തുര്‍ക്കി സാഹിത്യത്തില്‍ ഇന്നേറ്റവും വായിക്കപ്പെടുന്ന വനിതാ നോവലിസ്റ്റാണ്
ആക്റ്റിവിസ്റ്റും അക്കാദമിസ്റ്റുമായ എലിഫ് ഷഫാക്. ദി ബാസ്റ്റാര്‍ഡ് ഓഫ് ഇസ്താന്‍ബൂള്‍, ദി ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവ്, ത്രീ ഡോട്ടേഴ്സ്
ഓഫ് ഈവ് തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവായ
അവരുടെ കൃതികള്‍ ഒട്ടുമിക്ക ലോകഭാഷകളിലെക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
തുര്‍ക്കിയിലും ഇംഗ്ലീഷിലും എഴുതുന്ന ധീരയായ ഈ എഴുത്തുകാരി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊപ്പം
ഭരണകൂട ഭീഷണിക്കും ഇരയാട്ടുള്ളത് അവരെ പ്രവാസവഴിയിലും എത്തിച്ചിരിക്കുന്നു. തുര്‍ക്കി
സമൂഹത്തിലെ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ നിശിതമായി നിരീക്ഷിക്കുന്ന എലിഫ്
ശഫാക്കിന്റെ കൃതികളില്‍ പൊതുവായി കണ്ടെത്താവുന്ന ഉത്കണ്ഠകള്‍ വേഗം
തിരിച്ചറിയാനാകും. ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ’10 Minutes, 38 Seconds in this Strange World’ നോവലിസ്റ്റിന്റെ
മറ്റൊരു ശക്തമായ രചനയാണ്.
ദുരൂഹമായ രീതിയില്‍ കൊലചെയ്യപ്പെട്ടു ഇസ്താന്‍ബൂളിലെ ഏതോ തെരുവോരത്തെ
ചവറ്റുവീപ്പയില്‍ കിടക്കുന്ന ലൈല തകീലയെന്ന ലൈംഗികത്തൊഴിലാളിയുടെ
മറഞ്ഞുകൊണ്ടിരിക്കുന്ന ബോധം നടത്തുന്ന ആഖ്യാനമായാണ് നോവലിന്റെ ഇതിവൃത്തം
വികസിക്കുന്നത്. മരണം സംഭവിക്കുമ്പോള്‍ ബോധം പരിപൂര്‍ണ്ണമായി അണഞ്ഞുപോകാന്‍ പത്തു
മിനിട്ടും മുപ്പത്തിയെട്ടു സെക്കന്‍ഡും എടുക്കുമെന്ന ആശയത്തിന്റെ ശാസ്ത്രീയത
എന്തായാലും പടിപടിയായുള്ള ഇതിവൃത്ത വികാസത്തിനും ചരിത്ര ഘട്ടങ്ങളോട് അവയെ ചേര്‍ത്തുവെച്ചുകൊണ്ടുള്ള
ആവിഷ്കാരത്തിനും ഈ സങ്കല്‍പ്പനം നോവലിസ്റ്റിനു ഏറെ സഹായകമാകുന്നുണ്ട്. ആദ്യഭാഗമായ
‘മനസ്സ് (The Mind) പരിപൂര്‍ണ്ണമായും ലൈലയുടെ ആഖ്യാനമാണ്; രണ്ടാം
ഭാഗമായ ‘ഉടല്‍ (The Body)’ അവളുടെ അഞ്ചു
കൂട്ടുകാരുടെയും.
ചരിത്ര സന്ദര്‍ഭങ്ങളുമായി കൃത്യമായ ഇഴയടുപ്പത്തോടെ തന്നെയാണ് ഇതിവൃത്ത ധാര
ചുരുള്‍ നിവരുന്നത് എന്നത് ശ്രദ്ധേയമാണ്. മൗലികവാദത്തിന്റെ വളര്‍ച്ച, അര്‍മ്മീനിയന്‍, യസീദി വിഭാഗങ്ങള്‍ക്കുനേരെ തുര്‍ക്കി ചരിത്രത്തില്‍ നിരന്തരം നടന്ന, ഇപ്പോഴും തുടരുന്ന വംശീയ വേട്ടകള്‍, ഉണരുന്ന
സ്ത്രീത്വത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും നേരെ വര്‍ദ്ധിച്ചു വരുന്ന
ജിഹാദിസ്റ്റ് കടന്നു കയറ്റങ്ങള്‍, ഇടതുപക്ഷ വിരുദ്ധ
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെ നാള്‍വഴികള്‍ ലൈലയുടെ
മറഞ്ഞുകൊണ്ടിരിക്കുന്ന ബോധത്തിലൂടെ ആവിഷകരിക്കപ്പെടുന്ന സ്മൃതി ചിത്രങ്ങളുമായി
ചേര്‍ത്തുവെച്ചു വിവരിക്കപ്പെടുന്നുണ്ട്.
……………………………….
ഇതിവൃത്തപ്രധാനം
(plot-driven) എന്ന് പറയാവുന്ന ഒന്നാണ് നോവലിന്റെ ഘടന എന്നത് ഒരേസമയം പുസ്തകത്തിന്റെ
ശക്തിയും ദൗര്‍ബല്യവും ആയിത്തീരുന്നുണ്ട്. തന്റെ പ്രമേയങ്ങള്‍ അവതരിപ്പിക്കാനുള്ള
ക്യാന്‍വാസ് ആയി നോവലിനേയും സംഭവങ്ങളെയും കഥാപാത്രങ്ങളെയും ഉപയോഗിക്കുന്നതിലെ
പ്രഭാഷണപരത അതികാല്‍പ്പനിക വല്‍ക്കരണമായും സ്വാഭാവികതയുടെ അതിരുകള്‍ വലിച്ചു
നീട്ടുന്നതിലേക്കും നോവലിസ്റ്റിനെ എത്തിക്കുന്നുണ്ടെന്നു കാണാനാവും. വിശേഷിച്ചു
പുതുമ അവകാശപ്പെടാനില്ലാത്ത കഥാസന്ദര്‍ഭങ്ങളും ആഗ്രഹ ചിന്തയോളം എത്തുന്ന പാത്ര
സൃഷ്ടികളും ക്രുതഹസ്തയായ ഒരെഴുത്തുകാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. എന്നാല്‍
ഇസ്താന്‍ബൂളിനുള്ള ഒരു പ്രണയകാവ്യമെന്ന നിലയില്‍ അതിന്റെ ജീവിത/ അതിജീവന, സൗന്ദര്യ/വൈരൂപ്യ വൈചിത്ര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നോവലിസ്റ്റിന്റെ
ഭാവഗരിമയും കയ്യടക്കവും എടുത്തുപറയേണ്ടത് തന്നെയാണ്.
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്:
പേജ് 369-377)
No comments:
Post a Comment