“ധമനികള്‍, അരുവികള്‍, പിന്നെ പുഴകള്‍ : തമിഴ് ജനതയുടെ. അവ നഗരത്തില്‍ നിന്ന് പുറത്തേക്കൊഴുകി. അവര്‍ക്ക് പിന്നില്‍ അവര്‍ വിട്ടേച്ചുപോവുന്നത്: കൊള്ളയടിക്കപ്പെട്ട, കരിപിടിച്ചു കറുത്തുപോയ വീടുകള്‍, പ്രിയപ്പെട്ടവരുടെ
കത്തിത്തീര്‍ന്നിട്ടില്ലാത്തതോ മറവു ചെയ്യപ്പെട്ടിട്ടില്ലാത്തതോ ആയ ശരീരങ്ങള്‍,
പാരമ്പര്യ സ്വത്ത്,
കാണാതായ കുഞ്ഞുങ്ങള്‍,
നാടെന്ന ബോധം,
ദേശീയത. അത് നാക്കില്‍
കയ്പ്പുണ്ടാക്കി നിലനില്‍ക്കുന്ന ഒരു പട്ടികയാണ്. പ്രതികാരത്തിന്റെ,
വിഭജനത്തിന്റെ,
വിട്ടുപോക്കിന്റെ സങ്കല്‍പ്പങ്ങള്‍ക്ക്
അത് ജന്മം നല്‍കും. ദശകങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോന്ന പൂര്‍വ്വികരുടെ
ഗ്രാമങ്ങളിലേക്ക് അവര്‍ പലായനം ചെയ്യുന്നു, ഇവിടെ ഈ വടക്കന്‍ ദേശങ്ങളിലാണ് ആ ജൂലായിലെ(1983)
സംഭവങ്ങള്‍ അവരെ ഏറ്റവും കടുത്ത
പോരാളികളും ദൃഡ നിശ്ചയമുള്ള വിഘടന വാദികളും ആക്കുക.”
-(Island of A Thousand Mirrors- Page-89)
ശ്രീലങ്കന്‍ - അമേരിക്കന്‍ നോവലിസ്റ്റ് നയോമി മുനവീരയുടെ 2013-ലെ കോമണ്‍വെല്‍ത്ത് ബുക്ക് പ്രൈസ് (ഏഷ്യ) നേടിയ നോവലാണ് 'ഒരായിരം കണ്ണാടികളുടെ ദ്വീപ്'. 1948-ല്‍ ദ്വീപില്‍ നിന്നുള്ള കൊളോണിയല്‍ കൊള്ളമുതല്‍ നിറച്ച അവസാനത്തെ ഇംഗ്ലീഷ് കപ്പല്‍ യാത്ര തിരിക്കുന്നത് തൊട്ട് വംശീയ കൂട്ടക്കൊലയുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും ചോരയും ചലവും ഉണങ്ങിയിട്ടില്ലാത്ത വര്‍ത്തമാന കാലം വരെയുള്ള ആറു പതിറ്റാണ്ടുകളുടെ അനുഭവങ്ങളാണ് നോവലിന് വിഷയമാവുന്നത്. നാല് തലമുറയിലൂടെ, മൂന്നു കുടുംബങ്ങളിലൂടെ, കൊളംബോയുടെ ഉപ്പുകാറ്റടിക്കുന്ന മനോഹരമായ തീരദേശ വീഥികളിലൂടെ, വടക്കന്‍ ദേശത്തിന്റെ വംശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ചോരപ്പുഴകളിലൂടെ, ലോസ് ഏഞ്ചല്‍സിന്റെ മനുഷ്യപ്പറ്റില്ലാത്ത യാന്ത്രിക ക്രമബദ്ധതയിലൂടെ, വിട്ടു പോകുമ്പോഴും ഹൃദയത്തിലും ഉയിരിലും നിത്യ സാന്നിധ്യമായ മരതക ദ്വീപിന്റെ കൊളോണിയല്‍ അനന്തര ജീവിതാവസ്ഥ നഷ്ടങ്ങളുടെയും ഹൃദയത്തിലും ഉടലിലുമേല്‍ക്കുന്ന ഉണങ്ങാത്ത മുറിവുകളുടെയും കാമനകളുടേയും പ്രണയ ഭംഗങ്ങളുടേയും കടന്നു കയറ്റങ്ങളുടേയും സമര്‍പ്പണങ്ങളുടേയും ബലിദാനങ്ങളുടേയും പാലായനങ്ങളുടേയും കുരുതികളുടേയും പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടുന്നു. നാടും വീടും പ്രവാസവുമെന്ന അനുഭവ ദ്വന്ദ്വത്തിന്റെ സര്‍വ്വ കാല പ്രസക്തമായ പ്രമേയം തുടക്കത്തിലേ സൂചിതമാവുന്നുമുണ്ട്: വര്‍ഷങ്ങളായി ദ്വീപില്‍ കഴിഞ്ഞ കപ്പിത്താന് നാട് എന്നത് പതിറ്റാണ്ടുകള്‍ താന്‍ കണ്ട ദ്വീപും അതിന്റെ വശ്യ പ്രകൃതിയും തന്നെയാവുമ്പോള്‍ പുതുമോടിക്കാരിയായ അയാളുടെ ഭാര്യ 'പൊള്ളുന്ന ചൂടും കൊതുകുകളുമില്ലാത്ത' മാഞ്ചസ്റ്ററിന്റെ വൃത്തിയുള്ള തെരുവുകളിലേക്ക് തിരിച്ചു പോവുന്നതിന്റെ ആവേശത്തിലാണ്. നോവലിന്റെ ഒടുവില്‍ 'പ്രവാസവും മറവിയും രക്ഷപ്പെടലും സാധ്യമെന്നല്ല, സാധാരണം തന്നെയായ' അമേരിക്കന്‍ നഗരങ്ങളില്‍ ഏറ്റവും 'യൂറോപ്യന്‍' ആയ സാന്‍ ഫ്രാന്‍സിസ്ക്കോയിലെ മഞ്ഞു മാറിയ സുഖകരമായ കാലാവസ്ഥയിലിരുന്നു, തന്റെ കുഞ്ഞു മകള്‍ സമുദ്രയെ മഹാദുരന്തങ്ങളുടെ ഓര്‍മ്മകളിലേക്കുണര്‍ത്താതിരിക്കാനായി ജന്മ ദേശത്തെക്കുറിച്ച് ഒന്നുമറിയിക്കാതിരിക്കാന്‍ പാട് പെടുന്ന യശോധര കണ്ടെത്തുന്നതും അതാണ്: സംഘര്‍ഷങ്ങള്‍ നിലച്ചു സമാധാനത്തിന്റെ ദിനങ്ങള്‍ വരുമ്പോള്‍ "ഞാനവളോടൊപ്പം അവളുടെ പേരിന്റെ ഉറവിടമായ കടല്‍ പങ്കിടും. ഞാനവളെ ദ്വീപ് കാണിച്ചു കൊടുക്കും.”
................
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/island-of-a-thousand-mirrors-by-nayomi-munaweera
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 71-83)
To purchase, contact
ph.no: 8086126024