ഉടലുണര്‍വ്വിന്റെ
ചോരപ്പാടുകള്‍
(അബുബകര്‍
ആദം ഇബ്രാഹിമിന്റെ നൈജീരിയന്‍
സാഹിത്യ പുരസ്കാരം നേടിയ പ്രഥമ
നോവല്‍ ‘ചെഞ്ചോരപ്പൂമൊട്ടുകളുടെ
കാലം’ എന്ന
നോവല്‍ പരമ്പരാഗത സമൂഹത്തില്‍
വൈധവ്യത്തിലെ ഉടലുണര്‍വ്വുകള്‍
എന്ന വിലക്കപ്പെട്ട വിഷയത്തെ
സമകാലിക നൈജീരിയന്‍ അധോലോക/
രാഷ്ട്രീയ
സംസ്കൃതിയുടെ പശ്ചാത്തലത്തില്‍
പരിശോധിക്കുന്നു.)
"ഇരുണ്ട
ചുണ്ടുകളും ചെറു ചിതൽപ്പുറ്റുകളുടെ
വയൽ പോലുള്ള ചപ്രത്തലമുടിയുമായി
ബൂട്ടുകളും മറ്റും ധരിച്ചു
പുരയിടത്തിന്റെ വേലി ചാടിക്കടന്നു
തന്റെ ഹൃദയമെന്ന ചെളിക്കുഴിയിലേക്കു
ആ തെമ്മാടി നിപതിച്ച ആ ദിനത്തിലാണ്
ഒടുവിൽ, തന്റെ
അമ്പത്തിയഞ്ചാം വയസ്സിൽ, ഹാജിയാ
ബിൻതാ സുബൈറു പിറവിയെടുത്തത്.
അന്ന്
വെളുപ്പിന് കൂറകളുടെ ദുസ്സഹ
ഗന്ധത്തിൽ കഠിനമായ അസ്വസ്ഥതയോടെ
ഉണർന്നപ്പോൾ തന്നെ എന്തോ
അശുഭകരമായതു സംഭവിക്കാൻ
പോകുന്നുവെന്ന് അവൾക്ക്
തോന്നിയിരുന്നു.
അത്
വളരെ മുമ്പൊരു നാൾ, അവളുടെ
പിതാവ് അവൾക്കരികിൽ കുതിച്ചെത്തുകയും
ഒരപരിചിതന് അവളെ വിവാഹം ചെയ്തു
കൊടുക്കാൻ പോകുന്നുവെന്ന്
പ്രഖ്യാപിക്കുകയും ചെയ്ത
അന്നത്തെ അതേ വികാരം ആയിരുന്നു.
അല്ലെങ്കിൽ, ആ
അപരിചിതൻ, കൊല്ലങ്ങളോളം
അവളുടെ ഭർത്താവായിരുന്ന
സുബൈറു, വർഗ്ഗീയ
വിദ്വേഷത്തിന് അത്രക്കും
ലജ്‌ജാരഹിതമായി ഇരയാവുകയും
മത്തുപിടിച്ച മതഭ്രാന്തന്മാരുടെ
ഒരു കൂട്ടത്തിന്റെ കയ്യിൽ
എരിക്കപ്പെടുകയും ചെയ്ത ആ
ദിനം പോലെയായിരുന്നു.
അല്ലെങ്കിൽ, അവളുടെ
ആദ്യമകൻ യാരോ, അവളുടെ
അമ്മയുടെ ശാന്തമായ മുഖവും
ശാലീന ഭാവവും ഉണ്ടായിരുന്നവന്‍, പോലീസിന്റെ
വെടിയേറ്റു മരിച്ച ദിനം പോലെ.
അതുമല്ലെങ്കിൽ, അവളുടെ
മെരുങ്ങാപ്രകൃതകാരിയായ മകൾ
ഹുറൈറ തന്റെ ഒന്നിനും
കൊള്ളാത്തവനായ ഭർത്താവ്
തന്നെ മൊഴി ചൊല്ലിയെന്നു
കരഞ്ഞു വിളിച്ചു തിരികെയെത്തിയ
നാൾ പോലെ."
പ്രണയമെന്ന
ഉടല്‍ വഴക്കം
ഒരു
നോവൽ വായനക്കാർക്ക് എന്താണ്
കരുതി വെച്ചിരിക്കുന്നത്
എന്ന് സുവ്യക്തവും തീവ്രവുമായി
ആദ്യ ഖണ്ഡിക തന്നെ ആവിഷ്ക്കരിക്കുന്നത്
നിങ്ങളെ പുസ്തകത്തിന്റെ
ഹൃദയത്തിലേക്ക് അതിവേഗം
വലിച്ചടുപ്പിക്കും.
ഇതിവൃത്ത
കേന്ദ്രത്തിലെ സംഭവങ്ങൾ
എന്നതിലേറെ തീക്ഷ്ണമായ ചില
ഉത്കണ്ഠകളിലാണ് തന്റെ താത്പര്യം
എന്ന് കൂടിയാണ്, അത്തരം
ഘടകങ്ങൾ ആദ്യമേ 'തുറന്നു
വെക്കുന്ന'തിലൂടെ
നോവലിസ്റ്റ് സൂചിപ്പിക്കുന്നത്.
മധ്യവയസ്സു
കടന്നാൽ പ്രണയമെന്നത് ഒരു
പുരുഷമാത്ര വ്യവഹാരമാണ്
എന്നത് പരമ്പരാഗത
സമൂഹങ്ങളുടെ, വിശേഷിച്ചും
മുസ്ലിം പാരമ്പര്യത്തിലെ
പുരുഷമേധാവിത്ത മൂല്യങ്ങൾ
ഭരിക്കുന്ന ഹോസാ വിഭാഗത്തിൽ, അത്ര
വേഗം മറികടക്കാനാവാത്ത
വഴക്കമാണ് എന്നിരിക്കെ, അതിനൊരു
മാതൃ-പുത്ര ‘ഈഡിപ്പല്‍’ അഗമ്യഗമന
തലം കൂടി പകർന്നു നൽകുക, അവിശുദ്ധ
രതിയുടെ 'അരുതാത്ത
വിഷയം' ധീരമായി
ആവിഷ്കരിക്കുക, അതിൽ
തന്നെയും, ഒരു
പുരുഷ നോവലിസ്റ്റ്
ആയിരിക്കുമ്പോൾത്തന്നെ, സ്ത്രൈണ
രതി സങ്കൽപ്പങ്ങളുടെ വിമോചനാത്മക
ഭാവങ്ങൾ തികഞ്ഞ സംവേദന ക്ഷമതയോടെ
പരിശോധിക്കാൻ
തയ്യാറാകുക, ഇതിനൊക്കെയൊപ്പം, നാടിന്റെ
സങ്കീർണ്ണവും ദുരന്തപൂർണ്ണവുമായ
ഭൂത,
വർത്തമാന
കാല ചരിത്രത്തിലേക്ക്
എല്ലായിപ്പോഴും ഉണർന്നിരിക്കുക-
അബുബക്കർ
ആദം ഇബ്രാഹിം എന്ന യുവ നൈജീരിയൻ
നോവലിസ്റ്റ് തന്റെ പ്രഥമ
നോവൽ ‘സീസൺ ഓഫ് ക്രിംസൺ
ബ്ലോസംസ്’ എന്ന കൃതിയിലൂടെ
ഈ വെല്ലുവിളകളാണ് ഏറ്റെടുക്കുന്നതും
വിജയിക്കുന്നതും.
വിഖ്യാതമായ
നൈജീരിയൻ സാഹിത്യ പുരസ്കാരം
(2016
)നേടിയ
പ്രസ്തുത കൃതിയിലൂടെ
"പ്രകോപനകാരിയായ
സാഹിത്യകാരൻ"
എന്ന്
അദ്ദേഹം വിളിക്കപ്പെട്ടതും
ഫെമിനിസ്റ്റ് സമീപനങ്ങൾ ഉള്ള
എഴുത്തുകാരികൾ പുസ്തകത്തെ
ആഹ്‌ളാദത്തോടെ സ്വീകരിച്ചതും
സ്വാഭാവികമായിരുന്നു.
പ്രണയത്തെ
കുറിച്ചുള്ള ഹാജിയ ബിന്‍ത
സുബൈറുവിന്റെ ആദ്യ നിലപാട്
പുരുഷാധിപത്യ സമൂഹത്തില്‍
സ്ത്രീയുടെ തെരഞ്ഞെടുപ്പെന്ന
കേട്ടു കേള്‍വിയില്ലാത്ത
കാര്യം അവരെങ്ങനെയാണ് നിശ്ശബ്ദം
അംഗീകരിച്ചത് എന്നതില്‍
പ്രകടമാണ്. 2001
– സെപ്തംബര്‍
ഏഴ് എന്ന ശപിക്കപ്പെട്ട
ദിനത്തില്‍ വീട്ടില്‍ നിന്ന്
പുറത്തു പോകുകയും പിന്നീട്
ഒരിക്കലും തിരിച്ചു വരാതിരിക്കുകയും
ചെയ്ത സുബൈറു വിനെ പ്രണയപൂര്‍വ്വമാണോ
ഓര്‍ക്കുന്നത് എന്ന പേരക്കിടാവിന്റെ
ചോദ്യത്തിന് ഹാജിയാ ബിന്‍ത
സുബൈറു നല്‍കുന്ന മറുപടിയില്‍
അത് വ്യക്തമാണ്:
“പ്രണയം?”
ആ
വാക്ക് ബിന്‍തയുടെ നാവില്‍
അസാധാരണമാം വിധം കനത്തതായി
അനുഭവപ്പെട്ടു.
“എനിക്കറിയില്ല, സത്യമായും.
എന്നാല്‍
നീ ജീവിതകാലം മുഴുവന്‍
ഒരാളോടൊപ്പം ജീവിച്ചാല്‍
നീ അയാളെ പ്രണയിക്കുന്നോ
ഇല്ലെയോ എന്നത് ഒരു വിഷയമേയല്ല.”
“എങ്ങനെയാണ്
പ്രണയിച്ചിട്ടെയില്ലാത്ത
ഒരാളോടൊപ്പം ജീവിക്കാനാവുക?”
എന്റെ
കാലത്ത്, ഞങ്ങള്‍
മാതാപിതാക്കള്‍
പഠിപ്പിച്ചതെന്തോ, അതുപ്രകാരം
ജീവിച്ചു.
അവര്‍
പറഞ്ഞത് ഞങ്ങള്‍ അനുസരിച്ചു...”
പരമ്പരാഗത
പാപബോധ ചിന്ത ആഴത്തില്‍
വേരോടിയത് കൊണ്ടുതന്നെയാണ്
റേസയുമായുള്ള ബന്ധം അത്രമേല്‍
ആത്മനിന്ദ ബിന്‍തയില്‍
ഉളവാക്കുന്നതും. “പൂക്കാന്‍
ഒരു ജീവിതകാലം മുഴുവന്‍ കാത്തു
നില്‍ക്കുന്ന ഏതോ വങ്കന്‍
പുഷ്പം.
മുപ്പതു
വര്‍ഷം, അവള്‍
പറഞ്ഞു.
എന്നിട്ട്
ഇത്രയും വര്‍ഷങ്ങള്‍ക്കു
ശേഷം അതു സംഭവിക്കുമ്പോഴോ, അത്
ഒരു ശവം പോലെ നാറുന്നു.” ഒരായുഷ്കാലത്തിന്റെ
കാമനകള്‍ മുഴുവന്‍
ഉള്ളിലൊതുക്കിപ്പിടിച്ച്
പ്രണയശേഷമില്ലാത്ത നിരര്‍ത്ഥക
ബന്ധങ്ങളില്‍ നിരന്തരം ആറാടി
ഒടുവില്‍, വാര്‍ദ്ധക്യത്തിന്റെ
പിടിമുറുക്കം തുടങ്ങുന്ന
ഘട്ടത്തില്‍ തന്റെ നിതാന്ത
പ്രണയമായിരുന്ന ഫെര്‍മിന
ഡാസായുമായി സന്ധിക്കുന്ന
മാര്‍ക്കേസിന്റെ ഫ്ലോറന്റിനോ
അരീസോ (കോളറക്കാലത്തെ
പ്രണയം)
കണ്ടെത്തുന്നതും
അതാണ്:
ഈ
പ്രായത്തില്‍ അത് ഒട്ടും
ആസ്വദ്യകരമല്ല.
ചരിത്രത്തിന്റെ
കുരുതിപ്പൂക്കള്‍
വടക്കന്‍
നൈജീരിയയിലെ പ്ലാറ്റോ
സ്റ്റേറ്റില്‍ ജോസ് എന്ന
സ്ഥലം നോവലിന്റെ പ്രധാന ‘സംഭവ
കേന്ദ്ര’മായി
(centre
of action) നോവലിസ്റ്റ്
അടയാളപ്പെടുത്തുന്നുണ്ട്.
വടക്കന്‍
നൈജീരിയ ക്രിസ്ത്യന്‍-മുസ്ലിം
സംഘര്‍ഷങ്ങളില്‍ കലങ്ങിമറിഞ്ഞ
പുതിയ നൂറ്റാണ്ടാദ്യത്തില്‍
സംഭവിക്കുന്ന സുബൈറുവിന്റെ
കൊല, പൊതുവേ
സമാധാനപൂര്‍ണ്ണമായിരുന്ന
പ്രദേശം ദക്ഷിണ സുഡാനിന്റെയോ
റുവാണ്ടയുടെയോ പോലുള്ള ഇതര
ആഫ്രിക്കന്‍ സംഘര്‍ഷ മേഖലകളുടെ
സ്വഭാവത്തിലേക്കു മാറിയതിന്റെ
ചിഹ്നമാണ്. 2001 സെപ്തംബര്‍
മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട,
നൂറ്റാണ്ടിന്റെ
ആദ്യ ദശകത്തില്‍ ഇടയ്ക്കിടെ
ചൂടുപിടിക്കുകയും ഇന്നും
തുടരുകയും ചെയ്യുന്ന
സംഘര്‍ഷങ്ങളില്‍ ജോസ് പ്രദേശത്തു
മാത്രം പതിനായിരത്തിലേറെ
പേര്‍ കൊല്ലപ്പെടുകയും
അതിലുമെത്രയോ കൂടുതല്‍ ആളുകള്‍
പറിച്ചെറിയപ്പെടുകയും
ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പുകള്‍
പട്ടാളമോ യുദ്ധപ്രഭുക്കളോ
അട്ടിമറിക്കുന്നതും
തങ്ങള്‍ക്കിണങ്ങാത്ത ഫലങ്ങള്‍
ഉണ്ടാകുമ്പോള്‍ അതംഗീകരിക്കാതിരിക്കുന്നതും
പതിവായി സംഭവിച്ചിട്ടുണ്ട്.
ഒരര്‍ത്ഥത്തില്‍
ഹാജിയ ബിന്‍ത, ഒരു
യുദ്ധ വിധവയാണ്;
അവരുടെ
സഹോദരീ പുത്രി ഫായിസ യുദ്ധം
സൃഷ്ടിച്ച അനാഥയും. 2010-ലെ
ലഹളകളുടെ നേര്‍ ചിത്രങ്ങളാണ്
അവളുടെ ഉറക്കം കെടുത്തുന്നതും
മനോ വിഭ്രാന്തിക്കു കാരണമാകുന്നതും.
ചില്ലുകള്‍
ഉടയുന്നതിന്റെയും ഭയന്ന
അലമുറകളും കോപവും പ്രതിഷേധവും
യാചനയും കലമ്പുന്ന സ്വരങ്ങളും
അവള്‍ കേട്ടുകൊണ്ടെയിരിക്കുന്നു; അത്
ജിന്നുബാധയാണെന്നു ഹുറൈറ
പറയുമ്പോഴും ഹാജിയക്കറിയാം
അതെവിടെ നിന്ന് വരുന്നുവെന്ന്.
സഹോദരന്റെ
മുഖം ഓര്‍മ്മിച്ചെടുക്കാന്‍
കഴിയുന്നില്ല എന്നത് ഒരു
വേദനയായി ഫായിസയെ വേട്ടയാടുന്നുണ്ട്.
അവള്‍
വരയ്ക്കുന്ന ചിത്രങ്ങളില്‍
വര്‍ണ്ണങ്ങള്‍ കൂടിക്കലരുകയും
ഇഴപിരിയുകയും ചെയ്യുന്നു.
യുദ്ധം
അന്നുവരെ ഒരുമിച്ചു കഴിഞ്ഞ
മനുഷ്യരെ പോലും പരസ്പരം
ഒറ്റിക്കൊടുക്കുകയും കൊലയാളികള്‍
ആക്കുകയും ചെയ്യുന്നതിന്
അവള്‍ സാക്ഷിയായിട്ടുണ്ട്:
അവളുടെ
പിതാവ് മുവാസു അമീനുവിനെ
ചിരപരിചിതനായിരുന്ന അവളുടെ
ഗണിത അദ്ധ്യാപകന്‍ ഉള്‍പ്പടെയുള്ളവര്‍
വീട്ടില്‍ നിന്നു വിളിച്ചിറക്കി
കൊന്നുകളയുകയായിരുന്നു.
നോവലിസ്റ്റിന്റെ
ഭാഷയുടെ കരുത്തും സൗന്ദര്യവും
ബോധ്യപ്പെടുത്തുന്ന ഏറ്റവും
തീക്ഷ്ണമായ വിവരണം ഇങ്ങനെയാണ്:
“അവര്‍
കുളിമുറിയുടെ വാതില്‍
തകര്‍ത്തപ്പോള്‍ ആദ്യം അവളുടെ
പിതാവ് കൈകള്‍ തലയ്ക്കു
മുകളിലുയര്‍ത്തി മുന്നോട്ടു
ചെന്നു.,..
‘എന്റെ
കുഞ്ഞുങ്ങളെ വെറുതെ വിടണേ, ദയവായി.’
വീട്ടില്‍
അതിക്രമിച്ചു കയറിയ
ആള്‍ക്കൂട്ടത്തിനു മുന്നില്‍
മുവാസു മുട്ടുകുത്തി.
“കൊല്ലവനെ!, കൊല്ലവനെ!
എന്താണ്
കാത്തു നില്‍ക്കുന്നത്?”
അതൊരു
സ്ത്രീയായിരുന്നു
“ഫായിസക്കറിയാമായിരുന്നു
ആ സ്ത്രീയുടെ സ്വരം അവള്‍
ഒരിക്കലും മറക്കില്ലെന്ന്.
അതിലെ
വെറുപ്പ് അവളൊരിക്കലും
മറക്കില്ല.
ആളുകളെ
തങ്ങള്‍ ഒരിക്കലും ഇടപെട്ടിട്ടില്ലാത്ത
മനുഷ്യരെ കൊല്ലാന്‍ പ്രാപ്തമാക്കുന്ന
വെറുപ്പിന്റെ പകര്‍ച്ച സ്വഭാവം
അവളറിഞ്ഞു,
അല്ലെങ്കില്‍
ഒരേ പാത്രത്തില്‍ നിന്ന്
ഉണ്ട മനുഷ്യരെ, ഒരുമിച്ചു
കരഞ്ഞ, ചിരി
പങ്കുവെച്ച, ചില
സന്ദര്‍ഭങ്ങളില്‍ ബന്ധുത്വത്തിന്റെ
അടുത്തെത്തുന്ന സൗഹൃദത്തിന്റെ
തളിര്‍ത്ത വള്ളിക്കുടില്‍
നനച്ചുവളര്‍ത്തിയ മനുഷ്യരെ.
എന്നാല്‍
ആ സ്ത്രീയുടെ സ്വരം,
ഒരൊറ്റയടിക്ക്, വള്ളിക്കുടിലിനെ
തകര്‍ത്തുകളഞ്ഞു, അതിന്റെ
ശകലങ്ങള്‍ ചിന്നഭിന്നമായ
സസ്യജാലത്തെ പോലെ അവരുടെ
കാല്‍ക്കല്‍ വീണുപോയി.
ഫായിസ
മുന്നോട്ടു ചുവടുവെച്ചു, തന്റെ
ഗണിത അദ്ധ്യാപകന്‍ ജേക്കബ്
ജെയിംസിന്റെ മുഖം കണ്ടു, അയാളെപ്പോഴും
വൃത്തിയായി വസ്ത്രം
ധരിക്കുമായിരുന്നു-
ഷര്‍ട്ട്
നന്നായി ഇസ്തിരിയിട്ട്, കൃത്യമായി
ധരിച്ച ടൈയ്യോടെ.
“അയാളുടെ
മുഖം യുദ്ധത്തിന്റെ ചായം
പൂശി ക്രൗര്യം വരുത്തിയിരുന്നു, അത്
വിയര്‍പ്പും വിദ്വേഷവും
കൊണ്ട് തിളങ്ങി, അയാള്‍
തന്റെ കൊടുവാള്‍ ഉയര്‍ത്തി
താഴേക്കു കൊണ്ടുവന്നു.
തിളങ്ങുന്ന
ചുവപ്പ് ചോര, ചൂടും
ഒട്ടലുമുള്ളത്,
ഫായിസയുടെ
മുഖത്തേക്ക് തെറിച്ചുവീണു, പിതാവ്
നല്‍കിയതായിരുന്ന ചിപ്പിച്ചുവപ്പുള്ള
രാത്രി വസ്ത്രത്തില്‍ പുള്ളികള്‍
വീഴ്ത്തി.” – നോവലിന്റെ
തലക്കെട്ടിലെ ‘ചെഞ്ചോര
മൊട്ടുകള്‍’ അങ്ങനെയാണ്
പിറവിയെടുക്കുന്നത്.
ലളിതമല്ലാത്ത
സമവാക്യങ്ങള്‍
എന്നാല്‍, വംശീയ
സംഘര്‍ഷങ്ങളും മാനുഷികതയും
തമ്മിലുള്ള വിനിമയങ്ങളിലെ
സങ്കീര്‍ണ്ണതകള്‍ സമവാക്യങ്ങളില്‍
ഒതുങ്ങുന്നതല്ലെന്നു ബിന്‍ത
കണ്ടെത്തുന്നുണ്ട്: “എന്റെ
ഭര്‍ത്താവ്..
അദ്ദേഹം
തൊഴില്‍ നല്‍കിയ ക്രിസ്ത്യന്‍
യുവാക്കളാല്‍ കൊല്ലപ്പെട്ടു.
അവര്‍
അദ്ദേഹം ഒന്നാം പേരില്‍
വിളിച്ച ഇടപാടുകാര്‍ ആയിരുന്നു.
എന്റെ
സഹോദരിയുടെ ഭര്‍ത്താവും
മകനും ക്രിസ്ത്യന്‍
അയല്‍പക്കക്കാരുടെ കൈകളില്‍
കശാപ്പു ചെയ്യപ്പെട്ടു, കാരണം
ഒരു സ്ത്രീ അതവരോട് ആവശ്യപ്പെട്ടു.
എന്നാല്‍
എന്റെ സഹോദരിയും പെണ്‍മക്കളും
ബാലാല്‍ക്കാരത്തില്‍ നിന്നും
കൊലയില്‍ നിന്നും രക്ഷപ്പെട്ടത്
മുസ്ലിം യുവാക്കള്‍ കൊന്നുകളഞ്ഞ
ഭര്‍ത്താവുണ്ടായിരുന്ന ഒരു
സ്ത്രീ മുഖാന്തരമായിരുന്നു.” ഈ
പാഠമാണ് അവള്‍ റേസയ്ക്കു
പകര്‍ന്നു നല്‍കാന്‍
ശ്രമിക്കുന്നത്: “..
(ഇതാണ്)
ഞാന്‍
മാനുഷികതയിലുള്ള വിശ്വാസം
നഷ്ടപ്പെടുത്താത്തത്.
ഇതാണ്
ഞാന്‍ നിന്നെ കുറിച്ച് പ്രതീക്ഷ
കൈവിടാന്‍ തയ്യറല്ലാത്തത്.”
‘ഓരോ
ദിനവും മോഷ്ടാക്കള്‍ക്ക്’
(‘എവരിഡേ
ഈസ് ഫോര്‍ ദി തീഫ്’-
തേജു
കോല്‍ Every
Day Is for the Thief- Theju Cole) എന്ന
മട്ടില്‍ ക്രിമിനല്‍ സംഘങ്ങള്‍
വിളയാടുന്ന ദൈനംദിന ജീവിതാവസ്ഥയുടെ
പ്രതീകം തന്നെയാണ് ഹസന്‍
‘റേസാ’ ബാബാലെയെന്ന ഗുണ്ടയും
സംഘത്തലവനും അവരുടെ കേന്ദ്രമായ
‘സുശുപ്തിയിലാണ്ട മൃഗ’മായ
സാന്‍ സീറോ ചേരിയുടെ രാജകുമാരനും
കഞ്ചാവു വലിക്കാരനുമായ
ചെറുപ്പക്കാരന്‍ - ‘റേസര്‍’ മൂര്‍ച്ചയോടെ
ഹിംസ നടത്താന്‍ കഴിയുന്നവനെങ്കിലും
സെനറ്റര്‍ ബുബാ മൈകുദിയെ
പോലുള്ള കൂടുതല്‍ വലിയ രാഷ്ട്രീയ
ദൈവങ്ങളുടെ പദ്ധതികളില്‍
ആവശ്യം കഴിഞ്ഞാല്‍ കൃമികളെ
പോലെ ഒടുക്കിക്കളയാന്‍ മാത്രം
വിധിയുള്ളവന്‍.
വടക്കന്‍
ദേശത്തെ ഫുലാനി വിഭാഗക്കാരില്‍
നിന്ന് കാലികളെ വാങ്ങി തെക്കന്‍
നൈജീരിയയിലെ ഇബോ വിഭാഗക്കാര്‍ക്കെത്തിച്ചു
കൊടുക്കുന്ന ജോലിയായിരുന്നു
അവന്റെ പിതാവിന്.
ഒരിക്കലും
യോജിക്കാത്ത ബന്ധം ഉപേക്ഷിച്ചു
മമ്മ സൌദിയിലേക്ക് പോയത്
അവന്റെ കുട്ടിക്കാലത്തെ
ഇല്ലാതാക്കി.
‘ആ
സൗദി തേവിടിശ്ശി’ എന്ന്
മാത്രം മമ്മയെ ഓര്‍ക്കുന്നതിന്
അവനു കാരണങ്ങള്‍ ഉണ്ട്; പശ്ചാത്തപിക്കാനും
മകനെ രക്ഷപ്പെടുത്താനുമുള്ള
അവരുടെ ശ്രമങ്ങള്‍ അവഗണിക്കാനും.
ഒരു
പ്രകോപനവുമില്ലാത്ത പതിവു
ഏറ്റുമുട്ടലില്‍ പോലീസിന്റെ
കൈകളില്‍ മരിക്കുന്ന യാരോയുടെ
തികച്ചും വിസ്മൃതമായ ഓര്‍മ്മ
എങ്ങനെയാണ് റേസാ ഉണര്‍ത്തിയതെന്നത്
ഹാജിയാ ബിന്‍തക്കും നിഗൂഡതയാണ്.
താന്‍
തന്നെ മറന്നുപോയ ഹസന്‍ എന്ന
യഥാര്‍ത്ഥ പേര് ഇപ്പോള്‍
ബിന്‍ത മാത്രമാണ് തന്നെ
വിളിക്കുന്നതെന്നത് റേസാക്കും
വിചിത്രമായിത്തോന്നും.
അപ്രതിരോധ്യമായ
ഒരാകര്‍ഷണത്തില്‍
‘പാപം’ ആവര്‍ത്തിക്കുമ്പോഴും
റേസായുടെ ജീവിത വഴികളില്‍
മാതൃ സാന്നിധ്യം ആവാന്‍
തന്നെയാണ് ബോധപൂര്‍വ്വമെങ്കിലും
അല്ലെങ്കിലും ഹാജിയായുടെ
ശ്രമം.
അത്
ഒന്നിലേറെ തവണ ബന്ധത്തിന്
ഭീഷണിയാകുന്നുമുണ്ട്.
ഒരു
ഘട്ടത്തില്‍ സ്വയം മറന്നു
ഹാജിയയെ പ്രഹരിക്കാന്‍
ഉയര്‍ത്തിയ കൈ അവരെ
ഞെട്ടിക്കുന്നുണ്ട്. “അവളുടെ
ഹൃദയത്തിന്റെ വന്യമായ
മിടിപ്പിനും മുകളില്‍ നഗ്നമായ
ഭീഷണിയുടെ നുരകള്‍ അവളറിഞ്ഞു, ആസക്തി
കൊണ്ടും അവര്‍ പേരു വിളിക്കാന്‍
വിസമ്മതിച്ച മറ്റു മൃദുല
ഭാവങ്ങള്‍ കൊണ്ടും അവര്‍
ഒരുമിച്ചു തീര്‍ത്ത കൂടിനെ
അത് പിടിച്ചുലച്ചു.” റേസായുമായി
ബന്ധം പുനസ്ഥാപിക്കാനും അവനെ
അവന്റെ നരകജീവിതത്തില്‍
നിന്ന് മോചിപ്പിച്ചു സൗദിയിലേക്ക്
കൂട്ടിക്കൊണ്ടുപോകാനും മമ്മ
നടത്തുന്ന ശ്രമങ്ങളോട്
ഈര്‍ഷ്യയോടെ മുഖം തിരിക്കുന്ന
യുവാവിനെ അവര്‍ ശാസിക്കുന്നുമുണ്ട്,
അത്
വിശേഷിച്ചു ഒരു ഗുണവും
ഉണ്ടാക്കില്ലെങ്കിലും.
ആദ്യ
കണ്ടുമുട്ടലില്‍ കഴുത്തില്‍
മുറിപ്പാടുണ്ടാക്കുന്ന
കത്തിമുന അമരുമ്പോഴും ഒരു
ആണുടലിനോട് താന്‍ ചേര്‍ന്ന്
നിന്നിട്ട് വര്‍ഷങ്ങള്‍
കഴിഞ്ഞുവെന്നു ബിന്‍ത
ഓര്‍മ്മിക്കുന്നു.
തുടര്‍ന്നുണ്ടാകുന്ന
ഓരോ സമാഗമവും അങ്കലാപ്പും
പാരമ്പര്യ നിഷേധത്തിന്റെ
ഭയപ്പാടും പാപബോധവും കലര്‍ന്ന
‘വിലക്കപ്പെട്ട’ ബന്ധത്തിന്റെ
(‘അബിന്‍
കുന്‍യ’‘Abin
Kunya’)
സംഘര്‍ഷമാണ്
ഹാജിയ ബിന്‍തയില്‍ അവശേഷിപ്പിക്കുക.
ഹാജിയ
തന്റെ ജീവിതത്തില്‍ അത്തരം
വിധിവിലക്കുകള്‍ എന്നും
മാനിച്ചു പോന്നവളാണ് എന്നതിന്റെ
ശക്തമായ തെളിവാണ് ആദ്യ
ആണ്‍സന്തതിയെ പേരു വിളിച്ചുകൂടാ
എന്ന കീഴ്വഴക്കം അവര്‍
നിഷ്കര്‍ഷയോടെ അംഗീകരിക്കുന്നതും,
പട്ടാള
ഭരണാധികാരി മൂര്‍ത്തല മുഹമ്മദ്
വധിക്കപ്പെട്ട ദിവസം
(13 ഫെബ്രുവരി 1976)
പിറന്നതിന്റെ
ഓര്‍മ്മയ്ക്ക് മുര്‍ത്തല സുബൈറു
എന്ന് പേരിട്ട മൂത്ത മകനെ
‘യാരോ’ (‘boy’) എന്ന്
വിളിക്കുന്നതും.
അക്കാര്യത്തില്‍
മകള്‍ ഹദീസക്ക് വേറെ നിലപാടാണ്: “ഇത്
ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്.
ഞാന്‍
എന്നെയും എന്റെ കുട്ടികളെയും
നിങ്ങള്‍ ചെയ്തപോലെ പഴയ
രീതികളുടെ ചങ്ങലയില്‍
കുരുക്കില്ല.” അതേ
സമയം ‘റേസാ’യെന്ന വിളിപ്പേരിനു
പകരം ഹസന്‍ എന്ന ആരും
വിളിക്കുന്നില്ലാത്ത പേരില്‍
മാത്രമാണ് ബിന്‍ത കാമുകനെ
വിളിക്കുക.
ബന്ധത്തിലെ
ഈഡിപ്പല്‍ സംഘര്‍ഷം അവരേ
തുടക്കം മുതലേ മഥിക്കുന്നുമുണ്ട്: “അവര്‍ക്ക്
അറിയാനായി, ഒരപരിചിതന്റെ
കണ്ണുകളില്‍ യാരോക്കു
വേണ്ടിയുള്ള തന്റെ അന്വേഷണം
അവരുടെ അത്രയും കാലം
അടക്കിനിര്‍ത്തിയിരുന്ന
അഭിലാഷങ്ങളെ കയറൂരിവിട്ടു, വ്യഭിചാരത്തിന്റെ
മനംപിരട്ടുന്ന വാട തന്നില്‍
ചുറ്റിപ്പറ്റിനില്‍ക്കാന്‍
ഇടയാക്കുകയും ചെയ്തു.” കണ്ണീരൊഴുകുന്ന
മുഖവുമായാണ് തന്റെ ഉടലിനുള്ളില്‍
അയാള്‍ തുറന്നുവിടുന്ന
ആസക്തിയുടെ രുചികള്‍ അവര്‍
ഏറ്റുവാങ്ങുക.
റേസയാകട്ടെ, കണ്ണീരണിയുക
സമാനമായ ഒരു കണ്ടെത്തലിലാണ്: “അവര്‍ക്ക്
എന്റെ അമ്മയുടെ കണ്ണുകളുണ്ട്.”
പ്രതീക്ഷയുടെ
വഴികള്‍
വിദ്യാഭ്യാസമാണ്
സ്വതേ പ്രതീക്ഷയറ്റ സാഹചര്യങ്ങളില്‍
രക്ഷപ്പെടാനുള്ള ഏക ഉപാധിയെന്നത്
പോസ്റ്റ് കൊളോണിയല്‍ ആഫ്രിക്കന്‍
തിരിച്ചറിവുകളുടെ ഭാഗമായി
ആ ദേശങ്ങളില്‍ നിന്നുള്ള
സാഹിത്യത്തില്‍ ആവര്‍ത്തിക്കുന്ന
പ്രമേയമാണ്.
വടക്കന്‍
നൈജീരിയയിലെ വഴിതെറ്റിപ്പോകുന്ന
യുവത്വത്തിന്റെ പ്രധാന പോരായ്മ
വിദ്യാഭ്യാസക്കാര്യത്തില്‍
കുടുംബങ്ങളില്‍ നിലനിന്ന
അലംഭാവം തന്നെയാണെന്നും
ഭരണ-രാഷ്ട്രീയ
മാഫിയകള്‍ ഈ ദൗര്‍ബല്യത്തെ
ആവോളം മുതലെടുത്തിട്ടുണ്ടെന്നും
തങ്ങളുടെ ആവശ്യത്തിനു ഉപയോഗിച്ച്
തള്ളാനുള്ള കായിക വിഭവം
മാത്രമാണ് അവര്‍ക്ക്
ദൗര്‍ഭാഗ്യവാന്മാരായ ഈ
ചെറുപ്പക്കാര്‍ എന്നുമുള്ള
വസ്തുതയുടെ തികഞ്ഞ മാതൃകയാണ്
റേസായും കൂട്ടരും.
മൂന്നോ
നാലോ കുട്ടികള്‍ ആയിക്കഴിഞ്ഞതിനു
ശേഷം വാശിയോടെ മുതിര്‍ന്നവര്‍ക്കുള്ള
ക്ലാസില്‍ പഠിക്കുകയും
അധ്യാപികയായി രണ്ടു പതിറ്റാണ്ടു
കാലം ജോലി ചെയ്യുകയും ചെയ്ത
ബിന്‍ത,
വിദ്യാഭ്യാസത്തിന്റെ
പ്രാധാന്യം റേസായെ ബോധ്യപ്പെടുത്താന്‍
പലവുരു ശ്രമിക്കുന്നുണ്ട്.
അവര്‍
തന്നെ മുന്‍കൈ എടുത്ത്
റെജിസ്റ്റര്‍ ചെയ്യുകയും
ചെയ്യുന്നുണ്ട്. “അവള്‍
അയാളുടെ അരികിലിരുന്നു, എന്നിട്ട്
സ്വന്തം മകനോടെന്ന
പോലെ, വിദ്യാഭ്യാസത്തിന്റെ
പ്രാധാന്യത്തെ കുറിച്ച്
സംസാരിച്ചു” എന്ന്
നോവലിസ്റ്റ് എഴുതുന്നു.
നൈജീരിയന്‍
സാഹിത്യചരിത്രത്തിലെ സുപ്രധാന
നാഴികക്കല്ലുകളില്‍ ഒന്നായ
‘കാനോ മാര്‍ക്കറ്റ് ലിറ്ററേച്ചര്‍’
പാരമ്പര്യത്തെ കുറിച്ചുള്ള
ഒട്ടേറെ സൂചകങ്ങളും നോവലില്‍
കടന്നു വരുന്നുണ്ട്.
ബിന്‍തയുടെ
പേരക്കിടാങ്ങള്‍ ഫായിസയും
കരീമയും മറ്റും അത്തരം റൊമാന്‍സ്
(‘soyayya’
novels ) നോവലുകളുടെ
ആരാധകരാണ്.
ഒരു
പെണ്‍സുഹൃത്ത് സമ്മാനമായി
നല്‍കിയ സൈപ്രിയന്‍ എക്
വെന്‍സിയുടെ നോവല്‍ ‘ദി
പ്രൊഫസര്‍ ഓഫ് മലാം ഇലിയ’യുടെ
കോപ്പി തന്റെ ഭര്‍ത്താവിന്റെ
പെട്ടിയില്‍ കണ്ടെത്തുന്നതാണ്
ഹുറൈറ അയാള്‍ക്കെതിരില്‍
ഉപയോഗിക്കുന്ന ഒരായുധം.
ഹെമിങ് വേയുടെ കിഴവന്റെ സഹനവും
ദുരന്തവും തന്റെ ജീവിതത്തിലും
മാറ്റൊലിക്കൊള്ളുന്നതായി
ആ പുസ്തകം വീണ്ടും വീണ്ടും
വായിക്കുന്ന, നല്ല
വായനക്കാരിയായ ഹാജിയ
ചിന്തിക്കുന്നുണ്ട്.
എന്നാല്‍, ഇതിനൊക്കെ
നേര്‍വിപരീതമായി, ബുബാ
മൈകുദിയെ പോലുള്ളവര്‍ക്ക്
വിദേശത്തു മികച്ച യൂണിവേഴ്സിറ്റികളില്‍
തങ്ങളുടെ മക്കളുടെ ഭാവി
സുരക്ഷിതമാണെങ്കിലും റേസായെ
പോലുള്ള ചാവേറുകളുടെ കാര്യത്തില്‍
വേറെ പദ്ധതികളാണ്.
തെരഞ്ഞെടുപ്പ്
അടുത്ത സാഹചര്യത്തില്‍
‘രാഷ്ട്രീയത്തില്‍ നിതാന്ത
സൌഹൃദങ്ങള്‍ ഇല്ല, പക്ഷെ
നിതാന്ത താല്‍പര്യങ്ങള്‍
ഉണ്ട്’ എന്ന നിലപാടുള്ള തികഞ്ഞ
മാക്കിയവെല്ലിയന്‍ വില്ലന്‍
ആയ സെനറ്റര്‍, പാര്‍ട്ടിക്കകത്തെ
തന്റെ രാഷ്ട്രീയ എതിരാളി
അല്‍ ഹാജി ഷേഹു ബാകോരിയെ
വരുതിയിലാക്കാനുള്ള പദ്ധതിയുടെ
നടത്തിപ്പിനായി അയാളുടെ മകനെ
തട്ടിക്കൊണ്ടുപോകുകയെന്ന
ജോലി റേസയെ ഏല്‍പ്പിക്കുന്നത്
അതിന്റെ ഭാഗമാണ്.
അത്
കൂട്ടുകാരുടെ പിടിപ്പുകേടില്‍
പരാജയപ്പെടുന്നത് അയാളെ
ബോസിന്റെ കരിമ്പട്ടികയിലാക്കുന്നു.
എന്നാല്‍
നോവലിസ്റ്റ് ഈ സന്ദര്‍ഭത്തെ
റേസയുടെ മനസ്സില്‍ ഇനിയും
വറ്റിയിട്ടില്ലാത്ത
മനുഷ്യത്വത്തിന്റെ ഉറവ
ഒരിക്കല്‍ കൂടി ചുരത്താനുള്ള
അവസരമായാണ് ഉപയോഗിക്കുന്നത്.
ആളുമാറി
തടവിലാക്കുന്ന പെണ്‍കുട്ടിയോട്
തോന്നുന്ന ആകര്‍ഷണം ഒരു
കീഴടക്കല്‍ മനോനിലയിലേക്ക്
ഒരിക്കലും അയാളെ എത്തിക്കുന്നില്ല.
ലൈലയുടെ
മുടിയിഴകളുടെ മസൃണതയും
ഉടലിന്റെ പേലവ യൌവ്വനവും
പ്രായം കടന്ന ഹാജിയയുമായുള്ള
സമാഗമ ഘട്ടത്തില്‍ അയാളെ
മഥിക്കുന്നുണ്ട്; അയാളുടെ
എങ്ങോ നഷ്ടപ്പെട്ട ഭാവം പുതിയ
ബന്ധത്തിന്റെ തെളിവായി ഹാജിയ
മണത്തറിയുന്നുമുണ്ട്.
തങ്ങള്‍
രണ്ടുപേരും പെട്ട് പോയവരാണ്
എന്ന് ലൈലയോട് വിവരിക്കുന്ന
റേസ പറയുന്നുണ്ട്: “ചിലയാളുകള്‍
പുതിയ ഔഷധികള്‍ കണ്ടെത്താനുള്ള
ശ്രമത്തിലാണ്, മറ്റുള്ളവര്‍
പുതിയ ആയുധങ്ങള്‍ തീര്‍ക്കുകയും.
പിന്നെ
വേറെ ചിലരുണ്ട് തങ്ങളെ തന്നെ
കൊല്ലാന്‍ നടക്കുന്നവര്‍.
ശരിക്കും
ഭോഗിക്കപ്പെട്ടത്, മനസ്സിലാവുന്നുണ്ടല്ലോ?” ദുരൂഹമായ
ചടങ്ങായി ദൈവപ്രീതിക്കുവേണ്ടി
മൂന്നു വയസ്സുകാരിയെ കൊന്നു
തുണ്ടം തുണ്ടമാക്കിയ കൊലയാളിയെ
കുറിച്ച് പറയുമ്പോള്‍
ഒളിപ്പിച്ചു വെക്കാന്‍
ശ്രമിക്കുന്ന ഒരുതുള്ളി
കണ്ണീര്‍ അയാളുടെ കണ്ണുകളില്‍
പൊടിയുന്നത് അവള്‍ കാണുന്നുണ്ട്.
ബലിമൃഗത്തിന്റെ
അടയാളം
നോവലിലെ
കഥാപാത്രങ്ങളെല്ലാം സമൂഹ
നിര്‍മ്മിതിയായ സങ്കീര്‍ണ്ണതകളെ
നേരിടുന്നുണ്ടെന്നും ഒരു
‘ചെഞ്ചോര മൊട്ടു’മായി ബന്ധം
സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്
(Salamatu
Sule:
“SEASON
OF CRIMSON BLOSSOMS”: THE EFFECT OF SOCIETY ON THE HUMAN
PERSONALITY IN ABUBAKAR ADAM IBRAHIM’S DEBUT NOVEL:
.wrr.ng/authorpedia).
ഫായിസ
യുദ്ധത്തിന്റെ പ്രതിബിംബങ്ങള്‍
വരക്കാന്‍ ശ്രമിക്കുമ്പോള്‍
ഹുറൈറക്ക് തന്റെ ഭര്‍ത്താവിനെ
തിരികെ കിട്ടണം.
റേസയുടെ
ദുരന്തത്തിനു ശേഷം അയാള്‍
നല്‍കിയ പൂമ്പാറ്റകളെ
തുന്നിപ്പിടിപ്പിച്ച ലേസുകളില്‍
ബിന്‍തയുടെ പ്രണയം തങ്ങിനില്‍ക്കും.
നിരന്തര
പ്രണയാഭ്യര്‍ത്ഥനയുമായി
ഹാജിയ ബിന്‍തയെ പിന്തുടരുന്ന
മലാം ഹാറൂനയുടെ റേഡിയോയാണ്
അയാളുടെ ചെഞ്ചോര മൊട്ട്.
ഹാജിയ
അതുമാത്രമല്ല; അയാളുടെ
പ്രണയത്തെയും നിഷേധിക്കുന്നതാണ്
അയാളില്‍ പ്രതികാരവാഞ്ചയായി
ഉണരുകയും ഉന്നതങ്ങളില്‍
പിടിപാടുള്ള ഹാജിയുടെ മകന്‍
മുന്‍കൈലയെ റേസയുമായുള്ള
മുഖാമുഖത്തിലേക്കും തുടര്‍ന്ന്
ദുരന്തങ്ങളുടെ അനുസ്യൂതിയിലേക്കും
കൊണ്ടെത്തിക്കുകയും ചെയ്യുക.
റേസയില്‍
നിരാശനായിപ്പോയ സെനറ്ററും
ചെറുപ്പക്കാരന്റെ കൂസലില്ലായ്മയില്‍
എന്നും പ്രകോപിതനായിരുന്ന
പോലീസ് മേധാവി ദോദാ ബലേരിയും
അതില്‍ കണ്ണിചേരുന്നത്
തികച്ചും ഒരു കാനിവുഡ്
ത്രില്ലര്‍ ചേരുവ പ്രദാനം
ചെയ്യുന്നുമുണ്ട്.
റേസയുടെ
ദുരന്തം എവിടെയൊക്കെയോ മെല്‍
വില്ലിന്റെ ബില്ലിയെ (Billy
Budd: the Sailor – Herman
Melville) ഓര്‍മ്മിപ്പിക്കുന്നുണ്ട്, ബില്ലിയുടെ
നിരുപാധിക നിഷ്കളങ്കതയല്ല
റേസയുടെ പ്രകൃതം എന്നിരിക്കിലും.
പാപത്തിന്റെ
ശമ്പളം മരണമെന്ന പരമ്പരാഗത
സമൂഹങ്ങളില്‍ രൂഡമായ നിലപാടിനു
തികച്ചും ദാരുണമായ ഒരു
ഉദാഹരണമായിത്തീരുന്ന
നോവലന്ത്യം, മരണത്തെക്കാള്‍
വലിയ ദുരന്തമാണ് ബിന്‍തയുടെ
വിഹിതമായി കരുതിവെക്കുന്നത്.
വിധവയുടെ
അടിച്ചമര്‍ത്തപ്പെട്ട
ഉടല്‍മോഹങ്ങളുടെ വിമോചനം
എന്ന സാധ്യതക്കെതിരെ മതവും
ലൈംഗിക അസൂയയും കുടുംബ
ബന്ധങ്ങളുടെ കെട്ടുപാടുകളും
ഒരുമിച്ചു കൈകോര്‍ക്കുമ്പോള്‍, രക്ഷപ്പെടാനുള്ള
ചെറിയ മനുഷ്യരുടെ മോഹങ്ങളൊന്നും
നടക്കാന്‍ പോകുന്നില്ലെന്നും
പശ്ചാത്താപ ബോധത്തിനോ സ്വയം
പരിവര്‍ത്തനപ്പെടാനുള്ള
സന്നദ്ധതക്കോ ഒരിക്കല്‍
വാളെടുത്തുപോയ ഇരജന്മങ്ങളെ
പുനരധിവസിപ്പിക്കാനാവില്ല
എന്നും റേസായുടെ വിധി
സാക്ഷ്യപ്പെടുത്തുന്നു.
പ്യൂരിറ്റാനിക്കല്‍
സാഹചര്യങ്ങളിലെ വിലക്കപ്പെട്ട
ലൈംഗികതയുടെ ആവിഷ്കാരത്തില്‍
നോവല്‍ നാഥനീല്‍ ഹോതോണിന്റെ
‘ദി സ്കാര്‍ലെറ്റ് ലെറ്റര്‍’
എന്ന ക്ലാസിക്കിനെ
ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും
ബിന്‍ത സുബൈറുവിനെ ഹെസ്റ്റര്‍
പ്രിന്നിന്റെ ഒരു ഹോസാ-മുസ്ലിം
പതിപ്പായി കാണാമെന്നും ജോസഫ്
ഒമോതായോ (Joseph
Omotayo, criticalliteraturereview.blogspot.com) നിരീക്ഷിക്കുന്നതും
പ്രസക്തമാണ്.
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 171-180)
To purchase, contact
ph.no: 8086126024
read more:
Ghana Must Go by Taiye Selasi
https://alittlesomethings.blogspot.com/2016/08/blog-post_59.html
Americanah by Chimamanda Ngozi Adichie
https://alittlesomethings.blogspot.com/2024/08/americanah-by-chimamanda-ngozi-adichie.html
Purple Hibiscus by Chimamanda Ngozi Adichie
https://alittlesomethings.blogspot.com/2016/06/blog-post_10.html