Featured Post

Showing posts with label Young Adult Fiction. Show all posts
Showing posts with label Young Adult Fiction. Show all posts

Sunday, March 30, 2025

Suddenly in the Depths of the Forest by Amos Oz / Sondra Silverston

സഞ്ചിത ചരിത്രത്തിന്റെ വനാന്തരങ്ങള്‍



നാല്പ്പതുകളുടെയും അമ്പതുകളുടെയും കലങ്ങിമറിഞ്ഞ സംഘര്‍ഷ ഭരിതമായ ഇസ്രായേലി സാഹചര്യങ്ങളില്‍ വളര്‍ന്നു വരവിന്റെ വഴിവെളിച്ചമായി അമ്മ പറഞ്ഞ കഥകളുടെ ഓര്‍മ്മ ‘എ ടെയ്ല്‍ ഓഫ് ലവ് ആന്‍ഡ്‌ ഡാര്‍ക്ക്നസ്സ്’  എന്ന ഓര്‍മ്മപ്പുസ്തകത്തില്‍ ആമോസ് ഓസ്‌ വിവരിക്കുന്നുണ്ട്. മുപ്പത്തിയെട്ടാം വയസ്സില്‍, ആമോസിന് പന്ത്രണ്ടു വയസ്സ് മാത്രമുള്ളപ്പോള്‍, ദുരൂഹകാരണങ്ങളാല്‍ സ്വയം അവസാനിപ്പിച്ച തരള ഹൃദയയായിരുന്ന അവര്‍ മകനോട്‌ സംവദിക്കാന്‍ കണ്ട മാര്‍ഗ്ഗമായിരുന്നു മുത്തശ്ശിക്കഥകള്‍. Suddenly in the Depths of the Forest എന്ന ചെറു നോവലില്‍ ഇസ്രായേലിലെ ഈ വലിയ എഴുത്തുകാരന്‍ സ്വയം തന്റെ ജീവിതത്തിന്റെയും രചനകളുടെയും പശ്ചാത്തലം രൂപപ്പെടുത്തിയ, സഞ്ചിത ചകിതാനുഭവങ്ങള്‍ ദൃഷ്ടാന്ത/ മുത്തശ്ശിക്കഥാരൂപത്തില്‍ ആവിഷ്കരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്നുവെച്ചാല്‍ നോവലിലെ മുഖ്യ കഥാപാത്രങ്ങളായ ഇപ്പോഴത്തെ കുട്ടികളുടെ അച്ഛനമ്മമാര്‍ കുട്ടികള്‍ ആയിരുന്ന കാലത്ത്, മൃഗങ്ങളും മത്സ്യങ്ങളും കീടങ്ങളും പുഴുക്കളും പോലും പൊടുന്നനെ ഒരു നാള്‍ അപ്രത്യക്ഷരാകുന്ന അരസാധാരണ സംഭവം ഗ്രാമത്തില്‍ അരങ്ങേറുന്നതാണ്‌ ഇതിവൃത്തിന്റെ പുരോഭാഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുനൂറു വേട്ടക്കാരും നാലു മുക്കുവരും ഉണ്ടായിരുന്ന ഗ്രാമം, പുഴയില്‍നിന്ന് മത്സ്യങ്ങളും കരയില്‍നിന്ന് മൃഗങ്ങളും അന്തര്‍ദ്ധാനം ചെയ്തതോടെ, ശാപഗ്രസ്തമല്ലാത്ത ഇടങ്ങളിലേക്കുള്ള ആളുകളുടെ പാലായനത്തെ തുടര്‍ന്ന് വിജനമായതാണ്. “ഗ്രാമം നരച്ചതും മ്ലാനവുമായിരുന്നു. അതിനു ചുറ്റും എല്ലാ ഭാഗത്തും പര്‍വ്വതങ്ങളും കാടും, മേഘങ്ങളും കാറ്റുമായിരുന്നു.” ഒരു ശപ്തനഗരം പോലെ അത് വിഷാദപൂര്‍ണ്ണവും എകാന്തവുമായി കാണപ്പെട്ടു. “സര്‍വ്വത്ര വല്ലാത്തൊരു സിശ്ശബ്ദതയായിരുന്നു, ഒരു പശുവും കരഞ്ഞില്ല, ഒരു കഴുതയും ഓരിയിട്ടില്ല, ഒരു കിളിയും ചിലക്കുന്നില്ല, ആകാശത്തിനു കുറുകെ അരയന്നക്കൂട്ടമില്ല, ഗ്രാമീണര്‍ ആത്യാവശ്യത്തിനല്ലാതെ പരസ്പരം സംസാരിക്കുന്നില്ല.” മുതിര്‍ന്നവര്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് മൌനത്തിന്റെ ഒരു സാമൂഹിക മതില്‍ തീര്‍ത്തിട്ടുണ്ട്. ഓര്‍മ്മകളില്‍ ഒരു വിവേചനവും. മുതിര്‍ന്നവരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം പഴയ കാലങ്ങളെ ഓര്‍ത്തിരുന്നു, കിളികളെയും മൃഗങ്ങളെയും സ്വപ്നം കണ്ട് തന്റെ പ്രിയപ്പെട്ട നായ സീറ്റൊയെ ഓര്‍ത്തിരിക്കുന്ന മുക്കുവന്‍ ആല്‍മന്‍, തടിയില്‍ തീര്‍ത്ത കൊച്ചുരൂപങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി. ആരും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കാത്ത ഇമ്മാനുവേല ടീച്ചര്‍, ക്ലാസ് മുറിയില്‍ കുട്ടികളോട് സുന്ദരജീവികളെ കുറിച്ച് കഥകള്‍ പറഞ്ഞു. കേട്ടറിവു മാത്രമായ പ്രതിഭാസത്തെ വിശ്വസിക്കാനാവാത്ത പുതുതലമുറ അവരെ കളിയാക്കി. ചലനശേഷിയില്ലാതെ ചുരുണ്ടുകൂടിയ ഭര്‍ത്താവ് ഗിനോമിനെ ശുശ്രൂഷിച്ചു കഴിയുന്ന തുന്നല്‍ക്കാരി സൊലീനയും ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുണ്ട്. അങ്ങനെ ഓര്‍മ്മിച്ചു വെക്കുന്നവര്‍ക്കെതിരില്‍ സമൂഹം ഒരു ശത്രുതാ ഭാവം സൂക്ഷിക്കുകയും ചെയ്യുന്നു.

അതേ സമയം ഗ്രാമാതിര്‍ത്തിക്ക് വെളിയിലെ വനത്തിലേക്ക് കടന്നുപോയാല്‍ തങ്ങളെ നേഹിയെന്ന പര്‍വ്വതസത്വം പിടികൂടുമെന്ന് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുത്തശ്ശിക്കഥയിലെ പതിവുപോലെ വിലക്കുകള്‍ക്കപ്പുറമുള്ള സത്യം എന്തെന്നറിഞ്ഞേ അടങ്ങൂ എന്ന് ഉറച്ച മനസ്സുള്ള പെണ്‍കുട്ടി മായ, ചകിതനെങ്കിലും കൂട്ടുകാരിക്കൊപ്പം ഇത്തിരി സാഹസമാവാം എന്ന് കരുതുന്ന ബാലന്‍ മാത്തി എന്നീ കൂട്ടുകാര്‍ ചിന്തിക്കുന്നു. പുഴയില്‍ കാണപ്പെട്ട ഒരൊറ്റ മത്സ്യമാണ് അവരില്‍ പ്രതീക്ഷയുണര്‍ത്തുന്നത്. അത് വെറും തോന്നലായിരുന്നോ യാഥാര്‍ത്ഥ്യമായിരുന്നോ എന്ന സന്ദേഹം അവരെ ഏറെ അലട്ടുന്നുണ്ട്. ഒരു ജീവി സാധ്യമാണെങ്കില്‍ വേറെയും കണ്ടേക്കാം എന്ന തോന്നലിലാണ് വിലക്കുകളുടെ ശൃംഖല ഭേദിച്ച് അവര്‍ അന്വേഷണം തുടങ്ങുന്നത്. “വനാന്തര്‍ ഭാഗത്ത് എന്താണ് ഒളിഞ്ഞിരിക്കുന്നത് എന്ന് കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഭാവന അവരെ പ്രലോഭിപ്പിച്ചു.” സന്ദേഹങ്ങളുടെ വനങ്ങളിലേക്ക് ആത്മാന്വേഷണങ്ങളുമായി യാത്ര പോയവരാണ് കരുണാമയനായ ബുദ്ധനും രക്ഷകനായ ക്രിസ്തുവും പ്രവാചകനായ നബിയും ഒക്കെയായത് എന്നത് മാനവ സംസ്കൃതിയുടെ വലിയ പാഠമാണ്. അവിടെ ഒരു ഗുഹയില്‍ വെച്ച് ഇപ്പോള്‍ ശാന്തനും സ്വയം പര്യാപ്തിയുള്ളവനുമായ നേമിയെ മായയും മാത്തിയും കണ്ടു മുട്ടുന്നു; മറ്റാര്‍ക്കും അനുഭവപ്പെടാത്തവിധം നിരന്തരമായി മൃഗങ്ങളുടെ സ്വപ്നാവേശം ഉണ്ടായതു കാരണം മുമ്പൊരിക്കല്‍ വനത്തിലേക്ക് പോവുകയും ആഴ്ചകള്‍ക്ക് ശേഷം ഒരു മൂങ്ങയെപ്പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അവശനും പ്രാകൃതനുമായി തിരിച്ചെത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഇതര ഗ്രാമീണ ബാലകരുടെ പരിഹാസ പാത്രമായവന്‍. പ്രദേശത്തെ മൃഗങ്ങളെ മുഴുവന്‍ നിഗൂഡശക്തിയാലെന്നോണം ആകര്‍ഷിച്ചു കൊണ്ടുപോയ, പില്‍ക്കാലം പര്‍വ്വത സത്വമെന്നറിയപ്പെട്ട നേഹിയും ഒരു കാലത്ത് തന്റെ വ്യത്യസ്തത കാരണം അന്യനും അപരനുമായി വേട്ടയാടപ്പെട്ടവനായിരുന്നു. മായ ഒരു നൈതിക ബോധ്യത്തിലേക്ക് നീങ്ങുകയാണ്: “മറ്റൊരു യാത്രികനെ കളിയാക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും സത്യത്തില്‍ വിഡ്ഢിയാവുകയാണ്; മുഴുവന്‍ വഞ്ചിയേയും മുറിപ്പെടുത്തുകയും. എന്തൊക്കെപ്പറഞ്ഞാലും ഇവിടെ ഒരാള്‍ക്കും മറ്റൊരു വഞ്ചിയില്ല.” വൈയക്തികമായ കണ്ടെത്തല്‍ എന്നതിലേറെ മായയുടെ നിരീക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന സാമൂഹിക മാനങ്ങള്‍ ഹോളോകോസ്റ്റിന്റെയും പാലായനത്തിന്റെയും ജൂതാനുഭാവത്തിന്റെ ഭാഗമായ അശാന്ത ചരിത്രത്തിന്റെയും പാഠങ്ങളുമായി കണ്ണിചേരുന്നുണ്ട്; നോവലില്‍ അതൊരിക്കലും എടുത്തുപറയുന്നില്ലെങ്കിലും. ഹോളോകോസ്റ്റിന്‍റെ മാനവികദുരന്തം ഒരു ഇരുണ്ട രഹസ്യമായി ചൂഴ്ന്നുനില്‍ക്കുന്നതിന്‍റെയും വാഗ്ദത്തഭൂമിയിലേക്കുള്ള കപ്പല്‍ യാത്രയിലെ അസന്തുഷ്ടിയും ആമോസ് ഓസിന്റെ ഓര്‍മ്മകളില്‍ നിഴല്‍ വിരിക്കുന്നുണ്ട്‌. പകല്‍ സമയത്ത് എണ്ണുമ്പോള്‍ എട്ടെണ്ണമായും രാത്രി ഒമ്പതായും തോന്നുന്ന മരങ്ങള്‍ ഹീബ്രു കലണ്ടറിലെ ‘വര്‍ഷത്തിലെ ഏറ്റവും ദുഃഖഭരിതമായ ദിന’ത്തെ സൂചിപ്പിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Julia Pascal, Independent). മായക്കും മാത്തിക്കും ഇടക്കൊക്കെ അനുഭവപ്പെടുന്ന മുമ്പെന്നോ അതേപടി സംഭവിച്ചത്/ സാക്ഷിയായത് എന്ന തോന്നല്‍ (déjà vu) നോവലിന്റെ സഞ്ചിതാനുഭവഭാവത്തെ ഉറപ്പിക്കുന്നതാണ്.

ആദിമ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള മിത്തുകളുമായും കൂട്ടിവായിക്കാവുന്ന സൂചകങ്ങള്‍ നോവലില്‍ ഉടനീളമുണ്ട്. നേഹിയെന്ന പര്‍വ്വത സത്വംപുരാണത്തിലെ കുഴലൂത്തുകാരന്‍ കഥാപാത്രമാണ്,  തന്റെ മാന്ത്രികസിദ്ധികൊണ്ട് അയാള്‍ കൊണ്ടുപോകുന്നത് പക്ഷെ മനുഷ്യര്‍ ഒഴിച്ചുള്ള മറ്റെല്ലാ ജീവികളെയുമാണ്. അവിടെ പര്‍വ്വതങ്ങളും വനവും കോട്ട തീര്‍ക്കുന്ന ഒരാദിമസ്വര്‍ഗ്ഗത്തില്‍ അവ ഹിംസയേതും കൂടാതെ സ്വരച്ചേര്‍ച്ചയില്‍ കഴിയുന്നു. മായയും മാത്തിയും പ്രദേശത്തെ പുതുതലമുറയില്‍ അവയെ കാണുന്ന ആദ്യവ്യക്തികളായിത്തീരുന്നു. പറുദീസാനഷ്ടത്തിന്റെയും അനുഭവങ്ങളിലൂടെയുള്ള തിരിച്ചറിവുകളുടെയും (from innocence to experience) കഥയായും നോവലിനെ വായിക്കാം. കാപട്യങ്ങളില്‍ അഭിരമിക്കുന്ന മുതിര്‍ന്നവരുടെ ലോകത്തുനിന്ന് മൃഗകഥകളുടെ ബാല്യം തിരിച്ചു പിടിക്കുന്ന നിഷ്കളങ്കതയുടെ മുതിര്‍ന്നു വരവിന്റെ കഥയായും (coming-of-the-age story), കൂട്ടംചേര്‍ന്നുള്ള വേട്ടയാടലിന്റെയും ഒറ്റപ്പെടലിന്റെയും കുറ്റബോധത്തിന്റെയും അന്യാപദേശ (parable) കഥയായും, പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമെന്ന തിരിച്ചറിവിന്റെ രൂപകകഥയായും പുസ്തകത്തെ സമീപിക്കാം. വ്ലാദിമിര്‍ നബകോഫ് നിരീക്ഷിച്ചപോലെ ഒരു മികച്ച എഴുത്തുകാരനില്‍ ഒരു കഥപറച്ചില്‍ക്കാരനും, ഒരു അധ്യാപകനും ഒപ്പം ഒരു ജാലക്കാരനും അടങ്ങിയിട്ടുണ്ടെങ്കില്‍ ആമോസ് ഓസിന്റെ ‘പൊടുന്നനെ വനത്തിന്റെ അഗാധതയില്‍’ രചനയുടെ ഈ മൂന്നു സ്വത്വങ്ങളെയും സാക്ഷാത്കരിക്കുന്നുണ്ട്.

എന്നാല്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡെഴ്സന്‍ കഥകളിലെതുപോലെ ശുഭാന്ത്യത്തില്‍ വിരാമചിഹ്നമിടുന്നതല്ല ആമോസ് ഓസിന്റെ മായികലോകം. ഉണങ്ങിച്ചുരുണ്ട കുട്ടിയായി കാട്ടില്‍ നിന്നിറങ്ങിവരുന്ന ഗിനോമിനെ പോലെ, വൃത്തിഹീനമായി എപ്പോഴും മൂക്കൊലിക്കുന്ന, മൂങ്ങയുടെ ശബ്ദത്തില്‍ മുരളുന്ന നിമിയെ പോലെ അത്ര നല്ല ചിഹ്നങ്ങളല്ല നിഗൂഡതയുടെ വനം ഇവിടെ കാത്തുവെക്കുന്നത്. എങ്കിലും മായയേയും മാത്തിയേയും ഗ്രാമത്തിലേക്ക് തിരികെ അയക്കുമ്പോള്‍ നേഹിയുടെ സന്ദേശം വ്യക്തമാണ്: ഒരു നാള്‍ ആളുകള്‍ ക്രൂരത കുറഞ്ഞവരും തന്റെ പ്രതികാരദാഹം തണുത്തതും ആയിരിക്കുമ്പോള്‍ മൃഗങ്ങള്‍ ഗ്രാമത്തിലേക്ക് തിരികെ വന്നേക്കാം. വായനാസമൂഹമായി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ലക്ഷ്യം വെക്കുമ്പോഴും അത്ര ലഘുവായതല്ല ഇരുവര്‍ക്കും എന്നതാണ് വലിപ്പം കൊണ്ട് മാത്രം ചെറുതായ നോവലിന്റെ വസ്തുത.

 


Friday, August 16, 2024

Narabhojikal Kaderumpol by Ranjith Chittade & Manu Mukundan (Malayalam Novel)

 പ്രകൃതിപാഠങ്ങളുടെ കാവലാളുകള്‍




(രഞ്ജിത്ത് ചിറ്റാടെയും മനു മുകുന്ദനും ചേര്‍ന്നെഴുതിയ ആമസോണ്‍ നരഭോജികള്‍ കാടേറുമ്പോള്‍ എന്ന പുസ്തകത്തെ കുറിച്ച്. ഒരു കാടിനോടും അതിലെ ജീവജാലങ്ങളോടും എങ്ങനെ പെരുമാറരുത്‌ എന്നതിന്റെ പാഠപുസ്തകമായ ഇന്നത്തെ ആമാസോണിനെ കുറിച്ച് മികച്ചൊരു പേജ് ടേണറിന്റെ വായനാക്ഷമതയോടെ രചിക്കപ്പെട്ട പുസ്തകം നവയുവ വായനാസമൂഹത്തിന് (Young Adults) വിശേഷിച്ചും ശുപാര്‍ശ ചെയ്യാവുന്നതാണ്.)



വികസനം എന്നത് ദീര്‍ഘവീക്ഷണമില്ലാത്തതും ഈ ഭൂമി നമ്മുടെ മക്കള്‍ക്കും അവരുടെ തലമുറകള്‍ക്കും കൂടി വേണ്ടതാണ് എന്ന തിരിച്ചറിവില്ലാത്തതും ഭൂമിയുടെ അവകാശി  മനുഷ്യ കേന്ദ്രിത ഉപഭോക്തൃ സംസ്കൃതി മാത്രമാണെന്നു കരുതുന്നതുമായ ഏകപക്ഷീയ പ്രകൃതി ചൂഷണത്തിന്റെ മറുവാക്കായിത്തീര്‍ന്ന പിഴച്ച കാലത്ത് നാം മറന്നു പോയ ജീവിതാര്‍ത്ഥങ്ങളുടെ തീവ്രമായ പാഠവും ഓര്‍മ്മപ്പെടുത്തലുമായി നമുക്ക് മുന്നില്‍ എരിഞ്ഞു നില്‍ക്കുന്നവരാണ് ആദിവാസിയെന്ന തോറ്റുപോയ ജനവിഭാഗങ്ങള്‍ ലോകത്തെവിടെയും. ഭൂമുഖത്തെ ഏറ്റവും സനാതനമായ അറിവുകളെപ്രകൃതി ജീവനത്തിന്റെ സാധ്യതകളെ അതിജീവനത്തിന്റെ അനിവാര്യതകള്‍ക്കിടയിലും കാത്തുപോന്ന ഇത്തരം ആദിവാസി സമൂഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളാണ് തെക്കേ അമേരിക്കയിലെ ആമസോണ്‍ മേഖലകളില്‍ കഴിഞ്ഞു വരുന്നപുറംലോകവുമായുണ്ടായ വിനിമയങ്ങളിള്‍ തീരാനഷ്ടങ്ങള്‍ മാത്രം നേരിടേണ്ടി വന്ന ഗോത്ര സമൂഹങ്ങള്‍. കൊളോണിയല്‍ അധിനിവേശങ്ങളുടെ ആദ്യനാളുകള്‍ മുതല്‍ സ്പാനിഷ്ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ശക്തികള്‍ നടത്തിയ നിന്ദ്യമായ കടന്നുകയറ്റങ്ങളുടെ ഫലമായി വംശീയമായ ഉന്മൂലനത്തോളം എത്തിയവരോ അത്തരം ഭീഷണിക്ക് കീഴില്‍ കഴിയുന്നവരോ ആണ് ഇവര്‍. ചരിത്രവും പരിഷ്കൃത സംസ്കൃതിയും ആമസോണിലെ ആദിമ സമൂഹങ്ങളോട് കാണിച്ച നെറികേടിന്റെ ആഴമന്വേഷിക്കുന്ന പുസ്തകമാണ് രഞ്ജിത്ത് ചിട്ടാടെയും മനു മുകുന്ദനും ചേര്‍ന്നെഴുതിയ ‘ആമസോണ്‍ നരഭോജികള്‍ കാടേറുമ്പോള്‍.’ മഹാവിസ്ഫോടനത്തില്‍ രൂപമെടുത്ത പ്രകൃതിയില്‍ കോടിക്കണക്കിനു വര്‍ഷങ്ങളുടെ പരിണാമങ്ങളിലൂടെ ഉരുവായ ജീവന്റെയും ജന്തുജാലങ്ങളുടെയും ആ മഹാ പരിണാമത്തിന്റെ ഇങ്ങേയറ്റത്ത് ഏറ്റവും വികസിത ജീവിവര്‍ഗ്ഗമായി ഉദയംകൊണ്ട മനുഷ്യന്റെയും കഥയില്‍ തുടങ്ങിഹോമോസാപ്പിയന്‍ പെരുമ അതിരു ലംഘിക്കുന്ന പ്രകൃതി വിരുദ്ധതയായി മാറുന്ന വിപര്യയം തയ്യാറെടുപ്പുകള്‍ ഇല്ലാത്ത സാമാന്യ വായനക്കാരുടെ വിഷയമാക്കി അവതരിപ്പിക്കുക എളുപ്പമല്ല. അതീവ ഋജുവായ ഒരു ഫിക് ഷനല്‍ ചട്ടക്കൂടുപയോഗിച്ച് ഈ പരിമിതി മറികടക്കുകയാണ് രണ്ടു യുവ എഴുത്തുകാരും ചേര്‍ന്ന് തികച്ചും കാലിക പ്രസക്തിയുള്ള ഈ പുസ്തകത്തില്‍.



നരവംശശാസ്ത്രവും ജനിതക ശാസ്ത്രവും നല്‍കുന്ന പുതിയ സൂചനകള്‍ വംശവിശുദ്ധിയെ കുറിച്ചും തനിമയെ കുറിച്ചുമൊക്കെയുള്ള സങ്കല്‍പ്പങ്ങളെ കാറ്റില്‍ പറത്തുകയും മനുഷ്യകുലത്തിനു സാമാന്യമായുള്ള പൊതുധാരകളെയും കൂടിക്കലരലുകളെയും കുറിച്ച് കൌതുകകരവും വിമലീകരിക്കുന്നതുമായ അറിവുകള്‍ പകര്‍ന്നു നല്‍കുകയും ചെയ്തിട്ടുണ്ട്. അസ്ട്രേലോ പിത്തേക്കസ്നിയാണ്ടര്‍ത്താല്‍ഹോമോ ഇറക്റ്റസ് എന്നിങ്ങനെ നരവംശ ശാസ്ത്രം പേരുചൊല്ലി വിളിക്കുന്ന പൂര്‍വ്വികരിലൂടെ കടന്ന് ഹോമോസാപ്പിയന്‍ ഘട്ടത്തില്‍ തുടങ്ങുന്ന മനുഷ്യ കുലത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ഒരു ക്ലാസ് റൂം സാഹചര്യത്തില്‍ പ്രസിദ്ധനായ അക്കാദമിക് പണ്ഡിതന്‍ യുവ വിദ്യാര്‍ഥികളോടു സംവദിക്കുന്ന ഘടനഅതിവേഗം പുസ്തകത്തിന്റെ കേന്ദ്ര പ്രമേയത്തിലേക്കു കടക്കാന്‍ സാഹചര്യമൊരുക്കുന്നു. ജനിതക ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകളില്‍ആമാസോണിലെ ചില ആദിവാസി വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലെ ഒരു പ്രത്യേക ആദിവാസി വിഭാഗവുമായി ജനിതക സാമ്യമുണ്ട്‌ എന്ന അറിവ് പുറത്തുവന്നത് യാത്രികനും പര്യവേഷകനുമായ ഡോ. മുഹമ്മദ്‌ അസ്‌ലമിനെ ആവേശം കൊള്ളിച്ചിരിക്കുന്നു. എഴുപത്തിഅയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്നാരംഭിച്ച മനുഷ്യ കുലത്തിന്റെ മഹായാനത്തിന്റെ കഥ ഓര്‍മ്മിച്ചുകൊണ്ട് നാല്‍പ്പതു പിന്നിട്ട അസ്‌ലം കഠിനമായി അലട്ടുന്ന കാല്‍വേദന വകവെക്കാതെ ആ യാത്ര ആരംഭിക്കുന്നു. രണ്ടുമൂന്നു ഉറ്റ സുഹൃത്തുക്കളും സര്‍ക്കാര്‍ തലത്തില്‍ നിയോഗിക്കപ്പെടുന്ന സഹായികളും അടങ്ങുന്ന ചെറുസംഘം നടത്തുന്ന യാത്ര ആമസോണ്‍ പ്രതിനാധാനം ചെയ്യുന്ന ചരിത്രപാഠങ്ങളിലേക്കും ആദിവാസി ജീവിതത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കുമുള്ള കണ്‍തുറക്കലും വെളിപാടും ആയിത്തീരുന്നു. ഗോത്ര ജീവിതത്തിന്റെ പരിമിതകള്‍ക്കപ്പുറം പുറംലോകം കാണണമെന്ന ആശ വിടാതെ പിടികൂടിയ ആദിവാസിയായ താറ്റയെന്ന പത്തൊമ്പതുകാരന്‍ വരുംവരായ്കകളെ കുറിച്ചുള്ള ഗോത്രമൂപ്പന്‍ കൂടിയായ അമ്മാവന്റെ വിലക്കുകള്‍ വകവെക്കാതെ അവര്‍ക്കു കൂട്ടായി ഒപ്പം കൂടുന്നുഅവനെ കൂടി കാക്കുക എന്ന ഉദ്ദേശത്തോടെ മുതിര്‍ന്ന വേട്ടക്കാരനും വഴികാട്ടിയുമായ തുവാപ്പയും. യാത്രക്കിടയില്‍ സംഭാഷണങ്ങളായും അനുഭവ കഥകളായും തുവാപ്പ വിവരിക്കുന്ന ഗോത്രാനുഭവങ്ങളായും ആദിമ നിവാസികളുടെയും ആമാസോണിന്റെയും ചരിത്രം ആവിഷ്കൃതമായിത്തുടങ്ങുന്നതോടെ വനത്തിന്റെ ഭൗതിക ഭൂമികയിലൂടെ നടത്തുന്ന യാനം ചരിത്രത്തിനു കുറുകെയുള്ള, മാനുഷിക ദുരന്ത ഭൂമികകളിലൂടെയുള്ള ഒന്നായി മാറുന്നു.



ആദിവാസി നേരിടേണ്ടി വന്ന ചരിത്ര ദുരന്തങ്ങളുടെ ഘട്ടങ്ങള്‍ ഒന്നൊന്നായി ഏറ്റവും തീവ്രവും ഹൃദയഭേദകവുമായ രീതിയില്‍ പുസ്തകത്തില്‍ വിവരിക്കപ്പെടുന്നുണ്ട്. വെറും മുത്തശ്ശിക്കഥപോലെ തള്ളിക്കളയേണ്ടിയിരുന്ന എല്‍ഡോരാഡോ ‘സ്വര്‍ണ്ണ നഗര’ പുരാണത്തിന്റെ പേരില്‍ കൊന്നൊടുക്കപ്പെടുകയോ വിവരണാതീതമായ ക്രൂരതകള്‍ക്കും അവഹേളനങ്ങള്‍ക്കും വിധേയരാക്കപ്പെടുകയോ ചെയ്ത യൂറോപ്യയന്‍ കുടിലതയുടെ കഥമുതല്‍ അതാരംഭിക്കുന്നു. പതിനാറാം നൂറ്റാണ്ടുമുതല്‍ മുമ്പില്ലാത്തവിധം കാടുകേറിത്തുടങ്ങിയ അധിനിവേശക്കാരില്‍ ഗോണ്‍സാലസ് പിസാറോ, ഹൊനാന്‍ പെരെസ് ഡെ ക്വിസാഡ തുടങ്ങിയ നരാധമന്മാര്‍ ആദിവാസിയെ മനുഷ്യരായിപ്പോലും കണക്കാക്കിയില്ല. അടുത്ത ഊഴം ‘പ്രാകൃതരെ സംസ്കരിച്ചു ദൈവമാര്‍ഗ്ഗത്തില്‍ എത്തിക്കാന്‍’ കച്ചകെട്ടിയിറങ്ങിയ മിഷനറിമാരുടെതായിരുന്നു. ഒരു ജനതയെ അവരുടെ തനതായ വിശ്വാസാചാര ക്രമങ്ങളില്‍ നിന്ന് പറിച്ചെടുക്കുകയെന്നാല്‍ ഉന്മൂലനത്തിന്റെ സാംസ്കാരിക മുഖമല്ലാതെ മറ്റൊന്നുമായിരുന്നില്ല. കൊല്ലും കൊലയും ആദിവാസിക്കുഞ്ഞുങ്ങളുടെ അടിമത്തവും തന്നെയായിരുന്നു ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെയും ആയുധം. ആദിവാസികള്‍ പിന്നീട് നേരിട്ട വന്‍ ദുരിത പര്‍വ്വം റബ്ബര്‍ വെട്ടുകാരുടെതായിരുന്നു. ആമസോണിന്റെ സ്വാഭാവിക വന്യതയില്‍ വളര്‍ന്നു വന്ന റബ്ബര്‍ ഒരു വ്യാവസായിക ഉരുപ്പടിയായതിനു ഏറ്റവും കൊടിയ രീതിയില്‍ വിലയോടുക്കേണ്ടി വന്നത് അവരായിരുന്നു. മരം മുറിക്കാനും അണക്കെട്ടുകള്‍ പണിയാനും വന്നവര്‍ കാട്ടുമനുഷ്യരോട് ചെയ്തതും വംശഹത്യയുടെ മാനങ്ങളുള്ള ക്രൂര കൃത്യങ്ങളായിരുന്നു.



രക്ഷിക്കാന്‍ ചെന്നവര്‍ ശിക്ഷകരായി മാറിയതിന്റെ പൊള്ളുന്ന ചരിത്രങ്ങളും പുസ്തകം ആവിഷ്കരിക്കുന്നുണ്ട്. ഇതില്‍ ഏറെ കുപ്രസിദ്ധമായത് 1910-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ പ്രൊട്ടക്ഷന്‍ സര്‍വ്വീസ് (SPI) ചെയ്തുകൂട്ടിയതായിരുന്നു. മിഷനറിമാരുടെ കടന്നുകയറ്റങ്ങള്‍ക്ക് കുറെയൊക്കെ തടയിടാന്‍ സംഘടനക്ക് കഴിഞ്ഞെങ്കിലും അമ്പത്തിയേഴു വര്‍ഷക്കാലത്തെ ‘സേവന’ത്തിനിടെ “എസ്.പി.ഐ.യുടെ ഇടപെടലും അനാസ്ഥയും കൊണ്ടുമാത്രം ഏകദേശം എണ്‍പതോളം ആദിവാസി ഗോത്രങ്ങള്‍ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി.”  എസ്.പി.ഐ.യുടെ നിലപാടുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ആദിവാസിയെ അവരുടെ പാട്ടിനു ജീവിക്കാന്‍ അനുവദിക്കുകഎന്തെങ്കിലും ഗൌരവപൂര്‍ണ്ണമായ പ്രശ്നങ്ങള്‍ ഏതെങ്കിലും ഗോത്രം നേരിടുമ്പോള്‍ അതവരെ അറിയിക്കുകയും ആവശ്യമെങ്കില്‍ മാത്രം സംരക്ഷണം നല്‍കുയും ചെയ്യുക എന്ന രീതിയാണ് ഫുനായ് എന്ന പുതിയ സംവിധാനം ചെയ്യുന്നത്. എന്നാല്‍പുസ്തകത്തിന്റെ അന്ത്യം സദുദ്ദേശത്തിന്റെ ഒഴികഴിവ് കൊണ്ടുപോലും പുറംലോകത്തിന്റെ ഇടപെടലുകള്‍ ന്യായീകരിക്കാനാവില്ലെന്നു ഹൃദയഭേദകമാം വിധം ബോധ്യപ്പെടുത്തുന്നുണ്ട്‌. സ്വതേ പ്രതിരോധശേഷി ഏറെ കുറവായ ഗോത്ര വംശജര്‍ക്ക് അത്തരം ഏതു സമ്പര്‍ക്കവും മാരകമാവാമെന്നു താത്വികമായി നേരത്തെ അറിയാമായിരുന്നിട്ടും തങ്ങളുടെ സന്ദര്‍ശനത്തിലൂടെ വന്‍ ദുരന്തമാണ് അവര്‍ക്ക് വരുത്തിവെച്ചതെന്നു താറ്റയുടെയും കുഞ്ഞനുജന്‍ ക്വാഹിയുടെയും വേറെയും പലരുടെയും മരണങ്ങളിലൂടെയാണ് അസ്‌ലമും കൂട്ടരും മനസ്സിലാക്കുക. ചുറുചുറുക്കും ഓജസ്സുമുണ്ടായിരുന്ന ഇളം യുവാവിന്റെ മരണം ആ അര്‍ത്ഥത്തില്‍ അധിനിവേശങ്ങളുടെ ചരിത്രത്തിലെ മറ്റൊരു ബലിയാണ്: ഇത്തവണ പ്രതിസ്ഥാനത്ത് തങ്ങള്‍ തന്നെയാണ് എന്ന തിരിച്ചറിവ് ഉള്ളംപൊള്ളിക്കുന്ന വേദനയായാണ് അസ്‌ലമും കൂട്ടരും നേരിടുക. അങ്ങനെയാണവര്‍ കാടിറങ്ങുക. അസ്‌ലം നിരീക്ഷിക്കുന്നത് പോലെ: “ആമസോണ്‍ കാടിനകത്തെ നരഭോജികളെല്ലാം കെട്ടുകഥകളാണ്നരഭോജികള്‍ കടേറുകയാണ്... നരഭോജികളെ അന്വേഷിച്ചു നീയിനി കാട് കയറേണ്ട സാമുവേല്‍നമ്മള്‍ തന്നെയാണ് നരഭോജികള്‍!”   

 


പാത്ര സൃഷ്ടിയിലോ വികാസത്തിലോ ഇതിവൃത്ത നിര്‍മ്മിതിയിലോ അല്ല ഗ്രന്ഥകര്‍ത്താക്കളുടെ ഊന്നല്‍ എന്ന് വ്യക്തമാക്കുന്നതാണ് പുസ്തകത്തെ നോവല്‍ എന്ന് വിളിക്കാതെ ‘പഠനം’ എന്ന് വിളിക്കുന്നതില്‍ വ്യക്തമാകുന്നത്. വാസ്തവത്തില്‍ നാനൂറ്റി മുപ്പതു പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതായിട്ടും ഒറ്റയിരുപ്പില്‍ വായിപ്പിക്കുംവിധം ഗഹനമായ ഉള്ളടക്കമുള്ള പുസ്തകത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞതില്‍ വ്യക്തിത്വവികാസമുള്ള പാത്രസൃഷ്ടിക്കു നല്ല പങ്കുണ്ട്. ശാസ്ത്ര-യുക്തി ബോധവും മതരഹിത ധാര്‍മ്മികതയുമാണ് ആദിവാസി സമൂഹങ്ങളുടെ ആചാരങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കാണാന്‍ അസ്‌ലമിനെ പ്രാപ്തനാക്കുന്നത്. സമുവേലും ചിലപ്പോഴൊക്കെ ജോണിയും അവയെ പ്രാകൃതം എന്ന് കളിയാക്കുമ്പോള്‍ പരിഷ്കൃത സമൂഹങ്ങളുടെ മതാന്ധതയെ അപേക്ഷിച്ച് ഗോത്ര വംശജരുടെ രീതികള്‍ വികലമല്ലെന്നു അദ്ദേഹം കരുതുന്നു. സംസ്കരിക്കുകയെന്നാല്‍ ‘നമ്മള്‍ പരീക്ഷിച്ചു തോറ്റ പാഠങ്ങള്‍’ ആദിവാസിയില്‍ കെട്ടിയേല്‍പ്പിക്കലാണ് എന്ന്  അസ്‌ലം പറയുന്നുണ്ട്. സനാതനമായ പ്രാകൃതവിവേകത്തിന്റെ തെളിമ പ്രകടിപ്പിക്കുന്ന താറ്റയുടെ അമ്മാവനും അതിന്റെ തുടര്‍ച്ച പോലെ യാത്രയിലുടനീളം പെരുമാറുന്ന തുവാപ്പയും തന്നെയാണ് പുസ്തകത്തിന്റെ നൈതികതയുടെ മുഖങ്ങള്‍. ഡാര്‍വിന്‍ പറഞ്ഞുവെച്ച പ്രകൃതി നിര്‍ദ്ധാരണവും അര്‍ഹതയുള്ളതിന്റെ അതിജീവനവും പോലുള്ള ഗഹനവിഷയങ്ങള്‍ യാതൊരു താത്വിക നാട്യവും കൂടാതെ അവരുടെ നിലപാടുകളില്‍ വ്യക്തമാണ്. പ്രകൃതിയുടെ അവകാശികള്‍ ആരെന്ന ചോദ്യത്തിനും സമഗ്രതയുള്ള വീക്ഷണമാണ് അവരുടെ മറുപടി. എട്ടുകാലിയെ കൊല്ലാന്‍ തുനിയുന്ന താറ്റയെ അമ്മാവന്‍ തടയുന്നത് ഇങ്ങനെയാണ്: “ഈ കാട് അതിന്റെതു കൂടിയാണ്.” തൂവലിനായി നീലമാക്കാവ് പക്ഷിയെ വെടി വെക്കാന്‍ തുടങ്ങുമ്പോഴും തുവാക്ക തടയുന്നു. ഇപ്പോള്‍ വെടി വെക്കരുത്. അത് അടയിരിക്കുന്ന തള്ളപ്പക്ഷിക്ക് കൊണ്ടാല്‍ ഇനിയും കിട്ടാവുന്ന തൂവുകളാണ് ഇല്ലാതാകുക. പുസ്തകത്തിന്റെ അന്ത്യത്തില്‍ഏതൊരു നല്ല നോവലിലും സംഭവിക്കുന്നത്‌ പോലെ, കഥാപാത്രങ്ങളില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്തിരിച്ചറിവുകളുടെമുന്‍ധാരണകള്‍ പൊളിച്ചെഴുതപ്പെടുന്നതിന്റെദുരന്തത്തിലൂടെയുള്ള വിമലിനീകരണത്തിന്റെ.   

 

കൗതുകകരമായ ഒട്ടേറെ സൂചനകള്‍ പുസ്തകത്തിലുണ്ട്. ആമാസോണിലെ ഒരു പ്രധാന നദിയായ റിയോ ഹംസ (Rio Hamza) ക്ക് ആ പേരു വന്നത് അതുകണ്ടുപിടിച്ചത് കോഴിക്കോട്ടുകാരനായ ഡോ. വി. എം. ഹംസയെന്ന പ്രസിദ്ധ ഭൌമശാസ്ത്രജ്ഞന്‍ ആണെന്നത് കൊണ്ടാണ്. ഗോത്രവര്‍ഗ്ഗക്കാരുടെ ലഹരി ഉപയോഗവും അതിനെ ആത്മീയ തലത്തിലെക്കുയര്‍ത്തുന്ന രീതിയും ഒട്ടൊരു കൌതുകം ജനിപ്പിക്കുന്നുണ്ട് അസ്‌ലമിലും കൂട്ടരിലും. അങ്ങനെയാണ് ‘വെളിപാടുകളുടെ വള്ളി’യും ‘അയാഹുആസ്കയും വിവരിക്കപ്പെടുന്നത്. ഗോത്രവര്‍ഗ്ഗക്കാരെ അനുകരിച്ചു നഗ്നത ആഘോഷിക്കുന്ന സാമുവേല്‍ ഒരാദിമ സ്വര്‍ഗ്ഗത്തിലേക്ക് രണ്ടാമതും ജനിക്കുന്ന പോലൊരു പശ്ചാത്ഗമന (atavistic) ഭാവം അനുഭവിക്കുന്നുണ്ട്. നാണമെന്നത് സദാചാര ബോധത്തിന്റെ സൃഷ്ടി മാത്രമാണെന്ന് അസ്‌ലം വിശദീകരിക്കുന്നു. തന്റെ സൃഷ്ടിയെ കുറിച്ചുള്ള ദൈവത്തിന്റെ അപകര്‍ഷബോധമാണ് മനുഷ്യന്റെ സദാചാര ബോധത്തിന് പിന്നിലെന്ന് അദ്ദേഹം കരുതുന്നു. ആദിവാസിയുടെ ദൈവങ്ങള്‍ക്ക് അത്തരം അപകര്‍ഷ ബോധമില്ല. പരിണാമത്തിന്റെ സ്വാഭാവികതയെ താളംതെറ്റിക്കുന്ന വേഗതയില്‍ പരിണമിച്ച മനുഷ്യന്‍ ഭക്ഷ്യ ശൃംഖലയെയും അതുവഴി പ്രകൃതി സന്തുലിതത്വത്തെയും തകിടം മറിച്ച പ്രകൃതിയുടെ ധൂര്‍ത്തനായ പുത്രനായി മാറി, അവന്‍ ‘ഏതു നിമിഷവും അട്ടിമറി നേരിട്ടേക്കാവുന്ന ... മൂഡനായ സ്വേച്ഛാധിപതിയെപ്പോലെയാണ്.” മനുഷ്യ സംസ്കൃതിയുടെ വികാസ ദശകളില്‍ കൃഷി തന്നെ ഒരര്‍ഥത്തില്‍ മോശമായി ബാധിച്ചുവെന്നു പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ആഹാരരീതിയില്‍ സഞ്ചാരവേളകളില്‍ നിന്ന് വ്യത്യസ്തമായി ഏകതാനത വന്നുപെടാനും ഇതരജീവികളെ ശത്രുക്കളായിക്കാണാനും അതിടയാക്കി. ഭൂമിയിലെ അവരുടെ അവകാശം മനുഷ്യന്‍ നിരസിച്ചു. സന്താനോത്പാദനം കൂടി. അലച്ചില്‍ വളരെ സ്വാഭാവികമായ ഘട്ടത്തില്‍ പ്രകൃതിദത്ത ഉദ്ധീപനങ്ങളുടെ ഉച്ചസ്ഥായിയില്‍ മാത്രം നടന്ന സംഗമങ്ങള്‍ ചിട്ടയായ ജീവിതത്തില്‍ വര്‍ദ്ധിച്ചു. അത് ജനസംഖ്യാവര്‍ദ്ധനകൂടുതല്‍ ഭൂമിയിലേക്ക്‌ കടന്നു കയറ്റം എന്നിവയ്ക്കൊക്കെ കാരണമായി. ബൌദ്ധിക ജീവിതം കൂടിയപ്പോള്‍ ശാരീരിക ആരോഗ്യം കുറഞ്ഞു. മനുഷ്യന്‍ ബാധ്യതകളുടെ നിത്യതോഴനായി. ഇത്തരം ശ്രദ്ധേയമായ നിരീക്ഷണങ്ങളാല്‍ സമ്പന്നമായ പുസ്തകംഎല്ലാ തരം വായനക്കാര്‍ക്കും ഹൃദ്യമായി അനുഭവപ്പെടുമെങ്കിലും നവയുവ വായനാസമൂഹത്തിന് (Young Adults) പ്രത്യേകമായും നിര്‍ദ്ദേശിക്കാവുന്ന ഒന്നായാണ് ഈ ലേഖകന് അനുഭവപ്പെട്ടത്.

 


 

Sunday, July 28, 2024

Maji by Haris Nenmeni (Malayalam Novel)

 ജലഭേരിയുടെ പുസ്തകം



2016- ലെ പൂര്‍ണ-ഉറൂബ് നോവല്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കൃതിയാണ് ഹാരിസ് നെന്മേനിയുടെ മാജിതീക്ഷ്ണമായ ഒരു സമകാലീനാവസ്ഥയോടു സത്യസന്ധമായി സംവദിക്കുന്ന ഈ കൃതി, 'യംഗ് അഡല്‍റ്റ്എന്ന് വിവക്ഷിക്കുന്ന വായനാ സമൂഹത്തെയാണ് ലക്ഷ്യം വെക്കുന്നത്എഴുത്തിന്റെ സാമൂഹികപ്രതിബദ്ധമായ ഒരു വഴിയാണ് ഹാരിസ് തെരഞ്ഞെടുത്തിരിക്കുന്നത്എന്നാല്‍ അത്തരം ഒരു നിരീക്ഷണത്തിന് ഉടനടി ഒരു കൂട്ടിച്ചേര്‍ക്കല്‍ ആവശ്യമുണ്ട്: ഒരു സോദ്ദേശ രചനയുടെ മുഷിപ്പന്‍ ചിട്ടവട്ടങ്ങള്‍ ഒരിടത്തും നോവലിന് ഒരു ബാധ്യതയാകുന്നില്ല എന്നുമാത്രമല്ല പാത്രസൃഷ്ടിയിലും ഇതിവൃത്ത പരിചരണത്തിലും കയ്യടക്കമുള്ള ഒരു നോവലിസ്റ്റിന്റെ സാന്നിധ്യം ഉടനീളം അനുഭവവേദ്യമാണ് ഇവിടെ.

കലാപം പൊട്ടിപ്പുറപ്പെട്ട ഒരു ദേശത്തുനിന്നു ഉടലിലേറ്റ മുറിവുമായി പലായനം ചെയ്യുന്ന യുവാവ്‌ സുരക്ഷിതമായ ഒരഭയ കേന്ദ്രത്തിലെത്തുന്നതോടെയാണ് പ്രമേയത്തിന്റെ കാതല്‍ വ്യക്തമാവുന്നത്പിന്നിട്ട വഴികളില്‍ കാണാനിടയായതൊന്നും മനുഷ്യസഹനത്തിന്റെ സീമകളില്‍ സ്വാഭാവികമായിരുന്നില്ല. ആള്‍ക്കൂട്ട വേട്ടയുടെ നടുക്കുന്ന ചിത്രങ്ങളും എന്തിനെന്നില്ലാത്ത ഹിംസയില്‍ ആറാടുന്ന മനുഷ്യരും ദാഹജലമില്ലാതെ വിണ്ടുകീറിയ, കാക്കക്കാലിന്റെ തണല്‍ പോലുമില്ലാത്ത വേനലിന്റെ നിഷ്ടൂരതയും പിന്നിട്ട് ബോധാബോധങ്ങള്‍ മുറിയുന്ന പലായനത്തിലൂടെ അയാളെത്തിച്ചേരുന്ന ഇടം, താന്‍ വിട്ടുപോന്ന ‘യുക്യായുക്തികതയെ കുറിച്ചു വ്യാകുലപ്പെടാത്ത’ കലാപ ഭൂമിയില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു സര്‍റിയല്‍ ഭൂമികയാണ്. സിയാറ്റില്‍ മൂപ്പന്റെ പ്രകൃതിബോധവും പ്രാകൃത വിവേകവും പര്‍വതങ്ങളെ കിളച്ചു മാറ്റാന്‍ ശ്രമിച്ച വിഡ്ഢിയായ ചൈനീസ് വൃദ്ധന്‍റെ ആത്മവിശ്വാസവും നിലനിര്‍ത്തുന്ന ഒരു വയോധികന്‍ അയാള്‍ക്ക്‌ ശുശ്രൂഷകനും രക്ഷകനും പോകെപ്പോകെ ഗുരുവും വഴികാട്ടിയും ആയിത്തീരുന്നുതാന്‍ കടന്നുപോന്ന കലാപം ഒരു ജലയുദ്ധമായിരുന്നു എന്നുംവറ്റിപ്പോയ നദിയാണ് അതിന്റെ ചിഹ്നമെന്നും അദ്ദേഹത്തിന്റെ വിവരണത്തില്‍ നിന്ന് അയാള്‍ക്ക് വൈകാതെ വ്യക്തമാകുന്നുബാബ എന്ന് വിളിക്കുന്ന വയോധികന്‍ തന്റെ ജനങ്ങള്‍ അനുഭവിക്കുന്ന ജലദൗര്‍ലഭ്യത്തിന് ഒരു പരിഹാരം കാണാനുള്ള ശ്രമത്തിലുമാണ്വയോധികന്റെ ഹൃദയ ശുദ്ധിയും ആത്മവിശ്വാസവും തായ് വയെ അഗാധമായി സ്വാധീനിക്കുന്നതോടെ അയാളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവാന്‍ അയാള്‍ തീരുമാനിക്കുന്നുതന്റെ എഞ്ചിനീയറിംഗ് ശിക്ഷണത്തിന്റെ കഴിവുകള്‍ വയോധികന്റെ മഹത്തായ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടി ഉപയോഗിക്കാമെന്ന തായ് വയുടെ നിലപാടിന് പിന്നില്‍ നോവലിന്റെ മറ്റൊരു സുപ്രധാന പ്രമേയപരിഗണന കൂടി കണ്ടെത്താനാകും: തന്റെ ജീവിതത്തിനു ഒരു ലക്ഷ്യവും അര്‍ത്ഥവും കണ്ടെത്തുകയെന്ന സ്വത്വാന്വേഷണത്തിനുള്ള മറുപടി കൂടിയാണ് യുവാവിനെ സംബന്ധിച്ചിടത്തോളം പിതൃസ്വരൂപം കൂടിയായ ബാബയോടു ചേരുന്നതിലൂടെ ലഭ്യമാകുന്നത്. മരണത്തിനു നിമിഷാര്‍ദ്ധം മുമ്പുവരെയുംജീവിതപ്പൊരുള്‍ പകര്‍ന്നുനല്‍കുംവിധം മുഷിപ്പിക്കാതെയും ഹ്രസ്വമായും എന്നാല്‍ സത്തചോരാതെയും കഥകള്‍ പറഞ്ഞു കൊടുക്കുമായിരുന്ന അമ്മയുടെ അതേ സിദ്ധി ബാബയില്‍ അയാള്‍ നിരീക്ഷിക്കുന്നുണ്ട്. പലായനത്തിന്റെ ഭീതിദമായ അനിശ്ചിതത്വത്തിലും തന്റെ ലോകവീക്ഷണത്തിന്റെ തൃക്കണ്ണായ ക്യാമറയും – നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ ചിത്രാലേഖന ശ്രമം പാളിപ്പോവുന്നുവെങ്കിലും- ബുദ്ധിജീവിതത്തിന്റെ ലക്ഷണമായ പുസ്തക കെട്ടുകളും കൈവിടാത്ത ചെറുപ്പക്കാരന്‍ പക്ഷെ ജീവിതം പഠിക്കുക നിസ്വനായ ഈ വയോധികനില്‍ നിന്നാണ് എന്നത് പ്രധാനമാണ്. ആത്മീയ പിതാവിനെ തേടുകയെന്ന സാഹിത്യത്തിലെ ക്ലാസ്സിക് പ്രമേയവുമായി തായ് വാ – ബാബാ ബന്ധത്തെ കണ്ണി ചേര്‍ക്കാം. പേരുകളിലുള്ള ബോധപൂര്‍വ്വമായ നിഗൂഡവല്‍ക്കരണം പോലെത്തന്നെകഥകളുടെ ആത്മാവു തേടുന്ന അന്യാപദേശവല്‍ക്കരണം നോവലില്‍ പ്രകടമാകുന്ന മറ്റൊരു സുപ്രധാന രീതി മിത്തുകള്‍ രൂപപ്പെടുത്തുന്ന ഭാവനയുടെ പ്രയോഗം ഏറെ ചാരുതയോടെ അങ്ങിങ്ങ് പ്രകടമാകുന്നതാണ്. ‘സൂര്യനെ വഹിക്കുകയാല്‍.. ഹനോവ മരത്തിന്റെ കാതല്‍ പോലുള്ള വര്‍ണ്ണം കൈവന്ന’ ശബലാന്‍ പക്ഷികള്‍ പോലുള്ള സങ്കല്പങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്.

കലാപം തകര്‍ത്തുകളയുന്ന ഗ്രാമാന്തരങ്ങളും പട്ടണങ്ങളും ഏതോ ദുസ്വപ്നത്തിലെന്നോണം കൂടിക്കലരുന്ന ഒരു ഭീഷണഭാവിചിത്രം (apocalyptic vision) നോവലാരംഭത്തില്‍ പ്രകടമാണെങ്കിലും അതേതാണ്ട് പശ്ചാത്തലത്തിലേക്ക് ഒതുങ്ങുന്നതാണ് പിന്നീടു സംഭവിക്കുന്നത്‌. നോവലിന്റെ യഥാര്‍ത്ഥ ഇതിവൃത്ത സംഘര്‍ഷം മറ്റൊന്നാണ്: എന്നാല്‍ അത് പിന്തുടരുമ്പോള്‍ വ്യക്തമാകുക കലാപങ്ങളുടെ പിന്നാമ്പുറം കൂടിയാണുതാനും. ബാബയും തായ് വായും ആ അടിസ്ഥാന പ്രശ്നത്തിനുള്ള പ്രതിവിധി കണ്ടെത്താനുള്ള നിശബ്ദവും സമര്‍പ്പിതവും ലാഭേച്ഛ തീണ്ടാത്തതുമായ തീവ്ര ശ്രമത്തിലാണ്. എന്നാല്‍ചെറിയ മനുഷ്യരുടെ വലിയ ശ്രമങ്ങള്‍ ഈ പിഴച്ച കാലത്ത് ലക്‌ഷ്യം കാണുക എളുപ്പമല്ല എന്നിടത്താണ് നോവലിന്റെ യഥാര്‍ത്ഥ സംഘര്‍ഷം ഉടലെടുക്കുന്നത്.

ഭീഷണമായ ജലദൌര്‍ലഭ്യ പ്രശ്നത്തിന് തികച്ചും ജനകീയമായ പരിഹാരം കണ്ടെത്തുന്ന വയോധികന്റെ ശ്രമം അട്ടിമറിക്കപ്പെടുന്നതാണ് നോവലിന്റെ പ്രധാന ഇതിവൃത്തധാരഉദ്യോഗസ്ഥ മേധാവിത്ത്വവും ഭരണകൂടവും എന്തിലും ലാഭേച്ഛമാത്രം കൈമുതലായുള്ള കോര്‍പ്പറേറ്റുകളും മാത്രമല്ലവലിയ വാക്കുകള്‍ പറയുകയും ജനപക്ഷമെന്നു എപ്പോഴും ആണയിടുകയും ചെയ്യുന്ന എന്‍.ജി. - കള്‍ പോലും യഥാര്‍ത്ഥ മാനുഷികദുരന്തങ്ങളില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ സൂക്ഷ്മതയോടെ നോവലില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്പ്രലോഭനങ്ങളും ചതിയും ഏതു തരം നെറികേടുകളും ഉപയോഗിച്ച് വയോധികന്റെ കണ്ടുപിടുത്തം തട്ടിയെടുക്കുന്നതില്‍ അവ മത്സരിക്കുകയും 'നായയെ നായ തിന്നുന്നമത്സരത്തില്‍ കൂടുതല്‍ കൌശലമുള്ളവന്‍ ജയിക്കുകയും ചെയ്യുന്നുഎന്നാല്‍ വയോധികന്‍ പകര്‍ന്നുനല്‍കുന്ന ജീവിതോന്മുഖതയുടെ പാഠം ഏത് കരിമ്പാറയില്‍നിന്നും ഒരു നീരുറവ പൊട്ടിപ്പുറപ്പെട്ടേക്കാം എന്നും അതിനായി ശ്രമിച്ചു കൊണ്ടേയിരിക്കുക എന്നതാണ് മനുഷ്യധര്‍മം എന്നുമുള്ളതാണ്.

നോവലിസ്റ്റിന്റെ കയ്യടക്കം ഏറ്റവും തെളിഞ്ഞു കാണാവുന്ന രണ്ടു ഭാഗങ്ങളെങ്കിലും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്: അതിലൊന്ന് ബാബയുടെ പൂര്‍വ്വാശ്രമമാണ്. സ്വന്തം കഥയിലോ പ്രവൃത്തിയിലോ ത്യാഗനാട്യം ഏതുമില്ലാത്ത വയോധികനില്‍നിന്ന് ആ കഥകള്‍ വാര്‍ന്നു വീഴുന്നത് മനുഷ്യ സംസ്കൃതിയുടെ വികാസ പരിണാമങ്ങളുടെ കൂടി കണ്ണാടിയായി മാറുന്നത് സൂക്ഷ്മ വായന ആവശ്യപ്പെടുംവിധം നോവലിസ്റ്റ് അവതരിപ്പിക്കുന്നു. കരകൌശലക്കാരുടെ കൂടെജിപ്സികളുടെ കൂടെഖനിത്തൊഴിലാളികള്‍ക്കൊപ്പം, കാറ്റുമാപിനിയുടെ കണക്കെടുപ്പുകാരന്റെ വേഷത്തില്‍, കഴുതകള്‍ക്കു വംശനാശം വരുത്തുന്ന വരിയുടക്കല്‍ വിദഗ്ധനായികുലവൈദ്യന്റെ അരുമ ശിഷ്യനായി‘അത്ഭുത സിദ്ധികളുള്ള ചികിത്സകനായി - അങ്ങനെയങ്ങനെ ദേവാസുര വേഷങ്ങള്‍ ഏറെ കെട്ടിയാടിയ ശേഷമാണ് ‘ദൈവത്തോടൊപ്പം തനിച്ചായിപ്പോയ’ പുതിയ നിയോഗവുമായി ഒരവധൂതനെപോലെ അയാള്‍ ‘ജലത്തിനു രക്തത്തെക്കാള്‍ വിലയുള്ള’ നോവലിന്റെ ഭൂമികയില്‍ എത്തുന്നത്. തുടയെല്ലുകള്‍ക്കു മാരകമായ പൊട്ടല്‍മാത്രം നല്‍കി തന്നോട് പൊറുക്കുകയായിരുന്നു ബുദ്ധിയില്ലായ്മയുടെ പര്യായമായി മനുഷ്യര്‍ കണക്കാക്കുന്ന കഴുതയെന്നു അയാള്‍ക്കൊരു തോന്നലുണ്ട്‌. അത്തരം പ്രാകൃത/ പ്രകൃതിദത്ത വെളിപാടുകളുടെ കൂടി നിറവിലാവാം അയാള്‍ തന്റെ നിയോഗം കണ്ടെത്തുന്നതും. ബാബയുടെ തിരിച്ചറിവുകളുടെ നേരെ എതിരറ്റത്താണ് നോവലിന്റെ ഇതിവൃത്തസംഘര്‍ഷങ്ങളുടെ നിദാനമായ കോര്‍പ്പൊറേറ്റ് – എന്‍.ജി.ഓ. കൂട്ടുകെട്ടുകളിലെ ചതിക്കുഴികളും അവിടെ കാണാവുന്ന കഥാപാത്രങ്ങളും. ‘കുത്തകകള്‍ക്കും കടന്നു കയറ്റങ്ങള്‍ക്കുമെതിരെ ഒരു ബദല്‍’ എന്ന സ്വദേശി മുദ്രാവാക്യത്തോടെ തുടങ്ങിയ എന്‍.ജി.ഓ. പ്രവര്‍ത്തനം, കൂടുതല്‍ ദയാരഹിതമായ മനുഷ്യ-പ്രകൃതി ചൂഷണത്തിനും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കുമുള്ള മറയായി ഉപയോഗിക്കുന്ന തായ് വയുടെ പഴയ സതീര്‍ത്ഥ്യന്‍ എറ്റോ, വിപ്ലവാശയങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന പഴയ കാലത്തെ ‘ഇഡിയോട്ടിക് റൊമാന്റിസത്തിന്റെ കാലം’ എന്നു നിന്ദിക്കുന്നു. ഋജുമാനസരായ ബാബയെയും തായ് വയെയും സമര്‍ത്ഥമായി ചതിച്ച് അവരുടെ കണ്ടുപിടുത്തം മൂലധനതാല്‍പ്പര്യത്തിനു വേണ്ടി മോഷ്ടിക്കുന്ന കോര്‍പ്പൊറേറ്റ്- എന്‍.ജി.ഓ- ബ്ര്യൂറോക്രസി കൂട്ടുകെട്ടിന്റെ കരുനീക്കങ്ങള്‍ അവതരിപ്പിക്കുന്നതിലും നോവലിസ്റ്റ് മികച്ച നിരീക്ഷണപാടവം പ്രകടിപ്പിക്കുന്നുണ്ട്. നേരിയ നീറ്റലായി തായ് വയുടെ യുവ ഹൃദയത്തെ കോറിവലിക്കുന്ന ‘ചാരസുന്ദരിയും ഒരുനാള്‍ പരിചയത്തിന്റെ മറവില്‍ ഒറ്റിക്കൊടുക്കുന്ന യുവാക്കളും എപ്പോഴും കണ്‍തുറന്നിരിക്കുകയെന്നു നിസ്സഹായതയോടെ ഓര്‍മ്മിപ്പിക്കുക മാത്രംചെയ്യുന്ന മനസ്സാക്ഷിയുടെ കുത്തല്‍ അനുഭവിക്കുന്ന മുതിര്‍ന്ന സെക്രട്ടറി സ്ത്രീയും മാത്രമല്ലസാങ്കേതികതയുടെയും സാക്ഷ്യപത്രങ്ങളുടെയും വൈതാളികരായി പ്രത്യക്ഷപ്പെടുന്ന തദ്ദേശവകുപ്പു മേധാവികളുംവരെ ഉള്‍കൊള്ളുന്ന അവിശുദ്ധ കൂട്ടുകെട്ട് ഒരു ‘ഇന്‍ സൈഡര്‍ക്കു മാത്രം കഴിയുന്നവിധം ഹ്രസ്വവും ന്യൂനോക്തിയിലും ആവിഷ്കരിക്കാന്‍ നോവലിസ്റ്റിനെ സ്വന്തം ഔദ്യോഗിക ജീവിതപശ്ചാത്തലം സഹായിച്ചിട്ടുണ്ട് എന്നു വരാം.   

സ്ഥലനാമങ്ങളും കഥാപാത്രങ്ങളുടെ പേരുകളും ആവിഷ്ക്കരിക്കുന്നതില്‍ നോവലിസ്റ്റ്‌ ബോധപൂര്‍വമായ ഒരു അസാധാരണത്വം നിലനിര്‍ത്തിയിട്ടുണ്ട് എന്ന് മുകളില്‍ സൂചിപ്പിച്ചു. നൈജീരിയന്‍ നോവലിസ്റ്റ് സെഫി അത്തയുടെ വിഖ്യാത കൃതിയുമായി (Everything Good Will Come)  എന്തെങ്കിലും സാഹിതീയ ബന്ധമുണ്ടോ നോവലിന് എന്ന് ചിന്തിച്ചുപോയി 'എനിറ്റാന്‍', 'തായ് വോ' തുടങ്ങിയ പേരുകള്‍ കണ്ടപ്പോള്‍. എന്നാല്‍ പോസ്റ്റ്‌കൊളോണിയല്‍ നൈജീരിയയില്‍ മുതിര്‍ന്നു വരവിന്റെ കഠിനപാഠങ്ങള്‍ പിന്നിടേണ്ടി വരുന്ന എനിറ്റാന്‍ തായ് വോ എന്ന പെണ്‍കുട്ടിയുടെ കഥയുമായി അത്തരം ബാന്ധവമൊന്നും നോവലിനില്ല. അതേ സമയം,  നോവലില്‍ പാത്രങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും എഴുത്തുകാരന്‍ നല്‍കുന്ന സാങ്കല്‍പ്പിക ഫിക്ഷനല്‍ ഭാഷപ്രകാരം ബാബയുടെ യഥാര്‍ത്ഥ പേരായ ‘എനിറ്റാന്‍’ എന്ന വാക്കിന് ‘നന്നായി കഥ പറയുന്നവന്‍’ എന്നാണ് അര്‍ത്ഥമെന്നു വ്യക്തമാക്കപ്പെടുന്നുണ്ട്. ഇത് പ്രസ്തുതപദത്തിന്റെ യൊറൂബാ മൊഴിയര്‍ത്ഥം തന്നെയാണ്, ആഫ്രിക്കന്‍ പാരമ്പര്യത്തില്‍ സമൂഹത്തിലെ സമാദരണീയമായ സ്ഥാനവും. സാമാന്യേന മലയാളിക്ക് കേട്ടു കേള്‍വി പോലുമല്ലാത്ത,  ഭാഷയോ ദേശമോ പ്രതിഫലിക്കാത്ത പേരുകള്‍ ഉടനീളം തെരഞ്ഞെടുത്തിട്ടുള്ളത് നോവലിന്‍റെ ഇതിവൃത്തം ഏത് ദേശത്തിലും ഏതു ജനതയിലും സംഭവ്യമാണ് എന്നു സൂചിപ്പിക്കുന്നതോടൊപ്പം ദൃഷ്ടാന്തകഥയുടെ സാര്‍വജനീനത പകര്‍ന്നുനല്‍കുകയും നോവലിന് ഒരു ഡിസ്റ്റോപ്പിയന്‍,  പ്രവചനസ്വഭാവം നല്‍കുകയും ചെയ്യുന്നുവയോധികന്‍ പ്രതിനിധാനം ചെയ്യുന്ന ജീവിതസമര്‍ത്ഥന മൂല്യങ്ങള്‍ ഈ ഇരുണ്ട യാഥാര്‍ത്ഥ്യബോധത്തെ മറികടന്ന് കുതിച്ചുനില്‍ക്കുന്നു എന്നിടത്താണ് നോവല്‍ ഇളംമുറ വായനക്കാരുടെ മണ്ഡലത്തെ സാര്‍ത്ഥകമായി അഭിസംബോധന ചെയ്യുന്ന ഒന്നായിത്തീരുന്നത്ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താനും നിരാശയുടെ പടുകുഴിയില്‍ വീണുപോകുന്ന യുവാവായ തായ് വയെ ഇനിയുമൊരു നല്ല പ്രഭാതം സാധ്യമാണ് എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കാനും കഴിയുന്ന ബാബയുടെ ജീവിതവീക്ഷണം എത്രയും പ്രസന്നമാണ്. കോര്‍പ്പൊറേറ്റ് ഭീമന്‍ തങ്ങളുടെ മോഡലിനു പേറ്റന്റ് നേടുന്നു എന്ന വിഷമമല്ലനമുക്ക് കഴിയാത്തവിധം അവരത് ലോകമെങ്ങും എത്തിക്കുകയും ആളുകള്‍ക്ക് പ്രയോജനപ്പെടുംവിധം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുമല്ലോ എന്നുപോലും തായ് വയെ സമാധാനിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്. ഗ്രാമങ്ങളിലേക്ക് കുടിനീരെത്തിക്കാന്‍ തങ്ങളുണ്ടാക്കിയ സംവിധാനങ്ങള്‍ അധികൃതര്‍ തള്ളിത്തകര്‍ക്കുന്നതാണ്തങ്ങളുടെ കണ്ടുപിടുത്തത്തിന്റെ പേര്/പേറ്റന്റ് കിട്ടാത്തതിലല്ല അയാള്‍ ഖിന്നനാകുക. സെക്രട്ടറി സിബാന്തയുടെ ഭാഷയില്‍‘എല്ലാവരും എപ്പോഴും കടന്നുകയറുന്നതിനെപ്പറ്റി മാത്രം വിചാരപ്പെടുന്ന’ ലോകത്ത് ബാബയുടെ സന്ദേശം അറുപഴഞ്ചനാണ്നിത്യനൂതനവും.

മാജി എന്ന പദം 'ജലംഎന്നാണ് അര്‍ത്ഥമാക്കുന്നത് എന്ന് നോവലില്‍ വ്യക്തമാക്കുന്നുണ്ട്.  'ജലം ജീവനാണ് ' എന്ന സത്യമാണ് നോവല്‍ ആവിഷ്ക്കരിക്കുന്നത്‌ഒപ്പം പ്രകൃതിക്കുമേലുംപ്രകൃതി വിഭവങ്ങള്‍ക്കുമേലും ഏതുതരം അവകാശമാണ് മനുഷ്യനുള്ളത് എന്ന ഏറ്റവും പ്രാഥമികമായ ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നുപോസ്റ്റ്കൊളോണിയല്‍നിയോകൊളോണിയല്‍ സാഹിത്യത്തിലെ നിതാന്ത പ്രമേയമായ ‘വിഭവശാപം’ (resource curse) അനുഭവിക്കുന്ന ജനതയുടെ പരിഛേദം കൂടിയാവുന്നുണ്ട് ജലസമൃദ്ധിയുടെ പേരില്‍ കോര്‍പ്പോറേറ്റുകളുടെ കഴുകന്‍കണ്ണില്‍ പെട്ടുപോകുന്ന ‘മാജിയിലെ ഭൂമിക. എന്നാല്‍കേവലമായി ഏതെങ്കിലും ഉത്ബോധനസ്വഭാവമുള്ള പ്രശ്നത്തിലേക്ക് ഊന്നുകയുമല്ല നോവലിസ്റ്റ്‌.  ആഗോളവല്‍ക്കരണത്തിന്റെ വിപരീതഫലങ്ങള്‍കോര്‍പ്പൊറേറ്റ് താല്പര്യങ്ങള്‍ക്കായി വേഷപ്രച്ഛന്നമായി നടപ്പിലാക്കപ്പെടുന്ന കുടിയറക്കുകള്‍വിത്തുകളിലെ ജനിതകമാറ്റം പോലുള്ള ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന സാമ്രാജ്യത്വാധിനിവേശങ്ങള്‍ തുടങ്ങിനഗരവിഴുപ്പുകള്‍ ഗ്രാമങ്ങള്‍ പേറേണ്ടതാണ് എന്ന ആധുനികോത്തര വികസന വേദാന്തംവരെ നോവലില്‍ സൂക്ഷ്മമായി ഭേദ്യം ചെയ്യപ്പെടുന്നുണ്ട്ഇതെല്ലാം ചെയ്യുന്നതാവട്ടെരസച്ചരടുമുറിയാത്ത ഒരു കഥപറച്ചിലിന്റെ ഒഴുക്കും ശില്‍പ്പഭദ്രതയും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് എന്നതും എടുത്തുപറയേണ്ടതാണ്.

 

 കൂടുതല്‍ വായനക്ക്:

നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html

 

ദേശത്തിന്റെ ജാതകം കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2017/02/blog-post.html

അസൂറ - കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

നദിളാകാന്‍ ക്ഷണിക്കുന്നു ബാലന്‍ വേങ്ങര

https://alittlesomethings.blogspot.com/2024/06/nadikalaakaan-kshanikkunnu-by-balan.html

Afghan Pranayakalam by Sumod (Malayalam)

https://alittlesomethings.blogspot.com/2024/09/afghan-pranayakalam-by-sumod-malayalam.html

Sunday, August 30, 2015

Bamboo People by Mitali Perkins

മുള മനുഷ്യര്‍ - സംഘര്‍ഷ ഭൂമിയിലെ കൗമാരങ്ങള്‍.


1948-ല്‍ ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വതന്ത്രമായ ബര്‍മ്മ, വിവിധ ഗോത്ര/ വംശീയവിഭാഗങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ കൊണ്ട് നിറഞ്ഞതെങ്കിലും 1962ലെ പട്ടാള അട്ടിമറി വരെയും ഒരു കേന്ദ്രീകൃതഭരണത്തിന്‍ കീഴിലായിരുന്നു. എല്ലാ തരം പൗര- മാധ്യമ സ്വാതന്ത്ര്യങ്ങളെയും അട്ടിമറിച്ച പട്ടാള ഭരണം അതിന്റെ കിരാത നടപടികള്‍ക്ക് ഏറ്റവും വലിയ മാതൃക ചമച്ചത് 1988 ആഗസ്റ്റ്‌ 8 (8/8/88)നു സമാധാന പരമായി നടന്ന അഹിംസാത്മക ബഹുജന മാര്‍ച്ചിലേക്ക് ഇരമ്പിയെത്തിയ സൈന്യം നടത്തിയ കൂട്ടക്കുരുതിയിലൂടെയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആയിരകണക്കിനു ആളുകള്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ തടവിലാക്കി കൊടിയ പീഠനങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്തു. ആങ് സുന്‍ സ്യുകിയുടെ ജനാധിപത്യ മുന്നേറ്റവും വീട്ടുതടങ്കലും എല്ലാം ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഇന്നും തുടരുന്ന ഗോത്ര ജനതയുടെ ചെറുത്തു നില്‍പ്പും പാലായന ദുരന്തങ്ങളും ലോകത്തിലെ ഏറ്റവും കൂടുതല്‍ ബാലയോദ്ധാക്കളെ (child soldiers) സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും ഒരു കാലത്ത് 'ഏഷ്യയുടെ നെല്‍പാത്രം'(rice bowl of Asia) ആയിരുന്ന, പ്രകൃതി, ജൈവ സമ്പന്നതയുടെ പ്രതീകമായിരുന്ന, ദക്ഷിണ പൂര്‍വ്വ ഏഷ്യയിലെ ഏറ്റവും സാക്ഷരതയുണ്ടായിരുന്ന ഈ കൊച്ചു ഭൂപ്രദേശത്തെ ഇന്ന് അതിന്റെയൊക്കെ നേരെതിരറ്റത്തു ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും വികലാംഗരുടെയും പരസ്പരം ഇണങ്ങാത്ത തുരുത്ത് സമൂഹങ്ങള്‍ ആക്കി മാറ്റിയിരിക്കുന്നു.

പരിഷ്കൃതരുടെ മുന്‍ വിധികള്‍:

സമകാലിക ബര്‍മ്മയുടെ വംശീയ സംഘര്‍ഷ പശ്ചാത്തലത്തില്‍ രണ്ടു വിഭാഗങ്ങളില്‍ പെട്ട രണ്ടു കൗമാരക്കാരുടെ ജീവിതത്തിലൂടെ, സംഘര്‍ഷഭൂമിയിലെ 'മുതിര്‍ന്നു വരവിന്റെ' (coming-of-the-age) കഥ പറയുകയാണ്‌ കൊല്കത്തയില്‍ ജനിച്ചു ഘാന, കാമറൂണ്‍, മെക്സിക്കോ, ബംഗ്ലാദേശ്, തായ് ലാന്‍ഡ് കാലിഫോര്‍ണിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി പാര്‍ക്കുകയും ഇപ്പോള്‍ മസ്സാച്ചുസെറ്റ്സില്‍ സ്ഥിര താമസമാക്കുകയും ചെയ്തിട്ടുള്ള മിതാലി പെര്‍കിന്‍സ്. ഹൃസ്വ ദ്രിഷ്ടിയായ ചികോ എന്ന ബര്‍മീസ്‌ പതിനഞ്ചുകാരന്‍ ഗോത്ര വിഭാഗങ്ങളെ ശത്രുക്കളായി കാണുന്നതിന്റെ പൊള്ളത്തരത്തെ കുറിച്ച് മനുഷ്യ സ്നേഹിയായ ഡോക്ടര്‍ ആയിരുന്ന അച്ഛന്‍ നല്‍കിയ പാഠങ്ങളില്‍ വിശ്വസിക്കുന്ന, കായിക ബലം കുറഞ്ഞ പുസ്തകപ്രേമിയാണ്. 'കുട്ടിപ്പട്ടാള'ത്തിലേക്ക് അവനെ റിക്രൂട്ട് ചെയ്യാന്‍ ഏതു നിമിഷവും എത്തിയേക്കാവുന്ന സൈനികരെ ഭയന്ന് ഏതാണ്ട് വീട്ടുതടങ്കലിലാണ് അമ്മ അവനെ വളര്‍ത്തുന്നത്. 'ദേശദ്രോഹി' എന്ന കുറ്റം ചാര്‍ത്തി മാസങ്ങള്‍ക്ക് മുമ്പ്‌ അവരുടെ കണ്മുന്നില്‍ വെച്ചാണ് അച്ഛനെ പട്ടാളം അറസ്റ്റ്‌ ചെയ്തു കൊണ്ട് പോയത്. ഇപ്പോള്‍ അദ്ദേഹത്തിനെന്തു സംഭവിച്ചു എന്നത് അവരുടെയും, ഡോ വിഡോ എന്ന അയല്‍ക്കാരി മുത്തശ്ശിയുടെയും മറ്റെല്ലാവരുടെയും നെഞ്ചിലെ തീയാണ്. ജയിലില്‍ അച്ഛന്റെ ചിലവിലേക്കായി പണം അയക്കേണ്ട ഗതികേടും സ്വതേ ദരിദ്രരായ അവര്‍ക്കുണ്ട്. അത് കൊണ്ടാണ്, അപകട സാധ്യതയുള്ളതെങ്കിലും പത്രപ്പരസ്യം കണ്ടു ചികോ അധ്യാപകജോലിക്ക് ശ്രമിക്കുന്നത്. ഭയപ്പെട്ടപോലെ അതൊരു ചതിയായിരുന്നുവെന്നു തിരിച്ചറിയുക സൈനിക ക്യാമ്പിലേക്ക് ആട്ടിത്തെളിക്കപ്പെടുമ്പോഴാണ്. കൂടെ തടവിലാക്കപ്പെടുന്ന കുട്ടികളില്‍ തെരുവിന്റെ പുത്രനായ തായ്, അവനു ജീവിത പാഠങ്ങളില്‍ ഇനി വഴികാട്ടിയാവും. സഹോദരി സവാതി തെരുവില്‍ അതിജീവിക്കുന്നതിനെ കുറിച്ചുള്ള ആകാംക്ഷകളില്‍ എങ്ങനെയും രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ തായ്‌ അപകടങ്ങളിലും കൊടിയ പീഠനങ്ങളിലും പെട്ടുപോവുന്നുണ്ട്. ക്യാമ്പിലെ ശിക്ഷാമുറകളുടെ കാഠിന്യത്തെ കുറിച്ച് പരാതിപ്പെടുന്ന ചികോയോടു അവന്‍ പറയുന്നുണ്ട്: “ഇതാണോ കടുപ്പം? ഒരാഴ്ച തെരുവില്‍ കഴിയാന്‍ ശ്രമിക്കൂ" പോരാന്‍ നേരം ഡോ വിഡോ അവന്റെ ഉള്‍പോക്കറ്റില്‍ വെച്ചിരുന്ന അച്ഛന്റെയും കളിക്കൂട്ടുകാരി ലെയുടെയും ചിത്രങ്ങള്‍ അവനു ആശ്വാസവും ജീവിത പ്രതീക്ഷയുമാവും. അവനു താങ്ങാനാവാത്ത ശിക്ഷാമുറകള്‍ അവനു പകരം ഏറ്റുവാങ്ങുന്ന തായ്‌, പിന്നീട് അവനു ശിഷ്യപ്പെടുകയും, എഴുതാനും വായിക്കാനും പഠിക്കുകയും ചെയ്യും. ആദ്യം കളിയാക്കലിന്റെ ഭാഗമായി 'ടീച്ചര്‍' എന്ന് വിളിക്കപ്പെടുന്നുവെങ്കിലും പിന്നീട് ക്യാമ്പിലെ മേധാവി ഉതാ ദിന്‍ തനിക്ക് ആവശ്യമായ എഴുത്തുകുത്തുകള്‍ നടത്താന്‍ നിയോഗിക്കുമ്പോള്‍ അമ്മക്ക് രഹസ്യമായി ഒരു സന്ദേശം അയക്കാനും തായ്‌ എപ്പോഴും വിഷമിക്കുന്ന സവാതിന്റെ സംരക്ഷണ ചുമതല അമ്മയെ ഏല്‍പ്പിക്കാനും അവനു അവസരം കിട്ടുന്നു. തന്റെ അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അവന്‍ അറിയുന്നതും അങ്ങനെയാണ്. ഒടുവില്‍, ഇരുസുഹൃത്തുക്ക ളെയും അകാരണമായി വെറുക്കുന്ന മേലുദ്യോഗസ്ഥന്‍ ('Captain Evil' എന്ന് തായ്‌) കാരണം അതീവ അപകടകരമായ ഒരു ദൗത്യത്തിന് തായ്‌ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അവനെ കത്തിടപാടുകള്‍ നടത്താന്‍ ക്യാമ്പില്‍ ആവശ്യമുണ്ടെന്നും അത് കൊണ്ട് താന്‍ പകരം വരാമെന്നും ചികോ സ്വയം സന്നദ്ധനാവുന്നത് തന്റെ സഹോദര തുല്യനായ സുഹൃത്തിനോടുള്ള പ്രത്യുപകാരമാണ്.

ചികോയുടെ കഥയ്ക്ക് സമാന്തരമായി കാരെന്നി ഗോത്ര ബാലന്‍ റ്റൂറേയുടെ ആഖ്യാനത്തിലേക്ക് നമ്മള്‍ നോവലിന്റെ രണ്ടാം പകുതിയില്‍ എത്തിച്ചേരുന്നു. സൈനികര്‍ പിടിച്ചു കൊണ്ടുപോയാണ് ഉള്‍വനങ്ങളിലേക്ക് നഗരബാലനായ ചികോ എത്തിച്ചേരുന്നതെങ്കില്‍, ഇവിടെ റ്റൂറേ തന്റെ പിതാവിനോടും രണ്ടുമൂന്നു ഗോത്ര യോദ്ധാക്കളോടും ഒപ്പം ഉള്‍വനങ്ങളിലുള്ള ക്യാമ്പിലേക്ക് മരുന്നും മറ്റും എത്തിക്കുക എന്ന ദൗത്യത്തിലാണ്. യാത്രക്കിടെ, തങ്ങളെ പിന്‍തുടരുന്ന ശത്രുസംഘം മൈന്‍ പാടത്ത് അപകടത്തില്‍ പെടുന്നതും ഒരാളൊഴിച്ച് ബാക്കിയെല്ലാവരും മരിക്കുന്നതും, തുടര്‍ന്ന് അതീവ ഗുരുതരമായി പരിക്കേറ്റ ശത്രുയോദ്ധാവിന്റെ ജീവന്‍ രക്ഷിക്കുകയെന്ന ദൗത്യം അച്ഛന്‍ റ്റൂറേയെ എല്‍പ്പിക്കുന്നതുമാണ് അവന്റെയും ചികൊയുടെയും ജീവിതങ്ങളെ ഇഴ കോര്‍ക്കുന്നത്. ചികൊയുടെ അച്ഛന്‍ നല്‍കിയിരുന്ന മാനവിതയുടെ പാഠങ്ങള്‍ തന്നെയാണ് കരേന്നി ഗോത്ര സംസ്കൃതിയുടെ ഭാഷ്യത്തില്‍ റ്റൂറേയുടെ അച്ഛനും തന്റെ മകന് പകര്‍ന്നു നല്‍കുന്നത്. സ്വന്തം ജനതയെ കൊന്നൊടുക്കുന്ന സൈനികരുടെ പ്രതിനിധി എന്ന നിലയില്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കണോ അതോ മുറിവേറ്റ മനുഷ്യനോട് ദയ കാണിക്കുകയെന്ന ഗോത്ര നൈതികത പുലര്‍ത്തണമോ എന്ന അവന്റെ സംത്രാസത്തിനു മുമ്പില്‍ , ഒരു കാരെന്നി സ്വയം തീരുമാനം കൈക്കൊള്ളണമെന്ന് പ്രചോദിപ്പിക്കുന്ന അച്ഛന്‍, മകന്റെ നീതിബോധത്തില്‍ വിശ്വസിക്കുന്നുണ്ട്. ആ വെല്ലുവിളി ഏറ്റെടുക്കുന്ന റ്റൂറേയെക്കാത്ത് പഴയ സുഹൃത്തിന്റെതുള്‍പ്പടെ കടുത്ത വിമര്‍ശനങ്ങളും ഒറ്റുകാരന്‍ എന്ന ആരോപണവും കാത്തിരിപ്പുമുണ്ട്. അവയെ ഒക്കെയും സ്വന്തം ധാര്‍മ്മിക ബോധ്യം കൊണ്ടും അതേ ബോധ്യങ്ങള്‍ പങ്കു വെക്കുന്ന അമ്മയും സഹോദരിയും കൂട്ടുകാരും നല്‍കുന്ന പിന്തുണ കൊണ്ടും അവനു അതിജീവിക്കാനാവുന്നത് കൊണ്ടുമാണ്, തായ്‌- ചികോ സാഹോദര്യം പോലെ ചികോ- റ്റൂറേ സാഹോദര്യവും വംശീയതകള്‍ക്ക് കുറുകെ ഉണരുന്ന മാനുഷിക നന്മയുടെ കണ്ണാടിയാവുന്നതും, ചികോക്ക് തന്റെ കുടുംബത്തിലേക്കും പ്രണയത്തിലേക്കും , കൃതൃമ കാലിലെങ്കിലും, ജീവിതം തിരിച്ചു പിടിക്കാനാവുന്നതും. മുമ്പ് തന്റെ അച്ഛന്റെ തന്നെ ശിഷ്യയായിരുന്ന ഡോക്ടര്‍ ആന്റിയുടെ കൂടെ, റ്റൂറേയുടെ ഏക സമ്പാദ്യമായ കോവര്‍ കഴുതപ്പുറത്തേറി നാട്ടിലേക്ക് തിരിക്കുമ്പോള്‍ അവന്‍ നല്‍കുന്ന വാക്കും അതാണ്‌: തിരിച്ചെത്തിയാല്‍ ഗോത്ര വിഭാഗങ്ങള്‍ക്കെതിരിലുള്ള നാട്ടുകാരുടെ മുന്‍ വിധികളെ മറികടക്കാന്‍ അവനെപ്പോഴും അവരെ പ്രേരിപ്പിക്കും.

മുളന്തണ്ട് പോലെ, കാട്ടുപച്ച പോലെ:

ഇളം പ്രായക്കാര്‍ക്കു വേണ്ടിയുള്ള പുസ്തകങ്ങള്‍ കനം കുറഞ്ഞ ഫാന്റസി ലോകമോ ശുഭാന്ത്യങ്ങള്‍ ഉറപ്പു നല്‍കുന്ന അതിവൈകാരിക നാടകീയത മുറ്റിയ രചനകളോ ആയിരിക്കണം എന്ന അലിഖിത നിയമങ്ങള്‍ക്ക് ആഹ്ലാദകരമാം വിധം അപ്പുറത്താണ് മിതാലി പെര്‍കിന്‍സിന്റെ 'മുള മനുഷ്യര്‍'. ഗോത്ര വിഭാഗങ്ങളെ അടിച്ചമര്‍ത്തി അവരുടെ ഭൂമിയും ജീവിതവും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും തലമുറകളായി ഇവിടെ ജീവിച്ച അവര്‍ക്ക് ഈ നാട്ടില്‍ അവകാശമുണ്ടെന്നും മകനെ പഠിപ്പിക്കുന്ന ചികൊയുടെ അച്ഛനും, 'അവര്‍എല്ലാവരും, സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ , മനസ്സാക്ഷിയില്ലാത്ത കൊലപാതകികളാണ് . അവര്‍ ബര്‍മീസ്‌ ഭാഷയേയും നമ്മുടെ ബുദ്ധ മതത്തെയും വെറുക്കുന്നു' എന്ന് പുതിയ റിക്രൂട്ടുകളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുന്ന ക്യാപ്റ്റനും ഗോത്ര ജനതയെ കുറിച്ചുള്ള പരിഷ്കൃത ബര്‍മ്മീസ് സമൂഹത്തിന്റെ വീക്ഷണങ്ങളിലെ എതിരറ്റങ്ങളാണ്. ഹിംസയുടെ പ്രവണത ആസ്വാദ്യമാവുന്നതിന്റെ അപകടത്തെ കുറിച്ച് ചികോ ബോധാവനാവുന്ന ഒരു നിമിഷം നോവലില്‍ കടന്നു വരുന്നുണ്ട്. ക്യാമ്പില്‍ വെച്ച് കിക്ക്‌ ബോക്സിംഗ് പരിശീലന ഘട്ടത്തില്‍ എതിരാളിയുടെ മേല്‍ നന്നായി തിളങ്ങാന്‍ കഴിയുന്ന സമയം അനുഭവപ്പെട്ട സന്തോഷമാണത്. അവന്‍ സ്വയം ഓര്‍മ്മിപ്പിക്കുന്നു: 'ചികോ, ശ്രദ്ധിക്കണം. നീ ഇത് ഇഷ്ടപ്പെട്ടുതുടങ്ങിയേക്കാം.' യുവ മനസ്സുകളെ കുടുസ്സു ദേശീയതയും ഹിംസാത്മകതയും കീഴ്പ്പെടുത്തുന്ന സൈനിക പരിശീലന തന്ത്രങ്ങളാണ് ഇവ. അക്ഷരജ്ഞാനത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്ന ചികൊയോടു ഒരു ഘട്ടത്തില്‍ തായ്‌ ഓര്‍മ്മിപ്പിക്കുന്നുണ്ട്: 'എല്ലാം ചെയ്യാനൊന്നും വായന സഹായിച്ചേക്കില്ല, ഏട്ടാ.'

ചികോ - തായ്‌ ഹൃദയ ബന്ധത്തിന്റെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന മാനുഷികതയുടെയും കൂടുതല്‍ ജൈവമായ പ്രസരണം റ്റൂറേയുടെയും അച്ഛന്റെയും വിനിമയങ്ങളിലാണ് നാം കാണുന്നത്. മുറിവേറ്റ ശത്രുവിനെ വെറുക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, 'അവര്‍ നമ്മുടെ സമൂഹത്തോട് ചെയ്തത്' എന്ന പതിവ് മറുപടി നല്‍കുന്നതിന് പകരം 'പേഹ്' (അച്ഛന്‍) അവനോടു പറയുന്നുണ്ട്: 'വെറുപ്പ്‌ നിറഞ്ഞ മനുഷ്യന്‍ ഒരു തോക്ക് പോലെയാണ്, മകനേ.. അയാളെ ഒരൊറ്റ കാര്യത്തിനെ കൊള്ളൂ - കൊല്ലാന്‍.' മുള എന്ന പ്രകൃതി വിഭവം ഗോത്ര ജീവിതത്തെ സമഗ്രമായി എങ്ങനെ പ്രതിനിധാനം ചെയ്യുന്നു എന്ന്കൂടി വ്യക്തമാക്കുന്ന ഈ ഭാഗമാണ് നോവലിന്റെ നൈതിക ദര്‍ശനത്തിന്റെ ഉത്തുംഗം. 'നിനക്ക് ഒരു വന്യ മൃഗത്തെ മുള കൊണ്ട് കൊല്ലാം.' 'മുവ (അമ്മ) അത് കൊണ്ട് പാചകം ചെയ്യും... നമ്മള്‍ അതില്‍ നിന്ന് മരുന്നുണ്ടാക്കും. കുട്ടകള്‍. വീടുകള്‍. ചങ്ങാടങ്ങള്‍. പലതും' 'ശരിയാണ്. അത് കൊണ്ടാണ് ഞാന്‍ മുളയെ പോലെ കഴിയാന്‍ പോവുന്നത്, റ്റൂറേ. എന്നെ ഒരു പാട് കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം, ഒരൊറ്റ കാര്യത്തിനാവരുത്.' ഇതൊക്കെയും പറഞ്ഞ ശേഷവും 'ഒരു കാരെന്നി കാര്യങ്ങള്‍ സ്വയം തീരുമാനിക്കണം' എന്ന് ഉത്തരവാദിത്തം മകന് തന്നെ നല്‍കുന്ന അച്ഛന്‍, മാനുഷികതയുടെ ബോധ്യങ്ങള്‍ സ്വയം ഊട്ടിയുറപ്പിക്കേണ്ടതാണ് എന്നുകൂടിയാണ് കൌമാരക്കാരനോട് പറഞ്ഞു വെക്കുന്നത്. 'ഒരു തീരുമാനം മറ്റൊന്നിലേക്ക് നയിക്കും.' എന്നെങ്കിലും തായ്‌ ലാന്റിലേക്ക് രക്ഷപ്പെടണം എന്ന മോഹം നടക്കില്ലെന്നും ബര്‍മീസ്‌ പട്ടാളത്തിന്റെ കയ്യില്‍ ഓടുങ്ങാനേ അതിടയാക്കൂ എന്നും റ്റൂറേക്കറിയാം. അതുകൊണ്ടാണ് തന്റെ മോഹങ്ങളെ അവന്‍ ഇങ്ങനെ ചുരുക്കുന്നത്: 'ഇത്തിരി ഭൂമി, കുറച്ചു നെല്ല്, ഒരു കുടുംബം, ഒരു വീട്. അത്ര മതി.' പക്ഷെ സംഘര്‍ഷ ഭൂമിയില്‍ അതെത്ര വലിയ സ്വപ്നമാണെന്ന് അവനറിയാം.

ബര്‍മ്മയുടെ ചരിത്രത്തിന്റെയും വര്‍ത്തമാന കാല സംഘര്‍ഷങ്ങളുടെയും അവസ്ഥകള്‍ വ്യക്തമാക്കുന്ന ഒരധ്യായത്തോടെയാണ് നോവല്‍ അവസാനിക്കുന്നത്. സമകാലിക ബര്‍മ്മയുടെ (മ്യാന്മാര്‍ എന്ന് ഔദ്യോഗിക ഭാഷ്യം) പശ്ചാത്തലത്തില്‍ സ്നേഹം, സാഹോദര്യം,. മാനുഷികത തുടങ്ങിയ സംഘര്‍ഷ വിരുദ്ധ മൂല്യങ്ങളുടെ പ്രസക്തി 'ഫിക് ഷന്റെ കലാചാരുതയോടെ അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. ഇളം പ്രായക്കാരെ വായനാസമൂഹമായി മുന്നില്‍ കാണുന്ന ഏതു രചനയും പാലിക്കേണ്ട മിതത്വം സൂക്ഷിക്കുന്നത് കൊണ്ട് ബര്‍മ്മീസ് സംഘര്‍ഷങ്ങളുടെ രക്ത പങ്കില ഭീകരത നേരിട്ട് അധികമൊന്നും നോവലില്‍ ചിത്രീകരിക്കപ്പെടുന്നില്ല.

(വര്‍ത്തമാനം വാരാദ്യം 30-08-2015)

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 139-143)

To purchase, contact ph.no:  8086126024

More on Child Soldier Theme:

Island of a Thousand Mirrors by Nayomi Munaweera

https://alittlesomethings.blogspot.com/2015/05/blog-post_22.html

Bamboo People by Mitali Perkins

https://alittlesomethings.blogspot.com/2015/08/blog-post.html

The Bite of the Mango by Mariatu Kamara

https://alittlesomethings.blogspot.com/2016/01/blog-post.html

Radiance of Tomorrow by Ishmael Beah

https://alittlesomethings.blogspot.com/2018/01/blog-post_1.html

Allah Is Not Obliged by Ahmadou Kourouma

https://alittlesomethings.blogspot.com/2017/03/blog-post.html