Featured Post

Thursday, February 5, 2015

The Half Mother by Shahnaz Bashir

കരള്‍ പിടയും കാലത്തെ മാതൃ വ്യഥകള്‍
യുവ കാശ്മീര്‍ എഴുത്തുകാരനായ ഷഹനാസ്‌ ബഷീറിന്റെ പ്രഥമ നോവലാണ് 'അര്‍ദ്ധ മാതാവ്' (The Half Mother). നോവലിന്റെ പ്രമേയത്തെ കുറിച്ചും തലക്കെട്ടിനെ കുറിച്ചും കാശ്മീര്‍ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ മീഡിയ സ്റ്റഡീസ് അധ്യാപകനായ നോവലിസ്റ്റ് ഒരഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി : “അത് ഹലീമയെ കുറിച്ചാണ്: ഇന്നലെ ഒരു മകളും ഒരമ്മയും, ഇന്ന് ഒരര്‍ദ്ധ മാതാവും ഒരനാഥയും. തന്റെ മകന്‍ ഇമ്രാന്‍ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചു പോയോ എന്നറിയാതെ നീറുന്നവള്‍ , സ്വന്തം ഏകാന്ത ജീവിതത്തില്‍ അന്തരാ തകര്‍ന്നു പോയവള്‍. അവള്‍ ഒരുത്തരം തേടി പൊരുതവേ, പീഡന ക്യാമ്പുകളിലും ജയിലുകളിലും മോര്‍ച്ചറികളിലും തേടിയലയവേ, കാശ്മീര്‍ ഒരു യുദ്ധത്തില്‍ വെന്തുരുകുന്നു.
"സൈന്യത്തിന്റെയും പോലീസിന്റെയും ക്യാമ്പുകളില്‍ അപ്രത്യക്ഷരാകുന്ന ഭര്‍ത്താക്കന്മാരെ തേടുന്ന കാശ്മീരി സ്ത്രീകളെ അര്‍ദ്ധ വിധവകള്‍ (half widows) എന്നാണു വിളിക്കുക. അത് പോലെ, കസ്റ്റഡിയില്‍ അപ്രത്യക്ഷരാകുന്ന മക്കളുള്ള സ്ത്രീകളെ അര്‍ദ്ധ മാതാക്കള്‍ എന്ന് എന്തു കൊണ്ട് വിളിക്കാമെന്നു ഹലീമയുടെ കഥ സാക്ഷ്യപ്പെടുത്തുന്നു.”


നോവലില്‍ നിന്ന്:

ആദ്യമൊക്കെ കത്തി കയ്യിലെടുക്കുമ്പോള്‍ എന്റെ കൈ വിറക്കുകയും സ്ഥാനം തെറ്റുകയും ചെയ്യുമായിരുന്നു. മരിച്ചയാളുടെ തൊലിയില്‍ തൊടുമ്പോഴേക്കും ഞാന്‍ വിറച്ചു പോവും. ഇപ്പോള്‍ എനിക്കത് മൃഗത്തോല്‍ പോലെയാണ്. ജഹാംഗീര്‍ ചൌക്കില്‍ നിന്ന് ഞാന്‍ പഴംവാങ്ങി ച്ചെല്ലുമ്പോള്‍ എന്റെ ഇളയ മകള്‍ പറയും എന്നെയും എന്റെ കൈകളെയും മരണം മണക്കുന്നെന്നു.
“1989 വരെ അതൊന്നും എനിക്ക് പ്രശ്നമായിരുന്നില്ല. ആ വര്‍ഷം എനിക്കെന്റെ ഉറക്കം നഷ്ടപ്പെട്ടു. കുറഞ്ഞൊന്നു ഉറങ്ങിയപ്പോഴാവട്ടെ, അത് പേടിസ്വപ്നങ്ങളില്‍ മുങ്ങിപ്പോയി. മോര്‍ച്ചറിയില്‍ കിടന്ന പ്രേതങ്ങള്‍ എല്ലായിടത്തും കാണായി. അവ ക്ഷണിക്കാതെ കടന്നുവന്ന് എന്റെ സ്വപ്നങ്ങളെ ആവേശിച്ചു.” - ഖിസീര്‍ 'പോസ്റ്റ് മോര്‍ട്ടം' -


ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകം. 'ഭീകര വിരുദ്ധ യുദ്ധം' കാശ്മീരില്‍ അതിന്റെ ആദ്യ ഇരകളെ സൃഷ്ടിച്ചു തുടങ്ങുന്നു. മൂന്നു മാസത്തെ മാത്രം ദാമ്പത്യത്തിന് ശേഷം ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ മനം മടുത്തു പിരിഞ്ഞു ജീവിക്കുന്ന ഹലീമയെന്ന യുവ മാതാവ്. എട്ടാം വയസ്സില്‍ ഉമ്മ നഷ്ടപ്പെട്ടതാണ് ഹലീമക്ക്. പിതാവ്‌ ഗുലാം റസൂല്‍ ജാ എന്ന ആബ്‌ ജാന്‍ ഭീകര വിരുദ്ധ വേട്ടയുടെ പേരില്‍ അഴിഞ്ഞാടുന്ന മേജര്‍ അമന്‍ ലാല്‍ കുഷ് വാഹയുടെ ധാര്‍ഷ്ട്യത്തിനിരയായി 'ഭീകര വേട്ട'യുടെ ആദ്യ നാളിലേ അകാരണമായി വെടിയേറ്റ്‌ മരിക്കുന്നു. ജീവിതം ഇമ്രാന്‍ എന്ന പതിനാലുകാരന്‍ മകനിലേക്ക് ചുരുങ്ങുമ്പോഴാണ് ദുരൂഹമായ സാഹചര്യങ്ങളില്‍ ഒരു രാത്രി വീട്ടില്‍ ഇരച്ചെത്തുന്ന സൈന്യം ഇമ്രാനെ പിടിച്ചു കൊണ്ട് പോവുന്നത്. ഇതോടെ ഹലീമയുടെ ജീവിതം അനന്തമായ യാതനകളുടെ അന്വേഷണപര്‍വ്വമായിത്തീരുന്നു.. താഴ്വരയിലെ പില്‍ക്കാല ചരിത്രത്തിന്റെ ഭാഗമായ അന്വേഷണ വിധേയമായി കസ്റ്റഡിലെടുക്കപ്പെടുന്ന യുവാക്കളുടെ തിരോധാനമെന്ന തമോഗര്‍ത്തത്തില്‍ ഒടുങ്ങിപ്പോവുമോ ഇമ്രാന്‍? സൈന്യം ഭീകരനെന്നോ തീവ്ര വാദിയെന്നോ മുദ്ര കുത്തിയ മറ്റൊരു ചെറുപ്പക്കാരന്റെ പേരും ഇമ്രാന്‍ എന്നതായിരുന്നു എന്നതാണോ ആ കൗമാരക്കാരന്റെ കുറ്റം? 'ഉമ്മയെന്തേ എന്നെ തേടി വന്നില്ലെ'ന്ന കുഞ്ഞു മകന്റെ സ്വപ്ന പ്രത്യക്ഷത്തിന്റെ വിങ്ങലില്‍ അവളൊരു അന്വേഷണം തുടങ്ങുന്നു. ജയിലില്‍ നിന്ന് ജയിലിലൂടെ, മിക്കവാറും അപ്രാപ്യമായ സൈനിക കേന്ദ്രങ്ങളിലൂടെ, പാപാ - 2 പോലുള്ള പീഡന ക്യാമ്പുകളിലൂടെ, മോര്‍ച്ചറികളിലൂടെ മകനെത്തേടിയലയുന്ന ഹലീമ ഒരു പ്രതീകമാണ്: കാശ്മീര്‍ മാതൃത്വത്തിന്റെ നിസ്സഹായതയ അവസാനമില്ലാത്ത അലച്ചിലിന്റെ, , ഉത്തരമേതുമില്ലാത്ത ചോദ്യങ്ങളുടെ, സൈനിക ജാഗ്രതയുടെ പേരില്‍ അരങ്ങേറുന്ന അസംബന്ധങ്ങളുടെ ഇരയായി തെരുവിലെറിയപ്പെടുന്ന ശരാശരി കുടുംബ ജീവിതങ്ങളുടെ . കൂട്ടും കൂട്ടരും അധികമൊന്നുമില്ലെങ്കിലും വിജയ പ്രതീക്ഷ ഒട്ടുമില്ലെങ്കിലും തോറ്റു പിന്‍ വാങ്ങുന്നതിനു പകരം മറ്റൊന്നാണ് ഹലീമ കണ്ടെത്തുന്ന മാര്‍ഗ്ഗം. സമാന ജീവിതാനുഭവങ്ങളുള്ള നിസ്സഹായര്‍ക്കു ഒരു പ്രചോദനമെന്നോണം അവള്‍ തുറക്കാന്‍ പ്രയാസമുള്ള വാതിലുകളില്‍ മുട്ടാന്‍ തുടങ്ങുന്നു. ഒരു പ്രശ്നത്തിനും പരിഹാരം നിര്‍ദ്ദേശിക്കാനാവില്ലെങ്കിലും യുവ ബി. ബി. സി. റിപ്പോര്‍ട്ടര്‍ ഇസ്ഹാറിനെ പോലെ, പതിനായിരത്തിലേറെ പോസ്റ്റ്മോര്‍ട്ടങ്ങള്‍ നടത്തേണ്ടി വന്ന, ഒരു നാള്‍ സ്വന്തം പോസ്റ്റ് മോര്‍ട്ടം നടത്തുന്നത് സ്വപ്നം കണ്ടു ഞെട്ടിവിയര്‍ത്തുണരുന്ന മോര്‍ച്ചറി അസിസ്റ്റന്റ് 'പോസ്റ്റ്‌ മോര്‍ട്ടം' ഖിസീറിനെ പോലെ, തങ്ങളില്‍ നിന്ന് നീതി പ്രതീക്ഷിക്കരുതെന്നും ഭരണകൂടത്തിന്റെ ഭാഗമെന്ന നിലയില്‍ പല്ലില്ലാത്ത കടുവയാണ് തങ്ങളെന്നും നിസ്സഹായത വെളിപ്പെടുത്തുന്ന സ്റ്റേറ്റ്‌ ഹ്യൂമന്‍ റൈറ്റ്സ്‌ കമ്മിഷന്‍ ഉള്‍പ്പടെ സത്യ സന്ധതയുടെ സഹാനുഭൂതിയോടെ പ്രതികരിക്കുന്ന സഹ ജീവികള്‍ പലയിടത്തുമുണ്ടെന്നും അവള്‍ മനസ്സിലാക്കുന്നു . ഇതിനു നേര്‍ വിപരീതമായി സൈനിക വാര്‍ത്താ വിശദീകരണ വിഭാഗം വെച്ച് വിളമ്പുന്ന അര്‍ദ്ധ സത്യങ്ങളില്‍ അഭിരമിക്കാനും അവിടെ തയ്യാറാക്കുന്ന തീന്‍ മേശയിലെ ചൂട് വിഭവങ്ങളിലേക്ക് ആര്‍ത്തിപിടിച്ച കൊടിച്ചിപ്പട്ടികളെ പോലെ ആര്‍ത്തലക്കാനും കാത്തിരിക്കുന്ന ജേര്‍ണലിസ്റ്റ് പരാന്ന ഭോജികളെകുറിച്ചു ഒരു ഘട്ടത്തില്‍ ഇസ്ഹാറും വിവരിക്കുന്നുണ്ട്. ജേണലിസം ഒരു കാലത്ത് ചെറുത്തു നില്‍പ്പിന്റെ മറുപേരായിരുന്നെന്നു അയാള്‍ ഓര്‍ക്കുന്നുണ്ട്. കീഴടങ്ങിയ ഭീകരര്‍ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്ന മുഖം മറച്ച ചെറുപ്പക്കാരുടെ നിര 'എംബെഡെഡ്' ജേണലിസത്തിന്റെ പ്രാഗ് രൂപികളായ പരാന്ന ഭോജികള്‍ക്ക് ധാരാളം മതിയാവുമെങ്കിലും ഇസ്ഹാര്‍ തിരിച്ചറിയുന്നുണ്ട്: : ഒരു തരം ഭീകരവാദവും കടന്നു ചെന്നിട്ടില്ലാത്ത തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ളവരാണ് അവരെന്നു അവരുടെ സംസാര ശൈലി അസന്ദിഗ്ധമായി തെളിയിക്കുന്നു. താഴ്വരയില്‍ കൂണുകളെ പോലെ മുളച്ചു പൊന്തിയ എന്‍. ജി. . മാരിലും കള്ളനാണയങ്ങളുടെ അതിപ്രസരമുണ്ടെന്നും ഗാന്ധിജിയുടെ ചിത്രവും കാരുണ്യത്തെ കുറിച്ചുള്ള ഖുര്‍ ആന്‍ സൂക്തങ്ങളും അലങ്കരിക്കുന്ന പോലീസ്‌ സ്റ്റേഷനും എന്‍കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് കാര്യാലയവും കാശ്മീര്‍ യാഥാര്‍ത്ഥ്യത്തിന്റെ കാലിക വൈരുധ്യം സാക്ഷ്യപ്പെടുത്തുന്നുവെന്നും ഇസ്ഹാര്‍ നിരീക്ഷിക്കുന്നു..

കാണാതായവര്‍ മരിച്ചു പോയെന്ന്‍ അധികൃതമായി സാക്ഷ്യപ്പെടുത്തുന്നത് വരെ അവരെ അങ്ങനെ നിയമപരമായി കണക്കാക്കാനാവില്ലെന്നും, ആ ഘട്ടം വരെയും ആശ്രിതരുടെ 'സ്റ്റാറ്റസ്‌' അര്‍ദ്ധ ഭാര്യ, അര്‍ദ്ധ വിധവ എന്നൊക്കെ വേണം രേഖപ്പെടുത്താനെന്നും ഹലീമയുടെ നേതൃത്വത്തില്‍ രൂപം കൊടുക്കുന്ന 'കാണാതായവരുടെ ബന്ധുക്കളുടെ അസോസിയേഷന്‍' രജിസ്ടര്‍ ചെയാനുള്ള രേഖ തയ്യാറാക്കുന്ന അഭിഭാഷകന്‍ ഫാറൂഖ്‌ വിശദീകരിക്കുമ്പോള്‍ മുറിവേറ്റ മനസ്സോടെ ഹലീമ സ്വയം നിര്‍വ്വചിക്കുന്നു: അര്‍ദ്ധ മാതാവ്‌. നിങ്ങള്‍ കാണാതായവരുടെ പേരില്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നു. എന്നാല്‍ 'അവരില്‍ പലരും ഇനിയൊരിക്കലും തിരിച്ചു വരാതിരിക്കാനായി അതിര്‍ത്തി കടന്നു പോയിരിക്കുന്നുവെന്നു ഞാന്‍ പറഞ്ഞാല്‍? അവരെ നമ്മള്‍ എങ്ങനെ തിരിച്ചു കൊണ്ട് വരും? എങ്ങനെയാണ് സ്റ്റേറ്റ്‌ അതിനു ഉത്തരവാദി ആവുക?' എന്ന് ചോദിക്കുന്ന മന്ത്രിയോട് ഹലീമ വ്യക്തമാക്കുന്നുണ്ട്: “ജനാബ്, ഞങ്ങളുടെ പ്രിയപ്പെട്ടവരെ ഞങ്ങള്‍ക്ക് മുന്നില്‍ വെച്ചാണ്‌ പിടിച്ചു കൊണ്ട് പോയത്‌. അവര്‍ അതാണ്‌ ചെയ്തിരുന്നതെങ്കില്‍, അഥവാ അതിര്‍ത്തി കടന്നു പോയിരുന്നെങ്കില്‍, ബന്ധുക്കളാരും - അച്ഛനോ അമ്മയോ, ഭാര്യയോ, മറ്റാരുമോ - മീഡിയക്ക് മുന്നിലേക്കോ, കോടതിയിലേക്കോ പോലിസിലേക്കോ, സൈനിക ക്യാമ്പിലേക്കോ, ജയിലുകളിലേക്കോ, മോര്‍ച്ചറികളിലേക്കോ അവരെ തേടി വരുമായിരുന്നില്ല. അതായിരുന്നു കാര്യമെങ്കില്‍ ഞങ്ങളിലാരും ഭ്രാന്തരായി പ്പോവുമായിരുന്നില്ല. താങ്കള്‍ക്കു കാണാം, ഞങ്ങള്‍ യാചകരായിപ്പോയിരിക്കുന്നു, ഞങ്ങളുടെ കണ്‍ മുന്നില്‍ വെച്ച് സൈന്യം അവരെ കൊന്നു കളഞ്ഞിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ നിശ്ശബ്ദരായി അടങ്ങിക്കഴിയുമായിരുന്നു, ഒരു പ്രതീക്ഷയും മോഹവുമില്ലാതെ, നിരാശയില്ലാതെ . പക്ഷെ ഈ ആഗ്രഹം വേദനയാണ്. അന്തമില്ലാത്ത പീഡനം. ഒരു നിമിഷം പോലും ഇളവില്ലാത്തത്. അത് ഓരോ ദിവസവും ഞങ്ങളെ കൊന്നു കളയുന്നു, പിന്നീട് ഓരോ പ്രഭാതത്തിലും വീണ്ടും കൊന്നു കളയാനായി ഉയിര്‍പ്പിക്കുന്നു. ഞങ്ങളെ മനസ്സിലാക്കണം" സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പെട്ട് കുടുംബത്തില്‍ നിന്നകന്നു തനിച്ചു തന്നെയാണ് താനും കഴിയുന്നതെന്നും ഒരേ അനുഭവം പങ്കു വെക്കുന്നവരാണ് നമ്മള്‍ ഇരു കൂട്ടരുമെന്നും മന്ത്രി പ്രതികരിക്കുന്നു.

സുദീര്‍ഘമായ നടപടിക്രമങ്ങള്‍ക്കൊടുവില്‍ 1999-ല്‍ ജസ്റ്റിസ്‌ ആദില്‍ ഖാന്‍ ഹലീമയുടെ കേസ്‌ വിചാരണക്കെടുക്കുന്നു . അന്നു തനിക്ക്‌ നീതി ലഭിക്കുമെന്ന ആവേശമുണ്ട് അവള്‍ക്ക്. എന്നാല്‍ അഭിഭാഷകന്‍ ഫാറൂഖും കേണല്‍ അജിത്‌ കുമാറും തമ്മിലുള്ള സംവാദം 'പകരം വെപ്പിന്റെ' നിഷ് പ്രയോജകത വ്യക്തമാക്കുന്നു. സമാധാന(peace) ത്തിന് പകരമാവില്ല സൈനിക മേല്‍നോട്ടത്തില്‍ നടക്കുന്ന 'സമാധാന ശ്രമ പ്രക്രിയ' (pacification) എന്ന് ഫാറൂഖ്‌ വ്യക്തമാക്കുന്നു. ഹലീമ ഈ ഘട്ടത്തില്‍ മനസ്സിലോര്‍ക്കുന്നുണ്ട് , സമാധാനമെന്ന വാക്ക് താന്‍ പലവുരു കേട്ടിട്ടുണ്ടെന്ന് . 'ഓരോ തവണ അത് കേള്‍ക്കുമ്പോഴും മേഘാവൃതമായ ഒരു ദിനത്തില്‍ സൈനികര്‍ റോന്തു ചുറ്റുന്ന വിജനമായ ഒരു തെരുവിനെ അത് മനസ്സില്‍ കൊണ്ട് വന്നു.' കേണല്‍ മറ്റൊരു പകരം വെപ്പിനെ കുറിച്ച് സ്നേഹ പൂര്‍വ്വം ഹലീമയെ ഉപദേശിക്കുന്നു: അയാള്‍ 'നഷ്ടപരിഹാരത്തെ കുറിച്ചേയല്ല സംസാരിക്കുന്നത്. നിങ്ങളുടെ ശിഷ്ട കാല ജീവിതം സുരക്ഷിതമാക്കണം എന്നതാണ്.' രണ്ടു ലക്ഷം മതിയാവില്ലേ എന്നും പോരെങ്കില്‍ പറയാന്‍ മടിക്കരുതെന്നും അയാള്‍ ഉദാരനാവുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കൈവശമുള്ള പണം കൊണ്ട് ജീവിക്കാന്‍ കഴിയും വരെ തന്നെയും താനുണ്ടാവില്ലെന്നിരിക്കെ നിങ്ങളെന്നോട് പകരം വെപ്പിന്റെ നീതിയെ കുറിച്ച് പറയരുതെന്നു ഹലീമ അയാളെ അറിയിക്കുന്നു. നീതിയെ കുറിച്ചാണെങ്കില്‍ നിങ്ങളുടെ പിതാവിന്റെയും മകന്റെയും വിധിക്ക് നിങ്ങള്‍ പഴിക്കുന്ന മേജര്‍ കുഷ് വാഹ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അതിര്‍ത്തിയില്‍ വെടിയേറ്റ്‌ മരിച്ചു കഴിഞ്ഞെന്നു നിങ്ങള്‍ ഇനിയെങ്കിലും അറിയണമെന്ന് കേണല്‍ ഹലീമയോടു പറയുന്നു. ഇനി ആര്‍ക്കു ആരോട് എന്താണ് പറയാനുള്ളത്! അല്ലെങ്കില്‍ , സ്ഥൂലമായ വേഷങ്ങള്‍ ആരായിരുന്നെങ്കിലും സൂക്ഷ്മാര്‍ത്ഥത്തില്‍ വിധിയെഴുതപ്പെടുന്നതും പൌരനും സമൂഹവും ബലിയാവുന്നതും ഏതു ശാക്തിക ചലന നിയമങ്ങളിലാണ്?ആരോഗ്യവും യൗവ്വനവും ജീവിത മോഹവും പൊയ്പ്പോയ ഹലീമ ആശുപത്രി ക്കിടക്കയില്‍ മരണത്തിനു കീഴടങ്ങുമ്പോഴും കാതോര്‍ക്കുന്നു : 'ഇമ്രാന്‍, നീ വന്നോ?' എന്ന അവസാന മന്ത്രത്തോടെ കണ്ണടയുമ്പോഴും മറ്റൊരു സ്വപ്ന പ്രത്യക്ഷത്തിന്റെ നിര്‍വൃതി ഉണ്ടായിക്കാണുമോ അവള്‍ക്ക്? ഒരു മരണം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് താന്‍ ഹലീമയെ ആദ്യം കണ്ടത് - ആബ്‌ ജാനിന്റെ. ഇപ്പോള്‍ രണ്ടാം തലമുറയുടെ മരണം താന്‍ നേരില്‍ കാണുന്നു. മൂന്നാം തലമുറയാകട്ടെ, ഒരു ദശകത്തിലേറെയായി ഇപ്പോള്‍ 'കാണാതായിട്ട് ' എന്ന് ഇസ്ഹാര്‍ നിരീക്ഷിക്കുന്നു . എല്ലും തൊലിയും മാത്രമായ ഹലീമയുടെ ശവമഞ്ചം ചുമക്കുമ്പോള്‍ ഒരു വേള അത് ശൂന്യമാണ് എന്ന് അയാള്‍ ശങ്കിക്കുന്നു - എങ്ങുമെത്താതെ പോയ അവളുടെ അന്വേഷണം പോലെ, അഥവാ താഴ്വരയിലെ നീതി പൂര്‍വ്വമായ മരണം പോലും നിഷേധിക്കപ്പെട്ട സാധാരണ ജീവിതം പോലെ.

മഹാ പീഡന കാലങ്ങളില്‍ എഴുത്തിന്റെ മാര്‍ഗ്ഗം താരതമ്യേന അടഞ്ഞു കിടക്കുമെന്നതും ഇടവേളകളിലും മറ്റു ചരിത്ര ഘട്ടങ്ങളിലുമാണ് ആ കാലത്തിന്റെ അനുഭവങ്ങള്‍ രേഖപ്പെടുത്തപ്പെടുകയോ അഥവാ വെളിച്ചം കാണുകയോ ചെയ്യുക എന്നതും സാഹിത്യ ചരിത്രം ഏറെക്കുറെ തെളിയിച്ചിട്ടുണ്ട്.. ഇപ്പോള്‍ താഴ്വരയില്‍ നിന്ന് ശക്തമായ രചനാ സംഭാവനകള്‍ വന്നു തുടങ്ങിയെന്നു പുതിയ ശബ്ദങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു . ബഷാറത് പിയര്‍, മിര്‍സാ വഹീദ് തുടങ്ങിയ കാശ്മീരി എഴുത്തുകാരുടെ നിരയിലേക്ക് ശക്തമായ മറ്റൊരു സാന്നിധ്യമാണ് ഷഹനാസ് ബഷീര്‍.

(ദേശാഭിമാനി വാരിക 01-03-2015)

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 43-47)

To purchase, contact ph.no:  8086126024




Tuesday, February 3, 2015

ലെവിയാതന്‍ (2014)


റഷ്യന്‍ സംവിധായകനായ ആന്ദ്രേയ് സ്വിഗനിറ്റ്‌സേവ് ഒരുക്കിയ 'ലെവിയാതന്‍' (2014) ചലച്ചിത്ര പ്രേമികളെ ഏറെ ആകര്‍ഷിച്ച ചിത്രമാണ്. തന്റെ മുന്‍ ചിത്രങ്ങളായ 'ദി റിട്ടേണ്‍' , ' എലേന', 'ദി ബാനിഷ്‌മെന്‍റ്' എന്നിവ പോലെ തന്നെ ഏറെ ഗഹനമായ പ്രമേയം തന്നെയാണ് ഇത്തവണയും അദ്ദേഹത്തെ പ്രോചോദിപ്പിച്ചിരിക്കുന്നത്. മാര്‍വിന്‍ ഹീമെയര്‍ എന്ന യു. എസ്. പൗരന് തന്റെ അധീനതയിലുള്ള ഭൂമിയുടെ ക്രയ വിക്രയവുമായി ബന്ധപ്പെട്ടു അധികൃതരുമായുണ്ടായ ഏറ്റുമുട്ടലിന്റെയും അതിന്റെ ദുരന്തപൂര്‍ണ്ണമായ അന്ത്യത്തിന്റെയും കഥയാണ്‌ താന്‍ റഷ്യന്‍ പശ്ചാത്തലത്തിലേക്ക് പറിച്ചു നട്ടതെന്നു സ്വിഗനിറ്റ്‌സേവ് പറഞ്ഞിട്ടുണ്ടെങ്കിലും അതിലപ്പുറം, പഴയ നിയമത്തിലെ നബോത്തിന്റെയും അഹാബിന്റെയും കഥയാണ് കൂടുതല്‍ പ്രസക്തമായ പ്രചോദനം എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പഴയ നിയമത്തിലെ രാജാക്കന്മാര്‍ ഒന്നാം പുസ്തകത്തില്‍ പറയുന്ന നബോത്തിന്റെയും അഹാബിന്റെയും കഥ, അന്യന്റെ പുരയിടം ചതിച്ചു സ്വന്തമാക്കുന്നതിന്റെയും അതിനെ കാത്തിരിക്കുന്ന ദൈവ കോപത്തിന്റെയും ദൃഷ്ടാന്ത കഥ പറയുന്നുണ്ട്. നബോത്തിന്റെ മുന്തിരിത്തോപ്പ്‌ ഇസ്രയേല്‍ രാജാവായ ആഹാബിന്റെ ആര്‍ത്തിക്ക് നിമിത്തമാവുന്നു. അത് സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ പ്രജയുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട തിനു പകരം അയാളെ ചതിച്ചു കൊല്ലാന്‍ ആഹാബിന് വഴി പറഞ്ഞു കൊടുക്കുന്നതും ചരട് വലിക്കുന്നതും രാജ്ഞി ജെസെബേല്‍ ആണ്. അത് കൊണ്ട് തന്നെ ദൈവ കോപം അവളെയും വെറുതെ വിടുന്നില്ല.

വടക്കന്‍ റഷ്യയിലെ ബാരെന്‍റ്റാ കടലിന്‍റെ തുറമുഖ പട്ടണത്തില്‍ ഒരു ഓട്ടോ റിപ്പയര്‍ ഷോപ്പുമായി കഴിയുന്ന കോല്യായുടെ ജീവിതം തകിടം മറിയുന്നത് അഴിമതി വീരനായ മേയര്‍ വാദിം അയാളുടെ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലം കണ്ണ് വെക്കുന്നതോടെയാണ്. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ അയാളെ സഹായിക്കുന്നത് അയാളുടെ മുന്‍ സൈനിക സുഹൃത്തും ഇപ്പോള്‍ റഷ്യയില്‍ പേര് കേട്ട വക്കീലുമായ ദിമിത്രിയുമാണ്. എന്നാല്‍, സൌഹൃദമെന്നു കാണുന്നതൊക്കെയും അങ്ങനെ ആവണം എന്നില്ല. ദിമിത്രിയും കോല്യായുടെ ഭാര്യ ലിലിയയും സൌഹൃദത്തെ മറ്റൊന്നാക്കുകയാണ്. അത് നേരില്‍ കാണാന്‍ ഇടയാകുന്ന മകന്‍ അമ്മയെ വെറുക്കുന്നു. കോടതിയില്‍ തോറ്റു പോകുന്ന കോല്യയെ കാത്തു മറ്റു ദുരന്തങ്ങളും കൂടെയെത്തുന്നു. അറിഞ്ഞു കൊണ്ട് തന്റെ ഭര്‍ത്താവ് തനിക്ക് മാപ്പ് തരികയായിരുന്നു എന്ന കുറ്റബോധം ലിലിയയെ ആത്മഹത്യയില്‍ എത്തിക്കുന്നു. മേയറുടെ വിദഗ്ദമായ ചരട് വലി കോല്യയെ ഭാര്യാവധത്തിന്റെ പേരില്‍ പതിനഞ്ചു വര്‍ഷത്തേക്ക് ജയിലിലാക്കുന്നു. സഹായിക്കും എന്ന് കരുതിയിരുന്നവരെല്ലാം തന്നെ ഒറ്റിക്കൊടുക്കുന്നതില്‍ പങ്കാളികളായിരുന്നു എന്ന വേദന ഇയോബിന്റെ ദുഖമായി കോല്യായില്‍ നിറയുന്നു: ഇതിനൊക്കെ താന്‍ എന്ത് ചെയ്തു?. സംരക്ഷപ്പണം നേടിയെടുക്കാനായി അയാളെ ഒറ്റിക്കൊടുത്ത കൂട്ടുകാര്‍ തന്നെ മകന്റെ സംരക്ഷണം ഏറ്റെടുക്കുന്നു. ചിത്രാന്ത്യത്തില്‍ , കൊല്യായുടെ ഭൂമിയില്‍ നിര്‍മ്മിച്ച പള്ളിയില്‍ നിന്ന് പുരോഹിതന്‍ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രസക്തിയെ കുറിച്ചും ഏറ്റവും വലിയ പുണ്യ കര്‍മ്മങ്ങളെ കുറിച്ചും പ്രസംഗിക്കുന്നു.

മനുഷ്യ പ്രകൃതത്തിലെ ഇരുണ്ട വശങ്ങളെ കുറിച്ചും, സാമൂഹ്യ ബന്ധങ്ങളിലെയും നിയമപരമായ വ്യവഹാരങ്ങളിലെയും കാപട്യങ്ങളെ കുറിച്ചും ചിത്രം ചിന്തകള്‍ പങ്കു വെക്കുന്നുണ്ട്. പ്രകടന പരമായ സൗഹൃദവും കണ്ണടച്ച് വിശ്വസിക്കുന്നത്തിന്റെ പരാജയവും കോല്യയുടെ ജീവിതവും ദുരന്തവും സാക്ഷ്യപ്പെടുത്തുന്നു.

മികച്ച വിദേശ ഫിലിം വിഭാഗത്തില്‍ ഇത്തവത്തെ റഷ്യന്‍ ചിത്രം 'ലെവിയാതന്‍'' ആണ്. ഇക്കഴിഞ്ഞ ഇന്ത്യന്‍ അന്താരാഷ്‌ട്ര മേളയില്‍ ലഭിച്ച ഗോള്‍ഡന്‍ പീക്കോക്ക്‌ ഉള്‍പ്പടെ നിരവധി അന്താരാഷ്‌ട്ര ബഹുമതികള്‍ ഇതിനോടകം ലെവിയാതന്‍ സ്വന്തമാക്കിയിട്ടുണ്ട്