Featured Post

Monday, May 11, 2015

അസ്തമയം വരെ: സന്ദേഹിയുടെ ആത്മാന്വേഷണങ്ങള്‍.




“Failed priests specialize in blasphemy”. - Saul Bellow


ഒരു സിനിമ മികച്ചൊരു ദൃശ്യാനുഭവം ആയിരിക്കുമ്പോള്‍ തന്നെ, സാഹിതീയ മാനമുള്ള ചിന്താര്‍ഹമായ ഒരു ചിത്രമാവുക എന്നത് മലയാള ചലചിത്ര രംഗത്ത് ഒരപൂര്‍വ്വതയാണ്. സജിന്‍ ബാബുവിന്റെ 'അസ്തമയം വരെ' ശ്രദ്ധേയമാകുന്നത് ഈ അര്‍ത്ഥത്തിലാണ്. ഗഹനമായ പ്രമേയം അതാവശ്യപ്പെടുന്ന അവധാനതയോടെ സ്ക്രിപ്റ്റിലേക്ക് രൂപപ്പെടുത്തിയതിന്റെയും ശ്രദ്ധയോടെ ചലച്ചിത്ര ഭാഷ്യം നല്‍കിയതിന്റേയും ബഹുമതി ചലചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുണ്ട്. പശ്ചാത്തല സംഗീതത്തിന്റെ അഭാവമോ, താരതമ്യേന പരിചയം കുറഞ്ഞ അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പങ്കാളിത്തമോ ചിത്രത്തിനു ബാധ്യതയായിട്ടുമില്ല. പ്രമേയ പരമായ വായനാ സാധ്യതകള്‍ ഏറെ കരുതി വെക്കുന്നുമുണ്ട് ചിത്രം.


'പീഡാനുഭവത്തിലൂടെ പാപ മോചന'മെന്നതും അതിനു നേരെതിരറ്റം പോലെ പാപത്തിനു ശമ്പളം മരണമെന്ന കാര്‍ക്കശ്യവും കൃസ്തീയമാണ്. പുണ്യ-പാപ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേ ക്ക് ആത്മാന്വേഷണത്തിന്റെ സാക്ഷാത്കാരത്തിലാണ് സെന്റ്‌ അഗസ്റ്റിനും സെന്റ്‌ ഫ്രാന്‍സിസ്‌ അസ്സീസ്സിയും ജ്ഞാനോദയം കണ്ടെത്തുന്നത്. പാപത്തില്‍ അഭിരമിക്കുകയല്ല അതിനെ മറികടക്കുകയാണ് അവരുടെ വിജയ മാര്‍ഗ്ഗമായത്. കസാന്‍ദ് സാക്കീസിന്റെ കൃസ്തുവിനു അന്ത്യ പ്രലോഭനത്തിന്റെ ആത്യന്തിക വിശ്വാസ പ്രതിസന്ധിയുടെ നിമിഷം ഈ മറികടക്കിലിന്റെ ഇതിഹാസ വിജയമായത് കൊണ്ടാണ് അല്‍പ്പബുദ്ധികള്‍ തെറ്റായി മനസ്സിലാക്കിയതില്‍ നിന്ന് നേര്‍ വിപരീതമായി അത് കൃസ്തുവിലുള്ള അചഞ്ചല വിശ്വാസത്തിന്റെ പ്രഖ്യാപനമായത്.

ആത്മ ശൈലത്തിലേക്ക് കൃസ്തീയമായി?

അമ്മയുടെ ജാര സംസര്‍ഗ്ഗത്തിന്റെയും അച്ഛനും പെങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധ(incest)ത്തിന്റെയും പാപ പരിസരങ്ങളില്‍ നിന്ന് സെമിനാരിയിലെത്തിപ്പെടുന്ന വൈദിക വിദ്യാര്‍ഥിയും തനിക്കൊരിക്കലും കിട്ടിയിട്ടില്ലാത്ത ദൈവ വിളിയുടെ പൊരുത്തക്കേടിനോട് മറ്റു മാര്‍ഗ്ഗമില്ലാതെ സമരസപ്പെടാന്‍ നിര്‍ബന്ധിതനാകുന്ന സഹപാഠിയും മറ്റൊരു പാപത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണ്. ഇത്തവണ അത് ശവ രതിയുടെ മലീമസ രൂപത്തിലാണ്. ആരാണ് യഥാര്‍ത്ഥ പ്രതി/കള്‍ എന്നിടത്തല്ല, പാപ ബോധം നിതാന്ത സത്യമായ വിശ്വാസ/ ജീവിതാവസ്ഥകളിലേക്ക് തീക്ഷ്ണമായ ഒരു പുറപ്പെട്ടു പോക്കിനും വഴിവിളക്കായി ഉറ്റു നോക്കുന്ന സെന്റ്‌ ഫ്രാന്‍സിസ്‌ പുണ്യാളന്റെ മാതൃകക്കാല്‍പ്പാടുകള്‍ പതിഞ്ഞ ആത്മാന്വേഷണത്തിനും അതൊരു ആയമാവുകയാണ് എന്നതാണ് ചിത്രത്തില്‍ പ്രസക്തം. സെമിനാരി വസ്ത്രം പുണ്യാളന്റെ പാദങ്ങളില്‍ ഊരിവെച്ച് ഒരു കൈത്തോക്ക് വാങ്ങുമ്പോള്‍ ആത്മാന്വേഷണത്തിലേറെ പ്രതികാര ചിന്തയുടെ സംഘര്‍ഷമാണ് അവനെ മഥിക്കുന്നത് എന്ന്‍ വ്യക്തം. ആരെയും വിചാരണ ചെയ്യാന്‍ തനിക്കാവില്ലെന്ന് അയാള്‍ വൈകാതെ തിരിച്ചറിയും : ഒരു പാപ ചിന്തയില്‍ നിന്നും താനും മുക്തനല്ലല്ലോ. യാത്രക്കിടെ കണ്ടുമുട്ടുന്ന , സ്വന്തം കാമുകനെ സ്വന്തമാക്കാന്‍ അവനും കുടുംബത്തിനും കൊടുക്കേണ്ട സ്ത്രീധനം കണ്ടെത്താനായി ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന യുവതി മുതല്‍ കൂടെ കൊയര്‍ പാടുന്ന കൂട്ടുകാരിയും ഇനിയുമൊരു ഘട്ടത്തില്‍ അച്ഛന് പാപത്തിനു ശമ്പളം നല്‍കാന്‍ ഊരിപ്പിടിച്ച കഠാരയുമായി പാഞ്ഞടുക്കുമ്പോള്‍ കുളിക്കടവില്‍ അഭിനിവേശമാകുന്ന പെങ്ങളും വരെ അവനെ അത് ബോധ്യപ്പെടുത്തുന്നുണ്ട്. മനസ്സ് ഇനിയും പാകപ്പെട്ടിട്ടില്ലെന്നു വേവലാതിപ്പെടുന്ന അവനോടു വലിയ അച്ഛന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്: സന്യാസത്തില്‍ പ്രണയം പാപമൊന്നുമല്ല. ശരീരം ഉണരുന്ന അവസ്ഥയില്‍ നിന്ന് ആത്മാവ് ഉണരുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തനപ്പെടാനാ ണ് സന്യാസി ശ്രമിക്കുന്നത്. ക്ലാരയുടെ പ്രലോഭനത്തെ അതിജീവിച്ച സെന്റ്‌ ഫ്രാന്‍സിസിനെ അച്ഛന്‍ ഓര്‍ക്കുന്നുണ്ട്. സെന്റ്‌ ഫ്രാന്‍സിസിന്റെ സ്വാധീനം അവന്റെ കരുത്തും ബലഹീനതയും ആവുന്നതും അത് കൊണ്ട് തന്നെ: ക്ലാരയെന്ന പേര് തന്നെയും അവന്റെ പാപ ബോധ ജടിലമായ മനസ്സിനെ വിചാരണ ചെയ്യുകയും പൗരുഷത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ടല്ലോ. ''കൃസ്തുവിനു കിഴക്കെന്ന പോലെ' വലിയ അച്ഛന് കടലും തീരപ്രദേശങ്ങളും ഇഷ്ടമായിരുന്നു' എന്ന് അവന്‍ പറയുന്നുണ്ടെങ്കിലും സ്വയം ജല രാശി അവനെ ഭയപ്പെടുത്തുന്നുണ്ട് . നിലയില്ലാക്കയങ്ങ ളിലേക്കുള്ള ശ്വാസം പിടയുന്ന പിടഞ്ഞു താഴലായും മുങ്ങിപ്പോവുന്ന പാദങ്ങളില്‍ നിന്ന് പിടി വിട്ടു പോവുന്ന സ്വപ്നമായും അത് അവനെ മഥിക്കുന്നുണ്ട്. ദൈവ വചന പ്രഘോഷകനെ മുക്കുവനായും വിശ്വാസബലമില്ലാത്ത സംശയാലുവിനെ മുങ്ങിപ്പോവുന്നവനായും കൃസ്തു തന്നെയും ഉപമിച്ചിട്ടുമുണ്ടെന്ന് ഓര്‍ക്കാം. ഒരര്‍ഥത്തില്‍ ആദിമ പ്രകൃതിയിലേക്കുള്ള പിന്‍ മടക്കത്തിന് മുന്നോടിയായി ആ ചങ്ങാടം മറിഞ്ഞ പുനര്‍ജ്ജനി അനിവാര്യവുമാണ്. പരിഷ്കൃതിയുടെ ശേഷിപ്പുകള്‍ പിറകിലുപേക്ഷിച്ചു വേണം ആത്മ യാനത്തിന്റെ ആദിയിലേക്ക് മടങ്ങാന്‍. അത് കൊണ്ട് ലാപ്‌ ടോപ്പിനും ജല സമാധി വിധിക്കേണ്ടതുണ്ട്. മറുവശത്ത്‌ വന സ്ഥലികളിലും അവന്‍ പൊരുത്തക്കേടുകള്‍ അഭിമുഖീകരിക്കുന്നു. 'ഇതിനു മുമ്പ്‌ ഇതിലെ പോയവര്‍ പലരും ആരെയെങ്കിലുമൊക്കെ കൊല്ലണമെന്നും പറഞ്ഞു പോയവരാ' എന്ന്‍ പറയുന്ന, 'വഴിതെറ്റിവന്നവര്‍ക്ക് മാത്രമായുള്ള ശില്പങ്ങ'ളുടെ പര്‍ണ്ണശാലയിലെ ശില്പ്പിയോട് 'പ്രകൃതി നിയമങ്ങള്‍ക്കെതിരായത് സംഭവിച്ചാല്‍ അത് തടഞ്ഞേ മതിയാവൂ' എന്ന് അവന്‍ കുപിതനാവുന്നുണ്ട്. എന്നാല്‍ എന്താണ് പ്രകൃതി നിയമം? എന്തിലെങ്കിലും പുണ്യ പാപ ചിന്തകളുടെ ചിട്ടവട്ടങ്ങളുണ്ടോ പ്രകൃതി ചോദനകള്‍ക്ക്? അവന്റെ തത്വം 'ബന്ധങ്ങളെല്ലാം വളരെ സങ്കീര്‍ണ്ണമാണ്, അത് പവിത്രമാല്ലാതാകുന്നത് പലപ്പോഴും നമ്മുടെ ധാരണകളില്‍ നിന്നാണ് ' എന്ന അച്ഛന്റെ സമവാക്യത്തോട്‌ ഏറ്റുമുട്ടുന്നു. സോദോം- ഗോമോറ നശീകരണ സന്ദര്‍ഭത്തില്‍ ഉപ്പ് തൂണായിപ്പോയ ലോത്തിന്റെ ഭാര്യ ഒരു ബിംബ സങ്കല്‍പ്പമായി വരുന്നുണ്ട് ചിത്രത്തില്‍ ഒരിടത്ത്. തുടര്‍ന്ന് വംശമറ്റു പോവാതിരിക്കാന്‍ പിതാവിനെ പ്രാപിക്കുന്ന പെണ്‍മക്കള്‍ നിയതമായ ധാര്‍മ്മികതയുടെ ചട്ടക്കൂടിലല്ലല്ലോ അഭിജാതരാകുന്നത്. സ്വയം കൃതാനര്‍ത്ഥം കൊണ്ട് മകന് മുന്നില്‍ അന്യയായിപ്പോയതിനു ശിക്ഷയായി ആത്മഹത്യയുടെ സ്വയം വിധി നടപ്പിലാക്കിയ അമ്മയും നിയമത്തിന്റെയും സമൂഹത്തിന്റെയും വേട്ടക്കൊപ്പം തീര്‍ത്തും മടുത്തു പോയ വൈദിക ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ഇനിയും താങ്ങാനാവില്ലെന്നു കടല്‍ ജലപാളികളിലേക്ക് ഊളിയിട്ടു മറയുന്ന, തിരിച്ചു പോവാന്‍ നാടും വീടുമില്ലാത്ത വൈദിക സുഹൃത്തും പാപത്തിന്റെ ശമ്പളമെന്ന ലളിതവല്‍ക്കരണത്തില്‍ ഒതുങ്ങുന്നവരല്ല. തിരിച്ചറിവിന്റെ ശാന്തിയിലോ ചെയ്യാന്‍ നിനച്ച കര്‍മ്മത്തിന്റെ അര്‍ത്ഥ ശൂന്യത ബോധ്യമായത് കൊണ്ടോ അല്ല സ്വന്തം കൈ മുറിഞ്ഞ ചോര പുരണ്ട കത്തി അച്ഛന് മുന്നിലേക്ക്‌ വലിച്ചെറിഞ്ഞു പ്രതികാര ചിന്തക്ക് അവന്‍ അവധി കൊടുക്കുന്നത്. മറിച്ച്, പകയും നിസ്സഹായതയും അതിനുമപ്പുറം, ഉള്ളിന്‍റെയുള്ളില്‍, താന്‍ ചെയ്യാന്‍ ആഗ്രഹിച്ചത്‌ തന്നെയാണ് അച്ഛന്‍ ചെയ്യുന്നത് എന്ന അറിവും കൂടിക്കുഴഞ്ഞ സംത്രാസത്തിലാണ്. പാപ വിചാരണയായ സ്നാനപ്പെടലല്ല, മറ്റൊരു പാപത്തിലേക്കുള്ള – സഹോദരന്‍, സഹോദരി- ക്ഷണമാവുന്നുണ്ടല്ലോ (baptism in lust) കുളക്കടവില്‍ ഒളിഞ്ഞു നോട്ടത്തിന്റെ മദപ്പാടായി പെങ്ങളുമായുള്ള മല്‍പ്പിടുത്ത സങ്കല്‍പ്പം. മുമ്പൊരിക്കല്‍ അവന്‍ വിലപിച്ച മനസ്സിന്റെ പക്വതയില്ലായ്മ മറികടക്കാന്‍ അവനിനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നു സാരം. ഒരു പിതൃ വധം തനിക്ക് അനിവാര്യമാണെന്ന 'ഹാംലെറ്റ്' മനോഗതിയില്‍ നിന്ന് പ്രാകൃത ചോദനകളുടെ പുണ്യ-പാപ നിരപേക്ഷമായ നിര്‍മ്മമത്വത്തിലേക്ക് സ്വയം ഉണരുക എന്നതും സന്യാസത്തിന്റെ പാഠമാണ്. അനിവാര്യമായ പ്രലോഭനങ്ങളുടെ കുരിശു മുറിവുകളും കടന്നാവണം ഒരാള്‍ ആത്മ സാക്ഷാത്ക്കാരത്തിന്റെ കാല്‍വരി കയറുക. കൈത്തലം മാത്രമല്ല, നെഞ്ചിലും ചോര വാര്‍ന്ന മുറിവേല്‍ക്കേണ്ടതുണ്ട്. ഹെമിംഗ് വേയുടെ സാന്റിയാഗോ, വള്ളവും വലയും മുകളിലേക്ക് വലിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ നേരത്തെ മുറിഞ്ഞു പോയ കൈത്തലത്തില്‍ ചോര പൊടിയുന്ന വേദനയില്‍ സ്വയം ഞരങ്ങിപ്പോവുന്നതിനെ ആണി മാംസത്തിലൂടെ തുളഞ്ഞു തടിയിലേക്ക് കയറുമ്പോള്‍ കുരിശേറ്റപ്പെടുന്നയാള്‍ ഉച്ചരിച്ചു പോകുന്ന ശബ്ദമായി തിരിച്ചറിയുന്നുണ്ട്. കാല്‍വരി കേറുന്ന ദൈവപുത്രനെ പോലെ തന്റെ ഭാരത്തില്‍ വീണ്ടും വീണ്ടും വീണു പോവുമ്പോഴും വയോധികന് അമിതാവേശമില്ല, പിന്‍ മാറ്റവും. ഈ അവധാനതയുടെ , വീഴ്ചകളില്‍ നിന്ന് വീണ്ടും ഉയിര്‍ക്കുന്നതിന്റെ പാഠമാണ് ചിത്രാന്ത്യം വെളിപ്പെടുത്തുന്നത്. മുന്‍ രംഗങ്ങളിലെ അമിതാവേശം കയ്യൊഴിഞ്ഞ്, തിരു മുറിവുകളുടെ വഴിയിലൂടെ ആദിമമായ പുല്‍ നാമ്പുകളുടെ കിരീടം ചൂടി തെരഞ്ഞെടുപ്പിന്റെ നിമിഷം കടന്നു കാലം നിശ്ചലമായിപ്പോയോ എന്ന് തോന്നിക്കും വിധം, വിദൂരതയില്‍ പര്‍വ്വതാരോഹണം ആരംഭിക്കുന്നു. ഒട്ടും ധൃതിയില്ലാതെ; സ്ഥല കാല രാശികള്‍ അപ്രസക്തമാകുന്ന അനന്തതയുടെ നേര്‍ക്ക്‌ മുഖം തിരിച്ച്...


പോസ്റ്റ്‌ നീഷിയന്‍ ഉല്പത്തി ഭൂമിക?

ഏറെക്കുറെ പരമ്പരാഗതമായ കൃസ്തീയ ആത്മാന്വേഷണം എന്ന ഇത്തരമൊരു ഏകപക്ഷീയ വായന പക്ഷെ ചിത്രം അത്ര കണ്ടു അംഗീകരിക്കുന്നുമില്ല. ദൈവ മരണത്തിന്റെ നീഷിയന്‍ പ്രഖ്യാപനം ചുവരെഴുത്തായി ചിത്രത്തില്‍ ഫോക്കസ് ചെയ്യപ്പെടുന്നുണ്ട്. അതിനു മറുകുറിയായി 'നീഷേ മരിച്ചു : ദൈവം' എന്ന വിശ്വാസി പ്രതിഷേധം അവനു മൂത്ര ശങ്ക തീര്‍ക്കാനുള്ള മതില്‍ മറയായി വര്‍ത്തിക്കുന്നതെയുള്ളു. 'മിസ്റ്റര്‍ ദൈവം, താങ്കള്‍ എവിടെയായിരുന്നു?' എന്ന സര്‍ക്കാസം അയാള്‍ സ്വയം എഴുതുന്നുമുണ്ട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പേരുകളില്ലെന്നും നമുക്കും പേരുകളില്ലാതെ പ്രണയിക്കാമെന്നുമുള്ള 'അനീമിസ' (പ്രകൃതിവാദം')വും നിയതമായ അര്‍ത്ഥത്തില്‍ ക്രിസ്തീയമല്ല.

വ്യാവഹാരിക ലോകത്തിന്റെ അപൂര്‍ണതകളെ (mundane imperfections) ആത്മീയ ലോകത്തിന്റെ ആദര്‍ശവല്കൃത പൂര്‍ണതകള്‍ കൊണ്ട് മറികടക്കാനുള്ള സാധനയാണ് ആത്മാന്വേഷണം. മാംസബദ്ധമായ വ്യവഹാരങ്ങളുടെ അഭിരുചികളില്‍ അഭിരമിക്കുന്ന ജനകനെ (father figure) നിഗ്രഹിക്കുന്നതിലൂടെയല്ലാതെ ആത്മീയ പിതാവിന് വേണ്ടിയുള്ള അന്വേഷണം (quest for a spiritual father) പൂര്‍ണമാവുകയില്ല എന്ന തീവ്ര നിലപാടോടെയാണ് അവന്‍ അന്വേഷണ പര്‍വത്തിലേക്ക് കടക്കുന്നത്. എന്നാല്‍ അച്ഛനും തനിക്കും ഒരേ മുഖമെന്ന് കണ്ടെത്തുന്ന നിമിഷം നിഗ്രഹം (annihilation) ആത്മഹത്യ(self-annihilation)ക്കപ്പുറം ഒന്നുമല്ലെന്നും അവന്‍ തിരിച്ചറിയുന്നുണ്ടാവണം. കൊലയും ആത്മഹത്യയും (suicide and murder) ചിന്താശാലിയെ സംബന്ധിച്ചിടത്തോളം ഒരേ വ്യവസ്ഥയുടെ ഇരു പുറങ്ങളാണെന്ന ആല്‍ബര്‍ കാമുവിന്റെ നിരീക്ഷണം ഇതിനോട് ചേര്‍ത്ത് വയ്ക്കാം. ഒരു നിലപാട് തറയില്‍ നിന്ന് തുടങ്ങുകയും എന്നാല്‍ ജീവിതം/ യാഥാര്‍ത്ഥ്യം ഒരു മുന്‍ നിശ്ചിത ധാരണകളുടെ കോപ്പി പുസ്തക വടിവിലും അനുസരണ ശീലമുള്ള അക്ഷര വിധേയത്വം പുലര്‍ത്തുന്നില്ലെന്നു തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് ഒരാള്‍ ദാര്‍ശനികമായി സ്വതന്ത്രനാവുന്നത്.

ജൈവ പ്രകൃതിയുടെ കൂടി രക്ഷകനായ സെന്റ്‌ ഫ്രാന്‍സിസ്‌ അസ്സിസ്സിയുടെ മാതൃകാ കാല്പാടുകള്‍ പിന്തുടര്‍ന്ന് ആദിമ വിശുദ്ധിയുടെ വനസ്ഥലികളിലേക്ക് പുറപ്പാടാവുമ്പോള്‍ ഒരാള്‍ പുല്ലിലും പ്രാണി ജന്മങ്ങളിലും സന്ദേശങ്ങള്‍ക്ക് ചെവിയോര്‍ക്കുന്നത് സ്വാഭാവികം തന്നെ. പ്രാര്‍ഥനാ നിരതനാവുന്ന പുല്‍ച്ചാടിയും പൂക്കളില്‍ കര്‍മ്മ കാണ്ഡം ഉരുക്കഴിക്കുന്ന വണ്ടും അയാള്‍ക്ക്‌ ഗുരുവായേക്കാം. എന്നാല്‍ അവയെ കൂടുതല്‍ ആഴത്തില്‍ നിരീക്ഷിക്കാനോ, ജൈവ പ്രകൃതിയുടെ പാഠങ്ങള്‍ക്ക് തന്റെ പ്രചോദനമായ പുണ്യാളനെ പോലെ ചെവി കൊടുക്കാനോ കഴിയാത്ത വിധം അന്വേഷണത്തിന്റെയും പ്രതികാര ബോധത്തിന്റെയും പരസ്പര വിരുദ്ധവും എതിര്‍ ദിശാ മുഖികളുമായ ചോദനകള്‍ കഥാപുരുഷനെ മഥിക്കുന്നുണ്ട്‌. ഈ വൈരുധ്യം ഏദന്‍ ബിംബങ്ങള്‍ കൊണ്ട് നിറഞ്ഞ സ്ഥലരാശിയിലും പ്രകടമാണ് എന്നിടത്താണ് കഥാനായകന്റെ ദാര്‍ശനിക വിഹ്വലതകള്‍ പ്രമേയ ഗാത്രത്തിന്റെ കേന്ദ്രമാണെന്ന് കണ്ടെത്താനാവുന്നത്. നായകന്റെ അനിശ്ചിതത്വങ്ങള്‍ കേന്ദ്ര പ്രമേയത്തിലെ അനിശ്ചിതത്വത്തിന്റെ തന്നെ കണ്ണാടിയാണെന്നു സാരം. ഉല്‍പ്പത്തി പുസ്തകത്തിലെ ഏദന്‍ തോട്ടത്തോട് പ്രകടമായ സാദൃശ്യങ്ങളുണ്ട് സ്ഥല രാശിക്ക്. അറിവിന്റെ/ പാപത്തിന്റെ ഒറ്റ വൃക്ഷം , സര്‍പ്പ സാന്നിധ്യം, ജീവ സന്ദായകമായ അരുവി, ആദി പാപത്തിന്റെ തേന്‍കനി പോലെ മദിപ്പിക്കുന്ന തേനും പഴങ്ങളും, പാപ ചിന്തയുണര്‍ത്തും വിധം ത്രസിക്കുന്ന പെണ്ണുടല്‍, കഥാനായകന്‍ ഇടയ്ക്കിടെ എടുത്തണിയുന്ന ആദിപിതാവിന്റെ ശരീര ഭാഷ, അങ്ങനെ. ഇല്ലാത്തതൊന്നു മാത്രം, അരുതുകളുടെ മേഘ ഗര്‍ജ്ജനമായി കര്‍ക്കശക്കാരനും ഗംഭീരനും ഒപ്പം പ്രജാ വത്സലനുമായ കുലപതി(patriarch)യെ പോലെ ഒരു ദൈവ സാന്നിധ്യം. പകരം ദൈവ വിലക്കുകളുടെ മുള്‍വരമ്പുകള്‍ പ്രാകൃത ജൈവചോദനകള്‍ കൊണ്ട് മറി കടക്കുന്ന ജനക സാന്നിധ്യം. ദൈവം- ചെകുത്താന്‍ ദ്വന്ദ്വത്തില്‍, പാപത്തിനു പാപത്തിലൂടെ പാപ മോചനം തേടുന്ന വിശുദ്ധ പാപിയായ ഈ പിതാവിന്റെ ഭാഗം തീര്‍ച്ചയായും ദൈവത്തോടൊപ്പം ആകുകയുമില്ല. പശ്ചാത്തപിക്കാത്ത പാപിയും പരിത്യാഗിയായ വിശുദ്ധനും ഒരു വേള ഒരുപോലെ വിമുക്തരാണ് - സന്ദേഹിയുടെ അശാന്തിയില്‍ നിന്ന്. എന്നാല്‍ ഒരു ഘട്ടത്തില്‍ ക്ലോസ് അപ്പില്‍ കാണുന്ന അച്ഛന്‍ കഥാപാത്രത്തിന്റെ ദുരൂഹ വേദന തിങ്ങിയ സംഘര്‍ഷ ഭരിതമായ മുഖം ഈ വായനയേയും പ്രശ്നവല്‍ക്കരിക്കുന്നുണ്ട്.



മാതൃ സ്ഥാനീയയായ ചിറ്റമ്മയെ അറിഞ്ഞ പാപത്തില്‍ നിന്ന് ഓടിയകലാന്‍ ശ്രമിച്ച് ഗുരുതുല്യയാവേണ്ടിയിരുന്ന സ്വാമിനിയിലേക്കും വസൂരിയുടെ പൂക്കള്‍ കാത്തിരിക്കുന്ന ഭൂമിയായ കോടച്ചിയുടെ ഉടലിലേക്കും ഖസാക്കിലെ യാഗാശ്വമായ മൈമൂനയിലേക്കും പാപത്തില്‍ നിന്ന് പാപത്തിലേക്ക് മുങ്ങിത്താഴുന്ന രവി, കുഞ്ഞാമിനയുടെ മുകുളാവസ്ഥയിലൂടെ, പല്ല് മുളക്കാത്ത ശിശുവിന്റെ കുസൃതിയായ സര്‍പ്പ ദംശനത്തിലൂടെ രോമ കൂപങ്ങള്‍ക്കിടയില്‍ വളരുന്ന പുല്‍ നാമ്പുകളിലൂടെ മരണത്തിലേക്ക് പുനര്‍ജ്ജനിക്കുന്നത് മലയാളിയുടെ സാംസ്ക്കാരിക ബോധങ്ങളില്‍ ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞ സാഹിത്യാനുഭാവമാണ്. പാപ ബോധവും അതില്‍ നിന്നുള്ള മുക്തി തേടുന്ന പഥികന്റെ ആദിമ/പ്രാകൃത സ്ഥലികളിലേക്കുള്ള പിന്‍ നടത്തവും അടയാളപ്പെടുത്തിയ ഖസാക്കിന്റെ ഇതിഹാസം സമാന സ്വഭാവമുള്ള പ്രമേയങ്ങള്‍ തൊടുമ്പോഴൊക്കെ മലയാളിയെ അറിഞ്ഞും അറിയാതെയും സ്വാധീനിക്കുകയും വഴി നടത്തുകയും ചെയ്തേക്കും. തന്നെ ആഴത്തില്‍ സ്വാധീനിച്ചതെന്നു ഒരു സ്വകാര്യ സംഭാഷണത്തില്‍ സംവിധായകന്‍ വ്യക്തമാക്കിയ കസാന്‍ദ് സാക്കീസിന്റെ സെന്റ്‌ ഫ്രാന്‍സിസ്‌ പാഠം പോലെ തന്നെ ധന്യമായ ഒരു ഇതിഹാസ സ്വാധീനമാവാം അതും. പാത്ര സൃഷ്ടിയിലെ തിരിമറി - ഇവിടെ രവിയെക്കാളേറെ പിതൃ ബിംബമാണ് പ്രാകൃത ചോദനകളുടെ പ്രഘോഷകന്‍- മാറ്റിവെച്ചാല്‍, ഖസാക്കും ഞാറ്റുപുരയും ഓര്‍മ്മിപ്പിക്കുന്നുണ്ട് ചിത്രത്തിന്‍റെ ഭൂപ്രകൃതി പലപ്പോഴും. രവിയും ഒരു ദൈവമരണത്തിന്റെ ശ്വാന ദിനത്തില്‍ പിറവിയെടുത്തവനാണെന്നു പറഞ്ഞാല്‍ അതത്ര അസ്ഥാനത്തുള്ള ഒരു നിരീക്ഷണവും ആവില്ലല്ലോ.





(ദേശാഭിമാനി വാരിക: 10-  മെയ്‌- )
2015