Featured Post

Thursday, September 4, 2014

മീനുമ്മകളുടെ രാഷ്ട്രീയം.




1.

ഉരുള്‍ പൊട്ടിയ മലകളില്‍ 
ഒടുങ്ങിപ്പോയവരെയോര്‍ത്ത്
കാട്ടരുവിയില്‍ മുങ്ങുക.
മീനുമ്മകള്‍ നിങ്ങളോടെന്തു പറയും?
തോറ്റു പോയൊരു ജനതയുടെ ദൈന്യം?
വിമലീകരിക്കാത്ത നിസ്സഹായതയുടെ രോഷം?
ബുള്‍ഡോസര്‍ വികസനത്തിന്റെ
മാതൃ ഭോഗ പെടു പിറപ്പില്‍
നടുക്കഷ്ണം തിന്നുന്നവനോട് പുച്ഛം?
ആത്മഹത്യയിലൊടുങ്ങിയ
കര്‍ഷക ജന്മത്തിന്റെ ശാപം?
അല്ലെങ്കില്‍,
ഒഴുക്കിലൊടുങ്ങിയ കിളിക്കുഞ്ഞിന്റെ മൗനം?
അതുമല്ലെങ്കില്‍,
മലയിറങ്ങിയ പാറക്കെട്ടുകളില്‍
അടിഞ്ഞു പോയ ആട്ടിന്‍ പറ്റത്തിന്റെ
നെഞ്ചു കലങ്ങും ഇടയ ദുഃഖം?

2.

നിലയില്ലാക്കയത്തില്‍
മുങ്ങി മരിച്ചവരെയോര്‍ത്ത്
മീനുമ്മകള്‍ ഏറ്റുവാങ്ങുക.
നിങ്ങളെന്തു കേള്‍ക്കുന്നു?
വിനോദയാത്രയുടെ മദപ്പാടില്‍
ഒഴുക്കെടുത്തുപോയ പുത്രദുഃഖം?
മൃഗ തൃഷ്ണകളുടെ ലാസ്യം കടന്ന്
ജലമൃത്യുവായവന്റെ അന്ത്യമൊഴി?
ഉടല്‍ വസന്തത്തിന്റെ ചതിക്കുഴിയില്‍
ചുഴിയിലെറിയപ്പെട്ടവളുടെ ഗദ്ഗദം?
ബൊഹീമിയന്‍ പകല്‍പ്പാതിയില്‍
ഞരമ്പുകളിലെ കവിതയോടൊപ്പം
ജലപാളികളിലൂളിയിട്ടവന്റെയൊടുക്കത്തെ ഗീതം?
അല്ലെങ്കില്‍,
തോട്ട പൊട്ടി ചിതറിയ മീന്‍ കണ്ണിന്റെ ശോകം?
അതുമല്ലെങ്കില്‍,
ഉറവകളിലടിഞ്ഞ നഗരമാലിന്യം
രോഗത്തിന്റെ പൂക്കളായി വിരിയുന്ന
അവിശുദ്ധ ബാന്ധവത്തിന്‍ സീല്‍ക്കാരം?

3.

മീനുമ്മകള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്.
മലകളും
പുഴകളും
കിളികളും
തിര്യക്കുകളും
കാടും മേടുമാകാശവും
അത് നമ്മളോട് പറയുന്നുമുണ്ട്.
എങ്കിലും,
ഹൃദയത്തിലല്ല
ആമാശയത്തിലാണ്
മീനുമ്മകളെ
നാം
ചെവിയോര്‍ക്കുക.