Featured Post

Showing posts with label Chibundu Onuzo. Show all posts
Showing posts with label Chibundu Onuzo. Show all posts

Saturday, August 17, 2024

Welcome to Lagos by Chibundu Onuzo

 സ്വാഗതചിഹ്നങ്ങളില്ലാത്ത നഗരത്തിന്റെ വിളി

    സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ തനതു ‘വ്യക്തിത്വം’ സ്ഥാപിച്ചിട്ടുള്ള ന്യൂ യോര്‍ക്ക്, ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍ തുടങ്ങിയ ലോക നഗരങ്ങളെ പോലെ ആഫ്രിക്കന്‍ സാഹിത്യത്തില്‍, വിശേഷിച്ചും പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തില്‍, പ്രമുഖ ‘വ്യക്തിത്വം’ ആയി മാറിയ കേന്ദ്രമാണ് ലാഗോസ്. യൂറോപ്യന്‍-അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആത്മാന്വേഷനത്തിന്റെ നാടകീയ ആവിഷ്കാരങ്ങളായി ഏറെ തഴക്കം വന്ന വഴികളിലൂടെ സിനിമയിലും നോവലുകളിലും അടയാളപ്പെട്ടപ്പോള്‍, പോസ്റ്റ്‌ കൊളോണിയല്‍ നഗരങ്ങള്‍ അത്തരം അന്വേഷണങ്ങള്‍ക്ക് ഇതുവരെ ഉപയോഗപ്പെടുത്തിയത്തിലുമേറെ സാധ്യതകള്‍ ഇനിയും ഒളിപ്പിച്ചു വെച്ച ഇടങ്ങളാണ്. പറയപ്പെടാനുള്ള കഥകളില്‍ സംഭവിക്കുന്ന അതിദ്രുത പരിണാമങ്ങള്‍ പോലെത്തന്നെ ആഖ്യാതാക്കളാര്, ശ്രോതാക്കളാര് തുടങ്ങിയ പരിഗണനകളിലും ആവേശകരമായ മേച്ചില്‍പ്പുറങ്ങളാണ് ഈ നഗര കാന്താരങ്ങള്‍ കരുതിവെക്കുന്നത്‌. ‘ലാഗോസ് നോവല്‍’ എന്നത് ഒരു സാഹിത്യ വിഭാഗം (genre) തന്നെയായി മാറിയതിനു പിന്നില്‍ ചിനുവ അച്ചബെ, സൈപ്രിയന്‍ എക് വെന്‍സി, വോലെ സോയിങ്ക, സെഫി അത്ത, ബെന്‍ ഓക്രി, തേജു കോല്‍, തെന്‍ദായ് ഹുച്ചു, ക്രിസ് അബാനി, ചിമമാന്റ അദീചി തുടങ്ങി ആഫ്രിക്കന്‍ സാഹിത്യത്തിലെ മുതിര്‍ന്ന തലമുറയിലെയും പുതു തലമുറയിലെയും ലബ്ധപ്രതിഷ്ഠരുടെ സംഭാവനകളുണ്ട്. ലാഗോസ്, നൈജീരിയന്‍ ജീവിതത്തിന്റെ സാകല്യമാര്‍ന്ന ചെറുപതിപ്പാണ് (microcosm) എന്നിരിക്കെ ഇതൊട്ടും അസ്വാഭാവികവുമല്ല. ഗ്രാമീണ ജീവിതത്തെ ആദര്‍ശ വല്‍ക്കരിക്കുകയും പാരമ്പര്യവും ആധുനികതയും തമ്മിലും ശാലീന ജീവിതവും അവ്യവസ്ഥയും തമ്മിലും ദേശീയവും വൈദേശിക ലോക വീക്ഷണവും തമ്മിലുമുള്ള സംഘര്‍ഷങ്ങളുടെ വിപരീത ദ്വന്ദ്വങ്ങളായി ഗ്രാമ്യ- നാഗരിക ദ്വന്ദ്വത്ത പ്രതിഷ്ടിക്കുകയും ചെയ്യുന്ന ക്ലാസ്സിക്കല്‍ ആഫ്രിക്കന്‍ നോവലില്‍ നിന്നുള്ള വേറിട്ടുപോക്കിനെ കൂടിയാണ് സാഹിത്യത്തിലെ നഗര കേന്ദ്രീകരണം അടയാളപ്പെടുത്തുന്നത്.  

‘വിഭവശാപം’ (resource curse) എന്നപ്രതിഭാസം ആഫ്രിക്കന്‍ കൊളോണിയലിസത്തിന്റെ അടിവേരായി വര്‍ത്തിക്കുന്ന ഒന്നാണ്. 1950-കളില്‍ നൈജര്‍ ഡെല്‍റ്റയില്‍ എണ്ണ കണ്ടെത്തുമ്പോള്‍, ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും സമ്പന്നമായ രാജ്യമാവാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു നൈജീരിയക്ക്. എന്നാല്‍, അര നൂറ്റാണ്ടിനിപ്പുറം കൊളോണിയല്‍ അനന്തര കാലത്തും നൈജീരിയന്‍ ഭരണ കൂടവും പെട്രോളിയം കൊര്‍പ്പോറേറ്റ് കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബാന്ധവം, ഭരണകൂടമേല്‍ത്തട്ടിലെ വമ്പന്മാരുടെ സ്വിസ്സ് ബാങ്ക് അക്കൌണ്ടുകളും കമ്പനികളുടെ കുതിച്ചുയരുന്ന ലാഭാവിഹിതങ്ങളുമായി പരിണമിച്ചതേയുള്ളൂ. എണ്ണക്കമ്പനികള്‍ സൃഷ്ടിച്ച വന്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കെതിരില്‍ സമാധാനപരമായിത്തന്നെ പോരാടിയവരെ നേരിടുന്നതിലും കമ്പനികളും ഭരണകൂടവും കൈകോര്‍ക്കുകയായിരിന്നു. 1995-ല്‍ കെന്‍ സാരോ വിവാ തൂക്കിലേറ്റപ്പെട്ടത്‌ ആ അവിശുദ്ധ ബാന്ധവത്തിന്റെ ജനവിരുദ്ധതയുടെ പാരമ്യവുമായിരുന്നു. മണ്ണിലും ഇതര ജീവിതോപാധികളിലും എണ്ണ ചൂഷണം ഉണ്ടാക്കിയ പരിണതികള്‍ കടുത്ത തൊഴിലില്ലായ്മയും കൊടിയ ദാരിദ്ര്യവും സൃഷ്ടിച്ചതോടെ സമ്മര്‍ദ്ദത്തിലായ തദ്ദേശീയര്‍, എണ്ണക്കുഴലുകളിളില്‍ തുളയിട്ടുള്ള എണ്ണമോഷണവും കമ്പനി അധികൃതരെയോ ജീവനക്കരെയോ മോചന ദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകലും പോലുള്ള മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുന്ന അവസ്ഥ സാധാരണമായി. നൈജീരിയന്‍ നോവലിസ്റ്റ് തന്നെയായ ഹെലന്‍ ഹബിലയുടെ വിഖ്യാത നോവല്‍ ‘ഓയില്‍ ഓണ്‍ വാട്ടര്‍’ വിശദമായി പരിശോധിക്കുന്ന ഈ ‘വിഭവശാപ’ പ്രമേയത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തി, വിചിത്രമായ ഒരു സംഘം ചേരലിന്റെ കഥ പറയുന്നു.....

തുടര്‍ന്ന് വായിക്കാന്‍:

https://www.fazalrahman.com/essays/article/welcome-to-lagos-by-chibundu-onuzo

    



Wednesday, August 17, 2016

The Spider King's Daughter by Chibundu Onuzo


ചിലന്തിവലയുടെ പൈതൃകങ്ങള്‍



"ലോകത്തെവിടെയായാലും , സമ്പന്നരും പാവപ്പെട്ടവരും തുല്യനിലയില്‍ കണ്ടുമുട്ടുക എന്നത് ദുസ്സാധ്യമാണ്. എന്നാല്‍ എല്ലയിടത്തും, ഈ സാമൂഹിക വിഭാഗങ്ങളുടെ കണ്ടുമുട്ടലിനു ചില പ്രത്യേക അഭിരുചി ഭേദങ്ങളുണ്ട്. ഉദാഹരണത്തിന്, ഇംഗ്ലണ്ടില്‍ നൈജീരിയയില്‍ എന്ന പോലെ, ആളുകള്‍ വീട്ടുവേലക്കാരികളെ ജോലിക്കെടുക്കാറുണ്ട്, എന്നാല്‍ നിങ്ങളുടെ വേലക്കാരിയെ അടിക്കുക എന്നത് ഇംഗ്ലണ്ടില്‍ ക്രിമിനല്‍ കുറ്റമാണ്. നൈജീരിയയില്‍ ആവട്ടെ, അത് പരമാവധി നെറ്റി ചുളിപ്പിക്കുകയേ ഉള്ളൂ. അതുകൊണ്ട് ആ 'പഴയ സമ്പന്ന കുമാരി ദരിദ്ര കുമാരനെ കണ്ടുമുട്ടുന്ന' ക്ലീഷേയില്‍ ലാഗോസിന്റെ സാമൂഹിക ഘടന എന്ത് ട്വിസ്റ്റ്‌ ആണ് കൂട്ടിച്ചേര്‍ക്കുക എന്നറിയാന്‍ നിങ്ങള്‍ 'ചിലന്തി രാജാവിന്റെ മകള്‍ ' വായിക്കണം എന്നാണ് എനിക്ക് തോന്നുന്നത്" 
 (-ചിബുണ്ടു ഒനൂസോ, ഒരു അഭിമുഖത്തില്‍ നിന്ന് )

ഇംഗ്ലണ്ടിലെ പ്രസിദ്ധപ്രസാധകര്‍ ഫേബര്‍ & ഫേബര്‍ ചിബുണ്ടു ഒനൂസോയുടെ പ്രഥമ കൃതി ഉള്‍പ്പടെ രണ്ടു പുസ്തകങ്ങള്‍ക്ക് അവരുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ (2010) എഴുത്തുകാരിക്ക് പത്തൊമ്പത് വയസ്സായിരുന്നു പ്രായം, അവരെ ആകര്‍ഷിച്ച ആ പ്രഥമ കൃതി എഴുതിത്തുടങ്ങുമ്പോള്‍ വയസ്സ് പതിനേഴും. വോലെ സോയിങ്കയെയും ചിനുവ അച്ചബെയെയും ചിമമാന്‍ഡാ അദീചിയെയും ആരാധിക്കുന്ന ചിബുണ്ടു ഒനൂസോ, അങ്ങനെ ഫേബര്‍ & ഫേബര്‍ പ്രസിദ്ധീകരണ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എഴുത്തുകാരിയെന്ന ബഹുമതി നേടിയെടുത്തു. ലാഗോസിലെ സമ്പന്നകുടുംബത്തില്‍ ഡോക്റ്റര്‍ ദമ്പതികളുടെ നാല് മക്കളില്‍ ഇളയവളായിപ്പിറന്ന ഇമാചിബുണ്ടു ഒലുവദാരാ ഒനൂസോ ഒരു നാള്‍ തെരുവില്‍ കണ്ടുമുട്ടാന്‍ ഇടയായ തെരുവുകച്ചവടക്കാരിയായ കൌമാരക്കാരി അവളുടെ ജീവിതത്തെ കുറിച്ച് നല്‍കിയ ചുരുങ്ങിയ വാക്കുകളിലെ വിവരണത്തില്‍ നിന്നാണ് തന്റെ കഥാപാത്രമായ 'തെരുവുകച്ചവടക്കാര'നെ (മൈ ഹോക്കര്‍ എന്ന് മാത്രം നോവലില്‍ ) കണ്ടെത്തിയതെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു പകല്‍ മുഴുവന്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പിറകില്‍ , തങ്ങളുടെ ആ നിമിഷത്തിന്റെ ഉല്ലാസത്തിന് വേണ്ടി ഇരകാട്ടിക്കളിപ്പിക്കുന്ന വളര്‍ത്തു മൃഗങ്ങളെപ്പോലെ പ്രലോഭിപ്പിക്കുന്ന സമ്പന്നയാത്രക്കാരുടെ കളിപ്പാട്ടമാകുമ്പോഴും കഷ്ടിച്ച് അന്നാന്നത്തെ അഷ്ടിക്കുള്ളത് കണ്ടെത്താനാവാത്ത അത്തരക്കാരുടെ 'ഓട്ടം' ലാഗോസിലെ തനിക്കു പരിചിതമല്ലാത്ത മറ്റൊരു ജീവിതത്തിന്‍റെ രൂപകമായി അവര്‍ തിരിച്ചറിയുകയായിരുന്നു. രണ്ടായിരം നൈറ എന്ന തുച്ഛമായ വിഹിതമാണ് ഈ മത്സരയോട്ടത്തില്‍ ഏറ്റവും മിടുക്കനായ കഥാനായകന് ദിനാന്ത്യത്തില്‍ നേടാനാവുമായിരുന്നത് എന്ന് നോവലില്‍ പരാമര്‍ശമുണ്ട്. തൊട്ടടുത്ത് കഴിയുമ്പോഴും സാമൂഹിക ശ്രേണിയില്‍ ഭിന്ന ധ്രുവങ്ങളില്‍ കഴിയുന്നവര്‍ക്കിടയിലെ പാരസ്പര്യ സാധ്യതയും അതിന്റെ അഭാവവും ഒരു റോമിയോ- ജൂലിയറ്റ് സമവാക്യത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ പരിശോധിക്കുന്നു.

കുടിലും കൊട്ടാരവും- പ്രണയ ദുരന്തത്തിന്റെ തനിയാവര്‍ത്തനം............
മുഴുവന്‍ വായനക്ക്:


(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 239-238)

To purchase, contact ph.no:  8086126024

Also from Chibundu Onuzo:

Welcome to Lagos by Chibundu Onuzo

https://alittlesomethings.blogspot.com/2024/08/welcome-to-lagos-by-chibundu-onuzo.html