ചരിത്ര സാക്ഷിയായി ഡ്രിനാ നദിയിലെ പാലം
1961ലെ സാഹിത്യ നെബേല്‍ ജേതാവായ (മുന്‍) യുഗോസ്ലാവിയന്‍ കവിയും നോവലിസ്റ്റുമായ ഈവോ ആന്ദ്രിച്ച് ബാള്‍ക്കന്‍ രാഷ്ട്രീയത്തിലും സാംസ്കാരിക ചരിത്രത്തിലും തന്നെയാണ് തന്റെ രചനകളെ നങ്കൂരമിടുന്നത്. തന്റെ ഔപചാരിക വിദ്യാഭ്യാസം, രാഷ്ട്രീയ ആക്റ്റിവിസം, നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള അനുഭവങ്ങള്‍, ആ നിലക്കും അല്ലാതെയും ബോസ്നിയ, സെര്‍ബിയ, ക്രോയേഷ്യ എന്നിവിടങ്ങളില്‍ കഴിച്ചു കൂട്ടിയ സുദീര്‍ഘ നാളുകള്‍, എന്നിവയുടെ ബലത്തില്‍ ആ ദേശങ്ങളെ കൂട്ടിയിണക്കിയ മാനുഷിക ഘടകങ്ങളെ കുറിച്ച് എഴുതുന്നതിലൂടെ സംഘര്‍ഷങ്ങള്‍ ഒരനിവാര്യതയല്ല എന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ഇന്ന് അദ്ദേഹത്തെ തങ്ങളുടെ ഏറ്റവും വലിയ എഴുത്തുകാരനായി എല്ലാ (മുന്‍) യോഗോസ്ലാവിയന്‍ ദേശങ്ങളും കരുതുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ രചനകളുടെ യഥാര്‍ത്ഥ സത്ത മനസ്സിലാക്കാനാകാതെ ഓരോ വിഭാഗവും തങ്ങളുടെ സവിശേഷ ആശയത്തെ പ്രകാശിപ്പിക്കുന്നില്ല എന്നതിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു. “ദക്ഷിണ സ്ലാവിക് വാമൊഴി/ വരമൊഴി സാഹിത്യ പാരമ്പര്യങ്ങളില്‍ ആണ്ടുമുങ്ങി, സ്വന്തമായ തനതു ശൈലി രൂപപ്പെടുത്തിയ കലാകാരന്‍; ഇരവല്ക്കരണം, ദുഃഖം, നാണക്കേട്, കല എന്നിവയുടെ ബന്ധങ്ങള്‍ പരിശോധിക്കുന്ന ഹ്യൂമനിസ്റ്റ്; സ്ത്രീകളുടെയും ലിംഗ പദവീ ബന്ധങ്ങളുടെയും ചലനാത്മകത നിരീക്ഷണ വിധേയമാക്കുന്ന നരവംശ ശാസ്ത്രജ്ഞന്‍; പ്രാദേശിക പാരമ്പര്യങ്ങളുടെ അടരുകളെയും ചരിത്രപരമായ അനുഭവങ്ങളുടെയും വേര്‍പ്പെടുത്തി പരിശോധിക്കുന്ന ചരിത്രകാരന്‍” എന്ന് അദ്ദേഹത്തെ കുറിച്ച് വിവരിക്കപ്പെടുന്നു. *(1.)
ഘടനാ പരമായി നാലുഭാഗങ്ങള്‍ നിരീക്ഷപ്പെടുന്ന നോവലില്‍ *(2). ആദ്യ ഭാഗം 1500 കളോടെ ആരംഭിക്കുകയും പാലം നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണം വരെ തുടരുകയും ചെയ്യുന്നു. ഇന്നത്തെ ബോസ്നിയ- ഹെര്‍സെഗോവിനയിലെ ബോസ്നിയയെയും സെര്‍ബിയയെയും ബന്ധിപ്പിക്കുന്ന വിഷെഗ്രാഡ് പട്ടണമാണ് നോവലിന്റെ ഇടം. സാമ്രാജ്യത്തിന്റെ പ്രതാപ കാലത്ത്, നിലവിലുണ്ടായിരുന്ന സമ്പ്രദായമായിരുന്നു (Devşirme Levy) കൃസ്ത്യന്‍ ബാലകരെ നന്നേ ചെറുപ്പത്തില്‍ തട്ടിക്കൊണ്ടു പോകുകയും അവരെ മതം മാറ്റുകയും മികച്ച വിദ്യാഭ്യാസവും കായിക പരിശീലനവും നല്‍കുന്നതിനോടൊപ്പം ഓട്ടോമന്‍ മഹിമയില്‍ മസ്തിഷ്ക പ്രക്ഷാളനം നടത്തുകയും ചെയ്തു സമ്പൂര്‍ണ്ണ വിധേയത്വമുള്ള പൗരന്മാര്‍ ആക്കി വളര്‍ത്തുക എന്നത്. തുടര്‍ന്നു അവരെ ഓട്ടോമന്‍ സൈന്യത്തില്‍ അവര്‍ക്കു മാത്രമായി സംവരണം ചെയ്ത വിശിഷ്ട വിഭാഗത്തില്‍ (Janissary Corps) റിക്രൂട്ട് ചെയ്തു. സമാദരണീയമായി കണക്കാക്കിയിരുന്ന ഈ വിഭാഗത്തില്‍ നിന്ന് കഴിവിനും അര്‍പ്പണ മനോഭാവത്തിനും അനുസരിച്ച് ഭരണകൂടത്തിലെ അത്യുന്നത പദവികള്‍ വരെ എത്താന്‍ കഴിയുമായിരുന്നു. അപ്രകാരം തട്ടിയെടുക്കപ്പെട്ടവരില്‍ ഏറ്റവും പ്രസിദ്ധനായത് മുഹമ്മദ് പാഷ സെകലോവിച്ച് (1505- 1579) എന്ന് പില്‍ക്കാലം അറിയപ്പെട്ട സെര്‍ബ് ബാലനായിരുന്നു. നിരന്തര സ്ഥാനക്കയറ്റങ്ങള്‍ക്കൊടുവില്‍ 1565ല്‍ അദ്ദേഹം ‘ഗ്രാന്‍ഡ് വിസീര്‍’ ആയിത്തീര്‍ന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ ‘മഹാനായ സുലൈമാന്‍ ചക്രവര്‍ത്തിയുടെ (Süleyman the Magnificent) ഉള്‍പ്പടെ മൂന്നു ചക്രവര്‍ത്തിമാര്‍ക്കു കീഴില്‍ പ്രസ്തുത സ്ഥാനം അലങ്കരിച്ച അദ്ദേഹം, തന്റെ മരണം വരെ അത് തുടര്‍ന്നു. മധ്യ യൂറോപ്പിലെങ്ങും ഓട്ടോമന്‍ സാമ്രാജ്യം വ്യാപിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്കു നിര്‍ണ്ണായകമായിരുന്നു. എന്നാല്‍, ദുരൂഹമായ ഒരു വേദന മുഹമ്മദ് പാഷയെ എന്നും പിന്തുടര്‍ന്നു. അത് തട്ടിക്കൊണ്ടു പോകപ്പെടുന്ന കുഞ്ഞു മകന് പിന്നാലെ കരഞ്ഞു വിളിച്ചു കൂടെ വന്ന, കടത്തുവഞ്ചിയില്‍ അകന്നു പോകുന്ന മകനെ നോക്കിനിന്ന അമ്മയുടെ ചിത്രമായിരുന്നു. ജന്മഗ്രാമത്തില്‍ നിന്ന് ഡ്രിനാ നദിയുടെ തീരം വരെ പിന്തുടര്‍ന്ന ആ വിലാപത്തിന്റെ ഓര്‍മ്മയില്‍, അമ്മയോടു വേര്‍പിരിഞ്ഞ അതേ ഇടത്തില്‍ ഡ്രിനാ നദിക്കു കുറുകെ ഒരു പാലമെന്ന സ്വപ്നം അദ്ദേഹം വെച്ചുപുലര്‍ത്തി. അതിന്റെ ഫലമായിരുന്നു ഇന്നും ലോക പൈതൃകമായി നിലനില്‍ക്കുന്ന ഡ്രിനാ നദിയിലെ പാലം. ബാള്‍ക്കന്‍ ചരിത്രത്തിന്റെ കേറ്റിറക്കങ്ങള്‍ക്കും ഭാഗധേയങ്ങള്‍ക്കും സാക്ഷിയായി അഞ്ചു നൂറ്റാണ്ടുകളോളമായി നിലക്കൊള്ളുന്ന പാലത്തെ കേന്ദ്ര സ്ഥാനത്തുനിര്‍ത്തി നടത്തപ്പെടുന്ന ആഖ്യാനമാണ് ഈവോ ആന്ദ്രിച്ചിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി.
1566 ല്‍ ആരംഭിക്കുന്ന അഞ്ചുവര്‍ഷം കൊണ്ടാണ് കിഴക്ക് സെര്‍ബിയന്‍ കരയെയും പടിഞ്ഞാറു ബോസ്നിയന്‍ കരയെയും ബന്ധിപ്പിക്കുന്ന പതിനൊന്ന് ആര്‍ച്ചുകളോടു കൂടിയ പാലവും മധ്യത്തിലുള്ള സത്രവും (caravanserai) നിര്‍മ്മാണം പൂര്‍ത്തിയായത്. അന്നുവരെ പുഴ കടക്കാന്‍ ലഭ്യമായിരുന്ന ഏക മാര്‍ഗ്ഗമായിരുന്ന നമ്പാനാവാത്ത കടത്തു വഞ്ചി അതോടെ അപ്രസക്തമായി. ബോസ്നിയന്‍ പ്രദേശങ്ങളും ഇതര ഓട്ടോമന്‍ പ്രവിശ്യകളും തമ്മിലുള്ള സുപ്രധാന കണ്ണിയായിത്തീര്‍ന്ന പാലത്തിന്റെ നിര്‍മ്മാണം പക്ഷെ ഇടയ്ക്കിടെ പ്രതിസന്ധികള്‍ നേരിട്ടു. ദുസ്സഹമായ ജോലി സാഹചര്യങ്ങളില്‍ മനംമടുത്ത അടിമ വേലക്കാര്‍ത്തന്നെ (serfs) ഇടയ്ക്കിടെ പണിമുടക്കുകയും അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. അധികരികളാകട്ടെ, ക്രൂരനായ ഓവര്‍സിയറുടെ കീഴില്‍ അതിനിഷ്ടുരമായി തിരിച്ചടിച്ചു. കയ്യില്‍ കിട്ടിയ ഒരു അട്ടിമറിക്കാരനെ തീര്‍ത്തും ജുഗുപ്സാവാഹമായ രീതിയില്‍ ജീവനോടെ കുത്തനെ കുന്തത്തില്‍ കോര്‍ത്തു പ്രദര്‍ശിപ്പിക്കുന്ന രംഗം നോവലിലുണ്ട്.
രണ്ടാം ഭാഗം
നോവലിലെ ഏറ്റവും ഹൃദ്യമായ ആഖ്യാനമാണ്. കുറെയേറെ ചെറു അധ്യായങ്ങളായി, ചില വ്യക്തികളുടെയോ ഗ്രൂപ്പുകലുടെയോ
ജീവിതങ്ങള്‍ പകര്‍ത്തുന്നതിലൂടെ വിഷെഗ്രാഡ് ഗ്രാമത്തെ ലോകത്തിന്റെ തന്നെ ഒരു
ചെറുപതിപ്പാക്കി നോവലിസ്റ്റ് അവതരിപ്പിക്കുന്നു. പാലത്തിന്റെ മധ്യഭാഗത്തെ ഗേറ്റ് (kapia) എന്നറിയപ്പെട്ട വീതി കൂടിയ ഇടം പൊതുസമ്മേളനനങ്ങള്‍ക്കും മറ്റു
കൂടിച്ചേരലുകള്‍ക്കും ഉള്ള ഇടമായിത്തീര്‍ന്നു. നാട്ടുകാരുടെ പൊതുജീവിതത്തിലെ
സുപ്രധാന ഘട്ടങ്ങളെല്ലാം പാലവുമായി ബന്ധിതമായി. സെര്‍ബ് ക്രിസ്ത്യന്‍ കുടുംബങ്ങള്‍
കുട്ടികളുടെ മാമോദീസ ചടങ്ങിനു മറുകരയിലേക്ക് കൊണ്ടുപോകാന്‍ പാലം വഴിയാക്കി. എല്ലാ
മതങ്ങളിലും പെട്ട കുട്ടികള്‍ തങ്ങളുടെ കളികളുമായി അവിടെ ഒത്തുകൂടി. കാലം കടക്കവേ
പാലത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു കഥകളും പുരാണങ്ങളും ഉണ്ടായി. പാലം പണി
തടസ്സപ്പെടുത്തിയ ദുര്‍മൂര്‍ത്തികളെ പ്രീണിപ്പിക്കാന്‍ വേണ്ടി ബലിയര്‍പ്പിക്കപ്പെട്ട
ഇരട്ടകളായ രണ്ടു കൃസ്ത്യന്‍ കുഞ്ഞുങ്ങള്‍ പാലത്തില്‍ അടക്കപ്പെട്ടതായി
വിശ്വസിക്കപ്പെട്ടു. പുരാണത്തില്‍, പാലത്തിന്റെ
വശത്തില്‍ ഉണ്ടായിരുന്ന രണ്ടു ദ്വാരങ്ങളിലൂടെ ഉന്മാദിനിയായ അവരുടെ അമ്മ ഇലിങ്ക,
മക്കള്‍ക്കു മുലയൂട്ടി. ഇതേ പുരാണത്തിന്റെ വകഭേദം The
Three-Arched Bridge എന്ന നോവലില്‍ അല്‍ബേനിയന്‍ നോവലിസ്റ്റ്
ഇസ്മയില്‍ കദാരെ ആവിഷ്കരിക്കുന്നുണ്ട്.
ഒരു
നൂറ്റാണ്ടു കഴിഞ്ഞു ഹാപ്സ്ബര്‍ഗ് രാജവംശം മധ്യ യൂറോപ്പിലെയും വടക്കന്‍ ബാല്‍ക്കനിലെയും
ഒട്ടുമിക്ക ദേശങ്ങളും ഓട്ടോമന്‍ ആധിപത്യത്തില്‍ നിന്നു തിരിച്ചു പിടിച്ചു. തുടര്‍ന്നുണ്ടായ
പ്രതിസന്ധിയില്‍ സാമ്പത്തിക സ്രോതസ്സിന്റെ അഭാവം കാരണം സത്രം ഉപേക്ഷിക്കപ്പെടുകയും
ഉപയോഗശൂന്യമാവുകയും ചെയ്തുവെങ്കിലും നിര്‍മ്മാണത്തിലെ ഗുണമേന്മ മൂലം യാതൊരു മേല്‍നോട്ടാവും
ഇല്ലാതെത്തന്നെ പാലം പഴയ പോലെ നിലനിന്നു. ഡ്രിനാ നദിയുടെ പതിവു പ്രളയ കാലങ്ങളില്‍
നദിയോരത്തെ മനുഷ്യര്‍, മുസ്ലിം-ക്രിസ്ത്യന്‍-ജൂത/ തുര്‍ക്കി-സെര്‍ബ്- സെഫാര്‍ദിക്
ജൂവിഷ് ഭേദമില്ലാതെ പരസ്പരം താങ്ങായി നിലകൊണ്ടു. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ഒന്നാം സെര്‍ബിയന്‍ കലാപത്തോടെ ദേശീയ സംഘര്‍ഷങ്ങള്‍ ആദ്യമായി ആരംഭിച്ചു. തുര്‍ക്കികള്‍ പാലത്തിനു മുകളില്‍ ഒരു ബ്ലോക്ക് ഹൌസ്
സ്ഥാപിക്കുകയും റിബലുകളുടെയും അങ്ങനെ സംശയിക്കപ്പെട്ടവരുടെയും ശിരസ്സുകള്‍
മറ്റുള്ളവര്‍ക്കു മുന്നറിയിപ്പെന്നോണം അവിടെ കുന്തത്തില്‍ തറച്ചു പ്രദര്‍ശിപ്പിക്കുകയും
ചെയ്തു. ഒരുനാള്‍ ബ്ലോക്ക് ഹൗസ് കത്തിയമരുന്നത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ
പതനത്തിന്റെ തുടക്കത്തെ പ്രതീകവല്‍ക്കരിച്ചു.
ഘടനാപരമായി
മൂന്നാം ഭാഗം ആരംഭിക്കുന്നത് ബോസ്നിയയുടെ മേല്‍ ആസ്ട്രോ-ഹംഗേറിയന്‍
അധിനിവേശത്തോടെയാണ്. 1878ലെ ബെര്‍ലിന്‍ സമ്മേളനത്തെ തുടര്‍ന്നു ബോസ്നിയ-ഹെര്‍സെഗോവിന ആസ്ട്രിയ-
ഹംഗറിയുടെ മേല്‍നോട്ടത്തില്‍ ഒരു പ്രൊട്ടക്റ്ററേറ്റ് ആയിത്തീര്‍ന്നു. പാലം പണി
തീര്‍ന്ന കാലം മുതല്‍ വലിയ മാറ്റങ്ങളൊന്നും കൂടാതെ നിലനിന്നു പോന്ന നാട്ടുകാര്‍ക്ക്
അധിനിവേശം ഒരു വലിയ ആഘാതമായിരുന്നു. ആസ്ട്രോ-ഹംഗേറിയന്‍ ഭരണം കൊണ്ടുവന്ന നിരവധി
പുതുനിയമങ്ങള്‍ അവര്‍ക്ക് പ്രയാസമായിരുന്നു. പഴയ സത്രത്തിന്റെ സ്ഥാനത്തു
സ്ഥാപിക്കപ്പെട്ട ബാരക്കില്‍ വിദേശികള്‍ വന്നുകൊണ്ടേയിരുന്നു. ആസ്ട്രിയ-ഹംഗറിയില്‍
നിന്ന് ഒട്ടേറെ പുതിയ സംരംഭകര്‍ എത്തിച്ചേര്‍ന്നതോടെ അവര്‍ കൊണ്ടുവന്ന വൈദേശിക
സമ്പ്രദായങ്ങള്‍ സ്വത്വ പ്രതിസന്ധികള്‍ക്കു വഴിമരുന്നിട്ടു. സരയാവോയിലേക്ക് ഒരു
നാരോ ഗേജ് റെയില്‍വേ ലൈന്‍ സ്ഥാപിക്കപ്പെടുന്നതോടെ പാലത്തിന്റെ തന്ത്രപരമായ
പ്രാധാന്യം ഒട്ടൊക്കെ നഷ്ടപ്പെടുന്നു. നാട്ടില്‍ നിന്നും വിദ്യാര്‍ഥികള്‍
സരയാവോയിലേക്ക് ഉന്നത പഠനം തേടി പോകാന്‍ തുടങ്ങുന്നതും പുതിയ സാംസ്കാരിക
ആശയങ്ങളുടെ കടന്നുവരവിന് കാരണമാകുന്നു. ട്രേഡ് യൂണിയന്, സോഷ്യലിസം തുടങ്ങിയ ആശയങ്ങളും പുതുതായി പ്രസിദ്ധീകരണം തുടങ്ങിയ വാര്‍ത്ത
പത്രവും ദേശീയത പോലുള്ള ആശയങ്ങളുടെ വ്യാപനം ത്വരിതപ്പെടുത്തി. 1898ല്‍ ആസ്ട്രിയന്‍ ചക്രവര്‍ത്തി എലിസബത്ത് വധിക്കപ്പെടുന്നത് സംഘര്‍ഷപൂര്‍ണ്ണമായ
അന്തരീക്ഷം സൃഷ്ടിച്ചു.
നോവലിന്റെ
നാലാം ഭാഗമായി കണക്കാക്കാവുന്നത്, 1908ല്‍ ആസ്ട്രിയ-ഹംഗറി ബോസ്നിയ-ഹെര്‍സെഗോവിനയെ ഔദ്യോഗികമായി തങ്ങളുടെ
രാജ്യത്തോട് ചേര്‍ക്കുന്നതോടെ ആരഭിക്കുന്ന ആഖ്യാനമാണ്. പുതിയ രാഷ്ട്രീയ സാഹചര്യം
സെര്‍ബിയയുമായി പുതിയ സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചു. ബാള്‍ക്കന്‍ ദേശങ്ങളിലേക്കുള്ള
അധികാര വ്യാപത്തിനു ഒരു സുപ്രധാന തടസ്സമായാണ് ഇതിനെ ആസ്ട്രിയ-ഹംഗറി കണ്ടത്. 1912-’13 കാലത്തെ ബാള്‍ക്കന്‍ യുദ്ധം ഓട്ടോമന്‍ ഭരണത്തെ ഏതാണ്ട് മുഴുവനായും
പ്രദേശത്തു നിന്ന് തുരത്തി. വംശീയ സംഘര്‍ഷങ്ങളും ഭിന്ന വിശ്വാസ ക്രമങ്ങള്‍ക്കിടയില്‍
സംശയങ്ങളും വര്‍ദ്ധിച്ചു വന്നതോടെ പാലത്തിന്റെ മദ്യഭാഗത്തിനുണ്ടായിരുന്ന
സാംസ്കാരിക പ്രാധാന്യവും നഷ്ടമായി. 1914 ജൂണില്‍
ബോസ്നിയന്‍ സെര്‍ബ് വിദ്യാര്‍ഥി ഗാവ് റിയോ പ്രിന്‍സിപ്, സരെയാവോയില്‍
വെച്ച് ആര്‍ച്ച് ഡ്യൂക്ക് ഫെര്‍ഡിനാന്‍ഡിനെ വധിച്ചത് ഒന്നാം ലോക യുദ്ധം
പൊട്ടിപ്പുറപ്പെടുന്നതില്‍ കലാശിച്ചു. ആസ്ട്രിയ-ഹംഗറി സെര്‍ബിയക്കു മേല്‍ യുദ്ധം
പ്രഖ്യാപിക്കുന്നതോടെ വിഷെഗ്രാഡിലെ അധികാരികള്‍ നാട്ടിലെ സെര്‍ബ് ഇതര വംശജരെ അവര്‍ക്കെതിരെ
ഇളക്കി വിടാന്‍ തുടങ്ങി. സെര്‍ബിയക്ക് നേരെ നീങ്ങുന്ന സൈന്യത്തെയും
സന്നാഹങ്ങളെയും മുഴുവന്‍ കൈകാര്യം ചെയ്യാന്‍ റെയില്‍വേ പോരാതെ വരുന്നതോടെ ഒരിക്കല്‍ക്കൂടി
ഡ്രിനാ നദിയിലെ പാലത്തിനു അതിന്റെ പഴയ പ്രാധാന്യം തിരികെ കിട്ടിത്തുടങ്ങുന്നുണ്ട്.
ആസ്ട്രിയ-ഹംഗറിയുടെ മുന്നേറ്റം തടയുന്ന സെര്‍ബുകള്‍ പാലത്തിലൂടെ മുന്നേറുകയും
ശത്രുവിനെ വിഷെഗ്രാഡില്‍ നിന്ന് തുരത്തുകയും ചെയ്യുന്നു. എന്നാല്‍ അതിനു വിലയായി
പാലത്തിന്റെ ചിലഭാഗങ്ങള്‍ നശിപ്പിക്കപ്പെടുന്നു. ചരിത്ര യാഥാര്‍ത്ഥ്യത്തില്‍
നിന്നുള്ള വസ്തുതാപരമായ ഈ വ്യതിയാനത്തോടെയാണ് നോവല്‍ അവസാനിക്കുന്നത്. നോവലില്‍
നിരീക്ഷിക്കപ്പെടുന്ന നൂറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷങ്ങളുടെ തന്നെ തുടര്‍ച്ചയായി, പോയ നൂറ്റാണ്ടോടുവില്‍ ബോസ്നിയന്‍ മുസ്ലിംകള്‍ക്കു നേരെ അരങ്ങേറിയ ഒരു വന്‍
വംശഹത്യക്ക് കൂടി സാക്ഷ്യം വഹിച്ചു കൊണ്ട് യഥാര്‍ത്ഥ പാലം ഇന്നും നിലനില്‍ക്കുന്നു,
ഇതിഹാസ
മാനമുള്ള കൃതിയെന്നു പരക്കെ അംഗീകരിക്കപ്പെടുമ്പോഴും ‘ഇതിഹാസം’ എന്ന വാക്ക് വളരെ ശ്രദ്ധയോടു കൂടിയേ
നോവലിന്റെ കാര്യത്തില്‍ ഉപയോഗിക്കാനാവൂ എന്നു നിരീക്ഷിക്കപ്പെടുന്നു. നോവലില്‍ ഒരു
മുഖ്യ കഥാപാത്രമോ, നായികാ/ നായകന്മാരോ ഇല്ല. ആ അര്‍ത്ഥത്തില്‍
നോവല്‍ എന്നതിലേറെ chronicle (പുരാവൃത്തം) എന്ന പേരാണ്
പുസ്തകത്തിനു യോജിക്കുക എന്നും നിരീക്ഷിക്കപ്പെടുന്നു. ‘പാലം’ എന്ന ഒരേയൊരു പ്രതീകത്തെ കേന്ദ്രമാക്കി പറയപ്പെടുന്ന സംഭവങ്ങളുടെ ഒരു
സംഘാതം എന്ന നിലയിലാണ് മിക്ക നിരൂപകരും നോവലിനെ സമീപിക്കുന്നത്. പാലം
അനശ്വരതയുടെയും ഒപ്പം പരിണാമത്തിന്റെയും പ്രതീകമാണ് എന്നു അവര്‍ കരുതുന്നു.
എന്നാല്‍ ഈ വായനയില്‍ നോവലില്‍ ലീനമായ ഘടനാപരമായ സൂക്ഷ്മ ഐക്യം അവഗണിക്കപ്പെടുന്നു (3). കാല ദീക്ഷ, കഥാ പാത്ര വികാസങ്ങള്‍, നിരീക്ഷണ രീതിയിലെ കലാപരത എന്നിവയെ പഠന വിധേയമാക്കുന്നതിലൂടെ നോവലിന്
ശക്തമായ ഘടനാ ഐക്യം (structural unity) ഉണ്ടെന്നു ഈ
വിശകലനം സ്ഥാപിക്കുന്നു. നോവലിനെ 24 അധ്യായങ്ങളെ
കലഗണനക്കനുസരിച്ചു കൃത്യമായി തിരിക്കാനാകും. ഒന്ന് മുതല്‍ നാലുവരെ അദ്ധ്യായങ്ങള്‍
ആമുഖവും പതിനാറാം നൂറ്റാണ്ടിലെ പാലം നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളും
ആവിഷ്കരിക്കുന്നു. 1571ല്‍ നിര്‍മ്മാണ പൂര്‍ത്തീകരണത്തെ
സൂചിപ്പിക്കുന്ന ശിലാഫലക സ്ഥാപനവും ഇസ്താന്‍ബൂളില്‍ മുഹമ്മദ് പാഷയുടെ വധവും
വരെയാണ് ഈ ഭാഗം. ഏറ്റവും ദൈര്‍ഘ്യമുള്ള ഭാഗമായ (170 പേജുകളോളം) അഞ്ചു മുതല്‍ പതിനഞ്ചു വരെ അധ്യായങ്ങള്‍ പതിനേഴും പതിനെട്ടും
നൂറ്റാണ്ടുകളിലൂടെ പാലത്തിന്റെ ചരിത്രത്തിന്റെ ഘട്ടങ്ങള്‍ പരിശോധിക്കുന്നു. തുര്‍ക്കി
ആധിപത്യം ആസ്ട്രിയന്‍ മേധാവിത്തത്തിനു വഴിമാറുന്നത് ഈ ഭാഗത്താണ്. 16 മുതല്‍ 24 വരെ അധ്യായങ്ങള്‍ ഇരുപതാം
നൂറ്റാണ്ടിന്റെ ആദ്യ ദശകം (16,17), 1912 –’13 കാലത്തെ
വിസ്ഫോടനങ്ങള്‍ (18-20) ലോകയുദ്ധത്തിലെക്കെത്തുന്ന 1914ന്റെ മാത്രം കഥകള്‍ (21-24)എന്നിങ്ങനെ
മൂന്നാം ഭാഗത്തെ ഏറെ കൃത്യമായിത്തന്നെ തിരിച്ചറിയാനാകും.
കഥാപാത്ര
ദീക്ഷയിലും സമാനമായ വികാസം കാണാനാകും. ആദ്യഭാഗത്ത്, കുട്ടികളെ കേന്ദ്രീകരിച്ചാണ് നോവല്‍
ആരംഭിക്കുന്നത്. “അവരുടെ നിഷ്കളങ്ക നോട്ടങ്ങളിലൂടെ പാലമെന്ന അത്ഭുതത്തിലേക്ക്
നമ്മെ പരിചയപ്പെടുത്തുന്നു, അതേ കാരണം കൊണ്ട് തന്നെ, പാലത്തിന്റെ നിര്‍മ്മാണത്തെ ചുറ്റിപ്പറ്റിയുള്ള അഭുതകരമായ കഥകളെ
അംഗീകരിക്കാന്‍ നാം ഏറെ സജ്ജരുമാണ്, കാരണം നാം ആ
പുരാണങ്ങളെ നമ്മള്‍ തന്നെയും കുട്ടികളാണ് എന്ന മട്ടിലാണ് കേള്‍ക്കുന്നത്.” (ibid.p.368-369). മുഹമ്മദ് പാഷയുടെ പാത്രസൃഷ്ടിയില്‍ മുന്നിട്ടു നില്‍ക്കുന്ന നിര്‍ണ്ണായക
ഭാവങ്ങളൊക്കെയും നിര്‍വ്വചിക്കപ്പെടുന്നത്, ഒടുവില്‍
അദ്ദേഹത്തെ പ്രായമായ ഒരു ഭരണാധികാരിയായാണ് നാം കാണുന്നതെങ്കിലും, അമ്മയുമായുണ്ടായ വേര്‍പാട് അടയാളപ്പെടുത്തുന്ന ആ കുട്ടിക്കാലമാണ്. ഒരര്‍ത്ഥത്തില്‍
ആ കുട്ടിക്കാലത്തിന്റെ ബാധയാണ് എല്ലാത്തിന്റെയും തുടക്കം; കേന്ദ്രസ്ഥാനീയമായ പാലത്തിന്റെയും ഓട്ടോമന്‍ സാമ്രാജ്യ വ്യാപനത്തിന്റെയും
എല്ലാം. ചാപ്പിള്ളകളായ ഇരട്ടകളുടെ ബാധയേറ്റതാണ് ഒരു ദുസ്വപ്നത്തിലെന്നോണം
ഭ്രാന്തിയായ ഇലിങ്കയെ പേര്‍ത്തും പേര്‍ത്തും പാലത്തിലേക്ക് ആകര്‍ഷിക്കുന്നത്.
പാലംപണിക്കിടെ കൂറ്റന്‍ പാറക്കല്ലിനടിയില്‍ അരഞ്ഞുപോകുന്ന കറുത്തവര്‍ഗ്ഗ നവയുവാവ്,
പ്രായം വ്യക്തമാക്കപ്പെടാത്ത, എന്നാല്‍
യൌവ്വന സഹജമായ സ്വാതന്ത്ര്യ ബോധം ദുരന്ത കാരണമായിത്തീര്‍ന്നു വാരിക്കുന്തത്തില്‍
തറക്കപ്പെടുന്ന റാഡിസാവ്, എന്ന് തുടങ്ങി പുതുതായി
പണിയിക്കപ്പെട്ട പാലം വരെ ബാല്യ-കൌമാര- നവ യൗവ്വന കാലങ്ങളെ അടയാളപ്പെടുത്തുന്നു.
പാലത്തിന്റെ കാര്യത്തില്‍, മാനുഷികമായ അളവുകള്‍
അപ്രസക്തമാകും വിധം സാവധാനത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്ന സൂചനയോടെയാണ്
ആദ്യഭാഗം അവസാനിക്കുന്നത്:
“പരിണാമങ്ങളിലും
മനുഷ്യരുടെ തലമുറകളുടെ അതിവേഗ മുന്നേറ്റത്തിലും പാലം അതിനു ചുവടെ ഒഴുകുന്ന നദി
പോലെ മാറ്റമില്ലാതെ തുടര്‍ന്നു. അതിനും സ്വാഭാവികമായും പ്രായമായി വന്നു, എന്നാല്‍ മനുഷ്യാസ്ഥിത്വത്തിനും
തലമുറകളുടെ തുടര്‍ച്ചയായ കടന്നു പോക്കിനും ബാധകമാകുന്നതിനേക്കാള്‍ വലിയ ഒരു കാല
ഗണനയില്‍, അതുകൊണ്ട് അതിനു പ്രയമാകുന്നത് മനുഷ്യ
ദൃഷ്ടിക്ക് ഗോചരമായിരുന്നില്ല. അതിന്റെ ജീവിതം, സ്വയം
നശ്വരമെങ്കിലും, അനശ്വരതയെ പോലിരുന്നു, അത് കാണാനാകുമായിരുന്നില്ല.”
രണ്ടാം
ഭാഗത്ത് (അധ്യായം 6-15) യുവത്വമാണ് പാതസൃഷ്ടിയുടെ മാനദണ്ഡം. വിവാഹ പ്രായമായവര്‍; ഒറ്റക്കണ്ണന്‍ സാല്‍ക്കോ കോര്‍ക്കറെ പോലെ ഒടുവില്‍ കുടിയന്മാരോ മറ്റോ ആയി
തുലഞ്ഞുപോകുന്നവരെങ്കിലും, ജീവിതാശയുള്ള ചെറുപ്പക്കാര്‍;
പുതുതായെത്തിയ ആസ്ട്രിയന്‍ ഭരണാധികാരികളുടെ മുന്നില്‍ ദേശത്തിന്റെ
പ്രതിനിധികള്‍ ആയി എത്തുന്ന മുല്ല ഇബ്രാഹിം എന്ന യുവ ഹോജ, ഡേവിഡ്
ലെവി എന്ന യുവ റബ്ബി, ഹുസൈനാഗ എന്ന യൗവ്വനം
വിട്ടിട്ടില്ലാത്ത സ്കൂള്‍ അധ്യാപകന്, എന്നിവര്‍; പ്രണയച്ചതിയില്‍ പെട്ടുപോകുന്ന ഗ്രിഗോര്‍ ഫെദൂന്‍ എന്ന ഉക്രേനിയന്‍
സൈനികന്, ഹോട്ടല്‍ ഉടമയായ യുവ വിധവ ലോതിക
തുടങ്ങിയവരാണ് ഈ ഭാഗത്ത് കേന്ദ്ര കഥാപാത്രങ്ങള്‍. നോവലിലെ ഏറ്റവും ഉള്ളുലക്കുന്ന
പാത്രസൃഷ്ടികളില്‍ ഒന്നായ സുന്ദരി ഫതാ അവ്ദാഗിനയുടെ കഥ ചാരുതയാര്‍ന്ന ഭാഷയില്‍
അവതരിപ്പിക്കപ്പെടുന്നുണ്ട്. “ഞങ്ങളുടെ കാര്യത്തില്‍ എല്ലായിപ്പോഴും
സംഭവിക്കുമായിരുന്ന ഒന്നായിരുന്നു, ഓരോ തലമുറയിലും
ചുരുങ്ങിയത് ഒരു പെണ്‍കുട്ടിയെങ്കിലും അവളുടെ സൗന്ദര്യം കൊണ്ടും കുലീനത കൊണ്ടും
ഗുണങ്ങള്‍ കൊണ്ടും, പുരാണങ്ങളിലും പാട്ടുകളിലും
ഇടപിടിക്കും എന്നത്... അത്തരം അനന്യ വ്യക്തികളില്‍ ഒരാള്‍, പ്രകൃതി തന്നെ അവരെ വേറിട്ടുനിര്‍ത്തും, അപകടകരമായ
വിതാനങ്ങളിലേക്ക് ഉയര്‍ത്തും.” വില്‍ യെ ലൂഗിലെ വാക്കിനു വിലയുള്ള ഉസ്മനാജിച്ച്
കുടുംബത്തില്‍ പിതാവിന്റെ വാക്കു പാലിക്കാന്‍ വേണ്ടി മുമ്പ് താന്‍ ഗര്‍വ്വപൂര്‍വ്വം
നിഷേധിച്ച നെസൂകെയിലെ മുസ്തായ്ബേഗ് കുടുംബാംഗം നെയ്ല്‍ ബെഗിനെ വിവാഹികഴിക്കുകയും
(“വില്‍ യെ ലൂഗ് നെസൂകെയിലേക്ക് വരുന്ന അന്ന് അത് സംഭവിക്കും” എന്നായിരുന്നു
പ്രണയാഭ്യാര്‍ത്ഥനക്ക് അവളുടെ മറുപടി) സ്വന്തം വാക്കു പാലിക്കാന്‍ ഗ്രാമം വിടാന്‍
സാധിക്കാതെ വരികയും ചെയ്യുന്ന പ്രതിസന്ധി ഡ്രിനാ നദിയുടെ ആഴങ്ങളിലേക്ക്
കൂപ്പുകുത്തി പരിഹരിക്കുന്ന സുന്ദരി ഫതാ പുരാണങ്ങളിലേക്ക് കടക്കുന്നത് എട്ടാം
അധ്യയത്തിനൊടുവില്‍ നോവലിസ്റ്റ് വിവരിക്കുന്നു: “കുറച്ചുകാലം പട്ടണവാസികള്‍
സംഭവത്തെ കുറിച്ചു സംസാരിച്ചു, എന്നിട്ടത് മറക്കാന്‍
തുടങ്ങി. ആകെ ബാക്കിയായത് അനശ്വരം എന്ന മട്ടില്‍ ലോകത്തിനു മേല്‍ ജ്വലിച്ചു നിന്ന
സൌന്ദര്യവും ബുദ്ധിശക്തിയും ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ കുറിച്ചുള്ള ഒരു
പാട്ട് മാത്രമായിരുന്നു.”
മൂന്നാം
ഭാഗത്ത്, പാലത്തിന്റെ പഴക്കം അടയാളപ്പെടുത്താന്‍ ആസ്ട്രിയന്‍ അധികൃതര്‍ അത്
കേടുപാടുകള്‍ തീര്‍ക്കുന്ന പണി നടത്തുന്നത് “ചീത്തയായ പല്ല് കേടുപാടു തീര്‍ക്കുന്നതു
പോലെ” എന്നു നോവലിസ്റ്റ് വിവരിക്കുന്നു. റെയില്‍വേയുടെ വരവോടെ ‘കിഴക്കിനും
പടിഞ്ഞാറിനും ഇടയിലെ കണ്ണി’ എന്ന അതിന്റെ പ്രാധാന്യം നഷ്ടമാകുന്നു. എഴാം തൂണ് മൈന്‍
പൊട്ടി തകര്‍ക്കപ്പെടുന്നു. പാലത്തിനെപ്പോലെത്തന്നെ പ്രായമായ കഥാപാത്രങ്ങളാണ് ഈ
ഭാഗത്തുള്ളത്. നല്ല നാളുകള്‍ പിന്നിട്ടു മടുപ്പു ബാധിച്ച ലോതിക, അലിഹോജ, ഡോ. ബലാസ്, സാന്റോ
പാപ്പോ, ലോതികയുടെ ഹോട്ടലില്‍ ചാരനായ വെയ്റ്റര്‍
ഗുസ്റ്റാഫ്, സെര്‍ബ് മുസ്ലിം അഭയാര്‍ഥിയായ വയോധികന്‍
മുജാഗ മുസ്റ്റാപ് യിച്ച്, തുടങ്ങിയവര്‍. ഈ ഭാഗത്തെ
ചെറുപ്പക്കാര്‍, മുന്‍ ഭാഗങ്ങളിലെതില്‍ നിന്ന്
വ്യത്യസ്തമായി വിപ്ലവ ആശയങ്ങളോ പരിവര്‍ത്തന ത്വരയോ ഇല്ലാത്ത, കീഴടങ്ങിയ പ്രകൃതക്കാരാണ്. പഴയ ജീവിതക്രമങ്ങള്‍ പുതിയ വിധേയത്വങ്ങള്‍ക്കു
വഴിമാറുന്നു എന്ന ദുരന്തോന്മുഖതയിലാണ് നോവല്‍ അവസാനിക്കുന്നത്. പ്രമേയപരമായ
നിരീക്ഷണ രീതികള്‍ പഠന വിധേയമാക്കുമ്പോഴും തുടക്കവും ഒടുക്കവും രണ്ടു ഭിന്ന
ധ്രുവങ്ങള്‍ പോലെ കാണാം. തുടക്കം വിശാല കാഴ്ച്ചകളിലേക്കുള്ള തുറക്കല്‍ പോലെ ‘സൂം’ ചെയ്യുന്നു. വിഷെഗ്രാഡ് ഭാഗത്ത് കാണാവുന്ന ഡ്രിനാ നദിയുടെ വീതികുറഞ്ഞ
മലയിടുക്കുകള്‍ അതിനപ്പുറം പത്തു മൈലുകലെക്കാള്‍ കൂടാത്ത ഒരു ആംഫിതീയറ്റര്‍ പോലെ
വിശാലമാകുന്നു എന്ന് നോവലിസ്റ്റ് എഴുതുന്നു. നോവലന്ത്യത്തില്‍, അലിഹോജയുടെ ചുരുങ്ങിവരുന്ന ദൃശ്യ മണ്ഡലത്തെയാണ് കേന്ദ്രീകരിക്കുന്നത്.
അയാള്‍ നിലത്തേക്കു വീഴുകയും തൊട്ടടുത്ത ഒരു ചെറു തുണ്ട് നിലം മാത്രം കാണുകയും
ചെയ്യുന്നു. ക്രമാനുഗതമായ ഈ ചുരുങ്ങല്‍ ഉടനീളം കാണാനാകും: ആദ്യഭാഗങ്ങളില്‍
റാഡിസാവിന്റെ ശിക്ഷ പോലെ പാലം പണിയുടെ ഘട്ടങ്ങളില്‍ പൊതു ഭീതി അടിച്ചേല്‍പ്പിക്കുന്നത്
പോലുള്ള പൊതുവായ കാഴ്ച്ചകള്‍ അവതരിപ്പിക്കുന്ന ആഖ്യാതാവ്, മുഹമ്മദ്
പാഷയുടെ വധത്തിനു ശേഷം കാഴ്ച്ചയെ മൊത്തം വിഷെഗ്രാഡില്‍ കേന്ദ്രീകരിക്കുന്നു.
മധ്യഭാഗങ്ങളില്‍ വൈയ്യക്തിക പുരാവൃത്തങ്ങളില്‍ ശ്രദ്ധയൂന്നുന്നതും കാണാം. അവസാന
ഭാഗങ്ങളാകട്ടെ മുഖ്യമായും അലിഹോജയിലാണ് കേന്ദ്രീകരിക്കുന്നത്.
അമ്മയില്‍
നിന്നു വേര്‍പ്പിരിക്കപ്പെടുന്ന കുഞ്ഞിന്റെ വേദനയും അമ്മിഞ്ഞയൂട്ടാനാകാത്ത മുലപ്പാലിന്റെ വിങ്ങലും
പുഴയോളങ്ങളില്‍ അകന്നു പോകുന്ന കണ്മണിയെ നോക്കിനിന്നു വിതുമ്മുന്ന ജനനിയുടെ
വിട്ടുപോകാത്ത നൊമ്പരക്കാഴ്ച്ചയുമാണ് ഡ്രിനാ നദിയുടെ വൈകാരിക ബീജാവാപമായതെങ്കില്‍,
മുഹമദ് പാഷയും ഓട്ടോമന്‍ സാമ്രാജ്യവും പ്രതിനിധാനം ചെയ്യുന്ന സമന്വയ
തൃഷ്ണയുടെയും അധികാര ഗര്‍വ്വിന്റെയും വൈരുധ്യങ്ങളാണ് അതിന്റെ നിര്‍മ്മിതി
അടയാളപ്പെടുത്തിയത്. മുസ്ലിം തുര്‍ക്കികളും ക്രിസ്റ്റ്യന്‍ സെര്‍ബുകളും തമ്മില്‍
എന്നും നിലനിന്ന സംഘര്‍ഷങ്ങളുടെ അന്തരീക്ഷത്തിലേക്ക് ഒത്തുചേരലിന്റെയും
പങ്കുവെപ്പിന്റെയും പ്രശാന്തത ആദ്യമായി അനുഭവപ്പെടുത്തിയ ഇടം; പൂര്‍ത്തിയാവുമോ, പൂര്‍ത്തിയായാല്‍ത്തന്നെ
നിലനില്‍ക്കുമോ എന്നീ സന്ദേഹങ്ങളൊക്കെ കാറ്റില്‍ പറത്തി സ്ഥിരതയുടെ വിളംബരമായി
നൂറ്റാണ്ടുകള്‍ക്കു സാക്ഷിയായ കൂറ്റന്‍ നിര്‍മ്മിതി; ക്രിസ്റ്റ്യനായി
ജനിച്ചു ലോകം കണ്ട ഏറ്റവും വലിയ മുസ്ലിം സാമ്രാജ്യത്തിന്റെ പ്രതാപിയായ ഗ്രാന്‍ഡ്
വിസീര്‍ ആയിത്തീര്‍ന്ന ദീര്‍ഘദര്‍ശിയുടെ സ്വപ്ന സാക്ഷാത്കാരം എന്ന നിലയില്‍
സംസ്കാരങ്ങള്‍ക്കും വിശ്വാസ/ പുരാണ പാരമ്പര്യങ്ങള്‍ക്കുമിടയില്‍ നിലയുറപ്പിച്ച
സമന്വയത്തിന്റെ പ്രതീകം; നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും
ഓട്ടോമന്‍, ആസ്ട്രിയന്‍ പടയോട്ടങ്ങളുടെ നശീകരണങ്ങളെ
ചെറുത്തുനിന്നതിലൂടെ സമ്പൂര്‍ണ്ണ തകര്‍ച്ചക്കെതിരെ കാലാതീതമായ സൂക്ഷ്മ ദേശീയതയുടെ
അതിജീവനം ഉറപ്പു വരുത്തിയ കോട്ട; വിഷെഗ്രാഡിലും ഇതര നദിയോര
ദേശങ്ങളിലും നിലനിന്ന അന്ധവിശ്വാസങ്ങള്‍ക്കും പഴഞ്ചന്‍ രീതികള്‍ക്കും ബദലായി
നാഗരികതയുടെയും ആധുനികതയുടെയും കടന്നുവരവിന് നിമിത്തമായ വാതായനം എന്നിങ്ങനെ
വരാനിരിക്കുന്ന മാറ്റങ്ങളുടെ നാന്ദി കുറിക്കാന്‍ പ്രതിഭാധനനായ നോവലിസ്റ്റ്
കണ്ടെത്തുന്ന ഏറ്റവും ശക്തമായ ബിംബമായിരുന്നു ഡ്രിനാ നദിയിലെ പാലം.
ലോകസാഹിത്യത്തില്‍ ഒരു മനുഷ്യനിര്‍മ്മിതിയെത്തന്നെ കേന്ദ്ര കഥാപാത്രമാക്കി
രചിക്കപ്പെട്ട ഇത്രയും ഉജ്ജ്വലമായ മറ്റൊരു കൃതി കണ്ടെത്തുകയും
പ്രയാസകരമായിരിക്കും.
References:
(1.) (Vucinich, Wayne S.,
“Description: Ivo Andric Revisited: The Bridge Still Stands”, UC Berkeley, GAIA
Research Series, 1995, https://escholarship.org/uc/item/8c21m142).
(2).
(Bob Corbett, Comments by Bob Corbett, August 2013, http://faculty.webster.edu/corbetre/personal/reading/andric-drina.html)
(3). (Cooper, Henry R.
“The Structure of the Bridge on the Drina.” The Slavic and East European
Journal, vol. 27, no. 3, 1983, pp. 365–373. JSTOR, www.jstor.org/stable/307863.
Accessed 11 July 2021.)
(ലോഗോസ് ബുക്ക്സ് പേജ് 15-25)
കൂടുതല്‍ വായനക്ക്:
Death and the Dervish by Meša Selimović
https://alittlesomethings.blogspot.com/2024/08/death-and-dervish-by-mesa-selimovic.html
Quiet Flows the UNA by Faruk Sehic
https://alittlesomethings.blogspot.com/2024/08/quiet-flows-una-by-faruk-sehic.html
The Unbearable Lightness of Being (1984) (Czechoslovakia)Milan
Kundera/ Michael Henry Heim
https://alittlesomethings.blogspot.com/2024/08/the-unbearable-lightness-of-being-1984.html
The Tin Drum by Günter Grass (Germany)/ Ralph Manheim (1959)
https://alittlesomethings.blogspot.com/2024/08/the-tin-drum-by-gunter-grass-germany.html
No comments:
Post a Comment