(ഒന്നരപ്പതിറ്റാണ്ട്
മുന്‍പ് ജിദ്ദയില്‍ വെച്ച്
പരിചയപ്പെട്ട, ഇപ്പോള്‍
പേരോര്‍മ്മയില്ലാത്ത രണ്ട്
ഫലസ്തീന്‍ ചെറുപ്പക്കാരെ
ഓര്‍ത്ത് കൊണ്ട്. അവധിക്കു
നാട്ടില്‍ പോകുന്നതിനെ
കുറിച്ച് വാചാലരാവുന്ന സഹ
പ്രവര്‍ത്തകര്‍ക്കിടയില്‍
മൂകരായിപ്പോയവര്‍. ഫലസ്തീന്‍
യാഥാര്ത്യങ്ങള്‍ പങ്കു
വെക്കുന്ന സമീര നയിം ഖൌരി
(Samira Naim Khoury), അവിടെ
ഇപ്പോഴും വര്‍ണ്ണ സ്വപ്നങ്ങളുണ്ടെന്നു
ഓര്‍മ്മിപ്പിക്കുന്ന ചിത്രകാരന്‍
ഫതെഹ് ഗാബിന്‍ (Artist Fateh Gabin)
എന്നീ ഫേസ് ബുക്ക്
സുഹൃത്തുക്കള്‍ക്ക്.
കാണാതാവുന്ന ആണ്‍
മക്കളെ തിരയുന്ന കാശ്മീരി
അമ്മമാരെ കുറിച്ച് ശ്രീ.
ഗോപാല്‍ മേനോന്‍ ചെയ്ത
പാപ-2 എന്ന ചിത്രവും,
തെലുങ്കാനയില്‍
നക്സലൈറ്റ് വേട്ടയുടെ പേരില്‍
അപ്രത്യക്ഷരാവുന്ന മക്കളെ
തിരക്കി സമര മുഖത്തെത്തിയ
അമ്മമാരെ കുറിച്ചുള്ള ഗദ്ദറിന്റെ
പരാമര്‍ശങ്ങളും കവിതയെ
പ്രചോദിപ്പിച്ചിട്ടുണ്ട്.
)
സുഹൃത്തെ ,
താങ്കള്‍ ചോദിക്കുന്നു:
കുരുതിക്കളത്തിലെ രക്തഗന്ധം
ചുഴന്നു നില്‍ക്കുന്ന ഈ മണ്ണില്‍
ഞങ്ങള്‍ക്കെങ്ങിനെയാണ്
പൂക്കളെക്കുറിച്ച് പറയാനാവുന്നതെന്ന്,
നിലാവിനെ , നക്ഷത്രങ്ങളെ
പ്രണയിക്കാനാവുന്നതെന്ന്,
അരുവിത്തടങ്ങളിലും
ശബളമായ താഴ്വരകളിലും
ഞങ്ങളുടെ വെള്ളക്കുതിരകളെ
മേയ്ക്കാനാകുന്നതെന്ന്‍,
പച്ചിലത്തഴപ്പുകള്‍ക്ക് ചുവടെ
ഞങ്ങളുടെ മുഗ്ധ യൌവനങ്ങള്‍
പ്രണയഭരിതമായ ഗാനശകലങ്ങള്‍ക്കായ്
കാതോര്‍ക്കുന്നത് എങ്ങിനെയെന്ന്,
നിങ്ങള്‍ക്ക് മനസ്സിലാവില്ല:
ബോംബര്‍ വിമാനങ്ങള്‍
ഞങ്ങളുടെ നീലാകാശത്തെ
എപ്പോഴാണ് കീറിമുറിക്കുകയെന്ന്,
പുല്‍ചാടിയോട് മത്സരിക്കുന്ന
ഞങ്ങളുടെ കുരുന്നു ബാല്യങ്ങള്‍
ഏതു നിമിഷത്തിലാണ്
ചിതറിത്തെറിക്കുകയെന്ന്,
ഞങ്ങളുടെ വിവാഹ ഘോഷത്തിലേക്ക്
മരണവണ്ടികള്‍ പാഞ്ഞ്കയറുന്നത് എപ്പോഴെന്ന്,
ഞങ്ങളുടെ ഊണ്‍മേശയിലെ കൂട്ടായ്മയിലേക്ക്
കവചിത വാഹനങ്ങളിലെ വെടിയുണ്ടകള്‍
എപ്പോഴാണ് മരണമഴ വര്‍ഷിക്കുകയെന്ന്,
ഊര്‍ജസ്വലരായ ഞങ്ങളുടെ തരുണന്മാര്‍
എങ്ങോട്ടാണ് അപ്രത്യക്ഷരാകുന്നതെന്ന്,
ഉന്മാദത്തിനും നിസ്സഹായതയ്ക്കും ഇടയില്‍
അവരെത്തേടി അലയുന്ന അമ്മമാര്‍
എങ്ങനെയാണു ശന്തരാവുകയെന്ന്‍,
സുഹൃത്തെ,
ഇവിടെ യുദ്ധമില്ല, ഉള്ളത് കുരുതികള്‍ മാത്രം.
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെപ്പോലും
അവര്‍ വെറുതെ വിടുന്നില്ല;
ഞങ്ങളുടെ അഭിവന്ദ്യ വാര്‍ദ്ധക്യങ്ങള്‍
അവരുടെ ബൂട്ടണിഞ്ഞ പാദങ്ങളില്‍
ഞെരിഞ്ഞമരുന്നുണ്ട്;
ഞങ്ങളുടെ മുത്തശ്ശിമാര്‍,
ശെഹ് രേസാദിന്റെ പിന്മുറക്കാര്‍
അവരുടെ സൈനികബലത്തില്‍
നിശബ്ദരാകുന്നുണ്ട് ;
താങ്കള്‍ ചോദിക്കുന്നു:
ഇത്രയൊക്കെയായിട്ടും
ഞങ്ങളെങ്ങനെയാണ് പാടുന്നതെന്ന്,
പ്രണയം പങ്കു വെക്കുന്നതെന്ന്,
സ്വപ്‌നങ്ങള്‍ നെയ്തു കൂടുന്നതെന്ന്,
ഇത്
ഭൂമിയോളം പഴക്കമുള്ള
ഞങ്ങളുടെ പാരമ്പര്യത്തിന്റെ
ചെറുത്തുനില്പിന്റെ രഹസ്യം .
ഞങ്ങളുടെ കവികള്‍
ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങളിലെ
നുരയുന്ന പാനപാത്രങ്ങളുടെ ഉപാസകരല്ല,
പാലായനത്തിന്റെ സന്ദിഗ്ദതകളിലാണ്
അവരുടെ കവിത ജനിക്കുന്നത്,
ഞങ്ങളുടെ പ്രണയം ശുഭാന്ത്യങ്ങളെ
സ്വപ്നം കാണുന്ന പളുങ്ക് കൊട്ടാരമല്ല;
മധുവിധു യാമങ്ങളുടെ സ്വകാര്യതയിലും
നാടിന്‍റെ വിളിയെ ഞങ്ങള്‍ക്ക് മറക്കാനാവില്ല.
നോക്കൂ, ഞങ്ങളുടെ താഴ്‌വരയില്‍ ഇപ്പോഴും
സുഗന്ധിപ്പൂക്കള്‍ വിരിയുന്നുണ്ട്,
ഹൃദയത്തിന്റെ നിറമുള്ള ആപ്പിളും
സ്വര്‍ണവര്‍ണമുള്ള ആപ്രിക്കോട്ടും
ഞങ്ങളുടെ തോട്ടങ്ങളില്‍ പാകമാവുന്നുണ്ട്
ഞങ്ങളുടെ അരുവികളിപ്പോഴും
സ്ഫടികജല സമ്പന്നമാണ്
മേച്ചില്‍ പുറങ്ങളുടെ സമൃദ്ധിയില്‍
ഞങ്ങളുടെ ചുണയന്‍ കുതിരകളും
ചേലാര്‍ന്ന ആട്ടിന്‍ പറ്റങ്ങളും
ഇപ്പോഴും സന്തുഷ്ടരാണ്
അവരുടെ കുഞ്ഞുങ്ങള്‍ ഒരു നാള്‍
അവരെ വിചാരണ ചെയ്യും,
ഞങ്ങളോടൊപ്പം പിറക്കേണ്ടിയിരുന്നവരെ
നിങ്ങളെന്തിനാണ് ഇല്ലാതാക്കിയതെന്ന്,
ഞങ്ങളുടെ സ്വപ്നങ്ങളിലേക്ക്
അവരുടെ അമ്മമാരുടെ ശാപം
എന്തിനാണ് കെട്ടഴിച്ചു വിട്ടതെന്ന്.
അന്ന് മുള്ളുവേലിക്കിരുപുറത്തുമുള്ള കുഞ്ഞുങ്ങള്‍
പരസ്പരം കവിളില്‍ മുത്തമിടും,
കൂടപ്പിറപ്പിനെ കണ്ടെത്തിയ ആഹ്ലാദത്തില്‍
കൈകോര്‍ത്തു പിടിച്ചു പുതിയ പാട്ടുകള്‍ പാടും
ഈ തെരുവുകളില്‍ ഒരുമിച്ചു നൃത്തം വെക്കും.
ഇരുപുറത്തുമുള്ള ആണ്‍കുഞ്ഞുങ്ങള്‍
മറുവശത്തെ പെണ്‍ കുഞ്ഞുങ്ങള്‍ക്ക് നേരെ
പ്രണയത്തിനായി കൈകള്‍ നീട്ടും.
അന്ന് അവര്‍ തിരിച്ചു വരും:
ഞങ്ങള്‍ക്കായി മരിച്ചവര്‍,
ഞങ്ങളുടെ ഞരമ്പുകളിലെ സ്വപ്നങ്ങളെ
പ്രചോദിപ്പിച്ചവര്‍.
( http://vettamonline.com/?p=8749)