Featured Post

Showing posts with label Japanese Literature. Show all posts
Showing posts with label Japanese Literature. Show all posts

Saturday, May 3, 2025

A Wild Sheep Chase by Haruki Murakami / Alfred Birnbaum

മുറകാമിയുടെ ആട്: നിരാസക്തിയിലെ നീരോട്ടങ്ങള്‍

മുറകാമിയുടെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം അവര്‍ ആന്തരാ അനുഭവിക്കുന്ന ഒരു ശൂന്യത ഉണ്ടെന്നും, ശാരീരിക/ മാനസിക/ വൈകാരിക തലങ്ങളിലുള്ള ഈ ശൂന്യത അവരുടെ പേരില്ലായ്മയിലും പേരുകളോടുള്ള നിസ്സംഗതയിലും കഥാപാത്രങ്ങള്‍ക്കിടയിലുള്ള വൈകാരിക വന്ധ്യതയിലും വ്യക്തമാണെന്നും എലിസബത്ത്‌ കാര്‍ട്ടര്‍ നിരീക്ഷിക്കുന്നു. 'വന്യ മായൊരു ആട് വേട്ട'( A WILD SHEEP CHASE)യിലെന്ന പോലെ, കഥാപാത്രങ്ങളുടെ ആന്തരിക ശൂന്യതയെ ചിത്രീകരിക്കുന്നതിലൂടെ ഉത്തരാധുനിക ജപ്പാന്റെ , അഥവാ ലോക സമൂഹത്തിന്റെ തന്നെ, ശൂന്യതയും അസംപ്തൃപ്തിയുമാണ് മുറകാമി പ്രശ്നവല്‍ക്കരിക്കുന്നത് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.(NAMELESS IN MURAKAMI HARUKI’S A WILD SHEEP CHASE, ELIZABETH CARTER, UNC-CHAPEL HILL)
1949-ല്‍ രണ്ടാം ലോകയുദ്ധാനന്തര ജപ്പാനില്‍ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച മുറകാമി കുട്ടിക്കാലം മുതലേ സാഹിത്യത്തിലും എഴുത്തിലും വാസനാബലം ഉള്ളവനായത് സ്വാഭാവികം. പാശ്ചാത്യ സാഹിത്യ താല്പര്യം പില്‍ക്കാലത്ത് വാസെദാ സര്‍വ്വകലാശാലയില്‍ ഗ്രീക്ക്‌ നാടകവും തിരക്കഥാരചനയും പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ എഴുത്തിന്റെ സൂക്ഷ്മ വശങ്ങളെ രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചു എന്നു കാണാം. പാശ്ചാത്യ സാഹിത്യ സാംസ്ക്കാരിക ചിഹ്നങ്ങള്‍ ഏറെ പ്രകടമാണ് അവയില്‍ . 'ആട് വേട്ട'യില്‍ സമൃദ്ധമായ അമേരിക്കന്‍- യൂറോപ്യന്‍ പോപ്‌ സാംസ്കാരിക സൂചകങ്ങള്‍ ഉദാഹരണം. ഉത്തരാധുനിക ജപ്പാനില്‍ ശക്തമായ പാശ്ചാത്യ സാംസ്ക്കാരിക സങ്കലനം ഇതിനു വളം വെച്ചിട്ടുണ്ടാവാം.

വിരക്തിയും പരുക്കന്‍ സിനിസിസവും:
'ആടു വേട്ട'യുടെ തുടക്കത്തിലേ പ്രധാന കഥാപാത്രം ജീവിതത്തില്‍ മടുപ്പ് ബാധിച്ച അവസ്ഥയിലാണ്. ഭാര്യ ഉപേക്ഷിച്ചു പോയ്ക്കഴിഞ്ഞ അയാളുടെ ജീവിതത്തില്‍ 'അസാധാരണ' കാര്യങ്ങള്‍ ഉണ്ടാവുന്നത് പുതിയ കൂട്ടുകാരിയുടെ ചെവികളുടെ പ്രത്യേകതയില്‍ തുടങ്ങുന്നു. അസാമാന്യമാം വിധം സുന്ദരവും ലൈംഗിക ബന്ധത്തെ പതിന്മടങ്ങ്‌ അസ്വാദ്യകരവുമാക്കുന്നു അതിന്റെ കാഴ്ച. "ഒരു ചെറു പ്രസാധക കമ്പനിയുടെ പാര്‍ട്ട് ടൈം പ്രൂഫ്‌ റീഡര്‍, ചെവിയുടെ ചിത്രങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു കൊമേര്‍ഷ്യല്‍ മോഡല്‍, അടുത്തറിയാവുന്ന ചുറ്റുവട്ടങ്ങളില്‍ രഹസ്യമായി ഒരു കാള്‍ ഗേള്‍ . ഇതിലേതായിരുന്നു അവളുടെ ജോലിയായി അവള്‍ത്തന്നെ ശരിക്കും കണ്ടിരുന്നതെന്നു എനിക്കറിയില്ല; അവള്‍ക്കും.” 'ബോസ്' എന്ന് മാത്രം പേരുള്ള, ജപ്പാനെ മുഴുവന്‍ ഫലത്തില്‍ നിയന്ത്രിക്കുന്ന ഒരു വലതു പക്ഷ , മാഫിയാ സമാന ശക്തികേന്ദ്രത്തിന്റെ തലവന് വേണ്ടി നിഗൂഡതകളുള്ള ഒരു ആടിനെ കണ്ടു പിടിക്കുക എന്ന ദൗത്യം അയാളെ തേടിയെത്തുന്നു. തന്റെ നിലവിലുള്ള ജോലി ഉപേക്ഷിച്ചു അയാള്‍ ആടിനെയും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഓരു വാക്കും പറയാതെ അപ്രത്യക്ഷനായ 'ദി റാറ്റ്' എന്ന് ഇരട്ടപ്പേരുള്ള സുഹൃത്തിനെയും തേടിയിറങ്ങുന്നു. എന്നാല്‍ ഈ ഘട്ടത്തിലും, അന്ത്യ ശാസനത്തിന്റെ ഭീഷണിയുള്ള ദൗത്യം തേടിയുള്ള എങ്ങുമെത്താത്ത യാത്രയിലും തന്റെ കൂട്ടുകാരിയുമായിപ്പോലും അയാള്‍ക്ക്‌ വൈകാരികമായ എന്തെങ്കിലും ഇഴയടുപ്പം ഉണ്ടാവുന്നതേയില്ല. .............
തുടര്‍ വായനയ്ക്ക്:

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 110-117)


Thursday, May 1, 2025

The Temple of the Golden Pavilion by Yukio Mishima / Ivan Morris

മിഷിമയുടെ ഒരു നൂറ്റാണ്ട്



(രണ്ടാം ലോകയുദ്ധാനന്തര  ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട യുകിയോ മിഷിമയുടെ ജന്മശദാബ്ധി വര്‍ഷത്തില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളില്‍ ഒന്നായ The Temple of Golden Pavillion എന്ന നോവലിന്റെ വായനയിലൂടെ ആ രചനാ ലോകത്തേക്കും വ്യക്തിത്വത്തിലെക്കും കടന്നു ചെല്ലാനുള്ള ശ്രമമാണ് ഇവിടെ. ഭാഷാപോഷിണി (ഏപ്രില്‍ 2025) മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)


നിങ്ങൾ ബുദ്ധനെ കണ്ടുമുട്ടുമ്പോൾ, ബുദ്ധനെ കൊല്ലുക! നിങ്ങളുടെ പൂർവ്വികനെ കണ്ടുമുട്ടുമ്പോൾ, പൂർവ്വികനെ കൊല്ലുക! നിങ്ങൾ ബുദ്ധശിഷ്യനെ കണ്ടുമുട്ടുമ്പോൾ, ശിഷ്യനെ കൊല്ലുക! നിങ്ങൾ നിങ്ങളുടെ അച്ഛനെയും അമ്മയെയും കണ്ടുമുട്ടുമ്പോള്‍, അച്ഛനെയും അമ്മയെയും കൊല്ലുക! നിങ്ങളുടെ ബന്ധുക്കളെ കണ്ടുമുട്ടുമ്പോൾ, ബന്ധുക്കളെ കൊല്ലുക! അങ്ങനെ മാത്രമേ നിങ്ങൾക്ക് മോക്ഷം ലഭിക്കുകയുള്ളൂ. അങ്ങനെ മാത്രമേ നിങ്ങൾ ഭൗതിക കാര്യങ്ങളുടെ ചവിട്ടേല്‍ക്കലില്‍ നിന്ന് രക്ഷപ്പെടുകയും സ്വതന്ത്രരാകുകയും ചെയ്യുകയുള്ളൂ.

- സെന്‍ ഗുരു റിൻസായിയിൽ നിന്നുള്ള ഉദ്ധരണി (നോവലില്‍ ഉദ്ധരിക്കപ്പെടുന്നു)

"എന്നേക്കാൾ അധികം അച്ഛനെയോ അമ്മയെയോ മകനെയോ മകളെയോ സ്നേഹിക്കുന്നവൻ എന്നില്‍ പെട്ടവനല്ല" – മത്തായി 10:37

 

‘രണ്ടാം ലോകയുദ്ധത്തിനുശേഷം രംഗത്തെത്തിയവരില്‍ ഏറ്റവും പ്രതിഭാധനനായ ജാപനീസ് എഴുത്തുകാരന്‍’ എന്നു വിശേഷിപ്പിക്കപ്പെട്ട യൂകിയോ മിഷിമയുടെ ജന്മശദാബ്ധി വര്‍ഷമാണ്‌ ഇത് (2025). മിഷിമ പ്രതിഭയുടെ തിളക്കം അഞ്ചരപ്പതിറ്റാണ്ടിനിപ്പുറവും വായനാ ലോകത്തെ മുഗ്ദമാക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം, ആ രചനയുടെ ശക്തിയും സാര്‍വ്വലൗകിക, സാര്‍വ്വ കാലിക പ്രസക്തിയും എടുത്തുകാട്ടുന്നു. മിഷിമാ കൃതികളില്‍ രചനാവൈഭവം, ദാര്‍ശനിക ഗരിമ, ചരിത്രപരവും സമകാലികവുമായ സംവാദാത്മകത തുടങ്ങി എല്ലാംകൊണ്ടും ഒരു മാസ്റ്റര്‍പീസ്‌ എന്ന് ഗണിക്കപ്പെടുന്ന ‘ദ് ടെമ്പിള്‍ ഓഫ് ഗോള്‍ഡന്‍ പവിലിയന്‍’ വായന, മഹാനായ എഴുത്തുകാരനോടുള്ള ഒരു വായനക്കാരന്റെ അര്‍ച്ചനയാണ്.

...................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-temple-of-the-golden-pavilion-by-yukio-mishima-ivan-morris

Wednesday, September 4, 2024

The Translation of Love by Lynne Kutsukake

 

വിവര്‍ത്തനാന്ത്യം ജീവിതം





(ജാപ്പനീസ്-കനേഡിയന്‍ നോവലിസ്റ്റ് ലിന്‍ കുറ്റ്സുകാകെയുടെ  കാനഡ- ജപ്പാന്‍ സാഹിത്യ പുരസ്കാരം (2016) നേടിയ പ്രഥമ കൃതി ‘The Translation of Love’ അമേരിക്കന്‍ അധിനിവിഷ്ഠ ജപ്പാന്‍ പശ്ചാത്തലത്തില്‍ യുദ്ധവും നാടുകടത്തലും ദേശ നഷ്ടവും നേരിട്ട വേരറ്റ മനുഷ്യരുടെ അസ്തിത്വ പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്നു. സ്തോഭജനകമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും പുസ്തകം നവയുവ (Young adults) വായനാ സമൂഹത്തെ പ്രത്യേകം ലക്ഷ്യം വെക്കുന്നു.)

പേള്‍ ഹാര്‍ബറിനെ തുടര്‍ന്ന് ജപ്പാനെ അന്തിമമായി മെരുക്കുകയെന്ന അമേരിക്കന്‍ നയം ആ രാജ്യത്തിന്റെ സംസ്കാരത്തെയും നാഗരികതയെയും തരിപ്പണമാക്കുകയും ജനറല്‍ ഡഗ്ലസ് മക്ആര്‍തറുടെ മേല്‍നോട്ടത്തില്‍ അമേരിക്കന്‍ ഇറക്കുമതി ‘ജനാധിപത്യം നടപ്പിലാക്കുകയും ചെയ്തപ്പോള്‍, കീഴടങ്ങിയ ‘ചക്രവര്‍ത്തിയെന്ന പാവ അണിയറയില്‍ പഞ്ചപുച്ഛമടക്കി കഴിയുന്നുണ്ടായിരുന്നു. അമേരിക്കന്‍ ബോംബിങ്ങില്‍ നിലംപരിശായ തെരുവുകളിലൂടെ അധിനിവേശ സൈനികര്‍ അധികാരത്തിന്റെ പുതിയ സമവാക്യങ്ങള്‍ തീര്‍ത്ത്‌ റോന്തു ചുറ്റിയപ്പോള്‍ അവര്‍ക്കായി തഴച്ചു വളര്‍ന്ന നാനാതരം ലഹരികളുടെ അധോലോകങ്ങളില്‍ നിസ്സഹായരായ ജനതയുടെ നിലനില്‍പ്പിന്റെ വിധേയത്വ പൂര്‍ണ്ണമായ ഭവ്യതയുടെ ഉത്പന്നമായി ജാപ്പനീസ് സ്ത്രീത്വം അഴുകിനശിച്ചു. കടലുകള്‍ക്കക്കരെ ജനാധിപത്യത്തിന്റെ പറുദീസകളായ പാശ്ചാത്യ ദേശങ്ങളില്‍ ജപ്പാന്‍ വംശജര്‍ക്കെതിരെയുള്ള മുന്‍വിധികള്‍ ഏറ്റവും നിന്ദ്യമായ വംശവെറിയുടെ മാനങ്ങള്‍ കൈക്കൊണ്ടു. അമേരിക്കയില്‍ ജാപ്പനീസ് കുടിയേറ്റക്കാര്‍ ഒരു പരിധി വരെയെങ്കിലും നിന്നുപിഴക്കാനുള്ള ഇടം കണ്ടെത്തിയതിനു പിന്നില്‍, അധിനിവേശത്തിനു ഭാഷാപരമായും സാംസ്കാരികമായും ഇടയാളന്മാരും വിവര്‍ത്തകരുമായി അവരെ ആവശ്യമുണ്ട് എന്നതും ഒരു ഘടകമായിരുന്നു. എന്നാല്‍ കാനേഡിയന്‍ സര്‍ക്കാര്‍, തങ്ങള്‍ കരുതല്‍ തടങ്കലിലാക്കിയിരുന്ന ജാപ്പനീസ് കുടിയേറ്റക്കാര്‍ യുദ്ധാനന്തരം ഒഴിഞ്ഞുപോയെ തീരൂ എന്ന അന്ത്യശാസനം നല്‍കുകയാണുണ്ടായത്. അവര്‍ ഒന്നുകില്‍ ഇതര ദേശങ്ങളിലേക്ക് ഭാഗ്യപരീക്ഷണം നടത്താന്‍ നിര്‍ബന്ധിതരായി, അല്ലെങ്കില്‍ ജപ്പാനിലേക്കു തന്നെ തിരിച്ചയക്കപ്പെട്ടു. തരിപ്പണമായ ദേശത്തിന് ആര്‍ക്കും ഒരു സ്വദേശബോധം പോലും നല്‍കാനാവുമായിരുന്നില്ല എന്നത് അവരെ തുറിച്ചു നോക്കുന്ന യാഥാര്‍ത്ഥ്യം മാത്രമായിരുന്നു. ജപ്പാന്‍ ‘വിമോചിതമായിരുന്നു, പക്ഷെ അത് തളര്‍ന്നു പോയിരുന്നു, അന്ധാളിച്ചു പോയിരുന്നു. മൂന്നാം തലമുറ ജാപ്പനീസ്-കനേഡിയന്‍ നോവലിസ്റ്റ് ലിന്‍ കുറ്റ്സുകാകെയുടെ യുവപ്രതിഭാ പുരസ്കാരവും കാനഡ- ജപ്പാന്‍ സാഹിത്യ പുരസ്കാരവും (2016) നേടിയ പ്രഥമ കൃതി ‘ദി ട്രാന്‍സ്ലേഷന്‍ ഓഫ് ലവ് എന്ന നോവലിന്റെ വായനയില്‍ ഈ വസ്തുതകള്‍ പ്രധാനമാണ്.

ഫുമിയെന്ന പന്ത്രണ്ടുകാരി ഒരു കുടുംബ നിഗൂഡത അനാവരണം ചെയ്യാനുള്ള അന്വേഷണത്തിലാണ്- ജീവിതമാര്‍ഗ്ഗമായിരുന്ന പുസ്തകക്കട ബോംബിങ്ങില്‍ നശിച്ചു പോയതിനെ തുടര്‍ന്ന് തൊഴില്‍ തേടിപ്പോയ തന്നെക്കാള്‍ പത്തുവയസ്സു കൂടുതലുള്ള സുന്ദരിയായ സഹോദരി സുമികൊയുടെ തിരോധാനമാണത്. ഇരുണ്ട ഇടനാഴികളില്‍ സങ്കര ജന്യമായ ചാപ്പിള്ളകളുടെ ജഡങ്ങള്‍ ‘നീലയും വെള്ളയും നിറത്തിലുള്ള മുളങ്കൂമ്പു ചിത്രങ്ങള്‍ തുന്നിപ്പിടിപ്പിച്ച കിമോണോകളില്‍ പൊതിഞ്ഞു ഉപേക്ഷിക്കപ്പെടുന്ന, വശങ്ങള്‍ തുറന്ന മിനി സ്കേര്‍ട്ടും ഹൈ ഹീലും അനിവാര്യമായ, എല്ലാ പരിധിയും തെറ്റിക്കുന്ന കയ്യേറ്റങ്ങളെ നേരിടാന്‍ പെണ്‍കുട്ടികള്‍ വിദഗ്ധമായി ഒളിപ്പിച്ചുവെച്ച സൂചികള്‍ കരുതിവേക്കേണ്ടി വരുന്ന ഗിന്‍സായെന്ന ‘ആനന്ദത്തിന്റെ തെരുവില്‍ അവളെ കാണാതായിട്ട് കുറെയായി. വാന്‍കൂവറില്‍ നിന്ന് പിതാവിനൊപ്പം തിരിച്ചയക്കപ്പെട്ട അയാ ഷിമാമുറയെന്ന ‘പുതിയ കുട്ടി’യെ ക്ലാസ്സില്‍ അവളുടെ മേല്‍ നോട്ടത്തില്‍ ഏല്‍പ്പിക്കുക പ്രിയപ്പെട്ട അദ്ധ്യാപകന്‍ സെന്‍സായ് കോണ്ടോയാണ്. “സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു” എന്ന മെക് ആര്‍തറുടെ ഡാവിനു പിന്നില്‍ രാജാവിനെ ദൈവാവതാരമായി കണ്ടു പരമമായ അനുസരണം ശീലിച്ച ജനത ഒരു പരാതിയും പറയുകയുണ്ടാവില്ല എന്ന കണക്കുകൂട്ടലായിരുന്നു. എന്നാല്‍, അതേ സമ്പൂര്‍ണ്ണ വിധേയത്വത്തോടെയും പ്രതീക്ഷയോടെയും കത്തുകളുടെ ‘കൊച്ചു ഫ്യൂജി പര്‍വ്വതം സൈനിക ഹെഡ് ക്വാര്‍ട്ടേഴ്സില്‍ രൂപപ്പെടുന്നത് ഒട്ടൊക്കെ കൌതുകവും അതിലേറെ അന്ധാളിപ്പും സൃഷ്ടിക്കും. തന്റെ സഹോദരിയെ കണ്ടെത്താന്‍ മുഴുവന്‍ ജപ്പാനിലും ഇപ്പോള്‍ ഏറ്റവും ശക്തനായ ആള്‍ എന്ന നിലയില്‍ മെക് ആര്‍തര്‍ തന്നെയാണ് പറ്റിയ വ്യക്തിയെന്ന കണ്ടെത്തലില്‍ അയായുടെ ഇംഗ്ലീഷ് ഭാഷാ ജ്ഞാനം ഉപയോഗപ്പെടുത്തി കത്തെഴുതി നേരിട്ട് കൈമാറാനാണ് ഫുമി തയാറാകുന്നത്. അങ്ങനെയാണ് കേന്ദ്രത്തിലെ പരിഭാഷകരില്‍ ഒരാളായ കൊര്‍പ്പോരല്‍ മത് സുമോടോ യോഷികയെന്ന മാറ്റ് എന്ന കഥാപാത്രവുമായി അവള്‍ കണ്ടുമുട്ടുന്നത്. കാത്തിരിപ്പിന്റെ ഇടവേളയില്‍ അക്ഷമയാകുന്ന ഫുമി, കൂട്ടുകാരി അയായോടൊപ്പം അപകടകരമായ ഇടങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുന്നതും അതേ തുടര്‍ന്നുണ്ടാകുന്ന അങ്കലാപ്പുകളും കൊണ്ടോയും മാറ്റും അവരെ തേടിയിറങ്ങുന്നതിലും കോണ്ടോ അത്യാസന്ന നിലയില്‍ ന്യുമോണിയ ബാധിതനായിത്തീരുന്നതിലും കലാശിക്കും. യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ഉപോല്‍പ്പന്നമായ കള്ളക്കടത്തും മരുന്നുകള്‍ പോലുള്ളവയുടെ പൂഴ്ത്തിവെപ്പും ദുരുപയോഗവും അടയാളപ്പെടുത്തുന്ന ഒരു സന്ദര്‍ഭത്തില്‍, അയായുടെ പിതാവ് ഒളിപ്പിച്ചു വെച്ച, കാലപരിധി കഴിഞ്ഞോ എന്നുറപ്പില്ലാത്ത പെനിസിലിന്‍ കോണ്ടോയുടെ ജീവന്‍ തിരിച്ചു പിടിക്കുന്നത് നോവലിന്റെ പ്രകടമായ മറ്റൊരു സ്വഭാവത്തിലേക്കു കൂടി വെളിച്ചം വീശുന്നുണ്ട്. സ്തോഭജനകമായ ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയുന്നുവെങ്കിലും നവയുവ (young adults) വായനാ സമൂഹത്തെ മുന്നില്‍കാണുന്ന ഒന്നെന്ന നിലയില്‍ പ്രസന്നമായ ചില അതിര്‍ത്തികള്‍ നോവലിസ്റ്റ് തന്റെ കൃതിക്ക് നല്‍കുന്നുണ്ട് എന്നതാണത്; അത് ആത്യന്തികമല്ലെങ്കിലും. സുമികോ ശരിക്കുമൊരു ‘പാന്‍-പാന്‍ ഗേള്‍ ആയോ എന്നത് ഒരിക്കലും വ്യക്തമാക്കാത്തതിനും, അവളുടെ ജീവിതാനുഭവങ്ങളില്‍ സ്വാഭാവികമായും കടന്നു വരേണ്ടിയിരുന്ന ലൈംഗിക അടിമത്തത്തിന്റെ ചിത്രീകരണമോ ഗിന്‍സാ പോലുള്ള ഇടങ്ങളില്‍ നടമാടുന്ന കുറ്റകൃത്യങ്ങളോ ഫുമിയും അയായും അത്തരം ഇടങ്ങളില്‍ അലയുമ്പോള്‍ സ്വഭാവികമായേക്കാവുന്ന അപകടക ഭീഷണികളോ അധികമൊന്നും നോവലില്‍ കടന്നുവരാത്തതിനും ഇത് തന്നെയാണ് വിശദീകരണം.

ഫുമി, അയാ, സുമികോ, മാറ്റ്, സെന്‍സായ് കൊണ്ടോ എന്നീ അഞ്ചു കഥാപാത്രങ്ങളുടെ വീക്ഷണങ്ങളിലൂടെ തൃതീയ ആഖ്യാനമായി (third person) കഥ പറയുന്നത് അവരുടെ ഓരോരുത്തരുടെയും മനോവ്യാപാരങ്ങള്‍ വായനക്കാരുടെ മുന്നില്‍ തുറന്നു വെക്കാന്‍ സഹായിക്കുന്നുണ്ട്. അവരോടൊപ്പം മാറ്റിന്റെ സുഹൃത്ത് നാന്‍സി, അയായുടെ പിതാവ് തുടങ്ങി വേറെയും കഥാപാത്രങ്ങള്‍ ജീവിതാവസ്ഥകളുടെ വ്യത്യസ്ത തലങ്ങള്‍ നോവലില്‍ എത്തിക്കുന്നുണ്ട്. ഈ കഥാപാത്രങ്ങളെല്ലാം ഭൂതകാല വേദനകളുടെയും ഭാവിയുടെ അനിശ്ചിതത്വങ്ങളുടെയും സ്വത്വപ്രതിസന്ധികളുടെയും ഇടയില്‍ കുരുങ്ങിപ്പോയവരാണ്. അമേരിക്കയില്‍ ജനിച്ചിട്ടും വിദേശബന്ധം ചാര്‍ത്തപ്പെട്ട് തടവില്‍ കഴിയേണ്ടി വന്ന മാറ്റ്, സമാനമായ അസ്തിത്വ പ്രതിസന്ധി നേരിടുന്ന ജാപനീസ്-അമേരിക്കന്‍ തലമുറയുടെ പ്രതിനിധിയാണ്. യു. എസ്. പൌരന്‍ എന്ന നിലയില്‍ ദേശക്കൂറു തെളിയിക്കാനുള്ള വ്യഗ്രതയില്‍ യൂറോപ്പ്യന്‍ യുദ്ധമുന്നണിയില്‍ മരിച്ച സഹോദരനെ കുറിച്ചുള്ള ഓര്‍മ്മകളുണ്ട്‌ അയാള്‍ക്ക്. ജപ്പാനില്‍ അധിനിവേശ സൈന്യത്തിന്റെ ഭാഗമെന്ന അന്യവല്‍ക്കരണം നേരിടേണ്ടി വരുന്ന മാറ്റ്, ജപ്പാന്‍ വംശജനായത് കൊണ്ട് സൈനികരുടെ ബാറില്‍ നിന്ന് പുറത്താക്കപ്പെടുന്നുമുണ്ട്. സുഹൃത്ത് നാന്‍സിയുമായി വൈകാരികമായി അടുക്കുമ്പോഴും സ്വവര്‍ഗ്ഗാനുരാഗത്തിന്റെ സൂചനകളും അയാളിലുണ്ട്. അയായുടെ ഇത്തിരിപ്പോന്ന ജീവിതത്തിലും വേദനയുടെ ഒട്ടേറെ ഓര്‍മ്മകളുണ്ട്‌. കാനഡയില്‍ കുടിയേറിയ പിതാവിന്റെ ഭാര്യയായി അവളുടെ അമ്മയെത്തിയത്  ചിത്ര വധുക്കള്‍ (picture bride)’ പ്രതിഭാസത്തിന്റെ ഭാഗമായാണ്. താന്‍ തടവിലായിരിക്കവേ സംഭവിക്കുന്ന ഭാര്യയുടെ മരണ ശേഷം മകളോടൊപ്പം ജന്മദേശത്തേക്ക് ‘നാടുകടത്തപ്പെടുന്ന പിതാവ് പഴയ ഓര്‍മ്മകളില്‍ ദുഃഖിതനും ജീവിതത്തില്‍ നിന്ന് ഉള്‍വലിഞ്ഞവനുമാണ്. ‘തിരികെ നാട്ടിലേക്ക് എന്നത് അയായെ സംബന്ധിച്ച് തീര്‍ത്തും അസംബന്ധമാണ്. നല്ല മകളും കുലവധുവുമൊക്കെയാവാന്‍ പരിശീലിക്കപ്പെട്ട സുമികോ എത്തിച്ചേരുന്നത് ഡാന്‍സ്‌ ബാര്‍ എന്നു ഓമനപ്പേരുള്ള വേശ്യകളും പിമ്പുകളും നിറഞ്ഞ അധോലോകത്തിലും. അധിനിവേശ ചേരി പരിചയപ്പെടുത്തുന്ന ‘ഡെമോക്രസി’യുടെ പാപ്പരത്തം സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ നോവലില്‍ ഏറെയുണ്ട്. അമേരിക്കന്‍ സൈനികര്‍ സ്കൂളില്‍ വിതരണം ചെയ്യുന്ന ‘ജനാധിപത്യ ലഞ്ചുക’ളിലെ പുഴുങ്ങിയ മുട്ട പോലുള്ള വിഭവങ്ങള്‍ അതിവേഗ ജനാധിപത്യത്തിന് വഴിവെക്കുമെന്ന് അവകാശവാദം ഉന്നയിക്കപ്പെടുന്നുണ്ട്. പേന്‍ നശീകരണത്തിനായി കുട്ടികള്‍ക്ക് മേല്‍ ഡി.ഡി.റ്റി. തളിക്കപ്പെടുന്നു. സെന്‍സായ് കൊണ്ടോ ക്ലാസില്‍ നിവര്‍ത്തുന്ന, അധിനിവേശ സൈന്യം സ്കൂളില്‍ വിതരണം ചെയ്ത മാപ്പില്‍ ജപ്പാന്‍ എന്ന മഹത്തായ രാജ്യസങ്കല്‍പ്പം ലോകത്തിന്റെ മധ്യം എന്നതിന് പകരം ‘ഉണങ്ങിയ പയര്‍’ പോലെ ഒരറ്റത്തു കാണപ്പെടുന്നത് കുട്ടികളെ നിരാശപ്പെടുത്തുന്നുണ്ട്.

വിവര്‍ത്തനം എന്നത് അധിനിവേശ അധികാരത്തിന്റെ സുഗമമായ പ്രയോഗത്തില്‍ പലവിധത്തില്‍ പ്രധാനമായിരുന്നു. ഇരുഭാഷകളില്‍ പ്രാവീണ്യം ഉള്ളവരെയും ജാപ്പനീസ് വംശജരോ അവിടെ ദീര്‍ഘകാല ജീവിതം നയിച്ചവരോ ആയവരെയും ഉപയോഗിച്ച് ഭാഷാപരവും സാംസ്കാരികവുമായ അന്തരം മറികടക്കുകയെന്നത് അവര്‍ക്ക് അനിവാര്യവുമായിരുന്നു. ‘പ്രണയത്തിന്റെ വിവര്‍ത്തനം’ എന്ന തലക്കെട്ടില്‍ എത്തിയതിനെ കുറിച്ച് ഒരഭിമുഖത്തില്‍ കുറ്റ്സുകാകെ വിശദീകരിച്ചിട്ടുണ്ട്. ‘ഡിയര്‍ ജനറല്‍ മെക് ആര്‍തര്‍ എന്ന പേരിലുള്ള വിഖ്യാതമായ നോണ്‍ ഫിക് ഷന്‍ പുസ്തകത്തില്‍ (റിന്‍ജിറോ സൊദേ) പ്രചോദിതമായി അതേ പേരില്‍ എഴുതാനിരുന്ന പുസ്തകം ആവര്‍ത്തനം ഒഴിവാക്കാനുള്ള ശ്രമത്തില്‍ നിലവിലുള്ള തലക്കെട്ടില്‍ എത്തുകയായിരുന്നു. കാപിറ്റലിസ്റ്റ് അടിമത്തത്തിനെതിരെ പ്രതിഷേധിക്കുന്ന കമ്യൂണിസ്റ്റിന്റെ കത്തുപോലെ, ചക്കരവാക്കുകള്‍ പറഞ്ഞു വീണ്ടും വരാമെന്ന് വാക്ക് കൊടുത്ത് തിരിച്ചുപോയ അമേരിക്കന്‍ സൈനികര്‍ക്ക് ജപ്പാനീസ് പെണ്‍കുട്ടികള്‍ എഴുതുന്ന കത്തുകള്‍ പോലെ, ഇനിയൊരിക്കലും കാണാന്‍ ഇടയില്ലാത്ത ഉറ്റവരെ അന്വേഷിക്കുന്ന ബന്ധുക്കളുടെത് പോലെ, ഇതൊന്നുമല്ലാതെ, “പുതിയ ജനാധിപത്യ ജപ്പാന്‍ ദേശത്തിന് ഒരു സമ്പൂര്‍ണ്ണ പൌരനെ നല്‍കാന്‍ വേണ്ടി” മെക് ആര്‍തര്‍ക്കും കൂട്ടാളികള്‍ക്കുമുള്ള അസംബന്ധം നിറഞ്ഞ ശരീര സമര്‍പ്പണ സന്നദ്ധത അറിയിക്കുന്ന സ്ത്രീകളുടെതും മറ്റും മറ്റുമായി കൃത്യമായും ഒട്ടേറെ വിഫല പ്രണയങ്ങള്‍ നിറഞ്ഞ സന്ദേശങ്ങള്‍ ഗൌരവത്തിലോ തമാശയായോ ക്രൂര ഫലിതമായോ ഉള്ള പ്രതികരണമുണര്‍ത്തിക്കൊണ്ട് വിവര്‍ത്തനം കാത്ത് സൈനിക കേന്ദ്രത്തില്‍ കിടപ്പുണ്ട്. ഒരു വയോധികന്‍ ജനറല്‍ മെക് ആര്‍തര്‍ക്ക് എഴുതുന്ന കത്തിലെ ചോദ്യം കനം കുറഞ്ഞ ശുഭാപ്തിക്കപ്പുറം പോകുന്ന ജീവിതാര്‍ത്ഥം തേടലായും മാറ്റുന്നുണ്ട്: 

“നമ്മുടെ ഭീകര യുദ്ധം ആരംഭിച്ച അന്ന് മുതല്‍ ഞാന്‍ ഒരേ ചോദ്യത്താല്‍ മഥിതനാണ്: ഒരു മനുഷ്യന്‍ എങ്ങനെയാണ് ജീവിക്കേണ്ടത്? ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാനെന്റെ ഈ ഭൂമിയില്‍ നിന്നുള്ള അന്തിമ വിടപറയലിനോട് അടുക്കുമ്പോഴും ഒരു ശരിയായ ഉത്തരം കണ്ടെത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് സ്വയം സമ്മതിക്കുന്നു. അതിനു ഉത്തരം അറിയാനായാല്‍ എനിക്ക് സമാധാനത്തോടെ മരിക്കാനാവും എന്ന് ഞാന്‍ കരുതുന്നു.

എങ്ങനെയാണ് ഒരാള്‍ ജീവിക്കേണ്ടത്?

ഇക്കാര്യത്തില്‍ തിരുവുള്ളത്തില്‍ നിന്ന് ഒരുപദേശം കിട്ടിയിരുന്നെങ്കില്‍ ഈയുള്ളവന്‍ ഏറെ കൃതാര്‍ത്ഥനായേനേ.”

എങ്ങനെയാണ് ഒരാള്‍ ജീവിക്കേണ്ടതെന്ന ചോദ്യത്തെ വായനക്കാര്‍ക്കായി അങ്ങനെത്തന്നെ വിട്ടുകൊണ്ടാണ്, ലോകചരിത്രത്തിലെ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ലാത്ത ഒരു ഖണ്ഡത്തിലേക്കുള്ള ഫിക് ഷനല്‍ യാനം നോവലിസ്റ്റ് അവസാനിപ്പിക്കുന്നത്.

 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 118-123) 

read more from Japanese Literature:

A Wild Sheep Chase by Haruki Murakami

https://alittlesomethings.blogspot.com/2016/06/blog-post.html

Kafka on the Shore by Haruki Murakami

https://alittlesomethings.blogspot.com/2015/10/blog-post_29.html  

The Wind-Up Bird Chronicle by Haruki Murakami/Jay Rubin 

https://alittlesomethings.blogspot.com/2016/03/blog-post.html

The Memory Police by Yōko Ogawa

https://alittlesomethings.blogspot.com/2024/08/the-memory-police-by-yoko-ogawa.html

Saturday, August 31, 2024

The Memory Police by Yōko Ogawa / Stephen Snyder

 

ഓര്‍മ്മകള്‍ രാജ്യദ്രോഹമാകുമ്പോള്‍




“ഭൂതകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നു: വര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു” – 1984, ജോര്‍ജ്ജ് ഓര്‍ വെല്‍.

ഭരണകൂട നിരീക്ഷണത്തെ സംബന്ധിച്ചുള്ള വേട്ടയാടുന്ന ഒരു ഓര്‍വെല്ലിയന്‍ നോവല്‍” എന്ന് വിവരിക്കപ്പെട്ട കൃതിയാണ് മൂലഭാഷയിലെ പ്രസിദ്ധീകരണത്തിനു കാല്‍ നൂറ്റാണ്ടിനു ശേഷം സ്റ്റീഫന്‍ സ്നൈഡരുടെ മികച്ച പരിഭാഷയില്‍ ഇംഗ്ലീഷിലെത്തുകയും തുടര്‍ന്ന് ആ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ മാന്‍ ബുക്കര്‍ പുരസ്കാര പരിഗണനയില്‍ ഇടം പിടിക്കുകയും ചെയ്ത ജാപ്പനീസ് നോവലിസ്റ്റ് യോക്കോ ഒഗാവയുടെ The Memory Police.  സൈബര്‍ ഇടവും എലെക്ട്രോനിക് മീഡിയയുമൊന്നുമില്ലാത്ത കാലത്ത് എഴുതപ്പെട്ടതെങ്കിലും നോവലിന് കാലാതീതമായ ഭീഷണ പ്രവചന സ്വരം വന്നു ചേരുന്നത് പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടുതന്നെയാണ്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്നതില്‍ നിന്ന് ഒന്നൊന്നായ സ്മൃതിനാശം മാത്രമാണ് അതിജീവന മാര്‍ഗ്ഗമെന്ന സര്‍വ്വാധിപത്യ സന്ദര്‍ഭമാണ് നോവല്‍ അവതരിപ്പിക്കുന്നത്‌. ഓര്‍മ്മകള്‍ അത് പ്രതിനിധാനം ചെയ്യുന്ന വസ്തുക്കളെ മാത്രമല്ല അവ ധ്വനിപ്പിക്കുന്ന ബന്ധങ്ങളെ കൂടി കൊണ്ടുവരുന്നു. “പക്ഷികള്‍ ആകാശയാനത്തെയും ഭാരമില്ലയ്മയെയും വേഗതയെയും യൌവ്വനത്തെയും പാട്ടുകളേയും പ്രഭാതത്തെയും പ്രദോഷത്തെയും പലായനത്തെയും സൂചിപ്പിക്കുന്നു. അവ കഥകളിലും പെയിന്റിങ്ങുകളിലും രൂപകങ്ങളിലും മിത്തുകളിലും കടന്നുവരുന്നു. തിരോഭവിക്കുന്ന ഓരോ വസ്തുവും അതിനോടൊപ്പം വൈയക്തികവും പൊതുവായതുമായ അറിവുകളുടെ അടരുകളെയും കൊണ്ടുപോകുന്നു.” (Madeleine Thien: The Memory Police by Yōko Ogawa review – profound allegory of loss: theguardian.com).

ഏതോ പൈശാചത്താലെന്നോണം അതിനിഗൂഡമായ രീതിയില്‍, വിശദീകരണമേതുമില്ലാതെ  പലതും അപ്രത്യക്ഷമാകുകയും അവ സംബന്ധിച്ച ഓര്‍മ്മകള്‍ പോലും അതേ പ്രകാരം തിരോഭവിക്കുകയും ചെയ്യുന്ന അനുഭവമുള്ള ഒരു ദ്വീപും ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന അപൂര്‍വ്വം വ്യക്തികള്‍ ഭരണകൂട വേട്ടക്കു വിധേയരായി അപ്രത്യക്ഷരാകുന്ന സാഹചര്യവുമെന്ന വിചിത്ര സങ്കല്‍പ്പനമാണ് നോവലിന്റെ കാതല്‍. ഒരു സുപ്രഭാതത്തില്‍ കിളികള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുമ്പോള്‍ അതത്ര അലോസരപ്പെടുത്തുന്നതായി നോവലിലെ മുഖ്യ കഥാപാത്രത്തിനു തോന്നാത്തത് പക്ഷികളെ കുറിച്ചുള്ള ഓര്‍മ്മകളും കിളിനാദവും വിസ്മൃതമായിരിക്കുന്നു എന്നത് കൊണ്ടാണ്. പൂക്കള്‍ വിടരുന്നതിന്റെഅതിന്റെ സുഗന്ധത്തിന്റെ ഓര്‍മ്മകള്‍, മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ എന്നിവയെല്ലാം അതുപോലെ ഓരോരോ ഘട്ടങ്ങളില്‍ പൊടുന്നനെ ഇല്ലാതാവുന്നു. ഫോടോഗ്രാഫുകള്‍ ഒന്നും ഓര്‍മ്മിപ്പിക്കാന്‍ കഴിയാത്ത പാഴ്വസ്തുക്കളാകുന്നു. മൃഗങ്ങള്‍ക്കുംറോസാ പുഷ്പങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും കലണ്ടര്‍ താളുകള്‍ക്കും റിബനുകള്‍ക്കും പെര്‍ഫ്യൂമുകള്‍ക്കും ബോട്ടുകള്‍ക്കും ശേഷം അപ്രത്യക്ഷമാകലിന്റെയും ഉപയോഗം മറന്നു പോയതുകൊണ്ടുള്ള പ്രയോജന ശൂന്യതയുടെയും തുടര്‍ച്ച മനുഷ്യന്റെ ഉടലിലേക്കും നീളുന്നതോടെ കൈകാലുകള്‍ പോലും അപ്രത്യക്ഷമായിത്തുടങ്ങുന്നു. അപ്രത്യക്ഷമാകുന്ന എന്തിന്റെയും അസ്തിത്വത്തെ ഓര്‍മ്മിപ്പിക്കുന്ന എല്ലാത്തിനെയും പാടെ തുടച്ചുനീക്കാന്‍ പൗരാവലി നിര്‍ബന്ധിതരാകുന്ന ദേശത്തു അവയുടെ ഓര്‍മ്മകളോ ചിഹ്നങ്ങളോ സൂഷിക്കുന്നവര്‍ ‘മെമ്മറി പോലീസി’ന്റെ വേട്ടക്കു വിധേയരാകുന്നു. സാമൂഹിക സ്മൃതിനാശമെന്ന പ്രതിഭാസത്തിന്റെ നീരാളിപ്പിടുത്തത്തിനെതിരെ പ്രതിരോധശേഷിയുള്ള ചുരുക്കം ചിലര്‍ ഒളിച്ചു കഴിയാന്‍ നിര്‍ബന്ധിതരാകുന്നത് നോവലിനെ ആന്‍ ഫ്രാങ്കിന്റെ ഡയറി പോലുള്ള ക്ലാസിക്കുകളോട് അടുപ്പിക്കുന്നു. ഓര്‍ വെല്ലിന്റെ Thought Policeനെയും നാസി എസ്. എസ്സിനെയും പോലുള്ള സംവിധാനങ്ങളുടെ പകര്‍പ്പായ മെമ്മറി പോലീസ്ഓര്‍മ്മകള്‍ നില നിര്‍ത്തുന്നവരെ സമാനമായ രീതിയില്‍ ‘അപ്രത്യക്ഷമാകലിലേക്ക് നയിക്കുന്നു. 

നാടിന്റെ വിചിത്ര വിധിയെ കുറിച്ചുള്ള നിരീക്ഷണത്തോട് കൂടിയാണ് നോവല്‍ ആരംഭിക്കുന്നത്:

“ഞാനൊരു കുഞ്ഞായിരുന്നപ്പോള്‍ എന്റെ അമ്മ എന്നോട് പറയുമായിരുന്നു: ഏറെ പണ്ട്നീ ജനിക്കുന്നതിനും മുമ്പ്ഇവിടെ വേറെയും കുറെ വസ്തുക്കള്‍ ഉണ്ടായിരുന്നു. സുതാര്യമായവസുഗന്ധമുള്ളവ.. പാറിനടക്കുന്നവ, തിളങ്ങുന്നവ.. നിനക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാനിടയില്ലാത്ത അത്ഭുതകരമായ വസ്തുക്കള്‍ ഇവിടെയുള്ള ആളുകള്‍ക്ക് അവരുടെ മനസ്സിലും ഹൃദയത്തിലും ആ അത്യത്ഭുതകരമായ കാര്യങ്ങളെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് ലജ്ജാകരമാണ്, പക്ഷെ ഈ ദ്വീപില്‍ കാര്യങ്ങള്‍ അങ്ങനെയാണ്. വസ്തുക്കള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടേയിരിക്കുന്നു. ഇനിയിപ്പോള്‍വൈകാതെ നിനക്ക് നേരിട്ട് തന്നെ കാണാം. നിന്റെ ജീവിതത്തില്‍ നിന്ന് എന്തെങ്കിലുമൊക്കെ അപ്രത്യക്ഷമാകും.” 

തിരോധാനങ്ങളുടെ രീതി പലവുരു നോവലില്‍ കടന്നുവരുന്നുണ്ട്വിശേഷിച്ചും നോവല്‍ ആരംഭത്തില്‍. ഒരു രാത്രി ദ്വീപു വാസികള്‍ക്ക്  എന്തോ ഒന്ന് അപ്രത്യക്ഷമാകാന്‍ പോകുന്നുവെന്ന് വിചിത്രമായ ഒരു തോന്നലുണ്ടാകുന്നു. പിറ്റേന്നു പ്രഭാതത്തില്‍ ചുവന്ന പൂവിതളുകള്‍ പുഴയിലാകെ നിറഞ്ഞിരിക്കുന്നത്‌ അവര്‍ കാണുന്നു: “ഇളം കാറ്റ് അവധാനതയോടെ ചുവന്ന റോസാ ദാലങ്ങളെ മാത്രം തെരഞ്ഞുപിടിച്ചു വിതറിയതായി കാണപ്പെട്ടു” എന്നു നോവലിസ്റ്റ് എഴുതുന്നു. ദ്വീപുവാസികള്‍ ആരും പറയാന്‍ കാത്തുനില്‍ക്കാതെത്തന്നെ റോസാ ചെടികള്‍ പിഴുതെടുക്കാന്‍ തുടങ്ങുന്നു; അവ പുഴയിലെറിയുകയോ ചുട്ടെരിക്കുകയോ ചെയ്യുന്നു. ചിലര്‍ ആ തിരോധാനത്തെ ചെറിയ ചടങ്ങുകളിലൂടെ ആചരിക്കുന്നു. ദിവസങ്ങള്‍ക്കു ശേഷം റോസാ തോട്ടങ്ങള്‍ മാത്രമല്ല റോസ് എന്ന പദം തന്നെ തീര്‍ത്തും വിസ്മൃതിയില്‍ ആണ്ടിരിക്കുന്നു. മെമ്മറി പോലീസ് റോസാ പൂവിനെ കുറിച്ചുള്ള എഴുത്തുകളോ ബിംബങ്ങളോ ബാക്കിയുണ്ടോ എന്ന് കണ്ടെത്താന്‍ സൂക്ഷ്മ പരിശോധന നടത്തുന്നു.

“മെമ്മറി പോലീസിന്റെ പ്രഥമ ദൌത്യം തിരോധാനം അടിച്ചേല്‍പ്പിക്കലാണ്.” 

പക്ഷികള്‍ എന്നെന്നേക്കുമായി പറന്നുപോയതു കൊണ്ട് പക്ഷിനിരീക്ഷണ ശാല നാശോന്മുഖമായിരിക്കുന്നു. തൊപ്പി നിര്‍മ്മണക്കാരും കടത്തുകാരും ബോട്ടു ജോലിക്കാരും മറ്റു തൊഴില്‍ തേടിയിറങ്ങിയിരിക്കുന്നു.   

മുഖ്യ കഥാപാത്രമായ എത്തുകാരി സര്‍ഗ്ഗ വിമ്മിഷ്ടം (writer’s block) അനുഭവിക്കുന്ന നോവലിസ്റ്റാണ്. തന്നില്‍ നിന്നും വയോധിക സുഹൃത്തില്‍ നിന്നും വ്യത്യസ്തമായിതന്റെ പ്രസാധകന്‍ ഓര്‍മ്മകള്‍ നിലനിര്‍ത്തുകയെന്ന ‘ദേശദ്രോഹം’ ചെയ്തുകൊണ്ടിരിക്കുന്നു എന്നറിയുന്ന യുവ നോവലിസ്റ്റ് അദ്ദേഹത്തെ രഹസ്യമുറിയില്‍ പാര്‍പ്പിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന ഒട്ടും അപ്രവചനീയമല്ലാത്ത സംഭവങ്ങളുമാണ് ഇതിവൃത്ത പ്രധാനമല്ലാത്ത നോവലിന്റെ പുറംഭാഗം. രഹസ്യമറി തിരോഭവിച്ച വസ്തുക്കളുടെ സൂക്ഷിപ്പു കേന്ദ്രം കൂടിയായിത്തീരുന്നത് അപകട സാധ്യത പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും “ഭീകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുകയായിരുന്നുഎങ്കിലും എങ്ങനെയെന്നറിയില്ല, ഞങ്ങള്‍ക്ക് വളരെയേറെ ശാന്തത അനുഭവപ്പെട്ടു” എന്ന് യുവതി നിരീക്ഷിക്കുന്നത് സാഹചര്യങ്ങളുടെ സമ്മിശ്ര ഭാവം പകര്‍ത്തുന്നുണ്ട്. തന്നെ സംബന്ധിച്ച് ഒരോര്‍മ്മയും ജനിപ്പിക്കാത്ത ഫോട്ടോഗ്രാഫുകള്‍ ചുട്ടുകളയാന്‍ ശ്രമിക്കുന്ന ആതിഥേയയോടുള്ള പ്രിതിഷേധത്തില്‍ ആര്‍. പ്രതിനിധാനം ചെയ്യുന്നത് തിരോധാനങ്ങളുടെ എതിര്‍ രാഷ്ട്രീയമാണ്: “സുപ്രധാന കാര്യങ്ങള്‍ സുപ്രധാനമായി തുടരും.. ലോകം എങ്ങനെയൊക്കെ മാറിയാലും ശരി.” തീയിലേക്ക് എറിയപ്പെടുന്ന അവസാനത്തെ പുസ്തകത്തിന്റെ ദിശ ഒരു പക്ഷിയുടെ ചിറകുപോലെ കാണപ്പെടുന്നതും എരിയുന്ന വെട്ടം അസഹ്യമായി അനുഭവപ്പെടുന്നതും യുവ എഴുത്തുകാരി നോക്കിനില്‍ക്കുന്നു. മറു വശത്ത്‌നിത്യ ജീവിതത്തിന്റെ പങ്കപ്പാടുകളില്‍ ഓര്‍മ്മകളുടെ ദാര്‍ശനിക പ്രശ്നങ്ങളൊന്നും അലട്ടാതെആളുകള്‍ ഏതുതരം നിരാസങ്ങളോടും പൊരുത്തപ്പെടുകയും ഒതുങ്ങിക്കഴിയുകയും ചെയ്യുന്ന വിപര്യയം സര്‍വ്വാധിപത്യ ക്രമങ്ങളുടെ പതിവു രീതിയാണ്:

“കഴിയാവുന്നതും ഒട്ടും ബഹളമില്ലാതെ നാമത് കുടഞ്ഞുകളയുന്നുബാക്കിയുള്ളതെന്തോ അതുകൊണ്ട് ജീവിക്കുന്നു. നാം എന്നും ചെയ്തിട്ടുള്ളതു പോലെ.”

മുഖ്യ കഥാപാത്രത്തിന്റെ സഹചാരിയായ വയോധികന്‍ നിരീക്ഷിക്കുന്നതു പോലെമിക്കയാളുകള്‍ക്കും ഓര്‍മ്മകള്‍ ദുര്‍വ്വ്യയവും അനാവശ്യവുമാണ്‌. ഓര്‍മ്മകളും മൊഴിയും വാക്കുകളുമില്ലാതെ തങ്ങളുടെ ഹൃദയങ്ങള്‍ ദാരിദ്രമായിക്കൊണ്ടിരിക്കുന്നതും ആത്മാവുംവ്യക്തിത്വവും സ്വത്വവും ശൂന്യമായിക്കൊണ്ടിരിക്കുന്നതും അവരറിയുന്നുണ്ട്. ഇത്തരമൊരു ഇതിവൃത്തത്തില്‍ ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് സ്വാഭാവികമായ പിരിമുറുക്കവും ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷവും തൊട്ടപ്പുറത്ത്, തൊട്ടടുത്ത നിമിഷം ദുരന്തം കാത്തിരിപ്പുണ്ടെന്ന സാധ്യതയുമെല്ലാം നോവലില്‍ ഉണ്ടെങ്കിലുംഅസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യും വിധം ഈ സ്മൃതിനാശം സൃഷ്ടിക്കുന്ന ആത്മീയവൈകാരിക പാപ്പരത്തത്തെയാണ് നോവലിസ്റ്റ് ഊന്നുന്നത്. തൊട്ടപ്പുറത്ത്, തെരുവിന്റെ മറുവശത്തു ഇനിയൊരിക്കലും തിരിച്ചു വരാനിടയില്ലാത്ത രീതിയില്‍ തങ്ങള്‍ക്ക് അഭയം നല്‍കിയവരോടൊപ്പം മെമ്മറി പോലീസ് പിടിച്ചു കൊണ്ടുപോകുന്ന നവയുവാക്കളുടെ കീഴടങ്ങിയ, ഒടിഞ്ഞ ഉടലുകള്‍ കാണാവുന്നുണ്ട്; ചിന്തയും വികാരങ്ങളുമില്ലാത്തആത്മാവ് നഷ്ടപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് ‘മെമ്മറി പോലീസ് പ്രാവര്‍ത്തികമാക്കുന്നത്.

ആര്‍. എന്നു മാത്രം വിളിക്കപ്പെടുന്ന പ്രസാധകനെ മാറ്റി നിര്‍ത്തിയാല്‍മുഖ്യ കഥാപാത്രത്തിന്റെയോഇതര കഥാപാത്രങ്ങളുടെയോ, ദ്വീപിന്റെയോ പേര് പറയാത്തത് കഥക്ക് പ്രതീകാത്മക സാര്‍വ്വ ജനീനത നല്‍കുകയും അതിനൊരു വേട്ടയാടുന്ന ഭാവം പകരുകയും ചെയ്യുന്നു. സ്വന്തം അമ്മയെയും അച്ഛനെയും മെമ്മറി പോലീസിന്റെ ഇടപെടലില്‍ നഷ്ടപ്പെട്ടിട്ടും ഓര്‍മ്മകളും വികാരങ്ങളുമുള്ള മനുഷ്യസ്ത്രീയായി തുടരുന്ന മുഖ്യ കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ ചിത്രീകരിക്കാന്‍ അതിവേഗം കടന്നു പോകുന്ന ശിശിരകാലത്തെതുടര്‍ന്ന് റോസാപൂക്കളെയും ഹരിതാഭയെയും മൂടുന്നസുദീര്‍ഘമായ മഞ്ഞുകാലത്തെ ഒരു രൂപകമായി നോവലിസ്റ്റ് ഉപയോഗിക്കുന്നു. കാവ്യാത്മക ഭാഷയിലുള്ള സംഭാഷണങ്ങളും മുഖ്യ കഥാപാത്രം എഴുതിക്കൊണ്ടിരിക്കുന്ന നോവലില്‍ നിന്നുള്ള സുദീര്‍ഘമായ ഉദ്ധരണികളും ഇതിവൃത്തത്തിനു പകരുന്ന സാഹിതീയമെറ്റാ ഫിക് ഷന്‍ തലവും ഒരര്‍ത്ഥത്തില്‍ സംഗീതവും കഥകളും അപ്രത്യക്ഷമാകുന്ന, അടിച്ചേല്‍പ്പിക്കപ്പെടുന്ന സര്‍ഗ്ഗനിരാസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പായി കാണാം. കഥകള്‍ പറയപ്പെടുന്നത്‌ ഭൂതകാലത്തെ നിലനിര്‍ത്താന്‍ മാത്രമല്ലഅത് അസ്തിത്വ സ്ഥാപനവും അതിജീവനവും കൂടിയാണ്. നോവലിനുള്ളിലെ നോവല്‍ എന്ന നിലയില്‍ മുഖ്യകഥാപാത്രം നിബന്ധിക്കുന്ന കഥസ്വന്തം ഭാഷ്യം നഷ്ടമാകുന്ന ടൈപ്പിസ്റ്റ് യുവതിയുടെ അസ്തിത്വ പ്രതിസന്ധി സംബന്ധിച്ചാണ് എന്നത് പ്രസക്തമാണ്. ഓര്‍മ്മയും മൊഴിയും നഷ്ടമാകുന്ന ലോകത്ത് ആവിഷ്കാരം സാധ്യമല്ലാതാകുന്നുശാരീരികവും മാനസികവുമായി തടവിലാക്കപ്പെടുന്ന ഇടത്തില്‍ സ്വാതന്ത്ര്യവും. സ്വത്വനിരാസവും ഉടലില്‍ തന്നെ സംഭവിക്കുന്ന ‘അപത്യക്ഷമാകലും മരണത്തിന്റെ മറുവാക്കായി തീരുകയും ചെയ്യുന്നു. 

അതീവ ശബളമായവടിവൊത്ത യൂണിഫോമും വികാര ശൂന്യമായ ഭാവവുമായി യാന്ത്രികമായ കൃത്യതയോടെ കടന്നു വരികയും ഒരു കൊലയന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മെമ്മറി പോലീസിന് മാവോയുടെ ചൈനസ്റ്റാലിന്റെ സോവിയറ്റ് യൂണിയന്‍, പോള്‍പോട്ടിന്റെ കംബോഡിയനാസി ജര്‍മ്മനി തുടങ്ങിയ ആധുനിക ഇരുമ്പുമറകളില്‍ മാത്രമല്ലചരിത്രം ബോധപൂര്‍വ്വമോ അല്ലാതെയോ തമസ്കരിച്ച ഒട്ടേറെ ജനപഥങ്ങളില്‍ പൂര്‍വ്വ മാതൃകകള്‍ ഉണ്ട് എന്നിടത്താണ്ഒഗാവയുടെ രചന സ്ഥല കാല അതിരുകള്‍ ഭേദിക്കുന്നത്. ദുരൂഹതയും അസംബന്ധവും അധികാര സ്വരൂപങ്ങളുടെ ഭീഷണാവസ്ഥയുമെന്ന സങ്കരത്തെ അതിന്റെ വൈശദ്യത്തില്‍ അവതരിപ്പിക്കുകയെന്ന നിഗൂഡതാ നിഷേധം’ (demystification) ഒഴിവാക്കാന്‍ കൂടിയാണ് ‘ദുര്‍ഗ്ഗം (castle) എന്ന പ്രതീകത്തെ കാഫ്ക കണ്ടെടുക്കുന്നത്. പില്‍ക്കാല ലോകസാഹിത്യത്തില്‍ ‘കാഫ്കെയസ്ക്’ എന്ന് വിളിക്കാവുന്ന അവതരണങ്ങള്‍ എണ്ണമറ്റതാണ്. ഏറ്റവുമൊടുവില്‍, പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍അടിമത്തത്തില്‍ നിന്ന് മോചനം തേടി പാലായനം ചെയ്യുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ ദുര്‍ഘട യാനത്തിന്റെ സങ്കീര്‍ണ്ണ സംവിധാനങ്ങളെ മുഴുവന്‍ ‘അണ്ടര്‍ഗ്രൌണ്ട് റെയില്‍റോഡ്‌’ എന്ന രൂപകത്തിലേക്ക് ഒതുക്കിയ കോള്‍സന്‍ വൈറ്റ്ഹെഡ് (The Underground Railroad), അഭയാര്‍ഥിത്തത്തിന്റെ ഭൌമ രാഷ്ട്രീയ പ്രതിസന്ധികളെ മുഴുവന്‍ അപര ലോകങ്ങളിലേക്കു തുറക്കുന്ന മാന്ത്രിക വാതിലുകള്‍ എന്ന സങ്കല്‍പ്പനത്തില്‍ ചിത്രീകരിക്കുന്ന മോഹ്സിന്‍ ഹമീദ് (Exit Westഎന്നിവര്‍ വരെ ഈ നിര നീളുന്നു. ‘കാഫ്കെയസ്ക്’ പാരമ്പര്യത്തെ ഭൌമാരാഷ്ട്രീയ പരിതോവസ്ഥയുടെ കാലത്തേക്ക് പറിച്ചു നടുന്ന ഈ നിരയിലേക്കാണ് ‘മെമ്മറി പോലീസി’ലൂടെ യോക്കോ ഒഗാവ കടന്നുചെല്ലുന്നത് എന്നും നിരീക്ഷിക്കാവുന്നതാണ്. എന്നാല്‍സുദീര്‍ഘ ശൈത്യമെന്ന പ്രതീകം ധ്വനിപ്പിക്കുന്ന പാരിസ്ഥിതിക ഉത്കണ്ഠകളെ  നോവലിസ്റ്റ് അത്രകണ്ട് പിന്തുടരുന്നുമില്ല എന്നത് തെല്ലൊരു പരിമിതിയായി അനുഭവപ്പെടുകയും ചെയ്യും. 

read more:

Exit West by Mohsin Hamid

https://alittlesomethings.blogspot.com/2017/10/blog-post_24.html

A Wild Sheep Chase by Haruki Murakami

https://alittlesomethings.blogspot.com/2016/06/blog-post.html

Kafka on the Shore by Haruki Murakami

https://alittlesomethings.blogspot.com/2015/10/blog-post_29.html 

The Translation of Love by Lynne Kutsukake

https://alittlesomethings.blogspot.com/2024/09/the-translation-of-love-by-lynne.html