മരിച്ചവരോട് സംഘം ചേരുമ്പോള്‍
“വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യാ നിരക്ക്
അധികാരസ്ഥാനങ്ങളില്‍ ഉള്ളവരെ വിഷമിപ്പിക്കാതെ തരമില്ല, കാരണം
ഞങ്ങളെ പോലുള്ള കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍ ഗോചരമായിരുക്കുന്നതേ
പ്രതീക്ഷിക്കപ്പെടുന്നില്ല, ഞങ്ങള്‍ നിശ്ശബ്ദരും
അനുസരണശീലമുള്ള വോട്ട് ബാങ്കും ആവണമെന്നാണ് കണക്ക് , എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ മരണങ്ങള്‍ കാരണം ഞങ്ങളുടെ ജീവിതങ്ങള്‍
ശ്രദ്ധയാകര്‍ഷിക്കുന്നു.”
"അവര്‍ പരാജയപ്പെടണം എന്നില്ല എനിക്ക്. അവര്‍ മാറിയാല്‍ മതി. ഞാന്‍ വിട്ടേച്ചു പോവാന്‍
നിര്‍ബന്ധിതനായാല്‍ മരിച്ചു പോയ മറ്റേതെങ്കിലും കര്‍ഷകന്റെ ബന്ധു ആ സ്ഥാനത്തു വരാം. ഞങ്ങള്‍ എതിരിടുന്ന ശക്തികളോട് പിടിച്ചു നില്‍ക്കാന്‍ ഞങ്ങളിലാര്‍ക്കുമാവില്ല. ഇത് തുല്യരല്ലാത്തവര്‍ക്കിടയിലെ യുദ്ധമാണ്, പക്ഷെ മരിച്ചുപോയവര്‍ ഞങ്ങളോടൊപ്പമാണ്"
(ഗാംഗിരി ഭദ്ര -ഷൂസ് ഓഫ്
ദി ഡെഡ് , പുറം: 93, 94)
ഡല്‍ഹി രാഷ്ട്രീയത്തിന്റെ ഉപജാപക ഇടനാഴികളില്‍ കടം
കൊണ്ടും വിളനാശം കൊണ്ടും ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്‍ എങ്ങനെയാണ് വിപല്‍
സാന്നിധ്യമാവുക? രാഷ്ട്രീയ മേലാളത്തത്തിന്റെ ദന്ത
ഗോപുരങ്ങളില്‍ ജീവിച്ചിരിക്കുമ്പോള്‍ ഇല്ലാത്ത ശക്തിയോടെ എങ്ങനെയാണ് അവന്റെ
ആത്മാവ് വരവറിയിക്കുക? വിളവെടുപ്പിന്റെ സാധ്യതകളെ അപകട
മുനമ്പിലേക്ക് തള്ളിവിടുന്ന ഋതുഭേദങ്ങളുടെ പ്രവചനാതീതത്തവും ജനിതക മാറ്റം കാരണം
പ്രകൃതിയോട് തോറ്റു പോകുന്ന പരുത്തി വിത്തുകളുടെ അത്യുല്‍പ്പാദന വീണ്‍വാക്കുകളുടെ
നീര്‍ക്കുമിളകളും കര്‍ഷകന്റെ അവസാന വീര്‍പ്പിനു വരെ വിലയിടുന്ന വട്ടിപ്പലിശക്കാരന്റെ
കഴുകന്‍ സാന്നിധ്യവും ഇമേജ് സംരക്ഷണത്തിരക്കില്‍ തന്റെ മണ്ഡലം തേനും പാലുമല്ലാതെ
മറ്റൊന്നുമല്ലെന്നു സ്ഥാപിക്കാന്‍ സ്തുതിപാഠകരെ ഊട്ടിവളര്‍ത്തുന്ന പാരമ്പര്യ
ജനാധിപത്യ രാജകുമാരന്മാരും ഇപ്പറഞ്ഞ ശാക്തിക ദൈവങ്ങളുടെ കാന്ത വലയത്തില്‍ സ്ഥലജല
വിഭ്രാന്തി ബാധിച്ച അഴിമതിയുടെ സ്വന്തം ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വവും ക്രിക്കറ്റ്
പരമ്പരയിലെ വിക്കറ്റ് നഷ്ടത്തെ കുറിച്ച് ആധികൊള്ളുന്നതിനിടെ ആരുമല്ലാത്ത അജ്ഞാത
കര്‍ഷകന്റെ ആത്മഹത്യ ഉള്‍പ്പേജിലെ ചെറു കോളത്തിലേക്ക് ചുരുക്കുന്ന
മാധ്യമപ്പരിഷകളും ചേര്‍ന്ന് എങ്ങനെയാണ് കര്‍ഷക ആത്മഹത്യയുടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ
തമസ്കരിക്കുകയും നഷ്ട പരിഹാരത്തിന്റെ ചെറു കാരുണ്യം പോലും നിഷേധിക്കുകയും
ചെയ്യുന്നതെന്ന് തീവ്രമായി ആവിഷ്കരിക്കുകയാണ് കോത്താ നീലിമ തന്റെ 'മരിച്ചവരുടെ പാദുകങ്ങള്‍' (ഷൂസ് ഓഫ് ഡി ഡെഡ്) എന്ന നോവലില്‍. പശ്ചാത്തലം ഇന്ത്യയാണെങ്കിലും
പ്രകൃതി- ജൈവ വിരുദ്ധമായ ആഗോളീകൃത രീതികള്‍ കൊണ്ട്
വരിയുടക്കപ്പെട്ട ലോകമെങ്ങുമുള്ള കാര്‍ഷിക സംസ്കൃതികളുടെ കഥ തന്നെയാണ് ഇത്.
ആവര്‍ത്തിച്ചുള്ള വിളനാശത്തെതുടര്‍ന്ന് കര്‍ഷക
ആത്മഹത്യകള്‍ നിത്യ സംഭവമായ മിത്യാലയില്‍ ആ കണ്ണികളില്‍ ഒന്ന് മാത്രമാണ് സുധാകര്‍
ഭദ്രയുടെത്. എന്നാല്‍, ഭാര്യയേയും
രണ്ടു മക്കളെയും പൊരുളറിയാത്തദുര്‍വ്വിധിയിലേക്ക് തള്ളിവിട്ട് സ്വയം
അവസാനിപ്പിക്കുന്ന സുധാകറിന്റെ സഹോദരന്‍ ഗാംഗിരി ഭദ്ര പട്ടണത്തിലെ അധ്യാപക ജോലി
ഉപേക്ഷിച്ച് അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, നിരന്തരം
അട്ടിമറിക്കപ്പെടുന്ന, ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്കുള്ള
നഷ്ട പരിഹാരക്കേസുകളുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരാനും മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള
നീതിക്കായി പൊരുതാനും തയ്യാറാവുന്നതോടെ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നു. ഒരു വശത്തു ഗാംഗിരിയും നിശ്ശബ്ദരാക്കപ്പെട്ട കര്‍ഷക ദുരന്തത്തിന്റെ ഇരകളും, മറുവശത്തു കേയൂര്‍ കാശിനാഥ് എന്ന ശക്തനായ, ആദ്യതവണക്കാരന്
എം. പി.യും ഗ്രാമത്തിന്റെ സമാന്തര
സാമ്പത്തിക മണ്ഡലം നിര്‍ണ്ണയിക്കുന്ന വട്ടിപ്പലിശക്കാരന്‍ ദുര്‍ഗ്ഗാ ദാസ്, മഹാ സര്‍പാഞ്ച് ലംബോദര്‍, കലക്റ്റര്‍ ഗുല്‍
തുടങ്ങിയ ശക്തരും കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം എവിടെയാവും എന്നത് ഒട്ടും
സംശയകരമാവേണ്ടതില്ല. എന്നാല്‍, നഷ്ടങ്ങളുടെ കണക്കിലും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ചിലരുണ്ടല്ലോ. അവരാണ് ചരിത്രത്തിന്റെ ഏകതാനതയെ ഭഞ്ജിക്കുകയും പുതിയ ചാലുകള്‍ തീര്‍ക്കുകയും
ചെയ്യുക.
ഡല്‍ഹി രാഷ്ട്രീയം നിയന്ത്രിക്കുന്ന ഡമോക്രാറ്റിക്
പാര്‍ട്ടിയുടെ (ഡി.പി) ശക്തനായ അമരക്കാരനും ക്ലീന്‍ ഇമേജിന് പുറകില്‍ സൂത്രശാലിയായ
കരുനീക്കക്കാരനുമായ വൈഷ്ണവ് കാശിനാഥിന്റെ പിന്‍ഗാമിയായ മകന്‍ കേയൂര്‍ കാശിനാഥിനു
തന്റെ മണ്ഡലത്തില്‍ വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യ വലിയ തലവേദനയാണ്. അതയാളുടെ പരാജയമായി കണക്കാക്കപ്പെടുകയും പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍
നിര്‍ത്തുകയും ചെയ്യും. കര്‍ഷക ആത്മഹത്യകള്‍ക്ക്
നേരെയുള്ള അയാളുടെ ശക്തമായ എതിര്‍പ്പിന്റെ മുഴക്കം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
ഗിരീഷിന്റെ വാക്കുകളില്‍ വ്യക്തമാണ്: "വൈഷ്ണവ്
കാശിനാഥിന്റെ മകനെ പറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്. തന്റെ
നിയോജക മണ്ഡലത്തിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടതില്ല എന്നാണ് അയാള്‍
തീരുമാനിക്കുന്നതെങ്കില്‍, അതങ്ങനെത്തന്നെയായിരിക്കും. ആത്മഹത്യകള്‍ ഹൃദയാ ഘാതങ്ങളാവും,നോക്കിക്കോളൂ.” പത്രപ്രവര്‍ത്തനത്തിന്റെ സത്യസന്ധതയോ പ്രതിബദ്ധതയോ ഒരു വ്യത്യാസവും
ഉണ്ടാക്കില്ലെന്നും ഗിരീഷ് നിരീക്ഷിക്കുന്നു.
"നിന്റെ കഥ വായിച്ചു ഒരാളും ഒരു നടപടിയും
എടുക്കാന്‍ പോവുന്നില്ല. ഇത് തന്നില്‍ തന്നെ മുഴുകിയ
സ്വയം കേന്ദ്രിതമായ മരവിച്ച, ഒരു ലോകമാണ്, വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക്, കൂടുതല്‍
ഇരുട്ടിലേക്ക് പോവുന്ന ഒന്ന്.” "പ്രതിമകളുടെ
നഗരത്തില്‍ നിങ്ങള്‍ക്ക് മനസ്സാക്ഷിയെ തിരയുന്ന ജോലി ചെയ്യാനാവില്ല" എന്ന് നാസര്‍ തന്നെയും കണ്ടെത്തുന്നുണ്ട് ഒടുവില്‍. "ജേര്‍ണലിസം വ്യത്യസ്തമായ ഒന്നായിരിക്കും എന്ന്
ഞാന്‍ കരുതിയിരുന്നു. പക്ഷെ അല്ല. പണത്തിനും അധികാരത്തിനും പേരിനും പിറകെ പോവുന്നില്ലെങ്കില്‍ ഞാന്‍
ഇവിടെയും പുറത്തായിപ്പോവുന്നത് ഞാന്‍ കാണുന്നു. അഭിപ്രായ
രൂപീകരണത്തില്‍ ഒരു ചെറിയ പങ്കു മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. ഒരു മാറ്റം കൊണ്ടുവരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ എന്റെ
വാക്കുകളും സംഭാവന ചെയ്യണമെന്ന്. പകരം, ഒരു നിരീക്ഷകനും പുരാവൃത്തകാരനും ആയി അറിയപ്പെടണം എന്നും. ഇപ്പോള്‍ എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു അത്തരം കാര്യങ്ങളൊന്നും നില
നില്‍ക്കുന്നില്ലെന്ന്.”
ദുര്‍ഗ്ഗാ ദാസിനെ സംബന്ധിച്ചേടത്തോളം ആനുകൂല്യം
നിഷേധിക്കപ്പെടുന്ന കര്‍ഷക വിധവയും കൂടുംബവും കൂടുതല്‍ കൂടുതല്‍ അയാളുടെ
ആശ്രിതരാവും. എങ്ങാനും ആനുകൂല്യം അനുവദിച്ചു കിട്ടാന്‍
അവര്‍ വോട്ട് ചെയ്യുമ്പോള്‍ അയാളുടെ ലക്‌ഷ്യം കിട്ടുന്നതു തന്റെ കടത്തിലേക്ക്
മുതല്‍ കൂട്ടുക എന്നത് മാത്രവുമാകും. അല്ലെങ്കില്‍, വാങ്ങിയ കടത്തിന് ഈടായി നല്‍കിയ ഭൂമിയും അയാള്‍ക്ക് ചേരും. എപ്പോഴും നേട്ടം അയാള്‍ക്ക് തന്നെ. അത് കൊണ്ട്
താനുള്‍പ്പെടുന്ന 'ആത്മഹത്യാ വിശകലന കമ്മിറ്റി'യില്‍ അയാള്‍ എപ്പോഴും എതിരായി വോട്ട് ചെയ്യുകയും ഭീഷണിയുള്‍പ്പടെ മാര്‍ഗ്ഗങ്ങളിലൂടെ
മറ്റുള്ളവരെ അയാളുടെ വരുതിയില്‍ നിര്‍ത്തുകയും ചെയ്യും. മരണം സംഭവിച്ചത് കടബാധ്യത കൊണ്ടല്ലെന്നും ഇതരകാരണങ്ങളാലാണെന്നും സമര്‍ഥിക്കാന്‍
വിചിത്ര വാദ മുഖങ്ങളാണ് അത് വിശ്വസിക്കുന്നതായി അഭിനയിക്കുന്ന മറ്റംഗങ്ങളുടെ
മുന്നില്‍ അയാളും ലംബോദര്‍ജിയും അവതരിപ്പിക്കുക. മരിച്ച
കര്‍ഷകന്റെ വിധവ രണ്ടു നേരം അടുക്കളപ്പാത്രങ്ങള്‍ കിണറ്റുകരയില്‍ കഴുകുന്നത്
കാണുന്നു. അപ്പോള്‍ അവിടെ രണ്ടുനേരം ഭക്ഷണം
തയാറാക്കുന്നുണ്ട്. അയാളുടെ ആട് തടിച്ചു
കൊഴുത്തിരിക്കുന്നു, അതിനര്‍ത്ഥം വേണ്ടത്ര തീറ്റ
കൊടുക്കാന്‍ അയാള്‍ക്ക് കഴിവുണ്ടായിരുന്നു. കഴിഞ്ഞ തവണ
അയാള്‍ വാങ്ങിയ ആ ഫാന്‍ കണ്ടില്ലേ? അതിനേക്കാള്‍ വില
കുറഞ്ഞ ഫാനുകള്‍ ലഭ്യമായിരുന്നിട്ടും!
എന്നാല്‍ എന്തും സഹിക്കാനുള്ള നിശ്ചയ ദാര്‍ഡത്തോടെ
ഗാംഗിരി പൊരുതാന്‍ തയാറാവുകയും പത്രപ്രവര്‍ത്തക ധര്‍മ്മത്തിന്റെ മൂല്യങ്ങളില്‍
വിശ്വസിക്കുന്ന ജേര്‍ണലിസ്റ്റ് നാസര്‍ , സര്‍വ്വേ
അനലിസ്റ്റ് വൈദേഹി എന്നിവര്‍ അയാള്‍ക്ക് തുണയാവുകയും ചെയ്യുന്നതോടെ
തുറക്കാനിടയില്ലാത്ത വാതിലുകളില്‍ ചിലതെങ്കിലും കര്‍ഷക ദുരന്തങ്ങള്‍ക്ക് നേരെ
കണ്ണ് തുറക്കാന്‍ തുടങ്ങുന്നു. "ഞാനൊരിക്കലും കൊല്ലാനോ
മരിക്കാനോ വേണ്ടി പൊരുതിയിട്ടില്ല. സമര്‍പ്പണങ്ങളെ
എങ്ങനെ പ്രചോദിപ്പിപ്പിക്കാം എന്ന് എനിക്കറിയില്ല. ഞാന്‍
എന്റെ ആഗ്രഹങ്ങളുടെ ഒരു ജോലിക്കാരന്‍ മാത്രമാണ്. ഗാംഗിരി
തന്റെ വിധിയുടെ യജമാനനും" എന്നാണു നാസര്‍ തന്റെ
പങ്കാളിത്തത്തെ വ്യക്തമാക്കുക. തളര്‍ന്നു പോവുന്ന
ഘട്ടങ്ങള്‍ ധാരാളമായുണ്ട് ഗാംഗിരിയുടെ യുദ്ധത്തിലും. "ചരിത്രത്തില്‍
എവിടെയാണ് ഒറ്റയാള്‍ പോരാട്ടങ്ങള്‍ തുടങ്ങിയ കലാപങ്ങള്‍? വീരന്മാരെ സംഭരിച്ചു വെച്ച ആ ലൈബ്രറികള്‍, തലമുറകളുടെ
സ്വപ്നങ്ങളെ ഊട്ടിയ ദൃഷ്ടാന്ത കഥകള്‍, അവയൊക്കെ കാലഹരണ
പ്പെട്ടുപോയിരിക്കുന്നു"വെന്നു അയാളും ചില ഘട്ടങ്ങളില്‍
നിരാശനാവുന്നുണ്ട്.
ബുദ്ധിപൂര്‍വ്വമായ ഒരു നീക്കത്തിലൂടെ കലക്റ്റര്‍ ഗുല്‍, ഗാംഗിരിയുടെയും കുടുംബത്തിന്റെയും സംരക്ഷണച്ചുമതല ദുര്‍ഗ്ഗാ ദാസിനെയും
ലംബോദറിനെയും ഏല്‍പ്പിക്കുകയും കേയൂര്‍ കാശിനാഥ് തന്റെ സാമൂഹ്യ ഉത്തരവാദിത്തത്തെ
കുറിച്ച് ചിന്തിക്കാന്‍ തയാറാവുകയും ചെയ്യുന്നതോടെ അതൊരു വലിയ മാറ്റത്തിന്റെ
തുടക്കമാവുന്നു. "ഗാംഗിരി ഭദ്രയാണ് പരിഹാരം, ഇത് പരിഹരിക്കാന്‍ താങ്കള്‍ പപ്രതിജ്ഞാ ബദ്ധനാണെങ്കില്‍ , കേയൂര്‍ജി!" എന്ന നാസറിന്റെ വാക്കുകള്‍
വൈകിയാണെങ്കിലും കാശിനാഥിന് മനസ്സിലാവുന്നു. എങ്കിലും
ഒരു മാറ്റവും വില കൊടുക്കാതെ നേടാനാവില്ല എന്ന സത്യം ഓര്‍മ്മിപ്പിച്ചുകൊണ്ട്
ചരിത്രം ആവര്‍ത്തിക്കുന്നു - ഇത്തവണയും അത് കര്‍ഷക
ആത്മഹത്യയുടെ പതിവ് ചിട്ടവട്ടത്തില്‍ തന്നെ. കീടനാശിനിയും
അറം പറ്റിയ കര്‍ഷകനും. ജ്യേഷ്ഠന്റെ കുഞ്ഞു മകനെ പോലും
രക്ഷിക്കാന്‍ കഴിയാതെ പോയതിന്റെ തീരാത്ത കുറ്റബോധവും ഗാംഗിരിയുടെ ദുരന്ത പൂര്‍ണ്ണമായ
അന്ത്യത്തിനു പുറകിലുണ്ടാവാം.
കൊള്ളപ്പലിശക്കാര്‍, കടം
കൊണ്ടും വിളനാശം കൊണ്ടും നട്ടെല്ലൊടിഞ്ഞ കര്‍ഷകര്‍, ദുര
മൂത്ത രാഷ്ട്രീയ – ഉദ്യോഗസ്ഥ മേധാവിത്ത – ഇടത്തട്ട് ദല്ലാളന്മാര്‍ -
, പൊതുവേ ഉപരി-മധ്യവര്‍ഗ്ഗ കേന്ദ്രിതമായ
സമകാലിക ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ അത്രയൊന്നും കടന്നു വരാറില്ലാത്ത
സാമൂഹിക പരിസരങ്ങളാണ് കോത്താ നീലിമ തന്റെ മുന്‍ നോവലുകള്‍ ആയ 'നദീശിലകള്‍ (Riverstones-2007) 'ഒരു
പലിശക്കാരന്റെ മരണം (Death of a Moneylender-2009)' എന്നിവയെ പോലെത്തന്നെ 'മരിച്ചവരുടെ പാദുകങ്ങ'ളിലും അനാവരണം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ
വിദര്‍ഭാ മേഖലയിലെ പത്രപ്രവര്‍ത്തകയെന്ന നിലയിലുള്ള നേരനുഭവ സാക്ഷ്യങ്ങളാണ്
നോവലിന്റെ കാതലിനെ നിര്‍ണ്ണയിച്ചത് എന്ന് നോവലിസ്റ്റ് ഏറ്റുപറഞ്ഞിട്ടുണ്ട്.
(വര്‍ത്തമാനം ആഴ്ചപ്പതിപ്പ്, സെപ്തമ്പര്‍, 27, 2015)
Also read:
The Gypsy Goddess by Meena Kandasamy
https://alittlesomethings.blogspot.com/2024/08/the-gypsy-goddess-by-meena-kandasamy.html
Sleeping
on Jupiter by Anuradha Roy
https://alittlesomethings.blogspot.com/2024/08/sleeping-on-jupiter-by-anuradha-roy.html
Written
in Tears by Arupa Patangia Kalita
https://alittlesomethings.blogspot.com/2016/08/blog-post.html
No comments:
Post a Comment