Featured Post

Wednesday, December 21, 2016

Mahamat-Saleh Haroun - Cinema

ആഫ്രിക്കയുടെ ഇരുണ്ട വെളിച്ചത്തില്‍ 

ദൈവം പോലും ഉപേക്ഷിച്ച ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടത്തിലാണ് വടക്കന്‍ മധ്യ ആഫ്രിക്കയില്‍ ലിബിയ, സുഡാന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് , കാമറൂണ്‍ , നൈജീരിയ എന്നീ രാജ്യങ്ങളിലായി കരകള്‍ അതിരിടും വിധം (land – locked) സ്ഥിതി ചെയ്യുന്ന ച്ഛാഡ്‌ എന്ന റിപ്പബ്ലിക് ഓഫ് ച്ഛാഡിന്‍റെ സ്ഥാനം. ഇരുനൂറിലേറെ വംശീയ, ഭാഷാ വിഭാഗങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഇസ്ലാമും ക്രിസ്തു മതവുമാണ് പ്രധാന വിശ്വാസക്രമങ്ങള്‍ . എന്‍ജമിനയാണ് തലസ്ഥാനം. 1960-ല്‍ ഫ്രാന്‍സിന്‍റെ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും കൊളോണിയല്‍ അനന്തര ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒട്ടുമുക്കാലും നേരിട്ട രീതിയില്‍ ആഭ്യന്തര സംഘര്‍ഷങ്ങളുടെ നേരിപ്പോടായിത്തീരുക എന്നത് തന്നെയായിരുന്നു ഈ നാടിന്റെയും വിധി. 1961-ല്‍ അബെചെയില്‍ ജനിച്ച മഹാമത് സാലെഹ് ഹാരൂണ്‍ ആ ദേശീയ പൈതൃകത്തില്‍ തന്നെയാണ് വളര്‍ന്നു വന്നത്. എണ്‍പതുകളില്‍ ഹിസേനി ഹാബ്രെയുടെ എകാധിപത്യവും അതിനെതിരില്‍ ശക്തിയാര്‍ജ്ജിച്ച റിബല്‍ ഗ്രൂപ്പുകളും സൈനികത്തലവന്‍ ഇദ്രിസ് ദെബിയും തമ്മിലുള്ള സംഘര്‍ഷങ്ങളും ജന ജീവിതം നരക തുല്യമാക്കിയ സാഹചര്യത്തില്‍ ഹാരൂനിന്റെ സിനിമയോടുള്ള അഭിനിവേശം തികച്ചും അപ്രസക്തമായത് സ്വാഭാവികമായിരുന്നു. ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ മാതാപിതാക്കളോടൊപ്പം വെറും കയ്യോടെ ലിഗോണി നദി മുറിച്ചു കടന്നു ആദ്യം കാമറൂണിലേക്കും പിന്നീട് ഫ്രാന്‍സിലെക്കും കടക്കുമ്പോള്‍ ഒരൊറ്റ കരുതിവെപ്പാണ് ഹാരൂന്റെ കൈവശം ഉണ്ടായിരുന്നത്: പാരീസിലെ ഒരു ഫിലിം സ്കൂളിന്റെ വിലാസം. തന്റെ ജീവിതം ഒരു കഥപോലെ തോന്നാമെന്ന് അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട് - താനൊരു നാടും വീടുമില്ലാത്തവനെപ്പോലെ ആയിരുന്നെന്നും, സ്കൂള്‍ ആയിരുന്നു തന്റെ വീടെന്നും.
മൂന്നു പതിറ്റാണ്ടുകല്‍ക്കിപ്പുറം 2011-ല്‍ പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്കരിച്ച തെരഞ്ഞെടുപ്പില്‍ തന്റെ കരിയറില്‍ നാലാം തവണ തെരഞ്ഞെടുക്കപ്പെട്ട ഇദ്രിസ് ദെബിയുടെ കീഴില്‍ സമാധാനത്തിന്റെ നേരിയ പ്രതീതി ഉരുത്തിരിഞ്ഞ തന്റെ നാട്ടില്‍ സാംസ്കാരിക ചലനങ്ങള്‍ക്ക് ചെറിയ തോതില്‍ ഉണര്‍വ്വുണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നു ഹാരൂണ്‍ കണ്ടെത്തുന്നുണ്ട്. തുടര്‍ന്ന് അവിടെ ഒരു ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനാവുകയും ചെയ്തു
 
പാരീസില്‍ ജേണലിസവും ചലച്ചിത്ര പഠനവും നടത്തിയ ഹാരൂണ്‍ ബുര്‍കിന ഫാസോയിലെ ചലച്ചിത്രകാരന്മാരുടെ സഹായത്തോടെയാണ് തന്റെ ചലച്ചിത്ര സപര്യ തുടങ്ങുന്നത്. വെനിസ് ഫെസ്റ്റിവലില്‍ 'ബൈ ബൈ ആഫ്രിക്ക' പ്രത്യേക ജൂറി പരാമര്‍ശം നേടിയതോടെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയനായത്തീര്‍ന്ന ഹാരൂനിന്റെ തുടര്‍ന്നിറങ്ങിയ ചിത്രങ്ങളെല്ലാം ആ പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ചവ തന്നെയായിരുന്നു. “അബൂനാ" (2002), “ദര്‍റാത്ത് " (2006), “എ സ്ക്രീമിംഗ് മാന്‍" (2010) , "ഗ്രിഗ്രിസ്" (2013) എന്നിവ ആഫ്രിക്കന്‍ സിനിമക്ക് പൊതുവെയും ച്ഛാഡ് സിനിമക്ക് വിശേഷിച്ചും മേല്‍വിലാസവും അന്താരാഷ്‌ട്ര അംഗീകാരങ്ങളും നേടിക്കൊടുത്ത ചിത്രങ്ങളാണ്. എന്നാല്‍ സിനിമാ നിര്‍മ്മാണം ഏറെ ദുഷ്കരമായ ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ ചലച്ചിത്രകാരന്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് പഠിക്കാന്‍ ഏതാണ്ടൊരു പാഠപുസ്തകം പോലെ സമീപിക്കാവുന്ന ഹാരൂനിന്റെ ആദ്യ ചിത്രം ഇക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു

തകര്‍ന്ന ലോകം, തകര്‍ന്ന സിനിമ

എണ്‍പതുകളുടെ തുടക്കത്തില്‍ ഫ്രാന്‍സിലേക്ക് കുടിയേറിയ ഹാരൂണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഉമ്മയുടെ മരണത്തെ തുടര്‍ന്ന് സ്വദേശത്തു തിരിച്ചെത്തുമ്പോള്‍ നാട്ടിലുണ്ടായിരുന്ന ചലച്ചിത്ര സംസ്കൃതിക്ക് സംഭവിച്ച അപചയത്തെ നോക്കിക്കണ്ട അനുഭവമാണ് 1999-ല്‍ പുറത്തിറങ്ങിയ ബൈ ബൈ ആഫ്രിക്ക എന്ന ചിത്രം ആവിഷ്കരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ ഒരു ചലച്ചിത്രം ഒരു ദേശത്തിന്റെ സിനിമാ ചരിത്രം കൂടിയാവുന്ന അപൂര്‍വ്വതയാണ് ബൈ ബൈ ആഫ്രിക്ക. ഡോക്കു - ഡ്രാമയുടെ സ്വഭാവമുള്ള ചിത്രത്തില്‍ ഹാരൂണ്‍ തന്റെ തന്നെ ഒരു സാങ്കല്‍പ്പിക കഥാപാത്രമായി (semi autobiographical ) അഭിനയിക്കുന്നു. എന്നാല്‍ നേരിടുന്ന പ്രശ്നങ്ങള്‍ എല്ലാം സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്. ഫ്രഞ്ച് ജീവിത രീതിയും സംസ്കാരവും ഏറെ സ്വാധീനിച്ച പ്രവാസിയുടെ ചലച്ചിത്ര രീതി യൂറോപ്യന്‍ അനുവാചകരേയാണ് ലക്‌ഷ്യം വെക്കുന്നതെന്ന് പിതാവ് അയാളോട് പറയുന്നുണ്ട്. “വെളുത്തവര്‍ക്ക് വേണ്ടിയുള്ള സിനിമ" പിടിക്കാന്‍ പോയ നേരം ഒരു ഡോക്റ്റര്‍ ആയിരുന്നെങ്കില്‍ ഉമ്മയെ ചികിത്സിക്കാമായിരുന്നു എന്ന് അയാള്‍ വിമര്‍ശിക്കിന്നു. വെളുത്തവരുടെ നാട് നല്ലതാണെങ്കിലും അത് നിന്റെ ദേശമല്ലെന്നും അതൊരിക്കലും അങ്ങനെയാവുകയില്ലെന്നും അയാള്‍ ഓര്‍മ്മിപ്പിക്കുന്നു. “നീ അവിടത്തുകാരനാണ് എന്ന് ചിന്തിച്ചു തുടങ്ങുന്ന ദിവസം നിനക്ക് നിന്റെ ആത്മാവ് നഷ്ടപ്പെടും.” എന്നാല്‍ , ഗോദാര്‍ദിന്റെ വിഖ്യാത നിരീക്ഷണം ഓര്‍മ്മിച്ചു കൊണ്ട് താന്‍ ഓര്‍മ്മകള്‍ക്ക് വേണ്ടി സിനിമകള്‍ നിര്‍മ്മിക്കുമെന്ന് ഹാരൂണ്‍ പറയുന്നു. ഉമ്മയുടെ മുഖം അവസാനമായി ഒന്നുകൂടി കാണാന്‍ കഴിയാതെ പോയ ദുഃഖം മറികടക്കാനും അവരുടെ ഓര്‍മ്മയെ ശാശ്വതമാക്കാനും വേണ്ടി അയാള്‍ ചെയ്യാന്‍ പോവുന്ന ചിത്രമായിരിക്കും ബൈ ബൈ ആഫ്രിക്ക.

സുഹൃത്തിനോടൊപ്പം ഒരു ഹാന്‍ഡ് ഹെല്‍ഡ് കാമറയുമായി ചുറ്റുമുള്ള ജീവിതം പകര്‍ത്തി ബൈക്കില്‍ സഞ്ചരിക്കുന്നു ഹാരൂണ്‍ . “അതൊരു സെറ്റ് റഷ്യന്‍ പാവകളെ പോലെയായിരിക്കും. അതില്‍ സിനിമ, പ്രവാസം, കുടുംബം, പ്രണയം എന്നിവ ചര്‍ച്ച ചെയ്യും. അത് ജീവിതത്തെ കുറിച്ചായിരിക്കും. എങ്ങനെയാണ് ജീവിതത്തെ ഫിലിമില്‍ പകര്‍ത്തുക? അതാണ്‌ ചോദ്യം!” എന്നാല്‍ ഇവിടെയാരും ഹാരൂനിന്റെ ഉള്‍പ്പടെ ആഫ്രിക്കന്‍ സിനിമകള്‍ കാണാറില്ലെന്ന് ഗര്‍ബ പ്രതിവചിക്കുന്നു. ആഫ്രിക്കന്‍ സിനിമയുടെ ഈ അപചയമാണ് എന്‍ജമിനയില്‍ പ്രോജക് ഷനിസ്റ്റ് ആയിരുന്ന അയാളെ ഇപ്പോള്‍ സിനിമയില്‍ നിന്നും അകറ്റിയിരിക്കുന്നത്. ഹാരൂണ്‍ ഗൃഹാതുരത്വത്തോടെ ആ പഴയ നാളുകള്‍ ഓര്‍ക്കുന്നു. ഞായറാഴ്ചകളില്‍ മോര്‍ണിംഗ് ഷോക്കും അതിലുമേറെ സുന്ദരികളായ പെണ്‍കുട്ടികളെ കാണുന്നതിനുമായി ചുറ്റിക്കറങ്ങിയിരുന്ന കാലം. ഗര്‍ബ പലപ്പോഴും അവരെ പ്രോജക് ഷന്‍ റൂമിലേക്ക്‌ കടക്കാന്‍ അനുവദിക്കും. ആ കാലമൊക്കെ വിദൂരതയില്‍ വിട്ട് ലേ നോര്‍മാന്റി ഒരു നൈറ്റ് ക്ലബ് ആയി രൂപം മാറിയിരിക്കുന്നു. സിനിമ ഇനിയും പുനര്‍ജ്ജനിക്കുമെന്നു വിശ്വസിക്കുന്ന ഹാരൂനോട് തനിക്കു ആ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് സുഹൃത്ത് പ്രതിവചിക്കുന്നു. “യുദ്ധം ഒരു സംസ്കാരം തന്നെയായിരിക്കുന്ന ഒരു ദേശത്തു എനിക്കെങ്ങനെയാണ് സിനിമയില്‍ വിശ്വസിക്കാനാവുക? യുദ്ധം അത്രക്കും മാരകമായിരുന്നത് കൊണ്ട് എന്‍ജമിന ഓര്‍മ്മകളില്‍ നിന്നെല്ലാം ഓടിയൊളിക്കുകയാണ്. എന്റെ കുട്ടിക്കാലത്തെ തിയേറ്ററുകള്‍ എല്ലാം എവിടെപ്പോയി? തീര്‍ച്ചയായും നോര്മാന്റി, ശഹെരെസാദ്, റിയോ, പിന്നെ ഹോട്ടല്‍ ആക്കി മാറ്റിയ വോഗ്, അത് പോലെ എത്വാ..” 1946-ല്‍ സ്ഥാപിതമായ എത്വായുടെ ഇപ്പോഴത്തെ ഉടമ 1978-80 കാലത്തെ യുദ്ധം വരുത്തിവെച്ച ദുരന്തങ്ങളുടെ ഫലമായി തിയേറ്റര്‍ അടച്ചിടെണ്ടി വന്ന കാര്യം ഓര്‍മ്മിക്കുന്നു. അവര്‍ക്ക് അത് വീണ്ടും പുനരുദ്ധരിക്കണം എന്നുണ്ട്. ടി. വി. യും ടേപ്പ് റെക്കോര്‍ഡറും കാസെറ്റും പാരബോലകളും പുതിയ സിനിമകളെ പോലും വേഗത്തില്‍ ലഭ്യമാക്കുന്നത് കൊണ്ട് ഏറെ ദുഷ്കരമെങ്കിലും അവരിപ്പോഴും തിയേറ്റര്‍ അനുഭവത്തില്‍ വിശ്വസിക്കുന്നു. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ താങ്കള്‍ താങ്കളുടെ സ്വപ്നത്തെ പിന്തുടരണമെന്ന് അവര്‍ ഉപദേശിക്കുന്നു. അത് രാജ്യത്തെ സഹായിക്കും. പുതു തലമുറയെ പ്രചോദിപ്പിക്കും. "താങ്കളുടെ ചിത്രത്തോടെ ഞാന്‍ എത്വാ പുനര്‍ ജീവിപ്പിക്കും!” എന്നും അവര്‍ ആശിക്കുന്നു. പ്രോജക് ഷനിസ്റ്റിന്റെ നൈരാശ്യം മറ്റൊന്നാണ്. പ്രിന്റുകള്‍ എല്ലാം പഴയത്. പ്രോജക് റ്റരുകള്‍ തുരുമ്പെടുത്തത്. അതൊക്കെ മാറിയാല്‍ വീഡിയോ ക്ലബ്ബുകള്‍ ഒന്നും ഒരു ഭീഷണിയെ ആവില്ലെന്ന് അയാള്‍ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ചയില്‍ പത്തു സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമാ പ്രേമിയാകട്ടെ, സിനിമയുടെ മരണം എന്ന സിദ്ധാന്തത്തെ പാടെ നിരാകരിക്കുന്നു. വീഡിയോ റൂം മാനേജറും ഇതേ കാര്യം ശരി വെക്കുന്നു. യുദ്ധകാലത്ത് പ്രിന്റുകള്‍ നഷ്ടമായത് എന്‍ ജമിനയിലെ തിയേറ്ററുകളുടെ നിലനില്‍പ്പിനെ ബാധിച്ചു. ഇപ്പോള്‍ ആഫ്രിക്കന്‍ സിനിമകള്‍ക്ക് വിതരണക്കാരില്ല. ലഭ്യമായതില്‍ ഒട്ടുമുക്കാലും യൂറോപ്യന്‍ പ്രവാസികളുടെതാണ്

"പ്രതിബിംബങ്ങള്‍ മോഷ്ടിക്കരുത്"


തെരുവില്‍ ചിത്രീകരിക്കുന്ന ഹാരൂണ്‍ പെട്ടെന്നാണ് ആക്രമിക്കപ്പെടുന്നത്. എന്താണ് സംഭവിച്ചത് എന്ന് പതിയെയാണ് അയാള്‍ക്ക് മനസ്സിലാവുക. ആളുകള്‍ ക്യാമറയെ അവിശ്വസിക്കുന്നു. അവരുടെ കാര്യത്തില്‍ , പ്രതിബിംബങ്ങള്‍ക്കൊരു പ്രശ്നമുണ്ട്. അവര്‍ക്ക് പ്രതിബിംബങ്ങളെയും യാഥാര്‍ത്ഥ്യത്തെയും വേറിട്ട്‌ കാണാനാവില്ല. ഉദാഹരണത്തിന്, ഹാരൂനിന്റെ സിനിമയില്‍ എയിഡ്സ് രോഗിനിയായി അഭിനയിച്ച ഇസബെല്ലയുടെ കാര്യം. ആളുകള്‍ അവള്‍ ശരിക്കും രോഗിയാണെന്ന് വിശ്വസിച്ചു. അവള്‍ വീട്ടില്‍ നിന്ന് പോലും പുറത്തായി. ഇപ്പോള്‍ അവള്‍ക്കെന്തു പറ്റി എന്നുപോലും അറിയില്ല. യാഥാസ്ഥിതിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ചലച്ചിത്രകാരന്‍ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് ഹാരൂണ്‍ ഓര്‍ക്കണം. നേരില്‍ കാണുമ്പോള്‍ ഇസബെല്ല അയാളോട് പറയുന്നതും അതാണ്‌ "എന്റെ കഥ കഴിഞ്ഞു. നിങ്ങളുടെ സിനിമ എന്നെ കൊന്നു. .ഞാന്‍ ടെസ്റ്റുകള്‍ ചെയ്തു എന്നതുകൊണ്ടൊന്നും കാര്യമില്ല. സിനിമ ജീവിതത്തെക്കാള്‍ ശക്തമാണ്.” ഇസബെല്ലയുടെ ദുരന്തം ചലച്ചിത്രകാരന്റെ സാമൂഹിക ബാധ്യതയുടെ വേറിട്ട ഒരു വശമാണ് പ്രശ്നവല്‍ക്കരിക്കുന്നത്. ഇതേ സദാചാര സാമൂഹ്യ മുന്‍ വിധികള്‍ തന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള അഭിനേതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുമ്പോഴും ഹാരൂണ്‍ നേരിടുന്നു.  
 
ഹാരൂണ്‍ പൂര്‍ത്തിയാക്കിയ സ്ക്രിപ്റ്റ് ചിലവേറിയതായത് കൊണ്ട് തനിക്കു താങ്ങാനാവില്ലെന്നു നിസ്സഹായനാവുന്ന നിര്‍മ്മാതാവ് അയാളോട് പറയുന്നു, നിരാശനാവരുത്. താങ്കളുടെ കയ്യിലുള്ള ക്യാമറ ഉപയോഗിച്ച് സിനിമ ചെയ്യുക. ടെക്നോളജിയുടെ സഹായം ഉപയോഗിക്കുക. കോംഗോയില്‍ നിന്നും സുഹൃത്ത് അയാള്‍ക്കെഴുതുന്ന കത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പൊതുവായുള്ള സിനിമ, സാംസ്കാരിക വിനിമയങ്ങളുടെ ദയനീയാവസ്ഥയെ തുറന്നു കാട്ടുന്ന ഹൃദ്യമായ ഒന്നാണ്. “നീ ച്ചാഡിനെ കുറിച്ച് സിനിമ ചെയ്യുകയാണെന്നറിഞ്ഞു. ഭൂഖണ്ഡത്തിലാകെയും അതേ സ്ഥിതി തന്നെയാണ്. ഇവിടെ കോംഗോ - ബ്രാസ് വില്ലില്‍ , പോട്ടോ പോട്ടോയില്‍ , ഞാന്‍ ആദ്യകാലത്ത് സിനിമകള്‍ കണ്ട തിയേറ്ററുകള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. യുദ്ധം അവയെല്ലാം തകര്‍ത്തു. ഞങ്ങളുടെ സ്വന്തം ചിത്രങ്ങള്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും ഏറെ പ്രയാസമാണ്. തിയേറ്ററുകളുടെ സ്ഥാനം വീഡിയോ ക്ലബ്ബുകള്‍ കീഴടക്കി. നമ്മുടെ സ്വന്തം ചിത്രങ്ങള്‍ കാണിക്കാനാവില്ലെങ്കില്‍ നമുക്ക് മരിച്ചുകൊണ്ടിരിക്കുന്ന സിനിമയില്‍ വിശ്വസിക്കാനാവുമോ? 1956-ല്‍ സോര്‍ബോണില്‍ വെച്ച് എയ്മി സെസയെര്‍ പറഞ്ഞത് ഉദ്ധരിച്ചു കൊണ്ട് ഞാന്‍ അവസാനിപ്പിക്കാം. 'ഇതാണ് സാംസ്കാരിക പ്രതിസന്ധിയുടെ ആകത്തുക: ഏറ്റവും നല്ല ടെക്നോളജി സ്വന്തമായുള്ള സംസ്കാരം മറ്റെല്ലാത്തിനെയും ഞെരിച്ചു കൊല്ലും. ദൂരം ഒരു തടസ്സമല്ലാത്ത ലോകത്ത് സാങ്കേതികമായി ദുര്‍ബ്ബലമായ സംസ്കൃതികള്‍ക്ക് സ്വയം സംരക്ഷിച്ചു നിലനില്‍ക്കാനാവില്ല. എല്ലാ സംസ്കൃതികള്‍ക്കും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഒരടിത്തറയുണ്ട് , ഒരു സംസ്കാരത്തിനും അതിന്റെ രാഷ്ട്രീയ വിധിയെ നിയന്ത്രിക്കാനാവില്ലെങ്കില്‍ നിലനില്‍പ്പില്ല.' ഇന്ന്, കടല്‍ക്കാറ്റ്‌ ഈ മുറിവുകള്‍ക്ക് മേല്‍ അടിച്ചു വീശുന്നു, വടക്കുകിഴക്കന്‍ ചുടുവാതങ്ങള്‍ ച്ചാഡില്‍ നിന്നും അടിച്ചു വീശുകയുമാണ്‌.”

എങ്കിലും സിനിമ മരിക്കുന്നില്ല

ഇസബെല്ലയുടെ ആത്മഹത്യയെ തുടര്‍ന്ന് അറം പറ്റുന്ന ബൈ ബൈ എന്ന പ്രയോഗം പക്ഷെ ചില തുടക്കങ്ങളുടെ സൂചനയിലാണ് അവസാനിക്കുന്നത്. ഫ്രാന്‍സിലേക്ക് തിരിച്ചു പോകുന്ന ഹാരൂണ്‍ തന്റെ ക്യാമറ ചലച്ചിത്ര കുതുകിയായ അനന്തിരവന് നല്‍കുന്നു. ഓരോ മാസവും ഓരോ ടേപ്പ് അയചുകൊടുക്കാമെന്നു അവന്‍ ഏറ്റിട്ടുണ്ട്. ഗര്‍ബ അമേരിക്കന്‍ പ്രവാസ പദ്ധതി ഉപേക്ഷിച്ചിരിക്കുന്നു. ഒരു ഫണ്ട് സ്വരൂപിച്ചു ഒരു തിയേറ്റര്‍ സ്ഥാപിക്കാനുള്ള അയാളുടെ പദ്ധതിക്ക് ആദ്യ സംഭാവന നല്‍കുന്നതും ഹാരൂണ്‍ തന്നെ. തന്റെ ചിത്രം പൂര്‍ത്തിയാക്കാനായി വൈകാതെ താന്‍ തിരിച്ചെത്തും എന്ന് ഹാരൂന് ഉറപ്പുണ്ട്. സിനിമ മരിക്കുന്നില്ല എന്ന ഈ സൂചനകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ പില്‍ക്കാല ചിത്രങ്ങളുടെയും ഒരു ദേശത്തിന്റെ തന്നെ ചലച്ചിത്ര സംസ്കൃതിയുടെയും നല്ല നാളുകള്‍ ആരംഭിക്കുക.

ഹാരൂനിന്റെ തുടര്‍ന്ന് വന്ന ചിത്രങ്ങളിലും തന്റെ ദേശത്തിന്റെ നേര്‍ക്കാഴ്ചകള്‍ തന്നെയാണ് അദ്ദേഹം ആവിഷ്കരിച്ചത്. 'അബൂനാ' ('ഞങ്ങളുടെ പിതാവ്') എന്ന ചിത്രത്തില്‍ , ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ ജീവിതത്തില്‍ നിന്ന് അപരത്യക്ഷനാകുന്ന പിതാവിനെ തേടിയിറങ്ങുന്ന താഹിര്‍ എന്ന പതിനഞ്ചുകാരന്‍റെ യാത്ര, തകര്‍ന്നു പോയ നാടിന്‍റെ പരിചെദം അവതരിപ്പിക്കുന്നു. അനിയനോടൊപ്പം കണ്ടുകൊണ്ടിരുന്ന സിനിമയിലെ കഥാപാത്രമായി അവര്‍ അച്ഛനെ കണ്ടെത്തുന്നതും ചിത്രത്തിലെ സിനിമയുടെ സാന്നിധ്യം ശക്തമായി സൂചിപ്പിക്കുന്നു. പിതാവിന്റെ ഘാതകനെ കണ്ടെത്തി പ്രതികാരം ചെയ്യുക എന്ന ദൌത്യവുമായി ഇറങ്ങുന്ന പതിനാറുകാരന്‍ ആതിം ആണ് ദര്‍റാത്ത് ('വരള്‍ച്ചക്കാലം' ) എന്ന ചിത്രത്തിലേ പ്രധാന കഥാപാത്രം. നാല്‍പ്പതു വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിലെ യുദ്ധക്കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതാണ് രോഷാകുലനായ മുത്തച്ചന്‍ ആ ദൌത്യവുമായി പേരമകനെ അയക്കുന്നതിലേക്ക് എത്തിക്കുന്നത്. സ്ക്രീമിംഗ് മാന്‍ ('വിലപിക്കുന്നയാള്‍ ') എന്ന ചിത്രത്തിലും യുദ്ധവും കെടുതികളും ശക്തമായ അടിയൊഴുക്കാണ് . തൊഴില്‍ മേഖലയില്‍ തനിക്കു ഭീഷണിയാവുന്ന മകനെ നിര്‍ബന്ധിത സൈനികസേവനത്തിലേക്ക് ഏതാണ്ടൊരു പെരുന്തച്ചന്‍ കോംപ്ലക്സിലൂടെ തള്ളിവിടുന്ന പ്രായം കടന്ന നീന്തല്‍ കോച്ചാണ് ചിത്രത്തിലെ വിലപിക്കുന്ന പുരുഷന്‍. ഒടുവില്‍ , 2013-ല്‍ പുറത്തിറങ്ങിയ ഗ്രിഗ്രിസ് എന്ന ചിത്രത്തില്‍ പതിയെ സാധാരണ നിലയിലേക്ക് തിരിച്ചു വരുമ്പോഴും മുറിവുകള്‍ സജീവമായിത്തന്നെ നില്‍ക്കുന്ന ചാഡിയന്‍ സമൂഹത്തെ കാണാം. പോളിയോയുടെ അവശതയെ ശക്തിയാക്കി മാറ്റി നല്ല നര്‍ത്തകന്‍ ആയിത്തീരുന്ന ഗ്രിഗ്രിസ്, അവന്റെ പ്രണയമായിത്തീരുന്ന മിമി, തുടങ്ങി അവരുടെ ജീവിതവുമായി കെട്ടുപിണയുന്ന ഒട്ടേറെ കഥാപാത്രങ്ങലുമുള്ള ഗ്രിഗ്രിസ്, ഹാരൂനിന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ക്യാന്‍ വാസിലുള്ള ചിത്രമാണെന്ന് പറയാം. നൈറ്റ് ക്ലബ്ബുകളും സംഗീതവുമൊക്കെ തിരിച്ചെത്തിത്തുടങ്ങുമ്പോഴും വരുമാനമാര്‍ഗ്ഗം അപ്പോഴും മിമിയെ പോലുള്ള സ്ത്രീകളില്‍ നല്ലൊരു പങ്കിനും ലൈംഗികത്തൊഴിലും യുവാക്കള്‍ക്ക് എണ്ണക്കമ്പനികളുടെ പൈപ്പുകളില്‍ നിന്ന് ചോര്‍ത്തിയ ഗാസോലിന്‍ സ്മഗ്ഗ്ളിംഗും മാത്രമാണ്. അപകടകരമായ ഈ ജീവിത സാഹചര്യങ്ങള്‍ വര്‍ത്തമാനകാല ചാഡ്‌ സമൂഹത്തിന്റെ ദൈന്യം തുറന്നു കാണിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒട്ടുമുക്കാലും കടന്നു പോകുന്ന ഈ സ്ഥിതിവിശേഷം 'ട്രാം - 83' (ഫിസ്റ്റന്‍ എംവാന്സാ മുജീല) പോലുള്ള പുതിയ സാഹിത്യ കൃതികളിലും വായിച്ചെടുക്കാം.


ചലച്ചിത്ര നിര്‍മ്മാണം ഓര്‍മ്മകളെ തിരിച്ചു പിടിക്കലും ദേശ സ്മൃതിയുടെ കാത്തുവെക്കലും ആയിത്തീരുന്ന സാംസ്കാരിക പ്രവര്‍ത്തനമാണ് മഹാമത് സാലെഹ് ഹാരൂണ്‍ എന്ന ചലച്ചിത്രകാരന്. അഭയം കണ്ടെത്തിയെങ്കിലും തന്റേതല്ലാത്ത ഫ്രാന്‍സിന്റെ സമ്പന്നമായ സിനിമാ പാരമ്പര്യത്തിലല്ല, തരിപ്പണമായ ജന്മദേശത്തിന്റെ, ശൈഥില്യത്തിന്റെയും മരിക്കാന്‍ തയാറാകാത്ത സിനിമാ കമ്പത്തിലാണ് ഹാരൂണ്‍ തന്റെ ചലച്ചിത്ര സപര്യയെ നങ്കൂരമിടുന്നത്.


(IFFK Deshabhimani special 2016)