കണ്ടിട്ടുണ്ടോ
നിങ്ങള്‍
ഗ്രാമ
വിഡ്ഢിയുടെ ആകാശം ?
ഒരു
വിശുദ്ധന്റേതു പോലെ
അന്തിച്ചുവപ്പുണ്ടാവും
അവിടെ.
മങ്ങിയ
കണ്ണാടി പോലെ
എപ്പോഴും
പുക മൂടിയിട്ടുണ്ടാവും .
അന്തിച്ചുവപ്പിന്റെ
പാഠഭേദം
അമാവാസിയുടെ
മുന്നൊരുക്കമാവും
തൂവിപ്പോയ
ചായങ്ങളില്‍
ഇനം
തിരിവുണ്ടാകില്ല..
ചിലപ്പോഴത്
അപ്പുക്കിളിയുടെ
അക്ഷര ജ്ഞാനം പോലെ
കണ്ണെത്തുവോളം
ഒരൊറ്റ
വര്‍ണ്ണത്തില്‍ പരന്നു
കിടക്കും
അല്ലെങ്കില്‍
ബുദ്ധിയുള്ളവരുടെ
ഉള്ളിലെ അഴുക്കു പുരണ്ട്
ഇരുണ്ടു
പോകും.
തുരുമ്പിച്ച
ഇശല്‍നിഴലുകളില്‍
ഉന്മാദിയുടെ
സിംഫണി പോലെ
സ്വരഭേങ്ങളിഴച്ചു
പോകും.
മറ്റാര്‍ക്കും
കേള്‍ക്കാത്ത സൈറണുകള്‍*
അവന്റെ
പായ്ക്കപ്പലുകളെ
ഇടയ്ക്കിടെ
പ്രലോഭിപ്പിക്കും .
ജൈവ
കാമനകളുടെ മദപ്പാടില്‍
ചേഷ്ടകളുടെ
തനിയാവര്‍ത്തനങ്ങളില്‍
അമിത
സുരതത്തിന്റെ ബബൂണ്‍മുഖം
പോലെ
അടക്കം
പറയാന്‍ പാകത്തില്‍
അവനൊരശ്ലീലമാവും
.
വിനിമയ
മൂല്യം പോയ പടപ്പാട്ടുകളുമായി
ഹിറയാമ
പയ്യനെ പോലെ**
ദേശ
ദ്രോഹത്തിന് വേട്ടയാടപ്പെടും
.
അപ്പോള്‍
നിങ്ങളോ?
നിങ്ങള്‍ക്കുറപ്പുണ്ടോ
നിങ്ങളുടെ വേദങ്ങളില്‍
എഫേസസിലെ
യുവാക്കളെ പോലെ***
നാണയങ്ങള്‍
പട്ടുപോയിട്ടില്ലെന്ന് ?
* യവന
പുരാണത്തിലെ, മാസ്മരിക
സംഗീതം കൊണ്ട് നാവികരെ
ആകര്‍ഷിച്ചു അപായപ്പെടുത്തുന്ന
സുന്ദരികളായ ദുര്‍ദേവതകള്‍.
അവയുടെ
പ്രലോഭനം അതിജീവിക്കാനായി
ഓഡീസ്സിയൂസ് തന്റെ നാവികരുടെ
ചെവികള്‍ മെഴുകു കൊണ്ടടച്ചു
സ്വയം കപ്പല്‍പ്പായയുടെ
തൂണില്‍ ബന്ധിച്ചു നിര്‍ത്തിയതായി
ഓഡീസ്സിയിലുണ്ട്. .
**കസുവോ
ഇഷിഗുരോയുടെ 'ആന്‍
ആര്‍ടിസ്റ്റ് ഓഫ് ദി ഫ്ലോട്ടിംഗ്
വേള്‍ഡ് ' എന്ന
നോവലിലെ കഥാപാത്രം..
യുദ്ധം
അവസാനിച്ചതും രാജഭരണം
പോയതുമൊന്നുമറിയാതെ പഴയ
പാട്ടുകള്‍ പാടി നടക്കുകയും
അന്ന് കയ്യടിച്ചു
പ്രോത്സാഹിപ്പിച്ചിരുന്നവരില്‍
നിന്ന് പീഡനം ഏറ്റ് വാങ്ങുകയും
ചെയ്യുന്ന മന്ദബുദ്ധി.
** *ഡെഷ്യസ്
ചക്രവര്‍ത്തി (249-251
) യുടെ
പീഡനം ഭയന്ന് ഗുഹയിലൊളിക്കുകയും
മുന്നൂറോളം വര്‍ഷങ്ങള്‍
ഉറങ്ങിപ്പോവുകയും ചെയ്ത ഏഴു
ക്രിസ്റ്റ്യന്‍ ചെറുപ്പക്കാരെ
കുറിച്ച് ഖുര്‍ആനിലും മറ്റും
പരാമര്‍ശമുണ്ട്.
ഉറങ്ങിയെഴുന്നേറ്റതെന്ന
ചിന്തയില്‍ ഭക്ഷണം തേടുമ്പോള്‍
കയ്യിലുള്ളത് എടുക്കാത്ത
നാണയങ്ങളാണെന്ന തിരിച്ചറിവിലേക്ക്
ഞെട്ടിയുണരുന്നവര്‍.