തെന്നിനീങ്ങിപ്പൊലിയുന്നവര്‍
(എരിത്രിയന്‍ അറബ് നോവലിസ്റ്റ്
ഹാജി ജബാര്‍ എഴുതി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലീഷ് വിവര്‍ത്തനം പുറത്തിറങ്ങിയ Black
Foam (2018) എന്ന നോവലിനെ കുറിച്ച്. അറബ്
നോവലിനുള്ള അന്താരാഷ്‌ട്ര പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട നോവല്‍, അഭയാര്ഥിത്തത്തത്തിന്റെയും വംശീയതയുടെയും അനിശ്ചിതത്വങ്ങള്‍
നിരീക്ഷിക്കുന്നു.)
തെക്ക് എത്യോപ്യ, തെക്കുകിഴക്കന്‍ ഭാഗത്ത് ജിബൂട്ടി, പടിഞ്ഞാറു സുഡാന്‍, കിഴക്കന്‍, വടക്കു കിഴക്കന്‍
ഭാഗങ്ങളില്‍ ചെങ്കടല്‍ എന്നിങ്ങനെ അതിര്‍ത്തി പങ്കിടുന്ന ബഹുവംശീയ ആഫ്രിക്കന്‍
ദേശമായ എരിത്രിയയില്‍ അഞ്ചു മില്ല്യന്‍ ജനസംഖ്യയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ
അന്ത്യ ദശകങ്ങള്‍ മുതല്‍ ഇറ്റാലിയന്‍ കോളനി, രണ്ടാം ലോകയുദ്ധാനന്തരം 1941 മുതല്‍ 1951 വരെ ബ്രിട്ടീഷ് പ്രൊട്ടക്റ്ററേറ്റ്, തുടര്‍ന്ന് യു. എന്‍. തീരുമാനപ്രകാരം Federation
of Eritrea with Ethiopia എന്ന പേരില്‍
എത്യോപ്യയുടെ ഭാഗം എന്നതായിരുന്നു ആധുനിക എറിത്രിയന്‍ ചരിത്ര സംഗ്രഹം.
എത്യോപ്യയുമായി സുദീര്‍ഘ സംഘര്‍ഷങ്ങളുടെ ചരിത്രം എരിത്രിയയുടെ സ്വാതന്ത്ര്യ
സമരത്തിന്റെയും തുടര്‍ന്നുള്ള കാലഘട്ടങ്ങളുടെയും ഭാഗധേയമായിരുന്നു. 1961 മുതല്‍
1991 വരെ എത്യോപ്യയോടു കൂട്ടിച്ചേര്‍ക്കുന്നതിനെതിരെ
(annexation) നടത്തിയ ചെറുത്തുനില്‍പ്പാണ് എരിത്രിയയുടെ സ്വാതന്ത്ര്യ
സമരം. പ്രസ്തുത പോരാട്ടങ്ങളില്‍ മുപ്പതു ശതമാനത്തില്‍ കൂടുതല്‍ സൈനികര്‍
സ്ത്രീകളായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. എന്നാല്‍ ഈ അഗ്നിപരീക്ഷണങ്ങള്‍ക്കു
ശേഷവും സമാധാനപൂര്‍വ്വമായ പൗരജീവിതം എരിത്രിയയുടെ ഭാഗധേയത്തില്‍ ഉണ്ടായിട്ടില്ല.
1993ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടര്‍ന്നു പ്രസിഡണ്ട് ആയി അവരോധിക്കപ്പെട്ട
അഫ് വേര്‍ക്കി ഇസയ്യാസ് (President Afwerki Isaias) നാളിതുവരെയും തുടരുന്നത്, ദേശത്തു
ഒരു പൊതുതെരഞ്ഞെടുപ്പു പോലും അതിനു ശേഷം ഉണ്ടായിട്ടില്ലാത്തതു കൊണ്ടാണ്.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷവും എത്യോപിയുമായി തുടര്‍ന്ന അതിര്‍ത്തിയുദ്ധങ്ങള്‍
ദേശത്തിന്റെ അതികഠിനമായ സാമ്പത്തിക പിന്നോക്കാവസ്ഥ, കൂട്ടപ്പലായനങ്ങള്‍, ആഫ്രിക്കയിലെ തന്നെ
ഏറ്റവും ഗുരുതരമായ കുഴിബോംബു ഭീഷണി തുടങ്ങിയ രൂപങ്ങളില്‍ ഇന്നും തുടരുന്നു. ഒരു
ഔദ്യോഗിക ഭാഷയില്ലെങ്കിലും ഒട്ടേറെ ഭാഷകള്‍ ഉപയോഗിക്കപ്പെടുന്ന എരിത്രിയയില്‍
രണ്ടര മില്ല്യനില്‍ ഏറെയും ഉപയോഗിക്കുന്ന ടിഗ്രിന്യ (Tigrinya), അനൌദ്യോഗികമായി
ആ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങള്‍ മുതല്‍
യൂറോപ്യന്‍ മെഷിനറിമാരുടെ പ്രോത്സാഹനത്തില്‍ ടിഗ്രിന്യ ഭാഷയില്‍ ആധുനിക എരിത്രിയന്‍
സാഹിത്യത്തിന്റെ വളര്‍ച്ച നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തുടര്‍ന്നുവന്ന ഫാഷിസ്റ്റ് ഭരണകാലത്ത് അത് അടിച്ചമര്‍ത്തപ്പെട്ടു.
ബ്രിട്ടീഷ് കാലത്ത് (1941 മുതല്‍) വീണ്ടും സജീവമായ സാംസ്കാരിക മണ്ഡലം, ആദ്യ ടിഗ്രിന്യ നോവലുകള്‍ക്ക് ജന്മംനല്‍കി. എന്നാല്‍
സുലൈമാന്‍ അഡോനിയയുടെ Silence Is My Mother Tongue പോലെ നാമമാത്രമായ കൃതികളേ അന്താരാഷ്‌ട്ര വായനാ സമൂഹത്തിനു
ലഭ്യമാകും വിധം വിവര്‍ത്തനം ചെയ്യപ്പെട്ടതായോ ഇംഗ്ലീഷ് പോലുള്ള ലോകഭാഷകളില്‍
എഴുതപ്പെട്ടതായോ കാണുന്നുള്ളൂ.
കിഴക്കന്‍ ആഫ്രിക്കയിലെ മുനമ്പു
ദേശമായ (Horn
of Africa) എരിത്രിയയില്‍ വടക്കന്‍ ചെങ്കടല്‍
തീരത്തെ തുറമുഖ നഗരമായ മസാവയില്‍ 1976ല്‍ ജനിച്ച ഹാജി
ജാബര്‍,
നോവലിസ്റ്റും അല്‍ ജസീറയുടെ ജേണലിസ്റ്റുമാണ്. ഹാജി ജാബര്‍, എരിത്രിയയുടെ ഭൂത- വര്‍ത്തമാന കാലത്തെയും ഡയസ്‌പോറ അനുഭവങ്ങളെയും തന്റെ
കൃതികളില്‍ നിബന്ധിക്കുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി രചിച്ച Black
Foam (2018) എന്ന നോവല്‍, വിഖ്യാതമായ IPAF (അറബ് നോവലിനുള്ള അന്താരാഷ്‌ട്ര പുരസ്‌കാരം) ലോങ്ങ്‌ലിസ്റ്റില്‍
ഇടം പിടിച്ചതോടെ ആ ബഹുമതി നേടുന്ന ആദ്യത്തെ എരിത്രിയന്‍/ കറുത്തവര്‍ഗ്ഗക്കാരന്‍ ആയിത്തീര്‍ന്നു ഹാജി ജബാര്‍. സ്വദേശത്തെ
ദാരിദ്ര്യത്തില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷ തേടി ഇസ്രായേലിലേക്ക് പലായനം
ചെയ്യുന്ന എത്യോപ്യന്‍ ജൂതരുടെ ഒരു സംഘത്തില്‍പ്പെട്ട യുവാവിന്റെ കഥ പറയുന്ന നോവല്‍, സവാദ് ഹുസൈന്, മാര്സ്യാ ലിങ്ക്സ് കേലി എന്നിവരുടെ സംയുക്ത ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ kindle പതിപ്പായി 2023 ഫെബ്രുവരിയില്‍ പുറത്തുവന്നു.
യാഥാര്‍ത്ഥ്യത്തില്‍നിന്നു ഫിക്
ഷനിലേക്ക്
ഒരു എരിത്രിയന്‍
കുടിയേറ്റക്കാരനെ ഇസ്രായേലി സൈനികര്‍ വെടിവെച്ചു കൊന്ന സംഭവമാണ് കുടിയേറ്റ
സമൂഹങ്ങള്‍ നേരിടേണ്ടി വന്ന അനീതികളിലേക്ക് വെളിച്ചം വീശാന്‍ തന്നെ
പ്രേരിപ്പിച്ചതെന്ന് ഒരു അഭിമുഖത്തില്‍ ഹാജി ജാബര്‍ വ്യക്തമാക്കി. തങ്ങള്‍
പിന്തുടര്‍ന്ന ഒരു പലസ്തീനിയാണ് എന്ന തെറ്റിദ്ധാരണയിലാണ് ആ കൊലപാതകം
നടത്തപ്പെട്ടത് എന്ന വിശദീകരണം മാത്രമല്ല, എത്ര നിസ്സാരമായാണ് സംഭവം വീക്ഷിക്കപ്പെട്ടത് എന്നതുകൂടിയാണ് അദ്ദേഹത്തെ
നോവല്‍ രചനയിലേക്കു പ്രചോദിപ്പിച്ചത്. ആദ്യം ലേഖനമായി എഴുതിയെങ്കിലും തന്റെ
മനസ്സിലെ വിക്ഷോഭങ്ങള്‍ പകര്‍ത്തിവെക്കാന്‍ യോജിക്കുക നോവല്‍രൂപമാണ് എന്ന
നിലയിലാണ് പുസ്തകം രചിക്കപ്പെട്ടതും യഥാര്‍ത്ഥ ഇരക്ക് (Habtom
Weldi Mikael) സമര്‍പ്പിക്കപ്പെട്ടതും.
കറുത്തവന്റെ സ്വത്വ (Black
identity ) ത്തിന്റെ അതിജീവനത്വര
അടയാളപ്പെടുത്തുന്ന “പ്രക്ഷുബ്ധതക്കിടയില്‍ ഒരു പുതുകാല സാഹസിക യാനം” (‘a modern
odyssey of transit through turbulence’)
എന്നു വിവരിക്കപ്പെട്ട നോവലാണ് Black Foam (1). പ്രവാസം, വംശീയത തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ നിരീക്ഷിക്കുന്നതോടൊപ്പം
എത്യോപ്യന്‍ ജൂതന്റെ അതിജീവന സാഹസങ്ങളും പകര്‍ത്തുന്ന ഇതിവൃത്തം, എരിത്രിയ മുതല്‍ ഇസ്രയേല്‍വരെ നീളുന്ന ഒട്ടേറെ
അപകടങ്ങളിലൂടെയുള്ള യാത്രയിലൂടെ, ‘പിക്കാറസ്ക്’
(picaresque) സ്വഭാവം കൈവരിക്കുന്നു. കറുത്തവന്റെ അനുഭവം എന്ന നിതാന്ത
പ്രമേയത്തെ, ഭൂമിയില്‍ ദൈവം പോലും ഉപേക്ഷിച്ച
ജനതയുടെ പ്രതീകമെന്ന നിലയില്‍ എരിത്രിയന്‍ സ്വത്വവുമായി ചേര്‍ത്തുവെച്ചു
പരിഗണിക്കുന്നതിലൂടെ അന്താരഷ്ട്ര വായനാസമൂഹം അധികമൊന്നും
ചെന്നെത്തിത്തിയിട്ടില്ലാത്ത ഒരു ലോകമാണ് നോവലിസ്റ്റ് തുറന്നുവെക്കുന്നത്:
“പലപ്പോഴും താലോലിച്ച ഒരാശയം അയാളുടെ മനസ്സില്‍ വീണ്ടും ഉയര്‍ന്നുവന്നു –
എരിത്രിയക്കാര്‍ രോഷംകൊള്ളുകയില്ല, അവരെപ്പോഴും വേദനിക്കുകയും മുറിവേല്‍ക്കുകയും പിന്‍വാങ്ങുകയും ചെയ്യുകയേ ഉള്ളൂ, ഒരിക്കലും നിയന്ത്രണം നഷ്ടപ്പെടുകയുമില്ല. പീഡിതന്നു രോഷം
ഒരു ആര്‍ഭാടമായിരുന്നു, അവര്‍ക്കും
രോഷത്തിനുമിടയില്‍ അവമതിയുടെയും അടിച്ചമര്‍ത്തലിന്റെയും ഒരു മതിലുണ്ടായിരുന്നു.
രോഷമെന്നത് ഒരു ഇച്ഛാപൂര്‍ണ്ണ പ്രവര്‍ത്തി (act of will ) ആയിരുന്നു, അടിച്ചമര്‍ത്തപ്പെട്ടവന് ഇച്ഛയോ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവോ
ഉണ്ടായിരുന്നില്ല.”
കറുത്തവനും പലസ്തീനിയും
എരിത്രിയന്‍ സ്വാതന്ത്ര്യ
സമരത്തിന്റെ അവസാന വര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ എറിത്രിയന്‍ സൈനികന്‍
ദാവൂദ് തന്റെ ഓര്‍ക്കാനിഷ്ടപ്പെടാത്ത ഭൂതകാലത്തില്‍ നിന്നും പലായനം ചെയ്യുകയും
എത്യോപ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍നിന്നു വ്യാജ ഐഡന്റിറ്റികള്‍ ഉപയോഗിച്ചു
ഇസ്രയേലില്‍ എത്തിച്ചേരുകയും തന്റെ അനിവാര്യമായ വിധിയുമായി മുഖാമുഖം നില്‍ക്കുകയും
ചെയ്യുന്നതാണ് നോവല്‍ ആവിഷ്കരിക്കുന്നത്. “ഷഹരെസാദിന്റെ മാനങ്ങളുള്ള നുണയന്‍
പ്രതിനായകന്‍” എന്നുവിവരിക്കപ്പെട്ടിട്ടുള്ള (2) ദാവൂദ് പലപ്പോഴായി, പലരോടായി നടത്തുന്ന അത്മകഥാഖ്യാനത്തില്‍ നെല്ലും പതിരും വേര്‍തിരിക്കുക
ദുഷ്കരമാണ്. ഒരുവേള, അതൊക്കെയും
ചേര്‍ന്നു അയാളുടെ
‘വ്യക്തിസത്തയെ നിരന്തരം പുനര്‍നിര്‍വ്വചിക്കുന്ന യാത്ര’ (3) ആയിത്തീരുന്നു എന്ന അര്‍ഥത്തില്‍ അവയെല്ലാം വസ്തുതാപരമായ
ശരിതെറ്റുകള്‍ക്കപ്പുറം പ്രസക്തവുമാണ്. എരിത്രിയയിലെ ബ്ലു വാലിയില്‍ നിന്ന്
തട്ടിയെടുക്കപ്പെടുകയും കൊടിയ പീഡനങ്ങള്‍ക്കു വിധേയനാകുകയും ചെയ്യുന്നതില്‍
ആരംഭിക്കുന്ന ദാവൂദിന്റെ കഥ, എത്യോപ്യയിലെ
ഗോണ്ടാര്‍ അഭയാര്‍ഥി ക്യാമ്പില്‍ വെച്ചാണ് വഴിതിരിയുന്നത്. ബുദ്ധിപൂര്‍വ്വം
സൃഷ്ടിക്കുന്ന തീപിടുത്തത്തില്‍ വീരനായകനായി ചമയുന്ന ദാവൂദ്, മനുഷ്യക്കടത്തുകാരന്റെ സൗഹൃദം നേടിയെടുക്കുന്നു. UNHCR അധികൃതര്‍ക്കുവേണ്ടി സൃഷ്ടിക്കുന്ന പുരാവൃത്തത്തിലെ ആയിഷയും
അവളുമായുള്ള നനുത്ത പ്രണയവും കഥയോ കല്‍പ്പനയോ എന്ന് ഒരിക്കലും വ്യക്തമല്ല. എന്നാല്‍, രണ്ടായാലും അത് ശുഭാന്ത്യമല്ല എന്നതില്‍ എരിത്രിയന്‍ അഭയാര്‍ഥിയുടെ
സത്യം തന്നെയാണുള്ളത്. ഇസ്രായേലി മതഗ്രൂപ്പുകാര്‍ ഇസ്രായേലിലേക്ക് കൊണ്ടുപോകുന്ന
എത്യോപ്യന്‍ ജൂതസംഘത്തിലേക്ക് തന്ത്രങ്ങളും കൈക്കൂലിയുമായി ഇടം കണ്ടെത്തുന്ന
ഡേവിഡ്,
ഇപ്പോള്‍ ഡാവിറ്റ് ആയി പരകായം ചെയ്തിട്ടുണ്ട്. ഒടുവില്‍
മാരിയേല്‍ എന്ന എരിത്രിയന്‍ പലസ്തീനിയെ കണ്ടുമുട്ടുന്നതോടെ തനിക്കു സുരക്ഷിതത്വവും
വീടും ലഭിച്ചതായി തോന്നുന്ന അതേ അനുഭവമാണ് അയാളുടെ അന്ത്യത്തിലേക്കു നയിക്കുക
എന്നതില്‍ കറുത്തവര്‍ഗ്ഗക്കാരനായ എരിത്രിയന്‍ ആഫ്രിക്കന്‍ അഭയാര്‍ഥിയുടെയും
കാരണമേതും അറിയാതെ നിരന്തരം വേട്ടയാടപ്പെടുന്ന പലസ്തീനിയുടെയും ദുരന്തപഥങ്ങള്‍
സന്ധിക്കുന്നു. ദാവൂദിന്റെ ആഖ്യാനത്തില്‍ നിരന്തരം സംഭവിക്കുന്ന തെന്നിപ്പോക്ക്
ആഖ്യാനധാരക്ക് സംഭവബഹുലതയും വിഘടിതഭാവവും നല്‍കുന്നുണ്ട്. എന്നാല്‍, നോവലിസ്റ്റ് അയാളെ ഒരു ആത്മീയാന്വേഷകന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നത്
പലസ്തീനിയുമായുള്ള അയാളുടെ ബാന്ധവത്തിനു കൂടുതല്‍ ദുരന്ത ദീപ്തി നല്‍കുന്നു.
‘ബീറ്റ ഇസ്രയേല്‍’ എന്നും ‘ഫലാഷ
ജൂതന്മാര്‍’ എന്നും (Beta Israel/ Falasha Jewry) വിളിക്കപ്പെട്ട, തങ്ങളുടെ ആദിമ
സ്വദേശമായി കണക്കാക്കിയ ഇസ്രായേലില്‍ സ്ഥിരതാമസം എന്ന ലക്ഷ്യത്തോടെ ദശകങ്ങളായി
ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും കുടിയേറിയ ‘അബിസീനിയന്‍ ജൂത സമൂഹ’ത്തില്‍ (4) ദാവൂദ് സ്വയം ഉള്‍പ്പെടുത്തുന്നത് ഇതിവൃത്തത്തിലെ ഒരു
പ്രധാന ഘടകമാണ്. സ്വദേശിയാവല്‍ (Belonging) പ്രക്രിയയില്‍ അടങ്ങിയ ഉള്‍ച്ചേര്‍ക്കല്‍ (assimilation) എന്നതുപോലെ മായ്ച്ചുകളയലിന്റെയും (erasure) സാംസ്കാരിക അനുരൂപണത്തിന്റെയും (cultural
appropriation) ഉദാഹരണമായി ഇതിനെ കാണാം (Adama Munu). 1991 ആവുമ്പോഴേക്കും നാല്‍പ്പതിനായിരത്തിനും
മുകളിലെത്തിയിരുന്ന ഈ വിഭാഗത്തെ, ‘ആധികാരിക ജൂതന്മാര്‍’ ആയി അംഗീകരിക്കാന്‍ ഇസ്രയേലികള്‍ വിമുഖത കാണിച്ചത്, ആഫ്രിക്കയിലെ ഒരു മതന്യൂനപക്ഷമെന്ന അവരുടെ ‘അനൌദ്യോഗിക’
പദവി കാരണമായിരുന്നു. നോവലിസ്റ്റ് എഴുതുന്നു: “പകച്ചുപോയ ആ കറുത്ത മനുഷ്യ സമൂഹം
ഏതോ വിദൂരസ്ഥ സമുദ്രത്തില്‍നിന്നും വരുന്നപോലെ തോന്നിച്ചു.” ദാവൂദ് നേരിടുന്ന
പരജനദ്വേഷവും വംശീയവിദ്വേഷവും (xenophobia and racism) ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ തീവ്രമാകുന്നത്.
നങ്കൂരമില്ലാത്തവന്, എങ്ങുമെത്താത്തവന്...
സത്യങ്ങള്‍, അര്‍ദ്ധ സത്യങ്ങള്‍, UNHCR അധികൃതരെ കബളിപ്പിക്കാന്‍ സഹായിക്കുന്ന വിചിത്ര വ്യക്തികള്‍, അഭയാര്‍ഥി/ താല്‍ക്കാലിക ക്യാമ്പുകളിലെ ഓഫീസര്‍മാര്‍, ഇസ്രായേലി അതിര്‍ത്തികളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി ഒട്ടേറെ
കഥാപാത്രങ്ങള്‍ നോവലിലുണ്ട്. എത്തിച്ചേരുന്ന ഇടത്തിനനുസരിച്ചു ദാവൂദ് തന്റെ
സ്വത്വം വെച്ചുമാറുന്നു: ഡേവിഡ്, ആദല്‍, ഡാവിറ്റ് എന്നിങ്ങനെ പേരുകള്‍ മാറുമ്പോഴും അടിസ്ഥാനപരമായ
അയാളുടെ പ്ലവനപ്രകൃതം (fluid nature) തന്നെയാണ് തുടരുന്നത്. ആ അര്‍ഥത്തില്‍, ഈ ആര്‍ജ്ജിത സ്വത്വങ്ങളാണ് അയാളെ രൂപപ്പെടുത്തുന്നത് എന്നുപറയാം.
എത്തിച്ചേരുന്ന ഇടങ്ങളില്‍ ചേര്‍ക്കപ്പെടുന്നതിന്റെ (assimilation) ഭാഗമായി കറുത്തവന്റെ സ്വത്വം ചരിത്രപരമായിത്തന്നെ
എങ്ങനെയെല്ലാം വളച്ചൊടിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്
എന്നതിന്റെ ഒരു ആവിഷ്കാരം കൂടിയായി ഇതിനെ കാണാം. ദാവൂദ്, എത്യോപ്യയിലെ അഭയാര്‍ഥി ക്യാമ്പിലെത്തുമ്പോള്‍ ഡേവിഡ് എന്ന
പേരിലേക്കും മറ്റൊരു മതസ്വത്വത്തിലേക്കും മാറുന്നു. അതും സുരക്ഷിതത്വം ഉറപ്പു നല്‍കില്ല
എന്ന അവസ്ഥയിലാണ് ഡാവിറ്റ് എന്ന ജൂത്വ ഐഡന്റിറ്റിയിലേക്ക് പരുവപ്പെടുകയും ഫലാഷ
ജൂതനെന്ന വ്യാജേന ഇസ്രായേലിലേക്ക് പലായനം ചെയ്യുകയും ചെയ്യുക.
ഒരിടത്തുകാരനുമല്ലാത്ത, അഥവാ
എല്ലായിടത്തുകാരനുമായ ഇയാളുടെ വിധി നോവല്‍ വിവരിക്കുന്നു: “അയാള്‍ കൂടുതലൊന്നും
ആവശ്യപ്പെടുകയായിരുന്നില്ല: അയാള്‍ക്ക് അതിജീവിക്കുകയെ വേണ്ടിയിരുന്നുള്ളൂ, ഒരു സാധാരണ ജീവിതം നയിക്കുക, ഉണരുക, ഉറങ്ങുക, പ്രണയിക്കുക, കുട്ടികളുണ്ടാകുക, ഒടുവില്‍ തന്റെ
കിടക്കയില്‍ കിടന്നു മരിക്കുക. അയാള്‍ കൂടുതലൊന്നും ആവശ്യപ്പെടുകയായിരുന്നില്ല.”
എന്നാല്‍ അതീവ ലളിതമായ ഈ ആവശ്യം അസാധ്യലക്ഷ്യമായിത്തീരുന്നു എന്നതാണ് അയാളുടെയും
അയാളെ പോലെയുള്ള മനുഷ്യരുടെയും ചരിത്ര സന്ദര്‍ഭം. അയാള്‍ക്ക് തന്റെ ഐഡന്റിറ്റിയും
പേരും ഊരും ഭാഷയും വേഷവുമെല്ലാം നിരന്തരം മാറ്റേണ്ടി വരുന്നു. ജറുസലേമില്‍
ഒരിടത്ത് ഒരനുഭവം വിവരിക്കപ്പെടുന്നുണ്ട്: ഒരു കെട്ടിടത്തിനു വെളിയില്‍ ഒരു കോണി
സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ജനാലയിലെത്താനുള്ള ഉയരമില്ലാത്ത അതുകൊണ്ട്, ഫലത്തില്‍, ഉദ്ദേശിക്കപ്പെടുന്ന
ഒരു പ്രയോജനവുമില്ല. എന്നാലോ, മുന്നൂറു
വര്‍ഷമായി അതവിടെയുണ്ടുതാനും. തന്റെ അതിലളിതമായ, എന്നാല്‍ ഒരിക്കലും സാക്ഷാത്കരിക്കപ്പെടാത്ത, ലക്ഷ്യത്തിലെത്താനുള്ള ദാവൂദിന്റെ ശ്രമങ്ങളും ഒന്നിനുവേണ്ടിയുമല്ലാത്ത, പലസ്തീനിയന്‍ ജീവിതത്തിലെ നിത്യസംഭവമായ വെറുമൊരു
കയ്യബദ്ധത്തിലെ ഹൃദയഭേദകമായ അന്ത്യവും നിഷ്പ്രയോജകമായ ആ കോണിയുടെ അസംബന്ധപൂര്‍ണ്ണമായ
നാടകവല്‍ക്കരണമാണ്. നെഞ്ചില്‍ തുളച്ചുകയറിയ വെടിയുണ്ടയുടെ കലങ്ങിമായുന്ന ബോധത്തില്‍
അയാളാ സമസ്യക്ക് ഉത്തരം തേടുന്നുണ്ട്:
“ആ മനുഷ്യന്റെ ചോദ്യത്തിനു
മറുപടി പറയാന്‍ അയാള്‍ ശ്രമിച്ചു, എന്നാല്‍
അയാളുടെ നാവിനു ഭാരം കൂടിവന്നു. തന്റെ ചുറ്റുമുള്ള സൈനികരുമായി ഒരു സംഭാഷണം
സാധ്യമയിരുന്നെങ്കില്‍ എന്നയാള്‍ ആശിച്ചു. ചോദ്യങ്ങള്‍ ചോദിക്കുക എന്ന പോലെ മറുപടി
പറയാനും ഇപ്പോള്‍ ഒഴികെ ഒരിക്കലും അയാള്‍ ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല.
തന്റെ ഐഡന്റിറ്റിയെ കുറിച്ച്
അവരോടു ചോദിക്കാന്‍ അയാള്‍ ആഗ്രഹിച്ചു, തന്റെ പേര് ദാവൂദ് എന്നോ, ഡേവിഡ്
എന്നോ ഡാവിറ്റ് എന്നോ? തന്റെ മതത്തെ
കുറിച്ച് അവരോടു ചോദിക്കാന്‍ അയാള്‍ ആഗ്രഹിച്ചു: താന്‍ മുസ്ലിമാണോ, ക്രിസ്ത്യാനിയോ, അതോ ജൂതനോ? തന്റെ ദേശീയതയെ കുറിച്ചും –
താന്‍ എരിത്രിയന്‍ ആണോ, എത്യോപ്യനോ, ഇസ്രയേലിയോ, അതോ പലസ്തീനിയോ?
ഒരുത്തരം കണ്ടെത്താന്‍
കഴിഞ്ഞിരുന്നെങ്കില്‍ എന്നയാള്‍ ആശിച്ചു. ജീവിതകാലം മുഴുവന്‍ താന്‍
തേടിക്കൊണ്ടിരുന്ന ഐഡന്റിറ്റി ആരാഞ്ഞുകൊണ്ട്, ഒടുവില്‍ ആളുകള്‍ തന്റെ നേരെ മുഖം തന്നപ്പോള്‍, ഇപ്പോള്‍, ഈ നിമിഷം, അയാള്‍ക്കതു വേണ്ടിയിരുന്നു. പിന്നെ അയാള്‍ക്ക്
ചുറ്റുമുള്ള ശബ്ദങ്ങള്‍ നേര്‍ത്തുവരാന്‍ തുടങ്ങി. അയാളുടെ ഉടല്‍ ഒരു മാതിരി
ലാഘവത്വത്തിലേക്കു പതിച്ചു, അയാള്‍ക്ക്
ഉറങ്ങാനുള്ള മോഹമുണ്ടായി. അയാള്‍ ഇത്തിരിനേരം ഉറങ്ങും, പിന്നീട്, ഈ
ആളുകളെല്ലാം അവരുടെ ചോദ്യത്തിന് ഒരു മറുപടി കണ്ടെത്തിക്കഴിഞ്ഞ ശേഷം അയാള്‍ ഉണരും.
തന്നെ ഇത്രയും കാലംകൊണ്ടു തളര്‍ത്തിക്കളഞ്ഞ ഈ ദൗത്യവുമായി അയാളവരെ വിടും.
അയാള്‍ തന്റെ കണ്ണുകള്‍ അടച്ചു, തന്റെ ആത്മാവിന്റെ പത ഉപരിതലത്തിലേക്ക് തത്തിനില്‍ക്കുന്നത്
അയാള്‍ക്ക് അനുഭവവേദ്യമായി. അതാരെങ്കിലും ശ്രദ്ധിക്കുമോ എന്നയാള്‍ക്ക്
അറിയില്ലായിരുന്നെങ്കിലും മുഖത്തൊരു പുഞ്ചിരിയുമായി അയാള്‍ വിട്ടുപോയി.”
പാശ്ചാത്യമായ ഐഡന്റിറ്റി, സ്ഥിരത (placement)
എന്നിവയ്ക്കു പകരം ‘ഗ്ലോബല്‍ സൗത്ത്’ എന്നറിയപ്പെടുന്ന ദേശങ്ങളില്‍ (ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ തുടങ്ങിയ ഭൌമ രാഷ്ട്രീയ സാംസ്കാരിക അപരവല്‍ക്കരണം
നേരിടുന്ന മൂന്നാം ലോക വികസ്വര ദേശങ്ങള്‍) ഐഡന്റിറ്റി, സ്വദേശിയാവല്‍ (Belonging) എന്നീ പ്രമേയങ്ങളാണ് സാധാരണയായി ചര്‍ച്ചചെയ്യപ്പെടുന്നത് എന്നും, എന്നാല്‍ ഈ സമവാക്യം കീഴ്മേല്‍ മറിക്കപ്പെടുകയും പശ്ചാത്തലം
ആഫ്രിക്കന്‍ മുനമ്പോ മിഡില്‍ ഈസ്റ്റോ ആവുകയും ചെയ്യുമ്പോള്‍ എന്താണ്
സംഭവിക്കുകയെന്നാണ് നോവല്‍ പരിശോധിക്കുന്നത് എന്നുമുള്ള നിരീക്ഷണം (Adama
Munu) മര്‍മ്മസ്പര്‍ശിയാണ്. ഒരിടവും
സ്വന്തമെന്നു പറയാനാവാതെ, ആഴത്തിലേക്കിറങ്ങാതെ, കാറ്റിന്റെ ഗതിയനുസരിച്ച് ഉപരിതലത്തില്‍ തെന്നി
നീങ്ങിപ്പൊലിയുന്ന പത (foam) അഭയാര്‍ഥിത്വത്തിന്റെ
അനിശ്ചിതത്വം അടയാളപ്പെടുത്തുന്നു. അതിനോട് കറുത്തവന്‍ നേരിടുന്ന വിവേചനത്തിന്റെ
അനുഭവം കൂടി ചേര്‍ത്തുവെക്കുന്നതാണ് തലക്കെട്ടിന്റെ രൂപകം.
References:
(1). Adama Munu. ‘Black Foam elevates the complexities of
migration, racism and Ethiopian Jewry’, 15 February, 2023. https://www.newarab.com/features/black-foam-elevates-complexities-migration-and-racism
(2). Publishersweekly. https://www.publishersweekly.com/9781542034029.
(3). KUHELIKA GHOSH. ‘Moving Story About Finding Home and
Belonging — Black Foam by Eritrean Author Haji Jabir’, brittlepaper.com,
27.02.2023,
https://brittlepaper.com/2023/02/eritrean-author-haji-jabir-explores-an-eritrean-migrants-quest-to-find-home-and-belonging-in-his-novel-black-foam/
(4). https://www.jewishencyclopedia.com/articles/5987-falashas
No comments:
Post a Comment