അശാന്തിയുടെ ഉത്തരാടനം
വിവിധങ്ങളായ സംഘര്‍ഷങ്ങള്‍ പുകയുന്ന കാലത്തെയും ദേശത്തെയും ഫിക് ഷന്റെ ധ്വനിസാന്ദ്രതയിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ അതില്‍ വന്നു നിറയുന്ന ശബ്ദങ്ങളും പരിപ്രേക്ഷ്യങ്ങളും പാത്ര വൈപുല്യവും പ്രമേയ പരമായ ഉത്കണ്ഠകളും സൂക്ഷ്മ വായനയുടെ അനുവാചക ധ്യാനമാവും ആവശ്യപ്പെടുക . ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങള്‍ അറബ് ലോകത്തിനു പൊതുവിലും കൊളോണിയല്‍ ഭരണത്തില്‍നിന്നുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുമ്പോഴും ആഭ്യന്തര സംഘര്‍ഷങ്ങളുടെ നെരിപ്പോടില്‍ ചുട്ടുപഴുത്തുകൊണ്ടിരുന്ന സുഡാനിന് പ്രത്യേകിച്ചും അങ്ങേയറ്റം കലുഷമായ കാലമായിരുന്നു. ആഫ്രിക്കയെ കുറിച്ചും കറുത്ത മനുഷ്യരെ കുറിച്ചുമുള്ള കൊളോനിയളിസ്റ്റ് നിര്‍മ്മിതികള്‍ , പാന്‍ അറേബ്യന്‍ ദേശീയതയുടെ ഉണര്‍വ്വുകളുടെ കാലത്തു അതിനു സമാന്തരമായോ അനുപൂരകമായോ ശക്തി പ്രാപിച്ച പരമ്പരാഗത യാഥാസ്ഥിതിക ഇസ്ലാമിന്റെ പുരോഗമന വിരുദ്ധവും സ്ത്രീവിരുദ്ധ വുമായ കടും പിടുത്തങ്ങള്‍ തുടങ്ങിയവ ഒരു വശത്തും യൂറോപ്പ്യന്‍ വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രചിന്തയുടെയും സ്വാധീനം , സ്വാതന്ത്ര്യ സമരങ്ങള്‍ അഴിച്ചു വിട്ട ഊര്‍ജ്ജ പ്രവാഹം പോലുള്ള സ്വാധീനങ്ങള്‍ മറുവശത്തുമായി സങ്കീര്‍ണ്ണമായിത്തീര്‍ന്ന സുഡാനീസ് ധൈഷണിക പ്രതികരങ്ങണളെ കൂടി അടയാളപ്പെടുത്തുന്ന തയ്യിബ് സാലിഹിന്റെ 'ഉത്തരാടന കാലം' (Season of Migration to the North) എന്ന കൃതി ഈയര്‍ത്ഥത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.
കോണ്‍റാഡ് - സാലിഹ്കൊളോണിയലിസ്റ്റ് ഭൂമികയില്‍ നിന്ന് 'ഇരുണ്ട ഭൂഖണ്ഡ'ത്തിന്റെ ഹൃദയമായ കോംഗോയിലേക്ക് 'വെളുത്തവന്റെ ഭാര'മായ (white man's burden) സാംസ്കാരിക വല്‍ക്കരണ (civilizing the savages) ലക്ഷ്യവുമായി പോകുന്ന ആദര്‍ശ പ്രചോദിതനായ ചെറുപ്പക്കാരന് 'ഇരുട്ടിന്റെ ഹൃദയ'ത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് പരിശോധിക്കുന്ന ജോസഫ് കോണ്‍റാഡിന്റെ Heart of Darkness 1889ല്‍ ആണ് പുറത്തിറങ്ങുന്നത് . അതേ വര്‍ഷമാണ് സുഡാന്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ ആവുന്നത് എന്നത് യാദൃശ്ചികമാവാം. ഒരു മോഡേണിസ്റ്റ് മാസ്റ്റര്‍പീസ് എന്ന് നിസ്സംശയം വിലയിരുത്തപ്പെട്ടിട്ടുള്ള ഈ കൃതിക്ക് പല പില്‍ക്കാല വായനകളും ഉണ്ടായിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ സാഹിത്യ വിമര്‍ശനത്തിന്റെ ഭാഗമായ ഇത്തരം പുനര്‍ വായനകളില്‍ ഏറ്റവും ശ്രദ്ധേയവും, സാഹിത്യാസ്വാദക ലോകത്തെ ഏറ്റവും ആകര്‍ഷിച്ചതും സുഡാനീസ് എഴുത്തുകാരനായ തയിബ് സലിഹ് രചിച്ച 'ഉത്തരാടന കാലം' (Season of Migration to the North) എന്ന കൃതിയാണ്. എഡ്വാര്‍ഡ് സെയ്ദിനെ പോലുള്ള ക്രാന്ത ദര്‍ശികള്‍ നോവലിനെ അറബി സാഹിത്യത്തില്‍ പോയ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ കൃതികളില്‍ ഒന്നായി വിലയിരുത്തിയിട്ടുണ്ട് .എഡ്വാര്‍ഡ് സെയ്ദ് നിരീക്ഷിച്ചത് പോലെ സാലിഹിന്റെ കൃതി കോണ്‍റാഡിന്റെ കൃതിയുടെ ആഫ്രിക്കന്‍ അറബ് പശ്ചാത്തലത്തിലുള്ള ഒരു പൊളിച്ചെഴുത്താണ്. കോണ്‍റാഡിന്റെ കഥാപാത്രം യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് പോകുമ്പോള്‍ സാലിഹിന്റെ കഥാപാത്രം ആഫ്രിക്കയുടെ തന്നെ ഭാഗമായ സുഡാനില്‍ നിന്ന് കൊളോണിയലിസത്തിന്റെ നിയന്ത്രണ സിരാകേന്ദ്രമായ ലണ്ടനിലേക്ക് കുടിയേറുന്നു. ആദ്യത്തേത് തെക്കോട്ടെങ്കില്‍ ഇത് വടക്കോട്ട്. ആഫ്രിക്കയെ കുറിച്ചും ആഫ്രിക്കയോടുമുള്ള യൂറോപ്യന്‍ ഭയാശങ്കകളും ആസക്തികളും സംഘര്‍ഷങ്ങളും തന്റെ കഥാപാത്രമായ കുര്‍ട്ട്സിലൂടെ കോണ്‍റാഡ് പ്രശ്നവല്‍ക്കരിക്കുമ്പോള്‍ , സാലിഹിന്റെ നായകന്‍ മുസ്തഫാ സഈദ് കറുത്ത വര്‍ഗ്ഗക്കാരനെ കുറിച്ചുള്ള യൂറോപ്യന്‍ ഭയങ്ങളും ഭ്രമങ്ങളും മുതലെടുത്ത് തന്റെ കുത്തഴിഞ്ഞ ചോദനകള്‍ക്ക് കീഴടങ്ങുന്നു. ഇരുവരും അപരന്റെ ഇടത്തിലേക്ക് അതിക്രമിച്ചു കടക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇരു കഥാപാത്രങ്ങള്‍ക്കും ഒരേ സമയം അവരെ ആരാധിക്കുകയും അതേ സമയം വെറുക്കുകയും ചെയ്യുന്ന രണ്ട് അപര സ്വത്വങ്ങളുണ്ട് , കഥയില്‍ പങ്കാളികളും ഒപ്പം വേറിട്ട് നില്‍ക്കുന്ന ആഖ്യാതാക്കളുമായി. കുര്‍ട്ട്സിനു മാര്‍ലോ എന്ന പോലെ സഈദിന് പേര് പറയുന്നില്ലാത്ത ആഖ്യാതാവ്. ഒരാള്‍ കോംഗോ നദിയിലൂടെ തന്റെ പ്രാകൃതചോദനകളുടെ താനറിയാത്ത അപരസ്വത്വത്തെ തേടുമ്പോള്‍ മറ്റെയാള്‍ നൈല്‍നദിയുടെ തീരങ്ങളിലാണ് തന്റെ ദേവാസുര അപരനെ കണ്ടെത്തുക . ഒരു ഘട്ടത്തില്‍ 'സഹാനുഭൂതിയുടെയും, ശാസ്ത്രത്തിന്റെ യും പുരോഗതിയുടെയും ദൂതന്‍' ('an emissary of pity and science and progress' ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുര്‍ട്ട്സിന്റെ ദൗത്യം ആനക്കൊമ്പ് പോലുള്ള പ്രകൃതി വിഭവങ്ങള്‍ക്കും തദ്ദേശീയര്‍ക്ക് എതിരെ നെറി കെട്ടനിലയിലുള്ള ചൂഷണങ്ങള്‍ക്കും വഴി മാറുമ്പോള്‍ അയാളുടെ അപചയം പൂര്‍ണ്ണമാവുന്നു. അത് കൊണ്ടാണ് 'എല്ലാ കാടന്മാരെയും കൊന്നുകളയുക (Exterminate all the brutes!') എന്ന് മാത്രം ഒസ്സ്യത്തെഴുതി മരണത്തെ മുഖാമുഖം കാണുമ്പോള്‍ പൊരുളറിയാത്ത ശൂന്യതയിലേക്ക് തുറിച്ചു നോക്കി 'ഭീകരം, ഭീകരം' (The horror. The horror') എന്നു മാത്രം അയാള്‍ക്ക് പറയാനാവുന്നതും, അങ്ങ് നാട്ടില്‍ കഥയറിയാത്തവരാല്‍ വീരനായി വാഴ്ത്തപ്പെടുന്നയാളെ കുറിച്ച് പരിചാരകനായ പയ്യന്‍ "മിസ്റ്റാ കുര്‍ട്ട്സ് - അയാള് ചത്തു!” (Mistah Kutz- he dead') എന്ന് നിസ്സംഗനാവുന്നതും .
ചരിത്രത്തില്‍ വേരുകളാഴ്ത്തി:നൂറ്റാണ്ടുകളോളം ഒട്ടോമന്‍ സാമ്രാജ്യത്തിനു കീഴില്‍ ജീര്‍ണ്ണമായിപ്പോയ അറബ് ഇസ്ലാമിക് സംസ്കൃതിയെ പുനരുജ്ജീവിപ്പിക്കുന്നതിനും അതിനെ യൂറോപ്യന്‍ സംസ്കാരത്തോട് കൂട്ടി വിളക്കുന്നതിനും ലക്ഷ്യമിട്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ ആരംഭിച്ച മുന്നേറ്റമായിരുന്നു നഹ്ദ എന്നറിയപ്പെട്ട അറബ് പുനരുത്ഥാനം. മധ്യകാല അറബ്സംസ്കാരം നെയ്തെടുത്ത ശാസ്ത്ര , വൈജ്ഞാനിക ഉണര്‍വ്വുകളെ സാമ്രാജ്യത്വ ഭീഷണിക്കെതിരില്‍ ധൈഷണികമായി ഉപയുക്തമാക്കുക എന്നത് നഹ്ദയുടെ ഉന്നമായിരുന്നു. എന്നാല്‍, ഒന്നാം ലോക യുദ്ധകാലത്ത് യൂറോപ്പ് അറേബ്യന്‍ പ്രദേശങ്ങളെ അടിപ്പെടുത്താന്‍ തുടങ്ങിയതോടെ ഈ സമവായ മോഹം പരാജയപ്പെട്ടു തുടങ്ങി. ഒട്ടോമന്‍ സാമ്രാജ്യത്തിനെതിരില്‍ സഖ്യ ശക്തികളുമായി സഹകരിക്കുമ്പോള്‍ യുദ്ധാനന്തരം കോളനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കാമെന്ന വാക്ക് നല്‍കിയിരുന്നു കൊളോണിയല്‍ യജമാനന്മാര്‍. ലോകത്ത് മറ്റെല്ലാ കോളനികളിലും എന്ന പോലെ ഇവിടെയും അത് പാലിക്കപ്പെട്ടില്ല.. അത് കൂടാതെ, അറബ് പ്രദേശത്തു ഒരു ജൂത രാഷ്ട്രം സ്ഥാപിക്കാമെന്ന 1917ലെ ബാല്‍ഫൂര്‍ പ്രഖ്യാപനം കൂടിയായതോടെ നഹ്ദ മുന്നോട്ടു വെച്ച സന്മനോഭാവം കടുത്ത അസംതൃപ്തിക്ക് വഴിമാറുകയും ചെയ്തു. അമ്പതുകളോടെ ശക്തമായ പാന്‍ അറബ് ദേശീയത, പടിഞ്ഞാറുമായുള്ള സാംസ്കാരിക സമന്വയ ശ്രമങ്ങള്‍ ഏട്ടിലെ പശുവാണെന്ന് പൊതു ബോധം ഉണ്ടാവുന്നതിനു കാരണമായി. 1967 ലെ ഇസ്രായേല്‍ യുദ്ധം അറബ് ലോകത്തുണ്ടാക്കിയ അസ്തിത്വ പ്രതിസന്ധി, പാശ്ചാത്യ ലോകവുമായി അറബ് ജനതയെ തീര്‍ത്തും അന്യവല്‍ക്കരിക്കുന്ന നിലയിലേക്ക് വളര്‍ന്നു. ഈ ശൂന്യതയിലാണ് ഇസ്ലാമിക മൌലികവാദം സ്വയം ഇടം കണ്ടെത്തിയത് . 1929 ല്‍ വടക്കന്‍ സുഡാനിലെ ഒരു പിന്നോക്ക ഗ്രാമത്തില്‍ ജനിച്ച തയിബ് സാലിഹ് ഖാര്‍തൂം യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം അധ്യാപക പരിശീലന സ്കൂളില്‍ അധ്യാപകനായും പിന്നീട് ഖത്തര്‍ ഗവണ്‍മെന്റിന്റെവിദ്യാഭ്യാസ വകുപ്പിലും തുടര്‍ന്ന് ബി. ബി. സി, യുനെസ്കോ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ലിബറല്‍ നിലപാടുകള്‍ സൂക്ഷിച്ച സാലിഹ് 2008ല്‍ മരിക്കുന്നത് വരെയും എല്ലാ തരം മൌലിക വാദ പ്രവണതള്‍ക്കെതിരിലും ഉറച്ചു നിന്നിട്ടുണ്ട്.
നോവലിന്റെ പശ്ചാത്തലമായ വാദ് ഹമീദ് എന്ന നൈല്‍ നദീതട ഗ്രാമമായ സാങ്കല്‍പ്പിക പ്രദേശം വടക്കന്‍ സുഡാനിലെ ഒരു സാധാരണ ഗ്രാമത്തിന്റെ സ്വഭാവങ്ങള്‍ പങ്കു വെക്കുമ്പോഴും അറബ് ലോകം 'കറുത്ത' ആഫ്രിക്കയുമായി ഇട കലരുന്ന ഒരു സംഗമ സ്ഥലമായി വര്‍ത്തിക്കുകയും ചെയ്യുന്നു. യാഥാസ്ഥിതിക ഇസ്ലാമിനോടൊപ്പം സൂഫി പാരമ്പര്യവും പ്രകൃത്യാരാധനാ രീതികളും ഇടകലര്‍ന്ന ഒരു ജനകീയ ഇസ്ലാം ആണ് അവിടെയുള്ളത് . ഇവക്കിടയിലെ സ്വാഭാവികസംഘര്‍ഷങ്ങള്‍ , ഇതേ സാങ്കല്‍പ്പിക പ്രദേശം പശ്ചാത്തലമാക്കിയുള്ള 'വാദ് ഹമിദ് സൈക്കിള്‍' എന്നു വിളിക്കപ്പെടുന്ന തയിബ് സലിഹിന്റെ ഇതര കൃതികളില്‍ നിന്ന് വ്യത്യസ്തമായി, 'ഉത്തരാടന കാല'ത്തില്‍ ശക്തമാണ്. സുഡാന്‍ സ്വതന്ത്രമായി പത്തു വര്‍ഷം കഴിഞ്ഞു 1966ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലില്‍ കലുഷമായിരുന്ന ആ കാലം നിഴല്‍ വിരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം തങ്ങള്‍ക്കു നേടിത്തരുമെന്ന് കരുതിയിരുന്ന സമാധാനവും പുരോഗതിയും മരീചികയായതിന്റെയും, ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായതിന്റെയും ഇച്ഛാഭംഗം നേരിട്ടല്ലെങ്കിലും നോവലില്‍ അനുഭവ വേദ്യമാണ്. അറബ് മുസ്ലിം ഭൂരിപക്ഷമുള്ള വടക്കന്‍ മേഖലയും ക്രിസ്ത്യന്‍, പ്രകൃതിയാരാധനാ വിഭാഗങ്ങള്‍ ഭൂരിപക്ഷമായ പ്രദേശമായിരുന്ന ദക്ഷിണ മേഖലയും തമ്മിലുണ്ടായിരുന്ന സംഘര്‍ഷത്ത ഫലപ്രദമായി നേരിടുന്നതില്‍ സ്വതേ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരുന്ന ഏകാധിപത്യ സര്‍ക്കാരിന് പരാജയം സംഭവിച്ചു. ഭരണസംവിധാനത്തില്‍ സൈന്യത്തിന്റെയും പള്ളിയുടെയും പങ്ക് എത്രമാത്രം ആയിരിക്കണം എന്ന കാര്യത്തിലെ അവ്യക്തതയും കൂടിച്ചേര്‍ന്നു അഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊണ്ടു . ഗ്രാമ പ്രദേശങ്ങളില്‍ പ്രാഥമിക സ്കൂളുകള്‍ സ്ഥാപിക്കുക പോലുള്ള ചുരുക്കം ചില ജനോപകാരപ്രദമായ നടപടികള്‍ സര്‍ക്കാര്‍ തുടക്കമിട്ടപ്പോഴോ അവ ലക്‌ഷ്യം കണ്ടതുമില്ലെന്ന വസ്തുത നോവലില്‍ പ്രതിപാദിക്കുന്നുണ്ട്.. ജനറല്‍ ഇബ്രാഹീം അബ്ബൂദ് ഭരണഘടനയെ മരവിപ്പിച്ചുനിര്‍ത്തി നടപ്പിലാക്കിയ ഇസ്ലാമികവല്‍ക്കരണ പ്രക്രിയ പുരോഗമനേച്ചുക്കളെ തീര്‍ത്തും നിരാശപ്പെടുത്തി.. 1969മുതല്‍ സുഡാന്‍ കടന്നു പോയ വ്യത്യസ്ത സ്വേച്ഛാധിപത്യ സര്‍ക്കാറുകള്‍ പില്‍ക്കാല ചരിത്രത്തിന്റെ ഭാഗവുമാണല്ലോ.
അവസരങ്ങള്‍ - പ്രാകൃത ചോദനകളുടെ ആഘോഷം
അതീവ സമര്‍ത്ഥനായ വിദ്യാര്‍ഥിയെന്ന നിലയില്‍ ലഭ്യമാവുന്ന അവസരങ്ങളാണ് സുഡാനിലെ തന്റെ ദരിദ്ര ഗ്രാമത്തില്‍ നിന്ന് കൈറോയിലേക്കും തുടര്‍ന്ന് ലണ്ടനിലേക്കും ഉപരി പഠനാര്‍ത്ഥം പോവാന്‍ 'ഉത്തരാടന കാല'ത്തിലെ നായകനായ മുസ്തഫാ സഈദിന് വഴിയൊരുക്കുന്നത്. കറുത്ത വര്‍ഗ്ഗക്കാരുടെ ലൈംഗിക ശക്തിയെ കുറിച്ചും നിഗൂഡ ആചാര ജീവിത ക്രമങ്ങളെ കുറിച്ചുമൊക്കെയുള്ള മുച്ചൂടും ജല്‍പ്പനമായ കൊളോണിയല്‍ മുന്‍ വിധികള്‍ അതിസമര്‍ത്ഥമായി അയാള്‍ തന്റെ പെണ്‍വേട്ടകള്‍ക്കായി ഉപയോഗിക്കുന്നു. ആഭിജാരത്തിലെന്നോണം അയാളുടെ വലയില്‍ വീഴുന്ന യുവതികളില്‍ മൂന്നു പേരെങ്കിലും പ്രണയ നാട്യത്തിന്റെ മുറിവേറ്റു ആത്മഹത്യ ചെയ്യുന്നുണ്ട്. ഒടുവില്‍ കടുത്ത സാഡോ മാസോക്കിസ്റ്റ് പ്രവണതകളുള്ള ഴാംഗ് മോറിസിന്റെ മുന്നില്‍ ദുരൂഹമാം വിധം കീഴടങ്ങുകയും അവളെ വിവാഹം കഴിക്കുകയും ചെയ്യുന്ന അയാള്‍ അവളെ കൊലപ്പെടുത്തി ഏഴു വര്‍ഷത്തെ ജയില്‍ വാസവും അനുഭവിക്കേണ്ടി വരുന്നു. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുന്ന സഈദ്, ഹുസ്ന ബിന്‍ത് മഹ്മൂദ് എന്ന യുവതിയെ വിവാഹം കഴിച്ചു കുടുംബ നാഥനും നാട്ടില്‍ നിഗൂഡ പരിവേഷമുള്ളവനെങ്കിലും പൊതു സമ്മതിയുള്ളവനും ആവുന്നു. ഒരു നാള്‍, ഒരു വെള്ളപ്പൊക്കത്തിനു പിറകെ അയാള്‍ ദുരൂഹമായി അപ്രത്യക്ഷനാകുന്നു. എന്നാല്‍, ഈ പുരാവൃത്തങ്ങളൊന്നും നേരിട്ടല്ല നോവലില്‍ അവതരിപ്പിക്കപ്പെടുന്നത്. . ഇംഗ്ലണ്ടില്‍ നിന്ന് സാഹിത്യ പഠനം കഴിഞ്ഞെത്തിയ, നോവലിസ്റ്റിന്റെ തന്നെ അപര സ്വത്വം പോലുള്ള, പേര് പറയുന്നില്ലാത്ത ആഖ്യാതാവിലൂടെ പല ഘട്ടങ്ങളിലായാണ് ഇതൊക്കെയും ചുരുള്‍ നിവരുക. അയാള്‍ക്ക് മാത്രമാണ് സഈടിന്റെത് ഒരു ആത്മഹത്യയും ആവാമെന്ന് തോന്നുന്നതും. മുസ്തഫയുടെ വിധവ ഒട്ടും താല്പര്യമില്ലാത്ത, പുരുഷ കേന്ദ്രിത സമൂഹത്തില്‍ പിതാവും ആങ്ങളമാരും തീരുമാനിച്ചുറപ്പിക്കുന്ന ഒരു ബന്ധത്തില്‍ എഴുപതു പിന്നിട്ട വാദ് റയ്യീസിനെ വിവാഹം ചെയ്യേണ്ടി വരികയും, തുടര്‍ന്ന് അയാളെ കൊല്ലുകയും ചെയ്യുന്ന സ്തോഭ ജനകമായ സാഹചര്യത്തിലാണ് സഈദിന്റെ കഥ മുഴുവനായി പുറത്തു വരിക. തികച്ചും ബീഭത്സമായ രീതിയില്‍ കൊലയോ ആത്മഹത്യയോ എന്ന് തിരിച്ചറിയാത്ത വിധം ഹുസ്നയുടെയും അന്ത്യം സംഭവിക്കുന്നുണ്ട് അതേ സന്ദര്‍ഭത്തില്‍ തന്നെ. മുമ്പൊരു പ്രത്യേക സാഹചര്യത്തില്‍ ആഖ്യാതാവിനോട് നേരിട്ടുള്ള സഈദിന്റെ തന്നെ ആഖ്യാനത്തില്‍ നമ്മള്‍ അറിഞ്ഞതിന്റെ ബാക്കി , ഇപ്പോള്‍ വിജനമായ വീട്ടിലെ സഈദിന്റെ മുറിയിലെ പുസ്തകങ്ങളും കുറിപ്പുകളും ഴാംഗ് മോറിസിന്റെതുള്‍പ്പടെ ചിത്രങ്ങളും സാക്ഷിയാക്കി ആഖ്യാതാവ് നമ്മോട് പറയുന്നു. എല്ലാം കഴിഞ്ഞു പുഴയിലേക്കിറങ്ങുന്ന ആഖ്യാതാവ് ആത്മഹത്യയുടെ പ്രലോഭനത്തിലേക്ക് തന്റെ അപരനെ പോലെ ഒരു നിമിഷം എത്തിനോക്കുന്നുമുണ്ട്.
അധിനിവേശവും സ്ത്രീ വിരുദ്ധതയും:
കൊളോണിയലിസം അരങ്ങേറിയ ആക്രമണ സ്വഭാവമുള്ള കീഴ്പ്പെടുത്തലുകളും പുരുഷ മേധാവിത്വം നടപ്പിലാക്കിയ ഹിംസാത്മക ലിംഗ നീതി നിഷേധവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാം. വംശീയ മുന്‍ വിധികളും വര്‍ണ്ണ വ്യത്യാസത്തെ കുറിച്ച് അടിച്ചേല്‍പ്പിക്കുന്ന അപകര്‍ഷചിന്തയുമാണ് കൊളോണിയലിസം ആയുധമാക്കുന്നതെങ്കില്‍ അതേ ആയുധത്തെയാണ് വിപരീതാര്‍ത്ഥത്തില്‍ സഈദ് തിരിച്ചു പ്രയോഗിക്കുന്നത്. സഈദ് തന്റെ വഞ്ചനാത്മക നിലപാടിലൂടെ യൂറോപ്യന്‍ സ്ത്രീത്വത്തോട് കാണിക്കുന്ന ക്രൂരതകള്‍ പോലെത്തന്നെ, പാരമ്പര്യ, പുരുഷ മേധാവിത്വജടിലമായ സുഡാനീസ് / കോളണീകരിക്കപ്പെട്ട സമൂഹത്തില്‍ സ്ത്രീത്വം അനുഭവിക്കുന്ന അടിച്ചമര്‍ത്തലും അവഹേളനവും നോവലില്‍ ശക്തമായി ആവിഷ്കരിക്കുന്നുണ്ട്.. പിതാക്കന്മാരും ആങ്ങളമാരും സ്ത്രീയോട് ഒരു വാക്കും ചോദിക്കാതെ നിശ്ചയിക്കുന്ന വിവാഹങ്ങളുടെ ഇരകള്‍ മാത്രമായിപ്പോവുന്ന സ്ത്രീത്വം, പുരുഷന്റെ ആവശ്യങ്ങള്‍ക്കുള്ള ഭോഗവസ്തു മാത്രമാവുന്ന, ബഹുഭാര്യത്വവും മൊഴിചൊല്ലലുമൊക്കെ നിര്‍ബാധം നടക്കുന്ന സാമൂഹിക ക്രമത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രം ഹുസ്നയുടെ ദുര്‍വ്വിധിയാണ് . സഈദിന്റെ തിരോധാനത്തിനു ശേഷം ഇനിയൊരു വിവാഹം വേണ്ടെന്നു വെച്ച് മക്കളുടെ സംരക്ഷണവുമായി കഴിയാം എന്ന തീരുമാനത്തിലാണ് അവള്‍ വാദ് റയ്യിസിന്റെ ആലോചന നിഷേധിക്കുന്നത്. എന്നാല്‍ ആണുങ്ങള്‍ തീരുമാനിച്ച വിവാഹത്തിനു സമ്മതിക്കാതിരിക്കുന്നത് പോലും പുരുഷമേധാവിത്വ സമൂഹത്തിനു അപമാനകരവും ദുരഭിമാനക്കൊലക്ക് വരെ കാരണമാവുന്ന ധിക്കാരവുമാണ്. ഈയൊരു പരിതോവസ്ഥയിലാണ്, ഇതിനോടകം മുസ്തഫാ സഈദിന്റെ സ്വത്തുക്കളുടെയും കുടുംബത്തിന്റെയും നിയമപ്രകാരമുള്ള സംരക്ഷകനായിത്തീര്‍ന്ന ആഖ്യാതാവ് തന്നെ പേരിനൊന്നു വിവാഹം ചെയ്തിരുന്നെങ്കിലെന്നു അവള്‍ ആഗ്രഹിക്കുന്നത്. ഹുസ്നയോട് നിഗൂഡമായ പ്രണയം ഉള്ളിലുണ്ടെങ്കിലും താരതമ്യേന ഒരു ഘട്ടത്തിലും കര്‍തൃത്വത്തിലേക്ക് ഉയരുന്നില്ലാത്ത അയാള്‍ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ സ്ഥലം വിടുന്നു. ഒരു മാസത്തിനു ശേഷം ഹുസ്നയുടെ ദുരന്തമറിഞ്ഞു തിരിച്ചെത്തുമ്പോള്‍ അയാള്‍ക്കൊന്നും ചെയ്യാനില്ല. എങ്കിലും, ഏറെ വൈകിയാണെങ്കിലും മരിച്ചു കഴിഞ്ഞിട്ടും സ്ത്രീയായത് കൊണ്ട് മാത്രം മാന്യമായ അടക്കം പോലും നിഷേധിക്കപ്പെട്ട അവളെ വീണ്ടും അപമാനിക്കുന്നത് കേട്ട് നില്‍ക്കാനാവാതെ അയാള്‍ ഇപ്പോള്‍ മേയര്‍ കൂടിയായ പഴയ സുഹൃത്തിനെ ആക്രമിക്കുന്നുണ്ട്. . പരമ്പരാഗതവും ജീര്‍ണ്ണവുമായ മൂല്യങ്ങളില്‍ നിന്ന് വഴിമാറി നടക്കാനുള്ള, വിദ്യാഭ്യാസം കിട്ടിയ പുതു തലമുറയുടെ അറ്റകൈ ശ്രമമായി ഇതിനെ കാണാം.
ആദ്യ വായനയില്‍ ഇരയാക്കപ്പെടുന്ന സ്ത്രീത്വം എന്ന പരിഗണനക്കപ്പുറമാണ് എന്നു തോന്നിക്കുന്ന പാത്ര സൃഷ്ടികളാണ് ഴാംഗ് മോറിസിന്റെതും എണ്‍പതുപിന്നിട്ട വയോധിക ബിന്‍ത് മജ്സൂബിന്റെതും . എന്നാല്‍, ഴാംഗ് മോറിസ് അനുഭവിക്കുന്ന വൈകാരിക സംഘര്‍ഷങ്ങളും അവള്‍ പലവുരു സാക്ഷിയാവുന്ന സഈദിന്റെ കുത്തഴിഞ്ഞ സ്ത്രീലമ്പട സ്വഭാവവും ചേര്‍ന്നുതന്നെയാണ് അവളുടെ സ്വയം പീഠന – പരപീഠന പ്രവണതയെ അത്ര മേല്‍ വഷളാക്കുന്നതും പ്രകോപിപ്പിച്ചു പ്രകോപിപ്പിച്ചു ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും അവളൊരു മരണം ഏറ്റുവാങ്ങുന്നതും. ബിന്‍ത് മജ്സൂബ് തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ്. വലിയ വായില്‍ പരുക്കന്‍ ലൈംഗിക തമാശകള്‍ പറയുകയും ആണുങ്ങളെ പോലെ കുടിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ഈ വയോധിക പെണ്‍ചേലാകര്‍മ്മം പോലുള്ള കാടന്‍ സ്ത്രീവിരുദ്ധതയെ പോലും ന്യായീകരിക്കുന്നുണ്ട്. . 'അപ്പോള്‍ സ്ത്രീകള്‍ അവരുടെ ആണുങ്ങളെ സന്തോഷിപ്പിക്കാനായി കൂടുതല്‍ പ്രയത്നിക്കേണ്ടി വരും' എന്നു അശ്ലീലമായി ചിരിക്കുന്ന അവര്‍, പുരുഷ മേധാവിത്വ അഭിരുചികള്‍ കാലാന്തരത്തില്‍ സ്ത്രീയുടെ വ്യക്തിത്വ വികാസത്തെ പോലും പുരുഷ മനസ്സിന്റേത് ആക്കി മാറ്റി അടച്ചു കളയുന്നു എന്നു സൂചിപ്പിക്കുന്നു. ഒരര്‍ഥത്തില്‍ ഇത് തന്നെയാണ് സഈദിനും സംഭവിച്ചത് എന്നു പറയാം: കൊളോണിയലിസം തന്റെ ജനതയെ അടിപ്പെടുത്താന്‍ വാര്‍പ്പ് മാതൃകകള്‍ ഉപയോഗിച്ചപ്പോള്‍ അതേ തന്ത്രം തന്നെയാണ് തനിക്കൊരു ഇര വര്‍ഗ്ഗത്തെ കണ്ടെത്താന്‍ അയാളും ഉപയോഗിക്കുന്നത്. കറുത്തവനെ കുറിച്ചുള്ള വാര്‍പ്പ് മാതൃകകള്‍ പൊലിപ്പിച്ച് നിഗൂഡതയുടെ പരിവേഷം നല്‍കി അതിലേക്കു ഈയാം പാറ്റകളെ പോലെ പാറി വീഴാന്‍ തയ്യാറുള്ള സ്ത്രീകളെ കണ്ടെത്തുക . അതിലൂടെ കണ്ണിനു കണ്ണെന്ന ന്യായേന അയാളൊരു വംശീയ പ്രതികാരം തീര്‍ക്കുകയായിരുന്നുവോ? സൂര്യനസ്തമിക്കാത്ത രാജ്യം അയാളുടെ ജനതയെ അടിപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ ഒരു സ്ത്രീയായ വിക്റ്റോറിയ രാജ്ഞിയായിരുന്നു അതിനു ചുക്കാന്‍ പിടിച്ചത് എന്നു വെയ്ല്‍ എസ്. ഹസന്‍ നിരീക്ഷിക്കുന്നു . (Wail S. Hassan, Introduction to Season of Migration to the North- NYRB Classics) കൊളോണിയലിസത്തിന്റെ തേരോട്ടങ്ങള്‍ പുരുഷ കേന്ദ്രിതമായിരുന്നു എന്നതും എല്ലാ കടന്നുകയറ്റങ്ങളും എല്ലായിപ്പോഴും സ്ത്രീ വിരുദ്ധമായിരുന്നു എന്നതും ഇതോടു ചേര്‍ത്തു വായിക്കാം.
(കലാകൌമുദി വാരിക. ജൂലൈ 12-02015)
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 132-138)
To purchase, contact
ph.no: 8086126024