇന്ത്യാ മഹാസമുദ്രം, എന്നിവ കടക്കുന്ന ഒരു രാഷ്ട്രാന്തരീയ (transnational) ചരിത്രകഥ പറയുകയാണ്  ടാനിയ ജെയിംസ് Loot (‘കൊള്ളമുതല്‍) എന്ന നോവലില്‍. കഥയിലും കഥാഘടനയിലും ജി.ആര്‍.ഇന്ദുഗോപന്റെ ‘ആനോ’യെ ഓര്‍മ്മിപ്പിക്കുന്ന നോവല്‍, ആ കൃതിയോടു ചേര്‍ത്തു വായിക്കുന്നത് കൌതുകകരമായ അനുഭവം ആയിരിക്കും.



കോണ്‍വാലിസ് പ്രഭുവുമായി ഒപ്പിട്ട 1792 ലെ ശ്രീരംഗം പട്ടണം ഉടമ്പടിപ്രകാരം രാജ്യത്തിന്റെ പകുതിയും, മുപ്പത്തിമൂന്ന് മില്യന്‍ രൂപയും ടിപ്പു, ബ്രിട്ടനു കടപ്പെട്ടു. അത് വീട്ടിത്തീര്‍ക്കും വരെ ഏതാനും ഉന്നത ഉദ്യോഗസ്ഥരും ടിപ്പുവിന്റെ നാല് ആണ്മക്കളും ബന്ദികള്‍ ആക്കപ്പെട്ടു. കരാര്‍ പാലിക്കാനെടുത്ത രണ്ടുവര്‍ഷത്തിനു ശേഷം തിരികെയെത്തുന്ന മക്കള്‍ക്കുവേണ്ടി “മക്കളുടെ നാടുകടത്തലിന്റെ ഓര്‍മ്മയെ നിശബ്ദമാക്കും വിധം ക്രൌര്യതയും ഗാംഭീര്യവും തികഞ്ഞൊരു സമ്മാനം” ആയി ഒരു കൌതുക വസ്തു ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം ടിപ്പു ഏല്‍പ്പിച്ചത് പ്രവാസി ഫ്രഞ്ച് ശില്‍പ്പി ലൂഷിയന്‍ ഡിലൂസിനെയും അയാളുടെ സഹായി അബ്ബാസ് എന്ന പതിനേഴുകാരനെയുമാണ്. ആറാഴ്ചയാണ് അവര്‍ക്ക് അനുവദിക്കപ്പെട്ട സമയം. വെള്ളക്കാരോടുള്ള അമര്‍ഷം മുഴുവനും പ്രതീകവല്‍കരിക്കുന്ന കൌതുകവസ്തു, മലര്‍ന്നു വീണുകിടക്കുന്ന വെള്ളക്കാരന്റെയും അയാളുടെ ചങ്കില്‍ പല്ലുകള്‍ അമര്‍ത്തി നില്‍ക്കുന്ന പ്രതാപിയായ ഒരു കടുവയുടെയും യഥാര്‍ത്ഥ വലിപ്പമുള്ള ശില്‍പ്പമായിരുന്നു. പ്രത്യേക യന്ത്രസംവിധാനത്തിന്റെ ഉപയോഗത്തിലൂടെ അത് കടുവയുടെ ക്രുദ്ധമായ അമറലോ, വീണുകിടക്കുന്നവന്റെ മരണ വെപ്രാളത്തിലുള്ള അലര്‍ച്ചയോ, അഥവാ രണ്ടും ചേര്‍ന്നതോ എന്നു തിരിച്ചറിയാനാകാത്ത ശബ്ദം പുറപ്പെടുവിച്ചു. ശില്‍പ്പനിര്‍മ്മിതി ടിപ്പുവിന്റെ വ്യക്തിത്വത്തിലെ അടരുകളിലേക്ക് വെളിച്ചംവീശുന്നുണ്ട് എന്നത് സുപ്രധാനമാണ്‌: കര്‍ക്കശക്കാരനായ ഏകാധിപതി (“സത്യത്തില്‍, ഞാന്‍ പറയുന്നപക്ഷം എന്തും മരണശിക്ഷ അര്‍ഹിക്കുന്നതാണ്”), കീഴടങ്ങാത്ത സാമ്രാജ്യത്വ വിരോധി, ഒറ്റക്കാവുമ്പോഴും വിധി മുഴുവന്‍ എതിരാകുമ്പോഴും പോരാടുന്ന വീരന്‍ (“കുഞ്ഞാടായി ഇരുനൂറുകൊല്ലം ജീവിക്കുന്നതിനേക്കാള്‍ ഭേദം കടുവയായി രണ്ടു ദിവസം ജീവിക്കുന്നതാണ്”. കടുവയാകുന്നതിന്റെ ഒരൊറ്റ കുഴപ്പം: അത് തനിച്ചു നടക്കുന്നു”), എന്നാല്‍, എല്ലാത്തിനുമൊപ്പം ആര്‍ദ്രഹൃദയനായ പിതാവും. ശില്‍പ്പികളുടെ കഥ ഫിക് ഷന്‍ ആണെങ്കിലും തടിയില്‍ തീര്‍ത്ത പ്രസ്തുതശില്‍പ്പം ‘ടിപ്പുവിന്റെ കടുവ യഥാര്‍ത്ഥമാണ്. അതിന്റെ നിര്‍മ്മിതിയില്‍ ഫ്രഞ്ച് – മൈസൂരിയന്‍ ശില്‍പ്പകലാ സങ്കരം തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌ എന്ന വസ്തുതയില്‍ നിന്നാണ് നോവലിസ്റ്റ് പുരാവൃത്തം മെനഞ്ഞെടുക്കുന്നത്‌. 1799ലെ ശ്രീരംഗപട്ടണം ഉപരോധത്തില്‍ ടിപുവിന്റെ പതനത്തെ തുടര്‍ന്നുണ്ടായ കൊള്ളകളില്‍ ബ്രിട്ടീഷ് സൈനികര്‍ കടത്തിക്കൊണ്ടുപോയ പ്രസ്തുത ശില്‍പ്പം ഇന്ന് സൌത്ത് കെന്‍സിങ്ടണിലെ വിക്റ്റോറിയ & ആല്‍ബെര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചരിത്രവും ഫിക് ഷനും ഇടകലരുന്ന ആഖ്യാനത്തില്‍, ദേശങ്ങളും കടലുകളും കടന്നുള്ള അന്വേഷണ വസ്തുവായും പോസ്റ്റ്‌കൊളോണിയല്‍ പരിഗണനകളില്‍ കൊളോണിയല്‍- സാമ്രാജ്യത്വ മുഖാമുഖങ്ങളുടെ പ്രതീകമായും പ്രസ്തുത യന്ത്രശില്‍പ്പം മാറുന്നു.

ഭിന്നലോകങ്ങള്‍, ഭിന്ന കഥാപാത്രങ്ങള്‍  

അബ്ബാസ് എന്ന നവയുവാവിലൂടെയാണ് നോവലിലേക്ക് നാം കടക്കുന്നത്‌. എന്നാല്‍ ടിപ്പുവിന്റെ പതനത്തിനും ‘കടുവാ കൊള്ളക്കും ശേഷം പിക്കാറസ്ക് പ്രകൃതത്തിലേക്ക് ചുവടുമാറ്റുന്ന ഇതിവൃത്തത്തില്‍, സാക്ഷാല്‍ ടിപ്പുവിനെ കൂടാതെ ലൂഷിയന്‍, നാവികന്‍ തോമസ്‌, ലൂഷിയന്റെ ദത്തുപുത്രി യേഹാന്‍, പുരാവസ്തുവിന്റെ ഉടമയായിത്തീരുന്ന ഇംഗ്ലീഷുകാരി ലേഡി സെല്‍വിന്‍, അവരുടെ സഹായിയും കൂട്ടാളിയുമായ ‘റും എന്നുമാത്രം വിളിക്കപ്പെടുന്ന തമിഴ് ബ്രാഹ്മണന്‍, തുടങ്ങി ഒട്ടേറെ വീക്ഷണകോണുകളിലേക്ക് അത് വികസിക്കും. ദരിദ്ര കുടുംബത്തില്‍, പിതാവില്‍ നിന്ന് പഠിച്ചെടുത്ത മരപ്പണിയില്‍, കൗതുക വസ്തുക്കള്‍ ഉണ്ടാക്കുന്നതില്‍ പ്രദര്‍ശിപ്പിക്കുന്ന കരവിരുത് ടിപ്പുവിന്റെ ഹാരെമിലെ പ്രിയങ്കരികളില്‍ ഒരാളായ സുബൈദ ബീഗത്തെ ആകര്‍ഷിക്കുന്നതാണ് അബ്ബാസിനെ കൊട്ടാരത്തിലെത്തിക്കുന്നത്. ഫ്രഞ്ച് വിപ്ലവ കാലത്ത് നാടുകടത്തപ്പെട്ട, മുഴുക്കുടിയനായ ലൂഷിയന്‍ കൊട്ടാരത്തിലെ മുഖ്യ ശില്പ്പിയായിരിക്കുന്ന ഘട്ടത്തില്‍ സ്വാഭാവിക പരിണാമാമായാണ് ആ ശിഷ്യപ്പെടല്‍ സംഭവിക്കുന്നത്‌. ലൂഷിയന്‍ പറയുന്ന കഥകളില്‍ സ്വന്തം ദേശത്തു നടന്നു കൊണ്ടിരിക്കുന്ന (ഫ്രഞ്ച് ) വിപ്ലവത്തിലെ ജനങ്ങളുടെ കര്‍തൃത്വം സ്മരിക്കപ്പെടുന്നത്, കൊളോണിയല്‍ ജനതയുടെ അസ്വാതന്ത്ര്യത്തെ വിപരീതത്തില്‍ ധ്വനിപ്പിക്കുന്നുണ്ട്. ടിപ്പു സ്വയം കൊളോണിയല്‍ വിരുദ്ധതയുടെ പ്രതീകമായും ഒപ്പം തികഞ്ഞ സര്‍വ്വാധിപത്യ പ്രവണത കാണിക്കുന്ന ഭാരണാധികാരിയായും നോവലില്‍ ഇടംപിടിക്കുന്നു. ടിപ്പുവിന്റെ പാത്രസൃഷ്ടിയില്‍ അമിതചായം കലര്‍ന്നിട്ടുണ്ടെന്നും പിതാവ് ഹൈദരാലിയുമായി തുലനം ചെയ്യുമ്പോള്‍ വളരെയേറെ മനുഷ്യത്വമുള്ള സംസ്കാര ചിത്തനായ ആളായിരുന്നു അദ്ദേഹം എന്ന സാക്ഷ്യങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (N.Kumar). അതെന്തായാലും, ഉപജാപകരാല്‍ നിറഞ്ഞ ചുറ്റുപാടില്‍ ബ്രിട്ടീഷ് വിരോധം വാക്കുകളില്‍ മാത്രം കാണിക്കുകയും തക്കസമയത്ത് കൂറുമാറുകയും ചെയ്ത ഇതര ഇന്ത്യന്‍ രാജാക്കന്മാര്‍ക്കിടയില്‍, കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന ടിപ്പുവിന്റെ ചരിത്രവിധി വ്യക്തമായിരുന്നു. താരതമ്യേന കെട്ടുറപ്പുള്ള ടിപ്പുവിന്റെ കൊട്ടാരത്തില്‍ത്തന്നെ പുളച്ചുനടന്ന ഒറ്റുകാരുടെയും ചതിയന്മാരുടെയും വിവരണം, വിഘടിച്ചുനിന്ന നാട്ടുരാജ്യങ്ങലയിരുന്ന ഇന്ത്യയുടെ പരിചെദം തന്നെയാണ്: “ശ്രീരംഗപട്ടണത്തില്‍ ജനങ്ങളെക്കാള്‍ ചരന്മാരുണ്ടായിരുന്നു എന്ന് പറയപ്പെട്ടു. തലസ്ഥാന നഗരത്തില്‍ നിന്നും അങ്ങോട്ടും സന്ദേശങ്ങള്‍ എത്തിക്കുന്ന ടിപ്പുവിന്റെ ചാരസംഘത്തലവന്മാര്‍, പിന്നെ ടിപ്പുവിന്റെ ശത്രുക്കളുടെ ചാരന്മാര്‍ - ഹൈദരാബാദിലെ നിസാം, മലബാര്‍ നായന്മാര്‍, മറാത്താ, ഇംഗ്ലീഷുകാര്‍, മംഗലാപുരത്തെ കത്തോലിക്കര്‍. ..”

യാത്ര / അന്വേഷണം:

ടിപ്പുവിന്റെ പതനത്തെ തുടര്‍ന്ന്, തിരികെ പോകുന്ന ലൂഷിയന്റെ പാത പിന്തുടര്‍ന്ന് എങ്ങനെയും ഒരു ചരക്കു കപ്പലില്‍ കേറിപ്പറ്റുന്ന യുവാവിനു ഒരൊറ്റ ലക്ഷ്യമേയുള്ളൂ: കടത്തിക്കൊണ്ടുപോകപ്പെട്ട അമൂല്യ ശില്‍പ്പം കണ്ടെത്തണം. തന്റെ സിദ്ധി ലോകസമക്ഷം സ്ഥാപിക്കുന്നതിലൂടെ വ്യക്തിത്വവും സ്ഥാപിക്കണം. വംശീയതയുടെ കയ്യേറ്റങ്ങള്‍ പ്രാണന്‍പിടയുന്ന ചാട്ടയടിയായിപ്പോലും ഏറ്റുവങ്ങേണ്ടിവരുന്ന യാത്രാഭാഗം, അടിമക്കപ്പലുകളുടെ കഥകളോടും (slave narratives)കടല്‍ക്കഥകള്‍ പറയുന്ന സാമുദ്രിക സാഹിത്യത്തോടും (littoral literature) നോവലിനെ അടുപ്പിക്കുന്നുണ്ട്. നാവികരെ കൊന്നൊടുക്കുന്ന ഗുഹ്യരോഗം പോലുള്ള വ്യാധികള്‍, ചരിത്ര സന്ദര്‍ഭത്തെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. അത്തരം അപശകുന കാരണമെന്നാരോപിച്ചു  അബ്ബാസിനെ കടലിലെറിയണം എന്ന ആവശ്യം, യോനായുടെ മിത്തിനെ ഓര്‍മ്മിപ്പിക്കും. കപ്പലിലെ മറ്റുള്ളവരില്‍ ഇല്ലാത്ത നിഷ്കളങ്കതയും വിശുദ്ധിയുമുള്ള നവയുവാവായ അബ്ബാസിനോട് മെസ് മേറ്റ് സാമുവേല്‍ ലോഡനു തോന്നുന്ന വംശീയ വിരോധം, മെല്‍വില്ലിന്റെ ബില്ലിയെയും ക്ലഗാര്‍ട്ടിനെയും ഓര്‍മ്മിപ്പിക്കും (Billy Budd, the Sailor). കപ്പലിലെ സംഭവങ്ങള്‍ നാവികനായ തോമസ്‌ ബെഡിക്കര്‍ എന്ന അബ്ബാസിന്റെ സുഹൃത്തിന്റെ ജേണല്‍ കുറിപ്പുകളിലൂടെയാണ് നാം അറിയുന്നത് എന്നത്, നോവലിനെ മധ്യകാല നാവികകഥാഖ്യാന പാരമ്പര്യത്തോടും അടുപ്പിക്കുന്നു. സമ്പൂര്‍ണ്ണ അനുസരണം, അല്ലാത്തതെന്തും കലാപം എന്ന കപ്പലിലെ നിയമം അയാളാണ് അബ്ബാസിനെ ഓര്‍മ്മിപ്പിക്കുക. ഫ്രഞ്ച് കടല്‍കൊള്ളക്കാരുടെ തടവില്‍ പെട്ടുപോകുന്ന അബ്ബാസിനെ സംബന്ധിച്ച് അതൊരു രക്ഷപ്പെടല്‍ കൂടി ആയിത്തീരുന്നതാണ് അയാളെ റൂവെനില്‍ യേഹാന്റെ അടുത്തെത്തിക്കുന്നതും. ഇന്ത്യന്‍ വംശജയ യേഹാനെയെ, കുട്ടിക്കാലത്ത് ലൂഷിയനോടൊപ്പം അവന്‍ കണ്ടിരുന്നു. ലൂഷിയന്റെ മരണവാര്‍ത്ത വേദനയോടെ കേള്‍ക്കുന്ന അബ്ബാസ്, കൌതുകവസ്തുക്കള്‍ വില്‍ക്കുന്ന യേഹാന്റെ പൊളിഞ്ഞുപോയ കച്ചവടത്തില്‍ സഹായിയായി കൂടാന്‍ തീരുമാനിക്കുന്നു. അവന് ആളുകളെ ആകര്‍ഷിക്കുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലൂടെ കച്ചവടത്തെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞേക്കും.

യേഹാനെയോടൊപ്പം ചേര്‍ന്നു നടത്തുന്ന അന്വേഷണമാണ് ഇരുവരെയും, മോഷണത്തിലൂടെയെങ്കിലും ‘മ്യൂസിക്കല്‍ ടൈഗര്‍ ശില്‍പ്പം വീണ്ടെടുക്കണം എന്ന ഉദ്ദേശത്തോടെ, അത് കൈവശമുള്ള പഴയ സൈനികന്റെ വിധവ ലേഡി സെല്‍വിന്‍, മരിച്ചു പോയ ഭര്‍ത്താവിന്റെ സഹായിയും ഇപ്പോള്‍ അവരുടെ രഹസ്യ കാമുകനുമായ, റും എന്നുമാത്രം വിളിക്കപ്പെടുന്ന ഇന്ത്യക്കാരന്‍ എന്നിവരുടെ അടുത്തെത്തിക്കുക. ലേഡി സെല്‍വിന്‍ എന്ന കഥാപാത്രം, റോബര്‍ട്ട്‌ ക്ലൈവിന്റെ മരുമകളും ശ്രീരംഗംപട്ടണം കൊള്ളമുതലുകളില്‍ കുറെയധികം എണ്ണം, നോവലിലെ ക്ലോവര്‍ഫീല്‍ഡ് കോട്ടയുടെ യഥാര്‍ത്ഥ പൂര്‍വ്വ രൂപമായിരിക്കാവുന്ന  പോവിസ് കോട്ടയില്‍ (Powis Castle) എത്തിച്ച വ്യക്തിയുമായ ഹെന്‍റിയെറ്റയെ മാതൃകയാക്കി സൃഷ്ടിക്കപ്പെട്ടതാകം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു (N. Kumar). എഴുപത്തിരണ്ടുകാരിയായ പ്രഭ്വിയുടെ ‘ആകര്‍ഷണത്തെ കുറിച്ച് റും വാചാലനാകുന്ന സന്ദര്‍ഭം നോവലിലെ കറുത്ത ഹാസ്യത്തിന്റെ മാതൃകയാണ്. നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍, സിനിമാറ്റിക്ക് ആയ പ്രണയ കഥ, ചരിത്ര-സാഹസിക കഥ, കൊള്ളയുടെ കഥ എന്ന മട്ടില്‍ ചുവടു മാറുന്നു. വാച്ചു നിര്‍മ്മാണത്തില്‍ തന്റെ പരിമിതികള്‍ മറികടക്കാന്‍ അബ്ബാസ് ശിഷ്യപ്പെടാന്‍ ശ്രമിക്കുന്ന ഗോഡിനെ പോലുള്ള പാശ്ചാത്യ വംശീയാധിപത്യ ചിന്തയുള്ളവര്‍ ഒരു ഘട്ടത്തിലും ‘തനി സാധാരണക്കാരനും, അധമനായി പിറന്നവനും, ഏറെ ബ്രൌണ്‍ നിറക്കാരനുമായ അയാളെ ഒരു യഥാര്‍ത്ഥകലാകാരന്‍ ആയി കാണാന്‍ തയ്യാറല്ല. അവര്‍ക്ക് അയാളൊരു വെറും വ്യാജനാണ് (con artist). എന്നാല്‍ ലൂഷിയന്‍ തന്റെ പേരിനൊപ്പം അബ്ബാസിന്റെയും പേര് കടുവാ ശില്‍പ്പത്തില്‍ രേഖപ്പെടുത്തുന്നതിലൂടെ അയാള്‍ക്ക് അര്‍ഹിച്ച അംഗീകാരം നല്‍കിയിരുന്നു എന്ന് നാം കണ്ടെത്തുന്നു. ഇത്, വംശീയ മുന്‍വിധികളെ കുറിച്ചുള്ള വാര്‍പ്പുമാതൃകാ വിഭജനങ്ങള്‍ എല്ലായിപ്പോഴും സത്യമാവണമെന്നില്ല എന്ന് തെളിയിക്കുന്നു. ലേഡി സെല്‍വിന്റെ ദൌര്‍ഭാഗ്യകരമായ അന്ത്യത്തിനുശേഷം മാതൃദേശത്തേയ്ക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന റും നിര്‍ദ്ദേശിക്കുന്നതുപ്രകാരം കടുവാ ശില്‍പ്പത്തെ ഈസ്റ്റ് ഇന്ത്യാ മ്യൂസിയത്തിലേക്ക് മാറ്റുമ്പോള്‍,  പ്രദര്‍ശനത്തിനുവെക്കുന്ന ക്രഡിറ്റില്‍ രണ്ടു പേരുകളും ഉള്‍പ്പെടുത്തപ്പെടുകയും ചെയ്യുന്നു. നോവല്‍ ആരംഭത്തില്‍, അധികാരമാറ്റങ്ങളുടെ അലംഘനീയതയില്‍ പെട്ടുപോകുന്ന ജനങ്ങളെ കുറിച്ച് പരാമര്‍ശമുണ്ട്: “അവര്‍ക്കാകെ ചെയ്യാനാകുക, ഓരോ തവണയും അധികാരം കൈകള്‍ മാറുമ്പോള്‍ അതിനു കീഴടങ്ങുക എന്നതുമാത്രമാണ്.” ആര്‍ക്കും അവിടെ സ്വന്തമായി ഒരു പാദമുദ്രയും പതിപ്പിക്കാനാകില്ല. എങ്കിലും അവിടെ നിന്ന്, നശിച്ചുപോവാത്ത, ഒരു ‘കുഴിമാടത്തിനപ്പുറവും’ നിലനില്‍ക്കുന്ന എന്തെങ്കിലും ഒന്ന് ബാക്കിവെക്കണം എന്ന അദമ്യമായ മോഹം അബ്ബാസിനെ എന്നും വഴി നടത്തിച്ചിരുന്നു. എന്നാല്‍, തുച്ഛമായ മുന്‍വിധികളില്‍ അയാള്‍ അത്രയൊന്നും പൊരുതുന്നുമില്ല എന്നതും പ്രധാനമാണ്: കച്ചവടക്കാരുടെ ഗില്‍ഡില്‍ ഒരു ഇന്ത്യക്കാരന് അംഗത്വം ലഭിക്കില്ല എന്ന ഗോഡിന്റെ മുന്നറിയിപ്പ് അറിയാവുന്ന അബ്ബാസ്, നവീകരിച്ച കടയുടെ ഉടമയായി യേഹാന്റെ പേര് മാത്രം എഴുതിവെക്കുന്നത് അതുകൊണ്ടാണ്. അവിടെ വില്‍ക്കുന്ന കൊച്ചു കൌതുക വസ്തുക്കളിലല്ല അയാള്‍ തന്റെ സര്‍ഗ്ഗസ്വത്വം കണ്ടെത്തുന്നതും. യന്ത്രശില്പ്പത്തിന്റെ നിര്‍മ്മിതി അയാള്‍ക്ക് തന്റെ പരിമിതികള്‍ ഭേദിക്കാനും ഭാവനയുടെ അനന്തതയിലേക്ക് ഉയരാനുമുള്ള അവസരമായിരുന്നു.

ചരിത്ര വസ്തുതകള്‍ കണ്ടെത്തുന്നതില്‍ നോവലിസ്റ്റ് നടത്തിയ ഗവേഷണങ്ങളുടെ ആഴം നോവലില്‍ വ്യക്തമാണെങ്കിലും, ഫോടോഗ്രഫിക് യഥാതഥത്വം അവരുടെ ലക്ഷ്യമല്ല (S. Merritt). ജീവിതത്തെ അനുകരിക്കുകയെന്ന കലാതത്വത്തെ (mimesis) കടുവാശില്‍പ്പത്തിലൂടെ സാക്ഷാത്കരിച്ച ചരിത്രമാണ്‌ നോവല്‍ പറയുന്നത് എന്നിരിക്കിലും, കലയുടെ സൃഷ്ടിക്കുള്ളില്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ട് എന്ന വസ്തുത സൂക്ഷ്മമായി നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, റും എങ്ങനെയാണു ക്ലോവര്‍ഫീല്‍ഡ് കാസിലില്‍ എത്തിയത് എന്ന ചോദ്യത്തിന് അയാളുടെ മനസ്സില്‍ മുഴങ്ങുന്ന, വാക്കുകളില്‍ പറയപ്പെടാത്ത ഉത്തരം നോവലിസ്റ്റ് ചേര്‍ത്തുവെക്കുന്നത്, പോസ്റ്റ്‌കൊളോണിയല്‍ ചരിത്രവിചാരണയുടെ മുഴക്കങ്ങള്‍ മുഴുവനും ആവാഹിക്കുന്നു. ശ്രീലങ്കന്‍ ആക്ടിവിസ്റ്റ് എഴുത്തുകാരന്‍ അമ്പലവനീര്‍ ശിവാനന്ദത്തിന്റെത് എന്ന് പിന്‍കുറിപ്പില്‍ നോവലിസ്റ്റ് വ്യക്തമാക്കുന്ന വാക്യമാണ് അത്: “ഞാനിവിടെയെത്തി, കാരണം നിങ്ങള്‍ അവിടെയെത്തിയിരുന്നു.” വിശദീകരണങ്ങള്‍ ഏതുമില്ലാതെ നടത്തപ്പെടുന്ന ഈ ആത്മഗതം, പക്ഷെ നോവലിന്റെ ആന്തരപാഠത്തില്‍ നിരന്തരം മുഴങ്ങുന്നുമുണ്ട്. ഒരുവളേ, ആ കഥാപാത്രത്തിന്റെ സാധൂകരണം തന്നെയും, വലിയൊരളവില്‍, ഉള്ളിലൊതുക്കിയ ഈ വാക്യത്തിന്റെ പ്രകാശനത്തിലാണ്. അതുപോലെ, റും തന്നെ നുണച്ചി എന്ന് വിളിച്ചതിനെ കുറിച്ചു യേഹാന്‍ പറയുന്നു: “ഞാനൊരു നുണച്ചിയല്ല. ചില ഘട്ടങ്ങളില്‍ സത്യം ഒന്ന് തിരിമറിക്കാവുന്നതാണെന്ന്  ഞാന്‍ കാണുന്നു എന്നേയുള്ളൂ.” യേഹാന്റെ ഈ വാക്യം, ‘സത്യാനന്തര’ത്തെ  അടയാളപ്പെടുത്തിയ വൈറ്റ് ഹൌസ് വക്താവിന്റെ കുപ്രസിദ്ധമായ ആ വാക്യത്തെയാണ് ഈ ലേഖകനെ ഓര്‍മ്മിപ്പിച്ചത്: അതൊരു കളവായിരുന്നു എന്നാണ് നിങ്ങള്‍ പറയുന്നത്... ഷോണ്‍ സ്പൈസര്‍, ഞങ്ങളുടെ പ്രസ് സെക്രട്ടറി, പകരം വെക്കാവുന്ന ചില വസ്തുതകള്‍ (alternative facts) നല്‍കി എന്നേയുള്ളൂ.” (ട്രമ്പിന്റെ ആദ്യ ഊഴം ഉദ്ഘാടനം ചെയ്ത സന്ദര്‍ഭത്തില്‍, പങ്കെടുത്ത ആള്‍കൂട്ടത്തെ കുറിച്ച് വൈറ്റ്ഹൌസ് വക്താവ് പെരുപ്പിച്ച കണക്കുകള്‍ പറഞ്ഞതിനെ മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്ത സംഭവം).

സ്ത്രീപാത്രസൃഷ്ടിയിലെ പരിമിതികള്‍

സ്ത്രീകഥാപാത്രങ്ങളെ ആവിഷ്കരിച്ച രീതിയെ കുറിച്ചുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. വാത്സല്യത്തിന്റെ പ്രതീകമായി അബ്ബാസിന്റെ മാതാവിനെ പോലുള്ള കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍, കലാഭിരുചി ഉള്ളിലൊതുക്കി കഴിയേണ്ടി വരുന്ന സുബൈദാ ബീഗത്തെ പോലുള്ളവര്‍ അവരുടെ അവസ്ഥകളുടെ പ്രതിനിധാനം പോലെത്തന്നെ വെറും നിഴല്‍രൂപങ്ങളാണ്. പാപചിന്ത തൊട്ടുതെറിക്കാതെ രതിയെ ശരീരത്തിന്റെ ആവശ്യമായി അബ്ബാസിനോടൊപ്പം ആവോളം നുകരുന്ന ദേവിയുടെ ഒരുതുമ്പും നല്‍കാത്ത തിരോധാനം, കിടക്കവിരിയിലെ തൂവിപ്പോകുന്ന വിത്തുകളായി കുറേക്കാലം അയാളെ വേട്ടയാടും. സമാനമായ, പപചിന്തയേതുമില്ലാത്ത ബന്ധത്തിന്റെ അത്ര സുന്ദരമല്ലാത്ത പതിപ്പാണ്‌ ലേഡി സെല്‍വിന്‍- റും ബന്ധം. യേഹാനെക്കും അബ്ബാസിനും ഇടയില്‍ വളരുന്ന ബന്ധമാകട്ടെ, വംശീയമുന്‍വിധി തൂവിപ്പോകുന്ന ഒരു പരാമര്‍ശത്തിന്റെ നിഴലില്‍ എങ്ങുമെത്താതെ പോകുകയും ചെയ്യും. ഒരു വനിതാ എഴുത്തുകാരിയുടെ നോവല്‍ ആയിരുന്നിട്ടും അത്രയൊന്നും തിളക്കമുള്ളതല്ല നോവലിലെ സ്ത്രീപാത്ര ചിത്രീകരണം എന്നാണ് ഇതൊക്കെയും സൂചിപ്പിക്കുന്നത്. ചരിത്രപരവും സാമൂഹികവുമായ ഘടനകളാൽ കര്‍തൃത്വം പരിമിതപ്പെട്ടുപോയവരാണ് അവരെല്ലാം. പതിനെട്ടാം നൂറ്റാണ്ടിലെ ലോകത്തിന്റെ പ്രതിഫലനമായി ഇതിനെ കാണാമെങ്കിലും, ശക്തമായ സാന്നിധ്യമായി അവരൊന്നും നിലയുറപ്പിക്കുന്നില്ല എന്നത് നിരാശാജനകമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ മറുപാഠങ്ങള്‍ നൽകുന്നതിനുപകരം നഷ്ടം, കൊളോണിയലിസം, സാമൂഹിക നിയന്ത്രണങ്ങൾ എന്നിവയുടെ വിശാലമായ പ്രമേയങ്ങൾ മുന്നോട്ടു കൊണ്ടുവരുന്നതിനിടയില്‍ അവര്‍ പശ്ചാത്തലത്തില്‍ ഒതുങ്ങിപ്പോവുകയാണ്. ഈ അര്‍ഥത്തില്‍ നോവലന്ത്യത്തില്‍ കാണാവുന്ന മാഡം ഗാര്‍ദം എന്ന സംരഭകയുടെ വികാരശൂന്യമായ പ്രസ്താവന പോലും ഒരു വികാസത്തെ സൂചിപ്പിക്കുന്നു എന്ന് പറയേണ്ടി വരും. തന്റെ പങ്കാളി ഒരു മുസ്ലിം ആണെന്ന് പറഞ്ഞാല്‍ അവര്‍ പാര്‍ട്ട്‌നര്‍ഷിപ്‌ ഓഫറില്‍ നിന്ന് പിറകോട്ടു പോയേക്കുമോ എന്ന ഭയത്തില്‍ പതറുന്ന യേഹാനെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു: “നിങ്ങളിത്ര കഷ്ടപ്പെടണ്ട. നിങ്ങളുടെ അമ്മായിയെ പോലല്ല ഞാന്‍, എനിക്ക് മൂറുകള്‍ അല്ല, പണമാണ് പ്രധാനം.”

താഴെയിട്ട യൂറോപ്പുകാരന്റെ ചങ്കില്‍ പല്ലുതാഴ്ത്തി മുകളില്‍ നില്‍ക്കുന്ന കടുവയിലൂടെ, മേധാവിത്തം അടിച്ചേല്‍പ്പിക്കുന്ന കൊളോണിയലിസ്റ്റിനെ നേരിടുന്ന തിരിച്ചിടലാണ് ടിപ്പു പ്രതീകവല്‍ക്കരിച്ചതെങ്കില്‍, തന്റെ നോവലിലൂടെ പാശ്ചാത്യഭാഷ്യത്തെ തിരിച്ചെഴുതുകയാണ് നോവലിസ്റ്റ്‌ ചെയ്യുന്നത് എന്ന നിരീക്ഷണം ശ്രദ്ധേയമാണ് (S. Goyal). ഈ വായനയില്‍, കൊളോണിയല്‍ ഭാഷ്യങ്ങളെ തിരിച്ചെഴുതുന്ന/ അപനിര്‍മ്മിക്കുന്ന കൃതികളുടെ വലിയ നിരയിലേക്കും നോവല്‍ പ്രവേശനം സാധ്യമാക്കുന്നു – ‘ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്നസ്സ്’ പോലുള്ള മാസ്റ്റര്‍പീസുകള്‍ക്ക് ഉണ്ടായിട്ടുള്ള അത്തരം പൊളിച്ചെഴുത്തു കൃതികള്‍ ഓര്‍ക്കാവുന്നതാണ്. എന്നാല്‍, അത്തരം കൃതികളെപ്പോലെ കൃത്യമായ ഒരു മുന്‍ രചനയെ ഇവിടെ പിന്‍പറ്റുന്നുമില്ല.

അവലംബങ്ങള്‍:

1.       Author interview, http://www.randomhouse.com/catalog/display.pperl/display.pperl?isbn=9780307268907&view=auqa, Accessed 29.01.2025

2.       Nikhil Kumar. ‘Review: Loot by Tania James’, https://www.hindustantimes.com/books/review-loot-by-tania-james-101718882134786.html. 20.06.2024, Accessed 29.01.2025

3.       Stephanie Merritt. ‘imperialism through the eye of a tiger’, https://www.theguardian.com/books/2024/jan/21/loot-by-tania-james-review-imperialism-through-the-eye-of-a-tiger. 21.01.2024, Accessed 29.01.2025

4.       Sana Goyal. ‘the incredible tale of a toymaker’s tiger’, https://www.theguardian.com/books/2024/jan/19/loot-by-tania-james-review-the-incredible-tale-of-a-toymakers-tiger, 19.01.2024, Accessed 29.01.2025.


No comments:

Post a Comment