Featured Post

Saturday, February 17, 2018

സിനി ബുക്ക് ഷെല്‍ഫ് - മൂന്ന്

ദിലീപ് കുമാര്‍: സത്തയും നിഴലും

(Dilip Kumar: The Substance and the Shadow  An Autobiography എന്ന പുസ്തകത്തെ കുറിച്ച്)

ഫസല്‍ റഹ് മാന്‍

ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് അഭിനയ കലയുടെ കുലപതി. മെതേഡ് ആക്റ്റിംഗിനെ കുറിച്ചുള്ള പാഠങ്ങള്‍ കേട്ടുകേള്‍വി പോലുമല്ലാതിരുന്ന കാലത്ത് ലക്ഷണമൊത്ത രീതിയില്‍ അത് സ്വയം നടപ്പിലാക്കിയ പ്രതിഭ. ആറു പതിറ്റാണ്ടു നീണ്ട കലാ സപര്യയില്‍ അറുപതോളം മാത്രം ചിത്രങ്ങള്‍. ഒരു സമയം ഒരൊറ്റ ചിത്രത്തില്‍ ശ്രദ്ധയൂന്നുന്നതിലൂടെ ഗുണമേന്മയുടെ വിട്ടുവീഴ്ചയില്ലാത്ത പരിഗണനയില്‍ ചെയ്തതിലേറെ ഉപേക്ഷിച്ച ചിത്രങ്ങള്‍ കൊണ്ട് വ്യത്യസ്തനായ താരം. ഡേവിഡ് ലീനിനെ പോലുള്ള ലോകോത്തര സംവിധായകര്‍ അന്വേഷിച്ചെത്തിയ നടനവിസ്മയം. താരപ്രഭയുടെ വെള്ളിവെളിച്ചത്തില്‍ കണ്ണ് മഞ്ഞളിക്കാതെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത സാമൂഹിക നിലപാടുകളുടെ ഉടമ. മഹാനഗരത്തിന്റെ സമാരാധ്യനായ ഷെറീഫ് ആയി ജനങ്ങളോടൊപ്പം നിന്ന ജനസേവകന്‍. മത/ സാമുദായിക സമവാക്യങ്ങളുടെ പേരില്‍ വേട്ടയാടപ്പെട്ടപ്പോഴും സമചിത്തതയോടെ പിടിച്ചു നിന്ന് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി അയല്‍ നാടിന്റെയും പരമോന്നത ആദരം നേടിയെടുത്ത കലാകാരന്‍. പ്രൊഫഷനില്‍ മത്സര ബുദ്ധി നിലനിര്‍ത്തുമ്പോഴും ആര്‍ജ്ജവമുള്ള സുഹൃത്ത്. ഭാഷകളോടും കവിതയോടും അടങ്ങാത്ത അഭിനിവേശമുള്ള സഹൃദയന്‍. സിനിമ കലാകാരന്മാരുടെതായിരുന്ന സുവര്‍ണ്ണ കാലത്തും വെറും കച്ചവടമായി മാറിയ അപചയ കാലത്തും തന്റെ നിഷ്ഠകള്‍ മുറതെറ്റാതെ കാത്ത ഏകതാരം. തലമുറകളുടെ സ്വപ്നകാമുകനായിരിക്കുമ്പോഴും അമ്മയുടെ വത്സല പുത്രനായും കൂടപ്പിറപ്പുകളുടെ അത്താണിയായും ഗൌരവപ്രകൃതിയായ പിതാവിന്റെ സ്വകാര്യ അഹങ്കാരമായും എപ്പോഴും നിലക്കൊണ്ട കുടുംബാംഗം. നഷ്ട പ്രണയത്തിലും ഹൃദയാലുവായ കാമുകന്‍പ്രണയാര്‍ദ്രനായ ഭര്‍ത്താവ്. സ്നേഹ വേദനയിലും ഇടറാത്ത യോഗീതുല്യമായ ആത്മ നിയന്ത്രണത്തോടെ കൂടപ്പിറപ്പുകളുടെയും സുഹൃത്തുക്കളുടെയും വേര്‍പാടുകള്‍ക്ക് സാക്ഷ്യം വഹിച്ച, സുദീര്‍ഘമായ ജീവിതത്തിന്റെ സായാഹ്നത്തിലും ഉറ്റവരുടെയും ഉടയവരുടെയും സാന്നിധ്യം ആസ്വദിക്കുന്ന, തനിക്കു പിറക്കാതെ പോയ മക്കളായ തലമുറകളുടെ സ്നേഹ ഭാജനമായി തുടരുന്ന കുടുംബ കാരണവര്‍: ദിലീപ് കുമാര്‍ എന്ന ഇതിഹാസത്തിന്റെ യൂസുഫ് ഖാന്‍ എന്ന സത്ത ഇങ്ങനെയൊക്കെയാണ് അടയാളപ്പെടുന്നത്.

വ്യക്തിയും അഭിനേതാവും

ചലച്ചിത്ര താരങ്ങളുടെ ജീവിത കഥ ഗോസ്സിപ്പുകളായും വീരാരാധനയായും അമിതാവിഷ്കാരത്തിനു വിഷയമാകുന്ന ദേശത്ത്‌ തന്നെ കുറിച്ച് ഏറെയൊന്നും പറഞ്ഞുവെച്ചിട്ടില്ല ദിലീപ് കുമാര്‍ -‘അത് ഞാന്‍ എന്ന വാക്ക് വല്ലാതെ ഉപയോഗിക്കും’ (‘in his words, the profuse use of capital I, which he abhorred’ എന്നു പുസ്തകത്തില്‍). ആ നിലക്ക് ഉദയതാര നയ്യാറിന്റെ സഹായത്തോടെ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ആത്മകഥ ‘ദിലീപ് കുമാര്‍: സത്തയും നിഴലും’ എന്ന പുസ്തകത്തിനു കഥാപുരുഷനെയും ഒപ്പം ഒരു സുവര്‍ണ്ണ കാലത്തെയും അറിയാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചു നിര്‍ണ്ണായക പ്രാധാന്യമുണ്ട്. എന്നാല്‍ നല്ലത് മാത്രം പുറത്തു പറയുക, കാണിക്കുക എന്നത് തന്റെ സിനിമകളില്‍ എന്ന പോലെത്തന്നെ ആത്മകഥയിലും ഒരു നിഷ്ഠയായി വെച്ചു പുലര്‍ത്തുന്ന ദിലീപ് കുമാറില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന തുറന്നെഴുത്തിനു തീര്‍ച്ചയായും അകൃതൃമമെങ്കിലും ബോധപൂര്‍വ്വമായ പരിമിതികള്‍ ഉണ്ട്. അതുകൊണ്ട് ‘നയാ ദൌറി’ന്റെ ചരിത്രത്തിലെ കോടതികയറ്റത്തെ കുറിച്ചോ, മധുബാലയുമായുള്ള ബന്ധം തകര്‍ന്നതിന്റെ വിശദാംശങ്ങളെ കുറിച്ചോ, മുഗളെ അസമിലെ ആ കരണത്തടിയെ കുറിച്ചോ, കെ. ആസിഫുമായുണ്ടായ അസ്വാരസ്യങ്ങളെ കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ ‘കുതിരയുടെ വായില്‍ നിന്ന് തന്നെ’ കേള്‍ക്കാനാഗ്രഹിച്ചു പുസ്തകത്തെ സമീപിക്കുന്നവര്‍ നിരാശരായേക്കും; സിതാര ദേവിയുടെയും യാഷ് ചോപ്രയുടെയും ഓര്‍മ്മക്കുറിപ്പുകളില്‍ അവയുടെ സൂചനകളുണ്ടെങ്കിലും. എന്നാല്‍ തന്റെ ദേശീയ ബോധത്തെത്തന്നെ ചോദ്യം ചെയ്ത ബാല്‍ താക്കറെയെ കുറിച്ച് പോലും ഏറെ ബഹുമാനത്തോടെയാണ് ദിലീപ് കുമാര്‍ സംസാരിക്കുന്നത്. മറുവശത്ത്‌ അനാവശ്യ തെറ്റിദ്ധാരണകള്‍ കൃത്യമായി തുറന്നു കാണിക്കുന്നുമുണ്ട്: രാജ് കപൂറുമായുണ്ടായിരുന്നു എന്ന് സിനിമാ വൃത്തങ്ങളില്‍ പ്രചരിച്ചു വന്ന വൈരാഗ്യത്തിന്റെ അഭ്യൂഹം തങ്ങള്‍ക്കിടയില്‍ ഖല്‍സാ കോളേജ് നാളുകള്‍ തൊട്ടു വളര്‍ന്നു വന്ന, കുടുംബ സൗഹൃദം തന്നെയായി പന്തലിച്ച സഹോദര തുല്യമായ ഹൃദയ ബന്ധത്തിന്റെ മിഴിവേറിയ ചിത്രങ്ങള്‍ കൊണ്ട് പൊളിച്ചെഴുതുന്നത്‌ ഉദാഹരണം. നിശാനേ ഇംതിയാസ് പദവിയുമായി ബന്ധപ്പെട്ട് ബാല്‍താക്കാറെ നടത്തിയ വേട്ടയാടലില്‍ സിനിമാ ലോകത്തിന്റെ മൌനത്തില്‍ മനം നൊന്ത് ഒരു ഘട്ടത്തില്‍ ‘രാജ് ഉണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ ഒറ്റപ്പെടില്ലായിരുന്നു!’ എന്ന് സങ്കടപ്പെട്ട ദിലീപ് കുമാറിനെയും മറുവശത്തു മകന്റെ ഭാവാവിഷ്കാരത്തില്‍ തൃപ്തനാകാതെ എനിക്ക് യൂസുഫിനെയാണ് വേണ്ടത് എന്ന് നിഷ്കര്‍ഷിച്ച രാജ് കപൂറിനെയും ഋഷി കപൂര്‍ ഓര്‍മ്മിക്കുന്നു. നിറം പിടിപ്പിച്ച കഥകളില്‍ ചിത്രീകരിക്കപ്പെട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ദൌര്‍ഭാഗ്യകരമായ സംഭവ വികാസങ്ങളെ തുടര്‍ന്ന് പിരിയേണ്ടി വന്നെങ്കിലും ഗുരുതരാവസ്ഥയില്‍ ശയ്യാവലംബിയായിരുന്ന മധുബാല തന്റെ രാജകുമാരന് രാജകുമാരിയെ കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചത് ദിലീപ് കുമാര്‍ ഓര്‍ക്കുന്നുണ്ട്. അള്‍സറെറ്റീവ് കൊലൈറ്റിസ് ഗുരുതരമായി ലണ്ടന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈറയുടെ കട്ടിലിനരികില്‍ തകര്‍ന്നു പോയ മനസ്സോടെ രാപ്പകല്‍ കാവലിരുന്നു പരിചരിച്ച ദിലീപ് സാഹബിനെ മനോജ്‌ കുമാര്‍ ഓര്‍ക്കുന്നു. അതില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു വേദനകളുടെ കൊടുങ്കാറ്റില്‍ തന്നോട് തന്നെയുള്ള ഒരു വൈകാരിക പ്രതികാരമായി മധുബാല സ്വയം കണ്ടെത്തിയ കിഷോര്‍ കുമാര്‍. മധു ഭാഗ്യഹീനയായിരുന്നു. ജീവിതം അവരോടു ഒരു ഘട്ടത്തിലും ദയ കാണിച്ചിട്ടില്ല; ഒരു പക്ഷെ സിനിമയും.

താരം, സുഹൃത്ത്

സന്തസഹചാരിയും സഹധര്‍മ്മിണിയും എന്നതിലേറെ ദിലീപ് കുമാര്‍ എന്ന ഇതിഹാസത്തോട് അക്ഷരാര്‍ത്ഥത്തിലുള്ള ആരാധന മുറ്റിയ സൈരാബാനുവിന്റെ മുഖവുരയോടെയാണ്‌ പുസ്തകത്തിലേക്ക് നാം പ്രവേശിക്കുന്നത്. വയസ്സറിയിച്ച കാലം മുതല്‍ ഹൃദയത്തില്‍ സൂക്ഷിച്ച നിഗൂഡ പ്രണയമായിരുന്നു അവര്‍ക്ക് യൂസുഫ്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഉദിച്ചുയരുന്ന നീലക്കണ്ണുകളുള്ള സുന്ദരിയോടൊത്ത് ജോടിയാവാനുള്ള അവസരങ്ങള്‍ പക്ഷെ സ്വാഭാവികതക്കു ഏറെ പ്രാധാന്യം നല്‍കിയ അഭിനയ ചക്രവര്‍ത്തി നിരന്തരം വേണ്ടെന്നു വെച്ചതിനു കാരണം തന്റെ പാതിവയസ്സു മാത്രമുണ്ടായിരുന്ന നായികയോടൊപ്പം ഒരു ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി സുഗമാമാകില്ല എന്ന ചിന്തയായിരുന്നു. എന്നാല്‍ വിവാഹ ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതം സൈറയുടെ സര്‍വ്വവ്യാപിയായ സ്നേഹ സാമീപ്യത്തിന്റെ തണലിലായിരുന്നു. “സമ്പന്നനായ ഒരു പഴക്കച്ചവടക്കാരന്റെ മകനായ യൂസുഫ് ഖാന്‍ എന്ന സാധാരണ യുവാവിന്റെ പ്രോചോദകമായ യാത്രയും അന്നുവരെ സമാനതകളില്ലാത്ത പ്രശസ്തിയുടെ ഉയരങ്ങളിലേക്കുള്ള പറന്നുയരലും ഇന്ത്യയുടെ ആദ്യ സൂപ്പര്‍ താരവും ലോകത്തിലെ ഏറ്റവും മഹാനായ നടന്മാരില്‍ ഒരാളും ആയിത്തീര്‍ന്ന ദിലീപ് കുമാര്‍ ആയുള്ള വിജയവും” എന്ന കഥ പറയപ്പെടുക തന്നെ വേണമെന്ന് ഉറച്ചു വിശ്വസിച്ചതും സൈരാബാനുവായിരുന്നു എന്ന് ഉദയതാരാ നയ്യാര്‍ അവതാരികയില്‍ പറയുന്നുണ്ട്. അവിഭക്ത ഇന്ത്യയില്‍ പെഷാവറിലെയും ദിയോലാലിയിലെയും കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നുതില്‍ ഏറെ തല്‍പ്പരനായിരുന്നു ദിലീപ്. അടക്കി ഭരിക്കുന്ന ദാദി പേരമകനെ ദിവസവും തല മൊട്ടയടിച്ച് മുഖത്തു കരിപുരട്ടി വിരൂപനാക്കി മദ്രസയില്‍ വിടുമായിരുന്നത് അവനു വേണ്ടി കൈനോട്ടക്കാരന്‍ പ്രവചിച്ച മഹത്തായ ഭാവിയും കണ്ണ് തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന ഉപദേശവും സാക്ഷാത്കരിക്കാന്‍ വേണ്ടിയായിരുന്നു. അതെന്തായാലും ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്ന ലജ്ജാശീലവും ഒതുങ്ങിപ്പിന്മാറുന്ന പ്രകൃതവും യൂസുഫിന്റെ സ്വഭാവമായതിനു പിന്നില്‍ കുട്ടിക്കാലത്തിന് പങ്കുണ്ട്. ദാദിയുടെ സ്വഭാവം പകര്‍ന്നു കിട്ടിയത് ഏറെ മക്കളുള്ള കുടുംബത്തിലെ മൂത്ത സഹോദരി സകീന ആപ്പക്കായിരുന്നു എന്ന് യൂസുഫ് ഓര്‍ക്കുന്നു. വാത്സല്യനിധിയും ഹൃദയാലുവുമായിരുന്ന ഉമ്മയാണ് യൂസുഫിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹസാന്നിധ്യമായത്. ഗംഭീര പിതൃസ്വരൂപമായിരുന്ന ആഘാജിയുമായുണ്ടായ ഒരേറ്റുമുട്ടലിന്റെ വൈകാരിക സമ്മര്‍ദ്ദത്തില്‍ ഒരു നാള്‍ ബോംബെയിലേക്ക് വണ്ടി കയറുന്ന യൂസുഫിനായി വിധി മാസ്മരമായ വഴിത്തിരിവുകള്‍ കാത്തുവെച്ചിരുന്നു. പൂനയിലെ മിലിട്ടറി കാന്റീനിന് സമീപം യൂസുഫ് തുടങ്ങിയ സാന്‍ഡ് വിച് ബിസിനസ് നല്ല വിജയമാകുന്നത് രണ്ടാം ലോക യുദ്ധകാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പിതാവിന് ഒരു കൈ സഹായമാകുക എന്ന മോഹം ഒരളവു സാധിക്കുന്നുമുണ്ട്. ഇക്കാലയളവിലാണ് ഡോ. മസാനിയുടെ നിര്‍ദ്ദേശത്തില്‍ യൂസുഫ് ദേവിക റാണിയെ കാണുന്നതും കുറ്റമറ്റ ഉര്‍ദുവും ഇംഗ്ലീഷും സംസാരിക്കുന്ന കിളിരം കൂടി സുമുഖനായ പത്താന്‍ യുവാവില്‍ അവര്‍ അഭിനയ സിദ്ധിയുടെ അക്ഷയ ഖനി ദീര്‍ഘ ദര്‍ശനം ചെയ്യുന്നതും സ്വപ്ന തുല്യമായ 1250 രൂപ മാസ പ്രതിഫലത്തിന് ബോംബെ ടോക്കീസില്‍ നടനായി എടുക്കുന്നതും യൂസുഫിനെ ദിലീപ് കുമാര്‍ ആക്കുന്നതും. പേരുമാറ്റത്തിനു ഒരു സെക്കുലര്‍ സ്വരം ഉണ്ടെന്നും അതൊരു സ്വതന്ത്രനാകലായി അനുഭവപ്പെട്ടെന്നും അദ്ദേഹം കണ്ടെത്തുകയായിരുന്നു. അവിടെ വെച്ചാണ് സിനിമയിലെ തന്റെ ആദ്യ ആജീവനാന്ത സൌഹൃദമായ അശോക്‌ കുമാറിനെ (‘അശോക്‌ ഭയ്യാ’) കണ്ടു മുട്ടുന്നത്. ഒപ്പം ഖല്‍സാ കോളേജ് നാളുകള്‍ തൊട്ടേ ഉറ്റ സുഹൃത്തായിരുന്ന രാജ് കപൂറിനെയും. അശോക്‌ ഭയ്യയാണ് പില്‍ക്കാലം ദിലീപ് കുമാര്‍ സമ്പൂര്‍ണ്ണമാക്കിയ അഭിനയ കലയുടെ ആ മര്‍മ്മം പകര്‍ന്നു കൊടുക്കുക. ഭയ്യാ ‘നോണ്‍- ആക്റ്റിംഗി’ന്റെ രഹസ്യം മനസ്സിലാക്കിയിരുന്നുവെന്നും ടൈമിംഗ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത എന്നും ദിലീപ് കുമാര്‍ മനസ്സിലാക്കി. ഒരു അഭിനേതാവ് തന്റെ ജന്മവാസനകളെ മൂര്‍ച്ച കൂട്ടേണ്ടത്തിന്‍റെ ആവശ്യകത തുടക്കം മുതലേ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

ഓര്‍മ്മകളിലെ ദിലീപ് കുമാര്‍

ദിലീപ് കുമാര്‍ ഹിന്ദി സിനിമയിലെ അഭിനയത്തെ മാറ്റിമറിച്ചതെങ്ങനെയെന്നു ശബാന ആസ്മി നിരീക്ഷിക്കുന്നുണ്ട്. സ്ഥൂലചലനങ്ങളിലൂടെയുള്ള ‘പ്രതിനിധാന’ അഭിനയത്തിനു പകരം “ഉപപാഠം (sub text) എങ്ങനെ ആവിഷ്കരിക്കാമെന്ന്‍, ഭാവത്തിനു മുഖാമുഖം എങ്ങനെ അഭിനയിക്കാമെന്ന്, എങ്ങനെയാണ് ന്യൂനോക്തി ധാരാളമാകുന്നതെന്ന്, പകര്‍ന്നെടുക്കുന്ന സ്വാഭാവികത (simulated spontaneity) യഥാര്‍ത്ഥം പോലെത്തന്നെ ഫലപ്രദമാകുന്നത് എന്ന് ദിലീപ് കുമാര്‍ നമുക്ക് കാണിച്ചു തന്നു.” ജനപ്രിയതയ്ക്ക് വേണ്ടി തരം താഴ്ന്നതൊന്നും ചെയ്യാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായില്ല എന്നും ശബാന ആസ്മി കൂട്ടിച്ചേര്‍ക്കുന്നു. സൈരയോടോത്തുള്ള ചിത്രങ്ങളില്‍ പോലും ശാരീരികമായി ഇഴുകിച്ചേര്‍ന്നുള്ള അഭിനയ രംഗങ്ങളില്‍ അങ്ങേയറ്റത്തെ മാന്യത നിഷ്കര്‍ഷിച്ചിരുന്നു. രാജ് കപൂര്‍ ചാര്‍ളി ചപ്ലിനെയും ദേവ് ആനന്ദ് ഗ്രിഗറി പെക്കിനെയും മാതൃകയാക്കിയപ്പോള്‍ ദിലീപ് കുമാര്‍ തന്റെ തന്നെ ആന്തര ചോദനകളെ ആശ്രയിച്ചുവെന്നു ആമിര്‍ ഖാന്‍ നിരീക്ഷിക്കുന്നുണ്ട്. വിദ്യാസമ്പന്നനും നല്ലൊരു വായനക്കാരനുമായിരുന്ന അദ്ദേഹം ലോകത്തെങ്ങുനിന്നുമുള്ള സാഹിത്യവുമായി സമ്പര്‍ക്കത്തിലാണെന്നും ഈ കഥകളും പാത്രങ്ങളും അദ്ദേഹത്തിന്റെ ഉപബോധത്തെ സമ്പന്നമാക്കിയിട്ടുണ്ടെന്നും ഏഴു ചിത്രങ്ങില്‍ അദ്ദേഹത്തിന്റെ നായികയായിരുന്ന വൈജയന്തി മാല ഓര്‍മ്മിക്കുന്നു. സ്വന്തം സഞ്ചിതാനുഭവ സ്മൃതികള്‍ എങ്ങനെയാണ് താന്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഭാവഗരിമക്ക് സഹായകമായത് എന്ന് പല സന്ദര്‍ഭങ്ങളിലും ദിലീപ് കുമാര്‍ തന്നെയും സാക്ഷ്യപ്പെടുന്നുണ്ട്. അമ്മയുടെ ആസ്തമ ദുസ്സഹമായ ഒരു സന്ദര്‍ഭത്തില്‍ എന്തെങ്കിലും ചെയ്യൂ എന്ന് മക്കളോട് ആര്‍ത്തു വിളിക്കുന്ന ആഘാജിയുടെ നിസ്സഹായത ‘മശാലി’നു വേണ്ടി ഭാവം പകരുമ്പോള്‍ അദ്ദേഹത്തിനു സഹായകമാകുന്നുണ്ട്. തന്മയീ ഭാവത്തോടെയുള്ള പാത്രാവിഷ്കാരത്തിന്‍റെ പൂര്‍ണ്ണതക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ താന്‍ നിരന്തരം ചെയ്തുവന്ന ദുരന്ത പാത്രങ്ങളുടെ രൂപത്തില്‍ തന്നെത്തന്നെ വേട്ടയാടാന്‍ തുടങ്ങിയതിന്റെ പിരിമുറുക്കത്തിലാണ് ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരം ദിലീപ് കുമാര്‍ കോമഡി വേഷങ്ങള്‍ ചെയ്യാന്‍ തയ്യറാകുന്നതും കോഹിനൂര്‍ പോലുള്ള ചിത്രങ്ങളില്‍ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് അഭിനയിക്കുന്നതും അവ വന്‍ വിജയങ്ങളാകുന്നതും. ഒരേ തരം വേഷങ്ങള്‍, അവയെത്ര ആകര്‍ഷകമായാലും സ്വീകരിക്കേണ്ടതില്ല എന്ന നിലപാടാണ് ദേവദാസിനു ശേഷം പ്യാസാ ഉപേക്ഷിക്കാന്‍ ദിലീപിനെ പ്രേരിപ്പിക്കുന്നത്. വഹീദാ റഹ്മാന്‍ നിരീക്ഷിക്കുന്ന പോലെ അത് പക്ഷെ ഗുരുദത്തിനെയും ദിലീപ് കുമാറിനെയും ഒരുമിച്ചു ഒരു ചിത്രത്തില്‍ കാണാനുള്ള അപൂര്‍വ്വ അവസരമാണ് ഇന്ത്യന്‍ സിനിമക്ക് നഷ്ടപ്പെടുത്തിയത്. ശരീരം വെളിവാകുന്ന രംഗങ്ങളില്‍ അഭിനയിക്കാനുള്ള വിമുഖത സാക്ഷാല്‍ സത്യജിത് റായിയുടെ ക്ഷണം അദ്ദേഹം ഉപേക്ഷിക്കാന്‍ ഇടയാക്കിയതും അവര്‍ ഓര്‍ക്കുന്നു. രോമാവൃത ശരീരത്തെ കുറിച്ചുള്ള അപകര്‍ഷം ദിലീപ് കുമാര്‍ തന്നെ ഏറ്റുപറയുന്നുമുണ്ട്. ‘എന്റെ കുഞ്ഞു പെങ്ങള്‍’ എന്ന് റോയല്‍ ആല്‍ബെര്‍ട്ട്സ് ഹാളിലെ തിങ്ങി നിറഞ്ഞ സഹൃദയര്‍ക്കു തന്നെ പരിചയപ്പെടുത്തിയ, മികച്ച ഗായിക ഉര്‍ദു ഡിക് ഷന്‍ കുറ്റമറ്റതാക്കെണ്ടതിന്റെ ആവശ്യകത തന്നെ ബോധ്യപ്പെടുത്തിയ, ആള്‍ക്കൂട്ടത്തിനു മുന്നില്‍ പാടുമ്പോള്‍ പാട്ടിന്റെ സന്ദേശത്തെ കുറിച്ച് പോലും ബോധാവതിയായിരിക്കണമെന്നു പറയ്യാതെ പറഞ്ഞ യൂസുഫ് ഭായിയെ കുറിച്ച് ലതാ മങ്കേഷ്കര്‍ വാചാലയാവുന്നുണ്ട്. ഭാഷയുടെയും സംസ്കാരത്തിന്റെയും അന്തസ്സില്‍ വിശ്വസിച്ച പൊയ്പ്പോയ ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു അദ്ദേഹമെന്ന് ശര്‍മ്മിള ടാഗോര്‍ കരുതുന്നു. “അദ്ദേഹം പാകിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നിശാനേ ഇംതിയാസ് സ്വീകരിച്ചപ്പോള്‍ (മാര്‍ച്ച് 1998) ചില സ്വയം പ്രഖ്യാപിത ദേശീയ വാദികള്‍ അദ്ദേഹത്തെ ഒരു ദേശ വിരുദ്ധന്‍ എന്ന് മുദ്രകുത്തുകയും വിവാദച്ചുഴിയില്‍ വീഴ്ത്തുകയും ചെയ്തത് സങ്കടകരമായിരുന്നു. അദ്ദേഹത്തെ പോലുള്ള മാതൃകാ പ്രതിഭാസങ്ങള്‍ക്ക് ഭൂമിശാസ്ത്ര അതിരുകളില്ല. അവര്‍ എല്ലാവരുടെതുമാണ്, ജാതി മത സംസ്കാര ഭേദമാന്യേ.”

നീണ്ട അഭിനയ ജീവിതമെന്നത്‌ എണ്ണത്തിന്റെ കാര്യത്തിലല്ലാതെ കാമ്പിന്റെ ബലത്തില്‍ത്തന്നെ പറയാന്‍ കഴിയുന്ന അഭിനേതാക്കള്‍, അതും മുഖ്യ ധാരാ സിനിമയില്‍, ഇന്ത്യയില്‍ അത്രയധികമില്ല എന്നിരിക്കെ, എല്ലാ തലമുറകള്‍ക്കും അഭിനയ കലയുടെ പാഠപുസ്തകമായി നിലക്കൊള്ളുന്ന ദിലീപ് കുമാര്‍ എന്ന പ്രതീകത്തെയും യൂസുഫ് ഖാന്‍ എന്ന അഭിവന്ദ്യ വ്യക്തിത്വത്തെയും സമഗ്രമായി അവതരിപ്പിക്കുന്ന ഇങ്ങനെയൊരു ഗ്രന്ഥത്തിന് ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും സാമാന്യ വായനക്കാര്‍ക്കും ഒരു പോലെ പ്രസക്തിയുണ്ട്.

 

(ദൃശ്യതാളം ഫെബ്രുവരി 2018)