Featured Post

Showing posts with label American Fiction. Show all posts
Showing posts with label American Fiction. Show all posts

Friday, October 18, 2024

James by Percival Everette

 

ഹക്ക് ഫിന്‍ അത്ര സമത്വവാദിയായിരുന്നില്ല.


“ആധുനിക അമേരിക്കന്‍ സാഹിത്യം മുഴുവന്‍ മാര്‍ക്ക് ട്വൈനിന്റെ ഹക്കിള്‍ബറി ഫിന്‍ എന്ന ഒരൊറ്റ പുസ്തകത്തില്‍ നിന്നാണ് വരുന്നത്” എന്ന ഹെമിങ് വേയുടെ വിഖ്യാത നിരീക്ഷണം ആ പുസ്തകത്തിന് അമേരിക്കന്‍ സാഹിത്യത്തിലുള്ള പ്രാധാന്യം വിളിച്ചോതുന്നു. പ്രസന്നമായ ഹാസ്യത്തിന്റെയും ഒപ്പം തീക്ഷ്ണമായ സറ്റയറിന്റെയും അകമ്പടിയോടെ രചിക്കപ്പെട്ട പുസ്തകം, ഒറ്റനോട്ടത്തില്‍ യങ് അഡല്‍റ്റ് വായനക്കാരുടെ ഇഷ്ടവിഭവം പോലെ തോന്നാമെങ്കിലും കാലഘട്ടത്തിന്റെ ഏറ്റവും വലിയ ക്രൂരവിനിമയത്തെ കുറിച്ചുള്ള തന്റെ സാമൂഹിക നിരീക്ഷണ ഇടമാക്കി മാര്‍ക്ക് ട്വൈന്‍ നോവലിനെ പരിവര്‍ത്തിപ്പിച്ചതാണ് പുസ്തകത്തെ അനശ്വരക്ലാസിക് ആക്കിമാറ്റിയത്. അപരിമേയമായ സ്വാതന്ത്ര്യബോധം, ഒരുതരം സ്വാര്‍ത്ഥ/ നിയാമക/ സാമൂഹിക പരിഗണനകളിലും ഒതുക്കാനാകാത്ത കൃസ്തുസമാനമായ നൈതികത, ഒപ്പം, ആവശ്യമെങ്കില്‍ യുക്തമായ കൊച്ചുകള്ളത്തരങ്ങളും അംഗീകൃത സാമൂഹിക കാപട്യങ്ങളെ വിദഗ്ദമയി പറ്റിച്ച് അതിജീവിക്കാനുള്ള പ്രത്യുല്പന്നമതിത്വവും – ലോകസാഹിത്യത്തിലെ ഏറ്റവും ഗൃഹാതുരതയോടെ സ്നേഹിക്കപ്പെട്ട തന്റെ കൗമാരക്കാരന്‍ നായകനെ നോവലിസ്റ്റ് സൃഷ്ടിച്ചത് ഈ ഗുണവിശേഷങ്ങള്‍ പകര്‍ന്നുനല്‍കിയാണ്‌. എന്നാല്‍, മറ്റൊരു മൂല്യബോധം ശക്തിയാര്‍ജ്ജിച്ച വേറൊരു കാലത്ത്, ക്ലാസിക്കുകളില്‍ വിട്ടുവെച്ച മൗനത്തിന്റെ/ അസ്പഷ്ടതയുടെ ഇടങ്ങള്‍ പുനര്‍വിചാരണ ചെയ്യപ്പെടും എന്നതിനു സാഹിത്യചരിത്രം സാക്ഷിയാണ്. അതിനു പ്രാപ്തരായ വിഗ്രഹഭജ്ഞകര്‍ അപൂര്‍വ്വമായെങ്കിലും പ്രസ്തുതകൃതികള്‍ക്ക് പുതിയ ഭാഷ്യങ്ങളോ പൂരകഭാഷ്യങ്ങളോ ചമയ്ക്കുകയും ചെയ്യും.

 

ലോകസാഹിത്യത്തില്‍ പ്രാമാണികപദവി ലഭിച്ചിട്ടുള്ള കൃതികള്‍ക്ക് ആശയ പരമായ ഉള്ളടക്കങ്ങളെ ഭേദ്യംചെയ്യുന്ന തരത്തില്‍ മറുപാഠങ്ങള്‍ ചമക്കുകയെന്നത് പോസ്റ്റ്‌ കൊളോണിയല്‍/ പോസ്റ്റ്‌മോഡേണ്‍ സാഹിത്യത്തില്‍ ഏതാണ്ടു നിയാമാകമായിത്തന്നെ സംഭവിച്ചിട്ടുമുണ്ട്: കോണ്‍റാഡിന്റെ വിഖ്യാതമായ മോഡേണിസ്റ്റ് മാസ്റ്റര്‍പീസിലെ (Heart of Darknessകൊളോണിയലിസ്റ്റ് ആഖ്യാനത്തിന് ബോധപൂര്‍വ്വമായ പൊളിച്ചെഴുത്തായി ഒട്ടേറെ കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. തയ്യിബ് സാലിഹിന്റെ Season of Migrations to the Northലിയോനാര മിയാനോയുടെ Dark Heart of the Night എന്നിവ ഉദാഹരണം. ആല്‍ബേര്‍ കാമുവിന്‍റെ ‘അന്യന്‍’ (The Outsiderഅയാളുടെ അസ്തിത്വപ്രതിസന്ധി നാട്യത്തിനുള്ളില്‍ യഥാര്‍ഥത്തില്‍ കൊളോണിയല്‍ ഹെജിമണിയുടെ പ്രിവിലെജുകളില്‍ അഭിരമിക്കുന്ന ഫ്രഞ്ച് സാമ്രാജ്യത്വ മനോഭാവത്തിന്റെ ഉടമ തന്നെയെന്നും ആരുമല്ലാത്ത അറബിയെ നിസ്സംഗനായി കൊലപ്പെടുത്താന്‍ അയാള്‍ക്ക് ആ പ്രിവിലേജ് തന്നെയാണ് തുണയാകുന്നത് എന്നും നിരീക്ഷിക്കുന്ന അള്‍ജീരിയന്‍ നോവലിസ്റ്റ് കെമാല്‍ ദാവൂദിന്റെ The Meursault Investigation മറ്റൊരു ഉദാഹരണമാണ്.  ഡിക്കന്‍സിന്റെ അനശ്വര കഥാപാത്രമായ ഡേവിഡ് കോപ്പര്‍ഫീല്‍ഡിന് സമകാലിക അമേരിക്കയിലെ അപ്പലാച്ചിയന്‍ മലയോരങ്ങളില്‍ ഒരു സമാന്തര പതിപ്പുണ്ടായാല്‍ എങ്ങനെയിരിക്കുമെന്നാണ് ബാര്‍ബറ കിംഗ്‌സോള്‍വറുടെ പുലിറ്റ്സര്‍ പുരസ്കാരം നേടിയ Demon Copperhead പരിശോധിക്കുന്നത്. വിഖ്യാത കൃതികളില്‍ മുഖ്യ ആഖ്യാതാവിന്റെ/ മുഖ്യകഥാപാത്രത്തിന്റെ നിഴലില്‍പെട്ടുപോയ കഥാപാത്രങ്ങളുടെ വേറിട്ട ഭാഷ്യങ്ങളില്‍ എഴുതപ്പെടുന്ന കൃതികളും ഏറെയുണ്ട്. ഓര്‍വെല്‍ മാസ്റ്റര്‍പീസില്‍ (“1984”) വിന്‍സ്റ്റന്‍ സ്മിത്തിന്റെ കാമുകിയായ ജൂലിയയുടെ കഥപറയുന്ന സാന്ദ്ര ന്യുമാന്റെ “Julia”,  മെല്‍വില്ലിന്റെ മോബിഡിക്കിലെ ക്യാപ്റ്റന്‍ ആഹാബിന്റെ ഭാര്യയെ പിന്തുടരുന്ന Ahab's Wife (Sena Jeter Naslund),  ഷാര്‍ലറ്റ് ബ്രോണ്ടിയുടെ ജെയ്ന്‍ എയറില്‍ എഡ്വാര്‍ഡ് റോചെസ്റ്ററുടെ ആദ്യഭാര്യയും മച്ചകത്തെ ചങ്ങലശബ്ദമായിമാത്രം ഇടയ്ക്കിടെ സാന്നിധ്യമറിയിക്കുന്ന നിഗൂഡപാത്രവുമായ ബെര്‍ത്താ മേസന് ഒരു പുരാവൃത്തം നല്‍കുന്ന Wide Sargasso Sea (Jean Rhys) തുടങ്ങിയവ ഈ ഗണത്തില്‍ പെടും.


മുകളില്‍ സൂചിപ്പിച്ച രണ്ടു ധാരകളോടും കണ്ണിചേരുന്ന കൃതിയാണ് അമേരിക്കന്‍ നോവലിസ്റ്റ് പെര്‍സിവല്‍ എവറെറ്റ് രചിച്ച “James” എന്ന നോവല്‍. മാര്‍ക്ക്‌ ട്വൈനിന്റെ  Adventures of Huckleberry Finn” എന്ന ക്ലാസിക്കിനെ പ്രസ്തുത നോവലിലെ അടിമ ജിമ്മിന്റെ വീക്ഷണത്തില്‍ പുനര്‍വിഭാവന ചെയ്യുന്ന നോവല്‍ മാര്‍ക്ക്‌ ട്വൈനിന്റെ കൃതിയിലെ സംഭവവികാസങ്ങള്‍ തന്നെയാണ് അതേ പിക്കാറസ്ക് (picaresque) സ്വഭാവത്തില്‍ വലിയൊരളവു പിന്തുടരുന്നത്. എന്നാല്‍ ഇപ്പോഴത്‌ തികച്ചും വേറിട്ടതും അടിമത്തത്തെ സംബന്ധിച്ച അക്കാലത്തെ ലോകവീക്ഷണത്തെ വിചാരണ ചെയ്യുന്നതുമാണ് ഹക്ക് ഫിന്നിന്റെ നിലപാടുകള്‍ അക്കാലത്തിന്റെ ലെന്‍സിലൂടെ നോക്കുമ്പോള്‍ വിപ്ലവാത്മകമായിരുന്നു. ‘ഓടിപ്പോയ അടിമ (runaway slave) എന്ന പദവി ഒരുതരം സാമൂഹിക/ നിയമ പരിരക്ഷയും അര്‍ഹിക്കാത്ത കുറ്റവാളിയുടെതാണ് എന്ന കാലഘട്ടത്തിന്റെ നീതിസാരത്തെ സ്വന്തം ഉള്‍വിളിയുടെ മാത്രം ബലത്തില്‍ വെല്ലുവിളിക്കുന്നവന്‍. ലോക/ സമൂഹനീതിയും നിയമവും, ഒരുവളേ രണ്ടിനും അലംഘനീയത നല്‍കിയ തിരുസഭയിലൂടെ ദൈവനീതിയുംഎതിരു നിന്നപ്പോഴും സുഹൃത്തായ അടിമയുടെ കൂടെനില്‍ക്കുകയും അതില്‍ തോറ്റുപോകുന്ന ഘട്ടങ്ങളില്‍ ഉള്ളറിഞ്ഞു പശ്ചാത്തപിക്കുകയും ചെയ്യുന്ന ഹക്ക്, ഒരര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ ഔന്നത്യത്തിലേക്ക് ഉയരുന്ന കഥാപാത്രം തന്നെയാണ്. എന്നാല്‍ ഹക്കിന്റെ വിമോചിത സങ്കല്പങ്ങള്‍ എത്രമാത്രം സമഗ്രമാണ്ആഭ്യന്തരയുദ്ധത്തിനു മുമ്പുള്ള ദക്ഷിണദേശത്ത്‌ (Antebellum South) ജനിച്ച ജിമ്മിന് അടിമത്തവിരുദ്ധ (abolitionist) പ്രസ്ഥാനം ശക്തമായിക്കൊണ്ടിരുന്ന വടക്കന്‍ ദേശങ്ങളിലേക്ക് കടക്കാനും തൊഴില്‍ചെയ്തു സമ്പാദിച്ച് തന്റെ കുടുംബത്തിന്റെ സ്വാതന്ത്ര്യം ‘വാങ്ങാനും’ ഉള്ള ശ്രമങ്ങളില്‍ അയാളെ പിന്തുണക്കുമ്പോഴും ഹക്ക് അടിസ്ഥാനപരമായി വെള്ളക്കാരന്‍ തന്നെയാണോ?

 

മിസ്സിസ് വാട്ട്സന്റെ അടിമയായ ജിം തന്നെ ന്യുഓര്‍ലിയന്‍സിലെ ഒരു പ്ലാന്റര്‍ക്ക് വില്‍ക്കാന്‍ പോകുന്നുവെന്ന പദ്ധതി ഒളിഞ്ഞുകേള്‍ക്കാന്‍ ഇടവരുന്നത്‌ പ്രിയപ്പെട്ട ഭാര്യയെയും കുടുംബത്തെയും പിരിയാന്‍ കാരണമാകും എന്ന് മനസ്സിലാകുന്നതോടെ ഒളിച്ചോടുകയും ജാക്സണ്‍ ദ്വീപില്‍ അഭയം തേടുകയും ചെയ്യുന്നതോടെയാണ് ഇതിവൃത്തം ആരംഭിക്കുന്നത്. എങ്ങനെയും വടക്കന്‍ ദേശങ്ങളിലേക്ക് കടക്കുകയും ജോലിചെയ്തു സമ്പാദിക്കുന്ന പണവുമായി തിരികെവന്നു കുടുംബത്തിന്റെ സ്വാതന്ത്ര്യം ‘വാങ്ങുകയും ചെയ്യുക എന്നതാണ് അയാളുടെ സ്വപ്നം. ഏതാണ്ടു നോവലിന്റെ അന്ത്യഭാഗം വരെയും ഏറിയപങ്കും  മാര്‍ക്ക്‌ ട്വൈനിന്റെ  കൃതിയുടെ സമയരേഖയും സംഭവവികാസങ്ങളുംതന്നെ പിന്തുടരുന്ന നോവലില്‍ പാപ്പിന്റെ (ഹക്കിന്റെ പിതാവ്- ‘പാപ്പ്) മാരകമായ ആക്രമണത്തില്‍നിന്നു രക്ഷനേടാന്‍വേണ്ടി സ്വന്തം ‘മരണം’ സ്റ്റേജ് ചെയ്യുന്ന ഹക്കും ജാക്സണ്‍ദ്വീപില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് ഒരുമിച്ചുനീങ്ങുന്ന സുഹൃത്തുക്കള്‍ബാഹ്യമായി വെളുത്തവര്‍ഗ്ഗ ബാലനും ഓടിപ്പോയ അടിമയും എന്ന പ്രത്യക്ഷത്തില്‍ തന്നെയാണ് സൗഹൃദം തുടരുന്നത്. ഹക്കിന്റെ കൊലപാതകത്തിന്റെ കുറ്റംകൂടി ഇപ്പോള്‍ ജിമ്മിന്റെ തലയിലാണ് എന്നത് അയാളുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാക്കുന്നു. എന്നാല്‍ആ ഒരു വികാസം ഹക്ക് പ്രതീക്ഷിച്ചതല്ല അത്തരമൊരു വിഷമസന്ധിയില്‍ താന്‍കാരണം ജിം പെട്ടുപോകുന്നതില്‍ അവനു ഞെട്ടലുമുണ്ട്.


മിസിസിപ്പിയിലൂടെയുള്ള ഇരുവരുടെയും യാത്രകള്‍ അപ്രതീക്ഷിത അപകടങ്ങളുടെയും ‘ഓടിപ്പോയ അടിമ’യെ കണ്ടെത്തുന്നവര്‍ക്ക് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രതിഫലത്തുകയില്‍ കണ്ണുവെക്കുന്ന ട്രാക്കര്‍മാര്‍ക്കും, ഒപ്പംതട്ടിപ്പുകാരുടെ ചതികള്‍ക്കും ഇടയിലാണ്. ബാലകൗതുകത്തിന്റെ സാഹസങ്ങള്‍മുതല്‍ മിസിസിപ്പിയുടെ വന്യമായ പ്രകൃതി വ്യതിയാനങ്ങള്‍കുടിപ്പകകള്‍ഗോത്രയുദ്ധങ്ങള്‍ചെറുതും വലുതുമായ ആള്‍മാറാട്ടങ്ങള്‍, എന്നിങ്ങനെ സംഭവബഹുലമായ ഇതിവൃത്തവികാസത്തില്‍ മാര്‍ക്ക്‌ ട്വൈനിന്റെ ഭാഷ്യങ്ങള്‍ക്ക് എവറെറ്റ് നല്‍കുന്ന പരിണാമങ്ങള്‍ ജിമ്മിന്റെ പാത്രസൃഷ്ടിയില്‍ തന്നെയാണ് തുടങ്ങുന്നത്. ഹക്കും ടോം സോയറും നടത്തുന്ന കോപ്രായങ്ങളില്‍ ചകിതനാകുന്ന അന്ധവിശ്വാസിയും പേടിത്തൊണ്ടനും എന്നാല്‍ നിഷ്കളങ്കനുമായ ‘നിഗ്ഗര്‍’ എന്നതില്‍നിന്നു തികച്ചും വ്യത്യസ്തനാണ് എവറെറ്റ് നല്‍കുന്ന ജിമ്മിന്റെ യഥാര്‍ത്ഥചിത്രം. ജഡ്ജ് താച്ചറുടെ സമ്പന്നമായ ലൈബ്രറി വേണ്ടുവോളം ഉപയോഗിച്ച ബുദ്ധിജീവിയായവലിയ വായനക്കാരന്‍. വെള്ളത്തില്‍ വീഴുന്ന കനപ്പെട്ട പുസ്തകങ്ങള്‍ അവയുടെ ‘ഗന്ധ’ത്തിന്റെ പേരില്‍ സൂക്ഷ്മതയോടെ ഉണക്കിയെടുത്തു സംരക്ഷിക്കുന്നത് കൂട്ടുകാരനോ മറ്റേതെങ്കിലും വെള്ളക്കാരോ പരിസരത്തില്ലാത്തപ്പോള്‍ ആര്‍ത്തിയോടെ വായിക്കാന്‍ തന്നെയാണ്. പുസ്തകങ്ങളെ തനിക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ഏക ഇടമായാണ് അയാള്‍ കാണുന്നത്. സ്വപ്നത്തിലോ മോഹനിദ്രയിലോ ഒക്കെ റൂസ്സോയെയും ജോണ്‍ ലോക്കിനെയും വോള്‍ട്ടെയറെയും പോലുള്ള നവീകരണകാല (Enlightenment Era) തത്വചിന്തകരോട് അടിമത്തസമ്പ്രദായം പോലുള്ള പ്രശ്നങ്ങളുടെ നൈതികധാര്‍മ്മിക വശങ്ങളില്‍ കലഹിക്കുന്നവന്‍. ഒരര്‍ത്ഥത്തില്‍ഈ സംവാദങ്ങള്‍ നിലനിന്ന ഏറ്റവും സ്വാധീനമുണ്ടായിരുന്ന ഒരു ചിന്താപദ്ധതിയെ തന്നെ തുറന്നുകാട്ടലാണ്; അഥവാ ഒരു സമൂഹവും അംഗീകരിക്കാനിടയില്ലാത്തെ വിധം സ്റ്റാറ്റസ്കോയെ വെല്ലുവിളിക്കല്‍. മറ്റൊരു കാലത്തില്‍മറ്റൊരു സാഹചര്യത്തിലാണ് ജെയിംസ് ജീവിച്ചിരുന്നതെങ്കില്‍ അയാളൊരു സ്കോളറോ തത്വചിന്താപരമായ പുസ്തകങ്ങളുടെ രചയിതാവോ ആകുമായിരുന്നു എന്ന് വായനക്കാരന് ശരിക്കും അനുഭവപ്പെടും. എഴുതാനുള്ള അയാളുടെ വാസനപോലും ദുരന്തകാരിയായിരുന്നു അക്കാലത്തെന്നു നോവല്‍ സൂചിപ്പിക്കുന്നത് മറ്റൊരു വേദനിപ്പിക്കുന്ന ചിത്രത്തിലൂടെയാണ്: അയാള്‍ക്കുവേണ്ടി യജമാനന്റെ പെന്‍സില്‍ മോഷ്ടിക്കുന്ന അടിമ നേരിടുന്ന പ്രാണന്‍ പിടയുന്ന പീഡനം ആ ഓര്‍മ്മപ്പെടുത്തലാണ്. ഉറക്കത്തില്‍ അയാള്‍ ഹക്കിനു മനസ്സിലാക്കാന്‍ കഴിയാത്ത വലിയ കാര്യങ്ങള്‍ പറയുന്നത്, അതും പ്രതീക്ഷിക്കുന്നില്ലാത്ത പ്രാമാണിക ഭാഷയില്‍, അവനെ അങ്കലാപ്പിലാക്കുന്നുണ്ട്. അടിമകള്‍ക്ക് സംവരണം ചെയ്യപ്പെട്ട കുറുഭാഷയല്ലാതെ തികഞ്ഞ മാനക ഇംഗ്ലിഷ് പരിജ്ഞാനം ഉണ്ടെന്നുമാത്രമല്ലഅടിമത്തസമ്പ്രദായത്തില്‍ പാലിക്കേണ്ട കുറുഭാഷയില്‍, അഥവാ ‘തെറ്റായ വ്യാകരണം ശരിക്കും തെറ്റായി ഉപയോഗിക്കാന്‍’,  ഇതര കറുത്തവര്‍ഗ്ഗക്കാര്‍ക്ക് അധ്യയനം നടത്തുന്നവനുമാണ് അയാള്‍. വെള്ളക്കാരന്റെ ഭാഷ ഉപയോഗിക്കുന്നത് അടിമകള്‍ക്ക് കടുത്ത ശിക്ഷ വിളിച്ചുവരുത്തുന്ന കാര്യമായിരുന്നു താനും. ജിം എന്ന അടിമപ്പേരിന്റെ സ്ഥാനത്തു ജെയിംസ് എന്നുതന്നെ സ്വയം നാമകരണം ചെയ്യുന്നത് അയാളുടെ വ്യക്തിത്വസംസ്ഥാപനത്തിന്റെയും കര്‍തൃത്വസ്ഥാപനത്തിന്റെയും തുടക്കം തന്നെയാണ്. ജിം എഴുതുന്നതാണ് നാം വായിക്കുന്നത് എന്നിടത്ത്നിരക്ഷരനായ അടിമ എന്ന സ്റ്റീരിയോടൈപ്പ് പൊളിഞ്ഞുവീഴുന്നു. എന്നാല്‍ ഈ വിമോചിതവ്യക്തിത്വം (emancipated persona)  ഹക്കില്‍നിന്നും ഇതര വെളുത്തവര്‍ഗ്ഗക്കാരില്‍നിന്നും അയാള്‍ ബോധപൂര്‍വ്വം മറച്ചുപിടിക്കുകയാണ്. കറുത്തവര്‍ഗ്ഗ അടിമയില്‍നിന്നും പ്രതീക്ഷിക്കപ്പെടുന്നതെന്തോ ആ പെരുമാറ്റങ്ങള്‍ കൃത്യമായും പിന്തുടരുന്ന ഒരു ബാഹ്യവ്യക്തിത്വമാണ് അയാള്‍ പുറമേ കാണിക്കുക. ലോകത്തെങ്ങും ഭാഷയുടെ ഹെജിമണി ഈവിധം കീഴാള വിരുദ്ധതയുടെ ചിഹ്നമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നത് സ്മരണീയമാണ്. ‘പുളിച്ചത്‌’ എന്ന കീഴാളപ്രയോഗത്തിനുപകരം ‘ഉപ്പ്’ എന്ന ‘വരേണ്യപദം ഉപയോഗിച്ചതിനു തല്ലിക്കൊല്ലപ്പെട്ട കേരളീയ കീഴാളന്റെ ചരിത്രം ഓര്‍ക്കാവുന്നതാണ്. ജിം തന്റെമുന്നില്‍ ഇരട്ടവ്യക്തിത്വം കാണിക്കുന്നത് ഹക്കിനെ വേദനിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലുംനോവലന്ത്യത്തില്‍ഇതരവെള്ളക്കാര്‍ക്കു മുന്നില്‍ അയാള്‍ തന്റെ കൃതൃമ അടിമഭാഷ ഉപേക്ഷിക്കുമ്പോള്‍ ശിക്ഷാര്‍ഹമായ കുറ്റം ചെയ്തതിലെ എതിര്‍പ്പിലേറെ അയാള്‍ക്കത് സാധ്യമോ എന്ന അവരുടെ അവിശ്വസനീയതയിലാണ് നോവലിസ്റ്റ് ഊന്നുന്നത്. ത്രില്ലര്‍ ഴോനറിലേക്കു ചുവടുമാറ്റുന്ന നോവലന്ത്യമാകുമ്പോഴേക്കും ജെയിംസ് ശരിക്കും ആളുകളെ കൊന്നിട്ടുണ്ട്അടിമകളെ മോചിപ്പിച്ചിട്ടുണ്ട്അടിമകളോട് അസാമാന്യ ക്രൂരതക്ക് പേരുകേട്ട ഒരു പ്ലാന്റെഷന്‍ തീയിട്ടു നശിപ്പിച്ചിട്ടും ഉണ്ട്. ഉറക്കെ പറയുന്നില്ലെങ്കിലും അടിമ സമൂഹത്തിനിടയില്‍ അയാള്‍ സ്വയമൊരു ഇതിഹാസമായി മാറിയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ജിമ്മിനു മുന്നില്‍ ജഡ്ജ് താച്ചര്‍ വിറച്ചുപോകുന്നത് തനിക്കുനേരെ ചൂണ്ടുന്ന പിസ്റ്റള്‍ കാരണം എന്നതിലേറെ ജിം ഉപയോഗിക്കുന്ന ‘പ്രാമാണിക’ ഭാഷമൂലമാണ്. നോവലിസ്റ്റ് കൃത്യമായും സൂചിപ്പിക്കുന്നത് ഭാഷ എന്ന സാമൂഹികരാഷ്ട്രീയ, വിമോചക ആയുധത്തിന്റെ പ്രസക്തി തന്നെയാണ്.

 

മാര്‍ക്ക് ട്വൈനിന്റെ അങ്കലാപ്പുകളും എവറെറ്റ് പറഞ്ഞുവെക്കുന്നതും    

 

1884ല്‍ പ്രസിദ്ധീകരിച്ച തന്റെ നോവലില്‍ ‘നിഗ്ഗര്‍’ (‘n- word’) എന്ന പദം പേര്‍ത്തുംപേര്‍ത്തും ഉപയോഗിക്കുന്നതിന് മാര്‍ക്ക് ട്വൈന്‍ ഏറെ വിചാരണചെയ്യപ്പെട്ടിട്ടുണ്ട്. ഏതാണ്ട് ഒന്നര നൂറ്റാണ്ടിനിപ്പുറംപോള്‍ ബീറ്റിയുടെ പുലിറ്റ്സര്‍ പുരസ്കാരം നേടിയ “The Sellout” എന്ന നോവലിലെ ഫോയ് ചെസ്റ്റര്‍, തന്റെ പേരക്കിടാങ്ങള്‍ക്ക് ‘ഹക്കിള്‍ബെറി ഫിന്‍’ വായിച്ചുകൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ 219 തവണ നോവലില്‍ ആ പ്രയോഗം കണ്ടു അന്തംവിടുന്നുണ്ട്: അയാള്‍ അതിനെയും ‘അടിമ’ എന്ന പദത്തെയും യഥാക്രമം 'warrior' (‘യോദ്ധാവ്), 'dark-skinned volunteer (‘ഇരുണ്ട നിറമുള്ള സന്നദ്ധന്‍) എന്നീ പദങ്ങള്‍ക്കൊണ്ട് കുട്ടികള്‍ക്കുവേണ്ടി പകരം വെക്കുന്നു. എന്നാല്‍അടിമത്തം നിയമവിധേയമായിരുന്ന തെക്കന്‍ സ്റ്റേറ്റുകളുടെ 1830- 40  കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്ക് ട്വൈന്‍ കഥപറയുന്നത് എന്നതു മറന്നുകൂടാ.

 

 ഹക്കില്‍നിന്നു വേര്‍പെട്ടു കഴിയുന്ന സന്ദര്‍ഭങ്ങളിലാണ് ജെയിംസിന്റെ യഥാര്‍ത്ഥ വ്യക്തിത്വം സ്വാഭാവികമായും മുഴുവനായി പ്രകടിതമാകുന്നത്. നോവലന്ത്യത്തില്‍ അത്തരം സന്ദര്‍ഭങ്ങള്‍ കൂടുതലുണ്ട്. മാര്‍ക്ക് ട്വൈനിന്റെ കഥയില്‍നിന്നു എവറെറ്റ് കൂടുതല്‍ വ്യതിചലിക്കുന്നതും ഈ ഭാഗത്താണ്. ജെയിംസിന് ഹക്കിനോട് തോന്നുന്ന തീവ്രമായ സംരക്ഷകഭാവത്തിനു നോവലിസ്റ്റ് നല്‍കുന്ന കാരണം അക്ഷരാര്‍ത്ഥത്തില്‍ വംശീയ ശ്രേണീബദ്ധതയെ വെല്ലുവിളിക്കുന്നതു തന്നെയാണ്. എന്നാല്‍ജനിതക സങ്കരങ്ങളെ കുറിച്ചുള്ള പുതിയ അറിവുകള്‍ അത്തരം ശുദ്ധിവാദങ്ങളെ കൊഞ്ഞനം കുത്തുന്നതാണ്. ഒളിച്ചിരുന്നു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന രഹസ്യങ്ങള്‍/ സംഭവങ്ങള്‍ നിര്‍ണ്ണായകമായ ഇതിവൃത്തത്തില്‍ ഞെട്ടിക്കുന്ന അത്തരമൊന്നിനു ജെയിംസ് സാക്ഷിയാകുന്നത് സുപ്രധാനമാണ്‌: തന്റെ ഉപേക്ഷിക്കപ്പെട്ട വീടിനകത്ത് ഒരടിമസ്ത്രീ ക്രൂരമായ ബലാല്‍ക്കാരത്തിനു വിധേയയാകുന്നത് ഒളിനോട്ടത്തിന്റെ സാധ്യതയായല്ല; അടിമത്തത്തിന്റെ ഹിംസാത്മകതയുടെയും സ്ത്രീവിരുദ്ധതയുടെയും സാക്ഷ്യമായാണ് എവറെറ്റ് അവതരിപ്പിക്കുന്നത്‌. മാര്‍ക്ക്‌ ട്വൈന്‍ അത്തരമൊരു രംഗം എഴുതിയിട്ടില്ലെങ്കിലും അവക്കെല്ലാം ഹക്കും കൂട്ടുകാരന്‍ ടോം സോയറും പലവുരു സാക്ഷ്യം വഹിച്ചിരിക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍അത്തരം അനുഭവങ്ങളോട് നൈതികമായി പ്രതികരിക്കുകയും അടിമത്തവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോഴും വെളുത്തവര്‍ഗ്ഗക്കാരായ ‘അബോളിഷനിസ്റ്റുകള്‍’ തങ്ങളുടെ വംശീയപദവി നല്‍കുന്ന ഉല്‍ക്കര്‍ഷ ഉപയോഗിക്കുന്നതില്‍ അത്രയൊന്നും വിമുഖരായിരുന്നില്ല. മഹാമനസ്കതയുടെ ചേര്‍ന്നുനില്‍ക്കല്‍ എന്ന നിലയിലാണ്, മാനവികതുല്യത എന്ന ഉദാത്തമൂല്യത്തിലുള്ള നിബന്ധനകളില്ലാത്ത ഐക്യപ്പെടല്‍ എന്ന അര്‍ത്ഥത്തിലല്ല അവരില്‍പ്പലരും അടിമത്ത വിരുദ്ധ നിലപാടില്‍ അണിചേര്‍ന്നത്‌. തന്റെ ‘കൊലക്കുറ്റം ജിമ്മില്‍ ആരോപിക്കപ്പെടുമ്പോള്‍ “വെള്ളക്കാരെ എനിക്കിഷ്ടമല്ല.. ഞാനും അതാണെങ്കിലും” എന്ന് തുറന്നടിക്കുന്ന ഹക്ക് പോലും സുഹൃത്തിന്റെ ദുരിതങ്ങളിലുള്ള രോഷമാണ്‌ പ്രകടിപ്പിക്കുന്നത്. അത് ബാലസഹജമായ നിഷ്കളങ്കത മാത്രമാണെന്നു തിരിച്ചറിയുന്ന ജിം സൂക്ഷ്മമായി നിരീക്ഷിക്കുന്നു: “വെള്ളക്കാര്‍ കുറ്റബോധം അനുഭവിക്കാന്‍ ഇഷ്ടപ്പെടുന്നു”. അതവര്‍ക്ക് ദണ്ഡവിമോചനം നല്‍കുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. ‘നിഗ്ഗറു’ടെ മകനായിരിക്കുക എന്ന സാധ്യതയോട് പൊട്ടിത്തെറിക്കുന്ന ഹക്കിനെ നോവലിസ്റ്റ് തുറന്നുകാട്ടുന്നുമുണ്ട്. വടക്കന്‍ദേശത്തു നടക്കുന്നതായി പറയപ്പെടുന്ന അടിമത്തവിരുദ്ധ മുന്നേറ്റങ്ങളൊന്നും ജെയിംസിനെ വ്യാമോഹിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. വാസ്തവത്തില്‍ കറുത്തവന്‍-വെളുത്തവന്‍ ദ്വന്ദ്വത്തെക്കാള്‍ സങ്കീര്‍ണ്ണമാണ് തെക്കന്‍ ദേശങ്ങളും വടക്കന്‍ ദേശങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ അടിവേരുകള്‍ എന്ന് അയാള്‍ കരുതുന്നു. വിര്‍ജീനിയന്‍ ഗായകസംഘത്തോടൊപ്പം ചേരുമ്പോള്‍ അയാള്‍ക്ക് പ്രസ്തുത ദ്വന്ദ്വത്തിന്റെ വൈചിത്ര്യം തീക്ഷ്ണമായി അനുഭവപ്പെടുന്നുണ്ട്:

“ഞാനെന്റെ ജീവിതം മുഴുവന്‍ അടിമയായി കഴിഞ്ഞിട്ടുംഇത്രയും അസംബന്ധപൂര്‍ണ്ണവും സര്‍റിയല്‍ ആയതുംവങ്കത്തം നിറഞ്ഞതുമായ ഒരു സന്ദര്‍ഭം മുമ്പനുഭവിച്ചിട്ടില്ല. ഞങ്ങള്‍ പന്ത്രണ്ടു പേരുണ്ടായിരുന്നുപട്ടണത്തിന്റെ അടിമത്ത ഭാഗത്തെയും സ്വതന്ത്ര ഭാഗത്തെയും വേര്‍തിരിച്ച പൊതുനിരത്തിലൂടെ ഞങ്ങള്‍ മാര്‍ച്ച് ചെയ്തുപത്തു വെള്ളക്കാര്‍ കറുപ്പു ചായമടിച്ച മുഖങ്ങളോടെഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ കറുത്ത പെയിന്റടിച്ച വെള്ളക്കാരനായിനേരിയ ബ്രൌണ്‍-ബ്ലാക്ക് നിറക്കാരനായ ഞാന്‍ കറുത്തവന്‍ എന്ന വ്യാജേന കടന്നുപോകാന്‍ ശ്രമിക്കുന്ന വെള്ളക്കാരനാകാന്‍ വേണ്ടി കറുപ്പു ചായമടിച്ച്‌.”       

എഴുത്തില്‍ ധാരാളിയാണ് ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള പെര്‍സിവല്‍ എവറെറ്റ്. ചരിത്രത്തെയും പോതുബോധ്യങ്ങളെയും വിചാരണ ചെയ്യുന്ന നിശിത വിമര്‍ശനവും സറ്റയറും ഇരുണ്ട ഹാസ്യവും തന്നെയാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ പൊതുസ്വഭാവം. അക്കൂട്ടത്തില്‍ ഏറ്റവും ചടുലവും ചങ്കിടിപ്പിക്കുന്നതം ഒപ്പം ഏറ്റവും ഹൃദയസ്പര്‍ശിയുമായ കൃതി “James” തന്നെയെന്നു നിരൂപകമതം.

(ഭാഷാപോഷിണി, സെപ്തംബര്‍, 2024)


Read more:

The Underground Railroad by Colson Whitehead

https://alittlesomethings.blogspot.com/2017/08/blog-post_9.html

The Nickel Boys by Colson Whitehead

https://alittlesomethings.blogspot.com/2024/08/the-nickel-boys-by-colson-whitehead.html

The Sellout by Paul Beatty

https://alittlesomethings.blogspot.com/2016/11/blog-post_26.html 


Saturday, August 10, 2024

The Nickel Boys by Colson Whitehead

 “പഞ്ജരങ്ങളുടെ ചരിത്രാഖ്യായിക”




ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രത്തിലെ വംശീയ ഭീകരതകളുടെ ഇരുണ്ട ഏടുകള്‍ ഭാവനാപൂര്‍ണ്ണമായി പുനരാവിഷ്കരിക്കുകയും കണ്ണുള്ളവര്‍ക്ക് കാണാന്‍ പാകത്തില്‍ നൊമ്പരപ്പാടുകളായി എരിഞ്ഞുനില്‍ക്കുമ്പോഴും പൊതുബോധം സൌകര്യപൂര്‍വ്വം വിസ്മൃതിയിലേക്ക് തള്ളാന്‍ തയ്യാറാകുന്നഎന്നാല്‍ ഒരിക്കലും മറന്നുപോകരുതാത്ത അനുഭവ കാണ്ഡങ്ങള്‍ തീക്ഷ്ണമായി അവതരിപ്പിക്കുകയും ചെയ്യുകയെന്നത് ദൗത്യമായിത്തന്നെ ഏറ്റെടുത്തിട്ടുള്ള എഴുത്തുകാരനാണ്‌ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ കോള്‍സണ്‍ വൈറ്റ്ഹെഡ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 2017-ല്‍ പുലിറ്റ്സര്‍ പുരസ്കാരം നേടിയ ദി അണ്ടര്‍ഗ്രൌണ്ട് റെയില്‍റോഡ്‌ എന്ന നോവല്‍അടിമത്തം അതിന്റെ മുഴുവന്‍ ഭീകരതയിലും കൊടികുത്തിവാണ തെക്കന്‍ ദേശങ്ങളില്‍ നിന്ന് വടക്കന്‍ ദേശങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച കറുത്ത വര്‍ഗ്ഗക്കാരുടെ അനുഭവസാക്ഷ്യങ്ങളുടെ ഫിക് ഷനല്‍ പുനരാഖ്യാനമായിരുന്നു. അവരുടെ പാലായനത്തിനു സഹായകമായിത്തീര്‍ന്ന രഹസ്യ മാര്‍ഗ്ഗങ്ങളും അടിമത്തവിരുദ്ധ ആക്റ്റിവിസ്റ്റുകള്‍, ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച ഇതര മനുഷ്യര്‍ തുടങ്ങിയവരും എല്ലാമടങ്ങുന്ന നെറ്റ് വര്‍ക്ക് തന്നെയാണ് നോവലിന്റെ തലക്കെട്ടായിത്തീര്‍ന്ന രൂപകം. ഫ്രാങ്ക് റിച്ച് ചൂണ്ടിക്കാണിക്കുന്ന പോലെ *1 അമേരിക്കന്‍ പൊതുബോധത്തില്‍ ലീനമായ ഒരു വൈരുധ്യം പ്രസക്തമാണ്: “അമേരിക്കന്‍ രീതി: നാടിന്റെ അടിസ്ഥാനപരമായ പാപമായി അടിമത്തെ (സാധാരണ ഗതിയില്‍) അംഗീകരിക്കുകതുടക്കം മുതല്‍ ബ്ലാക്ക് അമേരിക്കക്കാര്‍ക്കെതിരെ നിരന്തരം നടക്കുന്ന കുറ്റകൃത്യങ്ങളെ (ചിലപ്പോഴൊക്കെ) തിരിച്ചറിയുകവല്ലപ്പോഴും ഉണ്ടാകുന്ന പ്രതീക്ഷ നല്‍കുന്ന അടയാള ചിഹ്നങ്ങള്‍ (സുപ്രീം കോടതി തീരുമാനങ്ങള്‍പൌരാവകാശ നിയമങ്ങള്‍‘വംശീയ കാലാനന്തര’ പ്രസിഡണ്ട്‌ പദവി) കൊണ്ടാടുകഎന്നിട്ട് പിന്നെ അടുത്ത ആളിപ്പടരല്‍ ‘വംശീയതയെ കുറിച്ച് പുതിയ ദേശീയ സംവാദങ്ങള്‍’ ആവശ്യപ്പെടുംവരെ മുന്നോട്ടു പോകുക.” പതിറ്റാണ്ടുകളായി പറയപ്പെടാതെ പോയഎന്നാല്‍ ആര്‍ക്കും കാണാമായിരുന്ന ഒരു സുവ്യക്ത ‘ഭീകരതയുടെ അറയുടെ കഥ’ മറ്റൊരു ആഖ്യാനമായി ആവിഷ്കരിക്കാന്‍ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ എഴുത്തുകാരന്‍ വരേണ്ടിവന്നു എന്നതില്‍ ഈ വൈരുധ്യം പ്രകടമാണെന്ന് 2019 ല്‍ പുറത്തിറങ്ങിയ ‘ദി നിക്കല്‍ ബോയ്സ് എന്ന വൈറ്റ്ഹെഡിന്റെ പുതിയ നോവലിനെ മുന്‍ നിര്‍ത്തി വിമര്‍ശകന്‍ നിരീക്ഷിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങള്‍മുതല്‍ 1965 വരെയും  ഭരണഘടനാ പരമായിത്തന്നെ നിലക്കൊണ്ട ജിം ക്രോ നിയമങ്ങള്‍ എന്നറിയപ്പെട്ട വംശീയ വിഭജന നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ വൈറ്റ്ഹെഡ് കഥ പറയുന്നത്. ആ അര്‍ഥത്തില്‍ ആദ്യനോവലിന്റെ ഒരു പ്രമേയപരമായ തുടര്‍ച്ച (Thematic sequel)  ആണ് ദി നിക്കല്‍ ബോയ്സ്. ഫ്ലോറിഡയിലെ മരിയാനയില്‍ ഒരു നൂറ്റാണ്ടിലേറെക്കാലം1900 ജനുവരി ഒന്നു  മുതല്‍  2011 ജൂണ്‍ മുപ്പതു വരെനിലനിന്ന ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ദുര്‍ഗ്ഗുണ പരിഹാരപാഠശാലയെന്ന മേല്‍വിലാസമുണ്ടായിരുന്ന ‘ആര്‍തര്‍ ജി. ഡോസിയര്‍ സ്കൂള്‍’ എന്ന ഭീകരതയുടെ അറയാണ് നോവലില്‍ ‘എലിനോറിലെ നിക്കല്‍ അക്കാദമി’ ആയിത്തീരുന്നത്. പ്രദേശം ഒരു ഓഫീസ് പാര്‍ക്ക് ആക്കി മാറ്റാന്‍ ശ്രമിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കും അവിടെ നടന്നതായി ആരോപിക്കപ്പെടുന്ന കിരാത പ്രവര്‍ത്തികളെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചുവെന്നു ആശ്വസിക്കുന്ന സ്റ്റേറ്റ് അറ്റോര്‍ണിക്കും തലവേദനയായി ഉരുളക്കിഴങ്ങു ചാക്കുകളില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തപ്പെടുന്ന കറുത്ത വര്‍ഗ്ഗക്കാരായ ആണ്‍കുട്ടികളുടെ അവശിഷ്ടങ്ങളോടെയാണ് എല്ലാം തുടങ്ങുന്നത്. പ്രസ്തുത വിവരണങ്ങള്‍ സൌത്ത് ഫ്ലോറിഡ യൂണിവേഴ്സിറ്റി ഗവേഷകര്‍ 2014-ല്‍ നടത്തിയ പുരാവസ്തു ഖനന പ്രക്രിയയില്‍ പൂര്‍ണ്ണമായും സാധൂകരിക്കുകയുണ്ടായി എന്ന് അടിക്കുറിപ്പായി നോവലിസ്റ്റ് എഴുതുന്നു.

“ആ നശിച്ച ഇടമാകെ നിലംപരിശാകണമായിരുന്നുവെട്ടിത്തെളിച്ച് ചരിത്രത്തില്‍ നിന്ന് വൃത്തിയായി തുടച്ചു നീക്കപ്പെടണമായിരുന്നുഅത് ചെയ്യേണ്ട കാലം അതിക്രമിച്ചെന്നു എല്ലാവരും സമ്മതിച്ചു”

എന്ന് നോവലിന്റെ ആമുഖ ആധ്യായത്തില്‍ പറയുന്നുണ്ടെങ്കില്‍ചരിത്രം ഈ വിധം തമസ്കരിക്കാന്‍ ശ്രമിച്ച ഇടങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അതെന്നും അങ്ങനെ ഒന്ന് സാദ്ധ്യമായിരുന്നെങ്കില്‍ ‘കേള്‍ക്കാന്‍ തയ്യാറുള്ള ആരെങ്കിലും ഉണ്ടെങ്കില്‍’ നൂറു കണക്കിന് വേറെയും ഉണ്ടാവുമെന്നും നോവലില്‍ മറ്റൊരിടത്തുണ്ട്. കഥകള്‍ പറയെപ്പെടെണ്ടതിന്റെ പ്രസക്തി കൂടിയാണ് ഇവിടെ വ്യക്തമാകുന്നത്. ‘Nickel’ എന്ന പദം സൂചിപ്പിക്കുന്ന വിലയില്ലായ്മയും ‘Boys’ എന്ന വാക്കിലെ എല്ലാവരെയും വളര്‍ച്ച തുടങ്ങുക മാത്രം ചെയ്യുന്ന, ഒരൊറ്റ യൂനിറ്റ് ആയി കാണുന്ന വ്യക്തിത്വ നിരാസവും, നിഗൂഡമായി നടത്തപ്പെട്ട കൊടിയ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധമായ സ്കൂളിലെ വംശീയ ഭീകരതയുമായി വൈരുദ്ധ്യത്തിലാണ് എന്ന് പറയാം. എല്‍വുഡ് കര്‍ടിസ്, ടേണര്‍ എന്നീ രണ്ടു കുട്ടികളുടെ അനുഭവങ്ങളെ പ്രത്യേകം പിന്തുടരുമ്പോഴും അവരെപ്പോലെ ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു എന്ന ബോധ്യം വായനക്കാര്‍ക്ക് ലഭിക്കുന്നുണ്ട്.

ഹക്കിള്‍ബറി ഫിന്നിനെയും ഡേവിഡ് കോപ്പര്‍ഫീല്‍ഡിനെയും ഓര്‍മ്മിപ്പിക്കുന്ന എല്‍വുഡ് കര്‍ട്ടിസ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ പയ്യന്‍ ഒനും അസാധ്യമല്ലെന്നു വിശ്വസിക്കുന്ന ആദര്‍ശ ശാലിയായ പ്രസന്നപ്രകൃതിയാണ്. ആഫ്രിക്കന്‍ അമേരിക്കന്‍ കുടുംബത്തിലെ നാലാം തലമുരക്കാരനായ പയ്യന്‍, ടാലഹാസിയിലെ റിച്ച്മണ്ട് ഹോട്ടലില്‍ ജോലിക്കാരനാകുന്നതാണ് കുടുംബം സ്വപ്നം കാണുന്നതെങ്കിലും ഉയര്‍ന്ന മോഹങ്ങളാണ് അവന്. ക്രിസ്മസ് സമ്മാനമായി കിട്ടുന്ന ‘മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ സിയോന്‍ ഹാളില്‍’ എന്ന പ്രസംഗ പരമ്പരയുടെ റെക്കോര്‍ഡ്‌ ജീവിതത്തിലെ ഏറ്റവും വിലമതിപ്പുള്ളതായി കാണുന്ന എല്‍വുഡ്കിങ്ങിനെയും ‘ഫ്രീഡം റൈഡെഴ്സി’നെയും ആരാധിക്കുന്നു. പ്രതിഷേധ പ്രകടനങ്ങളെ കുറിച്ചും ബസ്സ്‌ ബഹിഷ്കരണത്തെ കുറിച്ചുമെല്ലാം ലൈഫ് മാഗസിനില്‍ വായിക്കുന്ന പയ്യന്‍സ്കൂള്‍ സമയം കഴിഞ്ഞു ജോലി ചെയ്തു കിട്ടുന്നത് കൊണ്ട് കോളേജ് പഠനം സ്വപ്നം കാണുന്നുണ്ടെങ്കിലും തന്റെ വംശീയ വിധി തിരിച്ചടിയാകുന്നു. ഒരു കറുത്ത വര്‍ഗ്ഗക്കാരന് താനറിയാതെ പോലും ഒരു ഇരയാകാംഅതവന്റെ വിധി എന്നെന്നേക്കുമായി മാറ്റി മറിക്കുകയും ചെയ്യാം. അങ്ങനെയാണ്, അറുപതുകളില്‍, കോളേജിനു പകരം നിക്കല്‍ അക്കാദമിയുടെ ഇരുണ്ട അകത്തളത്തില്‍ അവന്‍ എത്തിച്ചേരുന്നത്. നിക്കലില്‍ അവന്റെ ഏറ്റവും അടുത്തയാളും രക്ഷകനുമാകുന്ന ടേണര്‍ അവനെ ഓര്‍മ്മിക്കുക അങ്ങനെയാണ്: എല്‍വുഡിനെ പോലെ ഒരു കുട്ടിയെ മുമ്പ് കണ്ടിട്ടില്ല.

“ടാലഹാസിക്കാരന്‍ പയ്യന്‍ മൃദുവായി കാണപ്പെട്ടെങ്കിലും കടുപ്പമുള്ളവന്‍ എന്നായിരുന്നു പറയാവുന്നത്.. അവനൊരു വെള്ളക്കാരന്‍ കോളേജ് പയ്യനെ പോലെ സംസാരിച്ചു, ആവശ്യമില്ലാതിരുന്നപ്പോഴും പുസ്തകങ്ങള്‍ വായിച്ചുഅവയൊക്കെ അവന്റെ സ്വന്തം ആറ്റം ബോംബിനു വേണ്ടിയുള്ള യുറേനിയത്തിനായി ഖനനം ചെയ്തു. എങ്കിലും കടുപ്പമുള്ളവന്‍.”

എല്‍വുഡിന്റെ ഒന്നിനെയും സംശയിക്കാനാവാത്ത ശുദ്ധപ്രകൃതം ഫലത്തില്‍ ബുദ്ധിശൂന്യതയാവുന്നത് നോവലില്‍ പേര്‍ത്തും പേര്‍ത്തും സൂചിപ്പിക്കപ്പെടുന്നുണ്ട്: ഇല്ലാകാരണം പറഞ്ഞു യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് ചെറിയ ശിക്ഷയും പിടിച്ചു മാറ്റാന്‍ ശ്രമിച്ച തനിക്ക് ബോധം മറയും വിധമുള്ള ദണ്ഡനവും നല്‍കുമ്പോഴും എത്തിപ്പെട്ട സ്ഥലം തന്റെ വര്‍ഗ്ഗത്തെ തകര്‍ത്തുകളയാന്‍ ശ്രമിക്കുന്ന ഒന്നാണെന്ന് മനസ്സിലക്കാന്‍ അവന്‍ തയ്യാറാകുന്നില്ല. അപ്പോഴും ‘ഞങ്ങളെ ജയിലലടക്കൂഅപ്പോഴും ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കും’ എന്ന ഡോ. കിങ്ങിന്റെ ആഹ്വാനം ഉള്‍കൊള്ളുന്ന എല്‍വുഡ് ശുഭാപ്തിയിലാണ്: താന്‍ നന്നായി മാത്രം പെരുമാറുംഎല്ലാം ഒരു നാള്‍ കലങ്ങിത്തെളിയും. എത്തിച്ചേരുന്ന ആദ്യദിനം തന്നെ കേള്‍ക്കാനിടയാകുന്ന ഭയാനക ശബ്ദങ്ങളെ കുറിച്ച് അവന്റെ നിസ്സംഗത നോവലില്‍ ഉടനീളം ശക്തമായ നാടകീയ വിരുദ്ധോക്തിയുടെ (dramatic irony) ആദ്യ സൂചകമാണ്. “ഞാനിവിടെ പെട്ടുപോയി. പക്ഷെ അതുകൊണ്ട് ചെയ്യാവുന്നതില്‍ ഏറ്റവും നല്ലത് ഞാന്‍ ചെയ്യും” എന്ന എല്‍വുഡിന്റെ ശുഭാപ്തിയും അതിന്റെ തുടര്‍ച്ചയാണ്.  

എന്നാല്‍ അക്കാദമി നടത്തിപ്പുകാരായ സാഡിസ്റ്റുകള്‍ അവനില്‍ വീര്യം തകര്‍ക്കപ്പെടേണ്ട മറ്റൊരുത്തനെ കണ്ടെത്തുന്നതാണ് അവനെ വൈറ്റ് ഹൌസില്‍ എത്തിക്കുക: പീഡന മുറിയെ വെളുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ അത് അവരുടെ ശരീരത്തില്‍ ‘എല്ലാ നിറത്തിലുമുള്ള മുറിവുകള്‍ ശേഷിപ്പിച്ചത്’ കൊണ്ട് ‘ഐസ്ക്രീം ഫാക്റ്ററി’ എന്ന് വിളിച്ചപ്പോള്‍ കറുത്ത വര്‍ഗ്ഗക്കാരുടെ ഭാഗത്ത് അതിന്റെ ഔദ്യോഗിക നാമം വിളിച്ചു പോന്നു. “വൈറ്റ് ഹൌസ് നിയമങ്ങള്‍ സൃഷ്ടിച്ചുഅതെല്ലാവരും അനുസരിച്ചു.” അതിജീവിച്ചവരുടെ യഥാര്‍ത്ഥ കഥകള്‍ ലഭ്യമായ വെബ് സൈറ്റുകളെ കുറിച്ച് ആമുഖ അധ്യായത്തില്‍ നോവലിസ്റ്റ് എഴുതുന്നുണ്ട്. അതിലൊന്ന് എല്‍വുഡ് സ്വന്തമായി രൂപം കൊടുത്തതാണ്. അതിഭാവുകത്വം അശേഷമില്ലാത്ത രീതിയില്‍ നോവലിസ്റ്റ് പീഡന അനുഭവങ്ങള്‍ അവതരിപ്പിക്കുന്നത്‌ഭരണകൂട ഭീകരതയുടെയും വംശീയപീഡനങ്ങളുടെയും കഥകള്‍ ഒട്ടും പുതുമയുള്ളതല്ലാത്ത പുതിയ കാലത്ത് അത് തീര്‍ത്തും പരിചിതമായത് കൊണ്ടുകൂടിയാവാം. ജനാധിപത്യ ബോധ്യങ്ങളുടെ ഇക്കാലത്തും അമേരിക്കന്‍ സമൂഹത്തില്‍ വെളുത്ത വര്‍ഗ്ഗക്കാരനെ അപേക്ഷിച്ച് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ ജയിലില്‍ അടക്കപെടാനുള്ള സാധ്യത അഞ്ചിരട്ടിയാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പുറമേക്ക് അന്തസ്സുള്ളതും തത്വങ്ങളില്‍ ഗംഭീരവും യഥാര്‍ഥത്തില്‍ നിന്ദ്യവും ഭീകരവുമായ വിവേചനം നിലനില്‍ക്കുന്നതുമായ നിക്കല്‍ അക്കാദമിയെ യു. എസ്സിന്റെ തന്നെ ഒരു മെറ്റഫര്‍ ആയിക്കണ്ടാല്‍ അത് അതിവായനയാവില്ല എന്ന് റോണ്‍ ചാള്‍സ് ചൂണ്ടിക്കാണിക്കുന്നത് ഇതോടു ചേര്‍ത്തു കാണാം*2. ‘വിദ്യാര്‍ഥികള്‍’ എന്ന് വിളിക്കുന്ന അന്തേവാസികളെ അവരുടെ പെരുമാറ്റം മെച്ച്ചപ്പെടുത്തെണ്ടാതിന്റെ ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കുന്ന സൂപ്രണ്ടും സ്റ്റാഫ് അംഗങ്ങളും ബെന്‍ ഫ്രാങ്ക്ലിനെ ഓര്‍മ്മിപ്പിക്കുന്നു.

“നിങ്ങളുടെ കൂര്‍മ്പന്‍ അങ്കി ധരിച്ച അക്രമകാരികളെ രാവിന്റെ മധ്യയാമങ്ങള്‍ക്കു ശേഷം ഞങ്ങളുടെ സമൂഹങ്ങളിലേക്ക് അയക്കൂഎന്നിട്ട് ഞങ്ങളെ ഏതെങ്കിലും റോഡിന്റെ ഒരാങ്ങളിലേക്ക് വലിച്ചു പുറത്തിടൂഞങ്ങളെ അടിച്ചവശരാക്കി അര്‍ദ്ധപ്രാണരാക്കൂ, അപ്പോഴും ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കും”

എന്ന ഡോ. കിങ്ങിന്റെ ആഹ്വാനം മുത്തശ്ശിയുടെ വീട്ടിലെ ഊഷ്മളമായ അന്തരീക്ഷത്തില്‍ ഇങ്ങേയറ്റം പ്രതീക്ഷാ നിര്‍ഭരവും പ്രചോദകവും ആയി അനുഭവപ്പെടുന്ന എല്‍വുഡിന്ന് ഇനിയൊരു ഘട്ടം വരാനുണ്ട്: “എന്തൊരു കാര്യമാണ് ആവശ്യപ്പെടുന്നത്!” ഒരര്‍ത്ഥത്തില്‍ ഈ തിരിച്ചറിവിന്റെ, അപാരമായ പറുദീസാ നഷ്ടത്തിന്റെ വേദനയാണ് നോവലില്‍ മുഴങ്ങുന്നത്.    

നിക്കല്‍ അക്കാദമിക്ക് വേണ്ടി ഡോസിയര്‍ സ്കൂളിന്റെ ചരിത്ര വസ്തുതകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ അവിടെ ഒടുങ്ങിപ്പോയ ഇരകള്‍ക്കും അവരുടെ കഥകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും അന്വേഷകര്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും സാഹിത്യത്തിലൂടെ പ്രണാമം അര്‍പ്പിക്കുകയാണ് നോവലിസ്റ്റ്. ‘ഐസ്ക്രീം ഫാക്റ്ററി’ എന്നത് മരപ്പടിയിലേക്ക് ബന്ധിച്ച ഇരുമ്പു ചങ്ങലയില്‍ തളച്ചിട്ടു അന്തേവാസികളെ ചമ്മട്ടിയടിക്കുമായിരുന്ന ഡോസിയറിലെ പീഡന ഹാളിന്റെ പേരായിരുന്നു. അവിടത്തെ അനധികൃത സെമിത്തേരിയുടെ അതേ പേരാണ് നോവലിലും ഉപയോഗിച്ചിരിക്കുന്നത്: ബൂട്ട്ഹില്‍. സംരക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെടുകയും അവരെ ബലാല്‍ക്കാരം ചെയ്യാനും മയക്കുമരുന്നിന്റെ ഇരകളാക്കാനുമുള്ള കേന്ദ്രമായി മാറുകയും ചെയ്തതായിരുന്നു ഡോസിയറിന്റെ ചരിത്രമെന്ന് 1903-ല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ജിം ക്രോ നിയമമനുസരിച്ച് രണ്ടു ഭാഗങ്ങളായി ക്രമീകരിക്കപ്പെട്ട സ്ഥാപനത്തില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുള്ള ഭാഗത്തായിരുന്നു പൈശാചം അതിന്റെ പാരമ്യത്തില്‍ അരങ്ങേറിയതുംപീഡന മരണങ്ങള്‍ ഏറെ ഉണ്ടായതും എന്നത് സ്വാഭാവികമായിരുന്നു. കുറെയേറെ അന്തേവാസികളുടെ തിരിച്ചറിയാന്‍ പോലുമാകാത്ത കൂട്ട മരണത്തില്‍ കലാശിച്ചതായി നോവലില്‍ വിവരിക്കുന്ന തീപ്പിടുത്തവും 1914-ലെ യഥാര്‍ത്ഥ സംഭവമായിരുന്നു. 

References:

*1. Frank Rich:nytimes.com/2019/07/14/books/review/nickel-boys-colson-whitehead.html

*2.  Ron Charles. ‘In Colson Whitehead’s ‘The Nickel Boys,’ an idealistic black teen learns a harsh reality’, July 9, 2019, Washington Post.

  

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 272-277)

To purchase, contact ph.no:  8086126024

Also read:

The Underground Railroad by Colson Whitehead

https://alittlesomethings.blogspot.com/2017/08/blog-post_9.html