Featured Post

Showing posts with label Third World Literature. Show all posts
Showing posts with label Third World Literature. Show all posts

Friday, April 25, 2025

Ummath: A Novel of Community and Conflict by Sharmila Seyyid /Gita Subramanian

 

ബഹുരൂപ സംഘര്‍ഷങ്ങളുടെ യുദ്ധമുഖങ്ങള്‍





(സിംഹള - തമിഴ് സംഘര്‍ഷമായി പൊതുവേ മനസ്സിലാക്കപ്പെട്ട ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധമുഖം അത്യന്തം ഹീനമായ മറ്റൊരു നരമേധത്തിന്റെയും വംശ വെറിയുടെയും കൂടി കഥ ഉള്‍കൊള്ളുന്നുണ്ട്. സംഘര്‍ഷത്തിന്റെ ആദ്യ നാളുകളില്‍ വിശ്വസിച്ചു കൂടെ നിന്ന മുസ്ലിം ജനസാമാന്യത്തിനു നേരെ ഈലം സൈന്യം അരങ്ങേറിയ വംശഹത്യയില്‍ കുറഞ്ഞ ഒന്നുമല്ലാത്ത ആ അത്യാചാരങ്ങളുടെ പരിണിതിയോടൊപ്പം മുസ്ലിം മൌലികതയുടെ സ്ത്രീവിരുദ്ധത എങ്ങനെയാണ് സമുദായത്തിലെ ഉണരുന്ന സ്ത്രീത്വത്തെ ജീവനോടെ അടക്കിയത്‌ എന്നതു കൂടി ഫിക് ഷന്റെ കേന്ദ്ര വിഷയമാക്കുന്ന നോവല്‍ എന്ന നിലയില്‍ ഏറെ പ്രസക്തമാണ് ശര്‍മ്മിള സയ്യിദിന്റെ ‘ഉമ്മത്ത്‌’ എന്ന നോവല്‍.)

കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമുണ്ടായിട്ടുള്ള യുദ്ധ ഭൂമികളില്‍ സ്ത്രീജീവിതം നേരിടേണ്ടി വന്നിട്ടുള്ള ഭീകര ദുരിതങ്ങള്‍ക്ക് ഗാസയും കൊസോവോയും കാശ്മീരും കുര്‍ദിസ്ഥാനും ശ്രീലങ്കയും മ്യാന്മാറും എല്ലാം വേണ്ടുവോളം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ചുരുക്കം ചിലയിടങ്ങളില്‍ സായുധസംഘര്‍ഷങ്ങളില്‍ ഇരയെന്നതിനപ്പുറം കര്‍തൃത്വവും അവര്‍ക്കുണ്ടായിട്ടുണ്ടെന്നത് പക്ഷെ ആ ഇരവല്‍ക്കരണത്തെ ഒട്ടും ലഘൂകരിച്ചിട്ടില്ല എന്ന് മാത്രമല്ല; അതവരുടെ സഹനത്തെ ഇരട്ടിയാക്കുകയേ ചെയ്തിട്ടുള്ളൂ. ഫലസ്തീന്‍ പോരാളികളും സ്ത്രീകളെ പോരാളികളോ ആത്മഹത്യാ ബോംബര്‍മാരോ ആയി ധാരാളം ഉപയോഗിച്ചിട്ടുണ്ടെങ്കിലും തമിഴ് ഈലം പോരാട്ടത്തിലാണ് സ്ത്രീ സൈനികരെ വന്‍തോതില്‍ ഉപയോഗിക്കപ്പെട്ടത്. യുദ്ധമുന്നണികളില്‍ ബാലസൈനികരായോ വനിതാ ഗറില്ലകളായോ പ്രവര്‍ത്തിക്കേണ്ടി വന്നവര്‍ക്ക് യുദ്ധാനന്തരവും ആയുസ്സ് ബാക്കിയുണ്ടെങ്കില്‍ പൊതുസമൂഹത്തിലേക്കുള്ള തിരിച്ചുവരവ് പ്രായേണ അസാധ്യാമായിത്തെന്നെയിരുന്നു. അവര്‍ ഒന്നുകില്‍ കൊലയാളികളായി കരുതപ്പെട്ടു, അല്ലെങ്കില്‍ നടക്കും ഭൂതങ്ങളായി അകറ്റി നിര്‍ത്തപ്പെട്ടു, അതുമല്ലെങ്കില്‍ മനസ്സിനേറ്റ മുറിവുകളുടെ ഭാരം സമൂഹവുമായി  ഇനിയൊരു സമരസപ്പെടല്‍ അവര്‍ക്ക് സ്വയം അസാധ്യമാക്കി. ശ്രീലങ്കന്‍ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീജീവിതങ്ങള്‍ നേരിടേണ്ടിവന്ന സംഘര്‍ഷങ്ങള്‍ ശക്തമായ രീതിയില്‍ ഫിക് ഷനില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ പലതും സിംഹള ഭൂരിപക്ഷ പ്രതിനിധാനമായ ദേശീയ സൈന്യവും തമിഴ് വംശജരുടെ പ്രതിനിധാനമായ ഈലവും തമ്മിലുള്ള പോരാട്ടത്തിന്റെ ദുരന്തവും 2009-ലെ അന്തിമ പരിഹാരമായിരുന്ന ആ വംശഹത്യയിലേക്ക് നയിച്ച സംഘര്‍ഷങ്ങളുമാണ് ആഖ്യാന കേന്ദ്രമാക്കിയത്.

മൂന്നു യുവതികളുടെ ഇഴകോര്‍ക്കുന്ന ജീവിതങ്ങളിലൂടെ ശ്രീലങ്കന്‍ സിംഹള - തമിഴ് -മുസ്ലിം സംഘര്‍ഷങ്ങളുടെ അവസാന ദശകങ്ങളും ആ അന്തിമ ഉന്മൂലനത്തിന്റെ തുടര്‍ന്നുള്ള നാളുകളും വരെനീളുന്ന ഇതിവൃത്ത ധാരയാണ് നോവലിനുള്ളത്. ............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/ummath-a-novel-of-community-and-conflict-by-sharmila-seyyid-gita-subramanian

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 348-355)



Friday, April 18, 2025

The Story of a Brief Marriage by Anuk Arudpragasam

 

 മൃത്യുഭൂമിയിലെ വരണമാല്യം


“The funeral bak'd meats/ Did coldly furnish forth the marriage tables.” (Hamlet, Act 1, Scene 2)


യുദ്ധത്തിന്റെ കഥ പറയുകയെന്നാല്‍ മനുഷ്യ കാരണമായ സര്‍വ്വനാശത്തിന്റെയും പറഞ്ഞറിയിക്കാനാവാത്ത ഭീകരതകളുടെയും കഥകള്‍ പറയുക എന്നതിനോടൊപ്പം അനിര്‍വ്വചനീയ മനോബലത്തെയും  ജീവിതാസക്തിയേയും ആവിഷകരിക്കുക എന്നുകൂടിയാണ്. ജീവിച്ചിരിക്കുകയെന്നാല്‍ അതിന്റെ മൂലകങ്ങളില്‍, ഒടുവില്‍, ഭക്ഷിക്കല്‍, ഉറക്കം, കുളിക്കുക, സ്പര്‍ശം, സംസാരം, വെളിക്കിറങ്ങല്‍, തുടങ്ങിയ ജൈവധര്‍മ്മങ്ങളാണ്. യുദ്ധമാകട്ടെ ഈ ഈ പ്രാഥമികതകളെ തകിടം മറിക്കുകയും അതുകൊണ്ട് തന്നെ അവയുടെ ആത്യന്തിക മൂല്യത്തെ പൊലിപ്പിക്കുകയും ചെയ്യുന്നു. അഭയാര്‍ഥി ക്യാമ്പ് എന്ന ദുരിതങ്ങളുടെ ചാവേറിടത്തില്‍ കഴിയാന്‍ വിധിക്കപ്പെടുന്നവര്‍ക്കറിയാം ഇപ്പറഞ്ഞ മൌലികാവശ്യങ്ങളെക്കാള്‍ പ്രധാനമായ ഒരസ്തിത്വ പ്രശ്നവും മനുഷ്യകുലം ഇന്നോളം നേരിട്ടിട്ടേയില്ലെന്ന്. അതുകൊണ്ട് തന്നെ, ഭക്ഷണം ഒരു പഴയ ഓര്‍മ്മയായി, കാലിയായ വയറിനു ഒന്നും പുറത്തേക്ക് കളയാന്‍ ഇല്ലാതിരിക്കുമ്പോഴും സ്വസ്ഥമായി ഒന്ന് വെളിക്കിറങ്ങുക അവധാനപൂര്‍വ്വം, ആസ്വദിച്ചു ചെയ്യാനുള്ള പ്രക്രിയയായി മാറുന്ന അപൂര്‍വ്വത, ദിനങ്ങളായി ഉടലില്‍ അടിഞ്ഞു കൂടിയ അഴുക്കും ക്ഷീണവും രാവിന്റെ സാന്ദ്ര മൌനത്തില്‍ നീരൊഴുക്കിന്റെ കുളിര്‍സ്പര്‍ശമായി മുതികിലൂടെ തഴുകിക്കടന്നു പോകുന്നത് ഒരു നീണ്ട അദ്ധ്യായത്തില്‍ വിവരിക്കാനാവുന്ന/ വിവരിക്കേണ്ടതായ അസ്തിത്വ സംസ്ഥാപനമായി മാറുന്ന സര്‍ഗ്ഗ വിനിമയം ഒരേ സമയം വ്യര്‍ത്ഥവും വിരസവും മടുപ്പിക്കും വിധം ഏകതാനവും ഒപ്പം പ്രതീക്ഷയറ്റതുമായ  ജീവിതാവസ്ഥയുടെ രൂപകവും യാഥാര്‍ത്ഥ്യവും ആയിത്തീരുന്നു. ശ്രീലങ്കന്‍ തമിഴ് നോവലിസ്റ്റ് അനൂക് അരുദ്പ്രകാശത്തിന്റെ ‘ഒരു ഹ്രസ്വ വിവാഹത്തിന്റെ കഥ (The Story of a Brief Marriage) ഈ മൗലികചോദനകളുടെ അസ്തിത്വ പ്രാധാന്യത്തെ കുറിച്ചു നിശിതവും അപൂര്‍വ്വവുമായ സംവേദനത്വത്തോടെയും ഭാവനാ പൂര്‍ണ്ണതയോടെയുമുള്ള അന്വേഷണമായിത്തീരുകയാണ്.

മൂന്നു പതിറ്റാണ്ട് നീണ്ട ആഭ്യന്തര സംഘര്‍ഷം ശ്രീലങ്കന്‍ സിംഹള, തമിഴ് സാഹിത്യം തീക്ഷണമായി ഏറെ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ശ്രീലങ്കന്‍ ഇംഗ്ലീഷ് സാഹിത്യം ഏറെ വൈകിമാത്രമാണ് ഈ ചരിത്രാനുഭവം പരിഗണനയില്‍ എടുത്തതെന്നും അവയില്‍ പലതും വിദേശ വായനക്കാരെ, വിശേഷിച്ചും പാശ്ചാത്യ ലോകത്തെ, ലക്‌ഷ്യം വെച്ച് എഴുതപ്പെട്ടതായത് കൊണ്ട് ‘അന്യദേശങ്ങളിലെ പ്രാകൃത ജനത പരസ്പരം കൊല്ലുന്ന’ ആ കൊളോണിയലിസ്റ്റ് പാഠങ്ങളെ അവ അറിഞ്ഞോ അറിയാതെയോ ശരിവെക്കുകയായിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മൈക്കല്‍ ഒണ്ടാജെയുടെ ‘അനില്‍സ് ഘോസ്റ്റ്’, നയോമി മുനവീരയുടെ ‘ഐലന്‍ഡ്  ഓഫ് എ തൌസന്റ് മിറെഴ്സ്’ തുടങ്ങിയ ഇംഗ്ലീഷ് നോവലുകളും ശര്‍മ്മിള സയ്യിദിന്റെ ‘ഉമ്മത്ത്‌’ എന്ന നോവലും പോലുള്ള കൃതികളില്‍ വ്യത്യസ്ത രീതിയില്‍ ആവിഷ്കരിച്ചിട്ടുള്ള വംശീയ കലാപത്തിന്റെയും ഉന്മൂലനത്തിന്റെയും കഥയെ ഒരു പകലിന്റെയും ഒരു രാവിന്റെയും ഇടയില്‍ യുദ്ധം/ വിവാഹം, ജീവിതം/ മരണം,  മനുഷ്യന്റെ നിസ്സാരത/ മനുഷ്യാന്തസ്സ് തുടങ്ങിയ സമസ്യകളിലൂടെ, വലിയ കാര്യങ്ങള്‍ പറയുന്നുവെന്ന നാട്യങ്ങളെതുമില്ലാതെ സമീപിക്കുയാണ് അരുദ്പ്രകാശത്തിന്റെ നോവല്‍.       

...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-story-of-a-brief-marriage-by-anuk-arudpragasam

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 297-301)

 


Friday, August 2, 2024

Azoora by K R Viswanathan (Malayalam Novel)

 ബലിമൃഗത്തിന്റെ ജാതകം



(കെ. ആര്‍ വിശ്വനാഥന്‍ രചിച്ച അസൂറ എന്ന നോവലിനെ കുറിച്ച്. മലയാളത്തില്‍ ഇന്ന് സജീവമായ എഴുത്തുകാരില്‍ ഇതിഹാസ മാനമുള്ള ആഖ്യാനത്തിലുള്ള വൈഭവം ദേശത്തിന്റെ ജാതകം എന്ന പുരസ്കാര നേട്ടം സാധിച്ച ആദ്യ കൃതിയിലൂടെ തന്നെ തെളിയിച്ച നോവലിസ്റ്റ്, വായനാ ക്ഷമതയില്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ കൂടിയാണ്. 'അസൂറ'യിലും അദ്ദേഹം വീര്‍പ്പില്ലാത്ത ഒരൊറ്റയിരിപ്പില്‍ പുസ്തകത്തിന്റെ വായന ഉറപ്പു വരുത്തുന്നത് ആ കഴിവ് കൊണ്ടുതന്നെയാണ്.) 

സൗന്ദര്യവും അസാമാന്യ അഴകളവുകളുമുള്ള അരക്ഷിത പെണ്‍ബാല്യ കൗമാരങ്ങള്‍ കാവല്‍ക്കാരില്ലാത്ത തോട്ടമാണ്. വലിപ്പച്ചെറുപ്പമന്യേ വേട്ടക്കാര്‍ക്ക് ഉന്നം പരിശീലിക്കാനുള്ള വേട്ടമൃഗം. വഴിപോക്കര്‍ക്കോ തോട്ടമുടമകള്‍ക്ക് തന്നെയോ ഇറുത്തെടുക്കാവുന്ന മഞ്ഞു പുതച്ച പൂമൊട്ടുകള്‍. അത്തരം ഒരു പെണ്‍ജന്മത്തെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന നോവലാണ്‌, മുഖ്യ കഥാപാത്രത്തിന്റെ തന്നെ പേരുനല്‍കപ്പെട്ട അസൂറ. ആരുമില്ലാത്തവള്‍. എവിടെയും നങ്കൂരമില്ലാത്തവള്‍. നിസ്സഹായയായ ഒരമ്മയുടെ സാന്നിധ്യമോ ആത്മാന്വേഷനത്തിന്റെ ദുരൂഹ വഴികളില്‍ സ്വയം നഷ്ടമാകുന്ന, ആപത് ഘട്ടങ്ങളിലൊന്നും സന്നിഹിതന്‍ പോലുമല്ലാത്ത പിതൃ സ്ഥാനീയനോ, ജീവിച്ചിരിക്കുമ്പോള്‍ സദാചാര നിയമങ്ങളുടെ നടത്തിപ്പുകാരായി ഭേദ്യം ചെയ്യാന്‍ മാത്രം മുന്നില്‍ നില്‍ക്കുകയും എല്ലാം ഒടുങ്ങിക്കഴിയുമ്പോള്‍ ഫെമിനിസ്റ്റ് സിനിമയെടുത്ത് പ്രതിബദ്ധത തെളിയിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ- പരിഷ്കര്‍ത്താക്കള്‍ ചമയുന്ന ടീച്ചറമ്മമാരോ അവളുടെ ജീവിതത്തില്‍ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. സ്വന്തം ജീവ രക്തത്തില്‍ മുക്കി അവളെഴുതുന്ന കഥ തട്ടിയെടുത്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് അവളുടെ സര്‍ഗ്ഗ സിദ്ധിയുടെ പോലും കൂമ്പടക്കുന്ന സനക ടീച്ചര്‍ തന്നെയാണ് അവളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട്ട് ഫിലിമിനു തിരക്കഥ രചിക്കുക. കൈക്കുഞ്ഞായിരിക്കെ, പിതൃത്വം ഉറപ്പിക്കാന്‍ കഴിയാത്ത പിതാവ് ഇരുചെവിയറിയാതെ നടപ്പിലാക്കാന്‍ മുതിരുന്ന ദയാവധം പോലും വഴിമാറിപ്പോവുന്നത്, നോവലില്‍ വേറൊരു ഘട്ടത്തില്‍ സൂചിതമാകുന്നത് പോലെ, ഭാഗ്യഹീനത തന്നെയാണ്. കുഞ്ഞുന്നാളില്‍ കാളവേലയുടെ വന്യവും അചാരബദ്ധവുമായ ആസുര താളത്തില്‍ ഏറെ മുതിര്‍ന്ന അയല്‍ക്കാരന്‍ തുടങ്ങിവെക്കുന്ന ചോരക്കളി, കാളയെന്ന ബിംബത്തോട്‌ തന്നെയുള്ള അപസ്മാരമുണര്‍ത്തുന്ന ഭയമായി അസൂറയുടെ മനസ്സില്‍ ഉറഞ്ഞു കൂടുന്നുണ്ട്. ഭീഷണവും പ്രാണന്‍ പിടയുന്നതുമായ കയ്യേറ്റങ്ങളുടെ മുഹൂര്‍ത്തങ്ങളെ, ആചാരബദ്ധവും താളാത്മകതവും സുദീര്‍ഘവും വിരാമചിഹ്നങ്ങളില്ലാത്തതുമായ ഒരു ചടങ്ങിന്റെ ആവിഷ്കാരമെന്നോണം ഒരൊറ്റ നെടുങ്കന്‍ വാക്യത്തിലും ശ്വാസം മുട്ടിക്കുന്ന വേഗതയിലുമുള്ള സര്‍ റിയലിസ്റ്റിക് കാളകളി വിവരണമായി ആവര്‍ത്തിക്കുന്നത് അസൂറയുടെ ജീവിതത്തിലെ നിയാമകതയുടെ ആവര്‍ത്തന പര്‍വ്വതത്തെ സാക്ഷ്യപ്പെടുത്തുന്നു. പ്രാകൃത ഗര്‍ഭഛിദ്രത്തിന്റെയും വിവാഹനാട്യത്തിലൂടെ വില്‍പ്പനച്ചരക്കാകുന്ന വാണിഭത്തിന്റെയും കുരുടന്‍ ആനയെക്കാണുന്ന നീതി നിര്‍വ്വഹണ വിശേഷങ്ങളുടെയും നഗര മൂലയിലെ തുറസ്സില്‍ പോലും വേട്ടയാടപ്പെടുന്ന നിസ്സഹായതയുടെയും പെണ്‍ജീവിതങ്ങളില്‍, വിശേഷിച്ചും ദരിദ്രരും ‘അധകൃത’രും കുടുംബ സംരക്ഷണം ഇല്ലാത്തവരുമെങ്കില്‍, വാസ്തവത്തില്‍ പുതുതായി ഒന്നുമില്ല. രേതസ്സിന്റെ തെരുവുകളില്‍ അടിഞ്ഞു പോകുകയോ, പുഴയാഴങ്ങളിലേക്ക് ഇറങ്ങി മറയുകയോ, ഒരു കയര്‍ കുരുക്കിലോ, ഒരു കന്നാസ് മണ്ണെണ്ണയിലോ, റെയില്‍ പാളങ്ങളിലോ അതുമല്ലെങ്കില്‍ മലയോരങ്ങളിലെ അജ്ഞാത ജടങ്ങളുടെ ഫോസിലുകളിലോ വിശ്രാന്തി കണ്ടെത്തുകയോ ചെയ്യുന്ന പെണ്‍ജന്മങ്ങള്‍ വാര്‍ത്തയല്ലാത്ത ഇക്കാലത്ത് അസൂറയുടെ ജീവിതവും കാലവും മരണവും ഉയിര്‍പ്പും നോവലിന്റെ വിഷയമാകുമ്പോള്‍ അവതരണം തന്നെയാണ് മുഖ്യം; ഇതിവൃത്തമല്ല. സ്വയം വരിക്കുന്ന ചിതാ പ്രവേശത്തിന്റെ അപൂര്‍വ്വതയിലേക്ക് അസൂറയുടെ അന്ത്യത്തെ പരിവര്‍ത്തിപ്പിക്കുന്നത് വിശ്വാസ ജടിലമായ സമൂഹത്തില്‍ വിചിത്രമായ ഒരു ദേവീനിയോഗമായി നോവലിസ്റ്റ് സൂചിപ്പിച്ചു വെക്കുന്നുണ്ട്. മലയാളത്തില്‍ ഇന്ന് സജീവമായ എഴുത്തുകാരില്‍ ഇതിഹാസ മാനമുള്ള ആഖ്യാനത്തിനുള്ള വൈഭവം പുരസ്കാര നേട്ടം സാധിച്ച ആദ്യ കൃതിയിലൂടെ തന്നെ തെളിയിച്ച നോവലിസ്റ്റ്, വായനാ ക്ഷമതയില്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ കൂടിയാണ്. പുതിയ കൃതിയില്‍ അദ്ദേഹം വീര്‍പ്പില്ലാത്ത ഒരൊറ്റയിരിപ്പില്‍ പുസ്തകത്തിന്റെ വായന ഉറപ്പു വരുത്തുന്നത് ആ കഴിവ് കൊണ്ടുതന്നെയാണ്.

 



ജന്മമുഹൂര്‍ത്തം മുതല്‍ എപ്പോഴും എതിരുനിന്ന പഞ്ചഭൂതങ്ങള്‍ മുതല്‍ ഒരിക്കലും പിഴക്കാത്ത പട്ടേരി വല്യച്ചനെ പോലും ജാലം കാട്ടി വഴിതെറ്റിക്കുന്ന ഗൃഹനിലകള്‍ വരെ അസൂറയുടെ ജീവിതത്തിലും ദുരന്തത്തിലും ഗൂഡാലോചന നടത്തുന്നത് അവള്‍ക്കും മുണ്ടാല ദേശത്തിനു തന്നെയും ഒരു പുരാണം കല്‍പ്പിച്ചു നല്‍കുകയെന്ന രചനാ തന്ത്രത്തിന്റെ കൂടി ഭാഗമാണ്. സ്നേഹരഹിതവും പരുക്കന്‍ ലൈംഗികത്തെറികളുടെ പ്രയോഗം സാമാന്യവുമായ, സാക്ഷാല്‍ രാമ ലക്ഷ്മണന്മാര്‍ പോലും ‘അടങ്ങു പൊലയാടിച്യെ, അടങ്ങു കൂത്തച്യെ’ എന്നൊക്കെ നിര്‍ബ്ബാധം പ്രയോഗിക്കുന്ന പുരാണ സ്മൃതികളുള്ള പശിമയറ്റ ലോകമാണ് മുണ്ടാലയുടെത്. സീതാശാപത്തില്‍ ഭഗവതി വാഴാത്ത, ഇല്ലാഭഗവതിയെ ധ്യാനിക്കുന്ന ലോകം. അസൂറയുടെ ജീവിതം തന്നെയും അത്തരം ഒറ്റുകളുടെയും കയ്യൊഴിയലിന്റെയും നൈരന്തര്യമാണ്. ഒരിടത്തും, പ്രണയത്തിന്റെ എകാന്തവഴിയില്‍ കൈപിടിച്ച കളിക്കൂട്ടുകാരനില്‍ നിന്നുപോലും, അയാളത് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഒരു തണലും അവള്‍ക്ക് ലഭിക്കുന്നില്ല. ഭദ്രമായ കുടുംബ പശ്ചാത്തലമുള്ള പതിനഞ്ചുകാരന് പ്രണയ ലേഖനമെഴുതാനേ കഴിയൂ, ദുരന്തങ്ങളുടെ പാതാളത്തിലേക്ക് കൂപ്പുകുത്തുന്ന പിഴച്ചു പ്രസവിക്കപ്പെട്ട കൂട്ടുകാരിയെ കൈപിടിച്ചു രക്ഷിക്കാനാവില്ല. സുരക്ഷയുടെ ഒരു ചെറു ഇടവേള പോലെ തോന്നിക്കുന്ന പിതൃസ്ഥാനീയനായ പട്ടേരിയോടൊപ്പമുള്ള ഇത്തിരി നിമിഷങ്ങളില്‍ വീണ്ടും നവഗൃഹങ്ങള്‍ ഇടപെടുകയും ഒരിക്കലും സംഭവിക്കരുതാത്തതു സംഭവിക്കുകയും ചെയ്യുന്നതാണ് അവളുടെ, രക്ഷകന്റെയും, വിപര്യയം. ഒരര്‍ത്ഥത്തില്‍ നിര്‍ണ്ണായക വാദത്തോളമെത്തുന്ന (deterministic) രീതിയില്‍ ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്ക്‌ അസൂറയെ എടുത്തെറിയുന്നതില്‍ നോവലിസ്റ്റ് ഒരുതരം ഉന്മാദം അനുഭവിക്കുന്നുണ്ട് എന്ന് തന്നെ തോന്നാം. പട്ടേരിയുടെ ഗ്രന്ഥശേഖരത്തില്‍ നിന്ന് അസൂറ കണ്ടെടുക്കുന്ന സുവര്‍ണ്ണ ലതാ ഭട്ടതിരിപ്പാടിന്റെ അപൂര്‍ണ്ണമായ ആത്മകഥയിലെ  ബാക്കിയായ ഭാഗങ്ങള്‍ തന്നെയാണ് അവള്‍ ജീവിച്ചു തീര്‍ക്കുന്നത്. നിങ്ങള്‍ വായിക്കുന്നത് ഒരു നോവലാണ്‌ എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഇടയ്ക്കിടെ ഇടയില്‍ കയറുന്ന നോവലിസ്റ്റ്, വായനയെ, നോവലിനെ തന്നെയും, എത്രമാത്രം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്‌ എന്നത് വിമര്‍ശനപരമായി കാണേണ്ടതാണ്; അസൂറയുടെ കഥയുടെ ആസുരവേഗത്തെ അതത്ര ബാധിക്കുന്നില്ലെങ്കിലും. മുണ്ടാല പോലെ പോയ കാലത്തിലെങ്ങോ ഉറഞ്ഞു പോയതെന്നു തോന്നിക്കുന്ന ഒരു ദേശത്തിന് സമകാലിക മുദ്രകള്‍ ചാര്‍ത്തിക്കൊടുക്കാനും, തീക്ഷ്ണനൊമ്പരത്തിന്റെ കഥാന്തരീക്ഷത്തില്‍ ഒട്ടൊരു അയവ് വരുത്താനും ഇടയ്ക്കിടെ നടത്തുന്ന ചില സ്ഥല കാല നട്ടു പിടിപ്പിക്കലുകള്‍ ഒട്ടൊരു അസംബന്ധമായി ചിലപ്പോഴെങ്കിലും അനുഭവപ്പെടുന്നുണ്ട് എന്നത്, കൃതഹസ്തനായ ഈ എഴുത്തുകാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. നവഗ്രഹങ്ങളും ചതിച്ച അസൂറയുടെ ശാപഗ്രസ്തമായ പിറവിയെ പി. ടി. ഉഷയുടെയും ഷൈനി വില്‍സന്റെയും പിറവിയിലെ അനിശ്ചിതത്വങ്ങളുമായൊക്കെ ചേര്‍ത്തു കെട്ടുന്നതില്‍ നിന്നുരുവാകുന്ന കനം കുറഞ്ഞ ഹാസ്യം ഇവിടെ സംഗതമാണോ എന്ന് ശങ്കിക്കാം. ഒരു മെറ്റാഫിക് ഷന്‍ ഘടനയിലേക്ക് പാകപ്പെടുന്ന പ്രമേയമാണോ അസൂറയുടേത് എന്നത് സംശയകരമാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ നോവലിസ്റ്റ് ആ പരിമിതി സ്വയം തിരിച്ചറിഞ്ഞു ഉപേക്ഷിക്കുന്നുണ്ട് എന്ന് വേണം കരുതാനും. 

അസൂറയുടെ കൂടെപ്പിറപ്പുകള്‍ ലോകസാഹിത്യത്തില്‍ 

അസൂറ ലോകത്തെങ്ങും സാഹിത്യത്തില്‍, വിശേഷിച്ചും ജീവിതസാഹചര്യങ്ങള്‍ കടുത്തതും സ്ത്രീസ്വാതന്ത്ര്യം /ബാലാവകാശങ്ങള്‍ തുടങ്ങിയവ ദയനീയാവസ്ഥയില്‍ ഉള്ളതുമായ  ഏഷ്യന്‍ - ആഫ്രിക്കന്‍, സമൂഹ/മൂന്നാംലോക / നോവലുകളില്‍, നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രം തന്നെയാണ്. ടോണി മോറിസന്റെ പിക്കോലോ (The Bluest Eye), മാര്‍ക്കേസിന്റെ എരെന്‍ഡിര (Innocent Erindira), നവാല്‍ അല്‍ സഅദാവിയുടെ ഫിര്‍ദൗസ് (Woman at Point Zero), കാമറൂണ്‍ നോവലിസ്റ്റ് കലിഹ്തെ ബിയാലയുടെ ടാങ്ക (Your Name Shall Be Tanga), മോറീഷ്യന്‍ നോവലിസ്റ്റ് ആനന്ദാ ദേവിയുടെ ഈവ് (Eve Out fo Her Ruins), നൈജീരിയന്‍ നോവലിസ്റ്റ്  ക്രിസ് അബാനിയുടെ അബിഗേല്‍ (Becoming Abigail ) തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ പെട്ടെന്ന് സ്വയം മുന്നോട്ടായുന്നുണ്ട്. ഈ കൗമാരക്കാരികളെല്ലാം പല അര്‍ത്ഥത്തിലും അസൂറയുടെ കൂടെപ്പിറപ്പുകളാണ്,  ഫിര്‍ദൗസ് ഒഴികെ എല്ലാവരും അസൂറയെക്കാള്‍ ഇത്തിരി കൂടി ഇളയതാണ് എന്നേയുള്ളൂ. പക്ഷെ അസൂറ അതിലും നേരത്തെ നേരിട്ടുതുടങ്ങിയതു തന്നെയാണ് ആ അനുഭവങ്ങള്‍. അവര്‍ നേരിടുന്ന അവമതികള്‍ ഒട്ടുമിക്കപ്പോഴും ഗാര്‍ഹിക അരക്ഷിതാവസ്ഥ, അനാഥത്വം അല്ലെങ്കില്‍ സംരക്ഷിക്കേണ്ടവരില്‍ നിന്നുതന്നെ ഏറ്റുവാങ്ങേണ്ടി വരുന്ന പീഡനം എന്നിവയില്‍ തുടങ്ങുന്നു. പിക്കോലോയുടെ ദുരന്തം തുടങ്ങിവെക്കുന്നത്  സ്വന്തം പിതാവു തന്നെ. അച്ഛന്‍ ചോളി ബ്രീഡ് ലൌ രണ്ടുതവണ ബലാല്‍ക്കാരം ചെയ്യുകയും അതില്‍നിന്നു ഗര്‍ഭിണിയാകുകയും ഒടുവില്‍ ഉന്മാദത്തിന്റെ നഷ്ടവഴികളില്‍ തെരുവിലെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഏതോ മാന്ത്രികതയാലെന്നോണം എന്നും ജീവിതാഭിലാഷമായിരുന്ന നീലക്കണ്ണുകളുടെ വരം തനിക്കു ലഭിച്ചതായി വിശ്വസിക്കുകയും ചെയ്യുന്ന പിക്കോലോ ഉള്ളുലക്കുന്ന അനുഭവമാണ്‌.  പിതാവിന്റെ മരണത്തിനു ശേഷം കൊടിയ ദാരിദ്ര്യത്തില്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ബാലവേശ്യയായിത്തീരുന്ന ടാങ്ക, അക്കാര്യത്തില്‍ മാര്‍ക്കേസിന്റെ എരെന്‍ഡിരയുടെയും, പിതാവില്‍നിന്നുതന്നെ ഗര്‍ഭിണിയാകുന്നതില്‍ പിക്കോലോയുടെയും  കൂടെപ്പിറപ്പാണ്. ജയില്‍ മുറിയിലിരുന്നു മറ്റൊരാളോട്/ ആഖ്യാതാവിനോട് സ്വന്തം കഥ പറയുകയും അതുവഴി ഒരര്‍ത്ഥത്തില്‍ കര്‍തൃത്വം സ്ഥാപിക്കുകയും ചെയ്യുന്ന കുറ്റവാളിയും മരണം കാത്തുകഴിയുന്നവളും എന്ന അവസ്ഥയില്‍ ടാങ്ക, ഇജിപ്ഷ്യന്‍ നോവലിസ്റ്റ് നവാല്‍ അല്‍ സഅദാവിയുടെ വിഖ്യാത കൃതിയിലെ (Woman at Point Zero) ഫിര്‍ദൗസിനെയും ഓര്‍മ്മിപ്പിക്കുന്നു. പകല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയും രാത്രി ലൈംഗിക തൊഴിലാളിയുമായി മാറേണ്ടി വരുന്ന ഈവിന്റെ കാര്യവും വ്യത്യസ്തമല്ല. ചെറുപ്പം തൊട്ടേ പ്രദേശത്തെ ആണ്‍കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും എല്ലാ തരം കടന്നു കയറ്റങ്ങളും നേരിടേണ്ടി വന്നിട്ടുള്ള അവള്‍ക്ക് പോര്‍ട്ട്‌ ലൂയിസിലെ തന്നെപ്പോലുള്ള പെണ്‍കുട്ടികളെ കാത്തിരിക്കുന്ന വിധിയെ കുറിച്ച് വ്യാമോഹങ്ങള്‍ ഒന്നിമില്ല എന്നിടത്താണ് അവള്‍ പേരു സൂചിപ്പിക്കുന്ന ആദിമ സ്ത്രീപ്രതീകം തന്നെയാകുന്നത് . ഇരയാകുന്ന /ആക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ‘തന്റെ ഉടലില്‍ നിന്ന് പുറത്തേക്ക് ചുവടുവെച്ച്’ സ്വയം മരവിപ്പിക്കുന്ന ഈവ് നിരാര്‍ഭാടമായ ചേരി ജീവിതത്തിന്റെ പെണ്‍സഹനത്തെയും പ്രതീക്ഷയറ്റ വികാരശൂന്യതയെയും പ്രതിഫലിപ്പിക്കുന്നു. ഇത്തരം പെണ്‍കുട്ടികളുടെ അതിജീവന സൂത്രമായി ഈവ് വളര്‍ത്തിയെടുക്കുന്ന “കടലാമ” തന്ത്രത്തെ വിവരിക്കുന്നുണ്ട് ആനന്ദാ ദേവിയുടെ നോവലിന്റെ അവതാരികയില്‍ നോബല്‍ പുരസ്കാര ജേതാവായ മോറീഷ്യന്‍ നോവലിസ്റ്റ് ജെ.എം.ജി.ലെ ക്ലെസിയോ. മറ്റാരെയും ആശ്രയിക്കാനില്ലാതെ പിതാവിന്റെ കൊടിയ പീഡനങ്ങളില്‍ സ്വയം തല പിന്‍വലിച്ചു ചുരുണ്ട് കൂടുന്ന ഈവിന്റെ പ്രകൃതത്തെ സൂചിപ്പിക്കാന്‍ നോവലില്‍ ഉപയോഗിക്കപ്പെടുന്ന രൂപകമാണ് അത്. ഒരുവളേ, പരപീഡനത്തെ ആത്മപീഡനം തന്നെയാക്കി പരിവര്‍ത്തിപ്പിക്കുന്ന, സ്വയം മുറിവേല്‍പ്പിച്ചും പൊള്ളലേല്‍പ്പിച്ചും വിചിത്ര അതിജീവനം പയറ്റുന്ന ക്രിസ് അബാനിയുടെ അബിഗേലിന്റെതും അത്ര വേറിട്ടൊരു കഥയല്ല. ഒരായുസ്സില്‍ അനുഭവിച്ചു തീര്‍ക്കാനാവുന്നതിലേറെ പീഡന പര്‍വ്വങ്ങള്‍ അനുഭവിച്ചു തീര്‍ത്ത്‌ ഒരു രാവിന്റെ വിജന നിശബ്ദതതയില്‍ അപ്പോള്‍ വലിച്ചു തീര്‍ത്തു വിരലുകള്‍ കൊണ്ട് ഏറ്റിത്തെറിപ്പിച്ച സിഗരറ്റ്‌ കുറ്റിയുടെ ആയത്തെ ഉടലോടെ പിന്‍തുടര്‍ന്ന് തെംസ് നദിയുടെ ആഴങ്ങളില്‍ മറയുമ്പോള്‍ വയസ്സു പതിനാലാണ് അവള്‍ക്ക്. ഈവ് ആകട്ടെ, നിരന്തര പീഡനം കൊണ്ട് മരവിച്ചുപോയ സ്വന്തം ഉടലിനെ തന്റെ കാലുകള്‍ക്കിടയിലെ വിടവിലേക്കു ചുരുക്കുന്നു. എതിര്‍പ്പുകള്‍ നിഷ്ഫലമാണ് എന്ന അറിവില്‍ അവള്‍ സ്വയം തുറന്നിടുന്നു. അപ്പോഴും അവള്‍ സ്കൂള്‍ ക്ലാസുകളില്‍ എത്തിയിട്ടേ ഉള്ളൂ.

മറ്റൊരു പരിഗണനയില്‍, ഉടലഴകിന്റെ ദുരന്തം വേട്ടയാടിയ ദുര്‍വ്വിധി എന്ന പ്രമേയം എപ്പോഴും എമിലി സോലയുടെ നാനയെ (Nana) ഓര്‍മ്മിപ്പിക്കും. എന്നാല്‍, ഉടല്‍ സമൃദ്ധിയുടെ കനലില്‍ സ്വയമെരിയുകയും അടുത്തു വന്നവരേയും ആവാഹിച്ചു വരുത്തിയവരെയും എരിയിക്കുകയും ചെയ്യുന്ന നാനയെക്കാളേറെ ബലിമൃഗത്തിന്റെ ജാതകം എന്ന സമവാക്യം തന്നെയാണ് മുകളില്‍ സൂചിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ അസൂറക്കും ചേരുക. അവരാരും ആരെയും പൊള്ളിക്കുന്നില്ല; എല്ലാ പൊള്ളലുകളും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏറ്റുവാങ്ങുന്നതേയുള്ളൂ. അണക്കെട്ടു നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ആദിമ ജനതയുടെ ദൈന്യം ഇതിഹാസമാനമുള്ള മാനവിക ദുരന്തമായി അവതരിപ്പിച്ച തന്റെ ആദ്യ നോവലിന് നോവലിസ്റ്റ് നല്‍കിയ പേര് ‘ദേശത്തിന്റെ ജാതകം’ എന്നായിരുന്നു എന്നത് ശ്രദ്ധേയമാണ്. അസൂറയില്‍ ദേശമല്ല, ഒരൊറ്റ കഥാപാത്രം തന്നെയാണല്ലോ നിറഞ്ഞു നില്‍ക്കുന്നത്. ഒട്ടേറെ കഥാപാത്രങ്ങളുള്ള ‘ദേശത്തിന്റെ ജാതക’ത്തില്‍ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രസരിപ്പിക്കുന്ന സ്നേഹത്തിന്റെയും പൊറുത്തുകൊടുക്കലിന്റെ പാരസ്പര്യത്തിന്റെയും വെളിച്ചം അസൂറയില്‍ കാണാനാവാത്തത് മൂവന്തിയില്ലാത്ത ‘കര്‍ക്കടകത്തിന്റെ കറുപ്പി’ലേക്ക്‌ ജനിച്ചു വീണ കുരുതിപ്പൂവിനോട് പുഞ്ചിരിക്കാന്‍ ആവശ്യപ്പെടരുത് എന്ന എഴുത്തുകാരന്റെ തീര്‍പ്പു തന്നെയാവണം. പിന്‍ചട്ട സൂചിപ്പിക്കുന്ന തരത്തില്‍ ദേവീ സങ്കല്‍പ്പമായി ഉയരുകയെന്ന ഇതിവൃത്ത ഘടകം നല്‍കുന്ന സൂചനയില്‍ മലയാളി വായനക്കാരന് ഒരു അപ്രതീക്ഷിതത്വമുണ്ട് എന്ന് കൂടി പറഞ്ഞു വെക്കട്ടെ: കെ. പി. രാമനുണ്ണിയുടെ സൂഫിയുടെ കഥയുമായി വിശേഷിച്ചൊരു താരതമ്യത്തിനും നോവല്‍ ഇടം നല്‍കുന്നില്ല എന്നതാണ് അത്.   



കൂടുതല്‍ വായനക്ക്: 

'ദേശത്തിന്റെ ജാതകം' :

https://alittlesomethings.blogspot.com/2017/02/blog-post.html

നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍

മാജി- ഹാരിസ് നെന്മേനി

https://alittlesomethings.blogspot.com/2024/07/maji-by-haris-nenmeni-malayalam-novel.html

https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html

Becoming Abigail by Chris Abani

https://alittlesomethings.blogspot.com/2017/04/blog-post.html

God Help the Child by Toni Morrison

https://alittlesomethings.blogspot.com/2015/09/blog-post.html

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

  The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html

     

The Golden Chariot by Salwa Bakr

https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html