Featured Post

Showing posts with label Han Kang. Show all posts
Showing posts with label Han Kang. Show all posts

Wednesday, October 16, 2024

Human Acts by Han Kang/ Deborah Smith

മനുഷ്യ കര്‍മ്മങ്ങള്‍ – സാക്ഷ്യ സാഹിത്യത്തിന്റെ ധര്‍മ്മം



മനുഷ്യസൃഷ്ടമായ ചരിത്ര ദുരന്തങ്ങളുടെ ഭീകരതയും ട്രോമയും അതനുഭവിച്ചവരുടെ തന്നെ ആഖ്യാനങ്ങളായി സാഹിത്യത്തില്‍ അടയാളപ്പെടുമ്പോള്‍, അതിനു വൈയക്തികവും സഞ്ചിത സാമൂഹികവുമായ പ്രകൃതങ്ങള്‍ ഉണ്ടാവും. വിസ്മരിക്കപ്പെടുകയോ മൌന മുദ്രിതമാകുകയോ ചെയ്യാന്‍ ഇടയുള്ള മഹാദുരന്തങ്ങള്‍, യുദ്ധം, വംശഹത്യ, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, തുടങ്ങിയ വ്യവസ്ഥാപിത ഹിംസയുടെ അത്യാചാരങ്ങളെ വരും തലമുറക്കായി ആഖ്യാനം ചെയ്യപ്പെടുന്ന ഇത്തരം കൃതികള്‍ witness literature എന്ന് വിവരിക്കപ്പെടുന്നു. ഹോളോകാസ്റ്റ് ആഖ്യനങ്ങളായ Night (Elie Wiesel), If This is a Man (Primo Levi), The Diary of a Young Girl (Anne Frank), മുതല്‍ സ്റ്റാലിന്‍ കാല സോവിയറ്റ് ഭീകരതയുടെ ആവിഷ്കാരമായ The Gulag Archipelago (Aleksandr Solzhenitsyn), അടിമത്ത ഭീകരതയുടെ ആവിഷ്കാരമായ Beloved (Toni Morrison) തുടങ്ങിയ ഒട്ടേറെ കൃതികള്‍ ഈ വിഭാഗത്തില്‍ ലോകസാഹിത്യത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. സഞ്ചിത വിസ്മൃതിക്കെതിരെ ഓര്‍മ്മകളുടെ ദൌത്യം, അതിജീവനം എന്നത് മരണ തുല്യമോ അതിലും മോശമോ ആവുന്നതിന്റെ സമസ്യകള്‍, സാക്ഷ്യം പറയുന്നതിന്റെ സാമൂഹിക, ധാര്‍മ്മിക ഉത്തരവാദിത്തം, നിശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമാകുന്നതിന്റെ പ്രാധാന്യം തുടങ്ങിയവയാണ് ‘സാക്ഷ്യ സാഹിത്യത്തിന്റെ മുഖ്യ പ്രമേയങ്ങള്‍. എലി വീസലിന്റെ വാക്കുകളില്‍ ‘സാക്ഷ്യ സാഹിത്യത്തിന്റെ ദൌത്യം ഇങ്ങനെ വിവരിക്കപ്പെടുന്നു:

‘അതിജീവിച്ചവരില്‍ തുറന്നുപറയാന്‍ തീരുമാനിക്കുന്നയാള്‍ക്ക് അത് വ്യക്തമാണ്: അയാളുടെ ദൗത്യം, മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും വേണ്ടി സാക്ഷിപറയലാണ്. നമ്മുടെ സഞ്ചിത സ്മൃതിയുടെ ഭാഗമാകേണ്ട ഒരു ഭൂതകാലത്തെ വരുംതലമുറയ്ക്ക് അപ്രാപ്യമാക്കാന്‍ അയാള്‍ക്ക് അധികാരമില്ല. മറക്കുക എന്നത് അപകടകരം മാത്രമല്ല, മ്ലേച്ഛവുമാണ്; മരിച്ചവരെ മറക്കുകയെന്നാല്‍ അവരെ രണ്ടാമതൊരിക്കല്‍ക്കൂടി കൊന്നുകളയലാണ്’  (Night, എലി വീസല്‍)

‘വെജിറ്റേറിയ'നില്‍ നിന്ന് വ്യത്യസ്തമായി തികച്ചും ചരിത്ര ബന്ധിതമായി എഴുതപ്പെട്ട നോവലാണ്‌ Human Acts. 1979ല്‍ സൈനിക ഏകാധിപതി പാര്‍ക്ക് ചുന്‍ ഹീ വധിക്കപ്പെടുകയും മാസങ്ങള്‍ക്കകം ചുന്‍ ദു ഹുവാന്‍ അധികാരം പിടിച്ചെടുക്കുകയും പട്ടാളനിയമം നടപ്പിലാക്കുകയും ചെയ്തു. ഹാന്‍ കാങ്ങിന്റെ ജന്മനഗരമായ ഗ്വാങ്ജുവില്‍, 1980 May 17നു,  ചുന്‍ ദു ഹുവാനിന്റെ പട്ടാള ഏകാധിപത്യത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ അഹിംസാത്മക, ജനാധിപത്യ പോരാട്ടത്തെ  സൌത്ത് കൊറിയന്‍ പട്ടാളം രക്തരൂക്ഷിതമായി അടിച്ചമര്‍ത്തിയ സംഭവമാണ് നോവലിന്റെ പാശ്ചാത്തലം.  ‘ഗ്വാങ്ജൂ കലാപം എന്നും “5:18 ജനാധിപത്യ കലാപം (5:18 Democratic Uprising) എന്നും അറിയപ്പെട്ട പ്രസ്തുത സംഭവത്തില്‍,  ഔദ്യോഗിക കണക്കുകള്‍ പ്രകാരം 140ലേറെ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. സെന്‍സസ് കണക്കുകള്‍ പ്രകാരം രണ്ടായിരത്തോളം പേരാണ് കാണാതായത്. ദക്ഷിണ കൊറിയയുടെ ജനാധിപത്യ വല്ക്കരണത്തില്‍ വലിയ പങ്കുവഹിച്ച സംഭവം പൂര്‍വ്വ ഏഷ്യയിലെങ്ങും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. ഫിലിപ്പൈന്‍സ്, തായ്ലാന്‍ഡ്, ചൈന, വിയെറ്റ് നാം, എന്നിവിടങ്ങളില്‍ അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. കൊറിയന്‍ ജനതയില്‍ അത് നിറച്ച വിപ്ലവ ചിന്ത, 1987ല്‍ ഏകാധിപത്യത്തെ തൂത്തെറിയുന്നതില്‍ കലാശിച്ചു. നോവലിന്റെ ശ്രദ്ധ, ആഴച്ചകള്‍ നീണ്ട പ്രസ്തുത ചരിത്ര ഘട്ടത്തില്‍ ഒതുങ്ങുന്നില്ല; 2013ല്‍ ഹാന്‍, തന്റെ നോവലിന്റെ രചനയ്ല്‍ മുഴുകിയ നാളുകളില്‍ പ്രസ്തുത കലാപം വീണ്ടും ഓര്‍മ്മിക്കപ്പെടാന്‍ സവിശേഷമായ ഒരു ചരിത്രകാരണം കൂടിയുണ്ടായിരുന്നു: പാര്‍ക്ക് ചുന്‍-ഹീയുടെ മകള്‍ പാര്‍ക്ക് ഗേന്‍-ഹൈ പ്രസിഡന്റ് ആയി അവരോധിക്കപ്പെട്ടത്‌ അന്നായിരുന്നു. 2017ല്‍ ഇമ്പീച്ച് ചെയ്യപ്പെടുംവരെ അവര്‍ അധികാരത്തില്‍ തുടരുകയും ചെയ്തു.

‘വെജിറ്റേറിയ’നിലെതുപോലെ പരസ്പര ബന്ധിതമായ, വ്യത്യസ്ത ആഖ്യാതാക്കളിലൂടെയുള്ള ആറധ്യായങ്ങളാണ് ‘മനുഷ്യ കര്‍മ്മങ്ങളില്‍ ഉള്ളത്. ഈ വ്യക്തിഗത കഥകളെല്ലാം ചേര്‍ന്നു ഭരണകൂട ഭീകരതയുടെ ശാരീരിക, മാനസിക ദുരന്തങ്ങളും രാഷ്ട്രീയ അടിച്ചമര്‍ത്തലിനു ഒടുക്കേണ്ടിവരുന്ന മാനുഷിക വിലയും അവതരിപ്പിക്കുന്നു. ഗ്വാങ്ജൂ കൂട്ടക്കൊലയുടെ ബാക്കിപത്രമായി താല്‍ക്കാലിക മോര്‍ച്ചറിയില്‍ എത്തുന്ന ജഡങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡോങ് ഹോയിലാണ് ആദ്യ അദ്ധ്യായം. കൂടെയുള്ളവരിലധികവും വിദ്യാര്‍ഥികള്‍ ആണെങ്കിലും പതിനഞ്ചുകാരനായ ഡോങ് ഹോ ആണ് ഏറ്റവും ചെറുപ്പം. തന്റെ ദൗത്യം വളരെ ഗൌരവത്തിലെടുക്കുന്ന ഡോങ് ഹോ, ജടങ്ങല്‍ക്കുമേല്‍ ദേശീയ പതാക പുതപ്പിച്ചും അവക്കുവേണ്ടി മെഴുകുതിരികള്‍ കത്തിച്ചും അവയെ ആദരിക്കുകയും എല്ലാ അരാജകത്വങ്ങള്‍ക്കിടയിലും ഒരു ക്രമം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.  കൂട്ടത്തില്‍, കൊല്ലപ്പെട്ട പ്രിയസുഹൃത്തിനെയും അവന്‍ തിരയുന്നുണ്ട്. അമ്മയും സഹോദരനും ഏറെ വിഷമത്തിലാണ് അവനെക്കുറിച്ച്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് ജോങ് ദേയെ വലിയൊരു പ്രകടനത്തിനിടെ പട്ടാളക്കാര്‍ വെടി വെച്ചു കൊല്ലുന്നതിനു അവന്‍ സാക്ഷിയായിരുന്നു. അവന്റെ പ്രണയമായിരുന്ന, ജോങ് ദേയുടെ സഹോദരി ജോങ് മി അപ്രത്യക്ഷയായതും അവനറിയാം. ഈ രണ്ടു ദുരന്തങ്ങളും അവനില്‍ കുറ്റബോധം (survivor guilt) നിറക്കുന്നുണ്ട്.

അത്രസാധാരണമല്ലാത്ത ഒരാഖ്യാന രീതിയിലാണ് നോവലിന്റെ തുടക്കമെന്നത് പ്രധാനമാണ്. ദ്വിതീയ വ്യക്തിക ആഖ്യാനത്തില്‍ (second person) ‘നീ എന്നാണ് മുഖ്യ കഥാപാത്രം അഭിസംബോധന ചെയ്യപ്പെടുന്നത്. ആ ‘നീ ഡോങ് ഹോ ആണെന്ന് പതിയെ വ്യക്തമാകുന്നു. വായനക്കാരന്‍/ ക്കാരി പതിയെ ഡോങ് ഹോ ആയി മാറുകയാണ്‌ ഇവിടെ. രണ്ടാം അധ്യായത്തിന്റെ ഒടുവിലാണ് നാം തിരിച്ചറിയുക: ‘നീ’ മരിച്ചുകഴിഞ്ഞു.   ആദ്യ അധ്യായത്തില്‍ സൂചിതമായ ജോങ് ദേയുടെ മരണത്തിനപ്പുറത്തു നിന്നുള്ള വീക്ഷണത്തിലാണ് രണ്ടാമധ്യായത്തിന്റെ ആഖ്യാനം. ജീവിതത്തിനും മരണത്തിനും ഇടയില്‍ തങ്ങിനില്‍ക്കുന്ന അവന്റെ ബോധം ജീവിച്ചിരിക്കുന്നവരുടെ ലോകത്തെ വീക്ഷിക്കുന്നു. വിഘടിച്ചുപോയ സ്വത്വം, ഉടല്‍ മുക്തത തുടങ്ങിയ മെറ്റഫിസിക്കല്‍ ആശയങ്ങള്‍ ഈ അധ്യായത്തില്‍ പ്രധാനമാണ്. ട്രോമ എന്നത് ശാരീരിക മരണത്തിനും ശേഷവും തങ്ങിനില്‍ക്കുന്ന ഓര്‍മ്മയായും അതിജീവിച്ചവരെ വേട്ടയാടുമെന്നു നോവല്‍ നിരീക്ഷിക്കുന്നു. മരണത്തിനപ്പുറം/ ഇപ്പുറമെന്ന മട്ടില്‍, അഥവാ, തങ്ങള്‍ മരിച്ചു പോയിരിക്കുന്നോ ഇല്ലെയോ എന്ന് തീര്‍ച്ചയില്ലാത്ത മട്ടില്‍, അതുമല്ലെങ്കില്‍ മരണത്തിനു ശേഷവും ഒരു നിശ്ചിത സമയം തങ്ങളുടെ ജീവിത ചുറ്റുപാടുകളില്‍ തന്നെ തങ്ങള്‍ മരിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാതെ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെയുള്ള ഭ്രമാത്മക ആഖ്യാനം ഒട്ടേറെ കൃതികളില്‍ കാണാനാകും. ഹുവാന്‍ റുള്‍ഫോയുടെ Pedro Paramo പോലുള്ള ക്ലാസിക്കുകള്‍ മുതല്‍ പുതിയ കൃതികളില്‍ വരെ ഇതിനു ഉദാഹരണങ്ങളുണ്ട്. ക്രിസ് അബാനിയുടെ Song for Night, ജോര്‍ജ്ജ് സോണ്ടെഴ്സിന്റെ Lincoln in the Bardo, എലിഫ് ഷഫാകിന്റെ 10 Minutes 38 Seconds in This Strange World, ഷെഹാന്‍ കരുണതിലകെയുടെ The Seven Moons of Maali Almeida തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

തന്റെ ജഡം മറ്റുള്ള കുറെയേറെ ജടങ്ങളോടൊപ്പം ഒരു തുറസ്സില്‍ എറിയപ്പെട്ടിരിക്കുന്നു എന്ന് ജോങ് ദേ കണ്ടെത്തുന്നു. തന്റെ സഹോദരിയും കൊല്ലപ്പെട്ടിരിക്കുന്നു എന്ന് അയാള്‍ക്കറിയാം. പ്രതികാരം ചെയ്യണമെന്നുണ്ടെങ്കിലും എങ്ങനെയാണ് ഒപ്പമുള്ള മരിച്ചവരോട് ആശയവിനിമയം നടത്തേണ്ടത് എന്ന് അയാള്‍ക്കറിയില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം, അഴുകിത്തുടങ്ങിയ തന്റെതുള്‍പ്പടെയുള്ള ജഡങ്ങള്‍ കത്തിച്ചു കളയാന്‍ പട്ടാളക്കാര്‍ എത്തുമ്പോള്‍, അങ്ങനെയെങ്കിലും തന്റെ ആത്മാവിനു മോക്ഷം കിട്ടുമെന്നും ഗ്വാങ്ജൂവിനു മുകളില്‍ അതിനു സ്വതന്ത്രമായി വട്ടമിടാനാകുമെന്നും ആദ്യം അവന്‍ ആശ്വസിക്കുന്നു. എന്നാല്‍, ഡോങ് ഹോയും കൊല്ലപ്പെട്ടുവെന്ന് ആ ഘട്ടത്തില്‍ തിരിച്ചറിയുന്നത്‌ അവനെ നിരാശനാക്കുന്നു.

മൂന്നാമാധ്യായം അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കിം ഊന്‍ സൂക് എന്ന ആക്റ്റിവിസ്റ്റിന്റെ വീക്ഷണത്തില്‍ ആഖ്യാനം പുനരാരംഭിക്കുന്നു. ഒരു പ്രസിദ്ധീകരണാലയത്തില്‍ ജോലിചെയ്യുന്ന അവള്‍, കൊറിയന്‍ പ്രതിഷേധ നാടകങ്ങളുടെ ഒരു പുസ്തകത്തിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ടു പോലീസ് സ്റ്റേഷനില്‍ വിളിക്കപ്പെടുന്നു. ഏഴുതവണ മാരകമായ പ്രഹരം ഏറ്റുവാങ്ങുന്നത്തിന്റെ ഫലമായി കവിളുകളില്‍ കടുത്ത മുറിവേല്‍ക്കുകയും ഒരു ചെവിയുടെ കേള്‍വി നഷ്ടമാകുകയും ചെയ്യുന്നു. ഒരുദിവസം ഓരോന്നുവെച്ച് ഒരാഴ്ച കൊണ്ട് പ്രഹരങ്ങള്‍ മറന്നുകളയാം എന്ന തീരുമാനത്തോടെ വീട്ടിലെത്തുന്ന ഊന്‍ സൂക്, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ ശ്രമത്തിനിടെ ട്രോമകളുടെ താന്‍ കടന്നുപോയ/ സാക്ഷ്യം വഹിച്ച സന്ദര്‍ഭങ്ങള്‍ വീണ്ടും ജീവിക്കുകയാണ്. സെന്‍സര്‍ഷിപ്പ് കഴിഞ്ഞു കിട്ടിയ പുസ്തകം ഉപയോഗശൂന്യമാം വിധം മിക്കവാറും മുഴുവനായും മാഷിയടിച്ചു കാനാതാക്കിയിരുന്നു. എന്നാല്‍, നാടകാവതാരകാന്‍ മി. സിയോ, നാടകം മുഴുവനായി അവതരിപ്പിക്കുമെന്നും, ഗ്വാങ്ജൂ കൂട്ടക്കുരുതിയുടെ ഇരകളുടെ ഓര്‍മ്മയെ ആദരിക്കുമെന്നും പ്രഖ്യാപിക്കുന്നു. എന്നാല്‍, അഭിനേതാക്കള്‍ സെന്‍സര്‍ ചെയ്യപ്പെട്ട വരികള്‍ ചുണ്ടാനക്കുന്നതല്ലാതെ ഉച്ചരിക്കുന്നില്ല.

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, നാലാമധ്യായത്തില്‍, പേര് പറയുന്നില്ലാത്ത ആഖ്യാതാവിന്റെ വിവരണത്തില്‍, ജയിലില്‍ അയാള്‍ മൌനിയും ഓജസ്സറ്റവനുമായ കിം ജിന്‍ സു വുമായി മുറിയും ഭക്ഷണവും പങ്കിട്ടു. പലതരം പീഡനങ്ങള്‍ ഇരുവരും ഏറ്റുവാങ്ങുന്നുണ്ട്, അതിലൊന്ന് ഒരു പേന ഉപയോഗിച്ച് കൈകള്‍ അംഗഭംഗപ്പെടുത്തുന്നതാണ്. ‘വെറും ഇറച്ചി എന്ന് ജയില്‍ അനുഭവപ്പെട്ടതിനെ പോരാട്ട വേദികളില്‍ സഹപോരാളികളോടൊപ്പം ‘ഉദാത്തമായ, ഒരൊറ്റ വലിയ ഹൃദയ’മായി അനുഭവപ്പെട്ടതുമായി ആഖ്യാതാവ് തുലനം ചെയ്യുന്നു. മനുഷ്യസത്തയ്ക്ക് എകാധിപത്യങ്ങളില്‍ സംഭവിക്കുന്ന അപചയത്തിന്റെ ഒരു നേര്‍ ചിത്രമാണ് അത്. ജിന്‍ സു വിനൊപ്പം തീരെ ചെറുപ്പമായ യോങ് ചേ എന്ന നവയുവാവുമുണ്ട്: ഒട്ടേറെ ചെറു പ്രതിഷേധങ്ങള്‍ ജയിലിനകത്തുതന്നെ സംഘടിപ്പിക്കുന്ന ആദര്‍ശ ശാലി. ഒപ്പം, തനിക്കു നഷ്‌ടമായ കൊച്ചുസന്തോഷങ്ങളെ ഓര്‍ത്തു വിതുംമുന്നവന്‍. ആഖ്യാതവിന്റെയും ജിന്‍ സുവിന്റെയും മനസ്സുകളില്‍ അവന്‍ ഡോങ് ഹോയെ ഓര്‍മ്മിപ്പിക്കുന്നു. യോങ് ചേ, മനോരോഗാശുപത്രിയില്‍ അടക്കപ്പെടുമ്പോള്‍, ജിന്‍ സു, ആത്മഹത്യ ചെയ്യും. തന്നെ ഇന്റെര്‍വ്യു ചെയ്യുന്ന പ്രൊഫ: യൂനിനോട് അയാള്‍ പൊട്ടിത്തെറിക്കുന്നു: മനുഷ്യര്‍ക്ക്‌ പൊതുവായുള്ളത് പരസ്പരം ക്രൂരത ചെയ്യാനുള്ള കഴിവുമാത്രമാണ്.

ഇരുപതിലേറെ വര്‍ഷങ്ങള്‍ക്കു ശേഷം, 2002 ല്‍ ആഖ്യാനം തുടരുമ്പോള്‍ സൂണ്‍ ജുവിനെ നാം കണ്ടുമുട്ടുന്നു. ഒരു പരിസ്ഥിതി പ്രവര്‍ത്തകയായ അവള്‍, തന്റെ ഗ്വാങ്ജൂ പോരാട്ട കാലത്തെ കുറിച്ച് അധികവും മൌനം പാലിക്കുന്നു. മുന്‍ അദ്ധ്യായത്തിലെ ജേണലിസ്റ്റ്, പ്രൊഫ്‌: യൂണ്‍ നടത്തുന്ന അഭിമുഖ അഭ്യര്‍ഥന അവള്‍ നിരന്തരം നിഷേധിക്കുന്നു. എന്നാല്‍, തന്റെ പഴയ സുഹൃത്തും ലേബര്‍ ആക്റ്റിവിസ്റ്റുമായ സോന്‍ ഹീയുടെ രോഗത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ അതൊക്കെ തുറന്നുപറയാന്‍ അവള്‍ തീരുമാനിക്കുന്നു. സങ്കടങ്ങളും കുറ്റബോധവും നിറഞ്ഞ കഥയാണത്. മുറിഞ്ഞുമുറിഞ്ഞു പോകുന്ന ആഖ്യാനത്തില്‍ (‘Up Risings’) ഓര്‍മ്മകള്‍ പങ്കുവെക്കപ്പെടുന്നു. ആവര്‍ത്തിച്ച് ഏല്‍ക്കേണ്ടി വന്ന ബാലാല്‍ക്കാരങ്ങള്‍ കൊണ്ട് വന്ധ്യത്വവും കടുത്ത ലൈംഗിക വിരക്തിയും ആയിരുന്നു അവളുടെ ഭാഗധേയം. ഡോങ് ഹോയുടെ ദുരന്തം തടയാന്‍ കഴിഞ്ഞില്ലെന്നതാണ് അവളുടെ കുറ്റബോധം. എന്നാല്‍ അവനുള്ള അര്‍ച്ചന എന്ന നിലയിലാണ് അവള്‍ ഒടുവില്‍ എല്ലാം പറയാന്‍ തയ്യാറാകുന്നത്.

അവസാന അധ്യായം ഡോങ് ഹോയുടെ അമ്മയുടെ വീക്ഷണത്തിലാണ്. അവരിപ്പോഴും ഗ്വാങ്ജു തെരുവുകളില്‍ അവനെ ഇടയ്ക്കിടെ കാണുന്നുണ്ട്. ആ കൊലപാതകത്തെ കുറിച്ചോര്‍ക്കുമ്പോള്‍, തനിക്കവനെ പുറത്തേയ്ക്ക് വിടാതിരിക്കാന്‍ കഴിയുമായിരുന്നില്ലേ, ഇതര ആക്റ്റിവിസ്റ്റുകള്‍ക്ക് വെടിവെപ്പ് തുടങ്ങുംമുമ്പ് അവനെ രക്ഷപ്പെടുത്താമായിരുന്നില്ലേ എന്നൊക്കെ അവര്‍ ചിന്തിക്കുന്നു. അവരുടെ ഓര്‍മ്മകളില്‍ അവന്റെ കൂട്ടുകാരന്‍ ജോങ് ദേയും കൂട്ടുകാരി ജോങ് മിയുമെല്ലാം ഇപ്പോഴും കടന്നുവരുന്നു. താമസം മാറിയ മൂത്ത മകനും രണ്ടാമനും ഇപ്പോഴും കണ്ടുമുട്ടുമ്പോള്‍ അനിയനെ സംരക്ഷിക്കാന്‍ കഴിയാതെ പോയതിനു പരസ്പരം കുറ്റപ്പെടുത്തുന്നു. അമ്മ, തുല്യ ദുഖിതരായ മാതാപിതാക്കളെ കണ്ടെത്തുകയും അറസ്റ്റും പീഡനവും നേരിട്ടും തെരുവിലിറങ്ങുകയും ചെയ്യുന്നു. എന്നാല്‍, ഡോങ് ഹോയുടെ പിതാവിന്റെ മരണശേഷം ഊര്‍ജ്ജം നഷ്ടപ്പെട്ടു അവര്‍ മകന്റെ ഓര്‍മ്മകളിലേക്കും അവന്‍ എഴുതാന്‍ തുടങ്ങിയ കവിതകളിലേക്കും ചുരുങ്ങിക്കൂടുന്നു. വയോധികയായിക്കഴിഞ്ഞ അമ്മയുടെ വേദന, ഇരകളുടെ കുടുംബം നേരിടാനുള്ള നിതാന്ത നഷ്ടങ്ങളുടെ ആകെത്തുകയാണ്. അവരുടെ നിരീക്ഷണങ്ങളിലൂടെ നോവല്‍, ഭൂതകാല ആഘാതങ്ങളും അവയുടെ ഓര്‍മ്മകളും എങ്ങനെയാണു വര്‍ത്തമാനത്തെ രൂപപ്പെടുത്തുന്നത് എന്നാണു വ്യക്തമാക്കുന്നത്. ചരിത്ര ദുരന്തങ്ങള്‍ക്ക് പരിഹാരമോ അന്ത്യമോ സാധ്യമല്ല എന്നതാണ് അവരുടെ ദുഃഖം വെളിപ്പെടുത്തുന്നതും.

സമാപന അധ്യായത്തില്‍ (epilogue) എഴുത്തുകാരി നേരിട്ട് ഇടപെടുകയാണ്. ഹാന്‍ കാങ്ങ് ഒരു നോവലെഴുതിത്തുടങ്ങുകയാണ്- ഡോങ് ഹോയെ കുറിച്ച്, അവനെ സ്നേഹിച്ചവരെ കുറിച്ച്. അതിനൊരു വ്യക്തിപരമായ കാരണമുണ്ട്: സോളിലേക്കു പോകും മുമ്പ് തങ്ങള്‍ താമസിച്ച വീട്ടിലാണ് ഡോങ് ഹോയും കുടുംബവും കഴിഞ്ഞത്. ഹാനിനു അവരുമായി ബന്ധമില്ലായിരുന്നെങ്കിലും പിതാവ് അവരുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. ഗ്വാങ്ജു കലാപത്തെ കുറിച്ച് അറിയുംതോറും ഡോങ്ഹോയുമായി ആത്മബന്ധം വളരുന്നതായി അവര്‍ കണ്ടെത്തുകയായിരുന്നു. നാട്ടിലേക്ക് പോകും മുമ്പ് അവന്റെ കുഴിമാടത്തിലെത്തി അവിടെയൊരു മെഴുകുതിരി തെളിയിക്കുന്നുണ്ട് നോവലിസ്റ്റ്.

നോവലിസ്റ്റിന്റെ ഉദ്ദേശം വ്യക്തമാണ്: സൌത്ത് കൊറിയന്‍ ചരിത്രത്തിലെ ഒരു സവിശേഷ ഘട്ടത്തെ കുറിച്ച് ആയിരിക്കുമ്പോള്‍ത്തന്നെ, നോവല്‍ മനുഷ്യപ്രകൃതത്തെ കുറിച്ചും നമ്മിലെല്ലാമുള്ള വൈകൃതത്തെ കുറിച്ചുമാണ്.

“അത് ഗ്വാങ്ജുവില്‍ സംഭവിച്ചത് ജേജു ദ്വീപുകളില്‍, ക്വാങ്ടുങ്ങില്‍, നാന്‍ജിങ്ങില്‍, ബോസ്നിയയില്‍, ‘പുതുലോകം എന്ന് വിളിക്കപ്പെട്ടു കൊണ്ടിരുന്നപ്പോള്‍ത്തന്നെ അമേരിക്കന്‍ വന്‍കരയിലെങ്ങും, ഒരേ പോലുള്ള മൃഗീയതയോടെ സംഭവിച്ചു കൊണ്ടിരുന്നത് പോലെ തന്നെയാണ്: അത് നമ്മുടെ ജനിതക ചിഹ്നങ്ങളില്‍ മുദ്രിതമാണ്‌ എന്ന മട്ടില്‍.” (Human Acts- p. 140).

  Read more:

The Vegetarian by Han Kang/ Deborah Smith

https://alittlesomethings.blogspot.com/2024/10/the-vegetarian-by-han-kang-deborah-smith.html

The Seven Moons of Maali Almeida by Shehan Karunatilaka

https://alittlesomethings.blogspot.com/2024/08/the-seven-moons-of-maali-almeida-by.html

 Song for Night by Chris Abani

https://alittlesomethings.blogspot.com/2016/02/blog-post.html

10 Minutes 38 Seconds in this Strange World by Elif Shafak

https://alittlesomethings.blogspot.com/2024/10/10-minutes-38-seconds-in-this-strange.html

Lincoln in the Bardo by George Saunders

https://alittlesomethings.blogspot.com/2018/01/blog-post_86.html


Friday, October 11, 2024

The Vegetarian by Han Kang/ Deborah Smith

 പിന്‍ നടത്തിന്റെ വിമോചക സാധ്യതകള്‍



സൌത്ത് കൊറിയയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഗ്വാങ്ജുവില്‍ 1970ല്‍ ജനിച്ച ഹാന്‍ കാങ്ങ്, പത്താം വയസ്സില്‍ സോളിനടുത്തു സിയൂറിയിലേക്ക് കുടിയേറി. അറിയപ്പെടുന്ന നോവലിസ്റ്റായ പിതാവിന്റെ മകളെന്ന നിലയില്‍ സാഹിത്യ പാരമ്പര്യമുള്ള കുടുംബമാണ് അവരുടെതെന്നു പറയാം. 1993ല്‍ ഏതാനും കവിതകളുമായി സാഹിത്യലോകത്തിലേക്ക് കടന്നുവന്ന അവര്‍, 1995ല്‍ "Love of Yeosu" എന്ന പ്രഥമ കഥാ സമാഹാരവും 1998ല്‍ Black Deer എന്ന നോവലും പുറത്തിറക്കി. പ്രാദേശിക, ദേശീയ തലങ്ങളില്‍ സാഹിത്യ പുരസ്കാരങ്ങള്‍ നേടിയ ഹാനിനെ ലോക സാഹിത്യത്തില്‍ അടയാളപ്പെടുത്തിയത് 2007ല്‍ കൊറിയന്‍ മൂലത്തില്‍ പ്രസിദ്ധീകരിക്കുകയും ഡിബോറ സ്മിത്തിന്റെ  ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍  2015ല്‍ പുറത്തിറങ്ങുകയും ചെയ്ത The Vegetarian എന്ന നോവലാണ്‌. നോവല്‍, മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം നേടുകയും ചെയ്തു.

മാനുഷികാവസ്ഥയില്‍ ലീനമായ ഹിംസാത്മകത, അത് സൃഷ്ടിക്കുന്ന ട്രോമ, സ്വത്വ സംഘര്‍ഷങ്ങള്‍, പരമ്പരാഗത, പുരുഷാധികാര മൂല്യങ്ങളും ശ്രേണീബദ്ധമായ കുടുംബ വ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ സംഘര്‍ഷങ്ങളും തുടങ്ങി, ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ വ്യക്തികളും സമൂഹങ്ങളും നേരിടേണ്ടിവരുന്ന ഹിംസയുടെ ശാരീരിക, മാനസിക ആഘാതങ്ങളും വരെ ഹാന്‍ കാങ്ങിന്റെ കൃതികളില്‍ നിരീക്ഷിക്കപ്പെടുന്നു. ലോക വായനാ സമൂഹത്തിന് അവരെ അതിശക്തമായ രീതിയില്‍ പരിചയപ്പെടുത്തിയ കൃതി എന്ന നിലയില്‍, The Vegetarian വായിക്കുന്നത് അവരുടെ രചനാലോകത്തേക്കുള്ള മികച്ച പ്രവേശികയാകും.

The Vegetarian

 ‘മനുഷ്യനായിരിക്കുക എന്നതിനെക്കുറിച്ച് ചോദ്യമുയര്‍ത്താന്‍ ഞാനാഗ്രഹിച്ചു, ഒപ്പം മനുഷ്യ കുലത്തില്‍ ചേര്‍ന്നുനില്‍ക്കാനാഗ്രഹിക്കാത്ത, അത്തരം ഹിംസയില്‍ ആറാടുന്ന മനുഷ്യരില്‍ ഒരാളായിരിക്കുക എന്നതിനെ അതിതീവ്രമായി തിരസ്കരിച്ച ഒരു സ്ത്രീയെ വിവരിക്കാന്‍ ഞാനാഗ്രഹിച്ചു.’ (Han Kang in an interview)

പരമ്പരാഗത കൊറിയന്‍  പുരുഷാധികാര വ്യവസ്ഥയില്‍ പ്രണയവും അനുസരണയും സ്ത്രീയ്ക്കും അധീശത്തവും ദയാവായ്പ്പും പുരുഷനും ഉദാത്ത മൂല്യങ്ങളായി കണക്കാക്കപ്പെടുന്നു. കുടുംബം എന്ന അടിസ്ഥാന യൂണിറ്റില്‍, പ്രസ്തുത വ്യവസ്ഥയുടെ നിലനില്‍പ്പില്‍ വ്യക്തിയുടെ പെരുമാറ്റം/ പെരുമാറ്റ വൈചിത്ര്യങ്ങള്‍ മൊത്തം വ്യവസ്ഥയുടെ കെട്ടുറപ്പിനെ നേരിട്ട് ബാധിക്കുന്നു. മത്സ്യ, മാംസാഹാരമെന്നത് ഭക്ഷണ ക്രമത്തിന്റെയും, അതുവഴി തുടര്‍ന്നുപോരുന്ന സാമൂഹിക പാരസ്പര്യങ്ങളുടെയും അവിഭാജ്യ ഘടകം തന്നെയായ കൊറിയന്‍ സമൂഹത്തില്‍, ഒരു സുപ്രഭാതത്തില്‍ സസ്യഭുക്കാകാനുള്ള യോങ് ഹൈയുടെ തീരുമാനം വലിയ അനുരണനങ്ങളാണ് കുടുംബത്തിന്റെ വ്യവസ്ഥാപിത/ അധികാര ശ്രേണികളിലും സമൂഹവുമായുള്ള ഇടപഴകല്‍ സന്ദര്‍ഭങ്ങളിലും സൃഷ്ടിക്കുന്നത്. പ്രസ്തുത സാഹചര്യത്തെ, വ്യക്തിക്ക്, അതും സ്ത്രീക്ക്, തന്റെ തന്നെ മേലുള്ള പരമാധികാരം, തന്നെ വരിഞ്ഞു മുറുക്കുന്ന സാമൂഹിക പ്രതീക്ഷകളുടെ തിരസ്കാരം, മാനുഷിക അഭിലാഷങ്ങളും പ്രകൃത്യായുള്ള ചോദനകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള ഒരു ആഖ്യാനമാക്കി വികസിപ്പിക്കുകയാണ് നോവലിസ്റ്റ്. നോവലിന്റെ മൂന്നു ഭാഗങ്ങള്‍, രണ്ടുവര്‍ഷങ്ങളുടെ ഇടവേളകളുള്ള, മൂന്നു പേരുടെ വീക്ഷണകോണുകളിലൂടെ, പ്രസ്തുത പ്രമേയങ്ങള്‍ പരിശോധിക്കുന്നു: ആദ്യം മത്സ്യാഹാരം ഉപേക്ഷിക്കുകയെന്ന യോങ് ഹൈയുടെ ‘നിഷേധത്തിലൂടെ, പിന്നീട് സഹോദരീ ഭര്‍ത്താവിനു കലാകാരനെന്ന ഭാവേന അവളോടുള്ള അഭിനിവേശത്തിലൂടെ, ഒടുവില്‍ ഇന്‍ ഹൈക്ക് സഹോദരിയുടെ നേരയുള്ള രാഗ-ദ്വേഷ ബന്ധത്തിലൂടെ. യോങ് ഹൈയുടെ തീരുമാനം, അവളുടെ വൈയക്തിക ഭക്ഷണ അഭിരുചിയുടെ പ്രഖ്യാപനം എന്നതിനപ്പുറം കടക്കുകയും ഭര്‍ത്താവ്, സഹോദരീഭര്‍ത്താവ്, സഹോദരി എന്നിവരുടെ ഐഡന്റിറ്റി, കുടുംബപരമായ കടമകള്‍, സ്വാതന്ത്ര്യം എന്നിവയെ ബാധിക്കുകയും ചെയ്യുന്നു.  അതോടൊപ്പം ഹിംസാത്മകമത, തൃഷ്ണ, ഭ്രാന്ത്, ഉടലധികാരം, അതിജീവനം എന്നിവയെക്കുറിച്ചുള്ള തീക്ഷ്ണമായ നിരീക്ഷണങ്ങളിലേക്കും അന്തിമമായി മനുഷ്യാവസ്ഥയെ കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങളിലേക്കും ഹാന്‍ കാങ്ങ് നോവലിനെ പരിവര്‍ത്തിപ്പിക്കുന്നു.

യോങ് ഹൈയുടെ ഭര്‍ത്താവായ മി. ചിയോങ്ങിന്റെ ആഖ്യാനമായ, നോവലിന്റെ തലക്കെട്ടിന്റെ അതെ പേരുള്ള (The Vegetarian) ആദ്യഭാഗം, ഹിംസയും ചോരയും നിറഞ്ഞ പേടിസ്വപ്നങ്ങളുടെ തുടര്‍ച്ചയെ തുടര്‍ന്ന് ഇനിമുതല്‍ മാംസം കഴിക്കില്ലെന്ന യോങ് ഹൈയുടെ തീരുമാനത്തോടെ ആരംഭിക്കുന്നു. യോങ് ഹൈയെ സംബന്ധിച്ച് മനുഷ്യാസ്തിത്വത്തില്‍ ലീനമായ ഹിംസയുടെ തിരസ്കാരമാണ് അത്. ഈ ഘട്ടത്തില്‍ ചിയോങ്ങിനെ സംബന്ധിച്ച് അതൊരു ചെറിയ നിഷേധ പ്രവര്‍ത്തി മാത്രമാണ്. ബ്രാ ധരിക്കാന്‍ വിസമ്മതിക്കുന്നതു പോലുള്ള യോങ് ഹൈയുടെ നേരത്തെയുള്ള ശീലം പോലെ. എന്നാല്‍,  ഭക്ഷണക്കാര്യത്തിലെ വൈയക്തിക തെരഞ്ഞെടുപ്പ് എന്നതില്‍നിന്ന് അത് കൈവിട്ടുപോകുകയും മാംസാഹാരം ഉണ്ടാക്കാന്‍ വിസമ്മതിക്കല്‍, ലൈംഗിക ബന്ധത്തിന് വിസമ്മതിക്കല്‍, തുടങ്ങിയവയിലേക്ക് പുരോഗമിക്കുന്നതോടെ ജെന്റര്‍ പദവി കടമകളെ കുറിച്ചുള്ള സാമൂഹിക പ്രതീക്ഷകള്‍ തകിടം മറിയുകയാണ്. സ്ത്രീയെ ഉടലായും ഉപയോഗപ്രയോജനമുള്ള വസ്തുവായും മാത്രം കാണുന്ന ചിയോങ്ങിനെ സംബന്ധിച്ച് സെക്സ് എന്നത് സ്ത്രീയുടെ ബാധ്യതയാണ്‌. ആ നിലക്ക് എങ്ങനെയും തന്റെ തൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ സ്ത്രീയെ ബലാല്‍ക്കാരം ചെയ്യുന്നത് തെറ്റല്ല. എന്നാല്‍, ആ മൂല്യബോധത്തിന്റെ എതിരറ്റത്ത് നിലയുറപ്പിക്കുന്ന യോങ് ഹൈയെ സംബന്ധിച്ച് ലൈംഗികത എന്നത് മരണവും. അവളൊരു ബലാല്‍ക്കാര അതിജീവിതയാണ്. അവളുടെ അനുഭവത്തില്‍ ലൈംഗികതയെ നേരിടുകയെന്നാല്‍, ഹിംസ, കയ്യേറ്റം, മരണം എന്നിവയെ നേരിടലാണ്. അത്തരം ഒരു സ്ത്രീക്ക്, സെക്സ് എന്നത് സ്വയം നശീകരണവും മനുഷ്യപ്രകൃതത്തില്‍ ഫ്രോയ്ഡ് നിരീക്ഷിച്ച ആന്തരികവും പ്രാകൃതവുമായ മൃത്യു അഭിവാഞ്ചയും (death wish) ആയിത്തീരുന്നു. സഹോദരീ ഭര്‍ത്താവിന്റെ കടന്നുകയറ്റത്തിനു അവള്‍ നിഷ്ക്രിയമായി വഴങ്ങുന്നത് ഈ മൃത്യുപാസനയുടെ പ്രേരണയിലാണ്.

യോങ് ഹൈയുടെ തെരഞ്ഞെടുപ്പില്‍, ചിയോങ്ങ് പ്രതിനിധാനം ചെയ്യുന്ന സാമൂഹികാവസ്ഥയുടെ കഥയറിയാത്ത ഗുണഭോക്താക്കള്‍ മാത്രമായ കുടുംബത്തിന്റെ കണ്ണില്‍ അവളൊരു വെറും തന്നിഷ്ടക്കാരിയാകുന്നു. അവരുടെ നിലപാടുകള്‍ അവളുടെ മാനസികാവസ്ഥക്ക് ഏതൊക്കെ നിലയില്‍ നിമിത്തമായിരിക്കാം എന്നത് അവര്‍ക്ക് പ്രശ്നമേയല്ല/ അറിയില്ല. കുടുംബ സംഘര്‍ഷം രൂക്ഷമാകുന്ന ഒരു ഘട്ടത്തില്‍ യോങ് ഹൈയുടെ പിതാവ് ബലപ്രയോഗത്തിലൂടെ അവളെ മാംസം തീറ്റിക്കാനുള്ള ശ്രമം നടത്തുന്നു. സ്ത്രീയുടെ ഉടലിനുമേല്‍ സാമൂഹിക പ്രതീക്ഷകള്‍ അടിച്ചേല്‍പ്പിക്കുന്ന ഹിംസാത്മകതയുടെ പ്രകടിത രൂപമാണത്. കൈത്തണ്ടയില്‍ ആഴത്തില്‍ മുറിപ്പെടുത്തി പ്രതിഷേധിക്കുന്ന യോങ് ഹൈയെ ആശുപത്രിയിലെത്തിക്കേണ്ടി വരുന്നത്, അവളുടെത് കേവലനിഷേധം എന്നതിപപ്പുറം പോകുന്ന, സാമൂഹിക അന്യവല്‍ക്കരണത്തിന്റെ തന്റെ മാനങ്ങളുള്ള പ്രതികരണമാണെന്ന്  തെളിയിക്കുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത ഘട്ടങ്ങളില്‍ നഗ്നയാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ഭയങ്കര ചൂടാണ് എന്നാണു അവളുടെ മറുപടി. ആശുപത്രിയില്‍ നിന്ന് മടങ്ങിയ ശേഷം കാണാതാകുന്ന യോങ് ഹൈയെ, തടാകക്കരയില്‍ കയ്യില്‍ ഒരു വെളുത്ത, ചത്ത പക്ഷിയുമായി ഒരു ബെഞ്ചില്‍ ഇരിക്കുന്ന രൂപത്തില്‍ കണ്ടെത്തുന്നു. പക്ഷിയുടെ ജഡത്തില്‍ ഏതോ ഇരപിടിയന്‍ ആക്രമണത്തിന്റെ തെളിവായി ഒട്ടേറെ ചോരക്കരകറകള്‍ കാണാനുണ്ട്. കിരാതമായ പുറംലോകത്തില്‍ വേട്ടയാടപ്പെടുന്ന നൈര്‍മ്മല്യത്തിന്റെ പ്രതീകമാവാം ആ നിസ്സഹായ മരണം.

യോങ് ഹൈയുടെ നിഷേധത്തോടുള്ള മി. ചിയോങ്ങിന്റെ പ്രതികരണം, അവരുടെ ബന്ധത്തില്‍ അതുവരെ വെളിപ്പെടാതെ മൂടപ്പെട്ടുകിടന്ന ഹിംസാത്മകതയുടെ വെളിപ്പെടലാണ്. അവളില്‍ സംഭവിക്കുന്ന പരിണാമത്തിന്റെ പൊരുള്‍ തിരിച്ചറിയാനാകാതെ, അവഗണിക്കപ്പെട്ട പൗരുഷത്തിന്റെ പതിവ് പ്രതികരണമായി അയാളൊരു റേപ്പിസ്റ്റ് ആയിത്തീരുന്നുണ്ട്. മാംസം, ബ്രാ, സെക്സ് ത്രിത്വത്തില്‍ നിന്നുള്ള യോങ് ഹൈയുടെ പിന്മടക്കം, പെണ്ണുടല്‍ വസ്തുവല്‍ക്കരണത്തില്‍ അഭിരമിക്കുന്ന പുരുഷാധികാര ലോകത്തുനിന്നുള്ള യോങ് ഹൈയുടെ അന്യവല്‍ക്കരണം പൂര്‍ണ്ണമാക്കുന്നു.

Mongolian Mark’ എന്നു പേരിട്ട രണ്ടാം ഭാഗം, യോങ് ഹൈയുടെ സഹോദരി ഇന്‍ ഹൈയുടെ ഭര്‍ത്താവും വീഡിയോ ചിത്രകാരനുമായ കഥാപാത്രത്തിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. യോങ് ഹൈയുടെ ഉടലിലുള്ള ജന്മസിദ്ധമായ അടയാളത്തെ കുറിച്ച്, കുഞ്ഞുമകന്‍ ജീ വൂയെ കുളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍, ഇന്‍ ഹൈയില്‍ നിന്ന് അറിയാന്‍ ഇടവരുന്നത്, ഭാര്യാസഹോദരിയോട് അയാളില്‍ നേരത്തെ ഉണ്ടായിരുന്ന അഭിനിവേശം ഇരട്ടിപ്പിക്കുന്നു. പ്രകൃതിയുമായുള്ള ആദിമബന്ധത്തിന്റെ സൂചനയാണ് യോങ് ഹൈയില്‍ ആ അടയാളമെങ്കില്‍, അത് പ്രാകൃത രതിചോദനയായാണ് ഇവിടെ വര്‍ത്തിക്കുന്നത്. മി. ചിയോങ്ങ്, യോങ് ഹൈയെ വിധേയത്തം പുലര്‍ത്തേണ്ട ഭാര്യയായി കാണ്ടപ്പോള്‍, ബന്ധു അവളെ ഒരു കലാകാരന്റെ ഉപാസനാ മൂര്‍ത്തി (artist’s muse) യായി കാണുന്നു. തൃഷ്ണയും കാമനാ വിഭ്രമങ്ങളും പകര്‍ത്തിവെക്കാനുള്ള കാന്‍വാസ് . ഉടലില്‍ പൂക്കള്‍ വരച്ചുവെക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കാനുള്ള മോഡലായി അയാള്‍ യോങ് ഹൈയെ ഉപയോഗിക്കുന്നു. അയാളുടെ ഭാവനയില്‍ അതൊരു രതിപൂര്‍ത്തീകരണമായി മാറുന്നുമുണ്ട്. ആദ്യഭാഗത്തെ ചത്ത പക്ഷിയെപ്പോലെ, പ്രകൃതിയുടെ സൗന്ദര്യവും നൈര്‍മല്യവും ഒപ്പം നശ്വരതയും പ്രതിനിധാനം ചെയ്യുന്ന പൂക്കള്‍ എന്ന ബിംബം ഈ ഭാഗത്ത് സുപ്രധാനമാണ്‌. യോങ് ഹൈയുടെ ഉടലില്‍ വരച്ചു ചേര്‍ക്കുന്ന പൂക്കള്‍, സൗന്ദര്യത്തിന്റെയും അഗമ്യഗമനത്തിന്റെയും പ്രതീകമാണ്‌; മറ്റൊരു പ്രകാരത്തില്‍  സൃഷ്ടിയുടെയും നശീകരണത്തിന്റെയും, ജീവന്റെയും മൃത്യുവിന്റെയും ഇടയിലെ  സമ്മര്‍ദ്ദങ്ങള്‍. ജെ എന്നൊരു പുരുഷ മോഡലിനെ കൂടി ഉള്‍പ്പെടുത്തി സൃഷ്ടിക്കുന്ന പ്രോജക്റ്റില്‍, തന്റെ ലൈംഗിക അഭിനിവേശത്തെ സാക്ഷാത്കരിക്കാന്‍ ചിത്രകാരന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജെ. പൂര്‍ണ്ണമായും സഹകരിക്കുന്നില്ല. ഉടല്‍ വസ്തുവല്‍ക്കരണവും തൃഷ്ണാ പൂരണവും നടക്കുമ്പോഴും, എല്ലാത്തിലും യോങ് ഹായ് നിഷ്ക്രിയമായി സഹകരിക്കുന്നത് മാനുഷിക ബന്ധങ്ങളില്‍നിന്നുള്ള അവളുടെ ഉള്‍വലിയലിന്റെ പ്രകടനമാണ്. പൂക്കളുടെ ഇമേജറി വേണ്ടുവോളമുള്ള സംഗമത്തില്‍ ബന്ധുവിന് വിധേയപ്പെടുന്നത് പ്രണയമല്ല, മറിച്ച് മാനുഷിക ലോകത്തോടുള്ള സമ്പൂര്‍ണ്ണ അന്യവല്‍ക്കരണമാണ്. സഹോദരീ ഭര്‍ത്താവിനെ സംബന്ധിച്ച് അതയാളുടെ സര്‍ഗ്ഗാത്മക അഭിനിവേശത്തിന്റെ പൂര്‍ത്തീകരണവും ഒപ്പം സമൂഹജീവിയും ഒരു ഭര്‍ത്താവുമെന്ന നിലയില്‍ അന്തിമ തകര്‍ച്ചയും ആയിത്തീരും. അരുതാത്ത ബന്ധം കാണാന്‍ ഇടയാകുന്ന ഭാര്യയുടെ പ്രതികരണം സാമൂഹിക ക്രമങ്ങള്‍ക്കനുസരിച്ചായിരിക്കും. ആദ്യഭാഗത്ത് മി. ചിയോങ്ങ് ചെയ്തെന്തോ, അതുതന്നെയാണ് ബന്ധുവും ഒരര്‍ത്ഥത്തില്‍ ആവര്‍ത്തിക്കുന്നത്: ഒരാളുടെ ഇഷ്ടത്തെ മറ്റൊരാളുടെ ഉടലില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുക. യോങ് ഹൈ ഇരുവരെയും നിരാശപ്പെടുത്തുക, അവളുടേത്‌ മറ്റൊരു മൂല്യക്രമം ആയതുകൊണ്ടാണ്‌. ബന്ധുവിന് പേരു നല്കപ്പെട്ടിട്ടില്ല എന്നത്, അയാളുടെ വ്യക്തിത്വത്തിന് ഇവിടെ പ്രസക്തിയില്ല എന്നതുകൊണ്ടും. തൃഷ്ണയും സര്‍ഗ്ഗാത്മക അഭിനിവേശവും കൊണ്ട് അന്ധനായിപ്പോയ വെറുമൊരു നിഴല്‍ കഥാപാത്രമാണ് അയാള്‍.

Flaming Trees  എന്ന മൂന്നാം ഭാഗത്തിന്റെ ആഖ്യാനം നടത്തുന്നത് ഇന്‍ ഹൈ ആണ്. അനിയത്തിയോടും അവളുടെ നിഷേധത്തോടും രാഗ-ദ്വേഷ ബന്ധമുള്ള ഇന്‍ ഹൈ, സമൂഹം സ്ത്രീയില്‍നിന്നു പ്രതീക്ഷിക്കുന്നതെന്തോ അതാവാന്‍ വിധിക്കപ്പെട്ടവളാണ്. കുടുംബത്തിന്റെ സ്ഥിരവരുമാനമാര്‍ഗ്ഗം, അമ്മ, ഭാര്യ, കുടുംബിനി. അനിയത്തി ഭ്രാന്തിലേക്ക് കൂപ്പു കുത്തുന്നത് കാണുമ്പോള്‍, അവള്‍ തന്റെ തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്തുതുടങ്ങും; തന്റെ സ്വാധികാരം പണയപ്പെടുത്തി നേടിയ സാമൂഹിക അംഗീകാരവും, സമ്പൂര്‍ണ്ണ തകര്‍ച്ചയിലും സഹോദരി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യ ബോധവും തമ്മില്‍ അവള്‍ തുലനം ചെയ്തു തുടങ്ങും. ഒരര്‍ത്ഥത്തില്‍, പുരുഷാധികാര സമൂഹത്തില്‍ ഞെരുങ്ങുന്ന സ്ത്രീകള്‍ പരസ്പരം താങ്ങാവുക എന്ന ഫെമിനിസ്റ്റ് സമീപനത്തിന്റെ കണ്ടെടുപ്പും കൂടി അതിലുണ്ട്. ആ നിലയ്ക്ക്, കൊറിയന്‍ സമൂഹത്തിലെ സ്ത്രീയുടെ പ്രതിനിധാനം തന്നെയാണ് ഇന്‍ ഹൈ. ഭക്ഷണം പരിപൂര്‍ണ്ണമായി വര്‍ജ്ജിച്ചു തന്റെ വൃക്ഷജന്മ മോഹം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന യോങ് ഹൈയെ കീഴ്പ്പെടുത്തി, കുഴലിലൂടെ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കാനും അവള്‍ക്കുവേണ്ടത് അവള്‍ നിശ്ചയിക്കട്ടെ എന്ന നിലപാടിലേക്ക് മാറാനും വലിയൊരു ആത്മീയ വികാസത്തിലേക്ക് മുന്നോട്ടു പോകേണ്ടതുണ്ട് അവള്‍ക്ക്. അവള്‍ യോങ് ഹൈ ചര്‍ദ്ദിച്ച രക്തത്തില്‍ അഭിഷിക്തയാകുന്നതും അത് തന്റെ തന്നെ രക്തമാണെന്ന നിലയില്‍ അവള്‍ ധരിക്കുന്നതും സഹനത്തിലൂടെയുള്ള പെണ്‍സൌഭ്രാത്രമെന്ന വലിയ പ്രമേയത്തെ ചെന്നുതൊടുന്നു.

യോങ് ഹൈ ആകട്ടെ, ഈ ഘട്ടം എത്തുമ്പോഴേക്കും, മാംസാഹാര വിമുഖത എന്നതൊക്കെ വിട്ടു ഭക്ഷണ വിമുഖത (anorexia) എന്ന അവസ്ഥയിലാണ്. അവള്‍ വൃക്ഷങ്ങളുമായി സ്വയം താദാത്മ്യപ്പെട്ടു തുടങ്ങുകയാണ്. ഒരു മരമായിത്തീരാനുള്ള അവളുടെ ആഗ്രഹം, മനുഷ്യന്റെ ഹിംസാത്മകതയെയും ഉപഭോഗാസക്തിയെയും മറ്റുള്ളവരുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പ്രവണതയെയും പരിപൂര്‍ണ്ണമായി വര്‍ജ്ജിക്കുന്നതിന്റെ ചിഹ്നമാണ്. അവളുടെ ഉടലില്‍നിന്ന് വേരുകള്‍ ഉയിര്‍ക്കുന്നതിന്റെ സങ്കല്പം, പ്രകൃതിയുടെ ലോകത്തില്‍ മുഴവനായി ലയിക്കാനും മനുഷ്യാസ്തിത്വത്തിന്റെ പങ്കിലതകളെ മറികടക്കാനുമുള്ള ആഗ്രഹത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, ഇതൊക്കെയും അതീന്ദ്രിയമോ ആത്മീയമോ ആയ തലത്തില്‍ ഉദാത്തമായിരിക്കുമ്പോഴും വ്യാവഹാരിക ജീവിതത്തില്‍ ശാരീരിക, മാനസിക തകര്‍ച്ചയുടെ മാത്രം ലക്ഷണങ്ങളാണ്. ഇന്‍ ഹൈ സ്വയം, യോങ് ഹൈയില്‍ തുടക്കം മുതലേ പ്രകടമായിരുന്ന ദുസ്വപ്നാനുഭവങ്ങളിലെക്കു വീണു തുടങ്ങുന്നത്, സഹോദരിയോടുള്ള ഐക്യപ്പെടലിന്റെ സൂചനയാണ്. എന്നാല്‍ അവളിപ്പോഴും മണ്ണില്‍ ചവിട്ടിയാണ് നില്‍പ്പ്, അതവളുടെ സംഘര്‍ഷങ്ങളെ ഒരിക്കലും ലഘൂകരിക്കില്ലെങ്കിലും. സഹോദരിയെ രക്ഷിക്കാനുള്ള വളുടെ ശ്രമങ്ങളുടെ അന്തിമ പരാജയം നോവലിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്നു: ഒരാള്‍ക്ക് സ്വന്തം സത്തയെത്തന്നെ വിലയായൊടുക്കാതെ സാമൂഹികവും കുടുംബപരവുമായ പ്രതീക്ഷകളെ പൂര്‍ത്തീകരിക്കുക അസാധ്യമാണ്.

നോവലിന്റെ പാഠത്തില്‍, ഭര്‍ത്താവ് വിട്ടുവെക്കുന്ന ഉത്തരവാദിത്ത പരാജയങ്ങളില്‍, സന്ദര്‍ഭത്തിനൊത്ത് ഉയരുകയും കുടുംബത്തകര്‍ച്ച ഒഴിവാക്കുകയും ചെയ്യുക എന്ന സാമൂഹ്യ ദൌത്യവും ഇന്‍ ഹൈ ഏറ്റെടുക്കുന്നത് കാണാം: ഭര്‍ത്താവ് എത്തിപ്പെടുന്ന അപമാനം അയാളെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിക്കുമ്പോള്‍, കുടുംബത്തിന്റെ സുരക്ഷ അവള്‍ ഏറ്റെടുക്കുന്നു. അതുകൊണ്ടാണ് യോങ് ഹൈയുടെ നിഷേധ ജീവിതം ഒരേസമയം അവള്‍ക്കു അംഗീകരിക്കാനാകാത്തതും ഒപ്പം ദുരൂഹമാംവിധം ആകര്‍ഷണീയമായിരിക്കുന്നതും: ‘ഗംഭീര ഉത്തരവാദിത്തരാഹിത്യം എന്നാണു അവള്‍ അതിനെ വിളിക്കുക. ജെന്റര്‍ വിഭജിത വിവേചനങ്ങളോ ശ്രേണീ ബദ്ധതയോ ഇല്ലാത്ത, ജലവും സൂര്യപ്രകാശവും മാത്രം ആശ്രയിച്ചു കഴിയുന്ന സസ്യജന്മത്തെ ആഗ്രഹിക്കുന്ന യോങ് ഹൈയെ ഒരേസമയം ഒട്ടൊരു അസൂയയോടെയും ഒപ്പം സഹതാപത്തോടെയും നോക്കിക്കാണാനും പരിചരിക്കാനും ഇന്‍ ഹൈയെ തയ്യാറാക്കുന്നത് അതാണ്. കാലാവസ്ഥാ ഭേദങ്ങളോടും കാറ്റിനോടും വെയിലിനോടും മഴയോടും , എന്തിന്, മരണത്തോടുപോലും, വൃക്ഷത്തെപ്പോലെ യോഗീതുല്യവും സമ്യക്കും അസ്പ്രുശ്യവുമായ ( stoic, unfeeling, and untouchable) യില്‍ നിലക്കൊല്ലാന്‍ കഴിയുന്ന ഒരവസ്ഥയാണ് യോങ് ഹൈ വിഭാവനം ചെയ്യുന്നത്. എന്നാല്‍, മണ്ണില്‍ കാലുറപ്പിച്ച ഇന്‍ ഹൈക്ക് സഹോദരിയോടൊപ്പം കൂട്ടിരിക്കുമ്പോള്‍, അയല്‍ക്കാരിയെ ഏല്‍പ്പിച്ചു പോന്ന ക്ലുഞ്ഞുമകനെ കുറിച്ചുള്ള ഓര്‍മ്മ കുറ്റബോധം പകരുകയും ചെയ്യും. 

യോങ് ഹൈയെ സ്വപ്നത്തില്‍ പ്രലോഭിപ്പിക്കുന്ന ഇരുണ്ട വനത്തില്‍, ഡാന്റെയുടെ തീര്‍ഥാടകനെപ്പോലെ, അവള്‍ക്കു വഴിതെറ്റുന്നുണ്ട്. അതില്‍നിന്നു പുറത്തുകടക്കാന്‍ അവളും നരകം താണ്ടേണ്ടതുണ്ട്. ആ നരകം, രതിബദ്ധമായ നശ്വര ശരീരം തന്നെയാണ്. അതില്‍ ആണ്ടുമുങ്ങിയും ജ്വരബാധിതമായ പ്രജ്ഞയുടെ ഇരുണ്ട അറകള്‍ മറികടന്നും മാത്രമേ അവള്‍ക്ക് ആ വനത്തില്‍നിന്നു പുറത്തു കടക്കാനാകൂ. എന്നാല്‍, തന്റെ മരണവുമായി സന്ധിയിലാകുമ്പോഴും ഡാന്റെയുടെ തീര്‍ഥാടകനെപ്പോലെ അവള്‍ മോക്ഷം പ്രാപിക്കുന്നുണ്ടോ എന്നത് നോവല്‍ ചോദ്യമായി വിട്ടുവെക്കുകയാണ്.   

നോവലില്‍ ഉടനീളം, പുരുഷകഥാപാത്രങ്ങള്‍ പശ്ചാത്തലത്തിലേക്ക് ഒതുങ്ങിപ്പോവുന്നത്, സ്ത്രീകളുടെ സ്വാധികാരം, അതിനുള്ള ശ്രമങ്ങളില്‍ അവര്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദങ്ങള്‍ എന്നിവയിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നു. യോങ് ഹൈയുടെ മേല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കാന്‍ ആദ്യം മി. ചിയോങ്ങും പിന്നീട് സഹോദരീഭര്‍ത്താവും ശ്രമിക്കുന്നുവെങ്കിലും ഇരുവരും അതിവേഗം ആഖ്യാന കേന്ദ്രത്തില്‍ നിന്ന് മറയുന്നു. നോവലന്ത്യം ഉയര്‍ത്തുന്ന ചോദ്യങ്ങളും പ്രധാനമാണ്. യോങ് ഹൈയുടെ അന്തിമ ‘നിഷേധപ്രവര്‍ത്തി, ഒരു മരമാകുക എന്ന ആഗ്രഹം, ഒരര്‍ത്ഥത്തില്‍ മനുഷ്യാസ്തിത്വത്തിന്റെ നിഹിലിസ്റ്റിക് സ്വഭാവമുള്ള ഒരു തിരസ്കാരമായി കാണാം. ഭക്ഷണം, സെക്സ്, സാമൂഹിക സ്ത്രീ ‘ദൌത്യ’ങ്ങള്‍ എന്നിവയെ മുഴുവനും നിഷേധിച്ചു സ്വന്തം ഉടലിനു മേലുള്ള സ്വാധികാരം യോങ് ഹൈ തിരിച്ചു പിടിക്കുന്നു. എന്നാല്‍ ഇതിനു വലിയ വില നല്‍കുന്നുണ്ട്: അവള്‍ക്കു അവളുടെ മാനുഷിക പദവി നഷ്ടമാകുന്നു, മനുഷ്യലോകത്തുനിന്നു ഉന്മാദത്തിന്റെ ലോകത്തേയ്ക്ക് അവള്‍ നിപതിക്കുന്നു. നോവലന്ത്യത്തിലെ മനോഹരമെങ്കിലും എന്തിനെയും വിഴുങ്ങുന്ന കാടിന്റെ ദൃശ്യം, യോങ് ഹൈയുടെ പ്രകൃതിയിലേക്കുള്ള രക്ഷപ്പെടല്‍ വിമോചകം എന്നതിനോടൊപ്പം വിനാശകരവുമാകാം എന്ന് സൂചിപ്പിക്കുന്നു. പ്രകൃതിയില്‍ അര്‍ഹതയുള്ളതേ അതിജീവിക്കൂ എന്നിരിക്കെ, നോവലിന്റെ ഡാര്‍വീനിയന്‍ ധ്വനികളില്‍, വ്യാവഹാരിക ലോകവുമായി ഇടപഴകാന്‍ തയ്യാറില്ലാത്ത യോങ് ഹൈ, സമൂഹത്തിലെ അതിജീവനത്തിന് അയോഗ്യയാകുന്നു. പ്രകൃത്യുപാസനയും മനുഷ്യപ്രകൃതത്തില്‍ അനിവാര്യമായും ലീനമായ ഹിംസാത്മകതയുടെ തിരസ്കാരവും ഒടുവില്‍ അവളുടെ പതനത്തില്‍ കലാശിക്കുന്നു. ആ അര്‍ഥത്തില്‍ നോവല്‍ ഉന്നയിക്കുന്ന ചോദ്യം ഇതാണ്: മനുഷ്യാവസ്ഥയെ സമ്പൂര്‍ണ്ണമായി തിരസ്കരിക്കാതെ സ്വാതന്ത്ര്യവും സ്വാധികാരവും സാധ്യമാണോ? അഥവാ, അത്തരം തിരസ്കാരം സ്വയംനശീകരണം തന്നെയല്ലേ?

 

Read more:

Beauty Is a Wound by Eka Kurniawan

https://alittlesomethings.blogspot.com/2024/08/beauty-is-wound-by-eka-kurniawan.html

Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

This Earth of Mankind by Pramoedya Ananta Toer/ Max Lane

https://alittlesomethings.blogspot.com/2024/08/this-earth-of-mankind-by-pramoedya.html

Man Tiger by Eka Kurniawan

https://alittlesomethings.blogspot.com/2016/10/blog-post.html

The Garden of Evening Mists by Tan Twan Eng

https://alittlesomethings.blogspot.com/2015/10/blog-post.html