Featured Post

Showing posts with label Environmental. Show all posts
Showing posts with label Environmental. Show all posts

Friday, August 23, 2024

Gun Island by Amitav Ghosh

 

ഭൂതാവിഷ്ടരും മിത്ര മൂര്‍ത്തികളും



ഔദ്യോഗിക ഭാഷ്യങ്ങളുടെ ബൃഹദാഖ്യാനങ്ങളില്‍ (grand narratives) കണ്ടെടുക്കാനാവാത്ത ചരിത്രാവബോധവും ഗ്രെറ്റാ ത്യുന്‍ബെര്‍ഗ് കാലം ഓര്‍മ്മിപ്പിക്കുന്ന പ്രകൃതി- പാരിസ്ഥിതിക ഉത്കണ്ഠകളുമാണ് പോസ്റ്റ്‌കൊളോണിയല്‍ ‘കോമണ്‍വെല്‍ത്ത്’ വിധേയത്വമോ വിട്ടുവീഴ്ച്ചയോ ഇല്ലാത്ത ശൈലിയില്‍ അമിതാവ് ഘോഷ് തന്റെ കൃതികള്‍ക്ക് മുഖ്യമായും വിഷയമാക്കുന്നത്. പാത്ര സൃഷ്ടിയില്‍ ഫിക് ഷന്റെ സാധ്യതകള്‍ വേണ്ടുവോളം ഉപയോഗിക്കുമ്പോഴും പശ്ചാത്തലവും നിയാമക ശക്തിയുമായി സമൂര്‍ത്തമായ ചരിത്ര സന്ദര്‍ഭങ്ങള്‍ ഉണര്‍ന്നിരിക്കുന്ന കഥകളാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. കൊളോണിയല്‍ പിന്‍മടക്കത്തിന്റെ സന്ദിഗ്ദതകള്‍ (The Circle of Reason), സ്വാതന്ത്ര്യ പൂര്‍വ്വ – സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സംഘര്‍ഷങ്ങളുടെ ചിത്രങ്ങള്‍ (The Shadow Lines), ബര്‍മ്മയിലേക്കുള്ള ബ്രിട്ടീഷ് അധിനിവേശം (The Glass Palace)ഇടതു പക്ഷമെന്നു സ്വയം വിളിച്ച സ്റ്റേറ്റ് ബോധപൂര്‍വ്വം തമസ്കരിച്ച വംശഹത്യ (The Hungry Tide),  ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാര്‍മ്മികത്വത്തില്‍ നടന്നുവന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ കറുപ്പു കച്ചവടം (The Ibis Trilogyതുടങ്ങി ചരിത്രം മുഖ്യ ചാലകം തന്നെയായിത്തീരുന്നതിന് ഘോഷിന്റെ കൃതികളില്‍ ഉദാഹരണങ്ങള്‍ സുവ്യക്തമാണ്. ‘The Calcutta Chromosome’,  The Hungry Tide തുടങ്ങിയ നോവലുകളിലും ‘The Great Derangement: Climate Change and the Unthinkable’  പോലുള്ള നോണ്‍ ഫിക് ഷന്‍ കൃതികളിലും പാരിസ്ഥിതിക സങ്കീര്‍ണ്ണതകളുടെ അടിയന്തിര സ്വഭാവം പരിഗണിക്കുന്ന എഴുത്തുകാരന്‍ ഈ വിഷയത്തില്‍ ഇതുവരെയുള്ള തന്റെ കൃതികളുടെ മുഴുവന്‍ ഗവേഷണ പഠനങ്ങളുടെയും ഉള്‍ക്കാഴ്ച്ചകളുടെയും വ്യാപ്തി സമാഹരിച്ച നോവലാണ്‌ ‘Gun Island’ എന്ന അദ്ദേഹത്തിന്റെ പുസ്തകം.

ചരിത്രവും മിത്തും കലരുമിടം

ദുരന്തത്തിലൊടുങ്ങിയ പ്രണയത്തിന്റെ വേദന പഴയ, ആവശ്യക്കാര്‍ തീര്‍ത്തും കുറഞ്ഞുവരുന്ന അപൂര്‍വ്വ പുസ്തകങ്ങളുടെ വ്യാപാരിയെന്ന നിലയിലുള്ള ഉത് കണ്ഠകളിലും ബ്രൂക്ക് ലിനും പൈതൃകമായി കിട്ടിയ അപ്പാര്‍ട്ട്മെന്റ് ഇപ്പോഴും സ്വന്തമായുള്ള കൊല്‍കത്തക്കും ഇടയില്‍ എവിടെയും നങ്കൂരമില്ലാത്ത യാത്രകളിലുമായി വിസ്മരിക്കാന്‍ ശ്രമിക്കുന്ന ദിനനാഥ് ദത്തയെന്ന അറുപതോടടുക്കുന്ന ആത്മവിശ്വാസം കുറഞ്ഞ ആഖ്യാതാവിലൂടെയാണ് നോവലിസ്റ്റ് കഥ പറയുന്നത്. അമേരിക്കന്‍ ചുറ്റുവട്ടത്തിനു പാകത്തില്‍ അയാള്‍ സ്വയം ‘ഡീന്‍’ എന്ന് ചുരുക്കിയിട്ടുണ്ട് തന്റെ പേര്. പ്രമേയ സാമ്യത കൊണ്ടുതന്നെയാണ് നോവലിലെ ഇതര മുഖ്യ കഥാപാത്രങ്ങള്‍ പലരും ‘ഹംഗ്രി ടൈഡില്‍ നിന്നുള്ളവര്‍ തന്നെയായത്. ആവശ്യത്തില്‍ കൂടുതല്‍ താന്‍ പോരിമയും പാണ്ഡിത്യ ബോധവുമുള്ള കനായ് ദത്ത്, ദിനനാഥിന്റെ വിപരീത പ്രകൃതിയായത് കൊണ്ടുതന്നെയാണ് അയാള്‍ക്ക് അസഹ്യനായി അനുഭവപ്പെടുന്നത്. തന്റെ ഡോക്റ്ററേറ്റ് തീസിസിന് ഡീന്‍ വിഷയമാക്കിയ ‘മാനസദേവി’ പുരാണത്തെ കുറിച്ച് സ്തോഭജനകമായ ചില വിവരണങ്ങള്‍ നല്‍കുകയും പ്രസ്തുത പുരാണത്തിലെ ‘ബൊന്ദൂകി സദാഗര്‍’ (Gun Merchant) എന്ന ദുഷ്ട കഥാപാത്രത്തിന്റെതായി അറിയപ്പെടാത്ത ഒരു കോവില്‍ സുന്ദര്‍ബന്‍ പ്രദേശത്തുണ്ടെന്ന് ഡീനിനെ ജിജ്ഞാസുവാക്കുകയും ചെയ്യുന്ന കനായ്, കഥയുടെ ഉറവിടമായി നീലിമാ ബോസിനെ കുറിച്ച് പറയുന്നത് ദിനനാഥിനെ ഉത്തേജിപ്പിക്കുന്നു:

“നീലിമ ബോസില്‍ നിന്ന് വരുന്ന ഒരു കഥ ചിരിച്ചു തള്ളാനാവില്ല: രാഷ്ട്രീയക്കാര്‍ എപ്പോഴും അടുക്കാന്‍ താല്‍പ്പര്യപ്പെട്ട, സല്‍ക്കര്‍മ്മികള്‍ ആദരിച്ചസംഭാവന നല്‍കുന്നവര്‍ ആലിംഗനം ചെയ്തപത്രക്കാര്‍ എപ്പോഴും കൊണ്ടാടിയ അവര്‍ ഒരിക്കലും ചോദ്യം ചെയ്യാനാവാത്ത വിശ്വസ്തതയുള്ള വ്യക്തിത്വം ആയിരുന്നു.”

പിയ എന്ന ഗവേഷക സ്ത്രീ അവരോടൊപ്പം ഉണ്ടെന്നും ‘പിയ കൌതുകം ജനിപ്പിക്കുന്ന സ്ത്രീയാണ്’ എന്നും കനായ് പറയുന്നത് ദിനനാഥിന് ആശയങ്ങള്‍ നല്‍കാതിരിക്കുന്നില്ല: അയാള്‍ ഒരു കൂട്ട് അന്വേഷിക്കുകയാണ്കനായിയെ പോലെ ഒരു വിടന്‍ അല്ലെങ്കിലും. തനിക്കുവേണ്ടി മരിച്ച ഫൊകീറിന്റെ വിധവ മൊയ്നയെയും മകന്‍ ടുടുലിനെയും കുടുംബമായി ദത്തെടുത്ത്, ഒറിഗോണ്‍ സര്‍വ്വകലാശാലയിലെ ഗവേഷണവും നീലിമാ ദീദി തുടങ്ങിവെച്ച ബദാബോന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായ പിയ അവിവാഹിതയെങ്കിലും അവളുടെ മുന്‍ ഗണനകള്‍ വേറെയാണ്. ഇതോടൊപ്പം, പിയ തന്റെ മരിച്ചുപോയ മുന്‍കാമുകി ദുര്‍ഗ്ഗയെ ഓര്‍മ്മിപ്പിക്കുമ്പോഴും, ദിനനാഥിന്റെ സ്വതേ സന്ദേഹിയായ പ്രകൃതവും ചേരുമ്പോള്‍ നോവലില്‍ ഒരിക്കലും അയാളുടെ പ്രണയാനുഭവം എങ്ങുമെത്തുന്നില്ല. എണ്‍പതു പിന്നിട്ട, കിടപ്പിലായ നീലിമാ ദീദി ട്രസ്റ്റിന്റെ നടത്തിപ്പിനു മാത്രമല്ലതന്റെ ദൈനംദിന ജീവിതത്തിനും പിയായെ പൂര്‍ണ്ണമായും ആശ്രയിക്കുന്നുണ്ട്. ഭാഷയും വിനിമയവുമെന്ന അമിതാവ് ഘോഷിന്റെ നിരന്തര അന്വേഷണം ഈ നോവലിലും തുടരുന്നത് കാണാം.

‘നീലിമയുടെ ബംഗ്ലാ മൊഴി സുന്ദര്‍ബന്‍സിലെ ഗ്രാമീണ സ്വര ഭേദങ്ങള്‍ ആവാഹിച്ചിരുന്നു. എന്നാല്‍ അവരുടെ ഇംഗ്ലീഷ് അപ്പോഴും അഭിജാതമായിരുന്നു.’

ഒരു ഘട്ടത്തില്‍ഹംഗ്രി ടൈഡിലെ കനായിയെ പോലെവെനീസിലെ തെരുവുകളിലെ ബംഗാളികള്‍ക്കും ഡോക്കുമെന്ററി ചലച്ചിത്രകാരിക്കും ഇടയില്‍ ദിനനാഥ് ഒരു വിവര്‍ത്തകന്‍ ആയി പ്രവര്‍ത്തിക്കുന്നുമുണ്ട്. വെനീസിലെ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കിടയില്‍ പരിചയപ്പെടുന്ന ലുബ്ന  ഖാല എന്ന മുതിര്‍ന്ന വനിതയിലൂടെ തന്റെ പിതാവിന്റെ നാടും കുട്ടിക്കാലം ചെലവഴിച്ച ഇടവുമായ മദാരിപൂര്‍ ദേശത്തിന്റെ നാട്ടുഭാഷ ദിനനാഥിനു വീണ്ടും കേള്‍ക്കാനാവുന്നതും ഒട്ടേറെ ബംഗാളികള്‍ യൂറോപ്പിലെങ്ങും ഉണ്ടെന്നറിയുമ്പോള്‍ തന്റെ മാതൃഭാഷയും ഒരു ആഗോള ഭാഷയാണെന്ന് അഭിമാനം തോന്നുന്നതും നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്.   

പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ‘ബൊന്ദൂകി സദാഗറി’ന്റെ കോവിലില്‍ ചിത്രലിപികളില്‍ കൊത്തിവെക്കപ്പെട്ട ‘മാനസദേവീ- ബൊന്ദൂകി സദാഗര്‍’ ചരിത്രം ‘ഹംഗ്രി ടൈഡി’ലെ ‘ബോണ്‍ബിബി – ധൊകിന്‍ റായ്’ മിത്തുപോലെ കെട്ടുകഥകളും നാട്ടു വിശ്വാസങ്ങളും വിവരിക്കാനാവാത്ത അത്ഭുതങ്ങളും കൊണ്ടു നിറഞ്ഞതാണ്‌. ചിത്രീകരിക്കപ്പെട്ട ചരിത്രം കൂടാതെ കോവിലിന്റെ സംരക്ഷകനായ ഒരു മുസ്ലിം പുരോഹിതന്‍ സൂക്ഷിക്കുന്ന വാമൊഴിക്കഥകളും അവിശ്വാസിയായ വ്യാപാരിയെ തന്റെ ഭക്തനാക്കി മാറ്റിയ മാനസദേവിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്നു. സുന്ദര്‍ബന്‍സിലേക്കുള്ള യാത്ര തീര്‍ത്തും അപ്രതീക്ഷിതമെങ്കിലും ഡീനിനെ സംബന്ധിച്ച് അതൊരു വലിയ അനുഭവ യാനങ്ങളുടെ തുടക്കമാവും. അഭയാര്‍ഥി പ്രവാഹത്തിന്റെ വര്‍ത്തമാന കാല സാമൂഹികാവസ്ഥയായി ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തികളിലും വെനീസിലെ ചേരികളിലും അയാള്‍ കണ്ടുമുട്ടുന്ന മനുഷ്യരുടെ കൂട്ടത്തില്‍ റാഫിയെന്നു പേരുള്ള ടിപ്പു (ടുടുല്‍)വിന്റെ സുഹൃത്തും അയാളെ പോലുള്ള വേരറ്റ മനുഷ്യര്‍ക്ക്‌ ആകാവുന്ന സഹായങ്ങളും സംരക്ഷണവും നല്‍കുന്ന ലുബ്ന ഖാലയെന്ന വിധവയും കുടിയേറ്റ ജീവിതത്തെ നക്കിത്തുടക്കുന്ന വട്ടിപ്പലിശക്കാരും മനുഷ്യക്കടത്തുകാരും അവയവ മാഫിയയും എല്ലാമുണ്ട്. ഇറാന്‍-തുര്‍ക്കി അതിര്‍ത്തിയില്‍വെച്ചു കൂട്ടം തെറ്റിപ്പോയ ടിപ്പുവിന് വേണ്ടി കഴുത്തറപ്പന്‍ പലിശക്ക് പണം വാങ്ങി കുരുക്കിലാകുന്ന റാഫി ഒരു ഒറ്റപ്പെട്ട ചിത്രമല്ല. നാടുവിടുമ്പോള്‍ കൂടെയുണ്ടായിരുന്നവഴിയില്‍ ജീവന്‍ പൊലിഞ്ഞ സുഹൃത്തിന്റെ കുടുംബത്തിലേക്ക് സ്വന്തം വീട്ടിലേക്കു അയക്കുന്ന അതേ തുക മാസം തോറും അയക്കുന്ന ബിലാല്‍ അതേ ജീവിതപാഠമാണ് പ്രകടിപ്പിക്കുന്നത്. ലുബ്ന ഖാലയുടെ ഭര്‍ത്താവ് മുനീര്‍ ഭായിയുടെ അന്ത്യം തന്നെയും ഒരു വിധത്തില്‍ കുറെയേറെ നിസ്സഹായരായ കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ള ഒരു രക്തസാക്ഷിത്തമായിരുന്നു. അഭയാര്‍ഥികള്‍ക്കെതിരെ പ്രതിഷേധവും കടന്നുകയറ്റങ്ങളും പതിവാക്കുന്ന തീവ്രവലതുപക്ഷം ശക്തിയാര്‍ജ്ജിക്കുമ്പോഴും എണ്ണത്തില്‍ കുറവായ മനുഷ്യപക്ഷ ആക്റ്റിവിസ്റ്റുകള്‍ തങ്ങളുടെ വിജയിക്കാനിടയില്ലാത്ത യുദ്ധം തുടരുന്നത് ഡീന്‍ കാണുന്നുണ്ട്. അക്കൂട്ടത്തില്‍ വെനീസില്‍ ദിനനാഥിന്റെ സുഹൃത്തും സംരക്ഷകയുമായ സിന്റയും അഭയാര്‍ഥി ജീവിതത്തെ കുറിച്ച് ഡോക്കുമെന്ററി ഒരുക്കാന്‍ ശ്രമിക്കുന്ന കൊച്ചുമകള്‍ ഗിസയും മുഖ്യകഥാപാത്രങ്ങളാണ്.

    (Also read:Drive Your Plow Over the Bones of the Dead by Olga Tokarczuk

https://alittlesomethings.blogspot.com/2024/08/drive-your-plow-oolga-tokarczukver.html


ഓര്‍മ്മപ്പെടുത്തല്‍, പ്രകൃതി പാഠങ്ങള്‍.

നോവലിലെ ഏറ്റവും പ്രധാനപ്പെട്ട പ്രമേയം തീര്‍ച്ചയായും കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക സന്ദിഗ്ദതകളുമാണ്. ഡോള്‍ഫിനുകളും ഇതര കടല്‍ ജീവികളും കൂട്ടത്തോടെ തീരത്തടിയുന്നതും സുന്ദര്‍ബന്‍സില്‍ ചത്തുപൊന്തുന്ന മത്സ്യസമ്പത്തും നല്‍കുന്ന സൂചനകള്‍ പിയ നിരീക്ഷിക്കുന്ന പോലെനഗര സൗഭാഗ്യങ്ങളുടെ വെനീഷ്യന്‍ സാഹചര്യങ്ങളിലും വിഷച്ചിലന്തികളുടെയും വിചിത്ര പെരുമാറ്റ രീതികളുള്ള പക്ഷികളുടെയും സാന്നിധ്യം സിന്റയും കാണുന്നുണ്ട്. സര്‍പ്പ ദേവതയായ മാനസദേവി പുരാണത്തിലെ കേന്ദ്ര പ്രതീകമായ സര്‍പ്പംപാരിസ്ഥിതിക വ്യതിയാനങ്ങളുടെ ചിഹ്നമായി നോവലില്‍ കടന്നുവരുന്നുണ്ട്. മഞ്ഞ അടിവയറും തീവ്ര വിഷവുമുള്ള കടല്‍പ്പാമ്പുകള്‍ വര്‍ദ്ധിച്ച തോതില്‍ കാണപ്പെടുന്നത് ഇതിന്റെ തുടര്‍ച്ചയാണ്. മടുപ്പുളവാക്കും വിധം പെരുമാറ്റ ദൂഷ്യമുള്ള, ഹ്രസ്വകാല അമേരിക്കന്‍ സ്കൂള്‍ വിദ്യാഭ്യാസം ആഭാസപൂര്‍ണ്ണമായ സ്ലാങ്ങുകളുടെ ഉപയോഗത്തിലേക്കും ഇന്റര്‍നെറ്റ് പോലുള്ള മാധ്യമങ്ങളുടെ ദുരൂഹ പ്രയോഗത്തിലേക്കും മയക്കുമരുന്ന്മനുഷ്യക്കടത്ത് പോലുള്ള ഇരുള്‍ വഴികളിലേക്കും എത്തിച്ചആര്‍ക്കും നിയന്ത്രിക്കാനാവാത്ത രഹസ്യ ഇടപാടുകളില്‍ ഇടപെടുന്ന ടിപ്പുവില്‍ സര്‍പ്പദംശനം വരുത്തിവെക്കുന്ന മാറ്റങ്ങള്‍ നോവലിലെ യുക്തിസഹമായ വിശദീകരണങ്ങള്‍ സാധ്യമല്ലാത്ത അനേകം വസ്തുതകളില്‍ ഒന്നാണ്. അയാളില്‍ ദുരൂഹമായ പ്രവചന സിദ്ധി വന്നുകൂടുന്നു: അതെപ്പോഴും ദുരന്ത സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ആ സ്വപ്ന/ഭ്രമ ദര്‍ശനങ്ങളില്‍ പുരാതന കാലവും ആധുനിക കാലവുംകിഴക്കും പടിഞ്ഞാറുംമനുഷ്യനും അമാനുഷനും കൂടിക്കലരുന്നു. എല്ലാത്തിനും യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണങ്ങള്‍ കാണുമെന്നു ശഠിക്കുന്ന പിയായില്‍ നിന്ന് വ്യത്യസ്തമായി സിന്റ ആധുനിക സമൂഹത്തില്‍ ഒരു ഭൂതാവിഷ്ടതയുടെ സാധ്യത മുന്നോട്ടു വെക്കുന്നു. ഒരു പക്ഷെ ഇതാണ് നോവലിനെ കഥാപാത്രത്തുടര്‍ച്ചയിലും പശ്ചാത്തല വിശദാംശങ്ങളിലും ‘ഹംഗ്രി ടൈഡിനോട് അടുത്തു നില്‍ക്കുമ്പോഴും പാരിസ്ഥിതിക/ ദുരന്ത പ്രവചന ഭാവങ്ങളില്‍ ഘോഷിന്റെ മുന്‍നോവലായ ‘കല്‍ക്കത്താ ക്രോമസോമി’നോട് കൂടുതല്‍ അടുപ്പിക്കുന്നത്. എന്നാല്‍ പുതിയ നോവല്‍ യുക്തിചിന്തയുടെ ‘ഹെജിമണി’യെ തകര്‍ക്കുകയും ‘വസ്തുനിഷ്ഠ’ സമീപന രീതിയെ ‘ആധുനികം എന്ന് സ്വയം വിശ്വസിക്കുന്ന പതിനേഴാം നൂറ്റാണ്ടിന്റെ അര്‍ത്ഥവിചാര’മെന്നു നിരീക്ഷിക്കുകയും ചെയ്യുന്നു. സിന്റയുടെ നിലപാടില്‍:

“എന്ത്നിങ്ങള്‍ കളി പറയുകയാണ്‌, സിന്റ! എന്തര്‍ത്ഥത്തിലാണ് അത് ഒരു പൈശാചിക ആവേശിക്കലിന്റെ ചിഹ്നമാകുന്നത്?

“ചുറ്റും നോക്കൂ,...” അവളുടെ സ്വരത്തില്‍ അത്രയ്ക്ക് പരിക്ഷീണത ഉണ്ടായിരുന്നു. “ലോകം ഒരു ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായി തുടരണമെങ്കില്‍, നമ്മുടെ വീടുകള്‍ ആ ചിലന്തിയെ പോലുള്ള ജീവികളോ കടലോ കടന്നു കയറാതിരിക്കണമെങ്കില്‍ എന്തു ചെയ്യണമെന്നു എല്ലാവര്‍ക്കും അറിയാം. എല്ലാവര്‍ക്കും അറിയാം.. എങ്കിലും നാം അശക്തരാണ്നമ്മുടെ കൂട്ടത്തില്‍ ഏറ്റവും ശക്തരായവര്‍ പോലും. നമ്മുടെ ഇച്ഛകളെ മൂടിക്കളയുന്ന ശക്തികളുടെ പിടിയിലാണ് എന്ന മട്ടില്‍ നാം നമ്മുടെ നിത്യ ജീവിതത്തെ ശീലങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നു; നമുക്ക് ചുറ്റും ഞെട്ടിക്കുന്നതും ഭീകരവുമായ കാര്യങ്ങള്‍ സംഭവിക്കുന്നത്‌ നാം കാണുന്നു; നമ്മെ അധീശപ്പെടുത്തിയതെന്തോ അതിനു നാം സ്വമേധയാ കീഴടങ്ങുന്നു.”

ഫോസില്‍ ഫ്യുവല്‍ അടിത്തറയാക്കിയ സാമ്പത്തിക വളര്‍ച്ചയുടെ സ്വാധീനത്തെ ഈ പൈശാചിക ഭൂതാവേശത്തിന്റെ തുടക്കമായി നോവല്‍ നിരീക്ഷിക്കുന്നു. ‘ചെറു ഹിമയുഗം (the Little Ice Age) എന്നു വിളിക്കപ്പെട്ട പതിനേഴാം നൂറ്റാണ്ടിനെ ഇന്നത്തെ ദുരന്തങ്ങളുടെ തുടക്കമായി നോവല്‍ അടയാളപ്പെടുത്തുന്നു. ടിപ്പുവിനുള്ള ഇ-മെയില്‍ സന്ദേശത്തില്‍ ഡീന്‍ കുറിക്കുന്നു:

“ഹിന്ദു പുരാണപ്രകാരം ദുര്‍ഭൂതങ്ങള്‍ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ലോകം അവസാനിക്കുന്നത്. ‘പ്രളയം’ എന്ന ഒന്ന് സംഭവിക്കാനുണ്ട് – എല്ലാം അസ്തമിക്കുംസമയം പോലും. പക്ഷെ അത് മറ്റു രീതികളിലും സംഭവിക്കാം. സൊരാഷ്ട്രിയന്മാര്‍ പറയുന്നത് ഉരുകിയ ലോഹത്തിന്റെ പുഴകള്‍ ഭൂമിയില്‍ ഒഴുകുമെന്നാണ്. ക്രിസ്ത്യാനികള്‍ പറയുന്നുമരണവും രോഗങ്ങളും വരള്‍ച്ചയും യുദ്ധവുമായിരിക്കും അന്ത്യവിധി എന്ന്. ഇന്‍കാ വിഭാഗത്തെ സംബന്ധിച്ച് അത് ഭൂകമ്പങ്ങളോടെയാണ് തുടങ്ങുക; മുസ്ലിംകള്‍ പറയുന്നത് കടലുകള്‍ പൊട്ടിപ്പിളരുകയും മരിച്ചവര്‍ കുഴിമാടങ്ങളില്‍ അസ്വസ്തരാകുകയും ചെയ്യും എന്നാണ്..”

പാതിക്കാഴ്ച്ചയില്‍/ അശ്രദ്ധമായി തുറന്നുവിടപ്പെട്ട ഭൂതം ജന്തുജാലങ്ങളുടെ സനാതന പ്രകൃതങ്ങളെയും പ്രകൃതി താളത്തേയും അട്ടിമറിച്ചുവെന്നു ആഗോള താപനത്തിന്റെയും ഭൂമി മനുഷ്യ വാസയോഗ്യമല്ലാതാവുന്നതിന്റെയും പശ്ചാത്തലത്തില്‍ അംഗീകരിക്കാമെങ്കില്‍ ഭൂതാവേശത്തിന്റെ സാംഗത്യം ശാസ്ത്രീയമാണോ എന്നത് അത്ര പ്രസക്തമല്ലെന്നു സിന്റ കരുതുന്നു. കാലിഫോര്‍ണിയന്‍ കാട്ടുതീപ്പടര്‍ച്ച നോവലില്‍ വിവരിക്കപ്പെടുന്നത് സമകാലിക യാഥാര്‍ത്ഥ്യമായ ആമസോണ്‍ ദുരന്തവുമായി വായിച്ചെടുക്കാം. മാനസദേവി പുരാണത്തെ പോലുള്ള വിശ്വാസ പ്രധാനമായ മിത്തുകള്‍ക്ക് നോവലില്‍ ലഭിക്കുന്ന ആധികാരിക പദവി ഈ അര്‍ത്ഥത്തില്‍ തന്നെയാണ് പരിഗണിക്കപ്പെടെണ്ടത്. പഴയ ജിവിത ക്രമങ്ങളുടെ അടിത്തറകളെ നിഷേധിക്കാന്‍ ആധുനികത നമ്മെ പഠിപ്പിച്ചു; എന്നാല്‍ അതേ ആധുനികതയുടെ വഴികളിലൂടെ സഞ്ചരിച്ചാണ് മനുഷ്യ ചരിത്രം എക്കാലത്തെയും ഏറ്റവും വലിയ പ്രതിസന്ധിയില്‍ എത്തിച്ചേര്‍ന്നത് – കാലാവസ്ഥാ വ്യതിയാനം എന്നതല്ലാതെ മറ്റൊന്നുമല്ല അത്. അമിതാവ് ഘോഷ് അന്വേഷിക്കുന്നത് ഒരു പുതിയ വിനിമയ ഭാഷയാണ്‌ - പുതിയ ഭൂതാവിഷ്ടതയെ മറികടക്കാനാവുന്ന, മിത്ര ഭൂതങ്ങളെ കുടിയിരുത്താനാവുന്ന, വര്‍ത്തമാന പ്രതിസന്ധിക്കപ്പുറം കടക്കാന്‍ കഴിയുന്ന ഭാവനയുടെയും മിത്തുകളുടെയും അത്ഭുത പ്രവര്‍ത്തികളുടെയും ഒരു പുത്തന്‍ ആഖ്യാന ഭാഷ. 1970ല്‍ ഭോലാ കൊടുങ്കാറ്റ് ഈസ്റ്റ് പാക്കിസ്താനിലെ അഞ്ചു ലക്ഷത്തോളം മനുഷ്യരുടെ മരണത്തിനു കാരണമായപ്പോള്‍, മാനസദേവിയെ ഉപാസിച്ച ജനപഥം അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം നോവലില്‍ ഹൊറേന്‍ വിവരിക്കുന്നുണ്ട്. പാക്കിസ്താന്‍ ഭരണകൂടം ആ ദുരന്തത്തിന്റെ ഇരകളോട് കാണിച്ച കടുത്ത അവഗണന പൂര്‍വ്വ പാക്കിസ്താന്റെ സ്വാതന്ത്ര്യസമരത്തെ ത്വരിതപ്പെടുത്തുകയും തൊട്ടടുത്ത വര്‍ഷം സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നയിക്കുകയും ചെയ്ത ഘടകമായിരുന്നു. രാഷ്ട്രീയ ദൈവങ്ങള്‍ കൈവിട്ടപ്പോഴും തന്റെ ഉപാസകരെ കാത്തുപോന്ന സര്‍പ്പദേവതയുടെ മാതൃക അതുകൊണ്ടുതന്നെ നോവലില്‍ നിര്‍ണ്ണായകമാണ്. ദൈവമരണത്തിന്റെ നിഹിലിസ്റ്റ് പാഠം ഒരുപക്ഷെ കൂടുതല്‍ തിളങ്ങിനില്‍ക്കുന്ന കാലത്ത് ആസുരമൂര്‍ത്തികള്‍ക്കെതിരെ ഒരു മിത്രമൂര്‍ത്തിയെ കണ്ടെടുക്കുകയെന്നത് സര്‍വ്വനാശത്തിനെതിരെ ഭാവനയുടെ വിജയം കൂടിയാവാം.

എഴുത്ത്നിലപാടുകള്‍

പാരിസ്ഥിതി നിലപാടുകള്‍ അപകടകരമായ രാഷ്ട്രീയപ്രവര്‍ത്തനമായി മാറുന്ന അവസ്ഥ നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. സിന്റയുടെ ഭര്‍ത്താവ് മകള്‍ ലൂഷിയയോടൊപ്പം കൊല്ലപ്പെടുന്നത് അദ്ദേഹത്തിന്റെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേരെയുള്ള മാഫിയാ പ്രതികാരമായിരുന്നുവെന്നു സൂചനയുണ്ട്. കപ്പലിന്റെ മരത്തടി ഭാഗങ്ങള്‍ നശിപ്പിക്കുന്ന ബാര്‍ക്ക് ബീറ്റില്‍ കീടങ്ങളുടെ പെരുക്കത്തെ കുറിച്ച് മുന്നറിയിപ്പു നല്‍കുകയും കാട്ടുതീ സാധ്യത പ്രവചിക്കുകയും ചെയ്യുന്ന പിയയുടെ സുഹൃത്ത് ലിസ അഭിനന്ദിക്കപ്പെടുകയല്ലഅവരാണ് അതിനുത്തരവാദി എന്ന മട്ടില്‍ വേട്ടയാടപ്പെടുകയാണ്. പിയാ നിരീക്ഷിക്കുന്നു:

“നാം ഇരുണ്ട യുഗങ്ങളിലാണ് എന്ന പോലെയുണ്ട് – സ്ത്രീകള്‍ ദുര്‍മ്മന്ത്രവാദിനികള്‍ എന്ന പേരില്‍  ആക്രമിക്കപ്പെടുന്നു”

എഴുത്തിനെ പോരാട്ടത്തിന്റെ/ ആപദ്സൂചകമായ നിലപാടുകളുടെ അടിയന്തിര സ്വഭാവമുള്ള ആശയ വിനിമയ/ ആദര്‍ശാത്മക പ്രവര്‍ത്തനമാക്കി മാറ്റുമ്പോള്‍ സംഭവിക്കുന്ന അനിവാര്യമായ പ്രശ്നം അത് കല ആവശ്യപ്പെടുന്ന ധ്വന്യാത്മകത (suggestiveness) ബലി കഴിക്കുകയും പ്രഭാഷണപരമായിത്തീരുകയും (preachy) ചെയ്യുന്നു എന്നതാണ്. സമകാലിക ഇന്ത്യന്‍ സമര മുഖങ്ങളെ മുഴുവന്‍ വിട്ടുവീഴ്ച്ചയില്ലാതെ അടയാളപ്പെടുത്താനുള്ള വ്യഗ്രതയില്‍ അരുന്ധതി റോയ് ചെന്നുപെട്ട (The Ministry of Utmost Happiness) വിപര്യയം ‘ദി ഗണ്‍ ഐലന്‍ഡില്‍ ഘോഷിനെയും പിടികൂടിയിട്ടുണ്ട് എന്ന് നിരീക്ഷിക്കാനാകും. ദി ഗ്ലാസ് പാലസ് പോലുള്ള കൃതികളില്‍ ചരിത്രത്തിനും ഫിക് ഷനും ഇടയിലുള്ള അതിര്‍വരമ്പുകള്‍ പുസ്തകത്തെ ഏതു കള്ളിയില്‍ പെടുത്തണം എന്നത് പ്രശ്നവല്‍ക്കരിക്കും വിധം നേര്‍ത്തുപോയിട്ടുണ്ടെങ്കില്‍, ഗണ്‍ ഐലന്‍ഡില്‍ അത് അയുക്തികതക്കും ശാസ്ത്രബോധത്തിനും ഇടയില്‍ ഇടറിനില്‍ക്കുന്നുണ്ട്. പാരിസ്ഥിതിക ദുരന്തത്തെ കുറിച്ച് ഏറെ ആഴത്തില്‍ പഠിക്കുന്ന ‘മഹാ മതിഭ്രമം’ (The Great Derangement2016മുതല്‍ തന്നെ ആവേശിച്ച ഉത്കണ്ഠകള്‍ സ്ഥല കാല അതിരുകള്‍ കടക്കുന്ന ആഖ്യാനമായി അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ കലയും ഫിക് ഷനും എന്തുകൊണ്ട് ഈ സന്ദിഗ്ദതകള്‍ വേണ്ടവിധം കാണാതെ പോയി എന്ന ചോദ്യം കൃതഹസ്തനായ എഴുത്തുകാരനെ ഒട്ടൊരു കുറ്റബോധത്തോടെ അമിതാവേശം കൊള്ളിച്ചുവോ“തങ്ങളുടെ ദുരിതാവസ്ഥ തിരിച്ചറിയുന്നതില്‍ നിന്ന് ആളുകളെ തടയും വിധം മറച്ചുവെക്കലിന്റെ രീതികളിലേക്ക് മിക്ക കലാ-സാഹിത്യ രൂപങ്ങളും വലിച്ചിഴക്കപ്പെട്ട ഒരു കാലമായിരുന്നു നമ്മുടേത്‌” എന്ന് വരും തലമുറ വിധിയെഴുതുമെന്ന് ‘മഹാ മതിഭ്രമ’ത്തില്‍ ഘോഷ് എഴുതുന്നുണ്ട്.

“കഥകളുടെ ശക്തിയെ നീ കുറച്ചു കാണരുത്. അതില്‍ സത്താപരവും വിശദീകരിക്കാനാവാത്തതുമായ ചിലതുണ്ട്. കേട്ടിട്ടില്ലേ നമ്മെ മനുഷ്യരാക്കുന്നതും മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നതും കഥ പറയാനുള്ള കഴിവാണെന്ന്പക്ഷെ സത്യം അതിനേക്കാള്‍ വിചിത്രമാകുമ്പോഴോഇനി തിരിച്ചാണെങ്കിലോകഥ പറയാനുള്ള കഴിവ് എന്നത് നിയതമായി മാനുഷികമല്ല എന്നും മറിച്ച് നമ്മുടെ മൃഗ പ്രകൃതിയുടെ അവസാനത്തെ ബാക്കിപത്രമാണ് എന്നും വന്നാലോ?

അത്യസാധാരണമാം വിധം ശക്തമായ ഒരു ആലിപ്പഴവീഴ്ച്ചയോ ചുഴലിക്കൊടുങ്കാറ്റോ മാത്രമല്ല; ലോസ് ഏഞ്ചലസില്‍ ഒരു സര്‍പ്പ ദംശനംവെനീസിലെ പോഷ് അപ്പാര്‍ട്ട്മെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു വിഷച്ചിലന്തി എന്നിവയും ഭീഷണമായ അര്‍ഥങ്ങളുള്ള നരേറ്റീവുകളാണ് എന്ന് സിന്റ ചിന്തിക്കുന്നു. എത്ര തയ്യാറെടുത്താലും തോല്‍വി ഉറപ്പായ പാരിസ്ഥിതിക/ കാലാവസ്ഥാ ദുരന്തങ്ങളുടെ മുന്നറിയിപ്പ് തന്നെയാണ് അവ പറഞ്ഞുവെക്കുന്നത്. പേരെടുത്തു പറയാതെ നോവലില്‍ സൂചിപ്പിക്കുന്നഏറ്റവും പ്രാന്തവല്‍ക്കരിക്കപ്പെട്ട രണ്ടു മില്ല്യനിലേറെ ജനങ്ങളെ കുടിയിറക്കുന്ന സുന്ദര്‍ബന്‍സിലെ റംപാല്‍ പവര്‍ പ്ലാന്റ് പോലെയുള്ള പാരിസ്ഥിതിക അട്ടിമറിയില്‍ ഈ ഭീഷണ സന്ദേശം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, നിഗൂഡതയെ സ്ഥാപിക്കാനായി യുക്തിബോധത്തെ നിരാകരിക്കുകയാണ് ഘോഷ് എന്നു പറയാനാവില്ല. നോവലില്‍ സംഭവിക്കുന്ന വിശദീകരണ സാധ്യമല്ലാത്ത മിക്ക കാര്യങ്ങള്‍ക്കും വൈകാരികാമോ രക്ഷാസമാനമോ (talismanic) ആയ മൂല്യമുണ്ട് അത് ബാധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് എന്നു നിരീക്ഷിക്കപ്പെടുന്നു (Shreya Ila Anasuya: thewire.in). നോവലന്ത്യത്തില്‍ ലൂഷിയയുമായി സന്ധിക്കുന്ന ഒരു സമാധിയുടെ തയ്യാറെടുപ്പോടെ സിന്റ തന്റെ മരണത്തിലേക്ക് കടന്നുപോകുന്നത് അത്തരം ഒരു മുഹൂര്‍ത്തമാണ്.

പ്രമേയതീക്ഷ്ണതയുടെ സാംഗത്യം

എന്നാല്‍, ചില കാലങ്ങള്‍ അങ്ങനെയാണ് എന്നും വരാം – കലയും ഫിക് ഷനും പ്രധാനമായിരിക്കുമ്പോള്‍ത്തന്നെ ഒരു do or die’ സമവാക്യത്തില്‍ ചില പ്രമേയങ്ങള്‍ ശ്വാസം വിടാന്‍ അനുവദിക്കാതിരിക്കും വിധം പരമപ്രധാനം ആയിത്തീരുന്നവ. രാജാവും പരിവാരങ്ങളും ഒന്നടങ്കം നഗ്നരും ആസുര ഹിംസയുടെയും കൊര്‍പ്പോറേറ്റ് വിധേയത്വങ്ങളുടെയും ദല്ലാള്‍ നടത്തിപ്പുകാരും ആയിമാറുന്ന സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഫിക് ഷന്‍ തോറ്റുപോയാലും എല്ലാം വിളിച്ചു പറയുന്ന വിശുദ്ധനായ കുട്ടിയുടെ കണ്ണുകള്‍ അടയാളപ്പെടുത്തേണ്ടതുണ്ട് എന്നത് ‘മിനിസ്ട്രി’യില്‍ അരുന്ധതി റോയിയുടെ നിലപാടു തന്നെയാണ്. അത് പോലെ ഗണ്‍ ഐലന്‍ഡിലേതിനു സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്നനൊബേല്‍ ജേതാവായ പോളിഷ് നോവലിസ്റ്റ് ഓള്‍ഗാ തൊകാര്‍ചുക്കിന്റെ പുതിയ നോവലിലും (Drive Your Plow Over the Bones of the Dead) പ്രമേയം സര്‍ഗ്ഗ വൈഭവത്തിന്റെ പ്രകടനത്തെക്കാള്‍ പ്രധാനമാണെന്ന നിലപാട് വിമര്‍ശകരുടെ ഖണ്ഡനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തരെന്നു നടിക്കുന്ന ഭരണാധികാരികളോട് “മരിച്ചു വീഴുന്ന മനുഷ്യരെയും സമ്പൂര്‍ണ്ണമായി തകര്‍ന്നു കൊണ്ടിരിക്കുന്ന പരിസ്ഥിതിയെയും കാണാതെ സര്‍വ്വ സംഹാരത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് എന്റെ തലമുറയുടെ സ്വപ്‌നങ്ങള്‍ നശിപ്പിച്ചു കളഞ്ഞിട്ട് ഞങ്ങളോട് സാമ്പത്തിക പുരോഗതിയെ കുറിച്ച് പ്രഭാഷണം നടത്താന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വരുന്നു?” എന്ന് ഒരു പതിനാറുകാരി (ഗ്രേറ്റ ത്യുന്‍ബര്‍ഗ്)  പൊട്ടിത്തെറിക്കുന്ന അവസ്ഥയില്‍ അതേ വീറും വിപദ്സന്ദേശ വിളംബരത്വരയും അമിതാവ് ഘോഷ് പങ്കുവെക്കുകയാണ് തന്റെ പുതിയ കൃതിയില്‍. വിജയിക്കാനിടയില്ലാത്ത യുദ്ധത്തില്‍ ‘പ്രതിബദ്ധനായ ഒരു കിഹോത്തെയുടെ തിടുക്കത്തോടെ’ എഴുത്തുകാരന്‍ ഇടപെടുന്ന നോവലില്‍ മാജിക്മിത്ത്ചരിത്രംശാസ്ത്രം, ജന്തുശാസ്ത്രംശബ്ദോല്‍പ്പത്തി ശാസ്ത്രം എന്നിവയെല്ലാമുണ്ട്. ബൊന്ദൂകി എന്ന പദം അതിന്റെ മൂല അറബ് അര്‍ത്ഥത്തില്‍ തോക്ക് എന്നതിനെ സൂചിപ്പിക്കുന്നത് മാത്രമല്ലവെനീസിന്റെ പേരു കൂടിയാണ് എന്നത് മാനസ ദേവീ പുരാണത്തിലെ വ്യാപാരിയെ തോക്കുമായി ബന്ധിപ്പിക്കുന്നത് അനിവാര്യമെല്ലെന്നും അക്കാലത്ത് വ്യവസായ ബന്ധങ്ങള്‍ ഉണ്ടായിരുന്ന വെനീസില്‍ നിന്നുള്ളവന്‍ എന്ന അര്‍ഥത്തില്‍ ആവാമെന്നും സിന്റയും ദിനനാഥും  കൗതുകപ്പെടുന്നത് പദനിഷ്പത്തി ശാസ്ത്ര രീതിയിലൂടെയാണ്.  എന്നാല്‍കാലാവസ്ഥാ വ്യതിയാനമെന്ന മുഖ്യ പ്രമേയത്തെയും അഭയാര്‍ഥിത്വ/ കുടിയേറ്റത്തിന്റെയും മനുഷ്യക്കടത്തിന്റെയും പ്രമേയങ്ങളെയും കൂട്ടിയിണക്കുന്നതും ഏറെ ദുര്‍ബ്ബലമായ കണ്ണികളിലൂടെയാണ് എന്നു വിമര്‍ശിക്കപ്പെടുന്നു. ഭീഷണമായ സത്യങ്ങള്‍ ആവിഷ്കരിക്കാന്‍ റിയലിസത്തിന്റെ സാധ്യതകള്‍ മതിയാകാതെ വരുന്നുവെങ്കില്‍ വിശ്വസനീയതയുടെ അതിര്‍ വരമ്പുകള്‍ മുറിച്ചു കടക്കുന്ന രീതികള്‍ ആവോളം ഉപയോഗിക്കുന്നത് പോലും ന്യായീകരിക്കപ്പെടുന്നു എന്ന് നോവലിസ്റ്റ് ചിന്തിക്കുന്നിടത്താണ് നോവലില്‍ ഉടനീളം കണ്ടെത്താവുന്ന അവിശ്വസനീയ സംഭവ വികാസങ്ങളും പുരാണങ്ങളും നാടോടിക്കഥകളുമായി കൂടിക്കലരുന്ന യുക്തിസഹമല്ലാത്ത ആകസ്മികതകളും വിശദീകരിക്കപ്പെടുന്നത്. മനുഷ്യരും ജന്തുജാലങ്ങളും നിരന്തര പാലായനത്തിലായ സമകാലിക സാഹചര്യത്തില്‍ മാനസദേവിയുടെയും ബോണ്‍ബിബിയുടെയും അത്ഭുതങ്ങളും നാടോടി വീരന്മാരുടെ വിജയ ഗാഥകളും മറ്റൊരു ലോകത്തിന്റെതാവാം: യുക്തിബോധത്തിന്റെ അമ്ലപരീക്ഷയില്‍ പരാജയപ്പെട്ടാലും അതിജീവനത്തിന്റെ ജൈവ യുക്തിയില്‍ തോറ്റുപോകാത്ത ഒന്നിന്റെ.  

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 361-368)

 

 

 

 

Drive Your Plow Over the Bones of the Dead by Olga Tokarczuk / Antonia Lloyd-Jones

കുരിശുയുദ്ധം ഭൂമിയുടെ അവകാശികള്‍ക്ക് 




“The time is out of joint—O cursèd spite, That ever I was born to set it right!” (Hamlet: Act I, scene 5)

    വമ്പിച്ച തോതില്‍ പ്രതിലോമപരവും പുരുഷാധിപത്യപരവുമായ ദേശത്ത്‌ ഒരു വെജിറ്റേറിയന്‍ ഫെമിനിസ്റ്റ്തന്റെ ഓരോ വാക്കുകള്‍ കൊണ്ടും  തലക്കെട്ടുകള്‍ക്കിടവരുത്തുന്ന വാവഹാരിക ബുദ്ധിജീവി”- സമകാലിക പോളിഷ് സാഹിത്യത്തിലെ ഏറ്റവും തലയെടുപ്പുള്ള എഴുത്തുകാരിയായ ഓള്‍ഗാ തൊകാര്‍ചുക്കിനെകുറിച്ചുള്ള ക്ലെയര്‍ അമിസ്റ്റാഡിന്റെ നിരീക്ഷണം (theguardian.com)  പരിപൂര്‍ണ്ണമായും സംഗതമാകുന്ന ഒന്നാണ് Drive Your Plow Over the Bones of the Dead എന്ന നോവല്‍. 2014-ല്‍ പുറത്തിറങ്ങിയ The Books of Jacob എന്ന ബ്രഹ്മാണ്ഡ നോവല്‍ വിവാദ ചരിത്ര പുരുഷനായ ജേക്കബ് ഫ്രാങ്കിന്റെ കഥ പറയുന്നതിലൂടെ ആധുനിക പോളിഷ് ദേശീയതയുടെ വലതുപക്ഷ വക്താക്കളുടെ വന്‍ പ്രതിഷേധത്തിനിടയാക്കുകയും  എഴുത്തുകാരിയുടെ ജീവന് നേരെ പോലും ഭീഷണിയുയരുകയും ചെയ്തു. ഹോളോകാസ്റ്റ് അതിജീവിച്ചവര്‍ എന്ന പ്രഖ്യാപിത പ്രതിച്ഛായക്കപ്പുറം പോളണ്ട് സ്വയം കൈക്കൊണ്ട കൊളോണിയല്‍ ഭീകരതകളെ തുറന്നു കാട്ടിയതാണ് അവരെ വിവാദച്ചുഴിയില്‍ എത്തിച്ചത്. ‘ദേശദ്രോഹിയെന്നു മുദ്രകുത്തപ്പെട്ട എഴുത്തുകാരിക്ക് അംഗസംരക്ഷകരെ ഏര്‍പ്പെടുത്താന്‍ പ്രസാധകര്‍ നിര്‍ബന്ധിതരായ ആ കാലത്തെ കുറിച്ച് “ഞാന്‍ വളരെ ശുദ്ധഗതിക്കരിയായിപ്പോയി. ഞാന്‍ കരുതിചരിത്രത്തിലെ ഇരുണ്ട ഇടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമുക്ക് കഴിയുമെന്ന്” എന്ന് പിന്നീട് അവര്‍ ഓര്‍ത്തെടുത്തിട്ടുണ്ട്. Drive Your Plow-യുടെ ചലച്ചിത്രാവിഷ്കാരം ബെര്‍ലിന്‍ മേളയില്‍ പ്രിമിയര്‍ ചെയ്യപ്പെട്ടപ്പോള്‍ “അങ്ങേയറ്റം കൃസ്തീയ വിരുദ്ധംപാരിസ്ഥിതിക ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്” എന്ന പേരില്‍ പോളിഷ് ന്യൂസ് ഏജന്‍സിയുടെ എതിര്‍പ്പിന് പാത്രമായതും ഇതോടു ചേര്‍ത്തു കാണാം.

വേറിട്ടു ചിന്തിക്കുന്നതിന്റെ വൈചിത്ര്യങ്ങള്‍

    തൊകാര്‍ചുക്കിന്റെ മാന്‍ ബുക്കര്‍ പുരസ്കാരം നേടിയ ‘ഫ്ലൈറ്റ്സ്’ എന്ന നോവലിലേത് പോലെയുള്ള പശ്ചാത്തല/ കാല വൈവിധ്യമൊന്നുമില്ലാത്ത ഒരൊറ്റ ഭൂമികയിലാണ്‌ Drive Your Plow നിലയുറപ്പിക്കുന്നത്. പോളണ്ടിനും ചെക്ക് റിപ്പബ്ലിക്കിനും ഇടയിലെ അതിര്‍ത്തിയിലുള്ള സിലേസ്യയെന്ന മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന സ്തോഭ ജനകമായ സംഭവവികാസങ്ങള്‍ക്ക് മധ്യത്തില്‍ ആഖ്യാതാവും ഇതിവൃത്തത്തില്‍ കര്‍തൃ സ്ഥാനീയയുമായി ‘ദുഷൈക’യെന്ന കുടുംബപ്പേരില്‍ മാത്രം തന്നെ വിളിക്കണമെന്നു നിഷ്കര്‍ഷിക്കുന്ന ജനിനാ ദുഷൈകയെന്ന “രാത്രിയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകപ്പെടാന്‍ ഇടയാകുന്ന പക്ഷം അതിനു വേണ്ട വിധം കിടക്കാന്‍ പോകും മുമ്പ് കാലുകള്‍ നന്നായി കഴുകിയിരിക്കേണ്ട പ്രായത്തിലും അതിലുപരി അത്തരം അവസ്ഥയിലും” എത്തിയ ആള്‍ എന്ന് സ്വയം വിവരിക്കുന്ന പ്രായം ചെന്ന സ്ത്രീയാണ്. എന്നാല്‍ എന്താണ് തന്റെ രോഗമെന്ന് സഹതാപത്തില്‍ താല്‍പര്യമേയില്ലാത്ത ആഖ്യാതാവ് ഒരിക്കലും പറയുന്നില്ല. “ചിലപ്പോള്‍ എനിക്ക് തോന്നുന്നുരോഗികള്‍ മാത്രമാണ് ശരിക്കും ആരോഗ്യമുള്ളവര്‍” എന്നു രോഗാവസ്ഥയേയും സ്വാസ്ഥ്യത്തെയും പ്രശ്നവല്‍ക്കരിക്കുന്ന ദുഷൈക ഒരര്‍ത്ഥത്തില്‍ ഒരു ‘നമ്പാന്‍ കൊള്ളാത്ത ആഖ്യാതാവ്’ (unreliable narrator) ആണെന്നും പറയാം. സിറിയയിലും മറ്റും പാലം എഞ്ചിനീയര്‍ ആയി ജോലി നോക്കിവന്ന അവര്‍ റിട്ടയര്‍ ചെയ്ത ശേഷം പ്രദേശത്തു സ്കൂള്‍ അധ്യാപികയായി കഴിയുന്നു, ഒപ്പം പ്രകൃതി/ മൃഗ സ്നേഹിയും സ്വയം പ്രഖ്യാപിത ജ്യോതിഷിയുമായും. ബാഹ്യ ലോകത്തിലെ അനിശ്ചിതത്വങ്ങളെ കുറിച്ചും ഇതര ജീവി വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ മനുഷ്യന്റെ സ്ഥാനത്തെ കുറിച്ചും ഏറെ ചിന്തിക്കുന്ന ദുഷൈക മറ്റുള്ളവരുടെ അസ്തിത്വ വ്യഥകളെ കുറിച്ചും ബോധവതിയാണ്. “ദുഃഖം ലോകത്തെ നിര്‍വ്വചിക്കുന്നതില്‍ ഒരു പ്രധാന പദമാണ്‌. അത് എല്ലാത്തിന്റെയും അടിത്തറയായി വര്‍ത്തിക്കുന്നുഅതാണ്‌ അഞ്ചാമത് മൂല പദാര്‍ത്ഥം (element), അന്തസാരം” എന്ന് ഏതാണ്ട് ഒരു ബുദ്ധിസ്റ്റ് വീക്ഷണത്തില്‍ അവര്‍ ചിന്തിക്കുന്നുണ്ട്. നിഷ്കൃഷ്ട യഥാതഥത്വവും വന്യമായ ഭാവനയും കൂട്ടിച്ചേര്‍ക്കുന്ന തൊകാര്‍ചുക്ക് ശൈലി അവരുടെ പ്രയോഗിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പത്രം വായിക്കുന്ന ഗര്‍ഭിണിയെ കാണുമ്പോള്‍ അവര്‍ ഓര്‍ത്തുപോകുന്നുണ്ട്: “ഇതെല്ലാം അറിഞ്ഞുകൊണ്ട് എങ്ങനെയാണ് ഒരാള്‍ക്ക് ഗര്‍ഭം അലസാതിരിക്കുക?” വിചിത്രമെന്നു തോന്നാവുന്ന ഈ ചോദ്യം ഒരേ സമയം അര്‍ദ്ധദാര്‍ശനികവും അര്‍ദ്ധ കോമാളിത്തവും കലര്‍ന്നതാണെങ്കില്‍, നിത്യജീവിതത്തിലെ ശാരീരികാസ്വാസ്ഥ്യങ്ങളെയും   ചരിത്രത്തിന്റെ മുറിവുകളെയും ചേര്‍ത്തുവെക്കുന്ന നിരീക്ഷണം കൂടുതല്‍ മനനസ്വഭാവം പ്രകടിപ്പിക്കുന്നത് കാണാം: “അത് (ശാരീരിക വേദന) അവസാനിക്കുന്നില്ല.. അത് എന്നെ ക്രൂരമായി ഓര്‍മ്മിപ്പിക്കുന്നു ഞാന്‍ ഓരോ നിമിഷവും ഊര്‍ന്നു പോകുന്ന ശാരീരിക ഘടകങ്ങള്‍ കൂടി ചേര്‍ന്നതാണെന്ന്. ഒരു പക്ഷെ ഒരാള്‍ക്ക് അത് ശീലമായിക്കൊള്ളുംഅതിനോടൊപ്പം ജീവിക്കാന്‍ പഠിക്കുകഓഷ് വിറ്റ്സ് നഗരത്തിലും ഹിരോഷിമയിലും ആളുകള്‍ ജീവിക്കുന്ന പോലെകഴിഞ്ഞ കാലത്ത് അവിടെയെന്തു നടന്നു ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാതെ. അവര്‍ ചുമ്മാ അവരുടെ ജീവിതം നയിക്കുന്നു.” കൗതുകവും സ്നേഹവും ജനിപ്പിക്കുന്ന ‘സദ്‌ വാര്‍ത്തയെന്നു താന്‍ പേരിടുന്ന പെണ്‍കുട്ടിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ പരിണാമ സിദ്ധാന്തത്തെ തന്നെ പുനര്‍ വിചാരണ ചെയ്യുകയാണ് ദുഷൈക: “.. എന്തുകൊണ്ട് ചിലയാളുകളെ ആകര്‍ഷണീയരും മറ്റു ചിലരെ അല്ലാതെയും കാണുന്നു... സമ്പൂര്‍ണ്ണ ചേര്‍ച്ചയുള്ള ആകാരം എന്നൊന്നുണ്ട്അവയിലേക്കു നമ്മുടെ ഉടലുകള്‍ ജന്മനാ കുതിച്ചു കൊണ്ടിരിക്കും. ഈ ആദര്‍ശ പ്രകൃതങ്ങളോടു ചേര്‍ന്ന് പോകുന്ന ഭാവങ്ങള്‍ മറ്റുള്ളവരില്‍ നാം തെരഞ്ഞെടുക്കും. പരിണാമത്തിന്റെ ലക്‌ഷ്യം തികച്ചും സൗന്ദര്യശാസ്ത്രപരം മാത്രമാണ്. പരിണാമം സൌന്ദര്യത്തിന്റെ കാര്യം മാത്രമാണ്, ഏറ്റവും പരിപൂര്‍ണ്ണമായത് നേടിയെടുക്കുകയെന്നതിനെ കുറിച്ച്.”

    ആ ശൈത്യകാലത്ത് അരങ്ങേറുന്ന ഭീകരമായ കൊലപാതക ശൃംഖലകള്‍ ഒരു മര്‍ഡര്‍ മിസ്റ്ററിയുടെ തലത്തിലേക്ക് ഇതിവൃത്തത്തെ കൊണ്ടുപോകാന്‍ പര്യാപ്തമാണ്. എന്നാല്‍, “ആരാണ് കൊലപാതകി എന്നറിയാന്‍ മാത്രമായി ഒരു പുസ്തകമെഴുതുന്നത് സമയവും കടലാസും ധൂര്‍ത്തടിക്കലാണ്” എന്ന് നോവലിസ്റ്റ് നിരീക്ഷിച്ചിട്ടുണ്ട്. ആഖ്യാതാവിന്റെ മനോവിശകലന പരിശീലനവും വൈദഗ്ധ്യവും പ്രകടമാകുന്നതാണ് അവരുടെ കണ്ടെത്തലുകള്‍ എന്നിരിക്കിലും മിസ്സിസ് മാര്‍പ്പിളിന്റെ (അഗതാ ക്രിസ്റ്റി) തലത്തില്‍ നിന്ന് അവര്‍ ഉയര്‍ന്നു പോകുന്നത് നോവലിന്റെ ബഹുമുഖ പാഠന്തരങ്ങളില്‍ വ്യക്തമാണ്. അതുകൊണ്ട് സാറാ പെറി പ്രസ്താവിക്കുന്നത് പോലെ (theguardian.com ) പുസ്തകം പലതുമാണ് – സസ്യഭോജന സംസ്കൃതിയുടെ രാഷ്ട്രീയ നിരീക്ഷണംഒരു ഇരുണ്ട ഫെമിനിസ്റ്റ് കോമഡിഅസ്തിത്വ പ്രതിസന്ധികളുടെ ദൃഷ്ടാന്ത കഥഒപ്പം അനശ്വര കവി വില്ല്യം ബ്ലേക്കിനുള്ള ആദരവും.

കാലഹരണപ്പെട്ട മനുഷ്യ സങ്കല്‍പ്പം

    മലയോര ഗ്രാമത്തിന്റെ പ്രശാന്തവും സംഭവരഹിതവുമായ അന്തരീക്ഷത്തിനും  ദുഷൈകയുടെ ജീവിതത്തിനും മാറ്റമുണ്ടാകുന്നതിന്റെ തുടക്കം ഒരു സുപ്രഭാതത്തില്‍ അവരുടെ ‘പെണ്‍ മക്കള്‍’ തന്നെയായ രണ്ടു പട്ടികളെയും കാണാതാവുന്നതോടെയാണ്. Big Foot എന്ന് ദുഷൈക വിളിക്കുന്ന വേട്ടക്കാരന്റെ ദുരൂഹ മരണമാണ് ആദ്യം. അയാളുടെ ചങ്കില്‍ തറച്ചിരുന്ന എല്ലിന്‍ കഷണം, സംഭവം നാട്ടില്‍ നിരുപാധികം നടമാടുന്ന മൃഗവേട്ടയുമായി ബന്ധപ്പെട്ടതാണെന്ന നിഗമനത്തിലേക്ക് ദുഷൈകയെ എത്തിക്കുന്നു. കുറ്റകൃത്യത്തിന്റെ മഞ്ഞുപുതഞ്ഞ ചുറ്റുവട്ടത്ത് കാണപ്പെടുന്ന മൃഗങ്ങളുടെ പാദമുദ്രകള്‍ ദുഷൈക അവകാശപ്പെടുമ്പോലെ മൃഗങ്ങളുടെ പ്രതികാരമെന്ന ഒരു മാജിക്കല്‍ റിയലിസ്റ്റിക് സാധ്യത സൂചിപ്പിക്കുന്നതായി തോന്നാം. എന്നാല്‍‘നോയര്‍ ക്രൈം’ അന്തരീക്ഷം ഉടനീളം നിലനിര്‍ത്തുമ്പോഴും നോവലിന്റെ യഥാര്‍ത്ഥ ഉത്കണ്ഠകള്‍ കൂടുതല്‍ ആഴത്തിലുള്ള ദാര്‍ശനിക പ്രശ്നങ്ങളാണ്. ഭക്ഷണത്തിനും നേരമ്പോക്കിനും ഒരുദ്ദേശവുമില്ലാതെയും വേട്ടയാടി കൊന്നുകൂട്ടുന്ന മൃഗങ്ങളുടെ ജഡങ്ങള്‍ക്കരിക ഊതിപ്പെരുപ്പിച്ച പൌരുഷത്തിന്റെ (macho) ഔദ്ധത്യത്തോടെ പോസ് ചെയ്യുന്ന വേട്ടക്കാരുടെ ഫോട്ടോ ക്രോധത്തോടെ സൂക്ഷിക്കുന്നുണ്ട് ദുഷൈക. ചിത്രത്തില്‍ എല്ലാവരുമുണ്ട്‌: വേട്ടക്കാര്‍ക്കായുള്ള കലണ്ടറിലെ നിശ്ചിത നിയമാനുസൃത സമയക്രമം പാലിക്കാതെ നടത്തുന്ന മൃഗ വേട്ടക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവാദിത്തമുള്ളപ്പോഴും അതവഗണിക്കുന്ന അധികൃതര്‍അതിര്‍ത്തി കാവലിന്റെ ഉത്തരവാദിത്തമുള്ള കമാണ്ടന്റ്, ‘ഭൂമിയിലുള്ളതെല്ലാം ദൈവം മനുഷ്യര്‍ക്കായി സൃഷ്ടിച്ചുവെന്നും വേട്ടക്കാര്‍ പ്രകൃതിയുടെ സംതുലനം നിലനിര്‍ത്താന്‍ സഹായിക്കുന്നതിലൂടെ “സൃഷ്ടിയുടെ ജോലികളില്‍ ദൈവത്തിന്റെ അംബാസഡര്‍മാറും പങ്കാളികളും” ആണെന്നും സഭാ മണ്ഡപത്തില്‍ നിന്നു പ്രസംഗിക്കുന്ന പാതിരിചൂതാട്ടവും വട്ടിപ്പലിശയും പെണ്‍വാണിഭവും മൃഗക്കടത്തും ഉള്‍പ്പടെ ഇരുള്‍ വഴികളിലൂടെ നീങ്ങുന്ന, ഗുഡ് ന്യൂസ് എന്ന പെണ്‍കുട്ടിയെ ലൈംഗിക അടിമയായി പീഡിപ്പിക്കുന്ന മാഫിയ ഗുണ്ടയായ ഇനേര്‍ഡ് തുടങ്ങി പ്രദേശത്തെ പ്രകൃതിയെയും ജീവജാലങ്ങളെയും തങ്ങളുടെ ഉടമസ്ഥ വസ്തുക്കള്‍ മാത്രമായിക്കാണുന്നവരെല്ലാം. ഇവരില്‍ ഓരോരുത്തര്‍ക്കും അവരുടെ ഊഴമെത്താനുണ്ട് എന്നതാണ് നോവലിലെ ‘സീരിയല്‍ കില്ലര്‍’ പ്രമേയത്തെ രൂപപ്പെടുത്തുന്നതെങ്കില്‍അവര്‍ മാത്രമാണ് ഇരയാകുന്നത് എന്നതാണ് ആ കൊലപാതകങ്ങളെ ആദര്‍ശ പ്രചോദിതമായ ‘ശുദ്ധീകരണ’ ഭീകരതയുടെ തലത്തിലെത്തിക്കുകയും നോവലിനെ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു പാരിസ്ഥിതിക, സ്ത്രീപക്ഷ നിലപാടുകളുള്ള (eco-feminist dystopia) കൃതിയാക്കി മാറ്റുകയും ചെയ്യുക. വേട്ടക്കാര്‍ക്കായുള്ള കലണ്ടര്‍ എന്ന കാഴ്ചപ്പാടിന്റെ തന്നെ അസംബന്ധം ആഖ്യാതാവ് ചൂണ്ടിക്കാട്ടുന്നുണ്ട്: ഫെബ്രുവരി ഇരുപത്തിയെട്ടു വരെ നിയമാന്സൃതമായ കാര്യം തൊട്ടടുത്ത ദിവസം നിയമ വിരുദ്ധമാകുക എന്നത് പരിഹാസ്യമാണെന്നു അവര്‍ പോലീസ് ഉദ്യോഗസ്ഥനോട് പറയുന്നു.

    മൃഗങ്ങള്‍ക്ക് ആത്മാവില്ലെന്നും അവക്ക് മോക്ഷം സാധ്യമല്ലെന്നും മനുഷ്യര്‍ക്കു വേണ്ടി സൃഷ്ട്ക്കപ്പെട്ടതായതു കൊണ്ട് അവക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് ദൈവനിന്ദയാണെന്നും നിലപ്പടെടുക്കുന്നതിലൂടെ വേട്ടക്കാരുടെ പക്ഷം ചേരുന്നതാണ് ഫാദര്‍ റസിലിനെ മറ്റുള്ളവരുടെ വിധിയിലെത്തിക്കുന്നത്. “എന്നെ സംബന്ധിച്ച് അയാള്‍ ഒരു കൃതൃമ സൃഷ്ടിയായിരുന്നുഅകമേ ശൂന്യംവേഗം തീപിടിക്കുന്നതും” എന്ന് ദുഷൈക അയാളെ വിവരിക്കുന്നു. മതം എന്നതിനെ ഒരനാവശ്യ മിത്തായിക്കാണുന്ന സമീപനം ദുഷൈകയെ പോലെ വേറെയും കഥാപാത്രങ്ങളില്‍ വ്യക്തമാണ്കീടങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും ടാഫോനമിസ്റ്റ് (ജഡങ്ങള്‍ അഴുകുന്നതിന്റെ പ്രക്രിയയെ സംബന്ധിക്കുന്ന ശാസ്ത്രം) ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബറോസ് ഉദാഹരണം. പുനര്‍ജന്മാത്തെയോ മരണാന്തര ജീവിതത്തെയോ അംഗീകരിക്കാത്ത നിലപാടിലും ദുഷൈക  മതരാഹിത്യമാണ് ഉന്നയിക്കുന്നത്: “എന്റെ മനസ്സില്‍ മരണത്തെ തുടര്‍ന്ന് പദാര്‍ത്ഥത്തിന്റെ സമ്പൂര്‍ണ്ണ നശീകരണം സംഭവിക്കണം.” പത്തു കല്‍പ്പനകളിലെ ‘കൊല്ലരുത്’ എന്ന ആശയം മനുഷ്യര്‍ക്ക്‌ മാത്രം ബാധകമെന്ന പാതിരിയുടെ വിശദീകരണം, എല്ലാ ജീവികളും ദൈവ സൃഷ്ടമെങ്കില്‍  മനുഷ്യനാവുക എന്നാല്‍ എന്താണെന്നും മൃഗമായിരിക്കുകയെന്നാല്‍ എന്താണെന്നുമുള്ളമനുഷ്യ സ്വന്തമായ വിശേഷ ബുദ്ധിയും നിയതിയുമെന്ന അസ്തിത്വ പ്രശ്നമായി ദുഷൈക കണ്ടെത്തുന്നു. എന്തുകൊണ്ട് ഒരു മാനിനെ കൊല്ലുന്നത്‌ വെറും നേരമ്പോക്കും മനുഷ്യനെ കൊല്ലുന്നത് കൊലപാതകവും ആയിത്തീരുന്നുമൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് മനുഷ്യാവകാശങ്ങളുടെ പദവി നല്‍കപ്പെട്ടാല്‍ മൃഗങ്ങള്‍ക്ക് മനുഷ്യരുടെ ക്രിമിനല്‍ നിയമങ്ങള്‍ ബാധകമാകുമോഈ ചിന്ത തിരിച്ചിടുമ്പോള്‍ അധികൃതരോട് ദുഷൈക ഉന്നയിക്കുന്ന സന്ദേഹങ്ങള്‍ക്ക് മറ്റൊരു തലം വന്നു ചേരുന്നു: മൃഗങ്ങളാണ് കൊലയാളികള്‍ എങ്കില്‍ അവരെയും വിസ്തരിക്കേണ്ടതല്ലേചരിത്രത്തില്‍ മൃഗങ്ങളെ കുറ്റവാളികള്‍ ആയിക്കണ്ടെത്തിയതിനും ശിക്ഷ വിധിച്ചതിനും നടപ്പിലാക്കിയത്തിനും ഉദാഹരണങ്ങള്‍ ഉണ്ടെന്നു മധ്യകാല പാഠങ്ങള്‍ ഉദ്ധരിച്ച് അവര്‍ വീറോടെ ചൂണ്ടിക്കാട്ടുന്നു.

        Also read:   Gun Island by Amitav Ghosh

https://alittlesomethings.blogspot.com/2024/08/gun-island-by-amitav-ghosh.html

ആശയങ്ങളും പാത്ര സൃഷ്ടിയും 

     ‘ആശയങ്ങളുടെ നോവല്‍’ എന്ന നിലയില്‍ വിശദമായ പരിഗണന അര്‍ഹിക്കുമ്പോഴും പാത്രസൃഷ്ടിയുടെ മികവിലും മുന്നിട്ടു നില്‍ക്കുന്നുണ്ട് എന്നതാണ് പുസ്തകത്തെ ഒരു പ്രചാരക കൃതി (propaganda treatise) അല്ലാതാക്കുന്നത്. ഒരു നോവലിന് അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ ദാര്‍ശനികവും രാഷ്ട്രീയവുമായ തലങ്ങളിലേക്ക് ഉയരാനാവുമെന്നും പൊതുബോധ മണ്ഡലത്തെ നിര്‍ണ്ണയിക്കാനാവുമെന്നും തൊകാര്‍ചുക്  തെളിയിക്കുന്നു. തനിക്കു ചുറ്റുമുള്ളവര്‍ക്ക് അവരുടെ പ്രകൃതത്തെ കുറിച്ച്അഥവാ തനിക്ക് അവരെ കുറിച്ചുള്ള ധാരണയെസൂചിപ്പിക്കുന്ന പേരിടുകയെന്ന ദുഷൈകയുടെ ശീലം നോവലിനെ ദൃഷ്ടാന്ത കഥകളുടെ പ്രവചനീയ പ്രതീകാത്മകതിയിലേക്ക് അപചയപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനു കാരണംദുഷൈകയുടെ പേരിടല്‍കര്‍മ്മം ഭാഗിക ധാരണയിലോ പ്രത്യക്ഷ ശാരീരിക ചിഹ്നങ്ങള്‍ ആശ്രയിച്ചോ ആദ്യ പ്രതികരണമായോ ആണ് സംഭവിക്കുന്നത്‌ എന്നതു മാത്രമല്ലകഥാപാത്രങ്ങളുടെ നിലപാടുകള്‍ തികച്ചും സ്വാഭാവികമായ രീതിയില്‍ അവരുടെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഉരുവാകുന്നവയാണ് എന്നതും കൂടിയാണ്. അതുകൊണ്ട് ചുഴലി അസുഖം പ്രകടമാകുന്ന ഘട്ടത്തില്‍ പരിചയപ്പെടുന്ന ഐ.ടി. പ്രൊഫഷനല്‍ ചെറുപ്പക്കാരന്‍ ‘ഡിസ്സി (Dizzy)’ ആവുമ്പോള്‍ദുഷൈകയുടെ ഏകാന്തതയെ ഇഷ്ടപ്പെടുന്ന സുഹൃത്ത് ‘ഓഡ്ബാള്‍’ ആയിത്തീരുന്നു. സുന്ദരിയായ യുവതി ‘ഗുഡ് ന്യൂസ്’ ആയിത്തീരുന്നതിന് അവളെ ഇഷ്ടമായി എന്നല്ലാതെ വിശേഷാല്‍ കാരണമില്ല. ഓഡ്ബാളിന്റെ മകനും പോലീസ് മേധാവിയുമായ ചെറുപ്പക്കാരന്‍ ‘ബ്ലാക്ക് കോട്ട്’ എന്നു വിളിക്കുന്നുണ്ടെങ്കിലും പേര് സൂചിപ്പിക്കുമ്പോലെ മനുഷ്യപ്പറ്റില്ലാത്ത രഹസ്യാന്വേഷകന്‍ മാത്രമല്ല അയാള്‍ എന്ന് പതിയെ വ്യക്തമാകുന്നുണ്ട്. ഡിസ്സി- ഗുഡ് ന്യൂസ് ബന്ധത്തിലെ പ്രണയാര്‍ദ്രത ആഖ്യാതാവ് അലിവോടെ ആസ്വദിക്കുമ്പോഴും ബറോസ്- ദുഷൈക- ഓഡ്ബാള്‍ സൗഹൃദം നേരിയ റൊമാന്റിക് ചായയുള്ള ഒരു ത്രികോണ ബന്ധം ആയി വികസിക്കുന്നതിന്റെ സൂചനകള്‍ നോവലിസ്റ്റ് അത്രകണ്ട് പിന്തുടരുന്നില്ല. ലോകം കണ്ടപ്രകൃതിയെ പഠിച്ച ബറോസില്‍ നല്ലൊരു സഖാവിനെ തിരിച്ചറിയാന്‍ ദുഷൈക ഒട്ടും വൈകുന്നില്ല. ലാര്‍വ്വകളുടെ ആവാസ കേന്ദ്രമായ വൃക്ഷങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ നടക്കുന്നത് ആരുമറിയാത്ത ഒരു ‘ജെനോസൈഡ്’ ആണെന്ന് നിരീക്ഷിക്കുന്ന ബറോസ്ഗുഡ് ന്യൂസിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കൊലക്കുറ്റം സ്വയം ഏറ്റുപറയാന്‍ തയ്യാറാകുന്ന ദുഷൈകയെ എടുത്തുചാടരുതെന്നു വിലക്കുന്നുമുണ്ട്. ദുഷൈകയുടെ നിഗൂഡ ദൗത്യത്തിന് ബറോസ് നല്‍കുന്ന പ്രകൃതി പാഠങ്ങള്‍ ഉപകാരപ്പെടുകയും ചെയ്യും. മറ്റാരോടും ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലാത്ത കുടുംബ രഹസ്യങ്ങള്‍ ദുഷൈകയോട് വെളിപ്പെടുത്തുന്ന ഓഡ്ബാള്‍ വിവരിക്കുന്ന പോളണ്ടിന്റെ ഭീകര ചരിത്രവുമായി കെട്ടുപിണഞ്ഞ കുട്ടിക്കാലത്തിന്റെ സ്വകാര്യ ദുരന്തങ്ങള്‍ നോവലിലെ മറ്റൊരു പ്രമേയത്തെ കൂടി ചെന്ന് തൊടുന്നുണ്ട്: ഗാര്‍ഹിക പീഡനത്തിന്റെയും പ്രണയ ഭംഗത്തിന്റെയും ഇരയായി ആത്മഹത്യ ചെയ്ത അമ്മയെ കുറിച്ചുള്ള അയാളുടെ ഓര്‍മ്മകള്‍ നോവലില്‍ തീവ്രമെങ്കിലും ന്യൂനോക്തിയില്‍ മാത്രം സൂചിതമാകുന്ന സ്ത്രീപക്ഷ നിലപാടുകളുടെ മാതൃകയാണ്. മൃഗങ്ങളെ മനുഷ്യര്‍ക്കുള്ള അവകാശങ്ങളും സിദ്ധികളും ഉള്ളവരായി കാണണം എന്ന തന്റെ ആശയം വെറും കിറുക്കാണെന്ന അധികൃതരുടെ നിലപാടില്‍ താനൊരു പ്രായമായ സ്ത്രീയാണെന്ന അവഗണയും മുഴച്ചു നില്‍ക്കുന്നുണ്ടെന്ന് ദുഷൈകയും ചിന്തിക്കുന്നുണ്ട്. ‘ആകാശം നോക്കി നടക്കുന്ന ഒരു വനിതാ സെന്റ്‌ ഫ്രാന്‍സിസ്’ എന്ന് അവര്‍ അവഗണിക്കപ്പെടുകയാണെന്ന് മൈക്കല്‍ ക്രോനിന്‍ നിരീക്ഷിക്കുന്നു (irishtimes.com). ഗുഡ് ന്യൂസ് അനാഥാലയത്തില്‍ കഴിയുന്ന അനുജന്റെ സംരക്ഷണ ചുമതല ലഭിക്കുന്നതിനു വേണ്ടി നിരന്തരം ഓഫീസുകള്‍ കേറിയിറങ്ങേണ്ടി വരുന്നതും ഇനേര്‍ഡിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാകേണ്ടി വരുന്നതും നോവലിലെ ഉള്ളുലക്കുന്ന അനുഭവങ്ങളാണ്. ചെറു സൂചകങ്ങളിലൂടെ അനുവാചക മനസ്സില്‍ തങ്ങിനില്‍ക്കുന്ന പാത്രസൃഷ്ടി സാധ്യമാകുന്നതിന്റെ വേറെ ഉദാഹരണങ്ങളാണ് ഡിസ്സിയും ബ്ലാക്ക് കോട്ടും. നോവലിന്റെ തലക്കെട്ട്‌ എന്ന പോലെത്തന്നെകേന്ദ്ര പ്രമേയമായ പ്രപഞ്ച വീക്ഷണത്തിന്റെയും ഉറവിടമായ വില്ല്യം ബ്ലേക്കിന്റെ കവിതകള്‍ വിവര്‍ത്തനം ചെയ്യുന്ന ഡിസ്സി അക്കാര്യത്തില്‍ ദുഷൈകയുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സഹൃദയത്വവും ഉപയോഗപ്പെടുത്തുന്നുണ്ട്. ഒപ്പം അയാളുടെ ജീവിത രീതിയിലെ യോഗീതുല്യമായ ലാളിത്യം ബ്ലേക്കിന്റെ മെറ്റാഫിസിക്കല്‍ ലളിത ജീവിത സങ്കല്‍പ്പവുമായും ചേര്‍ന്നു പോകുന്നത്ആ കവിതകള്‍ അയാള്‍ക്ക് കേവലം സാഹിത്യ കൌതുകം മാത്രമല്ല എന്ന് സൂചിപ്പിക്കുന്നു. ബ്ലാക്ക് കോട്ട് തന്റെ പിതാവിനെ ഒരിക്കലും സഹായിച്ചില്ലെന്ന ദുഷൈകയുടെ വിമര്‍ശനത്തിനു മറുപടിയായിഒരു ഘട്ടത്തില്‍ ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ട പിതാവിനെ താനെങ്ങനെയാണ് പുറത്തെത്തിച്ചതെന്ന് അയാള്‍ പറയുന്നുണ്ട്: അതെളുപ്പമായിരുന്നില്ലമമ്മയുടെ മരണത്തിനുത്തരവാദികള്‍ ആനുകൂല്യം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനിയായിരുന്നെന്ന ധാരണയില്‍ മനോനില തെറ്റിയ അവസ്ഥലായിരുന്നു പിതാവെന്നു കോടതിയെ ബോധ്യപ്പെടുത്തുക.

‘സംസ്കാരത്തിന്റെ അതിരിടം’, വിജിലാന്റിസം

    മലയോര അതിര്‍ത്തി/ വനാതിര്‍ത്തി ഗ്രാമമെന്ന സങ്കല്‍പ്പനത്തിനു സാഹിത്യത്തില്‍വിശേഷിച്ചും പുതിയ കാലത്ത്ഏറെ പ്രസക്തിയുണ്ട്. നോവലിന്റെ അന്തരീക്ഷത്തിന് അനിവാര്യമായ നിഗൂഡതയുടെ ഘടകം പ്രദാനം ചെയ്യുന്നു എന്നത് മാത്രമല്ലമുഖ്യ കഥാപാത്രത്തിന്റെ പ്രകൃതത്തിലെ വിചിത്ര താല്‍പ്പര്യങ്ങള്‍ അരങ്ങേറുന്നതിനും ഈ ഭൂമിക സഹായകരമാകുന്നുണ്ട്: അതിര്‍ത്തി മുറിച്ചു കടന്നു അങ്ങോട്ടുമിങ്ങോട്ടും പോകുന്നതിനെ കുറിച്ച് “അതെനിക്ക് സന്തോഷം പകരുന്നുകാരണം അത് സാധ്യമാല്ലാതിരുന്ന കാലം എനിക്കോര്‍ക്കാന്‍ കഴിയും. അതിത്തി മുറിച്ചു കടക്കുന്നത്‌ ഞാന്‍ ആസ്വദിക്കുന്നു,” എന്ന് ദുഷൈക നിരീക്ഷിക്കുന്നുണ്ട്. യാഥാസ്ഥിതികതയും മതാത്മകകഥയും വര്‍ദ്ധിച്ചുവരുന്ന  തന്റെ നാടിനെ അപേക്ഷിച്ച് ഏറെ കാല്‍പ്പനിക വല്‍ക്കരിച്ച കാഴ്ച്ചപ്പാടാണ് അപ്പുറത്തെ ദേശത്തെ കുറിച്ച് അവര്‍ക്കുള്ളത്. “വീനസ് ചെക്ക് റിപ്പബ്ലിക്കിലേക്കു പോകുന്നു” എന്ന സ്തുതിഗീതം മാത്രമല്ലഅത്മറിച്ച് രാഷ്ട്രീയ മാനങ്ങളുള്ള ഒന്നുകൂടിയാണ്. “ഇത് ഞരമ്പുരോഗികള്‍ ആയ അഹംഭാവികളുടെ (neurotic egotists) ദേശമാണ്‌.. ചെക്ക് റിപ്പബ്ലിക്കില്‍.. ആളുകള്‍ കാര്യങ്ങള്‍ ശാന്തമായി ചര്‍ച്ച ചെയ്യാന്‍ കഴിയുന്നവരാണ്.. അവരുടെ ഭാഷ വഴക്കുണ്ടാക്കാന്‍ പറ്റിയതല്ല..” എന്നു നിരീക്ഷിക്കുന്ന ദുഷൈകയില്‍ നോവലിസ്റ്റിന്റെ സ്വന്തം അനുഭവങ്ങളുടെ നിഴല്‍ വീണു കിടപ്പുണ്ടെന്ന് നിരീക്ഷിക്കാനാകും. സംസ്കാരത്തിന്റെ അന്ത്യം സൂചിപ്പിക്കുന്ന അതിര്‍ത്തിയായി വന്യപ്രകൃതിയെ കാണുകയെന്ന പരമ്പരാഗത സങ്കല്‍പ്പത്തെ ബോധപൂര്‍വ്വം നിഷേധിക്കുന്ന മുഖ്യ കഥാപാത്രം, സാംസ്കാരിക ഔന്നത്യത്തെയും മനുഷ്യ കേന്ദ്രിത നാഗരികതയേയും സംബന്ധിച്ച ‘ഫാഷനബിള്‍’ മിത്തുകള്‍ പൊളിച്ചെഴുതുകയാണ്. നോവലില്‍ ഉടനീളം സംജ്ഞാ നാമങ്ങള്‍ (proper nouns) ഉപയോഗിക്കുന്ന രീതിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ -നോവലിന്റെ ഭൂമികയില്‍ മുഖ്യമായും മൃഗങ്ങളെ – കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിന് അവലംബിക്കുന്ന രീതി തുടക്കത്തില്‍ വലിയ അക്ഷരങ്ങള്‍ (Capital letters) ഉപയോഗിക്കുകയെന്നതാണ്. Animals, Deer, Young Gilrs എന്നൊക്കെയാണ് അവര്‍ വിവരിക്കപ്പെടുക. നോവലിസ്റ്റിന് സാഹിതീയ പ്രഭവം (Source) എന്നതിനൊപ്പം ഒരു ആത്മീയ പ്രചോദനമായിക്കൂടി വര്‍ത്തിക്കുന്ന കവി വില്ല്യം ബ്ലേക്കിന്റെ സ്വാധീനം ഇക്കാര്യത്തിലും സുവ്യക്തമാണ്. യുക്തിയെ കുറിച്ചുള്ള സന്ദേഹ ഭാവത്തിലും ഈ സ്വാധീനം തന്നെയാണ് പ്രകടമാകുന്നത്. എന്നാല്‍ജ്യോതിഷത്തെ കുറിച്ചുള്ള ദുഷൈകയുടെ അവകാശവാദങ്ങള്‍ ബോധപൂര്‍വ്വമായ ഒരു വ്യാജമാണെന്ന് സൂക്ഷ്മ വായനയില്‍ ബോധ്യമാകും. ജ്യോതിഷത്തിലൂടെ താന്‍ മനസ്സിലാക്കി എന്ന് അവകാശപ്പെടുന്ന കാര്യങ്ങളെല്ലാം – ഓഡ്ബാളിന്റെ പൂര്‍വ്വ കഥ പോലെ- യഥാര്‍ത്ഥത്തില്‍ അവര്‍ മറ്റു വഴികളിലൂടെ അറിഞ്ഞത് തന്നെയാണ്.

       കാലം പിഴച്ചതാണെന്നും അത് ശരിയാക്കിയെടുക്കാന്‍ നിയുക്തനാണ് താനെന്നുമുള്ള അറിവാണ് തന്റെ ശാപമായി ഹാംലെറ്റ് രാജകുമാരനെ വേട്ടയാടുന്നത്. നിസ്സഹായയായ ഗുഡ് ന്യൂസിനെ തുടര്‍ക്കൊലകളുടെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത് പോലെഎല്ലാം പിഴച്ചു പോകുന്നനിയമവും അധികാരവും സമൂഹ നീതിയും സമ്പത്തുമെല്ലാം നിസ്സഹായരായ ഇരകള്‍ക്ക് നേരെ തെരഞ്ഞുപിടിച്ചു പ്രയോഗിക്കപ്പെടുന്ന അവസ്ഥയില്‍അവരുടെ വിലാപം ബധിരകര്‍ണ്ണങ്ങളില്‍ മാത്രമാണല്ലോ പതിക്കുന്നത് എന്ന് രോഷം കൊള്ളുന്ന, അനീതിയോട് ഒരിക്കലും സന്ധി ചെയ്യാനാവാത്ത ഒറ്റയാന്‍ മനസ്സിലാണ് തീവ്രവാദഭീകരവാദ സ്വഭാവമുള്ള ജാഗ്രതാ പ്രതിപ്രവര്‍ത്തന ത്വര (vigilantism) രൂപം കൊള്ളുക. നിയമത്തിനു വെളിയില്‍ നടത്തിപ്പു രീതി (mode of execution) കണ്ടെത്തുകയും അതിനു മറയിടുന്നതിനായി ഗൂഡ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ചെയ്യുന്ന രീതി താല്‍ക്കാലിക വിജയത്തിനപ്പുറം ശാശ്വതമാകുക വയ്യ. “എന്റെ മനസ്സില്‍ സംശയലേശമെന്യേ രോഷമെന്നതാണ് എല്ലാ അറിവിന്റെയും ഉറവിടംകാരണം രോഷമെന്നതിനു എല്ലാ പരിധിയും ലംഘിക്കാനുള്ള കഴിവുണ്ട് (To my mind, without any doubt, Anger is the source of all wisdom, for Anger has the power to exceed all limits) ” (Anger എന്ന പദം രണ്ടിടത്തും വലിയക്ഷരത്തില്‍ തുടങ്ങുന്നു)” എന്ന ദുഷൈകയുടെ നിരീക്ഷണം അതിന്റെ വിനാശകതയെയും സൂചിപ്പിക്കുന്നുണ്ട്. അവരുടെ ചെയ്തികളില്‍ ശരിതെറ്റുകളുടെ ന്യായവിചാരം, നോവലിന്റെ ചലച്ചിത്ര ഭാഷ്യത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനം പോലെഅനന്തമായി നീണ്ടു പോയേക്കാം. എന്നാല്‍സൃഷ്ടിയുടെ/ പരിണാമത്തിന്റെ രഹസ്യങ്ങളില്‍ ബഹിഷ്കൃതര്‍ ആവുന്നവര്‍ക്ക് എവിടെയെങ്കിലുംആരിലെങ്കിലും നാവു കണ്ടെത്തിയേ പറ്റൂ എന്നത് അതിജീവനത്തിന്റെ തത്വവും ആകാം.  “അത് മൃഗങ്ങള്‍ മനുഷ്യര്‍ക്കു മേല്‍ പ്രതികാരം നിര്‍വ്വഹിക്കുകയായിരുന്നു എന്ന് തീര്‍ത്തു പറഞ്ഞപ്പോള്‍ ഞാന്‍ അസത്യം പറയുകയായിരുന്നില്ല. അതായിരുന്നു സത്യം. ഞാന്‍ അവരുടെ ഉപകരണമായിരുന്നു” എന്ന ദുഷൈകയുടെ പ്രസ്താവം ഒരു അസത്യമല്ലതന്നെ.

    നോവലിനെ ആസ്പദമാകി ആഗ്നിസ്ക്ക ഹോളണ്ട് സംവിധാനം ചെയ്ത Spoor (Pokot - Scent of an Animals) (2017) എന്ന ചിത്രം, ഘടനാപരമായ ശൈഥില്യമുള്ളത് എന്ന് വമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, നോവല്‍ വായനയോട്‌ ചേര്‍ത്തു കാണുന്നത് ഏറെ ഹൃദ്യമായ ഒരു അനുഭവമായിരിക്കും.

(മലയാളം വാരിക ആഗസ്റ്റ്‌ 05, 2019) 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 132-139)

 Also read:   Gun Island by Amitav Ghosh

https://alittlesomethings.blogspot.com/2024/08/gun-island-by-amitav-ghosh.html

Friday, August 16, 2024

Narabhojikal Kaderumpol by Ranjith Chittade & Manu Mukundan (Malayalam Novel)

 പ്രകൃതിപാഠങ്ങളുടെ കാവലാളുകള്‍




(രഞ്ജിത്ത് ചിറ്റാടെയും മനു മുകുന്ദനും ചേര്‍ന്നെഴുതിയ ആമസോണ്‍ നരഭോജികള്‍ കാടേറുമ്പോള്‍ എന്ന പുസ്തകത്തെ കുറിച്ച്. ഒരു കാടിനോടും അതിലെ ജീവജാലങ്ങളോടും എങ്ങനെ പെരുമാറരുത്‌ എന്നതിന്റെ പാഠപുസ്തകമായ ഇന്നത്തെ ആമാസോണിനെ കുറിച്ച് മികച്ചൊരു പേജ് ടേണറിന്റെ വായനാക്ഷമതയോടെ രചിക്കപ്പെട്ട പുസ്തകം നവയുവ വായനാസമൂഹത്തിന് (Young Adults) വിശേഷിച്ചും ശുപാര്‍ശ ചെയ്യാവുന്നതാണ്.)



വികസനം എന്നത് ദീര്‍ഘവീക്ഷണമില്ലാത്തതും ഈ ഭൂമി നമ്മുടെ മക്കള്‍ക്കും അവരുടെ തലമുറകള്‍ക്കും കൂടി വേണ്ടതാണ് എന്ന തിരിച്ചറിവില്ലാത്തതും ഭൂമിയുടെ അവകാശി  മനുഷ്യ കേന്ദ്രിത ഉപഭോക്തൃ സംസ്കൃതി മാത്രമാണെന്നു കരുതുന്നതുമായ ഏകപക്ഷീയ പ്രകൃതി ചൂഷണത്തിന്റെ മറുവാക്കായിത്തീര്‍ന്ന പിഴച്ച കാലത്ത് നാം മറന്നു പോയ ജീവിതാര്‍ത്ഥങ്ങളുടെ തീവ്രമായ പാഠവും ഓര്‍മ്മപ്പെടുത്തലുമായി നമുക്ക് മുന്നില്‍ എരിഞ്ഞു നില്‍ക്കുന്നവരാണ് ആദിവാസിയെന്ന തോറ്റുപോയ ജനവിഭാഗങ്ങള്‍ ലോകത്തെവിടെയും. ഭൂമുഖത്തെ ഏറ്റവും സനാതനമായ അറിവുകളെപ്രകൃതി ജീവനത്തിന്റെ സാധ്യതകളെ അതിജീവനത്തിന്റെ അനിവാര്യതകള്‍ക്കിടയിലും കാത്തുപോന്ന ഇത്തരം ആദിവാസി സമൂഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളാണ് തെക്കേ അമേരിക്കയിലെ ആമസോണ്‍ മേഖലകളില്‍ കഴിഞ്ഞു വരുന്നപുറംലോകവുമായുണ്ടായ വിനിമയങ്ങളിള്‍ തീരാനഷ്ടങ്ങള്‍ മാത്രം നേരിടേണ്ടി വന്ന ഗോത്ര സമൂഹങ്ങള്‍. കൊളോണിയല്‍ അധിനിവേശങ്ങളുടെ ആദ്യനാളുകള്‍ മുതല്‍ സ്പാനിഷ്ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ശക്തികള്‍ നടത്തിയ നിന്ദ്യമായ കടന്നുകയറ്റങ്ങളുടെ ഫലമായി വംശീയമായ ഉന്മൂലനത്തോളം എത്തിയവരോ അത്തരം ഭീഷണിക്ക് കീഴില്‍ കഴിയുന്നവരോ ആണ് ഇവര്‍. ചരിത്രവും പരിഷ്കൃത സംസ്കൃതിയും ആമസോണിലെ ആദിമ സമൂഹങ്ങളോട് കാണിച്ച നെറികേടിന്റെ ആഴമന്വേഷിക്കുന്ന പുസ്തകമാണ് രഞ്ജിത്ത് ചിട്ടാടെയും മനു മുകുന്ദനും ചേര്‍ന്നെഴുതിയ ‘ആമസോണ്‍ നരഭോജികള്‍ കാടേറുമ്പോള്‍.’ മഹാവിസ്ഫോടനത്തില്‍ രൂപമെടുത്ത പ്രകൃതിയില്‍ കോടിക്കണക്കിനു വര്‍ഷങ്ങളുടെ പരിണാമങ്ങളിലൂടെ ഉരുവായ ജീവന്റെയും ജന്തുജാലങ്ങളുടെയും ആ മഹാ പരിണാമത്തിന്റെ ഇങ്ങേയറ്റത്ത് ഏറ്റവും വികസിത ജീവിവര്‍ഗ്ഗമായി ഉദയംകൊണ്ട മനുഷ്യന്റെയും കഥയില്‍ തുടങ്ങിഹോമോസാപ്പിയന്‍ പെരുമ അതിരു ലംഘിക്കുന്ന പ്രകൃതി വിരുദ്ധതയായി മാറുന്ന വിപര്യയം തയ്യാറെടുപ്പുകള്‍ ഇല്ലാത്ത സാമാന്യ വായനക്കാരുടെ വിഷയമാക്കി അവതരിപ്പിക്കുക എളുപ്പമല്ല. അതീവ ഋജുവായ ഒരു ഫിക് ഷനല്‍ ചട്ടക്കൂടുപയോഗിച്ച് ഈ പരിമിതി മറികടക്കുകയാണ് രണ്ടു യുവ എഴുത്തുകാരും ചേര്‍ന്ന് തികച്ചും കാലിക പ്രസക്തിയുള്ള ഈ പുസ്തകത്തില്‍.



നരവംശശാസ്ത്രവും ജനിതക ശാസ്ത്രവും നല്‍കുന്ന പുതിയ സൂചനകള്‍ വംശവിശുദ്ധിയെ കുറിച്ചും തനിമയെ കുറിച്ചുമൊക്കെയുള്ള സങ്കല്‍പ്പങ്ങളെ കാറ്റില്‍ പറത്തുകയും മനുഷ്യകുലത്തിനു സാമാന്യമായുള്ള പൊതുധാരകളെയും കൂടിക്കലരലുകളെയും കുറിച്ച് കൌതുകകരവും വിമലീകരിക്കുന്നതുമായ അറിവുകള്‍ പകര്‍ന്നു നല്‍കുകയും ചെയ്തിട്ടുണ്ട്. അസ്ട്രേലോ പിത്തേക്കസ്നിയാണ്ടര്‍ത്താല്‍ഹോമോ ഇറക്റ്റസ് എന്നിങ്ങനെ നരവംശ ശാസ്ത്രം പേരുചൊല്ലി വിളിക്കുന്ന പൂര്‍വ്വികരിലൂടെ കടന്ന് ഹോമോസാപ്പിയന്‍ ഘട്ടത്തില്‍ തുടങ്ങുന്ന മനുഷ്യ കുലത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ഒരു ക്ലാസ് റൂം സാഹചര്യത്തില്‍ പ്രസിദ്ധനായ അക്കാദമിക് പണ്ഡിതന്‍ യുവ വിദ്യാര്‍ഥികളോടു സംവദിക്കുന്ന ഘടനഅതിവേഗം പുസ്തകത്തിന്റെ കേന്ദ്ര പ്രമേയത്തിലേക്കു കടക്കാന്‍ സാഹചര്യമൊരുക്കുന്നു. ജനിതക ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകളില്‍ആമാസോണിലെ ചില ആദിവാസി വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലെ ഒരു പ്രത്യേക ആദിവാസി വിഭാഗവുമായി ജനിതക സാമ്യമുണ്ട്‌ എന്ന അറിവ് പുറത്തുവന്നത് യാത്രികനും പര്യവേഷകനുമായ ഡോ. മുഹമ്മദ്‌ അസ്‌ലമിനെ ആവേശം കൊള്ളിച്ചിരിക്കുന്നു. എഴുപത്തിഅയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്നാരംഭിച്ച മനുഷ്യ കുലത്തിന്റെ മഹായാനത്തിന്റെ കഥ ഓര്‍മ്മിച്ചുകൊണ്ട് നാല്‍പ്പതു പിന്നിട്ട അസ്‌ലം കഠിനമായി അലട്ടുന്ന കാല്‍വേദന വകവെക്കാതെ ആ യാത്ര ആരംഭിക്കുന്നു. രണ്ടുമൂന്നു ഉറ്റ സുഹൃത്തുക്കളും സര്‍ക്കാര്‍ തലത്തില്‍ നിയോഗിക്കപ്പെടുന്ന സഹായികളും അടങ്ങുന്ന ചെറുസംഘം നടത്തുന്ന യാത്ര ആമസോണ്‍ പ്രതിനാധാനം ചെയ്യുന്ന ചരിത്രപാഠങ്ങളിലേക്കും ആദിവാസി ജീവിതത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കുമുള്ള കണ്‍തുറക്കലും വെളിപാടും ആയിത്തീരുന്നു. ഗോത്ര ജീവിതത്തിന്റെ പരിമിതകള്‍ക്കപ്പുറം പുറംലോകം കാണണമെന്ന ആശ വിടാതെ പിടികൂടിയ ആദിവാസിയായ താറ്റയെന്ന പത്തൊമ്പതുകാരന്‍ വരുംവരായ്കകളെ കുറിച്ചുള്ള ഗോത്രമൂപ്പന്‍ കൂടിയായ അമ്മാവന്റെ വിലക്കുകള്‍ വകവെക്കാതെ അവര്‍ക്കു കൂട്ടായി ഒപ്പം കൂടുന്നുഅവനെ കൂടി കാക്കുക എന്ന ഉദ്ദേശത്തോടെ മുതിര്‍ന്ന വേട്ടക്കാരനും വഴികാട്ടിയുമായ തുവാപ്പയും. യാത്രക്കിടയില്‍ സംഭാഷണങ്ങളായും അനുഭവ കഥകളായും തുവാപ്പ വിവരിക്കുന്ന ഗോത്രാനുഭവങ്ങളായും ആദിമ നിവാസികളുടെയും ആമാസോണിന്റെയും ചരിത്രം ആവിഷ്കൃതമായിത്തുടങ്ങുന്നതോടെ വനത്തിന്റെ ഭൗതിക ഭൂമികയിലൂടെ നടത്തുന്ന യാനം ചരിത്രത്തിനു കുറുകെയുള്ള, മാനുഷിക ദുരന്ത ഭൂമികകളിലൂടെയുള്ള ഒന്നായി മാറുന്നു.



ആദിവാസി നേരിടേണ്ടി വന്ന ചരിത്ര ദുരന്തങ്ങളുടെ ഘട്ടങ്ങള്‍ ഒന്നൊന്നായി ഏറ്റവും തീവ്രവും ഹൃദയഭേദകവുമായ രീതിയില്‍ പുസ്തകത്തില്‍ വിവരിക്കപ്പെടുന്നുണ്ട്. വെറും മുത്തശ്ശിക്കഥപോലെ തള്ളിക്കളയേണ്ടിയിരുന്ന എല്‍ഡോരാഡോ ‘സ്വര്‍ണ്ണ നഗര’ പുരാണത്തിന്റെ പേരില്‍ കൊന്നൊടുക്കപ്പെടുകയോ വിവരണാതീതമായ ക്രൂരതകള്‍ക്കും അവഹേളനങ്ങള്‍ക്കും വിധേയരാക്കപ്പെടുകയോ ചെയ്ത യൂറോപ്യയന്‍ കുടിലതയുടെ കഥമുതല്‍ അതാരംഭിക്കുന്നു. പതിനാറാം നൂറ്റാണ്ടുമുതല്‍ മുമ്പില്ലാത്തവിധം കാടുകേറിത്തുടങ്ങിയ അധിനിവേശക്കാരില്‍ ഗോണ്‍സാലസ് പിസാറോ, ഹൊനാന്‍ പെരെസ് ഡെ ക്വിസാഡ തുടങ്ങിയ നരാധമന്മാര്‍ ആദിവാസിയെ മനുഷ്യരായിപ്പോലും കണക്കാക്കിയില്ല. അടുത്ത ഊഴം ‘പ്രാകൃതരെ സംസ്കരിച്ചു ദൈവമാര്‍ഗ്ഗത്തില്‍ എത്തിക്കാന്‍’ കച്ചകെട്ടിയിറങ്ങിയ മിഷനറിമാരുടെതായിരുന്നു. ഒരു ജനതയെ അവരുടെ തനതായ വിശ്വാസാചാര ക്രമങ്ങളില്‍ നിന്ന് പറിച്ചെടുക്കുകയെന്നാല്‍ ഉന്മൂലനത്തിന്റെ സാംസ്കാരിക മുഖമല്ലാതെ മറ്റൊന്നുമായിരുന്നില്ല. കൊല്ലും കൊലയും ആദിവാസിക്കുഞ്ഞുങ്ങളുടെ അടിമത്തവും തന്നെയായിരുന്നു ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെയും ആയുധം. ആദിവാസികള്‍ പിന്നീട് നേരിട്ട വന്‍ ദുരിത പര്‍വ്വം റബ്ബര്‍ വെട്ടുകാരുടെതായിരുന്നു. ആമസോണിന്റെ സ്വാഭാവിക വന്യതയില്‍ വളര്‍ന്നു വന്ന റബ്ബര്‍ ഒരു വ്യാവസായിക ഉരുപ്പടിയായതിനു ഏറ്റവും കൊടിയ രീതിയില്‍ വിലയോടുക്കേണ്ടി വന്നത് അവരായിരുന്നു. മരം മുറിക്കാനും അണക്കെട്ടുകള്‍ പണിയാനും വന്നവര്‍ കാട്ടുമനുഷ്യരോട് ചെയ്തതും വംശഹത്യയുടെ മാനങ്ങളുള്ള ക്രൂര കൃത്യങ്ങളായിരുന്നു.



രക്ഷിക്കാന്‍ ചെന്നവര്‍ ശിക്ഷകരായി മാറിയതിന്റെ പൊള്ളുന്ന ചരിത്രങ്ങളും പുസ്തകം ആവിഷ്കരിക്കുന്നുണ്ട്. ഇതില്‍ ഏറെ കുപ്രസിദ്ധമായത് 1910-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ പ്രൊട്ടക്ഷന്‍ സര്‍വ്വീസ് (SPI) ചെയ്തുകൂട്ടിയതായിരുന്നു. മിഷനറിമാരുടെ കടന്നുകയറ്റങ്ങള്‍ക്ക് കുറെയൊക്കെ തടയിടാന്‍ സംഘടനക്ക് കഴിഞ്ഞെങ്കിലും അമ്പത്തിയേഴു വര്‍ഷക്കാലത്തെ ‘സേവന’ത്തിനിടെ “എസ്.പി.ഐ.യുടെ ഇടപെടലും അനാസ്ഥയും കൊണ്ടുമാത്രം ഏകദേശം എണ്‍പതോളം ആദിവാസി ഗോത്രങ്ങള്‍ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി.”  എസ്.പി.ഐ.യുടെ നിലപാടുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ആദിവാസിയെ അവരുടെ പാട്ടിനു ജീവിക്കാന്‍ അനുവദിക്കുകഎന്തെങ്കിലും ഗൌരവപൂര്‍ണ്ണമായ പ്രശ്നങ്ങള്‍ ഏതെങ്കിലും ഗോത്രം നേരിടുമ്പോള്‍ അതവരെ അറിയിക്കുകയും ആവശ്യമെങ്കില്‍ മാത്രം സംരക്ഷണം നല്‍കുയും ചെയ്യുക എന്ന രീതിയാണ് ഫുനായ് എന്ന പുതിയ സംവിധാനം ചെയ്യുന്നത്. എന്നാല്‍പുസ്തകത്തിന്റെ അന്ത്യം സദുദ്ദേശത്തിന്റെ ഒഴികഴിവ് കൊണ്ടുപോലും പുറംലോകത്തിന്റെ ഇടപെടലുകള്‍ ന്യായീകരിക്കാനാവില്ലെന്നു ഹൃദയഭേദകമാം വിധം ബോധ്യപ്പെടുത്തുന്നുണ്ട്‌. സ്വതേ പ്രതിരോധശേഷി ഏറെ കുറവായ ഗോത്ര വംശജര്‍ക്ക് അത്തരം ഏതു സമ്പര്‍ക്കവും മാരകമാവാമെന്നു താത്വികമായി നേരത്തെ അറിയാമായിരുന്നിട്ടും തങ്ങളുടെ സന്ദര്‍ശനത്തിലൂടെ വന്‍ ദുരന്തമാണ് അവര്‍ക്ക് വരുത്തിവെച്ചതെന്നു താറ്റയുടെയും കുഞ്ഞനുജന്‍ ക്വാഹിയുടെയും വേറെയും പലരുടെയും മരണങ്ങളിലൂടെയാണ് അസ്‌ലമും കൂട്ടരും മനസ്സിലാക്കുക. ചുറുചുറുക്കും ഓജസ്സുമുണ്ടായിരുന്ന ഇളം യുവാവിന്റെ മരണം ആ അര്‍ത്ഥത്തില്‍ അധിനിവേശങ്ങളുടെ ചരിത്രത്തിലെ മറ്റൊരു ബലിയാണ്: ഇത്തവണ പ്രതിസ്ഥാനത്ത് തങ്ങള്‍ തന്നെയാണ് എന്ന തിരിച്ചറിവ് ഉള്ളംപൊള്ളിക്കുന്ന വേദനയായാണ് അസ്‌ലമും കൂട്ടരും നേരിടുക. അങ്ങനെയാണവര്‍ കാടിറങ്ങുക. അസ്‌ലം നിരീക്ഷിക്കുന്നത് പോലെ: “ആമസോണ്‍ കാടിനകത്തെ നരഭോജികളെല്ലാം കെട്ടുകഥകളാണ്നരഭോജികള്‍ കടേറുകയാണ്... നരഭോജികളെ അന്വേഷിച്ചു നീയിനി കാട് കയറേണ്ട സാമുവേല്‍നമ്മള്‍ തന്നെയാണ് നരഭോജികള്‍!”   

 


പാത്ര സൃഷ്ടിയിലോ വികാസത്തിലോ ഇതിവൃത്ത നിര്‍മ്മിതിയിലോ അല്ല ഗ്രന്ഥകര്‍ത്താക്കളുടെ ഊന്നല്‍ എന്ന് വ്യക്തമാക്കുന്നതാണ് പുസ്തകത്തെ നോവല്‍ എന്ന് വിളിക്കാതെ ‘പഠനം’ എന്ന് വിളിക്കുന്നതില്‍ വ്യക്തമാകുന്നത്. വാസ്തവത്തില്‍ നാനൂറ്റി മുപ്പതു പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതായിട്ടും ഒറ്റയിരുപ്പില്‍ വായിപ്പിക്കുംവിധം ഗഹനമായ ഉള്ളടക്കമുള്ള പുസ്തകത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞതില്‍ വ്യക്തിത്വവികാസമുള്ള പാത്രസൃഷ്ടിക്കു നല്ല പങ്കുണ്ട്. ശാസ്ത്ര-യുക്തി ബോധവും മതരഹിത ധാര്‍മ്മികതയുമാണ് ആദിവാസി സമൂഹങ്ങളുടെ ആചാരങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കാണാന്‍ അസ്‌ലമിനെ പ്രാപ്തനാക്കുന്നത്. സമുവേലും ചിലപ്പോഴൊക്കെ ജോണിയും അവയെ പ്രാകൃതം എന്ന് കളിയാക്കുമ്പോള്‍ പരിഷ്കൃത സമൂഹങ്ങളുടെ മതാന്ധതയെ അപേക്ഷിച്ച് ഗോത്ര വംശജരുടെ രീതികള്‍ വികലമല്ലെന്നു അദ്ദേഹം കരുതുന്നു. സംസ്കരിക്കുകയെന്നാല്‍ ‘നമ്മള്‍ പരീക്ഷിച്ചു തോറ്റ പാഠങ്ങള്‍’ ആദിവാസിയില്‍ കെട്ടിയേല്‍പ്പിക്കലാണ് എന്ന്  അസ്‌ലം പറയുന്നുണ്ട്. സനാതനമായ പ്രാകൃതവിവേകത്തിന്റെ തെളിമ പ്രകടിപ്പിക്കുന്ന താറ്റയുടെ അമ്മാവനും അതിന്റെ തുടര്‍ച്ച പോലെ യാത്രയിലുടനീളം പെരുമാറുന്ന തുവാപ്പയും തന്നെയാണ് പുസ്തകത്തിന്റെ നൈതികതയുടെ മുഖങ്ങള്‍. ഡാര്‍വിന്‍ പറഞ്ഞുവെച്ച പ്രകൃതി നിര്‍ദ്ധാരണവും അര്‍ഹതയുള്ളതിന്റെ അതിജീവനവും പോലുള്ള ഗഹനവിഷയങ്ങള്‍ യാതൊരു താത്വിക നാട്യവും കൂടാതെ അവരുടെ നിലപാടുകളില്‍ വ്യക്തമാണ്. പ്രകൃതിയുടെ അവകാശികള്‍ ആരെന്ന ചോദ്യത്തിനും സമഗ്രതയുള്ള വീക്ഷണമാണ് അവരുടെ മറുപടി. എട്ടുകാലിയെ കൊല്ലാന്‍ തുനിയുന്ന താറ്റയെ അമ്മാവന്‍ തടയുന്നത് ഇങ്ങനെയാണ്: “ഈ കാട് അതിന്റെതു കൂടിയാണ്.” തൂവലിനായി നീലമാക്കാവ് പക്ഷിയെ വെടി വെക്കാന്‍ തുടങ്ങുമ്പോഴും തുവാക്ക തടയുന്നു. ഇപ്പോള്‍ വെടി വെക്കരുത്. അത് അടയിരിക്കുന്ന തള്ളപ്പക്ഷിക്ക് കൊണ്ടാല്‍ ഇനിയും കിട്ടാവുന്ന തൂവുകളാണ് ഇല്ലാതാകുക. പുസ്തകത്തിന്റെ അന്ത്യത്തില്‍ഏതൊരു നല്ല നോവലിലും സംഭവിക്കുന്നത്‌ പോലെ, കഥാപാത്രങ്ങളില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്തിരിച്ചറിവുകളുടെമുന്‍ധാരണകള്‍ പൊളിച്ചെഴുതപ്പെടുന്നതിന്റെദുരന്തത്തിലൂടെയുള്ള വിമലിനീകരണത്തിന്റെ.   

 

കൗതുകകരമായ ഒട്ടേറെ സൂചനകള്‍ പുസ്തകത്തിലുണ്ട്. ആമാസോണിലെ ഒരു പ്രധാന നദിയായ റിയോ ഹംസ (Rio Hamza) ക്ക് ആ പേരു വന്നത് അതുകണ്ടുപിടിച്ചത് കോഴിക്കോട്ടുകാരനായ ഡോ. വി. എം. ഹംസയെന്ന പ്രസിദ്ധ ഭൌമശാസ്ത്രജ്ഞന്‍ ആണെന്നത് കൊണ്ടാണ്. ഗോത്രവര്‍ഗ്ഗക്കാരുടെ ലഹരി ഉപയോഗവും അതിനെ ആത്മീയ തലത്തിലെക്കുയര്‍ത്തുന്ന രീതിയും ഒട്ടൊരു കൌതുകം ജനിപ്പിക്കുന്നുണ്ട് അസ്‌ലമിലും കൂട്ടരിലും. അങ്ങനെയാണ് ‘വെളിപാടുകളുടെ വള്ളി’യും ‘അയാഹുആസ്കയും വിവരിക്കപ്പെടുന്നത്. ഗോത്രവര്‍ഗ്ഗക്കാരെ അനുകരിച്ചു നഗ്നത ആഘോഷിക്കുന്ന സാമുവേല്‍ ഒരാദിമ സ്വര്‍ഗ്ഗത്തിലേക്ക് രണ്ടാമതും ജനിക്കുന്ന പോലൊരു പശ്ചാത്ഗമന (atavistic) ഭാവം അനുഭവിക്കുന്നുണ്ട്. നാണമെന്നത് സദാചാര ബോധത്തിന്റെ സൃഷ്ടി മാത്രമാണെന്ന് അസ്‌ലം വിശദീകരിക്കുന്നു. തന്റെ സൃഷ്ടിയെ കുറിച്ചുള്ള ദൈവത്തിന്റെ അപകര്‍ഷബോധമാണ് മനുഷ്യന്റെ സദാചാര ബോധത്തിന് പിന്നിലെന്ന് അദ്ദേഹം കരുതുന്നു. ആദിവാസിയുടെ ദൈവങ്ങള്‍ക്ക് അത്തരം അപകര്‍ഷ ബോധമില്ല. പരിണാമത്തിന്റെ സ്വാഭാവികതയെ താളംതെറ്റിക്കുന്ന വേഗതയില്‍ പരിണമിച്ച മനുഷ്യന്‍ ഭക്ഷ്യ ശൃംഖലയെയും അതുവഴി പ്രകൃതി സന്തുലിതത്വത്തെയും തകിടം മറിച്ച പ്രകൃതിയുടെ ധൂര്‍ത്തനായ പുത്രനായി മാറി, അവന്‍ ‘ഏതു നിമിഷവും അട്ടിമറി നേരിട്ടേക്കാവുന്ന ... മൂഡനായ സ്വേച്ഛാധിപതിയെപ്പോലെയാണ്.” മനുഷ്യ സംസ്കൃതിയുടെ വികാസ ദശകളില്‍ കൃഷി തന്നെ ഒരര്‍ഥത്തില്‍ മോശമായി ബാധിച്ചുവെന്നു പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ആഹാരരീതിയില്‍ സഞ്ചാരവേളകളില്‍ നിന്ന് വ്യത്യസ്തമായി ഏകതാനത വന്നുപെടാനും ഇതരജീവികളെ ശത്രുക്കളായിക്കാണാനും അതിടയാക്കി. ഭൂമിയിലെ അവരുടെ അവകാശം മനുഷ്യന്‍ നിരസിച്ചു. സന്താനോത്പാദനം കൂടി. അലച്ചില്‍ വളരെ സ്വാഭാവികമായ ഘട്ടത്തില്‍ പ്രകൃതിദത്ത ഉദ്ധീപനങ്ങളുടെ ഉച്ചസ്ഥായിയില്‍ മാത്രം നടന്ന സംഗമങ്ങള്‍ ചിട്ടയായ ജീവിതത്തില്‍ വര്‍ദ്ധിച്ചു. അത് ജനസംഖ്യാവര്‍ദ്ധനകൂടുതല്‍ ഭൂമിയിലേക്ക്‌ കടന്നു കയറ്റം എന്നിവയ്ക്കൊക്കെ കാരണമായി. ബൌദ്ധിക ജീവിതം കൂടിയപ്പോള്‍ ശാരീരിക ആരോഗ്യം കുറഞ്ഞു. മനുഷ്യന്‍ ബാധ്യതകളുടെ നിത്യതോഴനായി. ഇത്തരം ശ്രദ്ധേയമായ നിരീക്ഷണങ്ങളാല്‍ സമ്പന്നമായ പുസ്തകംഎല്ലാ തരം വായനക്കാര്‍ക്കും ഹൃദ്യമായി അനുഭവപ്പെടുമെങ്കിലും നവയുവ വായനാസമൂഹത്തിന് (Young Adults) പ്രത്യേകമായും നിര്‍ദ്ദേശിക്കാവുന്ന ഒന്നായാണ് ഈ ലേഖകന് അനുഭവപ്പെട്ടത്.