Featured Post

Showing posts with label Science fiction. Show all posts
Showing posts with label Science fiction. Show all posts

Monday, October 7, 2024

American War by Omar El Akkad

വിപത് സന്ദേശങ്ങളുടെ പുസ്തകം



ഭീഷണമായ വര്‍ത്തമാന കാലാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ദൌര്‍ഭാഗ്യകാരവും ദുസ്വപ്ന സമാനവും ഇരുണ്ടതുമായ ഭാവിയിലേക്ക് ഉറ്റു നോക്കുന്ന രചനകളെ ‘ഡിസ്റ്റോപ്പ്യന്‍,’ ‘പോസ്റ്റ്‌ അപ്പോകാലിപ്റ്റിക്ക്’ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. സര്‍വ്വാധിപത്യം പോലുള്ള ജനാധിപത്യ വിരുദ്ധവും പ്രതീക്ഷയറ്റതുമായ രാഷ്ട്ര വ്യവസ്ഥകള്‍ തൊട്ട് സര്‍വ്വ നാശത്തിലേക്ക് നയിക്കുന്ന അപചയങ്ങളും മൂല്യച്യുതിയുമൊക്കെ ഇത്തരം രചനകള്‍ക്ക് വിഷയമായിട്ടുണ്ട്. മോശം കാലങ്ങളില്‍ മോശം കാലങ്ങളെ കുറിച്ചുള്ള രചനകളാണ് ഉണ്ടാവുക എന്ന നിലയില്‍ സമകാലിക രചനകളില്‍ ഭാഗികമായോ മുഴു നീളത്തിലോ ഡിസ്റ്റോപ്പ്യന്‍ ഘടകങ്ങള്‍ കടന്നു വരുന്നു. ഓര്‍വെല്ലിന്റെ 1984,  ആല്‍ഡസ് ഹക്സ് ലിയുടെ ബ്രേവ് ന്യു വേള്‍ഡ്, ആന്റണി ബര്‍ജസിന്റെ ക്ലോക്ക് വര്‍ക്ക് ഓറഞ്ച്, റേ ബ്രാഡ്ബറിയുടെ ഫാരെന്‍ഹീറ്റ് 451 തുടങ്ങി കൊര്‍മാക് മക്‌കാര്‍ത്തിയുടെ ദി റോഡ്‌, കാസുവോ ഇഷിഗുരോയുടെ നെവര്‍ ലെറ്റ്‌ മി ഗോ എന്നിങ്ങനെ ഈ നിര നീളുന്നു. ബൂര്‍ഷ്വാ വായനയുടെ ഉപാധിയെന്നു പേരുദോഷമുള്ള നോവല്‍ രൂപത്തിലൂടെത്തന്നെ നമ്മുടെ അലസ ബോധങ്ങളെ ഞെട്ടിച്ചുണര്‍ത്തും വിധം തീവ്രവും വൈവിധ്യ പൂര്‍ണ്ണവുമായ എഴുത്തു വഴി തേടുന്ന ഈ പാരമ്പര്യത്തിലേക്കുള്ള  അതി ശക്തമായ ഒന്നാണ് ഇജിപ്ത്യന്‍ - കനേഡിയന്‍ നോവലിസ്റ്റ് ഒമര്‍ അല്‍ അക്കാദിന്റെ പ്രഥമ നോവല്‍ ‘അമേരിക്കന്‍ വാര്‍’. അമേരിക്കന്‍ ഡ്രീം എന്ന പറഞ്ഞു പതിഞ്ഞ സ്വപ്നവിതരണത്തെ കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, ഫോസില്‍ ഫ്യുവല്‍ പ്രതിസന്ധി, ഭീകര വിരുദ്ധ യുദ്ധം, ജൈവായുധ പ്രയോഗങ്ങള്‍, ആത്മഹത്യാ ബോംബര്‍ സംസ്കാരം തുടങ്ങിയ തിരിച്ചടികളുടെ കാലഘട്ടത്തില്‍ ദുസ്വപ്ന സംജ്ഞയായി തിരിച്ചിടുകയാണ് ജേണലിസ്റ്റ് കൂടിയായ രചയിതാവ്.

 

ദുസ്വപ്ന ഭൂമികയിലെ ചിത്രങ്ങള്‍

 

ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഐക്യ നാടുകള്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ചിഹ്നഭിന്നമാകുന്ന ഒരു ഫ്യുചൂറിസ്റ്റിക് ഡിസ്റ്റൊപ്പിയന്‍ സാഹചര്യത്തിലിരുന്നു ക്യാന്‍സര്‍ ബാധിതനും വയോധികനുമായ ഒരാള്‍ പിന്നിട്ട അരനൂറ്റാണ്ട് കാലം, വിശേഷിച്ചും 2074-മുതല്‍  2095- വരെ നാടിനെ പിടിച്ചു കുലുക്കിയ, പതിനൊന്നു മില്ല്യന്‍ മനുഷ്യരുടെ മരണത്തിനിടയാക്കിയ ‘രണ്ടാം ആഭ്യന്തര യുദ്ധം’, തുടര്‍ന്ന് അതിന്റെ പത്തിരട്ടി പേരെ കൊന്നൊടുക്കിയ മനുഷ്യ നിര്‍മ്മിത പ്ലേഗ് എന്നിവയുടെയും ഈ ദുരന്തങ്ങളില്‍ ഇരയും ഒപ്പം കര്‍തൃസ്ഥാനീയരും ആയ കേന്ദ്ര കഥാപാത്രങ്ങളുടെയും കഥ ആവിഷ്കരിക്കുന്നു. സംഘര്‍ഷങ്ങള്‍ എണ്ണമറ്റ ജനങ്ങളെ, വിശേഷിച്ചും ദക്ഷിണ ദേശക്കാരെ, അഭയാര്‍ഥികളാക്കിയിരിക്കുന്നു. ആഗോള താപനത്തിന്റെ ഫലമായി ഭൂപടത്തിലെ പ്രാദേശിക അതിരുകള്‍ ഇന്നറിയുന്ന രീതിയില്‍ നിന്ന് മാറിപ്പോയിട്ടുണ്ട്. 2030-കളുടെയും 2040-കളുടെയും കാലത്തെ ‘ഭൂഗോളം നാടിനെതിരെ; അഥവാ നാട് തന്നെ അതിനെതിരെ, തിരയുന്നതിന് തൊട്ടു മുപത്തെ ദശകത്തെ’ ചിത്രീകരിക്കുന്ന പോസ്റ്റ്കാര്‍ഡുകളാണ് തനിക്കേറെ പ്രിയം എന്ന് ആഖ്യാതാവ് ഏറ്റുപറയുന്നുണ്ട്. “അവ മഹാസമുദ്ര തീരങ്ങളെ ഉയര്‍ന്നു പൊങ്ങിയ കടലെടുക്കും മുമ്പുള്ള ചിത്രങ്ങള്‍ അവതരിപ്പിച്ചു; തെക്ക് പടിഞ്ഞാറന്‍ ദേശങ്ങള്‍ കനലായി മാറിയതിനും മുമ്പത്തെ ചിത്രങ്ങള്‍; തെളിനീലാകാശത്തിനു ചുവടെ അനന്തവും ശൂന്യവുമായി കിടന്ന മധ്യ പാശ്ചാത്യ സമതലങ്ങളുടെ ഫോട്ടോഗ്രാഫുകള്‍, ഉള്‍പ്രദേശങ്ങളിലേക്കുള്ള പുറപ്പാടുകള്‍ ഒഴിഞ്ഞു പോയ തീരദേശവാസികളെ കൊണ്ട് അവിടം നിറയ്ക്കും മുമ്പ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാതിയില്‍ ഉണ്ടായിരുന്ന അമേരിക്കയുടെ ഒരു ഗോചരമായ ഓര്‍മ്മപ്പെടുത്തല്‍: ഉയര്‍ന്നു പറക്കുന്നത്, ആരവം മുഴക്കുന്നത്, നിസ്സംഗം.” തിരികെ കിട്ടാത്ത വസന്തസ്മൃതി ക്രൂരമാണ് എന്ന ടി. എസ്. എലിയറ്റിന്റെ നിരീക്ഷണം പോലെ ഇപ്പോള്‍ നഷ്ടപ്രതാപത്തിന്റെ ബാക്കിപത്രത്തില്‍ ലോക സമവാക്യങ്ങള്‍ മാറിപ്പോയിരിക്കുന്നു. അമേരിക്കയുടെ തലസ്ഥാനം കൊടുങ്കാറ്റില്‍ തകര്‍ന്നു പോയ വാഷിംഗ്ടണില്‍ നിന്ന് ഓഹായോയിലെ കൊളംബസിലേക്ക് മാറ്റിയിരിക്കുന്നു. ചൈനയും വടക്കന്‍ ആഫ്രിക്ക കേന്ദ്രമാക്കി ഭരിക്കുന്ന ബൂഅസീസിയെന്ന സാങ്കല്‍പ്പിക പാന്‍ - അറബ് സാമ്രാജ്യവുമാണ് ലോകത്തെ നിയന്ത്രിക്കുന്നത്‌. റിബലുകളുടെ മുദ്രാവാക്യങ്ങളോട് താല്പര്യമില്ലെങ്കിലും ലോകത്തെ ഏക സൂപ്പര്‍ പവറിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബൂഅസീസ്‌ സാമ്രാജ്യം അവരെ സഹായിക്കുന്നു. സൌത്ത് കാരോലൈന പ്ലേഗ് വൈറസിന്റെ പിടിയില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുന്നു. വിഭജന മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ടമാത്രയില്‍ കൊല്ലപ്പെടും. ആഭ്യന്തര യുദ്ധാന്ത്യത്തില്‍ കൊല്ലപ്പെടുന്ന അമേരിക്കന്‍ പ്രസിഡണ്ടിനു ശേഷം സ്ഥാനമേല്‍ക്കുന്ന താല്‍ക്കാലിക പ്രസിഡണ്ടിനു കീഴില്‍ ഇരു ചേരികള്‍ക്കിടയില്‍, ഒരിക്കല്‍ കൂടി വടക്കന്‍ മേഖലയുടെ അപ്രമാദിത്തം സ്ഥാപിതമാകുന്ന  ‘പുന:സംയോജന’ ചടങ്ങ് ഭീകരമായ കൃതൃമ ജനിതക വൈറസിന്റെ വ്യാപനത്തിനുള്ള അവസരമായി വിദഗ്ദമായി ഉപയോഗിക്കപ്പെടുന്നതോടെ ദുരന്തം അതിന്റെ പരകോടിയില്‍ എത്തുന്നു. ഒരെഴുത്തുകാരന്റെ ആദ്യ കൃതിയായി സമീപകാലത്തിറങ്ങിയ നോവലുകളില്‍ ഏറെ ശ്രദ്ധേയമായി വിലയിരുത്തപ്പെടുന്ന ഒമര്‍ അല്‍ അക്കാദിന്റെ നോവലിന്റെ കഥാപശ്ചാത്തലമാണ് ഇത്.

 

വൈയക്തിയ ദുരന്ത കഥ

 

കഥയിലെ വൈയക്തികാംശത്തില്‍ കേന്ദ്ര സ്ഥാനീയമായ ലൂസിയാനയിലെ ചെസ്റ്റ്നട്ട് കുടുംബത്തിലെ മൂന്നാം തലമുറക്കാരനും അത്ഭുതകരമായ രീതിയില്‍ പ്ലേഗ് അതിജീവിച്ചവനുമായ ആളാണ്‌ പ്രധാന ആഖ്യാതാവും അഭ്യന്തര യുദ്ധചരിത്ര ഗവേഷകനുമായ ബെഞ്ചമിന്‍ എങ്കിലും കേന്ദ്ര കഥാപാത്രം സാറാ ടി. ചെസ്റ്റ്നട്ട് എന്ന സരാത് ആണ്. ബന്ജമിന്റെ പിതൃസഹോദരി. ലൂസിയാനയില്‍ മിസ്സിസിപ്പിയുടെ, നോവലിന്റെ വര്‍ത്തമാനകാലം ആവും മുമ്പ് മുങ്ങിപ്പോയ ഭാഗത്തൊരിടത്തു ദരിദ്രമായ കുടിലില്‍ ജനിച്ചവള്‍. ആഭ്യന്തര സംഘര്‍ഷങ്ങള്‍ നാശം വിതച്ചു തുടങ്ങുന്ന ദേശത്തു നിന്ന് വടക്കന്‍ ദേശത്തേക്ക് പോകാന്‍ കുടുംബം തയ്യാറെടുക്കുന്നതിനിടെ, ആത്മഹത്യാ ബോംബറുടെ ആക്രമണത്തില്‍ അച്ഛന്റെ ജീവന്‍ പൊലിയുമ്പോള്‍ അവള്‍ക്ക് പ്രായം ആറു വയസ്സ്. ആ ഓര്‍മ്മകളുമായി അമ്മ മാര്‍ട്ടിന, ഇരട്ട സഹോദരി ഡാനാ, ഒമ്പതു വയസ്സുള്ള ജ്യേഷ്ഠന്‍ സൈമണ്‍ എന്നിവരോടൊപ്പം സംഘര്‍ഷ മേഖലക്ക് തൊട്ടടുത്ത് തെക്കന്‍ ദേശത്തു നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ‘ക്യാമ്പ് പേഷ്യന്‍സി’ല്‍ കഴിയാന്‍ നിര്‍ബന്ധിതയായവള്‍. സഹോദരന്‍ റിബല്‍ സംഘത്തില്‍ ബാല സൈനികനായിത്തീരുന്നു. തന്റേടിയും ധൈര്യ ശാലിനിയുമായ സരാത് അവിചാരിതമായ കുരുക്കുകളിലൂടെയാണ് അവളുടെ വിധി നിര്‍ണ്ണയിക്കുന്ന ആ ബന്ധത്തില്‍ ചെന്ന് പെടുക: ദുരൂഹ പശ്ചാത്തലങ്ങളുള്ള വയോധികന്‍ ആല്‍ബെര്‍ട്ട് ഗെയ്ന്‍സ് അവളെ നയിക്കുക തിരിച്ചു പോക്കില്ലാത്ത തീവ്ര പ്രതികാര ചിന്തകളിലേക്കും മൗലിക വാദ സ്വഭാവമുള്ള ഹിംസാത്മകതയിലേക്കുമാണ്. ആദ്യ ആഭ്യന്തര യുദ്ധത്തിന്റെ കാരണമായ അടിമത്തം സംബന്ധിച്ച കഥകള്‍ ‘അവളുടെ ജനതയെ കുറിച്ചുള്ള മിഥോളജി’യില്‍ നിന്ന് ബോധപൂര്‍വ്വം അയാള്‍ മാര്‍ച്ച് വെക്കുന്നതു അവള്‍ പാതി ആഫ്രിക്കനും പാതി മെക്സിക്കനും ആണെന്ന ബോധ്യത്തില്‍ തന്നെയാണ്. വടക്കന്‍ മേഖലക്കാര്‍ ചെയ്തുകൂട്ടിയെന്നു അയാള്‍ അവതരിപ്പിക്കുന്ന കൊടും ക്രൂരതകളും ഭീകര പ്രവര്‍ത്തികളും കുസൃതിക്കാരിയെങ്കിലും ദയാലുവും സഹാമനസ്ഥിതിക്കാരിയുമായ ബാലിക എന്നതില്‍ നിന്ന് അവളുടെ ആത്മാവിനെ ദുരന്തത്തിലേക്ക് നയിക്കും വിധം ഹിംസയുടെ വഴിയിലെത്തിക്കും. “അതൊക്കെ എത്രമാത്രം സത്യമായിരുന്നു, എത്രമാത്രം രസകരമായ ഫാന്റസി ആയിരുന്നു എന്നത് കാര്യമായിരുന്നില്ല. അവള്‍ ഓരോ വാക്കും വിശ്വസിച്ചു.” മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ എങ്ങനെയാണ് ചാവേറുകള്‍ സൃഷ്ടിക്കപ്പെടുന്നത് എന്നതിന്റെ തികഞ്ഞ മാതൃകയാണ് സരാത്തില്‍ സംഭവിക്കുന്ന പരിണാമം. ഒന്നൊന്നായി താനറിയാതെ സംഭവിക്കുന്ന ദൗര്‍ഭാഗ്യങ്ങളാവട്ടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവകളെ അവളില്‍ നിന്ന് വറ്റിച്ചു കളയുകയും ചെയ്യും. ഗെയ്ന്‍സിന്റെ ശിക്ഷണത്തിലൂടെ ഒരു തികഞ്ഞ വിശ്വാസിയാവുന്ന സരാത്തില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ വടക്കന്‍ സൈനികര്‍ നടത്തുന്ന ആക്രമണത്തില്‍ അമ്മ കൊല്ലപ്പെടുകയും സഹോദരന് മാരകമായി മുറിവേല്‍ക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ്‌ ഒരു ജൈവ ആയുധം തന്നെയായി മാറാനാവുന്ന മാനസിക പരിണാമം പൂര്‍ണ്ണമാകുക..

 

“ഞാനെന്റെ ജീവിതത്തില്‍ എന്നും ഒരു അറബിയായിരുന്നു, എന്റെ ജീവിതകാലം മുഴുവന്‍ അടിസ്ഥാനപരമായി ഒരു മുസ്ലിമും ആയിരുന്നു, എന്നാല്‍ ലോകത്തിന്റെ ഈ ഭാഗത്തെത്തും വരെ ഞാന്‍ ബ്രൌണ്‍ നിറക്കാരനാണ് എന്ന് ഒരിക്കലും കണ്ടെത്തിയിരുന്നില്ല” എന്ന് മുന്‍ വിധികളുടെ അമേരിക്കന്‍ അനുഭവങ്ങളെ കുറിച്ച് ഏറ്റുപറഞ്ഞിട്ടുള്ള അല്‍ അക്കാദ്, സറാത്തിന്റെ പാത്ര സൃഷ്ടിയിലൂടെ ഉന്നയിക്കുന്ന സന്ദേശം സുവ്യക്തമാണ്: ഒരിക്കല്‍ നിങ്ങള്‍ വെറുപ്പിന്റെ വഴി തെരഞ്ഞെടുത്താല്‍ തിരിച്ചു പോക്ക് തുലോം ദുസ്സാധ്യമാണ്. ആഖ്യാതാവ് സരാതിനെ കണ്ടു മുട്ടുന്നതും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും ഉള്ളുലക്കുന്ന ട്രാജഡിയുടെ മാനങ്ങള്‍ ആര്‍ജ്ജിക്കുന്നുണ്ട്. ഗ്വാണ്ടേനാമോയുടെയും അബൂ ഗറൈബിന്റെയും കൂടുതല്‍ ഭീകരമായ പതിപ്പായ തടവറയിരുട്ടില്‍ കഴിച്ചു കൂട്ടിയ വര്‍ഷങ്ങളും മജ്ജ മരവിപ്പിക്കുന്ന പീഡനങ്ങളും കടുപ്പിച്ചു കളഞ്ഞു മൌനത്തിലേക്ക്‌ പിന്‍ വാങ്ങിയ സരാത്ത് കുട്ടിയായ ബെഞ്ചമിനെ സ്നേഹം കൊണ്ട് കീഴടക്കുന്ന അമ്മായിയായി പെരുമാറുകയോ കഥകള്‍ പറഞ്ഞു കൊടുക്കുകയോ ചെയ്യുന്നില്ല. അവരോടുള്ള അമ്മയുടെ അസഹിഷ്ണുതയും അച്ഛന്റെ നിസ്സഹായതയും പൊട്ടലും ചീറ്റലുമാവുന്ന സന്ദര്‍ഭങ്ങളില്‍ വീണു കിട്ടുന്ന നുറുങ്ങുകളിലൂടെ കൌമാര കൌതുകം നെയ്തു കൂട്ടി ഉണ്ടാക്കിയെടുക്കുന്ന ചിത്രമായാണ് ബെഞ്ചമിന്‍ അമ്മായിയെ മനസ്സിലാക്കിത്തുടങ്ങുക. അവരുടെ ആത്മാവില്‍ നന്മ തിന്മകളുടെ പടയോട്ടം നടക്കുന്നതും അവര്‍ നീറിപ്പിടയുന്നതും അവനെയും വേദനിപ്പിക്കുന്നുണ്ട്‌. എന്നാല്‍, പ്രതികാരത്തിന്റെ അപരിമേയമായ ഉള്‍വിളിക്ക് കീഴടങ്ങി ലക്ഷക്കണക്കിനു ആളുകളുടെ കുരുതിയിലേക്ക് നയിക്കുന്ന ആ മഹാപരാധം ചെയ്യുന്ന അമ്മായിയുടെ സ്വകാര്യ കുറ്റസമ്മതം അവനു ബോധ്യമാവുന്നതെയില്ല. ചുരുട്ടിക്കൂട്ടിയെറിഞ്ഞ കത്ത് നാല് പതിറ്റാണ്ട് കാലം പിന്നീടൊരിക്കലും തുറന്നു നോക്കുകയുണ്ടായില്ലെന്നു ആഖ്യാതാവ് ഏറ്റുപറയുന്നുണ്ട്.

 

സരാതിനെ വായനക്കാര്‍ക്ക് പ്രിയങ്കരിയാക്കുക എന്നത് തന്റെ ലക്ഷ്യമേ അല്ലായിരുന്നെന്ന് നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. നോവലന്ത്യമാകുമ്പോഴേക്കും ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രമിക്കുന്നത് മറ്റൊന്നാണ്: നാം ജീവിക്കുന്ന അത്യന്തം ധ്രുവീകരിക്കപ്പെട്ട ലോകത്തില്‍ വായനക്കാരന്‍ “അവളുടെ പക്ഷത്തല്ല, അവളെ പിന്തുണക്കുന്നില്ല, അവള്‍ക്കു വേണ്ടി ക്ഷമ ചോദിക്കുന്നില്ല – എന്നാല്‍ അവളെങ്ങനെ അവള്‍ നില്‍ക്കുന്നയിടത്തെത്തി എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു.” ലക്ഷണമൊത്ത ട്രാജഡിയില്‍ സംഭവിക്കുന്ന കഥാര്‍ട്ടിക് ദൌത്യം കൂടിയാണ് ഇത് എന്ന് നിരീക്ഷിക്കാം. ഇത് നോവലിനെ അഫ്ഘാനിസ്ഥാനിലോ ലിബിയയിലോ പശ്ചാത്തലമാക്കി ചെയ്യാവുന്നത് തന്നെയാണ്. എന്നാല്‍ അമേരിക്കന്‍ പശ്ചാത്തലത്തില്‍ തന്നെ കഥ പറയുന്നത് മറ്റു ചില സുവ്യക്തമായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്: അത് ഒരു സാമ്രാജ്യവും ആത്യന്തികമായി സുരക്ഷിതമല്ല എന്നത് തന്നെയാണ്. പ്രകൃതിയുടെ തന്നെ പ്രതികാരം തുടല്‍ പൊട്ടിക്കാന്‍ തുടങ്ങുമ്പോള്‍ അധികാരസമാവാക്യങ്ങള്‍ കൊണ്ട് തടയിടാനാവില്ല എന്ന് നോവല്‍ അടിവരയിടുന്നു. എന്നാല്‍ അതിനപ്പുറം, ഇന്ന് നാം മിഡില്‍ ഈസ്റ്റുമായി ചേര്‍ത്തു മനസ്സിലാക്കുന്ന യുദ്ധ സാഹചര്യത്തെ അമേരിക്കയിലേക്ക് പറിച്ചു നടുന്നതിലൂടെ, പാശ്ചാത്യ വായനക്കാരനെ തങ്ങളുടെ തന്നെ കണ്ണിലൂടെ നിര്‍ഭാഗ്യവാന്മാരായ ജനതയുടെ അനുഭവങ്ങളിലൂടെ കൊണ്ട് പോവുക എന്നതും കൂടി നോവലിസ്റ്റ് ലക്ഷ്യമാക്കുന്നുണ്ട്. അഭയാര്‍ഥിത്വത്തിന്റെയും ഭീകര വിരുദ്ധ പോരാട്ടങ്ങളുടെ മറുപുറ ദര്‍ശനത്തിന്റെയും അനുഭവങ്ങളിലൂടെ ‘ഒന്നാം ലോകം’ തന്നെയും ഫിക് ഷനല്‍ ആയെങ്കിലും കടന്നു പോകേണ്ടതുണ്ട് എന്ന് പുതുതലമുറ എഴുത്തുകാര്‍ ചിന്തിക്കുന്നുണ്ട്. അമേരിക്കയുടെ ഇറാഖ് അധിനിവേശ പശ്ചാത്തലത്തില്‍ സമാനമായ ഒരു ജനിതക വൈറസ് ഭീകരാക്രമണ പദ്ധതിയുടെ പ്രതികാര കഥ പറയുന്ന യാസ്മിന ഖദ്രയുടെ ‘ദി സൈറണ്‍സ് ഓഫ് ബാഗ്ദാദ്’ ഒരു മികച്ച ഉദാഹരണം. മൊഹ്സിന്‍ ഹമീദിന്റെ ‘എക്സിറ്റ് വെസ്റ്റ്’ ഉന്നയിക്കുന്നതും സമാനമായ ചോദ്യമാണ്: കോടിക്കണക്കിനു മനുഷ്യര്‍ അഭയാര്‍ഥികളും നിരന്തര പാലായനത്തിലുള്ളവരും ആയിരിക്കുന്ന, പാലായനം എന്നത് നിയാമാകമായിരിക്കുന്ന ലോകത്തില്‍ ആരാണ് സുരക്ഷിതര്‍? 

 

‘രണ്ടാം’ ആഭ്യന്തര യുദ്ധം – വ്യത്യസ്തമായ ആവര്‍ത്തനം.

 

1861-നും 1865-നും ഇടയ്ക്കു അരങ്ങേറിയ അമേരിക്കന്‍ ആഭ്യന്തര യുദ്ധവുമായി നോവലിലെ ഫിക് ഷനല്‍ ആഭ്യന്തര യുദ്ധത്തിനു സാമ്യങ്ങളും വേറിട്ട്‌ പോക്കുമുണ്ട്. ഫെഡറല്‍ നിയമങ്ങളോടുള്ള സ്റ്റേറ്റുകളുടെ സമീപനം, അടിമത്തത്തിന്റെ സാമ്പത്തിക താല്പര്യങ്ങള്‍ തുടങ്ങിയവയായിരുന്നു ഒന്നാം ആഭ്യന്തര യുദ്ധത്തിന്റെ കാരണങ്ങളെങ്കില്‍ വംശീയത നോവലില്‍ പ്രകടമായി ചര്‍ച്ച ചെയ്യപ്പെടുന്നേയില്ല. ചെസ്റ്റ്നട്ട് കുടുംബം കറുത്ത വംശക്കാരാന് എന്ന് സൂചനയുണ്ടെങ്കിലും അത് പ്രമേയത്തില്‍ പ്രസക്തമല്ല. മറിച്ചു സാമൂഹിക ശ്രേണിയെ നിര്‍ണ്ണയിക്കുന്നത് സാമൂഹികാവസ്ഥയും പ്രാദേശിക സ്വത്വവുമാണ്. ദക്ഷിണ ദേശക്കാര്‍ (‘റെഡ്’) ദരിദ്രരും പീഡിതരുമാണ്, സ്വന്തം നാട്ടില്‍ അഭയാര്‍ഥികള്‍ ആക്കപ്പെടുന്നവരും. തടവറയും കൊടിയ പീഡനങ്ങളും മരണം തന്നെയുമാണ് അവരെ കാത്തിരിക്കുന്നത്. “ഭൂമിയിലെ ഈ ഭാഗത്ത് ശരിയും തെറ്റുമെന്നത് ശരിയുടേയും തെറ്റിന്റെയും കാര്യം തന്നെയല്ല. അത് നിങ്ങള്‍ നിങ്ങള്ക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നതിന്റെ മാത്രം കാര്യമാണ്” എന്ന് സരാത് നിരീക്ഷിക്കുന്നത് തകര്‍ന്നു പോയ, അതീത മൂല്യങ്ങളൊന്നും നിലനില്‍ക്കുന്നില്ലാത്ത ദേശങ്ങള്‍ക്കെല്ലാം ബാധകമാണ്. സംഘര്‍ഷത്തിന്റെ ഈ രണ്ടാമൂഴത്തിന് കാരണമാവുന്നത് പാരിസ്ഥിതിക സന്ദിഗ്ദാവസ്ഥയാണ്. ആഗോള താപനത്തിന്റെ ഫലമായി കടലെടുത്തു പോയ ജോര്‍ജ്ജിയന്‍ തീര ദേശങ്ങള്‍ പോലുള്ള ഇനിയും കണ്ണടക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ യു. എസ്. സര്‍ക്കാര്‍ എടുത്ത നിലപാടിന്റെ ഭാഗമായി ഫോസില്‍ ഫ്യുവല്‍ നിരോധിക്കുകയും ഭാവിയെ പ്രതിയുള്ള നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിരുക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മദ്യനിരോധനകാലത്ത് മദ്യം സുലഭമായിരുന്നത് പോലെ നിയമ വിരുദ്ധമായി പെട്രോളിയം ഉത്പന്നങ്ങളും യഥേഷ്ടം ലഭ്യമാണെങ്കിലും, നിയമ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടാവുന്ന ചേരിതിരിവില്‍ ദക്ഷിണ ദേശങ്ങള്‍ വിട്ടു പോകുന്നു. മിസിസിപ്പി, അലബാമ, ജോര്‍ജ്ജിയ, ദക്ഷിണ കാരോലൈന എന്നിവ ചേര്‍ന്ന് ‘ഫ്രീ സതേണ്‍ സ്റ്റേറ്റ്’ രൂപീകരിക്കുന്നു. ടെക്സാസും വിട്ടുപോകുന്നുവെങ്കിലും, 1800- കാലത്ത് മെക്സിക്കോയില്‍ നിന്ന് അമേരിക്ക പിടിച്ചെടുത്ത ആ ദേശത്തെ ഇപ്പോള്‍ മാതൃ രാജ്യം തങ്ങളോടു ചേര്‍ത്തു പകരം ചോദിക്കുന്നു. ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെ, തെക്കന്‍ ദേശ പോരാളികള്‍ കുരുതിയും ബോംബാക്രമണവും നടത്തുന്നതിനെതിരെ അതിശക്തരായ വടക്കന്‍ ദേശത്തിന്റെ (‘ബ്ലൂ’) സൈന്യം നടത്തുന്ന പ്രചണ്ഡമായ തിരിച്ചടിയുടെ ദുരനുഭവങ്ങള്‍ സാമാന്യ ജന ജിവിതം ദുസ്സഹമാക്കുന്നു. പഴയ ആഭ്യന്തര യുദ്ധത്തിലെ ചേരികള്‍ സ്വയം ആവര്‍ത്തിക്കുമ്പോള്‍ യുദ്ധോപകരണങ്ങള്‍ തീര്‍ച്ചയായും പുതിയ കാലത്തിന്റെതാണ്: ഡ്രോണുകള്‍, ആത്മഹത്യാ ബോംബര്‍മാര്‍, ജൈവായുധങ്ങള്‍ - അഫ്ഘാനിസ്ഥാനിലും ഗ്വാണ്ടേനമോയിലും അറബ് സ്പ്രിംഗ് വിസ്ഫോടന വേദികളിലും ജേണലിസ്റ്റായി പ്രവര്‍ത്തിച്ചതിന്റെ പിന്‍ബലം നന്നായി ഉപയോഗിക്കുന്നുണ്ട് അല്‍ അക്കാദ്.  

ചരിത്രപരമായ പിന്നോക്കാവസ്ഥയുടെ ഭാരം ഇപ്പോഴും പേറുന്നുണ്ട് ദക്ഷിണ അമേരിക്കന്‍ പ്രദേശങ്ങള്‍ എന്നതു സുവിദിതമാണ്. ഫോക്നര്‍ നിരീക്ഷിച്ച പോലെ അവിടെ “ഭൂതകാലം ഒരിക്കലും മരിക്കുന്നില്ല. അത് ഭൂതകാലം പോലുമായിട്ടില്ല.” വംശീയതയുടെയും സാംസ്കാരിക സ്വത്വം തിരിച്ചു പിടിക്കാനുള്ള അന്വേഷണങ്ങളുടെയും ശക്തികള്‍ പ്രബലമാണ് എന്നതാണ് സതേണ്‍ സ്റ്റേറ്റുകള്‍ക്ക് ഇപ്പോഴും ശക്തമായ പ്രാദേശിക മുദ്രകള്‍ (regional flavor) നല്‍കുന്നത്. ദക്ഷിണ ദേശത്തിന് അതിന്റേതായ സാഹിത്യവും ചരിത്രവുമുണ്ട്‌. “ആഭ്യന്തര യുദ്ധത്തില്‍ പരാജയപ്പെട്ട പക്ഷത്തിനു അതിന്റെ ഭാവിയെ നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടമായി, ഇത് പലപ്പോഴും ഭൂതകാലത്തില്‍ കൂടുതല്‍ ഊന്നലോടെ നിക്ഷേപം നടത്താന്‍ ഇടയാക്കി.” എന്ന് നോവലിനെ കുറിച്ചുള്ള പഠനത്തില്‍ ലോറ മില്ലര്‍ നിരീക്ഷിക്കുന്നു (ദി ഗാര്‍ഡിയന്‍ ബുക്ക് റിവ്യൂ). എന്നാല്‍ എല്‍വിസ് പ്രിസ് ലിയുടെയും മാര്‍ഗരെറ്റ് മിച്ചെലിന്റെയും ആ ‘സൗത്ത്’, നോവലിന്റെ കാലത്തെത്തുമ്പോള്‍ വിസ്മൃതിയില്‍ ആണ്ടിരിക്കുന്നു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഉണ്ടെങ്കിലും ആരും വംശീയത ചര്‍ച്ചാവിഷയമാക്കുന്നില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശത്തിനു വേണ്ടി ആളുകള്‍ യുദ്ധം ചെയ്യും എന്ന് അമേരിക്കന്‍ പശ്ചാത്തലത്തില്‍ ചിന്തിക്കാന്‍ പ്രയാസകരമായിരിക്കും എന്ന് വിമര്‍ശിക്കപ്പെടാം. എന്നാല്‍ നോവലിന്റെ ഊന്നല്‍ സരാത് നിരീക്ഷിക്കും പോലെ യുദ്ധവും അതുണ്ടാക്കുന്ന ഭീകരാനുഭവങ്ങളും എങ്ങനെയാണ് ‘ലോകത്തിന്റെ ശരിക്കുമുള്ള ഒരേയൊരു സാര്‍വ്വ ലൌകിക ഭാഷ”യെ പ്രതിനിധാനം ചെയ്യുന്നത് എന്നതാണ്. സമാധാന കാലത്ത് ആളുകള്‍ക്ക് ഭിന്ന മുഖങ്ങള്‍ ഉണ്ടാവാം; എന്നാല്‍ യുദ്ധം ‘അവര്‍ പാടുപെട്ടു കടിച്ചു തൂങ്ങിയ പൊള്ളയായ അന്ധവിശ്വാസങ്ങള്‍’ തകര്‍ത്ത് കളയുമ്പോള്‍ അവര്‍ ബന്ധുക്കളാവുമെന്നു സരാത് നിരീക്ഷിക്കുന്നു. “യുദ്ധത്തിന്റെ സാര്‍വ്വലൌകിക മുദ്രാവാക്യം, അതീവ ലളിതമായ ഒന്ന്, ഇതാണെന്ന് അവള്‍ പഠിച്ചു: അത് നിങ്ങളായിരുന്നെങ്കില്‍ നിങ്ങളും മറ്റൊന്നാവില്ല ചെയ്തിരിക്കുക.” എപ്പോഴും വിശ്വസിക്കാവുന്നതും നിലനിര്‍ത്തെണ്ടതുമായ മൂല്യങ്ങള്‍ എന്നതിനൊന്നും യുദ്ധത്തിലൂടെ കടന്നു പോകുന്ന ജനതയ്ക്ക് പ്രസക്തിയില്ലെന്ന സരാതിന്റെ നിലപാട്, അയഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി കൊല്ലുകയും ചാവുകയും ചെയ്യുന്ന മനുഷ്യ സംസ്കൃതിയുമായി എത്രമാത്രം ചേര്‍ന്ന് പോകുന്നുണ്ട് എന്നത്, ലോറ മില്ലര്‍ നിരീക്ഷിക്കുന്നത് പോലെ, തര്‍ക്ക വിഷയമാവാം. എന്നാല്‍ ഹംഗര്‍ ഗെയിംസിലെ കാറ്റ്നിസിനെയും ഡിവെര്‍ജെന്റ് സിരീസിലെ ട്രിസിനെയും ഓര്‍മ്മിപ്പിക്കുന്ന സരാത് വലിയൊരളവോളം തന്റെ നിലപാടുകള്‍ പങ്കുവെക്കാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന ഒരു പാത്ര സൃഷ്ടിയാണ് എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്‌. കഥപറയുന്ന ആഖ്യാതാവിന്റെ ഭാഷ്യത്തോടൊപ്പം കല്‍പ്പിത ചരിത്ര രേഖകളില്‍ നിന്നും സൈനിക രേഖകളില്‍ നിന്നുമുള്ള പകര്‍പ്പുകളും ഉദ്ധരണികളും ചേര്‍ന്നു സൃഷ്ടിച്ചെടുക്കുന്ന ഫിക് ഷനല്‍ ഡോക്കുമെന്ററി മിശ്രിതം കൌശലപൂര്‍ണ്ണവും ഒപ്പം ഒരു മുന്നറിയിപ്പു കഥാവിഷ്കാരവും ആക്കി നോവലിനെ മാറ്റുന്നു. സംഭാഷണങ്ങളില്‍ പലപ്പോഴും സംഭവിക്കുന്ന സ്വാഭാവികമല്ലാത്ത ബൌദ്ധികതയും ഇതിവൃത്തത്തില്‍ ഇടയ്ക്കിടെ പ്രകടമാകുന്ന കൃതൃമത്വവും ഉണ്ടെങ്കിലും, മറ്റു ഡിസ്റ്റൊപ്പിയന്‍ കൃതികളില്‍ നിന്ന് നോവലിനെ വേറിട്ടു നിര്‍ത്തുന്നത് അല്‍ അക്കാദ് സൃഷ്ടിക്കുന്ന പശ്ചാത്തലത്തിന്റെ സമ്പൂര്‍ണ്ണ വിശ്വസനീയതയാണെന്നും നമുക്ക് ചുറ്റുമുള്ള ലോകത്തില്‍ അതിന്റെ വേരുകള്‍ വേഗം തിരിച്ചറിയാനാവുമെന്നുമുള്ള നിരീക്ഷണം സംഗതമാണ് (Lucy Scholes - Book Review: Indipendent). യുദ്ധം വ്യക്തികളുടെ ജീവിതങ്ങളില്‍ വരുത്തുന്ന തകര്‍ച്ചകളും ആത്മ നാശവും അവതരിപ്പിക്കുന്നതിലൂടെ വിപത്ത് കാലത്ത് ഒരു കുടുംബത്തെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തി അവരുടെ പ്രതിസന്ധികളിലൂടെ ഒരു ദേശത്തിന്റെ കഥ പറയുന്ന കൃതിയാണ് ‘അമേരിക്കന്‍ വാര്‍’ എന്നു പറയാം.

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 331-337)

Read more:

These Are the Names by Tommy Wieringa:

https://alittlesomethings.blogspot.com/2024/10/these-are-names-by-tommy-wieringa.html

Night Boat to Tangier by Kevin Barry

https://alittlesomethings.blogspot.com/2024/09/night-boat-to-tangier-by-kevin-barry.html

Tram 83 by Fiston Mwanza Mujila

https://alittlesomethings.blogspot.com/2017/04/blog-post_19.html

The Patience Stone by Atiq Rahimi/ Polly McLean

https://alittlesomethings.blogspot.com/2018/04/11.html

 

Saturday, August 31, 2024

The Memory Police by Yōko Ogawa / Stephen Snyder

 

ഓര്‍മ്മകള്‍ രാജ്യദ്രോഹമാകുമ്പോള്‍




“ഭൂതകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നു: വര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു” – 1984, ജോര്‍ജ്ജ് ഓര്‍ വെല്‍.

“ഭരണകൂട നിരീക്ഷണത്തെ സംബന്ധിച്ചുള്ള വേട്ടയാടുന്ന ഒരു ഓര്‍വെല്ലിയന്‍ നോവല്‍” എന്ന് വിവരിക്കപ്പെട്ട കൃതിയാണ് മൂലഭാഷയിലെ പ്രസിദ്ധീകരണത്തിനു കാല്‍ നൂറ്റാണ്ടിനു ശേഷം സ്റ്റീഫന്‍ സ്നൈഡരുടെ മികച്ച പരിഭാഷയില്‍ ഇംഗ്ലീഷിലെത്തുകയും തുടര്‍ന്ന് ആ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ മാന്‍ ബുക്കര്‍ പുരസ്കാര പരിഗണനയില്‍ ഇടം പിടിക്കുകയും ചെയ്ത ജാപ്പനീസ് നോവലിസ്റ്റ് യോക്കോ ഒഗാവയുടെ The Memory Police.  സൈബര്‍ ഇടവും എലെക്ട്രോനിക് മീഡിയയുമൊന്നുമില്ലാത്ത കാലത്ത് എഴുതപ്പെട്ടതെങ്കിലും നോവലിന് കാലാതീതമായ ഭീഷണ പ്രവചന സ്വരം വന്നു ചേരുന്നത് പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടുതന്നെയാണ്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്നതില്‍ നിന്ന് ഒന്നൊന്നായ സ്മൃതിനാശം മാത്രമാണ് അതിജീവന മാര്‍ഗ്ഗമെന്ന സര്‍വ്വാധിപത്യ സന്ദര്‍ഭമാണ് നോവല്‍ അവതരിപ്പിക്കുന്നത്‌. ഓര്‍മ്മകള്‍ അത് പ്രതിനിധാനം ചെയ്യുന്ന വസ്തുക്കളെ മാത്രമല്ല അവ ധ്വനിപ്പിക്കുന്ന ബന്ധങ്ങളെ കൂടി കൊണ്ടുവരുന്നു. “പക്ഷികള്‍ ആകാശയാനത്തെയും ഭാരമില്ലയ്മയെയും വേഗതയെയും യൌവ്വനത്തെയും പാട്ടുകളേയും പ്രഭാതത്തെയും പ്രദോഷത്തെയും പലായനത്തെയും സൂചിപ്പിക്കുന്നു. അവ കഥകളിലും പെയിന്റിങ്ങുകളിലും രൂപകങ്ങളിലും മിത്തുകളിലും കടന്നുവരുന്നു. തിരോഭവിക്കുന്ന ഓരോ വസ്തുവും അതിനോടൊപ്പം വൈയക്തികവും പൊതുവായതുമായ അറിവുകളുടെ അടരുകളെയും കൊണ്ടുപോകുന്നു.” (Madeleine Thien: The Memory Police by Yōko Ogawa review – profound allegory of loss: theguardian.com).

ഏതോ പൈശാചത്താലെന്നോണം അതിനിഗൂഡമായ രീതിയില്‍, വിശദീകരണമേതുമില്ലാതെ  പലതും അപ്രത്യക്ഷമാകുകയും അവ സംബന്ധിച്ച ഓര്‍മ്മകള്‍ പോലും അതേ പ്രകാരം തിരോഭവിക്കുകയും ചെയ്യുന്ന അനുഭവമുള്ള ഒരു ദ്വീപും ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന അപൂര്‍വ്വം വ്യക്തികള്‍ ഭരണകൂട വേട്ടക്കു വിധേയരായി അപ്രത്യക്ഷരാകുന്ന സാഹചര്യവുമെന്ന വിചിത്ര സങ്കല്‍പ്പനമാണ് നോവലിന്റെ കാതല്‍. ഒരു സുപ്രഭാതത്തില്‍ കിളികള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുമ്പോള്‍ അതത്ര അലോസരപ്പെടുത്തുന്നതായി നോവലിലെ മുഖ്യ കഥാപാത്രത്തിനു തോന്നാത്തത് പക്ഷികളെ കുറിച്ചുള്ള ഓര്‍മ്മകളും കിളിനാദവും വിസ്മൃതമായിരിക്കുന്നു എന്നത് കൊണ്ടാണ്. പൂക്കള്‍ വിടരുന്നതിന്റെ, അതിന്റെ സുഗന്ധത്തിന്റെ ഓര്‍മ്മകള്‍, മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ എന്നിവയെല്ലാം അതുപോലെ ഓരോരോ ഘട്ടങ്ങളില്‍ പൊടുന്നനെ ഇല്ലാതാവുന്നു. ഫോടോഗ്രാഫുകള്‍ ഒന്നും ഓര്‍മ്മിപ്പിക്കാന്‍ കഴിയാത്ത പാഴ്വസ്തുക്കളാകുന്നു. മൃഗങ്ങള്‍ക്കും, റോസാ പുഷ്പങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും കലണ്ടര്‍ താളുകള്‍ക്കും റിബനുകള്‍ക്കും പെര്‍ഫ്യൂമുകള്‍ക്കും ബോട്ടുകള്‍ക്കും ശേഷം അപ്രത്യക്ഷമാകലിന്റെയും ഉപയോഗം മറന്നു പോയതുകൊണ്ടുള്ള പ്രയോജന ശൂന്യതയുടെയും തുടര്‍ച്ച മനുഷ്യന്റെ ഉടലിലേക്കും നീളുന്നതോടെ കൈകാലുകള്‍ പോലും അപ്രത്യക്ഷമായിത്തുടങ്ങുന്നു. അപ്രത്യക്ഷമാകുന്ന എന്തിന്റെയും അസ്തിത്വത്തെ ഓര്‍മ്മിപ്പിക്കുന്ന എല്ലാത്തിനെയും പാടെ തുടച്ചുനീക്കാന്‍ പൗരാവലി നിര്‍ബന്ധിതരാകുന്ന ദേശത്തു അവയുടെ ഓര്‍മ്മകളോ ചിഹ്നങ്ങളോ സൂഷിക്കുന്നവര്‍ ‘മെമ്മറി പോലീസി’ന്റെ വേട്ടക്കു വിധേയരാകുന്നു. സാമൂഹിക സ്മൃതിനാശമെന്ന പ്രതിഭാസത്തിന്റെ നീരാളിപ്പിടുത്തത്തിനെതിരെ പ്രതിരോധശേഷിയുള്ള ചുരുക്കം ചിലര്‍ ഒളിച്ചു കഴിയാന്‍ നിര്‍ബന്ധിതരാകുന്നത് നോവലിനെ ആന്‍ ഫ്രാങ്കിന്റെ ഡയറി പോലുള്ള ക്ലാസിക്കുകളോട് അടുപ്പിക്കുന്നു. ഓര്‍ വെല്ലിന്റെ ‘Thought Police’നെയും നാസി എസ്. എസ്സിനെയും പോലുള്ള സംവിധാനങ്ങളുടെ പകര്‍പ്പായ മെമ്മറി പോലീസ്, ഓര്‍മ്മകള്‍ നില നിര്‍ത്തുന്നവരെ സമാനമായ രീതിയില്‍ ‘അപ്രത്യക്ഷമാക’ലിലേക്ക് നയിക്കുന്നു. 

നാടിന്റെ വിചിത്ര വിധിയെ കുറിച്ചുള്ള നിരീക്ഷണത്തോട് കൂടിയാണ് നോവല്‍ ആരംഭിക്കുന്നത്:

“ഞാനൊരു കുഞ്ഞായിരുന്നപ്പോള്‍ എന്റെ അമ്മ എന്നോട് പറയുമായിരുന്നു: ഏറെ പണ്ട്, നീ ജനിക്കുന്നതിനും മുമ്പ്, ഇവിടെ വേറെയും കുറെ വസ്തുക്കള്‍ ഉണ്ടായിരുന്നു. സുതാര്യമായവ, സുഗന്ധമുള്ളവ.. പാറിനടക്കുന്നവ, തിളങ്ങുന്നവ.. നിനക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാനിടയില്ലാത്ത അത്ഭുതകരമായ വസ്തുക്കള്‍ ഇവിടെയുള്ള ആളുകള്‍ക്ക് അവരുടെ മനസ്സിലും ഹൃദയത്തിലും ആ അത്യത്ഭുതകരമായ കാര്യങ്ങളെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് ലജ്ജാകരമാണ്, പക്ഷെ ഈ ദ്വീപില്‍ കാര്യങ്ങള്‍ അങ്ങനെയാണ്. വസ്തുക്കള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടേയിരിക്കുന്നു. ഇനിയിപ്പോള്‍, വൈകാതെ നിനക്ക് നേരിട്ട് തന്നെ കാണാം. നിന്റെ ജീവിതത്തില്‍ നിന്ന് എന്തെങ്കിലുമൊക്കെ അപ്രത്യക്ഷമാകും.” 

തിരോധാനങ്ങളുടെ രീതി പലവുരു നോവലില്‍ കടന്നുവരുന്നുണ്ട്, വിശേഷിച്ചും നോവല്‍ ആരംഭത്തില്‍. ഒരു രാത്രി ദ്വീപു വാസികള്‍ക്ക്  എന്തോ ഒന്ന് അപ്രത്യക്ഷമാകാന്‍ പോകുന്നുവെന്ന് വിചിത്രമായ ഒരു തോന്നലുണ്ടാകുന്നു. പിറ്റേന്നു പ്രഭാതത്തില്‍ ചുവന്ന പൂവിതളുകള്‍ പുഴയിലാകെ നിറഞ്ഞിരിക്കുന്നത്‌ അവര്‍ കാണുന്നു: “ഇളം കാറ്റ് അവധാനതയോടെ ചുവന്ന റോസാ ദാലങ്ങളെ മാത്രം തെരഞ്ഞുപിടിച്ചു വിതറിയതായി കാണപ്പെട്ടു” എന്നു നോവലിസ്റ്റ് എഴുതുന്നു. ദ്വീപുവാസികള്‍ ആരും പറയാന്‍ കാത്തുനില്‍ക്കാതെത്തന്നെ റോസാ ചെടികള്‍ പിഴുതെടുക്കാന്‍ തുടങ്ങുന്നു; അവ പുഴയിലെറിയുകയോ ചുട്ടെരിക്കുകയോ ചെയ്യുന്നു. ചിലര്‍ ആ തിരോധാനത്തെ ചെറിയ ചടങ്ങുകളിലൂടെ ആചരിക്കുന്നു. ദിവസങ്ങള്‍ക്കു ശേഷം റോസാ തോട്ടങ്ങള്‍ മാത്രമല്ല റോസ് എന്ന പദം തന്നെ തീര്‍ത്തും വിസ്മൃതിയില്‍ ആണ്ടിരിക്കുന്നു. മെമ്മറി പോലീസ് റോസാ പൂവിനെ കുറിച്ചുള്ള എഴുത്തുകളോ ബിംബങ്ങളോ ബാക്കിയുണ്ടോ എന്ന് കണ്ടെത്താന്‍ സൂക്ഷ്മ പരിശോധന നടത്തുന്നു.

“മെമ്മറി പോലീസിന്റെ പ്രഥമ ദൌത്യം തിരോധാനം അടിച്ചേല്‍പ്പിക്കലാണ്.” 

പക്ഷികള്‍ എന്നെന്നേക്കുമായി പറന്നുപോയതു കൊണ്ട് പക്ഷിനിരീക്ഷണ ശാല നാശോന്മുഖമായിരിക്കുന്നു. തൊപ്പി നിര്‍മ്മണക്കാരും കടത്തുകാരും ബോട്ടു ജോലിക്കാരും മറ്റു തൊഴില്‍ തേടിയിറങ്ങിയിരിക്കുന്നു.   

മുഖ്യ കഥാപാത്രമായ എത്തുകാരി സര്‍ഗ്ഗ വിമ്മിഷ്ടം (writer’s block) അനുഭവിക്കുന്ന നോവലിസ്റ്റാണ്. തന്നില്‍ നിന്നും വയോധിക സുഹൃത്തില്‍ നിന്നും വ്യത്യസ്തമായി, തന്റെ പ്രസാധകന്‍ ഓര്‍മ്മകള്‍ നിലനിര്‍ത്തുകയെന്ന ‘ദേശദ്രോഹം’ ചെയ്തുകൊണ്ടിരിക്കുന്നു എന്നറിയുന്ന യുവ നോവലിസ്റ്റ് അദ്ദേഹത്തെ രഹസ്യമുറിയില്‍ പാര്‍പ്പിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന ഒട്ടും അപ്രവചനീയമല്ലാത്ത സംഭവങ്ങളുമാണ് ഇതിവൃത്ത പ്രധാനമല്ലാത്ത നോവലിന്റെ പുറംഭാഗം. രഹസ്യമറി തിരോഭവിച്ച വസ്തുക്കളുടെ സൂക്ഷിപ്പു കേന്ദ്രം കൂടിയായിത്തീരുന്നത് അപകട സാധ്യത പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും “ഭീകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുകയായിരുന്നു, എങ്കിലും എങ്ങനെയെന്നറിയില്ല, ഞങ്ങള്‍ക്ക് വളരെയേറെ ശാന്തത അനുഭവപ്പെട്ടു” എന്ന് യുവതി നിരീക്ഷിക്കുന്നത് സാഹചര്യങ്ങളുടെ സമ്മിശ്ര ഭാവം പകര്‍ത്തുന്നുണ്ട്. തന്നെ സംബന്ധിച്ച് ഒരോര്‍മ്മയും ജനിപ്പിക്കാത്ത ഫോട്ടോഗ്രാഫുകള്‍ ചുട്ടുകളയാന്‍ ശ്രമിക്കുന്ന ആതിഥേയയോടുള്ള പ്രിതിഷേധത്തില്‍ ആര്‍. പ്രതിനിധാനം ചെയ്യുന്നത് തിരോധാനങ്ങളുടെ എതിര്‍ രാഷ്ട്രീയമാണ്: “സുപ്രധാന കാര്യങ്ങള്‍ സുപ്രധാനമായി തുടരും.. ലോകം എങ്ങനെയൊക്കെ മാറിയാലും ശരി.” തീയിലേക്ക് എറിയപ്പെടുന്ന അവസാനത്തെ പുസ്തകത്തിന്റെ ദിശ ഒരു പക്ഷിയുടെ ചിറകുപോലെ കാണപ്പെടുന്നതും എരിയുന്ന വെട്ടം അസഹ്യമായി അനുഭവപ്പെടുന്നതും യുവ എഴുത്തുകാരി നോക്കിനില്‍ക്കുന്നു. മറു വശത്ത്‌, നിത്യ ജീവിതത്തിന്റെ പങ്കപ്പാടുകളില്‍ ഓര്‍മ്മകളുടെ ദാര്‍ശനിക പ്രശ്നങ്ങളൊന്നും അലട്ടാതെ, ആളുകള്‍ ഏതുതരം നിരാസങ്ങളോടും പൊരുത്തപ്പെടുകയും ഒതുങ്ങിക്കഴിയുകയും ചെയ്യുന്ന വിപര്യയം സര്‍വ്വാധിപത്യ ക്രമങ്ങളുടെ പതിവു രീതിയാണ്:

“കഴിയാവുന്നതും ഒട്ടും ബഹളമില്ലാതെ നാമത് കുടഞ്ഞുകളയുന്നു, ബാക്കിയുള്ളതെന്തോ അതുകൊണ്ട് ജീവിക്കുന്നു. നാം എന്നും ചെയ്തിട്ടുള്ളതു പോലെ.”

മുഖ്യ കഥാപാത്രത്തിന്റെ സഹചാരിയായ വയോധികന്‍ നിരീക്ഷിക്കുന്നതു പോലെ, മിക്കയാളുകള്‍ക്കും ഓര്‍മ്മകള്‍ ദുര്‍വ്വ്യയവും അനാവശ്യവുമാണ്‌. ഓര്‍മ്മകളും മൊഴിയും വാക്കുകളുമില്ലാതെ തങ്ങളുടെ ഹൃദയങ്ങള്‍ ദാരിദ്രമായിക്കൊണ്ടിരിക്കുന്നതും ആത്മാവും, വ്യക്തിത്വവും സ്വത്വവും ശൂന്യമായിക്കൊണ്ടിരിക്കുന്നതും അവരറിയുന്നുണ്ട്. ഇത്തരമൊരു ഇതിവൃത്തത്തില്‍ ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് സ്വാഭാവികമായ പിരിമുറുക്കവും ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷവും തൊട്ടപ്പുറത്ത്, തൊട്ടടുത്ത നിമിഷം ദുരന്തം കാത്തിരിപ്പുണ്ടെന്ന സാധ്യതയുമെല്ലാം നോവലില്‍ ഉണ്ടെങ്കിലും, അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യും വിധം ഈ സ്മൃതിനാശം സൃഷ്ടിക്കുന്ന ആത്മീയ, വൈകാരിക പാപ്പരത്തത്തെയാണ് നോവലിസ്റ്റ് ഊന്നുന്നത്. തൊട്ടപ്പുറത്ത്, തെരുവിന്റെ മറുവശത്തു ഇനിയൊരിക്കലും തിരിച്ചു വരാനിടയില്ലാത്ത രീതിയില്‍ തങ്ങള്‍ക്ക് അഭയം നല്‍കിയവരോടൊപ്പം മെമ്മറി പോലീസ് പിടിച്ചു കൊണ്ടുപോകുന്ന നവയുവാക്കളുടെ കീഴടങ്ങിയ, ഒടിഞ്ഞ ഉടലുകള്‍ കാണാവുന്നുണ്ട്; ചിന്തയും വികാരങ്ങളുമില്ലാത്ത, ആത്മാവ് നഷ്ടപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് ‘മെമ്മറി പോലീസ് പ്രാവര്‍ത്തികമാക്കുന്നത്.

ആര്‍. എന്നു മാത്രം വിളിക്കപ്പെടുന്ന പ്രസാധകനെ മാറ്റി നിര്‍ത്തിയാല്‍, മുഖ്യ കഥാപാത്രത്തിന്റെയോ, ഇതര കഥാപാത്രങ്ങളുടെയോ, ദ്വീപിന്റെയോ പേര് പറയാത്തത് കഥക്ക് പ്രതീകാത്മക സാര്‍വ്വ ജനീനത നല്‍കുകയും അതിനൊരു വേട്ടയാടുന്ന ഭാവം പകരുകയും ചെയ്യുന്നു. സ്വന്തം അമ്മയെയും അച്ഛനെയും മെമ്മറി പോലീസിന്റെ ഇടപെടലില്‍ നഷ്ടപ്പെട്ടിട്ടും ഓര്‍മ്മകളും വികാരങ്ങളുമുള്ള മനുഷ്യസ്ത്രീയായി തുടരുന്ന മുഖ്യ കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ ചിത്രീകരിക്കാന്‍ അതിവേഗം കടന്നു പോകുന്ന ശിശിരകാലത്തെതുടര്‍ന്ന് റോസാപൂക്കളെയും ഹരിതാഭയെയും മൂടുന്ന, സുദീര്‍ഘമായ മഞ്ഞുകാലത്തെ ഒരു രൂപകമായി നോവലിസ്റ്റ് ഉപയോഗിക്കുന്നു. കാവ്യാത്മക ഭാഷയിലുള്ള സംഭാഷണങ്ങളും മുഖ്യ കഥാപാത്രം എഴുതിക്കൊണ്ടിരിക്കുന്ന നോവലില്‍ നിന്നുള്ള സുദീര്‍ഘമായ ഉദ്ധരണികളും ഇതിവൃത്തത്തിനു പകരുന്ന സാഹിതീയ, മെറ്റാ ഫിക് ഷന്‍ തലവും ഒരര്‍ത്ഥത്തില്‍ സംഗീതവും കഥകളും അപ്രത്യക്ഷമാകുന്ന, അടിച്ചേല്‍പ്പിക്കപ്പെടുന്ന സര്‍ഗ്ഗനിരാസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പായി കാണാം. കഥകള്‍ പറയപ്പെടുന്നത്‌ ഭൂതകാലത്തെ നിലനിര്‍ത്താന്‍ മാത്രമല്ല; അത് അസ്തിത്വ സ്ഥാപനവും അതിജീവനവും കൂടിയാണ്. നോവലിനുള്ളിലെ നോവല്‍ എന്ന നിലയില്‍ മുഖ്യകഥാപാത്രം നിബന്ധിക്കുന്ന കഥ, സ്വന്തം ഭാഷ്യം നഷ്ടമാകുന്ന ടൈപ്പിസ്റ്റ് യുവതിയുടെ അസ്തിത്വ പ്രതിസന്ധി സംബന്ധിച്ചാണ് എന്നത് പ്രസക്തമാണ്. ഓര്‍മ്മയും മൊഴിയും നഷ്ടമാകുന്ന ലോകത്ത് ആവിഷ്കാരം സാധ്യമല്ലാതാകുന്നു, ശാരീരികവും മാനസികവുമായി തടവിലാക്കപ്പെടുന്ന ഇടത്തില്‍ സ്വാതന്ത്ര്യവും. സ്വത്വനിരാസവും ഉടലില്‍ തന്നെ സംഭവിക്കുന്ന ‘അപത്യക്ഷമാക’ലും മരണത്തിന്റെ മറുവാക്കായി തീരുകയും ചെയ്യുന്നു. 

അതീവ ശബളമായ, വടിവൊത്ത യൂണിഫോമും വികാര ശൂന്യമായ ഭാവവുമായി യാന്ത്രികമായ കൃത്യതയോടെ കടന്നു വരികയും ഒരു കൊലയന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മെമ്മറി പോലീസിന് മാവോയുടെ ചൈന, സ്റ്റാലിന്റെ സോവിയറ്റ് യൂണിയന്‍, പോള്‍പോട്ടിന്റെ കംബോഡിയ, നാസി ജര്‍മ്മനി തുടങ്ങിയ ആധുനിക ഇരുമ്പുമറകളില്‍ മാത്രമല്ല, ചരിത്രം ബോധപൂര്‍വ്വമോ അല്ലാതെയോ തമസ്കരിച്ച ഒട്ടേറെ ജനപഥങ്ങളില്‍ പൂര്‍വ്വ മാതൃകകള്‍ ഉണ്ട് എന്നിടത്താണ്, ഒഗാവയുടെ രചന സ്ഥല കാല അതിരുകള്‍ ഭേദിക്കുന്നത്. ദുരൂഹതയും അസംബന്ധവും അധികാര സ്വരൂപങ്ങളുടെ ഭീഷണാവസ്ഥയുമെന്ന സങ്കരത്തെ അതിന്റെ വൈശദ്യത്തില്‍ അവതരിപ്പിക്കുകയെന്ന ‘നിഗൂഡതാ നിഷേധം’ (demystification) ഒഴിവാക്കാന്‍ കൂടിയാണ് ‘ദുര്‍ഗ്ഗം (castle)’ എന്ന പ്രതീകത്തെ കാഫ്ക കണ്ടെടുക്കുന്നത്. പില്‍ക്കാല ലോകസാഹിത്യത്തില്‍ ‘കാഫ്കെയസ്ക്’ എന്ന് വിളിക്കാവുന്ന അവതരണങ്ങള്‍ എണ്ണമറ്റതാണ്. ഏറ്റവുമൊടുവില്‍, പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍, അടിമത്തത്തില്‍ നിന്ന് മോചനം തേടി പാലായനം ചെയ്യുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ ദുര്‍ഘട യാനത്തിന്റെ സങ്കീര്‍ണ്ണ സംവിധാനങ്ങളെ മുഴുവന്‍ ‘അണ്ടര്‍ഗ്രൌണ്ട് റെയില്‍റോഡ്‌’ എന്ന രൂപകത്തിലേക്ക് ഒതുക്കിയ കോള്‍സന്‍ വൈറ്റ്ഹെഡ് (The Underground Railroad), അഭയാര്‍ഥിത്തത്തിന്റെ ഭൌമ രാഷ്ട്രീയ പ്രതിസന്ധികളെ മുഴുവന്‍ അപര ലോകങ്ങളിലേക്കു തുറക്കുന്ന മാന്ത്രിക വാതിലുകള്‍ എന്ന സങ്കല്‍പ്പനത്തില്‍ ചിത്രീകരിക്കുന്ന മോഹ്സിന്‍ ഹമീദ് (Exit West) എന്നിവര്‍ വരെ ഈ നിര നീളുന്നു. ‘കാഫ്കെയസ്ക്’ പാരമ്പര്യത്തെ ഭൌമാരാഷ്ട്രീയ പരിതോവസ്ഥയുടെ കാലത്തേക്ക് പറിച്ചു നടുന്ന ഈ നിരയിലേക്കാണ് ‘മെമ്മറി പോലീസി’ലൂടെ യോക്കോ ഒഗാവ കടന്നുചെല്ലുന്നത് എന്നും നിരീക്ഷിക്കാവുന്നതാണ്. എന്നാല്‍, സുദീര്‍ഘ ശൈത്യമെന്ന പ്രതീകം ധ്വനിപ്പിക്കുന്ന പാരിസ്ഥിതിക ഉത്കണ്ഠകളെ  നോവലിസ്റ്റ് അത്രകണ്ട് പിന്തുടരുന്നുമില്ല എന്നത് തെല്ലൊരു പരിമിതിയായി അനുഭവപ്പെടുകയും ചെയ്യും. 

read more:

Exit West by Mohsin Hamid

https://alittlesomethings.blogspot.com/2017/10/blog-post_24.html

A Wild Sheep Chase by Haruki Murakami

https://alittlesomethings.blogspot.com/2016/06/blog-post.html

Kafka on the Shore by Haruki Murakami

https://alittlesomethings.blogspot.com/2015/10/blog-post_29.html 

The Translation of Love by Lynne Kutsukake

https://alittlesomethings.blogspot.com/2024/09/the-translation-of-love-by-lynne.html