Featured Post

Showing posts with label Palestine Novel. Show all posts
Showing posts with label Palestine Novel. Show all posts

Sunday, June 21, 2026

The Parisian by Isabella Hammad

 ഇസബെല്ല ഹമ്മാദ്: ചരിത്രം, സ്വത്വം, പ്രവാസജീവിതം




ലണ്ടനിൽ പലസ്തീനിയൻ പിതാവിന്റെയും ബ്രിട്ടീഷ് മാതാവിന്റെയും മകളായി ജനിച്ച ഇസബെല്ല ഹമ്മാദ്, തന്റെ ഫിക്ഷനുകളിലൂടെ അതീവ ശക്തമായി ദൃശ്യവൽക്കരിക്കുന്ന ആ പ്രവാസാവസ്ഥയെ (Diasporic Condition) സ്വന്തം ജീവിതത്തിലും പേറുന്ന വ്യക്തിയാണ്. യുണൈറ്റഡ് കിംഗ്ഡത്തിലും യുണൈറ്റഡ് സ്റ്റേറ്റ്സിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ, അറബ്, യൂറോപ്യൻ, ആംഗ്ലോഫോൺ സാഹിത്യ പാരമ്പര്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര വീക്ഷണകോണിൽ നിന്നാണ് എഴുതുന്നത്. അവരുടെ ആദ്യ നോവലായ 'ദി പാരിസിയൻ', സ്വന്തം കുടുംബചരിത്രത്തെ അടിസ്ഥാനമാക്കി രചിച്ചതാണെങ്കിലും, പലസ്തീന്റെ കൊളോണിയൽ സങ്കീർണ്ണതകളെ ഒരു വിഹഗവീക്ഷണത്തോടെ നോക്കിക്കാണുന്ന വലിയൊരു ആഖ്യാനമായി അത് വികസിക്കുന്നു. പ്രവാസികളായ എഴുത്തുകാർ പലപ്പോഴും വ്യക്തിപരമായ ഓർമ്മകളെ എങ്ങനെയാണ് ഒരു ജനതയുടെ കൂട്ടായ സാക്ഷ്യമാക്കി മാറ്റുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കൃതി.

പലസ്തീന് പുറത്തുള്ള ഹമ്മാദിന്റെ ജീവിതം, അവിടുത്തെ ഭൂതകാലത്തെ ഒരേസമയം അതീവ ആത്മബന്ധത്തോടെയും എന്നാൽ നിഷ്പക്ഷമായ ഒരു അകലം പാലിച്ചുകൊണ്ടും പുനർനിർമ്മിക്കാൻ അവരെ സഹായിക്കുന്നുണ്ട്; ഇത് പലസ്തീനിയൻ സാഹിത്യത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ അതിനെ ആഗോള സാഹിത്യത്തിന് മുന്നിൽ പ്രതിഷ്ഠിക്കാൻ ഇടയാക്കുന്നു. ഈ അർത്ഥത്തിൽ, അദാനിയ ശിബിലി, റൂല ജബ്രിയേൽ, തുടങ്ങിയവരെപ്പോലെ ഗസ്സാൻ കനഫാനിയുടെ പ്രവാസികളായ പിൻഗാമികൾ അടങ്ങുന്ന പലസ്തീനിയൻ പ്രവാസ ശബ്ദങ്ങളുടെ നിരയിലാണ് അവർ നിലകൊള്ളുന്നത് — വ്യത്യസ്ത ഭാഷകൾക്കും ഭൂപ്രദേശങ്ങൾക്കും അപ്പുറം ജന്മനാടിനായുള്ള പോരാട്ടങ്ങളെയും സങ്കര സ്വത്വങ്ങളെയും (hybridity) പ്രവാസത്തിന്റെ അന്യവൽക്കരണത്തെയുമൊക്കെയാണ് ഇവരുടെ കൃതികൾ ആവിഷ്കരിക്കുന്നത്.

ഇസബെല്ല ഹമ്മാദിന്റെ 'ദി പാരിസിയൻ' (2019), പ്രാഥമികമായി ഒരു വ്യക്തിയുടെ ജീവിതത്തിന്റെ സങ്കീർണ്ണമായ തലങ്ങളിലൂടെ പലസ്തീന്റെ ഭൂതകാലത്തെ പുനർവിഭാവനം ചെയ്യുന്ന, ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ഒരാദ്യ (debut) നോവലാണ്..... 

https://www.fazalrahman.com/essays/article/the-parisian-by-isabella-hammad


The Woman from Tantoura by Radwa Ashour/ Kay Heikkinen

 


കേവലം എഴുത്തിൽ മാത്രമല്ലറദ്‌വ ആശൂറിന്റെ സ്വന്തം ജീവിതത്തിലും വ്യക്തിപരമായ തലങ്ങളും രാഷ്ട്രീയവും പരസ്പരം പിണഞ്ഞുകിടന്നു. പലസ്തീനിയൻ കവിയായ മുരീദ് ബർഗൂതിയുമായുള്ള അവരുടെ വിവാഹജീവിതത്തിൽരാഷ്ട്രീയപരമായ കാരണങ്ങളാലും നാടുകടത്തലുകളാലും പതിനേഴു വർഷത്തോളം അവർക്ക് നിർബന്ധിതമായി പരസ്പരം പിരിഞ്ഞു കഴിയേണ്ടി വന്നു. ജീവചരിത്രപരമായ ഈ വിശദാംശം രണ്ട് കാരണങ്ങളാൽ അതീവ പ്രധാനമാണ്. ഒന്നാമത്പലസ്തീനിയൻ പശ്ചാത്തലത്തിൽ വ്യക്തിപരമായ ജീവിതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല (the personal is political) എന്ന് ഇത് വ്യക്തമാക്കുന്നുഅവിടെ പ്രണയവും വിവാഹവും കുടുംബജീവിതവുമൊക്കെ അധിനിവേശത്താലും ഭരണകൂട അധികാരത്താലും നിരന്തരം തകിടം മറിക്കപ്പെടുന്നു. രണ്ടാമതായിഈജിപ്ഷ്യൻ പൗരത്വമുള്ള വ്യക്തിയായിരുന്നിട്ടും റദ്‌വ ആശൂറിനെ പലസ്തീനിയൻ ക്ലാസിക് സാഹിത്യത്തിന്റെ നിരയിൽ പ്രതിഷ്ഠിക്കാൻ ഇത് കാരണമാകുന്നു. ബർഗൂതിയുടെ ജീവിതപങ്കാളി എന്ന നിലയിലുംപലസ്തീനിയൻ പ്രവാസത്തെയും അവരുടെ സാക്ഷ്യങ്ങളെയും തന്റെ ഫിക്ഷനുകളുടെ കേന്ദ്രബിന്ദുവാക്കിയ എഴുത്തുകാരി എന്ന നിലയിലും ആശൂറിന്റെ ശബ്ദം പലസ്തീനിയൻ സാഹിത്യ പ്രപഞ്ചത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടുതന്നെ, അവരുടെ 'ദി വുമൺ ഓഫ് തന്തൂറഎന്നത് സാക്ഷ്യസാഹിത്യ (witness literature) നോവൽ മാത്രമല്ലമറിച്ച് ഈജിപ്ഷ്യൻ-പലസ്തീനിയൻ സാഹിത്യ പാരമ്പര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാലം കൂടിയാണ്.... 

തുടര്‍ന്ന് വായിക്കാന്‍ ദയവായി സന്ദര്‍ശിക്കുക: 

https://www.fazalrahman.com/essays/article/the-woman-from-tantoura-by-radwa-ashour-kay-heikkinen



Sunday, May 24, 2026

The Secret Life of Saeed the Pessoptimist by Emile Habibi / Salma Jayyusi / Trevor Le Gassick

             അതിജീവനത്തിന്റെ ഐറണി – എമിലി ഹബിബിയുടെ ദുരന്തഹാസ്യം:

പലസ്തീനിയൻ പ്രതിരോധ സാഹിത്യത്തിലെ സ്വത്വവും അസ്തിത്വ പ്രതിസന്ധിയും.




വടക്കന്‍ പലസ്തീനിലെ തീരദേശ നഗരമായ ഹൈഫയില്‍ ക്രിസ്ത്യന്‍ കുടംബത്തില്‍ 1921 ജനിച്ച ഇമില്‍ ഹബിബി, ഗസ്സാന്‍ കനഫാനി, ജബ്ര ഇബ്രാഹിം ജബ്ര എന്നിവരോടൊപ്പം പലസ്തീനിയന്‍ സാഹിത്യത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 1946 ജൂലൈ 22നു തീവ്രസയണിസ്റ്റ് ഗ്രൂപ്പുകാര്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 91 ബ്രിട്ടീഷ്, അറബ്, ജൂത ഇരകളില്‍ ജീവിതപങ്കാളിയാക്കാന്‍ ഹബിബി ആഗ്രഹിച്ച പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം വിവാഹം ചെയ്ത നാദാ അബ്ദുല്ല ജൂബ്രാന്‍ അദ്ദേഹത്തോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിലും തുടര്‍ന്ന് അതിന്റെ കാര്യാലയത്തിലും പ്രവര്‍ത്തിച്ചു. അവസാന നാളുകളില്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചുവെങ്കിലും ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റായിരുന്നു ഹബിബി. ഇസ്രയേല്‍ ഭരണം സ്ഥാപിതമായ ശേഷം അറബ് – ജൂത പൌരന്മാര്‍ക്ക് ഒരുമിച്ചു അംഗത്വം നല്‍കുന്ന ഒരേയൊരു പ്രസ്ഥാനം അക്കാലത്ത് അതായിരുന്നു. 1952 മുതല്‍ ഇരുപതു വര്‍ഷക്കാലം ഹബിബി ഇസ്രായേലി നെസ്സെറ്റില്‍ അറബ് പ്രതിനിധിയായി പ്രവര്‍ത്തിച്ചു. അക്കാലമത്രയും ഇസ്രായേലി സ്ഥാപനത്തിന് ശേഷവും തങ്ങളുടെ നാട്ടില്‍ തന്നെ തുടര്‍ന്ന പലസ്തീനികളുടെ രാഷ്ട്രീയ പോരാട്ടമായിരുന്നു അദ്ദേഹത്തിന്‍റെ കര്‍മ്മപഥം. കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ അല്‍ ഇത്തിഹാദിന്റെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഒരു സെക്കുലര്‍, ഡെമോക്രാറ്റിക്, ബഹുവംശീയ (multi-ethnic) പലസ്തീനിയന്‍ ദേശം എന്ന ലക്ഷ്യത്തിനു വേണ്ടിയാണു അദ്ദേഹം നിരന്തരം യത്നിച്ചത്.............

https://www.fazalrahman.com/essays/article/the-secret-life-of-saeed-the-pessoptimist-by-emile-habibi-salma-jayyusi-trevor-le-gassick

 

 

 

 

Saturday, May 16, 2026

A Mask the Colour of the Sky by Bassem Khandaqji / Addie Leak

 

‘എ മാസ്ക്, ദി കളർ ഓഫ് ദി സ്കൈ’: അപരാവരണവും പലസ്തീനിയൻ വീണ്ടെടുപ്പും




"അധിനിവേശത്തിന് (colonialism) പുറത്തായി ഒന്നുമില്ലെന്നും, ഫാസിസത്തിന് പുറത്തായി ഒന്നുമില്ലെന്നും, വംശഹത്യയ്ക്ക് (genocide) പുറത്തായി ഒന്നുമില്ലെന്നും ഞാൻ എപ്പോഴും ഊന്നിപ്പറയാറുണ്ട്. നമ്മൾ നിഷ്പക്ഷരല്ലെന്ന് അവർ ആരോപിക്കുന്നു. ആധുനികത എന്നത് ഒരു മിഥ്യയായിരിക്കുന്നതുപോലെ തന്നെ നിഷ്പക്ഷതയും ഒരു മിഥ്യയാണെന്നാണ് ഞാൻ പറയുന്നത്. നിഷ്പക്ഷത എന്നൊരു സംഗതി നിലവിലില്ല. നമ്മൾ നമ്മുടെ എഴുത്തുകളിൽ പൂർണ്ണമായും ഏർപ്പെടുകയും അതിലേക്ക് ലയിച്ചുചേരുകയും വേണം. എഴുതുമ്പോൾ നമുക്ക് എന്താണോ തോന്നുന്നത് അത് നമ്മൾ പരസ്യമായി പ്രഖ്യാപിക്കുക തന്നെ വേണം."

-       ബാസെം ഖന്ദാഖ്ജി, ബുക്ക് ക്ലബ് അഭിമുഖത്തില്‍ നിന്ന്.

 

1983-ൽ ജനിച്ച ബാസെം ഖന്ദാഖ്ജി, അൻ-നജാഹ് നാഷണൽ യൂണിവേഴ്സിറ്റി, അൽ-ഖുദ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 2004 നവംബർ 2-ന്, തന്റെ ഇരുപതാം വയസ്സിൽ, മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടെൽ അവീവിലെ കാർമൽ മാർക്കറ്റ് ബോംബാക്രമണത്തിൽ പങ്കാളിയായതിനെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിൽ, ഇസ്രായേലികൾക്കെതിരെ ചാവേർ ആക്രമണം നടത്താൻ ആളെ അയച്ചതിൽ തനിക്ക് പങ്കുണ്ടെന്ന് ഖന്ദാഖ്ജി സ്ഥിരീകരിച്ചിരുന്നു. എന്നാൽ താൻ ലക്ഷ്യമിട്ടത് സാധാരണക്കാരെയല്ല, മറിച്ച് സൈനിക കേന്ദ്രങ്ങളെ മാത്രമായിരുന്നുവെന്നും, കാലം പുറകോട്ട് തിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട ജയിൽവാസത്തിനിടയിലും അദ്ദേഹം നിരവധി നോവലുകളും കവിതകളും പഠനങ്ങളും പ്രസിദ്ധീകരിച്ചു. തടവറയിലിരുന്ന് അദ്ദേഹം എഴുതിയ മൂന്നാമത്തെ നോവലായ 'എ മാസ്ക്, ദി കളർ ഓഫ് ദി സ്കൈ' (A Mask, the Color of the Sky) 2024-ൽ അറബിക് ബുക്കർ പ്രൈസ് (International Prize for Arabic Fiction) കരസ്ഥമാക്കി. തുടർന്ന് 2025-, ഹമാസ് തടവിലാക്കിയ ബന്ദികൾക്ക് പകരമായി പലസ്തീനിയൻ തടവുകാരെ മോചിപ്പിക്കാനുള്ള കൈമാറ്റക്കരാറിന്റെ ഭാഗമായി ഖന്ദാക്ജി ഇസ്രായേൽ ജയിലിൽ നിന്ന് മോചിതനായി......

https://www.fazalrahman.com/essays/article/a-mask-the-colour-of-the-sky



Sunday, May 11, 2025

Gate of the Sun by Elias Khoury / Humphrey Davies

 


വിട്ടു പോവാന്‍ വിസമ്മതിക്കുന്ന സഞ്ചിത സ്മൃതികളാണ് ചരിത്രംപറഞ്ഞു പതിഞ്ഞു മിത്തുകളായും തിടം വെച്ച് ഇതിഹാസങ്ങളായും അവ രൂപാന്തരപ്രാപ്തി കൈവരിക്കുകയും ചെയ്യുംഓരോ ജനതയും കടന്നു പോവുമ്പോഴും ചരിത്രം സ്വയം അസ്ഥിത്വം നേടുകയും കാലത്തിന്റെ സ്വയം നിര്‍ണ്ണയത്വ(determinism of the age)ത്തെ മറി കടന്നു മുന്നോട്ടു പോവുകയും ചെയ്യുന്നുചരിത്രം ഒരനുസ്യൂതിയാവുന്നതും ചരിത്രം രചിച്ചവരുടെ / സൃഷ്ടിച്ചവരുടെ കാലികാസ്തിത്വത്തിനുമപ്പുറം അത് നിതാന്തമാവുന്നതും അങ്ങനെയുമാവാംഈ അനുസ്യൂതിക്ക് ചെവിയോര്‍ത്തെഴുതുന്ന എഴുത്തുകാരന്‍ രചയിതാവ്ആഖ്യാതാവ് (author/ chronicler) എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ സ്വയം സ്ഥിതപ്പെടുത്തേണ്ടതുണ്ട്.

 

കഥപറച്ചില്‍ അതിജീവനം തന്നെയാവുന്നതിന്റെ ഏറ്റവും ഉദാത്ത രൂപമാണ് ഷെഹര്‍ സാദ്കഥ പറഞ്ഞു കൊണ്ടേയിരിക്കുകഇല്ലെങ്കില്‍ മരിക്കുകഈ സമവാക്യത്തിനെ തിരിച്ചി ടുകയാണ് വിഖ്യാത ലബനീസ് എഴുത്തുകാരന്‍ ഇല്യാസ് ഖൌറി (Elias Khoury) തന്റെ 'സൂര്യ കവാടം' ( Gate of the Sun) എന്ന ഇതിഹാസമാനമുള്ള നോവലില്‍ഇവിടെ പറയുന്നത് കഥയല്ലചരിത്രം തന്നെയാണ്ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിയുടെ കട്ടിലിനരികില്‍ ഒരാള്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരി ക്കുകയാണ്. 'കഥകള്‍ ഉറങ്ങാനുള്ളതാണ്മരണത്തിനുള്ളതല്ലഎന്ന് വിശ്വസിക്കുന്ന അയാള്‍ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്: 'ഞാന്‍ നിന്നെ കഥകള്‍ കൊണ്ട് ചികിത്സിക്കാന്‍ തീരുമാനിച്ചിരിക്കുന്നുഎന്ന് പറയുന്നു അയാള്‍.

“ പ്രിയ സുഹൃത്തെനമ്മുടെ ശരീരം നമ്മുടെ ചരിത്രമാണ്താങ്കളുടെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിലൂടെ താങ്കളുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുകതാങ്കള്‍ അവിടെ നിന്നെഴുന്നേറ്റു മരണത്തെ കുടഞ്ഞു തെറിപ്പിച്ചാല്‍ അതേറെ നന്നാവില്ലേ?” ബൈറൂത്തിലെ ഷാത്തിലാ അഭയാര്‍ഥി കാമ്പില്‍ കോമയില്‍ കഴിയുന്നതനിക്കു ഒരാത്മീയ പിതാവായ യൂനുസിനോട് ഖലീല്‍ എന്ന യുവ ഡോക്റ്റര്‍ ചോദിക്കുകയാണ്യൂനുസ്‌ , തന്റെ മരിച്ചു പോയ മകന്റെ സ്ഥാനത്താണ് ഖലീലിനെ കാണുന്നതെന്ന് പറഞ്ഞിരുന്നത് അയാള്‍ ഓര്‍ക്കുന്നുണ്ട്. 1948-ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്നതോടെ ബഹിഷ്കൃതരായ ഫലസ്തീനി യന്‍ ജനതയുടെ ചരിത്രം കാലത്തിനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നെടുകെയും കുറുകെയുമുള്ള ആഖ്യാനങ്ങളിലൂടെ അനാവൃതമാകുന്നു: 'നഖ്ബഎന്നറിയപ്പെട്ട ആ പാലായന ദുരന്തത്തിന്റെ ദിനങ്ങള്‍ തൊട്ടു 1982-ല്‍ ബൈറൂത്തില്‍ നിന്ന് ഫലസ്തീന്‍ പോരാളികള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് വരെയുള്ള ചരിത്രം. 'സംഭവിക്കാന്‍ സാധിക്കാത്ത കഥകളാണല്ലോ ജീവിതംഎഴുതിയോ പറഞ്ഞോ അറിയപ്പെടാത്ത ജീവിതം കഥയും'. യൂനുസിന്റെ കോമ അവസ്ഥ ഫലസ്തീന്‍ ജനതയുടെ വേരറ്റനിലയില്ലായ്മയുടെ സമൂര്‍ത്ത രൂപകമാണ്ബോധാബോധങ്ങളു ടെയും ഓര്‍മ്മകളുടെയും ആവേഗത്തില്‍ കഥാപാത്രങ്ങളുടെ മനോ വ്യാപാരങ്ങളിലൂടെവിധി അവരെ വേട്ടയാടുന്ന വന്യമായ താഴ്വരകളിലൂടെമോഹിപ്പിക്കുകയും സ്വപ്നങ്ങളൂട്ടുകയും ചെയ്യുന്ന ഗുഹാന്തരങ്ങളിലൂടെ രാഗ-മോഹങ്ങളുടെ ഫാന്‍റസികളിലൂടെഭേദ്യം ചെയ്യുന്ന വിചാരണ മുറികളിലൂടെതീവ്ര ധ്യാനങ്ങളിലൂടെജന്മ ഗേഹം തേടുന്ന അഭയാര്‍ഥിത്വത്തിലൂടെഅത് ഫലസ്തീന് വേണ്ടിയുള്ള അന്വേഷണം തന്നെയാവുന്നു. നഷ്ടപ്പെടുമ്പോഴാണ് ഒരാള്‍ ജന്മഗേഹം കണ്ടെത്തുന്നത്ഒരു ജനതയും അങ്ങനെത്തന്നെആ അര്‍ത്ഥത്തില്‍ തിരിച്ചു വരവിലല്ലതിരിച്ചു വരാനാവാത്തഅകന്നു പോവുമ്പോഴും നിദാന്ത സാന്നിധ്യമാവുന്നഇല്ലാതി രിക്കുമ്പോഴും ഉള്ളില്‍ പേറുന്ന ഉണ്മയാണ് ഫലസ്തീന്‍. ………………………..

………….

ലെബനീസ് ക്രിസ്ത്യന്‍ കുടുംബാംഗമായ ഖൌറി 'നഖ്‌ബ'യുടെ അതെ വര്‍ഷം ജനിച്ചയാളാണ്അത് കൊണ്ട് തന്നെ നേരനുഭവങ്ങളല്ലമുപ്പതോളം വര്‍ഷം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ കണ്ടറിഞ്ഞ അറിവുകളും അഭയാര്‍ഥികളുമായി നടത്തിയ സുദീര്‍ഘമായ അഭിമുഖ സാക്ഷ്യങ്ങളുമാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത്. 'നിന്നില്‍ നിന്നും മറ്റു പലരില്‍ നിന്നും കിട്ടിയ തുണ്ടുകള്‍ ചേര്‍ത്തു വെച്ച് ഈ ചിത്രം പൂര്‍ത്തിയാക്കാംഎനിക്ക് തെറ്റിയാല്‍ നിനക്കതു ശരിയാക്കാംനിന്നെപ്പോലെയല്ലാത്തത് കൊണ്ട് ഞാന്‍ ആദിയില്‍ നിന്ന് ആരംഭിക്കുന്നില്ലപണ്ട് പണ്ട് എന്ന് കഥ തുടങ്ങാന്‍ എനിക്കാവില്ല.' ഖലീല്‍ പറയുന്നുപ്രമേയത്തോടുള്ള ധൈഷണിക പ്രതിബദ്ധതയിലേറെ വാമൊഴി പാരമ്പര്യത്തിന്റെ നിത്യ നവ്യതയാണ് ഖൌറി ആശ്രയിക്കുന്നത്ഒരു കഥയില്‍ തുടങ്ങുകഎന്നിട്ട് മറ്റൊന്നിലേക്കും പിന്നെയുമൊന്നിലെക്കും പോവുകവീണ്ടും തിരിച്ചു വരികഎന്നിട്ടും എല്ലായിപ്പോഴും പുതിയ കൂട്ടിച്ചേര്‍ക്കലുകളും വെളിപ്പെടുത്തലുകളും കരുതി വെക്കുന്നതിലൂടെ ഓരോ പറച്ചിലും ഒരു പുനവതരണമായിത്തീരുകകഥയും കാഥികനും തമ്മിലും പാത്രങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ ക്കുമിടയിലും നിരന്തരം നടക്കുന്ന പാരസ്പര്യവും നവീകരിക്കലുമാണ് വാമൊഴി സമ്പ്രദായത്തിന്റെ നിത്യ നൂതനത്വത്തിനു നിദാനമാവുന്നതും.

കൂടുതല്‍ വായനക്ക്:

 

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 117-126)

https://alittlesomethings.blogspot.com/2013/12/blog-post_13.html

Please consider purchasing the book

To purchase, contact ph.no:  8086126024

 

Saturday, February 22, 2025

In Search of Walid Masoud by Jabra Ibrahim Jabra/ Roger Allen & Adnan Haydar

 ജബ്ര ഇബ്രാഹിം ജബ്ര: തേടലും കണ്ടെത്തലും



പലസ്തീനിലെ ബത് ലഹേമില്‍ ദരിദ്ര സിറിയന്‍ ഓര്‍ത്തോഡോക്സ് കുടുംബത്തില്‍ 1920ല്‍ ജനിച്ച ജബ്ര ഇബ്രാഹിം ജബ്ര, അറബ് ഭാഷയില്‍ എന്ന പോലെ ലോക സാഹിത്യത്തിലും സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. “ജറൂസലേം, കാംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം കഴിഞ്ഞ ജബ്ര, ധാരാളിയായ എഴുത്തുകാരന്‍, കഴിവുറ്റ ഓയില്‍ പെയിന്റര്‍, വിട്ടുവീഴ്ചയില്ലാത്ത കലാ-സാഹിത്യ നിരൂപകന്‍, ക്ലാസ്സിക് സംഗീതാഭിജ്ഞന്‍, പ്രൊഫഷനല്‍ വിവര്‍ത്തകന്‍, സര്ഗ്ഗപ്രതിഭയുള്ള കവി, മോഡേണിസ്റ്റ് നോവലിസ്റ്റ് എന്നിവക്കെല്ലാം പുറമേ അറിയപ്പെട്ട വിദ്യഭ്യാസ വിചക്ഷണനും യൂനിവേഴ്സിറ്റി പ്രൊഫസറും” ആയിരുന്നു (1) . ഒപ്പം കുലീനവും ആകര്‍ഷണീയവും വിനയ പ്രകൃതിയുമായ സഹൃദയന്‍, തന്നെക്കുറിച്ച് തന്നെ നിരീക്ഷിച്ചിട്ടുണ്ട്: “ഒരേസമയം ഞാന്‍ ഇതൊക്കെയും അല്ലായിരുന്നെങ്കില്‍ ഞാനിതൊന്നുംതന്നെ ആയേക്കില്ലായിരുന്നു” (2) . ഒട്ടേറെ കേറ്റിറക്കങ്ങള്‍ നേരിട്ട കുട്ടിക്കാലവും കൌമാരവും വിദ്യാഭ്യാസ കാലവും കടന്നു 1948ല്‍ നഖ്ബയെ തുടര്‍ന്നു പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി ബാഗ്ദാദിലെത്തുമ്പോള്‍ കലാപോന്മുഖമായ യുവതയുടെ കാലമായിരുന്നു അത്. പലസ്തീനിന്റെ ദുരന്തവും ഇസ്രായേലിന്റെ ഉദയവും സൃഷ്ടിച്ച പ്രതിഷേധത്തിന്റെയും ധാര്‍മ്മിക രോഷത്തിന്റെയും അന്തരീക്ഷം മാറ്റം കൊതിച്ച കലാകാരന്മാരെയും ബുദ്ധിജീവികളെയും ഒരുപോലെ പ്രചോദിപ്പിച്ചു. “ഒരിക്കലും ഒരു ഔപചാരിക രാഷ്ട്രീയ സ്വത്വത്തിലും ഉള്‍പ്പെട്ടില്ലെങ്കിലും അറബ് സമൂഹവും രാഷ്ട്രീയ മണ്ഡലവും മാറണമെങ്കില്‍ ആദ്യം അറബ് സംസ്കാരം തന്നെ മാറേണ്ടതുണ്ടെന്നു അദ്ദേഹം വിശ്വസിച്ചു”; “അദ്ദേഹത്തിന്റെ എഴുത്തു ജീവിതം ഈ ലക്‌ഷ്യം നേടുന്നതിനുള്ള മൌലികവും ആര്‍ജ്ജവമുള്ളതുമായ ശ്രമമായിരുന്നു” (3) . ആധുനികതാ പ്രവണതകള്‍ ഏറെ സ്വാധീനിച്ചിരുന്ന ജബ്ര, പാശ്ചാത്യ നോവലിലെ ആചാര്യന്മാരായ കാഫ്ക, ജോയ്സ്, ഫോക്നര്‍ എന്നിവര്‍ സമ്പൂര്‍ണ്ണമാക്കിയ സാമ്പ്രദായികേതര ആഖ്യാന സങ്കേതങ്ങള്‍, ബോധാധാരാ സമ്പ്രദായം തുടങ്ങിയവ സമര്‍ത്ഥമായി ഉപയോഗിച്ചു. ഫോക്നറുടെ ‘The Sound and Fury’ അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്തതും അദ്ദേഹമായിരുന്നു. ആധുനിക പലസ്തീനിയന്‍ സാഹിത്യത്തിന്റെ സ്ഥാപകന്‍, അറബ് ലോകത്തെ നവോഥാനത്തിന്റെ നായകന്മാരില്‍ ഒരാള്‍ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.      

ജബ്രയുടെ നോവലുകളില്‍ ഏറ്റവും ശ്രദ്ധേയവും പ്രാതിനിധ്യ സ്വഭാവമുള്ളതുമായി The Ship (1970), In Search of Walid Masoud (1978)എന്നിവയെ വിലയിരുത്താം. രണ്ടിലും പാലസ്തീനിനെ സംബന്ധിച്ച ഉത്കണ്ഠ ശക്തമാണ്, സുഘടിത ഇതിവൃത്തത്തില്‍ പ്രധാനവുമാണ്. The Ship (Al-Safina- 1970) മെഡിറ്ററേനിയന്‍ കടലിലൂടെ ബൈറൂത്തില്‍ നിന്ന് നേപ്പിള്‍സിലേക്ക് പോകുന്ന കപ്പലില്‍ ഭിന്ന ദേശക്കാരായ കഥാപാത്രങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നു. ഇറാഖി ആര്‍ക്കിട്ടെക്റ്റ് ഇസാം സല്‍മാന്‍ തന്റെ പഴയ ലണ്ടന്‍ പഠന കാലത്തെ കാമിനിയായിരുന്ന ലൂമയില്‍ നിന്നു പലായനം ചെയ്യുകയാണ്. ഒരു പഴയ ഗോത്ര കുടിപ്പകയില്‍ തന്റെ പിതാവ് അവളുടെ അമ്മാവനെ കൊല്ലാനിടയായതു മൂലം അയാള്‍ക്കവളെ വിവാഹം ചെയ്യാനായില്ല. ഇന്നവള്‍ തന്റെ ഇറാഖി സുഹൃത്ത് ഡോ. ഫാലിഹ് ഹസീബിന്റെ ഭാര്യയാണ്. ലൂമ തന്റെ ഭര്‍ത്താവിനെയും കൂട്ടി അതേ കപ്പലില്‍ കേറിപ്പറ്റുന്നത് ഇസാമുമായി ബന്ധം പുതുക്കാം എന്ന മോഹത്തോടെയാണെങ്കില്‍, ബൈറൂത്തില്‍ വെച്ച് പണ്ടു കണ്ടുമുട്ടിയ ഇറ്റാലിയന്‍ പ്രണയിനി എമിലിയ ഫാര്‍നെസിയുമായുള്ള പുനസമാഗമാമാണ് ഡോ. ഫാലിഹിന്റെ ലക്‌ഷ്യം. അയാളുടെ ക്ഷണം അവളെയും കപ്പലില്‍ എത്തിച്ചിട്ടുണ്ട്. 1948ലെ സയണിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സുഹൃത്ത് ഫായിസിനെ നഷ്ടപ്പെട്ട വാദി അസ്സാഫ് എന്ന പലസ്തീന്‍കാരനാണ് മറ്റൊരു കഥാപാത്രം. സമ്പന്നനായ വ്യപാരിയായി ഇപ്പോള്‍ കുവൈറ്റില്‍ കഴിയുന്ന വാദി, തന്റെ ലബനീസ് കാമുകി മഹായെ ഒഴിവുകാലം ആസ്വദിക്കാന്‍ കൂട്ടു വിളിച്ചിരുന്നെങ്കിലും പ്രൊഫഷണല്‍ കോണ്‍ഫെറന്‍സ് ആവശ്യത്തിനു അവള്‍ റോമിലേക്കു പോയി. അതിവേഗം കൂട്ട് കണ്ടെത്തുന്നതില്‍ സമര്‍ത്ഥനായ വാദി, ഫ്രഞ്ചുകാരി ജാക്വിലിനുമായി അടുക്കുന്നു. അതേസമയം, പ്രണയത്തിന്റെ വിളി അപ്രധിരോധ്യമയതിനെ തുടര്‍ന്നു ഔദ്യോഗിക തിരക്കുകള്‍ അവഗണിക്കുന്ന മഹാ, നേപ്പിള്‍സില്‍ വെച്ചു അപ്രതീക്ഷിതമായി വാദിയോടു സന്ധിക്കുന്നു.

“സങ്കീര്‍ണ്ണ ബന്ധങ്ങളുള്ള ഈ യാത്രികര്‍ ഒരാഴ്ചക്കാലം കപ്പലില്‍ ചെലവഴിക്കുന്നത് പ്രണയം, പലായനം, ഒറ്റപ്പെടല്‍, അന്യവല്‍ക്കരണം എന്നിവയുടെ ദുരൂഹതകള്‍ നിറഞ്ഞ ഒരു നോവല്‍ വികസിപ്പിക്കുന്നതിനു ജബ്രക്ക് ഒരവസരമായിത്തീരുന്നു; ഒപ്പം പലസ്തീനിയന്‍ സ്മൃതികളും വീരോചിത പോരാട്ടങ്ങളും പ്രതീക്ഷകളും; അറബ് ബൌദ്ധിക സംവാദങ്ങളും കലാ ചര്‍ച്ചകളും; ആസക്തികളും, ആനന്ദവും, നൃത്തവും സംഗീതവും; ഒടുവില്‍, മ്ലാന പ്രകൃതിയായ ഡോ. ഹസീബിന്റെ ആത്മഹത്യ സൃഷ്ടിക്കുന്ന നിനച്ചിരിക്കാത്ത സങ്കീര്‍ണ്ണതകള്‍ ഉരുവപ്പെടുംവരെ പ്രകടമായും ഒരു ബൂര്‍ഷ്വാ ഒഴിവുകാലവും” (The Free Library) നോവലില്‍ ഇടം പിടിക്കുന്നു. ഇസാം സല്‍മാന്റെയും വാദി അസ്സാഫിന്റെയും മാറിമാറി വരുന്ന കാഴ്ച്ചപ്പാടുകളിലാണ് മുഖ്യമായും ആഖ്യാനം പുരോഗമിക്കുന്നത്; ഒപ്പം ഫ്ലാഷ് ബാക്കുകള്‍, എമിലിയ ഫാര്‍നെസിയുടെ ഒരു റിപ്പോര്‍ട്ട് എന്നിവയും ഇതിവൃത്ത ഘടനയില്‍ പ്രധാനമാണ്. മിക്ക സംഭവഗതികളും കപ്പലിലാണ് ഉണ്ടാകുന്നതെങ്കിലും, കഥാപാത്രങ്ങളുടെ വര്‍ത്തമാന കാല ജീവിതങ്ങളെ നിര്‍ണ്ണയിക്കുന്ന ഭൂതകാല സ്മൃതികള്‍ കരയിലെ ജീവിതങ്ങളിലാണ്‌ ഇടം പിടിക്കുന്നത്‌. ഓര്‍മ്മകളുടെ കലപിലയും കലുഷാവസ്ഥയും എല്ലാത്തിലും നിര്‍ണ്ണായകവുമാണ്. അത്തരം അനിശ്ചിതത്വങ്ങള്‍ ഇല്ലാത്തത് പലസ്തീനിലേക്ക് തിരികെ പോകുകയും മഹായോടൊപ്പം ജറൂസലേമില്‍ കഴിയുകയും ചെയ്യുകയെന്ന കൃത്യമായ ലക്ഷ്യമുള്ള വാദി അസ്സാഫിനു മാത്രമാണ്. മഹാ അതംഗീകരിക്കുകയും അത് യാഥാര്‍ത്ഥ്യമാകുന്നതിനെ ഉറ്റുനോക്കുകയും ചെയ്യുന്നു.

In Search of Walid Masoud എന്ന നോവലില്‍ കൂടുതല്‍ വലിയ നേട്ടങ്ങള്‍ക്കും വ്യക്തിത്വത്തിനും ഉടമയായ മറ്റൊരു പലസ്തീനിയന്‍ കഥാപാത്രത്തെയാണ് നോവലിസ്റ്റ് കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നത്. 1948ലെ നഖ്ബയെ തുടര്‍ന്നു ബാഗ്ദാദിലേക്ക് പലായനം ചെയ്ത പലസ്തീനിയന്‍ എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ വാലിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ രണ്ടര പതിറ്റാണ്ടുകള്‍ പിന്നിട്ട, 1970-കളുടെ തുടക്കമെന്നു കരുതാവുന്ന ഘട്ടത്തില്‍ സംഭവിക്കുന്ന ദുരൂഹ തിരോധാനം സൃഷ്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍, പ്രതിയോഗികള്‍, കാമിനിമാര്‍ തുടങ്ങിയവര്‍ നടത്തുന്ന ആഖ്യാനങ്ങളും നിരീക്ഷണങ്ങളും ഒപ്പം അദ്ദേഹത്തിന്റെ തന്നെ ആദിമധ്യാന്തപ്പൊരുത്തമില്ലാത്ത സുദീര്‍ഘ ടേപ്പ് രേഖകളും ഉപയോഗിച്ച് ഒരു ജിഗ്സോ പസിലിന്റെ ശിഥില ഖണ്ഡങ്ങളെ കൂട്ടിയിണക്കി സാകല്യമുള്ള ചിത്രം നിര്‍മ്മിക്കുന്ന സങ്കീര്‍ണ്ണതകളോടെ മറുപടി കണ്ടെത്താനുള്ള ശ്രമമാണ് ജബ്ര നോവലില്‍ നടത്തുന്നത്. എന്നാല്‍ തലക്കെട്ടില്‍ സൂചിതമായ ഈ ‘തേടല്‍ പ്രമേയം അതിവേഗം പാത്ര നിരീക്ഷണങ്ങളിലേക്കും സങ്കീര്‍ണ്ണമായ വൈയക്തിക, സാംസ്കാരിക ബന്ധങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളുടെ നാടകീയ പങ്കിനെ കുറിച്ചുള്ള ആവിഷ്കാരങ്ങളിലെക്കും വികസിക്കുന്നു. “പോസ്റ്റ്‌കൊളോണിയല്‍ കാലത്തെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ക്കു നേരെയുള്ള അറബ് ബുദ്ധിജീവികളുടെ പ്രതികരണം” (4)  ആയി അത് മാറുന്നു. സിറിയന്‍ മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാലിദിന്റെ കാര്‍ കണ്ടെത്തപ്പെടുന്നത് വ്യത്യസ്തവും പരസ്പരം യോജിക്കുന്നതോ, വിയോജിക്കുന്നതോ ആയ ഓര്‍മ്മകളുടെ ആവിഷ്കാരങ്ങളിലേക്കും തുടക്കം കുറിക്കുന്നു. വാലിദിനെ നന്നായി അറിയാമെന്നു കരുതിയ സുഹൃത്തുക്കളുടെയും അയാളുടെ പ്രണയിനിമാര്‍ എന്ന് സ്വയം ധരിച്ചവരുടെയും ഓര്‍മ്മകളും വിചാരങ്ങളും ചേര്‍ന്ന് പതിയെപ്പതിയെ ഉരുവാകുന്ന ചിത്രം “ആത്മസംഘര്‍ഷങ്ങളില്‍ പെട്ട ബുദ്ധിജീവിയായ ഒരു ആദര്‍ശവാദിയുടെതാണ് (a conflicted intellectual idealist)”(5)(kirkusreviews, Sept. 15, 2000). “ദുഷ്ടുകളുടെയും പാപങ്ങളുടെയും ലോകത്ത് അയാള്‍ക്കൊരു പുണ്യാളന്‍ ആകണമായിരുന്നു, രാഷ്ട്രീയപ്പാര്‍ട്ടികളുടെ ലോകത്ത് ഒരു സ്വതന്ത്ര സൈദ്ധാന്തികന്‍, കണിശ കാര്‍ക്കശ്യങ്ങളുടെ ലോകത്ത് വരട്ടുവാദിയല്ലാത്ത ഒരു താത്വികന്‍..” (In Search of Walid Masoud, 2000, P.64). ജബ്രയുടെ കഥാപാത്രങ്ങള്‍ സിമോങ് ദേ ബുവ്വെയുടെ കൃതികളിലെ പാരീസിയന്‍ ബുദ്ധിജീവികളെയും ’50-കളിലെ ന്യുയോര്‍ക്കിലെ അവരുടെ പതിപ്പുകളേയും ഓര്‍മ്മിപ്പിക്കുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു: അവര്‍ “സ്വന്തം ആത്മരതിയുടെ സമര്‍ത്ഥമായ യുക്തിവിചാരങ്ങളില്‍ അഭിരമിക്കുന്നു, അതേസമയം അവര്‍ ഭാവിക്കുന്ന മാനവികത രാഷ്ട്രീയ നിഷ്ക്രിയത്വത്തില്‍ തകരാതെയും വയ്യ” (publishersweekly).  

’30-കളുടെ ഒടുവിലും ’40-കളിലുമായി ഇറ്റലിയില്‍ സെമിനാരി പഠനം നടത്തിയ വാലിദ് ആ മാര്‍ഗ്ഗം ഉപേക്ഷിച്ചാണ് നാല്‍പ്പതുകളുടെ മധ്യത്തില്‍ പലസ്തീനില്‍ തിരികെയത്തിയത്. 1948ലെ ഇസ്രയേല്‍ സ്ഥാപനത്തെയും പലസ്തീന്‍ ദുരന്തത്തെയും തുടര്‍ന്നു, നോവലിസ്റ്റിനെ പോലെത്തന്നെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതതനാവുന്നതോടെ, ബാഗ്ദാദില്‍ എത്തിയ വാലിദ് പലസ്തീന്‍ പോരാട്ടത്തിലെ രാഷ്ട്രീയ ബോധ്യങ്ങളുള്ള എഴുത്തുകാരന്‍ എന്ന അപര വ്യക്തിത്വത്തിലും ശ്രദ്ധേയനായിത്തീര്‍ന്നു. സ്വയം സമ്പത്തിലും ഭൌതിക നേട്ടങ്ങളിലും തല്‍പ്പരനല്ലെങ്കിലും അയാള്‍ സമ്പന്നനാണ്, പെണ്‍ സുഹൃത്തുക്കളോടു കുലീനവും പ്രണയ ബന്ധങ്ങളില്‍ തുല്യതയുടെ ഇടം നല്‍കുന്നവനും മികച്ചൊരു കമിതാവുമായ അയാള്‍ക്ക് അമ്പതിലെത്തിയിട്ടും ഒട്ടേറെ കാമിനിമാരുണ്ട്. വലിയ ബൌദ്ധിക ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയ പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയിലെല്ലാം അയാള്‍ സുസമ്മതനാണ്. 1967ലെ ആറു ദിന യുദ്ധത്തെ തുടര്‍ന്നു ഇസ്രായേലി സെക്യുരിറ്റി സര്‍വ്വീസിന്റെ പിടിയിലാവുകയും ക്രൂരമായ ഭേദ്യമുറകള്‍ക്ക് വിധേയനായി നാടുകടത്തപ്പെദുകയും ചെയ്യുന്നതോടെ പലസ്തീന്‍ ഫിദായീന്‍ ഗറില്ലകളുമായുള്ള വാലിദിന്റെ ബന്ധം കൂടുതല്‍ ശക്തമായി. ഫിദായീനുമായി ചേര്‍ന്നു പോരാടി തുടങ്ങിയ മകന്‍ മര്‍വാന്‍ വടക്കന്‍ പലസ്തീനിലെ ഉമ്മുല്‍ ഐന്‍ ഗ്രാമത്തില്‍ വെച്ച് ഇസ്രായേലി സേനയുമായുണ്ടാകുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത് വാലിദിന്റെ തീരാ വേദനയും അമ്പതിലെത്തിയ ഒരാള്‍ക്കു ചെയ്യാനാകുന്ന ‘സഹായക പദവിക്കപ്പുറം പ്രായം മറന്നും മുന്നണിപ്പോരാളിയായിത്തീരാനുള്ള ദൃഡനിശ്ചയം ഊട്ടിയുറപ്പിക്കുന്ന ഘടകവും ആയിത്തീരും. “നിന്നോടു പ്രണയ സംഗമം നടത്താനും നിനക്കുവേണ്ടി ലോകത്തോട്‌ മുഴുവന്‍ യുദ്ധം ചെയ്യാനും എനിക്കവകാശമുണ്ടെങ്കില്‍, അതും ഞാന്‍ അമ്പതോട് അടുക്കുമ്പോള്‍ത്തന്നെ, അപ്പോള്‍ എനിക്കെന്റെ രാജ്യത്തെയും സ്നേഹിക്കാന്‍ അവകാശമില്ലേ, അതിനു വേണ്ടി ബാക്കി ലോകത്തോട്‌ പോരാടാനും? ഞാന്‍ തൊണ്ണൂറില്‍ എത്തിയാലും?(P. 217) എന്ന് അയാള്‍ വിസാല്‍ റഊഫിനോടു ചോദിക്കുന്നുണ്ട്. 

ആര്‍ക്കിടെക്റ്റ് അമര്‍ അബ്ദെല്‍ ഹമീദ് സംഘടിപ്പിക്കുന്ന ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ വെച്ചാണ് സുഹൃത്തുക്കള്‍ വാലിദിന്റെ ടേപ്പ് കേള്‍ക്കുന്നത്. തികച്ചും യോജിച്ച നിലയില്‍ ‘ഡോ. ജവാദ് ഹുസ്നി ഒരു കനത്ത പാരമ്പര്യത്തിന് അനന്തരാവകാശിയാകുന്നു (Dr. ]awad Husni Inherits a Heavy Legacy) എന്ന് പേരിട്ട പ്രഥമ അധ്യായത്തില്‍ ആഖ്യാനം തുടങ്ങിവെക്കുന്ന ഡോ. ജവാദ്, ആറു മാസം മുമ്പ് കാണാതായ വാലിദിനെ കുറിച്ചു പറഞ്ഞു തുടങ്ങുക, ഒടുവിലത്തെ നാളുകളില്‍ വാലിദ് ആവര്‍ത്തിക്കുമായിരുന്ന വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ്: “സംഭവങ്ങളെ അവ സംഭവിച്ച അതേ ക്രമത്തില്‍ ഒന്നൊന്നായി തിരികെ കൊണ്ടുവനും, എന്നിട്ടവയെ കടലാസിലേക്ക് കോരിച്ചൊരിയുന്ന വാക്കുകളാക്കി മാറ്റാനും കഴിയുന്ന വിധത്തില്‍ ഓര്‍മ്മക്ക് ഒരു അമൃത് ഉണ്ടായിരുന്നെങ്കില്‍ !” ഒപ്പം ഓര്‍മ്മകള്‍ എന്ന പ്രമേയത്തിന് നോവലിലും വാലിദിന്റെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന പലസ്തീനിയന്‍ അവസ്ഥയിലും വിശേഷിച്ചുമുള്ള പ്രസക്തി വ്യക്തമാക്കും വിധം അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു: “നമ്മളെത്ര തന്നെ ചെറുത്തുനിന്നാലും നാം നമ്മുടെ ഓര്‍മ്മകളുടെ കളിപ്പാട്ടങ്ങള്‍ തന്നെയായി തുടരുന്നു. നമ്മള്‍ ഒരേ സമയം അതിന്റെ അന്തിമ ഉത്പന്നവും ഇരകളുമാണ്.”(P.1).  പുസ്തകത്തിന്റെ അറബ് തലക്കെട്ടിലെ തേടല്‍ (in search)’ എന്നതിനെ സൂചിപ്പിക്കുന്ന മൂലപദത്തിന് (‘bahth’) ‘തേടല്‍’ എന്നതിനൊപ്പം സിദ്ധാന്തം അഥവാ പഠന പ്രബന്ധം (treatise /thesis) എന്ന് കൂടി അര്‍ത്ഥമുണ്ട് എന്ന നിരീക്ഷണം പ്രസക്തമാണ്‌ (6) . തുടര്‍ന്ന് വരുന്ന ഓരോ അധ്യായവും വാലിദ് മസൂദിന്റെ ദുരൂഹ വ്യക്തിത്വത്തിനു മേല്‍ വെളിച്ചം വീശാനുള്ള ശ്രമങ്ങളെ പിന്തുടരുന്നു. ഇസ്രയേല്‍ വിരുദ്ധ ചെറുത്തുനില്‍പ്പില്‍ സജീവമായിരുന്നു വാലിദ് എന്നതുകൊണ്ടുതന്നെ അദ്ദേഹം ഒളിവില്‍ പോയതാവാം എന്നും കൊല്ലപ്പെട്ടതാവാം എന്നുമൊക്കെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പരസ്പര ബന്ധമില്ലാത്ത വാലിദിന്റെ ടേപ്പ് ചെയ്യപ്പെട്ട സുദീര്‍ഘ ശബ്ദമൊഴിയുടെ പരാവര്‍ത്തനവും ഇതര ആഖ്യാതാക്കളുടെ നിരീക്ഷണങ്ങളോടും പ്രഥമ വ്യക്തിക സ്വഗതഭാഷണങ്ങളോടുമൊപ്പം (first-person monologues ) വാലിദ് എന്ന കടംകഥയെ പൂരിപ്പിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്നുണ്ട്. ആദ്യ അധ്യായങ്ങളില്‍ത്തന്നെ മിക്ക കഥാപാത്രങ്ങളും ആഖ്യാതാക്കള്‍ കൂടിയായി ഒരുമിച്ചു ചേരുന്നു. ഡോ. ജവാദ് ഹുസ്നി, ഡോ. താരിഖ് റഊഫ്, അദ്ദേഹത്തിന്റെ ഭാര്യ സമീറ, സഹോദരി വിസാല്‍, പൊതുസുഹൃത്തുക്കള്‍ ആയ ഇബ്രാഹിം അല്‍ ഹാജ് നൌഫല്‍, കാസിം ഇസ്മയില്‍, മര്‍യം അല്‍ സഫര്‍, ജിനാന്‍ അല്‍ താമിര്‍, രിബാഹ് കമാല്‍, ഇഹ്സാന്‍ അല്‍ ബസരി, അദ്ദേഹത്തിന്റെ ഭാര്യ നിഹാദ് എന്നിവരെല്ലാം വാലിദുമായി അടുത്ത ബന്ധമുണ്ടായിരുന്നവര്‍ എന്ന നിലയില്‍ ശബ്ദരേഖ കേള്‍ക്കാന്‍ ഒരുമിച്ചു കൂടുന്നുണ്ട്. വിരാമ ചിഹ്നങ്ങളില്ലാത്ത, ബോധാധാരാ സ്വഭാവമുള്ള വാക്യങ്ങളില്‍ “കുട്ടിക്കാലത്തെ ഓര്‍മ്മകള്‍, ആത്മീയ ചിന്തകള്‍, പ്രണയ സാഹസങ്ങള്‍, ഷേക്ക്‌സ്പിയറിന്റെ ഹാംലെറ്റ്, കവിത, തുടങ്ങി മറ്റുപലതും” (El-Hussari) ഇടകലരുന്നുണ്ട്. ഇടയ്ക്കിടെ ‘ശഹദ് എന്ന ആര്‍ക്കും തിരിച്ചറിയാനാവാത്ത ഒരു സ്ത്രീയുടെ സാന്നിധ്യത്തെ കുറിച്ച് സൂചനകളുണ്ട്. ശബ്ദ രേഖ കേട്ടും അതിനോട് പ്രതികരിച്ചും അതിനപ്പുറം സ്വഗതാഖ്യാനങ്ങളും ഓര്‍മ്മകളുമായും ചുരുളഴിയുന്ന അന്വേഷണത്തില്‍, വിവരണങ്ങള്‍ പലപ്പോഴും വ്യക്തമാക്കലിന് പകരം മുമ്പറിയാത്ത കൂടുതല്‍ ദുരൂഹതകളുടെ സാന്നിധ്യത്തിലേക്കാണ് വായനയെ കൊണ്ടുപോകുന്നത്. ദരിദ്ര കുടുംബത്തിലെ ജനനം, ബാത് ലഹേമിലെ ക്രിസ്ത്യന്‍ അനാഥാലയത്തിലെ കുട്ടിക്കാലം, ഇറ്റലിയിലെ സെമിനാരി പഠനം, 1948ല്‍ പലസ്തീന്‍ വിടും വരെ തുടര്‍ന്ന സയണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍, വിവാഹം, മകന്‍ മര്‍വാന്‍ , പത്തൊമ്പതാം വയസ്സിലുള്ള അവന്റെ രക്തസാക്ഷിത്തം തുടങ്ങിയ വാലിദിന്റെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളൊക്കെ പലരുടെയും ആഖ്യാനങ്ങളിലൂടെയാണ് പതിയെ പതിയെ വെളിപ്പെടുന്നത്. ആര്‍ഭാടപൂര്‍വ്വമായ കുട്ടിക്കാലം ഉണ്ടായിരുന്നതിന്റെ കുഴപ്പം വാലിദിന്റെ കൃതിയില്‍ കാണുന്നതായി കാസിം ഇസ്മയില്‍ ഒരിക്കല്‍ വിമര്‍ശിക്കുന്നത് ദീര്‍ഘ കാല സൌഹൃദത്തിന് ശേഷവും തന്നെ കുറിച്ച് യഥാര്‍ഥത്തില്‍ ഒന്നും അറിയാത്തത് കൊണ്ടാണ് എന്നു വാലിദ് വിശദീകരിക്കും. മഴയും തണുപ്പുമൊക്കെ ശരിക്കും എന്തെന്നറിയാത്തത് തനിക്കല്ല പ്രതിഷേധത്തോടെ അയാള്‍ കാസിമിനെ കാറില്‍ നിന്ന് പെരുമഴയത്തു ഇരുട്ടില്‍ ഇറക്കി വിടുന്നത് അത്തരം രോഷത്തിന്റെ വിസ്ഫോടനത്തിലാണ്; നിമിഷങ്ങള്‍ക്കകം കുറ്റബോധം അയാളെ തിരികെയെത്തിക്കുമെങ്കിലും. ശഹദ് (‘തേന്‍’) എന്നു വാലിദ് വിളിക്കുന്ന ഒരു സ്ത്രീയുമായി അയാള്‍ക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ടേപ്പ് ശബ്ദത്തില്‍ നിന്നാണ് സുഹൃത്തുക്കള്‍ അറിയുക. അതാരാണെന്നു ഒരു വ്യക്തതയും ഇല്ലെങ്കിലും അത് കോളേജ് അധ്യാപികയും ഇറാഖി പെണ്‍സൌന്ദര്യത്തിന്റെ മൂര്‍ത്തരൂപവുമായ മറിയാം അല്‍ സഫര്‍ ആയിരിക്കാമെന്നു ജവാദ് സംശയിക്കുന്നു. പ്രണയ ലഹരിയുടെ സുദീര്‍ഘ വിവരണങ്ങള്‍ പോലും നിറഞ്ഞ മറിയാമിന്റെ ആഖ്യാനങ്ങളില്‍ പക്ഷെ അതിനൊരു തീര്‍ച്ചയില്ല. മര്‍വാന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ലബനോനില്‍ വെച്ച് അയാളെ കണ്ടിരുന്നു എന്നു വിസാല്‍ വെളിപ്പെടുത്തുന്നുണ്ട്. “എന്നെ കൂടെ കൊണ്ട് പോകൂ, വെടിയുതിര്‍ക്കാന്‍ പഠിപ്പിക്കൂ” എന്നാവശ്യപ്പെടുന്ന വിസാലിനോട് “എപ്പോള്‍ നീ തയ്യാറാണോ, അപ്പോള്‍”, എന്നു ഉറപ്പുകൊടുക്കുന്ന മര്‍വാന്‍ മറ്റൊരു അഭ്യര്‍ത്ഥന മുന്നോട്ടു വെക്കുന്നു. പ്രായം മറന്നു മുന്നണിയിലേക്കു പോകാന്‍ വാശിപിടിക്കുന്ന പിതാവിന്റെ ആത്മഹത്യാപരമായ ആ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കണം. അദ്ദേഹത്തിനു ശ്രമിക്കാവുന്നത് പോരാട്ടാത്തിനു വേണ്ട ധന സമാഹരണത്തിലും സംഘാടനത്തിലും ആണെന്നു മര്‍വാന്‍ കരുതുന്നു. ടേപ്പില്‍ സൂചനയുള്ള ‘ശഹദ് അവളായിരുന്നോ എന്ന് ഈ ഘട്ടത്തില്‍ ജവാദ് ചോദിക്കുന്നുണ്ട്; അവളും പക്ഷെ മറുപടി പറയുന്നില്ല. ലബനോനില്‍ വാലിദിനെ കണ്ടെത്തിയതായി അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും അയാള്‍ ഫിദായീനില്‍ ചേര്‍ന്നതയും ചിലര്‍ കരുതുന്നുണ്ട്. നോവലിന്റെ തുടക്കത്തില്‍ വാലിദിനെ കുറിച്ച് ഒരു നോവല്‍ രചിക്കുകയെന്ന ഉദ്ദേശം വെളിപ്പെടുത്തുന്ന ഡോ. ജവാദ് ഹുസ്നി, നോവലന്ത്യത്തിലെത്തുമ്പോള്‍ താനതിനു മാത്രം അയാളെ കുറിച്ചു തെളിച്ചമുള്ളവന്‍ ആണോ എന്ന് സംശയിച്ചു തുടങ്ങുന്നത്, വാലിദിനെ വിവരിക്കാന്‍ തുടങ്ങി ഓരോരുത്തരും കൂടുതലും തങ്ങളെത്തന്നെയാണ് വ്യക്തമാക്കിയത് എന്നത് കൊണ്ടും ആര്‍ക്കും ആരെയും മുഴുവനായും മനസ്സിലാക്കുക സാധ്യമല്ല എന്ന അസ്തിത്വപരമായ തിരിച്ചറിവിലും പെട്ടാണ്. ഈ നിരീക്ഷണം ബാധകമല്ലാത്ത, വൈയക്തിക അജണ്ടകള്‍ ഒന്നുമില്ലാത്ത ഏക കഥാപാത്രമായ മര്‍വാന്‍ The Ship എന്ന നോവലിലെ വാദി അസ്സാഫിനെ ഓര്‍മ്മിപ്പിക്കുന്നു. അയാള്‍ക്ക് ദേശത്തിന്റെ വിളിയെ കുറിച്ചോ, തന്റെ വിധിയെ കുറിച്ചോ മിഥ്യാസങ്കല്പങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല; അയാളുടെ രക്തസാക്ഷിത്തം തന്നെയാണ് നോവലിലെ ഏറ്റവും സുവ്യക്തമായ സന്ദേശവും (El-Hussari). ബാഗ്ദാദി സമൂഹത്തിലെ ബൂര്‍ഷ്വാ ഉപരിവര്‍ഗ്ഗ ബുദ്ധിജീവികള്‍ക്കിടയില്‍ തങ്ങളുടെ സാമൂഹിക പദവിയും രാഷ്ട്രീയ ബോധ്യങ്ങളും തീര്‍ക്കുന്ന രണ്ടു വിരുദ്ധ പക്ഷപാതിത്തങ്ങളുടെ അതിസൂക്ഷ്മമായ ആഖ്യാനം, ഫ്രഞ്ച് ചെറുത്തുനില്‍പ്പു പ്രസ്ഥാനത്തിലെ ബുദ്ധിജീവി ആക്റ്റിവിസ്റ്റുകളായ സിമോങ് ദേ ബുവ്വെയുടെ The Mandarins എന്ന നോവലിലെ മുഖ്യ കഥാപാത്രങ്ങളെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്.    

 

നോവലില്‍, ബഹുസ്വര ആഖ്യാനത്തിന്റെ ഘടനയില്‍ ഇടം പിടിക്കുന്ന ഓരോ ആഖ്യാതാക്കളും ദുരൂഹതകളുടെ അനാവരണവും സങ്കീര്‍ണ്ണവല്‍ക്കരണവും ഒരുമിച്ചാണ് നടത്തുന്നത് എന്നു പറയാം. വാലിദിന്റെ ബത് ലഹേം കുട്ടിക്കാലം കണ്ട, അതേ പട്ടണത്തില്‍നിന്നുള്ള ഇസാ നാസര്‍ എന്ന പ്രായമായ ആശാരിയിലൂടെ അയാളുടെ ഇറ്റാലിയന്‍ സെമിനാരി പഠന യാത്രയും അതുപേക്ഷിച്ചു തിരികെയെത്തി കാംബ്രിഡ്ജ് പഠനവും വിവരിക്കപ്പെടുന്നു. ഡോ. താരിഖ് റഊഫിന്റെ നിരീക്ഷണത്തില്‍ വാലിദിന്റെ ധാരാളമായ സ്ത്രീ ബന്ധങ്ങളില്‍ ഒരു ഈഡിപ്പല്‍ മാതൃബിംബ സ്വാധീനം പ്രകടമാണ്. ഏറെ പ്രണയങ്ങള്‍ ഉണ്ടെങ്കിലും അയാള്‍ക്കൊരിക്കലും ഒരു സ്ത്രീയെയും അവരുടെ ഇംഗിതത്തിനെതിരായി ചൂഷണം ചെയ്യാനാവില്ല. ആര്‍ക്കിടെക്റ്റ് അമര്‍ അബ്ദെല്‍ ഹമീദിന്റെ ഓര്‍മ്മകളില്‍ ഉന്നത ആശയങ്ങളും മികച്ച ആവിഷ്കാര രീതിയുമുള്ള കൃതഹസ്ഥനായ ഒരു കവിയുടെ ചിത്രമാണ്‌ തെളിഞ്ഞു വരിക. സ്ത്രീകഥാപാത്രങ്ങള്‍ക്ക് വാലിദിനെ കുറിച്ച് ഏറെ പറയാനുണ്ട്‌. ചരിത്രാധ്യാപികയായ മറിയം അല്‍ സഫര്‍, യുവ ജേണലിസ്റ്റും റിസേര്‍ച്ച് സ്കോളറുമായ വിസാല്‍ റഊഫ്, എന്നിവരുടെ ഓര്‍മ്മകളില്‍ അയാള്‍ അവരുടെ ഹൃദയം കവര്‍ന്ന കാമുകനാണ്. ഈ കഥാപാത്രങ്ങളുടെയെല്ലാം ഓര്‍മ്മകളിലൂടെ ഉരുത്തിരിയുന്നത് തനതായ വ്യക്തിത്വമുള്ള വിപ്ലവകാരിയും തന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി പൊരുതാന്‍ തയ്യാറുള്ളവനുമായ വാലിദിന്റെ ചിത്രമാണ്‌; അതിനയാള്‍ പ്രണയം, ചെറുത്തുനില്‍പ്പ്‌, രാഷ്ട്രീയം എന്നിവ ആയുധമാക്കുന്നു. ഓര്‍മ്മകള്‍ക്കപ്പുറം ഊഹങ്ങളിലേക്കു കൂടി കടന്നാണ് വാലിദിനു എന്ത് സംഭവിച്ചിരിക്കാം എന്ന് നിരീക്ഷിക്കപ്പെടുന്നത്. ഇബ്രാഹിം നൌഫലിന്റെ അഭിപ്രായത്തില്‍ അയാളെ സയണിസ്റ്റ് സൈന്യം തട്ടിക്കൊണ്ടുപോയി വധിച്ചിരിക്കാം. വാലിദ് മരിച്ചിട്ടില്ലെന്നും മര്‍വാന്റെ മരണത്തിനുള്ള പ്രതികാരവും പലസ്തീനിനോടുള്ള കടം വീട്ടലുമായി അയാള്‍ ഫിദായീന്‍ പോരാളികളോട് ചേര്‍ന്ന് ലബനോനില്‍ പോരാട്ടത്തിലാണ് എന്നും തീര്‍ച്ചയുള്ളത് വിസാലിനാണ്. ഇത്തരം ഊഹങ്ങള്‍ നിഷ്കളങ്കമല്ലെന്നും ഓരോ കഥാപാത്രത്തിന്റെയും മനശാസ്ത്രപരമായ ആവശ്യങ്ങളുടെ കൂടി പ്രകടനമാണ് എന്നും നിരീക്ഷിക്കപ്പെടുന്നു (El-Hussari).

 

നോവലിസ്റ്റിന്റെ വീക്ഷണത്തെ ഇതര കഥാപാത്രങ്ങളുടെ പരസ്പര സ്വതന്ത്രമായ ഭിന്ന വീക്ഷണങ്ങളില്‍ ഒന്നുമാത്രമാക്കി നിര്‍ത്തുകയും ഈ ‘സ്വതന്ത്രമായ ഭിന്നസ്വരങ്ങളിലൂടെ’ നെയ്തെടുക്കുന്ന വിധിപറയാത്ത വിധത്തിലുള്ള ആവിഷ്കാരം നടത്തുകയും ചെയ്യുന്നതിലൂടെ അറുപതുകളിലും എഴുപതുകളിലും അറബ് നോവലില്‍ നിലനിന്ന സര്‍വ്വജ്ഞ എഴുത്തുകാര്‍/ ആഖ്യാതാവ് (omniscient author/ narrator) രീതിയെ മറികടക്കുന്ന ‘ബഹുസ്വര ആഖ്യാനം (polyphonic narration) എന്ന പുത്തന്‍ സമ്പ്രദായമാണ് ജബ്ര തുടങ്ങിവെക്കുന്നത് എന്നും ‘സംവാദങ്ങളുടെ ബഹുമുഖ ഇടപെടലിലൂടെ മനുഷ്യനെ വസ്തുവല്‍ക്കരിക്കുന്നതിനെ (objectification) നിരാകരിക്കുന്ന ബഖ്തീനിയന്‍ (Mikhail Bakhtin) സാഹിത്യ ദര്‍ശനത്തോട് ജബ്രയുടെ ഈ സമീപനം ചേര്‍ന്ന് പോകുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു (El-Hussari). “In Search of Walid Masoud വലിയ മാനങ്ങളില്‍ വിഭാവനം ചെയ്യപ്പെട്ട ആശയങ്ങളുടെ നോവലാണ്, ഒപ്പം ഏറെ ഭാവഗീതാത്മകവും വൈകാരിക തീക്ഷ്ണതയുമുള്ള ഭാഗങ്ങള്‍ നിറഞ്ഞ, ആസക്തി, വഞ്ചന എന്നിവയുടെ ശക്തമായ നിരീക്ഷണവും. റോജര്‍ അലന്‍, അദ്നാന്‍ ഹൈദര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ മികവുറ്റ വിവര്‍ത്തനം ജബ്രയുടെ ഗദ്യത്തിന്റെ ഭാവഗീത ഭാവവും, ആഖ്യാനത്തിന്റെ രാജകീയ ഒഴുക്കും നിലനിര്‍ത്തുന്നു” (7.). 

References:

                1. Ibrahim A. El-Hussari, ‘Jabra Ibrahim Jabraʼs In Search of Walid Masoud, A Polyphony of (Un)Orchestrated Opus’, Athens Journal of Humanities & Arts - Volume 6, Issue 2 – Pages 133-146.

                2. Jabra I. Jabra in conversation with Najman Yassin, ‘al-Jamiaʼa’, April 1978, Vol. 8, Issue: 4:7-12,qtd by El-Hussari

                3. ("Living with the Tigress and the Muses: An essay on Jabra Ibrahim Jabra. (Cover Story).." The Free Library. 2001 University of Oklahoma 21 Jan. 2021 https://www.thefreelibrary.com/Living+with+the+Tigress+and+the+Muses%3a+An+essay+on+Jabra+Ibrahim...-a080500167

                4. publishersweekly, https://www.publishersweekly.com/978-0-8156-0646-8, Accessed 21.01.21

                5. Review: In Search of Walid Masoud,  kirkusreviews, Sept. 15, 2000, https://www.kirkusreviews.com/book-reviews/jabra-ibrahim-jabra/in-search-of-walid-masoud/, .Accessed 22.01.2021

                6. Tasnim Qutait, the search for walid masoud, ARAB HYPHEN, February 28, 2013, https://arabhyphen.wordpress.com/2013/02/28/the-search-for-walid-masoud/, Accessed 21.01.2021

                7. Samah Selim, Jabra: In Search of Walid Masoud, Journal of Palestine Studies, Vol.31, 2001/02, No.2, P.89. http://palestine-studies.org/jps/fulltext/old/4510 (Cached, retrieved 22.01.2021).


Saturday, September 21, 2024

The Dance of the Deep-Blue Scorpion by Akram Musallam / Sawad Hussain

ഇടംതേടുന്നവരുടെ നിഷ്ഫലനൃത്തം

 


“Once in camp I put a log on a fire and it was full of ants. As it commenced to burn, the ants swarmed out and went first toward the center where the fire was; then turned back and ran toward the end. When there were enough on the end they fell off into the fire. Some got out, their bodies burnt and flattened, and went off not knowing where they were going. But most of them went toward the fire and then back toward the end and swarmed on the cool end and finally fell off into the fire. I remember thinking at the time that it was the end of the world and a splendid chance to be a messiah and lift the log off the fire and throw it out where the ants could get off onto the ground. But I did not do anything but throw a tin cup of water on the log, so that I would have the cup empty to put whiskey in before I added water to it. I think the cup of water on the burning log only steamed the ants.”

 Ernest Hemingway, A Farewell to Arms

 

കൊളോണിയല്‍നുകം അഴിച്ചുവെക്കുകയും ദേശനിര്‍മ്മിതിയുടെ ഘട്ടവും കടന്നു ദേശീയതാനന്തര കാലത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത ഇടങ്ങളില്‍ നിന്നുള്ള സമകാലികസാഹിത്യം (post-postmodern or contemporary literature) സാമാന്യാനുഭവങ്ങളുടെ  ഘട്ടവും കടന്നു അനന്യാനുഭവങ്ങളുടെ ആഖ്യാനങ്ങളിലേക്ക് വലിയ തോതില്‍ ശ്രദ്ധയൂന്നുന്നുണ്ട്. എന്നാല്‍ഭൗമാര്‍ത്ഥത്തില്‍ ഉണ്മ പോലുമല്ലാത്ത, ദേശീയതയുടെ തലത്തില്‍ മാത്രം നിലനില്‍ക്കുന്ന പലസ്തീന്‍,  ഇസ്രയേലിന്റെ അപ്പാര്‍ത്തീഡ്,  കൊളോണിയല്‍ അധിനിവേശത്തിനു മുന്നില്‍ അസ്തിത്വസ്ഥാപനത്തി ന്റെയും പ്രതിരോധത്തിന്റെയും വെല്ലുവിളികളാണ് ഇപ്പോഴും നേരിടുന്നത്. അതുകൊണ്ടു തന്നെ,  പലസ്തീനിയന്‍ സാഹിത്യം ഭവനനഷ്ടത്തിന്റെയും എല്ലാം തുടങ്ങിവെച്ച 1948 ലെ നക്ബയുടെയും സഞ്ചിത അനുഭവങ്ങളില്‍ തന്നെയാണ് ഇപ്പോഴും നങ്കൂരരമിടുന്നതും. പുതിയ സാഹിത്യത്തിന്റെ ബൃഹദാഖ്യാന വിമുഖതയുടെ പ്രവണതകള്‍ സ്വാംശീകരിക്കുന്ന പുതുതലമുറ എഴുത്തുകാരില്‍ ചിലരെങ്കിലും ഇതൊരു സര്‍ഗ്ഗാത്മക പ്രതിസന്ധിയായി മനസ്സിലാക്കുന്നുണ്ട് എന്ന് ന്യായമായും കരുതാന്‍ ഇടനല്‍കുന്ന ഒരു നോവലാണ്‌ ഹ്രസ്വമെങ്കിലും അനേകം തലങ്ങളില്‍ വായിക്കാനാകുന്ന ‘കരിന്തേളിന്റെ നൃത്തം (The Dance of the Deep-Blue Scorpion) എന്ന അക്റം മുസല്ലമിന്റെ നോവല്‍. വിഖ്യാത വിവര്‍ത്തക സവാദ് ഹുസൈനിന്റെ മനോഹരമായ വിവര്‍ത്തനത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമായ പ്രസ്തുതകൃതിഫാന്റസിയും അസംബന്ധബോധവും മേളിക്കുന്ന ആഖ്യാനത്തിന്റെ വിചിത്ര സങ്കേതത്തിലൂടെ നഷ്ടങ്ങളുടെയും ഓര്‍മ്മകളുടെയും പലസ്തീനിയന്‍ ഹൃദയത്തിലേക്ക് കടന്നുചെല്ലുന്നു.

സ്വപ്നം/ നോവല്‍

1988ലെ ഒരു ദിനത്തില്‍ ഇസ്രയേല്‍ അതിര്‍ത്തിയിലുള്ള ഒരു ഹോട്ടലിലെ ടീനേജറായ പലസ്തീനി ആഖ്യാതാവിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന സ്വപ്നസദൃശമായ ഓരോര്‍മ്മയോടെയാണ് നോവല്‍ ആരംഭിക്കുന്നത്: ആഖ്യാതാവുംപുറകില്‍ നട്ടെല്ലിനു തൊട്ടുചുവടെ ഇളംനീല നിറത്തില്‍ തേളിന്റെ രൂപം പച്ചകുത്തിയ ഫ്രഞ്ചുകാരിയായ ഒരു ടീനേജ് പെണ്‍കുട്ടിയും ആഖ്യാതാവ് ജോലിനോക്കുന്ന ഡാന്‍സ് ഹാളില്‍ വെച്ചു കണ്ടുമുട്ടുന്നു. കടല്‍തീരത്തിന്റെ നിറമുള്ളശബളമായ ഉടലില്‍ അവളയാളെ ആ ടാറ്റൂ കാണിച്ചുകൊടുക്കും. ഒരു രാവിന്റെ ബാന്ധവത്തിനു ശേഷംരാവൊടുവില്‍അവളുടെ നഗ്നമായ ഉടല്‍ കണ്ണാടിയില്‍ ചേര്‍ത്തുനിര്‍ത്തി നിതംബത്തിന്റെ ആകൃതി ലിപ്സ്റ്റിക് ഉപയോഗിച്ച് അതില്‍ വരച്ചുവെക്കും അയാള്‍. മുത്തം കൊണ്ടൊരു ശുഭരാത്രിനേര്‍ന്നു പിറ്റേന്ന് പുലര്‍ച്ചെ പെണ്‍കുട്ടി വന്നപോലെ അപ്രത്യക്ഷയാകുംഅവള്‍ പറഞ്ഞപോലെ പാരീസിലേക്ക്. പിന്നീടൊരിക്കലും ഇരുവരും കണ്ടുമുട്ടുന്നേയില്ല. എന്നാല്‍സംഭവം അയാളുടെ ജീവിതത്തിലെ ഒരു വൈകാരിക നങ്കൂരമായിത്തീരും. ഡിസൈനില്‍ സ്പര്‍ശിക്കുമ്പോഴൊക്കെ തേളിനു ജീവന്‍ വെക്കുന്നതായും അത് കണ്ണാടിയില്‍ വരച്ചുചേര്‍ത്ത ഉടലിലേക്ക് കയറിപ്പോകാന്‍ ശ്രമിക്കുന്നതായും എല്ലായിപ്പോഴും തിരികെ വീഴുന്നതായും അയാള്‍ സ്വപ്നം കാണും. തുടക്കത്തിലേ വ്യക്തമാകുന്നപോലെ നമ്പാന്‍ കൊള്ളാത്ത ആഖ്യാതവിനെ (unreliable narrator) സംബന്ധിച്ച് ആ വേഴ്ച്ച ശരിക്കും സംഭവിച്ചതുതന്നെയോ അതോ തന്റെ സ്വപ്നം മാത്രമായിരുന്നോ എന്നു തീര്‍ച്ചയില്ല. നിലവിലില്‍ ഇല്ലാതായിപ്പോയ ഒരിടത്തേക്ക് കേറിപ്പറ്റാനും അങ്ങനെ ഒരിടം സ്ഥാപിക്കാനും ശ്രമിക്കുന്ന തേളിനെതന്റെ കഥയിലെ നായകന്റെ അസ്തിത്വമായി മനസ്സിലാക്കാന്‍ തുടങ്ങുന്നതോടെആദ്യ അധ്യായം അവസാനിക്കുമ്പോള്‍ത്തന്നെ നോവലിസ്റ്റ് ചോദിക്കുന്നു: “ഇത് ഒരു നോവല്‍ സദൃശമായ സ്വപ്നമല്ലേഅല്ലെങ്കില്‍ ഒരു സ്വപ്നമായ നോവല്‍?” (a novelesque dream or a dream of a novel). നോവലിന്റെ മെറ്റഫിക് ഷന്‍ തലം അപ്രകാരം ഉറപ്പിച്ചെടുക്കുന്നതിലൂടെ അത് ‘നഷ്ടത്തെ കുറിച്ചുള്ള ഒരു നോവലിനെ കുറിച്ചുള്ള നോവല്‍’ ആയിമാറുകയും ഒരേസമയം വിഷാദാത്മകവും ഒപ്പം അസംബന്ധപൂര്‍ണ്ണവും ആവുകയും ചെയ്യുന്നു .

2006 മധ്യത്തോടെയാണ് തന്റെ ‘നോവല്‍ പോലുള്ള സ്വപ്ന’ത്തെ എഴുത്തില്‍ സാക്ഷാത്കരിക്കാന്‍ ആഖ്യാതാവ് തയ്യാറാകുന്നതും അതിനായി റമാലയിലെ ഒരു പാര്‍ക്കിംഗ് ലോട്ട് കണ്ടെത്തുന്നതും. പിന്നീടുള്ള പലഭാഗങ്ങളിലും ആഖ്യാതാവ്സ്വപ്നാടക ഭാവനകളെ വ്യാഖ്യാനിക്കുന്ന ‘സ്വപ്ന സ്ത്രീ’യായ അമ്മായി എന്ന കഥാപാത്രത്തിലൂടെ സ്വപ്നമെന്ന പ്രമേയത്തിലേക്കു തിരികെ പോകുന്നുമുണ്ട്. മറ്റേതു സംസ്കാരങ്ങളിലുമെന്ന പോലെ പലസ്തീനിയന്‍ സംസ്കാരത്തിലും കഥകള്‍ക്കുള്ള പ്രാധാന്യത്തെ ദ്യോതിപ്പിക്കുന്ന ഒരു പാത്രസൃഷ്ടിയായ, ‘പര്‍വ്വതങ്ങളില്‍ നിന്നുള്ള സ്ത്രീ’യായ അമ്മായി സ്വപ്നവ്യാഖ്യാതാവും കഥകളുടെ സൂക്ഷിപ്പുകാരിയുമാണ്. ഒപ്പംഐക്യനാടുകളിലേക്ക് കടന്ന ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിന്റെ ദുഃഖം പേറുന്നവളും.

രേഖീയമല്ലാത്ത ആഖ്യാനത്തില്‍എഴുത്തുകാരനാകാന്‍ മോഹിക്കുന്ന ജേണലിസ്റ്റായ ആഖ്യാതാവിന് താന്‍ ആദ്യമായി പെണ്‍കുട്ടിയെ കണ്ടുമുട്ടിയ ഡാന്‍സ് ഹാളിനടുത്തുവെച്ചു അത് എഴുതണം എന്നുണ്ടായിരുന്നു. അത് സാധ്യമാകാതെ വരുന്നതാണ് അയാളെ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിക്കുന്നത്. അവിടെ എകാന്തനായിരുന്ന്‍ അയാള്‍ കഥകള്‍ കൂട്ടിച്ചേര്‍ക്കുന്നുഒന്നില്‍നിന്നു മറ്റൊന്നിലേക്കു അനായാസമായി നീങ്ങുന്നുഅയാളുടെ മാനസിക പ്രക്ഷേപങ്ങള്‍ (projections) ആയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാര്‍ക്കിംഗ് ലോട്ടിലെ അറ്റന്റര്‍ ആദ്യമൊക്കെ അവിടെയിരുന്നുള്ള നോവലെഴുത്തു പദ്ധതിയെ എതിര്‍ക്കുന്നുവെങ്കിലും പിന്നീട് സമ്മതിക്കുന്നത്സൂപ്പര്‍വൈസര്‍ അത് സ്വാഗതം ചെയ്യുന്നത് കൊണ്ടാണ്. ഇസ്രയേല്‍ ജയിലില്‍ പതിനെട്ടു വര്‍ഷം തടവിലായിരുന്നതടവുപുള്ളി എന്നു തന്നെ നോവലില്‍ വിളിക്കുന്ന സൂപ്പര്‍വൈസര്‍ക്ക് ഒരു നോവല്‍ സൃഷ്ടിക്കപ്പെടുന്നതിനു സാക്ഷ്യംവഹിക്കണം. അയാള്‍ ക്ലാസിക്കല്‍ നാടകങ്ങളിലെ കോറസ് പോലെനോവലിനെ കുറിച്ചുംനോവലിസ്റ്റിനെ കുറിച്ചും നിരീക്ഷണങ്ങള്‍ നടത്തുകയുംഒപ്പം ജയിലനുഭവകഥകള്‍ പറയുകയുംചെയ്യും. യഥാര്‍ത്ഥ ജീവിതമാണ്‌ ആഖ്യാതാവിന്റെ കഥയ്ക്ക് ഉറവിടമാകുന്നത്. അത് രേഖപ്പെടുത്തുന്നതില്‍ അയാളെടുക്കുന്ന സ്വാതന്ത്ര്യം യഥാര്‍ഥത്തില്‍ വിധിയും ചരിത്രവും അയാളുടെ വഴിയില്‍ സൃഷ്ടിക്കുന്ന വിടവുകളെ നേരിടാനുള്ള ഉപാധിയുമാണ്‌:

എന്നെ വിശ്വസിക്കൂപേരുകള്‍ പ്രധാനമല്ല. സാധാരണ എന്റെ നോവലില്‍ പേരുകള്‍ ഉണ്ടാവില്ല എന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേപേരുകള്‍ കഥാപാത്രങ്ങള്‍ക്ക് പരിമിതിയാണ്എനിക്കവ ഇഷ്ടമേയല്ല. എന്റെ കഥാപാത്രങ്ങളെ വ്യതിരിക്തരാക്കുന്നതെന്തോ അതുവെച്ച് അവരെ വിവരിക്കാനാണ്‌ എനിക്കിഷ്ടം. അപ്പോള്‍എന്റെ സുഹൃത്തെനിങ്ങള്‍ക്ക് ഒരു നോവലിസ്റ്റ് ‘യഥാര്‍ത്ഥ ജീവിതകാര്യങ്ങള്‍’ എഴുതണം. നോക്കൂ: സത്യത്തെ കുറിച്ച് സംസാരിക്കണമെങ്കില്‍ ഒരുപാടാളുകള്‍ മരിക്കാന്‍ കാത്തിരിക്കേണ്ടതുണ്ട്സത്യം പറയുകയെന്നത് ഒരുപാട് പേരുടെ മരണത്തിലേക്ക് നയിച്ചേക്കാം.”

 

നിതാന്തനഷ്ടങ്ങളുടെ രൂപകങ്ങള്‍

നോവലിന്റെ ഇടവും മൃഗ/ കീട രൂപകങ്ങളും തന്നെയും പലസ്തീനിന്റെ നിത്യവിധിയുടെ ദര്‍പ്പണങ്ങള്‍ തന്നെയാണ്: പാര്‍ക്കിംഗ് ലോട്ട് സ്ഥലം മുമ്പൊരു കെട്ടിടമായിരുന്നെന്നും അതില്‍ വാടകയൊഴിയാന്‍ കൂട്ടാക്കാത്ത ഒരു വടക്കേ ആഫ്രിക്കക്കാരന്‍ കൈവശപ്പെടുത്തിയിരുന്ന രണ്ടു അപ്പാര്‍ട്ട്മെന്റുകളില്‍ അയാള്‍ മറിച്ചു വാടകയ്ക്ക് കൊടുത്ത ഒന്നിലാണ് പലസ്തീനിയന്‍ കവി ഹുസൈന്‍ ബര്‍ഗൂതി താമസിച്ചിരുന്നതെന്നും ആഖ്യാതാവിനറിയാം. കവി താമസിച്ച ഇടം തന്നെയും സര്‍ഗ്ഗാത്മകമായി പ്രചോദിപ്പിക്കും എന്നയാള്‍ ആശിക്കുന്നു. അല്‍മനാസ ചത്വരത്തിലെ സിംഹപ്രതിമപലസ്തീനിയുടെ പിടിച്ചുനില്‍ക്കാനുള്ള കഴിവിനെ പ്രതിനിധീകരിക്കുന്നു എന്നുപറയാം. തേളുകളെ കുറിച്ചുള്ള നോവലിലെ വിവരണങ്ങളും ശ്രദ്ധേയമാണ്. നൂറുകണക്കിന് ഇനങ്ങളുള്ള അവയില്‍ പലതും വിഷമില്ലാത്തവയാണ്. വേഴ്ചയില്‍ ആണിന്റെ മരണമാണ് അവസാനം സംഭവിക്കുന്നത്‌ എന്നത് അതിനെ മൃത്യുനൃത്തം കൂടിയാക്കുന്നു. ഒരേസമയം രാഷ്ട്രീയവും വ്യക്തിപരവുമായ പലസ്തീനിയുടെആഖ്യാതാവിന്റെയുംപോരാട്ടത്തിന്റെ പ്രതീകമായി അത് മാറുന്നു. അയാള്‍ ചോദിക്കുന്നു: “ഞാന്‍ തന്നയോ തേള്‍അതോ തേള്‍ ഞാനയതാണോ?” ഹെമിങ് വേയുടെ ഒരിക്കലും രക്ഷപ്പെടാനാകാത്ത ഉറുമ്പുകള്‍ (A Farewell to Arms) തങ്ങളുടെ വിധി നിര്‍ണ്ണയിക്കപ്പെട്ടിട്ടും, ഒടുവില്‍ എരിഞ്ഞടങ്ങും വരെ ഇല്ലാത്ത രക്ഷതേടി പരക്കംപായുന്നതിലെ നിർണയവാദപരമായ (deterministic) ദയനീയ അസംബന്ധം തന്നെയാണ്, ഒരുവളേ, കരിന്തേളിന്റെ ശ്രമത്തെയും പ്രതീകാത്മകമായി പലസ്തീനിയുടെ ശ്രമത്തെയും അടയാളപ്പെടുത്തുന്നത്. കണ്ണാടി എന്ന രൂപകം നോവലില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നത് ഇതോടു ചേര്‍ത്തുപറയാം. ഇവിടെയുള്ള ഓരോ കഥാപാത്രങ്ങളിലും അടിസ്ഥാനപരമായ എന്തോ ഒന്നിന്റെ നഷ്ടമുണ്ട്ആ നഷ്ടം വിട്ടുവെക്കുന്ന ശൂന്യതയുടെ പ്രഭാവം ശക്തവുമാണ്. അയാളുടെ കഥകളില്‍ വിവരിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ പ്രധാനികളെല്ലാം ഒരിക്കലും ലഭിക്കാത്ത എന്തൊക്കെയോ നേടിയെടുക്കാന്‍ വേണ്ടിയുള്ള നിരന്തര ശ്രമത്തിലാണ്:

അയാള്‍ ഒരു പ്രത്യേകതരം വാശിയോടെ ശ്രമിച്ചുകൊണ്ടേയിരുന്നുഒടുവില്‍ തീര്‍ത്തും ക്ഷീണിതനായിവിയര്‍പ്പില്‍ കുളിച്ചു വീഴുംവരെ. അയാള്‍ മലര്‍ന്നടിച്ചുവീണുതലയും കൈകാലുകളും ഗതികെട്ട അവധാനതയോടെ ചലിപ്പിച്ചുകൊണ്ടിരുന്നു. ആ ചലനങ്ങള്‍ അതയാളുടെ അവസാനമാണ് എന്ന മട്ടില്‍ഏതാണ്ട് യാന്ത്രികമായിരുന്നു.”

ഈ വാക്യങ്ങള്‍ കണ്ണാടിയില്‍ വരച്ചിട്ടുള്ള ഉടല്‍രൂപത്തിലേക്ക് കടന്നിരിക്കാന്‍ ശ്രമിക്കുന്ന തേളിനെ കുറിച്ചാണ്അതുപോലെ മുറിച്ചുമാറ്റിയ കാല് സൃഷ്ടിക്കുന്ന ശൂന്യതയെ ചൊറുകാന്‍ ശ്രമിക്കുന്ന ആഖ്യാതാവിന്റെ പിതാവിനെ കുറിച്ചാണ്. ഒപ്പം അത്പണ്ടെന്നോ ഉണ്ടായിരുന്ന കോണിപ്പടിയിലൂടെ കെട്ടിടത്തിന്റെ മുകളിലേക്ക് കേറിപ്പോകാന്‍ ശ്രമിക്കുന്ന വാടകക്കാരനെക്കുറിച്ചും തന്നെയും പലസ്തീനിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആഖ്യാതാവിനോട് അപേക്ഷിക്കുന്നഇറാഖിലെ അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച പലസ്തീനിയെ കുറിച്ചുമാണ്. ഇവരെല്ലാം ഇങ്ങിനി തിരിച്ചുകിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത ചിലത് തേടിക്കൊണ്ടേയിരിക്കുന്നു. ആ നഷ്ടത്തെ കുറിച്ച് എന്നും ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്യുന്ന വേദനിപ്പിക്കുന്ന ശൂന്യത മാത്രമാണ് അവരുടെ കൈമുതല്‍. ആഖ്യാതാവു തന്നെയും സമാനമായ ഒരു നഷ്ടം സൃഷ്ടിച്ച വേദനിപ്പിക്കുന്ന ശൂന്യത അനുഭവിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തേളിനെ പച്ചകുത്തിയ പെണ്‍കുട്ടിയുമായുണ്ടായ സമാഗമം നടന്ന ഹോട്ടല്‍ ഇപ്പോഴില്ല. മുപ്പതു ജീവനുകളോടൊപ്പം അത് ബോംബിട്ടു തകര്‍ക്കപ്പെട്ടിരുന്നു. എഴുതാനുള്ള നോവലിന്റെ പശ്ചാത്തലം ഡാന്‍സ് ഹാളിലേക്ക് മാറ്റിയതും ആ സമാഗമ സ്ഥലിയെ കേടുപാടുകൂടാതെ ഓര്‍മ്മയില്‍ നിലനിര്‍ത്തുകയെന്ന പാഴ്ശ്രമത്തിലാണെന്ന്‍ അബോധത്തില്‍ അയാള്‍ക്കറിയാം.

അനേകം വികാരവിക്ഷോഭങ്ങളുള്ള നോവലില്‍ പക്ഷെ ശൂന്യതയെന്ന പദം ഒട്ടേറെ തവണ ആവര്‍ത്തിക്കുന്നു. എന്നാല്‍എല്ലാറ്റിനുമുപരിഅത് നഷ്ടത്തെ കുറിച്ചാണ്. ഡാന്‍സ് ഹാളില്‍ നിന്നുള്ള ഫ്രഞ്ച് പെണ്‍കുട്ടികാര്‍പാര്‍ക്കിലെ എഴുത്തിടംസുഹൃത്തായ തടവുപുള്ളി. ഒപ്പമത് ഹുസൈന്‍ ബര്ഗൂതി മുതല്‍ ഇപ്പോഴാരും വായിക്കുന്നില്ലാത്ത റെബാബ് വരെയുള്ള പലസ്തീനിയന്‍ സംസ്കാരത്തിന്റെ നഷ്ടത്തെ കുറിച്ചാണെന്നും ഒട്ടേറെ സൂചകങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്‌ .

മെറ്റാഫിക് ഷന്‍

രചനാപ്രക്രിയയെ കുറിച്ചു തന്നെയുള്ള ഒരു നിരീക്ഷണമായി നോവലിനെ സമീപിക്കാം. രചനയുടെ ക്രാഫ്റ്റ്ഇതിവൃത്തസൃഷ്ടിആഖ്യാനമാറ്റങ്ങള്‍പ്രമേയസാധ്യതകളുടെ അന്വേഷണം തുടങ്ങിയവയെ കുറിച്ചൊക്കെയുള്ള നിരീക്ഷണങ്ങള്‍ നോവലിലെങ്ങും കാണാനാകും. ഇതും പല കഥാപാത്രങ്ങളും അനുഭവിക്കുന്ന ശൂന്യതയുമായി ബന്ധിതമാണ്. എഴുത്തുതന്നെയും അത്തരം ശൂന്യസ്ഥലികള്‍ തൊട്ടുനോക്കാനുള്ള ശ്രമമല്ലേ എന്ന് ആഖ്യാതാവ് അത്ഭുതപ്പെടുന്നുണ്ട്:

എഴുത്തുംഒരര്‍ത്ഥത്തില്‍ഒരേസമയം നിലനില്‍ക്കുകയും നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന എന്തിനെയോ ചൊറുകുന്ന പ്രക്രിയയല്ലേനമുക്കറിയാവുന്നനാം അനുഭവിക്കുന്നതൊടാന്‍പിടിക്കാന്‍നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒന്ന്എഴുത്ത് ഒരു തരത്തില്‍ ഒരു കണ്ണാടിയിലൂടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന ഒരു തേളല്ലേഎന്നിട്ട് ഒരു ഘട്ടത്തില്‍ അത് ഏതോ മനസ്സിലെ ഒരു ചിത്രത്തില്‍ തങ്ങിനില്‍ക്കും. അതല്ലേ എഴുത്ത്?”

ഒട്ടും സന്തോഷകരമാല്ലാത്ത കുട്ടിക്കാലമാണ്‌ അയാളുടെ ഓര്‍മ്മകളിലുള്ളത്. അസാന്നിധ്യങ്ങളാണ് അയാളുടെ ജീവിതത്തെ അടയാളപ്പെടുത്തിയത്. കെട്ടിട നിര്‍മ്മാണത്തിനിടെ ആണി കയറി ശരിയായ ചികിത്സക്ക് വിധേയനാകാതെ പഴുപ്പുകയറി ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു പിതാവിന്. കുടുംബത്തെ മുഴുവന്‍ ഈ ദുരന്തം ബാധിച്ചു. ഉമ്മ പിന്നീട് പ്രസവിക്കാതിരുന്നതിനു കാരണം അവരുടെ ഗര്‍ഭപാത്രത്തിന്റെ ദുഃഖമാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഉപ്പയാകട്ടെനഷ്ടപ്പെട്ട കാലിന്റെ ചൊറിച്ചില്‍ ഇപ്പോഴും അനുഭവിച്ചു. ആഖ്യാതാവിന് ആ ശൂന്യത ചൊറുകി കൊടുക്കേണ്ടിവന്നു. ഇതായിരുന്നു ഒരുവേള അയാളെ അധിനിവിഷ്ടഭൂമിയിലെ സംഘര്‍ഷകാലങ്ങളിലേക്ക് പരുവപ്പെടുത്തിയ ആദ്യ അനുഭവം: ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളും ഓര്‍മ്മകളും ഇല്ലാതാവുകയോ തിരിച്ചു പിടിക്കാനാവാത്തവിധം പരിവര്‍ത്തിക്കപ്പെടുകയോ ചെയ്യുന്നതിന്റെയുംതങ്ങളുടെ ചരിത്രംതന്നെ മായ്ക്കപ്പെടുന്നതിന്റെയും അനുഭവങ്ങളെ നേരിടാന്‍ പ്രാപ്തനാക്കിയത്. യുദ്ധം തന്റെ ജീവിതത്തെ ബാധിക്കാതിരുന്നെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അത് എല്ലാത്തിലും എല്ലായിടത്തും കടന്നു കയറുക തന്നെ ചെയ്യും. എന്തായലും പിതാവ് ഉള്ളതെല്ലാം സ്വരുക്കൂട്ടി മലമുകളില്‍ ഒരു പുരയിടവും വീടും സ്വന്തമാക്കും. ശാസ്ത്ര അധ്യപികയായ ഉമ്മയുടെ കൂടി സഹായത്തോടെ കുടുംബം അതിജീവിക്കുകയും ചെയ്യും. 

ഉപ്പയുടെ പാദനഷ്ടംപാലസ്തീന്‍ ഭൗമനഷ്ടത്തിന്റെ പ്രതീകമായി താന്‍ കരുതുന്നില്ല എന്ന ആഖ്യാതാവിന്റെ നിരാസനാട്യം വിപരീതാര്‍ത്ഥത്തില്‍ ആ സാധ്യത തന്നെയാണ് സൂചിപ്പിക്കുന്നത്. അതേസമയംതുടക്കത്തില്‍ സൂചിപ്പിച്ച പലസ്തീന്‍ സാഹിത്യം നേരിടുന്ന ഒരു പ്രതിസന്ധിയും ഇവിടെ സൂചിതമാണ്‌. 1972ല്‍ ജനിച്ചഅറബിക് സാഹിത്യത്തില്‍ ബിരുദം നേടി ജേണലിസ്റ്റ് ആയി റാമല്ലയില്‍ പ്രവര്‍ത്തിക്കുന്ന നോവലിസ്റ്റ്സാമാന്യാനുഭവത്തിന്റെ പ്രതീകാത്മകത എന്ന പരിമിതി തിരിച്ചറിയുന്നു.  എന്നാല്‍ പലസ്തീനിയന്‍ എഴുത്തുകാരനെ സംബന്ധിച്ച് അതൊരു വൈരുധ്യപൂര്‍ണ്ണമായ നിലപാട് (ironical position) ആവാതെ തരമില്ല. ആഖ്യാതാവ് ഒരു സ്വാഭാവിക പ്രക്രിയയെന്നോണം ഇന്‍തിഫാദ ആക്റ്റിവിസ്റ്റ് ആവുന്നുണ്ടെങ്കിലുംഅക്കാര്യത്തില്‍ നോവലിസ്റ്റ് ഊന്നുന്നില്ലാത്തതും അതുകൊണ്ടുതന്നെ. വാസ്തവത്തില്‍നോവലിനെ സംബന്ധിച്ച വ്യത്യസ്തമായ ഒരുകാര്യവും ഇതാണ്: പലസ്തീന്‍ നോവലുകളിലെ പതിവുകാഴ്ചയായ ഇസ്രായേലി അക്രമങ്ങളുടെ ചിത്രങ്ങള്‍ നോവലില്‍ ഉണ്ടെങ്കിലും അത് ന്യൂനോക്തിയിലാണ്‌ അവതരിപ്പിക്കപ്പെടുന്നത്. നേരിട്ട് കാണുന്നതിലേറെ സൂചനകളായാണ് അവ കടന്നുവരുന്നത്‌. അതിനോടുള്ള പലസ്തീനി പ്രതികരണങ്ങളും മിക്കപ്പോഴും പതിഞ്ഞ രീതിയിലാണ്.

ഭീകരപ്രവര്‍ത്തനത്തെ നോവലെഴുത്തുമായി ആഖ്യാതാവ് താരതമ്യം ചെയ്യുന്നത് നോവലിന്റെ മെറ്റഫിക് ഷന്‍ തലത്തെ ബലപ്പെടുത്തുന്നതോടൊപ്പം സ്വതന്ത്ര സാംസ്കാരികപ്രവര്‍ത്തനം ദുഷ്കരമായ സാഹചര്യങ്ങളുടെ ആവിഷ്കാരവുമാണ്: കൃത്യമായ കാമുഫ്ലാഷും സൂക്ഷ്മമായ സമയനിഷ്ടയുമില്ലെങ്കില്‍ നോവലില്‍ വിജയകരമായ ഇതിവൃത്തമില്ല. എന്നാല്‍ എല്ലാ തകിടംമറിയുന്നു എന്നതാണ് സംഭവിക്കുന്നത്‌: കാര്‍ പാര്‍ക്ക് അവര്‍ കിളച്ചുമറിക്കും. തടവുപുള്ളി വീണ്ടും അറസ്റ്റിലാകും. ഡാന്‍സ് ഹാള്‍ ഒരു ടെററിസ്റ്റ് ടാര്‍ഗറ്റ് ആയിത്തീരുകയും ചെയ്യും.

നോവലിലെ ‘കഥകളുടെ വൈവിധ്യം’ എഴുത്തുകാരന് പലസ്തീനിലെ രാഷ്ട്രീയവും ചരിത്രപരവുമായ ചില സംഭവങ്ങളെ കുറിച്ചും അധിനിവേശത്തിനു കീഴില്‍ രചനാ പ്രക്രിയയുടെ സ്ഥാനത്തെ കുറിച്ചും നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാനുമുള്ള അടിത്തറ നല്‍കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. “കിറുക്കന്‍ കഥാപാത്രങ്ങളും കുടുംബ പുരാണങ്ങളും ബാഹ്യതലത്തില്‍ നിറഞ്ഞിരിക്കുന്ന അതിലളിതമെന്നു തോന്നിക്കുന്ന കഥയഥാര്‍ഥത്തില്‍ തീക്ഷ്ണമായ ചരിത്ര സംഭവങ്ങളുടെ ഭാരം ഉള്ളിലൊതുക്കുന്നുണ്ട്: രണ്ടാം ഇന്‍തിഫാദ, 2002ലെ നെതാന്യ കൂട്ടക്കൊലയും (Passover Massacre in Netanya)അധിനിവേശവും തുടങ്ങിയ സംഭവങ്ങളാണ് നോവലിന് പശ്ചാത്തലമാകുന്നത്. സ്വപ്നസദൃശമായ ഒരാഖ്യാന സങ്കേതത്തിലൂടെ ആ ചരിത്രപരതയുടെയും എങ്ങും നിഴലിടുന്ന പലസ്തീന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെയും സാമാന്യഭാവമുള്ള കാലികതയെ (topicality) ഒന്നു പ്രച്ഛന്നപ്പെടുത്താന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു എന്നേയുള്ളൂ.

 read more:

Minor Detail by Adania Shibli

https://alittlesomethings.blogspot.com/2024/09/minor-detail-by-adania-shibli.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html