കാവ്യ വഴികള്‍
ഇങ്ങനെയും.
I
ബാല്യവും
കൗമാരവുമൊക്കെ കൊതിപ്പിക്കാത്ത
കവിതയില്ല.
നിറവിലും കുതൂഹലങ്ങളിലും
അത് അടയാളപ്പെടുത്താന്‍
ശ്രമിക്കാത്ത കവികളില്ല.
എങ്കിലും എപ്പോഴും അതൊരു
പിടി തരാത്ത കുറുമ്പനായി
മാറി നില്‍ക്കുകയും ചെയ്യും.
കയ്യെത്തിപ്പിടിച്ചു
എന്ന് ഗര്‍വിക്കുമ്പോഴും
മാറി നിന്ന് അരുമയായ ഒരു
കുസൃതിക്കാരനെ പോലെ കൈ കൊട്ടി
ചിരിച്ച്, അഥവാ
തൃപ്തനാവാത്ത കൊതിയനെ പോലെ
കലമ്പി നിന്ന്,
അല്ലെങ്കില്‍ വിശപ്പിന്റെ
പേമാരിയില്‍ കുടയില്ലാത്ത
കണ്ണും വയറുമായി,
അതുമല്ലെങ്കില്‍ ശിശു
പീഡകന്റെ ചോരക്കണ്ണ് ഭയന്നു
ചൂളി നില്‍ക്കുന്ന കുഞ്ഞുടലായി,
…... ഇതൊക്കെയായിരിക്കുമ്പോഴും
ഇടക്കെപ്പോഴോ അമ്മിഞ്ഞക്കിനാവാകുന്ന
നൈര്‍മ്മല്യമായി.
എഴുതാന്‍ ശ്രമിക്കുന്ന
ഏതൊരാളെയും പോലെ ഞാനും പലപ്പോഴും
തിരിച്ചു പോയിട്ടുണ്ട്
എന്റെയും ഗതകാലത്തിന്റെ
തുറസ്സുകളിലേക്കും
ദൈന്യങ്ങളിലേക്കുമൊക്കെ;
അവിടെ കണ്ടതൊക്കെയും
അടയാളപ്പെടുത്താന്‍ വേണ്ട
ആയുസ്സും പ്രതിഭയുമില്ലെന്നറിഞ്ഞു
കൊണ്ട് തന്നെ.
ശ്രമിക്കാതിരിക്കനാവില്ല:
അത് നിങ്ങളുടെ ഉടമ്പടിയാണ്-
ഈ ജന്മവുമായി,
അക്ഷരങ്ങളുമായി പ്രണയത്തിലായ
മനസ്സുമായി.
ഇനിയും മുന്നോട്ടു പോയാലോ,
നിങ്ങളുടെ ജീവിതത്തില്‍
ചായക്കൂട്ടുകള്‍ക്ക് തീവ്രത
കൂടും. സ്വപ്നങ്ങളുടെ
വര്‍ണ്ണ രാജികള്‍ മാത്രമാവണമെന്നില്ല
അത്. ചെറുപ്പമാവുക
എന്നാല്‍ ഒരു പ്രണയമുണ്ടാവുക
എന്ന് മാത്രമാണെന്ന് കരുതുന്ന
അല്‍പ്പ പ്രാണികളോട് ഒരു
കാലത്തും അത്ര പ്രിയം
തോന്നിയിട്ടില്ലത്തത്
കൊണ്ടായിരിക്കാം,
നാളിതു വരെയും ഒരു മില്‍സ്
ആന്റ് ബൂണ്‍സ് വായനാ സുഖം
അനുഭവിക്കാനായിട്ടില്ല.
പ്രണയവും രതിയുമൊക്കെ,
ഒരു ഭാഗം തന്നെ.
പക്ഷെ നീയന്നു കണ്ട ഹരിത
സ്വപ്നങ്ങളോ?
അകലങ്ങളിലെ കുരുതികളില്‍
നിന്റെ ഹൃദയം ചോര വാര്‍ന്നതോ?
നിന്റെ തലമുറയുടെ പ്രതീക്ഷകളോട്
നീ ചേര്‍ത്തു വെച്ച തീവ്ര
സമര്‍പ്പണങ്ങളോ?
ഈ നിറവുകള്‍
കൂടിയില്ലെങ്കില്‍ പിന്നെന്തു
യൗവ്വനം!
പിന്നെന്തിനു യൗവ്വനം!
നീയതില്‍ വിജയിച്ചുവോ
എന്നതും അഥവാ എന്താണ് വിജയം
എന്നതുമൊക്കെ കാലം മാത്രം
മറുപടി പറയേണ്ട ചോദ്യങ്ങള്‍.
ആ കടലിലേക്ക് തന്നെയല്ലേ
യാത്രയും? അത്
കൊണ്ടാവണം എല്ലാ പനിയുമടങ്ങി
നീയൊരു ഭാരരഹിതനാവാന്‍
കൊതിക്കുന്നത്.
ഏറ്റവും ഭാരമുള്ള ജീവിതം
അന്യനു വേണ്ടിയുള്ളതാണെന്ന്
നീതി ശാസ്ത്രം;
ഏറ്റവും ഭാരമുള്ള മരണവും.
അതൊക്കെ വലിയ,
വലിയ ജീവിതങ്ങല്‍ക്കുള്ളത്.
നിന്നെ പോലെ കിനാവിന്റെ
വഴികളില്‍ മാത്രം സമര്‍പ്പണങ്ങളുടെ
കഥ പറയാനുള്ളവര്‍ക്ക് ഇത്ര
മാത്രം: പ്രശാന്തമായ
ആ കടലിലേക്ക് മാത്രം തിരകളടങ്ങിയ
ഒരാലിംഗനമുണ്ടാവണം.
അത്രയുമായാല്‍ ഭാഗ്യം.
മുഴു
നീള കവിതകളുടെ മുഴുപ്പിലും
ഗരിമയിലുമൊക്കെ മറ്റു പലരെയും
പോലെ ഞാനും ഇതൊക്കെ പറയാന്‍
ശ്രമിച്ചിട്ടുണ്ട്.
കവിതയെ ഗൗരവപൂര്‍വ്വം
സമീപിക്കുന്ന എതൊരാള്‍ക്കുമെന്ന
പോലെ എപ്പോഴും ഒരു പൂര്‍ണ്ണതയില്ലായ്മ
അനുഭവിച്ചിട്ടുമുണ്ട്.
അലച്ചിലിന്റെ സൂഫി വഴികള്‍
എനിക്കും പ്രിയപ്പെട്ടത്
തന്നെയല്ലോ.
അതേ തീവ്രതയിലും ധ്യാനത്തിലും
തന്നെയാണ് ഒരിക്കല്‍,
എതോരാള്‍ക്കുമുണ്ടായേക്കവുന്നത്
പോലെ ഈ മൂന്നു വരിയിലേക്ക്
ഒരു തുറന്നു വെച്ച അത്തറു
കുപ്പി പോലെ എനിക്കുമൊരു
വെളിപാടുണ്ടായത്:
"അരുവിയായ്
ചിണുങ്ങണം
നദിയായ്
നിറയണം
കടലായൊടുങ്ങണം"
II
പ്രണയത്തിലാവുക
എന്നത് ഒരു ജന്മാന്തര പുണ്യമാണ്;
മോഹവും.
ഉണ്ണിപ്പിണ്ടി നട്ടെല്ലികള്‍ക്കുള്ള
കീച്ചിക്കിന്നാരമാണ് പ്രണയം
എന്ന് പണ്ട് മരങ്ങളൊക്കെ
ഉണ്ടായിരുന്ന കാലത്ത്
സിനിമാക്കാര്‍ കണ്ടു പിടിച്ച
സൂത്രവാക്യമാണ്.
ജീവനോളം പഴക്കമുള്ള ചോദനയെ,
സീമകളില്ലാത്ത ആകാശങ്ങളിലേക്ക്
മനസ്സിന്റെ ചിറകുകളെ
കുതിപ്പിക്കുന്ന മാന്ത്രിക
സ്പര്‍ശത്തെ അറിയുക,
അനുഭവിക്കുക എന്നത് തന്നെയാണ്
ജീവിതത്തിന്റെ സ്വര്‍ഗ്ഗാരോഹണവും.
അത് കൊണ്ടാണ് പ്രണയികള്‍
ഏതു സാഹസത്തിനും തയ്യാറാവുന്നത്.
വെളിച്ചത്തിന്
എന്തൊരു വെളിച്ചമാണപ്പോള്‍!
ജീവന്റെ ഓരോ കണികയിലും
അത് തുടിച്ചു നില്‍ക്കുന്ന
അവസ്ഥയില്‍ പിന്നെന്ത്
അതിരുകള്‍!
ഭയങ്ങള്‍!
പ്രണയം കൂട് കൂട്ടുക
അപൂര്‍ണ്ണതകളുടെ ഇട്ടാവട്ടത്തിലല്ല,
അതിരുകല്‍ക്കപ്പുറത്തെ
സ്വാതന്ത്ര്യത്തിന്റെ
മഹാകാശത്തിലാണ്.
അപ്പോള്‍ നിങ്ങള്‍ക്ക്
നിങ്ങളുടെ മസ്സിലെ നിറങ്ങളൊക്കെയും
ഒപ്പിയെടുക്കാന്‍ ഒരു മഴവില്ല്
വേണമെന്ന് തോന്നുന്നു;
അത് കൈനീട്ടിയെടുക്കല്‍
അനായാസമെന്നും.
പ്രണയം ഭൂമിയെയും
ആകാശത്തെയും ഒന്നിപ്പിക്കുന്നു,
മഴവില്ലിനെ നിങ്ങളുടെ
കൈപ്പിടിയിലേക്ക് ഇറക്കിക്കൊണ്ടു
വരുന്നു:
“ഒരു
മഴവില്ല് വേണം,
ഒന്ന്
കൈനീട്ടിത്തൊടാന്‍-
പ്രണയത്തിലാണ്"
III
കഴിഞ്ഞൊരു
ദിവസം രാവിലെ ഉണ്ടായ ഒരനുഭവമാണ്.
വീട്ടില്‍ നിന്ന്
റയില്‍ വഴി ഒരു ഒന്നര ഫര്‍ലോങ്ങോളം
നടന്നാല്‍ ബസ് സ്റ്റോപ്പിലെത്താം.
പോകുന്ന വഴി റെയില്‍വേ
കട്ടിംഗ് ഉണ്ട്,
ഇരു വശവും ഉയര്‍ന്നു
നിബിഡമായി നില്‍ക്കുന്ന നല്ല
തണുപ്പുള്ള ഇടം.
നടന്നു പോകുമ്പോള്‍
കുറച്ചു മുന്നില്‍ നിന്നേ
കണ്ടു, ഒരു
ബാലന്‍.
മദ്രസ്സയില്‍
പോകുന്ന വേഷമാണ്.
എന്തോ സൂക്ഷിച്ചു
നോക്കി ഒരേ നില്‍പ്പാണ്.
അടുത്തെത്തിയപോഴാണ്
ശ്രദ്ധിച്ചത്.
മുന്നില്‍ ഒരണ്ണാന്‍
കുഞ്ഞ്.
കാഴ്ചക്ക്
പരുക്കൊന്നുമില്ല,
മൂക്കിന്റെ ഭാഗത്ത്
ഒരു ചെറു തുള്ളി ചോര.
സഹിക്കാന്‍ കഴിയാതെ
പറഞ്ഞു പോയി:
മോനെ,
പടച്ചോന്‍ പൊറുക്കുമോടാ,
ഇത്?
പിന്നെയാണ് അവന്റെ
മുഖം ശ്രദ്ധിച്ചത്.
വിങ്ങി നില്‍ക്കുകയാണ്.
ഒരു വാക്ക് കൂടി
പറഞ്ഞാല്‍ പൊട്ടിച്ചിതറും.
അബദ്ധം പറ്റിയതാണെന്ന്
വ്യക്തം.
ആരാണ്
പ്രതി?
നിസ്സഹായരായ
നിരാധാരര്‍ എന്ത് കൊണ്ട്
ഇരയാവുന്നു?
അങ്ങനെയൊക്കെ
ചോദിയ്ക്കാന്‍ നീയാര്?
വിധി പറയാന്‍ നീയാര്?
ക്രൌന്‍ച മിഥുനങ്ങളുടെ
വേദനയില്‍ ഉള്ളുരുകിയ ആദി
കവി എന്റെ മുന്നില്‍:
ഒരു കൊച്ചു ബാലനായി.
അവന്റെ വേദനയും
അത് തന്നെ.
അവനും അത്രയേ
കരുതിയിരുന്നുള്ളൂ,
പഴുത്തു പാകമായി
നില്‍ക്കുന്ന ഒരു മാമ്പഴം.
“കവണയുമായൊരു
കുസൃതി,
ചലനമാറ്റൊരണ്ണാന്‍
മാഞ്ചോട്ടില്‍
നിഷാദ പര്‍വ്വം"
IV
ഈ
കുറിപ്പ് ഒരു കടം വീട്ടലാണ്:
ഇന്നലെ ഞാനിട്ട
ഒരു പോസ്റ്റ് ചില നല്ല
സുഹൃത്തുക്കള്‍ക്ക് വിഷമമുണ്ടാക്കി
എന്നറിയുന്നതിന്റെ കടം.
ഇത്രയേ ഇത് കൊണ്ട്
ഉദ്ദേശിക്കുന്നുള്ളൂ :
ഇപ്പോള്‍ ആരൊക്കെയോ
എന്തൊക്കെയോ ആക്കിമാറ്റിയിട്ടുള്ള
ആ മൂവരി രൂപി മറ്റേതൊരു രചനാ
രൂപവും പോലെ കാവ്യാനുഭവവും
ധ്യാനവും ആവശ്യപ്പെടുന്നുവെന്നും
രചനാരീതിയില്‍ മറ്റുള്ളവയെക്കാള്‍
കൂടുതല്‍ തീക്ഷ്ണമായ സര്‍ഗ്ഗപരമായ
അച്ചടക്കം അതിനു അനിവാര്യമാണെന്നും
സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍
ഒന്ന് നിങ്ങളോട് പറയുക.
ഇന്നലത്തെ പോസ്റ്റിനു
പിറകില്‍ ദേഷ്യമല്ല വേദനയായിരുന്നു
എന്ന് നിങ്ങളെ അറിയിക്കുക.
ഇനി ഈ വിഷയത്തിലേക്കില്ല
എന്ന് തീരുമാനിച്ചിട്ടും
പിന്നെയും ഇങ്ങനെ കുറിക്കുന്നതും
ഈ കടം വീട്ടലിന്റെ ഭാഗം മാത്രം.
വീണ്ടും പറയട്ടെ,
ഇത് ഒന്നിന്‍റെയും
ലക്ഷണമൊത്ത മാതൃകയല്ല എന്ന്
തിരിച്ചറിയുന്ന ആദ്യത്തെയാള്‍
ഞാന്‍ തന്നെയാണ്.