ചരിത്രത്തിന്റെ വിചാരണ - മൗനത്തിന്റെയും
ശ്രദ്ധേയമായ
ചലച്ചിത്ര സംരംഭംങ്ങള്‍ക്ക്
പലതരത്തിലുള്ള തുടര്‍ച്ചകള്‍
ഉണ്ടാകാറുണ്ട്: കഥയുടെ
നേര്‍തുടര്‍ച്ച എന്ന നിലയില്‍
ഒരേ അണിയറപ്രവര്‍ത്തകരുടെ
തന്നെ സൃഷികള്‍ എന്ന നിലയിലോ,
അതല്ലെങ്കില്‍
ഭാഗികമായോ പൂര്‍ണ്ണമായോ
മറ്റു ചലച്ചിത്രകാരന്മാരുടെ
മുന്‍ കയ്യിലോ ഉണ്ടാവുന്ന
അത്തരം തുടര്‍ച്ചകള്‍ മുഖ്യ
കഥാപാത്രങ്ങളുടെ ജീവിതങ്ങളിലെ
കഥാ സന്ദര്‍ഭങ്ങളെയാണ്
പലപ്പോഴും ആവിഷ്ക്കരിക്കുക.
ഇതില്‍
നിന്ന് വ്യത്യസ്തമായി ഏതെങ്കിലും
ഒന്നോ അതില്‍ക്കൂടുതലോ
കഥാപാത്രങ്ങളെ മാത്രം ആദ്യ
ചിത്രത്തില്‍ നിന്ന്
അടര്‍ത്തിയെടുത്തു സ്വതന്ത്രമായി
ആഖ്യാനിക്കുന്ന എപ്പിസോഡിക്
സ്വഭാവമുള്ള ചിത്രങ്ങളും
ധാരാളമുണ്ട്. കുറ്റാന്വേഷകനായോ,
സാഹസികനായോ
ഒരേ കഥാപാത്രത്തെ സങ്കല്‍പ്പിച്ചുള്ള
ചിത്രങ്ങളില്‍ മുന്‍
ചിത്രങ്ങളിലേക്കുള്ള സൂചകങ്ങള്‍
വെറും കൌതുക ചിഹ്നങ്ങള്‍
എന്നതിലപ്പുറം ആസ്വാദനത്തിനു
ആവശ്യമാകും വിധം പ്രസക്തമാവാറില്ല.
എന്നാല്‍,
ഗൌരവമേറിയ
ചിത്രങ്ങളില്‍ അന്തര്‍ദ്ധാരയായി
വര്‍ത്തിക്കുന്ന പ്രമേയ
പരിസരങ്ങളുടെ പരസ്പര ബന്ധം
മൂലം ഒരു തരം തുടര്‍ച്ചയുടെ
സാംഗത്യം അറിഞ്ഞോ അറിയാതെയോ
സംഭവിക്കാം- ഒരു
സവിശേഷ ചരിത്ര ഘട്ടത്തെയോ
പ്രമേയത്തെയോ മുന്‍ നിര്‍ത്തി
ഒരേ രചയിതാവ് തന്നെയോ ഒരു
കൂട്ടം രചയിതാക്കാളോ ഒന്നിച്ചു
ചേര്‍ന്ന് ചെയ്യുന്ന ഇത്തരം
ചിത്രങ്ങള്‍ ചിലപ്പോള്‍ ഒരു
ചലച്ചിത്ര സഞ്ചയം -anothology
film- ആയിത്തീര്‍ന്നേക്കാം.
ഏറെ
വിദൂരസ്ഥമായ രണ്ടുകാലങ്ങളില്‍
, രണ്ടു
സ്ഥലങ്ങളില്‍ പിറവിയെടുത്ത
രണ്ടു ചിത്രങ്ങള്‍ അങ്ങനെ
ബോധപൂര്‍വ്വം തീരുമാനിക്കപ്പെടാതെ
തന്നെ പ്രമേയ പരമായ ഉത്കണ്ഠകളുടെ
ഇഴയടുപ്പം കൊണ്ട് ഏതാണ്ടൊരു
തുടര്‍ ചിത്ര സംരംഭം (sequel)
ആയിത്തീരുന്നത്
തീര്‍ച്ചയായും ഒരപൂര്‍വ്വതയാണ്.
1961-ല്‍
പുറത്തിറങ്ങിയ ഹോളിവുഡ്
മാസ്റ്റര്‍പീസ് Judgment
at Nuremberg, ഇങ്ങ്
2015-ല്‍
ജര്‍മ്മന്‍ ചിത്രം Labyrinth
of Lies എന്നിവ
ഈ നിലയില്‍ സവിശേഷ
ശ്രദ്ധയാകര്‍ഷിക്കുന്നു.
ന്യൂറമ്പര്‍ഗ്
വിചാരണ -
നിയമം
'ദേശസ്നേഹ'ത്തിനു
വഴിമാറുമ്പോള്‍
ന്യൂറമ്പര്‍ഗ്
വിചാരണകളില്‍ മൂന്നാമാത്തേതായിരുന്ന
'ജഡ്ജുമാരുടെ
വിചാരണ' (മാര്‍ച്ച്
അഞ്ച്- ഡിസംബര്‍
നാല് , 1947) അടിസ്ഥാനമാക്കി
അബി മന്‍ രചിച്ച് സ്റ്റാന്‍ലി
ക്രേമര്‍ സംവിധാനം ചെയ്ത്1961-ല്‍
പുറത്തിറങ്ങിയ ഹോളിവുഡ്
ചിത്രമാണ് എക്കാലത്തെയും
മികച്ച 'കോര്‍ട്ട്
ഡ്രാമാ' ചിത്രങ്ങളില്‍
ഒന്നായ Judgment at Nuremberg. ഇതിഹാസ
താരം സ്പെന്‍സര്‍ ട്രേസി,
ജഡ്ജ്
ഹേയ് വുഡ് എന്ന കേന്ദ്ര
കഥാപാത്രത്തെ അവതരിപ്പിച്ച
ചിത്രത്തില്‍ ഇതര കഥാപാത്രങ്ങളെ
അവതരിപ്പിച്ചതും വിഖ്യാത
അഭിനേതാക്കളാണ്.
രണ്ടാം
ലോക യുദ്ധം കഴിഞ്ഞു മൂന്നു
വര്‍ഷങ്ങള്‍ പിന്നിട്ടു
നടന്ന ന്യൂറമ്പര്‍ഗ് വിചാരണകളില്‍
തേര്‍ഡ് റേയ്ക്കിലെ
'യുദ്ധക്കുറ്റങ്ങളും
മാനവികതക്കു നേരെയുള്ള
കുറ്റങ്ങളും (war-crimes
and crimes against humanity) പന്ത്രണ്ടോളം
അമേരിക്കന്‍ സ്ഥാപിത
യുദ്ധക്കുറ്റവിചാരണാ
ട്രൈബ്യൂണലുകള്‍ മുഖാന്തരം
വിചാരണ ചെയ്യപ്പെട്ടു.
ഇക്കൂട്ടത്തില്‍
സവിശേഷ സ്ഥാനമുണ്ട് 'ജഡ്ജുമാരുടെ
വിചാരണ'ക്ക്.
വിചാരണാനടപടികള്‍
തുടങ്ങുന്നതിനായി ജഡ്ജ് ഹേയ്
വുഡ് ന്യൂറമ്പര്‍ഗില്‍
എത്തിച്ചേരുന്നതോടെയാണ്
ചിത്രം ആരംഭിക്കുന്നത്.
അതൊട്ടും
ജനപ്രിയമായ ഒരു നടപടിയല്ലെന്നു
തുടക്കത്തിലേ സൂചിതമാവുന്നുണ്ട്.
ചിത്രം
മുന്നോട്ടുപോകവെ, ഈ
വിമുഖതയുടെ രാഷ്ട്രീയ സാമൂഹിക
കാരണങ്ങള്‍ ആഴത്തില്‍ വിശകലനം
ചെയ്യപ്പെടുന്നു. ലോക
മനസ്സാക്ഷിക്കു മുന്നില്‍
തങ്ങളുടെ മുഖം കളങ്കപ്പെടുത്തിയ
ഭൂതകാലത്തെ തമസ്ക്കരിക്കാനുള്ള
ജര്‍മ്മന്‍ ജനതയുടെ വ്യഗ്രത
മാത്രമായിരുന്നുവോ ഈ വിമുഖതക്ക്
കാരണം? അതോ,
അതിനപ്പുറം
ജര്‍മ്മനിയെ കുറ്റം ചാര്‍ത്തി
മാന്യരും മാനുഷിക, നൈതിക
മൂല്യങ്ങളുടെ കാവലാളുകളായി
സ്വയം ചമഞ്ഞ മറ്റു ലോക ശക്തികളുടെ
കാപട്യങ്ങളും അതിനു പിന്നില്‍
ഉണ്ടായിരുന്നോ?
പ്രതിക്കൂട്ടില്‍
നില്‍ക്കുന്ന മൂന്നോ നാലോ
പേരെ വിചാരണ ചെയ്യുകയും വിധി
കല്‍പ്പിക്കുകയും ചെയ്യുമ്പോള്‍
അവരെ സാധ്യമാക്കിയ പൊതുബോധമോ?
എങ്ങനെയാണ്
അവരെ വിധി പറയുക?
പ്രോസിക്യൂഷന്
വേണ്ടി വാദിക്കുന്ന കേണല്‍
റ്റാഡ് ലോസന്‍ (റിച്ചാര്‍ഡ്
വിഡ്മാര്‍ക്ക്) വിചാരണയില്‍
അന്തര്‍ലീനമായിരിക്കുന്ന
ധാര്‍മ്മിക രോഷത്തിന്‍റെ
അന്തസ്സത്ത ശക്തമായി
അവതരിപ്പിക്കുന്നു:
"കേസ്
അസാധരണമാണ്,
കാരണം
പ്രതികളില്‍ ആരോപിതമായ
കുറ്റങ്ങള്‍ നിയമസംരക്ഷണത്തിന്‍റെ
പേരില്‍ത്തന്നെ ചെയ്തവയാണ്.
തേഡ്
റെയ്ക്കിന്‍റെ എല്ലാ
നേതാക്കള്‍ക്കുമൊപ്പം
അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്,
ഏറ്റം
നിന്ദ്യമായ ,
ഏറ്റം
കരുതിക്കൂട്ടിയുള്ള,
ഏറ്റം
സര്‍വ്വവ്യാപകമായ
കുറ്റകൃത്യങ്ങള്‍ക്ക്.
അവരില്‍
ചിലരെക്കാള്‍ ഒരുപക്ഷെ
ഇവര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
കാരണം
ഇവര്‍ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തും
മുമ്പേ മുതിര്‍ന്നവരായിരുന്നു,
ഇളം
പ്രായത്തില്‍ നാസി അധ്യയനങ്ങളില്‍
കുരുങ്ങിപ്പോയവര്‍ ആയിരുന്നില്ല.
തേഡ്
റെയ്ക്കിന്‍റെ ആദര്‍ശങ്ങള്‍
വിദ്യാഭ്യാസവും ഉത്തരവാദിത്തവുമുള്ള
മുതിര്‍ന്നവര്‍ എന്ന നിലയില്‍
തന്നെയാണ് അവര്‍ പുല്‍കിയത്.”
ജഡ്ജിമാര്‍
എന്ന നിലയില്‍ നിയമം
വഴിമാറിപ്പോകുന്നത്
മുന്‍കൂട്ടിക്കാണാന്‍
അവര്‍ക്ക് കഴിയുമായിരുന്നെന്നും,
അതവരുടെ
ഉത്തരവാദിത്തത്തെ വര്‍ദ്ധിപ്പിക്കുന്നു
എന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു
.
ഇതിനു
എതിരറ്റമായി പ്രതിഭാഗം
വക്കീല്‍ ഹാന്‍സ് റോള്‍ഫ്
(മാക്സ്മിലിയന്‍
ഷെല്‍) വാചാലമായ
പ്രതിരോധത്തില്‍ പ്രശ്നത്തിന്റെ
ഏറ്റവും വിശാലമായ പരിപ്രേക്ഷ്യങ്ങള്‍
അവതരിപ്പിക്കുന്നു:
"എനസ്റ്റ്
യാനിങ്ങി(ബര്‍ട്ട്
ലാന്‍കാസ്റ്റര്‍ )നെ
കുറ്റവാളിയായി കണ്ടാല്‍,
ചില
സൂചനകള്‍ ഉയരുകതന്നെ ചെയ്യും.
ഒരു ജഡ്ജി
നിയമങ്ങള്‍ നിര്‍മ്മിക്കുന്നില്ല.
അയാള്‍
തന്‍റെ നാടിന്‍റെ നിയമങ്ങള്‍
നടപ്പിലാക്കുന്നേയുള്ളൂ.
"എന്‍റെ
രാജ്യം,
തെറ്റായാലും,
ശരിയായാലും"
എന്ന
വാക്യം പ്രസ്ഥാവിച്ചത് ഒരു
മഹാനായ അമേരിക്കന്‍ ദേശസ്നേഹിയാണ്.
അത്
ജര്‍മ്മനിയുടെ കാര്യത്തിലും
ഒട്ടും തെറ്റല്ല.
എനെസ്റ്റ്
യാനിംഗ് തന്‍റെ നാട്ടിലെ
നിയമം നടപ്പിലാക്കണമായിരുന്നോ?
അതോ അത്
നടപ്പിലാക്കാന്‍ വിസമ്മതിച്ചു
ഒരു ദേശദ്രോഹി ആവണമായിരുന്നോ?
ഈ വിചാരണയുടെ
അടിത്തട്ടിലെ വിഷയത്തിന്‍റെ
കാതല്‍ ഇതാണ്.”എന്നാല്‍
സാങ്കേതികമായ ദേശക്കൂറിന്റെയും
ഔദ്യോഗിക പ്രതിജ്ഞാബദ്ധതയുടെയും
തലത്തിനപ്പുറം സങ്കീര്‍ണ്ണമായ
വിഷയങ്ങളും അതിലുണ്ടെന്നു
വിചാരണയുടെ തുടര്‍ ഘട്ടങ്ങളില്‍
ഹാന്‍സ് റോള്‍ഫ് സ്ഥാപിക്കുന്നുണ്ട്.
ജര്‍മ്മനിയുടെ
യുദ്ധക്കുറ്റ പങ്കാളികളെ
വിചാരണ ചെയ്യുമ്പോള്‍ ആ
നീതിയുടെ വിരല്‍ എങ്ങോട്ടൊക്കെ
ചൂണ്ടേണ്ടതുണ്ട് എന്ന് ഹാന്‍സ്
റോള്‍ഫ് വാചാലനാവുന്നു:
"എനസ്റ്റ്
യാനിംഗ് പറഞ്ഞു "ഞങ്ങളുടെ
വന്യ സ്വപ്നങ്ങള്‍ക്കുമപ്പുറത്തേക്ക്
ഞങ്ങള്‍ വിജയിച്ചു"
എങ്ങനെയാണ്
ഞങ്ങള്‍ വിജയിച്ചത് ,
യുവറോണര്‍?
ബാക്കി
ലോകത്തിന്‍റെ കാര്യമോ?
തേഡ്
റെയ്ക്കിന്‍റെ ഉദ്ദേശങ്ങള്‍
ലോകത്തിനറിയാമായിരുന്നില്ലേ
? ലോകം
മുഴുവന്‍ പ്രക്ഷേപണം ചെയ്ത
ഹിറ്റ്‌ലറുടെ വാക്കുകള്‍
അത് കേട്ടില്ലേ?
ലോകത്തെങ്ങും
പ്രസിദ്ധീകരിക്കപ്പെട്ട
മെയ്ന്‍ കാംഫിലെ അയാളുടെ
ലക്ഷ്യങ്ങള്‍ അത് കേട്ടില്ലേ?
സോവിയെറ്റ്
യൂനിയന്‍റെ ഉത്തരവാദിത്തം
എവിടെ, ഹിറ്റ്‌ലറെ
യുദ്ധത്തിനു പ്രാപ്തനാക്കിയ
1939 - ലെ
ഉടമ്പടി ഒപ്പു വെച്ചവര്‍?നമ്മളിപ്പോള്‍
റഷ്യയെ കുറ്റക്കാരായി
പ്രഖ്യാപിക്കുമോ?
വത്തിക്കാന്‍റെ
ഉത്തരവാദിത്തമോ ,
1933 ഉടമ്പടി
ഉപ്പു വെച്ച അയാള്‍ക്ക്
ആദ്യത്തെ വന്‍പ്രശസ്തി
നല്‍കിയ?വത്തിക്കാനെ
നമ്മള്‍ കുറ്റം ചാര്‍ത്തണ്ടേ?
ലോക നേതാവ്
വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്‍റെ
ഉത്തരവാദിത്തമോ ,
1938-ല്‍
ലണ്ടന്‍ ടൈംസിനുള്ള ഒരു തുറന്ന
കത്തില്‍ ...1938
-ല്‍ ,
യുവറോണര്‍..
"ഇംഗ്ലണ്ട്
ഒരു ദേശീയ ദുരന്തം നേരിടുന്നുവെങ്കില്‍
, ഞാന്‍
പ്രാര്‍ഥിക്കും അഡോള്‍ഫ്
ഹിറ്റ്‌ലറുടെ മനോധൈര്യവും
ശക്തിയുമുള്ള ഒരാളെ അയക്കാന്‍
." നമ്മളിപ്പോള്‍
വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെ
കുറ്റവാളിയായി കാണണോ ?
ആ അമേരിക്കന്‍
വ്യവസായികളുടെ ഉത്തരവാദിത്തമോ
ഹിറ്റ്‌ലറുടെ ആയുധശേഷി പുന
സൃഷ്ടിക്കാന്‍ സഹായിച്ചവര്‍
, അതില്‍
നിന്ന് ലാഭമുണ്ടാക്കിയവര്‍?നമ്മള്‍
ആ അമേരിക്കന്‍ വ്യവസായികളെ
കുറ്റക്കാരായി കാണണ്ടേ?
അല്ല,
യോവറോണര്‍.
അല്ല,
ജര്‍മ്മനി
മാത്രമല്ല കുറ്റക്കാര്‍ .
ഹിറ്റ്‌ലര്‍
ഉണ്ടായതിനു ജര്‍മനിയെ പോലെ
ലോകം മുഴുവന്‍ ഉത്തരവാദിയാണ്
. പ്രതിക്കൂട്ടിലുള്ള
ഒരാളെ കുറ്റം ചാര്‍ത്താന്‍
എളുപ്പമാണ്.
ജര്‍മ്മന്‍
പ്രകൃതത്തിലെ "അടിസ്ഥാന
കുഴപ്പം "
ചര്‍ച്ച
ചെയ്യാന്‍ എളുപ്പമാണ് ഹിറ്റ്
ലറെ അധികാരത്തിലെത്തിച്ചത്,
അതേ സമയം
മറ്റുള്ളവരുടെ "അടിസ്ഥാന
കുഴപ്പ"ത്തെ
അവഗണിക്കാനും."
സഖ്യശക്തികള്‍
ബെര്‍ഗന്‍ ബെല്‍സന്‍
കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്
മോചിപ്പിച്ച ഘട്ടത്തില്‍
ചിത്രീകരിച്ച ഹോളോകോസ്റ്റിന്റെ
ഭീകരത വ്യക്തമാക്കുന്ന
യഥാര്‍ത്ഥ ഫൂട്ടേജ് കോടതി
മുറിയില്‍ പ്രദര്‍ശിപ്പിച്ചതിനെ
കുറിച്ച് പരാമര്‍ശിക്കവേ
അമേരിക്കക്കാരുടെ നീതിബോധത്തിന്റെ
ഉരകല്ലായി നാഗസാക്കിയുടെ
ചിത്രങ്ങള്‍ ഞാന്‍ താങ്കളെ
കാണിക്കണോ എന്ന് ഹാന്‍സ്
റോള്‍ഫ് മനസ്സാക്ഷിയുടെ
വിചാരണ നേരിടുന്ന എനസ്റ്റ്
യാനിങ്ങിനോട് ചോദിക്കുന്നുണ്ട്.
കുറ്റം
ചാര്‍ത്തുക എന്നത് ഏറെ
ദുഷ്ക്കരമാണ് എന്ന് മാത്രമല്ല,
അതിരുകള്‍
ഏറെ സങ്കീര്‍ണ്ണമാം വിധം
പരസ്പര ബന്ധിതമോ മുറിച്ചു
കടക്കുന്നതോ ആണ് എന്നും ജഡ്ജ്
ഹേയ് വുഡ് കണ്ടെത്തുന്നുണ്ട്.
മിസ്സിസ്
ബെര്‍തോള്‍ത്ത് (മാര്‍ലീന്‍
ഡീട്രിച്ച് )എന്ന
കഥാപാത്രമാണ് ഈ സങ്കീര്‍ണ്ണത
അദ്ദേഹത്തെ ഏറ്റവും കൂടുതല്‍
ബോധ്യപ്പെടുത്തുക.
ഹിറ്റ്
ലര്‍ക്ക് അനഭിമതനായി പാലായനം
ചെയ്യേണ്ടി വന്ന സംഗീതജ്ഞനു
വേദിയൊരുക്കുന്നതില്‍ മുന്‍
കയ്യെടുക്കുന്ന സാമൂഹ്യ
പ്രവര്‍ത്തക.
പ്രഥമ
ന്യൂറമ്പര്‍ഗ് വിചാരണയില്‍
വധശിക്ഷ നല്‍കപ്പെട്ട സൈനിക
മേധാവിയുടെ വിധവ.
ജീവിത
കാലം മുഴുവന്‍ ഒരു സൈനികനായി
ജീവിച്ച തന്റെ ഭര്‍ത്താവിനു
ഫയറിംഗ് സ്ക്വാഡിന്റെ
അന്തസ്സെങ്കിലും നല്‍കണമെന്ന്
യാചിച്ചു സഖ്യ ശക്തികളുടെ
ഓഫീസുകള്‍ കയറിയിറങ്ങി
അപമാനിതയും നിസ്സഹായയുമായി
തോറ്റുപോയതിന്‍റെ ഓര്‍മ്മകളുണ്ട്
അവര്‍ക്ക്.
ഇരുണ്ടുപോയ
മാനസികാവസ്ഥയില്‍ നിന്ന്
വെറുപ്പുകൊണ്ട് ഒരാള്‍ക്ക്
ജീവിക്കാനാവില്ലെന്ന
തിരിച്ചറിവില്‍ തിരിച്ചു
വന്നവള്‍.
"ഞങ്ങളൊക്കെ
അതാണ് എന്നാണോ കരുതുന്നത്?
ഞങ്ങള്‍ക്ക്
അതൊക്കെ അറിയാമായിരുന്നു
എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?കുട്ടികളെയും
സ്ത്രീകളെയും കൊല്ലാന്‍
ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു
എന്ന്?” ഹിറ്റ്
ലര്‍ തന്നെയും തന്റെ ഭര്‍ത്താവിനെയും
എനസ്റ്റ് യാനിങ്ങിനെയുമൊക്കെ
അഭിജാതര്‍ക്ക് മുന്നില്‍
അയാള്‍ക്ക് സഹാജമായുണ്ടായിരുന്ന
അപകര്‍ഷ ബോധത്തില്‍ ഉള്ളു
കൊണ്ട് വെറുത്തിരുന്നുവെന്ന്
അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
തന്റെ
ഭര്‍ത്താവ് ഒരു സൈനിക
വീരനായിരുന്നത് 'കുള്ളന്‍
കോര്‍പ്പറലിനെ അസൂയാലുവാക്കിയിരുന്നെന്നും
അതാണ് തങ്ങള്‍ക്ക് കാര്യങ്ങള്‍
ഇത്രയേറെ വഷളാക്കിയതെന്നും
അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എനസ്റ്റ്
യാനിംഗ് ഒരു ഘട്ടത്തില്‍
തന്റെ സുന്ദരിയായ ഭാര്യയോടു
അമിതസ്വാതന്ത്ര്യമെടുത്ത
ഹിറ്റ് ലറെ വാക്കുകള്‍ കൊണ്ട്
അടിച്ചിരുത്തിയ സന്ദര്‍ഭം
അവര്‍ വിവരിക്കുന്നുണ്ട്:
“അദ്ദേഹം
പറഞ്ഞു,
ചാന്‍സലര്‍,
അങ്ങ്
ഇത്രയും മോശം പെരുമാറ്റക്കാരനാണ്
എന്നത് എനിക്ക് പ്രശ്നമില്ല,
അതില്‍
എനിക്ക് പ്രശ്നമില്ല എന്നാല്‍
താങ്കള്‍ ഇത്തരമൊരു ബൂര്‍ഷ്വാ
ആണെന്നതിനെ ഞാന്‍ എതിര്‍ക്കുന്നു!”
'ഞങ്ങള്‍ക്കറിയില്ലായിരുന്നു,
ഞങ്ങള്‍
നിസ്സഹായരായിരുന്നു'
എന്നാല്‍
ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു
എന്ന ഒഴികഴിവ് സാമൂഹികമായി
എത്രത്തോളം നില നില്‍ക്കുന്നതാണ്?
സര്‍വ്വാധിപത്യത്തിന്റെ
കെടുതികള്‍ അനുഭവിച്ച
ലോകമെങ്ങുമുള്ള സമൂഹങ്ങള്‍
തങ്ങളുടെ പരാജയങ്ങള്‍ക്കു
ഈയൊരു ഒഴികഴിവ് നിരന്തരം
ഉപയോഗിച്ചിട്ടുണ്ട് -
അജ്ഞതയുടെ
പേരില്‍,
കഴിവുകേടിന്റെ
പേരില്‍,
ഗതികേടിന്റെ
പേരില്‍-
ചിത്രത്തിലെ
സാധാരണക്കാരില്‍ ഒരാളായ
ജഡ്ജ് ഹേയ് വുഡിന്റെ പരിചാരകനും
ഭാര്യയും പറയുന്ന പോലെ:
"ഞങ്ങളൊക്കെ
ചെറിയ മനുഷ്യരാണ്.
ഞങ്ങളുടെ
മകനെ സൈന്യത്തില്‍ നഷ്ടമായി
മകളെ ബോംബിങ്ങിലും.
യുദ്ധകാലത്ത്
ഞങ്ങള്‍ ഏതാണ്ട് പട്ടിണിയിലായിരുന്നു.
ഞങ്ങള്‍ക്കൊക്കെ
അത് ദുസ്സഹമായിരുന്നു.
ഹിറ്റ്‌ലര്‍...
ഹിറ്റ്‌ലര്‍
ചില നല്ലകാര്യങ്ങള്‍ ചെയ്തു.
ഹിറ്റ്‌ലര്‍
ചില നല്ലകാര്യങ്ങള്‍ ചെയ്തില്ല
എന്ന് ഞാന്‍ പറയില്ല.അദ്ദേഹം
ഓട്ടോബാന്‍ നിര്‍മ്മിച്ചു..
കുറെ പേര്‍ക്ക്
തൊഴില്‍ നല്‍കി അദ്ദേഹം ചില
നല്ലകാര്യങ്ങള്‍ ചെയ്തില്ല
എന്ന്
ഞങ്ങള്‍ പറയില്ല.
എന്നാല്‍ മറ്റു
കാര്യങ്ങള്‍...
ജൂതന്മാരോടും
മറ്റുള്ളവരോടും ചെയ്തതായി
പറയുന്ന
കാര്യങ്ങളെ പറ്റി
ഞങ്ങള്‍ക്കൊന്നുമറിയില്ല.
മിക്ക
ജര്‍മന്‍കാര്‍ക്കും അറിയില്ല.
ഇനി
അറിഞ്ഞാല്‍ത്തന്നെ...ഞങ്ങള്‍ക്കെന്തു
ചെയ്യാനാവുമായിരുന്നു?”
ഒറ്റനോട്ടത്തില്‍
ഉത്തരമില്ലാത്ത ഈ ചോദ്യത്തെ
ഏറ്റവും വ്യക്തമായി തുറന്നു
കാണിക്കുന്ന എനസ്റ്റ് യാനിംഗ്
(ബര്‍ട്ട്
ലാന്‍കാസ്റ്റര്‍)
തന്നെയാണ്
ചിത്രത്തില്‍ നീതിയെ
സംബന്ധിക്കുന്ന സമസ്യകളുടെ
വക്താവ്.
"എന്റെ
വക്കീല്‍ വിശ്വസിപ്പിക്കാന്‍
നോക്കുന്നു കോണ്‍സെന്‍ട്രേഷന്‍
ക്യമ്പുകളെ കുറിച്ച്
ഞങ്ങള്‍ക്കറിയില്ലായിരുന്നു
എന്ന്.
എവിടെയായിരുന്നു
ഞങ്ങള്‍ ?
ഹിറ്റ്‌ലര്‍
തന്റെ രോഷം റീച്ച്സറ്റാഗില്‍
അലറി വിളിക്കുമ്പോള്‍?
അയല്‍വാസിയെ
നടുപ്പാതിരക്ക് ഡാക്കൊയിലേക്ക്
വലിച്ചിഴക്കുമ്പോള്‍?
ജര്‍മ്മനിയിലെ
ഒരോ ഗ്രാമത്തിലും ഒരു റെയില്‍
റോഡ് ടെര്‍മിനല്‍ ഉണ്ടായിട്ട്
കാലികളെ കൊണ്ട് പോകുന്ന
ബോഗിയില്‍ കുഞ്ഞുങ്ങളെ
കുത്തിനിറച്ചു കൊല്ലാന്‍
കൊണ്ട് പോയപ്പോള്‍?
രാത്രികളില്‍
അവരുടെ നിലവിളി ഞങ്ങളെ തേടി
വന്നപ്പോള്‍ ?ഞങ്ങള്‍
ബധിരരായിരുന്നോ ?
മൂകര്‍?
അന്ധര്‍?
ലക്ഷങ്ങളെ
കൊന്നൊടുക്കിയതിനെകുറിച്ചു
ഞങ്ങള്‍ക്കറിയില്ലായിരുന്നു
എന്ന് എന്‍റെ വക്കീല്‍.
അദ്ദേഹം
തരുന്ന ഒഴികഴിവ് നൂറു കണക്കിന്
കൊലകളെ കുറിച്ചേ അറിഞ്ഞിരുന്നുള്ളൂ
എന്ന്.
അങ്ങനെയായാല്‍
കുറ്റം കുറയുമോ ?
ഒരു പക്ഷെ
വിശദാംശങ്ങള്‍ അറിയില്ലായിരിക്കാം,
പക്ഷെ
അറിഞ്ഞില്ലെങ്കില്‍,
അറിയാന്‍
ശ്രമിക്കാതിരുന്നത് കൊണ്ടാണ്
....!”
മുമ്പേ
തീര്‍ത്ത കുരുക്കളും ബലിയാടുകളും
സര്‍വ്വാധിപത്യം
നിയമവാഴ്ച്ചയെ എങ്ങനെയാണ്
നോക്കുക്കുത്തിയാക്കുന്നത്
എന്ന് ശക്തമായി വിശകലനം
ചെയ്യപ്പെടുന്നുണ്ട്
ചിത്രത്തില്‍.
ഡോ.
വീക്ക്
(ജോണ്‍
വെംഗ് ഗ്രാഫ്)
സാക്ഷ്യപ്പെടുത്തുന്നത്
പോലെ “1933-ല്‍
നാസികള്‍ വന്നശേഷം വസ്തുനിഷ്ഠ
നീതിക്കപ്പുറത്ത് ചിലതിനു
ജഡ്ജിമാര്‍ വിധേയരായി.
നാടിന്‍റെ
സംരക്ഷണത്തിനു എന്ത് വേണമോ
അതിനു അവര്‍ വിധേയപ്പെടെണ്ടി
വന്നു.
ജഡ്ജിയുടെ
പ്രഥമ പരിഗണന കേസിന്‍റെ
വസ്തുനിഷ്ഠമായ തെളിവുകള്‍ക്ക്
പകരം രാജ്യത്തിനെതിരായ
കുറ്റത്തെ ശിക്ഷിക്കലായി"
എന്നും
"വംശീയ
ആശയം ആദ്യമായി നിയമാനുസൃതമായി"
എന്നും
നാസി രീതികളില്‍ മനം മടുത്തു
രാജിവെച്ച ആ ന്യായാധിപന്‍
സാക്ഷ്യപ്പെടുത്തുന്നു.
ക്രിമിനല്‍
നിയമത്തില്‍ വന്ന മാറ്റങ്ങളെ
കുറിച്ചും അദ്ദേഹം നിരീക്ഷിക്കുന്നു:
"അതിന്‍റെ
ലക്ഷണം കൂടിക്കൂടി വന്ന
വധശിക്ഷകളായിരുന്നു.
പ്രതികള്‍ക്കെതിരില്‍
ശിക്ഷകള്‍ വിധിക്കപ്പെട്ടു
അവര്‍ പോളണ്ടുകാരോ,
ജൂതരോ,
രാഷ്ട്രീയമായി
അസ്വീകാര്യരോ ആയിരുന്നു എന്ന
ഏകകാരണത്താല്‍.
മുമ്പൊരിക്കലും
രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരിലുള്ള
ആയുധമായി അതുപയോഗിക്കപ്പെട്ടിട്ടില്ല.”
ഭരണ
കൂടത്തിനു അസ്വീകാര്യരായവരുടെ
കാര്യത്തില്‍ വിധി ആദ്യം
തയ്യാറാക്കുകയും വിചാരണാപ്രഹസനം
പിന്നീട് അരങ്ങേറുകയും
ചെയ്തുവന്ന ക്രൂരമായ ഫലിതത്തെ
കുറിച്ച് എനസ്റ്റ് യാനിംഗ്
തന്നെ വിവരിക്കുന്നുണ്ട്:
"ഈ
കോടതി മുറിയില്‍ പ്രവേശിക്കും
മുമ്പേ ഞാന്‍ ഫെല്‍ഡെന്‍സ്റ്റെയ്ന്‍
കേസിലെ വിധിയില്‍ എത്തിക്കഴിഞ്ഞിരുന്നു.
തെളിവ്
എന്തായാലും ഞാന്‍ അദ്ദേഹത്തെ
കുറ്റക്കാരനായി കാണുമായിരുന്നു
. അതൊരു
വിചാരണയേ ആയിരുന്നില്ല.
അതൊരു
ബലിച്ചടങ്ങ് മാത്രമായിരുന്നു
, ജൂതന്‍
ഫെല്‍ഡെന്‍സ്റ്റെയ്ന്‍
നിസ്സഹായനായ ഇരയും.”
വിചാരണയുടെ ഒടുവില്‍ ചരിത്ര പ്രസിദ്ധമായ വിധിന്യായത്തില്‍ ജഡ്ജ് ഹേയ് വുഡ് നിരീക്ഷിക്കുന്നുണ്ട്: യാനിങ്ങിന്‍റെ പൂര്‍വ്വകാലവും അദ്ദേഹത്തിന്‍റെ വിധിയും ഈ വിചാരണയില്‍ നിന്ന് വ്യക്തമായ ഏറ്റവും കടുത്ത സത്യം വെളിവാക്കുന്നു. അദ്ദേഹം, മറ്റെല്ലാ പ്രതികളും, നിന്ദ്യരായ വൈകൃത സ്വഭാവികയായെങ്കില്‍, തേഡ് റെയ്ക്കിലെ എല്ലാ തലവന്മാരും സാഡിസ്റ്റുകളായ ഭീകരരും പീഡനഭ്രാന്തരും ആയെങ്കില്‍, എങ്കില്‍ ഈ സംഭവങ്ങള്‍ക്ക് ഒരു ധാര്‍മ്മിക പ്രസക്തിയുമില്ല - ഒരു ഭൂകമ്പത്തെക്കാള്‍ ഏറെ , അല്ലെങ്കില്‍ ഒരു പ്രകൃതി ദുരന്തത്തേക്കാള്‍ ഏറെ. എന്നാല്‍ ഈ വിചാരണ വ്യക്തമാക്കുന്നു ഒരു ദേശീയ പ്രതിസന്ധിയില്‍ സാധാരണക്കാരും കഴിവുള്ളവരും അസാമാന്യരും എല്ലാവര്‍ക്കും തങ്ങളെ തന്നെ മോഹഭംഗത്തിലാക്കി കുറ്റകൃത്യങ്ങള്‍ ചെയ്യാനാവും; ഭാവനയില്‍ കണാനാവുന്നതിനേക്കാള്‍ നിന്ദ്യവും ഭീകരവുമായ കുറ്റങ്ങള്‍. ഈ വിചാരണയില്‍ ഉണ്ടായിരുന്നവരാരും അത് ഒരിക്കലും മറക്കരുത്. രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരില്‍ ആളുകളെ വന്ധ്യംകരിക്കുക. സൌഹൃദത്തെയും വിശ്വാസത്തെയും പരിഹാസ്യമാക്കുക. കുഞ്ഞുങ്ങളെ കൊല്ലുക. എത്രയെളുപ്പം അവ സംഭവിക്കാം! നമ്മുടെ നാട്ടിലുമുണ്ട് ഇന്ന് രാജ്യ സുരക്ഷയെ കുറിച്ച് , അതിജീവനത്തെ കുറിച്ച് പറയുന്നവര്‍. ഓരോ രാജ്യത്തിന്‍റെയും ജിവിതത്തില്‍ ഒരു തീരുമാനം എടുത്തേ പറ്റൂ- ശത്രുവിന്‍റെ പിടി കഴുത്തിലാവുന്ന നിമിഷം, അപ്പോള്‍ അതിജീവിക്കാനുള്ള ഏകവഴി ശത്രുവിന്‍റെ അതെ മാര്‍ഗ്ഗമുപയോഗിക്കല്‍ ആവുന്നു, അതിജീവനത്തെ ഏറ്റവും എളുപ്പമുള്ളതിലേക്ക് ചുരുക്കുക, മറ്റേ വഴി നോക്കുക. അതിനുള്ള മറുപടി ...എന്തായി അതിജീവിക്കല്‍? ഒരു രാജ്യം ഒരു പാറയല്ല. അത് ഒരു വ്യക്തിയുടെ സ്വത്വത്തിന്‍റെ തന്നെ ഒരു വലിച്ചു നീട്ടല്‍ അല്ല. എന്തിനു വേണ്ടി നിലകൊള്ളുന്നോ അതാണ് ഒരു രാജ്യം; എന്തിനെങ്കിലും വേണ്ടി നിലകൊള്ളുന്നത് ഏറെ പ്രയാസകരമാവുമ്പോഴും അതിനു വേണ്ടി നില കൊള്ളലാണ് ഒരു രാജ്യം.”

മൗനത്തിന്റെ
രാവണന്‍ കോട്ട
തമസ്ക്കരിക്കപ്പെടുന്ന
ചരിത്രഭാരം
'ന്യൂറമ്പര്‍ഗ്
വിചാരണ"യുടെ
ഒടുവില്‍,
വിധിപ്രസ്താവം
കഴിഞ്ഞു നാല് പ്രതികള്‍ക്കും
ജീവ പര്യന്തം ശിക്ഷ വിധിച്ച
ശേഷം,
യൂറോപ്പിലെ
ശാക്തിക ബാലാബലങ്ങളില്‍
മാറ്റമുണ്ടാക്കുന്ന
ചെക്കോസ്ലോവാക്ക്യന്‍ സംഘര്‍ഷ
ത്തെ തുടര്‍ന്ന് പുതിയൊരു
യുദ്ധത്തിന്റെ കാറ്റുവീശുന്ന
രാഷ്ട്രീയ സാഹചര്യങ്ങളില്‍
ജര്‍മ്മനിയെ പിണക്കുന്നത്
ബുദ്ധിയല്ലെന്ന പുത്തന്‍
തിരിച്ചറിവില്‍ സുഹൃത്തുക്കളും
സ്തുതിപാഠകരും നഷ്ടമായ ജഡ്ജ്
ഹേയ് വുഡിനോട് ജയില്‍ മുറിയില്‍
വെച്ച് എനസ്റ്റ് യാനിംഗ്
പറയുന്നുണ്ട്:
"ആളുകള്‍
,ദശ
ലക്ഷക്കണക്കിന് ആളുകള്‍,
അതവിടെയെത്തുമെന്നു
ഞാനൊരിക്കലും അറിഞ്ഞില്ല.
താങ്കള്‍
വിശ്വസിക്കണം.
താങ്കള്‍
വിശ്വസിക്കണം..!”
ജഡ്ജ്
ഹേയ് വുഡ് പ്രതിവചിക്കുന്നു:
"ഹെര്‍
യാനിംഗ്,
അതങ്ങോട്ട്
എത്തിയിരുന്നു ഒന്നാമത്തെ
തവണ നിരപരാധിയെന്ന്
താങ്കള്‍ക്കറിയാവുന്ന ഒരാളെ
താങ്കള്‍ വധിക്കാന്‍
വിധിച്ചപ്പോള്‍ തന്നെ.”
പ്രതിഭാഗത്തിന്റെ
യുവ അഭിഭാഷകന്‍ ഹേര്‍ റോള്‍ഫ്,
ജഡ്ജ്
ഹേയ് വുഡിനെ വെല്ലുവിളിക്കുന്നു
"ഇനി
അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍
നിങ്ങള്‍ ജീവപര്യന്തം
നല്‍കിയവര്‍ സ്വതന്ത്രരാവും.!”
അതിനും
അദ്ദേഹം അക്ഷോഭ്യനായി
പ്രതിവചിക്കുന്നുണ്ട്:
"ഹെര്‍
റോള്‍ഫ് ,
കോടതി
മുറിയിലെ നിങ്ങളുടെ പ്രകടനത്തെ
ഞാന്‍ അങ്ങേയറ്റം മാനിക്കുന്നു.
ലോജിക്
ഉപയോഗിക്കുന്നതില്‍ നിങ്ങള്‍
വിശേഷിച്ചും മിടുക്കനാണ്.
അത്
കൊണ്ട്,
നിങ്ങള്‍
പറഞ്ഞത് മിക്കവാറും നടക്കും.
നമ്മുടെ
കാലഘട്ടം പരിഗണിക്കുമ്പോള്‍
അത് ലോജിക്കലാണ്.
എന്നാല്‍
ലോജിക്കല്‍ എന്നാല്‍ സത്യം
എന്നല്ല,
ദൈവത്തിന്‍റെ
ഈ ഭൂമിയില്‍ ഒന്നിനും അതിനെ
അങ്ങനെ ആക്കാനും കഴിയില്ല.”
ചരിത്ര
യാഥാര്‍ത്ഥ്യവും സുവ്യക്തമായ
രാഷ്ട്രീയ സാമൂഹികസാഹചര്യങ്ങളില്‍
അത് തമസ്ക്കരിക്കപ്പെടുന്ന
പുതിയ കാലത്തിന്റെ അതിജീവന
രീതികളും കൃത്യമായും
പ്രവചിക്കപ്പെടുന്ന ഈ
അന്ത്യത്തില്‍ നിന്ന് തന്നെയാണ്
2015-ല്‍
പുറത്തിറങ്ങിയ 'നിശ്ശബ്ദതയുടെ
രാവണന്‍ കോട്ട'എന്ന്
മൂല ജര്‍മ്മന്‍ തലക്കെട്ടിനു
അര്‍ത്ഥമുള്ള Labyrinth
of Lies' (സംവിധാനം:
ഗിലിയോ
റിച്ചിറെല്ലി)
എന്ന
ചിത്രം ആരംഭിക്കുന്നത്.
ചെയ്തു
കൂട്ടിയതോ പങ്കാളികളായതോ
ആയ കൊടും ക്രൂരതകളെ എല്ലാവരും
കുറ്റവാളികളോ കുറ്റകരമായ
മൌനം കൊണ്ട് പങ്കുകാരോ ആയ
സമൂഹത്തിന്റെ ബോധപൂര്‍വ്വമായ
സ്മൃതി നാശത്തില്‍ സമര്‍ത്ഥമായി
ഒളിപ്പിച്ചു വെച്ച് മാന്യരും
കുലീനരുമായി കഴിയുന്ന മുതിര്‍ന്ന
തലമുറയും നാസി ആശയങ്ങളെ
അമൂര്‍ത്തമായി എതിര്‍ക്കുമ്പോഴും
തങ്ങളുടെ ചരിത്ര ഭാരത്തെ
കുറിച്ച് തീര്‍ത്തും അജ്ഞരായ
യുവതലമുറയുമാണ് 1960-കളില്‍
(20
ഡിസംബര്‍
1963
മുതല്‍
19
ആഗസ്റ്റ്
1965
വരെ)
നടന്ന
ഫ്രാങ്ക്ഫര്‍ട്ട് -
ഓഷ്
വിറ്റ്സ് വിചാരണയുടെ ചരിത്ര
പശ്ചാത്തലത്തില്‍ വികസിക്കുന്ന
കഥാഗതിയില്‍ കഥാപാത്രങ്ങളാവുന്നത്.
ഓഷ്
വിറ്റ്സിനെ കുറിച്ച് 'അതൊരു
സുരക്ഷാ തടവറയായിരുന്നില്ലേ?'
എന്ന്
ചോദിക്കുന്ന ഒരു യുവ പബ്ലിക്
പ്രോസിക്യൂട്ടറും അതെ കുറിച്ച്
കേട്ടിട്ടേയില്ലാത്ത
ഇരുപതുകാരിയും ഈ അജ്ഞതയുടെ
പ്രതീകങ്ങളാണ്.
ഹിറ്റ്
ലര്‍ പോയതോടെ നാസികളും
തീര്‍ന്നെന്നു കരുതുന്നത്
മണ്ടത്തരമാണെന്ന് ജെനറല്‍
ഫ്രിറ്റ്സ് ബോയര്‍ (ഗെര്‍ട്ട്
വോസ്)
ഇളം
മുറക്കാരനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഈ
സാമൂഹിക ആന്ധ്യത്തിന്റെ
പരിസരത്തിലാണ് ,
ഓഷ്
വിറ്റ്സ് അതിജീവിച്ച ചിത്രകാരന്‍
സൈമണ്‍ ക്രിഷ്(യോഹാനസ്
ക്രിഷ്)
ഒരു
സ്കൂള്‍ അധ്യാപകനില്‍ തന്റെയും
കൂട്ടാളികളുടെയും പീഡകനായിരുന്ന
ഓഷ് വിറ്റ്സ് ഭീകരന്‍ അലോയിസ്
ഷൂല്‍സിനെ (ഹാര്‍ട്ട്മുട്ട്
വോലെ)
തിരിച്ചറിയുന്നത്.
കാര്യം
അധികൃതരുടെ ശ്രദ്ധയില്‍
പെടുത്തി ഒരു കൊലയാളി കുട്ടികളെ
പഠിപ്പിക്കുന്ന സാഹചര്യം
ഒഴിവാക്കാനും അയാളെ നിയമത്തിനു
മുന്നില്‍ കൊണ്ടുവരാനും
ക്രിഷും പത്രപ്രവര്‍ത്തകനായ
സുഹൃത്ത് തോമസ് നിയെല്‍ക്കാ(ആന്ദ്രേ
സിമാന്‍സ്ക്കി)യും
ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍
തണുത്ത,
നിര്‍വ്വികാരമായ
ഔദ്യോഗിക പ്രതികരണങ്ങളില്‍
ഒടുങ്ങിപ്പോവേണ്ടാതായിരുന്നു
-
യുവ
പ്രോസിക്യൂട്ടര്‍ യൊഹാന്‍
റാഡ്മാന്‍ (അലക്സാണ്ടര്‍
ഫെലിന്‍)
അതങ്ങനെ
അവഗണിക്കാനുള്ളതല്ല എന്ന്
തീരുമാനിച്ചില്ലായിരുന്നെങ്കില്‍.
ചരിത്രമാകാനിരുന്ന
ഫ്രാങ്ക്ഫര്‍ട്ട് -
ഓഷ്
വിറ്റ്സ് വിചാരണയുടെ
തുടക്കമാവുകയായിരുന്നു ആ
യുവ അഭിഭാഷകന്‍റെ അന്വേഷണത്വര
-
വ്യക്തിപരമായി
അയാള്‍ക്ക് നിയമം തെറ്റിച്ചു
പാര്‍ക്ക് ചെയ്യുന്ന
വാഹനങ്ങള്‍ക്ക് പിറകെ പോവുന്ന
ദൈനംദിന ഔദ്യോഗികചക്രത്തിന്റെ
മടുപ്പില്‍ നിന്ന് മോചനവും.
കെട്ട
കാലം മുഖം കാണിക്കുമ്പോള്‍
ഓഷ്
വിറ്റ്സില്‍ കമാണ്ടര്‍
ആയിരുന്ന ഒരാളുടെ ഭൂതകാലം
അന്വേഷിച്ചുള്ള യാത്ര 'എണ്ണായിരം
കൈകളുള്ള ഒരു കൊലയന്ത്ര'ത്തിലെ
സംശയിക്കപ്പെടേണ്ട മുഴുവന്‍
പ്രതികളുടെയും അതിജീവിച്ച
മുഴുവന്‍ ഇരകളുടെയും കഥകളിലേക്കും
അവരിലൂടെ ഓഷ് വിറ്റ്സിന്റെയും
ജര്‍മ്മനിയുടെ തന്നെയും
തമസ്ക്കരിക്കപ്പെട്ട ചരിത്ര
ഭാരത്തിലേക്കുമുള്ള
യാത്രയായിത്തീരുന്നതോടെ
റാഡ്മാന്റെയും കൂട്ടാളി
നിയെല്‍ക്കായുടെയും അന്വേഷണം
ഒരു വമ്പന്‍ പ്രയത്നം
ആയിത്തീരുന്നു.
ഉത്തരവാദികളെ
തെടുന്നുവെങ്കില്‍ -
"പത്തു
മില്ല്യന്‍ നാസികള്‍...
അവരെയെല്ലാം
നിയമത്തിനു മുന്നില്‍
കൊണ്ടുവരാമെന്ന് നീ
കരുതുന്നുവെങ്കില്‍ അത്
സാന്താ ക്ലോസില്‍ വിശ്വസിക്കുന്നത്
പോലെയാണ്!”
- എന്ന്
രജിസ്ട്രി സൂക്ഷിപ്പുകാരന്‍
കളിയാക്കുന്നുണ്ട്.
നവനാസി
ഗൂണ്ടകളുടെ ഒളിയാക്രമണത്തെക്കാളേറെ
ഔദ്യോഗികകേന്ദ്രങ്ങളില്‍
നിന്നുള്ള നിസ്സഹകരണവും
കുത്തുവാക്കുകളും അവര്‍ക്ക്
നേരിടേണ്ടി വരുന്നുണ്ട്.
യോഹാനസ്
ക്രിഷിനെ പോലുള്ള ഇരകളാവട്ടെ,
Judgment at Nuremberg -ല്‍
ജൂഡി ഗാര്‍ലന്റ് അവതരിപ്പിച്ച
ഐറീന്‍ ഹോഫ്മാനെ പോലെ നഷ്ടപ്പെട്ട
ശുഭാപ്തി വിശ്വാസത്തിന്റെ
ഹൃദയ പീഡയില്‍ തങ്ങളുടെ
അനുഭവങ്ങളെ കുറിച്ച്
മനസ്സുതുറക്കാന്‍ തല്‍പ്പരരുമല്ല.
നിയമ
നടത്തിപ്പിന്റെ പരിചിത
വൃത്തങ്ങളില്‍ നിന്ന്
സാക്ഷികളോട് പേരു വിവരങ്ങളും
പീഡനങ്ങള്‍ നടന്നതിന്റെ
സമയവും തീയതിയും ചോദിക്കുന്ന
റാഡ്മാനോട് 'എസ്.
എസ്.
ഞങ്ങള്‍ക്ക്
കലണ്ടര്‍ തന്നില്ലെ'ന്നു
പ്രതിവചിക്കുന്ന സാക്ഷി
അത്ഭുപ്പെടുന്നുണ്ട്:
"ഓഷ്
വിറ്റ്സ് എന്നാല്‍ എന്തായിരുന്നെന്നാ
നിങ്ങളുടെ വിചാരം?
തടാകക്കരയിലെ
വേനല്‍ക്കാല വസതിയോ?”
റാഡ്മാനെ
കാത്തിരിക്കുന്ന ഏറ്റവും
വലിയ നിരാശകളിലൊന്നു താനേറെ
ആരാധിച്ച തന്റെ പിതാവിന്റെ
പൂര്‍വ്വകാല ചരിത്രമായിരിക്കും.
"നിങ്ങളെല്ലാരും
നാസികള്‍ ആയിരുന്നു.
കിഴക്കന്‍
മേഖലയില്‍,
ഇപ്പോള്‍
നിങ്ങളെല്ലാം കമ്യൂണിസ്റ്റുകള്‍.
കര്‍ത്താവേ,
നിങ്ങളീ
ജര്‍മ്മന്‍കാര്‍..!
നാളെ
ചൊവ്വയില്‍ നിന്നുകൊച്ചു
പച്ചമനുഷ്യര്‍ ഇവിടെ ഇറങ്ങിയാല്‍,
നിങ്ങളെല്ലാരും
പച്ചയാവും.
കുട്ടീ,
നീ
വളരെ ചെറുപ്പം.
പക്ഷെ
നിന്‍റെ അച്ഛന്‍ ഒരു നാസി
ആയിരുന്നു.
എന്ത്?
അല്ല.
അദ്ദേഹത്തിനു
നാസികളെ വെറുപ്പായിരുന്നു.
അത് ശരിയാ.
'45 നു
ശേഷം എല്ലാരും പെട്ടെന്ന്
റസിസ്റ്റന്‍സുകാരായി.”
സത്യത്തിനു
വേണ്ടി നിലക്കൊണ്ട പിതാവ്
നാസികളെ വെറുത്തിരുന്നെന്നും
യുദ്ധമേഖലയില്‍ കാണാതായത്
തികച്ചും വീരോചിതമായ രീതിയില്‍
ആയിരുന്നെന്നും അയാള്‍
വിശ്വസിച്ചിരുന്നു.
അതിനു
വിപരീതമായി അദ്ദേഹവും നാസി
പാര്‍ട്ടി അംഗമായിരുന്നു
എന്ന അറിവ് അയാളെ താല്‍ക്കാലികമായെങ്കിലും
തകര്‍ത്തുകളയുകയും അയാള്‍ക്ക്
പ്രണയഭംഗവും തന്റെ ജോലി
രാജിവെക്കേണ്ട മാനസികാവസ്ഥയും
സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
കഥകള്‍
പറയപ്പെടേണ്ടത്:
തന്റെ
ഓഷ് വിറ്റ്സ് അനുഭവത്തെ
കുറിച്ചു ക്രിഷ് നല്‍കുന്ന
സൂചനകളില്‍ നിന്നാണ് 'മൃത്യു
ഡോക്റ്റര്‍'
(Doctor
Death) എന്ന
ജോസെഫ് മിന്‍ഗേലായെ
കുറിച്ച് റാഡ്മാന്‍
മനസ്സിലാക്കുന്നത്.
"എന്‍റെ
പെണ്മക്കള്‍.
റൂത്തും
ക്ലാരയും.
കുഞ്ഞുങ്ങള്‍.
ഞങ്ങള്‍
രാവിലെ എത്തി,
നൂറു
കണക്കിന്,
ആയിരക്കണക്കിന്.
ഞങ്ങള്‍
വിശന്നും തണുത്തും.
അതി
ശൈത്യമായിരുന്നു.
SS അവരുടെ
നായ്ക്കളോടൊപ്പം ഞങ്ങളെ
വളഞ്ഞു.
എല്ലാരും,
പോകൂ,
വേഗം,
വരിവരിയായി.
ഹന്നാ
ഒരു ട്രക്കില്‍ പോയി.
പെട്ടെന്ന്
അവിടെ ..
ആ
ഡോക്റ്റര്‍.
വെളുത്ത
ഗ്ലൌസ് ധരിച്ചു.
മാലാഖയെ
പോലെ.
അയാള്‍
ശാന്തനായിരുന്നു.
അയാള്‍
മുട്ടുകുത്തി,
റൂത്തിനേയും
ക്ലാരയെയും കാണാന്‍.
റൂത്തിന്‍റെ
തലയില്‍ തലോടി,
പുഞ്ചിരിച്ചു
കൊണ്ട് പറഞ്ഞു:
"നിന്‍റെ
ഇരട്ടകള്‍ ക്യൂട്ട് ആണ്.
അവരെ
ഞാന്‍ എന്‍റെ സ്റ്റേഷനിലേക്ക്
കൊണ്ട് പോകും."
ഞാന്‍
കരുതി അയാള്‍ ഡോക്റ്റര്‍
ആണെന്ന്,
അവര്‍
സുരക്ഷിതര്‍ ആയിരിക്കും
എന്ന്.
പിന്നെ
മറ്റുള്ളവര്‍ എന്നോട് പറഞ്ഞു
മിന്‍ഗേല
ഇരട്ടകളെ എന്ത് ചെയ്യുമെന്ന്.
തന്‍റെ പരീക്ഷണങ്ങള്‍
കൊണ്ട് അയാള്‍ അവരെ
പീഡിപ്പിച്ചു.
വൈറസുകള്‍
കുത്തിവെച്ച്,
ടൈഫസ്,
ക്ഷയരോഗം,
ഡിഫ്ത്തീരിയ.
അനസ്തെഷ്യയില്ലാതെ
കീറിമുറിച്ചു.
അവയവങ്ങള്‍
മുറിച്ചു മാറ്റി.
തലയില്‍ സൂചികള്‍
കുത്തിവെച്ചു.
അയാള്‍ ഇരട്ടകളെ
തുന്നിക്കെട്ടി,
ഇളം കുഞ്ഞുങ്ങളെ,
ഒന്നിച്ചു വെച്ച്,
സയാമീസ്
ഇരട്ടകള്‍
എന്ന പോലെ.
അയാള്‍ക്ക്
ഞാനവരെ കൊടുത്തു.
എന്തുകൊണ്ടാണ്
അവര്‍ മരിച്ചു
പോയതും
ഞാന്‍ ജീവിച്ചിരിക്കുന്നതും?”
ആ ചോദ്യത്തിന്
മുന്നിലാണ് റാഡ്മാന്‍
തീരുമാനമെടുക്കുന്നത്:
“Dr. ജോസെഫ്
മെന്‍ ഗേലാ.
അയാളാണ്
ഓഷ് വിറ്റ്‌സ്.”
അയാളെ
പിടികൂടുകയെന്നത് ഒരു പിടിവാശി
-obsession-
ആയിത്തീരുന്നതിന്റെ
അപകടം ചീഫ് നേരത്തെ
തിരിച്ചറിയുന്നുണ്ട്.
അതുകൊണ്ടാണ്
"പങ്കെടുത്തവരെല്ലാം,
പറ്റില്ലെന്ന്
പറഞ്ഞവര്‍ ഒഴിച്ച്,
ഓഷ്
വിറ്റ്സ് ആണ്"
എന്ന്
അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്.
എന്നാല്‍
ജോസെഫ് മിന്‍ഗേലാ,
റാഡ്മാനോ
മറ്റാര്‍ക്കെങ്കിലുമോ
എടുത്താല്‍ പൊങ്ങാത്ത
വന്‍തിമിംഗലമായിത്തന്നെ
ജീവിച്ചു എന്നത് ചരിത്രം -
1979-വരെ
ബ്രസീലില്‍ വെച്ച് ഒരു നീന്തല്‍
അപകടത്തില്‍ മരിക്കും വരെ.
രണ്ടാമതൊരു
ഹൃദയാഘാതത്തെ തുടര്‍ന്നുള്ള
സാഹചര്യത്തില്‍ ക്രിഷ്
ആവര്‍ത്തിക്കുന്ന ആവശ്യം
നിഷേധിക്കാനാവാത്ത സാഹചര്യത്തിലാണ്
റൂത്തിനും ക്ലാരക്കും വേണ്ടി
കാദിഷ് ചൊല്ലാനുള്ള ദൗത്യവുമായി
റാഡ്മാനും നിയെല്‍ക്കായും
ഓഷ് വിറ്റ്സിന്റെ ശേഷിപ്പില്‍
എത്തുന്നത്.
ഈ ഭാഗം
ചിത്രത്തിന്‍റെ കാതലിലേക്കുള്ള
തുറസ്സാണ്:
"ചുറ്റും
നോക്കൂ. എന്ത്
കാണുന്നു?”
"ഓഷ്
വിറ്റ്‌സ്.”
"അല്ല.
ഒരു
മേട് മാത്രം.
മൂന്നു
ബാരക്കുകള്‍,
ഒരു
വേലി.
ഒഷ്
വിറ്റ്‌സ് എന്നാല്‍ ഇവിടെ
അടക്കം
ചെയ്ത കഥകളാണ്.
വിചാരണ
നടന്നില്ലെങ്കില്‍ ആ കഥകള്‍
എന്നേക്കുമായി അടക്കപ്പെടും.”
"ഇവിടെ
നടന്നതിനൊന്നും വേണ്ടത്ര
ശിക്ഷ സാധ്യമല്ല.”
"ശിക്ഷിക്കാനല്ല.
ഇത്
ഇരകളുടെ കാര്യമാണ്,
അവരുടെ
കഥകള്‍.”
ചരിത്രത്തിന്റെ
മഹാപാപങ്ങള്‍ക്കൊന്നും അത്
ചെയ്തവര്‍ക്കായി ശിക്ഷയില്ല,
അതൊരിക്കലും
മതിയാവുകയുമില്ല.
എന്നാല്‍
ആ ഓര്‍മ്മകള്‍ നശിച്ചു പോവരുത്
, തമസ്ക്കരിക്കപ്പെടരുത്.
മൗനം
കൊണ്ട് മുറിവേറ്റവര്‍
Judgment
at Nuremberg
എന്ന
ക്ലാസ്സിക് ചിത്രത്തില്‍
നിന്ന് Labyrinth
of Lies എന്ന
ഏറ്റവും പുതിയ ചിത്രത്തില്‍
എത്തുമ്പോള്‍ ശ്രദ്ധേയമായ
പല വസ്തുതകളും പ്രകടമാണ്.
അറുപതുകളുടെ
തുടക്കത്തില്‍ (
1961) അമേരിക്കന്‍
മേധാവിത്തം ലോക പോലീസ് ചമഞ്ഞു
തുടങ്ങുന്ന കാലത്താണ് ആദ്യ
ചിത്രം പുറത്തു വരുന്നത്.
ശീതയുദ്ധത്തിന്റെയും
ലാറ്റിന്‍ അമേരിക്കന്‍
രാജ്യങ്ങള്‍ ഉള്‍പ്പടെ
ലോകത്തെങ്ങും അധിനിവേശം
നടത്തുന്ന അമേരിക്കന്‍
ധാര്‍ഷ്ട്യത്തിന്റെയും
പശ്ചാത്തലം സൂക്ഷ്മമായ
നിരീക്ഷണത്തില്‍ ചിത്രത്തില്‍
കണ്ടെത്താനാവും.
ഹിറ്റ്
ലറുടെ 'ചികിത്സ'
(cure)
ആവശ്യമാവുന്ന
തരത്തില്‍ വെയ് മര്‍ റിപ്പബ്ലിക്
നേരിട്ട പ്രശ്നങ്ങളായി
പ്രതിഭാഗം
വക്കീല്‍ എണ്ണിപ്പറയുന്നത്
'എങ്ങും
പടരുന്ന ദാരിദ്ര്യം,
അന്തച്ചിദ്രത
,
ജര്‍മ്മനിയില്‍
ഏറ്റവും വലിയ മൂന്നാമത്
കക്ഷിയായിത്തീര്‍ന്നിരുന്ന
കമ്യൂണിസ്റ്റ് പാര്‍ട്ടി
എന്നിവയാണ്.
'നമ്മള്‍
അധിനിവേശം നടത്താന്‍
ശ്രമിക്കയാണെന്നും എന്നാല്‍
മഹത്തായ പൈതൃകങ്ങളുള്ള
രാജ്യങ്ങളുടെ മുന്നില്‍
സഹജമായ അമേരിക്കന്‍ അപകര്‍ഷ
ബോധം കാരണം അതങ്ങ് ശരിയാവുന്നില്ലെ'ന്നും
കേണല്‍ റ്റാഡ് ലോസന്‍
മദ്യാസക്തിയില്‍ പുലമ്പുന്നതില്‍
വിപരീതാര്‍ത്ഥത്തില്‍
വസ്തുതയുണ്ട്.
എനസ്റ്റ്
യാനിങ്ങിനെ അനുനയിപ്പിക്കാനുള്ള
ശ്രമത്തില്‍ ഹാന്‍സ് റോള്‍ഫ്
പറയുന്നതും സമാനമായ വസ്തുതകളാണ്.
ഈ
വിചാരണ ജര്‍മ്മനിക്ക്
അന്തസ്സിന്റെ നേരിയൊരു
അംശമെങ്കിലും
ബാക്കിവെക്കാനാണ്.,
ഹിരോഷിമയുടേയും
നാഗസാക്കിയുടെയും പാപക്കറ
സ്വന്തം കൈകളില്‍ പുരണ്ടവര്‍
നമ്മെ വിധിക്കേണ്ടതുണ്ടോ
എന്നും യാനിങ്ങിനെ പോലുള്ളവരെ
വിധിക്കാന്‍ അവര്‍ക്കെന്തു
ധാര്‍മ്മിക അവകാശമെന്നും
അയാള്‍ ചോദിക്കുന്നുണ്ട്.
എല്ലാത്തിലുമുപരി,
നാസി
സര്‍വ്വാധിപത്യത്തിന്‍
കീഴില്‍ പ്രചണ്ഡമായ
രാജ്യസ്നേഹത്തിന്റെയും
ദേശഭക്തിയുടെയും മുദ്രാവാക്യങ്ങള്‍
എങ്ങനെയാണ് നഗ്നമായ വംശീയതയുടെയും
രാഷ്ട്രീയ വൈരീ നിര്യാതനത്തിന്റെയും
മറയായി വര്‍ത്തിച്ചത് എന്നും
രാജ്യ സുരക്ഷയെന്ന കപടവാദം
മുന്‍ നിര്‍ത്തി നിയമവാഴ്ച
നാസി അജണ്ടകള്‍ക്ക് വേണ്ടി
അട്ടിമറിക്കപ്പെട്ടത്
എങ്ങനെയെന്നും ചിത്രം ചര്‍ച്ച
ചെയ്യുന്നു.
വംശീയമായി
വേട്ടയാടപ്പെട്ടവര്‍ക്കെതിരില്‍
മുന്‍ കൂട്ടിത്തയ്യാറാക്കിയ
കുരുക്കുമുറുക്കല്‍ മാത്രമായി
അധപ്പതിച്ച വിചാരണകളും വധ
ശിക്ഷകളും ഊതിവീര്‍പ്പിച്ച
സാങ്കല്‍പ്പിക ശത്രു
നിര്‍മ്മിതിയും അപരവല്‍ക്കരണവും
തീവ്രമായ ഭാഷയില്‍ ചര്‍ച്ച
ചെയ്യുന്നതിലൂടെ 'ന്യൂറമ്പര്‍ഗ്
വിചാരണ;
കാലാതിവര്‍ത്തിയായ
രാഷ്ട്രീയ സത്യാന്വേഷണം
കൂടിയായി മാറുന്നുണ്ട്.Labyrinth of Lies എന്ന ചിത്രത്തിലെത്തുമ്പോള്‍ ഊന്നലുകളില്‍ കൃത്യമായും മാറ്റമുണ്ട് . യുദ്ധക്കുറ്റവാളികളെ രാജ്യത്തിനകത്ത് നിന്ന് തന്നെ വിചാരണ ചെയ്യാന്‍ നമുക്കായാല്‍ അതൊരു വലിയ ചുവടുവെപ്പായിരിക്കും എന്ന് ജനറല്‍ ഫ്രിറ്റ്സ് ആ വ്യത്യാസം സൂചിപ്പിക്കുന്നു. അതെ കുറിച്ച് 'ലാബിരിന്ത്' എന്ന പദം ആദ്യം ഉപയോഗിക്കുന്നതും അദ്ദേഹമാണ്: “അതൊരു ലാബിരിന്ത് ആണ്, തിരിച്ചു വരാനുള്ള വഴി നഷ്ടപ്പെടാതെ നോക്കണം!”. ശിക്ഷ വിധിക്കുക എന്നതിലേറെ ചരിത്രത്തെ ഇനിയാര്‍ക്കും തമസ്ക്കരിക്കാനാവാത്ത വിധം സ്ഥാപിച്ചെടുക്കുക എന്നതാണ് വിചാരണയിലൂടെ നേടാനുള്ളത് എന്ന് നിയെല്‍ക്കായും റാഡ്മാനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ രണ്ടു ഊന്നലുകള്‍ക്കൊപ്പം ചിത്രം അടിവരയിടുന്നത് കുറ്റബോധത്തിന്റെ കൂട്ടുത്തരവാദിത്തം (Collective guilt) എന്ന വസ്തുതയാണ് എന്ന് ചിത്രത്തിന്‍റെ ജര്‍മ്മന്‍ തലക്കെട്ട് വ്യക്തമാക്കുന്നു. 'Im Labyrinth des Schweigens' എന്ന പ്രയോഗത്തിനു ഇംഗ്ലീഷ് തലക്കെട്ടിലെ 'Lies' എന്നതിലേറെ "Silence” എന്ന് തന്നെയാണ് ചേരുക. ഒരു തലമുറ മൗനത്തിലൂടെ ചരിത്രത്തെ തമസ്ക്കരിക്കുമ്പോള്‍ തൊട്ടടുത്ത തലമുറയ്ക്ക് എന്താണ് സംഭവിക്കുക എന്ന് ചിത്രം പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ചിത്രീകരണ രീതിയിലെ പ്രകടമായ വ്യത്യാസങ്ങളും ശ്രദ്ധേയമാണ്. 'ജഡ്ജ്മെന്റി'ല്‍ ഏറെ സ്ഥൂലമായി കാണിച്ച ഹോളോകോസ്റ്റിന്റെ ഗ്രാഫിക് ഭീകരത - ബെല്‍സന്‍ ക്യാമ്പ് പൊളിച്ച സമയത്ത് ചിത്രീകരിച്ച റിയല്‍ ഫൂട്ടേജ് ഉള്‍പ്പടെ - ലാബിരിന്തില്‍ തീര്‍ത്തും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അറുപതുകളുടെ ആദ്യത്തില്‍ അത്തരം ഒരു രംഗത്തിനു ഉണ്ടാക്കാന്‍ കഴിയുന്ന ആഘാതം ഇന്ന് അസാധ്യമാണ് എന്ന പ്രായോഗിക സിനിമാവകതിരിവ് മാത്രമല്ല ഇവിടെ പ്രധാനം; അതേ ആഘാതം കൂടുതല്‍ സൂക്ഷ്മമായ രീതിയില്‍ എങ്ങനെ സൃഷ്ടിക്കാം എന്ന അന്വേഷണം കൂടിയാണ്. സാക്ഷിമൊഴി നല്‍കുന്ന ഹോളോകോസ്റ്റ് അതിജീവനക്കാരുടെ ശബ്ദരഹിതമായ വിവരണങ്ങളിലെ സ്തോഭങ്ങളും ഭാവങ്ങളും അത് കണ്ടു വികാരങ്ങളെ നിയന്ത്രിക്കാനാവാതെ വിങ്ങിപ്പൊട്ടുന്ന ഇതര കഥാപാത്രങ്ങളുടെ, വിശേഷിച്ചും റാഡ്മാന്റെ മധ്യവയസ്ക്കയായ സഹപ്രവര്‍ത്തകയുടെ, പ്രതികരണങ്ങളുമാണ് ഏറെ ന്യൂനോക്തിയിലുള്ള ഈ മാര്‍ഗ്ഗങ്ങള്‍. വിവരണ രംഗങ്ങളില്‍ മുഴുനീളെ ഉപയോഗിച്ചിരിക്കുന്ന വിട്ടുപോവാത്ത സംഗീതവും (ഇര്‍വിന്‍ ഹാലെറ്റ്സ്) അതിനെ കൂടുതല്‍ തീവ്രമാക്കുന്നു. തന്റെ അച്ഛന്‍ തന്റെ സങ്കല്‍പ്പങ്ങള്‍ക്ക് നേര്‍ വിപരീതമായി ഒരു നാസി പാര്‍ടി അംഗമായിരുന്നു എന്ന ആഘാതം റാഡ്മാന്‍ ഏറ്റുവാങ്ങുന്നതും അതുപോലെ നിശ്ശബ്ദമായ ഒരു ലോങ്ങ് ഷോട്ടിലാണ്. ഹോളോകോസ്റ്റ് പ്രമേയമായി വന്ന എണ്ണമറ്റ ചിത്രങ്ങളില്‍ നിന്ന് ലാബിരിന്ത് വേറിട്ടു നില്‍ക്കുന്നത്, 'ന്യൂറമ്പര്‍ഗ് വിചാരണ' പോലെത്തന്നെ, ഇരകളുടെ സഹനപര്‍വ്വങ്ങള്‍ എന്നതിലേറെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ സാമൂഹിക, രാഷ്ട്രീയപ്രസക്തിയും ചര്‍ച്ച ചെയ്യുന്നു എന്നിടത്താണ്.
(ദേശാഭിമാനി വാരിക: 10 ഏപ്രില്‍