Featured Post

Sunday, October 27, 2013

ഫോസ്സിലുകളില്‍ എഴുതപ്പെടുന്നത്


പ്രളയം തുടച്ചെടുത്ത
ജനപഥത്തിലൂടെ നടക്കുക.
ഒരാളെപ്പോഴും
ബാക്കി കാണുമെന്നുണ്ട്-
അങ്ങനെയാണ്
കഥകള്‍ ബാക്കിയാവുക.

ദുരിതാശ്വാസ കേന്ദ്രമാണത്:
സ്വപ്നങ്ങളുടെ ചാവേറിടം.
അലകടല്‍ രൗദ്രം ഭയന്ന്
തീരം വിട്ടു പോന്നവര്‍
ധ്യാനിച്ചിരിപ്പുണ്ട്
ശാന്തമാം തിരകളെ.
താവളം നഷ്ടപ്പെട്ടവരുടെ
അമാവാസിയിലേക്ക്
പേമാരിയുടെ രാവിനിപ്പുറം
തിരിച്ചു പിടിക്കുന്നു
ഒരൊറ്റ നക്ഷത്രം
ഒരാകാശത്തെ .
ഇമപൂട്ടുന്ന കുഞ്ഞിക്കണ്ണുകള്‍
നിദ്രയിലുയിര്‍പ്പിക്കുന്നു
മാന്ത്രിക കമ്പളങ്ങള്‍.
വാഗ്ദത്ത ഭൂമിയിലേക്ക്‌
അവര്‍ക്കുണ്ടൊരു നിദ്രാടനം.
ഉരുള്‍ പൊട്ടിയ മലകളില്‍
ജീവിതം കളഞ്ഞു പോയവര്‍
ഓര്‍ത്തിരിപ്പുണ്ട്
കല്‍ക്കെട്ടുകളിലൊടുങ്ങിയോരെ;
മലവെള്ളമെടുത്തോരെ.
പിതാമാഹരുടെ കുഴിമാടങ്ങളില്‍
ഒടുവിലത്തെ തിരി വെക്കാതെ
പുറപ്പാടായവര്‍,
മിന്നാമിന്നികളുറങ്ങാത്ത
നിശാചാരികളുടെ യാമങ്ങളില്‍
കാതോര്‍ത്തിരിപ്പുണ്ട്
മറ്റാരും കേള്‍ക്കാത്ത പിന്‍വിളികള്‍ക്ക്.
മൗനം പുതച്ച കൂട്ടുദുരിതങ്ങള്‍
പനിയിറക്കത്തില്‍ നിന്ന് കോളറയിലേക്കും
പിന്നെ താഴ് വരയിലെ കുഴിമാടത്തിലേക്കും
കടന്നു പോയവര്‍:
ഗ്യാസ് ചേംബറുകളില്‍
വിലാപങ്ങളരുത്.

ജനാലകള്‍ തുറന്നിടരുത്.
കാറ്റിനോടും
കിരണങ്ങളോടും
തെല്ലിട കുണുങ്ങരുത്;
കൊള്ളിവെപ്പില്‍ മരിച്ചവരുടെ ഗന്ധം
നിഴലനക്കങ്ങളായി
നിലാവിന്റെ ഗദ്ഗദം പോലെ
മഞ്ഞിറങ്ങി വരും.
മലവെള്ളപ്പാച്ചിലില്‍
കാടിറങ്ങുന്ന ചോല പോലെ
ചീന്തിയെറിയപ്പെട്ടവളുടെ രക്തവും
ജന പഥങ്ങളുടെ കണ്ണീര്‍ച്ചാലും
കലങ്ങിമറിയും.

ഋതു ഭേദങ്ങള്‍ക്ക് ഭ്രാന്തെടുക്കുമ്പോള്‍
ഫോസ്സിലുകളിലാണ് ഒസ്സ്യത്തെഴുതുക:
പടയോട്ടങ്ങളില്‍
അടിഞ്ഞു പോയവര്‍ക്ക്,
കൊടുങ്കാറ്റില്‍
ചിതറിത്തീര്‍ന്നവര്‍ക്ക്,
പ്രളയത്തിലൊടുങ്ങിയവര്‍ക്ക്,
വറുതിയില്‍ ദഹിച്ചവര്‍ക്ക്.

Friday, October 11, 2013

മുറിഞ്ഞു വീണ ഗൗളിവാല്‍

മുറിഞ്ഞു വീണ ഗൗളിവാല്‍-
അനിമല്‍ പ്ലാനെറ്റില്‍
ദിനോസാറിന്‍റെ അലര്‍ച്ച.


നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍, പനിയിറങ്ങാത്ത ഒരു ടൈഫോയിഡ് കാലത്താണ് മുറിഞ്ഞു വീണ ഗൗളി വാല്‍ ഒരു വിഭ്രമ ചിത്രമായത്. വയ്യാത്ത മകനെ അയല്‍ക്കാരിയെ ഏല്‍പ്പിച്ച് അന്നം തേടിപ്പോയതായിരുന്നു പാവം ഉമ്മ. അതിലേറെ ബാദ്ധപ്പാടുകളുള്ള ആ സാധു സ്ത്രീ രോഗിയെ നോക്കാന്‍ സ്വന്തം മകനെ ഏല്‍പ്പിച്ചു. രണ്ടോ മൂന്നോ വയസ്സിനു മൂത്തവനെങ്കിലും കാര്യ ബോധത്തിന്റെ അസ്കിതയൊന്നും അവനും ആയിത്തുടങ്ങിയിട്ടില്ലായിരുന്നു. ചാരുകസേരയില്‍ തളര്‍ന്നു കിടന്ന രോഗിയുടെ കണ്ണില്‍ പെട്ടെന്നാണ് അത് പെട്ടത്: ചെത്തിത്തേക്കാത്ത മണ്‍ ചുവരിന്റെ മുകള്‍ ഭാഗത്ത് ഇര തേടുന്ന ഗൗളിയുടെ വാല്‍ മുറിഞ്ഞു താഴേക്കു വീഴുന്നു. താന്‍ ഇരിക്കുന്ന കസേരയിലേക്കാണ് അത് വീണതെന്ന് ഒരു നിമിഷം ഒരാളല്‍ ഉള്ളില്‍. ഞൊടിയിട കൊണ്ട് ആ തോന്നല്‍ ബലപ്പെട്ടു. അതിനു പുറത്താണ് താന്‍ ഇരിക്കുന്നത്. ഏതൊക്കെയോ കരച്ചിലുകള്‍ എടുത്തു കുടയുന്നതായി തോന്നി. എഴുന്നേല്‍ക്കണം. പക്ഷെ സ്വയം അതിനു കഴിവില്ല. കരഞ്ഞു പറഞ്ഞു, യാചിച്ചു. കൂട്ടുകാരന് നന്നേ തമാശ തോന്നിയിരിക്കണം. അവന്‍ ചിരിക്കാന്‍ തുടങ്ങി.

കരഞ്ഞു തളര്‍ന്ന രോഗി അബോധത്തിലേക്ക് പോയിരിക്കണം. ആരാണ് ആദ്യം അറിഞ്ഞതെന്നോ, പിന്നെ എന്തുണ്ടായെന്നോ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഓര്‍ക്കുന്നത് ഇത്രമാത്രം: അന്ന് മുറിഞ്ഞു വീണ ആ ഗൗളി വാല്‍ പില്‍ക്കാലത്ത് ചിത്രങ്ങളില്‍, സിനിമയില്‍ ഒക്കെ കണ്ട ദിനോസാറിന്റെ വാലിന്റെ മുഴുപ്പും ഭയാനകതയും ഉണ്ടാക്കിയിരുന്നു ഉള്ളില്‍.

ഭീമാകാരന്മാരായ ഉരഗങ്ങളും ദിനോസാറുകളും ഭൂഗോളം അടക്കി വാണിരുന്ന ജുറാസിക് കാലം പില്‍ക്കാല ബോധങ്ങളില്‍ ഉള്‍ചേര്‍ന്നപ്പോഴോക്കെയും ആ ഗൗളി വാല്‍ ഒരാദി രൂപം പോലെ മനസ്സിലുയിര്‍ക്കാറുണ്ടായിരുന്നു. ആനറാഞ്ചിക്കഥ കേട്ട അറബിക്കഥക്കാലത്തും, നഗര- നാഗരീക ക്ഷീണങ്ങളെ കുറിച്ച് വേവലാതി പൂണ്ട് പ്രകൃതിയുടെ ആദിമ വന്യതകളിലേക്കും സംസ്കാരങ്ങളുടെ നൈസര്‍ഗ്ഗിക നഗ്നതയിലേക്കുമൊക്കെ തിരിച്ചു പോവുന്ന atavistic കാവ്യ യാനങ്ങളുടെ നിമിഷങ്ങളിലും ഒരു പോലെ അതിന്റെ സാന്നിധ്യം അറിഞ്ഞിട്ടുണ്ട്. പരിണാമത്തിന്റെ നിഗൂഡ രഥ്യകളില്‍ ദിനോസാറുകള്‍ പല്ലികളായിപ്പരിണമിച്ചത് പനിച്ചു വിറച്ച കുട്ടിയുടെ ഭ്രമചിന്തയെ ഒരെതിര്‍ദിശാ വികാസത്തില്‍ സാധൂകരിക്കാനായിരുന്നുവെന്ന പില്‍ക്കാല ജ്ഞാനം ഇത്തിരിയല്ല ഒരാളെ വിനയവാനാക്കുക. അതേ വിനയത്തിന്റെ സ്നേഹത്തിലാണ് മുറിഞ്ഞു വീണ ഗൗളി വാലിനോടൊപ്പം മുതുമുത്തശ്ശന്റെ വിലാപം അവനെ തൊട്ടു വിളിക്കുക, ദിനോസാറിന്റെ അലര്‍ച്ച അവന്‍ കേട്ടു തുടങ്ങുക. അനന്തിരവന് മുറിയുമ്പോള്‍ മുത്തശ്ശന് നോവുമെന്നതില്‍ അനിമല്‍ പ്ലാനെറ്റിന്റെ ശാസ്ത്ര സാങ്കേതിക യാദ്രിശ്ചികതയല്ല, ജൈവ പരിണാമത്തിന്റെ ജനിതക ധാരകളും നരവംശ സംസ്കൃതിയുടെ സവിശേഷ വൈകാരിക ബന്ധങ്ങളും തമ്മിലുള്ള വിനിമയങ്ങളാണ് ചാരുതയാവുക.

സനാഥനാവുക പ്രയാസമല്ല


സനാഥനാവുക പ്രയാസമല്ല
******************************.

കലാപം പുകഞ്ഞ തെരുവിലാണ്
മുത്തശ്ശനെ കാണാതായത്.
മക്കളും പേര മക്കളും കൂടിയിരുന്നു.
അടിയാധാരത്തില്‍ പ്രശ്നങ്ങളൊന്നുമില്ല;
മുത്തശ്ശിക്ക് ഓര്‍മ്മകളും.

എങ്കിലും ഒന്ന് റിപ്പോര്‍ട്ട് ചെയ്തേക്ക്‌,
നാളെ ഒരു പ്രശ്നം വേണ്ട!
കുടുംബ സുഹൃത്ത് ഉപദേശിച്ചു.
വല്ല കോമ്പന്‍സേഷനും ഉണ്ടെങ്കിലോ-
മൂത്ത ചേച്ചി ഓര്‍മ്മിപ്പിച്ചു.

അപ്പോഴേക്ക് പൊതു അറിയിപ്പു വന്നു.
മരിച്ചവരുടെ ആശ്രിതര്‍ക്കിത്ര;
പരിക്കേറ്റവര്‍ക്കിത്ര.

അല്ലെങ്കില്‍ തന്നെ,
വെളുപ്പിന് ഓടയില്‍ കണ്ട
തിരിച്ചറിയാനാവാത്ത വൃദ്ധ ശരീരം
അങ്ങേരല്ലെന്നു ആര് കണ്ടു.

അങ്ങനെയാണ്
ഒരനാഥ പ്രേതം
സനാഥമായത്.

Wednesday, October 2, 2013

മഹാത്മാവ് ഇപ്പോഴും ഈ വഴി നടക്കുന്നു.

സബര്‍മതിയുടെ പിന്നിരുട്ടില്‍ നിന്ന്
മഹാത്മാവിന്റെ നിഴല്‍
ഏകനായ് പുറത്തിറങ്ങുന്നു-
തുള വീണ നെഞ്ചിലെ
ഇറ്റും നിണപ്പാടിനു മേല്പുതപ്പിട്ടു
ഭജന മന്ത്രങ്ങള്‍ക്കവധി കൊടുത്ത്
വൃദ്ധമാം ചുവടുകളോടെ.
ബിര്‍ളാ ഹൗസിലെ
രക്തം പുരണ്ട മണ്‍ തരികള്‍
ഇപ്പോഴും കാലിലുരുമ്മുന്നുണ്ട്.
കുനിഞ്ഞു നിവര്‍ന്നവന്റെ കണ്ണില്‍
ഞൊടിയിടക്കാഴ്ച്ചയില്‍ കണ്ട
പൈശാച മൂര്‍ത്തിയുടെ രക്ത ദാഹം-
വൃദ്ധന്‍ നിണപ്പാട് തടവുന്നു.

കൊടിതോരണങ്ങളുടെ
സമ്മേളനപ്പന്തലില്‍
ലേലം വിളി തകര്‍ക്കുന്നു.
ഉരുപ്പടിക്ക്‌ തന്റെ മുഖമെന്നു
വൃദ്ധനയനങ്ങള്‍ നനയുന്നു.
പൈതൃകം പാടുന്നവരുടെ
വിചിന്തന നഗരിയില്‍
അപരരുടെ തലയോട്ടിമാലകള്‍.
പാനപാത്രങ്ങളില്‍ നിറയുന്നത്
തന്റെ നെഞ്ചിലെ ചോരയെന്ന്
വരണ്ട ചുണ്ടുകള്‍ വിതുമ്മുന്നു.
നരമേധങ്ങളുടെ
അതിര് തര്‍ക്കങ്ങളില്‍
വികാരങ്ങളില്ലാത്ത കൂട്ട് കൃഷി-
നീ നട്ട വിഷച്ചെടിയെന്ന്
കഥയേതുമറിയാത്തവര്‍-
വൃദ്ധന് ചങ്ക് നീറുന്നു.

തെരുവോടങ്ങളില്‍
ജീവിതം തേടുന്നവര്‍,
മലയോരങ്ങളില്‍
അടിഞ്ഞു പോയവര്‍,
അധമരെന്നു ജനിച്ചു വീണവര്‍
നിഴലിനു മുഖം തിരിക്കുന്നു.
നീയല്ല വഴിവിളക്ക് ഞങ്ങള്‍ക്ക്.
പരാജിതനെന്ന് വൃദ്ധശിരസ്സ്‌ താഴുന്നു.
വെട്ടേറ്റു വീണവരുടെ ഞരക്കം,
ചീന്തിയെറിയപ്പെട്ടവളുടെ വിലാപം,
ഒഴുക്ക് നിലക്കാത്ത നിണനദികള്‍-
ഹൃദയ രക്തം വാര്‍ന്ന്
വയോധികന്‍ കുഴഞ്ഞു വീഴുന്നു,
ബലിമൃഗത്തിന്റെ ജാതകത്തിലേക്ക്
സര്‍വ്വ വ്യാപിയായ അരൂപിയാകുന്നു.