പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍ - 4
തിരിച്ചറിവിന്റെ പാഠങ്ങള്‍; മാനവികതയുടെയും.
-ഫസല്‍ റഹ്മാന്‍
അമേരിക്കന്‍ സാഹിത്യത്തിലെ കുലപതികളില്‍ ഒരാളാണ് വില്ല്യം ഫോക്നര്‍. എഴുത്തിന്റെ കാര്യത്തില്‍ സാമാന്യം ധാരാളിയായിരുന്ന ഫോക്നറെ തേടി നോബല്‍ സമ്മാനം ഉള്‍പ്പെടെ പല ബഹുമതികളും എത്തിയിട്ടുണ്ട്. 1962-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അവസാനത്തെ പ്രധാന കൃതിയും (അദ്ദേഹത്തിന്റെ മരണ ശേഷമാണ് നോവല്‍ പുറത്തുവന്നത്.) പുലിറ്റ്സര്‍ സമ്മാനം നേടിയ നോവലും ആയ 'The Reivers' (തട്ടിപ്പുകാര്‍) -നെ അവലംബിച്ച് മാര്‍ക്ക് റൈഡല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'The Reivers' (1969). ഒരേ സമയം ഒരു 'റോഡ് മൂവി'യും ഒരുcoming – of - the- age (മുതിര്‍ന്നവനാവുന്നതിന്റെ അനുഭവം) ചിത്രവുമാണ് 'തട്ടിപ്പുകാര്‍'. ഒന്ന് കൂടി നിരീക്ഷിച്ചാല്‍ 'പിക്കാറെസ്ക് (picaresque)' (താന്തോന്നിത്തത്തോടെ വീരം കാട്ടിയും യാത്ര ചെയ്തും മുന്നോട്ടു പോവുന്ന കഥാപാത്രങ്ങളുള്ള സംഭവബഹുലമായ ഇതിവൃത്തമുള്ള പലപ്പോഴും പ്രഥമ പുരുഷ രീതിയുള്ള ആഖ്യാനങ്ങള്‍) സ്വഭാവവും കണ്ടെത്താം. അറുപതു പിന്നിട്ട ഒരാള്‍ തന്റെ കുട്ടിക്കാലത്തെ നിര്‍ണ്ണായകമായ ഒരു അനുഭവത്തെ ഓര്‍ത്തെടുക്കുന്നതാണ് ചിത്രത്തിന്‍റെ ഘടന.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ശതകത്തിലെ ആ 'പൊയ്പ്പോയ നല്ലകാലത്തിന്റെ പ്രശാന്ത സൗന്ദര്യം നിറഞ്ഞ ' ('old-world charm') മിസിസിപ്പി. ഹക്ക്ള്‍ബറി ഫിന്നിന്റെ മിസിസിപ്പി. 'ഗോണ്‍ വിത്ത് ദി വിന്‍ഡ്', 'നാഷണല്‍ വെല്‍വെറ്റ്' തുടങ്ങിയ ക്ലാസിക്കുകളുടെ ഓര്‍മ്മ പകരും ചലച്ചിത്ര പ്രേമികള്‍ക്ക് അത്. ഒരേക്കര്‍ ഭൂമിക്കു ഒരു ഡോളര്‍ വിലയുണ്ടായിരുന്ന കാലം. ഏദനിലെ ആദി പിതാക്കളെ പോലെ 'ആളുകള്‍ വിവാഹിതരാവുകയും കുഞ്ഞുങ്ങളെ ഉണ്ടാക്കുകയും വീട് വയ്ക്കുകയും തങ്ങളുടെ കാര്യങ്ങള്‍ നോക്കുകയും ചെയ്തിരുന്ന കാലം'. ചിത്രത്തിലെ ആഖ്യാതാവായ ലൂഷിയസ്(ബര്‍ജെസ്സ് മെറിഡിത്തിന്റെ ശബ്ദം) തന്റെ കുട്ടിക്കാലത്തെ ഒരു ദിനം ഓര്‍ത്തെടുക്കുന്നു. 1905-ല്‍ ചൂട് നൂറു ഡിഗ്രിയിലെത്തിയിരുന്ന ഒരു ശനിയാഴ്ച ഉച്ചയോടടുത്ത സമയം. 'അന്നാണ് ഞാന്‍ എന്റെ കുട്ടിക്കാലം കൈവിട്ടതെന്നു തോന്നുന്നു' അയാള്‍ ഓര്‍ക്കുന്നു. അന്നാണ് എല്ലാവരും 'ബോസ്' എന്ന്‍ വിളിക്കുന്ന മക് എസ്ലിന്‍ കുടുംബത്തിലെ കാരണവര്‍, ലൂഷിയസ്സിന്റെ മുത്തച്ചന്‍ (വില്‍ ഗിയര്‍) ഒരു പുതു പുത്തന്‍ വിന്റന്‍ ഫ്ലയര്‍ കാറ്, തീവണ്ടി മാര്‍ഗ്ഗം കൊണ്ടുവന്നത്. ആരും പറയാതെ തന്നെ ബൂണ്‍ ഹൊഗ്ഗെന്‍ബെക് (സ്റ്റീവ് മക് ക്വീന്‍) കാറിന്റെ ചുമതല സ്വയം ഏറ്റെടുക്കുന്നു. എന്നാല്‍, മക് എസ്ലിന്‍ കുടുംബത്തിലെ അര്‍ദ്ധ രക്ത ബന്ധുവായ കൂട്ട് തെമ്മാടി നെഡ് (റൂപ്പെര്‍ട്ട് ക്രോസ്) എന്ന'മുലാറ്റോ' (സങ്കര വര്‍ഗ്ഗക്കാരന്‍) ക്ഷമാരഹിതനാണ്. അവന് കാറില്‍ ഒന്ന് 'ചെത്തി' തന്റെ കാമിനിയെ ഒന്ന് ആകര്‍ഷിക്കണം. അവനതു വൈകാതെ ഒപ്പിക്കുന്നുന്മുണ്ട്, അവനും ബൂണും വലിയ വില കൊടുക്കേണ്ടി വരുന്നുമുണ്ട്. ലൂഷിയസി (മിച്ച് വോഗല്‍) ന്റെ അമ്മയുടെ അച്ഛന്‍ ലെസേപ്പിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി എല്ലാവരും പോകുന്ന സമയത്ത് കാറിന്റെയും കുട്ടിയായ ലൂഷിയസിന്റെയും സംരക്ഷണം ആരെ ഏല്‍പ്പിക്കണം എന്നത് ബോസിനെ അലട്ടുന്നുണ്ട്.
ബോസും കൂട്ടരും പോയതും ബൂണ്‍ ലൂഷിയസിനെയും കൂട്ടി ജെഫേഴ്സണില്‍ നിന്ന് മെംഫിസിലേക്ക് തിരിക്കുന്നു. അയാള്‍ക്കൊരു ലക്ഷ്യമുണ്ട്. അവിടെയുള്ള ഒരു 'നേരമ്പോക്കുകളുടെ വീട്ടില്‍'അയാള്‍ക്കൊരു പതിവുകാമിനിയുണ്ട്:കോറി (ഷാരോണ്‍ ഫാരെല്‍). പതിനൊന്നുകാരനേയും കൂട്ടി അത്തരം ഒരു സ്ഥലത്ത് പോവുന്നതിലൊന്നും ബൂണ്‍ തെറ്റു കാണുന്നില്ല. കുട്ടികള്‍ എല്ലാം മനസ്സിലാക്കണം എന്ന പക്ഷക്കരനാണയാള്‍. യാത്രയില്‍ അവരെ കാത്തു പല പരീക്ഷണങ്ങളുമുണ്ട്; ചെളിയില്‍ പൂണ്ടു പോവുന്ന കാര്‍ വലിച്ചു കയറ്റാന്‍ വേണ്ടി കഴുത്തറപ്പന്‍ പണം വാങ്ങുന്ന കുതിരവണ്ടിക്കാരന്‍ മുതല്‍. എന്നാല്‍ ഏറ്റവും വലിയ 'കുരിശ്' കാറില്‍ അവരറിയാതെ ഒളിച്ചു കയറിയിട്ടുള്ള നെഡ് തന്നെയായിരിക്കും. കോറിയുടെത് സ്നേഹമസൃണമായ പെരുമാറ്റവും അതിനൊത്ത മനസ്സുമാണെന്നു ആദ്യമേ വ്യക്തമാവുന്നുണ്ട്. 'എട്ടു സഹോദരന്മാരുള്ള'കോറിക്ക് അമ്മയെ ഓര്‍ത്ത് വിഷമിക്കുന്ന കൊച്ചു ലൂഷിയസിനെ എളുപ്പം കൂട്ടുകാരനാക്കാന്‍ കഴിയുന്നുണ്ട്. അവളെ കുറിച്ച് മോശം പരാമര്‍ശം നടത്തുന്ന അവളുടെ കസിനുമായി അവന്‍ ഏറ്റുമുട്ടുകയും കയ്യില്‍ ആഴത്തില്‍ മുറിവുണ്ടാകുകയും ചെയ്യുന്നു. “എന്നെ പ്രതി ആളുകള്‍ തമ്മില്‍ തല്ലുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആദ്യമാണ് ഒരാള്‍ എനിക്ക് വേണ്ടി വഴക്കിടുന്നത് !” എന്ന് അവള്‍ പറയുന്നു. ഭക്ഷണ മേശയില്‍ മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ആതിഥേയനോട് സൗമ്യമായും എന്നാല്‍ ഉറച്ചും അത് നിഷേധിക്കുന്ന ലൂഷിയസ് അതിനു പറയുന്ന കാരണം വ്യക്തമാണ്. ഞാന്‍ അമ്മക്ക് വാക്ക് കൊടുത്തിട്ടുണ്ട്. അമ്മ കാണുമോ ഇല്ലെയോ എന്നത് പ്രധാനമല്ല. ഈ ഒരു മാനസിക ഔന്നത്യമാണ് കോറിയെ പുതിയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. “നീ നിന്റെ അമ്മക്ക് കുടിക്കില്ലെന്ന് വാക്ക് കൊടുത്തു, അത് പാലിക്കുകയും ചെയ്തു.ഞാന്‍ നിനക്ക് വാക്ക് തരുന്നു, അത് പാലിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കയും ചെയ്യും. ഞാന്‍ ഈ തൊഴില്‍ വിടുന്നു. ഇനിയൊരിക്കലുമില്ല". ബൂണിന് പോലും അതത്ര ഇഷ്ടമാവുന്നില്ല ആദ്യം.എന്നാല്‍, അവളെ പോലെ ഒരു യുവതിക്ക് അതത്ര എളുപ്പമാവില്ല.
നെഡിന്റെ എടുത്തുചാട്ട സ്വഭാവം വലിയൊരു പ്രശ്നത്തിലാണ് അവരെ എത്തിക്കുന്നത്. അയാള്‍ കാറ് വിറ്റു ഒരു പന്തയക്കുതിരയെ വാങ്ങിയിരിക്കുന്നു. ലൂഷിയസ് മത്സരത്തില്‍ ജയിച്ചാല്‍ കാറും തിരിച്ചു കിട്ടും, പന്തയക്കുതിരയെയും. എന്ത് ചെയ്യണമെന്നറിയാതെ തൂങ്ങിമരിക്കാന്‍ തയ്യാറാവുന്ന ബൂണ്‍, കഴുക്കോല്‍ പൊട്ടി താഴെ വീഴുന്നു. കറുത്ത വര്‍ഗ്ഗക്കാരനായ പോസ്സം അമ്മാവന്റെ ഫാമിലെത്തുന്ന കൂട്ടുകാര്‍ വഷളന്‍ ഷരീഫു (ഉന്നത നിയമ പാലകന്‍) മായി ഇടയാന്‍ ഇടയാവുന്നു.ഒരു വെളുത്തവര്‍ഗ്ഗക്കരിയുമായി അനാശാസ്യത്തിന് നാട് ചുറ്റുന്നു എന്ന കുറ്റമാരോപിച്ചു അയാള്‍ക്ക് എല്ലാവരെയും അറസ്റ്റ് ചെയ്യാം. നെഡിയും പോസ്സം അമ്മാവനെയും വംശീയമായും കോറിയെ ലൈംഗീകമായും അധിക്ഷേപിക്കുന്ന ഷരീഫുമായി ബൂണ്‍ ഏറ്റുമുട്ടുകയും അതൊരു വന്‍ സംഘര്‍ഷം ആവുകയും ചെയ്യുന്നു. എല്ലാവരും ജയിലില്‍ അടക്കപ്പെടുന്നു. ഈ അവസ്ഥയെ കുറിച്ച് ലൂഷിയസ് ഓര്‍ക്കുന്നുണ്ട്: "ഉണ്ടാവാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍ ഉണ്ട്, എന്നാല്‍ അവ ലോകത്തുണ്ട്.അവയൊക്കെ അറിയേണ്ടി വന്നതില്‍ എനിക്ക് വിഷമമുണ്ടായിരുന്നു. എനിക്ക് പതിനൊന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ.” അവിടെ നിന്ന് മോചിതരവാന്‍ ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ: കോറി വീണ്ടും അത് ചെയ്യേണ്ടി വരുന്നു. അതറിഞ്ഞ ബൂണ്‍ അവളെ മര്‍ദ്ദിച്ചതിന്റെ കരുവാളിച്ച പാട് അവളുടെ മുഖത്തു കണ്ട ലൂഷിയസ് ബൂണിനെ പൊതിരെ തല്ലുന്നുണ്ട്. ബൂണ്‍ കുറ്റബോധത്തോടെ അതൊക്കെയും ഏറ്റു വാങ്ങുന്നു. മുതിര്‍ന്നവരുടെ ലോകത്തിന്റെ തിന്മകളില്‍ ശ്വാസം മുട്ടുന്ന ലൂഷിയസ്,കുതിരപ്പന്തയത്തിനു വിസമ്മതിക്കുന്നു. അവനു മതിയായി. അവനു തിരിച്ചു പോവണം. എല്ലാം കൈവിട്ടു പോവുന്നു എന്ന ഘട്ടത്തിലാണ് കാറിന്റെ ഹോണ്‍ മുഴങ്ങുന്നത് അവന്‍ കേള്‍ക്കുന്നത്.ബോസിനോട് നടന്നതെല്ലാം ഏറ്റു പറയാം, നമ്മള്‍ നുണ പറഞ്ഞതും, മോഷ്ടിച്ചതും,അരുതാത്തിടത്ത് താമസിച്ചതും എല്ലാം. എന്നാല്‍ നീ തോറ്റ് പിന്‍വാങ്ങി എന്ന് എങ്ങനെ പറയും എന്നാണു നെഡിന്റെ ചോദ്യം.
മത്സരത്തില്‍ വിജയശ്രീ ലാളിതനാവുന്ന ലൂഷിയസിനു മുന്നില്‍ ബോസ് എത്തുന്നതോടെ അവന്റെ വിജയാഹ്ലാദം ഒടുങ്ങുന്നു. അവസാന ഭാഗത്ത് അവന്റെ തെറ്റുകള്‍ക്ക് ചാട്ടയടി കൊണ്ട് ശിക്ഷിക്കാനൊരുങ്ങുന്ന അച്ഛനെ, മുത്തച്ചന്‍ ബോസ് പിന്തിരിപ്പിക്കുന്നു. “ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് നിങ്ങള്‍ എന്നോട് ഇങ്ങനെയല്ലേ ചെയ്തത്?” എന്ന മകന്റെ ചോദ്യത്തിന് വയോധികന്‍ കൊടുക്കുന്ന മറുപടി ഇതാണ്: “ഇപ്പോള്‍ ഞാന്‍ കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നത് കൊണ്ടായിരിക്കണം !” . മുത്തച്ചനും കൊച്ചു മകനും തമ്മിലുള്ള കുമ്പസാരം ഹൃദ്യമായ ഒരനുഭവമാണ്. ചെയ്ത തെറ്റ് എന്താണ് എന്ന് കൊച്ചു ലൂഷിയസ് മനസ്സിലാക്കണം: “ഒരു മാന്യന്‍ തന്റെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അതിന്റെ ഫലം സ്വയം അനുഭവിക്കുകയും വേണം " എന്ന് ബോസ് അവനോടു പറയുന്നു. ആവശ്യത്തിനു കരയാന്‍ വിട്ട ശേഷം അയാള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കുന്നു: “ഇപ്പോള്‍ ടാങ്ക് കാലിയായിട്ടുണ്ടാവും. പോയി മുഖം കഴുക്.ഒരു മാന്യന്‍ കരയുകയും ചെയ്യും. എന്നാല്‍ അത് കഴിഞ്ഞു മുഖം കഴുകും "
തിരിച്ചറിവുകളുടെ നിമിഷത്തില്‍ ലൂഷിയസ് തങ്കമനസ്സുള്ള ഒരു നിസ്സഹായ യുവതിയെ കുറിച്ചുള്ള വേദനയിലാണ്. 'കോറി ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും !' എന്ന അവന്റെ വേവലാതിക്ക് ബൂണ്‍ മറുപടി പറയുന്നുണ്ട്: അവളിപ്പോള്‍ വിവാഹ വസ്ത്രം തുന്നുകയായിരിക്കും. 'നീ അവളെ വിവാഹം കഴിക്കുകയാണോ?' ആഹ്ലാദത്തോടെയുള്ള അവന്റെ ചോദ്യത്തിന് ബൂണ്‍ ഇങ്ങനെ മറുപടി പറയുന്നു. 'നിനക്കവളെ ഒരു കത്തിയുടെ മുനയില്‍ പോലും പരിരക്ഷിക്കാമെങ്കില്‍ എന്ത് കൊണ്ട് എനിക്കവളെ വിവാഹം കഴിച്ചു കൂടാ; ഞാന്‍ ഒരു പതിനൊന്നുകാരന്‍ അല്ലെങ്കിലും ഞാനും നിന്നെപ്പോലെ നല്ലവന്‍ തന്നെയാണ്, അല്ലേ? ഇനിയൊരു കൊല്ലം കഴിഞ്ഞു നീ വരുമ്പോള്‍ നിനക്ക് സന്തോഷം തോന്നും അവളുടെ കയ്യില്‍ ആ കുഞ്ഞിനെ കാണുമ്പോള്‍. അവനെ ഞാനെന്തു വിളിക്കും എന്നറിയാമോ? ലൂഷിയസ് പ്രീസ്റ്റ് മക് കാസ്ലിന്‍ ഹൊഗ്ഗെന്‍ബെക്. ആ ഒരൊറ്റ പേരെ അവനു പറ്റൂ.'
പ്രമേയധാരയില്‍ ഏറ്റവും ശക്തവും തീക്ഷ്ണവുമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഇഴ ചേര്‍ന്നിട്ടുണ്ട്.അടിമത്തം നിയമപ്രകാരം നിരോധിച്ച് നൂറ്റാണ്ടിലേറെ പിന്നിട്ടിരുന്നെങ്കിലും അതിന്റെ വംശീയ ചിന്തകള്‍ എത്രമാത്രം സങ്കീര്‍ണ്ണവും ആഴത്തില്‍ വേരോടിയിരുന്നതുമാണെന്നു ചിത്രം സൂചിപ്പിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ നെഡ് വഷളന്‍ ഷരീഫിനോട് പറയുന്നുണ്ട്: “മിസ്റ്റര്‍... ഒരു ഘട്ടത്തില്‍ നിയമം ഒന്ന് നില്‍ക്കണം... എന്നിട്ട് നീതിമാന്മാര്‍ തുടങ്ങണം.” എന്നാല്‍, ബൂണ്‍,ലൂഷിയസ്, നെഡ് എന്നിവരുമായുള്ള ഊഷ്മള ബന്ധത്തിലോ, പോസ്സം അമ്മാവന്റെ കൂടെ കിടന്നുറങ്ങിയതിനെ കുറിച്ച് പറയുമ്പോള്‍ അതിന്റെ നന്മ അംഗീകരിക്കുന്ന മുത്തച്ഛന്‍ ബോസിന്റെ പ്രതികരണത്തിലോ വംശീയത തൊട്ടു തീണ്ടാത്ത മാനവികതയുടെ സ്നേഹ സ്പര്‍ശമുണ്ട്.ജീവിതത്തിന്റെ നാല്‍ക്കൂട്ടപ്പെരുവഴിയില്‍ ഒറ്റപ്പെട്ടു മാനം വില്‍ക്കേണ്ടി വരുമ്പോഴും ഹൃദയത്തില്‍ ആര്‍ദ്രത വറ്റിയിട്ടില്ലാത്ത സ്ത്രീസാന്നിധ്യം കോറിയില്‍ ഒടുങ്ങുന്നില്ല ചിത്രത്തില്‍. കോറിയോടുള്ള പ്രതികാരം തീര്‍ക്കാനെന്നോണം അവളുടെ കൂട്ടുകാരി ഹന്നയെ സമീപിക്കുന്ന ബൂണിനോട് കടന്നു പോവാന്‍ ആവശ്യപ്പെടുന്ന ഹന്ന, പനിച്ചു വിറച്ചപ്പോള്‍ തന്നെ ക്ഷമയോടും സ്നേഹത്തോടും പരിപാലിച്ച സഹോദരീ തുല്യയായ കോറിയെ ഓര്‍ത്തുകൊണ്ട്, അയാളോടു പറയുന്നു: “നിന്നെ പോലുള്ള പുരുഷന്മാര്‍ വരും, പോവും. എന്നാല്‍ എല്ലാ മരച്ചുവട്ടിലും നിനക്കൊരു കോറിയെ കണ്ടെത്താനാവില്ല.” വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ മുതിര്‍ന്നവരുടെ ലോകത്തിന്റെ നെറികേടുകളില്‍ വിഷണ്ണനായിപ്പോവുന്നുണ്ടെങ്കിലും തന്റെ മനസ്സിന്റെ നന്മ കൈമോശം വരാതെ കാക്കുന്ന ലൂഷിയസ്, തിരിച്ചു മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഏറ്റവും തെളിമയുള്ള സന്ദേശങ്ങളാണ് കോറിയുടെയും,ബൂണിന്റെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നത്.
കൃത ഹസ്തനായ ഒരെഴുത്തുകാരന്റെ പ്രസന്നമായ സാന്നിധ്യം ഓരോ നിമിഷത്തിലും നമുക്ക് കാണാനാവും ഈ ചിത്രത്തില്‍. സ്റ്റീവ് മക് ക്വീന്‍ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായിരു ന്നിട്ടും നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രത്തെ അദ്ദേഹം സര്‍വ്വാത്മനാ ഉള്‍ക്കൊണ്ടു അവിസ്മര ണീയമാക്കി. എന്നിരിക്കിലും ചിത്രം ഇറങ്ങുമ്പോള്‍ മുപ്പത്തൊമ്പത് വയസ്സുണ്ടായിരുന്ന സ്റ്റീവിന്റെ പ്രായം കഥാപാത്രത്തോട് നീതി പുലര്‍ത്തിയില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏറ്റവും സങ്കീര്‍ണ്ണമായ ഭാവങ്ങളിലൂടെ കടന്നു പോവേണ്ടി വരുന്ന കൊച്ചു ലൂഷിയസ് ആയി മിച്ച് വോഗലിന്റെ പ്രകടനം അങ്ങേയറ്റം പക്വതയുള്ളതാണെന്നു കാണാം. റൂപ്പെര്‍ട്ട് ക്രോസ്, വില്‍ ഗിയര്‍, ഷാരോണ്‍ ഫാരെല്‍ തുടങ്ങിയവരൊക്കെയും മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ച വെക്കുന്നത്. കുടുംബ ചിത്രം എന്ന പദം സിനിമയെ സംബന്ധിച്ച ഒരു ക്ലീഷേ ആയി മാറുന്നതിനു മുമ്പത്തെ ഒരു കാലത്തിന്റേതായത് കൊണ്ട് കൂടിയാവാം, പ്രമേയ ഘടനയിലെ 'അഴിഞ്ഞാട്ടത്തിന്റെ വീട്' പോലുള്ള ഘടകങ്ങളെ പോലും അല്‍പ്പം പോലും നെറ്റിചുളിക്കേണ്ടി വരാത്ത രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ അതിന്റെ ശില്‍പ്പികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രമേയം ആവശ്യപ്പെടുന്ന ദൃശ്യ സൗന്ദര്യം പകര്‍ന്നു വയ്ക്കുന്ന റിച്ചാര്‍ഡ് മൂറിന്റെ ചായാഗ്രഹണവും വിസ്മരിക്കാനാവില്ല.
(മേന്റര്‍ മാഗസിന്‍, ജൂണ്‍ 2014)